Wednesday, January 1, 2014

പരദൂഷണം അമ്മായി

സത്യന്‍ അന്തിക്കാട് /താഹ മാടായി

ഞാന്‍ സിനിമാ സംവിധാനം പഠിക്കാന്‍ പോകുന്ന കാലത്തേ ഫിലോമിന അഭിനയരംഗത്ത് സജീവമായിട്ടുണ്ട്. 'കോളേജ് ഗേള്‍' എന്ന സിനിമയിലും ഫിലോമിനയുണ്ടായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ഒരു മീന്‍കാരിയെപോലെ ഫിലോമിനയുടെ മുഖം മനസ്സില്‍ പതിഞ്ഞു. അന്തിക്കാട്ടുകാരിയായ ഒരു മീന്‍കാരി. സത്യത്തില്‍, ഫിലോമിനയുടെ മുഖം കൂടുതലായും തീരദേശവാസികളായ സ്ത്രീരൂപങ്ങളോട് അത്ഭുതകരമായ വിധത്തില്‍ സാദൃശ്യപ്പെട്ടു കിടക്കുന്നു. പത്മരാജന്‍ ഒരിക്കല്‍, 'തലയണമന്ത്രം' എന്ന സിനിമയുടെ നൂറാംദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചു പറഞ്ഞു:
പുതിയ താരങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം സംവിധായകരെ പ്രശംസിക്കാറുള്ളത്. എന്നാല്‍, സത്യന്‍ സിനിമയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പലരേയും മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

ജീവിതത്തില്‍ എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച അഭിനന്ദനമായിരുന്നു അത്. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണ് പത്മരാജന്റെ വാക്കിന്റെ തൂക്കം.
ഫിലോമിന സിനിമയിലുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം വേണ്ടപോലെ തെളിയിക്കപ്പെടാനും അവര്‍ അത്യാവശ്യമുള്ള ഘടകമാണെന്ന് തിരിച്ചറിവുണ്ടാക്കാനും ഫിലോമിനയുടെ ഗ്രാമീണ കഥാപാത്രങ്ങള്‍കൊണ്ടു സാധിച്ചു. അതുവരെ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു നടി വേറിട്ട വേഷങ്ങളണിഞ്ഞു തുടങ്ങി.
ഫിലോമിനയുടെ തൃശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ആ നടിയുടെ സാന്നിദ്ധ്യത്തെ ആകര്‍ഷകമാക്കുന്ന ഒരു പ്രധാനഘടകം. സിനിമയില്‍ ഭാഷ നിര്‍ണായകമായ ഒരു സ്വാധീനഘടകമാണ്. ഭാഷയോടുള്ള അടുപ്പമാണ് എന്നെ ഫിലോമിനയിലേക്കടുപ്പിച്ചത്. ഫിലോമിനയുടെ സംസാരശൈലി വൈകാരികമായി എന്റെകൂടി ഭാഷയാണ്. കൃത്രിമത്വം തീരെയില്ലാതെ വര്‍ത്തമാനം പറയാന്‍ ഫിലോമിനയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നു ഫിലോമിന എന്റെ ഹൃദയത്തിന്റെ അയല്‍ക്കാരിയായി.
ഫിലോമിന ഒരിക്കലുമെന്നെ 'സാര്‍' എന്നു വിളിച്ചിരുന്നില്ല. നിങ്ങള്‍ എത്ര വലിയ ആരോ ആവട്ടെ, സിനിമയിലാവുമ്പോള്‍ സംവിധായകനെ 'സാര്‍' എന്നു വിളിക്കേണ്ടിവരും. എന്നാല്‍, ഫിലോമിന എന്നെ പലപ്പോഴും 'മോനെ' എന്നു വിളിച്ചു. ചിലപ്പോള്‍ 'എടാ സത്യാ' എന്നും.

'കുടുംബപുരാണം' എന്ന സിനിമ തൊട്ടാണ് ഫിലോമിനയുടെ സാധ്യതകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. ലോഹിതദാസാണ് സ്‌ക്രിപ്‌റ്റെഴുതിയത്. ബാങ്കുകാരുടെ മാത്രം വീട്ടുവേലയ്ക്ക് നില്‍ക്കുന്ന കുഞ്ഞമ്മ എന്ന സ്ത്രീ- ഇത് ലോഹിതദാസിന്റെ മൗലികമായ ഭാവനയാണ്. അതിലേക്ക് ഫിലോമിനയെ കാസ്റ്റ് ചെയ്യാം എന്ന ധാരണയായി. ഫിലോമിന വന്ന് ആ വേഷമിട്ട്, നമ്മളെന്തെങ്കിലും ഡയലോഗ് പറയുന്നതിനു മുന്നേതന്നെ, അവര്‍ അഭിനയിച്ചു തുടങ്ങി. കുടുംബപുരാണം കണ്ടവരുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായി അവര്‍ അനായാസം ഭാവം മാറി. ഫിലോമിനയെ ഏതെല്ലാം നാടന്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങുന്നത് ആ സിനിമയ്ക്ക് ശേഷമാണ്. അന്തിക്കാട്ട് എനിക്ക് പരിചയമുള്ള ചില അമ്മാമമാരുണ്ട്. അവരുടെ ചില മാനറിസങ്ങളും സംസാരിക്കുമ്പോഴുള്ള ചില ശൈലീവിന്യാസങ്ങളും ഞാന്‍ ഫിലോമിനയിലേക്ക് പകര്‍ന്നു.

അന്തിക്കാട്ടെ അമ്പലപ്പറപ്പില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ഒരിക്കല്‍ ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു. അക്കാലത്ത് ഞാന്‍ തിരക്കുപിടിച്ച സംവിധായകനായിരുന്നു. വല്ലപ്പോഴുമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു സന്ദര്‍ശനത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ നോട്ടീസുമായി ചില ചെറുപ്പക്കാര്‍ വീട്ടില്‍ വന്നത്.

രാത്രിയില്‍ 'അമ്മ അറിയാന്‍' കാണാന്‍ ഞാന്‍ അമ്പലപ്പറപ്പിലേക്ക് പോയി. 60 എം.എം. പ്രൊജക്റ്റില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങി. അമ്പലപ്പറമ്പ് നിറയെ സിനിമ കാണാന്‍ ആളുകള്‍. അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ്. സത്യത്തില്‍ ജോണ്‍ എബ്രഹാം ആരാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കുറേതമാശകളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചാണ് അവര്‍ വന്നത്. പായയും ചുരുട്ടിയാണ് അന്ന് അന്തിക്കാട്ടെ സ്ത്രീകള്‍ അമ്പലപ്പറമ്പില്‍ നടക്കുന്ന ഏതു പരിപാടിയും കാണാന്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ഗ്രാമങ്ങളില്‍നിന്ന് ഈ കാഴ്ചകള്‍ ഇല്ലാതായി. 'അപ്പുണ്ണി' എന്ന സിനിമയില്‍ ഇങ്ങനെയൊരു ദൃശ്യം ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. പായയും ചുരുട്ടി ഉത്സവത്തിനു പോകുന്ന സുകുമാരിയും മേനകയും. അതുപോലെ ഒരമ്മയും കൊച്ചു മകളും പായയും വിരിച്ച് എന്റെ മുന്നില്‍ കുറച്ചു ദൂരെയായി ഇരിക്കുന്നുണ്ട്. പടം തുടങ്ങി. കാണികള്‍ പ്രതീക്ഷിച്ച പാട്ടോ തമാശയോ സ്റ്റണ്ടോ ഒന്നുമില്ല. ഡയലോഗും വളരെ കുറവ്. ആളുകളങ്ങനെ നിശ്ശബ്ദരായി കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാം. അങ്ങനെ ഗ്രാമത്തിലെ ഒരു അമ്പലപ്പറമ്പില്‍, ഒരു ആര്‍ട്ട്പടം എന്തു സ്വാധീനമാണുണ്ടാക്കുന്നത് എന്ന ആലോചനയിലും ജോണ്‍ എബ്രഹാമിലും മനസ്സ് മുഴുകിയിരിക്കേയാണ്, 'നമ്മള് പോവ്വാണേയ്...' എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അമ്മാമയും കൊച്ചുമകളും അവരുടെ പായയും ചുരുട്ടിപ്പിടിച്ച് എണീറ്റു നിന്നത്. ആരെങ്കിലുമൊരാള്‍ എഴുന്നേല്‍ക്കാന്‍ കാത്തുനിന്നത് പോലെ, മറ്റു സ്ത്രീകളും അവരുടെ പായചുരുട്ടി എണീറ്റു. കുറച്ചു ചെറുപ്പക്കാരുടെ സംഘം മാത്രം അമ്പലപ്പറമ്പില്‍ ബാക്കിയായി. 'നമ്മള് പോവാണേയ്...' എന്ന് പറഞ്ഞെണീറ്റ ആ അമ്മാമയെ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ അടക്കിപ്പിടിച്ച് ചിരിച്ചു.

'അമ്മ അറിയാന്‍' കണ്ടുതീരുന്നതുവരെ എന്റെ മനസ്സില്‍ ചിരിയുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ 'അമ്മ അറിയാന്‍' എന്ന സിനിമയോട് ഒരു അമ്മാമയുടെ പരിഹാസം നിറഞ്ഞ പ്രതികരണം നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ചിരിയുമായിരുന്നു അത്. ഈ ഓര്‍മയില്‍ നിന്നാണ് 'കുടുംബപുരാണം' എന്ന സിനിമയില്‍ ഫിലോമിനയെക്കൊണ്ട് 'എനിക്കൊന്നുമറിഞ്ഞൂടേയ്...' എന്ന് ചിലപ്പോഴൊക്കെ പറയിപ്പിക്കാന്‍ പ്രേരണയായത്. ഗ്രാമത്തിലെ ഉത്സവരാത്രികള്‍ ഇങ്ങനെയൊരുപാട് ഓര്‍മകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

'സസ്‌നേഹം' എന്ന സിനിമയില്‍, ഫിലോമിനയെ വലിയൊരു കൈയടിയോടെയും ആര്‍പ്പുവിളിയോടെയുമാണ് പ്രേക്ഷകര്‍ എതിരേറ്റത്. പ്രേക്ഷകര്‍ക്കിടയിലിരുന്നു ഞാനത് കണ്ടു. ഒരു കുടുംബത്തിന്റെ സംഘര്‍ഷത്തിലേക്ക് അമ്മ വരുന്ന സീന്‍. ഫിലോമിനയെപ്പോലെയുള്ള ഒരഭിനേത്രിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന ഗാംഭീര്യത്തോടെ ഒരു കുടയും മടക്കിപ്പിടിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന സീന്‍ കണ്ടപ്പോള്‍, പ്രേക്ഷകര്‍ നിര്‍ത്താതെ കൈയടിച്ചു.

ശങ്കരാടിയുമായിട്ടുള്ളതുപോലെ സിനിമയ്ക്ക് പുറത്തൊരു സൗഹൃദം ഫിലോമിനയുമായി എനിക്കുണ്ടായിരുന്നില്ല. അവര്‍ മദിരാശിയിലായിരുന്നു സ്ഥിരവാസം. അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം കേരളത്തിലേക്ക് വന്നു. 

Philomina, Kalabhavan mani, Premkumarവലിയ തിരക്കുള്ള നടിയായിരിക്കുമ്പോഴും ആന്തരികമായ ഒരു ആകുലത ഫിലോമിനയുടെ മുഖത്ത് കാണാമായിരുന്നു. തനിച്ചിരിക്കുമ്പോള്‍ അവര്‍ പലതും ഓര്‍ത്തിരുന്ന് നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിരുന്നു. മറ്റേതൊരു നടിയേക്കാളും തീവ്രമായ ഒരനിശ്ചിതത്വം അവര്‍ പേറിനടക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു. നാം പുറമേക്ക് കാണുന്ന ഗ്ലാമറും പ്രശസ്തിയും സ്വകാര്യജീവിതത്തില്‍ മിക്ക സിനിമാനടികള്‍ക്കും ഒരു പ്രയോജനവുമുണ്ടാക്കുന്നില്ല. സിനിമാനടികളെപ്പോലെ ഒരനിശ്ചിതത്വം ജീവിതഭാരമായി കൊണ്ടുനടക്കുന്നവര്‍ വേറെയില്ല. സിനിമയിലേറെ ചിരിപ്പിക്കുന്ന താരങ്ങളും ജീവിതത്തില്‍ സ്വന്തമായിട്ടൊന്നു ചിരിക്കാനുള്ള നിമിഷങ്ങളില്ലാതെ, ഉള്ളുലയ്ക്കുന്ന ഒറ്റപ്പെടലും അനിശ്ചിതത്വവും കൊണ്ട് ഇടര്‍ച്ചയോടെ നില്‍ക്കുന്നത് എത്രയോ ഞാന്‍ കണ്ടിരിക്കുന്നു. സിനിമയില്‍ മുഖ്യധാരയില്‍ സജീവമായപ്പോള്‍ തന്നെയും ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരാളുടെ ഭാവപ്പകര്‍ച്ചകള്‍ ഫിലോമിനയില്‍ കാണാമായിരുന്നു.

ശരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഫിലോമിന. അത്തരം രംഗങ്ങള്‍ അവര്‍ അനായാസമായി അഭിനയിച്ചു. 'തലയണമന്ത്രം' എന്ന സിനിമയില്‍ ഫിലോമിന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാതൃക ശ്രീനിവാസന്റെ നാട്ടിന്‍പുറത്തുകാരിയായ ഒരു അമ്മാമയായിരുന്നു. ശ്രീനിയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മായി.

'തലയണമന്ത്ര'ത്തിന്റെ ആലോചനകള്‍ക്കിടയില്‍ ശ്രീനിയും ഞാനും, ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് പോയി. ആ സ്ത്രീ അവിടെയുണ്ടായിരുന്നു. ശ്രീനിവാസനോട് വലിയ ഫ്രീഡത്തോടെ ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നു. 'നീയെവിടെയാണെടാ... നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ...' എന്നൊക്കെപ്പറഞ്ഞ് അവര്‍ ശ്രീനിയെ വാത്സല്യത്തോടെ അടിക്കയൊക്കെ ചെയ്യുന്നുണ്ട്. ശ്രീനിയും പലതും തമാശയോടെ തിരിച്ചു പറയുന്നുമുണ്ട്. പിന്നീട് ശ്രീനി പറഞ്ഞു: ഇടയ്‌ക്കൊരു സന്ദര്‍ശനം നടത്തുന്ന ശ്രീനിയുടെ അകന്ന ഒരു അമ്മായിയാണ് ആ സ്ത്രീ. ശ്രീനിയുടെ അനിയനെ ആ അമ്മായിക്ക് വലിയ പേടിയാണ്. ഇടയ്‌ക്കൊരു വരവുണ്ടായാല്‍ കുറേ ദിവസത്തേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ട. ശ്രീനിയുടെ അനിയനുമായി ഉടക്കിയിട്ടാണ് പിന്നെ തിരിച്ചുപോക്ക്.

ഈ സ്ത്രീയെ കണ്ടപ്പോഴേക്കും എനിക്ക് ഫിലോമിനയുടെ മുഖം ഓര്‍മവന്നു. തലയണമന്ത്രത്തിലെ പാറുക്കുട്ടിയമ്മയായി ശ്രീനിവാസന്റെ ജീവിതത്തിലെതന്നെ ആ അമ്മായിയില്‍ നിന്ന് സൃഷ്ടിച്ച കഥാപാത്രമാണ്. ജീവിതത്തിലെന്നപോലെ സിനിമയിലും ആ അമ്മായിയോട് ശ്രീനിവാസന്‍ സോഫ്റ്റായിത്തന്നെ പെരുമാറുന്നു. തനി നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന, കുശുമ്പും കുന്നായ്മയുമൊക്കെയുള്ള തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മായിയായി ഫിലോമിന വേഷം മാറി. ഏതൊക്കെയോ ഇടങ്ങളില്‍ വെച്ച് എല്ലാവരും ഇങ്ങനെയൊരമ്മായിയെ കണ്ടുമുട്ടുന്നു. ജീവിതത്തിലെ തനിഗ്രാമ്യമായ വീട്ടുവേഷങ്ങളില്‍ ഫിലോമിന തനിക്കു മാത്രം കഴിയുന്ന സ്വാഭാവികതയോടെ അഭിനയിച്ചു. ചില സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചു പറയേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ 'സിനിമയിലെ ഫിലോമിനയെപ്പോലത്തെ സ്ത്രീ' എന്നും നാം ഈര്‍ഷ്യയോടെ പറഞ്ഞുതുടങ്ങി. അടക്കിപ്പിടിച്ച് പരദൂഷണം പറയുന്ന ഒരു സ്ത്രീയെ നാം ഫിലോമിനയില്‍ കണ്ടു. ആളുകളെ വരച്ച വരയില്‍ നിര്‍ത്തിപ്പൊരിക്കുന്ന തന്റേടിയായ ഒരു സ്ത്രീയായും ഫിലോമിനയെ നാം കണ്ടു. ഇതൊക്കെ സിനിമയിലെ ഫിലോമിന. ജീവിതത്തിലെന്തായിരുന്നു ഫിലോമിന എന്ന് നാമാരും അന്വേഷിച്ചില്ല. ജീവിതത്തിലെ ഫിലോമിന സ്വന്തം സങ്കടങ്ങളില്‍ ഉരുകിത്തീര്‍ന്ന ഒരു സ്ത്രീയായിരുന്നു.

ഫിലോമിന സെറ്റില്‍ വന്നാല്‍ ഞങ്ങളധികവും സംസാരിക്കുന്നത് ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ചാണ്. പ്രേംനസീറും ഷീലയും എങ്ങനെയായിരുന്നു, സത്യന്‍ മാഷ് എങ്ങനെയായിരുന്നു.... ഇതൊക്കെ ഫിലോമിനയില്‍നിന്ന് ഞാന്‍ കേട്ടു. നസീര്‍ സാര്‍ 'ഫില്ലു' എന്നായിരുന്നു ഫിലോമിനയെ വിളിച്ചിരുന്നത്. സാമ്പത്തികമായി വിഷമിച്ചുനിന്ന സന്ദര്‍ഭങ്ങളില്‍ നസീര്‍ സാര്‍ അവരെ സഹായിക്കുമായിരുന്നു.


ഒരു പത്രപ്രവര്‍ത്തകന്റെ ജിജ്ഞാസയോടെ ഞാന്‍ പഴയ കാലത്തെക്കുറിച്ച് ഫിലോമിനയില്‍ നിന്നു മനസ്സിലാക്കി. ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമാകാലത്തെ കഥകള്‍ അവര്‍ പറഞ്ഞു.
Bahadoor, Philomina

അന്ന്, ഫിലോമിനയുടെ ആദ്യകാലങ്ങളില്‍ രാത്രി രണ്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയായിരുന്നത്രെ പല മലയാള സിനിമകളുടെയും കാള്‍ ഷീറ്റ്. മദിരാശിയിലെ വലിയ സ്റ്റുഡിയോകളില്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്കുവേണ്ടി നിര്‍മിച്ച സെറ്റുകള്‍ ചുരുങ്ങിയ ചെലവില്‍ രാത്രി രണ്ടുമണിക്ക് ശേഷം മലയാളപടം ചിത്രീകരിക്കാന്‍ കിട്ടി. പഴയ മലയാള സിനിമയിലൊക്കെ കാണുന്ന വലിയ ഗോവണികളൊക്കെയുള്ള വീട് ഇതര ഭാഷകള്‍ക്കുവേണ്ടിയുണ്ടാക്കിയ സെറ്റുകളായിരുന്നു. രാത്രി രണ്ടുമണിക്ക് മലയാള താരങ്ങള്‍ മെയ്ക്കപ്പിട്ടു വന്നു; പുലരുംവരെ അഭിനയിച്ചു. ഈ ചരിത്രം ഫിലോമിനയില്‍ നിന്നാണ് ഞാനറിയുന്നത്. ഒരുപാടുപേര്‍ ഉറക്കമിളച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍. ആ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഫിലോമിന പറഞ്ഞ സംഭവത്തില്‍ നിന്നൊക്കെ നടികളനുഭവിച്ച തീവ്രയാതനകള്‍ മനസ്സിലാകുമായിരുന്നു. പ്രൊഡ്യൂസര്‍ നടിയെ ബുക്ക് ചെയ്യുന്നതിങ്ങനെയാണത്രെ:
ഒരു അഞ്ഞൂറു രൂപയുടെ സീനുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ?

ആദ്യമേ, മീനിനൊക്കെ വില പറയുന്നത് പോലെ, പ്രതിഫലം തീര്‍ച്ചയാക്കും. അഭിനയിക്കേണ്ട വേഷമെന്താണെന്നോ എത്ര ദിവസമാണ് കാള്‍ഷീറ്റെന്നോ വെളിപ്പെടുത്തുകയില്ല. ചിലപ്പോള്‍ പറയും: ഒരു നൂറ്റമ്പത് രൂപയുടെ സീനുണ്ട്. വേണോ? അന്നത്തെ നിവൃത്തികേട് കൊണ്ട് പലരുമത് സമ്മതിച്ചു കൊടുക്കും. ജീവിതത്തില്‍ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു അന്നത്തെ നടികളുടെ ലക്ഷ്യം.

അവസാനകാലമാവുമ്പോഴേക്കും ഫിലോമിനയുടെ ഓര്‍മ്മകള്‍ തെറ്റാന്‍ തുടങ്ങി. ഡയലോഗ് കിട്ടാതെ ക്യാമറയ്ക്കു മുന്നില്‍ പതറി. പ്രമേഹം മൂര്‍ച്ഛിച്ച് വിരല്‍ മുറിച്ചു. അതോടുകൂടി സിനിമയുമായുള്ള ബന്ധവും അവര്‍ മുറിച്ചുകളയുകയായിരുന്നു.
ഫിലോമിനയും തിലകനും ഒടുവിലാനുമൊക്കെയടങ്ങുന്ന നാച്വറല്‍ ആര്‍ട്ടിസ്റ്റുകളെ ഞാനാദ്യമേ റിഹേഴ്‌സല്‍ ചെയ്യിക്കും. ഈ റിഹേഴ്‌സലിനു ശേഷമാണ് ഷോട്ട് ഡിവൈഡ് ചെയ്യുക. സ്വാഭാവികമായ അവരുടെ അഭിനയത്തെ അതേപടി പകര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.

ഫിലോമിന മരിച്ചപ്പോള്‍, ഒരു നാട്ടിന്‍പുറത്തുകാരി എന്റെ മനസ്സില്‍ നിന്ന് പടിയിറങ്ങി. ഫിലോമിനയുടെ സാന്നിധ്യം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പ്രേരണയായിരുന്നു. കൊടിയേറ്റം ഗോപി സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി പല സിനിമകളും മലയാളത്തിലുണ്ടായി. വ്യത്യസ്തമായ കഥകളെപ്പറ്റി ചിന്തിക്കാനുള്ള പ്രേരണയായി ഗോപി എന്ന നടന്‍ മാറി. അത് ഒരു നടന്‍ സംവിധായകന് നല്‍കുന്ന വിശ്വാസമാണ്. ഈ വിശ്വാസം ഫിലോമിനയും നല്‍കിയിരുന്നു. ഫിലോമിനയെ വെച്ചിട്ട് ഒരു കഥാപാത്രത്തെ എനിക്കിപ്പോള്‍ ആലോചിക്കാന്‍ കഴിയുന്നില്ല. നാട്ടിന്‍പുറത്തുകാരിയായ ഒരു സ്ത്രീ എന്റെ സിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോയി. നമ്മുടെ ഗ്രാമകഥകള്‍ക്ക് ഫിലോമിനയുടെ ശബ്ദവും ആകാരവുമുള്ള ഒരു സ്ത്രീ വേണം. ഗ്രാമീണമുഖങ്ങള്‍ സിനിമയില്‍നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നെ പേടിപ്പിക്കുന്നു.

സിനിമയിലേക്ക് വരുന്നതിന് മുന്നേ ഫിലോമിന നാടകനടിയായിരുന്നു. നാടകപരിചയം ഫിലോമിനയ്ക്ക് കരുത്തു പകര്‍ന്ന ഘടകമായിരുന്നു. തലയണമന്ത്രത്തിലെ അമ്മായി, സസ്‌നേഹത്തിലെ അമ്മ, ഗോഡ്ഫാദറിലെ അച്ചാമ്മ...
ഫിലോമിനയെ ഓര്‍ക്കുമ്പോള്‍ വലിയൊരു നഷ്ടബോധമുണ്ടാകുന്നു.

ഫിലോമിനയുടെ സ്വകാര്യ ജീവിതത്തിന്റെ അധ്യായം ഞാനൊരിക്കലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ആരാധനയോടെ നോക്കിക്കണ്ട പല നടികളുടെയും സ്വകാര്യജീവിതം വേദനിപ്പിക്കുന്നതായിരുന്നു. ശ്രീവിദ്യയുടെ തകര്‍ന്ന ജീവിതം നമ്മുടെ മുന്നിലുണ്ട്. ഒരു തുള്ളി സ്‌നേഹത്തിനുവേണ്ടി ഒരു ജീവിതസമ്പാദ്യം മുഴുവന്‍ എഴുതിക്കൊടുക്കുകയും, കൈയിലൊന്നുമില്ലാതെ പിന്നീട് പകച്ചുപോവുകയും ചെയ്ത എത്രയോ നടികള്‍. ജീവിതത്തിന്റെ അഭിനയം അവര്‍ക്കറിയില്ലായിരുന്നു. ഒരു വാക്കില്‍ വിശ്വസിച്ച്, ജീവിതത്തിന്റെ അടിയാധാരം പോലും എഴുതിക്കൊടുത്തവര്‍....

പഴയ സിനിമാനടികള്‍ക്കുള്ള പൊതുവായ അരക്ഷിതത്വം ഫിലോമിനയ്ക്കുമുണ്ടായിരുന്നു. തന്റേടം സിനിമയില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ; ജീവിതത്തില്‍ പാവമായിരുന്നു ഫിലോമിന.
നാട്ടിന്‍പുറത്ത് ഓലമെടയുന്ന ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു ബ്രോക്കര്‍, അല്ലെങ്കില്‍ ഒരു ഉണക്കച്ചെമ്മീന്‍ വില്‍പനക്കാരി, ഒരു തട്ടാത്തി, പഞ്ചായത്ത് കിണറില്‍നിന്ന് വെള്ളം കോരുന്ന ഒരു നാടന്‍ സ്ത്രീ... ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചാലോചിക്കാന്‍ ഇനി ഫിലോമിനയില്ല. ഏതു കഥാപാത്രത്തിന്റെയും പകുതിഭാരം ഫിലോമിന തനിച്ച് നികത്തുമായിരുന്നു. ശബ്ദംകൊണ്ടും ഭാവംകൊണ്ടും അവര്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു.

ശങ്കരാടിയും ഫിലോമിനയും ഒടുവിലാനുമൊക്കെയുള്ളതു കൊണ്ടു മാത്രമാണ് എന്റെ സിനിമകള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഞാനവര്‍ക്ക് ജീവിതം നല്‍കി എന്നതല്ല സത്യം. എന്റെ സിനിമയെ ജീവിപ്പിച്ചത് അവരൊക്കെയായിരുന്നു. ഇവരുടെ ഇല്ലായ്മ ഫീല്‍ ചെയ്യുന്നത് പുതിയ സിനിമകളുണ്ടാക്കുമ്പോഴാണ്.

തനി നാടന്‍ ഭാഷയില്‍, അലമ്പു ഭാഷയില്‍ സംസാരിക്കാനുള്ള ശേഷി ഫിലോമിനയ്ക്കുണ്ടായിരുന്നു. ഫിലോമിനയുടെ അഭാവം സിനിമയില്‍ ഭാഷ തുറക്കുന്ന സാധ്യതകളെ കൂടിയാണ് ഇല്ലാതാക്കുന്നത്.

ഒരു നടിയുടെയും അസാന്നിദ്ധ്യം ഈ വിധം എന്നെ ഉലച്ചിട്ടില്ല. ഒരിക്കല്‍ ഫിലോമിന സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു. നല്ല മുഖകാന്തിയുള്ള ഒരു പെണ്‍കുട്ടി.
''എപ്പോഴെങ്കിലും നല്ലൊരു റോളുണ്ടെങ്കില്‍ ഇവള്‍ക്ക് കൊടുക്കണം. ബന്ധുവാണ്.''

ഫിലോമിന പരിചയപ്പെടുത്തി. പിന്നീട് ആ പെണ്‍കുട്ടിക്ക് വേണ്ടി നല്ലൊരു റോള്‍ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചു. അത് ഫിലോമിനയോട് പറയുന്നതിനുമുമ്പേ അവര്‍ രോഗബാധിതയായി. ഓര്‍മ്മകളുടെ കണ്ണികള്‍ അറ്റുപോയ അവരെ ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
ഫിലോമിന പരിചയപ്പെടുത്തിയ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: