Thursday, January 15, 2015

സപ്തതടാകക്കരയില്‍, കാട്ടില്‍...

ഒരു യാത്ര പോയേ പറ്റു. എങ്ങനെ? എങ്ങോട്ട് ? എപ്പോ? എനിക്കിഷ്ടമുള്ളിടത്ത്, എന്റെയിഷ്ടത്തിന്. പണ്ട് ഏതോ ഒരു സുഹൃത്ത് പറഞ്ഞ ഗെറ്റ് എവേ ക്യാംപ് ഓര്‍മ്മ വന്നു. ആ പേരും ഒരു കാരണമാവാം. എന്റെ മനസ്സും ശരീരവും ഒരു ഗെറ്റ് എവേയ്ക്ക് വേണ്ടി ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ ഞാന്‍ ഗൂഗിളില്‍ സാത്താല്‍ ഗെറ്റ് എവേ ക്യാംപ് കണ്ടെത്തി. കിട്ടിയ നമ്പരില്‍ വിളിച്ച് മാനവ് എന്നരാളോട് വിവരങ്ങള്‍ തിരക്കി. ഡല്‍ഹിയില്‍ നിന്ന് റാണിഘട്ട് എക്‌സ്​പ്രസ്സില്‍ അവസാന റെയില്‍വേ സ്റ്റേഷനായ കാത്തഗോഡാമില്‍ എത്തുക. അവിടെ മാനവ് കാത്തു നില്‍ക്കുമത്രെ.

പിന്നെ ഇന്ത്യന്‍ റെയില്‍വേസിന്റെ സൈറ്റില്‍ നിന്ന് ടിക്കറ്റ് ഉറപ്പിച്ചു. എല്ലാം വേഗത്തില്‍ നടത്തി. മനസ്സ് മാറാന്‍ പാടില്ലല്ലോ. ഒരു പാട് കാരണങ്ങള്‍ ഞങ്ങള്‍ സ്ത്രീകള്‍ കണ്ടെത്തും. എന്നിട്ട് ആഗ്രഹങ്ങള്‍ നടക്കാത്തതില്‍ സങ്കടപ്പെടും. ഞാനും അതില്‍പ്പെടും. അതുകൊണ്ട് തന്നെ വേഗം കാര്യങ്ങള്‍ തീരുമാനിച്ചു.

യാത്ര അടുക്കും തോറും സങ്കടവും തുടങ്ങി. സാരമില്ല. എന്നു പറഞ്ഞ് ആശ്വസിപ്പിച്ച് മുരളിയും വിച്ചനും എന്നെ യാത്രയാക്കി. ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഇതൊക്കെ പെടും. പക്ഷേ ഇത്തവണ ഞാന്‍ എന്റെ സ്വത്തിനെ പൂര്‍ണ്ണമായ് മുരളിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. എന്തെന്നാല്‍ എനിയ്ക്ക് ഈ യാത്ര അത്ര തന്നെ അത്യാവശ്യമായിരുന്നു.

വെളുപ്പിന് ആറു മണിയ്ക്ക് ട്രെയിന്‍ കാത്തഗോഡത്തില്‍ എത്തുമ്പോള്‍ മാനവ് അവിടെ തയ്യാര്‍. പിന്നെ ഹെയര്‍പിന്‍ വളവുകളിലൂടെ മുകളിലേക്ക്. മലമുകളിലെ വര്‍ണ്ണച്ചായം തേച്ച കൊച്ചു കൊച്ചു വീടുകള്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതു പോലെ. ആ യാത്ര മൂന്നാര്‍- ഊട്ടി യാത്രകളെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ ഹിമാലയത്തിനടുത്തേയ്ക്കാണ് എത്തുന്നതെന്ന സത്യം പതുക്കെ അറിഞ്ഞു.

മാനവ് പറഞ്ഞു തുടങ്ങി. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ കുമയൂണ്‍ താഴ്‌വരയിലെ നൈനിത്താള്‍ ജില്ലയിലെ സാത്താല്‍ എന്ന സ്ഥലത്തേയ്ക്കാണ് നമ്മള്‍ പോകുന്നത്. താല്‍ എന്നാല്‍ തടാകം എന്നാണ്. ഏഴു തടാകങ്ങള്‍ നിറഞ്ഞതാണ് സാത്താല്‍. ഗരുഡ് താല്‍, സൂഖം താല്‍, നള ദമയന്തി താല്‍, ഭീംതാല്‍, രാമ ലഷ്മണ സീതാ താല്‍. അങ്ങനെ മൂന്നു തടാകങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന രാമലക്ഷ്മണസീതാ തടാകത്തിന്റെ അരികെ ഒന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞ് കാര്‍ നിന്നു. ഒരു ചെറിയ നിരാശ തോന്നി. ഇവിടേയ്ക്കാണോ ഇത്ര ആവേശത്തോടെ വന്നത്. കുറേ റിസോര്‍ട്ടും തടാകത്തിനു ചുറ്റും ടൂറിസ്റ്റുകള്‍ക്കായി പെഡല്‍ ബോട്ടുകളും, പിന്നെ കച്ചവടക്കാരും. ഊട്ടിയില്‍ എത്തിയപോലെ.

മാനവ് ബാഗുകള്‍ പെഡല്‍ ബോട്ടിലേക്ക് വച്ചു. ഞാനും പിന്നാലെ അതില്‍ കയറി. ബോട്ട് മുന്നോട്ട് പോയി തുടങ്ങിയപ്പോള്‍ മാനവ് പറഞ്ഞു. ദാ ആ കാണുന്ന ഇടതൂര്‍ന്ന വനത്തിനുള്ളിലാണ് നമുക്ക് എത്തേണ്ടത്. ഇനി നല്ല തണുപ്പ് തുടങ്ങും. ഞാന്‍ കണ്ട കാഴ്ച വാക്കുകള്‍ക്കതീതമായിരുന്നു.

പതുക്കെ ബോട്ട് കരയ്ക്കടുത്തു. ഘനശ്യാമും (പക്ഷിനിരീക്ഷകന്‍ -ടൂര്‍ ഗൈഡ്) ഷേവുവും (വളര്‍ത്തുനായ) ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വ്യാളിമുഖമുള്ള ഈസ്റ്റ്മാന്‍ കളര്‍ച്ചായം തേച്ച പെഡല്‍ ബോട്ട് ആ പ്രദേശത്തിന് ഒട്ടും യോജിക്കുന്നില്ല എന്ന് അതില്‍ നിന്നും ഇറങ്ങിയപ്പോള്‍ തോന്നി.

പതുക്കെ തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് എന്നെ സ്വീകരിക്കാന്‍ നില്‍ക്കുന്ന പൈന്‍ മരങ്ങളെയാണ്. ഇടതൂര്‍ന്ന് തിങ്ങിനില്‍ക്കുന്ന മരങ്ങള്‍. അല്ല, അവയെ അങ്ങിനെ പറഞ്ഞു ചെറുതാക്കിക്കൂട. ഇവയാണ് ശരിക്കും വൃക്ഷങ്ങള്‍. ഇവിടെ നടപ്പാതയില്ല. അതുകൊണ്ടുതന്നെ വഴിതെറ്റാതിരിക്കാന്‍ കല്ലുകളില്‍ വെള്ളച്ചായം പൂശിയിരിക്കുന്നു. ഒരോ അഞ്ചു മിനിറ്റും മാനവ് നിന്നിട്ട് ആ കാടിന്റെ കഥ പറയും. ഈ സ്ഥലത്തിന് ചാര്‍പോറിയ എന്നാണ് പേര്. ഇത് ശിവറാണ, ഗൗരിറാണ എന്ന രണ്ടു സഹോദരന്‍മാരുടെ സ്വപ്നഭൂമിയാണ്. അവരുടെ പൂര്‍വ്വികര്‍ നേപ്പാളില്‍ നിന്ന് ഭീംതാലിലേക്ക് കുടിയേറി. അങ്ങനെ ഇവര്‍ക്കു കിട്ടിയ പൂര്‍വ്വിക സ്വത്ത് അതിന്റെ എല്ലാ നന്‍മയോടും അവര്‍ സൂക്ഷിക്കുന്നു.

ഇവിടെ കൂടുതലും ഗ്രൂപ്പ് ട്രെയിനിംഗിനായി ആളുകള്‍ എത്താറുണ്ട് പിന്നെ കാട് അറിയാന്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍. ഏകാന്തപഥികര്‍. കൂടുതലും പക്ഷിനിരീക്ഷകരാണ്. ഞങ്ങളറിയാതെ, ഞങ്ങളെ അറിയിക്കാതെ, ക്ഷീണിപ്പിക്കാതെ മലമുകളില്‍ എത്തിയ്ക്കാനായിരുന്നു മാനവ് ഇടയ്ക്കിടെ 'സ്റ്റോറിടെല്ലിംഗ്' ഇടവേളകള്‍ എടുത്തത്.

കാടുകയറി മല മുകളില്‍ എത്തുമ്പോള്‍ തുറസ്സായ ഒരു ഗ്രൗണ്ട് കാണാം. അതിനു പിന്നില്‍ നിരനിരയായി 30 ടെന്റുകള്‍. രണ്ടു കട്ടിലുകള്‍ വീതമുള്ള അവയില്‍ 60 പേര്‍ക്ക് സുഖമായി കഴിയാം. എന്നെ നമ്പര്‍ 10 ടെന്റിലേക്കാണ് കൂട്ടികൊണ്ടുപോയത്. വൃത്തിയായി വിരിച്ചിട്ടിരിക്കുന്ന രണ്ടു കട്ടിലുകള്‍. പഴയ ഡല്‍ഹി എന്‍.സി.സി. ക്യാംപും ടെന്റും മനസ്സില്‍ ഒരു 'ദേജാ വൂ' നടത്തി. കുന്നിന്റെ ഏറ്റവും മുകളിലാണ് അടുക്കള. അതിനുതാഴെ പച്ചക്കറിത്തോട്ടം. അതിനു താഴെ ഭക്ഷണഹാള്‍. അതിനും താഴെയാണ് ടെന്റുകള്‍. ചായ കുടിച്ച് ഒന്നു ഫ്രഷായി വരുമ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് തയ്യാര്‍ എന്ന ഉറപ്പില്‍ അടുത്ത ലക്ഷ്യത്തിലേയ്ക്ക്. നമുക്ക് പ്രാഥമിക കാര്യങ്ങള്‍ക്കായിട്ടുള്ള എല്ലാ മോഡേണ്‍ അമിനിറ്റീസും അവിടെ ഉണ്ട് എന്നുള്ളത് മറ്റൊരു സമാധാനമായിരുന്നു.

കുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും ഭക്ഷണം റെഡി. ഓട്ട്‌സും ചപ്പാത്തിയും സബ്ജിയും. അവിടെ വളരുന്ന ആരോഗ്യമുള്ള വിഷം കുത്തിവെക്കാത്ത പച്ചക്കറികള്‍ കൊണ്ട്് രുചിയോടെ പാകം ചെയ്ത് സ്‌നേഹത്തോടെ വിളമ്പിത്തരുന്നു. ബ്രേക്ക് ഫാസ്്റ്റ് കഴിഞ്ഞതോടെ ഘനശ്യാം എന്ന ആസ്ഥാന പക്ഷിനിരീക്ഷകന്‍, ഇനി കാട്ടിലുടെയുള്ള ആദ്യ നടത്തത്തിനു സമയമായി എന്നു പറഞ്ഞു രംഗത്തെത്തി. അടുക്കളയുടെ പിന്നിലുടെയുള്ള വഴിയില്‍ കൂടി ഞങ്ങള്‍ കാട്ടിലേക്ക് കടന്നു. ഘനുന്റെ കയ്യിലുള്ള ബൈനോക്കുലേഴ്‌സും പുസ്തകവും എനിക്ക് മനസ്സിലായി. പക്ഷെ ഒഴിഞ്ഞ കുപ്പി അത് എന്തിനാണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല. ഞങ്ങള്‍ അഞ്ചു പേര്‍ നിര നിരയായി മുന്നോട്ട്. ഘനു ഏറ്റവും മുന്നില്‍. പിന്നെ ഞാന്‍. എന്റെ പിന്നില്‍ ഇന്ദു. ഇന്ദുവിന്റെ പിന്നില്‍ ഭര്‍ത്താവും ട്രെയിനറുമായ പ്രഭാകര്‍. ഏറ്റവും പിന്നില്‍ മാനവ്. ഘനശ്യാം പറഞ്ഞു. കാട്ടിലൂടെ നടക്കുമ്പോള്‍ രണ്ടുകൈയും ഒഴിഞ്ഞിരിക്കണം. പിന്നെ മലയോട് ചേര്‍ന്ന് കാലുകള്‍ ചരിച്ച് വെച്ച് വേണം നടക്കാന്‍. ഘനു തൊട്ടടുത്ത് കണ്ട നീര്‍ച്ചാലില്‍ നിന്ന് വെള്ളം നിറച്ചു. ഇതിലും നല്ലൊരു വെള്ളം വേറെ കാട്ടില്‍ കിട്ടുകയില്ലെന്നൊരു പ്രസ്താവനയും. പുതിയ അറിവുകളും അനുഭവങ്ങളും എന്നിലേയ്ക്ക് കയറി തുടങ്ങിയിട്ടേയുള്ളു. പെട്ടെന്ന് ഘനു വീണ്ടും നിന്നു. എന്നിട്ട് ദൂരെയ്ക്ക്് കൈചൂണ്ടി.

ഒരു നിമിഷം... ഞാന്‍...ഞാനവനെ കണ്ടു. ആരോ പിടിച്ചു നിര്‍ത്തിയപോലെ ഞാനവിടെത്തന്നെ നിന്നുപോയി. എല്ലാം നിശബ്ദമായതുപോലെ. ഞാനും അവനും മാത്രമേയുള്ളുവെന്ന് തോന്നി. ഇവന്‍ ആരാണ്? എന്തിനാണ് ഇവന്‍ എന്നെയിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്. ഇവന്‍ ആരെ കാത്താണീ പാറപ്പുറത്തിരിക്കുന്നത്. അവന്റെ സ്വര്‍ണ്ണ നിറത്തിന് ഭംഗികൂട്ടാന്‍ സൂര്യന്‍ വാശി പിടിയ്ക്കുന്നതു പോലെ. അവനു ചുറ്റുമുളള മരങ്ങള്‍ ഇലകളുടെ പച്ചനിറം എല്ലാം ചേര്‍ന്ന് അവന്റെ ഗാംഭീര്യവും സൗന്ദര്യവും കൂട്ടുന്നു. എന്നെയാണോ അവന്‍ നോക്കുന്നത്. എന്നെയായിരുന്നെങ്കില്‍ എന്ന് ശബ്ദമില്ലാതെ ഞാന്‍ ഉള്ളില്‍ ഉറക്കെ പറഞ്ഞു നോക്കി. എന്റെ ശബ്ദം അവനിഷ്ടമായില്ലെങ്കിലോ എന്നു കരുതി ശ്വാസം പോലും എന്നില്‍ നിന്ന് പുറത്തേയ്ക്കു വന്നില്ല. എന്റെ കൂടെയുള്ള ഇന്ദുവിനെ അവന്‍ കാണരുതേയെന്ന് പ്രാര്‍ഥിച്ചു. എത്രനേരം വേണമെങ്കിലും അവനെ നോക്കിയിരിക്കാന്‍ എനിയ്ക്കു കഴിയുമെന്ന സത്യം ഞാനറിഞ്ഞു.

കടഞ്ഞെടുത്ത ശരീരത്തിലെ കറുത്ത മറുകുകളും നീണ്ട കഴുത്തും ഉയര്‍ന്ന നെറ്റിയും അവന്റെ സൗന്ദര്യം കൂട്ടുന്നു. അവന്‍ ആരാണെന്ന് അവന് ശരിയ്ക്കറിയാവുന്നതു പോലെ. ഞങ്ങള്‍ രണ്ടു പേരുടെയും ഇടയിലുള്ള അകലം ഒന്നു കുറയണമെങ്കില്‍ ചെയ്യേണ്ട ഏതു തപസ്സും ചെയ്യാന്‍ ആ നിമിഷം ഞാന്‍ തയ്യാറായിരുന്നു. ഒന്ന് അടുത്തിരുന്ന് മിണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... എന്റെ ഹൃദയം വായിച്ച് കിളികള്‍ ഞങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പക്ഷേ അവന്‍ ചുറ്റും നോക്കി തിരിഞ്ഞു നടന്നു. ഞാന്‍ ഇവിടെയുണ്ടെന്ന് പറയാന്‍ ... ഒന്നറിയിക്കാന്‍.... എന്റെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി. ഒന്നിനുമാവാതെ അവന്‍ നടന്നു നീങ്ങുന്നതു ഞാന്‍ നോക്കി നിന്നു. അവന്‍ ഉപേക്ഷിച്ചു പോയ നിശ്ശബ്ദതയില്‍ കിളികളുടെ സംഗീതം ഉച്ചസ്ഥായിയിലേക്ക് കയറാന്‍ തുടങ്ങി. പക്ഷിക്കൂട്ടത്തിലെ ശിവമണിയായ മരം കൊത്തി തന്റെ കൊത്തുവാദ്യത്തിനിടയ്ക്ക് എന്താ കപ്പലുമുക്കിയോ എന്നര്‍ഥത്തില്‍ തല ചെരിച്ച് എന്നെയൊന്ന് നോക്കി.

പെട്ടെന്ന് എല്ലാവരേയും ഞെട്ടിച്ച് ആരും ആഗ്രഹിക്കാത്ത, അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത അത് മുഴങ്ങി. എന്റെ മൊബൈല്‍ ഫോണ്‍. എന്റെ കുട്ടിച്ചാത്തന്റെ മുഖം തെളിഞ്ഞു വന്നു അതില്‍. പിന്നെ എല്ലാം നോര്‍മ്മലായി. അറിയാതെ പറഞ്ഞു പോയി. ബി എസ് എന്‍ എല്ലിന് സുതി. അവര്‍ പറഞ്ഞപോലെ തന്നെ ര്ൃൃവരറഹൃഷ കൃലഹമ ഹൃ റസവ യവീറ നമ്രള്‍. വിച്ചനോട് ഉത്തരാഖണ്ഡിലെ വിശേഷം പറഞ്ഞു. പിന്നെ ഞാന്‍ കണ്ട സുന്ദരനെ കുറിച്ച് പറഞ്ഞപ്പോ അവന്‍ ഒരു രാജമാണിക്യം ചിരി ചിരിച്ച് എന്നോട് ചോദിക്ക്യാണ്: ലവന്‍ പുലിയാണോ? എന്റെ സുന്ദരസ്വപ്നം ഒരു വിഷമവുമില്ലാതെ ചിരിച്ചോണ്ട് തകര്‍ക്കുന്ന എന്റെ കൊച്ചു കുട്ടിച്ചാത്തന്‍ ഇതും അങ്ങ് കേരളത്തിലിരുന്നു ചെയ്തു.

ഉച്ച ഭക്ഷണം കഴിഞ്ഞ് ശിവയും കൂട്ടരും ക്യാംപിന്റെ ചരിത്രം വിവരിച്ചു. 14 വര്‍ഷം കൊണ്ടാണ് ഇത് ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കി എടുത്തത്. ആ കാടിന്റെ ഒരോ സ്​പന്ദനങ്ങളും അവര്‍ക്ക് ഒരോരുത്തര്‍ക്കും അറിയാം. മഴക്കാലത്ത് അവര്‍ പ്രകൃതിയ്ക്ക് വേണ്ടി ക്യാംപ് അടച്ചിടുന്നു. വെള്ളം ഭൂമിയില്‍ ആഴ്ന്നിറങ്ങാനും ചെടികളും മരങ്ങളും ഒരു ബാഹ്യ ശല്യവുമില്ലാതെ തഴച്ചു വളരാനും ഇത് അനിവാര്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ഇത് കേട്ടുകൊണ്ടിരുന്നപ്പോള്‍ ഞാനൊരു കാര്യം മനസ്സിലാക്കി തുടങ്ങി. എന്നെ പതുക്കെ തണുപ്പ് കൂട്ടു കൂടാന്‍ തുടങ്ങിയിരിക്കുന്നു. വേഗം ഒരു കുപ്പായം കൂടി എടുത്തിട്ടു. ഗ്രൂപ്പ് ട്രെയിനിംഗിന്റെ ഭാഗമായി കുറേ അഡ്വെഞ്ചര്‍ ആക്ടിവിറ്റീസുണ്ട്. റിവര്‍ ക്രോസിംഗ്, റോക്ക് ക്ലൈംബിംഗ് റാപ്പെല്ലിങ്. അങ്ങിനെ പലതും. ഇതില്‍ പേരുകൊണ്ട് മനസ്സിലാവാത്ത റാപ്പല്ലിംഗ് ഞാന്‍ തിരഞ്ഞെടുത്തു. പാറയില്‍ നിന്ന് താഴേയ്ക്കിറങ്ങുന്നതിനാണ് റാപ്പെല്ലിംഗ് എന്നു പറയുന്നത്. ഇതിനൊക്കെ ട്രെയിന്‍ഡ് ആയ ഇന്‍സ്ട്രക്ടേഴ്‌സ് ഉണ്ട്. അദ്ദേഹം പാറയുടെ മുകളില്‍ സുരക്ഷ ഉറപ്പാക്കുന്ന ശ്രദ്ധയില്‍ ഞങ്ങള്‍ കുറച്ചു പേര്‍ താഴെ അദ്ദേഹത്തെ നോക്കിയിരുന്നു. ഞാന്‍ ആലോചിക്കാതിരുന്നില്ല. ഈ പാറയുടെ മുകളില്‍ കഷ്ടപ്പെട്ട് കയറി പിന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള വഴിയിലൂടെ കയറുകെട്ടി താഴോട്ടിറങ്ങുക? ഇതിന്റെ ആവശ്യം വല്ലതുമുണ്ടോ? പക്ഷേ അങ്ങിനെയങ്ങ് വേണ്ട എന്ന് വെക്കാന്‍ എന്റെ ഈഗോ സമ്മതിച്ചില്ല. കഷ്ടപ്പെട്ട് അള്ളിപ്പിടിച്ച് പാറയുടെ മുകളില്‍ എത്തി. പേടി കൂടിയതുകൊണ്ടാണോ എന്നറിയില്ല, സേഫ്റ്റി ഹാര്‍നെസ്സ് എല്ലാം ധരിച്ച് നില്‍ക്കുന്ന എനിയ്ക്ക് ഇന്‍സ്ട്രക്ടറോടു ഒരു സംശയം മാത്രമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു. എന്താ എന്റെ ഹൃദയം ശാന്തമായിരിക്കുന്നത് എന്താ എനിക്ക് ഭയം തോന്നാത്തത്. അതോ ഇങ്ങനെയാണോ വേണ്ടത്. ഉടന്‍ ഉത്തരം വന്നു. സാരമില്ല ഒന്നു താഴേയ്ക്ക് നോക്കികൊള്ളൂ എല്ലാം ശരിയാകും. അദ്ദേഹം പറഞ്ഞത് അച്ചട്ടായിരുന്നു. താഴേയ്ക്കു നോക്കിയതിനു ശേഷം പിന്നെ എന്റെ ഹൃദയമിടിപ്പ് നിന്നിട്ടേയില്ല. എന്നു മാത്രമല്ല, സ്​പീഡിംഗിന് ഫൈനും അടിച്ചു. പക്ഷേ ഞാനറിയാതെ ഏതോ ഒരു സന്തോഷം എന്റെ മുഖത്തുണ്ടായിരുന്നു.

റാപ്പല്ലിംഗ് കഴിഞ്ഞ് ക്യാപിലെത്തിയപ്പോള്‍ ഇരുട്ടായികഴിഞ്ഞു. ഇവിടെ രാത്രികള്‍ക്ക് നേരം കൂടുതലാണ്. അത്താഴം കഴിഞ്ഞ് എല്ലാവരും കൂടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിനു താഴെ ക്യാംപ് ഫയറിനു ചുറ്റും കൂടി. അവിടെ ഗൗരിയുടെ ഗിത്താര്‍ എല്ലാ പാട്ടിനും അകമ്പടിയായി. ഇവിടെ ശരിക്കും ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. പല സംസ്ഥാനത്തു നിന്നും വന്ന ഞങ്ങളെ വേര്‍തിരിച്ചത് ഒരേ ഒരു കാര്യമാണ്. ഭാഷ. പക്ഷേ ഭാഷയെപ്പോലും തോല്‍പ്പിക്കാന്‍ കഴിഞ്ഞു ഞങ്ങള്‍ക്ക്. പലതിനെകുറിച്ചും ഹൃദയം തുറന്ന് സംസാരിച്ചു. നന്‍മയും തിന്‍മയും ചൂണ്ടിക്കാണിയ്ക്കുമ്പോള്‍ ആര്‍ക്കും ആരോടും ദേഷ്യം തോന്നിയില്ല. പിന്നെ ബ്രിട്ടീഷുകാര്‍ ദാനം തന്ന ഇംഗഌഷ് കയ്യിലുള്ളതുകൊണ്ട് വല്യ തുണയായി. കുറുമ്പന്‍ തണുപ്പ് പതുക്കെ അവന്റെ കെട്ടിപ്പിടുത്തം ശക്തമാക്കിയതോടെ എനിക്ക് ടെന്റിലേക്ക് പോകാനുള്ള സമയമായി.

എന്റെ ടെന്റിനു മുന്നില്‍ മാത്രം ചെറിയൊരു റാന്തല്‍ വച്ചിരുന്നു. രാത്രി എന്തെങ്കിലും ആവശ്യം വന്നാലും ഞാനിറങ്ങില്ല എന്ന് എനിയ്ക്ക് മാത്രമല്ലേ അറിയൂ. പിന്നെ എന്റെ കേരള സുഹൃത്തുക്കളോട് ഒരു കാര്യം. പുതയ്ക്കുമ്പോള്‍ രജായി പുതച്ച് വേണം കമ്പിളി പുതയ്ക്കാന്‍. അല്ലെങ്കില്‍ എന്നെപ്പോലെ രാത്രിമുഴുവന്‍ വിറച്ച് സൂര്യനെ കാത്തിരിക്കേണ്ടി വരും.

അവിടുത്തെ പക്ഷികള്‍ അതിരാവിലെ തന്നെ ഗായത്രി മന്ത്രം തുടങ്ങുന്നു. രാത്രി ഉറങ്ങാത്തതുകൊണ്ട് രാവിലെ ഞാന്‍ നേരത്തെ റെഡിയായി. ഘനശ്യാം പക്ഷി നിരീക്ഷണത്തിനു തയ്യാറായി വന്നു. കയ്യില്‍ ബൈനോക്കുലേഴ്‌സും പുസ്തകവും കുപ്പിയും. ഞങ്ങള്‍ അതിരാവിലെ കാടുകയറാന്‍ തുടങ്ങി. ഒരു മണിക്കൂര്‍ നടന്നുകാണും. നീര്‍ച്ചാലിനടുത്തെത്തിയപ്പോള്‍ കുപ്പി നിറച്ചു. എന്നിട്ട് ചുറ്റും നോക്കിയിട്ട് ഒന്നും മിണ്ടാതെ ഘനശ്യാം പാറപ്പുറത്ത് ഇരിപ്പായി.

സംസാരം നിഷിദ്ധമാണെന്ന് പുറപ്പെടുമ്പോള്‍ നിര്‍ദേശം ഉണ്ടായിരുന്നതുകൊണ്ട് ഒന്നും മിണ്ടാതെ അടുത്ത കല്ലില്‍ ഞാനുമിരുന്നു. പതുക്കെ പതുക്കെ ഞാനും നിശബ്ദതയുടെ ഭാഗമായി. ഘനശ്യാം കാണുന്ന പക്ഷികളെ ഞാന്‍ കാണുന്നില്ല എന്ന സത്യം ഞാന്‍ മനസ്സിലാക്കി. പക്ഷേ പതുക്കെ ഞാനും അവയെ കാണാന്‍ തുടങ്ങി. പക്ഷേ എന്റെ മനസ്സില്‍ അപ്പോ അവയുടെ പേരോ നാടോ ഒന്നും പ്രധാനമായിരുന്നില്ല. ഈശ്വരാ... ഇത്രയും സൗന്ദര്യം ഇവയ്ക്ക് ഉണ്ടായിരുന്നോ? മഴവില്ല് തോറ്റു പോകുന്ന വര്‍ണ്ണ പ്രപഞ്ചം. എത്ര ഭംഗിയായിട്ടാണ് നിറങ്ങള്‍ ചേര്‍ന്നിരിക്കുന്നത്... ഒരിക്കല്‍ മറയൂരില്‍ ഞാന്‍ കണ്ട സൂര്യോദയം എന്റെ കണ്ണു നിറച്ചു. ഇതാ ഇവിടെ .. മരങ്ങളുടെ ഇടയിലൂടെ വീഴുന്ന സൂര്യ വെളിച്ചം വെള്ളത്തില്‍ തട്ടി പക്ഷികളുടെ ദേഹത്ത് വീഴുമ്പോള്‍ ലോകം കണ്ടതില്‍ വെച്ചേറ്റവും സുന്ദരികളും സുന്ദരന്‍മാരും ഇവരാണെന്ന് തോന്നിപ്പോകും. ആ സൗന്ദര്യത്തില്‍ ലയിച്ചിരുന്നപ്പോള്‍ അതുവരെ അനുഭവിക്കാത്ത ഒരു ശാന്തത.

രാത്രി പത്തുമണിക്ക് കാത്തഗോഡാം സ്‌റ്റേഷനില്‍ നിന്ന് എനിക്ക് തിരിച്ച് എന്റെ റിയാലിറ്റിയിലേക്കുള്ള യാത്ര തുടങ്ങണം. ഇവിടെ അടുത്ത് നൂറു വര്‍ഷം പഴക്കമുള്ള നീതിയുടെ ദേവന്‍ എന്നറിയപ്പെടുന്ന ഗോലു മഹാരാജാവിന്റെ അമ്പലമുണ്ട് എന്നറിഞ്ഞപ്പോള്‍ കാണാന്‍ മോഹം തോന്നി. മണിയടി എന്നു നമ്മള്‍ കേട്ടിട്ടേയുള്ളു. ഇവിടെ മണി ആണ് നേര്‍ച്ച. അമ്പലം മുഴുവന്‍ മണിമാലകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. മല മുകളില്‍ മണികളുടെ ഒരമ്പലം. പക്ഷേ മണിയടി ശബ്ദം മാത്രം ഞാന്‍ കേട്ടില്ല. ഗോലു മഹാരാജാവിനോട് എല്ലാവര്‍ക്കും നീതി ലഭിക്കണേ എന്നു പ്രാര്‍ഥിച്ച് പടിയിറങ്ങി.

ഹെയര്‍പിന്‍ വളവുകളിലൂടെ തിരിച്ച് താഴോട്ട് ഏഴു തടാകങ്ങളും താണ്ടി കാത്തഗോഡാം സ്‌റ്റേഷനിലേക്ക്. യാത്രകള്‍ എന്നിലുള്ളതാണ്. പക്ഷേ ഇതുവരെയുള്ള യാത്രകള്‍ ഞാന്‍ കണ്ണുകള്‍ കൊണ്ടാണ് കണ്ടത് എന്നു ഞാനറിഞ്ഞു. അതു കൊണ്ടു തന്നെയാവാം അവയൊന്നം അനുഭവങ്ങളാകാത്തത്. ഇവിടെ ഞാന്‍ ഹൃദയത്തിലൂടെ അറിഞ്ഞ കാര്യങ്ങള്‍, കണ്ടകാര്യങ്ങള്‍ എന്നില്‍ ഒരു അനുഭവമായ് നില്‍ക്കുന്നു. മറക്കാനാവാത്ത അനുഭവം.


Cuckoo Parameshwaran

No comments: