Thursday, January 31, 2013

മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

Moozhiyar, Idukki, Keralaകാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.

നിബിഡവനഭംഗിയും അരുവികളും കുളിരും കളികളര്‍മൊക്കെ കാനനയാത്രകളിലേക്ക് സഞ്ചാരിയെ വീണ്ടും ക്ഷണിക്കുന്ന ഘടകങ്ങളാണെങ്കിലും കേരളത്തിലെ വനങ്ങളിലൂടെയുള്ള യാത്രകളില്‍ ആനക്കാഴ്ച്ചകള്‍ തന്നെയാണ് എന്നും താരം. ആനക്കൂട്ടങ്ങളെ കാണാനുള്ള അദമ്യമായ ആഗ്രഹവും അതോടൊപ്പം തന്നെ കാനനപാതയിലെ അടുത്ത വളവിനപ്പുറം ചെന്നു പെടുന്നത് അവയുടെ മുന്നിലേക്കാവുമെന്ന ഭയവും ചേര്‍ന്ന വിവരിക്കാനാവാത്ത ആ മാനസിരകാവസ്ഥ ഈ യാത്രകള്‍ക്ക് മാത്രം സ്വന്തം. യാത്ര കഴിഞ്ഞാലും അതിന്റെ അനുഭൂതി കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഭയവും ആകാംക്ഷയും ആവേശവും കലര്‍ന്ന ഈ അനുഭവം കൊണ്ടു മാത്രമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള മൂഴിയാറിലേക്കുള്ള ഈ കാനന യാത്രയുടെയും പ്രധാന ത്രില്‍ അതുതന്നെയായിരുന്നു.

സീതത്തോട്, ളാഹ, പെരിനാട്, വടശ്ശേരിക്കര, പ്ലാപ്പള്ളി, ആങ്ങാമുഴി വഴിയായിരുന്നു യാത്ര. മകരവിളക്കിനോടടുത്ത ദിവസമായിരുന്നതിനാല്‍ നിരവധി ശബരിമല വാഹനങ്ങള്‍ക്കൊപ്പമാണ് വഴിയിലെ പല ചെറുപട്ടണങ്ങളും താണ്ടാനായത്. അതു കൊണ്ടുതന്നെ ആങ്ങാമുഴി ഫോറസ്റ്റ് ചെക്‌പോസ്റ്റ് എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് മൂഴിയാര്‍ പവര്‍‌സ്റ്റേഷന്‍. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ മറ്റൊരു വഴിയിലൂടെ യാത്ര തുടരുകയാണ് ലക്ഷ്യം.

ആങ്ങാമുഴി താണ്ടുന്നതോടെ ജനപഥങ്ങള്‍ അവസാനിക്കുകയും മൃഗപഥങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി വാങ്ങി വേണം യാത്ര തുടരാന്‍. പേടിപ്പെടുത്തുന്ന വനമാണെങ്കിലും മൂഴിയാര്‍ പവര്‍ഹൗസിലേക്കുള്ള മാര്‍ഗ്ഗമായതിനാല്‍ ടാറിട്ട ആ റോഡിലെവിടെയെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജീപ്പോ പോലീസ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സഞ്ചരിക്കുന്ന ടൂവീലറുകളോ അതുമല്ലെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് ഉച്ചയക്ക് പുറപ്പെട്ട് രാത്രി മൂഴിയാറിലെത്തുകയും രാവിലെ ആറുമണിക്ക് മടങ്ങുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സോ പോലുള്ള ഒറ്റപ്പെട്ട വാഹനങ്ങള്‍ കണ്ടെന്നും വരാം.

ഗസ്റ്റ് ഹൗസിന് നാലുകിലോമീറ്റര്‍ മുന്നിലായി പോലീസ് ചെക്‌പോസ്റ്റുണ്ട്. അവിടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. ആരാണീ രാത്രയില്‍ എന്ന സംശയത്തോടെയാണ് ഡ്യൂട്ടി പോലീസുകാര്‍ വാഹനത്തിനടുത്തേക്ക് വന്നതെങ്കിലും അവരുടെ അതീവ സൗഹാര്‍ദപരമായ പെരുമാറ്റം ഭീതിയേകുന്ന ആ വനയാത്രയില്‍ ആശ്വാസമായി. അങ്ങകലെ കണ്ട ലൈറ്റുകള്‍ മൂഴിയാര്‍ പവര്‍ഹൗസിലേതാണെന്ന് അവര്‍ പറഞ്ഞു തന്നു.

ഗസ്റ്റ്ഹൗസിലെത്തുമ്പോഴേക്കും നേരത്തെ പറഞ്ഞതനുസരിച്ച് ചപ്പാത്തിയും ചിക്കന്‍കറിയുമുള്‍പ്പടെ അത്താഴം റെഡി. വനമധ്യത്തില്‍ പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഭേദപ്പെട്ട സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 375 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുറിവാടക. വൈദ്യുതിഭവനുമായി ബന്ധപ്പെട്ട് നേരത്തേ ബുക്ക് ചെയ്യണം. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്താത്ത ദിവസമാണ് മുറി മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. നേരത്തെ പറഞ്ഞുവെച്ചാല്‍ എന്തു വിഭവവും തയ്യാറാക്കി നല്‍കും.

ഭക്ഷണത്തിന് പ്രത്യേകം തുക അടയ്ക്കണമെന്ന് മാത്രം. എല്ലാം രജിസ്റ്റ്‌റില്‍ രേഖപ്പെടുത്തി സര്‍ക്കാര്‍ വക രസീതും നല്‍കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിയും സ്വാദിഷ്ട ഭക്ഷണവും കഴിഞ്ഞ് വനത്തിനുള്ളിലെ മകരമാസക്കുളിരില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള മധുരസ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

രണ്ടാം ദിവസം


ആറുമണിക്കുണര്‍ന്ന് നടക്കാനിറങ്ങുമ്പോള്‍ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. കാട്ടുവഴികളിലൂടെയുള്ള അലസഗമന എന്നും ഒരാവേശം തന്നെയാണ്. കണ്ണാന്തളിവേരിന്റെ കുളിര്‍മ്മയും കാട്ടുകുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും പോലെ കാവിവാക്യങ്ങളില്‍ മാത്രം കേട്ടിരുന്ന പലതും കണ്ടതും അറിഞ്ഞതും ഇത്തരം പ്രഭാതയാത്രകളിലാണ്. വിളിപ്പാടകലെ കാട്ടാനയെക്കണ്ട് ഓടിയകന്നതും വേദനപ്പിക്കാതെ കടിച്ചു തൂങ്ങി രക്ത കുടിച്ചു വീര്‍ത്തുവരുന്ന അട്ടയുടെ പിടിവിടുവിക്കാനാവാതെ കാത്തിരുന്നതുമെല്ലാം മുന്‍കാല യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍. കാല്‍ച്ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന മേഘപാളികളും പച്ചമേലാപ്പിനിടയിലൂടെ അരിച്ചെത്തുന്ന തണുപ്പ് മാറാത്ത തിളങ്ങുന്ന വെയിലും ചേര്‍ന്നൊരുക്കിയ ചിത്രഭംഗി മൂഴിയാര്‍ വനത്തിലെ ഈ പ്രഭാതയാത്രയ്ക്കു മാറ്റുകൂട്ടി.

വഴിയില്‍ കണ്ട കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന ട്രാന്‍സ്മിഷന്‍ ടവറുകളും വനഭംഗിക്ക് കളങ്കമാണെങ്കിലും ദശകങ്ങള്‍ക്ക് മുന്‍പ് ചെങ്കുത്തായ ഈ മലഞ്ചെരുവുകളില്‍ അവ സ്ഥാപിച്ച മനുഷ്യന്റെ അധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ നമിക്കാതിരിക്കാനാവില്ല. അഞ്ച് മിനിട്ട് കറണ്ടു പോയാല്‍ രോഷം കൊള്ളുന്ന നമ്മള്‍, വൈദ്യുതി ഉത്പാദിപ്പിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്നതിന് പിന്നിലെ സങ്കീര്‍ണമായ പ്രക്രിയയെക്കുറിച്ചോ അതിനു വേണ്ടി ഈ വനാന്തര്‍ഭാഗത്തെ പവര്‍ഹൗസുകളിലുള്‍പ്പടെ ജോലി ചെയ്യുന്ന മനുഷ്യരുടെ അധ്വാനത്തെക്കുറിച്ചോ ഒരിക്കലും ചിന്തിക്കാറേയില്ലെന്നതല്ലേ വാസ്തവം.

ട്രെക്കിങ് കഴിഞ്ഞ് എട്ടുമണിയോടെ ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുമ്പോഴേക്കും ഗവിവഴി പോകുന്ന രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് എത്തിയിരുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെറിയൊരു പലചരക്ക് കടയും ചായക്കടയും കംഫര്‍ട്ട് സ്‌റ്റേഷനുമുണ്ട്. മൂഴിയാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്ര തന്നെ. ഏതാണ്ട് ഒരുകിലോമീറ്റര്‍ മാറി താഴ്‌വരയിലായി മൂഴിയാര്‍ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസസിന് സമീപം ബോര്‍ഡിന്റെ നിരവധി ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും ഏതാനും ചിലതില്‍ മാത്രമേ ആള്‍താമസമുള്ളുവെന്ന് തോന്നി. ബാക്കിയെല്ലാം ചുറ്റിലും കാടുംപടലും പിടിച്ച് ഉപയോഗിശൂന്യമായി കിടക്കുന്നു.

അവിടെയാകെ ചുറ്റിനടക്കുന്ന ഒറ്റയാനായ കാട്ടുപന്നിക്ക് മണികണ്ഠനെന്നാണ് അവിടെയുള്ള ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പേര്. വര്‍ഷങ്ങളായി ഇവിടെയാണവന്റെ താമസം. ഉള്‍ക്കാട്ടിലേക്ക് കടത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലത്രെ. ആര്‍ക്കും ശല്യമില്ലാതെ അന്തര്‍മുഖനായി അവനിവിടെ മനുഷ്യരോടൊപ്പെ സഹവസിക്കുന്നു.

Moozhiyar, Idukki, Kerala എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ അടയാളങ്ങള്‍.

മരക്കൊമ്പുകള്‍ നിസ്സാരമായി ഒടിച്ചു മുന്നേറുന്ന ഇവര്‍ തന്നെയല്ലേ നാട്ടില്‍ മനുഷ്യന്‍ കയ്യിലേന്തുന്ന ഒരു ചെറുവടിയുടെ താളത്തിനൊപ്പം ഇടത്താനെ വലത്താനെ തുടങ്ങിയ ആജ്ഞകള്‍ ശിരസാവഹിച്ച് സഞ്ചരിക്കുന്നതും. നാട്ടാനകളുടെ ഈ വിധേയത്വം കണ്ട് ആരോ നടത്തിയ മണ്ടന്‍ കണ്ടു പിടുത്തമാവാണം ആനയ്ക്ക് ആനയുടെ കരുത്തറിയില്ല എന്നത്. കാട്ടാനകള്‍ അവയുടെ ശക്തിയെപ്പറ്റി തികച്ചും ബോധവാന്‍മാരാണ്. അതു പോലെ തന്നെ ആനകളെ ഒരിക്കലെങ്കിലും അവയുടെ സ്വന്തം തട്ടകങ്ങളില്‍ നേരിട്ട് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള വനയാത്രികര്‍ക്കും ആനയുടെ കരുത്തിനെപ്പറ്റി ഒരു സംശയവുമുണ്ടാവാന്‍ വഴിയില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു ഡാമുകളാണ് ഈ വനഭൂമിയിലുള്ളത്. ഇതില്‍പ്പെട്ട കക്കി, ആനക്കയം ഡാമുകളിലൂടെയാണ് യാത്ര. ഡാമിനു മുകളില്‍ നിന്നുള്ള വനത്തിന്റെയും ജലസംഭരണിയുടെയും കാഴ്ച്ച അതിമനോഹരമാണ്. ഡാം നിര്‍മ്മാണത്തിനായി പാറപ്പൊട്ടിച്ച വനത്തിനുള്ളിലെ പാറമടയുടെ അവശിഷ്ടങ്ങള്‍ ഏതോ പുരാതനമായ കോട്ട പോലെ വന്യമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് . ഡാം നിര്‍മ്മാണ വേളയില്‍ റോപ് വേയ്ക്കു വേണ്ടിയും സിമന്റ് പാകപ്പെടുത്താനും നിര്‍മ്മിച്ച കൂറ്റന്‍ തൂണുകളും കെട്ടിടങ്ങളും ഡാമിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നു നിലനില്‍ക്കുന്നു. മുന്നൂറടിയാണ് ഡാമിലെ ജലനിരപ്പെന്നും അതിനും താഴെയായി പവര്‍ ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെന്നും ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ഡാമുകളിലെ പോലീസ് ചെക്‌പോസ്റ്റിനു പുറമേ പച്ചക്കാനം, വള്ളക്കടവ് തുടങ്ങിയ ഫോറസ്റ്റ് ചെക്‌പോസ്റ്റുകളിലും വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കിവേണം യാത്ര തുടരാന്‍. ഗവി ലക്ഷ്യമാക്കിയുള്ള ആ യാത്രയ്ക്കിടെ വ്യൂ പോയിന്റില്‍ നിന്നുള്ള മൊട്ടക്കുന്നുകളുടെ അനന്തദൃശ്യങ്ങള്‍ വിവരണാതീതമാണ്. ഗവിയിലേക്ക് വന്ന ചെറുപ്പക്കാരുടെ സംഘങ്ങളില്‍ ചിലത് പച്ച പുതച്ച മലമടക്കുകളുടെ ഈ സുന്ദരഭൂമിയിലേക്കും എത്തിയിരിക്കുന്നു. വനഭൂമിയെന്നതിനപ്പുറം ഇന്നിവിടം ടൂറിസ്റ്റുകളെത്തുന്ന ഒരു സെന്ററായി മാറി കൊണ്ടിരിക്കുന്നു. കൂട്ടമായെത്തുന് വിലകൂടിയ ബൈക്കുകളും പുത്തന്‍തലമുറ യൂട്ടിലിറ്റി വാനുകളും.

പിന്നെയും ഏതാനും കിലോമീറ്ററുകള്‍ മുന്നിലേക്ക് പോരുമ്പോല്‍ ഗവി തടാകവും അരികിലായി സൗകര്യമായ ഫോറസ്റ്റ് മാന്‍ഷനും കാണാം. പാക്കേജ് ടൂറുകളിലെത്തിയ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും അവരുടെ വാഹനങ്ങളും നിറഞ്ഞ ഫോറസ്റ്റ് മാന്‍ഷന് മുന്നിലൂടെ യാത്ര തുടര്‍ന്നു. നീല്‍ഗിരി താര്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യമാണ് സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗവിയുടെ ചുറ്റിനുമുള്ള വനഭൂമിയിലെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കടുക്കുമ്പോള്‍ തന്നെ കാനനപാതയുടെ ഇരുവശവും ശ്രീലങ്കയില്‍ നിന്നും കുടിയേറിപാര്‍ത്ത ജനങ്ങളുടെ കോളനി കാണാം. ഇവിടുത്തെ ഏലത്തോട്ടത്തിലും ഏലം ഫാക്ടറികളിലും തൊഴിലാളികളായി മൂന്ന് പതിറ്റാണ്ട് മുന്‍പ് എത്തിയവരാണവര്‍. ഇന്ന് ഗവി അവരുടെ സ്വന്തം നാടാണ്. തമിഴിലും സ്​പഷ്ടമായ മലയാളത്തിലും അവര്‍ സംസാരിക്കുന്നു. ഗവി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള ലോകനാഥന്റെ കട ഒരു കൊച്ച് സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ലോകനാഥന്‍ ഇവിടേക്കെത്തിയത് മറ്റുള്ളവര്‍ക്കൊപ്പം ജാഫ്‌നയില്‍ നിന്നാണെങ്കിലും അയാളുടെ അച്ഛന്റെ സ്വദേശം മധുരയാണത്രേ. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ലോകനാഥന്‍ കടയ്ക്കു പിന്നിലെ വീടിനുള്ളിലേക്ക് വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. ഫോറസ്റ്റ് മാന്‍ഷനിലേക്കും വ്യൂ പോയിന്റിലേക്കും പോകുന്ന വാഹനങ്ങളില്‍ പലതും ചായയ്ക്കായി അവിടെ നിര്‍ത്തുന്നു.

വഴിയിലെ മറ്റൊരു പ്രധാന പോയിന്റാണ് പാണ്ടിത്താവളം. പമ്പയില്‍ പോകാതെ നേരെ ശബരിമലയ്ക്ക് നടന്നെത്താവുന്ന മാര്‍ഗ്ഗമാണിത്. വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പുകളില്‍ ഇവിടെയെത്തുന്ന ഭക്തന്‍മാര്‍ ഉപ്പുപാറവഴി കാല്‍നടയായി സന്നിധാനത്തേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഈ വഴി തിരഞ്ഞടുക്കുന്നവരില്‍ അധികവും.

വനത്തോട് യാത്ര പറഞ്ഞ് വണ്ടിപ്പെരിയാറിലെത്തുമ്പോഴേക്കും നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. പീരുമേട്, കുട്ടിക്കാനം വഴി അടുത്തിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകളും പൈന്‍മരക്കാടും പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസികതകളും കുരിശുമല ആശ്രമവും ഡയറിഫാമും ഒരു നോക്ക് കണ്ട് കുരിശുപള്ളിക്ക് താഴെയെത്തുമ്പോഴേക്കും വൈകുന്നേരത്തെ പുകമഞ്ഞ് മൂടിത്തുടങ്ങിയിരുന്നു. ഏറെക്കാഴ്ച്ചകള്‍ കണ്ട് അതിലുമേറെ കാണാന്‍ ബാക്കിവെച്ച് ഒരു മടക്കയാത്ര.

Text: Asha Vidhu 

No comments: