Wednesday, August 18, 2010

ബാണാസുര സാഗരം

Banasurasagar Dam, Wayanad


മണ്ണപ്പം ചുട്ടു കളിച്ച ഏതെങ്കിലും സായിപ്പിന് തോന്നിയ ഐഡിയ ആയിരിക്കു­മോ മണ്ണ് ഡാം അഥവാ എര്‍ത്ത് ഡാം എന്ന സങ്കല്‍പ്പം. പണ്ട് മഴക്കാലത്ത് വീടിന്റെ തൊടിയില്‍ മഴ വെള്ളത്തെ തടഞ്ഞു നിര്ത്താന്‍ മണ്ണ് കൊണ്ട് തട­യണ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ നല്ല ഓരു മഴയ്ക്ക് അത് തവിടു പൊടിയാ­യിട്ടുമുണ്ട്. പറഞ്ഞു വരുന്നത് എന്തിനെക്കുറിച്ചാണെന്നല്ലേ. പറയാം. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എര്‍ത്ത് ഡാമിനെക്കുറിച്ച്. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിനെക്കു­റിച്ച്…

Banasurasagar Dam, Wayanad
ഒരു വൈകുന്നേരമായിരുന്നു ബാണാസുരനെക്കാണാന്‍ വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നി­ന്ന് വാഹനം കയറിയത്. ഡാമിന്റെ താഴെ ഇറങ്ങി ഡാമിന് മുകളിലേക്ക് വലിഞ്ഞു കയറുമ്പോള്‍ ചുറ്റിലും മനസിലും പെരുപ്പിച്ചു നില്‍ക്കുന്ന കൂറ്റന്‍ മലകള്‍.

Banasurasagar Dam, Wayanad
ആ മലയുടെ അപ്പുറത്തുനിന്ന് വൈകുന്നേരത്തെ ചാറ്റല്‍ വെയില്‍ ചുകപ്പു നാടകള്‍ പോലെ ആ­കാശ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓരോ നിമിഷവും ആ ചിത്രത്തിന്റെ നിറങ്ങള്‍ക്ക് ഭാവപ്പകര്‍ച്ച­കള്‍… നീണ്ടു നിവര്‍ന്നു കിടക്കുന്ന മലകളുടെ വലിപ്പവും നീളവും ഡാമിലേക്കുള്ള കയറ്റം കയറു­ന്നതിനനുസരിച്ച് കൂടിവന്നു.
കുറച്ചു നേരത്തെ കിതപ്പിന് ശേഷം ബാണാസുരന്റെ തോളിലെത്തി. ഇവിടുത്തെ കാഴ്ച്ചകള്‍ 360 ഡിഗ്രിയിലാണ്. ഒരു ഫിഷ്ഐ ലെന്‍സിനും പകര്‍ത്താന്‍ കഴിയാത്തത്ര വൈഡായ കാഴ്ച്ച­കള്‍… കുന്നിറങ്ങി വരുന്ന മഞ്ഞ്പാളികള്‍… നിറഞ്ഞു തുളുമ്പുന്ന ബാണാസുരസാഗരം. അത് തഴുകി വരുന്ന തണുത്തകാറ്റ്….
Banasurasagar Dam, Wayanad
കാറ്റിന് വേഗം കൂടുമ്പോള്‍ ഈ സാഗരത്തിലെ തിരമാലകള്‍ക്കും ശക്തികൂടും. ആ തിരമാലകള്‍ ഇവിടുത്തെ ചെറുകല്ലുകളില്‍ തലതല്ലിപ്പൊളിക്കും . ഈ അനന്തമായ കാഴ്ച്ചയിലേക്ക് മനസ്സും ശരീരവും തുറന്ന്വച്ച് രണ്ട് കമിതാക്കള്‍ ഡാമിനു മുകളിലെ കല്‍ഭിത്തിയില്‍ വലിഞ്ഞുകയറിയി­രുപ്പുണ്ട്. കുറച്ച് പയ്യന്‍മാര്‍ വേറൊരിടത്ത് കൂടിനില്‍ക്കുന്നു. ഏതോ കോളേജില്‍ നിന്നും ടൂറിന് വന്നവരാ­ണവര്‍. കാഴ്ച്ചകളില്‍ മതിമറന്ന് അവര്‍ പാട്ടുകള്‍ പാടുന്നു… കൂ കി വിളിക്കുന്നു. പൊട്ടിച്ചിരിക്കു­ന്നു… ഇവിടെ വന്നാല്‍ ഈ കാഴ്ച്ചകള്‍ കണ്ട് ആര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിപ്പോകും. ഒന്നുറക്കെ കൂകാന്‍ തോന്നിയ എന്നെ ഉള്ളിലെ സദാചാരപോലീസുകാരന്‍ വിലക്കി. ഞാന്‍ കൂ­കല്‍ അടക്കിപ്പിടിച്ച് മുന്നോട്ട് നടന്നു.

Banasurasagar Dam, Wayanad
മലമടക്കുകള്‍ കടന്നുവരുന്ന ഇവിടുത്തെ കാറ്റിന് ചൂളം വിളിയുടെ ശബ്ദമാണ്. വൈകുന്നേരത്തെ ഇളം വെയില്‍ മങ്ങി വരുന്നതിനൊപ്പം ഇരുണ്ട നീലനിറം ബാണസുരസാഗരത്തെ പൊതിഞ്ഞു­തുടങ്ങിയിരുന്നു. ഈ ഡാമിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കുള്ള നടത്തം കാഴ്ച്ചയുടെ പുതിയ സാഗരങ്ങളാണ് സമ്മാനിക്കുക.

Banasurasagar Dam, Wayanad
ഈ ഡാമിന്റെ റിസര്‍വോയറില്‍ 28 ചെറു ദ്വീപുകളുണ്ട്. അതിനെയൊക്കെ വലം വച്ചു കാണാന്‍ ഇവിടെ ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിന്റെ സ്പീഡ് ബോട്ടുകളുണ്ട്. ബോട്ട്ലാന്റില്‍ എത്തിയ­പ്പോള്‍ അവിട രണ്ട് സ്പീഡ് ബോട്ടുകള്‍ കാഴ്ച്ചകാരെയും കാത്ത് നില്‍ക്കുന്നു. അതില്‍ ഒ­ന്നില്‍ ക്കയറി ഈ ബാണാസുരസാഗരത്തിലൂടെ പറന്നുനടന്നു.
Banasurasagar Dam, Wayanad
ഹരം പിടിപ്പിക്കുന്ന ഒന്നാണ് ഇവിടുത്തെ സ്പീഡ് ബോട്ടിലെയാത്ര. ഓളപ്പരപ്പുകളെ കീറിമുറിച്ച് മലകള്‍ വലം വച്ച് അവസാനം തളര്‍ന്ന കുതിരയെപ്പോലെ ബോട്ട് ലാന്റില്‍ എത്തിയപ്പോള്‍ ഒ­രിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറി. ഇരുട്ടുവീണ ഡാമിന് മുകളിലൂടെ നടക്കു­മ്പോള്‍ ദൂരെ മലമുകളില്‍ നിന്ന് ഇറങ്ങി വന്ന മഞ്ഞ് മലകളെ മുഴുവന്‍ മറച്ചിരിക്കുന്നു… എന്നാല്‍ അപ്പോഴും മനസ്സില്‍ ഒപ്പിയെടുത്ത ബാണാസുരന്റെ കാഴ്ച്ചകള്‍ മായതെ തന്നെ കിടന്നു.



കടപ്പാട് .. Inside Wayanad /എഴുത്തും ചിത്രങ്ങളും വരുണ്‍ രമേഷ്

Monday, August 9, 2010

കല്യാണ തലേന്ന് സംഭവിക്കുന്നത്.......


Wedding Day
പണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.


ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.

മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.

മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.

ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!


By: Rafi