ഇന്ത്യയില്‍ വന്ന് ഹിമാലയം കാണുന്നതു പോലെയാണ്
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് ആല്‍പ്‌സ് കാണുന്നത്.
അത്രയേറെ ഈ ശാന്തരാഷ്ട്രത്തിന്റെ ആത്മാവില്‍
അതു ലയിച്ചു കിടക്കുന്നു
-മാജിക് ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന മെര്‍ലിന്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം നേടിയ മാന്ത്രികന്‍ മുതുകാടിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് യാത്ര
ആകാശക്കാഴ്ച്ചയില്‍ താഴെ മുഴുവന്‍ വെണ്‍മ മാത്രമായിരുന്നു. വിമാനം താണുവരുന്നതോടെ കറുത്ത റിബണ്‍ പോലെ റോഡുകള്‍ തെളിഞ്ഞു. ഇല കൊഴിഞ്ഞ ശിഖരങ്ങള്‍, ഉറഞ്ഞ ജലാശയങ്ങള്‍, നിശ്ചല നഗരങ്ങള്‍... ഒടുവില്‍ സൂറിച്ച് വിമാനത്താവളത്തിന്റെ റണ്‍വേയിലിറങ്ങി നടക്കവേ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന 'ഭൂമിയിലെ സ്വര്‍ഗ്ഗ'ത്തില്‍ സമയം തെറ്റിയെത്തിയ സഞ്ചാരിയാണെ ന്ന് എനിക്ക് മനസ്സിലായി. ചുറ്റുമുള്ള സ്വര്‍ഗ്ഗീയക്കാഴ്ച്ചകള്‍ തണുപ്പില്‍ പുതഞ്ഞു കിടക്കുകയാണ്.
മഞ്ഞിന്റെ മായാജാലം! |
കാറിലിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ കുട്ടിക്കാലത്ത് കണ്ട ചില ചിത്രക്കാര്‍ഡുകളായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിദൂര രാജ്യത്തിന്റെ വര്‍ണ ചിത്രങ്ങള്‍. സായാഹ്ന വെയിലില്‍ കുളിച്ചു കിടക്കുന്ന താഴ്‌വാരങ്ങള്‍, നീലപ്പൊയ്കകള്‍, ശാന്തവും വൃത്തിയുള്ളതുമായ ഗ്രാമങ്ങള്‍, സ്വപ്നം പോലുള്ള പ്രഭാതങ്ങള്‍, നദീതീരങ്ങള്‍...അവ കണ്ട് കൊതിച്ചിരുന്ന് പോയിട്ടുണ്ട്. എത്രയോ കാലം എന്റെ പുസ്തകങ്ങള്‍ക്കിടയില്‍ ആ ചിത്രങ്ങള്‍ മോഹിപ്പിക്കുന്ന കാഴ്ച്ചകളും എന്നെങ്കിലും എത്തിച്ചേരണം എന്ന സ്വപ്‌നങ്ങളുമായി ഒതുങ്ങിക്കിടന്നു.
എല്ലാം സര്‍ക്കാരിനാല്‍ നിയന്ത്രിക്കപ്പെട്ട, ഏറ്റവും സുരക്ഷിതവും ഒരു ക്ലോക്കിലെ സൂചി പോലെ കൃത്യമാര്‍ന്നതുമായ രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. തണുപ്പുകാലത്ത് വീടിന്റെ അകത്തളങ്ങള്‍ ചൂടാക്കാനുള്ള ഗ്യാസ് മുതല്‍ എല്ലാം സര്‍ക്കാര്‍ വകയാണ്. രാത്രികാലങ്ങളിലെ താപനിയന്ത്രണം പോലും. സന്തോഷ്- മേഴ്‌സി ദമ്പതിമാരുടെ വീടിനകത്ത് കയറിയപ്പോള്‍ തണുപ്പില്‍ നിന്നുള്ള സംരക്ഷണം മാത്രമല്ല ഒരു രാജ്യം അതിന്റെ പൗരന്‍മാരുടെ ജീവിതത്തിന് നല്‍കുന്ന പരിഗണനയും പരിരക്ഷയും കൂടി ഞാന്‍ അനുഭവിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഞ്ചായത്തുകളാണ് ഭരിക്കുന്നത്. ഒരു പഞ്ചായത്തിലെ 50 ശതമാനത്തിലധികം ആളുകള്‍ എന്തെങ്കിലും കാര്യങ്ങള്‍ എഴുതി ആവശ്യപ്പെട്ടാല്‍ അതു നടക്കും. വികേന്ദ്രീകരണവും മഹാത്മജിയുടെ പഞ്ചായത്തീരാജും ഭംഗിയായിനടപ്പാക്കിയ രാജ്യം. എല്ലാ പഞ്ചായത്തുകളും അതിന്റെ പരിധിക്കുള്ളില്‍ ഒരു കാട് നിര്‍മ്മിച്ച് നിലനിര്‍ത്തണം എന്നത് നിര്‍ബന്ധമാണ്. രാവിലെ നടക്കുന്നവര്‍ക്ക് ശുദ്ധവായു ലഭിക്കാനും പ്രദേശത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പരിസ്ഥിതി സന്തുലനം കാത്തു സൂക്ഷിക്കാനുമാണ് ഈ കാനനങ്ങള്‍.
ഒരു രാജ്യത്തെ അറിയണമെങ്കില്‍ നടന്നു തന്നെ കാണണം. എന്നും രാവിലെ പൈനും ഓക്കും നിറഞ്ഞ വനത്തിലൂടെ ഞാന്‍ നടക്കും. ഇലകളെല്ലാം കൊഴിഞ്ഞിരിക്കുന്നു. അരുവികള്‍ ഉറഞ്ഞ്, വളഞ്ഞ് പുളഞ്ഞ രേഖ മാത്രമായിരിക്കുന്നു. ബഹളങ്ങളില്ല. വല്ലപ്പോഴും ഈറന്‍ കാറ്റിന്റെ ശബ്ദം മാത്രം.
വിനോദ സഞ്ചാരവും പാലുമാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രധാനവരുമാനം. വീടുകളിലെല്ലാം പശുത്തൊഴുത്തുകള്‍ കാണാം. തൊഴുത്തിനോട് ചേര്‍ന്ന് ഒരു മുറിയുണ്ടാകും. പാല്‍ ശേഖരിച്ച് വെയ്ക്കാനാണിത്. അടുത്ത് ഒരു പെട്ടി. പാല്‍ ആവശ്യമുള്ളവര്‍ക്ക് ഉടമയോട് ചോദിക്കാതെ തന്നെ എടുക്കാം. പണം പെട്ടിയിലിട്ടാല്‍ മതി!
വഴിയരികില്‍ മനോഹരമായ പൂപ്പാടങ്ങള്‍ പൊട്ടിച്ചിരിച്ചു നില്‍ക്കും. വയലുകളോട് ചേര്‍ന്നും പെട്ടി കാണാം. പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് പറിക്കാം. എടുക്കുന്ന കുലക്കനുസരിച്ച് വില പെട്ടിയിലിടണം.
ഊസ്റ്ററില്‍ നിന്നും ലൂസണ്‍സിയിലേക്കുള്ള യാത്ര സൂറിച്ച് വഴിയാണ്. ആ യാത്രയില്‍ ഞാന്‍ ആദ്യമായി ആല്‍പ്‌സിന്റെ തിളങ്ങുന്ന ശിഖരങ്ങള്‍ കണ്ടു. ഇന്ത്യയില്‍ വന്ന് ഹിമാലയം കാണുന്നതു പോലെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് ആല്‍പ്‌സ് കാണുന്നത്. അത്രയേറെ ഈ ശാന്തരാഷ്ട്രത്തിന്റെ ആത്മാവില്‍ അതു ലയിച്ചു കിടക്കുന്നു. അടുത്തടുത്ത് വരുമ്പോള്‍ ആല്‍പ്‌സിന്റെ വെളുത്ത പ്രതലങ്ങളില്‍ തുളകള്‍ വീണ അത്ഭുതക്കാഴ്ച്ച. എല്ലാം ടണലുകളാണ്. മുപ്പത് കിലോമീറ്ററോളം ദീര്‍ഘിച്ച ഒരു തുരങ്കത്തിലൂടെ ഞാന്‍ കടന്നുപോയി. വെണ്‍മയുടെ ലോകത്തുനിന്നും ഇരുട്ടിലേക്ക് ഒരു ഊളിയിടല്‍. അതൊരു വല്ലാത്ത അനുഭവമായിരുന്നു.
ആല്‍പ്‌സിന്റെ ഭാഗമായ പിലാത്തോസ് പര്‍വ്വതനിരകളില്‍ 7000 അടിയോളം ഉയരത്തിലേക്ക് ഞാന്‍ പോയി. സമയം രാവിലെ പത്തു മണി. എങ്ങും മഞ്ഞു പുക. പകല്‍ വെളിച്ചം മങ്ങിക്കിടന്നു. പുക മാറുമ്പോള്‍ വല്ലപ്പോഴും താഴെയുള്ള ദൃശ്യങ്ങള്‍ കാണാം. ഏതോ ചിത്രകാരന്റെ രചന പോലെ. കറുപ്പിലും വെളുപ്പിലുമുള്ള കാഴ്ച്ചകള്‍.
റോപ് വേ വഴിയാണ് സഞ്ചാരം. അതിനിടെ ഞാനിരിക്കുന്ന പേടകം ഒരു ഇരുട്ടറയിലേക്ക് കടന്നു. അതിലൂടെ കുറേ ദൂരം പോയി. പെട്ടെന്നാണ് മുറിയുടെ വാതില്‍ തുറന്ന് പേടകം പുറത്തെത്തിയത്. അപ്പോള്‍ മുന്നില്‍ തെളിഞ്ഞ കാഴ്ച്ച! മഞ്ഞുമൂടിക്കിടന്ന പര്‍വ്വതപാര്‍ശ്വങ്ങള്‍ പെട്ടന്ന് പാറിവീണ വെയിലില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. മഞ്ഞു മറ മാഞ്ഞു പോയിരിക്കുന്നു. കണ്ണെത്തുന്നിടത്തെല്ലാം തിളക്കങ്ങള്‍ മാത്രം. ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ മാജിക്. സ്വിസ് മാജിക്ക്.
സ്വിസ് ഗ്രാമങ്ങള്‍ എന്നും എന്റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു. രവീന്ദ്രന്റെ 'സ്വിസ് സ്‌കെച്ചുകള്‍' എന്ന പുസ്തകത്തിലെ കൊതിപ്പിക്കുന്ന ഗ്രാമവര്‍ണനകള്‍ ഓര്‍മയിലുണ്ട്. അത്തരം ഗ്രാമങ്ങളിലൂടെ കടന്നുപോയാണ് ഞാന്‍ പ്രസിദ്ധമായ റൈന്‍ നദി കണ്ടത്. ഗ്രാമങ്ങളില്‍ കൊച്ച് ഊടുവഴികള്‍. മരം കൊണ്ട് തീര്‍ത്ത ഉയരമുള്ള വീടുകള്‍, അവയുടെ മുറ്റത്ത് മഞ്ഞു വാരിക്കളിക്കുന്ന കുട്ടികള്‍. ചില വഴികളുടെ അങ്ങേയറ്റത്ത് എന്റെ ഗ്രാമമായ കവളമുക്കട്ടയാണോ എന്ന് ഞാന്‍ വെറുതെ സംശയിച്ചു. അത്രയും സാമ്യമുണ്ടായിരുന്നു അവയ്ക്ക്.
കാലാവസ്ഥ ഒരു രാജ്യത്തെ മനുഷ്യരുടെ സ്വഭാവത്തെ സ്വാധീനിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡുകാര്‍, തണുപ്പില്‍ വളരുന്നത് കൊണ്ടാവാം, ശാന്തപ്രകൃതരാണ്. അവര്‍ സമൃദ്ധിയില്‍ ജീവിക്കുന്നു. അധ്വാനവും വിശ്രമവും ഒരു പോലെ അനുഭവിക്കുന്നു.
യാചകര്‍ ഇവിടെ അപൂര്‍വ്വമാണ്. ഉണ്ടെങ്കില്‍ തന്നെ വെറുതെ ഭിക്ഷ ചോദിക്കില്ല. ഒന്നുകില്‍ പാട്ടു പാടും, അല്ലെങ്കില്‍ മധുരമായി ഗിറ്റാറോ വയലിനോ വായിക്കും. അതു നിങ്ങളെ ആനന്ദിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും തന്നിട്ടു പോവുക.
ബേസില്‍ എന്ന സ്ഥലത്ത് മൂന്ന് രാജ്യങ്ങള്‍ സമന്വയിക്കുന്നു: ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി. ഇവിടെവെച്ച് ഞാന്‍ റൈന്‍ നദിയെ കണ്‍കുളിര്‍ക്കെ കണ്ടു. അതിര്‍ത്തി മുറിച്ച് കടന്ന് മറ്റ് രണ്ട് രാജ്യങ്ങളിലേക്കും ഞാന്‍ ഒരുപാട് ദൂരം പോയി. മനുഷ്യരും മണ്ണും മഞ്ഞും മരങ്ങളും എല്ലാം ഒന്നു തന്നെ. ഭാഷയുടെയും വേഷത്തിന്റെയും പൗരത്വത്തിന്റെയും ആചാരങ്ങളുടെയും ബാഹ്യമായ, വെച്ചു കെട്ടിയ വ്യത്യാസങ്ങള്‍ മാത്രം.
തലസ്ഥാനമായ ബേണില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചു പൂട്ടിയ വാണിജ്യത്തെരുവി (largest closed shoping street) ലൂടെ നടക്കുമ്പോള്‍, മറ്റൊരു ലോക സഞ്ചാരമാണെന്ന് തോന്നി. ഒറ്റ കവാടത്തിലൂടെ ഒരായിരം വൈവിധ്യങ്ങളിലേക്ക്. കണ്ടു തീര്‍ക്കണമെങ്കില്‍ത്തന്നെ ഒരാഴ്ച്ച വേണം. ഷോപ്പിങ്ങിനെക്കുറിച്ചൊന്നും ആലോചിക്കുകയേ വേണ്ട.
ഇന്ത്യയുടെ തലങ്ങും വിലങ്ങും മൂന്നു തവണ മാസങ്ങളെടുത്ത് സഞ്ചരിച്ചയാളാണ് ഞാന്‍. ഇവിടെ ഓരോ കവല പോലും മറ്റുള്ളതില്‍ നിന്നു വ്യത്യസ്തമാണ്. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എല്ലാം ഒരു പോലെയാണ്. തീര്‍ച്ചയായും അതൊരു വിരസതയുണ്ടാക്കുന്നുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ 'ഭാരതീയ കലാലയ'ത്തിന്റെ പത്താം വാര്‍ഷികത്തില്‍ പങ്കെടുക്കാനായിരുന്നു ഞാന്‍ എത്തിയത്. സന്ദര്‍ശകര്‍ക്കു പറ്റിയ സീസണായിരുന്നില്ല അത്. അവിടത്തെ പ്രിയപ്പെട്ട മലയാളികളുടെ ക്ഷണത്തിന് മുന്നില്‍ സമയമോ സന്ദര്‍ഭമോ ഞാന്‍ നോക്കിയില്ല. ഋതുക്കള്‍ മാറുന്നതനുസരിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഭൂപ്രകൃതി പോലും വ്യത്യാസം വരുമത്രെ. മഞ്ഞു കാലത്തും വസന്തത്തിലും മഴയിലും വ്യത്യസ്തമായിരിക്കും കാഴ്്ച്ചകള്‍.
മഞ്ഞിന്‍ കൂനകള്‍ കടന്ന്, റണ്‍വേയിലേക്ക് നടക്കവേ ഒരുവട്ടം കൂടി തിരിഞ്ഞു നോക്കി, ഞാന്‍ സ്വിസ് ഭാഷയില്‍ പറഞ്ഞു. 'ഔഫ് വീഡര്‍ സേയന്‍' (See you again).
കടപ്പാട്: ഗോപിനാഥ് മുതുകാട്
No comments:
Post a Comment