Showing posts with label Memories. Show all posts
Showing posts with label Memories. Show all posts

Monday, March 26, 2018

അഭിനയമേ ജീവിതം... സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


60 വര്‍ഷം 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യ, ഈ അപൂര്‍വഭാഗ്യത്തിന്റെ വരപ്രസാദമണിഞ്ഞ സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം. 2013 മാര്‍ച്ച് 26നാണ് വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി സുകുമാരിയമ്മ വിടപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിയില്ല, തമിഴില്‍ മനോരമ ഒഴികെ. സിനിമയ്‌ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയാണ്.

എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, ഏതുസിനിമയും ചെയ്യാന്‍ മടികാണിക്കാത്ത നടിയായിരുന്നു അവര്‍. അഭിനയിക്കാന്‍ മടിതോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. എന്താണെങ്കിലും, അത് തൂപ്പുകാരിയുടേതാണെങ്കിലും ചാണകം മെഴുകുന്നതാണെങ്കിലും ചെയ്യണമെന്നതായിരുന്നു അവര്‍ പുലര്‍ത്തിയ സമീപനം. കോമഡിയോ സീരിയസ്സോ കരയുന്നതോ ചിരിക്കുന്നതോ എന്താണെങ്കിലും അവര്‍ക്കിഷ്ടമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. 

വൃത്തികെട്ട സ്വഭാവമുള്ള കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതും പരമാവധി നമ്മള്‍ നന്നാക്കിചെയ്യുക.. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുക എന്നാലേ നമുക്ക് വ്യത്യസ്തമായവ ചെയ്യാന്‍ പറ്റൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുന്ന ആളായിരുന്നു സുകുമാരിയമ്മ.

സംവിധായകന്‍ ആവശ്യപ്പെടുന്നത് ചെയ്യുക. വേഷം കോമഡിയാണോ സീരിയസ്സാണോ എന്നൊന്നും അര്‍ നോക്കാറില്ല. ഏതാണെങ്കിലും ചെയ്യണം. തമിഴില്‍ ചന്ദ്രബാബു, കുലദൈവം രാജഗോപാല്‍, നാഗേഷ് ഇവരുടെ കൂടെയൊക്കെ ധാരാളം കോമഡി ചെയ്തിട്ടുണ്ട്.

തമിഴകത്തിന്റെയും സ്വന്തം

തമിഴ് സിനിമയിലും നാടകത്തിലുംനിന്ന് അവര്‍ തമിഴ് സീരിയലുകളിലും അഭിനയിച്ചു. അഭിനയത്തിന്റെ അവസാനപാദത്തിലാണ് മലയാള സീരിയലുകളിലും എത്തിയത്. തമിഴ്‌സിനിമ സുകുമാരിയെ വളരെ ആദരപൂര്‍വമാണ് കണ്ടിരുന്നത്. അസുഖബാധിതയായി ആസ്പത്രിയില്‍ കിടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായ ജയലളിത നേരിട്ടെത്തി രോഗവിവരങ്ങള്‍ തിരക്കുകയും മികച്ച ചികിത്സ നല്കാന്‍ മന്ത്രി ഉള്‍പ്പെട്ട സംഘത്തെ ചുമതലപ്പെടുത്തകയും ചെയ്തു. ചികിത്സാച്ചെലവുകളും വഹിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ 'കലൈമാമണി' പുരസ്‌കാരം നല്‍കി നേരത്തേ ആദരിച്ചു. അവരെ പത്മശ്രീ ബഹുമതിക്ക് ആദ്യമായി ഔദ്യോഗികമായി ശുപാര്‍ശചെയ്തതും തമിഴ്‌നാടാണ്. 

ആറുപതിറ്റാണ്ടിലേറെ സിനിമയില്‍ നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ സുകുമാരി ചെന്നുപെട്ടിട്ടില്ല. അതും അവരുടെ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു.
ങ്ങുന്നു.


അഭിനയത്തിന്റെ വരപ്രസാദം

ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങള്‍. നൃത്ത, സംഗീതവേദികളിലും തിളങ്ങി. പത്താം വയസ്സില്‍, 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. 

നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമയി. വൈ.ജി. പാര്‍ഥസാരഥിയുടെ 'പെറ്റാല്‍ താന്‍ പിള്ള'യാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000ത്തിലധികം വേദികളില്‍ അഭിനയിച്ചു. 'തുഗ്ലക്' എന്ന നാടകം 1500ലധികം സ്റ്റേജുകളിലാണ് കളിച്ചത്.'തസ്‌ക്കരവീരനാ'ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി.

സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. മുപ്പതിലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

'ചട്ടക്കാരി', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'സസ്‌നേഹം', 'പൂച്ചക്കൊരു മൂക്കുത്തി', 'മിഴികള്‍ സാക്ഷി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1974 , '79, '83, '85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003ല്‍ പത്മശ്രീയും. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.

Tuesday, March 28, 2017

എഴുത്തിന്റെ മാസ്റ്റര്‍ ടി ദാമോദരന്‍ ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം


കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്. 

മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. 

ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.

അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം. 

കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്. 

മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്. 

2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.

ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.

ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.

ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

Friday, February 12, 2016

എന്‍റെ പ്രണയങ്ങള്‍


Mohanlalഒരിക്കലും രുചിവറ്റാത്ത വിഭവസമൃദ്ധമായ ഒരു സദ്യപോലെയാണ് എനിക്ക് ജീവിതം. അതിന്‍റെ വ്യത്യസ്തമായ രുചികളെ ഞാന്‍ അഗാധമായി ആസ്വദിക്കുന്നു. ചില വിഭവങ്ങളോട് കൂടുതല്‍ മമതയുണ്ടാവാം, സ്വഭാവികം. പക്ഷേ, ഒന്നിനെയും ഞാന്‍ വെറുക്കുന്നില്ല. എല്ലാറ്റിനെയും പ്രണയപൂര്‍വ്വം സ്വീകരിക്കുന്നു.
പ്രണയം എന്ന പദം ഏറ്റവും സൂക്ഷ്മമായും പ്രത്യേകതയോടെയുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പൊതുവേ കരുതുംപോലെ ഏതെങ്കിലും സ്ത്രീയോട് തോന്നുന്ന വികാരം മാത്രമല്ല അത്. എന്‍റെ പ്രണയം വ്യക്തികളിലേക്കു മാത്രം പ്രവഹിക്കുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൗഹൃദങ്ങളും അപൂര്‍വ്വമായ നിമിഷങ്ങളും ശീലങ്ങളുമെല്ലാം എന്‍റെ പ്രണയത്തിന്‍റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ് എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്.
ചിത്രങ്ങളോട് എനിക്ക് എക്കാലത്തും പ്രത്യേക മമതയും പ്രണയവും ഉണ്ടായിരുന്നു. എന്റെ വീടിനടുത്ത് വിജയരാഘവന്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹത്തിന് പട്ടാളത്തില്‍ച്ചേരാന്‍ വലിയ മോഹമായിരുന്നു. പക്ഷേ, സാധിച്ചില്ല. അതുകൊണ്ടാണ് എന്നു തോന്നുന്നു അദ്ദേഹം ആര്‍മിയുടെ ചിത്രങ്ങള്‍ മനോഹരമായി വരയ്ക്കുമായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്നും അദ്ദേഹത്തിന്റെയടുത്ത് ചെന്നിരിക്കും, പടം വരപ്പിക്കും. അവിടെ തുടങ്ങുന്നു എന്റെ ചിത്രകലാപ്രണയം.
Mohanlalഇപ്പോള്‍ എന്റെ കയ്യില്‍ അപൂര്‍വ്വമായ ചിത്രങ്ങളുടെ വലിയ ഒരു ശേഖരമുണ്ട്. ചിത്രങ്ങളുടെ കലക്ടര്‍ എന്നൊന്നും ഞാന്‍ ഒരിക്കലും സ്വയം അവകാശപ്പെടില്ല. വെറുമൊരു കസ്‌റ്റോഡിയന്‍ മാത്രമാണ് ഞാന്‍. ഇപ്പോള്‍ അവന്റെ കയ്യിലുണ്ട്, അടുത്തനിമിഷം മറ്റേതെങ്കിലുമാവാം.
പല ചിത്രങ്ങളും ഒരു നിമിത്തംപോലെയാണ് എന്നിലേക്ക് വന്നത്. ഒരു സംഭവം പറയാം. എന്റെ ഒരു കസിനുണ്ട്. ആര്‍ക്കിടെക്ടാണ്. അദ്ദേഹം ഒരു ഹോട്ടലില്‍ ‘ക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുപേര്‍ അപൂര്‍വ്വമായ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. “ശ്രീരാമപട്ടാഭിഷേകം’ എന്ന തഞ്ചാവൂര്‍ പെയിന്റിങ്ങിനെക്കുറിച്ചായിരുന്നു അത്. അവരില്‍
നിന്ന് വിവരം ശേഖരിച്ച് ഞാന്‍ ആ ചിത്രം സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിമാനയാത്രയ്ക്കിടെ എനിക്ക് “സ്വാഗത്’ എന്ന ഒരു മാഗസിന്‍ കിട്ടി. അതില്‍ ഈ ചിത്രവും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. രവിരാജ എന്ന് പേരുള്ള ഒരു തമിഴ്‌നാട്ടുകാരനാണ് അത് വരച്ചത്. അയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് അദ്ദേഹം. സ്വന്തം ജീവിതം കൈവിട്ടു
പോയ ഒരാളാണ്. ഈ പെയിന്റിങ് ഇന്ത്യയ്ക്ക് പുറത്തുപോകരുത് എന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. തന്റെ ശിഷ്യരോട് അദ്ദേഹം അത് പറഞ്ഞിരുന്നു. ഈ ചിത്രം ഇപ്പോള്‍ ആരുടെ കയ്യിലുണ്ടെന്ന കാര്യം അറിയില്ല എന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു!  നമ്മെത്തേടി ചിത്രങ്ങള്‍ വരികയാണ് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോട് എനിക്കിത്തിരി കമ്പം കൂടും. അദ്ദേഹത്തിന്റെ 180 ലധികം ചിത്രങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. അവ വൃത്തിയായി ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. പലതും യാത്രകളില്‍ ഒപ്പം കൊണ്ടുനടക്കാറുണ്ട്. നോവലുകള്‍ക്കും കഥകള്‍ക്കുംവേണ്ടി അദ്ദേഹം വരച്ചവയാണ് മിക്കതും. ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, എന്താണ് വരച്ചുതരേണ്ടത് എന്ന്. “സുധാ സിന്ധോര്‍ മധ്യേ സുരവിട പിവാടീ പരിവൃതേ’ എന്നു തുടങ്ങുന്ന സൗന്ദര്യലഹരിയിലെ ദേവീസ്ഥാനം വരച്ചുതരാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ലോകത്ത് ആര്‍ക്കും വരയ്ക്കാന്‍ സാധിക്കാത്തതാണ് അത്. പിന്നീട് നാലഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ പലപ്പോഴായി കണ്ടു. അപ്പോഴൊന്നും ഞാന്‍ ചിത്രത്തെപ്പറ്റി ചോദിച്ചതേയില്ല. അത് അദ്ദേഹത്തിന് വലിയ വിഷമമായി. ഒടുവില്‍ അദ്ദേഹം വരച്ചുതന്നു. ഞാന്‍ അത് എന്‍റെ വീട്ടില്‍ വച്ചു. ഒരിക്കല്‍ എന്‍റെ ചിത്രശേഖരം കാണാന്‍ വന്ന കുറേ സുഹൃത്തുക്കള്‍ നമ്പൂതിരിസാര്‍ വരച്ച ചിത്രത്തിന് മുന്നില്‍ നിന്ന് ചോദിച്ചു: “ഇതാരാണ് വരച്ചത്?’ നമ്മെ അത്രമാത്രം വലിച്ചടുപ്പിക്കുന്നതാണ് അത്.
പണ്ടത്തെ അത്ര ആസക്തിയോടും അഭിനിവേശത്തോടെയുമുള്ള ചിത്രശേഖരണം ഇന്നില്ല. രണ്ടു വര്‍ഷം മുന്‍പ് “തന്മാത്ര’ എന്ന സിനിമ ഷൂട്ടു ചെയ്യുമ്പോള്‍ ആ വീട്ടിലെ ചുമരിന്മേല്‍ ഒരു ചിത്രം കണ്ടു. പഴയ ചിത്രം. ഒരു അച്ഛനും മകനും. അച്ഛന് നല്ല പ്രായമുണ്ട്. മകന്‍ കുട്ടിയാണ്. കുട ചൂടി കോണകമുടുത്ത് നില്ക്കുന്ന പയ്യന്‍. എനിക്കെന്തുകൊണ്ടോ അത് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ അതിന്റെ ഫോട്ടോ എടുപ്പിച്ച് പ്രശസ്ത സംവിധായകന്‍ ആര്‍. സുകുമാരന്‍ സാറിന്‍റെയടുത്ത് കൊടുത്തു. അദ്ദേഹം അതിനെ മനോഹരമായി പുനര്‍നിര്‍മ്മിച്ചുതന്നു. ഇതൊക്കെ ഓരോ നേരങ്ങളിലെ തോന്നലുകളാണ്. അത് നമ്മുടെ ഉള്ളിലെ ഏതോ ഉറവയില്‍നിന്നും പെട്ടെന്ന് തളിര്‍ത്തുവരുന്നതാണ്. അപ്പോള്‍ മനസ്സ് ചരടുകളഴിഞ്ഞ് അതിനുപിറകേ പായുന്നു; ഞാനും.
നല്ല സൗഹൃദങ്ങളെ ഞാന്‍ അഗാധമായി പ്രണയിക്കുന്നു. അവയെ ആത്മാവിനോട് ചേര്‍ത്തു വയ്ക്കുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവധി സമയം നാട്ടില്‍ പോവുമ്പോള്‍ എനിക്ക് എന്‍റെ പ്രായത്തിലുള്ളവരേക്കാള്‍ ബന്ധം വളരെ മുതിര്‍ന്ന, വാര്‍ധക്യത്തില്‍ എത്തിയവരോടായിരുന്നു. എന്‍റെ പഴമയോടുള്ള ആഭിമുഖ്യം അവിടെയാണ് തുടങ്ങുന്നത് എന്നു തോന്നുന്നു. ‘ഭയങ്കര രസമാണ് ആ പ്രായത്തിലുള്ളവരോട് സംസാരിച്ചിരിക്കാന്‍. ഒരിക്കല്‍ തിക്കുറിശ്ശിച്ചേട്ടന്‍ എന്നോടും വേണുച്ചേട്ട(നെടുമുടി)നോടും ചോദിച്ചു: “ഇത്രയും നല്ല ഒരു അപ്പൂപ്പനെ നിങ്ങള്‍ക്ക് വേറെ എവിടെനിന്ന് കിട്ടുമെടാ?’ അപ്പോള്‍ ഞങ്ങള്‍ തിരിച്ചുചോദിച്ചു: “ഇത്രയും നല്ല കൊച്ചുമക്കളെ ചേട്ടന് വേറെ എവിടുന്ന് ലഭിക്കും?’ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സൗഹൃദങ്ങള്‍ ഒരു ചാര്‍ജിങ് ആണ്.
പ്രേംനസീര്‍ , ശിവാജി ഗണേശന്‍, കന്നഡ നടന്‍ രാജ്കുമാര്‍, നാഗേശ്വരറാവു എന്നിവരോടെല്ലാം എനിക്ക് ആത്മബന്ധമായിരുന്നു. ഇപ്പോള്‍ അമിതാഭ്ബച്ചനോടും. രാജ്കുമാര്‍ സാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ഒരു സുഗന്ധമായി ശേഷിക്കുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ബാംഗ്ലൂരിലെ എന്‍റെ സുഹൃത്ത് മാത്യുവുമായി നല്ല അടുപ്പമാണ്. മാത്യു അവരുടെ വീട്ടിലൊക്കെ പോവാറുണ്ട്. ഒരിക്കല്‍ മാത്യുവിനോട് അദ്ദേഹം പറഞ്ഞു: “എനിക്ക് നിങ്ങളുടെ മോഹന്‍ലാലിനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ സിനിമകള്‍ വീണ്ടും വീണ്ടും കാണാറുണ്ട്.’ മാത്യു ഉടനെ എന്നെ ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം എന്നോടു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ ഒരു ഫാനാണ്. എനിക്ക് ലാലിനെ ഒന്ന് കാണണമെന്നുണ്ട്.’ ഞാന്‍ ചെന്നു.
പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു മുനിയെപ്പോലെ ശാന്തന്‍. അദ്ദേഹത്തില്‍നിന്ന് വല്ലാത്ത ഒരു ഊര്‍ജ്ജം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ‘ഭാര്യാപിതാവുമായി അദ്ദേഹത്തിന് നല്ല പരിചയമായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു കഷായം കഴിക്കുന്ന സമയമായിരുന്നു; അതുകൊണ്ട് ‘ഭക്ഷണനിയന്ത്രണത്തിലും. ‘ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ രാജ്കുമാര്‍ പറഞ്ഞു: “ജീവിതത്തില്‍ നന്നായി ഭക്ഷണം കഴിക്കാനെങ്കിലും സാധിച്ചില്ലെങ്കില്‍ കഷ്ടമാണ്.’
പിന്നീടൊരിക്കല്‍ ഞാനും ‘ഭാര്യയും ചേര്‍ന്ന് അദ്ദേഹത്തെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. അദ്ദേഹം ഞങ്ങളെ രണ്ടാളെയും പിടിച്ചുനിര്‍ത്തി മാലയൊക്കെത്തന്ന് വീണ്ടും വിവാഹം കഴിപ്പിച്ചു! വലിയ സ്‌നേഹമായിരുന്നു.
രാജ്കുമാറിന്‍റെ അച്ഛന്‍ “പൂകൈലാസ്’ എന്ന നാടകത്തിലൊക്കെ അഭിനയിച്ചയാളാണ്. അതോര്‍ത്തിട്ടാവണം കാണുമ്പോഴൊക്കെ അദ്ദേഹം പറയും. “ലാല്‍ രാവണനായി അഭിനയിക്കുന്നത് എനിക്ക് കാണണം എന്നുണ്ട്.’ പക്ഷേ, അത് നടന്നില്ല. ഇന്നും ആ കടം ബാക്കിയാണ്.Amitabh Bachchan അഭിനയിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ആര്‍ദ്രമായ അനുഗ്രഹം ശിരസ്സില്‍ പൊഴിയുന്നതായി എനിക്ക് തോന്നാറുണ്ട്. “ഷോലെ’യുടെ പുതിയ പതിപ്പില്‍ അഭിനയിച്ചപ്പോഴാണ് അമിതാഭ്ബച്ചനുമായി കൂടുതല്‍ അടുക്കുന്നത്. നേരത്തേതന്നെ അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ദൃഢമായത് ഇപ്പോഴാണ്.ഞാന്‍ ഏറെ ആദരിക്കുന്ന നടനും വ്യക്തിയുമാണ് അദ്ദേഹം. ഇത് രണ്ടും ഒരേപോലെവരിക അപൂര്‍വ്വമായ കാര്യമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വലിയ കവിയായിരുന്നല്ലോ? ഹരിവംശറായ് ബച്ചന്‍ . അച്ഛനിലെ ഉത്കൃഷ്ടമായ കവിത്വത്തിന്റെ പ്രൗഢിയും എളിമയും ബച്ചന്റെ ഓരോ അണുവിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.സെറ്റില്‍ എത്തിയാല്‍ എത്രയും വേഗം അദ്ദേഹം ആ സംഘത്തില്‍ അലിഞ്ഞുചേരും. എല്ലാവരോടും സംസാരിച്ചുകൊ്യുേയിരിക്കും. അദ്ദേഹത്തിന്റെ ചിരി ഇടയ്ക്കിടെ അങ്ങനെ മുഴങ്ങിക്കേള്‍ക്കാം. ഡയലോഗുകള്‍ ഇത്രയധികം കര്‍ശനമായി പഠിച്ചുറപ്പിച്ച് മനഃപാഠമാക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അനുകരിക്കാന്‍ സാധിക്കാത്ത ഏകാഗ്രതയുള്ള നടനാണ് അദ്ദേഹം.എന്‍റെ പല ചിത്രങ്ങളും കണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവില്‍ കണ്ടത് “തന്മാത്ര’യായിരുന്നു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് അദ്ദേഹം ഒരു കത്തയച്ചിരുന്നു. സമ്മാനങ്ങള്‍ കിട്ടുമ്പോഴും സന്തോഷാവസരങ്ങളിലും ഫോണിലൂടെ പലരും അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്. എസ്.എം. എസുകള്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഒരാള്‍ ഒരു കത്ത് എഴുതുക എന്നത് ഒന്നാലോചിച്ചു നോക്കൂ. അതും അമിതാഭ്ബച്ചനെപ്പോലുള്ള ഒരാള്‍. സെക്രട്ടറിയെക്കൊണ്ട് എഴുതിച്ച് അദ്ദേഹം ഒപ്പു—വച്ച കത്തായിരുന്നില്ല അത്. സ്വന്തം കൈപ്പടയില്‍ എഴുതിയതായിരുന്നു. കവിയുന്ന ആത്മാര്‍ത്ഥതയും സ്‌നേഹവും ആ അക്ഷരങ്ങള്‍ക്കിടയില്‍ സ്പന്ദിക്കുന്നുണ്ടായിരുന്നു. എന്‍റെ സ്‌നേഹശേഖരങ്ങളുടെ കടലില്‍ എവിടെയോ ആ കത്തും ഉണ്ടാകണം.
കടപ്പാട്: ഋതുമര്‍മ്മരങ്ങള്‍ /മോഹന്‍ലാല്‍

Saturday, January 24, 2015

പത്മരാജന്‍ എന്ന കുസൃതിക്കാരന്‍

രാധാലക്ഷ്മി

ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്ന വ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട 'ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു. അറുപത്തിയാറ്അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്​പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില കൃസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു
കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.'ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി'നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു'അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു. പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായിച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.
വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്​പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.

അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞു പോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു.ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയിഎല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്!
അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല.
ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള
കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.

ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.

അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍ അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

മാതൃഭൂമി പ്രസിദ്ധീകരിച്ച രാധാലക്ഷ്മിയുടെ 'ഓര്‍മ്മകളില്‍ തൂവാനമായി പത്മരാജന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്

Monday, August 18, 2014

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ബൈബിളും

ഇന്നസെന്റ്‌




ഏതുകാര്യത്തിലായാലും എന്റെ തുടക്കവും തുടര്‍ച്ചയും ഒടുക്കവും അപ്പനിലാണ്. ഭൂമിയുടെ ഇരു ധ്രുവങ്ങളിലാണെങ്കിലും ഇവിടെയും പരലോകത്തുമാണെങ്കിലും ഞങ്ങള്‍ക്കുമാത്രം കാണാവുന്ന ഒരു ചരടിനാല്‍ ഞാനും അപ്പനും പരസ്​പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അകം കരഞ്ഞുകലങ്ങുമ്പോള്‍ ഇപ്പോഴും അപ്പനെന്റെ മുന്നില്‍ ഒരു വലിയ പൊട്ടിച്ചിരിയായി നില്ക്കുന്നു; കൊടുങ്കാറ്റിലോ കുത്തൊഴുക്കിലോ പെട്ട് വഴിതെറ്റുമ്പോള്‍ തുഴയും തുണയുമാകുന്നു. ഒരിക്കലും ഒറ്റപ്പെട്ടുപോകാന്‍ അപ്പന്‍ എന്നെ അനുവദിക്കുന്നേയില്ല; ഒരിക്കലും, ഒരിക്കലും. ഈ പ്രായത്തിലും അപ്പന്റെ ചൂടിലേക്കാണ് ഞാനെന്റെ ചിറകൊതുക്കുന്നത്.

ഇരിങ്ങാലക്കുട എന്ന നാട്ടിന്‍പുറത്ത് ജനിച്ച്, കഷ്ടി എട്ടാംതരംവരെ മാത്രം പഠിച്ച്, ഒരു കൊച്ചു കട നടത്തി ജീവിച്ച അപ്പന്‍ നാടിന്റെ അതിരുകള്‍ക്കപ്പുറം ദൂരങ്ങളിലേക്കൊന്നും സഞ്ചരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അപ്പന്റെ മനസ്സ് ഒരുപാട് ദൂരങ്ങളിലേക്ക് യാത്രചെയ്തിരുന്നു. മസ്തിഷ്‌കത്തില്‍ ഒരുപാട് ചിന്തകളുണ്ടായിരുന്നു. കമ്യൂണിസത്തിലുള്ള കടുത്ത വിശ്വാസവും അത് പകര്‍ന്നുകൊടുത്ത നിശിതമായ വായനയും ചര്‍ച്ചകളും വിശകലനങ്ങളുമെല്ലാം ചേര്‍ന്നാണ് അപ്പന്റെ മനസ്സില്‍ വെളിച്ചവും ശിരസ്സില്‍ ബുദ്ധിയും നിറച്ചത്.

മാപ്രാണത്ത് അപ്പന്‍ കട നടത്തിയതുതന്നെ കുറേ ആള്‍ക്കാരെ കമ്യൂണിസ്റ്റാക്കാനാണ് എന്ന് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. എനിക്കത് എത്രയോതവണ നേരില്‍ ബോധ്യപ്പെട്ടതാണ്. കടയില്‍ 'നവജീവന്‍' എന്ന പത്രം ഇട്ടിരുന്നു. അപ്പന്‍ അതുറക്കെ വായിക്കും. വായിക്കാനുള്ളത് ഒന്നും ഉറക്കെ വായിക്കരുതെന്ന് അപ്പന്‍ എന്നെ ഉപദേശിച്ചിരുന്നു. ഇപ്പോഴേ ഉറക്കെ വായിച്ചു ശീലിച്ചാല്‍ വലുതായി വായനശാലകളില്‍ ചെല്ലുമ്പോള്‍ എല്ലാവരും നിന്നെ ഒരു ശല്യമായിക്കാണും എന്നും അപ്പന്‍ പറഞ്ഞു. ആ അപ്പനാണ് നവജീവന്‍ നാട്ടുകാര്‍ മുഴുവന്‍ കേള്‍ക്കെ ഉറക്കെ വായിക്കുന്നത്. ഈ വൈരുധ്യം കണ്ട് ഞാന്‍ അപ്പനോട് ചോദിച്ചു.

'എന്നോട് ഒന്നും ഉറക്കെ വായിക്കരുതെന്ന് ഉപദേശിച്ച അപ്പന്‍ നാടുമുഴുവന്‍ കേള്‍ക്കുന്നവിധത്തില്‍ പത്രം വായിക്കുന്നതെന്തിനാ?'
അപ്പോള്‍ അപ്പന്‍ പറഞ്ഞു: 'കടയില്‍ വന്നിരിക്കുന്ന മിക്ക ആള്‍ക്കാരും ഈ പത്രത്തിനും അതിന്റെ ആശയങ്ങള്‍ക്കും എതിരാണ്. തൊട്ടുമുന്നില്‍ കിടന്നാല്‍പോലും എടുത്തുവായിക്കാറില്ല. എന്നാല്‍ വായിക്കണം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാകുകയും ചെയ്യും. അവര്‍ക്കുവേണ്ടിയാണ് ഞാനുറക്കെ വായിക്കുന്നത്. ചിലര്‍ കേട്ടില്ലെന്നു നടിക്കും; മറ്റുചിലര്‍ പാതിചെവി തുറന്ന് കേള്‍ക്കും. കേട്ടുകേട്ട് അതില്‍ ഏതെങ്കിലും ഒരാള്‍ കമ്യൂണിസത്തിന്റെ ചൂണ്ടയില്‍ കൊത്തും. അവന്‍ പിന്നെ പുറത്തുപോവില്ല.

അപ്പന്റെ ഈ കമ്യൂണിസ്റ്റ് ചൂണ്ടയില്‍ കൊത്തിയ എത്രയോപേര്‍ ഇരിങ്ങാലക്കുടയിലും മാപ്രാണത്തുമുണ്ടായിരുന്നു.

ഒരുദിവസം രാത്രി അല്പം നേരത്തേ ഉറങ്ങാന്‍ കിടന്ന അപ്പന്‍ ഉറക്കത്തില്‍ ചിരിച്ചു. അതുകണ്ട് അമ്മ പറഞ്ഞു: 'ഇന്ന് ആരെയോ കമ്യൂണിസ്റ്റാക്കിയതിന്റെ സന്തോഷത്തില്‍ ചിരിക്കുകയാണ് നിന്റെ അപ്പന്‍'.

ഒരേസമയം ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുമാകുക എന്നതാണ് ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച കാര്യം. അന്നും ഇന്നും അത് അങ്ങനെത്തന്നെയാണ്. അപ്പന്‍ ഈ വിഷമം വളരെയധികം അനുഭവിച്ചയാളാണ്. പള്ളിയിലും പാര്‍ട്ടി ക്ലാസിലും അപ്പന്‍ ഒരുപോലെ പോയി; ബൈബിളിനൊപ്പം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിക്കുന്നതില്‍ ഒരു വൈരുധ്യവും കണ്ടില്ല. എന്നാല്‍ ഇത് കണ്ടുനില്ക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ പ്രശ്‌നമായിരുന്നു.

അപ്പന്റെ ഒരു സഹോദരി കന്യാസ്ത്രീ ആയിരുന്നു. സിസ്റ്റര്‍ ക്ലാവുദിയ എന്നായിരുന്നു അമ്മായിയുടെ പേര്. മാപ്രാണം ക്ലാരമഠത്തിലായിരുന്നു അവര്‍. അപ്പന്‍ കമ്യൂണിസ്റ്റായത് അമ്മായിക്ക് വലിയ കുറച്ചിലായി. മഠത്തിലും സഭയിലും അവര്‍ക്ക് പരിഹാസ്യയാകേണ്ടിവന്നു. ഒരുദിവസം അമ്മായി അപ്പനോട് പറഞ്ഞു:
'ചേട്ടാ, ചേട്ടന്‍ ഈ കമ്യൂണിസ്റ്റ് ചിന്താഗതി മാറ്റണം. ചെകുത്താന്റെ കൂട്ടുകെട്ട് നമുക്കുവേണ്ട'.
അതുകേട്ട അപ്പന്‍ അമ്മായിയോട് ചോദിച്ചു:
'നിനക്ക് തലയ്ക്ക് പ്രാന്തുണ്ടോ ക്ലാവുദിയേ? എനിക്കറിയാം എന്റെ വഴി'.
അമ്മായി തല്ക്കാലം ഒന്നും മിണ്ടിയില്ലെങ്കിലും വെറുതെയിരുന്നില്ല. അവര്‍ കോണ്‍വെന്റില്‍ പഠിക്കുകയായിരുന്ന എന്റെ ചേച്ചിമാര്‍ക്ക് എഴുതി:
'പ്രിയപ്പെട്ട പൗളീന്‍, സെലിന്‍...
നിങ്ങളുടെ അപ്പന്‍, എന്റെ ആങ്ങള, പിശാചിന്റെ വലയില്‍പെട്ട് ഉഴലുകയാണ്. വീട്ടില്‍ പ്രാര്‍ഥനയും നമസ്‌കാരങ്ങളും ഇല്ല എന്നുതന്നെ തോന്നുന്നു. നിങ്ങള്‍ അപ്പനെ അതില്‍നിന്ന് പിന്തിരിപ്പിക്കണം. ഒരു സത്യക്രിസ്ത്യാനിയായി അപ്പനെ തിരിച്ചുകിട്ടാന്‍ നമുക്ക് കര്‍ത്താവിനോട് പ്രാര്‍ഥിക്കാം...'

ഈ കത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ മുഴുവന്‍ കണ്ടു. അത് ചേച്ചിമാര്‍ക്ക് വലിയ നാണക്കേടും സങ്കടവുമുണ്ടാക്കി. അവര്‍ വീട്ടില്‍വന്ന് നിര്‍ത്താതെ കരഞ്ഞു. അപ്പന്‍ ആ കരച്ചിലിനെ തരിമ്പും വിലവെച്ചില്ല. അകത്ത് അവര്‍ കരയുമ്പോള്‍ പുറത്ത് ഒരു കൂസലുമില്ലാതെയിരിക്കുന്ന അപ്പനെ ഞാന്‍ കണ്ടിട്ടുണ്ട്. അമ്മായിയോട് പറഞ്ഞതുപോലെ അപ്പന്റെ വഴി അപ്പന് നന്നായി അറിയാമായിരുന്നു. പള്ളിയെയോ പുരോഹിതനെയോ മറ്റുപദേശികളെയോ അതില്‍ ഇടപെടാന്‍ അനുവദിക്കാറുമില്ലായിരുന്നു. ചിന്തയുടെ ധൈര്യമാണ് അതിന് അപ്പനെ സഹായിച്ചത് എന്ന് ഇന്നെനിക്കു മനസ്സിലാവുന്നു.

കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാണെങ്കിലും എന്നോടൊരിക്കലും പാര്‍ട്ടിയില്‍ ചേരാനോ അതിന്റെ ആശയങ്ങളില്‍ വിശ്വസിക്കാനോ അപ്പന്‍ പറഞ്ഞിട്ടില്ല. അപ്പന് കമ്യൂണിസ്റ്റുപാര്‍ട്ടി എന്നാല്‍ കൊടിപിടിച്ച വെറും ഒരു ആള്‍ക്കൂട്ടമോ അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങളോ തിരഞ്ഞെടുപ്പോ ഭരണമോ ഒന്നുമായിരുന്നില്ല. അത് ഒരു സംസ്‌കാരവും മനുഷ്യത്വവും ധീരതയുമൊക്കെയായിരുന്നു. പാര്‍ട്ടിയെപ്പറ്റിയുള്ള പലകാര്യങ്ങളും പറഞ്ഞുതരുന്നതിലൂടെ അപ്പന്‍ എന്നിലേക്ക് പകര്‍ന്നതും ഇതൊക്കെത്തന്നെയായിരുന്നു. അവ പലതും എനിക്ക് ജീവിതത്തില്‍ വലിയ പാഠങ്ങളും വിളക്കുകളുമായി.

വിമോചന സമരകാലത്ത് അപ്പന്‍ സാക്ഷിയായ ഒരു സംഭവം എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പന്‍ കടപൂട്ടി വരികയായിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ കോണ്‍ഗ്രസ്സിന്റെ ഒരു ജാഥ കടന്നുപോവുകയാണ്. ആവേശത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജാഥയുടെ പ്രയാണം. പെട്ടെന്ന് ജാഥ ഒരിടത്തു നില്ക്കുകയും അല്പസമയത്തെ ബഹളത്തിനുശേഷം കടന്നുപോവുകയും ചെയ്തു. ജാഥയിലുണ്ടായിരുന്ന ഒരാള്‍മാത്രം ആ വഴിയില്‍ ശേഷിച്ചു. അപ്പനറിയാവുന്ന ഒരു മാഷായിരുന്നു അത്. അയാളെ ജാഥയില്‍നിന്ന് പുറത്താക്കിയതായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:
'അവര്‍ വിളിച്ച എല്ലാ മുദ്രാവാക്യങ്ങളും ഞാന്‍ ഏറ്റുവിളിച്ചു വറീതേ, എന്നാല്‍ ഇ.എം.എസ്സിനെ ഉദ്ദേശിച്ച് വിളിച്ച,
'തൂങ്ങിച്ചാവാന്‍ കയറില്ലെങ്കില്‍
പൂണൂലൂരെട നമ്പൂരീ' എന്ന മുദ്രാവാക്യം എനിക്ക് വിളിക്കാന്‍ സാധിച്ചില്ല. എതിര്‍ചേരിയിലാണെങ്കിലും ഇ.എം.എസ്. അറിവുള്ളയാളാണ്. വലിയ മനുഷ്യനാണ്. ആഭാസകരമായ വാക്കുകള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിക്കാന്‍ എന്റെ സംസ്‌കാരം എന്നെ അനുവദിച്ചില്ല. അതിന് അവര്‍ എന്നെ ജാഥയില്‍നിന്ന് പുറത്താക്കിയതാണ്.'
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. ഞങ്ങളുടെ ആഹ്ലാദപ്രകടനം എന്റെ എതിര്‍സ്ഥാനാര്‍ഥിയായ പോളിന്റെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ആരോ വിളിച്ചു:
'കെ.വി.പോളിനോടമ്മ പറഞ്ഞു
പന്ത്രണ്ടില്‍ നീ നില്ക്കരുതെന്ന്'
പെട്ടെന്ന് ഞാന്‍ ആ വീടിന്റെ പടിപ്പുരയിലേക്കുനോക്കി. അവിടെയിരിക്കുന്ന പോളിന്റെ കുട്ടികള്‍ ആ മുദ്രാവാക്യത്തിന് താളം പിടിക്കുന്നു. എന്റെ മനസ്സില്‍ പെട്ടെന്ന് ഒരു കറുത്തമേഘം വന്നുമൂടി. ഞാന്‍ കൂട്ടുകാരോട് പറഞ്ഞു:
'അരുത്, ആ മുദ്രാവാക്യം വേണ്ട, അത് നമുക്കുചേര്‍ന്നതല്ല. തിരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിച്ചു. അതിലപ്പുറം വാശിയോ ശത്രുതയോ എനിക്കാരോടുമില്ല.'
അപ്പന്‍ എന്റെ രക്തത്തിലേക്കു കയറ്റിവിട്ട രാഷ്ട്രീയ സംസ്‌കാരമാണ് എന്നെക്കൊണ്ട് അതുപറയിച്ചത്.
1987-ല്‍ വി.എം. സുധീരന്‍ മണലൂരില്‍ മത്സരിച്ചപ്പോള്‍ ഇ.എം.എസ്. അവിടെവന്ന് പ്രസംഗിച്ചു. അതിന്റെ പിറ്റേന്ന് പത്രം വായിച്ചതിനുശേഷം അപ്പന്‍ എന്നോട് ചോദിച്ചു:
'ഇ.എം.ന്റെ പ്രസംഗം നീ ശ്രദ്ധിച്ചോ'?
ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
അപ്പന്‍ തുടര്‍ന്നു: 'എതിര്‍പാര്‍ട്ടിയിലായിട്ടും ഇ.എം.എസ്, സുധീരനെപ്പറ്റി മോശമായി ഒരുവാക്കുപോലും പറഞ്ഞില്ല. മറിച്ച്, കാര്യപ്രാപ്തിയുള്ളയാളും മിടുക്കനുമാണ് സുധീരന്‍ എന്നാണ് പറഞ്ഞത്. പക്ഷേ, ഇദ്ദേഹത്തെ ജയിപ്പിച്ചുവിട്ടാല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സായിരിക്കും അധികാരത്തില്‍ വരിക എന്നുപറഞ്ഞ് വോട്ടുകള്‍ തടയുകയും ചെയ്തു. സംസ്‌കാരവും രാഷ്ട്രീയവും ഒരുമിച്ച്‌പോകുന്നത് ഇങ്ങനെയാണ്.'

അപ്പന്റെ ആ നിരീക്ഷണം അദ്ഭുതത്തോടെയാണ് ഞാന്‍ കേട്ടിരുന്നത്.
അപ്പന്റെ അടുത്തുനിന്നുകൊണ്ടാണ് ആദ്യമായി ഞാന്‍ ഒരു രാഷ്ട്രീയജാഥ കാണുന്നത്. 1952-ല്‍ എന്റെ നാലാം വയസ്സില്‍. സന്ധ്യക്ക് അപ്പന്‍ വീട്ടുമുറ്റത്ത് നില്ക്കുകയാണ്. ചെമ്മണ്‍റോഡിലൂടെ റാന്തല്‍വിളക്കിന്റെ വെളിച്ചത്തില്‍ ആര്‍പ്പുവിളികളോടെയാണ് അവര്‍ വന്നത്. ജാഥ വരുന്നതുകണ്ടപ്പോള്‍ അടുത്തുള്ള ക്രിസ്ത്യന്‍ വീടുകളിലൊന്നും ആരും പുറത്തേക്കുവന്നില്ല. ഞങ്ങളുടെ വീടുമാത്രം വാതില്‍ തുറന്നിട്ടുകണ്ടപ്പോള്‍ ജാഥ അങ്ങോട്ടുവന്നു. തെക്കേത്തല വറീതിന്റെ വീടാണ് അത് എന്ന് അവര്‍ക്ക് മനസ്സിലായിരിക്കണം. വീട്ടില്‍ കൃഷിപ്പണിക്കു സഹായിക്കുന്ന ജാനുച്ചേച്ചി എന്നെയും ഒക്കത്തെടുത്ത് ജാഥകാണാന്‍ വന്നുനിന്നു. മങ്ങിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ വെളുത്ത് ദൃഢശരീരിയായ ഒരു മനുഷ്യനെ ഞാന്‍ ആ കൂട്ടത്തില്‍ കണ്ടു. അയാളുടെ കഴുത്തില്‍ ഒരു ചുകന്ന മാലയിട്ടിരുന്നു. അയാള്‍ പെട്ടെന്ന് ഞങ്ങള്‍ക്കടുത്തേക്കുവന്നു. എന്നിട്ട് എന്റെ കവിളില്‍ ഒന്നുതട്ടി, ചുകപ്പുമാല ഊരി എന്റെ കഴുത്തിലിട്ടു. തുടര്‍ന്ന് അപ്പനെ നോക്കി ഒന്നുചിരിച്ചു. ജാഥ കടന്നുപോയി. ആ ദൃശ്യം എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു.

അന്ന് എന്റെ കഴുത്തില്‍ മാലയിട്ടുതന്ന ആ മനുഷ്യന്‍ ആരാണ് എന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷം അപ്പനോടു ചോദിച്ചു.
'അതാണ് കെ.വി.കെ. വാരിയര്‍. വക്കീലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നേതാവുമാണ്. 1952-ല്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴുള്ള ഘോഷയാത്രയായിരുന്നു അത്.' അപ്പന്‍ പറഞ്ഞു.
കറകളഞ്ഞ കമ്യൂണിസ്റ്റായ വാരിയര്‍ക്ക് ആകെയുണ്ടായിരുന്ന സ്വത്ത് പറപ്പൂക്കര പഞ്ചായത്തിലെ അല്പം കൃഷിയായിരുന്നു. ആ പഞ്ചായത്തില്‍തന്നെ പോയി ഒരിക്കല്‍ വാരിയര്‍ പ്രസംഗിച്ചു: 'കുടിയാന്മാര്‍ ജന്മിക്ക് ഒരു മണിപോലും പാട്ടംകൊടുക്കേണ്ടതില്ല' അന്നുമുതല്‍ വാരിയര്‍ക്ക് പാട്ടം കിട്ടാതെയായി. പാതി ചിരിയോടെയാണ് അപ്പന്‍ ഇതുപറഞ്ഞതെങ്കിലും, ആ മുഖത്ത് പെട്ടെന്ന് വല്ലാത്ത വിഷാദംപരന്നു.

അല്പനേരം ഒന്നും മിണ്ടാതെ അപ്പന്‍ ഒരു ബീഡി വലിച്ചു. എന്നിട്ടുപറഞ്ഞു:
'വാരിയര്‍ പറഞ്ഞ ഒരു അനുഭവകഥയിലൂടെയാണ് ഞാന്‍ യഥാര്‍ഥ കമ്യൂണിസത്തെയും മനുഷ്യസ്‌നേഹത്തെയും അറിഞ്ഞത്. പുസ്തകങ്ങള്‍ വായിച്ചോ പ്രസംഗങ്ങള്‍ കേട്ടോ നാടകങ്ങള്‍ കണ്ടോ അല്ല.' ആ സംഭവം അപ്പന്‍ പിന്നീട് എനിക്ക് പറഞ്ഞുതന്നു.
പാര്‍ട്ടിക്ലാസുകള്‍ എടുക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്ത് വാരിയര്‍ വീറോടെ കത്തിനില്ക്കുന്ന കാലം. ഇരിങ്ങാലക്കുടയ്ക്ക് തൊട്ടടുത്ത സ്ഥലത്ത് ഒരു പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ ഒരു കേസുണ്ടായി. അപ്പോള്‍ പാര്‍ട്ടി വാരിയരോട് പറഞ്ഞു: താങ്കള്‍ ഈ കേസില്‍ ഒളിവില്‍ പോവണം.

പ്രതിയാവാത്ത താന്‍ എന്തിനാണ് ഒളിവില്‍ പോകുന്നത് എന്ന് വാരിയര്‍ക്കു മനസ്സിലായില്ല. അദ്ദേഹം അത് പാര്‍ട്ടിയോട് ചോദിച്ചു. അപ്പോള്‍ പാര്‍ട്ടിപറഞ്ഞു:
താങ്കള്‍ പോയില്ലെങ്കില്‍ മറ്റുപലരുംപോകേണ്ടിവരും. അവരെ ഇപ്പോള്‍ പാര്‍ട്ടിക്ക് ഇവിടെ ആവശ്യമുണ്ട്.
വാരിയര്‍ക്ക് കാര്യം മനസ്സിലായി. അദ്ദേഹം ഒളിവില്‍പോകാന്‍ തീരുമാനിച്ചു.
ചാലക്കുടിക്കടുത്തുള്ള കനകമലയുടെ താഴ്‌വരയിലെവിടെയോ ആയിരുന്നു ഒളിത്താവളം ഒരുക്കിയിരുന്നത്. ബാക്കിയായ ചില പാര്‍ട്ടിക്ലാസുകള്‍കൂടി തീര്‍ത്ത് രാത്രി ഒന്‍പതുമണിയോടെയാണ് വാരിയര്‍ യാത്ര തുടങ്ങിയത്. പാര്‍ട്ടി അനുഭാവിയായ ഒരു ട്യൂട്ടോറിയല്‍ മാഷായിരുന്നു വഴികാട്ടി.

ഇരുട്ടില്‍, അപരിചിതമായ വഴിയിലൂടെ അവര്‍ അധികം സംസാരിക്കാതെ നടന്നു. തണുപ്പും കാറ്റും ചേര്‍ന്ന് അവരെ വിറപ്പിച്ചു. രാവിലെമുതല്‍ ആ സമയംവരെ ഒരു കട്ടന്‍ചായ മാത്രമായിരുന്നു വാരിയര്‍ കുടിച്ചിരുന്നത്. വിശപ്പ് സിരകളില്‍ മുഴുവന്‍ പടര്‍ന്നു. എട്ടുകിലോമീറ്ററോളം നടന്ന് രാത്രി പതിനൊന്ന്മണിയോടെ അവര്‍ കൂരയ്ക്കു മുന്നിലെത്തി.

ചെങ്കല്ലുകൊണ്ട് ചുമരുതീര്‍ത്ത ആ വീട് ഓലമേഞ്ഞതായിരുന്നു. മാഷ് മൂന്നുതവണ മുട്ടിയപ്പോള്‍ തീര്‍ത്തും ദുര്‍ബലമായ വാതില്‍ തുറന്ന് മുണ്ടും ബ്ലൗസും ധരിച്ച ഒരു സ്ത്രീ പുറത്തുവന്നു. ഒറ്റമുറി മാത്രമേ ആ വീടിനുണ്ടായിരുന്നുള്ളൂ. മണ്ണെണ്ണവിളക്കിന്റെയും ചെങ്കല്ലിന്റെയും നിറം കലര്‍ന്ന ആ മുറിയില്‍ ഒരു പ്ലേറ്റ് വെളുത്ത പിഞ്ഞാണംകൊണ്ട് അടച്ചുവെച്ചിട്ടുണ്ട്. അടുത്ത് ഒരുഗ്ലാസ്‌വെള്ളവും. അഞ്ചുവയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ചുമരിനോട് ചേര്‍ന്ന് പാതി ഉറക്കത്തിലാണ്ട് കിടക്കുന്നു. ഒരുവെളുത്ത വിരിപ്പില്‍ മുലകുടിമാറാത്ത ഒരുകുട്ടിയുമുണ്ട്.
വാരിയരെ വീട്ടിലാക്കി രാവിലെവരാം എന്നുപറഞ്ഞ് മാഷ് പോയി. അവിടെ ആ സ്ത്രീയും വാരിയരും കുട്ടികളും മാത്രമായി.
വെളുത്ത് സുമുഖനായ വാരിയരെ ആദ്യം ആ സ്ത്രീ തമ്പുരാനേ എന്നാണ് വിളിച്ചത്. വാരിയര്‍ അത് കര്‍ശനമായി തിരുത്തി സഖാവേ എന്നു വിളിക്കാന്‍ പറഞ്ഞു. സ്ത്രീ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. വിശന്നുതളര്‍ന്ന
വാരിയര്‍ വേഗം കൈകഴുകി ഇരുന്നു. പിഞ്ഞാണമൂടി മാറ്റുമ്പോള്‍ വാരിയര്‍ സ്ത്രീയോട് ചോദിച്ചു:
'നിങ്ങള്‍ കഴിച്ചോ?'
സ്ത്രീ ഒന്നും മിണ്ടിയില്ല. പന്തികേട് തോന്നിയപ്പോള്‍ വാരിയര്‍ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പാതിമയക്കത്തില്‍ കിടന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു:
'മാമന്‍ കഴിച്ചിട്ട് ബാക്കിയുള്ളത് കഴിക്കാം എന്ന് അമ്മപറഞ്ഞു.'
അത്‌കേട്ടതും വാരിയരുടെ ഉള്ളില്‍ ഒരു സേ്ഫാടനം നടന്നു. കത്തിപ്പടര്‍ന്ന വിശപ്പ് കെട്ടടങ്ങിയതുപോലെ, കണ്ണ് നിറഞ്ഞു. അത് പുറത്തുകാണിക്കാതെ അദ്ദേഹം പറഞ്ഞു:
'പലസ്ഥലങ്ങളിലും പാര്‍ട്ടിക്ലാസുകള്‍ കഴിഞ്ഞാണ് ഞാന്‍ വരുന്നത്. എല്ലാസ്ഥലത്തുനിന്നും ഭക്ഷണം കഴിക്കുകയും ചെയ്തു. സത്യം പറഞ്ഞാല്‍ എനിക്ക് വിശപ്പില്ലായിരുന്നു. നിങ്ങള്‍ കാത്തുവെച്ച ഭക്ഷണം കളയേണ്ട എന്നുകരുതി ഇരുന്നതാണ്.

അതുപറഞ്ഞ് മുറിയുടെ ഒരു മൂലയ്ക്ക് വിരിച്ചിരുന്ന ഒരു പായയില്‍ അദ്ദേഹം ചെന്നുകിടന്നു. കെട്ടടങ്ങിയ വിശപ്പ് സങ്കടത്തില്‍ കുളിച്ച് തിരിച്ചുവന്നു. ആ വിശപ്പിനെ അദ്ദേഹം എങ്ങോട്ടോ പറഞ്ഞയച്ചു. ഈ വിട്ടില്‍ നിന്നിട്ടുകാര്യമില്ല. വേദന പിന്നീട് തളര്‍ച്ചയായി. അങ്ങനെയങ്ങനെ വാരിയര്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് പുലര്‍ച്ചെ അദ്ദേഹം ഉണര്‍ന്നു. തലേന്ന് ഇരുന്നിരുന്ന അതേ സ്ഥലത്ത് ചുമരുചാരിയിരുന്ന് ആ സ്ത്രീ ഉറങ്ങുന്നു. പെണ്‍കുട്ടി തൊട്ടപ്പുറത്തു കിടക്കുന്നു, മാറത്ത് മുലകുടി മാറാത്ത കുട്ടിയും. അടച്ചുവെച്ച പിഞ്ഞാണം അതേപോലിരിക്കുന്നു. അതിനുചുറ്റും കറുത്ത ഉറുമ്പുകള്‍ നിറഞ്ഞിരിക്കുന്നു.
വാരിയര്‍ ആ സ്ത്രീയെ വിളിച്ചുണര്‍ത്തി. എന്നിട്ടു ചോദിച്ചു:
'നിങ്ങള്‍ ഈ ഭക്ഷണം കഴിച്ചില്ലേ? ഞാന്‍ പറഞ്ഞതല്ലേ?'
അപ്പോഴും ആ സ്ത്രീ ഒന്നും മിണ്ടിയില്ല. വീണ്ടുംചോദിച്ചപ്പോള്‍ പറഞ്ഞു:
'രാത്രിയെങ്ങാനും സഖാവിന് വീണ്ടും വിശന്നാലോ എന്നുകരുതി വെച്ചതാ. ഇവിടെ ഇതേ ഭക്ഷണമുള്ളൂ:'

അതുകൂടി കേട്ടപ്പോള്‍ വാരിയരുടെ ശരീരമാകെ വിയര്‍ത്തുകുളിച്ചു. ഉറക്കെ കരയണം എന്നുതോന്നി. അദ്ദേഹം വാതില്‍ തുറന്ന് പുറത്തെ ഇരുട്ടില്‍ ചെന്നുനിന്നു. അപരിചിതമായ ഒരു ദേശം മുഴുവന്‍ തന്നെവന്ന് വിഴുങ്ങുന്നതുപോലെ. നെഞ്ചില്‍ കരച്ചില്‍കിടന്ന് കിതയ്ക്കുകയാണ്.
അല്പംകഴിഞ്ഞപ്പോള്‍ മാഷ് വന്നു. വാരിയര്‍ അദ്ദേഹത്തിനൊപ്പം ഇറങ്ങി. വീട്ടില്‍നിന്നും ഇറങ്ങുന്നതിനു മുന്‍പ് അദ്ദേഹത്തിന് ആ സ്ത്രീയുടെ മുഖത്തേക്കുനോക്കാന്‍ സാധിച്ചില്ല.

പ്രഭാതത്തിന്റെ നേര്‍ത്ത പ്രകാശത്തില്‍ അവര്‍ മിണ്ടാതെ നടന്നു. കുറച്ചുവഴി കഴിഞ്ഞാല്‍ കാവലന്‍ എന്നൊരാള്‍ കാത്തുനില്പുണ്ടാവുമെന്നും പിന്നെ അയാള്‍ അടുത്ത താവളത്തില്‍ എത്തിക്കുമെന്നും മാഷ് പറഞ്ഞു.

വാരിയര്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ മാഷ് ചോദിച്ചു.
'എന്താ ഭയം തോന്നുന്നുണ്ടോ?'
എന്നിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല.
'ഞങ്ങള്‍ക്കൊക്കെ ധൈര്യം തരുന്ന കെ.വി.കെ. പതറുകയാണോ?' മാഷ് ചോദിച്ചു.

അതുകേട്ടതും കെ.വി.കെ. പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. ഒരുമരത്തില്‍ മുഖം ചേര്‍ത്ത് ചങ്കുകീറിക്കരഞ്ഞു. മാഷിന് ഒന്നും മനസ്സിലായില്ല. കുറച്ചുകഴിഞ്ഞ് കരച്ചില്‍ ഒരു കിതപ്പിന് വഴിമാറിയപ്പോള്‍ വാരിയര്‍ നടന്നതെല്ലാം മാഷിനോട് പറഞ്ഞു. കനകമലത്താഴ്‌വരയിലെ തണുത്ത പ്രഭാതം ഒരിലപോലും പൊഴിക്കാതെ അത് കേട്ടുനിന്നു. പറഞ്ഞുതീര്‍ന്ന് വാരിയര്‍ ചോദിച്ചു:
'നമ്മള്‍പോന്ന ആ കുടിലിലെ കുട്ടികളെ പട്ടിണിക്കിട്ട് വളര്‍ത്തുന്ന കമ്യൂണിസം നമുക്കുവേണോ മാഷേ? കാര്യം എനിക്ക് കുട്ടികളില്ല, പക്ഷേ, എനിക്ക് വിശപ്പറിയാം'
അപ്പോള്‍ മാഷ് പറഞ്ഞു: കെ.വി.കെ., ആ കുട്ടികള്‍ ഒരുപക്ഷേ, ഇന്ന് പട്ടിണികിടന്നു മരിച്ചേക്കാം. എന്നാല്‍ ഇതുപോലുള്ള എത്രയോ കുട്ടികള്‍ക്കും ദരിദ്രര്‍ക്കുംവേണ്ടിയാണ് നമ്മള്‍ പൊരുതുന്നത്. ഞങ്ങള്‍ക്ക് ക്ലാസെടുക്കുന്ന കെ.വി.കെ.യ്ക്ക് അതറിയില്ലേ?'

കമ്യൂണിസം കലക്കിക്കുടിച്ച കെ.വി.കെ.യ്ക്ക് പക്ഷേ, അത് മനസ്സിലായില്ല. അദ്ദേഹം നനഞ്ഞ കണ്ണുകളോടെ മിഴിയടച്ചുനിന്നപ്പോള്‍, വിരിഞ്ഞുവരുന്ന ചുകന്ന പ്രഭാതത്തെ നോക്കി മാഷ് മുഷ്ടിചുരുട്ടി വിളിച്ചു:
'ഇങ്ക്വിലാബ്'.
അതുകേട്ട് കണ്ണുതുറന്ന കെ.വി.കെ. ഒരു നിമിഷത്തെ മൗനത്തിനുശേഷം കൈയുയര്‍ത്തി വിറയ്ക്കുന്ന സ്വരത്തില്‍ വിളിച്ചു:
'സിന്ദാബാദ്.'
അത് കനകമലയുടെ അസ്തിവാരങ്ങളില്‍ തട്ടി പ്രതിഫലിച്ചു. അവര്‍ നടന്നു.
ഇത്രയും പറഞ്ഞശേഷം അപ്പന്‍ കിതച്ചു. കുറച്ചുനേരം ചുമരില്‍ തലചായ്ച്ചിരുന്നു. ഒരു ബീഡികത്തിച്ചു. അന്ന് പിന്നെ അപ്പന്‍ ആരോടും മിണ്ടിയിട്ടില്ല.

വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കെ.വി.കെ.യെ പരിചയപ്പെട്ടു. അപ്പോഴേക്കും അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പുറത്തുപോന്നിരുന്നു. എന്തൊക്കെയോ ദുഃഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രായത്തില്‍ ഏറെ അന്തരമുണ്ടെങ്കിലും ഞാനും ബാലചന്ദ്രനും രവിയും ഹുസൈനും പോളിയും എല്ലാം ചേര്‍ന്ന സംഘത്തില്‍ അദ്ദേഹം വരും. അയ്യങ്കാവ് മൈതാനത്തും കൊറിയന്‍ ജോസിന്റെ കടയിലും ഞങ്ങള്‍ സംസാരിച്ചിരിക്കും.

കെ.വി.കെ.യെ പരിചയിച്ച കാര്യം അപ്പനോടു പറഞ്ഞപ്പോള്‍ അപ്പന്‍ പറഞ്ഞു:
'എന്തിനാണ് അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയത് എന്നെനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം: അത്തരം കമ്യൂണിസ്റ്റുകാരെയും അദ്ദേഹം അന്നുപറഞ്ഞ ആ അനുഭവത്തിലേതുപോലുള്ള മനുഷ്യരെയും നിന്റെ വഴിയില്‍ നീ കണ്ടെന്നുവരില്ല. കമ്യൂണിസം വെറുമൊരു പാര്‍ട്ടിയോ തിരഞ്ഞെടുപ്പുകളോ മുദ്രാവാക്യം വിളികളോ അധികാരമത്സരങ്ങളോ ഒന്നുമല്ല ഇന്നസെന്റേ, മനുഷ്യത്വമാണ്; മനുഷ്യത്വം മാത്രമാണ് . മനുഷ്യത്വമുള്ളവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. മനുഷ്യത്വത്തിന്റെ പുസ്തകമാണ് മാര്‍ക്‌സിസം.'

ഇപ്പോഴും ഇടയ്ക്കിടെ ഇരിങ്ങാലക്കുട കിഴക്കേപ്പള്ളിയിലെ അപ്പന്റെ കുഴിമാടത്തില്‍ ഞാന്‍ ചെന്നുനില്ക്കാറുണ്ട്. അപ്പോഴെല്ലാം അപ്പന്‍ പതുക്കെ ചോദിക്കുന്നത് എനിക്കു കേള്‍ക്കാം: അത്തരം മനുഷ്യരെയോ കമ്യൂണിസ്റ്റുകാരെയോ നീ കണ്ടുമുട്ടിയോ?
പ്രിയപ്പെട്ട അപ്പാ, അത്തരക്കാര്‍ ഈ ഭൂമിയില്‍ എവിടെയൊക്കെയോ ഉണ്ട്. എന്റെ കണ്‍മുന്നില്‍ വരുന്നില്ല എന്നുമാത്രം. 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നല്ലേ ബൈബിള്‍ പറയുന്നത്? ഞാനെന്റെ അന്വേഷണം തുടരുകയാണ്. അത്തരം ഒരാളെ കണ്ടെത്തുന്ന ദിവസം അയാളുമൊത്ത് ഞാന്‍ അപ്പന്റെ കുഴിമാടത്തില്‍ വരും, എന്നിട്ട് അയാളുടെ കൈപിടിച്ചുയര്‍ത്തിയിട്ട് ഉച്ചത്തില്‍ വിളിക്കും.
'ഇങ്ക്വിലാബ്.'
അപ്പോള്‍ എനിക്കേറെ പ്രിയപ്പെട്ടതും പരിചിതമായതുമായ ശബ്ദത്തില്‍ അപ്പന്‍ വിളിക്കുന്നത് എനിക്കുകേള്‍ക്കാം.
'സിന്ദാബാദ്!'
പള്ളിക്കു മുകളിലെ തിരുരൂപം അതുകേട്ട് മന്ദഹസിക്കും, അള്‍ത്താരയില്‍ മെഴുകുതിരികള്‍ മിഴിതുറക്കും.
(ഇന്നസെന്റിന്റെ ചിരിക്ക് പിന്നില്‍ എന്ന ആത്മകഥയിലെ അവസാന അദ്ധ്യായം)

Monday, June 16, 2014

അമ്മയുടെ കഥ

സത്യന്‍ അന്തിക്കാട്‌



നേരം വെളുത്തുവരുന്നതേയുള്ളു. അന്തിക്കാട്ടെ എന്റെ വീടിന്റെ വരാന്തയില്‍ രാവിലത്തെ പത്രങ്ങളും ചായയുമായി ഇരിക്കുമ്പോള്‍ അകത്തെ മുറിയില്‍നിന്നുവന്ന് അമ്മയെന്നെ കുറെനേരം നോക്കി. എന്നിട്ട് ചെറിയൊരു സംശയത്തോടെ ചോദിച്ചു:
'നീ സത്യന്‍ തന്നെയല്ലേ?' ആരോഗ്യത്തിന് വലിയ തകരാറില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അമ്മയോട് പിണങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്. പ്രായം എണ്‍പതിനടുത്തായതുകൊണ്ട് അത് സ്വാഭാവികമാണെന്നു ഡോക്ടര്‍മാര്‍. (എണ്‍പതല്ല തൊണ്ണൂറായാലും ഓര്‍മയും ബുദ്ധിയും കൂടുതല്‍ കരുത്താര്‍ജിക്കുന്നവരെ രാഷ്ട്രീയരംഗത്ത് ധാരാളം കാണാറുണ്ട്. അമ്മ, പക്ഷേ പാവം ഒരുനാട്ടിന്‍പുറത്തുകാരിയായിരുന്നു.) ഞാന്‍ സത്യന്‍ തന്നെയാണെന്നു പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: 'നമുക്കിനി നമ്മുടെ വീട്ടിലേക്ക് പൊയ്ക്കൂടേ?'
അതെന്നെ അല്പം അതിശയിപ്പിച്ചു. 'ഇതല്ലേ നമ്മുടെ വീട്?'
അമ്മ സമ്മതിക്കുന്നില്ല. ശരിക്കുള്ള വീട് അമ്മയ്ക്ക് അറിയാമെന്നും വേണമെങ്കില്‍ കാണിച്ചുതരാമെന്നും പറഞ്ഞപ്പോള്‍ ഒരു കൗതുകത്തിന് ഞാന്‍ അമ്മയോടൊപ്പം കൂടി.

കാറിന്റെ താക്കോലെടുത്ത് ഭാര്യയോട് വിളിച്ചുപറഞ്ഞു: 'ഞാനും അമ്മയുംകൂടി നമ്മുടെ വീട്ടിലേക്കൊന്നു പോവുകയാ.'
നിമ്മി അല്പം അതിശയവും ചെറിയൊരു ചിരിയുമായി നിന്നു.
അമ്മ എല്ലാവരോടും യാത്രപറഞ്ഞ് എന്റെയൊപ്പം കാറില്‍ കയറി. 'ആ അയ്യപ്പെണ്ണിനെക്കൂടി വിളിക്കാമായിരുന്നു. കുറച്ചു ദിവസമായി വീട് അടച്ചിട്ടിരിക്കുന്നതുകൊണ്ട് മുറികളൊക്കെ പൊടിപിടിച്ച് കിടക്കുകയാവും.'
വീട്ടുജോലികളില്‍ വല്ലപ്പോഴും നിമ്മിയെ സഹായിക്കാന്‍ വരുന്ന സ്ത്രീയാണ് അയ്യപ്പെണ്ണ്. ആദ്യം വീട് കണ്ടെത്തട്ടെ. പിന്നീടാവാം അടിക്കലും തുടയ്ക്കലും എന്നു പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. ഒരു കുട്ടിയുടെ കൗതുകത്തോടെ അമ്മ മുന്‍സീറ്റിലിരുന്നു. അന്തിക്കാട്ടെ ഓരോ ഇടവഴികളിലൂടെയും ഞാന്‍ കാറോടിച്ചു. ഇടയ്ക്ക് ചോദിക്കും, 'വീടെവിടെ അമ്മേ?'
'നീ നേരെ നോക്കി വണ്ടിയോടിക്ക്.'

ആ യാത്രയില്‍ അമ്മ പഴയ കുറെ കാഴ്ചകള്‍ കണ്ടു. അന്തിക്കാട്ടെ ദേവീക്ഷേത്രം, അമ്പലക്കുളം, പള്ളി, പോലീസ് സ്റ്റേഷന്‍, ചില ബന്ധുക്കളുടെ വീടുകള്‍. അടുത്ത കാലത്തൊന്നും ആ വഴികളിലൂടെ അമ്മ വന്നിട്ടില്ല. ഓരോ സ്ഥലത്തെത്തുമ്പോഴും ആ സ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ടാവും.
റജിസ്ട്രാര്‍ ഓഫീസ് കണ്ടപ്പോള്‍ പറഞ്ഞു:''അതിനു പുറകിലുള്ള വീട്ടിലാണ് നീ ജനിക്കുന്നതിനുമുമ്പ് നമ്മള്‍ താമസിച്ചിരുന്നത്.'
അത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു.

അമ്പലത്തിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയിരുന്നുകൊണ്ടുതന്നെ അമ്മ ദേവിയെ തൊഴുതു. പള്ളി പുതുക്കിപ്പണിഞ്ഞതെപ്പോള്‍ എന്ന് ചോദിച്ചു. പോലീസ്‌സ്റ്റേഷന് ഒരു മാറ്റവുമില്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ പോയിപ്പോയി എന്റെ ചേച്ചിയുടെ വീടെത്തി. ചേച്ചി കാറിനടുത്തേക്ക് ഓടിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇറങ്ങുന്നില്ല. അമ്മ എനിക്ക് നമ്മുടെ വീട് കാണിച്ചുതരാമെന്നു പറഞ്ഞ് പുറപ്പെട്ടതാണ്.' നീണ്ട ഒരു ചുറ്റിയടിക്കലിനുശേഷം പുറപ്പെട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോള്‍ അത്ഭുതം പോലെ അമ്മ പറഞ്ഞു:
'ഇതല്ലേ നമ്മുടെ വീട്?'

ഒരു തമാശയ്ക്കാണ് അമ്മയേയും കൊണ്ട് കറങ്ങിയതെങ്കിലും അത് അമ്മയിലുണ്ടാക്കിയ സന്തോഷം എന്നെ അതിശയിപ്പിച്ചു. എത്ര വിശിഷ്ടമായ ആഹാരം - എത്ര മനോഹരമായ പട്ടുപുടവ - കൊണ്ടുകൊടുത്താലും കിട്ടാത്ത ആനന്ദം അമ്മയുടെ മുഖത്ത് ഞാന്‍ കണ്ടു. ഇനി ഇടയ്‌ക്കൊക്കെ അമ്മയെ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് അന്ന് ഉറപ്പിച്ചു. പക്ഷേ, അതിനു കാത്തുനില്‍ക്കാതെ ഒരാഴ്ചയ്ക്കുള്ളില്‍ പെട്ടെന്നൊരു ഉച്ചയ്ക്ക് അമ്മ ഞങ്ങളെ വിട്ടുപോയി. ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്‌നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന് തിരക്കഥാകൃത്ത് രഞ്ജന്‍പ്രമോദ് ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. നമ്മളെല്ലാം അച്ഛനമ്മമാരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാണ്. വേണ്ടതൊക്കെ അവര്‍ ആവശ്യപ്പെടാതെതന്നെ നല്‍കുന്നവരാണ്. പക്ഷേ, അവര്‍ ആഗ്രഹിക്കുന്നതെന്തെന്ന് നമ്മള്‍ അന്വേഷിക്കാറുണ്ടോ? ആ അന്വേഷണമാണ് 'മനസ്സിനക്കരെ' എന്ന സിനിമയിലേക്ക് നയിച്ചത്.

അമ്മയുടെ മനസ്സ് സ്‌നേഹത്തിന്റെ കടലാണ്. സമ്പത്തും സൗകര്യങ്ങളുമൊക്കെ ഇക്കരെയുണ്ടാവാം. അവര്‍ ആഗ്രഹിക്കുന്ന സന്തോഷത്തിന്റെ പൊന്‍വെളിച്ചം അക്കരെയാണെങ്കില്‍ സമ്പത്തിനും സൗകര്യങ്ങള്‍ക്കും എന്തു പ്രസക്തി?
'മനസ്സിനക്കരെ' എന്ന സിനിമയുടെ കഥ, അന്ന് ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍നിന്ന് രൂപപ്പെട്ടു തുടങ്ങി. വാകത്താനത്തുനിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്തുക്കുട്ടിച്ചായന്റെ കൂടെ ഒളിച്ചോടിപ്പോന്ന കൊച്ചുത്രേസ്യയുടെ കഥ പറയുമ്പോള്‍ പാലായിലും ചങ്ങനാശ്ശേരിയിലും മരങ്ങാട്ടുപള്ളിയിലും മണര്‍കാടുമൊക്കെ ഒന്നു പോയിവരുന്നത് നല്ലതാണെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു.
ആ യാത്രയില്‍ ഞങ്ങള്‍ പലരെയും കണ്ടു. കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ എവിടെയാണെന്നുപോലും അറിയാത്ത അച്ഛനമ്മമാര്‍, ചെറിയ കൃഷിപ്പണികളില്‍നിന്ന് തുടങ്ങി കൂറ്റന്‍ എസ്റ്റേറ്റുകളുടെ ഉടമകളായി മാറിയ അധ്വാനശീലരായ മനുഷ്യര്‍... അങ്ങനെ പലരേയും. കൂട്ടത്തില്‍ ഒരു ഞായറാഴ്ച കുര്‍ബാനയ്ക്ക് കൂടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സുഹൃത്ത് പള്ളിയില്‍ കയറിയപ്പോള്‍ വരാന്തയില്‍നിന്ന് ഞങ്ങള്‍ കണ്ട കാഴ്ച - അതാണ് ഷീലയും ലളിതയും പള്ളിയില്‍ പോകുന്ന സീനിന്റെ പ്രചോദനം.

അച്ചന്റെ പ്രഭാഷണത്തിനിടയ്ക്ക് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന അമ്മൂമ്മമാര്‍ പല സ്ഥലങ്ങളിലുമുണ്ടത്രെ. ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരുടെ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമ്പോഴാണ് അത് ജീവിതഗന്ധിയാണെന്ന് തോന്നുക. എന്റെ കുട്ടിക്കാലത്തെ ഒരനുഭവം:
ഞാനന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അമ്മയോട് നാട്ടുവിശേഷങ്ങള്‍ പറയാന്‍ അയല്‍പക്കത്തുള്ള ഒരു സ്ത്രീ വരും. കടുത്ത പാര്‍ട്ടി സ്‌നേഹി. ചുവന്ന ബ്ലൗസും ചുവപ്പുകരയുള്ള മുണ്ടുമുടുത്ത് സ്ഥിരമായി ജാഥകളിലും മീറ്റിംഗിലുമൊക്കെ പങ്കെടുക്കും. 'പാര്‍ട്ടി അണികള്‍' എന്നൊക്കെ പറയുന്ന സജീവമായ ഒരു കണ്ണി. അതിനപ്പുറത്തുള്ള കാര്യങ്ങളൊന്നും ആ ചേച്ചിക്കറിയില്ല. ദൂരസ്ഥലങ്ങളിലുള്ള സമ്മേളനങ്ങള്‍ക്ക് പോകാന്‍ വലിയ താല്‍പ്പര്യമാണവര്‍ക്ക്. നാടുകാണലാണ് പ്രധാന ഉദ്ദേശ്യം. ക്ഷേത്രങ്ങള്‍, പള്ളികള്‍, പാര്‍ക്ക്, കാഴ്ചബംഗ്ലാവ് ഒക്കെ കണ്ട് സമ്മേളനം കഴിയാറാവുമ്പോള്‍ തിരിച്ച് വണ്ടിയില്‍ കയറും. നാട്ടിലെത്തിയാല്‍ പിന്നെ കാണുന്നവരോടൊക്കെ കണ്ട കാര്യങ്ങളെപ്പറ്റി വര്‍ണനയാണ്.

'മനസ്സിനക്കരെ'യിലെ നായികയെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാക്കാമെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞപ്പോള്‍ ഈ പഴയ ഓര്‍മ ഞാന്‍ കൈമാറി. സുകുമാരി അവതരിപ്പിച്ച സഖാവ് ശാന്തമ്മ പാര്‍ട്ടി ജില്ലാ സമ്മേളനം കഴിഞ്ഞുവരുമ്പോള്‍ കൊടുങ്ങല്ലൂരമ്മയെ തൊഴുതതും തോമാശ്ലീഹയുടെ പള്ളി കണ്ടതുമൊക്കെ പറയാന്‍ കാരണം ആ ഓര്‍മയാണ്.
നമ്മുടെ ശ്രീനിവാസന്‍ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു.

'കൊച്ചുത്രേസ്യയെ എനിക്കിഷ്ടമായി. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗൗരിയും റെജിയും തമ്മിലുള്ള പ്രണയത്തിന്റെ ആഖ്യാനമാണ്. പറയാതെ പറയുന്ന പ്രണയമാണത്.'
ജീവിതത്തില്‍ പലപ്പോഴും അങ്ങനെയാണല്ലോ. രണ്ടുപേരുടെയും ഉള്ളില്‍ പ്രണയം ഒളിഞ്ഞുകിടപ്പുണ്ടാവും. അതു തിരിച്ചറിയുന്നത് തീരെ പ്രതീക്ഷിക്കാത്ത ഏതെങ്കിലും സന്ദര്‍ഭത്തിലാവും.
ചെറുപ്പംമുതലേ എനിക്കറിയാവുന്ന പെണ്‍കുട്ടിയാണ് നിമ്മി. പൊതുകാര്യങ്ങളല്ലാതെ ഞങ്ങളൊന്നും പറയാറില്ലായിരുന്നു. സംവിധാനം പഠിക്കാന്‍ മദ്രാസില്‍ പോയപ്പോള്‍ ആ ഒറ്റപ്പെടലിലാണ് എന്റെ ഉള്ളിലുള്ള ഇഷ്ടം ഞാന്‍ തിരിച്ചറിഞ്ഞത്. പിന്നീട് കാണുമ്പോഴും പ്രണയസല്ലാപമോ യുഗ്മഗാനങ്ങളോ ഒന്നുമില്ല. ഇഷ്ടമാണെന്ന് പരസ്​പരം അറിയാം. അത്രമാത്രം.

രഞ്ജന്‍ പ്രമോദിനും ഇതേ പ്രണയാനുഭവം തന്നെയായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് പിരിയുന്ന ദിവസമാണ് അവര്‍ അത് പരസ്​പരം പറഞ്ഞതത്രെ. ശ്രീനിവാസന്റെ ജീവിതത്തിലേക്ക് വിമല കടന്നുവന്നതും ഇതുപോലെ പറയാതെ പറഞ്ഞ ഒരു പ്രണയത്തിലൂടെത്തന്നെ. അപ്പന്റെ വിയോഗത്തിനുശേഷം തനിച്ചായിപ്പോയ റെജിയെ ആശ്വസിപ്പിക്കാനെത്തിയ ഗൗരി എന്തിനെന്നറിയാതെ തേങ്ങിക്കരയുന്നു. 'എന്തിനാ കരയുന്നത്' എന്നവന്‍ ചോദിച്ചുകൊണ്ടേയിരുന്നു. 'അറിയില്ല; എനിക്കറിയില്ല' എന്നു മാത്രമേ ഗൗരി പറയുന്നുള്ളൂ. അതിനപ്പുറത്തുള്ള ഒരു ഭാഷയും പ്രണയത്തിന് ആവശ്യമില്ല.

ഷീലയുടെ സാന്നിധ്യമാണ് 'മനസ്സിനക്കരെ' എന്ന സിനിമയുടെ സൗഭാഗ്യം. ഞാന്‍ ജനിക്കുമ്പോള്‍ സിനിമയില്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന നക്ഷത്രമായിരുന്നു അനശ്വരനായ സത്യന്‍. ആ സത്യനോടുള്ള ആരാധന കൊണ്ടാണ് എനിക്ക് സത്യന്‍ എന്നു പേരിട്ടത് എന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പല സിനിമകളിലും അഭിനയിച്ച ഷീലയെ കൊച്ചുത്രേസ്യയായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഒരു പൂര്‍വകാല പുണ്യം.

അനുബന്ധം: ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരു കുഞ്ഞുകാര്യം. മദ്രാസില്‍നിന്ന് ഷീലയോടൊപ്പം സത്യഭാമ എന്നൊരു ഹെയര്‍ഡ്രെസ്സര്‍ വന്നിരുന്നു. ഷൂട്ടിങ് സ്ഥലത്തുവെച്ച് സത്യഭാമയെ 'സത്യാ, സത്യാ' എന്ന് ഷീല ഉറക്കെ വിളിക്കും. അപ്പോഴൊക്കെ എന്നെയാണെന്നു കരുതി ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കും. ഒടുവില്‍ ഷീല അവരെ 'ഭാമ' എന്നു വിളിക്കാന്‍ തുടങ്ങി. മലയാളസിനിമയെപ്പറ്റി ഒന്നും അറിയാത്ത തനി തമിഴ്‌നാടന്‍ സ്ത്രീയായിരുന്നു സത്യഭാമ. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഹോട്ടല്‍ മുറിയിലെ ടിവിയില്‍ ഷീലയും സത്യനും ചേര്‍ന്നുള്ള പഴയൊരു പ്രണയഗാനം. അതുകണ്ടിരിക്കെ സത്യഭാമ ഷീലയോടു ചോദിച്ചു. 'യാരമ്മാ ഉങ്കെ കൂടെ നടിക്കറത്?'
'സത്യന്‍' എന്ന് ഷീല പറഞ്ഞ ഉടനെ സത്യഭാമ മൂക്കത്ത് വിരല്‍ വെച്ചു. 'അപ്പപ്പാ! എന്നാ അതിശയം!'
നേരിട്ട് കാണുന്നതുപോലെയല്ലത്രെ സിനിമയില്‍ സത്യനെ കാണുമ്പോള്‍. വല്ലാതെ വ്യത്യാസമുണ്ടെന്ന്.
'നീ അതിന് സത്യനെ നേരിട്ടു കണ്ടിട്ടുണ്ടോ?'

'പിന്നെ... ദിവസവും നമ്മുടെ സെറ്റില്‍ കാണുന്നതല്ലേ? ഇദ്ദേഹമെന്തിനാ അഭിനയം വിട്ട് സംവിധായകനായത്?'
സത്യഭാമ വിചാരിച്ചത് യുവതിയായ ഷീലയോടൊപ്പം ആടിപ്പാടിയത് ഈ ഞാനാണ് എന്നത്രെ. ഉത്തരം മുട്ടിപ്പോകുന്ന കമന്റാണത്. സെറ്റില്‍ ഈ കഥ പാട്ടായതിനുശേഷം സത്യഭാമ എന്റെ മുന്നില്‍ വന്നിട്ടേയില്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അത് നല്ല അഭിപ്രായവും വിജയവും നേടുന്നു എന്നറിയുമ്പോള്‍ ഇത്തരം ഒരു തിരിഞ്ഞുനോട്ടം സുഖമുള്ള കാര്യമാണ്.

(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)

Friday, May 23, 2014

മനുഷ്യകാമനകളുടെ ദൃശ്യസാരം

ഇ. ജയകൃഷ്ണന്‍



ആയിരത്തൊന്നു രാവുകളുടെ കഥ ഒറ്റയിരിപ്പിന് ആയിരം താളുകളില്‍ എഴുതിത്തീര്‍ക്കാന്‍ ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്നു വരാം. എന്നാല്‍ അനുഭൂതി വാക്കുകളിലേക്കു പകര്‍ത്തിവെക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. പത്മരാജന്‍ എന്ന കലാകാരനെപ്പറ്റി എഴുതേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ നമ്മിലേക്കു പടര്‍ന്നുകയറിയ ലാവണ്യാനുഭവത്തെക്കുറിച്ചാണ് എഴുതേണ്ടിവരുന്നത്. അതു വളരെ ആയാസമുള്ള ഒരു പ്രവൃത്തിയാണ്, അഥവാ ഒരു പരിധിവരെ സാഹസികതയാണ്.

പത്മരാജന്‍ തന്റെ കഥകളിലും നോവലുകളിലുമെല്ലാം വാക്കുകള്‍കൊണ്ട് ദൃശ്യരൂപങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. അല്ലെങ്കിലും എല്ലാ സാഹിത്യരൂപങ്ങളിലും വാക്കുകള്‍ സൃഷ്ടിക്കുന്ന ലോകം ദൃശ്യമായിത്തന്നെയാണ് നമ്മുടെ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്.

എഴുത്തച്ഛന്‍ സഭാപ്രവേശത്തില്‍, ശ്രീകൃഷ്ണന്റെ ദുര്യോധനസഭയിലേക്കുള്ള വരവ് ചിത്രീകരിക്കുന്നത് (വാക്കുകളില്‍) ഒരു വൈഡ് ആംഗിള്‍ ലെന്‍സിലൂടെ കാണുന്നപോലെയാണ്. പലയിടത്തും വായനക്കാരന്‍ സ്വന്തം കാഴ്ചപ്പാടിലൂടെയും ദുര്യോധനന്റെ വീക്ഷണകോണിലൂടെയും മാറിമാറി കൃഷ്ണനെ കാണുന്നു. ഒടുവില്‍ ഒരു താഴ്ന്ന കോണിലൂടെ ദുര്യോധനനോടൊപ്പം നമ്മളും ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു. ഇത് തിരിച്ചറിയാന്‍ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ സാര്‍വത്രികമായതിനുശേഷമേ നമുക്ക് കഴിഞ്ഞുള്ളൂ എന്നതാണു സത്യം. ഒരു പക്ഷേ ഏതൊരു വാങ്മയചിത്രവും നമ്മളില്‍ ദൃശ്യബോധമുണര്‍ത്തിയിട്ടാവണം സംവേദനം സാധ്യമാക്കുന്നത്.

തിരക്കഥാരചനയും സംവിധാനവും ഒന്നിച്ച് നിര്‍വഹിച്ചിട്ടുള്ള സംവിധായകരെ പരിശോധിക്കുമ്പോള്‍ (കുറച്ചുപേര്‍ ഇതിനൊരപവാദമായി ഉണ്ടെങ്കിലും) സ്വന്തം തിരക്കഥയെ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്കു തര്‍ജമ ചെയ്യുമ്പോള്‍ നേരത്തേ തിരക്കഥയില്‍ രൂപപ്പെട്ട കാഴ്ച അവരുടെ പുതിയ ദൃശ്യനിര്‍മിതിക്ക് വിലങ്ങായിത്തീരുന്നതായി കാണാം. തിരക്കഥയില്‍ രൂപപ്പെട്ട സംഭവത്തെ ഛായാഗ്രഹണം, ചിത്രസന്നിവേശം, അഭിനയം അങ്ങനെ അനേകം ചേരുവകള്‍ ചേര്‍ത്ത് വ്യാഖ്യാനിക്കുകയാണല്ലോ സംവിധായകന്‍ ചെയ്യുന്നത്. പലപ്പോഴും ഈ ആഖ്യാനവ്യാഖ്യാനങ്ങള്‍ പൊരുത്തപ്പെടാതെ പോവാറുണ്ട്. ഈ പൊരുത്തക്കേടിനെയാണ് പത്മരാജന്‍ തന്റെ ചിത്രങ്ങളില്‍നിന്നും ഒഴിവാക്കിനിര്‍ത്തിയത്. തന്റെ ചലച്ചിത്രരചനയിലൂടെ സംവിധായക തിരക്കഥാ ദ്വന്ദ്വത്തെ അദ്ദേഹം ഏകരാശിയിലാക്കി. സിനിമ, ഒരേ കാര്യം വ്യത്യസ്തമായ രീതിയില്‍ പറയുകയല്ല, മറിച്ച് വ്യത്യസ്ത കാര്യങ്ങളായിത്തന്നെ പറയുകയാണു ചെയ്യുന്നത്. സ്വന്തം സിനിമയ്ക്കു തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി തിരക്കഥാരചന നടത്തുമ്പോഴും അദ്ദേഹം വ്യത്യസ്തമായ സമീപനങ്ങളാണു സ്വീകരിച്ചിരുന്നത്. ഓരോ സംവിധായകന്റെയും സൗന്ദര്യബോധത്തിനും മാധ്യമ അവബോധത്തിനും അനുസൃതമായി രചന നടത്താന്‍ പത്മരാജന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തനവിരസമായിത്തീര്‍ന്ന പ്രാദേശികഭാഷയുടെ ഇടുങ്ങിയ വഴിയില്‍നിന്ന് ഭാഷാവൈവിധ്യത്തിന്റെ തുറസ്സിലേക്കു മലയാളതിരക്കഥയെ കൊണ്ടെത്തിച്ചത് പത്മരാജനാണ്. കുട്ടനാടന്‍, തിരുവിതാംകൂര്‍, മദ്ധ്യതിരുവിതാംകൂര്‍ ഭാഷകൊണ്ടും പ്രാദേശികമായ വ്യത്യസ്ത ഭാഷാപ്രയോഗങ്ങള്‍കൊണ്ടും അദ്ദേഹം തിരക്കഥയുടെ ഭാഷയെ നവീകരിച്ചു. ഭാഷയുടെ മേലുള്ള സ്വാധീനം, ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കൈയടക്കം അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആ സര്‍ഗശേഷിയാണ് ഞാന്‍ ഗന്ധര്‍വനിലെ, കവിതതുളുമ്പുന്ന, മന്ത്രസമാനമായ ശൈലീകൃതഭാഷയിലൂടെ നാം അറിഞ്ഞത്. കവിതയോടടുത്തുനില്ക്കുന്ന ഭാഷ കാഴ്ചയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ദൃശ്യത്തിനു സമാന്തരമായി ഭാഷയെ കുറുക്കി പ്രയോഗിച്ചു പത്മരാജന്‍. 'അമ്മച്ചിയെനിക്കിപ്പോ അമ്മച്ചിയല്ലാതായി. എലിസബത്തെനിക്കിപ്പോ അനിയത്തിയല്ലാതായി' (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) ഇവിടെ ദൃശ്യത്തിന് ആവിഷ്‌കരിക്കാനാവാത്തത് ഭാഷ കാണിച്ചുതരുന്നു. 'നമുക്ക് അങ്ങ് ദൂരേയ്ക്കു പോകാം. ആര്‍ക്കുമാര്‍ക്കും എത്തിപ്പെടാനാവാത്ത സെയ്ഫായ ഒരു ദൂരെ.' ഈ സംഭാഷണഖണ്ഡത്തില്‍ ഒരുപാടു സൂചനകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം.

പത്മരാജന്റെ രചനകളില്‍ യാഥാര്‍ഥ്യം, തോന്നലുകള്‍, മതിഭ്രമങ്ങള്‍ , മിഥ്യാബോധങ്ങള്‍  ഇവയുടെയൊക്കെ അതിര്‍വരമ്പുകള്‍ വളരെ നേരിയതാണ്. വാക്കുകളാല്‍ വരയിടുന്ന പല കാര്യങ്ങളും ശക്തമായ ബിംബകല്പനകളിലേക്ക് വളര്‍ന്നുനില്ക്കുന്നു. എന്നാല്‍ അവ കേവല പ്രതീകങ്ങളായി ഒരിക്കലും സംവേദനത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. 'രതിനിര്‍വേദം' എന്ന ചിത്രത്തില്‍ പാമ്പിന്‍കാവില്‍ വെച്ച് പപ്പു രതിക്ക് ടോര്‍ച്ചു കൈമാറുന്ന ഒരു ദൃശ്യമുണ്ട്. ഇതില്‍ ടോര്‍ച്ചിന്റെയും കൈകളുടെയും സമീപദൃശ്യം പുരുഷലിംഗപരമായ ഒരു ബിംബഘടനതന്നെയാണ് കാട്ടിത്തരുന്നത്. അതു വിദഗ്ധമായി കണ്ടെടുക്കാന്‍ ഭരതന്‍ എന്ന സംവിധായകനു കഴിഞ്ഞു എന്നുള്ളത് ആ രണ്ടു കലാകാരന്മാരുടെ രചനാപരമായ ഐക്യബോധത്തെ കാണിക്കുന്നു. ഇങ്ങനെ കാമത്തെയും മരണത്തെയും പ്രണയത്തേയും ചൂണ്ടിനില്ക്കുന്ന എത്രയെത്ര ദൃശ്യബിംബങ്ങളാണ് ഈ ചലച്ചിത്രകാരന്‍ തന്റെ രചനകളില്‍ കൊണ്ടുവന്നിട്ടുള്ളത്. മഴയും പൂക്കളും പാമ്പുകളും അങ്ങനെ നീണ്ടുപോകുന്നു ആ ബിംബാവലി. തൂവാനത്തുമ്പികളിലെ ക്ലാരയ്‌ക്കൊപ്പമുള്ള മഴ, രതിനിര്‍വേദത്തിലെ സംയോഗത്തിനു താളമായി നില്ക്കുന്ന മഴഅങ്ങനെ മഴയും പൂക്കളും നിഴലും ഇരുട്ടും എല്ലാം രതിയുടെയും കാമത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഭയത്തിന്റെയും അപരക്കാഴ്ചകളായി നമ്മില്‍ നിറയുന്നു.

മനുഷ്യന്റെ ആദിമവാസനകളും നന്മതിന്മകളും രതിയും പകയും എല്ലാം അദ്ദേഹം തന്റെ വാക്കുകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകളില്‍ സര്‍വോത്തമന്മാരായ കഥാപാത്രങ്ങളില്ല. ആദര്‍ശത്തിന്റെ പ്രതിപുരുഷന്മാരില്ല. നന്മതിന്മകളുടെ, പുണ്യപാപങ്ങളുടെ, പകയുടെ, അനുനയത്തിന്റെ ജൈവരൂപങ്ങളെയാണ് പത്മരാജന്‍ തന്റെ രചനകളിലൂടെ നമുക്കു കാണിച്ചുതന്നത്.

ഏതു നിമിഷത്തിലാണ് ഒരു യഥാതഥദൃശ്യം ഫാന്റസിയുടെ, അയഥാര്‍ഥത്തിന്റെ വിതാനത്തിലേക്ക് ചുവടുമാറുന്നത് എന്നു നമുക്ക് തിരിച്ചറിയാനാവില്ല. സ്ഥലകാലങ്ങള്‍ നിമിഷങ്ങള്‍ക്കകം കുഴമറിയുന്നു. കള്ളന്‍ പവിത്രനില്‍ പവിത്രന്‍ തന്റെ പാത്രം തിരിച്ചെടുക്കാനായി ഗോഡൗണില്‍ തിരയുന്ന ഒരു രംഗമുണ്ട്. ആ ഗോഡൗണിന്റെ അന്തരീക്ഷം നോക്കുക. ഉച്ചിയില്‍ കത്തിനില്ക്കുന്ന ഒറ്റവിളക്ക്, പാമ്പ്, ഓട്ടുപാത്രങ്ങള്‍, നിഴലുകള്‍ വീണ ഭൂതലം അങ്ങനെ ഭ്രമാത്മകകല്പനകളുടെ ഒരു ലോകം. പാത്രക്കാട് എന്നാണ് തിരക്കഥയില്‍ ആ ഗോഡൗണിനു പേര്. ആ വെളിച്ചവും സര്‍പ്പവുമെല്ലാം അതുവരെ നാം പരിചയിച്ച യാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്നും നമ്മെ അയഥാര്‍ഥത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഒരപരിചിതലോകത്തെത്തിപ്പെടുകയാണു കാഴ്ചക്കാര്‍. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്റെ ലോറി, അതു കാഴ്ചക്കാര്‍ക്ക് അതുവരെ കാണാത്ത ഒരു വിചിത്രവാഹനമാണ്.

ഇത്തരം രീതികള്‍ തന്റെ കഥകളില്‍ അനവധി പരീക്ഷിച്ചിട്ടുണ്ട് പത്മരാജന്‍. അവസാന കാലത്തെഴുതിയ ഓര്‍മ എന്ന കഥയില്‍ ഭൂതഭാവി കാലങ്ങളെ മുന്നോട്ടും പിന്നോട്ടും ക്രമംതെറ്റിച്ചു നടത്തുന്നുണ്ട് അദ്ദേഹം. ഡെമന്‍ഷ്യപോലുള്ള മേധാക്ഷയരോഗത്തെക്കുറിച്ചൊന്നും ഏറെ കേട്ടിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ഇത്തരം ഒരു കഥയെഴുതുന്നത് എന്നോര്‍ക്കണം.

രതിയും പകയും ആക്രമത്വരയും ഏറ്റവുമധികം കാണപ്പെടുന്ന ചിത്രങ്ങളാണ്, ഇതാ ഇവിടെ വരെ, തകര, നവംബറിന്റെ നഷ്ടം, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമം എന്നിവ. ഒരു മനഃശാസ്ത്രവിദഗ്ധന്റെ കൃതഹസ്തതയോടെയാണ് പത്മരാജന്‍, ഈ ചിത്രങ്ങളില്‍ മനുഷ്യമനസ്സിനെ ചിത്രീകരിക്കുന്നത്.

കഥാരചനയുടെ വേളയില്‍ മനസ്സില്‍ രൂപപ്പെടുന്ന അമൂര്‍ത്തമായ സ്ഥലം അതേപടി തന്റെ സിനിമയിലേക്ക് ആവാഹിക്കാന്‍ സാധിച്ചു എന്നതാണ് പത്മരാജന്റെ ഏറ്റവും വലിയ നേട്ടം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വീട്, ഗ്രാമാന്തരീക്ഷം, മണ്ണിന്റെ ടോണ്‍, മൂന്നാംപക്കത്തിലെ ഉപ്പളം ഇതൊക്കെ ഭാവനയിലെ അമൂര്‍ത്തദൃശ്യങ്ങളെ ചലച്ചിത്രത്തിലെ മൂര്‍ത്തദൃശ്യങ്ങളായി പരിവര്‍ത്തിപ്പിക്കലാണ്. ഇന്നലെയിലെ മായയെ (ആ പേരുപോലും ഒരു നല്ല അലിഗറിക്കല്‍ സങ്കല്പമാണ്) പാര്‍പ്പിക്കുന്ന വീടും അതിന്റെ അന്തരീക്ഷവും ആ കഥയുടെ, ഓര്‍മകളുടെ നിലതെറ്റിയതിന്റെ കഥ പറയുന്ന, ആ സിനിമയുടെ മുഴുവന്‍ ഭാവവും അന്തരീക്ഷസൃഷ്ടിയിലൂടെ സൃഷ്ടിച്ചെടുക്കാന്‍ പത്മരാജനു കഴിയുന്നുണ്ട്.

മരണത്തിന്റെ സാന്നിധ്യം കാണിക്കാന്‍ നിഴലുകളേയും കറുപ്പിനേയും ഉപയോഗിക്കുന്നത് തന്റെ ചെറുകഥകളില്‍ത്തന്നെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചൂണ്ടല്‍ എന്ന കഥയില്‍, തോടിനെ ചൂഴ്ന്നു നില്ക്കുന്ന ഇരുട്ടും അവിടവിടെ ഒളിച്ചുകളിക്കുന്ന നിഴലുകളും ഏകാകിയായ ആ ചൂണ്ടക്കാരന്റെ മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള അവസ്ഥയെയാണു കാണിക്കുന്നത്. ഈ ഇരുട്ടും നിഴലുകളും പെരുവഴിയമ്പലത്തിലും അപരനിലുമെല്ലാം ധാരാളമായി കടന്നുവരുന്നുണ്ട്. ഈ മൂന്നു ചിത്രത്തിലും കൊലപാതകം നടക്കുന്നത് ഇരുട്ടിനും നിഴലിനും മധ്യേയാണ്. സ്വബോധത്തിന്റെ തലത്തില്‍നിന്നും ഒരുതരം അപസ്മാരബാധയുടെ അടിത്തട്ടിലേക്കു കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. രാമന്‍, പ്രഭാകരന്‍ പിള്ളയെ കുത്തുന്നത് ഇരുട്ടിന്റെ മറയില്‍വെച്ചാണ്. ഇവിടെ മരണവും ഇരുട്ടും പരസ്?പരപൂരകങ്ങളാവുന്നു. ആക്രമണത്തിനുശേഷം രാമന്‍ തന്റെ നിഷ്‌കളങ്കതയിലേക്കു മടങ്ങിവരുന്നു. ഇത്തരത്തിലുള്ള ഭാവപ്പകര്‍ച്ച ഭീതികലര്‍ന്ന ഒരു സ്വപ്‌നക്കാഴ്ചയിലേക്കു കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഭയം അതാണ് അപരനിലെ അംഗിയായ രസം. ഈ ഭയമാവട്ടെ മരണവുമായി ഇഴചേര്‍ന്നതാണുതാനും. രാമന്‍, പ്രഭാകരന്‍പിള്ളയെ ആക്രമിക്കുന്നതും വിശ്വനാഥന്‍ ഉത്തമനെ അന്വേഷിക്കുന്നതും തങ്ങളുടെ ശത്രുവില്‍ മരണത്തിന്റെ, പൊറുതികേടിന്റെ നിഴല്‍ കാണുന്നതുകൊണ്ടാണ്. ആക്രമണത്തിന് സ്വയം വിധേയമാവുന്നതിനു മുന്‍പ് ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ആദിമമനുഷ്യന്റെ ജന്മവാസനതന്നെയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇങ്ങനെ കൊതിപ്പിക്കുന്ന ഭാഷയും ഓര്‍മകളില്‍ എന്നും പൂത്ത് സുഗന്ധം പരത്തി നില്ക്കുന്ന ദൃശ്യങ്ങളും സമ്മാനിച്ച് പെട്ടെന്നു നമ്മെ കടന്നുപോയ പത്മരാജന്‍ എന്ന ഗന്ധര്‍വജന്മത്തിന്റെ കര്‍മകാണ്ഡത്തിലേക്കുള്ള ഒരു കണ്ണെറിയില്‍ മാത്രമാണ് ഈ കുറിപ്പ്.

Tuesday, April 1, 2014

തവളപിടുത്തക്കാരന്റെ അച്ഛന്‍

സത്യന്‍ അന്തിക്കാട്‌

Krishnan Kutty Nair Memories
ഇരുട്ടില്‍, ഒരു പെട്രോമാക്‌സ് വെളിച്ചത്തില്‍ ഒരു ചാക്കുമായി പാടത്തിലെ നിറഞ്ഞ ജലാശയത്തില്‍ തവളയെ പിടിക്കാനിറങ്ങിയ ചിലര്‍. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാനിലെ നീലവെളിച്ചമുള്ള ആ രംഗം, തിരിച്ചുവരാനിടയില്ലാത്ത ഒരു ഗ്രാമീണരാത്രിയുടെ സ്വാഭാവികമായ ചിത്രീകരണമാണ്. കാലം തുടച്ചുകളഞ്ഞ ഒരു ഗ്രാമ്യരാത്രി. തോട്ടിറമ്പുകളിലൂടെയും പാടവരമ്പുകളിലൂടെയും പത്മരാജന്റെ കഥാപാത്രങ്ങള്‍ നടന്നു. ആ സിനിമയില്‍ ഒരു തവളപിടിത്തക്കാരന്റെ അച്ഛനായി കൃഷ്ണന്‍ കുട്ടിനായര്‍ ഉണ്ട്. പെരുവഴിയമ്പലത്തില്‍ വൈദ്യര്‍ എന്ന കഥാപാത്രത്തിലൂടെ കൃഷ്ണന്‍കുട്ടി നായരുടെ സാന്നിധ്യം അതിനുമുന്‍പേ മലയാളസിനിമയില്‍ പത്മരാജന്‍ രേഖപ്പെടുത്തിയിരുന്നു. പത്മരാജനാണ് കൃഷ്ണന്‍കുട്ടിനായരുടെ ചലച്ചിത്രഗുരു.

ഒറ്റനോട്ടത്തില്‍ മുഴുകുടിയനാണെന്നു തോന്നുമെങ്കിലും അതു മാത്രമായിരുന്നില്ല കൃഷ്ണന്‍കുട്ടി നായര്‍. സാധാരണയില്‍ കവിഞ്ഞൊരു മദ്യപാനം കൃഷ്ണന്‍കുട്ടിനായര്‍ക്ക് പതിവില്ലായിരുന്നു. മദ്യപിക്കാറുണ്ടെങ്കിലും മദ്യം അദ്ദേഹത്തെ 'അകത്താ'ക്കിയില്ല. വൈക്കോല്‍പ്രകൃതമുള്ള ആ ശരീരം പല സന്ദര്‍ഭങ്ങളിലും പ്രേക്ഷകരില്‍ ചിരിയുത്സവമുണ്ടാക്കി.
നാട്ടിന്‍പുറത്തെ ഇടവഴിയിലൂടെ പാട്ടുംപാടി പോകുന്ന ഒരാളാണ് ആ രൂപത്തില്‍ ആദ്യം ചിന്തിച്ച കഥാപാത്രം. പിന്നീടതു മാറി. ആരോഗ്യമില്ലെങ്കിലും ഏതു മല്ലനെയും വെല്ലുവിളിക്കുന്ന 'സാധു'വായ ഒരു മനുഷ്യനെക്കുറിച്ചുള്ള ആലോചനകളിലേക്ക് കൃഷ്ണന്‍കുട്ടിനായര്‍ എന്നെ കൊണ്ടുപോയി.

പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയില്‍ മൂത്ത തട്ടാന്‍ എന്ന വേഷത്തില്‍ മലയാളത്തില്‍ മറ്റൊരു നടനെയും കണ്ടെത്താനാവുമായിരുന്നില്ല. ആ സിനിമ ഏതെങ്കിലുമൊരു കാല
ഘട്ടത്തില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ അതിലെ മൂത്ത തട്ടാനൊഴികെ മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും പകരക്കാരെ കണ്ടെത്താനായേക്കും. മൂത്ത തട്ടാനായി ഒരാളെ കണ്ടെത്താനാവില്ല. ഒരിക്കലും മറ്റൊരാളില്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു രൂപപ്രകൃതവും ആ രൂപത്തെ ഭാവതീവ്രമായി ഇണക്കിക്കൊണ്ടുപോകുന്ന അഭിനയശേഷിയും കൃഷ്ണന്‍കുട്ടി നായരുടെ സവിശേഷതയായിരുന്നു. അയാള്‍ക്ക് പകരം അയാള്‍ മാത്രമാണ്.

പൊന്മുട്ടയിടുന്ന താറാവില്‍ ഒരു സീക്വന്‍സുണ്ട്. അതിലെ ഭാസ്‌കരത്തട്ടാന്‍ പത്തു പവന്‍ മാല കാമുകിക്ക് കൊടുത്ത പ്രശ്‌നത്തില്‍ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടക്കുന്നു. ഏതു സമയത്തും മരിച്ചുപോയേക്കാവുന്ന ഒരാളായി, രോഗശയ്യയിലാണ് ഭാസ്‌കരത്തട്ടാന്റെ അച്ഛന്‍ മൂത്ത തട്ടാന്‍. മരിക്കാതെ, എന്നാല്‍ മരണത്തോടൊപ്പം കിടക്കുന്ന ഒരു അവശന്‍. കൈയെത്തുംദൂരെ മരണമുണ്ട്. 'മൂത്ത തട്ടാന്‍ ആടിയാടി വന്ന് പണിക്കരെ ഒരാട്ട് ആട്ടുന്നതോടെ വീഴുകയും ചെയ്യുന്നു' എന്നാണ് രഘുനാഥ് പലേരി എഴുതിയത്. എനിക്കത് വളരെ ഇഷ്ടമായ വിഷ്വലായിരുന്നു. ഒരു കാറ്റുപോലെ കൃഷ്ണന്‍കുട്ടി നായര്‍ ആടിയാടി വരുന്ന ആ സീനില്‍ തബലയുടെ 'ധീം... തരികിട തോം...' എന്ന റിഥമാണ് കൃഷ്ണന്‍കുട്ടി നായര്‍ അവലംബിച്ചത്. കൃഷ്ണന്‍കുട്ടി നായര്‍ മനസ്സില്‍ ഒരു താളബോധത്തോടെയാണ് അതില്‍ നടന്നത്. ഈ താളം ആ രംഗത്തെ അവിസ്മരണീയമാക്കി.

ഒരുതരം ബാധ്യതയുമില്ലാത്ത സൗഹൃദമായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍ ആരുമായും പങ്കുവെച്ചത്. കാര്യസാധ്യത്തിനായി സൗഹൃദത്തിന്റെ കരങ്ങള്‍ ആര്‍ക്കുനേരെയും അയാള്‍ നീട്ടിയില്ല. 'എന്നെ നിങ്ങള്‍ പടത്തിലഭിനയിക്കാന്‍ വിളിച്ചില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല' എന്നൊരു ഭാവം ആ മെലിഞ്ഞ നെഞ്ചില്‍ തന്‍േറടത്തോടെ മിടിച്ചിരുന്നു.

ഇതിനകംതന്നെ തമാശ നിറഞ്ഞ ഒന്നായിത്തീര്‍ന്നിട്ടുണ്ട് സെറ്റിലെ വായനാവിശേഷങ്ങള്‍. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ഇംഗ്ലീഷ് പുസ്തകം മലര്‍ക്കെത്തുറന്നുവെച്ച് കാലിന്മേല്‍ കാല് കയറ്റിയിരിക്കുന്ന നടികളുടെ വായനാവിക്രിയകള്‍ സംവിധായകര്‍ ചിത്രീകരിക്കാതെ വിടുന്ന സീനുകളാണ്. നടിമാരെക്കുറിച്ചുമാത്രം എന്തിനു പറയുന്നു? നടന്മാരും ഈ തമാശയില്‍ വെളിയില്‍ നില്ക്കുന്നവരല്ല. മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ സീരിയസ്സായി എന്നോടു പറഞ്ഞു:
'എനിക്ക് കുറച്ചു നല്ല പുസ്തകങ്ങള്‍ വായിക്കണം.' ലാലും ഞാനും ഒരു പുസ്തകശാലയില്‍ ചെന്ന് ആ സമയത്ത് ശ്രദ്ധേയമെന്നു തോന്നിയ കുറേ പുസ്തകങ്ങള്‍ വാങ്ങി. ഒരു സ്യൂട്ട്‌കെയ്‌സ് നിറയെ പുസ്തകങ്ങള്‍. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയെടുക്കുന്ന കാലമായിരുന്നു അത്. നാലഞ്ചു സെറ്റുകളില്‍ ലാലിനോടൊപ്പം ആ പെട്ടി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അത് തുറക്കുന്നതോ അതിലൊരെണ്ണമെങ്കിലും വായിക്കുന്നതോ കണ്ടിട്ടില്ല. പുസ്തകപ്പെട്ടി അരികില്‍ വെച്ച് ലാല്‍ ഇരിക്കും. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ പുസ്തകപ്പെട്ടി അപ്രത്യക്ഷമാവുകയും ചെയ്തു. പക്ഷേ, കൃഷ്ണന്‍കുട്ടി നായര്‍ ലാലിനെപ്പോലെ ഒരു പുസ്തകപ്പെട്ടിയുമായി ലൊക്കേഷനിലേക്കു വന്നില്ല. എന്നാല്‍, വായിക്കാന്‍വേണ്ടി ഒരു പുസ്തകം അയാള്‍ എപ്പോഴും കൈയില്‍ കരുതിയിരുന്നു. വായിക്കാന്‍വേണ്ടിത്തന്നെയായിരുന്നു കൃഷ്ണന്‍കുട്ടിനായര്‍ സെറ്റില്‍ പുസ്തകം കൊണ്ടുവന്നത്. ഔട്ട്‌ഡോറിലാണെങ്കില്‍ ഏതെങ്കിലും മരച്ചുവട്ടിലിരുന്നും വീട്ടിലാണ് ചിത്രീകരണമെങ്കില്‍ ഏതെങ്കിലും ഒരു കോണിലിരുന്നും ആ മനുഷ്യന്‍ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. പിന്നീടന്വേഷിച്ചപ്പോള്‍ മനസ്സിലായി, സിനിമയിലേക്ക് വരുന്നതിനുമുന്‍പേ അയാള്‍ ലൈബ്രേറിയനായിരുന്നുവെന്ന്.

രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം ഇതൊക്കെയുമായി ബന്ധപ്പെട്ട് ആഴമുള്ള അറിവുകള്‍ കൃഷ്ണന്‍കുട്ടി നായര്‍ക്കുണ്ടായിരുന്നു.

മഴവില്‍ക്കാവടിയുടെ ഡബ്ബിങ് മദിരാശിയില്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ അടൂരിന്റെ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഴവില്‍ക്കാവടിയില്‍ കാളിമുത്തുഎന്ന ക്ഷുരകനായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍. ആനന്ദവല്ലി എന്ന അതിലെ നായികയുടെ അച്ഛന്‍. പാലക്കാട്ടുനിന്ന് പഴനിയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു നായര്‍ പിന്നീട് ജീവിതസാഹചര്യംകൊണ്ട് ക്ഷുരകനായിത്തീരുന്നു. മലയാളസിനിമയില്‍ അങ്ങനെയൊരു ക്ഷുരകന്‍ വേറെയില്ല. അമ്പുക്കന്‍, അമ്പട്ടന്‍, ഒസ്സാന്‍ തുടങ്ങിയ പേരിലൊക്കെ അറിയപ്പെടുന്ന ക്ഷുരകവൃത്തി കേരളത്തില്‍ കീഴ്ജാതിക്കാര്‍ക്കുപുറമെ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത പലരും ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. പാലക്കാടു നിന്ന് പഴനിയിലേക്ക് ഒരു നായര്‍ ക്ഷുരകനായി പുറപ്പെടുമ്പോള്‍ തൊഴില്‍ വിഭജനസങ്കല്പം കീഴ്‌മേല്‍ മറിയുന്നുണ്ട്. ഗ്രാമത്തിന്റെ മുഖ്യധാരയിലായിരിക്കുമ്പോഴും ബാര്‍ബര്‍മാര്‍ സാമൂഹികഘടനയുടെ ഒരരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന് പഴനിമലയിലേക്ക് ക്ഷുരകനായി മല കയറിയ കാളിമുത്തുവിന്റെ ജീവിതത്തില്‍ മുണ്ഡനം ചെയ്യപ്പെടുന്നത് ദുഷിച്ചുനാറിയ തറവാടിത്തഘോഷണമാണ്. ഒരു 'നായര്‍ ക്ഷുരകന്‍' കേരളത്തില്‍ ഒരു അസംഭവ്യതയാണ്. ഇതിനൊരപവാദമാണ് കാളിമുത്തു. കാളിമുത്തു 'കത്തി'യുപയോഗിക്കുന്നത് മയില്‍പ്പീലി തഴുകുന്നതുപോലെയാണ്.

കാളിമുത്തുവിന്റെ ശബ്ദം ഡബ്ബ് ചെയ്യാന്‍വേണ്ടി വിളിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ പറഞ്ഞു:
'അടൂരിന്റെ പടത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ്...' സത്യത്തില്‍ ആ സന്ദര്‍ഭത്തില്‍ വലിയൊരു ആശയക്കുഴപ്പമുണ്ടായി. കൃഷ്ണന്‍കുട്ടി നായര്‍കൂടി ശബ്ദം നല്കിയാല്‍ ആ പടത്തിന്റെ ഡബ്ബിങ് ജോലി ഏതാണ്ട് പൂര്‍ത്തിയാവുമായിരുന്നു. ഇടയ്ക്കുവെച്ച് ഞാന്‍ ഹോട്ടല്‍ വുഡ്‌ലാന്‍ഡിലേക്ക് തിരിച്ചുചെന്നു. അവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു ട്രങ്ക് കോള്‍. 'സത്യന്‍, ഞാന്‍ അടൂരാണ്. സത്യന്റെ പടത്തില്‍ ഡബ്ബ് ചെയ്യേണ്ടതുണ്ട് എന്നു പറഞ്ഞ് കൃഷ്ണന്‍കുട്ടി നായര്‍ സൈ്വരം തരുന്നില്ല. ഞാന്‍ ചോദിക്കുകയാണ്, എനിക്കുവേണ്ടി ഒരു ദിവസംകൂടി അദ്ദേഹത്തെ വിട്ടുതരുമോ?'

Krishnan Kutty Nair Memories

മമ്മൂട്ടിക്കുവേണ്ടിയോ മോഹന്‍ലാലിനുവേണ്ടിയോ എന്നെപ്പോലെ ജൂനിയറായ ഒരു സംവിധായകനോട് അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ മഹാനായ സംവിധായകന്‍ ഇത്തരമൊരു അപേക്ഷ നടത്തുമെന്നു തോന്നുന്നില്ല. അതൊരു അനിവാര്യതയായിരുന്നു. പ്രേക്ഷകര്‍ക്കു മുന്നില്‍ അപ്രസക്തവേഷങ്ങളില്‍ അഭിനയിക്കുന്ന ചിലര്‍ സംവിധായകര്‍ക്ക് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ വേണ്ടപ്പെട്ട വരാണ്.

ഒരുപക്ഷേ, വെമ്പായം തമ്പിയുടെയും കൃഷ്ണന്‍കുട്ടി നായരു ടെയും ഒടുവിലിന്റെയും ശൂന്യത അടൂരിനും അനുഭവപ്പെടുന്നുണ്ടാവാം. ഗ്രാമീണതയുടെ ഊഷ്മളമായ കുറേ ഓര്‍മച്ചിത്രങ്ങള്‍ മലയാളിയിലേക്ക് പകര്‍ന്നുതന്നവരില്‍ ഏറ്റവും പ്രധാനി അടൂരാണ്. കൃഷ്ണന്‍കുട്ടി നായരുടെ സ്വഭാവമഹിമയായി തോന്നിയ ഒരു കാര്യം, നമ്മളെത്ര പുകഴ്ത്തിയാലും അഭിനന്ദിച്ചാലും അയാള്‍ 
ഭാവഭേദമൊന്നുമില്ലാതെ അത് കേട്ടിരിക്കും. ഒരു പുകഴ്ത്തല്‍കൊണ്ടൊന്നും അദ്ദേഹത്തെ കീഴ്‌പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. എന്നും നന്മകള്‍ എന്ന സിനിമയില്‍ നാദസ്വരം വായിക്കുന്ന ഒരു ചെട്ട്യാരായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍. അതിലൊരു കല്യാണഘോഷയാത്ര വരുന്ന സീനില്‍ കെ.പി.എ.സി ലളിതയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചുവരുന്ന ശാന്തികൃഷ്ണയുടെയും ശാരിയുടെയും മുഖത്തേക്ക് ആരതിയുഴിയുന്ന രംഗമുണ്ട്. നാദസ്വരം എത്രയോ കാലമായി ഉപയോഗിച്ചു ശീലമുള്ള ഒരാളുടെ അനായാസതയോടെയാണ് കൃഷ്ണന്‍കുട്ടി നായര്‍ ആരതിയുഴിയുന്നത്.

സന്താനഗോപാലം എന്ന സിനിമയിലാണ് എനിക്കുവേണ്ടി കൃഷ്ണന്‍കുട്ടി നായര്‍ അവസാനമായി വേഷമിട്ടത്. മക്കളാല്‍ ഒറ്റപ്പെട്ട് എവിടേക്കെന്നില്ലാതെ മൂന്നു പേര്‍ വണ്ടിയില്‍ പുറപ്പെടുകയാണ്. തിലകനും കൃഷ്ണന്‍കുട്ടി നായരും കവിയൂര്‍ പൊന്നമ്മയും. മദിരാശിയില്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്താണ് ചിത്രീകരണം. രാത്രി പന്ത്രണ്ടുമണിക്കു ശേഷം മാത്രമേ ട്രെയിന്‍ ചിത്രീകരണത്തിനായി വിട്ടുകിട്ടുകയുള്ളൂ.

പന്ത്രണ്ടു മണിക്ക് ചിത്രീകരണം തുടങ്ങി. എഞ്ചിന്‍ ഡ്രൈവര്‍ക്കരികില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഇരിപ്പുണ്ട്. അല്പദൂരം ഓടി, അസോസിയേറ്റ് ഡയറക്ടര്‍ പറയുന്നിടത്ത് വണ്ടി നിര്‍ത്തണം.
തിലകനും കവിയൂര്‍ പൊന്നമ്മയും കൃഷ്ണന്‍കുട്ടി നായരും കമ്പാര്‍ട്ടുമെന്റില്‍ കയറി. ചിത്രീകരണം തുടങ്ങി. വണ്ടിയോടിത്തുടങ്ങുമ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ തല പുറത്തേക്കിട്ട് എന്നോടു ചോദിച്ചു:
'ഈ വണ്ടി എവിടെവരെ പോകും?' 'കൃഷ്ണന്‍കുട്ടി നായര്‍ക്ക് എവിടെവരെ പോകണമോ അവിടെ വരെ.' ഞാന്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടി നായര്‍ ഒന്നു ചിരിച്ചു. ജനല്‍വാതില്‍ക്കലിലൂടെ പുറത്തേക്കുള്ള ആ നോട്ടം ഓര്‍മ വരുന്നു. നമുക്ക് പോകേണ്ട വണ്ടിയും കാത്ത് നമ്മള്‍ പ്ലാറ്റ്‌ഫോമില്‍ നില്ക്കുന്നു...

(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Monday, February 10, 2014

കവിയും കവിതയും ഒന്നായ ജന്മം

ശ്രീകുമാരന്‍തമ്പി

പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്ക് ഫെബ്രവരി 10-ന് 4 വര്‍ഷം.
Girish Puthenjery


ഗിരീഷ് പുത്തഞ്ചേരി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഗാനരചയിതാവു മാത്രമായിരുന്നില്ല, എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. കവിതയിലും ഗാനത്തിലും കഥയിലും ചലച്ചിത്രഭാഷയിലും ഗിരീഷ് സാകല്യത്തിന്റെ ചാരുതയാണ് പ്രദര്‍ശിപ്പിച്ചത്. അതീവബുദ്ധിമാനായിരുന്നെങ്കിലും ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ് ഗിരീഷ് പാടിയത്. അറിവിന്റെ സമഗ്രതയുള്ള ഒരു മനസ്സില്‍നിന്ന് ആസ്വാദകമനസ്സുകളിലേക്ക് കാന്തത്തിലേക്ക് ഇരുമ്പെന്നപോലെ ശക്തിയോടെ അതിവേഗത്തില്‍ ഗിരീഷിന്റെ വാക്ക് സഞ്ചരിച്ചു. മലയാളപദങ്ങള്‍ക്ക് അതുവരെ നാം കണ്ടിട്ടില്ലാത്ത സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലൂടെയും ഗിരീഷ് നമ്മെ പഠിപ്പിച്ചു. അനന്യസുന്ദരങ്ങളായ അന്വയങ്ങളിലൂടെ ഗിരീഷ് മലയാളികളെ അദ്ഭുതപ്പെടുത്തി.

'ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം'. ഉപനിഷത്ത് (ശാന്തിപാഠം) പറയുന്നു. 'എന്റെ വാക്ക് മനസ്സിലുറയ്ക്കണം; എന്റെ മനസ്സ് വാക്കിലുറയ്ക്കണം.' തന്റെ മനസ്സില്‍ ഉറയ്ക്കാത്ത ഒരു വാക്കും ഗിരീഷ് പ്രയോഗിച്ചില്ല. മലയാള ലളിതഗാനപ്രസ്ഥാനത്തിന്റെ രൂപരേഖ ഈ കവിക്ക് കാണാപ്പാഠമായിരുന്നു. തമ്മില്‍ കണ്ടുമുട്ടുന്ന വേളകളിലൊക്കെ ഞാന്‍പോലും മറന്നുപോയ എന്റെ ചില പഴയ പാട്ടുകള്‍ ഒരക്ഷരംപോലും വിടാതെ ഗിരീഷ് പാടിക്കേള്‍പ്പിക്കുമായിരുന്നു. ഗിരീഷിനെപ്പോലെതന്നെ അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രന്‍ ഒരിക്കല്‍ എന്നോടു പറയുകയുണ്ടായി, 'യഥാര്‍ഥത്തില്‍ തമ്പിസ്സാറെഴുതിയ പല ഗാനങ്ങളുടെയും 'അര്‍ഥവ്യാപ്തി' എനിക്കു കാട്ടിത്തന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്' എന്ന്. ഞാന്‍പോലും ഉദ്ദേശിച്ചിട്ടില്ലാത്ത കാവ്യാലങ്കാരഗരിമ എന്റെ ഗാനങ്ങളിലുണ്ടെന്ന് ഗിരീഷ് പറയുമായിരുന്നു. അസൂയയുടെ മാളങ്ങളില്‍ നിന്ന് കൂടക്കൂടെ വിഷം ചീറ്റുമായിരുന്ന ദോഷൈകദൃക്കുകള്‍പോലും,
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം
എന്ന ഗാനവും
ആരോ വിരല്‍ മീട്ടി
മനസ്സിന്‍ മണ്‍വീണയില്‍
എന്ന ഗാനവും
മൂവന്തിത്താഴ്‌വരയില്‍
വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിച്ചെങ്കനലായ്
നിന്നുലയില്‍ വീഴുമ്പോള്‍
എന്ന ഗാനവും
സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍
എന്ന ഗാനവും കേട്ടപ്പോള്‍ വിഷം ഉള്ളിലേക്കു വലിച്ച് പത്തികളുയര്‍ത്തി ആ
വാങ്മയസംഗീതതാളത്തിനൊത്താടുകതന്നെ ചെയ്തു എന്നത് ചരിത്രസത്യം.
ഗിരീഷിന്റെ കവിതകളുടെ സമാഹാരത്തിന് ഒരു പ്രവേശിക ഞാന്‍തന്നെ എഴുതണമെന്ന് പ്രസാധകരും ഗിരീഷിന്റെ നിത്യകാമുകിയായ പത്‌നി ബീനയും ആവശ്യപ്പെട്ടപ്പോള്‍ പ്രകൃതി എന്ന പ്രഹേളികയുടെ ചാപല്യചാരുത എന്റെ കണ്ണുകളെ ഈറനണിയിച്ചു. കാരണം, ഗിരീഷിനെ കാണുമ്പോഴൊക്കെ കവിതാരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു.
ഗിരീഷിന്റെ തെറ്റായ ചില ചലനങ്ങളെ കുറ്റപ്പെടുത്തി ശകാരിക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. വല്യേട്ടന്റെ മുന്‍പില്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്ക്കുന്ന വിനീതനായ കൊച്ചനുജനായി മാറും ഗിരീഷ് അപ്പോള്‍. മാറിടം കാണത്തക്കവണ്ണം അശ്രദ്ധയുടെ പ്രതീകംപോലെ ഉലയുന്ന ഷര്‍ട്ടിന്റെ കീശയില്‍നിന്ന് സെല്‍ഫോണെടുത്ത് ഭാര്യ ബീനയെ വിളിക്കും. 'ബീനേ- ഇതാ, തമ്പിച്ചേട്ടന്‍ എന്റെ തൊട്ടടുത്തു നില്ക്കുന്നു. നീ സംസാരിക്ക്. ഞാനിന്ന് എത്ര മര്യാദക്കാരനായിട്ടാണ് ഇവിടെ അടങ്ങിയൊതുങ്ങിക്കഴിയുന്നതെന്ന് ചേട്ടന്‍ പറഞ്ഞുതരും..' ഞാന്‍ ശകാരിച്ച കാര്യം പൂര്‍ണമായും മറച്ച് എന്റെ വാക്കുകള്‍ സുന്ദരമായ നര്‍മബോധത്തില്‍ അരിച്ചെടുത്തായിരിക്കും ഗിരീഷ് അവതരിപ്പിക്കുക. അങ്ങനെ തമ്മില്‍ കാണുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ബീന എനിക്ക് അനുജത്തിയായി.
തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന പ്രവാഹിനികളാണ് ഗിരീഷിന്റെ കവിതകള്‍. ഗാനത്തിനും കവിതയ്ക്കുമിടയിലുള്ള വരമ്പ് വളരെ നേര്‍ത്തതാണെന്നും ഗിരീഷ്‌കവിത നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ വേര്‍പടലങ്ങളില്‍നിന്ന് ദോഹദമൂല്യമെടുത്തെഴുതിയ വൃത്തനിബദ്ധകവനങ്ങളിലും മുക്തച്ഛന്ദസ്സിലെഴുതിയ കവിതകളിലും ഗാനാത്മകത ഒരുപോലെ നിറഞ്ഞുതുളുമ്പുന്നതു കാണാം...
വളരെ പെട്ടെന്നാണ് ഗിരീഷ് എഴുതുന്നത്. എന്നാല്‍ ക്ഷിപ്രസൃഷ്ടിയുടെ ഒരു ന്യൂനതയും അതില്‍ നമുക്കു കണ്ടെത്താനാവുകയില്ല. സംഗീതത്തില്‍ ജന്മസിദ്ധമായിത്തന്നെ ലഭിച്ച അറിവും കഠിനമായ അധ്വാനവും മനസ്സു തുറന്നുള്ള ആലാപനവൈഭവത്തില്‍നിന്ന് സ്വരുക്കൂട്ടിയെടുത്ത അതുല്യമായ പദസമ്പത്തും തന്റെ കാവ്യ-ഗാനസപര്യയിലുടനീളം ഗിരീഷിനു കൂട്ടായി നിന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഗിരീഷ് പാടുന്നത്. അതേസമയം ഭാരതത്തിലെ സഞ്ചിതസംസ്‌കാരം പകര്‍ന്നുനല്കിയ 'ബോധം' ആ കവിതകളുടെ അന്തര്‍ധാരയാകുകയും ചെയ്യുന്നു.

'സ്ത്രീവിമോചന'ത്തെ വിഷയമാക്കി ആഴ്ചതോറും എത്രയോ വികലസൃഷ്ടികള്‍ നാം വായിച്ചുതള്ളുന്നു. എന്നാല്‍, എത്ര മനോഹരമായ രീതിയിലാണ് ഗിരീഷ് ഈ വിഷയം കൈകാര്യംചെയ്തിരിക്കുന്നത്. ദുഃഖത്തെ നര്‍മബോധംകൊണ്ടു മൂടുന്ന കവികള്‍ അസാമാന്യ പ്രതിഭാശാലികളായിരിക്കും.
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
എന്ന് മഹാകവി അക്കിത്തം പാടിയില്ലേ. ദാരിദ്ര്യം എന്ന നിത്യദുഃഖത്തെ മഹാകവി ഇടശ്ശേരി പലപ്പോഴും ഒരു നേര്‍ത്ത ചിരികൊണ്ടു മൂടുന്നതു കാണാം.
ഗിരീഷിന്റെ കലാമണ്ഡലം എന്ന കവിതയിലേക്കു വരാം. സ്വാതിതിരുനാളിന്റെ അളിവേണി എന്തു ചെയ്‌വൂ എന്ന പ്രയോഗം കടമെടുത്തിരിക്കുന്നതില്‍പ്പോലും കാണാം, കവിയുടെ തികഞ്ഞ ഔചിത്യബോധം.
'അളിവേണി എന്തു ചെയ്‌വൂ നീ...?'
അടുക്കളയി-
ലരകല്ലി-
ലുരലി-
ലുമിത്തീയി-
ലായുശ്ശേഷമൊടുക്കയോ?
അറ്റുപോയ പ്രണയത്തി-
ന്നീരിഴച്ചരടു ജപിക്കയോ?
ഋതുസ്‌നാനോത്കണ്ഠയാല്‍
നീറിനീറി ദഹിക്കയോ
വിണ്ടുചിന്തിയ നോവിന്റെ
വേനല്ക്കറ്റ മെതിക്കയോ...?
വര്‍ഷര്‍ത്തു കണ്ണിലിറ്റുമ്പോള്‍
വരുംവരായ്ക നിനയ്ക്കയോ?
തുടങ്ങിയ വരികളിലൂടെ പത്‌നീപദമലങ്കരിച്ചുകഴിഞ്ഞാല്‍ അനുരാഗിണിയായ യുവതിയിലുണ്ടാകുന്ന പരിവര്‍ത്തനത്തിലെ കദനഭാരം എത്ര ശില്പഭദ്രതയോടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. 'വേനല്ക്കറ്റ മെതിക്കുക' എന്ന പ്രയോഗം എത്ര ഉദാത്തമായിരിക്കുന്നു!
'മിഴിനീരെണ്ണമണക്കുന്ന മുടി മടിയിലേക്ക് ഊര്‍ന്നുവീഴുന്ന'തും, 'രക്തചന്ദനച്ഛവിയേല്ക്കും കവിളില്‍ വാവുകറുക്കുന്ന'തും മറ്റും ഈ കവിക്കു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ബിംബങ്ങളത്രേ. 'അളിവേണി' എന്ന പ്രയോഗത്തില്‍ത്തന്നെയാണ് ഗിരീഷ് കലാമണ്ഡലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്.
അളിവേണിയെന്തു ചെയ്‌വൂ നീ
ആഴക്കിണറിലൊടുങ്ങയോ!
ഗിരീഷ് പ്രയോഗിക്കുന്ന ഉപമകളും ഉല്‍പ്രേക്ഷകളും രൂപകങ്ങളും നിത്യനൂതനങ്ങളാണെന്നുതന്നെ പറയാം. നാണയച്ചന്ദ്രന്‍, കഠിനോപനിഷത്ത്, ഗന്ധകപ്പാലം, കവിത കാവുതീണ്ടുന്നു, ജന്മാന്തരം തുടങ്ങിയ കവിതകളിലൂടെ പര്യടനം നടത്തുന്ന ഏതൊരാള്‍ക്കും എന്റെ ഈ അഭിപ്രായത്തോടു യോജിക്കാതിരിക്കാനാവില്ല. അറിഞ്ഞോ അറിയാതെയോ ഈ കവി മരണബിംബങ്ങളെ പലയിടങ്ങളിലും ക്ഷണിച്ചുവരുത്തുന്നതു കാണാം. 'മരണത്തിന്റെ അര്‍ഥം തിരഞ്ഞ് യമനെ സമീപിച്ച നചികേതസ്സിന്റെ കഥ പറയുന്ന കഠോപനിഷത്തിനെ മനസ്സില്‍ കണ്ടുകൊണ്ട് കവി രചിച്ച കഠിനോപനിഷത്ത് എന്ന കവിത ഉദാഹരണമായെടുക്കാം. മരണം ഒരു യാത്രയാണ്, അത് അന്ത്യമല്ല എന്ന് ആര്‍ഷസംസ്‌കാരബോധമുള്ള കവിക്കറിയാം.
മഴമണക്കുന്നൊരു സന്ധ്യയ്ക്ക്
മനസ്സിന്റെ വഴുവരമ്പിലൂടെ
വെകിളിപിടിച്ചു നടക്കുന്നതാരാണ്?
എന്ന ചോദ്യത്തിന് കവി പല ഉത്തരങ്ങളും കണ്ടെത്തുന്നു. ഉഷ്ണപ്പാടമുഴുത് ഉമിനീരു വറ്റിപ്പോയ അച്ഛനോ, അതോ തുരുമ്പിച്ച ഇരുമ്പുപെട്ടി തുറന്ന് തുളവീണ ഉടുമുണ്ടെടുത്ത് ഉത്തരത്തില്‍ അസ്തമിച്ച അമ്മയോ, വേലിയിലിരുന്നു വെയിലു കായാറുണ്ടായിരുന്ന മുത്തശ്ശിപ്പുള്ളോ, ക്ഷുഭിതജന്മത്തിന്റെ ഇടിമിന്നലും തേടി കാര്‍മേഘത്തിന്റെ കാടുകയറിപ്പോയ ഏട്ടനോ, കരിയടുപ്പിനു മേലേ പുകക്കഷായംവെച്ചരിച്ചു കുടിച്ച് ആമവാതത്തെ താലോലിക്കാനുറച്ച മുയല്‍പ്പെങ്ങളോ- അതോ, അഭിശാപജാതകത്തിന്റെ ചിതലരിച്ച പനയോലമേല്‍ ഗണിതം തെറ്റിപ്പോയൊരു ജീവിതത്തിന്റെ ഫലിതം പേര്‍ത്തെടുക്കുന്ന ഞാനോ- ?

മരണപത്രം, വടക്കുംനാഥന്‍, ജന്മാന്തരം, ശിവഗംഗ, ഈ വീടിനെ സ്‌നേഹിക്ക തുടങ്ങി ഒട്ടേറെ കവിതകളിലും അവസരത്തിലും അനവസരത്തിലും മരണം കടന്നുവരുന്നു. യഥാര്‍ഥ കവി ഋഷിയാണെന്ന് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുണ്ടല്ലൊ.
കവിതയിലെ ബിംബങ്ങളുടെ ധാരാളിത്തംകൊണ്ടു മാത്രമല്ല, കൂടക്കൂടെയുള്ള ദേവാലയസന്ദര്‍ശനം, പ്രത്യേകലക്ഷ്യങ്ങളില്ലാത്ത യാത്ര, താന്‍ സാധാരണക്കാരന്‍ മാത്രമാണെന്നു തുറന്നുകാട്ടുന്ന പെരുമാറ്റം, വേഷത്തിലുള്ള അശ്രദ്ധ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍കൊണ്ടും മഹാകവി പി. കുഞ്ഞിരാമന്‍നായരുമായി വല്ലാത്ത ഒരടുപ്പം ഗിരീഷ് പുത്തഞ്ചേരിയില്‍ നാം കാണുന്നു. അതേസമയം ഗിരീഷിനു തനതായ ഒരു കാവ്യതാളമുണ്ട്.
അമ്പിളിവട്ടത്തില്‍...
ആലവട്ടത്തില്‍
അമ്പാരിച്ചന്തമോടെ
അത്തപ്പൂച്ചമയമിറക്കി
തൃക്കാക്കര വന്നിറങ്ങി
തിരുവോണംനാള്!
തകതരികിട ധിമിധിമിതോം
തിരുതുടിയുടെ മേളത്തില്‍
തമ്പേറിന്‍തൃത്താളം
തകൃതത്തിമൃതത്തോം.
* * *
ചിറ്റാമ്പല്‍ പൂത്തുവിടര്‍ത്തും
ചിത്തിരയുടെ പാല്ക്കടലാടി
തൃക്കാക്കരയമ്പലനടയില്‍
തിരുശംഖില്‍ തീര്‍ഥമൊരുക്കി!
മലയാളപ്പഴമകളുണര്...
മാവേലിപ്പാട്ടുകളുണര്...
നിറയോ നിറ നിറ നിറ
പൊലിയുടെ
കണിമലരേയുണരുണര്
(കവിത - ആവണിത്തിങ്കള്‍)
എന്നീ വരികളിലും
ഓംകാര
ഭജനമുഖരം
മനസ്സോടിയെത്തുന്നൂ
തളര്‍ന്ന വാക്കായ്
തണലറ്റ വേനലായ്
സങ്കടച്ചുമടെഴും
സഹാറയായ്, സഹ്യാദ്രിയായ്
സ്വാമീ നിന്റെ കാല്ക്കല്‍...
ഹേ, സായിനാഥ!
നീയെന്റെയിരുളിലു-
മിഹപരത്തിലും
എണ്ണിയാല്‍ത്തീരാത്തൊ-
രീഷല്‍ പങ്കിട്ട പാതിജന്മത്തിനും
ഞങ്ങള്‍ തന്നുണ്ണികള്‍ക്കും
അരുളുക സദാ സച്ചിദാനന്ദം...
എന്നീ വരികളിലും ഇവിടെ ഉദ്ധരിക്കാതെ വിടുന്ന നിര്‍വാണം, ആയുര്‍വേദം, അമ്മ, ശംഖൊലി, രാമായണം, യോഗനിദ്ര തുടങ്ങിയ കവിതകളിലും പല സമാന വാങ്മയങ്ങളിലും തുടിക്കുന്ന അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഭാവഭംഗിയെ ശത്രുക്കള്‍ക്കുപോലും നിഷേധിക്കാനാവില്ല.

പ്രകൃതിയുടെ ഋതുഭേദജാലങ്ങളില്‍ ലയിക്കുന്ന പ്രണയഭരിതമായ മനസ്സുള്ള കവിക്ക് എത്തിപ്പിടിക്കാനാവാത്ത ആകാശങ്ങളില്ല. ഗിരീഷിന്റെ പ്രേമകവിതകളില്‍ അതിരില്ലാത്ത ആ മനോഭംഗി വിദലിതമാകുന്നതു കാണാം. ദലമര്‍മ്മരങ്ങള്‍, നിരാസം, പാണനൊരോണപ്പാട്ട്, പ്രണയമെഴുതുക, പ്രണയമെന്നാല്‍, ഹൃദയം കടഞ്ഞെടുത്ത് തുടങ്ങിയ കവിതകളെ അനുഭൂതികളാല്‍ തലോടിക്കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്.
നിള എന്ന കവിതയിലെ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാവുന്നൂ സൂര്യന്‍...
എന്തിനെന്നമ്മേ നീ നിന്‍
അന്ധമാം മിഴി നീട്ടി-
ക്കൂട്ടിവായിക്കുന്നൂ ഗാഢ
ശോകരാമായണം?
വരാതിരിക്കില്ല
നിന്‍മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്ത
വനവാസം തീരാറായി!
എന്ന ഭാഗം വായിച്ചപ്പോള്‍ എനിക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
വരാതിരിക്കില്ല എന്നനുജന്‍
ഗിരീഷ് ഇനിയും
എന്‍മുന്‍പില്‍ -
എന്നെനിക്കു പറയാനാവില്ലല്ലോ. എങ്കിലും പ്രകൃതിയുടെ അദൃശ്യപാദസരങ്ങളുടെ കിലുക്കങ്ങളിലൂടെ, അതീവചാരുതയാര്‍ന്ന കിളിപ്പാട്ടിലൂടെ, അപൂര്‍വഭംഗിയെഴുന്ന മഞ്ഞുകാലസുമങ്ങളിലൂടെ ഗിരീഷിന്റെ ആത്മാവ് നമ്മെ തേടിവരും. കവിയും കവിതയും ഒന്നായ ജന്മമായിരുന്നു അത്.
(ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)

ഷഡ്ജം
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ...

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?

മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?

നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...

അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!

അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?

സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?

കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?

രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!

Friday, January 24, 2014

പത്മരാജന്റെ പത്‌നി രാധലക്ഷ്മി സംസാരിക്കുന്നു

ഇരുപത്തിയൊന്നാം തീയ്യതി, പുതിയതായി വാങ്ങിയ സ്ഥലത്ത് മതിലുകെട്ടിത്തുടങ്ങി, അവിടെ ഇരിക്കെ, അദ്ദേഹം എന്നോടു ചോദിച്ചു. ''നമ്മളിവിടെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?'' നമ്മുടെ മോള്‍ പ്രായമായി വരികയല്ലേ, അവളുടെ കല്ല്യാണം നമുക്ക് ഈ പുരയിടത്തില്‍ വലിയ പന്തലുകെട്ടി നടത്താം. വാടകയ്‌ക്കെടുത്ത മണ്ഡപങ്ങളിലെ കല്യാണം എനിക്കിഷ്ടമേ അല്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ''അവള്‍ കൊച്ചുകുട്ടിയല്ലേ നമ്മള്‍ ഉടനെ ഇവിടെ എന്തുചെയ്യണം എന്നാണ് ഞാന്‍ ചോദിച്ചത്'' എന്നായി അദ്ദേഹം.

Padmarajan and Radhalakshmi


''നമുക്കെല്ലാവര്‍ക്കും തടി വളരെ കൂടുതലാണല്ലോ. ഇവിടെയൊരു ഷട്ടില്‍ക്കോക്ക് കോര്‍ട്ടുണ്ടാക്കി നമുക്കു നാലുപേര്‍ക്കും കൂടി കളിക്കാം ആരോഗ്യത്തിനും നല്ലതാണ് എന്ന എന്റെ സജഷന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. വിളപ്പില്‍ശാല പുരയിടത്തില്‍ ഇരിപ്പുണ്ടായിരുന്ന കുറച്ചു ചുടുകട്ടകള്‍ ഇങ്ങോട്ട് കൊണ്ടുവരാനായി ഞങ്ങള്‍ വൈകീട്ട് പോയി. കുട്ടികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സന്ധ്യക്ക് സൂര്യാസ്തമയം നോക്കി നിന്നതിനുശേഷം എന്നോടു പറഞ്ഞു. ''അടുത്ത വര്‍ഷമാകുമ്പോഴേക്കും നമ്മുടെ രണ്ടു പുരയിടങ്ങള്‍ക്കും ഇടയ്ക്കായി കിടക്കുന്ന സ്ഥലം ഞാന്‍ വാങ്ങിച്ച് അവിടെ ഒരു വീടുവച്ചിരിക്കും'' എന്ന്, എങ്കിലത് തൊണ്ണൂറ്റി രണ്ട് മാര്‍ച്ചിലാകാം എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു. എന്തെന്നാല്‍ ഓരോ വര്‍ഷവും മാര്‍ച്ചുമാസത്തില്‍ എന്തെങ്കിലുമൊക്കെ മരാമത്തു പണികള്‍ ഞങ്ങള്‍ക്ക് പതിവുള്ളതാണ്.

എല്ലാ ശല്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് വളരെ ശാന്തമായ ഒരു ചുറ്റുപാടില്‍ ഇരുന്നുകൊണ്ട് വീണ്ടും സാഹിത്യ രചന തുടങ്ങണം, സിനിമയില്‍ നിന്നും എങ്ങനെയെങ്കിലും ഒന്നു തലയൂരണം എന്ന് ആ മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു.

ആര്‍ട്ട്‌സ് കോളേജിലെ ആര്‍ട്ട്‌സ് ക്ലബ്ബ് ഉല്‍ഘാടനത്തിന് അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. പണ്ട്, പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലില്‍തന്നെ താമസിച്ച്, സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന സുന്ദരം ധനുവച്ചപുരമായിരുന്നു അന്ന് ആര്‍ട്ട്‌സ് കോളേജിലെ പ്രിന്‍സിപ്പല്‍. ശരിക്ക് പറഞ്ഞാല്‍, സുന്ദരമാണ് അവിടുത്തെ പ്രിന്‍സിപ്പല്‍ എന്നറിഞ്ഞതുകൊണ്ടുമാത്രമാണ് അദ്ദേഹം, നല്ല ക്ഷീണമുണ്ടായിരുന്നിട്ടും, മീറ്റിങ്ങിനു പോകാം എന്നു സമ്മതിച്ചത്.
അന്നത്തോടെ തേച്ചുകുളി തീരുകയായിരുന്നു. കുളികഴിഞ്ഞായിരുന്നു ഉല്‍ഘാടനം. എല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ഉച്ചയായി. അപ്പോള്‍ അദ്ദേഹത്തിന് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. മീറ്റിങ്ങിനുപോയപ്പോള്‍ കോളേജിലെ ഏണിപ്പടികള്‍ കയറേണ്ടിവന്നതും, ഫ്ലറ്റില്‍ ചെന്നപ്പോള്‍ കറന്റില്ലാതിരുന്നതുകൊണ്ട് നാലാമത്തെ
നിലവരെ നടന്നുകയറേണ്ടിവന്നതും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍, ''കുറച്ചു നടക്കുമ്പോഴേക്കും വല്ലാത്ത തളര്‍ച്ചതോന്നുന്നു'' എന്നും പറഞ്ഞു.
തേച്ചു കുളിയുടെ ക്ഷീണമായിരിക്കും എന്നും പറഞ്ഞ് ഞാനദ്ദേഹത്തെ
സമാധാനിപ്പിച്ചു.
അന്നുച്ചയ്ക്കും ചപ്പാത്തി തിന്നണം എന്നദ്ദേഹം പറഞ്ഞപ്പോള്‍, ഊണുകഴിച്ചാല്‍ മതി, ക്ഷീണം കുറയട്ടെ എന്ന് ഞാന്‍ വിലക്കി. വൈകീട്ട് ചാപ്പാത്തി കഴിച്ചാല്‍ മതി എന്നു പറഞ്ഞു. അത് ഞങ്ങളൊന്നിച്ചുള്ള അവസാനത്തെ ഊണാണെന്ന് ഞാനറിഞ്ഞില്ല.
സന്ധ്യയാകുന്നതിനുമുമ്പ് ജോഷിമാത്യു വന്നു. പെട്ടെന്ന് ആഹാരം കഴിച്ച് അദ്ദേഹം ഡ്രസ്സ്മാറി. ബാഗെടുത്ത് അതിലുണ്ടായിരുന്ന രക്തം പരിശോധിച്ചതിന്റെ റിസള്‍ട്ട് എടുത്ത് എന്റെ കയ്യില്‍ത്തന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ചാരനിറത്തിലുള്ള ഒരു ഷര്‍ട്ടാണ് ഇട്ടിരുന്നത്. ആദ്യം എടുത്ത ഷൂ പോരെന്നുതോന്നി അതുമാറ്റി വേറൊരെണ്ണം എടുത്തിടുമ്പോള്‍, ട്രെയിനില്‍ കിടന്നുറങ്ങാന്‍ എന്തിന് ഇത്രയൊക്കെ ഒരുങ്ങുന്നു എന്നെനിക്ക് തോന്നി. എട്ടുമണിക്ക് മുമ്പായി അദ്ദേഹം ഇറങ്ങി. ജോഷിമാത്യുവും മോഹന്‍ദാസും റെയില്‍വേസ്‌റ്റേഷനില്‍ ചെന്ന് അദ്ദേഹത്തെ യാത്രയാക്കി. ആദ്യം പാലക്കാട്ടേക്കും അവിടെനിന്ന് കണ്ണൂര്‍ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനായിരുന്നു ഉദ്ദേശ്യം.

പിറ്റേന്ന് രാവിലെ ഞാനൊരു ബന്ധുവീട്ടില്‍ പോയിട്ട് ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാലക്കാടുനിന്ന് അദ്ദേഹം ഫോണ്‍ ചെയ്തിരുന്നെന്നും അങ്ങോട്ടു വിളിക്കണമെന്നും അനന്തരവന്‍ ഹരി എന്നോടു പറഞ്ഞതനുസരിച്ച് രണ്ടുമണിയോടെ ഞാന്‍ പാലക്കാട്ട് ഹോട്ടലിലേക്ക് വിളിച്ചു.
അദ്ദേഹത്തിന്റെ ശബ്ദത്തില്‍ വല്ലാത്ത ക്ഷീണം തോന്നിയിരുന്നു.
എന്തോ ഒരു പന്തിയില്ലായ്മ ആ ശബ്ദത്തില്‍ എനിക്ക് അനുഭവപ്പെട്ടതുകൊണ്ട്, ''എന്താ ബോറടിക്കുന്നോ'' എന്നു ഞാന്‍ ചോദിച്ചു.
''ഇല്ല, ബാലന്‍ വന്നിട്ടുണ്ട്. നിതീഷും മോഹനും ഒക്കെ എത്തിയിട്ടുണ്ട്. നിങ്ങളൊരു കാര്യം ചെയ്യണം. ജോഷിയെ ഒന്നുവിളിച്ച് ഞങ്ങള്‍ നാളെ വൈകീട്ടേ കോട്ടയത്ത് എത്തൂ എന്നും, അവിടുത്തെ സ്വീകരണം ഇരുപത്തിയഞ്ചാം തീയതി രാവിലേക്ക് മാറ്റിവെക്കണമെന്നും ഒന്നു പറയണം. നാളെ തൃശ്ശൂരും എറണാകുളവും കവര്‍ ചെയ്ത് സന്ധ്യക്ക് കോട്ടയത്തെത്തും'' എന്നു പറഞ്ഞിട്ട് മക്കളെ രണ്ടുപേരെയും അന്വേഷിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കൂടെ ട്രെയിനില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായിരുന്നു എന്നും പറഞ്ഞു.
പിന്നീടൊരിക്കലും ആ ചുണ്ടുകള്‍ എന്നോടൊന്നും ഉരിയാടിയിട്ടില്ല. ആ മുഴങ്ങുന്ന ശബ്ദം പിന്നീടൊരിക്കലും ഞാന്‍ കേട്ടില്ല.
ജനവരി ഇരുപത്തിനാലിന് മകള്‍ മാധവിക്കുട്ടിക്ക് കോളേജില്‍ ക്യാമ്പസ് വീക്കിന്റെ മത്സരങ്ങളായിരുന്നു.
ഗ്രൂപ്പ് ഡാന്‍സ്, മലയാളം റെസിറ്റേഷന്‍, കൈകൊട്ടിക്കളി, ഗ്രൂപ്പ് മ്യൂസിക്ക് എല്ലാറ്റിനും അവള്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തലേന്നുരാത്രി വളരെ വൈകുന്നതുവരെ അവള്‍ക്ക് ഡാന്‍സിനുവേണ്ടി ഉടപ്പുകള്‍ തുന്നി ശരിയാക്കിക്കൊണ്ട് ഞാനും അവളും ഇരുന്നു.

പിറ്റേന്ന് അവള്‍ ജീവിതത്തിലാദ്യമായി സാരിയുടുത്തു. അപ്പച്ചിയെയും ചിറ്റപ്പനെയും ചെന്ന് കാണിച്ചു. കാലത്ത് എട്ടുമണിക്കുതന്നെ കോളേജില്‍ പോകണമായിരുന്നു. പറഞ്ഞ സമയത്ത് െ്രെഡവര്‍ വരാത്തതുകൊണ്ട് പപ്പന്‍തന്നെ കാറെടുത്ത് അടുത്ത ഇടവഴിയില്‍ താമസിക്കുന്ന മോഹന്‍ദാസിനെ വിളിക്കാനായിപോയി. പപ്പന്‍ അന്ന് െ്രെഡവിങ്ങ് ലൈസന്‍സ് എടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഇവാനിയസ് കോളേജ് വരെ അവന്‍ മോളെ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഭയംതോന്നി. ഏതായാലും, ചിറ്റപ്പനും കൂടെ അവരോടൊപ്പം ചെല്ലാമെന്ന് സമ്മതിച്ചു. അപ്പച്ചിയുടെ ഇളയമോനും അവരോടൊപ്പം കാറില്‍ കയറി.

വലതു വശത്തുകൂടെ പപ്പന്‍ കാറും കൊണ്ടുപോയി. ഇടുതുവശത്തെ ഇടവഴിയിലൂടെ മോഹന്‍ദാസ് വരികയും ചെയ്തു. പിന്നീട് മോഹന്‍ദാസ് കുട്ടികളെ അന്വേഷിച്ച് ഓടി. ഇവരെങ്ങനെയാണ് പോയത്. കാര്‍ ആരാണ് െ്രെഡവ് ചെയ്തത് എന്നൊന്നും അറിയാതെ ഞാന്‍വല്ലാതെ പരിഭ്രമിച്ചു. പതിവില്ലാത്ത വിധത്തില്‍ ഒരു വെപ്രാളം എനിക്കനുഭവപ്പെട്ടു. പ്രഭയുടെയും ഞങ്ങളുടെയും വീട്ടിലായി നാലഞ്ചു പ്രാവശ്യം ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. ഭ്രാന്തുപിടിച്ചതുപോലൊരവസ്ഥ. അവസാനം, പ്രഭയുടെ മോന്‍ അന്നന്ന (അനന്തകൃഷ്ണന്‍) ട്യൂഷന്‍ കഴിഞ്ഞുവരികയും, അവരെല്ലാം കാറില്‍ പോകുന്നതുകണ്ടെന്നും െ്രെഡവ് ചെയ്തിരുന്നത് മോഹന്‍ദാസാണ് എന്നു പറയുകയും ചെയ്തപ്പോഴാണ് എന്റെ മനസ്സ് ഒന്നു ശാന്തമായത്.

എട്ടേകാല്‍ മുതല്‍ എട്ടരവരെ എന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു. അകാരണമായ ഒരു ഭയം എന്നെ ബാധിച്ചിരുന്നു.
പത്തുമണി കഴിഞ്ഞപ്പോള്‍, ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ അന്വേഷിച്ച് ആശുപത്രിയില്‍ പോകാന്‍ ഞാനും പ്രഭയും ഒരുങ്ങി. ഞാന്‍ പ്രഭയുടെ വീട്ടില്‍ചെന്നു നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കൂടെ നേരത്തേ നിന്നിരുന്ന െ്രെഡവര്‍ അങ്ങോട്ടുവരുന്നത്.
െ്രെഡവറോട് ഞാന്‍ കുശലം ചോദിച്ചു. ''ചേച്ചി, പത്മരാജന്‍ സാറിന് ഒരു ആക്‌സിഡന്റ് പറ്റി എന്ന് ഇതാ ഇപ്പോള്‍ മദ്രാസില്‍ നിന്ന് ഡയറക്ടര്‍ മോഹന്‍ദാസ് നൂപുര കുറുപ്പുസാറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു''
എന്നയാള്‍ എന്നോടു പറഞ്ഞു.
പൊതുവേ ഒരു മദ്യപാനിയായ അയാള്‍ രാവിലെതന്നെ വെള്ളമടിച്ചു വന്ന് എന്തോ പറയുന്നു എന്നേ ഞാന്‍ ധരിച്ചുള്ളൂ. ''സാറ് മദ്രാസിലോട്ടു പോയില്ലല്ലോ എന്താ ആക്‌സിഡന്റില്‍ മരിച്ചു എന്നോ മറ്റോ കേട്ടോ'' എന്ന് കളിയാക്കി ഞാനായാളോടു ചോദിച്ചു. അങ്ങനെ ചോദിക്കുവാന്‍ കാരണമുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് 'മമ്മൂട്ടി മരിച്ചെന്നു കേള്‍ക്കുന്നു. ശരിയാണോ' എന്നു ചോദിച്ച് അബുദാബിയില്‍ നിന്ന് ഒരു ഫോണ്‍ വന്നത്. ഞാന്‍ തന്നെയാണ് ആ ഫോണ്‍ അറ്റന്റു ചെയ്തിരുന്നത്. കൂടാതെ പത്മരാജന്‍തന്നെ ആക്‌സിഡന്റില്‍ മരിച്ചു എന്നൊരു വാര്‍ത്ത മുമ്പൊരിക്കല്‍ ചിറ്റൂരാകെ പരന്നിട്ട് അവിടെനിന്ന് ചേച്ചിയുടെ മോന്‍ വിളിച്ചു ചോദിച്ചിട്ടുണ്ട്. യേശുദാസ് മരിച്ചെന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നതുമാണ്. അതു പോലെയൊക്കെ ഉള്ള ഒരു കള്ളം, എന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ. ''മരിച്ചെന്നാ പറയുന്നത്'' എന്ന് െ്രെഡവര്‍ പറഞ്ഞപ്പോള്‍, ''ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് മരിക്കും'' എന്ന് തമാശയായി ഞാന്‍ പറഞ്ഞു.

എങ്കിലും ഒന്ന് ഫോണ്‍ ചെയ്ത് തിരക്കിക്കളയാം എന്നു കരുതി പ്രഭയും ഞാനും അനന്തരവന്‍ ഹരിയുമായി വീട്ടിലേക്ക് വന്നു.
അന്ന് ഫ്ലറ്റില്‍ ഉണ്ടായിരുന്ന ജോഷിമാത്യുവിനെ വിളിച്ചാണ് ആദ്യം വിവരം തിരിക്കിയത്. ''കള്ളം പറയുകയാണ് ചേച്ചീ'' എന്ന് ജോഷി പറഞ്ഞു. പിന്നീട് ഞാന്‍ ഗുഡ്‌നൈറ്റിന്റെ ഓഫീസില്‍ വിളിച്ചു. അവിടെയും ആര്‍ക്കും അറിയില്ലെന്നു പറഞ്ഞു. പിന്നീട് ഞാന്‍ ഒരുപാട് ഫോണ്‍ നമ്പറുകള്‍ കറക്കി. പ്രഭയോ ഹരിയോ വിളിച്ചിട്ട് ശരിയായില്ലെങ്കിലോ എന്നു കരുതി ഫോണ്‍ ഞാന്‍ ആരുടെ കയ്യിലും കൊടുത്തില്ല.
വിളിക്കുന്ന നമ്പരുകളെല്ലാം എന്‍ഗേജ്ഡ് ആയിരുന്നു. താഴത്തെ ഫോണിന് എന്തോ കുഴപ്പമുണ്ട് എന്ന ധാരണയില്‍ ഞങ്ങള്‍ മുകളിലേക്ക് പോയി. അവിടെ ഞങ്ങളുടെ ബെഡ്‌റൂമിലെ ഫോണിലൂടെയായി ശ്രമം. ആരെയും കിട്ടിയില്ല. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. അരോമാ മൂവീസില്‍ നിന്നായിരുന്നു. ഇവിടെ മിസിസ് പത്മരാജനാണ് എന്നു പറഞ്ഞപ്പോള്‍. വേറെ ആരുടെ കയ്യിലെങ്കിലും ഫോണ്‍ കൊടുക്കുവാന്‍ അപ്പുറത്തുനിന്നും നിര്‍ദ്ദേശം വന്നു. ഞാന്‍ കൊടുത്തില്ല ''എന്താ പത്മരാജന് ആക്‌സിഡന്റായോ'' എന്നു ഞാന്‍ ചോദിച്ചു. അപ്പുറത്ത്, എന്തു പറയണമെന്നറിയാതെ വിഷമിക്കുന്നത് ഞാനറിഞ്ഞു. ''എന്താണെങ്കിലും പറയൂ അദ്ദേഹം മരിച്ചോ? വീണ്ടും ഞാന്‍ ചോദിച്ചു.

''മരിച്ചു. പക്ഷേ, ആക്‌സിഡന്റല്ല. ഇന്നലെരാത്രി ഉറങ്ങാന്‍ കിടന്നു രാവിലെ ഉണര്‍ന്നില്ല'' എന്നായിരുന്നു മറുപടി. പക്ഷേ, എന്റെ മനസ്സ് അതുവിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല.
''ആട്ടെ നിങ്ങള്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത കേട്ടത്?'' എന്ന എന്റെ ചോദ്യത്തിന് ''കോഴിക്കോട്'' എന്നവാക്ക് ഇടിത്തീപോലെ എന്റെ ചെവിയിലേക്ക് വന്നുവീണു. ആ ശപിക്കപ്പെട്ട നിമിഷത്തില്‍ പിന്നെ യാതൊന്നും ഞാന്‍ കേട്ടില്ല.
എങ്ങും ശൂന്യത. പ്രഭയും ഹരിയും ചുറ്റുമുള്ള എല്ലാവസ്തുക്കളും എന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായി. കനത്ത ശൂന്യതയില്‍ വെളിവുകെട്ടവളെപ്പോലെ ഞാന്‍ മരവിച്ചിരുന്നു. പിന്നീട് എന്റെ പ്രജ്ഞ ഉണരുന്നത് മുതുകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ എങ്ങുനിന്നോ എന്റെ മടിയിലേക്ക് വന്നു വീണ ഷട്ടില്‍ കോക്കിന്റെ വെണ്‍മയിലേക്കാണ്.

ഞാന്‍ ഞെട്ടിയുണര്‍ന്നുനോക്കി. കാറിനകത്ത് എനിക്കിരുവശവുമായി ആരൊക്കെയോ ഡോറിന്റെ ഗ്ലാസ്സ് മുക്കാല്‍ ഭാഗവും ഉയര്‍ത്തിവച്ചിരിക്കുന്നു. പുറത്ത് പൊള്ളുന്ന വെയില്‍ റോഡിനിരുവശത്തുമായി കൊഴുത്തുവളരുന്ന അക്കേഷ്യാ മരങ്ങള്‍.

എവിടെനിന്നെന്നില്ലാതെ കൃത്യം എന്റെ മടിയില്‍ വന്നുവീണ ഫെതര്‍ കോക്ക്, എല്ലാവര്‍ക്കും ഒരുദ്ഭുതമായി. കാറ്റിലൂടെ അദ്ദേഹത്തിന്റെ സ്വരം എന്റെ കാതില്‍ വന്നു വീഴുന്നതായി എനിക്ക് തോന്നി. ആ ശബ്ദത്തില്‍ സാന്ത്വനവും പ്രേമവും ഇടകലര്‍ന്നിരുന്നു. ''തങ്കം കരയണ്ടാ ഞാന്‍ കൂടെത്തന്നെയുണ്ട് എപ്പോഴും കളിച്ചുകൊണ്ടിരിക്കാനല്ലേ ആഗ്രഹം ഇതാ കോക്ക് നമ്മുടെ പുതിയ പുരയിടത്തില്‍ കോര്‍ട്ടിട്ട് കളിച്ചോളൂ'' ആ ശബ്ദം ഒരു സെക്കന്റ് നേരത്തേക്ക് എന്റെ ചേതനയില്‍ നിര്‍വൃതിയുടേതായ ഒരു കണിക ഉതിര്‍ത്തു. പിന്നീടത് എന്നെ ഭ്രാന്തു പിടിപ്പിച്ചു. വീണ്ടും ഞാനാശബ്ദം കേട്ടു ഇക്കുറി അത് വേറെ ഏതോ ലോകത്തുനിന്നായിരുന്നു.
ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ഞാനിരുന്നു.

''ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി''.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍ എന്ന പുസ്തകത്തില്‍ നിന്ന്)