Wednesday, December 25, 2013

അംബോയുടെ വമ്പ്‌



Ambo, Ethiopia, Africa
എത്യോപ്യയിലെ അംബോ എന്ന കൊച്ചു പട്ടണത്തിലേക്ക് ഞാനും എന്റെ ഭാര്യ ഡോ. അഖില എസ്. നായരും എത്തിച്ചേര്‍ന്നത് ഒരു വര്‍ഷം മുന്‍പാണ്. മഹാമാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനൊപ്പം ചെലവഴിച്ച പതിനാലു വിസ്മയവര്‍ഷങ്ങളുടെ അനുഭവം നല്‍കിയ കരുത്തോടെയാണ് ഇന്ത്യ വിട്ടത്്. വടക്ക് ശ്രീനഗറും കിഴക്ക് ഇറ്റാനഗറും, തെക്ക് കന്യാകുമാരിയും ഉള്‍പ്പെടെ ഭാരതത്തിന്റെ വൈവിധ്യവിസ്മയങ്ങളിലൂടെ മൂന്നു തവണ മുതുകാടിന്റെ സംഘാംഗമായി റോഡുമാര്‍ഗം പര്യടനം നടത്താനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. യാത്രകളിലൂടെ ലഭിക്കുന്ന അറിവ് എത്ര അമൂല്യമാണെന്ന് അറിഞ്ഞത്് ഈ അവസരങ്ങളിലാണ്.

എത്യോപ്യയിലെ വലിയ സംസ്ഥാനമായ (റീജ്യണ്‍) ഒറോമോയിലാണ് അംബോ. രാജ്യതലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 120കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇവിടം മൂന്നു കാര്യങ്ങള്‍ക്കു പ്രസിദ്ധമാണ്: ഒന്ന്, മിനറല്‍ വാട്ടര്‍; രണ്ട്, ചൂടു നീരുറവകള്‍; മൂന്ന്, ആഫ്രിക്കയിലെ തന്നെ പ്രധാനപ്പെട്ട അഗ്നിപര്‍വത തടാകമായ വെഞ്ചി. പട്ടണത്തില്‍ നിന്ന് 35 കി.മീ. അകലെയാണ് വെഞ്ചി തടാകം.

Ambo, Ethiopia, Africaഅഗ്നിപര്‍വതജന്യമായ വെഞ്ചി താടാകത്തിലേക്കൊരു യാത്ര ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. അംബോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസറായ എം.ഐ. സുബേറിയോട് ഇക്കാര്യം അഖില സൂചിപ്പിച്ചു. ബംഗ്ലാദേശിയാണെങ്കിലും ഇന്ത്യക്കാരനെന്നു സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രൊഫ. സുബേറി വലിയൊരു വിവരണം തന്നെ വെഞ്ചിതടാകത്തെക്കുറിച്ച് നല്‍കി. ഞങ്ങളുടെ താല്പര്യം പതിന്മടങ്ങായി. വെഞ്ചികാണാനുള്ള വെമ്പല്‍ ഹൃദയങ്ങളിലേക്കു വ്യാപിക്കുകയായി. ഞങ്ങളില്‍ നിന്ന് പ്രൊഫസറുടെ ഭാര്യ ഡോ. സല്‍മ സുബേറിയിലേക്ക്... ടാന്‍സാനിയയിലുള്ള അവരുടെ അനിയനും ജലശാസ്ത്രജ്ഞനുമായ ഡോ. മസൂദ് ഇലാഹിയിലേക്കും അദ്ദേഹത്തിന്റെ ഡച്ചുകാരിയായ ഭാര്യ ആസ്ട്രിഡ് വാന്‍ അഗതോവനിലേക്കും. യൂനിസെഫിന്റെ ടാന്‍സാനിയന്‍ സ്റ്റേഷന്‍ മാനേജരാണ് ആസ്ട്രിഡ്.

Ambo, Ethiopia, Africaക്രിസ്തുമസ് അവധിക്കാലം എത്യോപ്യയില്‍ ചെലവഴിക്കണമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരിക്കുകയായിരുന്ന ടാന്‍സാനിയന്‍ കുടുംബത്തിന് വെഞ്ചി നല്ലൊരു ആശയമായി. അവരുടെ നാലുവയസുള്ള മകള്‍ അമേല്‍ ഇലാഹിയും കഷ്ടി ആറുമാസം മാത്രം പ്രായമുള്ള മകന്‍ റൂബെന്‍ ഇലാഹിയും താങ്ങുമോ തടാകത്തിലേക്കുള്ള കഠിനമായ യാത്ര? ഞങ്ങള്‍ക്ക് തോന്നിയ ആകുലത രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലായിരുന്നു. കുട്ടികള്‍ കുരുന്നിലേ അനുഭവിച്ചറിയട്ടെ ഭൂമിയുടെ വൈവിധ്യങ്ങള്‍, ഇതായിരുന്നു അവരുടെ വിശ്വാസം.

ഒരു വഴികാട്ടിയെ വേണം. വഴികാട്ടിയെ തേടിയുള്ള ഞങ്ങളുടെ അന്വേഷണം അവസാനിച്ചത് അംബോ സര്‍വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തില്‍ പുതുതായി ചേര്‍ന്ന ടക്ലു എന്ന യുവ എത്യോപ്യന്‍ അധ്യാപകനിലാണ്. ആഡിസ് അബാബ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മുണ്ടന്തറ ബാലകൃഷ്ണന്റെ കീഴില്‍ ജൈവവൈവിധ്യത്തില്‍ പഠനം നടത്തിയ ടക്ലു ഞങ്ങള്‍ക്ക് സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തു.

യാത്രയുടെ ചൊവ്വാഴ്ച

Ambo, Ethiopia, Africaഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്‍ വെഞ്ചിയിലേക്കു തിരിച്ചത്. രാവിലെ 7.30 മണി - എത്യോപ്യയെങ്ങും പ്രയോഗത്തിലുള്ള ഔദ്യോഗിക സമയപ്രകാരം 1.30 മണി! അംബോ സര്‍വകലാശാലയ്ക്ക് എതിരെയുള്ള ഹോട്ടല്‍ 'കേബെറോണി'ല്‍ ഞങ്ങളെത്തി. മസൂദ് കുടുംബം തങ്ങുന്നത് ഇവിടെയാണ്. ആട്ടവും പാട്ടും കുടിയും തീറ്റിയുമായൊരു രാത്രി കഴിഞ്ഞ് ശാന്തമായിരിക്കുകയാണ് കേബെറോണ്‍. പ്രഭാതത്തിന്റെ കുളിര്. കോട്ടു ധാരികളായ മാന്യന്‍മാര്‍ നന്നായി ക്രമീകരിച്ച കസേരകളില്‍ ഉപവിഷ്ടര്‍. 'ഷായേ' (ചായ), 'ബുന്ന' (കടുകടുപ്പത്തിലുള്ള കാപ്പി); 'മക്കാത്തോ' (കടുകടുപ്പത്തിലുള്ള കാപ്പിയില്‍ പാലൊഴിച്ചത്)... ഇഷ്ടാനുസരണം ഓരോന്നു പാനം ചെയ്യുകയാണ് ഓരോരുത്തരും. ചിലര്‍ 'ഇഞ്ചേര'യും 'ഡോറോ വാത്തും' (കോഴിക്കറി) കഴിക്കുന്നു. എത്യോപക്കാര്‍ക്ക് ഇഞ്ചേരയെന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ചപ്പാത്തിയോ ദോശയോ പോലെ. ഏതാണ്ട് 30 സെന്റീമീറ്റര്‍ വ്യാസമുള്ള കനം കുറഞ്ഞ അപ്പമാണ് ഇഞ്ചേര. വൃത്താകൃതിയിലുള്ള ഈ അപ്പം പുളിരസ പ്രധാനമാണ്. ടെഫ് എന്ന ധാന്യം പൊടിച്ച് വെള്ളത്തില്‍ കലക്കി പുളിപ്പിച്ചെടുത്താണ് ഇഞ്ചേര ചുടുന്നത്.

ടെക്ലുവിന്റെ സുഹൃത്തായ ഡ്രൈവര്‍ അബേറയും 13 പേര്‍ക്കിരിക്കാവുന്ന വണ്ടിയും തയ്യാര്‍. നമ്മുടെ മാരുതി വാന്‍ പോലൊരെണ്ണം. സകുടുംബയാത്രയ്ക്കു പറ്റിയത്. ഡോ. മസൂദും ആസ്ട്രിഡും കുഞ്ഞുങ്ങളുമായി വന്നു. അവര്‍ സഞ്ചികളില്‍ കുപ്പി വെള്ളവും വാഴപ്പഴവും റൊട്ടിയും ബിസ്‌ക്കറ്റുമെല്ലാം കരുതിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതിയേ മതിയാവൂ. വാഹനം നിര്‍ത്തുന്നിടത്തു നിന്ന് രണ്ടു മണിക്കൂര്‍ കഠിനമായ കാല്‍നടയാത്ര ചെയ്താലെ തടാക കരയെത്തൂ. തിരിച്ചും രണ്ടു മണിക്കൂര്‍. ഡോ. മസൂദിന്റെ ചുമലിലെ സഞ്ചിയില്‍ സസുഖമിരുന്ന് കുഞ്ഞ് റൂബെന്‍ ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു.

എല്ലാവരും വാഹനത്തില്‍ കയറി ഇരിപ്പായി. ഡ്രൈവര്‍ക്കു സമീപം മുന്‍ സീറ്റില്‍ ടക്ലുവും. ഒരു കുലുക്കം, വണ്ടി ഗമിക്കുകയായി. ടെലികമ്യൂണിക്കേഷന്‍ ഓഫീസിന് എതിര്‍ വശത്തേക്കു തിരിഞ്ഞു. പുതിയ വഴി, പുതിയ അനുഭവങ്ങള്‍. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും റോഡരികത്ത് ഒരു ആള്‍ക്കൂട്ടം. ഗാബയാണ് - ചന്ത. ഒരു കിലോമീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ് അവസാനിച്ചു. ഇനി ചരല്‍ പാത. നല്ല കുലുക്കം. വണ്ടിക്കു പിന്നില്‍ പൊടിമേഘം. നാലു പാടും കല്ലുകള്‍ തെറുപ്പിച്ച് ചക്രങ്ങള്‍... എത്യോപ്യന്‍ ഗ്രാമ ഭംഗിയിലൂടെ ഞങ്ങള്‍ മുന്നേറുകയാണ്. ചില കുതിരയോട്ടക്കാര്‍ ഞങ്ങളുടെ വാഹനത്തെ പിന്നിലാക്കി മികവുകാട്ടി. ഒരു കാലത്ത് ഇന്ത്യാക്കാര്‍ 'ഹെര്‍ക്കുലീസ്', 'ഫിലിപ്‌സ്' സൈക്കിളുകളെ സ്‌നേഹിച്ചിരുന്നതുപോലെ കുതിരകളെ സ്‌നേഹത്തോടെ വളര്‍ത്തുന്നത് എത്യോപ്യയിലെ ഗ്രാമീണരുടെ അഭിമാനമുള്ള വിനോദമാണ്.

അവിസ്മരണീയം ആദ്യദര്‍ശനം
Ambo, Ethiopia, Africa
അബറ വണ്ടി ഓരം ചേര്‍ത്തു നിര്‍ത്തി. (എത്യോപ്യയില്‍ വലതു വശമാണ് ഡ്രൈവിംഗ്). ''ഗാറോയില്‍ കേറി വെഞ്ചിയെ കാണാം, വരൂ'' ടക്ലു പറഞ്ഞു. ഒറോമോ ഭാഷയില്‍ 'ഗാറോ' എന്നാല്‍ കുന്ന്. എല്ലാവരുമിറങ്ങി. ഒരു വശത്ത് കീഴ്ക്കാം തൂക്കായ ഗര്‍ത്തം. മറുവശത്ത് ചെങ്കുത്തായൊരു കുന്ന്. താഴ്‌വാരം പശ്ചാത്തലമാക്കി ഫോട്ടോയെടുക്കണോ, കുന്നില്‍ കേറണോ? ആദ്യമെന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കു സംശയമായി. ''ആദ്യം കുന്നില്‍ കേറൂ. വെഞ്ചി തടാകത്തെ ദൂരെ നിന്നു കാണൂ'' ടെക്ലു നിര്‍ദ്ദേശിച്ചു. കുന്നു കയറവേ തദ്ദേശവാസിയായ ഒരാള്‍ ഞങ്ങളോടൊപ്പം കൂടി. സ്വയം ഒരു വഴികാട്ടിയായി സേവനം നല്‍കുകയാണ് അയാള്‍. ''അതു നല്ല വഴിയല്ല'', ''ഇതിലേ കേറൂ'' എന്നൊക്കെ പറഞ്ഞ് അയാള്‍ ഒപ്പം ചേര്‍ന്നു. ആകര്‍ഷണീയമായ ശരീരഭാഷയും ഇടപെടലും കണ്ടിട്ട് കുഴപ്പമില്ല. ''മഖാന്‍ കേ ഏഞ്ഞു?'' എന്റെ ദുര്‍ബലമായ ഒറോമോ ഭാഷാ ശേഖരത്തില്‍ നിന്ന് ഒന്നു ഞാന്‍ അയാള്‍ക്കു നേരെ തൊടുത്തു - പേര് അറിയാന്‍. ''വൊലെസ്സോ'' മറുപടി. 30 വയസുള്ള കര്‍ഷകനാണു കക്ഷി. സഞ്ചാരികളെത്തുമ്പോള്‍ ഒപ്പം കൂടി വേണ്ട സഹായങ്ങള്‍ ചെയ്യും. കുന്നിനു മേലെ നിന്നു തടാകം കാണാന്‍ പോകുന്നവര്‍ക്ക് ദിശ പറഞ്ഞുകൊടുക്കുമ്പോള്‍ കിട്ടുന്ന സമ്മാനത്തുകകള്‍ അഞ്ചു മക്കളും ഭാര്യയും ഉള്‍പ്പെട്ട കുടുംബത്തിനു അധിക വരുമാനം. കുന്നിനു മേലെ എത്തി ഞങ്ങള്‍ അങ്ങുമിങ്ങും നോക്കി, വെഞ്ചിയെവിടെ, വെഞ്ചി? വൊലെസ്സോ കൈചൂണ്ടിക്കാണിച്ചു, ദാ അവിടെ. വെഞ്ചി തടാകമെന്ന മനോഹരക്കാഴ്ച ആദ്യമായി ഞങ്ങളുടെ കണ്ണുകള്‍ ഒപ്പിയെടുത്തു... നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിളച്ചുമറിഞ്ഞ, കത്തിജ്വലിച്ച, ഉരുകിയൊലിച്ച അഗ്നിപര്‍വത മുഖത്ത് ഇപ്പോള്‍ നീലജലാശയത്തിന്റെ വിഴിഞ്ഞിറങ്ങുന്ന സൗന്ദര്യം! കറുപ്പും ചാരനിറവും കലര്‍ന്ന മലനിരകളാള്‍ വലയം ചെയ്യപ്പെട്ട ഒരു കൈക്കുമ്പിള്‍ നീല ജലം!

വോലെസ്സോയ്ക്ക് പത്തു ബിര്‍ (എത്യോപ്യന്‍ കറന്‍സി) വീതം ഞങ്ങള്‍ സമ്മാനിച്ചു. കുന്നിറങ്ങി വണ്ടിയിലേക്കു കയറി. വീണ്ടും യാത്ര. ബാര്‍ലിപ്പാടങ്ങള്‍ക്ക് സ്വര്‍ണത്തിളക്കം. പൂത്തുലഞ്ഞ ഉരുളക്കിഴങ്ങിന്‍ പാടങ്ങള്‍ക്ക് വയലറ്റിന്റെ വശ്യത. കിലോമീറ്ററുകള്‍ കഴിഞ്ഞ് വണ്ടി വീണ്ടും ഓരം ചേര്‍ന്നു. നേരെ മുന്നിലൊരു ബോര്‍ഡ്: വെഞ്ചി ഇക്കോടൂറിസം അസോസിയേഷന്‍ (വെറ്റ). പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നന്നായി നടത്തിപ്പോരുന്ന മാതൃകാസംരഭമാണ് വെറ്റ.

റോഡില്‍ നിന്നുയര്‍ന്നാണ് ഓഫീസ്. ടിന്‍ ഷീറ്റിട്ട ചെറു കെട്ടിടം. ഞങ്ങളെ കണ്ടപാടെ കുറെ കുട്ടികള്‍ പൂക്കളുമായി ഓടി വന്നു. പൂക്കള്‍ ഞങ്ങള്‍ക്കു നല്‍കി ഏതാനും ബിര്‍ നേടുകയാണ് ലക്ഷ്യം. പിഞ്ചുമുഖങ്ങളില്‍ കറചാര്‍ത്തി പൊടിയും മൂക്കൊലിപ്പും. അകത്ത് ഔദ്യോഗിക ഗൈഡുകള്‍ ഇരിപ്പുണ്ട്. ദാവീത്, ഫയേറ, കെബെഡെ, അയലെ - എല്ലാം യുവാക്കള്‍. പ്രൊഫ. സുബേറിയും ടക്ലുവും ഗൈഡുകളും ചുവരില്‍ പതിച്ചിരുന്ന വെഞ്ചി തടാകത്തിന്റെ രൂപരേഖയിലൂടെ കൈയോടിച്ച് പലതും തീരുമാനിച്ചു. ഒരു കുതിര - അമേലിനു സഞ്ചരിക്കാന്‍, ഒരു ദിശയിലേക്ക് അന്‍പതു ബിര്‍. തടാകത്തിനു നടുവിലെ ദ്വീപിലേക്ക് ബോട്ടിംഗ് - ആളൊന്നുക്ക് നാല്പതു ബിര്‍. പിന്നെ ഒരു ഔദ്യോഗിക വഴികാട്ടിയെ വെറ്റ ഓഫീസ് നിയോഗിക്കും - അന്‍പതു ബിര്‍. സന്ദര്‍ശകരില്‍ മതിപ്പുളവാക്കും വിധം സുതാര്യവും വിനയാന്വിതവുമാണ് വെറ്റയുടെ ഇടപാടുകളെന്നു തോന്നി.

Ambo, Ethiopia, Africaഞങ്ങള്‍ക്കു കിട്ടിയ വെറ്റ ഗൈഡാണ് 19 വയസുകാരന്‍ കെബെഡെ. എല്ലാവരും വണ്ടിയിലേക്കു കയറി. ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട്. ഇനി വാഹനങ്ങള്‍ക്കു പ്രവേശനമില്ല. കാല്‍നട തന്നെ. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അമേല്‍ ബുസു എന്ന കുതിരപ്പുറത്ത് കയറി. ഡോ. സല്‍മയ്‌ക്കൊരു സംശയം - രണ്ടു മണിക്കൂര്‍ അങ്ങോട്ട്, രണ്ടു മണിക്കൂര്‍ ഇങ്ങോട്ട്, സാധിക്കുമോ. അങ്ങനെ അവരും കേറി ഒരു കുതിരപ്പുറത്ത്, പേര് മഗള്‍. അഡീഷണല്‍ കുതിരയ്ക്ക് വേണ്ട പണം വെറ്റ ഗൈഡിനെ ഏല്‍പിച്ചു. ഞങ്ങളില്‍ രണ്ടുപേരെ വഹിച്ച് കുതിരകള്‍, ബാക്കിയുള്ളവര്‍ കാലാള്‍ പടപോലെ ഒപ്പം.

ട്രെക്കിംഗ് അനുഭവം

ഇളകിയ പൊടി മണ്ണും ഉരുളന്‍ കല്ലുകളുമാണ് വഴിനീളെ. വെള്ളവിരിച്ചപോലെ. തടാകമെത്തുന്നതുവരെ ഇറക്കമാണ്. അശ്രദ്ധ അപകടം വിളിച്ചു വരുത്തും - എനിക്കു പറ്റിയത് അതാണ്. ക്യാമറയും പേനയും എഴുത്തുമൊക്കെയായി സ്റ്റൈലന്‍ പ്രകടനം നടത്തുകയായിരുന്നു. ഒരു നിമിഷം, ഒന്നു പാളി. മൂടും കുത്തി വീണുപോയി. എല്ലു നുറുങ്ങുമെന്നു കരുതിയതാണ്. വീണത് രണ്ടടിയോളം കനത്തിലുള്ള പൊടിമണ്ണിലേക്കായതിനാല്‍ മെത്തയില്‍ വീണന്നേ തോന്നിയുള്ളു. കണ്ണാടി തെറിച്ച് പൊടിയില്‍ മുങ്ങിപ്പോയി.

ഒരു വശത്ത് ചെങ്കുത്തായ പര്‍വതനിര, മറുവശത്ത് അഗാധമായ ഗര്‍ത്തങ്ങള്‍ - ഇതായിരുന്നു ട്രെക്കിംഗിലുടനീളം കണ്ട ഭൂമിയുടെ അവസ്ഥ. വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലുള്ള ഇലകളും പൂക്കളും കൊണ്ട് മൂടിയിരിക്കുകയാണ് പര്‍വതനിരകളും താഴ്‌വാരങ്ങളും. എങ്ങും നല്ല തണുപ്പ്. ചിലയിടങ്ങളില്‍ പര്‍വതഭാഗങ്ങള്‍ നഗ്നമായിരിക്കുന്നു. മണ്ണിടിച്ചിലുണ്ട്. ''ഇവിടെ കാറ്റുമൂലവും മണ്ണൊലിപ്പ് ഉണ്ടാകാം'', അഖില പരിസ്ഥിതിശാസ്ത്രം പറഞ്ഞു. പര്‍വതനിരകളില്‍ കാണപ്പെട്ട മണ്ണിന്റെ അടുക്കുകള്‍ ഓരോന്നായി തൊട്ടുകാട്ടിക്കൊണ്ട് പ്രൊഫ. സുബേറി വിശദീകരിച്ചു: ''ഇത് കളിമണ്ണ്..., ഇത് ചരല്‍ മണ്ണ്..., ആ വെള്ള നിറം കണ്ടില്ലേ, അത് കാല്‍ഷ്യം, ഫോസില്‍ സാന്നിധ്യമാണത് സൂചിപ്പിക്കുന്നത്''. ഇന്ത്യന്‍ മെര്‍ലിന്‍ മുതുകാടിനൊപ്പം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ചെയ്ത യാത്ര ഞാന്‍ ഓര്‍ത്തു പോയി. ദുര്‍ബലമായ പര്‍വത ഭാഗങ്ങള്‍ പലപ്പോഴും വഴിമുടക്കിക്കൊണ്ട് ചഴഞ്ഞിറങ്ങിയിരുന്നു. വെഞ്ചിയിലും പര്‍വതഘടന കശ്മീര്‍ മലകള്‍ പോലെ തന്നെ.

Ambo, Ethiopia, Africaരണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരും ഒരു ജലശാസ്ത്രജ്ഞനും സംഘത്തിലുണ്ടായത് നല്ലൊരു അനുഭവമായി. വഴിക്കാഴ്ചകള്‍ക്കു പിന്നിലെ ശാസ്ത്രം ഇവര്‍ വിശദീകരിക്കും. യാത്രയുടെ ഓരോ നിമിഷവും അങ്ങനെ പഠനമായി. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അഗ്നിപര്‍വ്വതം ദിഗന്തം ഭേദിച്ചുകൊണ്ട് പൊട്ടിത്തെറിച്ചു. ഭൂമി പിളര്‍ന്ന് ഉരുകിയ പാറയും തീയും പരന്നൊഴുകി. കാലാന്തരം തണുത്തുറഞ്ഞ് ശാന്തതയിലേക്ക്. ഉരുകിയ മെഴുക് ഉറയും പോലെ ഉരുകിയ പാറയും ഉറഞ്ഞ് മലയായി. അഗ്നിപര്‍വതമുഖം പ്രകൃതി സൃഷ്ടിച്ച വലിയ വാര്‍പ്പുപോലെ നിലകൊണ്ടു. തിമിര്‍ത്തു പെയ്ത് മഴയെല്ലാം ഈ വമ്പന്‍ വാര്‍പ്പില്‍ ശേഖരിക്കപ്പെട്ടു. മഴയുടെ അളവും എണ്ണവും ആവശ്യത്തിനുണ്ടായപ്പോള്‍ ഒരിക്കലും വറ്റാത്ത ഭീമന്‍ തടാകമായി അവിടം മാറി. അങ്ങനെ വെഞ്ചി എന്ന അഗ്നിപര്‍വതജന്യ തടാകം പിറന്നു. വിസ്മയകരം!

വഴിക്ക് നാല് ചൈനീസ് സഞ്ചാരികളെ കണ്ടു. ''ഹായ് യു ആര്‍ ഫ്രം ഇന്ത്യ? ഇന്ത്യ ചൈനാ ആര്‍ ബ്രദേഴ്‌സ്'' അതിലൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനിയങ്ങോട്ട് കുതിരയ്ക്കും പ്രവേശനമില്ല. അമേലും ഡോ. സല്‍മയും ഞങ്ങളോടൊപ്പം കാല്‍നടയ്ക്കു ചേര്‍ന്നു. ഏതാണ്ട് നൂറു വാര കൂടി നടന്നപ്പോള്‍ തടാക തീരമായി. മനോഹരിയായ വെഞ്ചിയിതാ കൈയെത്തും ദൂരത്ത്!

ബോട്ടിംഗ്

തടാകത്തിന് ഒത്ത മധ്യത്തായി നിലകൊള്ളുന്ന മനോഹരമായ ദ്വീപാണ് അടുത്ത ലക്ഷ്യം. തീരത്തോട് ചേര്‍ന്ന് രണ്ടു ചെറു ബോട്ടുകളുണ്ട്. ഒന്നു വലുത്, തടികൂട്ടിച്ചേര്‍ത്ത് തകിടുകൊണ്ട് പൊതിഞ്ഞത്. മറ്റൊന്ന് ചെറുത്, ഫൈബര്‍ നിര്‍മിതം. രണ്ടാമത്തേതാണ് ഞങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തുഴക്കാരുണ്ട്, മധ്യവയസ്‌കരായ അസ്ഫയും അബെറ്റയും. ചിരിച്ചുകൊണ്ട് ഹസ്തദാനം നല്‍കി അവര്‍ ഞങ്ങളെ ബോട്ടിലേക്കു സ്വീകരിച്ചു. ഞാന്‍ ചോദിച്ചു: ''എത്ര പേര്‍ക്കു കയറാം?'' ആറ് പേര്‍ക്കെന്ന് മറുപടി. സ്വതവേ ജലഭയമുള്ള എനിക്ക് അസ്വീകാര്യമായ മറുപടി. വെറ്റ ഗൈഡും കുഞ്ഞുങ്ങളും എല്ലാം ചേര്‍ന്നാല്‍ പത്തുപേരായി. ഭയം മനസ്സിലൊളിപ്പിച്ച് മുഖത്തൊരു പുഞ്ചിരി നിലനിര്‍ത്താന്‍ ഞാന്‍ ആവതു ശ്രമിച്ചു. ബോട്ടു നീങ്ങിത്തുടങ്ങി. ഏതാനും ദൂരം ചെന്നപ്പോള്‍ തുഴക്കാരന്‍ അസ്ഫ അയാളുടെ വിജ്ഞാനം വിളമ്പി: ''ഇവിടെ ഏതാണ്ട് 75 മീറ്റര്‍ ആഴം വരും''. എല്ലാവരും അതിലെ ത്രില്‍ ആസ്വദിച്ചു. എനിക്ക് മറ്റൊരു അപ്രിയസത്യമായേ തോന്നിയുള്ളൂ. തണുത്ത തടാകജലത്തെ തുഴകള്‍കൊണ്ട് കീറിമുറിച്ച് നമ്മുടെ ജലയാനം ദ്വീപിന്റെ കരയില്‍ ഇടിച്ചു നിന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3380 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടകാത്തിനു നടുവിലൊരു ദ്വീപ്. നിശബ്ദം, സ്വച്ഛന്ദം. ഇടതൂര്‍ന്ന മാമരങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത. അതിലൂടെ ഞങ്ങള്‍ നടന്നു. ചെന്നെത്തിയത് ഒരു ക്രിസ്ത്യന്‍ പള്ളിയിലാണ്. തിരുമുറ്റത്ത് മരം കൊണ്ടുണ്ടാക്കിയ മണിമേട. പള്ളി തുറന്നിട്ടില്ല. വിശ്വാസികള്‍ വരുമ്പോള്‍ മാത്രമേ പള്ളിയില്‍ ആരാധനയുള്ളൂ. പുരോഹിതന്മാര്‍ പോലും അവിടെ താമസമില്ല. കിളികള്‍ക്കും കാറ്റിനും മരങ്ങള്‍ക്കും പുല്ലിനും പൂക്കള്‍ക്കും ആത്മീയതയ്ക്കും മാത്രമായി ഒരു തുണ്ട് ഭൂമി. നിശബ്ദതയാണ് ഈ ദ്വീപിന്റെ മുഖമുദ്ര. മന:ശാന്തി സന്ദര്‍ശകര്‍ക്കുള്ള സമ്മാനം. അതിഥികളെ കണ്ടിട്ടെന്നോണം പക്ഷികള്‍ പാട്ടുപാടി. ഒരു മൂളലോടെ ഇളംകാറ്റു ഞങ്ങളെ തഴുകി. മരച്ചില്ലകള്‍ ചാഞ്ചാടി. സ്വര്‍ഗീയമായ ചുറ്റുപാടില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ വിശപ്പുമാറ്റി. നല്ല യാത്രാക്ഷീണമുണ്ട്. തുഴക്കാരും ഒപ്പം ചേര്‍ന്നു. കൊണ്ടു വന്ന ബിസ്‌കറ്റും പഴവും റൊട്ടിയുമെല്ലാം എല്ലാവരും പങ്കിട്ടെടുത്തു. ''നിങ്ങള്‍ തയ്യാറെങ്കില്‍ ഈ ദ്വീപിനു ചുറ്റും ഒരു വലം ബോട്ടു തുഴയാന്‍ ഞങ്ങള്‍ തയ്യാര്‍. വരുന്നോ?'' തുഴക്കാരന്‍ അബേറ്റ അന്വേഷിച്ചു. എല്ലാവരും തയ്യാര്‍, ഞാന്‍ പോലും! പക്ഷേ ആസ്ട്രിഡിനു താല്പര്യമില്ല. ദ്വീപിലിരുന്ന് കുഞ്ഞു റൂബെന് മുലയൂട്ടണമെന്നാണ് ആസ്ട്രിഡ് ആഗ്രഹിച്ചത്. ''ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് സുരക്ഷിതമാണോ?'' ടക്ലു ചോദിച്ചു. ''തീര്‍ച്ചയായും. ഇവിടെ അവര്‍ പരിപൂര്‍ണ സുരക്ഷിതയായിരിക്കും'', കെബെഡെ ഉറപ്പു നല്കി.

ദ്വീപിനു ചുറ്റും ഞങ്ങള്‍ ഒരു വലം ബോട്ടുയാത്ര നടത്തി. പറഞ്ഞാലും തീരാത്ത ജലഭംഗി. ഒരിടത്തു കടും നീല. മറ്റൊരിടത്ത് മരതകം പോലെ കടും പച്ച. ജലപ്പക്ഷികള്‍ പ്രത്യേക ശബ്ദത്തോടെ ഊളിയിട്ട് പുല്‍മേട്ടിലേക്കൊളിച്ചു. ചുറ്റും സഗൗരവം ഉയര്‍ന്നു നില്ക്കുന്ന പര്‍വതനിര. തിരിച്ച് ദ്വീപിലെത്തിയപ്പോള്‍ ആസ്ട്രിഡിന്റെ മടിയിലിരുന്ന് കുഞ്ഞു റൂബെന്‍ ഞങ്ങള്‍ക്കൊരു പഞ്ചാരപുഞ്ചിരി സമ്മാനിച്ചു. വശ്യലാവണ്യമുള്ള പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അമ്മയുടെ അമ്മിഞ്ഞപ്പാല്‍ നുകരാന്‍ കഴിഞ്ഞാല്‍ ഈ ഭൂമിയില്‍ ഏതു കുഞ്ഞാണ് ഇഷ്ടപ്പെടാത്തത്!

മടക്കയാത്രയ്ക്കു സമയമായി. തിരികെ സഞ്ചരിക്കവേ ദ്വീപിലൊരു പഴയ കല്ലറ കണ്ടു. അതില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഫ്രെയിം ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ദ്രവിച്ചുതുടങ്ങിയ ആ മുഖത്തൊരു പുഞ്ചിരി - സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി പുരണ്ട പുഞ്ചിരി. നിത്യശാന്തി! വീണ്ടും ബോട്ടിലേക്ക്. യാനം മാറിയിരിക്കുന്നു - തടികൊണ്ടുള്ള ബോട്ടാണ്. പുതിയൊരു സഞ്ചാരികൂടി, തദ്ദേശിയാണെന്നു തോന്നുന്നു. തുഴക്കാരനില്‍ നിന്ന് തുഴകൈക്കലാക്കാന്‍ അയാളൊരു ശ്രമം നടത്തിയപ്പോള്‍ ബോട്ടൊന്നു കുലുങ്ങി. എന്റെ മുഖം വലിഞ്ഞു മുറുകി. അഖില അതുകണ്ട് ചിരിച്ചു. പിന്നെ കൂട്ടച്ചിരിയായി. മറുകരയെത്തി. ഇനി നടക്കണം. കയറ്റമാണ്. അമേലിനും ഡോ. സല്‍മയ്ക്കുമൊപ്പം അഖിലയും ആസ്ട്രിഡും കൂടി കുതിരസവാരിക്കാരായി. ''കൗ ഗേള്‍സ്'' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ആണ്‍പ്രജകള്‍ കാല്‍നടക്കാര്‍. കാഴ്ചകള്‍ കണ്ടും കേട്ടും കാറ്റിന്റെ തഴുകലേറ്റും മുന്നോട്ട്. വെഹിക്കിള്‍ സ്റ്റോപ് പോയിന്റിലെത്തിയപ്പോള്‍ വൈകിട്ട് 3.45 (എത്യോപ്യന്‍ ഔദ്യോഗിക സമയം 9.45). അവിടെ നിന്ന് ഒന്നു തിരിഞ്ഞു നോക്കി. അകലെയായി വെഞ്ചി. വാനനീലിമ മുഴുവന്‍ വാരിത്തേച്ച് അവള്‍ വീണ്ടും വിളിക്കുകയാണ്.

Text & Photos: K P Shivakumar
(എത്യോപ്യയിലെ അംബോ പട്ടണത്തിലെ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനാണ് ലേഖകന്‍. ഭാര്യ, ഡോ. അഖില എസ്. നായര്‍ അംബോ സര്‍വകലാശാലയില്‍ പരിസ്ഥിതി ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍.) )

Thursday, December 12, 2013

വിധേയന്‍

ഗൗതമന്‍ ഭാസ്‌കരന്‍

Vidheyan Malayalam movie
ഓരോ സംവിധായകനും ഉണ്ടാവും പ്രിയപ്പെട്ട ചില അഭിനേതാക്കള്‍. സത്യജിത് റേയുടെ ഭാഗ്യതാരം സൗമിത്ര ചാറ്റര്‍ജിയായിരുന്നു. ആ രചയിതാവിന്റെ സിനിമകളില്‍നിന്ന് സൗമിത്ര ചാറ്റര്‍ജിയുടെ പ്രതിഭ പ്രസരിച്ചുകൊണ്ടിരുന്നു. 1959-ല്‍ അപുര്‍ സന്‍സാര്‍ എന്ന ചിത്രത്തിലാണ് സത്യജിത് റേ അദ്ദേഹത്തെ ആദ്യം അഭിനയിപ്പിച്ചത്. പിന്നീട് മറ്റു സിനിമകളിലും ചാറ്റര്‍ജി വേഷമിട്ടു. ആ ചലച്ചിത്രാചാര്യന്റെ സിനിമയെ അദ്ദേഹം വളരെയധികം സമ്പന്നമാക്കി.

ഗോപാലകൃഷ്ണനും ഇതുപോലെ പ്രിയപ്പെട്ട ചില നടന്മാര്‍ ഉണ്ടായിരുന്നു. ഈ സ്വജനപക്ഷപാതം (കൂടുതല്‍ ഭേദപ്പെട്ട ഒരു പദം കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്) പക്ഷേ, തുല്യമായി വിതരണംചെയ്യപ്പെട്ടിരുന്നു. നിരവധി നടന്മാരെ നിരവധി അവസരങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചു. കരമന ജനാര്‍ദനന്‍ നായര്‍, പി.സി. സോമന്‍, വെമ്പായം തമ്പി, സോമശേഖരന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ലളിത എന്നിവര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് ആരായിരുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഈ നടന്മാരുടെ അപ്പുറത്തേക്ക് കണ്ണയയ്ക്കും. അത് അദ്ദേഹത്തിന്റെ ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മയാണ്. നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും എന്നീ ഒടുവിലത്തെ രണ്ടു ചിത്രങ്ങള്‍ ഒഴികെ അടൂരിന്റെ എല്ലാ സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചത് മങ്കട രവിവര്‍മയായിരുന്നു.

സത്യജിത് റേ താരങ്ങളെ വിരളമായി മാത്രമേ ഉപയോഗിച്ചുള്ളൂ. താരങ്ങളെ ഉപയോഗിച്ചപ്പോഴെല്ലാം കാര്യമായ പര്യാലോചന അതിനു പിന്നിലുണ്ടായിരുന്നു. 1966-ല്‍ ഉത്തംകുമാര്‍ എന്ന ബംഗാളി സൂപ്പര്‍ താരത്തെ നായക് എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കുമ്പോള്‍ ഒരു താരത്തിന്റെ വേഷത്തോട് ഒരു താരത്തിനല്ലാതെ നീതിപുലര്‍ത്താനാവില്ലെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. നായക് ഒരു താരത്തെക്കുറിച്ചുള്ള കഥയായിരുന്നു. എന്നിട്ടും ഉത്തംകുമാറിനെ അഭിനയിപ്പിച്ചതിന്റെ പേരില്‍ സത്യജിത് റേ വിമര്‍ശനങ്ങള്‍ നേരിട്ടു. ഒരു സൂപ്പര്‍ താരത്തെ ഉപയോഗിക്കുന്ന തലത്തിലേക്ക് റേ ഇപ്പോള്‍ തരംതാണിരിക്കുന്നുവെന്ന് മൃണാള്‍സെന്‍ കുത്തുവാക്കു പറഞ്ഞു.

താരങ്ങള്‍ തനിക്കുവേണ്ടി അഭിനയിച്ചപ്പോള്‍ ഗോപാലകൃഷ്ണന് ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നില്ല. സ്വയംവരത്തിലും എലിപ്പത്തായത്തിലും അഭിനയിക്കുമ്പോള്‍ ശാരദ ഒരു ജനപ്രിയതാരമായിരുന്നു. സ്വയംവരത്തില്‍ അഭിനയിക്കുന്ന കാലത്ത് മധു ഒരു സൂപ്പര്‍ താരമായിരുന്നു. പിന്നീട് അനന്തരത്തില്‍ തുടങ്ങി തുടര്‍ച്ചയായ മൂന്നു ചിത്രങ്ങളില്‍ ഗോപാലകൃഷ്ണന്‍ മമ്മൂട്ടിയെ അഭിനയിപ്പിച്ചു.

വിധേയനിലെ ഭാസ്‌കരപ്പട്ടേലരായും മതിലുകളിലെ ബഷീറായും അവിസ്മരണീയമായ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ബഷീറിനെ അവതരിപ്പിച്ചശേഷം പട്ടേലരായി അഭിനയിച്ചപ്പോള്‍ വ്യത്യസ്തമായ ഈ രണ്ടു കഥാപാത്രങ്ങളുടെയും പകര്‍ന്നാട്ടത്തിലൂടെ മമ്മൂട്ടി പ്രേക്ഷകനെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. മതിലുകളിലെ ബഷീര്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, നല്ല വ്യക്തിപ്രഭാവമുള്ള, സൗമ്യനായ ഒരു സാഹിത്യ കാല്‍പ്പനികനാണ്. പക്ഷേ, വിധേയനിലെ പട്ടേലര്‍ എല്ലാവരാലും വെറുക്കപ്പെടുന്ന, അവജ്ഞാപൂര്‍വം വീക്ഷിക്കപ്പെടുന്ന, മൃഗീയസ്വഭാവമുള്ള ഒരാളാണ്. സൗമ്യനായ ആ കാല്‍പ്പനിക എഴുത്തുകാരനില്‍നിന്ന് വെറുക്കപ്പെടേണ്ട ഈ ദുഷ്ടനിലേക്കുള്ള പരകായപ്രവേശം മമ്മൂട്ടി വിസ്മയകരമായി ചെയ്തു. ഭീതികൊണ്ടും തങ്ങള്‍ക്കുമേല്‍ അയാള്‍ ചെലുത്തുന്ന അധികാരംകൊണ്ടും പട്ടേലരിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ജനങ്ങളെ അയാള്‍ തന്റെ വിനീതദാസന്മാരാക്കുന്നു. സമുദായത്തിലെ അധഃകൃതരെ തൊഴിക്കുകയും അവരുടെ മേല്‍ തുപ്പുകയും ചെയ്യുന്ന ദുഷ്ടനും ദുര്‍വൃത്തനുമാണ് മമ്മൂട്ടിയുടെ പട്ടേലര്‍. അയാള്‍ കൊലചെയ്യുകയും ബലാല്‍സംഗം നടത്തുകയും ചെയ്യുന്നു. തന്റെ സുന്ദരിയായ ഭാര്യ സരോജ (തന്‍വി ആസ്മി)യെ അയാള്‍ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. തന്റെ ദുഷ്ടത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ അവള്‍ വിസമ്മതിക്കുന്നതുകൊണ്ടാണ് സരോജയെ അയാള്‍ കൊല്ലുന്നത്.

1960-കളുടെ തുടക്കത്തില്‍ നടക്കുന്ന കഥയാണ് വിധേയന്റേത്. ജന്മനാടായ കേരളത്തിലെ ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കു കുടിയേറിയ നൂറുകണക്കിനു ക്രിസ്ത്യാനി കര്‍ഷകരെപ്പോലെ തൊമ്മിയും (എം.ആര്‍. ഗോപകുമാര്‍) ഭാര്യ ഓമനയും (സബിത ആനന്ദ്) തെക്കന്‍ കര്‍ണാടകത്തില്‍ എത്തുകയാണ്. കര്‍ണാടകയിലെ വിപുലമായി പരന്നുകിടക്കുന്ന കന്യാഭൂമിയെപ്പറ്റി കേട്ട തിരുവിതാംകൂര്‍ കര്‍ഷകര്‍ അതില്‍ ആകൃഷ്ടരായി. രണ്ടാം ലോകമഹായുദ്ധകാലത്തു തുടങ്ങിയ കൂട്ടപ്പലായനത്തില്‍ ഒടുവില്‍ വന്നവര്‍ തൊമ്മിയും ഓമനയുമായിരുന്നു.

തൊമ്മി ഭാസ്‌കരപ്പട്ടേലരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. നികുതി പിരിച്ചെടുക്കാനും നിയമം നടപ്പാക്കാനും ബ്രിട്ടീഷുകാര്‍ നിയമിച്ച പട്ടേലര്‍മാരില്‍ ഒരാളാണ് ഭാസ്‌കരപ്പട്ടേലര്‍. 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുവെങ്കിലും ഈ സമ്പ്രദായത്തിലുള്ള റവന്യൂ ഭരണം 1960-കളുടെ ആദ്യപാദങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുന്നതുവരെ പ്രചാരത്തിലുണ്ടായിരുന്നു. തൊമ്മിയും ഭാര്യയും വരുന്ന സമയത്ത് ഭാസ്‌കരപ്പട്ടേലര്‍ക്കു നിയമപരമായ അധികാരങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

പക്ഷേ, തന്റെ വലംകൈയായ ചിലരിലൂടെയും ബലപ്രയോഗത്തിലൂടെയും തനിക്കു ചുറ്റുമുള്ളവരെ ദ്രോഹിക്കുന്ന പതിവ് അയാള്‍ തുടരുന്നുണ്ടായിരുന്നു. പട്ടേലര്‍ തൊമ്മിയെ പേടിപ്പിക്കുകയും അയാളെ വിനീതനായ ഊമയാക്കി മാറ്റുകയും ചെയ്യുന്നു. പിന്നീട് തൊമ്മിയുടെ ഭാര്യയെ പട്ടേലര്‍ ബലാല്‍സംഗം ചെയ്യുന്നു. ആ ബലാല്‍സംഗത്തിനുശേഷം അത് പട്ടേലരുടെ ഒരു തുറന്ന ബന്ധമായിമാറുന്നു. ആ ദമ്പതികള്‍ക്കു പലതും കൊടുക്കുകയും അവരില്‍നിന്ന് പലതും അപഹരിക്കുകയും ചെയ്യുന്നു അയാള്‍.

സരോജയെ പട്ടേലര്‍ കൊലചെയ്തതിനെത്തുടര്‍ന്ന് അവളുടെ ബന്ധുക്കള്‍ പട്ടേലരെ പിന്തുടരുന്നതോടെ കഥയുടെ ഗതി മാറുന്നു. സരോജയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാനുള്ള പട്ടേലരുടെ ശ്രമങ്ങള്‍ നിഷ്ഫലമാവുന്നു. വിജനമായ വനത്തില്‍ സരോജയുടെ ബന്ധുക്കള്‍ നിയോഗിച്ച വാടകക്കൊലയാളികളായ തോക്കുധാരികള്‍ അയാളെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ഒടുവില്‍ പട്ടേലരെ അവര്‍ വെടിവെച്ചുകൊല്ലുന്നു.

അടൂരിന്റെ ചിത്രങ്ങളിലെ ഉദ്വേഗജനകമായ ഏക പരിസമാപ്തിയാണ് ഇത്. പാറക്കെട്ടുകളുള്ള കാട്ടിലൂടെ തോക്കുധാരികള്‍ പട്ടേലരെ പിന്തുടരുന്നു. അര്‍ധനഗ്‌നനായി, വിശന്നുവലഞ്ഞ്, മുറിവേറ്റ്, നാണംകെട്ട്, അഹങ്കാരം നശിച്ച്, ശക്തിഹീനനായി നില്‍ക്കുന്ന പട്ടേലരെ അവര്‍ വളയുന്നു. തന്റെ യജമാനനോടൊപ്പം പലായനംചെയ്യുന്ന തൊമ്മി ഒരു വലിയ പാറയ്ക്കു പിന്നില്‍ ഒളിക്കുന്നു. അന്തരീക്ഷത്തില്‍ വെടിയൊച്ച മുഴങ്ങുന്നു. തോക്കേന്തിയ കൈകളോടെ പാറക്കെട്ടില്‍ കുഴഞ്ഞുവീണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പട്ടേലരെ നാം കാണുന്നു. കുറച്ചുനേരത്തേക്ക് എന്തു ചെയ്യണമെന്നറിയാതെ നിന്നുപോവുകയാണ് തൊമ്മി. അയാള്‍ എങ്ങനെ പ്രതികരിക്കാനാണ്? അയാള്‍ സന്തോഷിക്കണോ? പട്ടേലരുടെ ക്രൂരമായ ആധിപത്യം അവസാനിച്ചതില്‍ ആശ്വസിക്കണോ? അതോ തനിക്കു ജീവിക്കാനുള്ള വക തന്ന ഒരാളുടെ മരണത്തില്‍ വിലപിക്കണോ? തൊമ്മി പട്ടേലരുടെ അടുത്തേക്കു നീങ്ങുന്നു. അയാളില്‍നിന്ന് തോക്ക് എടുത്തുമാറ്റുന്നു. തൊട്ടടുത്തുള്ള അരുവിയിലേക്ക് അത് വലിച്ചെറിയുന്നു. അവിടെനിന്ന് ഓടിക്കൊണ്ട് ഉച്ചത്തില്‍ ഓമനയെ വിളിച്ച് അയാള്‍ പറയുന്നു. 'പട്ടേലര് മരിച്ചു, പട്ടേലര് മരിച്ചു.'
സക്കറിയയുടെ ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും (1986)എന്ന രചനയെ ആസ്​പദമാക്കി ചെയ്ത വിധേയന്‍ ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ അനുകല്‍പ്പനമായിരുന്നു. വിധേയത്വത്തിന്റെ ഗഹനമായ വിശകലനമാണിത്. യജമാന, ഭൃത്യബന്ധത്തിന്റെ വിചിത്രഭാവങ്ങളിലൂടെ വിശാലമായ ഒരു പരിപ്രേക്ഷ്യത്തിലാണ് വിധേയത്വത്തെ ഇവിടെ വിശകലനംചെയ്യുന്നത്. തുടക്കത്തില്‍ വേദനയും ദേഷ്യവും വിമുഖതയും കാട്ടുന്നുണ്ടെങ്കിലും തൊമ്മി തന്റെ അടിമമനോഭാവത്തിലും അനുസരണശീലത്തിലും ആനന്ദം കണ്ടെത്തുകയാണ്. തന്റെ ഭാര്യ പട്ടേലരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ അഭിമാനം തോന്നുന്ന ഘട്ടംവരെ ആ പാദസേവ ചെന്നെത്തുന്നു. ഒരു രാത്രിയില്‍ ഭാര്യയോടൊപ്പം കിടക്കവേ, പട്ടേലരുടെ വിലകൂടിയ അത്തര്‍ പൂശിയ അവളുടെ ശരീരത്തില്‍നിന്നുയരുന്ന ഗന്ധം തനിക്കിഷ്ടമാണെന്ന് അയാള്‍ പറയുന്നു. അത്രയുമുണ്ടായിരുന്നു അയാള്‍ പകരമായി അനുഭവിച്ച ആനന്ദം.

ചിത്രാന്ത്യത്തില്‍ മാത്രമാണ് പട്ടേലരും തൊമ്മിയും സമന്മാരാവുന്നത്. പിടികിട്ടാപ്പുള്ളികളായി ഒളിച്ചോടി നിറവനത്തില്‍ അഭയംതേടുമ്പോള്‍ അവര്‍ ഒരേപോലെ വസ്ത്രം ധരിക്കുന്നു, ഒരേ ഇലയില്‍നിന്ന് ഒരേ ഭക്ഷണം കഴിക്കുന്നു. തൊമ്മി ഇത്രയും കാലം അനുഭവിച്ച പരപീഡനപരമായ അടിമത്തത്തിന്റെയും തടവിന്റെയും അവസാനമാണിത്. താന്‍ വിമോചിതനായെന്നു തിരിച്ചറിയുമ്പോള്‍ അയാള്‍ ആശയക്കുഴപ്പത്തിലാവുന്നു. ആ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് അവനറിയില്ല. ആ സ്വാതന്ത്ര്യത്തെ എങ്ങനെ കൊണ്ടുനടക്കുമെന്നും അവനറിയില്ല.
ഗോപാലകൃഷ്ണന്റെ മുന്‍കാലചിത്രങ്ങളേക്കാള്‍ ഉത്കര്‍ഷേച്ഛയുള്ള ഒരു സംരംഭമായിരുന്നു വിധേയന്‍. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ മനസ്സിനെയാണ് ഇവിടെ അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഈ പഠനത്തില്‍, വിശാലമായ ഒരു വ്യവസ്ഥിതിയുടെ ഇരുധ്രുവങ്ങളിലാണ് പട്ടേലരും തൊമ്മിയും. ഒന്ന് സമഗ്രാധിപത്യത്തെയും മറ്റേത് സമഗ്ര വിധേയത്വത്തെയും പ്രതിനിധാനംചെയ്യുന്നു. രണ്ടും തികച്ചും വ്യത്യസ്തമായ രീതികളില്‍ പൈശാചികതയും അസ്വാരസ്യവും നിറഞ്ഞവയാണ്. ഇവിടെ പട്ടേലര്‍ പണത്തിനു പിറകെയല്ല പോകുന്നത്. പണത്തിലൂടെയല്ല, അധികാരം നേടാനും നിലനിര്‍ത്താനും അയാള്‍ ശ്രമിക്കുന്നത്. മറിച്ച് ഭീതി പരത്തിയും അക്രമമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുമാണ്. നിസ്സഹായരായ മനുഷ്യരെ തൊഴിക്കാന്‍ അയാള്‍ തന്റെ കാലുകള്‍ ഉദാരമായി ഉപയോഗിക്കുന്നു.

റവന്യൂ, ഭരണ കാര്യങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ നിയമനിര്‍മാണസഭ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയപ്പോള്‍ നഷ്ടമായ തന്റെ അധികാരം പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ അയാള്‍ ആധിപത്യത്തിന്റെ അടിത്തറ പണിയുന്നത് ഇങ്ങനെ ഭീതി പരത്തിയും അക്രമം നടത്തിയുമാണ്. അയാള്‍ ആധിപത്യത്തെക്കുറിച്ചുള്ള ഭ്രമഭാവനകളില്‍ മുഴുകുന്നു. ഓമനയെപ്പോലുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ അയാള്‍ ശാരീരികമായ ശക്തി ഉപയോഗിക്കുന്നു. തൊമ്മിയെപ്പോലുള്ളവരെ അയാള്‍ പേടിപ്പിച്ചുനിര്‍ത്തുന്നു.

ഭീകരവും ഭീതിയുളവാക്കുന്നതുമായ ഒരു കഥയാണിത്. പൈശാചികതയെക്കുറിച്ച് ചിന്തിക്കാന്‍ ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു. മൂലകൃതിയുടെ ആഖ്യാനം കുറേക്കൂടി ഹിംസാത്മകമായിരുന്നുവെന്നും ചില ഭാഗങ്ങള്‍ താന്‍ ഒഴിവാക്കുകയും മറ്റു ചില ഭാഗങ്ങള്‍ ഒന്നുകൂടി സൗമ്യമാക്കുകയും ചെയ്തുവെന്നും അടൂര്‍ പറയുന്നു.

ക്ലാസിക് ഗോപാലകൃഷ്ണന്‍ ശൈലിയില്‍ ഈ ചിത്രത്തില്‍ പറയാതെ വിട്ട ഭാഗങ്ങളാണ് ഏറെയും. കൈയില്ലാത്ത ഒരു കസേരയില്‍ ഒരു തോക്ക് ചാരിവെച്ച ദൃശ്യത്തിലാണ് ചിത്രത്തിന്റെ തുടക്കത്തില്‍ ശീര്‍ഷകങ്ങള്‍ തെളിയുന്നത്. കള്ളുഷാപ്പിനു പുറത്തു വെച്ച കസേര ഇനി വരാനിരിക്കുന്ന കാര്യങ്ങളുടെ മുന്‍സൂചനയാവുന്നു. തോക്ക് അധികാരത്തെ സൂചിപ്പിക്കുമ്പോള്‍ കൈയൊടിഞ്ഞ കസേര ക്ഷയോന്മുഖമായ ഫ്യൂഡലിസത്തെ സൂചിപ്പിക്കുന്നു. ഫ്യൂഡലിസത്തിന്റെ അവസാന അടയാളങ്ങള്‍പോലും ക്ഷയിച്ചുപോയിരുന്നു.

അതുവരെ താന്‍ പറഞ്ഞതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ സിനിമയെങ്കിലും തന്റെ എല്ലാ ചലച്ചിത്രകൃതികളിലൂടെയും തുടര്‍ച്ചയുടെ ഒരു ചരട്, എല്ലാറ്റിനെയും കോര്‍ത്തിണക്കുന്ന ഒരു നൂലിഴ, കടന്നുപോവുന്നുണ്ടെന്ന് അടൂര്‍ പറയുന്നു. അവയിലൊന്ന് ആത്മീയതയാണ്. ഒരിക്കലും അത് പ്രത്യക്ഷമോ പ്രകടമോ അല്ലെങ്കിലും.

ആദ്യത്തെ തവണ തൊമ്മി തെരുവിനു കുറുകെ നടന്ന് പട്ടേലരുടെ മുന്നിലേക്ക് നീങ്ങുമ്പോള്‍ അകലെ പള്ളിമണി മുഴങ്ങുന്നു. ശവസംസ്‌കാരച്ചടങ്ങിലെ മണിനാദമായി ക്രിസ്ത്യാനികള്‍ അതിനെ തിരിച്ചറിയും. അവസാനത്തില്‍ തൊമ്മി തിരിച്ചു വീട്ടിലേക്ക് ഓടുമ്പോള്‍ വീണ്ടും പള്ളിമണി മുഴങ്ങുന്നു. പക്ഷേ, ഇത്തവണ അത് പ്രാര്‍ഥനായോഗത്തിനുവേണ്ടിയുള്ള മണിനാദമാണ്. ഈ രണ്ടു മണിനാദങ്ങള്‍ക്കുമിടയില്‍ ഇടവകയിലെ പാതിരി, എന്തുകൊണ്ടാണ് കുമ്പസാരിക്കാന്‍ വരാത്തത് എന്ന് തൊമ്മിയോടു ചോദിക്കുന്നത് നാം കാണുന്നു. ആത്മീയതയെ ദ്യോതിപ്പിക്കുന്ന മറ്റൊരു ശ്രദ്ധേയമായ രംഗമുണ്ട് ചിത്രത്തില്‍: ഗ്രാമത്തിലെ കുളത്തിലെ പവിത്രമത്സ്യങ്ങളെ തോട്ട പൊട്ടിച്ചു പിടിക്കാന്‍ പട്ടേലര്‍ ആഗ്രഹിക്കുമ്പോള്‍ അതു പാപമാണെന്നു പറഞ്ഞ് തൊമ്മി അതു ചെയ്യാതിരിക്കാന്‍ അപേക്ഷിക്കുന്നുണ്ട്. തോട്ട പൊട്ടാതെയാവുമ്പോള്‍ ആ ചെറുമത്സ്യങ്ങള്‍ കുളത്തില്‍ പുളച്ചുനടക്കുന്നു.

തൊമ്മി ശരിക്കും ഒരു പാപിയല്ലെന്നാണ് ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഭീഷണിയിലൂടെയും അപഹരണങ്ങളിലൂടെയും പാപംചെയ്യാന്‍ അയാള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതിനെ ഉദാഹരിക്കുന്ന ഒരു രംഗത്തില്‍ തന്റെ ഭാര്യയെ കൊല്ലരുതെന്ന് തൊമ്മി പട്ടേലരോടു യാചിക്കുന്നതു കാണാം. ഒരര്‍ഥത്തില്‍, പട്ടേലര്‍തന്നെ തന്റെ ജീവിതസാഹചര്യങ്ങളുടെ ഇരയാണ്. സരോജയെ ശ്വാസംമുട്ടിച്ചു കൊല്ലുമ്പോള്‍ അയാള്‍ക്കു കുറ്റബോധം തോന്നുന്നുണ്ട്. 'ഞാനാണ് അവളെ കൊന്നത് എന്ന് അവള്‍ അറിഞ്ഞിട്ടുണ്ടാകുമോ' എന്ന് ഇടയ്ക്കിടെ അയാള്‍ തൊമ്മിയോടു ചോദിക്കുന്നുണ്ട്. ഇല്ലെന്ന ഉറപ്പിനായാണ് അയാള്‍ തൊമ്മിയോട് അങ്ങനെ ചോദിക്കുന്നത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പട്ടേലര്‍ ഈശ്വരേച്ഛയെ ഒട്ടും വകവെക്കുന്നില്ല. സരോജയെ കൊല്ലാനുള്ള ആദ്യശ്രമത്തില്‍ അയാള്‍ക്ക് ഉന്നംതെറ്റുന്നു. അവിടെ ആ ശ്രമം അവസാനിപ്പിച്ചുകൊണ്ട് സ്വയം നന്നാവാന്‍ അയാള്‍ക്കു ശ്രമിക്കാമായിരുന്നു. പക്ഷേ, അതിനു തുനിയാതെ അയാള്‍ കൊലപാതകശ്രമം തുടരുകയാണ്. ഒടുവില്‍, അയാള്‍ അതില്‍ വിജയിക്കുന്നു. ആ വിജയമാണ് അയാളുടെ ഭീതിദമായ അന്ത്യത്തില്‍ കലാശിക്കുന്നത്.

ഒടുവില്‍, ദൃശ്യബിംബങ്ങളുടെ വിചിത്രമായ ഒരു വ്യതിയാനത്തില്‍, പട്ടേലര്‍ തൊമ്മിയെപ്പോലെയാവുന്നു. അയാള്‍ തൊമ്മിയെപ്പോലെ പെരുമാറുന്നു. വിധിയുടെ വക്രോക്തി ഒരാളെ ദുരന്തത്തിലേക്കു തള്ളിയിടുമ്പോള്‍ മറ്റൊരാള്‍ക്ക് അത് സ്വാതന്ത്ര്യത്തിന്റെയും മോക്ഷത്തിന്റെയും സാധ്യതകള്‍ തുറന്നിടുന്നു. പക്ഷേ, അത് അങ്ങനെതന്നെയാണോ? ഒരുപക്ഷേ, തൊമ്മിയെപ്പോലുള്ള ഒരു കഥാപാത്രത്തിന് അടിമത്തത്തില്‍ മാത്രമേ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയൂ. പിന്നീടങ്ങോട്ടുള്ള തന്റെ ജീവിതത്തിന്റെ ചുമതലയേല്‍ക്കാന്‍ തൊമ്മി ഒരുപക്ഷേ, മറ്റൊരു യജമാനനെ തേടിപ്പോവാനുമിടയുണ്ട്.

എ ഡോര്‍ ടു അടൂര്‍ എന്ന പുസ്തകത്തില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു: 'അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒടുവില്‍ അയാള്‍ നേടുന്ന സ്വാതന്ത്ര്യം താല്‍ക്കാലികമാവാം. തൊമ്മിയെ അറിയുന്ന ഒരാള്‍ക്ക് അയാളുടെ ഒടുവിലത്തെ പാച്ചില്‍ വിമോചനത്തിന്‍േറതാണെന്നു വിചാരിക്കാനാവില്ല. സന്തോഷംകൊണ്ടായിരിക്കില്ല, അയാള്‍ ഇങ്ങനെ ഓടുന്നത്. അതില്‍ അയാളുടെ വ്യസനത്തിന്‍േറതായ ഒരു ഘടകംകൂടിയുണ്ട്. അയാളുടെ വിളി ഒരു നീണ്ട രോദനംപോലെയാവുന്നു. തന്‍േറതായ വസ്തുക്കളില്‍ വല്ലാത്ത ഒരു വൈകാരികബന്ധം ഉള്ളയാളാണ് തൊമ്മി. അത് ഭാര്യയായാലും തന്റെ ഭൂമിയായാലും. ഒരുപക്ഷേ, ഈ വൈകാരികബന്ധമാവാം അയാളെ അടിമത്തത്തിലേക്കു നയിക്കുന്നത്.'

ബഷീറില്‍നിന്നു വ്യത്യസ്തമായി തന്റെ കഥ ഗോപാലകൃഷ്ണന്‍ സിനിമയാക്കിയ രീതിയില്‍ സക്കറിയ സന്തുഷ്ടനായിരുന്നില്ല. സക്കറിയയും അടൂരും തമ്മിലുള്ള വിയോജിപ്പുകള്‍ വിവാദമായതോടെ പത്രങ്ങള്‍ക്ക് ഒരുപാട് ന്യൂസ്​പ്രിന്റ് കടലാസ് ഉപയോഗിക്കേണ്ടിവന്നു; അല്ലെങ്കില്‍ പാഴാക്കേണ്ടിവന്നു.

സക്കറിയയുടെ പുസ്തകം ചിത്രത്തിലെ ആശയത്തിനു തുടക്കമിടുക മാത്രമായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനോടു വിയോജിക്കുകയായിരുന്നു താനെന്ന് സക്കറിയ എന്നോടു പറഞ്ഞു. 'അടൂര്‍ എന്റെ കഥ പൂര്‍ണമായും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്,' സക്കറിയ തീര്‍ത്തുപറയുന്നു. പക്ഷേ, താന്‍ മതിലുകളില്‍ ചെയ്തതുപോലെ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ടെന്ന് അടൂര്‍ പറയുന്നു. 'ഞാന്‍ ഓമനയ്ക്കും സരോജയ്ക്കും പുസ്തകത്തിലുള്ളതിനേക്കാള്‍ പ്രാധാന്യം കൊടുത്തു.

സക്കറിയയുടെ പട്ടേലര്‍ സ്വത്തിനുവേണ്ടി തന്റെ ഭാര്യയെ കൊല്ലുന്നു. എന്റെ ചിത്രത്തില്‍ അങ്ങനെയല്ല. എന്റെ സിനിമയില്‍ ഒരൊറ്റ കൊലപാതകമേയുള്ളൂ. പട്ടേലര്‍ സരോജയെ വധിക്കുന്ന രംഗം. മനഃസാക്ഷിയുടെ വധം. സക്കറിയ പട്ടേലരെ ഒരു പരമ്പര കൊലയാളിയാക്കിയിരുന്നു. അതു ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.'

ഗോപാലകൃഷ്ണന്റെ വിധേയന്‍ പട്ടേലരുടെ മൃദുവായ വശംകൂടി കാട്ടിത്തരുന്നു. ഭാര്യയെയും കുഞ്ഞിനെയും അയാള്‍ വല്ലാതെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് അനുഭവപ്പെടുന്ന നിമിഷങ്ങളുണ്ട് ഈ ചിത്രത്തില്‍. തന്റെ കൂട്ടാളികളില്ലാതെ ഒറ്റപ്പെടുമ്പോള്‍ അയാള്‍ പാകത വന്നതുപോലെ ചിന്തിക്കുന്നു. അയാളുടെ കൂട്ടാളികളാണ് പകകൊണ്ട് അയാളെ ശാക്തീകരിക്കുന്നത്.
മറ്റൊരു രംഗത്തില്‍ വിശ്വാസം രക്ഷിക്കുന്നുവെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണന്‍ ബൈബിളിനെ കൂട്ടുപിടിക്കുന്നു. സക്കറിയയുടെ തോട്ട മത്സ്യക്കുളത്തില്‍ പൊട്ടുമ്പോള്‍ ഗോപാലകൃഷ്ണന്റെ തോട്ട പൊട്ടുന്നില്ല. 'തൊമ്മിയുടെ വിശ്വാസം - അയാള്‍ ഒരു ഹിന്ദുവല്ലായിരുന്നിട്ടും - നിലനില്‍ക്കുന്നു എന്ന് കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. ഹിന്ദു ദൈവങ്ങള്‍ ആണ് മത്സ്യത്തെ സംരക്ഷിക്കുന്നതെന്ന് അയാള്‍ വിശ്വസിക്കുന്നു. അവ പകരമായി ഗ്രാമത്തെ സംരക്ഷിക്കുന്നു. തോട്ട പൊട്ടാതെ പോവുമ്പോള്‍ അത് വിശ്വാസത്തിന്റെ വിജയത്തിന്റെ സൂചനയാവുന്നു,' അടൂര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ എന്തോ ആവട്ടെ, ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാളുടെ കൈയില്‍ തന്റെ കഥ ഒരു മാറ്റവും വരുത്താതെ നിലനില്‍ക്കുമെന്ന് സക്കറിയ കരുതിയിരുന്നെങ്കില്‍, അത് സ്വതന്ത്രചിന്തയ്ക്കും കലാകാരന്റെ സ്വാതന്ത്ര്യത്തിനും വിട്ടുകൊടുത്തിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇത്രയും അബദ്ധം പറ്റില്ലായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. എന്തുകൊണ്ടാണ് അടൂര്‍ മതിലുകള്‍ക്കുശേഷം വീണ്ടും ഒരു സാഹിത്യകൃതിയെ ഉപജീവിച്ചുകൊണ്ട് സിനിമ എടുക്കാന്‍ തീരുമാനിച്ചത്? കുറ്റബോധം തോന്നിക്കുന്ന മുഖത്ത് ഒരു പുഞ്ചിരി തെളിയുന്നു. 'മതിലുകള്‍ക്കുശേഷം ഞാന്‍ മഹാമടിയനായി. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു സിനിമ നിര്‍മിക്കണമെന്നു തോന്നി. എനിക്ക് കഥയുടെ ആശയം ഉരുത്തിരിഞ്ഞുകിട്ടിയില്ല. അപ്പോഴാണ് മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ വന്ന സക്കറിയയുടെ രചനയെക്കുറിച്ച് ഓര്‍ത്തത്. അതൊരു നോവലെറ്റായിരുന്നു. ദൈര്‍ഘ്യം കുറഞ്ഞ നോവലെറ്റ്, പക്ഷേ, ഒരു ചെറുകഥയേക്കാള്‍ ദൈര്‍ഘ്യമേറിയത്.' സക്കറിയ തിരക്കിട്ട് എഴുതിയതാണ് ആ നീണ്ടകഥയെന്ന് കരുതപ്പെടുന്നു. പ്രസാധകന് ഒരു സമയത്ത് ഒരു പേജ് എന്ന കണക്കിന് അയച്ചുകൊടുക്കുകയായിരുന്നു.

ഗോപാലകൃഷ്ണന്റെ തിരക്കഥ സക്കറിയയുടെ രചനയ്ക്ക് അപ്പുറത്തേക്കു പോയി. 'എനിക്ക് ചരിത്രസന്ദര്‍ഭത്തില്‍ ആ കഥയെ സ്ഥാനപ്പെടുത്തേണ്ടി വന്നു. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ നല്ല അധ്വാനശീലമുള്ളവരായിരുന്നു. ചിലര്‍ കര്‍ണാടക എന്ന പുതിയ ഭൂമിയില്‍ അഭിവൃദ്ധി പ്രാപിച്ചു. അവര്‍ അത് സ്വന്തം നാടാക്കി. തീര്‍ച്ചയായും അസന്തുഷ്ടമായ ജീവിതം നയിച്ചിരുന്ന തൊമ്മിയെപ്പോലുള്ളവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന ഭൂവുടമകളെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. കാഴ്ചപ്പാടില്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുള്ളവരായിരുന്നു ഭൂവുടമകള്‍. കാലഹരണപ്പെട്ട നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഭൂവുടമകള്‍ ശ്രമിച്ചു. എന്റെ സിനിമ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ റവന്യൂവിന്റെയും ഭരണത്തിന്റെയും ചുമതലകള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നേരത്തേ അവ ഏറ്റെടുത്തു നടപ്പാക്കിയിരുന്ന പട്ടേലര്‍മാര്‍ ഭീതിപരത്തിയും കീഴ്‌പ്പെടുത്തിയും ജനങ്ങളില്‍ കാര്യമായ ആധിപത്യവും സ്വാധീനവും ചെലുത്തിപ്പോന്നു.'

ചോദ്യങ്ങളില്ലാതെതന്നെ സ്വീകരിക്കപ്പെട്ടപ്പോള്‍ അധികാരം എന്നത് അടിച്ചമര്‍ത്തല്‍സ്വഭാവമുള്ളതായി മാറി. അത് ഒരു ജനാധിപത്യരാജ്യത്തുപോലും സംഭവിക്കാം. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ അത് അങ്ങേയറ്റം അധാര്‍മികമാവാം. ഇന്ത്യന്‍ മനസ്സില്‍ വിധേയത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി അടൂര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രം പൂര്‍ണമായും ഒരു ജനാധിപത്യരാഷ്ട്രമായി മാറാത്തത്. ഭാസ്‌കരപ്പട്ടേലരെപ്പോലുള്ള കഥാപാത്രങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. അയാള്‍ ഈ വ്യവസ്ഥിതിയിലേക്കാണ് പിറന്നുവീണത്. മറ്റുള്ളവരുടെ ജീവിതത്തിനുമേല്‍ അധികാരം പ്രയോഗിക്കാനുള്ള സ്വാഭാവികമായ അവകാശം തനിക്ക് ഉണ്ടെന്ന് അയാള്‍ വിചാരിക്കുന്നു. അതു മുഴുവനായും ഉപയോഗിക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ അയാളോട് അനുസരണയും വിധേയത്വവും പ്രകടിപ്പിക്കാതിരുന്നാല്‍ അയാള്‍ ചോദ്യംചെയ്യപ്പെടുമായിരുന്നു. പക്ഷേ, അവിടെ ഒരു പ്രതിഷേധവും എതിര്‍ശബ്ദവും ഉണ്ടാവുന്നില്ല.
ചിത്രീകരണത്തിനുമുന്‍പ് ഗോപാലകൃഷ്ണനും സക്കറിയയും കര്‍ണാടക - കേരള അതിര്‍ത്തികള്‍ സന്ദര്‍ശിച്ചു. സക്കറിയയ്ക്ക് അവിടെ റബ്ബറും കശുവണ്ടിയും വളരുന്ന ഒരു ചെറിയ എസ്‌റ്റേറ്റ് ഉണ്ടായിരുന്നു. നിരവധി പട്ടേലര്‍മാരുടെ വീടുകള്‍ അവര്‍ സന്ദര്‍ശിച്ചു. പലരും ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഒരു വീടിന്റെ സ്ഥാനത്ത് ചെറിയ കൂടുമാത്രമുള്ളവര്‍. ഒടുവില്‍ ഗോപാലകൃഷ്ണന്‍ പട്ടേലര്‍വീടുകളുടെ ലാക്ഷണികസ്വഭാവമുള്ള രാമകൃഷ്ണറായിയുടെ വീട് തിരഞ്ഞെടുത്തു.

മരസാമാനങ്ങളുടെ സജ്ജീകരണം ഉള്‍പ്പെടെയുള്ള ചില പണികള്‍ അവിടെ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു.

അതിനായുള്ള അന്വേഷണം മംഗലാപുരത്തേക്കും കാസര്‍കോട്ടേക്കും നീണ്ടു. അവിടെ പട്ടേലര്‍ഗൃഹങ്ങളിലെ ഫര്‍ണിച്ചറുകള്‍ കണ്ടു. ഭാസ്‌കരപ്പട്ടേലര്‍ ഉറങ്ങുകയും പിന്നീട് ഭാര്യയെ കഴുത്തു ഞെരിച്ചുകൊല്ലുകയും ചെയ്യുന്ന വലിയ കട്ടിലുകള്‍ ഉള്‍പ്പെടെ അവിടെ കണ്ടു.

പക്ഷേ, കൈയൊടിഞ്ഞ കസേര മാത്രം അദ്ദേഹത്തിനു പിടികൊടുക്കാതെ പലപ്പോഴും ഒഴിഞ്ഞുമാറി. കന്നട പ്രൊഫസര്‍ ആയ സുഹൃത്ത് ഡോ. ദാമോദര്‍ ഷെട്ടിയോടൊപ്പം ഗോപാലകൃഷ്ണന്‍ മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജില്‍ പോയി. കോളേജില്‍ ഉപേക്ഷിക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ കൈയൊടിഞ്ഞ പഴയ ഒരു കസേരയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ് അവിടത്തെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തെ മുറിയില്‍ ചെന്നുകണ്ടു. അദ്ദേഹം മുന്നിലിരുന്ന ഒരു ഫയല്‍ വായിക്കുകയായിരുന്നു. ഷെട്ടി പ്രിന്‍സിപ്പലിനോടു പറഞ്ഞു: 'സര്‍, ഇദ്ദേഹം വന്നത് പഴയ ഫര്‍ണിച്ചര്‍ നോക്കാനാണ്.' പ്രിന്‍സിപ്പല്‍ ഒന്നു തലയുയര്‍ത്തി നോക്കി ഗോപാലകൃഷ്ണനോടു ചോദിച്ചു: 'നിങ്ങള്‍ ഒരു ആശാരിയാണോ?' അടൂര്‍ മറുപടി നല്‍കി: 'ഒരു തരത്തില്‍...' അല്ലാതെ മറ്റാരാണ് കൈയൊടിഞ്ഞ ഒരു കസേര അന്വേഷിച്ചുവരിക എന്ന് പ്രിന്‍സിപ്പല്‍ അദ്ഭുതപ്പെട്ടു. ഒടുവില്‍ ഈ കസേര സെറ്റിലെത്തി. പിന്നീട് ഫ്രെയിമിലും. ചിത്രത്തിന്റെ ബ്രോഷറിന്റെ കവറില്‍പ്പോലും ഈ കസേര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പട്ടേലര്‍ഭരണത്തിന്റെ ശിഥിലീകരണത്തെ പ്രതീകവത്കരിക്കുകയാണ് ആ കസേര. അധികാരം വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത, വാശിയോടെ അതില്‍ അള്ളിപ്പിടിച്ചിരിക്കുന്ന പട്ടേലര്‍മാരുടെ പതനത്തിന്റെ പ്രതീകം. ശക്തമായി ഈ സന്ദേശം വിനിമയംചെയ്യാന്‍ കൈയില്ലാത്ത ഈ കസേരയുടെ അടയാളത്തിനു കഴിയുന്നു.

വിധേയന്‍ കര്‍ണാടകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരള അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തായിരുന്നു ഷൂട്ടിങ്. ഗോപാലകൃഷ്ണനും സംഘവും ഒരു സ്ഥലം തിരഞ്ഞെടുത്ത് അവിടെ ഒരു കള്ളുഷാപ്പും മറ്റു ചില കടകളും നിര്‍മിച്ചു. ശിവന്റെ കലാസംവിധാന പരിശ്രമങ്ങള്‍ക്കുശേഷം ആ സ്ഥലം ഒരു ബസ് സ്‌റ്റോപ്പ് ഉള്ള തെരുവുകവലപോലെ തോന്നിച്ചു. സെറ്റ് നിര്‍മാണം പൂര്‍ത്തിയായി, ഷൂട്ടിങ് തുടങ്ങാനൊരുങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ച ചില ക്രിസ്ത്യാനികള്‍ കടകളുടെ ഓലമേഞ്ഞ മേല്‍ക്കൂര വലിച്ചു താഴെയിട്ട് അവയില്‍ ഓടു മേയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സ്ഥലത്തിന്റെ, പഴയ കാലഘട്ടത്തിന്റെ പ്രതീതി നഷ്ടമാവുമായിരുന്നു. ചിത്രീകരണം കഴിയുന്നതുവരെ അങ്ങനെ ചെയ്യരുതെന്ന് അടൂരും സംഘവും അവരോടു യാചിച്ചു. ഓലമേഞ്ഞ മേല്‍ക്കൂര അതേപടി നിലനിര്‍ത്താന്‍ തങ്ങള്‍ക്കു വന്‍തുക തരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ പ്രദേശത്തെ ക്രിസ്ത്യന്‍ പുരോഹിതന്റെ അടുക്കല്‍ ചെന്ന് മീരാസാഹിബും സക്കറിയയും സഹായമഭ്യര്‍ഥിച്ചപ്പോഴാണ് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയത്.

നാടകീയസംഭവങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഭാസ്‌കരപ്പട്ടേലരെപ്പോലെ ഒരാള്‍ അവിടെ ഉണ്ടെന്ന അഭ്യൂഹം പടര്‍ന്നിരുന്നു. തങ്ങളെക്കുറിച്ച് ഒരു സിനിമയെടുക്കുകയാണെന്ന് അവിടത്തെ പട്ടേലര്‍മാര്‍ വിചാരിച്ചു. അത് അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ഊഹാപോഹങ്ങള്‍ വന്യമായി പ്രചരിച്ചു. തോക്കേന്തിയ ഒരു പട്ടേലര്‍ സെറ്റില്‍ എത്തുമെന്നുവരെ മുറുമുറുപ്പുകള്‍ പടര്‍ന്നു. ആ അഭ്യൂഹം അഭ്യൂഹം മാത്രമായി അവശേഷിച്ചു. ഒരു പട്ടേലരും അവിടെ വന്നില്ല. കണ്ടുനില്‍ക്കുന്നവരില്‍ ചിത്രീകരണം നിരീക്ഷിക്കാനെന്നപോലെ ഒരു പട്ടേലര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ പറയുന്നു.

അദ്ദേഹത്തിന്റെ ദുഷ്‌കരമായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഛായാഗ്രഹണം ഒരു ഭഗീരഥപ്രയത്‌നംതന്നെയായിരുന്നു. ചിലപ്പോള്‍ ലൊക്കേഷനുകള്‍ കൊടുംകാടിനുള്ളിലായിരുന്നു. അവിടങ്ങളില്‍ പലപ്പോഴും റോഡുപോലും കാണില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ അവിടേക്ക് കാല്‍നടയായി വഹിച്ചു കൊണ്ടുപോവേണ്ടിവന്നു. കൂലിക്കാരെയും ചേര്‍ത്ത് അണിയറശില്‍പ്പികളുടെ എണ്ണം ഇരട്ടിയാക്കി.

വിധേയന്റെ ചിത്രീകരണത്തെക്കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ സിനിമതന്നെ എടുക്കാമായിരുന്നു. ചിത്രീകരണം നടന്നത് ഒരു വേനല്‍ക്കാലത്താണ്.

ചുട്ടുപൊള്ളുന്ന വെയിലും വരണ്ട ഭൂമിയും വളരെയധികം അസുഖകരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കി. പക്ഷേ, ഗോപാലകൃഷ്ണനോ അദ്ദേഹത്തിന്റെ മുഖ്യനടന്മാരോ ഛായാഗ്രാഹകനോ മറ്റ് അണിയറശില്‍പ്പികളോ അങ്ങനെ എളുപ്പം പേടിക്കുന്നവരായിരുന്നില്ല. അവര്‍ ചിത്രീകരണം തുടര്‍ന്നു.

ഒരു വെള്ളച്ചാട്ടത്തിനായുള്ള സംവിധായകന്റെ തിരച്ചില്‍ അപകടകരമായ മറ്റൊരു സാഹസികയാത്രയായിരുന്നു. ഗോപാലകൃഷ്ണന്‍, മീരാസാഹിബ്, സക്കറിയയുടെ മാനേജര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ ഇടതൂര്‍ന്നു വളരുന്ന പച്ചിലപ്പടര്‍പ്പിലൂടെ, കുറ്റിക്കാട്ടിലൂടെ വഴിതെറ്റിയേക്കാവുന്ന ഒരു യാത്രയ്ക്കു തുടക്കമിട്ടു. കുന്നിറങ്ങി പച്ചപ്പടര്‍പ്പുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റി അവര്‍ നടന്നു. ഉഗ്രവിഷമുള്ള രാജവെമ്പാലയ്ക്കു തൊട്ടടുത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് അവര്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു. എന്നിരുന്നാലും അവരുടെ ശ്രമം വിജയിച്ചു. അവര്‍ വെള്ളച്ചാട്ടം കണ്ടെത്തി.

പിറ്റേദിവസം ക്യാമറ ഒരുക്കിവെക്കുകയും നടന്മാര്‍ തങ്ങളുടെ ഇടത്തില്‍ ഷൂട്ടിങ്ങിനു സന്നദ്ധരായി നില്‍ക്കുകയും ചെയ്തപ്പോള്‍ പൊടുന്നനെ ആകാശം ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇരുണ്ട് മൂടിക്കെട്ടി നിന്നു.

പിന്നെ ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അവിടെ പെട്ടെന്ന് മലവെള്ളം പൊങ്ങാനിടയുണ്ടെന്ന് സംഘത്തിലെ ആരോ മുന്നറിയിപ്പു നല്‍കി. അതു കേട്ട നിമിഷം മമ്മൂട്ടി ജീവനുംകൊണ്ടോടി. മല കയറി റോഡിലേക്കും സുരക്ഷിതത്വത്തിലേക്കും ഓടിപ്പോയി. വെറും മുണ്ടുമാത്രം ഉടുത്ത മമ്മൂട്ടി പേടിച്ച് ഓടുന്നതിനിടയില്‍ അദ്ദേഹത്തിനു മുറിവും ചതവും പറ്റി. തിരശ്ശീലയിലെ വീരനായകകൃത്യങ്ങള്‍കൊണ്ട് നിരവധി പേരെ അസൂയാലുക്കളാക്കുന്ന മമ്മൂട്ടിക്കു ചേര്‍ന്ന പ്രതിച്ഛായയായിരുന്നില്ല അത്.

അദ്ദേഹത്തിന്റെ പ്രതികരണം മറ്റുള്ളവരെയും വേവലാതിയിലാഴ്ത്തി. ഏതാണ്ട് എല്ലാവരും കുത്തനെയുള്ള കുന്നു കയറി റോഡിലേക്കു കുതിക്കുന്നത് കാണാമായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ദിവസമാകാമായിരുന്ന ആ ദിനം ഗോപാലകൃഷ്ണന് ഇച്ഛാഭംഗം സമ്മാനിച്ചു. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനായില്ല. ഭാരമേറിയ ചിത്രീകരണ ഉപകരണങ്ങള്‍ ആ കുന്നിനു മുകളിലേക്കും താഴേക്കും കൊണ്ടുപോവുക തമാശക്കളിയായിരുന്നില്ല.

എന്നിട്ടും വിധേയന്‍ അസാധാരണമാംവിധം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായി. തുടക്കത്തില്‍ത്തന്നെ ഒരു നല്ല ഇതിവൃത്തമാണ് ഗോപാലകൃഷ്ണനു പ്രവര്‍ത്തിക്കാനായി കിട്ടിയത്. സക്കറിയയുടെ കഥ ഒരു ക്ലാസിക് രചനയായിരുന്നു. ഗോപാലകൃഷ്ണനിലെ തിരക്കഥാകൃത്ത് അതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ എഴുതിച്ചേര്‍ത്ത് പൂര്‍ണമായും ഒരു പുതിയ വ്യാഖ്യാനം നല്‍കി. തിരിഞ്ഞുനോക്കി ഈ ചിത്രത്തെ വിലയിരുത്തുമ്പോള്‍ തൊമ്മിയും പട്ടേലരും മോശപ്പെട്ടവരായി പ്രത്യക്ഷപ്പെടില്ല. വ്യത്യസ്തമായ വിധങ്ങളില്‍ സാഹചര്യത്തിന്റെ നിസ്സഹായരായ ഇരകളാണ് അവര്‍.

അടൂരിന്റെ ചിത്രങ്ങളിലെ ത്രില്ലര്‍ സ്വഭാവമുള്ള ഏക സിനിമയാണ്
വിധേയന്‍. തിന്മയുടെയും ദുഷ്‌കര്‍മങ്ങളുടെയും ഭയാനകമായ അനുഭവം സൃഷ്ടിക്കുന്നതിനു വിധേയനിലെ ഭൂരിഭാഗം രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അടൂരിനു താന്‍ ഒരു കെണിയില്‍ അകപ്പെട്ടതുപോലെ തോന്നി. അവിടെനിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ചു. ഒരു പെട്ടിയില്‍ അടച്ചിട്ടതുപോലെ തോന്നുന്നത് ഭീതിദമായ ഒരനുഭവമാണ്. സൂര്യപ്രകാശത്തിലേക്ക് ഇറങ്ങി വിമോചനത്തിന്‍േറതായ ബോധം അനുഭവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. തനിക്കു പ്രിയപ്പെട്ട ഒരു കഥയിലേക്കു നടന്നുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തു. ആ കഥ മിക്കവാറും അദ്ദേഹത്തിന്‍േറതുതന്നെയായിരുന്നു.

(അടൂര്‍ ഗോപാലകൃഷ്ണന്‍: സിനിമയില്‍ ഒരു ജീവിതം എന്ന പുസ്തകത്തില്‍ നിന്ന്)

Monday, December 2, 2013

നായരും തിയ്യരും നമ്പൂതിരിയും ഉണ്ടായതെങ്ങനെ..?

കെ. ബാലകൃഷ്ണക്കുറുപ്പ്‌

ആദിവാസികളായ വില്ലവരെയും മീനവരെയും മറ്റും തോല്പിച്ചും ആള്‍പ്പാര്‍പ്പില്ലാത്ത സമതലങ്ങള്‍ കൈയേറിയും യാദവന്മാരും നാഗന്മാരും പലപ്പോഴുമായി മലബാര്‍ പ്രദേശത്തു കുടിയേറി പാര്‍ത്തു. ചരിത്രകാരന്മാരായ മജ്ജുംദാരും കൂട്ടരും യദുക്കളെപ്പറ്റി നല്കുന്ന വിവരം ശ്രദ്ധേയമാണ്. അവര്‍ പറയുന്നത് യദുക്കളും തുര്‍വസുക്കളും ഋഗ്വേദത്തില്‍ പരാമൃഷ്ടരായ രണ്ടു പ്രധാന ഗോത്രക്കാര്‍ ആണെന്നത്രെ. അവരെ ഇന്ദ്രന്‍ വിദൂരദേശത്തുനിന്നു കൊണ്ടുവന്നു. അവര്‍ക്കു പേര്‍ഷ്യയിലെ പരശുവംശക്കാരുമായി ബന്ധമുണ്ടായിരുന്നു. ഇന്ദ്രനെ ആരാധിക്കുന്ന ഈ ഗണങ്ങളില്‍ രണ്ടു വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ശൃംഗ്ജയന്മാരും അവരുടെ സുഹൃത്തുക്കളായ ഭരതന്മാരുമായിരുന്നു. മറ്റേ വിഭാഗത്തില്‍ (ഇന്ദ്രനെ തിരസ്‌കരിച്ചവര്‍) യദുക്കളും തുര്‍വസുക്കളും ദ്രുഹ്യുക്കളും അനുക്കളും പൂരുക്കളും ഉള്‍പ്പെട്ടു. അവസാനം പറഞ്ഞ കൂട്ടര്‍ അതാതു നാട്ടിലുള്ള ജനസഞ്ചയങ്ങളുമായി ഇടപഴകിപ്പോന്നു, ഇവരില്‍ യദുക്കളെയും ദ്രുഹ്യുക്കളെയും ദസ്യുക്കള്‍ എന്നാണ് ഋഗ്വേദം വിശേഷിപ്പിച്ചിരുന്നത്.1
Malabar Ladies, 90 years before
ഇതേ ചരിത്രകാരന്മാര്‍ തുടര്‍ന്ന് ഇങ്ങനെ എഴുതി: 'ഇന്ദ്രനെ ആരാധിക്കുന്ന വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി, ദസ്യുക്കള്‍ അല്ലെങ്കില്‍ ദാസന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഇരുണ്ട നിറവും പതിഞ്ഞ മൂക്കും ഉള്ള വര്‍ഗമാണ്. ആര്യന്മാര്‍ക്കു മനസ്സിലാവാത്ത ഭാഷയാണ് അവര്‍ സംസാരിച്ചിരുന്നത്. അവര്‍ വളപ്പുകള്‍കെട്ടി കന്നുകാലികളെ വളര്‍ത്തി ജീവിച്ചു. പുതുതായി വന്ന ഇവരുടെ പ്രേരണ നിമിത്തം ആര്യന്മാരുടെ യാഗാധിഷ്ഠിത മതത്തെ എതിര്‍ത്ത് നാട്ടുകാര്‍ മിക്കവാറും ലിംഗാരാധകന്മാരായി മാറിയിരിക്കണം. ചരിത്രാതീതകാലത്തു നിലനിന്ന താഴെ സിന്ധുതട നാഗരികതയുമായി ഈ ആരാധനക്രമം ഇവരെ ബന്ധപ്പെടുത്തി.'2 പ്രസ്തുത യാദവവിഭാഗം ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും മലബാറിലും പ്രകൃത്യാഹാരം ശേഖരിച്ചും കാലിമേച്ചും എത്തിച്ചേര്‍ന്നു. അവര്‍ ഇവിടങ്ങളില്‍ ആയന്മാര്‍ (ഇടയര്‍) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ചില ദിക്കില്‍ അവരെ ഏറാടിമാര്‍ എന്നും പറഞ്ഞുപോന്നു. ബി.സി. പത്താംനൂറ്റാണ്ടിന്നു ശേഷം അവരില്‍ ഒരു വലിയ വിഭാഗം ലിംഗാരാധനയ്ക്കുപകരം തങ്ങളുടെ ഗോത്രദൈവമായ മായനെ (കൃഷ്ണനെ) ആരാധിക്കാന്‍ തുടങ്ങി. ഏതാണ്ട് ബി.സി. ആയിരത്തോടടുത്താവാം യാദവര്‍ കേരളത്തിലെത്തുന്നത്.

യാദവന്മാര്‍ക്കു മുമ്പുതന്നെ ഉത്തരേന്ത്യയില്‍ നിന്നു നാഗന്മാര്‍ (മംഗോള്‍ വംശജരായ നാഗലാന്‍ഡുകാര്‍ അല്ല) മലബാര്‍ പ്രദേശത്ത് എത്തിപ്പെട്ടിരുന്നു. നാഗന്മാര്‍ ബി.സി. 13ാംനൂറ്റാണ്ടില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും ഗംഗയ്ക്കും യമുനയ്ക്കും ഇടയിലുള്ള പ്രദേശത്തും വളരെ പ്രബലന്മാരായിരുന്നു.3 പക്ഷേ, ആര്യന്മാരാല്‍ തുരത്തപ്പെട്ട അവര്‍ ദക്ഷിണേന്ത്യയിലേക്കു നീങ്ങി സാവധാനത്തില്‍ കേരളത്തില്‍ കുടിപാര്‍ത്തു.

അതിനുമുമ്പുതന്നെ സിലോണിന്റെ (ശ്രീലങ്കയുടെ) പടിഞ്ഞാറെ തീരത്ത് (ജാഫ്‌നാപ്രദേശം) ധാരാളം നാഗഗോത്രക്കാര്‍ നിവസിച്ചിരുന്നതായും അതിനാല്‍ ആ പ്രദേശം നാഗദ്വീപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായും സിലോണിലെ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. രാമേശ്വരത്തിനപ്പുറം സിലോണിലുള്ള കല്യാണിയായിരുന്നു ആ നാഗന്മാരുടെ തലസ്ഥാനം. ചിലപ്പതികാരത്തിലെ ഒരു പരാമര്‍ശത്തില്‍ നിന്ന് അനുമാനിക്കേണ്ടത് കാവേരിപട്ടണം ഒരു നാഗകേന്ദ്രമായിരുന്നുവെന്നാണ്.

ബി.സി. ആയിരാം ആണ്ടോടടുത്ത് യാദവരും നാഗന്മാരും കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുകയും കൂടിക്കഴിയുകയും ചെയ്തിരുന്നു. ഇടയവൃത്തി ആ കാലഘട്ടത്തിലെ പൊതു ജീവിതരീതിയായിരുന്നതുകൊണ്ട് ഇരുകൂട്ടരും അത് അവലംബിക്കുകയും ചെയ്തു. അവരുടെ കുടിയേറ്റം ഏതാണ്ടു എ.ഡി. ഏഴാം നൂറ്റാണ്ടുവരെ തുടര്‍ന്നുകൊണ്ടിരുന്നു എന്നുവേണം അനുമാനിക്കാന്‍.

യാദവന്മാരും നാഗന്മാരും മാതൃദായക്രമം അനുവര്‍ത്തിക്കുന്നു. പക്ഷേ, നാഗന്മാര്‍ താരതമ്യേന സമരോത്സുകരായിരുന്നുവെന്ന ഒരു പ്രത്യേകത നിലനിന്നു. അവര്‍ വസ്ത്രംനെയ്ത്തിലും വിദഗ്ധരായിരുന്നു.5 അവര്‍ പലപ്പോഴുമായി സമുദ്രമാര്‍ഗം ബംഗാളില്‍ നിന്നു ദക്ഷിണേന്ത്യയിലേക്കും സിലോണിലേക്കും എത്തിച്ചേര്‍ന്നുകൊണ്ടുമിരുന്നു.

ബി.സി. 6ാംനൂറ്റാണ്ടില്‍ മഗധ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ പശ്ചിമതീരത്തു സിലോണിനോടടുത്ത പ്രദേശങ്ങളില്‍ നാഗന്മാര്‍ വലിയ തോതില്‍ കുടിയേറിപ്പാര്‍ക്കുകയുണ്ടായി. മഗധ രാജാവായ വിജയന്‍ ബി.സി. 5ാംനൂറ്റാണ്ടില്‍ സിലോണില്‍ തന്റെ ഭരണം സ്ഥാപിക്കുകയും ദക്ഷിണേന്ത്യയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിജയന്റെ പ്രജകളായ നാഗന്മാര്‍ ദക്ഷിണേന്ത്യക്കാരുമായി ചേര്‍ന്ന് നായന്മാരായിത്തീര്‍ന്നുവെന്ന് പറയപ്പെടുന്നു.6

തൊണ്ടൈനാട് (ആന്ധ്രയിലെ കാളഹസ്തിപ്രദേശം) ഭരിച്ച സഗരകുലക്കാരായ നാഗന്മാരെ ചോളരാജാവായ മുചുകുന്ദന്‍ (എ.ഡി. 1-ാംനൂറ്റാണ്ട്) പരാജയപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് തെക്കന്‍ ദിക്കിലേക്കു മാറിപ്പാര്‍ത്ത നാഗന്മാര്‍ ത്രിയര്‍ (തമിഴില്‍ തിറയര്‍) എന്ന പേരില്‍ അറിയപ്പെട്ടു. ത്രിയര്‍ എന്ന സംസ്‌കൃതപദത്തിനു നിഷ്‌കാസിതര്‍ എന്നാണര്‍ഥം. ഇവരെ തമിഴര്‍ പലപ്പോഴും തിറയര്‍ എന്നു വിളിച്ചുപോന്നു. അവരില്‍ പല വിഭാഗക്കാരുണ്ടായിരുന്നു. ബംഗാളില്‍ നിന്നു വന്നവര്‍ പങ്കലതിറയാര്‍ എന്നും കൊച്ചിന്‍ചൈനയില്‍ നിന്നുവന്നവര്‍ ചൈനതിറയര്‍ എന്നും (കൂട്ടത്തില്‍ പറയട്ടെ, അവരാവാം കൊച്ചിക്ക് ആ പേരിട്ടത്). ബര്‍മയില്‍ നിന്നുള്ളവര്‍ കദര തിറയര്‍ എന്നും സിലോണില്‍ നിന്നുവന്നവര്‍ സിംഗളതിറയര്‍ എന്നും പല്ലവനാട്ടില്‍ നിന്നുവന്നവര്‍ പല്ലവ തിറയര്‍ എന്നും അറിയപ്പെട്ടു.

7 ചോളന്മാരുടെ വിജയത്തെ തുടര്‍ന്ന് (എ.ഡി. 1ാംനൂറ്റാണ്ട്) ഇവരില്‍ പലരും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ നാടുകളിലേക്കു കുടിയേറുകയായിരുന്നു.

ഇങ്ങനെ മലബാര്‍ പ്രദേശത്തേക്കെത്തിയ നാഗന്മാര്‍ക്ക് അതിനുമുമ്പുതന്നെ ഇവിടെ കുടിപാര്‍ത്ത യാദവരുമായി കൂടിക്കഴിയുന്നതിനു വിഷമമുണ്ടായിരുന്നില്ല. ത്രിയര്‍ എത്തിച്ചേരുന്നതിനു മുമ്പ് ഇവിടെ രൂപം പൂണ്ട യാദവ -നാഗ മിശ്രിതസമൂഹം നായര്‍ ഗോത്രക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അവര്‍ പുത്തന്‍ കൂറ്റുകാരായ നാഗന്മാരെ (ത്രിയരെ) മലബാറില്‍ തിയ്യര്‍ എന്നും തെക്കന്‍ പ്രദേശത്തു ഈഴുവര്‍ (സിലോണ്‍ത്രിയര്‍ - ഏലത്രിയര്‍) എന്നും വിളിച്ചുപോന്നു. കേരളത്തില്‍ ആദ്യമാദ്യം എത്തിയ നാഗന്മാര്‍ നായന്മാരായി 'തറ'കളില്‍ താമസിച്ചപ്പോള്‍ പിന്നീടെത്തിയ നാഗത്രിയര്‍ തിയ്യരായി 'കുടി'കളില്‍ പാര്‍പ്പുറപ്പിച്ചു.

ഇന്ത്യന്‍ ഗ്രാമീണ സമൂഹത്തെക്കുറിച്ചു മാര്‍ക്‌സ് നല്കിയ വിശദീകരണം മലബാറിലെ പുത്തന്‍ നാഗകുടിയേറ്റക്കാരെക്കുറിച്ച് തികച്ചും വാസ്തവമാണെന്ന് അംഗീകരിക്കേണ്ടിവരും. മാര്‍ക്‌സ് ഇങ്ങനെ എഴുതി: 'പൊതുവായ ഭൂവുടമാവകാശവും കൃഷിയും കൈത്തൊഴിലും മാറ്റം വരാത്ത തൊഴില്‍ വിഭജനവും ചേര്‍ന്ന ചെറുതും വളരെ പൂര്‍വികവുമായ സമൂഹങ്ങളില്‍ ചിലത് ഇന്ത്യയില്‍ ഇപ്പോഴും അവശേഷിക്കുന്നു. അതിലെ തൊഴില്‍വിഭജനം ഒരു പുതിയ സമൂഹത്തിന്റെ (community) ആവിര്‍ഭാവത്തിന് നിയതമായ ഒരു പദ്ധതിയായി നിലനില്ക്കുകയും ചെയ്യുന്നു. നൂറുമുതല്‍ ആയിരം ഏക്കര്‍ വരെ വിസ്തീര്‍ണമുള്ള ഭൂമി ഒരു പൊതുവിഭാഗമായി കരുതി ആവശ്യമുള്ളതെല്ലാം അവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അവിടത്തെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് ഉപയോഗപ്പെടുത്തുകയാല്‍ ആ ഉത്പന്നങ്ങള്‍ക്കു വില്പനച്ചരക്കിന്റെ സ്വഭാവമില്ല. അതിനാല്‍ തൊഴില്‍വിഭജനത്തില്‍ നിന്നും സ്വതന്ത്രമായാണ് ഇവിടെ ഉത്പാദനം നടക്കുന്നത്. ഇത്തരം സമൂഹത്തിലാകെ ഉത്പന്നങ്ങളുടെ പരസ്​പര കൈമാറ്റമേ നടക്കുന്നുള്ളൂ. മിച്ചമുള്ള ഉത്പന്നങ്ങള്‍ മാത്രമേ ചരക്കായി മാറുന്നുള്ളൂ. അധികാരികളുടെ കൈവശം എത്തിച്ചേരുന്നതിനുമുമ്പായി അതില്‍ത്തന്നെയും ഒരു ഭാഗം പാട്ടവും കാഴ്ചദ്രവ്യവുമായി മാറിപ്പോകുന്നതായാണ് കീഴ്‌വഴക്കം. ഇത്തരം സമൂഹങ്ങളുടെ ഘടനയില്‍ പ്രാദേശികവ്യത്യാസങ്ങളുണ്ടാകാം. വളരെ ലളിതമായ രൂപമെന്തെന്നാല്‍, ഭൂമി പൊതുവായി കൃഷി ചെയ്യപ്പെടുകയും ഉത്പന്നങ്ങള്‍ സമൂഹാംഗങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുവെന്നതാണ്. അതേസമയത്ത് നൂല്‍നൂല്പും നെയ്ത്തും സഹവ്യവസായമെന്ന നിലയ്ക്ക് ഓരോ സമൂഹത്തിലും നിലനിന്നു.' അതിനിടയ്ക്ക് ഭരണാധികാരികളും പുരോഹിതന്മാരും കണക്കപ്പിള്ളമാരും നിയമപാലകരും ജ്യോതിഷികളും മറ്റും സമൂഹത്തിന്റെ ചെലവില്‍ ജീവിച്ചുവെന്നു വിശദീകരിച്ച ശേഷം മാര്‍ക്‌സ് തുടരുന്നു. 'ജനസംഖ്യ വര്‍ധിക്കുമ്പോള്‍ പാര്‍പ്പില്ലാത്ത പ്രദേശത്ത് ഒരു പുതിയ സമൂഹം പഴയതിന്റെ മാതൃകയില്‍ സ്ഥാപിക്കപ്പെടുന്നു.'8

ട്രൈബല്‍ സമൂഹത്തിലെ ആദ്യകാലതൊഴില്‍വിഭജനം പിന്നെ സ്ഥിരമായ ജാതിവിഭജനമായി മാറുകയായിരുന്നു. അങ്ങനെ ജാതിവ്യവസ്ഥ പ്രതിഷ്ഠാപിതമായപ്പോഴും ഈ ജാതിക്കാര്‍ തങ്ങളുടെ ട്രൈബല്‍ സംസ്‌കാരം നിലനിര്‍ത്തിപ്പോന്നു. അക്കാരണത്താല്‍ പല ജാതികളുടെയും അനുഷ്ഠാനത്തില്‍ ഒരേ സംസ്‌കാരികച്ഛായ ദൃശ്യമാവുകയുണ്ടായി. ട്രൈബുകള്‍ തങ്ങളുടെ ഗണത്തിനു വെളിയിലുള്ള വിവാഹം നിഷിദ്ധമായി കരുതിയപ്പോള്‍ (Endogamous) കുടുംബങ്ങള്‍ (Clans) അന്യകുടുംബങ്ങളുമായുള്ള ബന്ധം (Exogamous) മാത്രം അംഗീകരിച്ചു. യാദവ-നാഗ ഗണത്തില്‍പെട്ട നായര്‍-തിയ്യ ട്രൈബുകള്‍ (ഗോത്രം) കുടുംബവും (clan) ജാതിയും (caste) പിന്നെ തറവാടുകളുമായി (Leaniage) പിരിഞ്ഞു ജീവിച്ചുപോന്നു. ഈ ഗോത്രപരിണാമം സംഭവിക്കുന്നതിനു മുമ്പ് മലബാറികളെ സംബന്ധിച്ചിടത്തോളം ലിന്‍ഡ് ചോട്ടല്‍ രേഖപ്പെടുത്തിയ വിധം രണ്ടുതരം ജനവിഭാഗമേ ഉണ്ടായിരുന്നുള്ളൂ. 'നായന്മാര്‍ എന്നു പറയുന്ന മാന്യരുടെ വിഭാഗവും മറ്റേതു പുലയര്‍ എന്നു പറയുന്ന പൊതുജനവും.'9

ബി.സി. ഒന്നാംനൂറ്റാണ്ടില്‍ത്തന്നെ മലബാര്‍ പ്രദേശത്തു നായര്‍ എന്ന ഗോത്രം (Tribe) ആവിര്‍ഭവിച്ചിരിക്കണം. ആയന്മാരും (യാദവര്‍) നാഗന്മാരും തമ്മിലുള്ള വേഴ്ചയുടെ ഫലമായി രൂപംപൂണ്ട ഒരു ഗോത്രമായിരുന്നു അത്. അവര്‍ തറകള്‍ എന്നു വിളിക്കപ്പെട്ട ഗ്രാമപ്രദേശത്തു താമസിക്കുകയും പ്രാമാണികവ്യക്തികളുടെ നിയന്ത്രണത്തില്‍ മരുമക്കത്തായക്രമമുള്ള തറവാടുകള്‍ സ്ഥാപിക്കുകയും ചെയ്തു. യാദവന്മാരുടെയും നാഗന്മാരുടെയും പൂര്‍വനിവാസഭൂമിയിലെ ചില പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിന് അവര്‍ വിമുഖത കാട്ടിയിരുന്നുമില്ല. തങ്ങളുടെ പഴയ റ്റോറ്റങ്ങളായ (Totem) വൃക്ഷങ്ങളും പക്ഷികളും പാമ്പുകളും ഇവിടെയും ആരാധിക്കപ്പെട്ടു.

മലബാറിലെ വീടുകളുടെ നിര്‍മിതിയില്‍ പോലും നാഗസ്വാധീനം പ്രകടമായിരുന്നു. ദക്ഷിണകര്‍ണാടകത്തിലും മലബാറിലുമുള്ള വീടുകളെ നേപ്പാളിലെ നിര്‍മിതികളോടു താരതമ്യപ്പെടുത്തി ശില്പകലാവിദഗ്ധനായ ഫര്‍ഗുസന്‍ എഴുതുന്നതു നോക്കുക. 'ഇവിടുത്തെ വീടുകളുടെ വരാന്തയുടെ മുകളില്‍ ഇറയത്തിനു കാണുന്ന മടക്ക് വടക്കന്‍ രീതികളോടു തുല്യതവഹിക്കുന്ന ഒരു പ്രത്യേകതയാണ്. നേപ്പാളിന്റെ തെക്കുവശത്തൊഴിച്ചു മറ്റൊരിടത്തും ഈ രീതി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഈ സമ്പ്രദായം സ്വയം കണ്ടെത്തിയെന്നതിലുമധികം അനുകരണമാവാനാണിടയുള്ളത്.

എങ്ങനെ, ഏതുകാലത്താണ് നേപ്പാളും തിബത്തും കര്‍ണാടകവും തമ്മില്‍ ബന്ധപ്പെട്ടതെന്നതിനു സ്വീകാര്യമായ ഒരു അഭ്യൂഹവും സാധ്യമല്ലെങ്കിലും സംഭവം അങ്ങനെയാണെന്നതില്‍ സംശയമില്ല....'

'സ്ത്രീകളുടെ പാതിവ്രത്യത്തെ സംബന്ധിച്ചുള്ള അസാധാരണമായ ഒരുതരം ധാരണയും നിര്‍മിതികളിലും മറ്റുമുള്ള പ്രത്യേകതകളും മലബാറിലെ നായന്മാരിലും നേപ്പാളിലെ നീവാര്‍മാരിലും ഒഴിച്ചു മറ്റാരിലും കാണാത്ത നിലയ്ക്ക് അവര്‍ സമാനരൂപമുള്ള വര്‍ഗങ്ങളാണെന്ന് അനുമാനിക്കാം.'

'എന്നാല്‍ എപ്പോള്‍, എങ്ങനെ ഈ ബന്ധം ഉളവായി എന്നത് ഞാന്‍ മറ്റുള്ളവരുടെ തീരുമാനത്തിനു വിടുകയാണ്. പേരുകളില്‍ തുല്യതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, അവരുടെ ആചാരമര്യാദകളിലും നിര്‍മിതികളിലുമുള്ള സാമ്യതയില്‍ എനിക്കു വിശ്വാസമുണ്ട്.'10

ഹിമാലയന്‍താഴ്‌വാരമായ നേപ്പാളിലെ നീവാര്‍മാരും കേരളത്തിലെ നായന്മാരും തമ്മിലുള്ള സാമ്യം കേണല്‍ കിര്‍പാട്രിക്കും ചൂണ്ടിക്കാട്ടുന്നു. 'നായര്‍ സ്ത്രീകളെ പോലെ തന്നെ നീവാരി സ്ത്രീകളും ലഘുവായ കാരണം കൊണ്ട് വിവാഹമോചനം നേടി തങ്ങള്‍ക്കിഷ്ടമുള്ള ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നു.' എന്നാണ് അദ്ദേഹം പറയുന്നത്.11

ഇതേ കാര്യം തന്നെ ഡോ. ബുക്കാനിന്‍ ഹാമില്‍ടന്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത്. 'സ്ത്രീകളുടെ പാതിവ്രത്യത്തെ സംബന്ധിച്ചും ഭവനനിര്‍മാണത്തെ സംബന്ധിച്ചും മറ്റു ചില സംഗതികളിലും അസാധാരണവും രസകരവുമായ ഒരേ അഭിപ്രായമുള്ളവരായി നായന്മാരും നീവാരികളുമല്ലാതെ മറ്റു ഗോത്രക്കാരില്ല. പക്ഷേ, എങ്ങനെ എപ്പോഴാണ് ഈ ബന്ധം സംഭവിച്ചതെന്ന കാര്യം മറ്റുള്ളവരുടെ തീരുമാനത്തിനു വിടുന്നു.'12

നായര്‍ സമുദായത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍ (1) മരുമക്കത്തായസമ്പ്രദായം (2) നാഗാരാധന (3) രാജാധിപത്യത്തിനു പകരം ഗോത്രാധിപത്യം എന്നിവയായിരുന്നുവെന്ന് റവ.ഡബ്ല്യു. ടൈലറെ മുന്‍നിര്‍ത്തി പത്മനാഭമേനോനും പ്രസ്താവിക്കുന്നു.13

നായന്മാരുടെ ആയോധനസമ്പ്രദായത്തിനു നാഗന്മാരുടെ യുദ്ധരീതികളോടുള്ള സാമ്യത്തെ ആര്‍.എസ്. സ്റ്റുവര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ശ്രീ. ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്ന കാര്യവും പ്രസക്തമാണ്. 'നിശ്ചിത സമയത്തു വര്‍ഷത്തില്‍ ഒരിക്കലോ രണ്ടുവട്ടമോ ഗ്രാമങ്ങളെല്ലാം സൗകര്യമുള്ള ഒരു സ്ഥലത്തു കൂടിച്ചേര്‍ന്ന് ഒരു കൂട്ടത്തല്ല് നടത്തുന്നു. കൈകാല്‍ നഖങ്ങളല്ലാതെ മറ്റ് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ല. ഓരോരുത്തരും അവനവന്റെ സംഘത്തിനുവേണ്ടി ഇതില്‍ യുദ്ധം ചെയ്യുന്നു. അതിരൂക്ഷമായ മുറിവുകളും ചതവുകളും പരസ്​പരം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഈ മത്സരങ്ങള്‍ അത്യന്തം ഭീകരങ്ങളാണ്. പക്ഷേ, ഇതിന്റെ പേരില്‍ പിന്നീടു പക പാടില്ല.'

ഈ ഉദ്ധരിണിക്കുശേഷം ശ്രീ. ബാലകൃഷ്ണന്‍ എഴുതുന്ന വാക്യവും ചേര്‍ത്തുവായിക്കുക 'അസ്സല്‍ ആയുധങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കളിയുദ്ധം നടത്തുന്ന കേരളത്തിന്റെ യുദ്ധമുറകളെ എന്തു പേരുകൊണ്ടാണ് നമുക്കു വിശേഷിപ്പിക്കാന്‍ കഴിയുക?'14

നായന്മാരുടേതില്‍ നിന്നു വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല സിലോണ്‍ദ്വീപില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ഇവിടെയെത്തി കുടിപാര്‍ത്ത സിംഗള തിറയരുടെ ജീവിതരീതിയും. ഇവര്‍ മലബാര്‍ പ്രദേശത്തേക്കു കയറിവന്ന് ആദ്യമാദ്യം നായര്‍ സമുദായത്തില്‍ ലയിച്ചുവെങ്കിലും ഇവിടെ ആദ്യമെത്തി ഭൂമി കൈയടക്കിയ നാഗ- യാദവന്മാരെപ്പോലെ പ്രബലരായി മാറിയില്ല. ഈ നാഗത്രിയര്‍, വടക്കെ മലബാറിലും കോഴിക്കോട്ടും തിയ്യര്‍ എന്നും വള്ളുവനാട്ടിലും പാലക്കാട്ടിലും ചേകോന്‍ എന്നും തെക്കന്‍പ്രദേശങ്ങളില്‍ ഈഴവര്‍ എന്നും അറിയപ്പെട്ടു. തുടക്കത്തില്‍ ഇവരും നായന്മാരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഏവരും നായന്മാര്‍ എന്ന പേരില്‍ത്തന്നെ നിലനില്ക്കുകയും ചെയ്തു.

ജീവിതരീതിയും മറ്റ് ആചാരങ്ങളും പരിഗണിക്കുമ്പോള്‍ നായരുടേതും തിയ്യരുടേതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും ആദ്യം മരുമക്കത്തായികളായിരുന്നു. അധ്വാനിച്ചു പ്രവര്‍ത്തിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വള്ളുവനാട്ടുകാരും മറ്റും അവരെ ചേകോന്‍ എന്നു വിളിച്ചുവെന്നേയുള്ളു.15 'ശരീരഘടനയിലും പൊതുവായ രൂപത്തിലും അവര്‍ (തിയ്യര്‍) നായന്മാരെപ്പോലെത്തന്നെയായിരുന്നു' എന്നാണ് പത്മനാഭമേനോന്‍ പറയുന്നത്.16 'ആരോഗ്യവും സൗന്ദര്യവുമുള്ള അധ്വാനശീലര്‍' എന്നു ബുക്കാനിന്‍ അവരെ വിശേഷിപ്പിക്കുന്നതായും പത്മനാഭമേനോന്‍ ഉദ്ധരിക്കുന്നു.17 വടക്കേ മലബാറില്‍ അങ്കം പിടിക്കുന്നതിനു മാത്രമല്ല തെക്കന്‍ കേരളത്തില്‍ നായര്‍പട എന്നപോലെ സ്ഥിരം യോദ്ധാക്കളായും അവര്‍ പലപ്പോഴും നിയമിതരായിരുന്നു. 'പുറക്കാടു രാജാവിന്നു (അമ്പലപ്പുഴ രാജാവ്) അധികം നായര്‍ ഭടന്മാര്‍ ഉണ്ടായിരുന്നില്ല. അവരുടെ സ്ഥാനത്ത് ചേകോന്മാരാണ് സേവനമനുഷ്ഠിച്ചിരുന്നത്' എന്ന് ബറബോസ പറഞ്ഞതായി പത്മനാഭമേനോന്‍ ഉദ്ധരിച്ചിരിക്കുന്നു.18

വടക്കേ മലബാറിലെ തിയ്യര്‍ നായന്മാരെപ്പോലെത്തന്നെ എട്ട് ഇല്ലങ്ങളിലും മുപ്പത്തിരണ്ടു കിരിയങ്ങളിലും ഉള്‍പ്പെട്ടവരാണെന്ന് അവകാശപ്പെടുന്നുവെന്നും പത്മനാഭമേനോന്‍ പ്രസ്താവിക്കുന്നു.19 അപ്പോള്‍ അധികാരത്തിന്റെ വിവിധതലങ്ങളെയും അധികാരകേന്ദ്രങ്ങളുമായി അവയ്ക്കുള്ള ബന്ധങ്ങളെയും അടിസ്ഥാനപ്പെടുത്തിയേ നായരും തിയ്യരും ഉള്‍പ്പെടെയുള്ള മലബാറിലെ ജാതിവ്യവസ്ഥയെ മനസ്സിലാക്കാന്‍ കഴിയൂ.

മെഗാലിത്തിക്ക് കാലഘട്ടത്തിനു മുമ്പും പിമ്പുമായി കേരളത്തില്‍ കുടിയേറിപ്പാര്‍പ്പുകള്‍ നടന്നുവെന്ന് പറഞ്ഞുവല്ലോ.

അങ്ങനെ ആദ്യം കുടിയേറിയ ആദിവാസികള്‍ക്കുപുറമെ നാഗന്മാരും യാദവന്മാരും മറ്റും സംഘം സംഘമായി പലയളവിലും മലബാര്‍ പ്രദേശത്തേക്കു പ്രവേശിക്കുകയുണ്ടായെന്നും സൂചിപ്പിച്ചുകഴിഞ്ഞു. യാദവരും നാഗന്മാരും ആദ്യം ഇടയവൃത്തിയും പിന്നെ കൃഷിവൃത്തിയും അംഗീകരിച്ചു. ഇവിടെ ആദ്യമുണ്ടായിരുന്ന നിവാസികളെ കാട്ടുപ്രദേശങ്ങളിലേക്ക് ഓടിക്കുകയോ തങ്ങളുടെ ദാസന്മാരാക്കി മാറ്റുകയോ ചെയ്യാനും അവര്‍ മടിച്ചിരുന്നില്ല, ഓരോരിക്കലും വന്നുചേര്‍ന്ന യാദവ-നാഗ വിഭാഗങ്ങള്‍ നായരായി ഒരോ പ്രദേശത്തും (തറ) ഓരോ നാട്ടുകൂട്ടം (Folk) എന്നനിലയ്ക്കു കഴിഞ്ഞുകൂടി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ബന്ധുഗണത്തില്‍ പെട്ടതും സ്വയം സംരക്ഷിതവും ആയി ആ നാട്ടുകൂട്ടം ഒരു ഗോത്രം (Tribe) എന്ന പോലെ ജീവിച്ചു. നേരിട്ടോ അല്ലാതെയോ പുറമെ നിന്നുള്ള ആക്രമണത്തെ നേരിടേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ഗോത്രാധിഷ്ഠിതഗണം പരസ്​പരം ബന്ധപ്പെട്ടു. ഒരു സമൂഹമായി അല്ലെങ്കില്‍ ഒരു സമുദായമായി അറിയപ്പെട്ടു. അവര്‍ പല ഊരുകളിലുമായി ചിതറിക്കിടന്നിരുന്നുവെങ്കിലും അവര്‍ക്ക് പൊതുവായ പാരമ്പര്യബന്ധവും പൊതുവായ ഐഡന്റിറ്റിയും പൊതുവായ ഭാഷയും സംസ്‌കാരവുമുണ്ടായി. ഒരു തലമുറ അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്ന തൊഴില്‍സങ്കേതങ്ങളെയും വിശ്വാസങ്ങളെയും ആചാരവ്യവസ്ഥകളെയും അവര്‍ പാരമ്പര്യമെന്ന പേരില്‍ പുലര്‍ത്തിപ്പോന്നു.

നാഗപാരമ്പര്യമാണ് നായന്മാര്‍ക്കെന്ന് പണ്ടുകാലം മുതലേ കേരളീയ പണ്ഡിതന്മാര്‍ കരുതിപ്പോന്നിരുന്നു. നായന്മാരുടേത് ഒരു മിശ്രിതവംശമാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. 'നാഗജാതിക്കാര്‍ മലയോരങ്ങളിലെ നിവാസികളുമായി ചേര്‍ന്നുണ്ടായ ഒരു മിശ്രവംശം ഇരുകൂട്ടരെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം യോജിച്ചു നായര്‍സമുദായമായിത്തീര്‍ന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു'20 എന്നും 'നാഗങ്ങളെ ആരാധിക്കുന്ന ഈ പ്രാകൃതദ്രാവിഡരുടേതായ നായര്‍വംശം നമ്പൂതിരിമാരുടെ ആഗമനത്തിന് എത്രയോ മുമ്പുതന്നെ ഇവിടെ പ്രബലന്മാരായിരുന്നു'21 എന്നും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. നായന്മാര്‍ 'ലോകര്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ടുവരെ മലബാറിന്റെ അതിര്‍ത്തിയിലോ മലബാര്‍ പ്രദേശത്തോ ആക്രമിച്ചെത്തിയ പടനായകന്മാര്‍ പലപ്പോഴും തങ്ങളുടെ കൂട്ടുകാരോടൊപ്പം മലബാറിലെ സമതലപ്രദേശത്തുണ്ടായിരുന്ന നായര്‍തറകളോടു ബന്ധപ്പെട്ടു കഴിഞ്ഞുകൂടി. മൗര്യസാമ്രാജ്യത്തിന്റെ പശ്ചിമപ്രാന്തങ്ങളിലുണ്ടായിരുന്ന ശതവാഹനന്മാര്‍ അശോകന്റെ നിര്യാണശേഷം ഇവിടെ എത്തിപ്പെടുകയുണ്ടായി. ശതവാഹനന്മാരില്‍പ്പെട്ട ചില വിഭാഗങ്ങള്‍ കാലിവളര്‍ത്തല്‍ ഉപജീവനമായി സ്വീകരിച്ചുകൊണ്ടു മലബാറിലെ നായര്‍ സമുദായവുമായി മേളിച്ചു കഴിഞ്ഞുകൂടിയെന്ന് കരുതാവുന്നതാണ്. പിന്നീടുവന്നവരും ക്രമേണ ക്രമേണ നായര്‍ സമുദായത്തില്‍ വിലയിച്ചു കൊണ്ടിരുന്നു. അതിനു മുമ്പുതന്നെ ബി.സി. 4ാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാവിന്റെ ആശ്രിതജനങ്ങളില്‍ പലരും മലബാറില്‍ എത്തിയിരുന്നു.

എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോള്‍ ചേരന്മാരില്‍ ആതന്‍ ഒന്നാമനും (എ.ഡി. 4055) പാണ്ഡ്യരില്‍ നെടുംചേഴിയനും (എ.ഡി. 5075) ചോളരില്‍ കരികാല ചോളനും (എ.ഡി. 5095) ദിഗ്‌വിജയം നടത്തുന്നതിനിടയ്ക്ക് അവരുടെ പട്ടാളക്കാരില്‍ പലരും മലബാര്‍ പ്രദേശം തങ്ങളുടെ വാസസ്ഥലമാക്കി മാറ്റി. കരികാലചോളന്‍ ഒളിനാഗന്മാരെയും കുറുമ്പരെയും അമര്‍ച്ചചെയ്യാന്‍ നിയോഗിച്ച പടത്തലവന്മാരില്‍ നല്ലൊരു വിഭാഗം നായന്മാരോടു ചേര്‍ന്നു മലബാറില്‍തന്നെ നിവസിച്ചു. പാണ്ഡ്യരും, ചോളരും, ചേരരും തമ്മില്‍ സംഘട്ടനം നടന്ന ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ പ്രസ്തുത രാജാക്കന്മാരുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു പട്ടാളസഹായത്തോടെ ആളുകള്‍ മലബാറിലേക്കു യഥേഷ്ടം കുടിയേറിപ്പാര്‍ക്കുകയുണ്ടായി. ചോളന്മാര്‍ ചേരതലസ്ഥാനമായ വഞ്ചി പിടിച്ചടക്കിയപ്പോള്‍ രാജകുടുംബാംഗങ്ങളടക്കം ചേരന്മാരില്‍ പലരും മലബാറിലേക്കു ചേക്കേറി. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ തലശ്ശേരി വരെ തമിള്‍കുടിപ്പാര്‍പ്പു സ്ഥലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കനകസഭായ് അഭിപ്രായപ്പെടുന്നു.22 ഹേഹയന്മാര്‍ എന്ന കല്‍ച്ചൂരികള്‍ പശ്ചിമതീരത്തിന്നധിപതികളായപ്പോള്‍ അവരും മലബാറിലേക്കു ചുരുങ്ങിയതോതില്‍ കുടിയേറ്റം നടത്തിയിരിക്കണം. കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാട് തലസ്ഥാനമാക്കിയപ്പോള്‍ കദംബരും (എ.ഡി. 6ാംനൂറ്റാണ്ട്) മൈസൂരിന്റെ തെക്കുവശം ഭരിച്ച ഗംഗന്മാരും ചാലൂക്യരെ തോല്പിച്ച പല്ലവരാജാവ് പരമേശ്വരവര്‍മന്റെ സൈന്യങ്ങളും ഗുജറാത്തിലെ വലാഭിഗോത്രത്തില്‍ പെട്ട ശ്രീഭേരഭട്ടന്‍ എന്നുകൂടി പേരുള്ള ശിലാദിത്യന്റ പടത്തലവന്മാരും മലബാറില്‍ എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. ഒരുകാലത്ത് പശ്ചിമഘട്ടപ്രദേശം മുഴുവന്‍ ശിലാദിത്യന്റെ കീഴിലായിരുന്നുവത്രേ.

മേല്‍പ്പറഞ്ഞ വിധം ആക്രമിച്ചെത്തിയ പടത്തലവന്മാര്‍ നായന്മാരോടു ചേര്‍ന്ന് അവരുടെ സഹായത്തോടെ മലബാറില്‍ പല സ്ഥലത്തും, നാടുവാഴികളായി മറി. ഈ നാടുവാഴിമാരില്‍ പലരും തങ്ങള്‍ സുപ്രസിദ്ധ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടവരാണെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കാതിരുന്നില്ല. അതിനുവേണ്ടി വാളും തിട്ടൂരങ്ങളും മറ്റും ഐതിഹ്യങ്ങളില്‍ പൊതിഞ്ഞു പ്രദര്‍ശിപ്പിക്കാന്‍ അവര്‍ മടിച്ചില്ല. വള്ളുവനാട്ടിലെ നാടുവാഴികള്‍ പല്ലവരോടും പൂന്തുറ ഏറാടിമാര്‍ ചേരന്മാരോടും ബന്ധപ്പെട്ടവരാണെന്നു പ്രസ്താവനകളും തറവാട്ടുമഹിമ കാട്ടി ജനങ്ങളെ വിരട്ടുന്നതിന് ഉദാഹരണങ്ങളാണ്.

നാടുവാഴികള്‍ നായര്‍ഭടന്മാരെ സംഘടിപ്പിച്ചു കൊള്ള നടത്താനും നാടുപിടിക്കാനും വേണ്ട ശക്തി സംഭരിച്ചുപോന്നു. ഏതാണ്ട് എ.ഡി. 2ാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ച ഈ നാടുവാഴി ഭരണം മലബാര്‍ പ്രദേശത്തു കൂടുതല്‍ ശക്തവും വ്യാപകവുമായി എന്നുവേണം അനുമാനിക്കാന്‍. ഏതാനും തറകള്‍ ഉള്‍പ്പെട്ട നാടുകള്‍ ഒരു പ്രത്യേക നാടുവാഴിയുടെ നിയന്ത്രണത്തില്‍ ആയിത്തീര്‍ന്നു. നാടുകളുടെ പേര്‍ ഒട്ടുമുക്കാലും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നും സ്റ്റെയില്‍ ചൂണ്ടിക്കാട്ടുന്നു.23

നാടുകള്‍ ഓരോന്നും സാമ്പത്തികവും ആചാരപരവുമായി വ്യത്യസ്തഘടകങ്ങളായാണ് കഴിഞ്ഞുകൂടിയത്. വിവാഹത്തിലും മരണാനന്തരക്രിയകളിലും മറ്റും നാട്ടുനടപ്പിലുള്ള വ്യത്യാസം മലബാര്‍ പ്രദേശത്ത് ഇപ്പോഴും ദൃശ്യമാണ്. മലബാര്‍ പ്രദേശത്തു രാജഭരണം നടപ്പിലായപ്പോള്‍ പോലും ഓരോ നാടിന്റെയും പ്രത്യേകതകളും നാടുവാഴിക്കു ഭൂമിമേലുള്ള അവകാശങ്ങളും നിലനിന്നിരുന്നു. ഹൈദരുടെ ആക്രമണത്തിനു ശേഷമാണ് നാടുവാഴിത്തം രാജാധിപത്യത്തിന് തീര്‍ത്തും കീഴടങ്ങിയത്.

ബി.സി. 300 മുതല്‍ എ.ഡി. 300 വരെയുള്ള ആറു നൂറ്റാണ്ടുകള്‍ ഇന്ത്യാചരിത്രത്തിലെ നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു. ബുദ്ധ-ജൈന മതങ്ങളുടെ പ്രഭാവകാലത്തു ഗില്‍ഡുകള്‍ രൂപീകൃതമാവുകയും ആഭ്യന്തരവും വൈദേശികവുമായ വ്യാപാരം അഭിവൃദ്ധിപ്പെടുകയുമുണ്ടായി. കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചുറ്റും നഗരങ്ങള്‍ വളര്‍ന്നുകൊണ്ടുമിരുന്നു. കടല്‍ത്തീരങ്ങളില്‍ വിദേശവ്യാപാരത്തിനു സൗകര്യമുള്ളിടങ്ങളിലും നഗരങ്ങളും ക്ഷേത്രങ്ങളുമുയര്‍ന്നു. നഗരങ്ങള്‍ വികസിച്ചിരുന്നിടങ്ങളില്‍ രാജാക്കന്മാരുടെയും നാഗരികന്മാരുടെയും ആചാര്യസ്ഥാനം വഹിച്ചുകൊണ്ടും യജ്ഞങ്ങളും പൂജകളും നിര്‍വഹിച്ചുകൊണ്ടും ബ്രാഹ്മണര്‍ ഒരു പ്രബലശക്തിയായി വര്‍ത്തിച്ചു. മറ്റ് ഹിന്ദുസമുദായങ്ങള്‍ക്കു തീര്‍ഥയാത്രയില്‍ നേതൃത്വം നല്‍കുന്നതിലും ബ്രാഹ്മണര്‍ നിയോഗിക്കപ്പെട്ടിരുന്നു.

നഗരവത്കരണത്തെയും രാജ്യത്തിലെ സാമ്പത്തികപുരോഗതിയെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിരുന്നത് വിദേശവ്യാപാരമാണ്. എന്നാല്‍ ഗുപ്തഭരണകാലത്തെത്തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ (എ.ഡി. 300 മുതല്‍ 1000 വരെ) നഗരവത്കരണം (Urbanisation) അല്ല നഗരതിരോധാന (De Urbanisation) മാണ് സംഭവിച്ചുകൊണ്ടിരുന്നത്. അതില്‍ ആദ്യഘട്ടം എ.ഡി. മൂന്നാംനൂറ്റാണ്ടുമുതല്‍ ആറാംനൂറ്റാണ്ടുവരെയും രണ്ടാംഘട്ടം ഏഴു മുതല്‍ പത്താംനൂറ്റാണ്ടുവരെയുമായിരുന്നു. റോമക്കാരുമായും തെക്കുകിഴക്കന്‍ രാജ്യക്കാരുമായും വ്യാപാരം നിലച്ചുപോയ എ.ഡി. മൂന്നാംനൂറ്റാണ്ടില്‍ നഗരവത്കരണം വീര്‍പ്പുമുട്ടിപ്പോയി എന്നുവേണം കരുതാന്‍. അക്കാലത്തെ പ്രതിനിധാനം ചെയ്യുന്ന റോമന്‍ നാണ്യങ്ങള്‍ കണ്ടുകിട്ടാതിരുന്നതിനാലും ഫാഹിയാന്‍, ഹ്യുയാന്‍ സാങ് എന്നിവരുടെ യാത്രാവിവരണങ്ങളില്‍ നിന്നും നഗരങ്ങളുടെ അധഃപതനകാലമായിരുന്നു അതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു.

നഗരങ്ങളുടെ തകര്‍ച്ചയും ഫ്യൂഡലിസത്തിന്റെ വളര്‍ച്ചയും കാരണം ഉത്തരേന്ത്യയിലെ ബ്രാഹ്മണകുടുംബങ്ങള്‍ തങ്ങളുടെ അധിവാസകേന്ദ്രം വിട്ടുമാറി താമസിക്കാന്‍ നിര്‍ബന്ധിതരായെന്ന് ആര്‍.എസ്.ശര്‍മ വിശദീകരിക്കുന്നു.24 ഗംഗാതടങ്ങളിലെ പരിസ്ഥിതിയില്‍ വന്ന മാറ്റവും ഈ മാറിത്താമസത്തിനു പ്രേരകമായി ഭവിച്ചിരിക്കും. ബ്രാഹ്മണര്‍ മാത്രമല്ല കൈത്തൊഴില്‍കാരും നഗരങ്ങള്‍ വിട്ടു മറ്റിടങ്ങളിലേക്ക് കുടിപാര്‍ക്കാന്‍ നിര്‍ബന്ധിതരായി. അതുമൂലം ഉള്‍പ്രദേശങ്ങളില്‍ കൈത്തൊഴില്‍ക്കാരുടെ സങ്കേതങ്ങളുളവായി.

ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം തീര്‍ഥയാത്രകളും പൂജാതന്ത്രങ്ങളും അവര്‍ക്കു പുതിയ ജീവിതമാര്‍ഗം കാട്ടിക്കൊടുത്തു. നഗരവത്കരണം തുടങ്ങുന്നതിനു മുമ്പ് (ബി.സി. 3ാംനൂറ്റാണ്ടിനു മുമ്പ്) അഗസ്ത്യന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ആര്യബ്രാഹ്മണര്‍ ആദ്യമായി ദക്ഷിണേന്ത്യയിലേക്കു വന്നു പൊതിയമലകളില്‍ താമസമാക്കിയിരുന്നു.25

എന്നാല്‍ നഗരതിരോധാനത്തിന്റെ കാലത്തു സ്വദേശം വിട്ട ബ്രാഹ്മണര്‍ ദക്ഷിണേന്ത്യയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് പല പ്രദേശങ്ങളിലും തങ്ങിയിരുന്നുവെന്ന് ശര്‍മ നമ്മെ ബോധ്യപ്പെടുത്തുന്നു. ചിലപ്പതികാരം രചിക്കപ്പെട്ട കാലത്തു പാണ്ഡ്യരാജ്യത്തെ മധുരയിലും തങ്കല്‍, വയനങ്കോട് എന്നിവിടങ്ങളിലും ചേരരാജ്യത്തെ വഞ്ചി, പൊറയൂര്‍, എരയം, മാങ്കാട് തുടങ്ങിയ സ്ഥലങ്ങളിലും ചോളരാജ്യത്തെ കാവേരി പട്ടണം, മുള്ളൂര്‍, അവിനാങ്കുടി, ചെങ്കാട്ടു പ്രദേശത്തും ബ്രാഹ്മണര്‍ ഒന്നിച്ചു പാര്‍ക്കുന്ന അഗ്രഹാരങ്ങള്‍ ഉണ്ടായിരുന്നുവത്രെ.26

ബ്രാഹ്മണര്‍ പ്രാചീനനഗരങ്ങളില്‍നിന്നു നാട്ടിന്‍പുറത്തേക്കും അന്യപ്രദേശങ്ങളിലേക്കും മാറിത്താമസിച്ചുകൊണ്ടിരുന്നുവെന്നു പറഞ്ഞുവല്ലോ. നാടുവാഴികള്‍ അവരോടു പൊതുവെ ഉദാരമായി പെരുമാറിയതുമൂലം അത്തരം കുടിപാര്‍പ്പുകള്‍ സുഗമമായിത്തീര്‍ന്നു.27

പടിഞ്ഞാറന്‍ ചാലൂക്യരെയും പല്ലവന്മാരെയും പിന്തുടര്‍ന്നാണ് ബ്രാഹ്മണര്‍ മലബാര്‍ പ്രദേശത്തേക്കു വന്നതെന്നു വേണം അനുമാനിക്കാന്‍. പാണ്ഡ്യന്മാരും ബ്രാഹ്മണരുടെ വരവിനെ സ്വാഗതം ചെയ്തു. ഈ ശക്തികളെല്ലാം അവരുടെ മേധാവിത്വം സ്ഥാപിക്കുന്നത് എ.ഡി. 6 ാംനൂറ്റാണ്ടോടുകൂടിയായതിനാല്‍ ബ്രാഹ്മണര്‍ മലബാറിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയതും അക്കാലത്താണെന്ന് ഊഹിക്കാം.

കാര്‍ഷികപ്രധാനമായ സമൂഹവും സംസ്‌കാരവും മലബാറില്‍ രൂപം കൊള്ളുന്ന സന്ദര്‍ഭമായിരുന്നു അത്.

ചാലൂക്യരുടെ പിന്‍ബലത്തോടെ മലബാറിലേക്കു കുടിയേറിപ്പാര്‍ത്ത ബ്രാഹ്മണരില്‍ വലിയ ഒരു വിഭാഗം ഭൃഗുഗോത്രക്കാരായ അഗ്നിഹോത്രികളായിരുന്നു. തങ്ങള്‍ മലബാറിലെത്തുന്നതിനു മുമ്പ് വ്യത്യസ്തസംസ്‌കാരങ്ങളുള്ള ഭിന്നസമുദായങ്ങളുമായി ഇടപഴകിയിരുന്നുവെന്നും ഇവിടെയും അതു സാധ്യമാണെന്നും കാണിക്കുന്നതിനാവാം പറയിപെറ്റ പന്തിരുകുലത്തെ സംബന്ധിച്ച ഐതിഹ്യം അവര്‍ പ്രചരിപ്പിച്ചത്. കേരളവും പരശുരാമനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള, തങ്ങള്‍ മുന്തിയവരാണെന്നു ബോധ്യപ്പെടുത്തുന്ന ഐതിഹ്യവും ബ്രാഹ്മണര്‍ ഇവിടെ കുടിപാര്‍ത്ത ശേഷമേ നാട്ടുകാര്‍ കേട്ടുതുടങ്ങിയിട്ടുള്ളൂ.

ഏതായാലും അഥര്‍വവേദവുമായി ബന്ധപ്പെട്ട ഈ ഭാര്‍ഗവന്മാരില്‍ (ഭൃഗു ഗോത്രക്കാര്‍) പലരും നല്ല മാന്ത്രികരും വൈദ്യന്മാരും ജ്യോതിഷികളുമായി അറിയപ്പെട്ടിരുന്നു.

വേദങ്ങളിലും മാന്ത്രികകലകളിലും മറ്റും വിദഗ്ധരായ ബ്രാഹ്മണര്‍ മലബാറില്‍ കുടിയേറിപ്പാര്‍ത്ത അന്യ ജനവിഭാഗങ്ങളെക്കാളും ബുദ്ധിമാന്മാരാണെന്ന് അംഗീകരിക്കപ്പെട്ടു. ചാതുര്‍വര്‍ണ്യത്തിന്റെ തണലില്‍ തങ്ങള്‍ ദൈവികശക്തിയുള്ള ഒരു വിഭാഗമാണെന്ന് ഈ ബ്രാഹ്മണര്‍ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രത്യായനശേഷി (suggestibility) മൂലം ബൂദ്ധിജീവികളായ ബ്രാഹ്മണര്‍ക്ക് ജനങ്ങളുടെ വിശ്വാസങ്ങളെയും സാമൂഹ്യബന്ധങ്ങളെയും മറ്റും ക്രമീകരിക്കുന്ന സ്ഥാപനങ്ങളെയും (കിേെശൗേശേീി)െ ക്ഷേത്രങ്ങളെയും ഭരണരീതിയെപ്പോലും നിയന്ത്രിക്കുന്നതിനും സാധിച്ചു. ബുദ്ധിജീവികളുടെ മേധാവിത്വം (ഒലഴലാീി്യ) പലപ്പോഴും സാമൂഹ്യബന്ധങ്ങളെ ബാധിക്കുമെന്ന് ഗ്രാം ചി28 പറഞ്ഞതു വാസ്തവമാണെന്ന് അങ്ങനെ തെളിയിക്കപ്പെടുകയുമുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലെ പുരോഹിതരെപ്പോലെ, ഈ ബ്രാഹ്മണബുദ്ധിജീവികളായ നമ്പൂതിരിമാര്‍ ഭരണകൂടങ്ങളുടെ ബലപ്രയോഗത്തിനു സിവില്‍സമൂഹത്തിന്റെ സമ്മതം നേടിക്കൊടുത്തു. നാടുവാഴികളും പിന്നെ രാജകുടുംബാംഗങ്ങളും ഈ നമ്പൂതിരിമാര്‍ക്കു ഭൂമിയും മറ്റു വിഭവങ്ങളും നിര്‍ലോഭം അനുവദിക്കാന്‍ മടികാട്ടിയതുമില്ല. നാടുവാഴികളുടെയും രാജാക്കന്മാരുടെയും രാഷ്ട്രീയവും സാമൂഹികവുമായ നേതൃസ്ഥാനം ഉറപ്പിച്ചുനിര്‍ത്താന്‍ നമ്പൂതിരിമാരുടെ പ്രവര്‍ത്തനം പ്രയോജകമായി.

അങ്ങനെ നാടുവാഴികളോടു ബന്ധപ്പെട്ടു സ്വയം ഭൂസ്വാമികളായി മാറിയ ബ്രാഹ്മണമേധാവികള്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ ദൈവകല്പിതങ്ങളും മേല്‍ത്തരങ്ങളുമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി. പുംസേവനം, വിവാഹം, മരണാനന്തരകര്‍മം തുടങ്ങി പല ചടങ്ങുകളും നമ്പൂതിരിമാരെ അനുകരിച്ചു നായരും തിയ്യരും കമ്മാളരും മറ്റു ജാതിക്കരും അനുഷ്ഠിക്കാനും തുടങ്ങി. ബുദ്ധിജീവികളുടെയും ഉപരിവര്‍ഗത്തിന്റെയും ചിന്തകളും ജീവിതരീതിയും സമൂഹത്തിന്റെ താഴ്ന്ന തലങ്ങളിലുള്ളവരിലേക്കു നൂണിറങ്ങുന്നതു സ്വാഭാവികം മാത്രമാണ്.

പല്ലവര്‍ ആന്ധ്രക്കാരായിരുന്നതുകൊണ്ട് ബ്രാഹ്മണചര്യകളുമായി മുമ്പുമുതലേ ഇടപഴകിയവരും വൈഷ്ണവപക്ഷപാതികളുമായിരുന്നു. പാണ്ഡ്യന്മാര്‍ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചു. ചോളരാജാക്കന്മാരും ബ്രാഹ്ണഭക്തിയില്‍ പിന്നോക്കമായിരുന്നില്ലെന്നു മാത്രമല്ല, ബ്രഹ്മദായം നല്കുന്നതില്‍ മുന്നാക്കവുമായിരുന്നു. മലബാറിലെ നാടുവാഴികളില്‍ പലരും ചേര- ചോള-പാണ്ഡ്യ-പല്ലവരീതികളുമായി പരിചയപ്പെട്ടവരായിരുന്നതുകൊണ്ട് തങ്ങളുടെ നാട്ടില്‍ ബ്രാഹ്മണരെ ബഹുമാനപുരസ്സരം കുടിയിരുത്തുന്നതിനു മടികാട്ടിയിരുന്നുമില്ല. അവര്‍ തങ്ങളുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിന് ബ്രാഹ്മണരുടെ സഹായം തേടുകയും ചെയ്തു.

അന്ന് ഇന്ത്യയിലെല്ലായിടത്തും മുഖ്യ തൊഴില്‍ കൃഷിയും ഇടയവൃത്തിയുമായിരുന്നു. നദീതടനഗരങ്ങളില്‍ നിന്നു വന്ന ബ്രാഹ്മണര്‍ക്കു കൃഷിരീതിയുമായി കൂടുതല്‍ പരിചയമുണ്ടായിരുന്നതുകൊണ്ട് അവരുടെ സാന്നിധ്യം കൃഷിക്കാരായ നായന്മാര്‍ സര്‍വാത്മനാ സ്വാഗതം ചെയ്തു. ബ്രഹ്മദായത്തിനു കാത്തിരിക്കാതെ തങ്ങള്‍ കൂടിപാര്‍ത്ത ഇല്ലങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കു തങ്ങള്‍തന്നെയാണ് അധിപതികളെന്നു പ്രഖ്യാപിച്ചു സ്വയം ജന്മികളായിത്തീരാനും ഒരളവുവരെ നമ്പൂതിരിമാര്‍ക്കു കഴിഞ്ഞു. നമ്പൂതിരിമാരുടെ മാന്ത്രികസിദ്ധികളില്‍ ഭീതിയും ബഹുമാനവുമുള്ള നാടുവാഴികള്‍ അക്കാര്യത്തില്‍ അപ്രിയം കാണിച്ചതുമില്ല.

പാലക്കാട്ടോ തിരുവനന്തപുരത്തോ കുടിയേറി, അഗ്രഹാരങ്ങളില്‍ പാര്‍ത്തുപോന്ന ബ്രാഹ്മണര്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുകൂടി വന്നവരായിരുന്നുവെങ്കില്‍ മലബാറിലെ ബ്രാഹ്മണര്‍ കര്‍ണാടക കടല്‍ത്തീരം വഴിയോ വയനാട്ടിലെ മലമ്പാതകളിലൂടെയോ ഇവിടെ എത്തിപ്പെട്ടവരായിരുന്നു. മയൂരവര്‍മന്‍ എന്ന കദംബരാജാവ് അഹിഛത്രത്തില്‍ (യു.പി.യില്‍ പഴയ വടക്കന്‍ പാഞ്ചാലത്തിന്റെ തലസ്ഥാനം) നിന്നു കൊണ്ടുവന്ന് കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവര്‍മന്‍ രണ്ടാമന്‍ എന്നുകൂടി പേരുള്ള മുകുന്ദകദംബന്‍, ഷിമോഗ ജില്ലയിലെ തലഗുണ്ടയില്‍ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്‍മുറക്കാരാവാം വയനാടു വഴി മലബാറിലേക്ക് എത്തിച്ചേര്‍ന്നവര്‍.

അവികസിതമായ ഒരു പ്രദേശത്തിന്റെ വികസനത്തില്‍ അഗ്രഗാമി എന്ന പങ്കാണ് ബ്രാഹ്മണര്‍ നിര്‍വഹിച്ചതെന്നും കാടെരിച്ചു കൃഷിചെയ്യുന്നതില്‍ നിന്നും സഞ്ചരിച്ചു ഭക്ഷണം ശേഖരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, കലപ്പയുപയോഗിച്ചു സ്ഥിരമായ കൃഷിസമ്പ്രദായം നടപ്പിലാക്കിയത് അവരാണെന്നും കോസാമ്പി29 പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇവിടുത്തെ കാര്‍ഷികസമ്പ്രദായം ക്രമീകരിക്കുന്നതില്‍ നമ്പൂതിരിമാര്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് മനസ്സിലാകും.

കിണറുകളും കുളങ്ങളും തോടുകളും കുഴിപ്പിച്ചു ജലസേചനസംവിധാനം തുടങ്ങിയത് ബ്രഹ്മദായ പ്രദേശങ്ങളിലും ദേവദായപ്രദേശങ്ങളിലുമായിരുന്നുവെന്ന് പല്ലവ-പാണ്ഡ്യ റിക്കാര്‍ഡുകളില്‍നിന്ന് തെളിയുന്നതായി ചമ്പകലക്ഷ്മിയും30 രേഖപ്പെടുത്തുന്നു. അവരുടെ ജലസേചനത്തെ നിയന്ത്രിച്ചവരായിരുന്നവത്രെ വാരിയര്‍മാര്‍. ഏതായാലും മുല്ലൈ പ്രദേശം കൃഷിയോഗ്യമാക്കിയതിലും മരുതത്തില്‍ കലപ്പയുപയോഗിച്ചു കൃഷിരീതി നടപ്പിലാക്കിയതിലും ബ്രാഹ്മണരുടെ കഴിവ് വ്യക്തമാണ്.

നമ്പൂതിരിമാര്‍ മലബാറിലെത്തിയപ്പോള്‍ മരുതം പ്രദേശത്തെ മുഖ്യ നിവാസികള്‍ നായന്മാരായിരുന്നു. പത്മനാഭമേനോന്‍ ഇങ്ങനെ എഴുതുന്നു. 'നമ്പൂതിരിമാര്‍ കേരളത്തിലെത്തിയപ്പോള്‍ നാട് നായന്മാരുടെ കൈവശമായിരുന്നു. ഫലത്തില്‍ അവരായിരുന്നു ഭരണവര്‍ഗം. അങ്ങനെയാണെങ്കില്‍ അവര്‍ നമ്പൂതിരിമാര്‍ക്ക് മുമ്പ് ഇവിടെ എത്തിയിരിക്കണം. നായന്മാരുടെ കുടിയേറിപ്പാര്‍പ്പു കാലം ബി.സി. 300നു മുമ്പായിരിക്കണം. മഗസ്തനീസു പറയുന്ന 'നാര' (Narea) മലബാറിലെ നായന്മാരെ സംബന്ധിച്ച സൂചനയാണെങ്കില്‍ അവര്‍ മഗസ്തനീസിന്നു (ബി.സി. 302നോടടുത്താണ് മഗസ്തനീസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.) മുമ്പുതന്നെ ഇവിടെ പാര്‍ത്തിരിക്കണം.31
ഗോത്രങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ മരുതപ്രദേശത്തു സര്‍വസാധാരണമായിരുന്നു. അന്യനാട്ടുകാരായ പട്ടാളപ്രമാണിമാരാണ് പലപ്പോഴും നാടുവാഴികളായി തീര്‍ന്നതെന്നതിനാല്‍ കൃഷിക്കാരുടെ നൈസര്‍ഗികമായ സമഭാവനയോ സഹകരണരീതിയോ അവരില്‍ കാണപ്പെട്ടിരുന്നുമില്ല.32 അത്തരം കലഹങ്ങളില്‍ മാധ്യസ്ഥം വഹിച്ചുകൊണ്ടും ഉപദേശം നല്കിക്കൊണ്ടും നമ്പൂതിരിമാര്‍ തങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തുകയും സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്തു. തരപ്പെടുമ്പോഴൊക്കെ നമ്പൂതിരിമാര്‍ ഉള്‍നാടുകളിലെ നദീതടവനപ്രദേശങ്ങളിലേക്ക് (കുറഞ്ചികളിലേക്കു) കുടിപാര്‍ത്തു തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ടുമിരുന്നു. നാടുവാഴികള്‍ക്കു പദവിയുറപ്പിക്കുന്നതിനു നമ്പൂതിരിമാരുടെ സാന്നിധ്യം ആവശ്യമായി വന്നപ്പോള്‍അവര്‍ നമ്പൂതിരിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയുമുണ്ടായി. നമ്പൂതിരിമാര്‍ ക്രമേണക്രമേണ തിണൈ ദൈവങ്ങളുടെ ആരാധനയില്‍ ബ്രാഹ്മണത്വം കൊണ്ടുവന്നു. മാന്യന്മാരുടെ ശവം മറവുചെയ്യുകയല്ല ദഹിപ്പിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും വ്യാപകമാക്കി.

ക്രിസ്ത്വബ്ദം ഏഴുമുതല്‍ ഒമ്പതു നൂറ്റാണ്ടുകള്‍ക്കിടയില്‍ ബ്രാഹ്മണ-കര്‍ഷകബന്ധവും നമ്പൂതിരി-നാടുവാഴി ബന്ധവും സുദൃഢമാവാന്‍ തുടങ്ങി. ഉത്തരേന്ത്യയിലെ വര്‍ണവിവേചനത്തിനു പകരം ജാതിയുടേതായ ഒരു പ്രാദേശികവിഭജനം ഇവിടെ വന്നുപെടുകയുണ്ടായി. സാമ്പത്തികമായ കഴിവും മറ്റു വിധത്തിലുള്ള സ്വാധീനങ്ങളും ജാതിയുടെ ഉച്ചനീചത്വങ്ങളെ നിയന്ത്രിച്ചുപോന്നു. സമരോത്സുകരായ നായന്മാരുമായി ഒരു 'സദ്ശൂദ്രബന്ധം' സ്ഥാപിച്ചുകൊണ്ട് നമ്പൂതിരിമാരും നാടുവാഴികളും ജാതിവ്യവസ്ഥയെ ദൃഢീകരിച്ചു.

ബ്രാഹ്മണരുടെ സ്വാധീനം വര്‍ധിച്ചതോടുകൂടിയാണ് ദക്ഷിണേന്ത്യയില്‍ ജാതിസമ്പ്രദായം തുടങ്ങിയതെന്ന് ബര്‍ടന്‍സ്റ്റെയ്ന്‍ അഭിപ്രായപ്പെടുന്നു. കുടുംബബന്ധം, വിവാഹം, തൊഴില്‍, ബ്രാഹ്മണരുമായുള്ള അടുപ്പം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ജാതിഭേദമുളവായെന്നും അദ്ദേഹം പറയുന്നു. 'തത്ത്വശാസ്ത്രപരമായ നിബന്ധനങ്ങളെ ഏറ്റവും ആധികാരികമായി വ്യാഖ്യാനിക്കുന്നവരും അതുപോലെത്തന്നെ പദവിയുടെയും അധികാരത്തിന്റെയും കവാടത്തിനു കാവല്‍ നില്‍ക്കുന്നവരും, അധികാരം, വ്യവസ്ഥാപാലനം, പ്രാദേശികമായ അവകാശം എന്നിവയുടെ ഇടനിലക്കാരായി വര്‍ത്തിക്കുന്നവരും ബ്രാഹ്മണരായിരുന്നു.'33

മലബാറിലെ നമ്പൂതിരിമാര്‍ ഉത്തരേന്ത്യന്‍ ബ്രാഹ്മണരില്‍ നിന്നും പല ആചാരങ്ങളിലും വ്യത്യസ്തരാണ്. എന്നാല്‍ ഇവിടുത്തെ ബ്രാഹ്മണപൗരോഹിത്യം ഉത്തരേന്ത്യയുടേതില്‍ നിന്നു വ്യത്യസ്തവുമല്ല. ബ്രാഹ്മണരായ തങ്ങളൊഴിച്ചു മറ്റെല്ലാവരും കേരളത്തില്‍ ശൂദ്രന്മാരാണെന്നു നമ്പൂതിരിമാര്‍ വിധിയെഴുതി. തങ്ങളെ പരിസേവിച്ചു പോന്ന നായര്‍ വിഭാഗങ്ങളെ സദ്ശൂദ്രന്മാരായും ദാസവൃത്തിക്കൊരുങ്ങാത്ത തിയ്യരടങ്ങിയ (ത്രിയര്‍) നായര്‍ വിഭാഗത്തെ പുറംശൂദ്രന്മാരായും വ്യവഹരിച്ചു. നാടുവാഴികളും അമ്പലങ്ങളും മറ്റുമായി ബന്ധപ്പെട്ട നായന്മാര്‍ എപ്പോഴും സദ്ശൂദ്രരായിരുന്നു. ഭൂമിയുടെ ജന്മാവകാശമാവട്ടെ നമ്പൂതിരിയിലും നാടുവാഴിയിലും ഒതുങ്ങിനിന്നു.

വാണിജ്യശൃംഖലകളോ ഗില്‍ഡ് സമ്പ്രദായമോ നടപ്പില്ലാതിരുന്ന കേരളത്തിലേക്കു വിദഗ്ധതൊഴിലാളികള്‍ മരുതത്തിണൈകളില്‍ കൃഷിക്കാരുമായി ബന്ധപ്പെട്ടുകൊണ്ടു കഴിഞ്ഞൂകൂടി. നാടുവാഴിക്കു വേണ്ടി പടവെട്ടുകയെന്ന ചുമതലയും കൂടിയുണ്ടായിരുന്ന കൃഷിക്കാര്‍ക്കു പടവാളും പണിയായുധങ്ങളും മറ്റും നിര്‍മിക്കുന്നതിനു കൊല്ലന്മാരും വീടുകളുണ്ടാക്കുന്നതിന് ആശാരിമാരും നെയ്ത്തിന് ചാലിയന്മാരും ആഭരണങ്ങള്‍ പണിയുന്നതിന് തട്ടാന്മാരും പാത്രങ്ങള്‍ വാര്‍ക്കുന്നതിനു മൂശാരിമാരും മണ്‍കുടങ്ങളും മറ്റും ഒരുക്കുന്നതിന് കുശവന്മാരും ഓരോ നാട്ടിലും താമസിച്ചുപോന്നു. കുശവന്മാര്‍ ഒഴിച്ചുള്ള വിദഗ്ധത്തൊഴിലാളികള്‍ 'കമ്മാളര്‍' എന്നപേരില്‍ അറിയപ്പെട്ടു.

ഇവരില്‍ ഒരു വലിയ വിഭാഗം കൊങ്ങുനാട്ടിലൂടെ വന്നവരായിരുന്നു. എന്നിരുന്നാലും ചൈനയിലെപ്പോലെ രാജകൊട്ടാരങ്ങളോ ഇസ്‌ലാമികരാജ്യങ്ങളിലെപ്പോലെ സ്മാരകമന്ദിരങ്ങളോ കേരളത്തിനു പുറത്ത് തമിഴ്‌നാട്ടിലും മറ്റും എന്നപോലെ വന്‍ക്ഷേത്രങ്ങളോ പണിയിക്കുന്നതിനു കെല്പുള്ള ഭരണാധികാരികള്‍ മലബാറില്‍ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. എ.ഡി. ആറാം നൂറ്റാണ്ടില്‍ തുടങ്ങിയ നഗരതിരോധാനത്തിന്റെ (De Urbanisation) രണ്ടാംഘട്ടത്തിനു മുമ്പ്, സ്ഥിരമായി നില്ക്കുന്ന വീടുകള്‍ പണിയുന്ന പതിവുപോലും മലബാര്‍ പ്രദേശത്തുണ്ടായിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍.

ബ്രാഹ്മണരായ നമ്പൂതിരിമാര്‍ തങ്ങളൊഴിച്ചുള്ള എല്ലാ നാട്ടുകാരെയും ശൂദ്രന്മാരായേ പരിഗണിച്ചിരുന്നുള്ളൂ. ശൂദ്രന്മാരിലും താഴെ പുലയര്‍ (ചെറുമക്കള്‍) എന്ന ഒരു വിഭാഗമുണ്ടെന്നും അവര്‍ അംഗീകരിച്ചു. ബ്രാഹ്മണാധിനിവേശത്തെത്തുടര്‍ന്ന് ജാതിവ്യത്യാസവും തൊട്ടുകൂടായ്മയും പ്രചാരത്തില്‍ വരാന്‍ തുടങ്ങി. അന്നത്തെ സാമൂഹ്യ-സാമ്പത്തികഘടന ഈ ജാതിവ്യത്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു.

വളരെ ധനസ്ഥിതിയുള്ള ബ്രാഹ്മണന്‍ നമ്പൂതിരിപ്പാടും സാധാരണ ബ്രാഹ്മണന്‍ നമ്പൂതിരിയും ആയി അറിയപ്പെട്ടു. ബ്രാഹ്മണകുലത്തില്‍പെട്ട പല പൂണുനൂല്‍ക്കാരും ജാത്യാചാരം ഭേദിച്ചുവെന്നതിന്റെ പേരിലും മറ്റും നമ്പൂതിരിയിലും താണ വിഭാഗമായി. പട്ടരെയും ഇമ്പ്രാന്തിരിയെയും വെപ്പുകാരെന്ന മട്ടില്‍ തങ്ങളിലും ഒരുപടി താഴ്ത്തിവെച്ചു. അതിലുമധികം താഴ്ത്തിക്കെട്ടിയത് പൂണുനൂല്‍ ധാരികളായ അമ്പലവാസികളെയാണ്.

ശൂദ്രന്മാര്‍ക്കിടയില്‍ നമ്പൂതിരി-നാടുവാഴികളോടു പറ്റിനിന്ന സദ്ശൂദ്രന്മാരും അവരില്‍ നിന്നകന്നുനിന്ന പുറംശൂദ്രന്മാരും ഉണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. സദ്ശൂദ്രന്മാര്‍ക്കിടയിലും സാമ്പത്തികസ്ഥിതിക്കും തൊഴില്‍സമ്പ്രദായത്തിനുമനുസരിച്ച് പല ഉപജാതികളും കാണപ്പെട്ടു. നായന്മാരില്‍തന്നെ ഊരാളിനായര്‍ (കൂലിപ്പടയാളികള്‍), വെളുത്തേടന്‍ നായര്‍ (അലക്കുജോലി), വടക്കാട്ടുനായര്‍ (എണ്ണയാട്ടുന്ന ജോലി) അത്തിക്കുറുശ്ശി നായര്‍ (ക്ഷൗരം) എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ടായി. സദ്ശൂദ്രന്മാര്‍ക്കിടയില്‍ പുറം ശൂദ്രന്മാര്‍ക്കിടയിലുള്ളതിലുമധികം ഉപജാതികളുണ്ടായിരുന്നു.

പുറംശൂദ്രന്മാരില്‍ തിയ്യരായിരുന്നു പ്രമാണിമാര്‍. കമ്മാളന്മാരായ ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ചാലിയന്‍, വൈദ്യന്‍ (വേലന്‍), പെരുവണ്ണാന്‍ (അലക്കുകാരന്‍), പാണന്‍ (പാട്ടുകാരന്‍) തുടങ്ങിയവര്‍ പുറംശൂദ്രന്മാരില്‍ താഴെ പടിയിലുള്ളവരായി കണക്കാക്കപ്പെട്ടു. തിയ്യസമുദായത്തില്‍പ്പെട്ടവര്‍ നായന്മാരെ കമ്മള്‍ (കൈമള്‍) എന്നു സംബോധന ചെയ്തപ്പോള്‍ കമ്മാളന്മാര്‍ തിയ്യരെ 'ചോന്‍' (ചേകോന്‍) എന്നാണ് വിളിച്ചുപോന്നത്.

മേല്‍പ്പറഞ്ഞവര്‍ക്കെല്ലാം താഴെയായിരുന്നു പുലയരും ചെറുമക്കളും. അവര്‍ ഒരര്‍ഥത്തില്‍, നമ്പൂതിരിക്കും ശൂദ്രന്മാര്‍ക്കും അടിമവേല ചെയ്യുന്നവരായിരുന്നു. അറബിയുടെയും ഒട്ടകത്തിന്റെയും കഥപോലെ അന്യനാടുകളില്‍ നിന്നുവന്ന നമ്പൂതിരിയും നായരുമെല്ലാം മലബാറിലെ യഥാര്‍ഥ ഭൂവുടമകളായ ചെറുമരെയും പുലയരെയും അവരുടെ സ്വന്തം ഭൂമിയില്‍നിന്ന് തിക്കിപ്പുറത്താക്കുകയായിരുന്നു.

Notes
1.Majumdar R.C. and others, An advanced History of India, Macmillan India Std. P.25
2.Ibid P.26
3.Kanakasabhai V, The Tamils Eighteen hundred Years ago, Asian educational services p. 39
4.Ibid 40
5.Ibid 45
6.Padmanabha Menon K.P, History of Kerala, Vol III. Asian educational Services P. 163-164
7.Kanakasabhai V, The Tamils Eighteen hundred years ago, Asian educational service p.48
8.Marx-capital
9.Padmanabha Menon K.P, History of Kerala Vol-III. Asian educational service P.423
10.Fergussion. History of India and Eastern architecture Asian educational service p.270
11.Padmanabha Menon K.P, History of Kerala Vol-III. Asian educational services P.175
12.Ibid P.175
13.Ibid P.163-164
14.ബാലകൃഷ്ണന്‍ കെ, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, എന്‍.ബി.എസ്. P.151
15.Padmanabha Menon K.P, History of Kerala Vol-III, Asian educational services P.424
16.Ibid P.428
17. Ibid P.428
18. Ibid P.438
19. Ibid P.431
20. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍; കേരളം. പ്രസാ: കൊടുങ്ങല്ലൂര്‍ ചിറയ്ക്കല്‍ കോവിലകത്തു ഗോദവര്‍മന്‍ തമ്പുരാന്‍.
'നാഗങ്ങള്‍ കാടേറിന മാനുഷീസം-
യോഗങ്ങളാല്‍ തീര്‍ത്തൊരു മിശ്രവംശം
ഭാഗത്തിരിപ്പറ്റു ലയിച്ച നായര്‍-
യോഗത്തിലെന്നുണ്ടു ചിലര്‍ക്കു പക്ഷം.'
(ശ്ലോ-14)
21. Ibid
'സപ്രാര്‍ഥനം നാഗസമര്‍ച്ച ചെയ്യു-
മിപ്രാകൃതദ്രാവിഡനായര്‍ വര്‍ഗം
വിപ്രാഗമത്തിന്നു പെരുത്തു മുമ്പും
സ്വപ്രാഭവംകാട്ടിയിരുന്നുപോലും
(ശ്ലോ-16)
22. Kanakasabhai V, The Tamils eighteen hundred years ago, Asian educational services P.61
23. Stein, Burton. Peasant state and society in Medieval South India. oxford P.104
24. Sharma R.S. Urban decay in India, Munshi Ram Manoharlal Publishers. P.160-161
25. Kanakasabhai V, The Tamils eighteen hundred years ago. Asian educational services. P.21
26. Ibid P.56
27. Champakalakshmi R, Trade Ideology and urbanisation, Oxford. P.12
28. Gramsci- Prison Note book
29. Kosambi-Ancient India, Oxford P.172
30. Champakalakshmi R, Trade Ideology and urbanisation, Oxford P.39
31. Padmanabha Menon K.P, History of Kerala Vol III, P.179-180
32. Stein, Burton, Peasant State and Society in Medieval South India, Oxford P.9
33. Ibid P.9