മനാലി, കണ്ണും കരളും കവരുന്ന പ്രാലേയപ്രണയതീരം
അനസൂയയുടെ
മിഴികള്‍ കൂമ്പിയടഞ്ഞു. ''കളിപ്പടക്കങ്ങള്‍ പൊട്ടിത്തീഅരും പോലെയാണ്
ദിവസങ്ങള്‍ പോയത്. നാളെ മടങ്ങുമ്പോള്‍ ഈ മഞ്ഞിനെ ഞങ്ങള്‍
ഹൃദയത്തിലൊളിപ്പിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും''. തൊട്ടരികില്‍
ചുടുകാപ്പി മൊത്തിക്കുടിക്കുന്ന ഭര്‍ത്താവിനെ പാളിനോക്കുമ്പോള്‍
കണ്‍കോണുകളില്‍ പ്രണയം തുടിക്കുന്നു. ജയ്പുരില്‍ നിന്നാണ് അനസൂയയും
രണ്‍വീറും. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ അനസൂയയെ മനാലി ഒരു
കവയത്രിയാക്കിയിരിക്കുന്നു.ഒരു ടിബറ്റന്‍ കോഫിഷോപ്പില്‍ വെച്ച് പരിചയപ്പെടുമ്പോള്‍ യാത്രയുടെ ത്രില്ലിലായിരുന്നു ഇരുവരും. ക്യാമറ കണ്ടപ്പോള്‍ ചിരിയോടെ വിലക്ക് ''ഓണ്‍ലി ഡ്രീംസ് നോ സ്‌നാപ്പ്‌സ്''
മധുവിധുവിന്റെ
മണ്ണാണ്് മനാലി. സഞ്ചാരികളില്‍ ഏറെയും ജോഡികളാണ്. അനസൂയയേയും
രണ്‍വീറിനേയും പോലെ. അതല്ലെങ്കില്‍ പഴയ മധുവിധുവിന്റെ ആഘോഷം
പുനരാനയിക്കാന്‍ എത്തിയവര്‍. മനാലിയില്‍ പ്രകൃതി തന്നെയാണ് കാഴ്ച. മഞ്ഞുപുതച്ച ഹിമാലയനിരകളോടുള്ള സാമീപ്യമാണ് മനാലിയെ യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. തെളിഞ്ഞ നീലകാശത്തിനു താഴെ വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുകൊടുമുടികള്‍, അനന്തവിശാലമായ കൃഷിയിടങ്ങള്‍, ഇടയ്ക്ക്് ആപ്പിള്‍ത്തോട്ടങ്ങള്‍. കുളുതാഴ്‌വരയിലൂടെ മനാലിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമാണ്. ബിയാസ് നദിയുടെ തെളിനീര്‍പ്രവാഹത്തിനൊപ്പം സ്വച്ഛമായ ഇളംകാറ്റേറ്റ്...
''ട്വന്‍ടി റുപ്പീസ് സാബ്...'' രമാദേവി ഒരു പ്രലോഭനമെറിഞ്ഞു. കൈയില്‍ മാറോട് ചേര്‍ന്നിരിക്കുന്നു പഞ്ഞിക്കെട്ടുപോലെ വെളുത്ത ഒരുമുയല്‍. 20രൂപയ്ക്ക് മുയലിനെ അഞ്ചുമിനിറ്റ് തരും. അതിനെ ഓമനിച്ച് കുറേ ഫോട്ടോയെടുക്കാം. മുയല്‍മാത്രമല്ല യാക്കുമുണ്ട്. ചലിക്കുന്ന രോമക്കാടുകള്‍ പോലെയുള്ള യാക്കിനു പുറത്ത് കയറി ചിത്രമെടുക്കാനും തിരക്കുണ്ട്. അതുമല്ലെങ്കില്‍ ഹിമാചലിന്റെ കടുംനിറങ്ങളുള്ള പരമ്പരാഗത വേഷമണിഞ്ഞ് പടമെടുക്കാം. രമാദേവിയെപ്പോലെ നിരവധിപ്പേര്‍ ടൂറിസം കൊണ്ട് ജീവിതം കണ്ടെത്തുന്നുണ്ട്. ചെറുകിടഗൈഡുകള്‍ മുതല്‍ വന്‍ റിസോട്ടുകാര്‍ വരെ. ഹിഡുംബിക്ഷേത്രത്തിലേക്കുള്ള ഈ വഴിയില്‍ ഇങ്ങനെ പലതുമുണ്ട്.
കുന്നുകയറിയെത്തുമ്പോള്‍ ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങളുടെ കാടാണ്, ഈ നാലുമണി നേരത്ത് പൊടുന്നനെ സന്ധ്യയായതുപോലെ. കാനനഭംഗികള്‍ക്ക് ചേരുംവിധം പ്രാചീനമായക്ഷേത്രം.
ഐതിഹ്യം
ഇങ്ങനെ: വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തി. വിശന്നിരുന്ന ഹിഡുംബന്‍ എന്ന
രാക്ഷസന്‍ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി സഹോദരിയെ അയച്ചു. പക്ഷേ ഹിഡുംബി
ഭക്ഷണം മറന്ന് ഭീമസേനനില്‍ അനുരക്തയായി. കോപാകുലനായ ഹിഡുംബന്‍
ഭീമനോടെതിരിട്ടു മരിച്ചു. ഭീമന്‍ ഹിഡുംബിയെ വിവാഹം കഴിച്ചു. അവരുടെ
മദനോത്സവത്തിന്റെ മണിയറയായിരുന്നു മനാലി. ഭീമന് ഹിഡുംബിയില്‍ പിറന്ന
ഘടോല്‍ക്കചനും ഇവിടെ ഒരു ക്ഷേത്രത്തറയുണ്ട്.കുലം മറന്നുള്ള പ്രണയാഭിനിവേശത്തിന്റെ മണ്ണില്‍ മുഗ്ധാനുരാഗത്തിന്റെ കാഴ്ചകള്‍ തന്നെയാണിന്നും. ഒളിമറകളില്ലാതെ സ്‌നേഹസല്ലാപങ്ങളില്‍ സ്വയം മറന്ന് പുണര്‍ന്ന് നീങ്ങുന്നവര്‍ എവിടെയുമുണ്ട്.
വിസ്മയം
തീര്‍ക്കുന്ന കോട്ടിയിലേക്കുള്ള 12 കിലോമീറ്റര്‍ യാത്ര. മഞ്ഞിനു നടുവില്‍
വിരിച്ചിട്ട കറുത്ത കമ്പളം പോലെ റോഡ്. ഇടവിട്ടുള്ള തിരിവുകളില്‍ ചെറിയ
കടകള്‍. മുട്ടറ്റംനീളുന്ന ബൂട്ടുകളും വലിയ കമ്പിളിക്കുപ്പായങ്ങളും
നിരത്തിവെച്ച ചെറുമാടങ്ങള്‍. എല്ലാം വാടകയ്ക് കിട്ടും. കോട്ടിയില്‍
മുട്ടറ്റം മഞ്ഞാണ്, നല്ല തണുപ്പും. അതിനാണ് ഈ ഒരുക്കങ്ങള്‍. വഴിയുടെ ഒടുവില്‍ കണ്‍നിറയെ കോട്ടി. മഞ്ഞുപുതച്ച പര്‍വ്വതനിരകളുടെ കയറ്റിറക്കങ്ങള്‍,ഒറ്റപ്പെട്ട പൈന്‍മരങ്ങള്‍ തെളിഞ്ഞനീലമാനത്ത് വെള്ളിമേഘങ്ങളുടെ അലസസഞ്ചാരം. ചുറ്റും സഞ്ചാരിസംഘങ്ങളുടെ ആഘോഷപ്രകടനങ്ങളാണ്. ചിലര്‍ പാട്ടും ആട്ടവുമായി. ഇടയ്ക്ക് വെള്ളില്‍പ്പറവകള്‍പോലെ കയറ്റിറക്കങ്ങളിലൂടെ ഒഴുകിയെത്തുന്ന സ്‌കീയിങ് സാഹസികര്‍. മറ്റുചിലര്‍ മഞ്ഞുകൊണ്ട് പരസ്പരം എറിഞ്ഞ് കളിച്ച് കൊച്ചുകുട്ടികളെപ്പോലെ... എത്രയോ മനോഹരഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായ ഇവിടെയെത്തുമ്പോള്‍ അറിയാതെ ഒരു പ്രണയത്തിലേയ്ക്ക് വീണുപോകുന്നു
K Unnikrishnan, Photos:Ajeeb Komachi
ശ്രീനഗര്‍
വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ കവാടത്തിലെ ബോര്‍ഡ്
കണ്ണില്‍പ്പെട്ടു. ഭൂമിയിലെ സ്വര്‍ഗത്തിലേയ്ക്കു സ്വാഗതം. നേരത്തെ ഫോണ്‍
ചെയ്തു പറഞ്ഞതു പ്രകാരം പ്ലക്കാര്‍ഡുമായി അബ്ദുളള കാത്തു നിന്നിരുന്നു.
ടാറ്റാ സുമോയില്‍ ശ്രീനഗര്‍ നഗരത്തിലൂടെ ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍,
വഴിയോരക്കാഴ്ചകളുടെ വിവരണങ്ങള്‍ ലഘുവായ ഇംഗ്ലീഷില്‍ അബ്ദുള്ള
പറഞ്ഞുകൊണ്ടിരുന്നു. പ്രശസ്തമായ ദാല്‍ തടാകത്തിന്റെ തീരത്താണ് താമസിക്കേണ്ട
ഹോട്ടല്‍ അക്ബര്‍. വിമാനത്താവളത്തില്‍നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍
ദൂരം.
ഗുല്‍മാര്‍ഗ്ഗിലെ
മഞ്ഞുമലകളില്‍ വിവിധ രീതിയിലുള്ള വിനോദോപാധികളുണ്ട്. സ്‌കേറ്റിങ് തന്നെ
വിവിധതരം. അതിനാവശ്യമായ സാമഗ്രികള്‍ ചെറിയ വാടകയ്ക്ക് ഇവിടെ കിട്ടും.
കുടുംബവുമായി എത്തുന്നവരാണ് ഏറെയും. കാശ്മീര്‍ എന്നും പ്രത്യേകിച്ച്
ശ്രീനഗര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത്
ഗ്രനേഡുകളുടെയും, ബോംബുകളുടേയും ഞെട്ടിപ്പിക്കുന്ന ശബ്ദങ്ങളും ചോര
മണക്കുന്ന കാഴ്ചകളുമാണ്. ''ശരിയാണ്, ഏതാനും നാളുകള്‍ക്കുമുമ്പുവരെ
കാശ്മീര്‍ ഇങ്ങനെയായിരുന്നു''- ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന
മെഹബൂബ് പറഞ്ഞു. 'എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി, ചെറിയ സംഭവങ്ങള്‍
ഉണ്ടാകുന്നുണ്ട്. പക്ഷെ, അതെല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു
കാട്ടുന്നു. അങ്ങനെ ഈ നാടു കാണാന്‍ വരുന്നവരെ അകറ്റുന്നു. പ്ലീസ്,
നിങ്ങളെങ്കിലും അതു ചെയ്യരുത്. നാട്ടില്‍ച്ചെന്ന് ഞങ്ങളുടെ
നാടിനെക്കുറിച്ച് നല്ലതു പറയുക, ഞങ്ങള്‍ക്കും ജീവിക്കണം.' മെഹബൂബിന്റെ
വാക്കുകളില്‍ ദൈന്യതയും, കണ്ണുകളില്‍ രോഷവും. ശരിയാണ്, കാശ്മീര്‍ ഇന്ന് ഏറെ
മാറിയിരിക്കുന്നു. കുഴപ്പങ്ങള്‍ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍
കാശ്മീരികള്‍ ഏറെ ശ്രമിക്കുന്നു.
ശ്രീനഗര്‍
നഗരം അറിയപ്പെടുന്നത് 'ദാല്‍ തടാകത്തിന്റെ നഗരം' എന്നാണ്. ഏകദേശം 18
കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തടാകം കാശ്മീരിന്റെ സ്വര്‍ഗീയ
സൗന്ദര്യത്തിന്റെ പ്രതീകമാണ്. ആറര കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍
വീതിയുമുള്ള തടാകത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ് തന്നെ. 'ശിക്കാര'
എന്നറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളത്തിലാണ് യാത്ര.
ചെറുശിക്കാരകളില്‍ കെട്ടിപ്പുണര്‍ന്നു മധുവിധു ആഘോഷിക്കുന്ന
യുവമിഥുനങ്ങള്‍. മുട്ടിയുരുമ്മി കിടക്കുന്ന ഹൗസ് ബോട്ടുകളുടെ നീണ്ടവര്‍ണ്ണ
നിര.
ദാല്‍
തടാകത്തോടു ചേര്‍ന്ന് തട്ടുകളായി കിടക്കുന്ന പൂന്തോട്ടമാണ് നിഷാത് ബാഗ്.
മലമടക്കുകളുടെ താഴവരയിലാണ് ഈ പൂന്തോട്ടം. കാശ്മീരിന്റെ പരമ്പരാഗത
വസ്ത്രങ്ങള്‍ ഇവിടെ വാടകയ്ക്കു കിട്ടും. 20 രൂപയാണ് നിരക്ക്. ഇതണിഞ്ഞ്
ഫോട്ടോയും എടുക്കാം. ചെഷ്മഷായ് ഗാര്‍ഡനിലേക്ക് എട്ടു കിലോമീറ്ററുണ്ട്.
നൂര്‍ജഹാന്റെ സഹോദരന്‍ അസഫ്ഖാനാണ് ഇത് നിര്‍മ്മിച്ചത്. അപൂര്‍വ ഇനം
ചെടികളും പുഷ്പങ്ങളും നിറഞ്ഞതാണ് മുഗള്‍ ഉദ്യാനങ്ങള്‍. ഇവിടുത്തെ ചെറിയ
ചെക്ക് ഡാമുകളിലെ കുളിയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
ഇന്ത്യയില്‍ വന്ന് ഹിമാലയം കാണുന്നതു പോലെയാണ് 
എല്ലാം
സര്‍ക്കാരിനാല്‍ നിയന്ത്രിക്കപ്പെട്ട, ഏറ്റവും സുരക്ഷിതവും ഒരു ക്ലോക്കിലെ
സൂചി പോലെ കൃത്യമാര്‍ന്നതുമായ രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.
തണുപ്പുകാലത്ത് വീടിന്റെ അകത്തളങ്ങള്‍ ചൂടാക്കാനുള്ള ഗ്യാസ് മുതല്‍ എല്ലാം
സര്‍ക്കാര്‍ വകയാണ്. രാത്രികാലങ്ങളിലെ താപനിയന്ത്രണം പോലും. സന്തോഷ്-
മേഴ്‌സി ദമ്പതിമാരുടെ വീടിനകത്ത് കയറിയപ്പോള്‍ തണുപ്പില്‍ നിന്നുള്ള
സംരക്ഷണം മാത്രമല്ല ഒരു രാജ്യം അതിന്റെ പൗരന്‍മാരുടെ ജീവിതത്തിന് നല്‍കുന്ന
പരിഗണനയും പരിരക്ഷയും കൂടി ഞാന്‍ അനുഭവിച്ചു.
ഒരു
രാജ്യത്തെ അറിയണമെങ്കില്‍ നടന്നു തന്നെ കാണണം. എന്നും രാവിലെ പൈനും ഓക്കും
നിറഞ്ഞ വനത്തിലൂടെ ഞാന്‍ നടക്കും. ഇലകളെല്ലാം കൊഴിഞ്ഞിരിക്കുന്നു.
അരുവികള്‍ ഉറഞ്ഞ്, വളഞ്ഞ് പുളഞ്ഞ രേഖ മാത്രമായിരിക്കുന്നു. ബഹളങ്ങളില്ല.
വല്ലപ്പോഴും ഈറന്‍ കാറ്റിന്റെ ശബ്ദം മാത്രം.
ഊസ്റ്ററില്‍
നിന്നും ലൂസണ്‍സിയിലേക്കുള്ള യാത്ര സൂറിച്ച് വഴിയാണ്. ആ യാത്രയില്‍ ഞാന്‍
ആദ്യമായി ആല്‍പ്‌സിന്റെ തിളങ്ങുന്ന ശിഖരങ്ങള്‍ കണ്ടു. ഇന്ത്യയില്‍ വന്ന്
ഹിമാലയം കാണുന്നതു പോലെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്ന് ആല്‍പ്‌സ്
കാണുന്നത്. അത്രയേറെ ഈ ശാന്തരാഷ്ട്രത്തിന്റെ ആത്മാവില്‍ അതു ലയിച്ചു
കിടക്കുന്നു. അടുത്തടുത്ത് വരുമ്പോള്‍ ആല്‍പ്‌സിന്റെ വെളുത്ത
പ്രതലങ്ങളില്‍ തുളകള്‍ വീണ അത്ഭുതക്കാഴ്ച്ച. എല്ലാം ടണലുകളാണ്. മുപ്പത്
കിലോമീറ്ററോളം ദീര്‍ഘിച്ച ഒരു തുരങ്കത്തിലൂടെ ഞാന്‍ കടന്നുപോയി. വെണ്‍മയുടെ
ലോകത്തുനിന്നും ഇരുട്ടിലേക്ക് ഒരു ഊളിയിടല്‍. അതൊരു വല്ലാത്ത
അനുഭവമായിരുന്നു.
തലസ്ഥാനമായ
ബേണില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചു പൂട്ടിയ വാണിജ്യത്തെരുവി
(largest closed shoping street) ലൂടെ നടക്കുമ്പോള്‍, മറ്റൊരു ലോക
സഞ്ചാരമാണെന്ന് തോന്നി. ഒറ്റ കവാടത്തിലൂടെ ഒരായിരം വൈവിധ്യങ്ങളിലേക്ക്.
കണ്ടു തീര്‍ക്കണമെങ്കില്‍ത്തന്നെ ഒരാഴ്ച്ച വേണം.
ഷോപ്പിങ്ങിനെക്കുറിച്ചൊന്നും ആലോചിക്കുകയേ വേണ്ട.