Tuesday, January 1, 2013

അപ്പനും കള്ളും കമ്യൂണിസവും

Memories by Innocent


എന്റെ ഓര്‍മകള്‍ മൂന്നാം വയസ്സില്‍ തുടങ്ങുന്നു. ആ ഓര്‍മകളുടെ മധ്യത്തില്‍ വണ്ണം കുറഞ്ഞ്, കഷണ്ടിയായി, ഇരുനിറത്തില്‍ ഒരാള്‍-തെക്കെത്തല വറീത്, എന്റെ അപ്പന്‍. തൈറോയ്ഡിന്റെ അസുഖമുള്ളതിനാല്‍ സംസാരിക്കുമ്പോള്‍ അപ്പന്റെ തൊണ്ടയില്‍ ഒരു മുഴ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും. ആ ചലനം അത്ഭുതത്തോടെ ഞാന്‍ നോക്കിനില്‍ക്കും.


ഞാന്‍ ഉണരും മുന്‍പ് അപ്പന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല; ചോദിക്കാനുള്ള ശേഷിയുമായിട്ടില്ല. രാത്രി, ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നതിനു തൊട്ടുമുന്‍പ് അപ്പന്‍ പടികയറി വരും. അപ്പന്റെ കൂടെ ചില മണങ്ങളും വീട്ടിലേക്കെത്തും: ചിലപ്പോള്‍ ബീഡിയുടെ, മറ്റുചിലപ്പോള്‍ കള്ളിന്റെ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന പുതിയൊരു ഗന്ധം.

ആറു വയസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ രാത്രി അപ്പനെ കാത്തിരുന്നു തുടങ്ങി. അപ്പന്‍ തരുന്ന ഒരു ചോറുരുളയ്ക്ക് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. അപ്പന്‍ അത് ഉരുട്ടുന്നത് കാണാന്‍തന്നെ ഒരു ചന്തമുണ്ടായിരുന്നു. അങ്ങനെ ഉരുട്ടിയുണ്ടാക്കിയ ഉരുള എന്റെ ഉള്ളംകൈയില്‍ വെച്ചുതരും. ആ ഉരുളയ്ക്ക് ഞാന്‍ സ്വയം ഉണ്ണുന്ന ചോറിനേക്കാള്‍ സ്വാദുണ്ടായിരുന്നു. അപ്പന് മണം മാത്രമല്ല സ്വാദുമുണ്ട് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.

വയറുനിറച്ചുണ്ട് ഒരു ബീഡി വലിച്ചുകഴിഞ്ഞാല്‍ അപ്പനില്‍ പുതിയൊരു ഊര്‍ജം നിറയും. പിന്നെ സംസാരമാണ്. സംസാരം എന്നതിനേക്കാള്‍ അതിനെ പ്രസംഗം എന്നു പറയുന്നതായിരിക്കും ശരി.

റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, സോക്രട്ടീസ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവയെല്ലാമാണ് അപ്പന്റെ ഈ രാത്രിപ്രസംഗത്തിന്റെ വിഷയം. അമ്മയും ഞങ്ങള്‍ എട്ട് മക്കളും എല്ലാം കേട്ടിരിക്കും. എനിക്കൊന്നും മനസ്സിലായിരുന്നില്ല. അപരിചിതമായ കുറേ വാക്കുകള്‍. അവ പറയുമ്പോള്‍ അപ്പനുള്ള ആവേശം. അതെന്നെ അത്ഭുതപ്പെടുത്തി. സുഖമായി കിടന്നുറങ്ങേണ്ട സമയത്ത് അപ്പനിങ്ങനെ ആവേശപ്പെടുന്നതിലെ പൊരുള്‍ എനിക്ക് പിടികിട്ടിയതേയില്ല. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ മനസ്സിലായി-എന്റെ അപ്പന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്.

കള്ളുകുടിച്ചുവരുന്ന ദിവസം അപ്പന്റെ പ്രസംഗത്തിന് അല്പം വീര്യം കൂടും. ശുദ്ധമായ കമ്യൂണിസത്തില്‍ ശുദ്ധമായ കള്ള് കലര്‍ന്നാലുള്ള അവസ്ഥ അപ്പനിലൂടെ ഞാന്‍ നേരിട്ടുകണ്ടു. അതെനിക്കിഷ്ടവുമായിരുന്നു. കമ്യൂണിസ്റ്റ് മാത്രമായാല്‍ പോരാ, കള്ളുകുടിച്ച് മരനീരിന്റെ മണംകൂടിയായാലേ അപ്പന്‍ അപ്പനാവൂ എന്നെനിക്ക് ബോധ്യമായി.

അപ്പന്‍ എത്രവരെ പഠിച്ചു എന്ന കാര്യം പിന്നീട് ഞാന്‍ ചോദിച്ച് മനസ്സിലാക്കി. ആറാം ക്ലാസ് കഴിഞ്ഞിട്ടില്ല. എന്നിട്ടും അപ്പന്‍ വിപ്ലവങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും സംസാരിക്കുന്നു! കവിതകള്‍ പലതും കാണാപ്പാഠം ചൊല്ലുന്നു! കൂടല്‍മാണിക്യ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പറഞ്ഞുതരുന്നു! ഗൗരവമുള്ള നാടകങ്ങള്‍ കണ്ടുവന്ന് കഥ പറഞ്ഞുതരുന്നു! ഇരിങ്ങാലക്കുടയിലെ 'മഹാത്മാ റീഡിങ്‌റൂം' ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസമില്ലാഞ്ഞിട്ടും അപ്പന് അറിവുകളും കമ്യൂണിസ്റ്റാവാനുള്ള കരുത്തും നല്‍കിയത്.

ഞായറാഴ്ച പോയി അപ്പന്‍ എല്ലാ പത്രങ്ങളും വായിക്കും. വായിച്ച കാര്യങ്ങള്‍ ഇരിങ്ങാലക്കുട പാര്‍ക്കില്‍ ചെന്നിരുന്ന് സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യും. ഈ ചര്‍ച്ച കൂടിയായപ്പോള്‍ സ്വത
വേതന്നെ സരസനായ അപ്പന് കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യവും അവ വെടിപ്പോടെ പറയാനുള്ള സംഭാഷണചാതുരിയുമുണ്ടായി.

ഒരുദിവസം ആദ്യമായി അപ്പന് ഉച്ചഭക്ഷണം കൊണ്ടുപോയിക്കൊടുക്കാന്‍ അമ്മ എന്നെ അയച്ചു. അന്നാണ് ഞാന്‍ അപ്പന്റെ കട ആദ്യമായി കാണുന്നത്. പലചരക്ക്, സാരി, ബ്ലൗസ് തുണി, സ്റ്റേഷനറി തുടങ്ങി ഒരു ഗ്രാമത്തിനുവേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം അപ്പന്റെ കടയില്‍ കിട്ടുമായിരുന്നു. കടയുടെ പുറംതിണ്ണയില്‍ ബീഡിതെറുപ്പുകാര്‍ ഇരിപ്പുണ്ട്. കച്ചവടം കുറവാണ്. ഇനി ഉണ്ടെങ്കില്‍ത്തന്നെ അതില്‍ അപ്പന് വലിയ താത്പര്യവുമില്ലായിരുന്നുവെന്ന് എനിക്ക് ആദ്യ ദിവസം അവിടെ ചെന്നപ്പോള്‍തന്നെ മനസ്സിലായി. ബീഡിതെറുപ്പുകാരുമായുള്ള രാഷ്ട്രീയചര്‍ച്ചയാണ് അവിടത്തെ പ്രധാന കലാപരിപാടി. അപ്പനാണ് സംസാരിക്കുക. ബാക്കിയുള്ളവര്‍ 'സ്വന്തം ജോലിചെയ്തുകൊണ്ട്' കേട്ടിരിക്കും. ഇടയ്ക്കിടെ അപ്പന്‍ പറയും 'അമേരിക്ക ചെയ്തത് ശരിയായില്ല. റഷ്യയെ കണ്ടുപഠിക്കണം...' 'അത് വറീത് ചേട്ടന്‍ പറഞ്ഞതാ ശരി.' കേട്ടിരിക്കുന്നവര്‍ സമ്മതിക്കും. അതു കണ്ടുനിന്നപ്പോള്‍ അപ്പന്‍ കട നടത്തുന്നതുതന്നെ കുറേ കമ്യൂണിസ്റ്റുകാരെ ഉണ്ടാക്കാനാണ് എന്നെനിക്കു തോന്നി.

വൈകുന്നേരം അഞ്ചര കഴിയുന്നതോടെയാണ് കടയില്‍ തിരക്കു തുടങ്ങുക. ആ സമയത്താണ് ഞാന്‍ അപ്പനെ ഏറ്റവും വിഷാദവാനായി കണ്ടിട്ടുള്ളത്. കാരണം, കമ്യൂണിസപ്രസംഗം മുടങ്ങും. വാങ്ങാന്‍ വരുന്നവരെല്ലാം കൂട്ടത്തോടെ വരുന്നതുകൊണ്ട് അവരോട് ഒന്നും പറയാന്‍ പറ്റില്ല. 'ഇവര്‍ക്കൊക്കെ ഒന്ന് ഒറ്റയ്ക്ക് വന്നാലെന്താ?' എന്നായിരിക്കും അപ്പോള്‍ അപ്പന്റെ മുഖത്തെ ഭാവം.

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പീടികയുടെ പലക നിരത്തിയിട്ട് അപ്പനൊന്ന് മയങ്ങും. ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും. വല്ലപ്പോഴും ഒരു ബസ് കടന്നുപോകും. ഒരുതവണ അങ്ങനെയിരിക്കുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കൊണ്ടുവെച്ച ഓലപ്പടക്കം എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'പതുക്കെ പൊട്ടണേ' എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അതില്‍ ഒന്നെടുത്ത് കത്തിച്ചു. അത് ഉറക്കെത്തന്നെ പൊട്ടി. അപ്പന്‍ ഉണര്‍ന്നു. എന്റെ ചെവിക്കു പിടിച്ച് പടക്കപ്പാക്കറ്റ് മാറ്റിവെച്ചു. സാധ്യമല്ലാത്ത കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചിട്ടും കാര്യമില്ല എന്നെനിക്ക് അന്ന് മനസ്സിലായി.
അന്ന് വൈകുന്നേരം വീട്ടില്‍വന്ന് അപ്പന്‍ ഈ സംഭവം പറഞ്ഞു. 'ഞാന്‍ ഉറങ്ങുമ്പോള്‍ ഇവന്‍ പടക്കം പൊട്ടിച്ചു' എന്നല്ല പറഞ്ഞത്. മറിച്ച്, 'കച്ചവടം നടത്തുമ്പോള്‍ പടക്കം പൊട്ടിച്ചു' എന്നാണ്. മറ്റെല്ലാ കാര്യവുമെന്നപോലെ അല്പം നുണപറയാനും ഞാന്‍ അപ്പനില്‍നിന്നു തന്നെയാണ് പഠിച്ചത്.

നിശ്ശബ്ദനായ കമ്യൂണിസ്റ്റുകാരനായിരുന്നു അപ്പന്‍. ജാഥകള്‍ക്കൊന്നും പോവില്ല. സമ്മേളനങ്ങള്‍ക്ക് പോയി ദൂരെനിന്ന് പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കും, തിരിച്ചുപോരും. കേട്ട പ്രസംഗത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം വീട്ടിലും സുഹൃത്തുക്കളോടും പറയും. അവിടെത്തീര്‍ന്നു. രാഷ്ട്രീയജ്വരമുണ്ടായിരുന്നെങ്കിലും അപ്പന് ഒരിക്കലും വിവേകം നഷ്ടപ്പെട്ടിരുന്നില്ല. പള്ളിയില്‍ പോവും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുരിശുവരയ്ക്കും.

റഷ്യ അപ്പനെന്നും ഒരു ആവേശമായിരുന്നു. റഷ്യയിലെ കമ്യൂണിസത്തെയും പള്ളിയെയും ബന്ധിപ്പിച്ച് അപ്പന്‍ പല കഥകളും പറയും. അതില്‍ ഒന്നിതായിരുന്നു: സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് അച്ചന്മാരെ കൊന്ന് തള്ളിയിരുന്നു. വീഞ്ഞ് നിരോധിച്ചതോടെ ശേഷിച്ച അച്ചന്മാര്‍ക്ക് കുര്‍ബാന മുടങ്ങി. അപ്പോള്‍ യൂറോപ്പില്‍ നിന്ന് വലിയ മത്തങ്ങയില്‍ വീഞ്ഞ് നിറച്ച് റഷ്യയിലേക്ക് കടത്തിയിരുന്നുവത്രേ. വീഞ്ഞുള്ള മത്തനുമേല്‍ ഒരു അടയാളമുണ്ടാകും. അച്ചന്മാര്‍ അത് നോക്കി വാങ്ങും; കുര്‍ബാന കൂടും. നാട്ടിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഒരച്ചന്‍ ഇതു പറഞ്ഞപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: എന്തിനാണച്ചോ തിരുരൂപത്തിനു മുന്നില്‍ നിന്ന് ഇങ്ങനെ നുണ പറയുന്നത്?' അതുപറഞ്ഞ് അപ്പന്‍ പൊട്ടിച്ചിരിക്കും. ഇത് ഞാനൊരു പരീക്ഷാ പേപ്പറിലെഴുതി. അങ്ങനെ എല്ലാ തരത്തിലും അപ്പന്‍ എനിക്കൊരു പാഠപുസ്തകമായി.

ട്രാക്ടര്‍ നാട്ടില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അതിനെ എതിര്‍ത്തിരുന്നു. 'നിങ്ങളിപ്പറയുന്നത് ശരിയല്ല' എന്ന് അന്ന് അപ്പന്‍ സഖാക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആര് പറയുന്നതും അപ്പന്‍ കേള്‍ക്കുമായിരുന്നു. ആരെഴുതിയതും വായിക്കുമായിരുന്നു. പക്ഷേ, അഭിപ്രായങ്ങളും തീരുമാനങ്ങളും സ്വന്തമായിരുന്നു.
ചില ദിവസങ്ങളില്‍ രാത്രിഭക്ഷണം കഴിഞ്ഞാല്‍ അടുത്ത വീട്ടിലെ കുട്ടാപ്പുമൂശാരി, നാരായണന്‍കുട്ടി മൂശാരി, ചാത്തുമാഷ് എന്നിവരെയുംകൂട്ടി ഒരു അരിക്കന്‍ ലാംപിന്റെ വെളിച്ചത്തില്‍ അപ്പന്‍ എങ്ങോട്ടോ പോകും. ആ ദിവസങ്ങളിലൊക്കെ അമ്മയുടെ നെഞ്ചില്‍നിന്നും ഒരു നേര്‍ത്ത വിതുമ്പല്‍ അടുത്തുകിടക്കുന്ന എനിക്കു കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ഒരുദിവസം ഞാന്‍ ചോദിച്ചു:
എന്തിനാ കരയണെ?
ഒന്നൂല്യ. ഒന്നൂല്യ. ഒരു വേദന
അമ്മ പറഞ്ഞു. പിന്നീട് പലതവണ ഞാന്‍ ആ കരച്ചില്‍ കേട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളിലേക്കായിരുന്നു ആ രാത്രികളില്‍ അപ്പന്‍ പോയിരുന്നത് എന്ന് വളര്‍ന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.

സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തിലെ കഷ്ടകാലം തുടങ്ങിയത്. ആ കഷ്ടകാലത്താണ് അപ്പന്‍ എന്ന വലിയ മനുഷ്യനെ ഞാന്‍ ഏറ്റവുമധികം തിരിച്ചറിഞ്ഞതും അടുത്തറിഞ്ഞതും.

ഞങ്ങള്‍ എട്ട് മക്കളായിരുന്നു: കുര്യാക്കോസ്, സെലീന, പൗളീന്‍, സ്റ്റാനി സിലാവോസ്, ഇന്നസെന്റ്, വെല്‍സ്, ലിന്‍ഡ, ലീന. ഇതില്‍ ഞാനൊഴിച്ച് എല്ലാവരും നന്നായി പഠിക്കുന്നവരും, പഠിച്ച് വലിയവരാകണമെന്ന മോഹവും വാശിയുമുള്ളവരുമായിരുന്നു. പ്രത്യേകിച്ച് കുര്യാക്കോസും വെല്‍സും. വീട്ടിലാവുമ്പോഴും കൂട്ടുകൂടുമ്പോഴും അവര്‍ക്ക് നിറയെ പഠനകാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും. എന്നാല്‍ എപ്പോഴും പിന്‍ബെഞ്ചിലായിരുന്ന, ഓരോ ക്ലാസിലും പലതവണ തോറ്റിരിക്കുന്ന എനിക്കു മാത്രം ഒന്നും പറയാനുണ്ടാവില്ല. ആ തരത്തില്‍ ഒരു ഒറ്റപ്പെടല്‍ ചെറുപ്പത്തിലേ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ തോറ്റുപോകുന്നതില്‍ അമ്മ വല്ലാതെ സങ്കടപ്പെട്ടു. ചിലപ്പോള്‍ ദേഷ്യപ്പെട്ടു. അപ്പന്‍ മാത്രം എന്തുകൊണ്ടോ ഒന്നും പറഞ്ഞില്ല. ഈ മൗനം കാരണം പലപ്പോഴും അപ്പനും അമ്മയുടെ വഴക്കു കേള്‍ക്കേണ്ടിവന്നു.

ക്ലാസില്‍ പഠിപ്പിക്കുന്നതെല്ലാം ഏതൊരു വിദ്യാര്‍ഥിയേയുംപോലെ എനിക്കും മനസ്സിലായിരുന്നു. പക്ഷേ, അവ എന്റെ തൊലിപ്പുറത്ത് തൊട്ടുനിന്നതേയുള്ളൂ. എന്തുകൊണ്ടോ അവയൊന്നും വലിയ ഗൗരവമുള്ള കാര്യമായി എനിക്ക് തോന്നിയതുമില്ല. അതിനു കാരണമെന്താണെന്ന് പലതരത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ പറ്റുന്നതാണെങ്കില്‍ അമ്മയുടെ സങ്കടവും അപ്പന്റെ നാണക്കേടും മാറ്റാമല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇന്നും എനിക്കതിന് ഉത്തരം ലഭിച്ചിട്ടില്ല.
നിരന്തരമായി ഞാന്‍ തോറ്റുകൊണ്ടിരുന്നു. കൂടപ്പിറപ്പുകളും കൂടെയുള്ളവരും തിരിഞ്ഞുനോക്കാതെ മുന്നോട്ടുപോയി, ഏറെദൂരമെത്തി. അമ്മയുടെ കരച്ചില്‍ കനത്തു.
ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് ബീഡി വലിച്ചുകൊണ്ട് അപ്പന്‍ മുറ്റത്ത് നടക്കുകയാണ്. പാതി ബീഡി പുകഞ്ഞുതീര്‍ന്നപ്പോള്‍ അപ്പന്‍ പറഞ്ഞു:
ഇന്നസെന്റേ, ഇനി നീ പഠിക്കണ്ട.
ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പന്‍ തുടര്‍ന്നു.
ഇത്രയും കാലമായില്ലേ നീ പഠിക്കുന്നു. ഇനിയും നീ പഠിപ്പ് തുടര്‍ന്നാല്‍ നിന്റെ താഴെയുള്ള അനിയന്‍ നിന്റെ ക്ലാസില്‍ വരും. നിങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്. അത് നിനക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?
അതിനെന്താ അപ്പാ, ഒരു വീട്ടില്‍ ഒന്നിച്ചുജീവിക്കുന്നവര്‍ക്ക് ക്ലാസില്‍ ഇത്തിരിനേരം ഒരുമിച്ചിരിക്കാന്‍ എന്താ വിഷമം?
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അപ്പന്‍ ചിരിച്ചു. പിറ്റേന്ന് അത് കൂട്ടുകാരോട് പറഞ്ഞു. അവര്‍ എന്നെ അഭിനന്ദിച്ചു. പക്ഷേ, ആ തമാശയ്ക്കപ്പുറം എന്റെ പഠിപ്പ് നിന്നു.
സ്‌കൂള്‍ പഠിപ്പ് നിലച്ചതില്‍ എനിക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല. പുതിയ പ്രഭാതങ്ങളും പകലുകളുമായിരുന്നു എന്നെ കാത്തിരുന്നത്. സഹോദരങ്ങളെല്ലാം രാവിലെ സ്‌കൂളില്‍ പോകാനുള്ള തിരക്കിലായിരിക്കും. അമ്മ അടുക്കളയില്‍ അവര്‍ക്ക് ഭക്ഷണമൊരുക്കി സമയത്തിന് പറഞ്ഞയയ്ക്കാന്‍വേണ്ടി പുകഞ്ഞുകൊണ്ടിരിക്കും. ഇക്കൂട്ടത്തില്‍ എനിക്കൊരു റോളുമുണ്ടായിരുന്നില്ല. എനിക്കെങ്ങോട്ടും പോവാനില്ല. എന്നെയാരും കാത്തുനില്‍ക്കുന്നില്ല. ആരോടും ഒന്നും പറയാനുമില്ല.
പഠനം നിര്‍ത്തിയതിന്റെ പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഞ്ഞി കുടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ചുറ്റുമിരിക്കുന്നവരെല്ലാം വീടിന് ഇന്നല്ലെങ്കില്‍ നാളെ ഗുണം ചെയ്യുന്നവരാണ്. എന്നെക്കൊണ്ടെന്താണ് കാര്യം? അതോര്‍ത്തപ്പോള്‍ എനിക്ക് കഞ്ഞി കയ്ച്ചു.

പിന്നെപ്പിന്നെ ഒന്നിച്ചുള്ള പ്രഭാതഭക്ഷണത്തില്‍നിന്നും ഞാന്‍ പതുക്കെപ്പതുക്കെ ഒഴിഞ്ഞുമാറി. എല്ലാവരും പോയി തിരക്കൊഴിഞ്ഞ ഏതെങ്കിലും സമയത്ത് ചെന്നിരുന്ന് കഴിക്കും. എന്റെ ഒറ്റപ്പെടല്‍ തീവ്രമാകുകയായിരുന്നു.

അപ്പോഴേക്കും അപ്പന്‍ മാപ്രാണത്തെ കട വിറ്റിരുന്നു. കഷ്ടിച്ച് ജീവിച്ചുപോന്നിരുന്ന ഞങ്ങളുടെ വലിയ കുടുംബത്തിലേക്ക് പതുക്കെ പട്ടിണി ഇടയ്ക്കിടെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ കുര്യാക്കോസിന്റെ മെഡിസിന്‍ പഠനം ഒരു കസിന്‍ ഏറ്റെടുത്തു. വീട്ടില്‍ അവിടവിടെ ഇരുട്ട് വീണുതുടങ്ങി.

പകല്‍ എനിക്ക് എങ്ങോട്ടും പോവാനില്ല. ഒന്നും ചെയ്യാനുമില്ല. വിരുന്നുവരുന്ന ബന്ധുക്കളോടും അയല്‍ക്കാരോടുമെല്ലാം അമ്മയ്ക്ക് എന്റെ അവസ്ഥമാത്രമേ പറയാനുള്ളൂ. പറഞ്ഞുതുടങ്ങുന്നത് മറ്റെന്തെങ്കിലും കാര്യമാണെങ്കിലും അത് ചെന്ന് അവസാനിക്കുക എന്നിലായിരിക്കും. ഇതുകാരണം അമ്മ മറ്റെന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കും. എന്റെ കാര്യത്തിലെത്തുമ്പോഴേക്കും കഴിച്ചെഴുന്നേല്‍ക്കുകയും ചെയ്യും. പക്ഷേ, ഇത് അമ്മയ്ക്ക് മനസ്സിലായി. പിന്നെ എന്തുകാര്യം പറഞ്ഞുതുടങ്ങിയാലും അമ്മ പെട്ടെന്ന് എന്റെ കാര്യത്തിലേക്കെത്തും. അവിടെയും ഞാന്‍ തോറ്റു.

ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പകല്‍സമയങ്ങളില്‍ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിത്തുടങ്ങി. ഏതെങ്കിലും കടത്തിണ്ണയില്‍ ചെന്നിരിക്കും. എന്തെങ്കിലുമൊക്കെ പറയും. പതുക്കെപ്പതുക്കെ എനിക്കൊരു കാര്യം മനസ്സിലായി. സ്‌കൂളിനും വീട്ടിനും ആവശ്യമില്ലെങ്കിലും ഈ അങ്ങാടിക്ക് എന്നെ വേണം. എന്റെ സംസാരം കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു. പിന്നെപ്പിന്നെ ഞാന്‍ അങ്ങാടിയിലെത്തുമ്പോഴേക്കും ഓരോ കടക്കാരനും വിളിച്ചുതുടങ്ങും: ഇന്നസെന്റേ ഇങ്ങോട്ടുവാ, ഇവിടെ... പറയുന്ന തമാശയ്ക്കു പകരമായി അവര്‍ എനിക്ക് ചായയും സിഗരറ്റും വാങ്ങിത്തരും. മറ്റൊന്നുമില്ലെങ്കിലും എന്റെ കൈയില്‍ ഫലിതമുണ്ട് എന്നും അതിന് ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കും എന്നും എനിക്ക് മനസ്സിലായത് ഇരിങ്ങാലക്കുടയിലെ ഈ കടത്തിണ്ണകളിലും സദസ്സുകളിലും വെച്ചായിരുന്നു.

പകല്‍ അങ്ങാടി തണലും താവളവുമായെങ്കിലും ഉച്ചയ്ക്ക് വീണ്ടും ഞാന്‍ ഉഷ്ണിച്ചു തുടങ്ങും. ഊണു കഴിക്കണം; വീടേ ഗതിയുള്ളൂ. ഒറ്റപ്പെട്ടു നടക്കുന്ന എനിക്ക് ഒന്നിച്ചിരുന്നുണ്ണാന്‍ മനസ്സുവന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഞാന്‍ അടുക്കളയില്‍ നിന്നും വലിയും. എല്ലാവരും ഉണ്ടുകഴിഞ്ഞാല്‍ വന്നിരുന്ന് കഴിക്കും.
അപ്പന് മാത്രമേ എന്റെ അവസ്ഥ മനസ്സിലായുള്ളൂ. ഊണുകഴിക്കാറായാല്‍ അപ്പന്‍ ചോദിക്കും:
ഇന്നസെന്റെവിടെ?
ഇവിടെവിടെയോ ഉണ്ട്, അമ്മ പറയും.
അവന്‍ വരട്ടെ, എനിക്ക് പറമ്പില്‍ ഇത്തിരി പണിയുണ്ട്.
അപ്പന്‍ എഴുന്നേറ്റുകൊണ്ട് പറയും. പിന്നെ കയറിവരിക, ഞാന്‍ തനിച്ച് ഊണുകഴിക്കാനിരിക്കുമ്പോഴാണ്. പഠിപ്പില്ലെങ്കിലും ഞാന്‍ അങ്ങനെ ഒതുങ്ങിപ്പോകരുത് എന്ന് അപ്പന് നിര്‍ബന്ധമായിരുന്നു. ഒരു പിതാവ് ആരാണെന്നും ജനിപ്പിച്ചാല്‍ മാത്രം പിതാവാകില്ലെന്നുമുള്ള സത്യം അപ്പന്‍ എനിക്ക് മനസ്സിലാക്കിത്തരികയായിരുന്നു.
എന്റെ പഠനം നിലച്ചത് കുടുംബസദസ്സുകളിലും ചര്‍ച്ചാവിഷയമായിത്തുടങ്ങി. ഒരു പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ ആരോ ചോദിച്ചു:
ഇന്നസെന്റേ പഠിപ്പു നിര്‍ത്തിയതില്‍ നിനക്ക് സങ്കടമില്ലേ?
എന്തിനാ സങ്കടപ്പെടണേ? ഒരുവിധമെല്ലാം പഠിച്ചുകഴിഞ്ഞു എന്ന് എനിക്ക് തോന്നിയപ്പോഴാണ് ഞാന്‍ പഠിപ്പു നിര്‍ത്തിയത്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നാത്തതുകൊണ്ട് അവര്‍ പഠനം തുടരുന്നു. എന്റെ മറുപടി കേട്ടപ്പോള്‍ അപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു:
ഇവനാ എന്റെ മോന്‍. നിങ്ങളാരെങ്കിലുമാണ് ഇങ്ങനെ പഠിക്കാതായതെങ്കില്‍ ഈ മറുപടി വരില്ല. അന്ന് അപ്പന്‍ അല്‍പ്പം കൂടുതല്‍ മദ്യപിച്ചിരുന്നു. പക്ഷേ, ആ വാക്കുകളിലെ സ്‌നേഹത്തിനും വിശ്വാസത്തിനും കഴിച്ച മദ്യത്തേക്കാള്‍ പതിന്മടങ്ങ് ലഹരിയായിരുന്നു.

ഒന്നും ചെയ്യാനില്ലാതിരിക്കുന്ന ഈ കാലത്താണ് എന്നില്‍ നാടകക്കമ്പം കത്തിപ്പിടിക്കുന്നത്. അപ്പന്റെ കൂടെ പാര്‍ട്ടിനാടകങ്ങള്‍ കാണാന്‍ പോയതിന്റെ സ്വാധീനമാകാം ഇതിനു കാരണം. പകല്‍ മുഴുവന്‍ വീട്ടിലും അങ്ങാടിയിലുമായി കഴിയുന്ന ഞാന്‍ രാത്രി നാടകം കാണാന്‍ പോകും. പാതിരാത്രികഴിഞ്ഞാണ് തിരിച്ചുവരിക. ഒരു കള്ളനെപ്പോലെ പിന്‍വാതിലിലൂടെ കയറിക്കിടന്നുറങ്ങും. ആരും എന്നെക്കാണില്ല. ഇരുട്ടിന്റെ സുഖവും സൗഹൃദവും ഞാന്‍ അന്ന് അറിഞ്ഞു, അനുഭവിച്ചു.

ഒരു ദിവസം രാത്രി ഞാന്‍ നാടകം കഴിഞ്ഞ് വരികയാണ്. ഇരുട്ടിന്റെ മറപിടിച്ച് പതുക്കെ പിന്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂമുഖത്ത് ഒരു നിഴല്‍ കണ്ടത്. അപ്പനാണ്. ചാരുകസേരയില്‍ കിടക്കുന്നു. ഇത്രവൈകിയിട്ടും അപ്പന്‍ ഉറങ്ങാതെയിരിക്കുന്നതില്‍ എനിക്കെന്തോ പിശകുതോന്നി. ഇവിടെത്തന്നെയുണ്ടായിരുന്നു എന്ന് തോന്നിക്കോട്ടെ എന്നു കരുതി ഞാന്‍ ഷര്‍ട്ടൂരി മുണ്ടിന്റെ മടിക്കുത്തിലിട്ട്, പതുങ്ങി നിന്നു.

ഡോ മാഷേ, ഒന്നിവടെ വര്ാ പെട്ടെന്നായിരുന്നു അപ്പന്‍ വിളിച്ചത്. ഞാന്‍ ഞെട്ടിപ്പോയി. പതുങ്ങിപ്പതുങ്ങി മുന്നിലേക്കുചെന്നുനിന്നു. അപ്പന്റെ മുന്നിലെത്തിയതും മടിക്കുത്തഴിഞ്ഞ് ചുരുട്ടിവെച്ചിരുന്ന ഷര്‍ട്ട് നിലത്തുവീണു. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ അപ്പന്‍ പറഞ്ഞു:

പേടിക്കേണ്ട, വേറൊന്നിനുമല്ല, വല്ലപ്പോഴുമെങ്കിലും നിന്റെ മുഖം കണ്ടില്ലെങ്കില്‍ ഞാന്‍ അത് മറന്നുപോകും.
അത് പറഞ്ഞുകഴിഞ്ഞ അടുത്ത നിമിഷം അപ്പന്‍ അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. എനിക്കുറപ്പാണ് ആ അടഞ്ഞ വാതിലിനപ്പുറം നിന്ന് ആരും കാണാതെ അപ്പന്‍ കരഞ്ഞിരിക്കും. അന്ന് രാത്രി ഞാനും കരഞ്ഞു.

ഞാന്‍ അപ്പനെ കരയിച്ചു; അപ്പന്‍ എന്നെയും.
(ചിരിക്ക് പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: