Monday, February 25, 2013

ഇന്നലെകള്‍ ഇതുവഴിയേ പോയി...

സത്യന്‍ അന്തിക്കാട്/താഹ മാടായി

കുതിരവട്ടം പപ്പു എന്ന പപ്പുച്ചേട്ടന്‍ ഓര്‍മ്മയുടെ താമരശ്ശേരിചുരം കയറിയിട്ട് ഫിബ്രവരി 25-ന് 14 വര്‍ഷം. ചലച്ചിത്രസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മ വായിക്കാം.

Kuthiravattom Pappu, Mohanlal


ചിലര്‍ നമ്മുടെ ഓര്‍മയില്‍നിന്നും ഒരിക്കലും പിന്‍വാങ്ങാറില്ല. ഒരൊറ്റ നോട്ടം ഒരു ഓര്‍മയാണ്. അല്ലെങ്കില്‍ ഒരു ചിരി. കോഴിക്കോട്ടെ അങ്ങാടിയില്‍ ആ മനുഷ്യനുണ്ടായിരുന്നു. ഏതോ ഭൂതകാലത്തിന്റെ അടയാളങ്ങള്‍ വാക്കിലും നടപ്പിലും കൊണ്ടുനടന്ന കുതിരവട്ടം പപ്പു. പരിചിതനായിരിക്കുമ്പോഴും അപരിചിതമായ വേഷങ്ങളില്‍ പപ്പുവേട്ടന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. 'അങ്ങാടി' എന്ന സിനിമയിലെ ഒരു പാട്ടുസീന്‍ മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയുടെ ഭാഗമാണ്. പാട്ടിനോടുള്ള മലയാളിയുടെ സ്‌നേഹം പ്രണയം പോലെത്തന്നെയാണ്. അത് എവിടെനിന്നും ആരംഭിക്കുന്നില്ല; എവിടെയും അവസാനിക്കുന്നുമില്ല. അങ്ങനെയൊരു പാട്ടില്‍ മാടപ്രാവിനെ മാടിവിളിക്കുന്ന ഒരു ആങ്ങളയായി പപ്പുവേട്ടന്‍ ഉണ്ട്.
''പാവാടവേണം, മേലാടവേണം
പഞ്ചാരപ്പനങ്കിളിക്ക്...'' എന്നുതുടങ്ങുന്ന ആ പാട്ടില്‍ ഇടയ്ക്ക് പ്രാവിനെ കൈകൊട്ടി വിളിക്കുന്ന കുതിരവട്ടം പപ്പു. ഐ.വി. ശശിയുടെ 'വാര്‍ത്ത'യില്‍ ഗ്രാമീണനായ ഒരു പാട്ടുകാരനായും അയാളുണ്ട്. ''ഇന്നലെകള്‍ ഇതുവഴിയേ പോയി'' എന്ന ഗാനം ഒരു വലിയ കാലത്തിന്റെ ഓര്‍മകളെ ഒറ്റവരിയില്‍ തിരിച്ചുകൊണ്ടുവരുന്നു.

'ടാ...സ്‌കി വിളിയെടാ' എന്നൊരു ചിലമ്പിച്ച ശബ്ദം എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ കാര്‍ത്തുമ്പിയെയുംകൊണ്ട് ഒരു അതിര്‍ത്തിഗ്രാമത്തില്‍ നിന്ന് വിളിച്ചുകൂവുന്ന താന്തോന്നിയായ അമ്മാവന്‍.
ഫാസിലിന്റെ മണിച്ചിത്രത്താഴില്‍, 'ചെവിയിലൂടെ ഒരു കിളി പറന്നുപോയതുപോലെ' എന്നു പറഞ്ഞ് സൈക്യാട്രിസ്റ്റിന്റെ (മോഹന്‍ലാല്‍) വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കുന്ന ശുദ്ധ ഗ്രാമീണന്‍. സിനിമയുടെ അവസാനം വെള്ളമില്ലാത്ത നടവഴിയിലൂടെ വെള്ളമുണ്ടെന്നു ധരിച്ച് മുണ്ടല്പം പൊക്കിപ്പിടിച്ച് ചാടിച്ചാടിപ്പോകുന്ന ഒരു കഥാപാത്രം. പപ്പു വെറും പുറംകാഴ്ചയിലൂടെപോലും ഉപമിക്കാനാവാത്ത ചിരി ഉണര്‍ത്തിവിട്ടു.

അന്തിക്കാട്ടിനടുത്ത് മണലൂരില്‍ അരങ്ങേറിയ ഒരു നാടകത്തിലാണ് കുതിരവട്ടം പപ്പുവിനെ ആദ്യമായി കാണുന്നത്. അന്ന് സിനിമ സ്വപ്നത്തില്‍പോലും ഇല്ലായിരുന്നു. വായനശാലകളിലേക്കും ഉത്സവപ്പറമ്പുകളിലേക്കും കൂട്ടുകാരോടൊപ്പം സൈക്കിളില്‍ മേഞ്ഞുനടന്നിരുന്ന കാലം. ഓരോ നാടകത്തിലും നാടിന്റെ അകം കണ്ടു. പിന്നീട് സിനിമയില്‍ ഇളനീരുപോലെ ശുദ്ധഫലിതം പകര്‍ന്നവരില്‍ ചിലര്‍ നാടകത്തില്‍ നിന്നാണ് സിനിമയിലേക്ക് കയറിയത്.

മദ്രാസില്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ ഗുരുകുലത്തില്‍ വെച്ചാണ് കുതിരവട്ടം പപ്പുവിനെ പരിചയപ്പെടുന്നത്. ലേഡീസ് ഹോസ്റ്റല്‍, കോളേജ് ഗേള്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ ബാലകൃഷ്ണന്‍ താരപരിവേഷമുള്ളവരെ ഒഴിവാക്കി ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചു. പ്രേംനസീറും അടൂര്‍ഭാസിയും ഇക്കാര്യത്തില്‍ ചെറിയൊരു നീരസം ഡോക്ടറോട് പ്രകടിപ്പിച്ചുവെന്ന് തോന്നുന്നു. കുതിരവട്ടം പപ്പുവിനെയും പട്ടം സദനെയും പ്രധാന വേഷങ്ങളിലേക്ക് നിശ്ചയിച്ച് 'ലവ്‌ലെറ്റര്‍' എന്ന സിനിമ നിര്‍മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പപ്പുവേട്ടന്‍ അതിനുമുന്നേ ചില ചിത്രങ്ങളിലൂടെ തന്റെ ചെറിയ സാന്നിധ്യങ്ങള്‍ പ്രേക്ഷകരെ അറിയിച്ചുകൊണ്ടിരുന്നു. അടൂര്‍ഭാസിക്കു പകരം കുതിരവട്ടം പപ്പുവോ എന്ന് ചില സുഹൃത്തുക്കള്‍ ഡോക്ടറോട് ചോദിച്ചപ്പോള്‍, ''പപ്പു അഭിനയിച്ചിട്ട് എന്റെ പടം പൊട്ടുന്നുവെങ്കില്‍ പൊട്ടട്ടെ'' എന്ന് ഒട്ടും കൂസലില്ലാതെ ഡോക്ടര്‍ മറുപടി പറയുന്നതിന് ഞാന്‍ സാക്ഷിയായിരുന്നു.

''സിനിമ എന്റെ ജീവിതമാര്‍ഗമല്ല. എനിക്ക് ജീവിക്കാന്‍ ഒരു സ്റ്റെതസ്‌കോപ്പും കുറച്ച് രോഗികളും മതി'' എന്ന് പറയുമായിരുന്നു ഡോക്ടര്‍ ബാലകൃഷ്ണന്‍. അഭിനയരംഗത്തേക്കും സാങ്കേതിക രംഗത്തേക്കും പുതിയവരെ ധാരാളമായി കൊണ്ടുവന്നു ഡോക്ടര്‍, ഡോക്ടര്‍ ബാലകൃഷ്ണന്‍ തന്നെയാണ് മദ്രാസില്‍ ഒരു വിലാസം ഉണ്ടാക്കാന്‍ കുതിരവട്ടം പപ്പുവിനെ സഹായിച്ചത്. ഡോക്ടറുടെയും പി. ചന്ദ്രകുമാറിന്റെയും ജേസിയുടെയും സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുതിരവട്ടം പപ്പുവിന്റെ അനായാസമായ അഭിനയരീതി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

സ്‌നേഹവും ദേഷ്യവും പിണക്കവും ഒക്കെയുള്ള ഒരു കോഴിക്കോട്ടുകാരനാണ് കുതിരവട്ടം പപ്പു. കോഴിക്കോട്ടെ മറ്റെല്ലാ കലാകാരന്മാരെയുംപോലെ ഒരു ശുദ്ധമനുഷ്യന്‍. കോഴിക്കോട്ടെ കലാകാരന്മാരില്‍ നന്മ വലിയ അളവില്‍ പ്രവര്‍ത്തിക്കുന്നു. ഒരുപാട് ദൗര്‍ബല്യങ്ങള്‍ ഉള്ള നടനായിരുന്നു കുതിരവട്ടം പപ്പു. സ്‌നേഹത്തിന്റെ നന്മകളിലും തിന്മകളിലും അയാള്‍ വീണുപോകുമായിരുന്നു. പറഞ്ഞ ഡേറ്റിന് വന്നില്ലെങ്കിലും പെട്ടെന്നൊരു വിരോധം ആര്‍ക്കും കുതിരവട്ടം പപ്പുവിനോട് തോന്നുകയില്ല. വൈകി വന്ന ഉടനെ ''പൊന്നുമോനേ ഒരബദ്ധം പറ്റിപ്പോയി'' എന്ന് തുടങ്ങി വിശ്വസനീയമായ ഒരുപാട് കാരണങ്ങള്‍ നിരത്തും. ''ഇനി പടം പൂര്‍ത്തിയായേ ഇവിടെനിന്ന് പോകാവൂ'' എന്നു പറഞ്ഞാല്‍ ''പൂര്‍ത്തിയായാലും പോകുന്നില്ല പോരേ?'' എന്നായിരിക്കും മറുപടി.

പപ്പുവേട്ടന്‍ സീരിയസ്സായി ഒരാളോടും വഴക്കുകൂടാന്‍ നില്ക്കാറില്ല. പക്ഷേ, രസകരമായ ഒരു സ്റ്റണ്ടിന്റെ അനുഭവം ഓര്‍മയിലുണ്ട്.

ആലുവയ്ക്കടുത്തുള്ള ഏതോ ഗ്രാമത്തില്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ 'മധുരം തിരുമധുരം' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങുകള്‍ക്കിടയില്‍ കാഴ്ചക്കാരായി ചില ശല്യക്കാരും ഉണ്ടാകാറുണ്ട്. ഷൂട്ടിങ് കാണാന്‍ തിങ്ങിക്കൂടുന്ന നാട്ടിന്‍പുറത്തുകാരില്‍ ഷൈന്‍ചെയ്തുകൊണ്ട് ചില വിദ്വാന്മാര്‍ നടീനടന്മാര്‍ക്ക് ശല്യമാവാറുണ്ട്. ഇവിടെയും അങ്ങനെ ഒരാളുണ്ട്. എല്ലാവരെയും കമന്റടിക്കുന്നു, നടന്മാരെ ആള്‍ക്കൂട്ടത്തിനിടയിലൂടെ കയ്യിട്ട് പിച്ചുന്നു, നടികളോട് ആഭാസകരമായ ആംഗ്യങ്ങള്‍ കാണിക്കുന്നു-ആര്‍ക്കും വഴങ്ങാത്ത ഒരു ശല്യക്കാരന്‍. പപ്പുവേട്ടന്‍ വിനയത്തോടെയും തമാശയോടെയും ഒക്കെ അവനെ അടക്കിനിര്‍ത്താന്‍ നോക്കി, രക്ഷയില്ല.

സന്ധ്യ കഴിഞ്ഞതോടെ ഷൂട്ടിങ് അവസാനിച്ചു. ഇരുട്ട് വീണ ഇടവഴിയിലൂടെ എല്ലാവരും അവരവരുടെ വണ്ടികളില്‍ തിരിച്ചുപോയിത്തുടങ്ങി. അന്ന് ഷൂട്ടിങ് കാണാന്‍ ഡോക്ടറുടെ ഭാര്യയും വന്നിട്ടുണ്ടായിരുന്നു. ബേബിയേട്ടത്തി എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന, എല്ലാവരും അമ്മയെപ്പോലെ ബഹുമാനിക്കുന്ന സ്ത്രീ. ബേബിയേട്ടത്തി കയറിയ കാറിനടുത്ത് വന്ന് ശല്യക്കാരനായ ആ ചെറുപ്പക്കാരന്‍ എന്തോ കമന്റടിച്ചു. സത്യത്തില്‍ അത് പുളിച്ചുനാറിയ തെറിയായിരുന്നു. പപ്പുവേട്ടന്‍ അതു കേട്ടു. ചെറുപ്പക്കാരന്റെ തോളില്‍ സ്‌നേഹത്തോടെയെന്നപോലെ കൈയിട്ട് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തി ഒരൊറ്റ ഇടി. അപ്രതീക്ഷിതമായ ആ ഇടിയില്‍ അവന്‍ വളഞ്ഞ് നിലത്തിരുന്നുപോയി. ആളുകള്‍ നോക്കിയപ്പോള്‍ തമാശപോലെ അവനെ പിടിച്ചുയര്‍ത്തി കൊഞ്ചിച്ചുകൊണ്ട് വീണ്ടും ശക്തിയായ പ്രഹരം. വേദനകൊണ്ട് പുളഞ്ഞുവീണ അവനെ പിടിച്ചെഴുന്നേല്പിച്ച് ''ചേട്ടന്‍ പോട്ടേടാ പൊന്നുമോനേ'' എന്നു പറഞ്ഞ് വണ്ടിയില്‍ കയറിപ്പോകുന്ന പപ്പുവേട്ടന്റെ ചിത്രം! ചിത്രീകരിക്കപ്പെടാത്ത ഒരു യഥാര്‍ഥ അടിയായിരുന്നു അത്. പിന്നീട് ഷൂട്ടിങ് തീരുംവരെ ശല്യക്കാരന്‍ ആ ഭാഗത്ത് വന്നതേയില്ല. ഒരു ഗ്രാമീണനെപ്പോലെ സഹജമായ കൗശലത്തോടെയും രോഷത്തോടെയും പപ്പുവേട്ടന്‍ എന്നും പെരുമാറി.

'അപ്പുണ്ണി'യില്‍ മോഹന്‍ലാല്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ പ്യൂണായിരുന്നു പപ്പുവേട്ടന്‍. താരതമ്യേന ചെറിയ ക്യാരക്ടര്‍. പക്ഷേ, കുതിരവട്ടം പപ്പുവായതുകൊണ്ട് ചിത്രം മുഴുവന്‍ ആ കഥാപാത്രം നിറഞ്ഞുനിന്നു. ''ഗ്രാമങ്ങളിലെ ചിലര്‍ വെള്ളമുണ്ടില്‍ അഴുക്ക് പറ്റാതിരിക്കാന്‍ മുണ്ടിന്റെ തല മാറ്റിപ്പിടിച്ചു നടക്കും. ഇതിലെ പ്യൂണ്‍ അങ്ങനെയാണ് നടക്കുക കേട്ടോ''. കഥാപാത്രത്തിന്റെ മാനറിസം പപ്പുവേട്ടന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

കോഴിക്കോട്ട് ഫറോക്കിനടുത്ത് മണ്ണൂര്‍ എന്ന നാട്ടിന്‍പുറത്തായിരുന്നു അപ്പുണ്ണിയുടെ ഷൂട്ടിങ്. നഗരത്തില്‍നിന്ന് ഒരുപാട് ദൂരെയാണ് മണ്ണൂര്‍. കോഴിക്കോടായതുകൊണ്ട് പപ്പുവേട്ടന്‍ വീട്ടിലായിരുന്നു താമസം. പുഴയോരത്തുള്ള ഒരു ചായക്കടയും അതിനടുത്തുള്ള വീടുകളും പറമ്പുകളുമൊക്കെയാണ് ലൊക്കേഷന്‍. നിര്‍മാതാവ് രാമചന്ദ്രന്റെ ചേച്ചിയുടെ ഒരു വലിയ വീടുണ്ട്. മണ്ണൂര്. അവിടെയാണ് എല്ലാവരും തമ്പടിച്ചിരുന്നത്. ഗോപിച്ചേട്ടന്‍, നെടുമുടി, ഒടുവില്‍, ശങ്കരാടി, ബഹദൂര്‍ -എല്ലാവരും ചേര്‍ന്ന് ഒരു വിനോദയാത്രയ്‌ക്കെത്തിയതുപോലെയായിരുന്നു. ഉച്ചയാകാറായ സമയത്താണ് പപ്പുവേട്ടന്റെ സീന്‍ വരുന്നതെങ്കില്‍, ''നല്ല കല്ലുമ്മക്കായ പൊരിക്കുന്നുണ്ട്. അതും കൂട്ടി ഊണുകഴിച്ചിട്ട് ഒന്നുറങ്ങാമെന്നു വിചാരിച്ചതാ'' -എന്നും പറഞ്ഞ് ക്യാമറയ്ക്കു മുന്നിലെത്തും. എത്തിക്കഴിഞ്ഞാല്‍ പിന്നെ വി.കെ. എന്നിന്റെ കഥാപാത്രമായി.

'ടി.പി. ബാലഗോപാലന്‍ എം.എ.'യില്‍ മോഹന്‍ലാലിന്റെ അളിയനാണ് പപ്പുവേട്ടന്‍. താമരശ്ശേരി ചുരം കടന്നുപോകുന്ന ഏതോ ബസ്സിലെ കണ്ടക്ടര്‍. ഭാര്യയെയും മക്കളെയും ഭാര്യവീട്ടിലാക്കിയിട്ടാണ് പോക്ക്. അവരുടെ ഭക്ഷണം, വസ്ത്രം, സ്‌കൂളിലെ ഫീസ് ഇതൊക്കെ ബാലഗോപാലന്റെ ചെലവ്. ഇടയ്‌ക്കെപ്പോഴെങ്കിലും കുറച്ച് മീനും മുത്തശ്ശിക്ക് രണ്ടുരൂപയുടെ മുറുക്കാനും വാങ്ങി വരും. കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോള്‍ പപ്പുവേട്ടന്‍ ചിരിച്ചു.
ആളെ പിടികിട്ടി. ഇതുപോലെ ഇത്തിള്‍ക്കണ്ണികളായ കുറേ അളിയന്മാരെ എനിക്കറിയാം.
'അടുത്തടുത്ത്' എന്ന ചിത്രത്തിലും പപ്പുവേട്ടന്‍ അളിയനായിരുന്നു. തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അളിയന്‍. ഭാര്യയും കുട്ടികളുമായി വന്ന് ദിവസങ്ങളോളം താമസിച്ച് ഒരു വിരുന്നുകാരനെപ്പോലെ സമ്മാനങ്ങളുമായി തിരിച്ചുപോകുമ്പോള്‍ ആ കഥാപാത്രം പറയും:
''ഞങ്ങള് ചെലപ്പോ നാളെത്തന്നെ ഇങ്ങോട്ടു പോരും. എനിക്ക് നിങ്ങളെയൊന്നും കാണാതിരിക്കാന്‍ പറ്റില്ല'' അധ്വാനിക്കാത്ത മടിയന്‍കുഞ്ചുമാരെ അവതരിപ്പിക്കാന്‍ കുതിരവട്ടം പപ്പുവിന് പ്രത്യേകം മിടുക്കുണ്ടായിരുന്നു.

'ഏയ് ഓട്ടോ' എന്ന സിനിമയില്‍ ഓട്ടോറിക്ഷയില്‍നിന്ന് കളഞ്ഞുകിട്ടിയ പണം ദൈവം നേരിട്ടു തന്നതാണെന്നും പറഞ്ഞ് കൂട്ടുകാരുടെ മുമ്പില്‍ ആളാകുന്ന പപ്പുവിന്റെ ഭാവപ്രകടനങ്ങള്‍ കാലത്തിന് സൂക്ഷിച്ചുവെക്കാനുള്ളതാണ്.

അതുപോലെത്തന്നെ 'വെള്ളാനകളുടെ നാട്ടി'ലെ റോഡ് റോളറിന്റെ ഡ്രൈവര്‍. അത്തരമൊരാളെ നമുക്ക് നിത്യപരിചയമുള്ളതുപോലെ തോന്നും. കേരളത്തിലെ ഏത് ഇടവഴികളിലും കുതിരവട്ടം പപ്പുവിനെപ്പോലൊരാളെ നമുക്ക് കണ്ടെത്താന്‍കഴിയും. അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങളിലൂടെ ഇത് അഭിനയമല്ല, ജീവിതംതന്നെയാണെന്ന തോന്നലുണ്ടാക്കുകയാണ് കുതിരവട്ടം പപ്പു.

'തൂവല്‍ക്കൊട്ടാര'ത്തിന്റെ ഷൂട്ടിങ് ഒരു നിയമസഭാ തിരഞ്ഞെടുപ്പു കാലത്തായിരുന്നു. ഒറ്റപ്പാലത്തെ ചിത്രീകരണത്തിനിടയില്‍ തിരഞ്ഞെടുപ്പു ഫലമറിയാന്‍ ഓടിനടക്കുകയായിരുന്നു പപ്പുവേട്ടന്‍. ഒരു ഇടത് രാഷ്ട്രീയബോധം പപ്പുവിനുണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതുപോലെ ഇടതുപക്ഷം ജയിച്ചിട്ടും വല്ലാത്തൊരു മ്ലാനത ആ മുഖത്തുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ വിഷമത്തോടെ പപ്പുവേട്ടന്‍ പറഞ്ഞു:
''ആരു ജയിച്ചിട്ടെന്താ അച്യുതാനന്ദന്‍ തോറ്റുപോയില്ലേ?''
പപ്പുവേട്ടന്റെ മനസ്സില്‍ വി.എസ്. ഒരു വലിയ വടവൃക്ഷമായിരുന്നു. ഇടതുപക്ഷം ജയിച്ചിട്ടും വി.എസ്. പരാജയപ്പെട്ടത് മാനസികമായി പപ്പുവേട്ടനെ തളര്‍ത്തിക്കളഞ്ഞു. ആ ദിവസം ഷൂട്ടിങ് തീരുന്നതിനു മുമ്പേ പപ്പുവേട്ടന്‍ മുറിയിലേക്കു മടങ്ങി. നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ഒരു ഇടതുപക്ഷക്കാരന്റെ ചിരി പപ്പുവേട്ടന്റെ മുഖത്ത് കണ്ടിരുന്നില്ല.

ശാരീരികമായ ഒരുപാട് അസ്വസ്ഥതകള്‍ പപ്പുവേട്ടനുണ്ടായിരുന്നു. സിനിമാ സെറ്റുകളില്‍ പപ്പുവേട്ടനെ സഹായിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ അപകടമരണം വല്ലാത്ത ഉലച്ചിലുണ്ടാക്കി. ഒരു അവയവം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍ പപ്പുവേട്ടന്‍.
സിനിമയില്‍നിന്ന് പതുക്കെ പിന്മാറുകയും രോഗത്തിന്റെ പിടിയില്‍ അമരുകയും ചെയ്തപ്പോള്‍ പപ്പുവേട്ടന്‍ മാതാ അമൃതാനന്ദമയിയുടെ ഭക്തനായി എന്നു കേട്ടിട്ടുണ്ട്. നേരിട്ടു കണ്ടപ്പോള്‍ പപ്പുവേട്ടന്‍ അത് മറച്ചുവെച്ചില്ല.

''നമുക്കാശ്വസിക്കാന്‍ വിശ്വാസത്തിന്റെ ഒരു ബലം വേണം. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ഒരു സുരക്ഷിതത്വം എനിക്ക് തോന്നിയിട്ടുണ്ട്''
'വീണ്ടും ചില വീട്ടുകാര്യങ്ങളി'ല്‍ ജയറാം പണിയെടുക്കുന്ന വര്‍ക്‌ഷോപ്പിലെ ആശാന്‍ എന്ന കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ലോഹിതദാസ് പറഞ്ഞു:
''പപ്പുവേട്ടനെ കിട്ടിയാല്‍ നന്നായിരുന്നു'' സിനിമയില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്ന കാലമായിരുന്നു അത്.
ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ''ഇപ്പോ ഒരു കുഴപ്പവുമില്ല മോനേ, വേണമെങ്കില്‍ അഭിനയിക്കാനും റെഡി''
''എങ്കില്‍ ഇന്നുതന്നെ ഇങ്ങോട്ട് പോരൂ''
പപ്പുവേട്ടന്‍ വന്നു. ക്ഷീണിതനായിരുന്നു. ആ വലിയ കണ്ണുകളില്‍ മാത്രം തിളക്കം കണ്ടു. ആശാന്‍ എന്ന കഥാപാത്രത്തെ തികച്ചും സ്വാഭാവികമായി പപ്പുവേട്ടന്‍ അവതരിപ്പിച്ചു.
ഡബ്ബിങ് മദ്രാസിലായിരുന്നു. പ്രസാദ് സ്റ്റുഡിയോയിലെ രണ്ടാംനിലയില്‍.

''ഇവിടെ ലിഫ്‌റ്റൊന്നുമില്ലേ?'' പപ്പുവേട്ടന്‍ ചോദിച്ചു. പടികയറാന്‍ പപ്പുവേട്ടന് കഴിയില്ലായിരുന്നു.
''ലിഫ്‌റ്റെന്തിന്? പപ്പുവേട്ടനെ ഞാന്‍ എടുത്തുകൊണ്ടുപോകാം'' ഞാന്‍ പപ്പുവേട്ടനെ എടുത്തു പൊക്കി. ഒരു കുഞ്ഞിന്റെയത്രയും ഭാരമേ ഉണ്ടായിരുന്നുള്ളൂ ആ ശരീരത്തിന്. ഡബ്ബിങ്മുറിയിലെത്തിയപ്പോള്‍ ഒന്നു ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുള്ളതുപോലെയുള്ള ഒരു ഭാവം ഉണ്ടായിരുന്നു.

സിനിമയിലൂടെ പരിചിതരായ പലരുടെയും ജീവിതം പ്രേക്ഷകര്‍ക്ക് അപരിചിതമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ആള്‍ സ്വയം ചിരിക്കുന്ന നിമിഷങ്ങള്‍ എത്രയോ വിരളമായിരിക്കാം. അനുഭവത്തിന്റെ വിളറുന്ന ഭൂമിയില്‍നിന്നാണ് പലരും സിനിമയിലേക്കു വരുന്നത്. തീവ്രമായ ജീവിതംകൊണ്ട് സ്വയം പാകപ്പെട്ടവര്‍. അവരാണ് പലരായി നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. വാക്കിന്റെ അധിപന്മാരെയാണ് നമ്മുടെ കാലം ഇതുവരെ ആദരിച്ചുപോന്നത്. എഴുത്തറിയുന്നവര്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും നായകന്മാരായി എവിടെയും നിറഞ്ഞുനിന്നു. എഴുത്തുകാരേക്കാള്‍ തീവ്രമായ ജീവിതപാഠങ്ങളിലൂടെ കടന്നുപോയവരെ പുതിയ കാലം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു തൂവാലകൊണ്ട് നെറ്റിത്തടം കെട്ടി, പുറംകാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് ഒരു ചിരിക്കാഴ്ച മാത്രം ജനിപ്പിച്ചിരുന്ന പപ്പുവേട്ടന്‍, വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ തോറ്റ രാത്രിയില്‍ ഉറങ്ങിയിരുന്നില്ല എന്ന് എത്രപേര്‍ക്കറിയാം!
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: