Showing posts with label Trekking. Show all posts
Showing posts with label Trekking. Show all posts

Monday, June 6, 2016

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര

പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍, അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.

ഇത്തരം കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍ കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങ്ങള്‍ ആ കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ യാത്രയും കൂടിയായിരുന്നു അത് .

എറണാകുളത്തു നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് െ്രെപവറ്റ് ബസ് സര്‍വീസ് നടത്തുന്നുണ്ട് .

മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും വരും. അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങ്ങള്‍ കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ മുറ്റത്ത് കയറ്റിയിട്ടു ഞങ്ങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍ ഞങ്ങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി. കാട്ടിലെ ഒരു വഴി മായ്ക്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം സമയം മാത്രം മതിയാകുന്നത് കൊണ്ട്, എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .

റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ് മാത്രം.

പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട്. കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ 'ഇലഞ്ഞിപ്പാറയിലേക്ക്' കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട് തന്നെ ചെറിയ സ്ഥലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍ നടന്നു.

ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ കരയില്‍ വഴി അവസാനിച്ചു. ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത് വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്...കണ്ണുനീരിന്റെ പരിശുദ്ധിയും..



കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത്. നഗ്‌നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍. ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി. എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.

റോഡരുകില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു ചിന്തിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ വെള്ളച്ചാട്ടത്തിലേക്ക്.

അല്പം കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക് മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതുവശത്തെ വഴിയിലൂടെ നടന്നു തുടങ്ങി. അതാണ് വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട് തോന്നി. വഴിയില്‍ ആനയുടെ കാല്പാടുകള്‍, പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട് തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്ഷ്യം ഏത് എന്നറിയാതെ വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍ മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട് ഞങ്ങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി.

ഇനിയും പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല. അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട് തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍ മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...

ചില സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ ആ കാട്ടിനുള്ളിലെ സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.



മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.

ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്ന പേരിലാണ് അറിയപ്പെടുന്നത്.

വേറെയും കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു. എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങ്ങള്‍ മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു, കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു അസൂയയാണ് തോന്നിയത്.

വെള്ളച്ചാട്ടത്തിനു താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍ കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍.

നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങ്ങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.

തിരിച്ചു റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു. മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു. നഗ്‌നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ് പോലും വേണ്ടാതെ തിരിച്ചു കടിക്കാറുള്ള ആ ജീവി, എന്നെ കടിക്കാതെ പത്തിയും മടക്കി പോയത് എനിക്കായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഓര്‍ത്തിട്ടായിരിക്കുമോ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ?

അറിയില്ല... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?


Text&Photos: Madhu Thankappan

Tuesday, February 2, 2016

കാട്ടിലെ പാളങ്ങള്‍


കുരിയാര്‍കുറ്റിപ്പാലം കടന്ന് കാട്ടിലേക്ക്‌


ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തിലെ അത്ഭുതമായ പറമ്പിക്കുളത്തെ കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവേയുടെ നഷ്ട പാതയിലൂടെ, കൊടും കാട്ടിലൂടെ, രണ്ടു ദിനം നീളുന്ന ഒരു ട്രെക്കിങ്ങ്

കാട് നീണ്ടു നീണ്ടു കിടന്നു. പച്ചപ്പുകള്‍ നിറഞ്ഞ്, പകുതി മൂടിയ പാതയും. പതഞ്ഞൊഴുകുന്ന പുഴയ്ക്കും കനത്ത കാടിനും ഇടയില്‍ വന്യതയെ പകുത്ത് മുന്നോട്ടു പോകുന്ന കാട്ടുപാതയിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു. പണ്ട് പണ്ട് ഇതിലൂടെ റെയില്‍ പാളങ്ങള്‍ നീണ്ടു പോയിരുന്നു എന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നും. കൊടും കാട്ടിലൂടെ, കാടിനെ പിണഞ്ഞോടുന്ന പുഴകള്‍ക്കു മുകളിലൂടെ കയറിയും ഇറങ്ങിയും പോയ ഒരു നരോഗേജ് റെയില്‍. പാളങ്ങള്‍ പണ്ടേ പോയെങ്കിലും അതിനായി പാകിയ പാത ഇന്നുമുണ്ട്്. ഇന്ത്യന്‍ റെയില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവെയുടെ ബാക്കിപത്രങ്ങള്‍. പറമ്പിക്കുളം കാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് തേക്കും തടികളും കൊണ്ടു പോകാന്‍ 1905 ല്‍ ബ്രിട്ടിഷുകാര്‍ ചേര്‍ന്ന നിര്‍മ്മിച്ച, ചാലക്കുടി വരെ നീളുന്ന 49.5 മൈല്‍ ദൈര്‍ഘ്യമാര്‍ന്ന കാട്ടു റെയില്‍ പാത. 'ഇതുപോലൊന്ന് ഇന്ത്യയില്‍ എവിടേയുമില്ല, ഒരു എഞ്ചിനിയറിങ്ങ് അത്ഭുതം!' ബ്രിട്ടിഷ് ഇംപീരിയല്‍ സില്‍വികള്‍ച്ചറിസ്റ്റായ എച്ച്. ചാമ്പ്യന്‍ അന്ന് അത്ഭുതപ്പെട്ടു.

പറമ്പിക്കുളത്തിന്റെ ഹരിതനിബിഢതയിലൂടെ
പറമ്പിക്കുളം ഡാം പരിസരം മുതല്‍ ചാലക്കുടിക്ക് 21 കി.മീ ഇപ്പുറത്തുള്ള ആനപ്പാന്തം കോളനി വരെയാണ് ട്രെക്കിങ്ങ്. പറമ്പിക്കുളം, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലൂടെ രണ്ടു ദിവസം നീളുന്ന സാഹസികമായ കാല്‍നട യാത്ര. ട്രാം വേയുടെ പറമ്പിക്കുളത്തുള്ള അവസാന സ്റ്റേഷനായ ചിന്നാര്‍ ടെര്‍മിനല്‍ ഇപ്പോള്‍ പറമ്പിക്കുളം റിസര്‍വോയറിനടിയില്‍ ജലസമാധിയിലാണ്. ട്രെക്കിങ്ങിന് കൂടെവരാമെന്ന് ആവേശപൂര്‍വം സമ്മതിച്ച പറമ്പിക്കുളത്തിന്റെ ജീവനാഡിയായ ഡി.എഫ്.ഒ. സഞ്ജയന്‍ കുമാറിന് പക്ഷെ അതിനായില്ല. ട്രാന്‍സ്ഫറാണ്, തേക്കടിയിലേക്ക്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ മനോഹരന്‍ ആകാംക്ഷയോടെ വിളിച്ച്, യാത്രക്ക് ആശംസകള്‍ നേര്‍ന്നു.

ഡാമാണ് സ്റ്റാര്‍ട്ടിങ്ങ് പോയന്റെ്. ഡാം കഴിഞ്ഞാല്‍ തന്നെ കാടായി. പാലങ്ങള്‍ പോയ താരക്കിരുപുറവും മഴയില്‍ ഉല്‍സാഹിച്ചുവളര്‍ന്ന ഇടതൂര്‍ന്ന സസ്യജാലങ്ങള്‍. അപ്പുറത്ത് അനുഗമിച്ചൊഴുകുന്ന പറമ്പിയാറിന്റെ കളകളം. തേക്കു കാടുകള്‍ കഴിഞ്ഞ് അര്‍ദ്ധ നിത്യഹരിതമായി മാറുന്ന വനപ്രകൃതി. തേക്കുമരങ്ങള്‍ സത്യത്തില്‍ കാടിന് ഒരു ഭീഷണിയാണത്രെ. പൊഴിയുന്ന തേക്കിലകള്‍ക്കടിയില്‍ ഒരു വിത്തും കിളിര്‍ക്കില്ല. ചുറ്റും ഒരു മരവും വളരില്ല. സസ്യവൈവിധ്യത്തെ അത് നിരാകരിക്കും. പറമ്പിക്കുളത്തുള്ള വനഗവേഷണകേന്ദ്രത്തിലെ ഒരു സുഹൃത്തു പറഞ്ഞതോര്‍ത്തു. മരം മുറിയെ സംബന്ധിച്ചുളള വന നിയമം കാരണം തേക്കുകള്‍ മുറിച്ച് സ്വാഭാവിക വനം വളരാനുള്ള സാഹചര്യവും ഇപ്പോഴില്ല.

ഒരുക്കൊമ്പനിലേക്കുള്ള കാട്ടുപാതയില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകള്‍
മൗനം പാലിച്ചു കൊണ്ടു നടന്നാലെ കാടിന്റെ സംഗീതം കേള്‍ക്കൂ എന്നാണ് മൊഴി. വഴി നിറയെ പല തരം കിളിനാദങ്ങളാണ്. കാട്ടില്‍ എവിടെയോ ഒരു യുവാവ് ഈണത്തോടെ ചൂളം വിളിച്ചു പോകുന്ന ശബ്ദം. 'ചൂളക്കാക്കയാണ്', വഴികാട്ടിയും പക്ഷിപ്രേമിയുമായ സാജു പറഞ്ഞു. ഒട്ടിട നടന്ന് ഒരു മരത്തിനടിയില്‍ സാജു നിന്നു. മുകളില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങളിലുള്ള കിളിപ്പേച്ചുകള്‍. 'ഈ ശബ്ദങ്ങളുണ്ടാക്കുന്നവനാണ് കാട്ടിലെ മിമിക്രി താരം'. 'റാക്കറ്റ് ടെയില്‍ഡ് ഡ്രോംഗൊ'. 'കുയിലിനേയും മാനിനേയും മയിലിനേയും അത് സുന്ദരമായി അനുകരിക്കും. സ്വന്തം ശബ്ദം എന്താണെന്ന്് അതിനു പോലും അറിയില്ല'. സാജു വിശദീകരിച്ചു. മലയാളിക്ക് ഈ പക്ഷി കാവ്യബിംബങ്ങളിലൂടെ പരിചിതമാണ്. കാക്കത്തമ്പുരാട്ടി. പറമ്പിക്കുളത്തു നിന്നും കുരിയാര്‍ക്കുറ്റി വരെയുള്ള ട്രെക്കിങ്ങ് പാത പക്ഷിനീരീക്ഷകരുടെ സ്വര്‍ഗ്ഗമാണ്. സാലിം അലിയുടെ ഇഷ്ടപര്യവേഷണ പാതയായിരുന്നു ഇത്. കുരിയാര്‍കുറ്റിയില്‍ വെച്ചാണ് തന്റെ ഇഷ്ടപക്ഷിയായി മാറിയ കാട്ടുപനങ്കാക്കയെ (broad -billed roller) അദ്ദേഹം ആദ്യമായി കാണുന്നത്. 1933 ല്‍ ആദ്യമായി എത്തുമ്പോള്‍ മുപ്പത്തിയേഴുകാരനായ സാലിം അലിക്കൊപ്പം നവവധുവായ തെഹ്മീനയുമുണ്ടായിരുന്നു. വേഴാമ്പലുകള്‍ (Great pied hornbill, Malabar Pied Hornbill), നരത്തലയന്‍ പരുന്ത് (Grey headed fishing eagle), കുഞ്ഞിക്കൂമന്‍ (Peninsular bay Owl) തുടങ്ങിയ അപൂര്‍വം പക്ഷികളുടെ സാമ്രാജ്യമാണിവിടം.


നിറഞ്ഞൊഴുകുന്ന മുതുവര്‍ച്ചാല്‍ നദിയിലൂടെ മുളം ചങ്ങാടത്തില്‍

കുരിയാര്‍കുറ്റിയാറും, പറമ്പിയാറും കൂടിച്ചേരുന്ന കുരിയാര്‍കുറ്റിയില്‍ അപൂര്‍വമായൊരു പാലം കണ്ടു. പാളങ്ങള്‍ക്കു പോകാന്‍ തേക്കുതടികള്‍പാകിയ, ഇന്നും കോട്ടമേറെയില്ലാത്ത വലിയ പാലം. നട്ടുകള്‍ക്കും ബോള്‍ട്ടുകള്‍ക്കും നൂറ്റാണ്ടു കഴിഞ്ഞിട്ടും മുറുക്കം കുറഞ്ഞിട്ടില്ല. പാലത്തിനു മുകളില്‍ നിന്നും ചുറ്റും നോക്കിയാല്‍ പ്രകൃതി അതിന്റെ വിസ്മയജാലകം തുറന്നിട്ടപോലെ. കനത്ത കാടുകള്‍ക്കിടയിലൂടെ പാറക്കല്ലുകളില്‍ തട്ടി ഇറങ്ങിവരുന്ന അരുവികള്‍. പാലത്തിനപ്പുറം അരുവികള്‍ ഒന്നായി കാരപ്പാറ നദിയെന്ന പേരില്‍ ഒഴുകിയിറങ്ങുന്നു. കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി ട്രെയിനില്‍ പ്രത്യേക സലൂണുകള്‍ തന്നെ ബ്രിട്ടീഷുകാര്‍ പണിതിരുന്നത്ര. എത്ര ആസ്വദിച്ചിരിക്കണം അവരീ പാലത്തിന്‍ മൂകളിലൂടെയുള്ള ആ വനയാത്ര..! പാലത്തിനപ്പുറമാണ് മനോഹരമായി ഒരുക്കിയ സാലിം അലി ബേര്‍ഡ് ഇന്‍ര്‍പ്രട്ടേഷന്‍ സെന്റര്‍. സാലിം അലിയുടെ അപൂര്‍വ ചിത്രങ്ങളും, പക്ഷികളെ കുറിച്ചുള്ള വിശദമായ പ്രതിപാദ്യങ്ങളും ഇവിടെയുണ്ട്. ട്രാം പാതയില്‍ മുന്നോട്ടു പോയാല്‍ ഇടക്കിടെ പഴയ കള്‍വര്‍ട്ടുകള്‍ കാണാം. ഓടിപ്പോകുന്ന കൊച്ചരുവികള്‍ക്കു മീതെ നിര്‍മ്മിച്ചത്. ഒരിടത്ത് അമ്പേ തകര്‍ന്നു പോയ ഒരു കരിങ്കല്‍പാലം. യാത്രക്കിടയില്‍ ചെറിയ വയല്‍ പ്രദേശത്തു നിന്ന് കാട്ടുപോത്തിന്‍ കൂട്ടം ഞങ്ങളുടെ യാത്ര സശ്രദ്ധം നോക്കിനിന്നു. പറമ്പിക്കുളം സങ്കേതത്തിന്റെ ഔദ്യോഗിക ചിഹനമാണ് കാട്ടുപോത്ത്.

റെയില്‍പാളങ്ങള്‍ക്ക് വേണ്ടി കരിങ്കല്ലു വെട്ടിയിറക്കിയ വഴിയിലൂടെ
ഒരുക്കൊമ്പനിലേക്കുള്ള ദീര്‍ഘമായ ട്രാംപാതയിലൂടെ, ചെറുമഴ ഇലകളില്‍ വീഴുന്ന താളം കേട്ട് യാത്ര തുടര്‍ന്നു. മുന്നില്‍ നടന്ന വാച്ചര്‍ മോഹന്‍ പെട്ടന്നു നിന്നു. 'കടുവ ഇറങ്ങിയിട്ടുണ്ട്'. ചെളി പുതഞ്ഞ വഴിയില്‍ പുതുതായി പതിഞ്ഞ കടുവയുടെ പാദചിഹ്നങ്ങള്‍.'പഗ്മാര്‍ക്ക് കണ്ടിട്ട് ആണ്‍ കടുവയാണ ്.' മോഹന്‍ പറഞ്ഞു. ആണ്‍കടുവയുടെ പാദചിഹ്നം ചതുരാകൃതിയിലായിരിക്കും, പെണ്‍കടുവയുടേത് ദീര്‍ഘചതുരത്തിലും. സൈറ്റിങ്ങ് അറിയിക്കണം. മോഹന്‍ വയര്‍ലസ് എടുത്തു. 'ഹോണ്‍ബില്‍ വണ്‍, ഹോണ്‍ബില്‍ വണ്‍' സന്ദേശം പോയി തുടങ്ങി. വഴിയില്‍ ഞങ്ങള്‍ സംശയിച്ചു നിന്നു. നില്‍ക്കണോ, പോകണോ..? 'പോകാം സാര്‍, നല്ല പടം കിട്ടും..' ഞങ്ങളെ അനുഗമിക്കുന്ന മൂന്നു സഹചാരികളില്‍ വെച്ച് മസില്‍മാനായ സാബു ആത്മവിശ്വാസം പകര്‍ന്നെങ്കിലും മോഹന്‍ തടഞ്ഞു. കാടിറങ്ങി, അപ്പുറത്തോഴുകുന്ന കാരപ്പാറപ്പുഴയില്‍ ദാഹം തീര്‍ക്കാന്‍ ഇറങ്ങിയതാവാമവന്‍. ഏകാന്തപഥികനാണ് കടുവ. കുടുംബജീവിതത്തില്‍ വിശ്വസിക്കാത്ത ഒറ്റയാന്‍. കാട്ടില്‍ കൃത്യമായി വരച്ചിട്ട സ്വയം തീര്‍ത്ത അതിരുകളില്‍ അവന്‍ കഴിയുന്നു. ഇണ ചേരുന്ന സമയത്തു പോലും പെണ്‍കടുവയെ തന്റെ അതിരിനുള്ളിലേക്കു പ്രവേശിക്കാന്‍ സമ്മതിക്കാത്ത സ്വകാര്യമോഹി.

ട്രാംവേയെ അനുഗമിക്കുന്ന കാരപ്പാറ അരുവി
സംസ്ഥാനത്തെ രണ്ടാമത്ത കടുവ സംരക്ഷണ കേന്ദ്രമായി പറമ്പിക്കുളം മാറിയത് ഈയിടെയാണ്. ചുറ്റുപാടും കരുതലോടെ കണ്ണുകള്‍ പായിച്ച് ശ്വാസമടക്കി ഞങ്ങള്‍ നീങ്ങി. കടന്നു പോകുന്ന ഹോണ്‍ബില്‍ മേഖലയില്‍ രണ്ടു ദിനം തങ്ങിയാല്‍ കട്ടായമായും കടുവയെ നദീ തീരത്ത് കാണാനാവുമെന്ന് സാബു പറഞ്ഞു. നടത്തം അവസാനിക്കാത്തതെന്തേ എന്നു ചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരുക്കൊമ്പന്‍ ഫോറസ്റ്റ് റെഞ്ചോഫീസ് എത്തി. ട്രെക്കിങ്ങിന്റെ ഒന്നാം ഘട്ടം അവസാനിക്കുകയാണ്. ചോറിനും ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത പേരില്ലാക്കറിക്കും അമൃതിന്റ സ്വാദ്.

കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം


പുലര്‍ച്ചെയെഴുന്നേറ്റ് കാരപ്പാറയാറിന്റെ തണുപ്പില്‍ കുളി. ഒരുക്കൊമ്പനില്‍ വെച്ച് ആയുധധാരിയായ മണിച്ചേട്ടനും കൂടെ ചേര്‍ന്നു. മണിച്ചേട്ടന്‍ രണ്ടു നാള്‍ മുമ്പ് ആറില്‍ പാത്രം കഴുകാനിറങ്ങിയപ്പോള്‍ പുറകില്‍ എന്തോ വീഴുന്ന പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പുള്ളിപ്പുലി കൂളായി നടന്നു പോകുന്നു. മരക്കൊമ്പില്‍ ഇരിക്കുകയായിരുന്നു അവന്‍. തൊട്ടു മുമ്പ് രണ്ടു പേര്‍ കുളിച്ചു കയറിയതേ ഉണ്ടായിരുന്നുള്ളൂ. ആ കരയിലാണ് രാവിലെ ഞങ്ങള്‍ കുളത്തിലെന്ന പോലെ കുളിച്ചു കയറിയത്. ഒരുക്കൊമ്പനില്‍ നിന്ന് അഞ്ചു മൈല്‍ കഴിഞ്ഞുള്ള മുതുവര്‍ച്ചാല്‍ ആന്റി പോച്ചിങ്ങ് സെന്ററാണ് അടുത്ത ലക്ഷ്യം. തലേന്നു പെയ്ത മഴയില്‍ ചെളിയായി മാറിയ വഴി. കാടിന്റെ ഭാവം മാറി. കനത്ത മഴക്കാടുകളിലൂടെയാണിനി യാത്ര. ട്രെഞ്ചുകള്‍ക്കുള്ളിലാണ് മുതുവര്‍ച്ചാല്‍ പോച്ചിങ്ങ് സെന്റര്‍. സെന്ററിനപ്പുറം മുതുവര്‍ച്ചാല്‍ നദി കരകവിഞ്ഞൊഴുകുകയാണ്.

കാട്ടിലെ പാളത്തിന്റെ അസ്ഥിപഞ്ജരത്തില്‍ അല്‍പ്പ നേരം
'ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്' എന്ന പഴയ ക്ലാസിക് ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പഴയപാലം തകര്‍ന്നിരിക്കുന്നു. വേനല്‍ക്കാലത്താണെങ്കില്‍ അരുവി മുറിച്ചു കടക്കാമായിരുന്നു. ഇപ്പോള്‍ വയ്യ. നദി കുത്തിയൊഴുകുകയാണ്. അങ്ങ് നെല്ലിയമ്പതി മലയില്‍ മഴ പെയ്താലും ഇവിടെ ജലനിരപ്പുയരും. തിരിച്ചു പോയാലോ... ആശയറ്റു തുടങ്ങി. കൂട്ടാളികള്‍ പക്ഷെ സാഹസികരായിരുന്നു. മുളവെട്ടി അവര്‍ ചങ്ങാടമുണ്ടാക്കി. കഷ്ടിച്ച് ഒരാള്‍ക്കു പോവാനുള്ള ചങ്ങാടം. ഒഴുക്കു കുറഞ്ഞ ഇടം നോക്കിയായി പിന്നെ തിരച്ചില്‍. കാട്ടിനപ്പുറത്ത് ഒടുവില്‍ ഒരിടം കിട്ടി. സാബു ചങ്ങാടം തുഴഞ്ഞവിടെ എത്തി. സാഹസികമായ നിമിഷങ്ങള്‍. താഴെ നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് വേരുകള്‍ പിടിച്ചും ചെളിയില്‍ കാലു പൂഴ്ത്തിയും തെന്നി ഇറങ്ങി. ബാലന്‍സു തെറ്റാതെ ചങ്ങാടത്തില്‍ കുന്തിച്ചിരുന്നു. മുളംചങ്ങാടം വെള്ളത്തില്‍ പകുതി താഴ്ന്നു കിടക്കുന്നതിനാല്‍ ഇരിപ്പും പകുതി വെള്ളത്തില്‍ തന്നെ. 'വീണാല്‍ അതിരപ്പിള്ളി കാണാം' പിന്നില്‍ നിന്ന് ആരോ തമാശയായി വിളിച്ചു പറഞ്ഞു. ഒഴുക്കിനെതിരെ മഴവില്ലു പോലെ ചങ്ങാടം തിരിച്ച്, ഓരോരുത്തരെയായി സാബു സമര്‍ഥമായി അക്കരെയെത്തിച്ചു. ഇനി കാണുന്ന കാട് ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലേതാണ്.


മയിലടപ്പന്‍ വെള്ളച്ചാട്ടം കടന്ന്‌



പുഴ തരണം ചെയ്തു നടന്നയുടന്‍ വീണ്ടുമതാ മറ്റൊരരുവി. ഒഴുക്കുണ്ടെങ്കിലും മുറിച്ചു കടക്കാം. ആറു പേര്‍ കൈകള്‍ കോര്‍ത്തു. വീണും വീഴാതെയും പ്രവാഹം കടന്നു. ആറിനക്കരെ ആവി പറക്കുന്ന ആനപ്പിണ്ടങ്ങള്‍. അപ്പുറത്തെ മുളങ്കാട്ടില്‍ അവരുണ്ടാവാം. 'ചൂരില്ല പോകാം'. മോഹന്‍ പറഞ്ഞു. ഡെറ്റോളും പുകയിലപ്പൊടിയും ചേര്‍ത്ത മിശ്രിതം ദേഹമാസകലം തേച്ചു പിടിപ്പിച്ചു. അട്ടകളെ നേരിട്ടു വേണം ഇനി മുന്നോട്ടു നീങ്ങാന്‍. ട്രാംവെ ട്രാക്കുകളില്‍ കാടു മൂടിയിരിക്കുന്നു. മഴ കഴിഞ്ഞേ ഇനി മെയ്ന്ററനന്‍സുള്ളൂ. തടസ്സങ്ങളെ അരിവാളു കൊണ്ടു വെട്ടി മാറ്റി മണിച്ചേട്ടന്‍ മുന്നില്‍ നടന്നു. കാട്ടില്‍ ഒരിടത്ത് ട്രാക്കുണ്ടാക്കാന്‍ കരിങ്കല്ലു വെട്ടിയിറക്കിയതിന്റെ കഴ്ച്ചകള്‍കണ്ടു. ഈ ദുര്‍ഗ്ഗമവനഗര്‍ഭത്തിലൂടെ ഈ പാതയൊരുക്കാന്‍ എത്ര ജീവന്‍ പൊലിഞ്ഞു കാണണം.? ചരിത്രത്തില്‍ പക്ഷെ അതുണ്ടാവില്ല, താളുകളില്‍ തെളിയുക ചോരക്കുമുകളിലൂടെ പാഞ്ഞ ഇഛാശക്തിയുടെ ചക്രങ്ങള്‍ മാത്രമായിരിക്കും. വഴിത്താരകളില്‍ മൂര്‍ഖന്‍മാരെ കണ്ടു തുടങ്ങി. അടിവെയ്പ്പുകള്‍ പതുക്കെയായി. 'രാജവെമ്പാലയുടെ സെന്ററാണിത്,' പുതുമയൊന്നുമില്ലാത്തതു പോലെ മോഹന്‍ പറഞ്ഞു. 'മൂര്‍ഖനാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം' പുഴയ്ക്കപ്പുറത്തുള്ള മുളങ്കാടുകളിലേക്ക് സാജു വിരല്‍ ചൂണ്ടി. അവിടെ തന്റെ നീണ്ട വാലു കൊണ്ടു ഉണങ്ങിയ മുളയിലകള്‍ വളച്ചു കൂട്ടിയാണ് അത് മുട്ടയിടാന്‍ കൂടുണ്ടാക്കുക. 'ഭയങ്കര സ്പീഡാണതിന്' ഒരു ചെറിയ സ്റ്റഡി ക്ലാസിനൊടുവില്‍ സാജു പറഞ്ഞു. അട്ടയെ പേടിച്ചു നടന്ന ഞങ്ങളുടെ ഭയം പെട്ടന്ന് എട്ടടിയോളം വളര്‍ന്നു.

മയിലടപ്പന്‍ തോടുകടന്ന്‌
വഴിയരുകില്‍ കാടുമൂടിയ ചില റെയില്‍ അവശിഷ്ടങ്ങള്‍ കണ്ടു തുടങ്ങി. ഇരുമ്പു പാത്തികള്‍, ആണികള്‍, കേബിളുകള്‍ അങ്ങനെ അങ്ങനെ.. കാടിനെ വേര്‍തിരിക്കുന്ന ആഴമുള്ള ഒരു ചാലിനു മീതെ ഒരു പാലത്തിന്റെ അസ്ഥിപഞ്ചരം കണ്ടു. കഷ്ടിച്ചു നടന്നു പോകാം. കൈകള്‍ നീര്‍ത്തി, സര്‍ക്കസുകാരെ പോലെ താഴേക്കു നോക്കാതെ പാലം മുറിച്ചു കടന്നു. വഴിക്കു കുറുകെ പലയിടത്തും തടസ്സങ്ങള്‍. മുറിഞ്ഞു വീണ മരങ്ങള്‍. കാടുപിടിച്ചടഞ്ഞു പോയ മാര്‍ഗ്ഗങ്ങള്‍. കുറച്ചിട നടന്നപ്പോള്‍ കാടിന്റെ ശബ്ദങ്ങളെ തോല്‍പ്പിക്കുന്ന ഒരിരമ്പം കേട്ടു തുടങ്ങി. കൊടും കാടിനു നടുവില്‍ പെട്ടന്നതാ ഒരു വെള്ളച്ചാട്ടം..!


1905ല്‍ ട്രാംവേയുടെ പണിനടക്കുമ്പോള്‍ എടുത്ത ചിത്രം
യക്ഷിക്കഥകളിലേതു പോലെ സുന്ദരമായ ഒരു സ്ഥലം. പരന്നൊരു കരിങ്കല്‍ സ്ലാബിനു മീതെനിന്നു അമ്പതടി താഴേക്കു പതിക്കുന്ന അരുവി. പീലികള്‍ വിടര്‍ത്തിയാടുന്ന മയിലടപ്പന്‍ വെള്ളച്ചാട്ടം. കാടിറങ്ങി ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരികിലെത്തി. ജലപാതത്തിനിടയില്‍ കരിങ്കല്‍പ്പാളികള്‍ക്കിടയില്‍ നിന്നും തലയാട്ടി ചിരിക്കുന്ന പേരറിയാത്ത കുഞ്ഞു പൂക്കള്‍. ബിസ്‌കറ്റും പഴവും പങ്കിട്ട് ഒരു 'ബ്രേക്ക്'. ഔഷധവീര്യമാര്‍ന്ന വെള്ളത്തില്‍ ഒരു കുളി. വര്‍ദ്ധിത വീര്യത്തോടെ കോമളപ്പാറ വനപ്രദേശത്തിലേക്ക്. നടത്തത്തിനു വേഗത കൈവന്നു. സമയം പിഴച്ചാല്‍, മഴ പെയ്താല്‍ എല്ലാം ബുദ്ധിമുട്ടാവും. ഗാഢമാവുന്ന നിത്യഹരിത വനം, ചിലയിടങ്ങളില്‍ നിറങ്ങള്‍ പൊട്ടിച്ചിതറിച്ച് ആരണ്യഹരിതാഭയെ വിസ്മയിപ്പിക്കുന്ന തരുക്കള്‍. കാട്ടുവഴിയിറമ്പുകളില്‍ വിടര്‍ന്നു നില്‍ക്കുന്ന വനപുഷ്പങ്ങള്‍. നിറങ്ങളാലും ആകൃതിയാലും അത്ഭുതപ്പെടുത്തുന്ന പ്രാണികളും പൂമ്പാറ്റകളും. പ്രകൃതി ഒരുക്കിയ അക്ഷയഖനിയിലൂടെ, അതിന്റെ ശ്വാസകോശത്തിലൂടെയാണ് സഞ്ചാരം. ക്ഷീണം ലവലേശമില്ല. ആദിമമായ ആ സ്വഛത മാത്രം. സഹയാത്രികര്‍ പോലും മൗനത്തിലാണ്ടുപോയി. പോത്തുപാറയും കവളയും കടന്ന് ആനപ്പാന്തത്തലെത്തിയതും, നാഴികകള്‍ നീങ്ങിയതും അറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഏതോ ലഹരിയിലായിരുന്നു മനസ്സും ശരീരവും. ആനപ്പാന്തം കോളനിക്കരികെ ഞങ്ങളെ കാത്ത് പുറംലോകത്തു നിന്നും വന്ന ഒരു ജീപ്പ് കിടപ്പുണ്ടായിരുന്നു...

Travel Map



Travel Info

Parambikulam Tramway Trekking

The fairy tale of Tramway is that it was set up in 1905 under the visionary of maharaja of Cochin to transport Cochin teak from Parambikulam to Chalakkudy and then to export it to the rest of the world from Cochin harbour. The money from this Tramway was used to equip Cochin into a modern port and to develop Wellington Island, roads, bridges etc.The Tramway was stopped in 1951. Now only the remnants in the form of rails, bridges, wagons, etc are there. to give a fitting tribute to Cochin State Forest Tramway a unique innovative eco-friendly trekking package is launched along this once existed tramway route. The foot trail along this rail trail will give an unique opportunity to witness some of the remainings of Cochin forest Tramway, besides sighting hundreds of birds and animals. It is a passage through nature, history and heritage.

Location: Kerala. Palakkad dt. Muthalamada Panchayth,Chittur taluk. Though the sanctuary is in kerala one can only approach here through Tamilnadu, ie Pollachi.

How to Reach
By Road: Sanctuary is only approachable by road. From Palakkad ( Own Vehicle is advisable) come along Kollangode, Govindapuram and cross the border to Pollachi and deviate to Anamalai on Pollachi road, clear Sethumadai Check post (You have to Pay entrance fee, Vehicle fee and camera/Vedio fee here. Enrtry Fee: Rs 15 per head. Vehicle Entry: Rs 25 (light), Rs 50 (Heavy). Camera: Rs 50. Video: Rs 150 and enter Anamalai Tiger reserve (Indira Gandhi National Park),Tamilnadu (Entry time 6am- 6pm). Proceed to Top Slip which is the entrance to Parambikulam Tiger reserve and as well to Kerala One KSRTC bus operates from Palakakd to Parambikulam via Pollachi everyday on 7.45 am. It reaches Parambikkulam by 12 pm and returns to Palakkad on 12.30 pm. TNSTC runs two srevices from Pollachi to Parambikkulam. On 6.15 am and 3.15 pm respectively. It returns to Pollachi on 8.45 am and 5.45 pm from Parambikulam. Parambikulam could be also reached by coming along Chalakkudy, Athirappalli, Malakkappara, Valappara, Aliyar and Anamalai through Anamalai Highway.
Note: For the day visitors who just want to drive through the sanctuary in their private vehicle, without availing any packages, only 30 vehicles will be permitted to enter the sanctuary per day, at an interval of three vehicles per hour, starting from 7 am to 4 pm. Visitors can book the entry slot for their vehicle in advance over telephone at eco-care centre, Ph-04253 245025. Confirmed visitors have to report 30 minuts earlier before their reserved slot time.
Nearest fuel Pump: Vettaikaranpudur, 23 km from Parambikulam.
By Air: Coimbatore (100 km).
By Rail: Olavakkode Junction: 102 km. Coimbatore 100Km.
Distance chart: Palakkad 95 km. Pollachi 39 km, Coimbatore 84 km.
Contact
STD Code:
04253. Ph: 245005. Email: wildlifewarden@parambikulam.org
Stay
Varities of accomodations are available in Parambikulam.Tented Homes at Anappady (7 tents, 14 beds)a Vettikunnu Island Inn (6 beds), Treetop Hut, Thunacadavu (2 beds)a Tree top Hut, parambikulam (2 beds)a Elephant Valley home, Parambikulam (6 beds)a Bison valley Home, Parambikulam (6 beds)a Sambar Machan, Kuriarkutty (5 nos)a Peacock Machan, Vengoli (5 nos)a Cheetal Machan, Anakkal (5 nos)a thellikkal IB (8 beds)a LTM House (6 beds)a Bay Owl Shed, Bagapallam (5 nos)a Tahr shed, Vengoli (5 nos)a Cane Turtle Shed, Thuthanpara (5 nos)a Tiger hall, Prambikulam (20 nos)a Mansheer Dormitory, Anapady (40 nos)a salim Ali Study centre (10 nos). For details contact: Ecocare Centre, Parambikulam Wildlife Sanctuary, anappady, Thunakkadavu P.O. Ph 04253 245025. Email: bookings@parambikulam.org

Best season: August- February. Sanctuary remains closed in April. Best season for trekking: Dec- March.

Entry time: 7am - 6 pm. (entry closes at 4 pm), Entrance fee: Rs 10 (adults), Rs 5 (Children, students), Rs 100 (Foreigners). Vehicles: Rs 150( Heavy), Rs 50( light), Rs 20 (others). Camera: Rs 150 (Video/Movie- non professional), Rs 25 (Ordinary cameras). Trekking fare (2 days): Rs 6000( with food), 5 persons
An armed staff and three trained naturalists will accompany a group of maximum persons. The trek will start at 10 am: tea, snacks, breakfast, lunch and dinner will be served on route. For details contact: 04253 245025,245024, 09442201690.

Tips
Follow the gate time ie: 7am-6pma always follow the instructions of staffs aanimal sightings are matter of chance inthe trek, be silent and be patienta Consuming alcohol and smoking are prohibiteda Travelling alone and deviating from the trek path are prohibiteda Dont wear colorful clothes or perfumesa Khakis, browns and greens are best suited for trekacarry drinking water and snacksa Do not disturb or tease animals while trekkinga Give way to animals firsta jungle boots are advised for trekkinga Carry a first aid kita leave your music systems back homea Do not litter the trek patha Carry a note pade, flash light and maps.


Text: R L Harilal, Photos: Madhuraj

Wednesday, December 25, 2013

അംബോയുടെ വമ്പ്‌



Ambo, Ethiopia, Africa
എത്യോപ്യയിലെ അംബോ എന്ന കൊച്ചു പട്ടണത്തിലേക്ക് ഞാനും എന്റെ ഭാര്യ ഡോ. അഖില എസ്. നായരും എത്തിച്ചേര്‍ന്നത് ഒരു വര്‍ഷം മുന്‍പാണ്. മഹാമാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനൊപ്പം ചെലവഴിച്ച പതിനാലു വിസ്മയവര്‍ഷങ്ങളുടെ അനുഭവം നല്‍കിയ കരുത്തോടെയാണ് ഇന്ത്യ വിട്ടത്്. വടക്ക് ശ്രീനഗറും കിഴക്ക് ഇറ്റാനഗറും, തെക്ക് കന്യാകുമാരിയും ഉള്‍പ്പെടെ ഭാരതത്തിന്റെ വൈവിധ്യവിസ്മയങ്ങളിലൂടെ മൂന്നു തവണ മുതുകാടിന്റെ സംഘാംഗമായി റോഡുമാര്‍ഗം പര്യടനം നടത്താനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. യാത്രകളിലൂടെ ലഭിക്കുന്ന അറിവ് എത്ര അമൂല്യമാണെന്ന് അറിഞ്ഞത്് ഈ അവസരങ്ങളിലാണ്.

എത്യോപ്യയിലെ വലിയ സംസ്ഥാനമായ (റീജ്യണ്‍) ഒറോമോയിലാണ് അംബോ. രാജ്യതലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 120കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇവിടം മൂന്നു കാര്യങ്ങള്‍ക്കു പ്രസിദ്ധമാണ്: ഒന്ന്, മിനറല്‍ വാട്ടര്‍; രണ്ട്, ചൂടു നീരുറവകള്‍; മൂന്ന്, ആഫ്രിക്കയിലെ തന്നെ പ്രധാനപ്പെട്ട അഗ്നിപര്‍വത തടാകമായ വെഞ്ചി. പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് വെഞ്ചി തടാകം.

Ambo, Ethiopia, Africaഅഗ്നിപര്‍വതജന്യമായ വെഞ്ചി താടാകത്തിലേക്കൊരു യാത്ര ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. അംബോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസറായ എം.ഐ. സുബേറിയോട് ഇക്കാര്യം അഖില സൂചിപ്പിച്ചു. ബംഗ്ലാദേശിയാണെങ്കിലും ഇന്ത്യക്കാരനെന്നു സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രൊഫ. സുബേറി വലിയൊരു വിവരണം തന്നെ വെഞ്ചിതടാകത്തെക്കുറിച്ച് നല്‍കി. ഞങ്ങളുടെ താല്പര്യം പതിന്മടങ്ങായി. വെഞ്ചികാണാനുള്ള വെമ്പല്‍ ഹൃദയങ്ങളിലേക്കു വ്യാപിക്കുകയായി. ഞങ്ങളില്‍ നിന്ന് പ്രൊഫസറുടെ ഭാര്യ ഡോ. സല്‍മ സുബേറിയിലേക്ക്... ടാന്‍സാനിയയിലുള്ള അവരുടെ അനിയനും ജലശാസ്ത്രജ്ഞനുമായ ഡോ. മസൂദ് ഇലാഹിയിലേക്കും അദ്ദേഹത്തിന്റെ ഡച്ചുകാരിയായ ഭാര്യ ആസ്ട്രിഡ് വാന്‍ അഗതോവനിലേക്കും. യൂനിസെഫിന്റെ ടാന്‍സാനിയന്‍ സ്റ്റേഷന്‍ മാനേജരാണ് ആസ്ട്രിഡ്.

Ambo, Ethiopia, Africaക്രിസ്തുമസ് അവധിക്കാലം എത്യോപ്യയില്‍ ചെലവഴിക്കണമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരിക്കുകയായിരുന്ന ടാന്‍സാനിയന്‍ കുടുംബത്തിന് വെഞ്ചി നല്ലൊരു ആശയമായി. അവരുടെ നാലുവയസുള്ള മകള്‍ അമേല്‍ ഇലാഹിയും കഷ്ടി ആറുമാസം മാത്രം പ്രായമുള്ള മകന്‍ റൂബെന്‍ ഇലാഹിയും താങ്ങുമോ തടാകത്തിലേക്കുള്ള കഠിനമായ യാത്ര? ഞങ്ങള്‍ക്ക് തോന്നിയ ആകുലത രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലായിരുന്നു. കുട്ടികള്‍ കുരുന്നിലേ അനുഭവിച്ചറിയട്ടെ ഭൂമിയുടെ വൈവിധ്യങ്ങള്‍, ഇതായിരുന്നു അവരുടെ വിശ്വാസം.

ഒരു വഴികാട്ടിയെ വേണം. വഴികാട്ടിയെ തേടിയുള്ള ഞങ്ങളുടെ അന്വേഷണം അവസാനിച്ചത് അംബോ സര്‍വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തില്‍ പുതുതായി ചേര്‍ന്ന ടക്ലു എന്ന യുവ എത്യോപ്യന്‍ അധ്യാപകനിലാണ്. ആഡിസ് അബാബ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മുണ്ടന്തറ ബാലകൃഷ്ണന്റെ കീഴില്‍ ജൈവവൈവിധ്യത്തില്‍ പഠനം നടത്തിയ ടക്ലു ഞങ്ങള്‍ക്ക് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു.

യാത്രയുടെ ചൊവ്വാഴ്ച

Ambo, Ethiopia, Africaഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്‍ വെഞ്ചിയിലേക്കു തിരിച്ചത്. രാവിലെ 7.30 മണി - എത്യോപ്യയെങ്ങും പ്രയോഗത്തിലുള്ള ഔദ്യോഗിക സമയപ്രകാരം 1.30 മണി! അംബോ സര്‍വകലാശാലയ്ക്ക് എതിരെയുള്ള ഹോട്ടല്‍ 'കേബെറോണി'ല്‍ ഞങ്ങളെത്തി. മസൂദ് കുടുംബം തങ്ങുന്നത് ഇവിടെയാണ്. ആട്ടവും പാട്ടും കുടിയും തീറ്റിയുമായൊരു രാത്രി കഴിഞ്ഞ് ശാന്തമായിരിക്കുകയാണ് കേബെറോണ്‍. പ്രഭാതത്തിന്റെ കുളിര്. കോട്ടു ധാരികളായ മാന്യന്‍മാര്‍ നന്നായി ക്രമീകരിച്ച കസേരകളില്‍ ഉപവിഷ്ടര്‍. 'ഷായേ' (ചായ), 'ബുന്ന' (കടുകടുപ്പത്തിലുള്ള കാപ്പി); 'മക്കാത്തോ' (കടുകടുപ്പത്തിലുള്ള കാപ്പിയില്‍ പാലൊഴിച്ചത്)... ഇഷ്ടാനുസരണം ഓരോന്നു പാനം ചെയ്യുകയാണ് ഓരോരുത്തരും. ചിലര്‍ 'ഇഞ്ചേര'യും 'ഡോറോ വാത്തും' (കോഴിക്കറി) കഴിക്കുന്നു. എത്യോപക്കാര്‍ക്ക് ഇഞ്ചേരയെന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ചപ്പാത്തിയോ ദോശയോ പോലെ. ഏതാണ്ട് 30 സെന്റീമീറ്റര്‍ വ്യാസമുള്ള കനം കുറഞ്ഞ അപ്പമാണ് ഇഞ്ചേര. വൃത്താകൃതിയിലുള്ള ഈ അപ്പം പുളിരസ പ്രധാനമാണ്. ടെഫ് എന്ന ധാന്യം പൊടിച്ച് വെള്ളത്തില്‍ കലക്കി പുളിപ്പിച്ചെടുത്താണ് ഇഞ്ചേര ചുടുന്നത്.

ടെക്ലുവിന്റെ സുഹൃത്തായ ഡ്രൈവര്‍ അബേറയും 13 പേര്‍ക്കിരിക്കാവുന്ന വണ്ടിയും തയ്യാര്‍. നമ്മുടെ മാരുതി വാന്‍ പോലൊരെണ്ണം. സകുടുംബയാത്രയ്ക്കു പറ്റിയത്. ഡോ. മസൂദും ആസ്ട്രിഡും കുഞ്ഞുങ്ങളുമായി വന്നു. അവര്‍ സഞ്ചികളില്‍ കുപ്പി വെള്ളവും വാഴപ്പഴവും റൊട്ടിയും ബിസ്‌ക്കറ്റുമെല്ലാം കരുതിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതിയേ മതിയാവൂ. വാഹനം നിര്‍ത്തുന്നിടത്തു നിന്ന് രണ്ടു മണിക്കൂര്‍ കഠിനമായ കാല്‍നടയാത്ര ചെയ്താലെ തടാക കരയെത്തൂ. തിരിച്ചും രണ്ടു മണിക്കൂര്‍. ഡോ. മസൂദിന്റെ ചുമലിലെ സഞ്ചിയില്‍ സസുഖമിരുന്ന് കുഞ്ഞ് റൂബെന്‍ ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു.

എല്ലാവരും വാഹനത്തില്‍ കയറി ഇരിപ്പായി. ഡ്രൈവര്‍ക്കു സമീപം മുന്‍ സീറ്റില്‍ ടക്ലുവും. ഒരു കുലുക്കം, വണ്ടി ഗമിക്കുകയായി. ടെലികമ്യൂണിക്കേഷന്‍ ഓഫീസിന് എതിര്‍ വശത്തേക്കു തിരിഞ്ഞു. പുതിയ വഴി, പുതിയ അനുഭവങ്ങള്‍. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും റോഡരികത്ത് ഒരു ആള്‍ക്കൂട്ടം. ഗാബയാണ് - ചന്ത. ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ് അവസാനിച്ചു. ഇനി ചരല്‍ പാത. നല്ല കുലുക്കം. വണ്ടിക്കു പിന്നില്‍ പൊടിമേഘം. നാലു പാടും കല്ലുകള്‍ തെറുപ്പിച്ച് ചക്രങ്ങള്‍... എത്യോപ്യന്‍ ഗ്രാമ ഭംഗിയിലൂടെ ഞങ്ങള്‍ മുന്നേറുകയാണ്. ചില കുതിരയോട്ടക്കാര്‍ ഞങ്ങളുടെ വാഹനത്തെ പിന്നിലാക്കി മികവുകാട്ടി. ഒരു കാലത്ത് ഇന്ത്യാക്കാര്‍ 'ഹെര്‍ക്കുലീസ്', 'ഫിലിപ്‌സ്' സൈക്കിളുകളെ സ്‌നേഹിച്ചിരുന്നതുപോലെ കുതിരകളെ സ്‌നേഹത്തോടെ വളര്‍ത്തുന്നത് എത്യോപ്യയിലെ ഗ്രാമീണരുടെ അഭിമാനമുള്ള വിനോദമാണ്.

അവിസ്മരണീയം ആദ്യദര്‍ശനം
Ambo, Ethiopia, Africa
അബറ വണ്ടി ഓരം ചേര്‍ത്തു നിര്‍ത്തി. (എത്യോപ്യയില്‍ വലതു വശമാണ് ഡ്രൈവിംഗ്). ''ഗാറോയില്‍ കേറി വെഞ്ചിയെ കാണാം, വരൂ'' ടക്ലു പറഞ്ഞു. ഒറോമോ ഭാഷയില്‍ 'ഗാറോ' എന്നാല്‍ കുന്ന്. എല്ലാവരുമിറങ്ങി. ഒരു വശത്ത് കീഴ്ക്കാം തൂക്കായ ഗര്‍ത്തം. മറുവശത്ത് ചെങ്കുത്തായൊരു കുന്ന്. താഴ്‌വാരം പശ്ചാത്തലമാക്കി ഫോട്ടോയെടുക്കണോ, കുന്നില്‍ കേറണോ? ആദ്യമെന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കു സംശയമായി. ''ആദ്യം കുന്നില്‍ കേറൂ. വെഞ്ചി തടാകത്തെ ദൂരെ നിന്നു കാണൂ'' ടെക്ലു നിര്‍ദ്ദേശിച്ചു. കുന്നു കയറവേ തദ്ദേശവാസിയായ ഒരാള്‍ ഞങ്ങളോടൊപ്പം കൂടി. സ്വയം ഒരു വഴികാട്ടിയായി സേവനം നല്‍കുകയാണ് അയാള്‍. ''അതു നല്ല വഴിയല്ല'', ''ഇതിലേ കേറൂ'' എന്നൊക്കെ പറഞ്ഞ് അയാള്‍ ഒപ്പം ചേര്‍ന്നു. ആകര്‍ഷണീയമായ ശരീരഭാഷയും ഇടപെടലും കണ്ടിട്ട് കുഴപ്പമില്ല. ''മഖാന്‍ കേ ഏഞ്ഞു?'' എന്റെ ദുര്‍ബലമായ ഒറോമോ ഭാഷാ ശേഖരത്തില്‍ നിന്ന് ഒന്നു ഞാന്‍ അയാള്‍ക്കു നേരെ തൊടുത്തു - പേര് അറിയാന്‍. ''വൊലെസ്സോ'' മറുപടി. 30 വയസുള്ള കര്‍ഷകനാണു കക്ഷി. സഞ്ചാരികളെത്തുമ്പോള്‍ ഒപ്പം കൂടി വേണ്ട സഹായങ്ങള്‍ ചെയ്യും. കുന്നിനു മേലെ നിന്നു തടാകം കാണാന്‍ പോകുന്നവര്‍ക്ക് ദിശ പറഞ്ഞുകൊടുക്കുമ്പോള്‍ കിട്ടുന്ന സമ്മാനത്തുകകള്‍ അഞ്ചു മക്കളും ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തിനു അധിക വരുമാനം. കുന്നിനു മേലെ എത്തി ഞങ്ങള്‍ അങ്ങുമിങ്ങും നോക്കി, വെഞ്ചിയെവിടെ, വെഞ്ചി? വൊലെസ്സോ കൈചൂണ്ടിക്കാണിച്ചു, ദാ അവിടെ. വെഞ്ചി തടാകമെന്ന മനോഹരക്കാഴ്ച ആദ്യമായി ഞങ്ങളുടെ കണ്ണുകള്‍ ഒപ്പിയെടുത്തു... നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിളച്ചുമറിഞ്ഞ, കത്തിജ്വലിച്ച, ഉരുകിയൊലിച്ച അഗ്നിപര്‍വത മുഖത്ത് ഇപ്പോള്‍ നീലജലാശയത്തിന്റെ വിഴിഞ്ഞിറങ്ങുന്ന സൗന്ദര്യം! കറുപ്പും ചാരനിറവും കലര്‍ന്ന മലനിരകളാള്‍ വലയം ചെയ്യപ്പെട്ട ഒരു കൈക്കുമ്പിള്‍ നീല ജലം!

വോലെസ്സോയ്ക്ക് പത്തു ബിര്‍ (എത്യോപ്യന്‍ കറന്‍സി) വീതം ഞങ്ങള്‍ സമ്മാനിച്ചു. കുന്നിറങ്ങി വണ്ടിയിലേക്കു കയറി. വീണ്ടും യാത്ര. ബാര്‍ലിപ്പാടങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. പൂത്തുലഞ്ഞ ഉരുളക്കിഴങ്ങിന്‍ പാടങ്ങള്‍ക്ക് വയലറ്റിന്റെ വശ്യത. കിലോമീറ്ററുകള്‍ കഴിഞ്ഞ് വണ്ടി വീണ്ടും ഓരം ചേര്‍ന്നു. നേരെ മുന്നിലൊരു ബോര്‍ഡ്: വെഞ്ചി ഇക്കോടൂറിസം അസോസിയേഷന്‍ (വെറ്റ). പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നന്നായി നടത്തിപ്പോരുന്ന മാതൃകാസംരഭമാണ് വെറ്റ.

റോഡില്‍ നിന്നുയര്‍ന്നാണ് ഓഫീസ്. ടിന്‍ ഷീറ്റിട്ട ചെറു കെട്ടിടം. ഞങ്ങളെ കണ്ടപാടെ കുറെ കുട്ടികള്‍ പൂക്കളുമായി ഓടി വന്നു. പൂക്കള്‍ ഞങ്ങള്‍ക്കു നല്‍കി ഏതാനും ബിര്‍ നേടുകയാണ് ലക്ഷ്യം. പിഞ്ചുമുഖങ്ങളില്‍ കറചാര്‍ത്തി പൊടിയും മൂക്കൊലിപ്പും. അകത്ത് ഔദ്യോഗിക ഗൈഡുകള്‍ ഇരിപ്പുണ്ട്. ദാവീത്, ഫയേറ, കെബെഡെ, അയലെ - എല്ലാം യുവാക്കള്‍. പ്രൊഫ. സുബേറിയും ടക്ലുവും ഗൈഡുകളും ചുവരില്‍ പതിച്ചിരുന്ന വെഞ്ചി തടാകത്തിന്റെ രൂപരേഖയിലൂടെ കൈയോടിച്ച് പലതും തീരുമാനിച്ചു. ഒരു കുതിര - അമേലിനു സഞ്ചരിക്കാന്‍, ഒരു ദിശയിലേക്ക് അന്‍പതു ബിര്‍. തടാകത്തിനു നടുവിലെ ദ്വീപിലേക്ക് ബോട്ടിംഗ് - ആളൊന്നുക്ക് നാല്പതു ബിര്‍. പിന്നെ ഒരു ഔദ്യോഗിക വഴികാട്ടിയെ വെറ്റ ഓഫീസ് നിയോഗിക്കും - അന്‍പതു ബിര്‍. സന്ദര്‍ശകരില്‍ മതിപ്പുളവാക്കും വിധം സുതാര്യവും വിനയാന്വിതവുമാണ് വെറ്റയുടെ ഇടപാടുകളെന്നു തോന്നി.

Ambo, Ethiopia, Africaഞങ്ങള്‍ക്കു കിട്ടിയ വെറ്റ ഗൈഡാണ് 19 വയസുകാരന്‍ കെബെഡെ. എല്ലാവരും വണ്ടിയിലേക്കു കയറി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്. ഇനി വാഹനങ്ങള്‍ക്കു പ്രവേശനമില്ല. കാല്‍നട തന്നെ. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അമേല്‍ ബുസു എന്ന കുതിരപ്പുറത്ത് കയറി. ഡോ. സല്‍മയ്‌ക്കൊരു സംശയം - രണ്ടു മണിക്കൂര്‍ അങ്ങോട്ട്, രണ്ടു മണിക്കൂര്‍ ഇങ്ങോട്ട്, സാധിക്കുമോ. അങ്ങനെ അവരും കേറി ഒരു കുതിരപ്പുറത്ത്, പേര് മഗള്‍. അഡീഷണല്‍ കുതിരയ്ക്ക് വേണ്ട പണം വെറ്റ ഗൈഡിനെ ഏല്‍പിച്ചു. ഞങ്ങളില്‍ രണ്ടുപേരെ വഹിച്ച് കുതിരകള്‍, ബാക്കിയുള്ളവര്‍ കാലാള്‍ പടപോലെ ഒപ്പം.

ട്രെക്കിംഗ് അനുഭവം

ഇളകിയ പൊടി മണ്ണും ഉരുളന്‍ കല്ലുകളുമാണ് വഴിനീളെ. വെള്ളവിരിച്ചപോലെ. തടാകമെത്തുന്നതുവരെ ഇറക്കമാണ്. അശ്രദ്ധ അപകടം വിളിച്ചു വരുത്തും - എനിക്കു പറ്റിയത് അതാണ്. ക്യാമറയും പേനയും എഴുത്തുമൊക്കെയായി സ്റ്റൈലന്‍ പ്രകടനം നടത്തുകയായിരുന്നു. ഒരു നിമിഷം, ഒന്നു പാളി. മൂടും കുത്തി വീണുപോയി. എല്ലു നുറുങ്ങുമെന്നു കരുതിയതാണ്. വീണത് രണ്ടടിയോളം കനത്തിലുള്ള പൊടിമണ്ണിലേക്കായതിനാല്‍ മെത്തയില്‍ വീണന്നേ തോന്നിയുള്ളു. കണ്ണാടി തെറിച്ച് പൊടിയില്‍ മുങ്ങിപ്പോയി.

ഒരു വശത്ത് ചെങ്കുത്തായ പര്‍വതനിര, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍ - ഇതായിരുന്നു ട്രെക്കിംഗിലുടനീളം കണ്ട ഭൂമിയുടെ അവസ്ഥ. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലുള്ള ഇലകളും പൂക്കളും കൊണ്ട് മൂടിയിരിക്കുകയാണ് പര്‍വതനിരകളും താഴ്‌വാരങ്ങളും. എങ്ങും നല്ല തണുപ്പ്. ചിലയിടങ്ങളില്‍ പര്‍വതഭാഗങ്ങള്‍ നഗ്നമായിരിക്കുന്നു. മണ്ണിടിച്ചിലുണ്ട്. ''ഇവിടെ കാറ്റുമൂലവും മണ്ണൊലിപ്പ് ഉണ്ടാകാം'', അഖില പരിസ്ഥിതിശാസ്ത്രം പറഞ്ഞു. പര്‍വതനിരകളില്‍ കാണപ്പെട്ട മണ്ണിന്റെ അടുക്കുകള്‍ ഓരോന്നായി തൊട്ടുകാട്ടിക്കൊണ്ട് പ്രൊഫ. സുബേറി വിശദീകരിച്ചു: ''ഇത് കളിമണ്ണ്..., ഇത് ചരല്‍ മണ്ണ്..., ആ വെള്ള നിറം കണ്ടില്ലേ, അത് കാല്‍ഷ്യം, ഫോസില്‍ സാന്നിധ്യമാണത് സൂചിപ്പിക്കുന്നത്''. ഇന്ത്യന്‍ മെര്‍ലിന്‍ മുതുകാടിനൊപ്പം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ചെയ്ത യാത്ര ഞാന്‍ ഓര്‍ത്തു പോയി. ദുര്‍ബലമായ പര്‍വത ഭാഗങ്ങള്‍ പലപ്പോഴും വഴിമുടക്കിക്കൊണ്ട് ചഴഞ്ഞിറങ്ങിയിരുന്നു. വെഞ്ചിയിലും പര്‍വതഘടന കശ്മീര്‍ മലകള്‍ പോലെ തന്നെ.

Ambo, Ethiopia, Africaരണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരു ജലശാസ്ത്രജ്ഞനും സംഘത്തിലുണ്ടായത് നല്ലൊരു അനുഭവമായി. വഴിക്കാഴ്ചകള്‍ക്കു പിന്നിലെ ശാസ്ത്രം ഇവര്‍ വിശദീകരിക്കും. യാത്രയുടെ ഓരോ നിമിഷവും അങ്ങനെ പഠനമായി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഗ്നിപര്‍വ്വതം ദിഗന്തം ഭേദിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു. ഭൂമി പിളര്‍ന്ന് ഉരുകിയ പാറയും തീയും പരന്നൊഴുകി. കാലാന്തരം തണുത്തുറഞ്ഞ് ശാന്തതയിലേക്ക്. ഉരുകിയ മെഴുക് ഉറയും പോലെ ഉരുകിയ പാറയും ഉറഞ്ഞ് മലയായി. അഗ്നിപര്‍വതമുഖം പ്രകൃതി സൃഷ്ടിച്ച വലിയ വാര്‍പ്പുപോലെ നിലകൊണ്ടു. തിമിര്‍ത്തു പെയ്ത് മഴയെല്ലാം ഈ വമ്പന്‍ വാര്‍പ്പില്‍ ശേഖരിക്കപ്പെട്ടു. മഴയുടെ അളവും എണ്ണവും ആവശ്യത്തിനുണ്ടായപ്പോള്‍ ഒരിക്കലും വറ്റാത്ത ഭീമന്‍ തടാകമായി അവിടം മാറി. അങ്ങനെ വെഞ്ചി എന്ന അഗ്നിപര്‍വതജന്യ തടാകം പിറന്നു. വിസ്മയകരം!

വഴിക്ക് നാല് ചൈനീസ് സഞ്ചാരികളെ കണ്ടു. ''ഹായ് യു ആര്‍ ഫ്രം ഇന്ത്യ? ഇന്ത്യ ചൈനാ ആര്‍ ബ്രദേഴ്‌സ്'' അതിലൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനിയങ്ങോട്ട് കുതിരയ്ക്കും പ്രവേശനമില്ല. അമേലും ഡോ. സല്‍മയും ഞങ്ങളോടൊപ്പം കാല്‍നടയ്ക്കു ചേര്‍ന്നു. ഏതാണ്ട് നൂറു വാര കൂടി നടന്നപ്പോള്‍ തടാക തീരമായി. മനോഹരിയായ വെഞ്ചിയിതാ കൈയെത്തും ദൂരത്ത്!

ബോട്ടിംഗ്

തടാകത്തിന് ഒത്ത മധ്യത്തായി നിലകൊള്ളുന്ന മനോഹരമായ ദ്വീപാണ് അടുത്ത ലക്ഷ്യം. തീരത്തോട് ചേര്‍ന്ന് രണ്ടു ചെറു ബോട്ടുകളുണ്ട്. ഒന്നു വലുത്, തടികൂട്ടിച്ചേര്‍ത്ത് തകിടുകൊണ്ട് പൊതിഞ്ഞത്. മറ്റൊന്ന് ചെറുത്, ഫൈബര്‍ നിര്‍മിതം. രണ്ടാമത്തേതാണ് ഞങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തുഴക്കാരുണ്ട്, മധ്യവയസ്‌കരായ അസ്ഫയും അബെറ്റയും. ചിരിച്ചുകൊണ്ട് ഹസ്തദാനം നല്‍കി അവര്‍ ഞങ്ങളെ ബോട്ടിലേക്കു സ്വീകരിച്ചു. ഞാന്‍ ചോദിച്ചു: ''എത്ര പേര്‍ക്കു കയറാം?'' ആറ് പേര്‍ക്കെന്ന് മറുപടി. സ്വതവേ ജലഭയമുള്ള എനിക്ക് അസ്വീകാര്യമായ മറുപടി. വെറ്റ ഗൈഡും കുഞ്ഞുങ്ങളും എല്ലാം ചേര്‍ന്നാല്‍ പത്തുപേരായി. ഭയം മനസ്സിലൊളിപ്പിച്ച് മുഖത്തൊരു പുഞ്ചിരി നിലനിര്‍ത്താന്‍ ഞാന്‍ ആവതു ശ്രമിച്ചു. ബോട്ടു നീങ്ങിത്തുടങ്ങി. ഏതാനും ദൂരം ചെന്നപ്പോള്‍ തുഴക്കാരന്‍ അസ്ഫ അയാളുടെ വിജ്ഞാനം വിളമ്പി: ''ഇവിടെ ഏതാണ്ട് 75 മീറ്റര്‍ ആഴം വരും''. എല്ലാവരും അതിലെ ത്രില്‍ ആസ്വദിച്ചു. എനിക്ക് മറ്റൊരു അപ്രിയസത്യമായേ തോന്നിയുള്ളൂ. തണുത്ത തടാകജലത്തെ തുഴകള്‍കൊണ്ട് കീറിമുറിച്ച് നമ്മുടെ ജലയാനം ദ്വീപിന്റെ കരയില്‍ ഇടിച്ചു നിന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3380 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടകാത്തിനു നടുവിലൊരു ദ്വീപ്. നിശബ്ദം, സ്വച്ഛന്ദം. ഇടതൂര്‍ന്ന മാമരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത. അതിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് ഒരു ക്രിസ്ത്യന്‍ പള്ളിയിലാണ്. തിരുമുറ്റത്ത് മരം കൊണ്ടുണ്ടാക്കിയ മണിമേട. പള്ളി തുറന്നിട്ടില്ല. വിശ്വാസികള്‍ വരുമ്പോള്‍ മാത്രമേ പള്ളിയില്‍ ആരാധനയുള്ളൂ. പുരോഹിതന്മാര്‍ പോലും അവിടെ താമസമില്ല. കിളികള്‍ക്കും കാറ്റിനും മരങ്ങള്‍ക്കും പുല്ലിനും പൂക്കള്‍ക്കും ആത്മീയതയ്ക്കും മാത്രമായി ഒരു തുണ്ട് ഭൂമി. നിശബ്ദതയാണ് ഈ ദ്വീപിന്റെ മുഖമുദ്ര. മന:ശാന്തി സന്ദര്‍ശകര്‍ക്കുള്ള സമ്മാനം. അതിഥികളെ കണ്ടിട്ടെന്നോണം പക്ഷികള്‍ പാട്ടുപാടി. ഒരു മൂളലോടെ ഇളംകാറ്റു ഞങ്ങളെ തഴുകി. മരച്ചില്ലകള്‍ ചാഞ്ചാടി. സ്വര്‍ഗീയമായ ചുറ്റുപാടില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ വിശപ്പുമാറ്റി. നല്ല യാത്രാക്ഷീണമുണ്ട്. തുഴക്കാരും ഒപ്പം ചേര്‍ന്നു. കൊണ്ടു വന്ന ബിസ്‌കറ്റും പഴവും റൊട്ടിയുമെല്ലാം എല്ലാവരും പങ്കിട്ടെടുത്തു. ''നിങ്ങള്‍ തയ്യാറെങ്കില്‍ ഈ ദ്വീപിനു ചുറ്റും ഒരു വലം ബോട്ടു തുഴയാന്‍ ഞങ്ങള്‍ തയ്യാര്‍. വരുന്നോ?'' തുഴക്കാരന്‍ അബേറ്റ അന്വേഷിച്ചു. എല്ലാവരും തയ്യാര്‍, ഞാന്‍ പോലും! പക്ഷേ ആസ്ട്രിഡിനു താല്പര്യമില്ല. ദ്വീപിലിരുന്ന് കുഞ്ഞു റൂബെന് മുലയൂട്ടണമെന്നാണ് ആസ്ട്രിഡ് ആഗ്രഹിച്ചത്. ''ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് സുരക്ഷിതമാണോ?'' ടക്ലു ചോദിച്ചു. ''തീര്‍ച്ചയായും. ഇവിടെ അവര്‍ പരിപൂര്‍ണ സുരക്ഷിതയായിരിക്കും'', കെബെഡെ ഉറപ്പു നല്കി.

ദ്വീപിനു ചുറ്റും ഞങ്ങള്‍ ഒരു വലം ബോട്ടുയാത്ര നടത്തി. പറഞ്ഞാലും തീരാത്ത ജലഭംഗി. ഒരിടത്തു കടും നീല. മറ്റൊരിടത്ത് മരതകം പോലെ കടും പച്ച. ജലപ്പക്ഷികള്‍ പ്രത്യേക ശബ്ദത്തോടെ ഊളിയിട്ട് പുല്‍മേട്ടിലേക്കൊളിച്ചു. ചുറ്റും സഗൗരവം ഉയര്‍ന്നു നില്ക്കുന്ന പര്‍വതനിര. തിരിച്ച് ദ്വീപിലെത്തിയപ്പോള്‍ ആസ്ട്രിഡിന്റെ മടിയിലിരുന്ന് കുഞ്ഞു റൂബെന്‍ ഞങ്ങള്‍ക്കൊരു പഞ്ചാരപുഞ്ചിരി സമ്മാനിച്ചു. വശ്യലാവണ്യമുള്ള പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അമ്മയുടെ അമ്മിഞ്ഞപ്പാല്‍ നുകരാന്‍ കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ ഏതു കുഞ്ഞാണ് ഇഷ്ടപ്പെടാത്തത്!

മടക്കയാത്രയ്ക്കു സമയമായി. തിരികെ സഞ്ചരിക്കവേ ദ്വീപിലൊരു പഴയ കല്ലറ കണ്ടു. അതില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഫ്രെയിം ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ദ്രവിച്ചുതുടങ്ങിയ ആ മുഖത്തൊരു പുഞ്ചിരി - സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി പുരണ്ട പുഞ്ചിരി. നിത്യശാന്തി! വീണ്ടും ബോട്ടിലേക്ക്. യാനം മാറിയിരിക്കുന്നു - തടികൊണ്ടുള്ള ബോട്ടാണ്. പുതിയൊരു സഞ്ചാരികൂടി, തദ്ദേശിയാണെന്നു തോന്നുന്നു. തുഴക്കാരനില്‍ നിന്ന് തുഴകൈക്കലാക്കാന്‍ അയാളൊരു ശ്രമം നടത്തിയപ്പോള്‍ ബോട്ടൊന്നു കുലുങ്ങി. എന്റെ മുഖം വലിഞ്ഞു മുറുകി. അഖില അതുകണ്ട് ചിരിച്ചു. പിന്നെ കൂട്ടച്ചിരിയായി. മറുകരയെത്തി. ഇനി നടക്കണം. കയറ്റമാണ്. അമേലിനും ഡോ. സല്‍മയ്ക്കുമൊപ്പം അഖിലയും ആസ്ട്രിഡും കൂടി കുതിരസവാരിക്കാരായി. ''കൗ ഗേള്‍സ്'' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ആണ്‍പ്രജകള്‍ കാല്‍നടക്കാര്‍. കാഴ്ചകള്‍ കണ്ടും കേട്ടും കാറ്റിന്റെ തഴുകലേറ്റും മുന്നോട്ട്. വെഹിക്കിള്‍ സ്റ്റോപ് പോയിന്റിലെത്തിയപ്പോള്‍ വൈകിട്ട് 3.45 (എത്യോപ്യന്‍ ഔദ്യോഗിക സമയം 9.45). അവിടെ നിന്ന് ഒന്നു തിരിഞ്ഞു നോക്കി. അകലെയായി വെഞ്ചി. വാനനീലിമ മുഴുവന്‍ വാരിത്തേച്ച് അവള്‍ വീണ്ടും വിളിക്കുകയാണ്.

Text & Photos: K P Shivakumar
(എത്യോപ്യയിലെ അംബോ പട്ടണത്തിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകന്‍. ഭാര്യ, ഡോ. അഖില എസ്. നായര്‍ അംബോ സര്‍വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍.) )

Thursday, June 6, 2013

സാഹസികര്‍ക്കു മാത്രം



Munnar to Kodaikanal Trekking

 മലകളും താഴ്‌വരകളും താണ്ടി, മനം നിറഞ്ഞ്, മൂന്നാറിന്റെ തണുത്ത വഴികളിലൂടെ അതിര്‍ത്തി കടന്ന്,കൊടൈക്കനാലിലേക്കൊരു ട്രെക്കിങ്


മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ഇടതുപക്ഷക്കാരാവുന്നതാണ് നല്ലത്. ഇടതുവശം ചേര്‍ന്നിരുന്നാലേ കാഴ്ചകളാസ്വദിക്കാന്‍ കഴിയൂ. മനോഹരമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും യെല്ലപ്പെട്ടി എന്ന കര്‍ഷകഗ്രാമവും ഈ വഴിയിലാണ്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനടുത്താണ് മേഘങ്ങളുടെ കാതില്‍ കഥ പറയുന്ന ടോപ് സ്റ്റേഷന്‍. അവിടെ റെസ്റ്റോറന്റിലിരുന്ന് പൊരിച്ച മീനും കൂട്ടി, ചൂട് ചോറ് വാരി തിന്നുന്ന മിക്കല്‍ സായിപ്പിനെയും സൂസെന്‍ മദാമ്മയെയും പരിചയപ്പെട്ടു. കാട്ടിലൂടെ കൊടൈക്കനാലിലേക്ക് ട്രെക്കിങ്ങിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കൂടെ വരണമെന്നായി. വൈകീട്ട് ടോപ്‌സ്റ്റേഷനില്‍ ചെറിയൊരു ട്രെക്കിങ്. രാത്രി ഗൈഡ് മനോഹരന്റെ വീട്ടിലെ ഒറ്റമുറിയില്‍, തണുപ്പിന്റെ കൈകളില്‍ മൂവര്‍ക്കും സുഖനിദ്ര.

Munnar to Kodaikanal Trekking
കുളിരുമായി കുണുങ്ങി ഒഴുകുന്ന പെരിയാറിന്റെ തീരത്തു വെച്ചാണ് അമേരിക്കക്കാരി സൂസെനും ഡെന്‍മാര്‍ക്കുകാരന്‍ മിക്കലും കണ്ടുമുട്ടിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും പിന്നെ ഒന്നിച്ചായി യാത്ര. അമേരിക്കയില്‍ നേഴ്‌സായിരുന്ന സൂസെന്‍ ജോലി ഉപേക്ഷിച്ച്, ഒരുവര്‍ഷം മുഴുവന്‍ ഇന്ത്യ കാണാനായി എത്തിയതാണ്. ആറുമാസം കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ല, വെറുതെ കറങ്ങി നടക്കുക. ഡെന്‍മാര്‍ക്കില്‍ ഐ-ഫോണിന് വേണ്ടി ഗെയിംസ് സോഫ്റ്റ്‌വെയര്‍ ഡെവലപ് ചെയ്യുന്ന മിക്കല്‍, കൃത്യമായ പ്ലാനിങ്ങുമായാണ് എത്തിയിരിക്കുന്നത്. മൂന്നാര്‍ കഴിഞ്ഞാല്‍ മധുരയ്ക്കാണ് യാത്ര. പിന്നെ തിരികെ ഡെന്‍മാര്‍ക്കിലേക്ക്.

ടോപ് സ്റ്റേഷനില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള 32 കി.മീ കാട്ടുപാതയിലൂടെയുള്ള യാത്ര ആസ്വദിക്കാന്‍ സാധാരണയെത്തുക വിദേശികളാണ്. ട്രെക്കിങ് വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് ഗൈഡ് മനോഹരന്റെ ഡയലോഗുണ്ട്: 'Only for adventurous people'. സാഹസികത ഇഷ്ടപ്പെടുെന്നങ്കില്‍ ഈ റൂട്ടിലൂടെ ഒരിക്കലെങ്കിലും ട്രെക്കിങ് നടത്തണം. ആനകളും കാട്ടുപോത്തുകളും ഭാഗ്യമുണ്ടെങ്കില്‍, പുലിയും വഴിക്ക് കുറുകെയെത്തി 'ഹലോ' പറഞ്ഞു പോകും.

Munnar to Kodaikanal Trekkingഅതിരാവിലെ, മഞ്ഞിന്റെ വലയങ്ങള്‍ മാറുംമുമ്പേ, ടോപ്‌സ്റ്റേഷനില്‍ നിന്നും കോവിലൂര്‍ ഗ്രാമത്തിലേക്ക് ജീപ്പില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സുന്ദരഗ്രാമം. സഞ്ചാരികള്‍ അധികമെത്താറില്ല ഇവിടെ. പലരും മൂന്നാര്‍ കണ്ട് തിരിച്ചു പോവും. തീരത്ത് തിരവന്നൊഴിഞ്ഞ പോലെയുള്ള മലഞ്ചെരിവിലെ തട്ടുകളില്‍ കാരറ്റും കാബേജും വിളയുന്നു. ഒരു പക്കാ വെജിറ്റബിള്‍ ഗ്രാമം. ഇവിടെ നിന്ന് നോക്കിയാല്‍ കൊലുക്കുമല ചായത്തോട്ടങ്ങള്‍ കാണാം.

ലഗേജുകള്‍ കയറ്റാന്‍ രണ്ടു കുതിരകളെയും ഏര്‍പ്പാടാക്കി, അവിടെ നിന്ന് നടപ്പ് തുടങ്ങി, ബന്ധരവു മലയിലേക്ക്. കുത്തനെയുള്ള കയറ്റമാണ്. കുതിരകളും ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമാണ് ഈ വഴിയെ പോകാന്‍ ധൈര്യപ്പെടുക. ഒരിറക്കത്തില്‍ ഒരു ജീപ്പ് തകര്‍ന്നു കിടക്കുന്നു... മറുവശത്ത് വട്ടവട ഗ്രാമം കാണാം.

കഞ്ചാവു കൃഷിക്ക് പ്രശസ്തമായിരുന്ന കാട്ടിടങ്ങളിലൂടെയാണിപ്പോള്‍ യാത്ര. കഞ്ചാവിന് പകരം കാരറ്റാണ് തോട്ടങ്ങളില്‍. കൃഷിയിടത്തിലിറങ്ങി ഗ്രാമീണര്‍ ചാക്കില്‍ നിറയ്ക്കുന്ന കാരറ്റുകളില്‍ കുറച്ചെടുത്ത് പോക്കറ്റില്‍ നിറച്ചു. പിന്നെയുള്ള കാട് കയറ്റത്തിന് 24 കാരറ്റ് എനര്‍ജിയായിരുന്നു.

Munnar to Kodaikanal Trekkingആദ്യത്തെ ആവേശം തണുത്തപ്പോള്‍ കിതപ്പിന്റെ താളം ഏറി വന്നു. അമേരിക്കയില്‍ ട്രെക്കിങ് നടത്തി പരിചയമുള്ള സൂസെന്‍, വളരെ കൂളായി നടന്നു കയറുന്നു. വടിയും കുത്തി പിടിച്ച്, കിതച്ച് കിതച്ച് ആണ്‍ സംഘം പിന്നാലെയെത്താന്‍ പാടുപെട്ടു. ഇടയ്ക്ക് വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ സൂസെന്റെ ചോദ്യം: 'My name is khan കണ്ടോ...?' നമ്മുടെ തട്ടകത്തില്‍ കയറി മദാമ്മ ഗോളടിച്ചല്ലോ! ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും ആരാധികയാണ് സൂസെന്‍. അടുത്ത ചോദ്യം, 'ത്രീ ഇഡിയറ്റ്‌സ്' കണ്ടോ എന്നായിരുന്നു. കിതപ്പാറാതെ, മൂന്നാണുങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഇഡിയറ്റ്‌സ് ആയി ഇരുന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.

വീണ്ടും നടപ്പു തുടങ്ങി. ഒരു മലയിറങ്ങിയപ്പോള്‍ മറ്റൊരു സാഹസിക സംഘം എതിരെ വരുന്നു. ടെന്റടിച്ച് കാട്ടില്‍ താമസിച്ചാണ് അവരുടെ യാത്ര.




Munnar to Kodaikanal Trekking

കയറ്റം കഠിനം തന്നെയായിരുന്നു. വഴിയില്‍ പുലിയുടെയും, കാട്ടുപോത്തിന്റെയും കാല്‍പ്പാടുകള്‍... ആകാശം മുട്ടുന്ന പൈന്‍മരങ്ങള്‍ അതിരിടുന്ന വഴി. കുറച്ചു ചെന്നപ്പോള്‍, മരങ്ങള്‍ക്കിടയിലൂടെ കാട്ടിനുള്ളിലെ വലിയൊരു തടാകം. തടാകക്കരയില്‍ വെള്ളം കുടിക്കുന്ന കാട്ടുപോത്തുകള്‍. പതിവില്ലാത്ത ശബ്ദം കേട്ടതോടെ അവ തലയുയര്‍ത്തി നോക്കി. പിന്നെ മെല്ലെ കാടിനുള്ളില്‍ മറഞ്ഞു.

കയ്യില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. നടന്ന് അവശരാവാന്‍ തുടങ്ങി. മലയ്ക്ക് മുകളിലെത്തിയപ്പോള്‍ തമിഴ്‌നാടിന്റെയും മൂന്നാറിന്റെയും ആകാശക്കാഴ്ച്ച. മേഘങ്ങള്‍ക്കിടയിലൂടെ പര്‍വ്വതങ്ങള്‍, പച്ചപ്പിന് മീതെ ഓട്് പാകിയ കൊടൈ ഗ്രാമങ്ങള്‍...

Munnar to Kodaikanal Trekkingക്ഷീണം കീഴ്‌പ്പെടുത്താന്‍ തുടങ്ങിയതോടെ എല്ലാവരും മൗനികളായി. കാടിനുള്ളില്‍ ഹനുമാന്‍ കുരങ്ങുകള്‍ മരക്കൊമ്പുകള്‍ താണ്ടുന്ന ശബ്ദങ്ങള്‍. മനസ്സിലിരുന്ന് ആരോ പേടിയുടെ കൊമ്പ് പിടിച്ച് കുലുക്കി. പുലിയേയല്ല, ആനയെയാണ് പേടിക്കേണ്ടതെന്ന് മനോഹരന്‍ പറഞ്ഞെങ്കിലും പുലിപ്പേടിയായിരുന്നു കണ്ണുകളില്‍. പിന്നെയുള്ള വഴികളില്‍ സുഗന്ധം തൂവാന്‍ കറുകപ്പട്ടയും, യൂക്കാലി മരങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഗ്രാന്‍ഡിസ് മരങ്ങളുടെ തോട്ടം പോലെയുള്ള കാട്. പോസ്റ്റ് കാര്‍ഡുകളില്‍ കാണാറുള്ള പ്രകൃതി ദൃശ്യങ്ങള്‍.

ഒടുവില്‍ ക്ലാവര ഗ്രാമത്തില്‍... കാടിറങ്ങുമ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ബൈക്കുകള്‍ ഓടിച്ച് കയറ്റുന്നു. സാഹസത്തിന്റെ മറ്റൊരു മുഖം. ഗ്രാമചന്തയില്‍ അവസാന കുട്ടിബസ്സ് പുറപ്പെടാനായി പുക തുപ്പുന്നു. അവിടെ നിന്നും പൂണ്ടിയും മന്നവന്നൂരും പൂമ്പാറയും പിന്നിട്ട് കവുഞ്ജി ഗ്രാമത്തില്‍ നിന്നും കൊടൈയിലേക്ക് ബസ്സ് കയറുമ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു.


Travel Info
Munnar-Kodai Trek
Munnar to Kodaikanal TrekkingThere are several routes to Kodaikanal from Munnar for trekking. the most scenic route is through Topstation, Koviloor, Bandaravu Mala, Kilavara (32km). Its an adventurous route, for about 18 km through thick forest. Topstation, 34km from Munnar town is the highest point in the old Munnar-Kodai Route (1700m to 2300 m above sealevel).
Trekking Route: Topstation-Koviloor-Bandaravu Mala-Kilavara (32 km).

How to Reach
By air: Madurai (140 km), Kochi (190km)
By rail: Theni (60 km), Changanacherry (93 km)
By road: Kochi to Munnar (145 km, NH-49). There are regular bus services to Munnar from Ernakulam KSRTC Bus stand. From Munnar town to Topstation (34 km, SH-44). Since regular buses from Munnar are rare. It is better to hire a jeep. From Kilavara pick local vans to Kavunji village. There are bus services to Kodaikanal from Kavunji via Mannavannur, Poombarai (45 km). Kodaikanal is well connected by road to Madurai, Palani, Kodaikanal Road, Theni, Dinidigul, Kumili, Coimbatore, Chennai and Kanyakumari.

Distance chart: Munnar-Topstation (34 km), Topstation-Koviloor (10km), Koviloor - Kilavara (30 km), Kilavara-Kodaikanal (45 km), Kodaikanal-Palani (65 km).

Stay

At Top Station: STD: 04865
Mano's homestay, Ph: 214062, 09442783853
Periyar Residency, Ph: 214195

At kodaikanal: STD: 04542
Carlton Hotel, Ph: 240056
Hotel Astoria: Rs.700-1000, Ph: 240524
Hotel Palace: Rs.600-1000, Ph: 240411
Hamedia Lodge: Rs.400-700, Ph: 240108
Grand Palace: Rs.1600-2400, Ph: 243388
Hotel Sivapriya: Rs.1400-2000, Ph: 241226
Kaleeshwari cottages: Rs.500, Ph: 241329.


Contact
Manoharan (Forest Guide) 09442783853, 09447578134, E-mail: jmano.guide@ gmail.coma
Munnar wildlife warden: 04865-231587
Kodaikanal DFO: 04542-240287
Website: www.tamilnadutourism.org
KSRTC Ernakulam Enquiry: 0484-2372033.

Tips:
There are only two restaurents in Top station. Advisable to reach Topstation before sunset.



Text: T J Sreejith, Photos: N A Naseer

Thursday, January 31, 2013

മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

Moozhiyar, Idukki, Keralaകാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.

നിബിഡവനഭംഗിയും അരുവികളും കുളിരും കളികളര്‍മൊക്കെ കാനനയാത്രകളിലേക്ക് സഞ്ചാരിയെ വീണ്ടും ക്ഷണിക്കുന്ന ഘടകങ്ങളാണെങ്കിലും കേരളത്തിലെ വനങ്ങളിലൂടെയുള്ള യാത്രകളില്‍ ആനക്കാഴ്ച്ചകള്‍ തന്നെയാണ് എന്നും താരം. ആനക്കൂട്ടങ്ങളെ കാണാനുള്ള അദമ്യമായ ആഗ്രഹവും അതോടൊപ്പം തന്നെ കാനനപാതയിലെ അടുത്ത വളവിനപ്പുറം ചെന്നു പെടുന്നത് അവയുടെ മുന്നിലേക്കാവുമെന്ന ഭയവും ചേര്‍ന്ന വിവരിക്കാനാവാത്ത ആ മാനസിരകാവസ്ഥ ഈ യാത്രകള്‍ക്ക് മാത്രം സ്വന്തം. യാത്ര കഴിഞ്ഞാലും അതിന്റെ അനുഭൂതി കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഭയവും ആകാംക്ഷയും ആവേശവും കലര്‍ന്ന ഈ അനുഭവം കൊണ്ടു മാത്രമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള മൂഴിയാറിലേക്കുള്ള ഈ കാനന യാത്രയുടെയും പ്രധാന ത്രില്‍ അതുതന്നെയായിരുന്നു.

സീതത്തോട്, ളാഹ, പെരിനാട്, വടശ്ശേരിക്കര, പ്ലാപ്പള്ളി, ആങ്ങാമുഴി വഴിയായിരുന്നു യാത്ര. മകരവിളക്കിനോടടുത്ത ദിവസമായിരുന്നതിനാല്‍ നിരവധി ശബരിമല വാഹനങ്ങള്‍ക്കൊപ്പമാണ് വഴിയിലെ പല ചെറുപട്ടണങ്ങളും താണ്ടാനായത്. അതു കൊണ്ടുതന്നെ ആങ്ങാമുഴി ഫോറസ്റ്റ് ചെക്‌പോസ്റ്റ് എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് മൂഴിയാര്‍ പവര്‍‌സ്റ്റേഷന്‍. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ മറ്റൊരു വഴിയിലൂടെ യാത്ര തുടരുകയാണ് ലക്ഷ്യം.

ആങ്ങാമുഴി താണ്ടുന്നതോടെ ജനപഥങ്ങള്‍ അവസാനിക്കുകയും മൃഗപഥങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി വാങ്ങി വേണം യാത്ര തുടരാന്‍. പേടിപ്പെടുത്തുന്ന വനമാണെങ്കിലും മൂഴിയാര്‍ പവര്‍ഹൗസിലേക്കുള്ള മാര്‍ഗ്ഗമായതിനാല്‍ ടാറിട്ട ആ റോഡിലെവിടെയെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജീപ്പോ പോലീസ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സഞ്ചരിക്കുന്ന ടൂവീലറുകളോ അതുമല്ലെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് ഉച്ചയക്ക് പുറപ്പെട്ട് രാത്രി മൂഴിയാറിലെത്തുകയും രാവിലെ ആറുമണിക്ക് മടങ്ങുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സോ പോലുള്ള ഒറ്റപ്പെട്ട വാഹനങ്ങള്‍ കണ്ടെന്നും വരാം.

ഗസ്റ്റ് ഹൗസിന് നാലുകിലോമീറ്റര്‍ മുന്നിലായി പോലീസ് ചെക്‌പോസ്റ്റുണ്ട്. അവിടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. ആരാണീ രാത്രയില്‍ എന്ന സംശയത്തോടെയാണ് ഡ്യൂട്ടി പോലീസുകാര്‍ വാഹനത്തിനടുത്തേക്ക് വന്നതെങ്കിലും അവരുടെ അതീവ സൗഹാര്‍ദപരമായ പെരുമാറ്റം ഭീതിയേകുന്ന ആ വനയാത്രയില്‍ ആശ്വാസമായി. അങ്ങകലെ കണ്ട ലൈറ്റുകള്‍ മൂഴിയാര്‍ പവര്‍ഹൗസിലേതാണെന്ന് അവര്‍ പറഞ്ഞു തന്നു.

ഗസ്റ്റ്ഹൗസിലെത്തുമ്പോഴേക്കും നേരത്തെ പറഞ്ഞതനുസരിച്ച് ചപ്പാത്തിയും ചിക്കന്‍കറിയുമുള്‍പ്പടെ അത്താഴം റെഡി. വനമധ്യത്തില്‍ പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഭേദപ്പെട്ട സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 375 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുറിവാടക. വൈദ്യുതിഭവനുമായി ബന്ധപ്പെട്ട് നേരത്തേ ബുക്ക് ചെയ്യണം. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്താത്ത ദിവസമാണ് മുറി മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. നേരത്തെ പറഞ്ഞുവെച്ചാല്‍ എന്തു വിഭവവും തയ്യാറാക്കി നല്‍കും.

ഭക്ഷണത്തിന് പ്രത്യേകം തുക അടയ്ക്കണമെന്ന് മാത്രം. എല്ലാം രജിസ്റ്റ്‌റില്‍ രേഖപ്പെടുത്തി സര്‍ക്കാര്‍ വക രസീതും നല്‍കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിയും സ്വാദിഷ്ട ഭക്ഷണവും കഴിഞ്ഞ് വനത്തിനുള്ളിലെ മകരമാസക്കുളിരില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള മധുരസ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

രണ്ടാം ദിവസം


ആറുമണിക്കുണര്‍ന്ന് നടക്കാനിറങ്ങുമ്പോള്‍ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. കാട്ടുവഴികളിലൂടെയുള്ള അലസഗമന എന്നും ഒരാവേശം തന്നെയാണ്. കണ്ണാന്തളിവേരിന്റെ കുളിര്‍മ്മയും കാട്ടുകുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും പോലെ കാവിവാക്യങ്ങളില്‍ മാത്രം കേട്ടിരുന്ന പലതും കണ്ടതും അറിഞ്ഞതും ഇത്തരം പ്രഭാതയാത്രകളിലാണ്. വിളിപ്പാടകലെ കാട്ടാനയെക്കണ്ട് ഓടിയകന്നതും വേദനപ്പിക്കാതെ കടിച്ചു തൂങ്ങി രക്ത കുടിച്ചു വീര്‍ത്തുവരുന്ന അട്ടയുടെ പിടിവിടുവിക്കാനാവാതെ കാത്തിരുന്നതുമെല്ലാം മുന്‍കാല യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍. കാല്‍ച്ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന മേഘപാളികളും പച്ചമേലാപ്പിനിടയിലൂടെ അരിച്ചെത്തുന്ന തണുപ്പ് മാറാത്ത തിളങ്ങുന്ന വെയിലും ചേര്‍ന്നൊരുക്കിയ ചിത്രഭംഗി മൂഴിയാര്‍ വനത്തിലെ ഈ പ്രഭാതയാത്രയ്ക്കു മാറ്റുകൂട്ടി.

വഴിയില്‍ കണ്ട കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന ട്രാന്‍സ്മിഷന്‍ ടവറുകളും വനഭംഗിക്ക് കളങ്കമാണെങ്കിലും ദശകങ്ങള്‍ക്ക് മുന്‍പ് ചെങ്കുത്തായ ഈ മലഞ്ചെരുവുകളില്‍ അവ സ്ഥാപിച്ച മനുഷ്യന്റെ അധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ നമിക്കാതിരിക്കാനാവില്ല. അഞ്ച് മിനിട്ട് കറണ്ടു പോയാല്‍ രോഷം കൊള്ളുന്ന നമ്മള്‍, വൈദ്യുതി ഉത്പാദിപ്പിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്നതിന് പിന്നിലെ സങ്കീര്‍ണമായ പ്രക്രിയയെക്കുറിച്ചോ അതിനു വേണ്ടി ഈ വനാന്തര്‍ഭാഗത്തെ പവര്‍ഹൗസുകളിലുള്‍പ്പടെ ജോലി ചെയ്യുന്ന മനുഷ്യരുടെ അധ്വാനത്തെക്കുറിച്ചോ ഒരിക്കലും ചിന്തിക്കാറേയില്ലെന്നതല്ലേ വാസ്തവം.

ട്രെക്കിങ് കഴിഞ്ഞ് എട്ടുമണിയോടെ ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുമ്പോഴേക്കും ഗവിവഴി പോകുന്ന രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് എത്തിയിരുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെറിയൊരു പലചരക്ക് കടയും ചായക്കടയും കംഫര്‍ട്ട് സ്‌റ്റേഷനുമുണ്ട്. മൂഴിയാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്ര തന്നെ. ഏതാണ്ട് ഒരുകിലോമീറ്റര്‍ മാറി താഴ്‌വരയിലായി മൂഴിയാര്‍ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസസിന് സമീപം ബോര്‍ഡിന്റെ നിരവധി ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും ഏതാനും ചിലതില്‍ മാത്രമേ ആള്‍താമസമുള്ളുവെന്ന് തോന്നി. ബാക്കിയെല്ലാം ചുറ്റിലും കാടുംപടലും പിടിച്ച് ഉപയോഗിശൂന്യമായി കിടക്കുന്നു.

അവിടെയാകെ ചുറ്റിനടക്കുന്ന ഒറ്റയാനായ കാട്ടുപന്നിക്ക് മണികണ്ഠനെന്നാണ് അവിടെയുള്ള ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പേര്. വര്‍ഷങ്ങളായി ഇവിടെയാണവന്റെ താമസം. ഉള്‍ക്കാട്ടിലേക്ക് കടത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലത്രെ. ആര്‍ക്കും ശല്യമില്ലാതെ അന്തര്‍മുഖനായി അവനിവിടെ മനുഷ്യരോടൊപ്പെ സഹവസിക്കുന്നു.

Moozhiyar, Idukki, Kerala എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ അടയാളങ്ങള്‍.

മരക്കൊമ്പുകള്‍ നിസ്സാരമായി ഒടിച്ചു മുന്നേറുന്ന ഇവര്‍ തന്നെയല്ലേ നാട്ടില്‍ മനുഷ്യന്‍ കയ്യിലേന്തുന്ന ഒരു ചെറുവടിയുടെ താളത്തിനൊപ്പം ഇടത്താനെ വലത്താനെ തുടങ്ങിയ ആജ്ഞകള്‍ ശിരസാവഹിച്ച് സഞ്ചരിക്കുന്നതും. നാട്ടാനകളുടെ ഈ വിധേയത്വം കണ്ട് ആരോ നടത്തിയ മണ്ടന്‍ കണ്ടു പിടുത്തമാവാണം ആനയ്ക്ക് ആനയുടെ കരുത്തറിയില്ല എന്നത്. കാട്ടാനകള്‍ അവയുടെ ശക്തിയെപ്പറ്റി തികച്ചും ബോധവാന്‍മാരാണ്. അതു പോലെ തന്നെ ആനകളെ ഒരിക്കലെങ്കിലും അവയുടെ സ്വന്തം തട്ടകങ്ങളില്‍ നേരിട്ട് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള വനയാത്രികര്‍ക്കും ആനയുടെ കരുത്തിനെപ്പറ്റി ഒരു സംശയവുമുണ്ടാവാന്‍ വഴിയില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു ഡാമുകളാണ് ഈ വനഭൂമിയിലുള്ളത്. ഇതില്‍പ്പെട്ട കക്കി, ആനക്കയം ഡാമുകളിലൂടെയാണ് യാത്ര. ഡാമിനു മുകളില്‍ നിന്നുള്ള വനത്തിന്റെയും ജലസംഭരണിയുടെയും കാഴ്ച്ച അതിമനോഹരമാണ്. ഡാം നിര്‍മ്മാണത്തിനായി പാറപ്പൊട്ടിച്ച വനത്തിനുള്ളിലെ പാറമടയുടെ അവശിഷ്ടങ്ങള്‍ ഏതോ പുരാതനമായ കോട്ട പോലെ വന്യമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് . ഡാം നിര്‍മ്മാണ വേളയില്‍ റോപ് വേയ്ക്കു വേണ്ടിയും സിമന്റ് പാകപ്പെടുത്താനും നിര്‍മ്മിച്ച കൂറ്റന്‍ തൂണുകളും കെട്ടിടങ്ങളും ഡാമിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നു നിലനില്‍ക്കുന്നു. മുന്നൂറടിയാണ് ഡാമിലെ ജലനിരപ്പെന്നും അതിനും താഴെയായി പവര്‍ ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെന്നും ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ഡാമുകളിലെ പോലീസ് ചെക്‌പോസ്റ്റിനു പുറമേ പച്ചക്കാനം, വള്ളക്കടവ് തുടങ്ങിയ ഫോറസ്റ്റ് ചെക്‌പോസ്റ്റുകളിലും വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കിവേണം യാത്ര തുടരാന്‍. ഗവി ലക്ഷ്യമാക്കിയുള്ള ആ യാത്രയ്ക്കിടെ വ്യൂ പോയിന്റില്‍ നിന്നുള്ള മൊട്ടക്കുന്നുകളുടെ അനന്തദൃശ്യങ്ങള്‍ വിവരണാതീതമാണ്. ഗവിയിലേക്ക് വന്ന ചെറുപ്പക്കാരുടെ സംഘങ്ങളില്‍ ചിലത് പച്ച പുതച്ച മലമടക്കുകളുടെ ഈ സുന്ദരഭൂമിയിലേക്കും എത്തിയിരിക്കുന്നു. വനഭൂമിയെന്നതിനപ്പുറം ഇന്നിവിടം ടൂറിസ്റ്റുകളെത്തുന്ന ഒരു സെന്ററായി മാറി കൊണ്ടിരിക്കുന്നു. കൂട്ടമായെത്തുന് വിലകൂടിയ ബൈക്കുകളും പുത്തന്‍തലമുറ യൂട്ടിലിറ്റി വാനുകളും.

പിന്നെയും ഏതാനും കിലോമീറ്ററുകള്‍ മുന്നിലേക്ക് പോരുമ്പോല്‍ ഗവി തടാകവും അരികിലായി സൗകര്യമായ ഫോറസ്റ്റ് മാന്‍ഷനും കാണാം. പാക്കേജ് ടൂറുകളിലെത്തിയ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും അവരുടെ വാഹനങ്ങളും നിറഞ്ഞ ഫോറസ്റ്റ് മാന്‍ഷന് മുന്നിലൂടെ യാത്ര തുടര്‍ന്നു. നീല്‍ഗിരി താര്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യമാണ് സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗവിയുടെ ചുറ്റിനുമുള്ള വനഭൂമിയിലെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കടുക്കുമ്പോള്‍ തന്നെ കാനനപാതയുടെ ഇരുവശവും ശ്രീലങ്കയില്‍ നിന്നും കുടിയേറിപാര്‍ത്ത ജനങ്ങളുടെ കോളനി കാണാം. ഇവിടുത്തെ ഏലത്തോട്ടത്തിലും ഏലം ഫാക്ടറികളിലും തൊഴിലാളികളായി മൂന്ന് പതിറ്റാണ്ട് മുന്‍പ് എത്തിയവരാണവര്‍. ഇന്ന് ഗവി അവരുടെ സ്വന്തം നാടാണ്. തമിഴിലും സ്​പഷ്ടമായ മലയാളത്തിലും അവര്‍ സംസാരിക്കുന്നു. ഗവി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള ലോകനാഥന്റെ കട ഒരു കൊച്ച് സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ലോകനാഥന്‍ ഇവിടേക്കെത്തിയത് മറ്റുള്ളവര്‍ക്കൊപ്പം ജാഫ്‌നയില്‍ നിന്നാണെങ്കിലും അയാളുടെ അച്ഛന്റെ സ്വദേശം മധുരയാണത്രേ. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ലോകനാഥന്‍ കടയ്ക്കു പിന്നിലെ വീടിനുള്ളിലേക്ക് വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. ഫോറസ്റ്റ് മാന്‍ഷനിലേക്കും വ്യൂ പോയിന്റിലേക്കും പോകുന്ന വാഹനങ്ങളില്‍ പലതും ചായയ്ക്കായി അവിടെ നിര്‍ത്തുന്നു.

വഴിയിലെ മറ്റൊരു പ്രധാന പോയിന്റാണ് പാണ്ടിത്താവളം. പമ്പയില്‍ പോകാതെ നേരെ ശബരിമലയ്ക്ക് നടന്നെത്താവുന്ന മാര്‍ഗ്ഗമാണിത്. വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പുകളില്‍ ഇവിടെയെത്തുന്ന ഭക്തന്‍മാര്‍ ഉപ്പുപാറവഴി കാല്‍നടയായി സന്നിധാനത്തേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഈ വഴി തിരഞ്ഞടുക്കുന്നവരില്‍ അധികവും.

വനത്തോട് യാത്ര പറഞ്ഞ് വണ്ടിപ്പെരിയാറിലെത്തുമ്പോഴേക്കും നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. പീരുമേട്, കുട്ടിക്കാനം വഴി അടുത്തിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകളും പൈന്‍മരക്കാടും പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസികതകളും കുരിശുമല ആശ്രമവും ഡയറിഫാമും ഒരു നോക്ക് കണ്ട് കുരിശുപള്ളിക്ക് താഴെയെത്തുമ്പോഴേക്കും വൈകുന്നേരത്തെ പുകമഞ്ഞ് മൂടിത്തുടങ്ങിയിരുന്നു. ഏറെക്കാഴ്ച്ചകള്‍ കണ്ട് അതിലുമേറെ കാണാന്‍ ബാക്കിവെച്ച് ഒരു മടക്കയാത്ര.

Text: Asha Vidhu 

Wednesday, November 21, 2012

സായിപ്പിനൊപ്പം മഴക്കാടുകളിലൂടെ



Ilaveezhapoonjira to Vagamon Trekking

കാടും മലകളും കാട്ടാറും കരിമ്പാറക്കൂട്ടവും താണ്ടി, വിദേശി യുവതീയുവാക്കള്‍ക്കൊപ്പം ഇലവീഴാപൂഞ്ചിറ മുതല്‍ വാഗമണ്‍ വരെ ഒരു സാഹസിക യാത്ര...

മദാമ്മകള്‍ക്കും സായിപ്പന്‍മാര്‍ക്കും പൊറോട്ടയില്‍ ആരോ കൈവിഷം കൊടുത്തിരിക്കണം! ഇല്ലെങ്കില്‍ പൊറോട്ടയെന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മുഖം താമര പോലെ വിരിയുന്നതും വഴിനീളെ പൊറോട്ട കിട്ടുമോയെന്നന്വേഷിച്ച് നടക്കുന്നതും എന്തിനാണ്.... സായിപ്പിന്റെ ധാരണ കേരളത്തിന്റെ 'ദേശീയ' ഭക്ഷണം പൊറോട്ടയാണെന്നാണ്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ 12 അംഗ യുവസംഘത്തിനൊപ്പം രണ്ടു ദിവസത്തെ ട്രെക്കിങിനാണ് 3200 അടി മുകളില്‍, ഇലവീഴാപൂഞ്ചിറയിലെത്തിയത്. മനസ്സ് കയ്യിലെടുത്ത് പിടിച്ചാണ് ഉരുളന്‍ കല്ലുകള്‍ക്ക് മീതെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ ഈ മലമുകളിലെത്തിയത്. ഡ്രൈവര്‍ക്കെങ്ങാന്‍ ഒന്നു പാളിയിരുന്നെങ്കില്‍ പഴയൊരു പരസ്യം പോലെയായേനെ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍'!

ഇലവീഴാപൂഞ്ചിറയിലേക്കുള്ള കയറ്റം ഇടുക്കി ജില്ലയിലൂടെയാണ്. ലാന്‍ഡ് ചെയ്യുന്നത് കോട്ടയത്തും. രണ്ടു ജില്ലകള്‍ക്കിടക്കുള്ള സാന്‍ഡ്‌വിച്ച്! മഴക്കാലത്ത് മാത്രമേ ചിറയുണ്ടാവുകയുള്ളു. ഇവിടെ മലമുകളിലെ പോലീസ് വയര്‍ലസ് സ്‌റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കാണാം. മലങ്കരഡാമും മൂലമറ്റത്തു നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ചാലും ആകാശക്കാഴ്ച്ചയില്‍ ഒരു ഗൂഗിള്‍ മാപ്പു പോലെ...പിന്നെ, ഇലവീഴണമെങ്കില്‍ മരം വേണ്ടേ...? അതില്ല. ആകെയുള്ളത് തെരുവപ്പുല്ലും പുല്‍ച്ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിറ്റീന്തുമാണ്.

Ilaveezhapoonjira to Vagamon Trekking
കൊച്ചിയിലെ കലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് ട്രെക്കിങ് സംഘടിപ്പിച്ചത്. ഗൈഡുകളായ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ അമീറും ഉടുമ്പന്‍ചോലക്കാരന്‍ ജയനും മലമുകളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തകൃതിയായി കുക്കിങ് നടത്തുന്ന വിദേശിസംഘത്തെയാണ് പൂഞ്ചിറ റിസോര്‍ട്ടില്‍ ചെന്നു കയറിയപ്പോള്‍ കണ്ടത്. പാത്രത്തില്‍ 'പാസ്റ്റ' എന്നു പേരുള്ള ഒരു സാധനം. ടേസ്റ്റ് നോക്കാന്‍ നാവില്‍ വെച്ചു. രുചി പിടിച്ചില്ല. വെറുതേയല്ല ഇവര്‍ക്ക് പൊറോട്ട കണ്ടപ്പോള്‍ 'പ്രാന്തായത്'!

റിസോര്‍ട്ടുണ്ടെങ്കിലും ട്രെക്കിങിനെത്തിയവരെല്ലാം ടെന്റടിച്ച് അതിനുള്ളിലായിരുന്നു ഉറക്കം. മൂലമറ്റം പവര്‍ഹൗസിന് മുകളിലാണെങ്കിലും റിസോര്‍ട്ടില്‍ വൈദ്യുതി എത്തിനോക്കിയിട്ടില്ല. തണുപ്പ് കൂടി വന്നതോടെ എല്ലാവരും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് ചുരുണ്ടു.

രാവിലെ കോഴി കൂവുന്നതിന് പകരം ലൂസി മദാമ്മയാണ് കൂവിയത്. എല്ലാവരും ഉറക്കം വിട്ട് ലൂസിയുടെ ടെന്റിന് മുന്നിലെത്തി. കാറിടിക്കാന്‍ വരുന്നത് സ്വപ്‌നം കണ്ടതാണത്രേ! വെളിച്ചം വീണു തുടങ്ങും മുന്നേ ടെന്റൊക്കെ അഴിച്ച് ബാഗിലാക്കി നടത്തം തുടങ്ങി. ഭക്ഷണ സാധനങ്ങളും ടെന്റും സ്ലീപ്പിങ് ബാഗും വസ്ത്രങ്ങളുമെല്ലമായി പത്തും പതിനഞ്ചും കിലോയായിരുന്നു ഓരോരുത്തരുടെയും ചുമലില്‍. ആദ്യ ലക്ഷ്യം മേലുകാവാണ്. ഇവിടെ വെച്ചാണ് 'വ്യത്യസ്തനായ ബാര്‍ബറാം ബാലനെ' മലയാളികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ 'കഥപറയുമ്പോള്‍' സിനിമയുടെ ലൊക്കേഷനായിരുന്നു എന്നൊരു മേനി പറച്ചിലൊന്നുമില്ല മേലുകാവിന്. കാടുംമേടും വിട്ട് മലയിറങ്ങി റോഡിലൂടെയായി നടത്തം. മേലുകാവുകാര്‍ പുതപ്പിനുള്ളില്‍ തന്നെയാണ്.

Ilaveezhapoonjira to Vagamon Trekkingഅഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി. പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്... കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ. ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം. കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു. ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്. യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു പോയത്.

അടുത്ത ലക്ഷ്യം ഇല്ലിക്കമലയ്ക്കടുത്തുള്ള പഴുക്കാകാനം. കറുത്ത പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നേര്‍രേഖയില്‍ നിന്നും വ്യതിചലിക്കുന്ന വെളുത്ത വരകള്‍... കാട്ടിലെ പച്ചപ്പിന്റെ തിക്കിലും തിരക്കിലും അത് മാറി, മാറി അടുത്തടുത്തെത്തി വെള്ളച്ചാട്ടമായി മാറി. ഏതോ കാലത്ത് ആരോ കല്ലില്‍ പണിത അനേകം ചവിട്ടു പടികളും തകര്‍ന്ന കൈവരികളും പാറയില്‍ നിന്ന് അടരാതെ നില്‍ക്കുന്നു.
Ilaveezhapoonjira to Vagamon Trekkingപരിസ്ഥിതി ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന് കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി, ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.


Ilaveezhapoonjira to Vagamon Trekking

ഉച്ചകഴിഞ്ഞതോടെ എല്ലാവരും ക്ഷീണിതരായി. നടപ്പിന്റെ വേഗമൊക്കെ നന്നായി കുറഞ്ഞു. അടുത്ത ക്യാംപ് എത്താറായോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. പഴുക്കാകാനത്തെ മലയോരകര്‍ഷകന്‍ രാഘവന്‍ ചേട്ടന്റെ വീടെത്തിയതോടെ ശ്വാസവേഗം ആശ്വാസത്തിന് വഴിമാറി. വീടിനു സമീപത്തെ പുല്ലു നിറഞ്ഞ പറമ്പില്‍ പത്തുമിനിറ്റ് കൊണ്ട് വളര്‍ച്ചയെത്താത്ത കൂണുകള്‍ പോലെ ടെന്റുകള്‍ പൊങ്ങി. പറമ്പിനടുത്ത് തോടുണ്ടെന്ന് കേട്ടതും എല്ലാവരും അങ്ങോട്ടോടി. ക്ഷീണിച്ചവശരായിരുന്നതിനാല്‍ തോട്ടിലെ തണുത്ത വെള്ളത്തില്‍ മുങ്ങികിടന്നു. മീനച്ചിലാറായി പടരുന്ന തോടുകളിലൊന്നായിരുന്നു അത്. സായിപ്പുമാര്‍ ബര്‍മൂഡയിലും മദാമ്മകള്‍ സ്വിമ്മിംഗ് സ്യൂട്ടിലുമായിരുന്നു. മലയാളത്താന്‍മാര്‍ തോര്‍ത്തിലും...

വൈകുന്നേരമായതോടെ മാനമിരുണ്ടുരുണ്ടുവന്നു. ശക്തമായ ഇടിവെട്ടോടെ മഴ, ടെന്റുകളില്‍ കുടം കണക്ക് വെള്ളമൊഴിച്ചു. ആകാശത്ത് നിന്നും ആരോ ഫോട്ടോയെടുക്കും പോലെ ടെന്റിനുള്ളില്‍ ഇടിമിന്നില്‍ വെട്ടം പലതവണ മിന്നി മറഞ്ഞു. ഇവിടെയും കറണ്ടുമില്ല മൊബൈലിന് റേഞ്ചുമില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടാമത്തെ രാത്രി. രാഘവന്‍ചേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന് 'കാന്‍ഡില്‍ ലൈറ്റ്' ഡിന്നറും കഴിച്ച് വീണ്ടും ടെന്റിലെത്തി. മഴമാറുന്നില്ല, പക്ഷേ ഉറക്കം മഴയെയും മിന്നലിനെയും തോല്‍പ്പിച്ചു.

Ilaveezhapoonjira to Vagamon Trekkingപിറ്റേന്ന് രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്. പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍ പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ് ജാക്കിന്റെ മലകയറ്റം.

മീനച്ചിലാറിന്റെ ഉത്ഭവമായ ഉറവ പൊടിയുന്ന മലമുകളിലേക്ക്... കോടമഞ്ഞും പച്ചപ്പും കൈകോര്‍ത്ത് വഴിനീളെ മഞ്ഞു തുള്ളികള്‍ തൂവി. വെളിച്ചം വീണതോടെ കാഴ്ച്ചകള്‍ക്ക് കനം വെച്ചു, ചുമലിലേ ഭാരത്തിനും.

പെട്ടന്ന്, റേച്ചലിന്റെ കരച്ചില്‍ കേട്ട് എല്ലാവരും നിന്നു. കാല് പൊത്തിപിടിച്ചാണ് നിലവിളി. അട്ടകള്‍ അറ്റാക്ക് തുടങ്ങിയതാണ്. എല്ലാവരും കാലുകള്‍ പരിശോധിച്ചു. വെളുത്തതെന്നോ കറുത്തതെന്നോ വേര്‍തിരിവില്ലാതെ എല്ലാവരുടെയും കാലുകളില്‍ അട്ടകള്‍ അള്ളിപ്പിടിച്ചിട്ടുണ്ട്. അട്ടകളെ നിര്‍വ്വീര്യമാക്കിയ ശേഷമായിരുന്നു പിന്നത്തെ മലകയറ്റം. കരുതിയിരുന്ന വെള്ളമൊക്ക തീര്‍ന്നു. പാറയിടുക്കുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കുപ്പിയിലാക്കിദാഹം തീര്‍ത്തു. ഒടുവില്‍ മലയുടെ ഒത്തമുകളില്‍. പാറപ്പുറത്തേക്ക് വലിഞ്ഞു കയറി, ചിലരെ കൈപിടിച്ചും പുറകില്‍ നിന്നു തള്ളിയുമാണ് കയറ്റിയത്. കേയ്റ്റ് രണ്ടു തവണ വീഴുകയും ചെയ്തു.

Ilaveezhapoonjira to Vagamon Trekkingപാറപ്പുറത്ത് ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം. ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍. ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച് പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.

Ilaveezhapoonjira to Vagamon Trekkingമലയിറങ്ങി കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്. അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു. തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. 'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'

ഹെയര്‍പ്പിന്‍ റോഡ് കയറി ഇറങ്ങിയപ്പോള്‍ ഇല്ലിക്കല്‍ പാറയുടെ കാഴ്ച്ച. കുടക്കല്ലും ചതുരക്കല്ലും തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും കൊത്തിവെച്ചിരുക്കുന്നത് പോലുള്ള സ്തൂപങ്ങളും. ഭക്ഷിച്ചാല്‍ അമര്‍ത്യനാവുമെന്ന് വിശ്വസിക്കപ്പെടുന്ന നീലകൊടുവേലി ഇല്ലിക്കമലയില്‍ പൂക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Ilaveezhapoonjira to Vagamon Trekkingഎട്ട് കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍ എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി. അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി. ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍ തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍...



Ilaveezhapoonjira to Vagamon Trekking
ഒടുവില്‍ വാഗമണെത്തിയപ്പോള്‍ വൈകീട്ട് നാല് മണി. ചുറ്റും മലനിരകള്‍ നിറഞ്ഞ അനന്യ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ദൂരെ വൈശാലിപ്പാറ പോക്കുവെയിലില്‍ തിളങ്ങുന്നു. ഇടുക്കി ഡാമിന്റെ നടുക്കുള്ള ഇവിടെയാണ് വൈശാലി സിനിമയില്‍ ഋഷ്യശൃംഗന്റെ താപസഭൂമി ചിത്രീകരിച്ചത്. രാത്രി, വാഗമണിന്റെ തണുത്ത കൈകളില്‍ ഉറങ്ങി. പിറ്റേന്ന് രാവിലെ ഇ-മെയിലുകളും ഫോണ്‍നമ്പറുകളും കൈമാറി വിദേശി സംഘത്തോട് വിട പറഞ്ഞു. ഫസ്റ്റ് ബസ്സ് കഴിഞ്ഞാല്‍ തൊടുപുഴയ്ക്ക് ചിലപ്പോള്‍ ലാസ്റ്റ് ബസ്സ് മാത്രമുള്ള റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സി.യില്‍ മലയിറക്കം.


Travel Info
Ilaveezhapoonchira - Vagamon Trekking

Ilaveezhapoonjira to Vagamon TrekkingJungle path between Ilaveezhapoonchira-Vagamon is a scenic route, with lushgreen hillocks and waterfalls. Poonchira is in the midst of the beautiful hillocks near Thodupuzha. During monsoon, the valley fills up to form a scenic lake.

Location: Dt. Kottayam, located at a height of 3200 ft. Nearest junction is Kanjar (Idukki Dt.). Kottayam (55km)

How to reach
By road:
Proceed from Thodupuzha to kanjar (15km) along Moolamattam road (Bus charge -Rs.10). from Kanjar, only fourwheel drive jeeps will climb up to Poonchira (7km). Jeep charge-Rs.750-850.

By rail: Kottayam (55km).

By air: Kochi (76km).

Contact: Kalypso Adventures (conducts trekking) : E-mail-vishal.kalypso@ gmail.com, nfo@kalypsoadventures.com a www.kalypsoadventures.com. Ameer (Guide)-09539118002. Jayan (Guide)-09961917293. Ratheesh (JeepDriver)-09645606676.

Tourist info centre: 0486-245519

Tips: No electric connection in Poonchira resort aTake precautions against lightning # No hotels at Poochira. Bring food items from Kanjar (7 Km) # Cell phone signals are rare in Poonchira and the entire trek route.

Stay at Ilaveezhapoonchira
DTPC Rest house (Six rooms), James Jacob-09746395295, 04862-243273.

Stay at Thodupuzha
STD Code: 04862
River Banks, Ph: 224942
The Mourya Monarch, Ph: 222697,
Siciliya Hotels, Ph: 222117

Stay at Vagamon
STD Code: 04869
Anannya Tourist home, PH-9847148965
Vagamon Hideout, PH-216166, 9447156000
Vagamon Heights, Ph: 248206
Indo-American International Gurukulam, PH: 04822-289255


Tips For Monsoon Trekkers

Ilaveezhapoonjira to Vagamon Trekkingസാഹസികര്‍ക്കുള്ളതാണ് മഴക്കാല ട്രെക്കിങ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഏറ്റവും ആസ്വാദ്യകരമാവുക ഇക്കാലത്താണ്. എന്നാല്‍ ഏറ്റവും അധികം മുന്‍കരുതല്‍ വേണ്ടതും മഴക്കാലത്താണ്. അട്ടകളെ സൂക്ഷിക്കുക. അട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ പുകയിലയും നല്ലെണ്ണയും മിശ്രിതമാക്കി കാലിലും ഷൂവിലും തേയ്ക്കുക. പുകയില, ഉപ്പ് എന്നിവ കയ്യില്‍ കരുതുക. അട്ടകടിച്ചാല്‍ പറിച്ചെടുക്കരുത്. പിന്നീട് ചൊറിച്ചില്‍ മാറാന്‍ ബുദ്ധിമുട്ടാണ്. അഥവ അറിയാതെ അട്ടയെ പറിച്ചു കളയേണ്ടിവന്നാല്‍, അട്ടകടിച്ച സ്ഥലത്ത് ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി കുളിക്കുന്നതിന് മുന്‍പ് പുരട്ടുക. ചൊറിച്ചിലിന് ശമനമുണ്ടാകും.

മുന്നിലെ കാഴ്ച്ചമറയ്ക്കുന്ന രീതിയില്‍ കോടമഞ്ഞുണ്ടെങ്കില്‍ കോടയിറങ്ങിയ ശേഷമേ ട്രെക്കിങ് തുടരാവു. ഒറ്റയ്ക്ക് പോകരുത്. റൂട്ട് വ്യക്തമായി പരിചയമുള്ള ഗൈഡുകളെ കൂടെ കൂട്ടുക. അതിരാവിലെ തന്നെ ട്രെക്കിങ് ആരംഭിക്കുക. ഉച്ചസമയത്ത് വിശ്രമിക്കുക. ഗൈഡിന്റെ നിര്‍ദ്ദേശം അനുസരിക്കുക. കൂട്ടത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.

Ilaveezhapoonjira to Vagamon Trekkingട്രെക്കിങിനാവശ്യമായതെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുള്ളതും നിരവധി പോക്കറ്റുകളുള്ളതുമായ ബാഗ് കരുതുക. കുഷ്യന്‍ സൗകര്യമുള്ള ഷോള്‍ഡര്‍ സ്ട്രാപ്‌സ് ബാഗിനുണ്ടാവണം. സ്ലീപ്പിങ് ബാഗ്, ടെന്റ്, 50 മീറ്ററെങ്കിലും നീളമുള്ള ട്രെക്കിങ് റോപ്, റെയിന്‍കോട്ട് എന്നിവ കരുതുക. ടോര്‍ച്ച്, സിഗരറ്റ് ലൈറ്റര്‍, ചെറുതും മൂര്‍ച്ചയേറിയതുമായ കത്തി, ബ്ലാങ്കറ്റ്, വാട്ടര്‍ ബോട്ടില്‍, തൊപ്പി, മെഴുകുതിരി. ടോര്‍ച്ച് ബാറ്ററികള്‍ അധികമായി കരുതുക.

കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. കഴുത്ത് മറയ്ക്കുന്ന രീതിയിലുള്ള ഫുള്‍സ്ലീവ് ടീ-ഷര്‍ട്ടും, നിരവധി പോക്കറ്റുകളുള്ള കാര്‍ഗോസുമാണ് ഉത്തമം. ട്രെക്കിങ് ഷൂ തന്നെ ഉപയോഗിക്കുക. നല്ല ഗ്രിപ്പുണ്ടാവണം. കണങ്കാലിന് മുകളില്‍ വരെ എത്തുന്ന ക്യാന്‍വാസ് ഷൂ നല്ലതാണെങ്കിലും, നനഞ്ഞാല്‍ നടപ്പ് പ്രശ്‌നമാണ്. ഗുണനിലവാരമുള്ള സോക്‌സുകള്‍ വേണം ധരിക്കാന്‍. രണ്ട് മൂന്ന് ജോഡികളെങ്കിലും കരുതുക.

Ilaveezhapoonjira to Vagamon Trekkingധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കരുതുക. മദ്യവും സിഗററ്റും ഉപയോഗിക്കരുത്. ട്രെക്കിങിന് മുന്‍പ് മെഡിക്കലി ഫിറ്റ് ആണെന്ന് ഉറപ്പ് വരുത്തുക. രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം, പേശി വലിവ് എന്നിവയുള്ളവര്‍ ട്രെക്കിങിന് ഒരുങ്ങരുത്. വേദന സംഹാരികള്‍, പ്രഥമശുശ്രൂഷ കിറ്റ്, സണ്‍സ്‌ക്രീന്‍ ലോഷന്‍, തലവേദന, ചുമ, നിര്‍ജ്ജലീകരണം, ശരീര ഊഷ്മാവ് അപ്രതീക്ഷിതമായി താഴല്‍ എന്നിവയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കരുതാന്‍ മറക്കരുത്. 
Text: T J Sreejith, Photos: P Jayesh