ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം. ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. ആദ്യഭാഗം.
മദ്യമായിരുന്നെന്റെ ദൈവം
തൃശ്ശൂരാണെന്റെ തട്ടകം. മദ്യമായിരുന്നെന്റെ ദൈവം. അന്ന് ഏതു പാതിരായ്ക്കു വിളിച്ചാലും തുറക്കുന്ന ഷാപ്പുകളെവിടെയൊക്കെയുണ്ടെന്നും ഏതൊക്കെ ബാറിന്റെ നൈറ്റ് വാച്ചര്‍മാരുടെ പക്കല്‍ നിന്നും ‘ഡ്യൂപ്ലിക്കേറ്റും സെക്കണ്ട്സും’ കിട്ടുമെന്നും എനിക്കറിയാം. ഒരു വര്‍ഷം മുഴുവന്‍ രാത്രിയില്‍ ഞാന്‍ ജീവിച്ചത് തൃശ്ശൂരിലെ തെരുവോരങ്ങളിലും ദിവാന്‍ജിമൂലയിലും പൂരപ്പറമ്പിലും ഓട്ടോറിക്ഷകളിലും ട്രാന്‍സ്പോര്‍ട്ട് സ്റാന്റിലും റെയില്‍വേ സ്റേഷനിലും ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റിലെ പച്ചക്കറിക്കടകള്‍ക്കു മുന്നിലുമായിരുന്നു. നടന്നും കിടന്നും മുടന്തിയുമുറങ്ങാത്ത രാവുകള്‍. അന്നുമെന്നോടൊപ്പം മദ്യമുണ്ടായിരുന്നു.
എന്തിനെന്നറിയാതെ, പ്രതിഫലമിച്ഛിക്കാതെ, പച്ചക്കറിത്തരകിലെന്നെ കാത്തിരിക്കാറുള്ള, കണ്ടോരന്‍ വേലായുധന്റെ മകന്‍ അശോകന്റെ കയ്യിലെപ്പോഴും കാശുണ്ടായിരുന്നു. അവന്‍ മാര്‍ക്കറ്റില്‍ വന്നിറങ്ങിയ വാഴക്കുലകള്‍ ചുമന്നു. തണ്ടുവെട്ടിക്കളഞ്ഞു. ജോസ് തിയറ്ററിന് മുകളില്‍ ‘ആന്റ്സ് അഡ്വര്‍ടൈസിങ്’ പരസ്യക്കമ്പനി നടത്തിയിരുന്ന ദിനേശനും അവിടെയുറങ്ങുന്നുണ്ടായിരുന്നു. പൂങ്കുന്നത്ത് എന്റെകൂടെ പഠിച്ച സദാനന്ദന് ടയര്‍ മോള്‍ഡ് ചെയ്യുന്ന കടയുണ്ടായിരുന്നു. അവന് രാത്രിയിലും ജോലിയുണ്ടായിരുന്നു.
മഞ്ഞ പുസ്തകം വില്‍ക്കാന്‍ മാത്രം രാത്രി കടതുറന്നിരിക്കുന്ന എന്റെ കക്ഷി, ഒരു പടുകിഴവന്‍. ട്രാന്‍സ്പോര്‍ട്ടു സ്റാന്റിനുസമീപത്തെ അയാളുടെ പെട്ടിക്കടയിലും, ഓട്ടോറിക്ഷക്കാരുടെ പുറം കീറിയ കാക്കിഷര്‍ട്ടിന്റെ പോക്കറ്റിലും കാശുണ്ടായിരുന്നു. എനിക്കു കടം തരാനവര്‍ ദയകാട്ടി.
തൃശ്ശൂരില്‍ മദ്യം കിട്ടുന്നയിടങ്ങളെല്ലാമെനിക്കറിയാമായിരുന്നു. ദിവാന്‍ജി മൂലയില്‍ കറങ്ങിതിരിഞ്ഞ് ഉറങ്ങാതെ കഴിച്ച രാവുകളേറെയാണ്. എന്നുമെവിടെയും എന്റെ സന്തതസാഹചാരിയായിത്തീര്‍ന്ന മദ്യം ഞാനുപേക്ഷിക്കുന്നതെങ്ങനെ? അക്കാലത്ത് ഞാന്‍ എറണാകുളം ലോ കോളേജില്‍, ഈവനിംഗ് ക്ലാസ്സില്‍, എല്‍. എല്‍. ബി. മൂന്നാം വര്‍ഷം പഠിക്കുകയായിരുന്നു…
മദ്യപാനിയെ സകലരും ആട്ടിയോടിക്കും. തല ചായ്ക്കാനിടമില്ലാതെ, അശാന്തമായ ഹൃദയവുമായി പാതിരാത്രിയും നട്ടുച്ചയും തമ്മിലന്തരമില്ലാതെ അലഞ്ഞുതിരിയാനവന്‍ വിധിക്കപ്പെടും. അവന്റെ വിലാപങ്ങളാരും കേള്‍ക്കാറില്ല. അവന്റെ വിലാപപ്പുറത്തെ മുറിവില്‍ വിരലിട്ടവനെ തിരിച്ചറിയാനാരും ഒരുങ്ങുകയില്ല !
അവന്‍ പാപിയാകുന്നു. ദൈവാനുഗ്രഹം അവനുമേല്‍ പതിക്കില്ല! നിര്‍ഭാഗ്യവാന്‍. സ്വര്‍ഗ്ഗരാജ്യത്തിനവകാശിയാകാത്തവന്‍. നിരാശ അവന്റെ കൂടെപ്പിറപ്പ്. അവന്‍ നാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ചോരപൊടിയുന്ന കറുത്തഫലിതങ്ങള്‍ മാത്രമാണ് അവന്റെ നാവുരുവിടുക. നരകത്തിനു മാത്രം യോഗ്യന്‍! മദ്യത്തെക്കുറിച്ചു മാത്രമവന്‍ സ്വപ്നം കാണും. സ്വപ്നം കാണാനായി മാത്രം ഉറങ്ങാനവന്‍ കൊതിക്കും. പക്ഷെ, ഉറങ്ങാന്‍ വീണ്ടും കുടിയ്ക്കണം.
ഞാന്‍ മദ്യത്തെ മാത്രം വിശ്വസിച്ചു
കോട്ടയ്ക്കലിനും തൃശ്ശൂരിനുമിടയില്‍ എവിടെയെങ്കിലും ചായ കുടിക്കാനായി ബസ്സു നിറുത്തും. വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാള്‍. മൂന്നിടങ്ങളിലും, വിളിപ്പാടകലെ, പുലര്‍ച്ചെ തുറന്നുവെയ്ക്കുന്ന ബാറുണ്ട്. അവയിലേതെങ്കിലുമൊന്നില്‍ച്ചെന്നു വിറ മാറ്റാന്‍ പറ്റുമെന്ന പ്രത്യാശയില്‍ ഞാന്‍ ബസ്സില്‍ കേറിയിരുന്നു. മൂന്നിടത്തും നിര്‍ത്തിയില്ലെങ്കില്‍ തൃശ്ശൂരെത്തി നേരെ ‘ബിനി’യില്‍ കയറിയാല്‍, വിറ താനേ മാറും.
പിന്നീട് കോടതി… തലയിലെഴുത്ത് തൂത്താല്‍ മായില്ലല്ലോ? വക്കീലോഫീസില്‍ ചെന്നില്ലെങ്കിലുമൊന്നും സംഭവിക്കില്ല! എന്റെ നഷ്ടങ്ങളെയോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടാറില്ല. മദ്യപാനിക്കെപ്പോഴും ഭാവിയെ കുറിച്ച് സ്വപ്നങ്ങളുണ്ട്. കണക്കുകൂട്ടലുകളിലവനെപ്പോഴും മുന്നിലായിരിക്കും. കോണ്‍വെക്സ് ലെന്‍സുള്ള അവന്റെ കണ്ണിലൂടെ കാണുന്ന ലോകത്തവന് വേണ്ടതിലേറെ കരുത്തും കഴിവുകളുമുണ്ട്. ‘ഞാനാരാ മോന്‍!’. പക്ഷേ, ഒടുവിലെന്റെ കണക്കുകള്‍ പിഴച്ചു. പുഴുത്ത പട്ടിയെപ്പോലെ ആട്ടിയോടിക്കപ്പെട്ടു. പക്ഷേ, മദ്യത്തിന്റെ ധൃതരാഷ്ട്രാലിംഗനത്താല്‍, ശ്വാസം മുട്ടി, എല്ലുകള്‍ നുറുങ്ങി, കരളുരുകി, ഹൃദയം പൊട്ടി ഞാന്‍ ചാകുന്നതറിയാനോ തടയാനോ കഴിയാതെയായി. എനിക്കാരുമില്ലാതെയായി. എന്റെ കണ്ണുകളുടെ കാഴ്ച കെട്ടു. മദ്യത്തിന്റെ മാന്ത്രികക്കണ്ണാടിയിലൂടെയാത്രം ഞാന്‍ ലോകം കണ്ടു. എന്നിട്ടതു വിശ്വസിക്കുകയും ചെയ്തു.
പിന്നീടു പിന്നീട്, വന്നുകേറുന്ന രാത്രിയും, പിറ്റേന്നുരാത്രിയും, തൃശൂര്‍ക്ക് തിരിക്കുന്ന ദിവസം നേരം പുലരും മുമ്പും, കൈവിറ മാറ്റാനാവശ്യമായ മദ്യം തലയ്ക്കല്‍ കരുതി വയ്ക്കുന്ന ശീലമാരംഭിച്ചു. അതോടെ രാജിയുടെ ശമ്പളം, രണ്ടു തവണത്തെ, തൃശൂര്‍ റ്റു കോട്ടക്കല്‍, ടാക്സിക്കൂലിയിനത്തില്‍ അപഹരിക്കപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ബസ്സില്‍ കയറി അവിടെയെത്താന്‍ കഴിയാത്ത അവസ്ഥയിലായിത്തുടങ്ങി. കോട്ടയ്ക്കലില്‍ നിന്ന് മടങ്ങിയെത്തിയാലും, കോടതിയില്‍ പോകാനാകാതെയായി. പന്ത്രണ്ടുമണിക്കൂറും മദ്യപിച്ച് ഷാപ്പിലിരുന്നു. കഥകള്‍ പറഞ്ഞു, കഥകള്‍ കേട്ടു. കുടംകൊട്ടി പാടി. പുലര്‍ച്ചയ്ക്ക് പൂമലയില്‍നിന്നാദ്യം തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സ്., ബാറിനു മുന്നില്‍ നിര്‍ത്തിത്തന്ന്, ആരോയെന്റെ വിറയ്ക്കുന്ന കൈപിടിച്ചിറക്കി വിട്ടു. ജനം പരമപുഛത്തോടും പരിഹാസത്തോടും കൂടിയെന്നെ വീക്ഷിക്കാന്‍ തുടങ്ങി. ഭാര്യേടെ ശമ്പളം കൊണ്ട് ജീവിക്കുന്ന പരാന്നഭോജിയാണ് ഞാനെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും, മദ്യപിക്കാതിരിക്കാനെനിക്ക് കഴിഞ്ഞില്ല.
‘നിനക്ക് നാണാവില്ലേടാ…
തല്‍ക്കാലമെല്ലാം മയങ്ങിക്കിടക്കട്ടെ! ലഹരിയുടെ തണലിലുറങ്ങുന്ന അണലിയാണത്, അലട്ടരുത്. എന്റെ സമയം സമാഗതമാകും! ഞെട്ടേണ്ട, ഏതു പട്ടിക്കുമൊരു സമയമുണ്ട്, വരട്ടെ! ഷാപ്പു മാനേജര്‍ പട്ടക്കുട്ടപ്പഞ്ചേട്ടന്‍ ചില്ലുഗ്ലാസ്സില്‍ ചാരായമൊഴിച്ചു നീട്ടികൊണ്ട് തിരിച്ചുചോദിക്കും.
‘ഈ മാസത്തെ ശമ്പളം കിട്ടിയാല്‍ പറ്റു മുഴുവന്‍ തീര്‍ക്കാം, ഒരു നൂറും കൂടി താ…’
‘ആര്‍ക്ക്?’ അയാളുടെ തോട്ടിച്ചോദ്യം കേട്ട് കലികയറും. പക്ഷേ മറുപടി പറയില്ല.
‘നിനക്ക് നാണാവില്ലേടാ അവളുടെ ശമ്പളം കൊണ്ടിങ്ങനെ കുടിച്ചു നടക്കാന്‍?’ ഷാപ്പുകാരനു പോലുമെന്നെ പുച്ഛം. ഞാന്‍ കടക്കാരനായിപ്പോയില്ലേ?, തിരിച്ചു പറയാന്‍ മറുപടി അറിയാതെയല്ല! മറ്റെന്താണ് ചെയ്യുക? അയാള്‍ക്ക് ഞാന്‍ മകനേപ്പോലെയാണു പോലും!
ശനിയാഴ്ച വരേയ്ക്കുമെനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും. കോടതീ പോകാം. പക്ഷേ, ശനിയാഴ്ച വൈകീട്ട് കോട്ടയ്ക്കലേക്കുള്ള ബസ്സും കാത്ത്, രാജിയ്ക്കും മോനും അമ്മ കൊടുത്തുവിടുന്ന അച്ചാറും ചമ്മന്തിപ്പൊടിയും നിറച്ച സൂട്ട്കേസും തൂക്കി, ട്രാന്‍സ്പോര്‍ട്ട് സ്റാന്റിലെത്തുന്ന നിമിഷം മുതല്‍… എന്റെ മനസ്സുമാറും. അപകര്‍ഷതാബോധം, അപഹാസത്തോടെ എന്നിലാവേശിക്കാന്‍ തുടങ്ങും. ഒരാഴ്ചത്തെ ഓട്ടപ്പാച്ചലിനൊടുവില്‍ ഭാര്യസമേതമണയാന്‍ വെമ്പി, മനസ്സും ശരീരവും നിറഞ്ഞുതുളുമ്പി, ബസ്സും കാത്തു നില്‍ക്കുമ്പോള്‍, ഏകജാതനെ പോറ്റാനുള്ള പണം പോലുമുണ്ടാക്കാനാകാത്ത വക്കീല്‍പ്പണിയോടെനിക്ക് പുച്ഛം തോന്നും. എന്നിട്ടും ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ജയിച്ച കക്ഷികളിലാരെങ്കിലും, വക്കീലന്മാര്‍ക്കു ചെലവുചെയ്യും. ഓസില്‍ കിട്ടുന്ന മദ്യം വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ?
ഞാന്‍ എത്തിക്സ് പഠിച്ചവനാണ്. പഠിച്ചവയെല്ലാം കാലാന്തരത്തില്‍ ജീവിതത്തില്‍ പ്രയോഗിക്കപ്പെടുമെന്ന ഗുണം ആ വിഷയത്തിനുണ്ടെന്ന് പരീക്ഷയിലുത്തരമെഴുതിയവനാണ്. 87 ശതമാനവും റാങ്കും എനിക്കതിനു കിട്ടിയിട്ടുണ്ട്. ഞാനത് പഠിപ്പിച്ചവനുമാണ്. എന്നിട്ടും ബഹുമാനപ്പെട്ട കോടതി മുമ്പാകെ ‘അന്യായം’ ബോധിപ്പിക്കുവാന്‍ ഞാന്‍ നിയുക്തനായി. പക്ഷെ എന്റെയധരം കള്ളം പറയാന്‍ വിസ്സമ്മതിച്ചു. ‘പൂവ്വങ്കോഴി കൊത്തുംപോലെ’ കോടതി മുറിയില്‍ കയറി നിന്ന് കേസു വാദിക്കാനെനിക്കാവില്ല! വക്കീല്‍പണിയില്‍, ഞാനൊരു വന്‍പരാജയമാണെന്ന തിരിച്ചറിവ് എന്നെത്തളര്‍ത്തി. വേറെന്തു തൊഴിലു ചെയ്യും?
പ്രദീപ് വിളിക്കുന്നു
പണ്ട് തളിക്കുളത്തുകാരന്‍ പ്രദീപ് ഫോണ്‍ ചെയ്താല്‍ എനിക്ക് കലി കയറുമായിരുന്നു. ബെല്ലടികേട്ട് റിസീവറെടുത്ത് ചെവിയില്‍ വച്ച് ‘ഹലോ’ എന്ന് പലവട്ടം പറഞ്ഞാലും, മറുതലക്കല്‍ നിന്നും പ്രതികരണമുണ്ടാവില്ല. റിസീവര്‍ ക്രാഡിലില്‍ വച്ച് തിരിയുമ്പോഴേക്കും വീണ്ടും ബെല്ലടിക്കും. ഫലം തഥൈവ! ഒടുവില്‍ ‘ഹലൊ” പറയുന്നതിന് പകരം പുളിച്ചതെറിയങ്ങോട്ട് പറയും. പലവട്ടമാവര്‍ത്തിച്ച് മടുത്ത് ഒടുവിലിതാരാ ഈ ‘വയറുവേദന’ക്കാരനെന്നറിയാന്‍, കോളറൈയ്ഡിയില്‍ നമ്പറുനോക്കുമ്പോള്‍, പ്രദീപിനെ ആളറിയാതെ തെറിവിളിച്ചതിലെനിക്ക് കുണ്ഠിതം തോന്നും. കാരണം, അവനു വിക്കുണ്ടായിരുന്നു! അതവന്റെയച്ഛന് പണ്ട് പറ്റിയ കൈപ്പിഴയാണെന്നവനെന്നോട് പറഞ്ഞിട്ടുമുണ്ടായിരുന്നു.
അവന്റെയച്ഛന്‍ വെറുമൊരു വൈദ്യരല്ലായിരുന്നു. പാരമ്പര്യമായി ചികിത്സാവിധികള്‍ സ്വായത്തമാക്കിയ സാത്വികന്‍. രോഗനിര്‍ണ്ണയത്തിനായി, അശ്വനീദേവതകളുടെ അനുഗ്രഹം ലഭിച്ചവന്‍. അല്പസ്വല്പം ജ്യോതിഷവുമറിയാം. ഓരോ മക്കളെയുമുളവാക്കുമ്പോഴുമദ്ദേഹം വ്രതമനുഷ്ഠിച്ചു. നാളും തിഥിയും പക്കവും രാശിയും ഗ്രഹനിലയുമൊക്കെനോക്കി മക്കളെ സൃഷ്ടിച്ചു . അവരെല്ലാവരും മിടുക്കന്മാരും, ഒരേയൊരുവള്‍ മിടുക്കിയുമായിരുന്നു. ആയുസുമാരോഗ്യവുമുള്ള അവര്‍ക്കൊക്കെ മറ്റു പലതിലുമായിരുന്നു താല്‍പര്യം. പിഴയ്ക്കാത്ത ഗണിതത്തില്‍ വൈദ്യരല്പം അഹങ്കരിച്ചിട്ടുണ്ടാവാം. ഒടുവിലൊരുത്തനെക്കൂടി ജനിപ്പിക്കാന്‍ വൈദ്യര് തീരുമാനിച്ചു. വീണ്ടും വ്രതമനുഷ്ഠിച്ചു, ഒപ്പം ഭാര്യയും!. ഇത്തവണ പാരമ്പര്യം കാക്കാന്‍, വൈദ്യരാകാന്‍, ഏറ്റവുമിളയൊരു സന്തതി! അതുമതി! ധാരാളമായി. എല്ലാമീശ്വരന്റെ കൃപ!
കോടതിമുറിയില്‍ എന്റെ അധരങ്ങള്‍ വാക്കുകള്‍ക്കായി ദാഹിച്ചു. ഞാനും വിക്കനായി… ഗൌണും ധരിച്ച് യുവറോണറി ലാരംഭിച്ച് ഒരു വാചകം പോലും പറയാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. കേസുവിളിക്കുന്നതു കേള്‍ക്കാതെ പോയാലോ? വിളിച്ച നേരത്ത് പ്രതി കൂട്ടില്‍ കയറിനിന്നില്ലെങ്കില്‍? ജാമ്യക്കാരുടെ കരമടച്ച രശീതി കഴിഞ്ഞ കൊല്ലത്തെയായാലോ? ജാമ്യം കിട്ടാതെവരുമോ? ഷര്‍ട്ടും, മീതെ കോട്ടും അതിനുമീതെ ഗൌണും കഴുത്തില്‍ ബാന്റും കെട്ടിത്തൂക്കിയ, വക്കീലിന്റെ യൂണിഫോമിനുള്ളില്‍ ഇരുന്നെന്റെ ശരീരം വിയര്‍ത്തു. അതിനുള്ളിലെ എന്റെ ഹൃദയത്തിന്റെ മിടിപ്പുകൂടുന്നതുപോലുമറിയാവുന്ന, കോടതിമുറിയിലെ നിശബ്ദതയില്‍ നിന്നുമെഴുന്നേറ്റോടിപ്പോയില്ലെങ്കില്‍, എനിക്ക് ഭ്രാന്തു പിടിക്കുമെന്നുറപ്പായതോടെ, ഞാന്‍ ഡ്രാഫ്റ്റ്സ്മാനായി ഒതുങ്ങി, വക്കീലാപ്പീസില്‍ തങ്ങി. പാന്റ്സും കോട്ടും ഗൌണും വേണ്ട, മുണ്ടുടുത്താലും മതി! വേഷം കെട്ടലുകളെനിക്കു പറ്റിയതല്ലെന്നെനിക്കറിയാം. ഞാനങ്ങനെയല്ല ജീവിച്ചു പോന്നത്. നേരെ വാ നേരേ പോ! അതാണെന്റെ രീതി.
എല്ലാ സഹോദരന്‍മാരും എനിക്കു കാശു തരും
ഷാപ്പിലിരുന്ന് കഥപറഞ്ഞും ലക്ഷ്യമില്ലാതെ അലഞ്ഞും ജീവിച്ചതിനിടെ ഒരുപാടൊരുപാട് മനുഷ്യജന്മങ്ങളിലൂടെ കടന്നുപോകാനെനിക്കു പറ്റി. എഴുത്തുകാരനാകാനുള്ള പൂതി ഓര്‍മ്മവെച്ചനാള്‍ മുതല്‍ മനസ്സില്‍ താലോലിച്ചതിനാല്‍, എല്ലാവരേയും, എന്നെത്തന്നെ, കഥാപാത്രങ്ങളായി കാണാനെനിക്ക് പറ്റുമായിരുന്നു. അതെനിക്കിഷ്ടവുമായിരുന്നു. കഥയെഴുത്തുകാരനാകാനാഗ്രഹിച്ച് ഒടുവില്‍ ഞാന്‍ അന്യായമെഴുത്തുകാരനായി മാറി. ഉപജീവനം കണ്ടെത്താന്‍, രാപ്പകലെഴുത്തു നടത്തുന്ന കഥാപാത്രമാണ് ഞാനെന്നു സ്വയം കണ്ടാസ്വദിച്ചു. ശരീരവും മനസ്സും തമ്മിലന്തരം സൂക്ഷിക്കാനെനിക്കറിയാമായിരുന്നു.
കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി അന്യായങ്ങളും പത്രികകളുമെഴുതി. കൂര്‍ത്ത മുനയുള്ള ബുദ്ധി കൊണ്ട്, ആടിനെ പട്ടിയാക്കാനെനിക്കറിയാമായിരുന്നു. എന്നിട്ടും നിറയാത്ത കീശയും ശൂന്യമായ മനസ്സും വിശക്കുന്ന വയറുമായി വീടെത്തേണ്ട ഗതികേടു മറക്കാന്‍, രാഗം തിയ്യറ്ററിനു മുന്‍പില്‍ അപശകുനം പോലെ പൊരുതിനിന്ന പോളീടെ പെട്ടിക്കടയിലെ, ഒരേ ഛായയുള്ള ഏതെങ്കിലുമൊരു ‘സഹോദരനോടു’ കടം വാങ്ങും. ആ കാശു കൊടുത്ത് ‘എലൈറ്റില്‍’ കയറി കുടിച്ച്, റ്റൊരു പോളി സഹോദരനോടു വീണ്ടും കടം വാങ്ങി, ഓട്ടോറിക്ഷയില്‍ കയറി ലക്കുകെട്ട് വീട്ടിലേക്കു പോരും. യാത്രക്കിടെ ഞാന്‍ ഓട്ടോക്കാരനുമായെന്റെ സൌഹൃദമാരംഭിക്കും. അവനുമൊത്ത് തിരൂര്‍ ബാറിലിരുന്ന് കഥപറയും.
മാനേജര്‍ ജൈസന്‍ മൂക്കില്‍ തുളച്ചു കയറുന്ന മദ്യഗന്ധത്തിനെ പുറത്തുകളയാനെപ്പഴും, മൂക്കിലൂടെ ശ്വാസം പുറത്തുതള്ളി. മൂക്കുതിരുമ്മി ചുവപ്പിച്ചടുത്തുവന്നിരുന്ന് ചെവിയിലോര്‍മ്മിപ്പിക്കും.
‘വക്കീലേ എനിക്കുറങ്ങേണ്ടേ?’
‘സോറി’. അവിടെനിന്നിറങ്ങുമ്പോള്‍ ബില്ലുതീര്‍ത്തതിന്റെ ബാക്കി പറ്റും പറഞ്ഞ്, അരക്കുപ്പികൂടി കടം വാങ്ങി, അരയില്‍ത്തിരുകാന്‍ ഞാന്‍ മറക്കാറില്ല. വീട്ടിലെത്തി ബെല്ലടിച്ചുണര്‍ത്തിയ രാജിയോട് ‘കാശ് കൊട്!’ എന്നു മാത്രം പറഞ്ഞ് വരാന്തയില്‍ കിടന്നുറങ്ങിപ്പോയാലും, കുപ്പിയെന്റെ തലക്കല്‍, കയ്യകലത്തില്‍ കാവലിരുന്നു. പുറത്ത് ഓട്ടോക്കാരനും… ഞാന്‍ കൊടുക്കാതെയവളുടെ കയ്യില്‍, ഓട്ടോക്കാരന് കൊടുക്കാനുള്ള കാശുണ്ടാകുന്നതെങ്ങനെ എന്നാലോചിക്കാനുള്ള ബോധമെനിക്കില്ലായിരുന്നു. ഇടക്ക് വണ്ടിനിറുത്തിയതും കുടിച്ചതും പറഞ്ഞതും ചെയ്തതും ഒന്നുമൊന്നും എനിക്കോര്‍മ്മയില്ല….സത്യം!
പിറ്റേന്ന് രാത്രി ജൈസന്‍ പലതുമോര്‍മ്മിപ്പിക്കും. മദര്‍ തെരേസയും രാജീവ്ഗാന്ധിയും മരിച്ച സംഭവം മാസങ്ങള്‍ക്കുശേഷമാണ് ഞാനറിഞ്ഞത്. തലച്ചോറില്‍ രജിസ്റര്‍ ചെയ്യപ്പെടാതെ പോയ എത്രയെത്ര സംഭവങ്ങള്‍? മദ്യപന്റെ ജീവിതത്തില്‍ അവയുടെ പങ്കെന്താണെന്നറിയിക്കാന്‍ ആരാണവനെ സഹായിക്കുക?
ആണാവാനുള്ള മാര്‍ഗ്ഗം
‘ഭാര്യയുടെ വാക്കുകേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ആണല്ല!’ മദ്യപന്റെ വിശ്വാസപ്രമാണങ്ങളിലൊന്നാമത്തേതതാണ്! പാതിരാത്രിയില്‍ ഓട്ടോക്കൂലി കൊടുക്കുവാനില്ലാത്ത കുടിയന്റെ ഭാര്യക്ക്, കടക്കാരനായ ഓട്ടോറിക്ഷക്കാരനില്‍ നിന്ന് സുരക്ഷ നല്‍കാനെന്റെ വീട്ടിലാകെയിനി അഞ്ചുവയസ്സുകാരന്‍ മകന്‍ മാത്രമാണുള്ളത്. എന്നിട്ടും…. , ജിയോന്‍ മൂന്നുതവണ മാറ്റി കൊണ്ടുവന്ന് വിരിച്ച മാര്‍ബിളിന്റെ തണുപ്പില്‍, വരാന്തയില്‍ ഞാന്‍ സകലതും മറന്നുറങ്ങി. പിറ്റേന്ന് രാവിലെ അവളുടെ കറുത്ത മുഖം കണ്ടുണരുമ്പോള്‍ ഞാനെന്റെ കിടപ്പുമുറിയിലെ കട്ടിലിലായിരുന്നു. കിടക്കയിലൊരു ചുളിവുപോലുമില്ലായിരുന്നു. അവളൊന്നും മറക്കില്ല! പറഞ്ഞുകേട്ടവര്‍ക്കും കണ്ടുനിന്നവര്‍ക്കും മറക്കാം, അനുഭവിച്ചവര്‍ക്കതിനാകില്ല!
മദ്യപാനി മാപ്പര്‍ഹിക്കുന്നില്ല! അവനേല്‍പ്പിച്ച പീഡനങ്ങള്‍ക്ക് പകരം നല്‍കാന്‍ മരണമല്ലാതെ മറ്റെന്തുണ്ട്? ആത്മഹത്യയും ആത്മബലിയും തമ്മില്‍ വ്യത്യാസമുണ്ടോ? എങ്ങനെയവനതിന് കഴിയും? ഏതാണ് ശരി? എതാണ് തെറ്റ്? അറിയില്ല! പൊരുളുകള്‍ തേടിയുള്ള അലച്ചിലൊടുങ്ങാറായിരിക്കുന്നു.
പുനര്‍ജനിയിലൂടെ മാത്രമാണെനിക്കെന്റെ മനുഷ്യത്വം വീണ്ടെടുക്കാനാവുക.പക്ഷേ…. എങ്ങനെ? ആരെന്നെ സഹായിക്കും? ഇതുവരെയുള്ള എന്റെ ജീവിതരേഖ, ഒരു മഷിത്തണ്ടുകൊണ്ട് ആരെങ്കിലുമൊന്ന് മായിച്ചുതന്നെങ്കില്‍!
എങ്കില്‍ ഞാനതു പുതുക്കിവരയ്ക്കും. വിറയ്ക്കാത്ത കൈകള്‍കൊണ്ടൊരു നേര്‍രേഖ! എനിക്ക് ഫീനിക്സായി പറന്നുയരണമെന്നുണ്ട്. പക്ഷേ, അതിനു മുമ്പ് ചാരായക്കിടക്കയില്‍ കിടന്നു ഞാന്‍ ചാരമായി തീരണമായിരിക്കും!
ദൈവത്തിന്റെ പുത്രന്‍! കുരിശിലേറി, മൂന്നാം നാളുയര്‍ത്തെഴുന്നേറ്റ് പിതാവിന്റെയടുക്കലേക്ക് പോയവന്‍. അവനെന്നെ പുന:രുത്ഥാനം ചെയ്യുമെന്ന് മാര്‍ഗ്ഗം കൂടിയ ഉപദേശിയെനിക്ക് വചനം നോക്കി പറഞ്ഞുതന്നു. ഞാനവരെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനെന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവര്‍ സംഘമായി വന്നു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പ്രഘോഷണത്തോടെ പ്രാര്‍ത്ഥിച്ചു.
ദൈവമേ ഈ രാത്രിക്കാലം നീയീ മകനെ തൊടേണമേ! നിന്റെയാണിപ്പാടുകളുള്ള കരങ്ങളിലെ വിരലുകള്‍ നീട്ടി, നീയിവനെ തൊട്ടനുഗ്രഹിക്കേണമേ! ഇവന്റെ മദ്യപാനത്തില്‍ നിന്നും നീയീ പാപിയെ വിടുവിക്കേണമേ….!
അവര്‍ കൈകൊട്ടിപ്പാടുന്നതിനിടയില്‍, ഇടയ്ക്കിടെ ഞാനെന്റെ മുറിയില്‍ കയറി, ഒരു കവിള്‍ വീതം മോന്തി. മുഖം തുടച്ച് തിരിച്ചു വരുന്നതിന്റെ പൊരുളാരുമറിഞ്ഞില്ല. എനിക്കതൊരു തമാശയായിരുന്നു. വിഡ്ഢികള്‍! ദൈവരാജ്യത്തിനവകാശിയാകാന്‍ യോഗ്യതയില്ലാത്തവനെ അവരെങ്ങനെയകത്തു പ്രവേശിപ്പിക്കും? ചിരിക്കാതിരിക്കുന്നതെങ്ങനെ! ഞാന്‍ മനസ്സില്‍പാടി, ‘കപ്പ മൂക്കുമ്പോള്‍ നമുക്ക് യോഗം കൂടണം! ഉപ്പുമത്തി ചുട്ടുകൂട്ടി കപ്പ തിന്നണം….’ എന്നിട്ടുമൊരുറക്കം കഴിഞ്ഞുണരുന്നേരം ഞാന്‍ പ്രത്യാശയോടെയിരുട്ടിലേക്ക് നോക്കി കാത്തുകിടന്നു. അദൃശ്യമായ വിശുദ്ധ കരങ്ങളിലെ വിരലുകള്‍ കൊണ്ട്, എന്റെ മനസ്സിലോ ശരീരത്തിലോ ആരെങ്കിലും തൊട്ടോ? ആരുമെന്നെ തൊട്ടില്ല! മാറ്റൊലികള്‍ മാത്രമായ പ്രാര്‍ത്ഥനകളെ ഞാന്‍ വെറുത്തു…
അത് പലിശക്കാരനായിരുന്നു
ശരീരമുറങ്ങിയാലും മനസ്സ് സ്പര്‍ശത്താലുണരും! തുടയിലാരോ കൈമലര്‍ത്തി അടിച്ച വേദനയാലാണ് ഒരിക്കല്‍ ഞാനുണര്‍ന്നത്. ദൈവത്തിന്റെ വിരല്‍സ്പര്‍ശത്തിന് വേദനയുണ്ടാകില്ല! തൂവല്‍ സ്പര്‍ശം പോലെയത് ശരീരത്തില്‍ കുളിരുകോരും. പക്ഷെ അഞ്ചുവിരലും ചേര്‍ത്ത്, തുടയിലടിച്ചാല്‍ ആര്‍ക്കും വേദനിക്കും. ആഞ്ഞടിക്കുകയാണെങ്കിലോ? ഞാന്‍ ഞെട്ടിയുണര്‍ന്നു. വേദനിപ്പിച്ചവനോടെതിര്‍ക്കാന്‍ ഏതു ജന്തുവിന്റെയും ശരീരമുണരും, രക്തസംക്രമണത്തിന്റെ വേഗതയേറും, ഹൃദയമിടിപ്പുകളുടെ എണ്ണം കൂടും, രോമങ്ങളെഴുന്നു നില്‍ക്കും, മുഖം ചുവക്കും. പ്രകൃതിയൊരുക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍. മനുഷ്യനിലുമവന്റെ മനസു പോലുമറിയാതെയത് സംഭവിക്കും. സൈക്കോളജിക്കല്‍ ഇന്‍സ്റിങ്ക്ട് !
പക്ഷേ അത് പലിശക്കാരനായിരുന്നു! ഷൈലോക്ക്! ബ്ലേഡ്! ചോരയിറ്റിക്കാതെ കരളു മുറിച്ചെടുക്കുന്നവന്‍!
ഫണം വിടര്‍ത്തിയുണര്‍ന്ന എല്ലാ ചോദനകളെയും, ഒറ്റ നിമിഷംകൊണ്ട്, തലയില്‍ തലോടി അനുനയിപ്പിച്ച്, ഞാനെന്റെ മനസ്സിന്റെ കൂടയിലാക്കി. എന്നിട്ട് വിനയപൂര്‍വ്വം പറഞ്ഞു.
‘സോറി, നാളെത്തരാം. ഇന്നൊന്നാന്തിയാണെന്ന കാര്യം മറന്നു!’. ഞാനവന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ യോഗ്യനാണ്. തലകുനിക്കാനിഷ്ടമില്ലാതിരുന്നവന്റെ ശിരസ്സില്‍ തിരിക്കല്ലു വെച്ചുകെട്ടിയവരാരും തിരിഞ്ഞുനോക്കില്ല. അവനെന്റെ ദൈവമാണ്! സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സര്‍പ്പം! അവനെ വണങ്ങാതിരിക്കാനെനിക്കാവില്ല!!
അപ്പനെന്റെ വിരലില്‍ പിടിച്ച് മുന്നില്‍ നടന്നു. തീയും വിറകും കത്തിയുമപ്പന്റെ പക്കലുണ്ടായിരുന്നു. ‘ബലിക്കായുള്ള മൃഗമെവിടെ?’ യെന്നപ്പനോടു ചോദിക്കാനെനിക്ക് ഭയമായിരുന്നു. ‘അതു നീ തന്നെ’യെന്ന് അപ്പനെന്നോടു പറയുമെന്നെനിക്കറിയാം.
ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും. ദൈവം കരുണയാണ്. ദൈവം സ്നേഹമാണ്. അതില്‍ കൂടുതലോ കുറവോ ആയ ഒന്നും ദൈവമേയല്ലെന്നെനിക്കറിയാം. ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തില്‍ വിശ്വസിച്ചിട്ടില്ല! ഒടുവില്‍ അനുഭവിച്ചറിയുകയായിരുന്നു…ഇതെന്റെ നിയോഗം. ഞാന്‍ അബ്രഹാമിനേക്കാള്‍ മഹത്വമുള്ളവന്‍. എന്റെ മകനെ ബലിയാടാക്കാന്‍ ഞാനൊരുക്കമല്ല! പകരം ഞാനെന്നെ ബലിയായര്‍പ്പിക്കാം. എന്റെ മകനെ ബലിയായി ആവശ്യപ്പെടുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കില്ല! എവിടെയോ ആരംഭിച്ചെവിടെയോ ചെന്നവസാനിക്കുന്ന യാത്രയില്‍ വിളക്കും പാഥേയവും മാത്രമല്ല, വെളിവും നഷ്ടമായവന്റെ ശിഥിലസ്മരണകളിലൂടെയൊരു ദേശാടനം. അതുമാത്രമാണിത്.
രണ്ടാം ഭാഗം അടുത്ത ആഴ്ച
പുസ്തകം ഓണ്‍ലൈനായി ലഭിക്കാന്‍:
http://www.dcbookshop.net/books/kutiyante-kumbasaaram-oru-madhyaasaktharogiyute-aathmakatha
പുനര്‍ജനിയുടെ വിലാസം:
PUNARJANI
Charitable Trust for De-Addiction & Rehabilitation
Phone: 0487 2208304
(Dr. Johns K Mangalam Ph.D, LLB.)
Mobile: 9747201015
Email : punarjanipoomala@yahoo.com
Web : www.punarjani.org

ജോണ്‍സണ്‍ ഭാര്യ രാജിക്കൊപ്പം Photo:Sudeep Eeyes

പുനര്‍ജനി

No comments:
Post a Comment