Monday, January 21, 2013

ഒരു കുടിയന്റെ ജീവിതം


ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം: ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. രണ്ടാം ഭാഗം

ആദ്യ ഭാഗം: അങ്ങനെ, ഞാനൊരു കുടിയനായി…

Kutiyante Kumbasaaram, Punarjani, Thrissur


അന്ന്, കോട്ടയ്ക്കലില്‍ നിന്ന് തൃശൂര്‍ക്ക് ബസ്സ് കയറുമ്പോള്‍ വിരലുകള്‍ക്ക് പതിവിലും കൂടുതല്‍ വിറയലുണ്ടായിരുന്നു. ഏറ്റവും പിന്നിലെ സീറ്റിലിരുന്നതിനാല്‍ വാതില്‍പ്പഴുതിലൂടെ ബസിനുള്ളിലേക്ക് കയറുന്ന കൊച്ചുവെളുപ്പാന്‍കാലത്തെ കോച്ചുന്ന തണുപ്പുകാറ്റുമേറ്റ് വിരലുകള്‍ മാത്രമല്ല ശരീരമാസകലം വിറയ്ക്കാന്‍ തുടങ്ങി. തണുത്തു മരവിച്ച സീറ്റില്‍, കമ്പികളിലമര്‍ത്തി പിടിച്ച്, വിറയൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ, വളാഞ്ചേരിയിലെത്തിയാല്‍ ഇറങ്ങണമെന്ന തീരുമാനമെടുത്തു. ചായ കുടിക്കാന്‍ അവിടെ നിര്‍ത്തുന്നുണ്ടെങ്കില്‍ ഭാഗ്യം. അല്ലെങ്കിലുമിറങ്ങണം. അല്ലാതെ പറ്റില്ല. ഒടുക്കത്തെ ഈ വിറ. എവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല. തലച്ചോറുപോലും മരവിക്കുന്നു. തൃശൂര് വരെയെടുത്ത ടിക്കറ്റിന്റെ ശേഷിച്ച പണം പോകുമെന്നല്ലേ! അതു സാരമില്ല. കയ്യും കാലും ശരീരം മുഴുവനും വിറക്കുന്ന ഈ അവസ്ഥയില്‍ പോയാല്‍, തൃശൂരെത്തും മുമ്പ് ഞാന്‍ മരിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. അല്ലെങ്കിലെന്റെ ബോധം നഷ്ടമാകും!
ഈയിടെയായി, പുലര്‍ച്ചയ്ക്ക് കൈവിറ മാറ്റാനായി, രാത്രിയില്‍ കുപ്പിയലവശേഷിപ്പിക്കാറുള്ളതുപോലും, ഉണരും മുമ്പ് കുടിച്ചുപോകുന്നു. സിരകളിലൂടെ തണുപ്പ് ശിരസ്സിലേക്ക് വ്യാപിക്കുന്നു. കൈകാലുകള്‍ തളരുന്നു. ശരീരം മരവിച്ച് ബോധം കൈവിടുന്നു. കമ്പികളിലെ പിടുത്തമയഞ്ഞ്, സീറ്റില്‍ നിന്ന് നിലത്തേക്ക് ഞാന്‍ കെട്ടിമറിഞ്ഞു വീഴുകയാണോ? പോക്കറ്റിലവശേഷിക്കുന്നത് നൂറില്‍ത്താഴെ രൂപയും എന്റെ ഐഡന്റിറ്റി കാര്‍ഡുമാണെന്ന ഓര്‍മ്മ മാത്രമവശേഷിച്ചു.
എന്റെ ശവശരീരം തിരിച്ചറിയപ്പെടാതെ വരില്ല. യാക്കോബായ പള്ളിയിലതടക്കം ചെയ്യും. ഒരച്ചന്‍, ചെറിയൊരാള്‍ക്കൂട്ടം, ഓര്‍മ്മദിവസം! എന്റെ കഥ കഴിഞ്ഞു… പക്ഷേ, മോനും രാജിയ്ക്കും ഞാനില്ലാതാകും. ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുപോലും ഞാന്‍ നിഷ്കാസിതനാകും. എന്നെന്നേയ്ക്കും… ദൈവമേ!
എ. ടി. കോവൂരും മരിക്കുന്നതിന് മുമ്പ് ദൈവമേ’യെന്നു വിളിച്ചെന്ന് അമ്മ വിശ്വസിച്ചിരുന്നു. ഏതോ ഉപദേശി പ്രസംഗിച്ചതു കേട്ടതാകും. ഗാന്ധിജി വെടി കൊണ്ടു പിടഞ്ഞ നേരത്തു പോലും റം, റം എന്നാവശ്യപ്പെട്ടേന്ന് ഇന്ത്യന്‍ ജോയി പറഞ്ഞത്, ജോയിക്കുട്ടന്‍ മാത്രം വിശ്വസിച്ചു. മറ്റുള്ളവരതുകേട്ടു ചിരിച്ചു.
ഞാനൊന്നു പിടഞ്ഞു. ശരീരവും മനസും വേര്‍പ്പെട്ടൊടുങ്ങും മുമ്പ് അവസാനത്തെ പിടച്ചില്‍….. ശേഷം?

മരണത്തില്‍നിന്ന് തിരിച്ചുനടത്തം
ശേഷക്രിയക്ക് കിടത്തിയവന്‍ കണ്ണുതുറക്കുന്നതു പോലെ, വിടര്‍ന്ന കണ്ണുകള്‍ക്ക് മുന്നില്‍ ഒരപരിചിത മുഖം. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നും വളാഞ്ചേരിയില്‍, ആശുപത്രിക്കിടക്കയിലാണെന്നും തിരിച്ചറിയാന്‍ ഏറെ സമയമെടുത്തു. ബസ്സുകാര്‍ എന്നെയവിടെയെത്തിച്ച്, ഡോക്ടര്‍ വരും മുമ്പ് കടന്നുകളഞ്ഞു. അബോധാവസ്ഥയില്‍ ഞാന്‍ പുലമ്പിയവയില്‍ നിന്നും, വളാഞ്ചേരിക്കാരന്‍ ബാലകൃഷ്ണന്‍ നായരുടെ മകള്‍ പ്രസന്നയെന്റെ സുഹൃത്താണ് എന്നവര്‍ക്കു മനസ്സിലായി. ഡോക്ടര്‍ അവരുടെ കുടുംബസുഹൃത്തായിരുന്നിരിക്കണം. ഡോക്ടറവളെ വിളിച്ചു. സ്കൂട്ടറില്‍ വിവരമന്വേഷിക്കാന്‍, പ്രസന്ന അവളുടെ ഭര്‍ത്താവിനെ വിട്ടു. ഡോക്ടറെക്കണ്ട് അയാള്‍ കാര്യം തിരക്കി. പ്രസന്നമല്ലാത്ത മുഖവുമായി, എന്നെക്കാണാന്‍ വന്നു. കിടക്കയ്ക്കരുകില്‍ നിന്നു ചോദിച്ചു.
‘നിങ്ങളാരാ?’^ എനിക്കയാളെയറിയില്ല. പ്രസന്നയുടെ കല്യാണത്തിന് പോകാനെനിക്കായില്ല. ഞങ്ങള്‍ പരിചയപ്പെട്ടു. എന്റെയവസ്ഥ അയാള്‍ക്ക് ബോദ്ധ്യപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. ആശുപത്രിയിലെത്തിക്കാന്‍ തോന്നിയ സുമനസുകള്‍ക്ക് നന്ദി! എന്നിട്ടുമെന്റെ കിടപ്പിലുള്ള ആശങ്കയേക്കാള്‍ മറ്റെന്തോ വ്യാകുലതകള്‍, അയാള്‍ക്കുള്ളതായി തോന്നി. അവളും ഞാനുമായുള്ള ബന്ധത്തെ കുറിച്ചയാള്‍ വിശദമായി ചോദിച്ചറിഞ്ഞു! ഇത്രയും കാലമൊരുമിച്ചു കഴിഞ്ഞിട്ടും അവളെന്നെക്കുറിച്ചയാളോടു പറഞ്ഞിട്ടില്ല! സ്ത്രീകള്‍ സ്വാര്‍ത്ഥമതികളാണ്. സുരക്ഷയാണവര്‍ക്കു പ്രധാനം! അന്നെനിക്കതിന്റെ പൊരുളറിയുമായിരുന്നില്ല!
അവളെന്റെ ആത്മമിത്രമായിരുന്നു. മദ്യപാനത്തിന്റെ ദിനങ്ങളിലെന്നോ, അവളുടെ വിവാഹം ഞാനറിഞ്ഞിരുന്നെങ്കിലും പങ്കെടുക്കാനാകാതെ പോയതില്‍ എനിക്ക് ഖേദമുണ്ട്. എന്റെ വിവാഹത്തിന് അച്ഛനേയും കൂട്ടി വാശിപിടിച്ച് കോട്ടയം വരെ വന്നിട്ടും, അവള്‍ക്കതില്‍ പങ്കെടുക്കാനായില്ല. ജീപ്പ്, അപകടത്തില്‍പെട്ട് മെഡിക്കല്‍ കോളേജില്‍ കിടക്കേണ്ട ഗതികേട് അനുഭവിച്ചവള്‍! എന്നിട്ടും, ആദ്യരാത്രിയായിരുന്നിട്ടും, അവളെ കാണാന്‍ ഞാനാശുപത്രിയില്‍ ചെന്നു. അവളുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാഞ്ഞതിന്റെ ഖേദമെനിക്കിന്നുമുണ്ട്.
എന്നിട്ടുമൊരപകടത്തില്‍പെട്ട്, പരിചിതമല്ലാത്ത സ്ഥലത്ത്, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട, മറ്റാരുമടുത്തില്ലാത്ത, ഭാര്യയുടെ സഹപാഠിയും സുഹൃത്തുമായ ഒരനാഥ രോഗിയോടയാള്‍ക്ക് വേണ്ടത്ര സഹാനുഭൂതി തോന്നിക്കാത്തതില്‍ എനിക്കമര്‍ഷം തോന്നി. അനുതാപമേതുമില്ലാതെ, സംശയനിവാരണാര്‍ത്ഥം, അയാള്‍ തിരക്കിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഞാന്‍ വീണ്ടും തനിച്ചാക്കപ്പെട്ടു. മദ്യപന്റെ ഏകാന്തത അവന് അസഹ്യമായിത്തീരും, അവനെല്ലാവരാലുമുപേക്ഷിക്കപ്പെടും. പണ്ഡിതനും പാമരനും ധനികനും ദരിദ്രനുമൊരുപോലെയെത്തിചേരുന്ന മറ്റൊരാത്മ വിദ്യാലയമാണ് മദ്യശാല! അവിടെ നിന്നിറങ്ങിയാല്‍ ഓവുചാലിലുറങ്ങാന്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു!

ബില്ലടക്കാന്‍ ഒരു മാലാഖ!
തലക്കു മുകളിലെ ഗ്ലൂക്കോസ് കുപ്പി കാലിയായാല്‍ എനിക്ക് പോകാമെന്നൊരു നേഴ്സ് വന്നു പറഞ്ഞു. പക്ഷെ ബില്ലടയ്ക്കാന്‍ പോക്കറ്റിലാകെ നൂറില്‍ത്താഴെ രൂപയുണ്ടാകും. ദൈവം പറഞ്ഞയച്ച മാലാഖ വീണ്ടും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പ്രസന്ന! അവളുടെ മുഖത്ത് ഉല്‍കണ്ഠയല്ല, രോഷം! അവളൊന്നും ഉരിയാടാതെ എന്റെ കണ്ണുകളിലേക്കുനോക്കി കട്ടിലിനരികിലിരുന്നു. അവളുടെകൂടെ ഭര്‍ത്താവില്ലായിരുന്നു.
‘നിന്റെ കെട്ട്യോനൊരു മനുഷ്യപ്പറ്റില്ലല്ലോ?’
‘മനുഷ്യപ്പറ്റ്! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട, വഴീന്നൊരാളെ ആശുപത്രിയിലാരോ കൊണ്ടിട്ടൂന്നും, പ്രസന്നയുടെ സുഹൃത്താണെന്നും ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍, ചാടി പുറപ്പെട്ടതാ കക്ഷി. പറഞ്ഞിട്ടെന്താ കാര്യം? സ്ഥിരം കുടിയന്മാര്‍ക്ക് ചാരായം കിട്ടാതെ വന്നാലുണ്ടാകുന്ന സൂക്കേടാ ഭാര്യേടെ സുഹൃത്തിനെന്ന് കേട്ടാ, ഏത് ഭര്‍ത്താവിനാ ഇഷ്ടാവ്വാ! അതൊന്നും ഓര്‍മ്മയുണ്ടാവില്ല! അതിന് തലക്കു വെളിവുള്ള നേരമുണ്ടായിട്ടു വേണ്ടേ? എന്റെ കല്യാണം കഴിഞ്ഞ് ഇന്നേക്ക് ഒരാഴ്ചയായില്ല. അറിയ്യോ? കുടിച്ച് വഴീവീണതല്ല, കുടിക്കാന്‍ കിട്ടാത്തോണ്ട് വഴീല്‍ വീഴുന്ന ഒരുസുഹൃത്ത്, ഭാര്യക്കുണ്ടെന്നറിഞ്ഞാല്‍ ജോണ്‍സന് ഇഷ്ടപ്പെട്വോ? ആ പാവം, രാജിയെന്തു പിഴച്ചു? അതെങ്കിലും ഓര്‍ക്കണമായിരുന്നു. ഇനിയെങ്കിലുമൊരു മനുഷ്യനെ പോലെ ജീവിക്ക് ജോണ്‍സാ!’.
200 രൂപ കയ്യില്‍ വച്ചു തന്ന് അവള്‍ തിരിച്ചുനടന്നു. ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ല. എന്നെ ഉപേക്ഷിക്കുന്നവരില്‍ ഇപ്പോഴിതാ അവളുടെ ഊഴം. സൌഹൃദങ്ങളുടെ കണ്ണികള്‍ ഓരോന്നായി അറ്റു പോകുന്നതറിയാതെ ഞാനവളോട് പിണങ്ങി.
തിരിച്ച് വീട്ടിലെത്തിയ നിമിഷത്തില്‍, അവളുടെ പേര്‍ക്ക് 200 രൂപ മണിയോര്‍ഡറയച്ചു. ‘നന്ദി! ഇനി ശല്യപ്പെടുത്തില്ല!’ മണിയോര്‍ഡര്‍ ഫോറത്തിനു ചുവട്ടില്‍ അമര്‍ത്തിയെഴുതി. അവളെന്റെ നന്മ മാത്രമാണ് എന്നും കാംക്ഷിച്ചത്. ഞാനന്ന് അതിന്റെ പേരില്‍ കുടിച്ചു. സത്യത്തില്‍ സൌഹൃദങ്ങളുടെ മൂല്യം മറന്നത് ഞാനോ, അവളോ?

Kutiyante Kumbasaaram, Punarjani, Thrissur
ജോണ്‍സണ്‍

 മദ്യപന്റെ നിഴല്‍ യുദ്ധങ്ങള്‍
വീഴ്ചകളില്‍ നിന്ന് പലതവണ കരേറി, തീത്തൈലത്തിന്റെ കരുത്തില്‍ മരണത്തെ നേരിടാന്‍ കഴിയുമെന്നു വിശ്വസിച്ചവന്റെ ജീവിതം അങ്ങനെ കരിന്തിരികത്തി. അത് അണയാറാകുന്നത് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാന്‍ നിഴലുകളോട് പൊരുതി.
മദ്യപന്റെ തോല്‍വി സുനിശ്ചിതമാണ്. പക്ഷേ, അതവനോട് പറഞ്ഞുകൊടുത്താല്‍, ഒരിക്കലും അവന്‍ അംഗീകരിക്കില്ല. എന്നെ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവന്‍ ആരടാ? അവന്റെ നിഘണ്ടുവില്‍ അടിയറവില്ല. തോല്‍വികളുടെ ചരിത്രമറിയാത്ത ചാവേര്‍ പടയാളിയാണവന്‍. മദ്യപന്റെ വിധി! മരണം വിധിക്കപ്പെട്ടവന്റെ മാപ്പപേക്ഷ ആരു പരിഗണിക്കും? ദയാഹര്‍ജി പോലും തള്ളും. കാരണം അതു സമര്‍പ്പിച്ചവന്റെ കൈകളള്‍ അശുദ്ധമത്രെ!
അന്ത്യചുംബനത്താല്‍ ഒറ്റുകൊടുത്തവനെ ക്രൂശിക്കാന്‍, ജനമാര്‍ത്തു വിളിക്കും. ജനഹിതം മാനിക്കപ്പെടും. കൈ കഴുകിത്തുടച്ച്, തലതിരിച്ചെന്നെ കടന്നു പോയവരോടെല്ലാം ഞാന്‍ പൊറുക്കാം. ഇല്ല! എങ്ങും ഇരുട്ടുമാത്രം. മിന്നാമിനുങ്ങിന്റെ നനുങ്ങുവെട്ടം പോലുമില്ലാത്ത നിശബ്ദരാവുകളില്‍ എന്റെ തേങ്ങിക്കരച്ചില്‍ മറ്റാരും കേട്ടില്ല. രാജിയൊഴികെ.

 ഉറങ്ങാനൊരു തിയറ്റര്‍
ഒരിക്കല്‍ ‘ബിനി’യില്‍ ആര്‍ക്കോ ഒപ്പമിരുന്ന് കുടിച്ചു. ഭക്ഷണം വേണമെന്നില്ലാതായി തുടങ്ങിയിരുന്നു. നട്ടുച്ചയ്ക്ക്, ഏസീന്നിറങ്ങിയപ്പോള്‍ ‘ഇത്തിരി കൂടിപ്പോയോ’ന്നൊരു സംശയം. കൂടെയിരുന്നു കുടിച്ചവന് ആത്മാര്‍ത്ഥത പോര. എന്നെ തനിച്ചാക്കി, രണ്ടു പെഗ്ഗടിച്ച്, കുപ്പിയില്‍ അവശേഷിച്ചത് എന്നെയേല്‍പ്പിച്ച് അവന്‍ സ്ഥലം വിട്ടു. എനിക്കേതു കാര്യത്തിലും ആത്മാര്‍ത്ഥതയുണ്ട്. കുടിയുടെ കാര്യത്തിലുമതു വേണ്ടേ? ബാക്കിമുഴുവന്‍ ഞാന്‍ തനിച്ചിരുന്ന് കുടിച്ചു. കുപ്പി കാലിയാക്കി. ബില്ല് അവന്‍ കൊടുത്തിരുന്നു. ഏതോ മാന്യസുഹൃത്ത്. ഒരു നേരത്തെ എന്റെ കാര്യം നടന്നു!
അവനെഴുന്നേറ്റ് ബില്ലും കൊടുത്ത് കടന്നുകളഞ്ഞതത്ര മര്യാദയായില്ല. ഓസിന് കുടിച്ചെനിക്ക് ശീലമില്ല! ആരെങ്കിലും വാങ്ങിത്തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഇരട്ടി ഞാന്‍ തിരിച്ചു കൊടുത്തിട്ടുമുണ്ടാകും. ഇതൊരു വക ആക്കലായിപ്പോയി. ഇനി പറഞ്ഞിട്ടുകാര്യമില്ല. ആനയ്ക്ക് റിവേഴ്സ് ഗിയറില്ലല്ലോ? കലിപ്പു തീര്‍ക്കാനവനടുത്തില്ലാത്തതിനാല്‍, വാശിക്കതു മുഴുവനും കേറ്റി. പക്ഷേ, തല പെരുത്തുകയറി. അത്രേം കുടിക്കേണ്ടിയിരുന്നില്ല. ‘പിടുത്തം’ വിട്ടുപോകുമോന്നൊരു സംശയം. ബാക്കിയുള്ളത് പൊതിഞ്ഞ് അരയില്‍ തിരുകിയാല്‍ മതിയായിരുന്നു.
വീട്ടിലേക്ക് ബസു കാത്തുനിന്നു. അതില്‍ കയറിപ്പറ്റി വീട്ടിലെത്തുമ്പോഴേക്കും, സമയമൊരുപാടാകും. എന്റെ കണ്‍ ട്രോളുവിട്ടു പോകുന്നുണ്ടോന്നൊരു സംശയം! ബിനിയിലാരോടു പറഞ്ഞാലും, ഏതെങ്കിലുമൊരു മുറി തുറന്നുതരും. ഫാനിട്ട് രണ്ട് മണിക്കൂര്‍ കിടന്നുറങ്ങി എണീറ്റാല്‍ പ്രശ്നം തീരും. പക്ഷെ തനിച്ചു കിടക്കാനെനിക്കു മടിയാണ് അന്നുമിന്നും. റാഫിയും ജിയോനും ആര്‍ട്ടിസ്റു സാബുവും എന്നെത്തഴഞ്ഞു. കിട്ടാവുന്ന സ്പീഡില്‍ വീട്ടിലെത്തുന്നതായിരിക്കും ബുദ്ധി. ഒരോട്ടോ വിളിച്ചാലോ? പോക്കറ്റില്‍ കാശുണ്ട് പക്ഷെ ഓട്ടോയിലിരുന്നുറങ്ങി, ഇറങ്ങാന്‍ വയ്യാത്ത പരുവത്തില്‍ വീട്ടില്‍ ചെന്നാല്‍? അത് അതിലും കുളമാകും. ഈയിടെയായി, രാജീടെ മുഖത്തുനോക്കാന്‍പോലും കഴിയുന്നില്ല. അവളത്രയേറെ സഹിക്കുന്നുണ്ട്.
തൃശãൂരിലെ തിയറ്ററുകളില്‍, ഒരു കാലത്ത്, സ്ഥിരമായി നൂണ്‍ഷോ കാണാന്‍ കേറുന്ന, സിനിമയുടെ പേരുപോലും അറിയേണ്ടാത്തൊരു കാഴ്ചക്കാരനുണ്ടായിരുന്നു. മറ്റാരുമല്ല, ഈ ഞാന്‍! വീട്ടില്‍ പോകാന്‍ ശ്രമിക്കുന്നതിലും ഭേദം, അതായിരിക്കുമെന്നെനിക്കു തോന്നി. ഓട്ടോറിക്ഷയില്‍ കയറി രാഗത്തിനുമുന്നിലിറങ്ങി. തിയറ്ററിലെ ലോ ക്ലാസുകളിലൊന്നില്‍, ചുവരിനോടടുത്ത സീറ്റിലിരുന്നുറങ്ങാന്‍ പത്തോ ഇരുപതോ രൂപ ചിലവാക്കിയാല്‍ മതി. ബസ്സില്‍ കയറിയാല്‍ സീറ്റു കിട്ടുമെന്നുറപ്പില്ല. നില്‍ക്കേണ്ടിവന്നാല്‍ വാളുറപ്പാ. പിന്നെ നാണക്കേട്. കുളിച്ചാലുമത് പോകില്ല. പൂമലയ്ക്കുള്ള ബസ്സില്‍ എന്നെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. മാഷ്ടെ മോന്റെ തനി സ്വരൂപം അവരറിയും.

Kutiyante Kumbasaaram, Punarjani, Thrissur
പുനര്‍ജനി

 പരദൂഷണത്തിന്റെ വഴികള്‍
മദ്യപരെ കുറിച്ച് പരദൂഷണം പറയലിലൊരു രസമുണ്ട്. കുടിയന്മാരുടെ കലാപരിപാടികളെക്കുറിച്ചു പറയുന്നവര്‍ക്ക് ആയിരം നാവാണ്. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അതൊരു വലിയ സംഭവമാക്കി മാറ്റും. രാജിയെങ്ങാനുമറിഞ്ഞാല്‍ പിന്നെ ഞാന്‍ ചത്തുകളയുന്നതാണ് നല്ലത്. രാഗം തിയറ്ററിനു മുന്നില്‍ അപശകുനം പോലെ നിന്ന പെട്ടിക്കടയിലെ പോളി സഹോദരരില്‍ ഒരുവന്‍, ചുരുട്ടി മടക്കിത്തന്ന മുറുക്കാന്‍ വായിലിട്ട്, തിയറ്ററിലേക്ക് അതിവേഗം നടന്നു. പടം വിട്ടിട്ടും, തിയറ്ററിന്റെ മൂലയിലെ സീറ്റില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന ഒരു മനുഷ്യനെ ചവിട്ടു പടികളില്‍ കാലുകള്‍ തൊടാത്ത വിധത്തില്‍ തൂക്കിയെടുത്ത്, ജീവനക്കാര്‍ നിലത്തിറക്കി. നേരെ തള്ളിവിട്ടാല്‍ റൌണ്ടിലെത്തും. വലതുവശത്തേക്ക് തലതിരിച്ച് തള്ളി വിട്ടാല്‍… അത് എലൈറ്റിലേക്കുള്ള ഇടവഴിയാണ്. ആ വഴിയില്‍ തിരക്കുകുറവായിരുന്നു. അന്ന്, യമുന ഹോട്ടലിനുസമീപത്തുള്ള മൂത്രം മണക്കുന്ന ഇടവഴിയിലെ ചുവരില്‍ ചാരിയിരുന്നുറങ്ങിയ ആ മനുഷ്യന്‍ ഞാനായിരുന്നു. ആരുമെന്നെ കണ്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ എല്ലാവരുമെന്നെ കണ്ടിരുന്നു. പോളി സഹോദരന്മാരിലൊരുവനോട് കടം വാങ്ങി, ഓട്ടോയില്‍ കയറി, ബിനിയിലിറങ്ങി, വീണ്ടും രണ്ടെണ്ണമടിച്ചശേഷം, അതേ ഓട്ടോയില്‍ വീട്ടിലെത്തി. രണ്ടുകണ്ണുകളുമടച്ചു കിടന്നുറങ്ങി. ഭാഗ്യം ആരുമെന്നെ കണ്ടിട്ടില്ല!
ബോധാബോധതലങ്ങള്‍ക്കിടയില്‍ മൃഗമായിത്തീരുന്ന മദ്യപന്റെ ചെയ്തികളില്‍ മാപ്പര്‍ഹിക്കുന്നവയുടെ എണ്ണം വിരളമത്രെ. ബ്ലാക്കൌട്ടുകള്‍’ എന്നറിയപ്പെടുന്ന അന്നേരങ്ങളില്‍ അവന്റെ പ്രവൃത്തികള്‍ തലച്ചോറില്‍ രജിസ്റര്‍ ചെയ്യാതെ പോകും. അതിനാല്‍, പിറ്റേന്നു പുലരുമ്പോള്‍ അതൊന്നും അവനോര്‍ക്കില്ല. മദ്യപാനി പാപിയാകുന്നത് അങ്ങനെയത്രെ.
ഭ്രാന്തനു പോലും ഇളവു കാട്ടുന്ന നിയമം മദ്യപനോടു കാട്ടുനീതികാണിക്കും. മദ്യം വില്‍ക്കുന്നതിന്റെ ലാഭംകൊണ്ട് വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യം, വിധവകളുടെ ശാപവും അവരുടെ തന്തയില്ലാത്ത പൈതങ്ങളുടെ തോന്ന്യാസങ്ങളും കൊണ്ടുനശിക്കും. മദ്യപാനിയെന്ന ചെല്ലപ്പേരില്‍ അറിയാനാരുമാഗ്രഹിക്കില്ല. എന്നിട്ടും ചിലര്‍ അതായി തീരുന്നതിന്റെ കാരണമെന്താണ്?


ആദ്യ ഭാഗം: അങ്ങനെ, ഞാനൊരു കുടിയനായി…


പുസ്തകം ഓണ്‍ലൈനായി ലഭിക്കാന്‍:
http://www.dcbookshop.net/books/kutiyante-kumbasaaram-oru-madhyaasaktharogiyute-aathmakatha


പുനര്‍ജനിയുടെ വിലാസം:
PUNARJANI
Charitable Trust for De-Addiction & Rehabilitation
Phone: 0487 2208304
(Dr. Johns K Mangalam Ph.D, LLB.)
Mobile: 9747201015
Email : punarjanipoomala@yahoo.com
Web : www.punarjani.org

No comments: