ഇന്നസെന്റ്
ഒ.വി. വിജയന്‍ ഇരിങ്ങാലക്കുട എന്നപേരില്‍ ഒരു കഥയെഴുതിയിട്ടുണ്ട് എന്ന് സത്യന്‍ അന്തിക്കാടാണ് എന്നോട് പറഞ്ഞത്. ഇരിങ്ങാലക്കുടയിലൂടെ ഞങ്ങള്‍ ഒന്നിച്ചുള്ള ഏതോ ഒരു യാത്രയ്ക്കിടയിലാണ് സത്യന്‍ ഇത് പറഞ്ഞത് എന്നാണ് എന്റെ ഓര്‍മ. ഞാന്‍ ആ കഥ വായിച്ചിട്ടില്ല. എന്റെ ഇരിങ്ങാലക്കുട ഒരു വലിയ കഥയായും അനുഭവമായും എനിക്കുമുന്നില്‍ നിറഞ്ഞുനില്ക്കുന്നു.
സിനിമാനടനായി അല്പസ്വല്പം സമ്പാദ്യമൊക്കെയായപ്പോള്‍ മുതല്‍ പലരും ചോദിക്കാറുള്ള ചോദ്യമാണ്: 'എന്താ നാട്ടില്‍ത്തന്നെ താമസിക്കുന്നത്?' സിനിമയില്‍ പച്ചപിടിച്ചാല്‍ മദിരാശിയിലൊരു വീട് എന്നത് പഴയകാലം തൊട്ടുള്ള പതിവായതുകൊണ്ടാണ് പലരും അങ്ങനെ ചോദിക്കുന്നത്. എന്നാല്‍, സൗജന്യമായി ഒരു ബംഗ്ലാവ് പണിതുതന്നാലും എനിക്ക് ഇരിങ്ങാലക്കുടയുടെ അതിരുകള്‍ വിട്ട് ഭൂമിയില്‍ ഒരിടത്തേക്കും എന്നന്നേക്കുമായി പോവാന്‍ സാധിക്കില്ല. കാരണം, ഞാന്‍ തോറ്റുതോറ്റിരുന്ന സ്‌കൂളുകള്‍ ഇവിടെയാണ്, തോല്ക്കാനായി മാത്രം അങ്ങോട്ടു ഞാന്‍ നടന്ന പലപല വഴികള്‍ ഇവിടെയാണ്. ജീവിതത്തിന്റെ ഗതിയെങ്ങോട്ട് എന്നറിയാതെ എന്റെ യൗവനം പിടച്ചിലോടെ അലഞ്ഞത് ഈ മണ്ണിലാണ്. പലപല വേഷങ്ങള്‍കെട്ടി പരാജയപ്പെട്ട് ഞാന്‍ തിരിച്ചുവന്നിറങ്ങി തലചായ്ച്ചത് ഇവിടെയാണ്. പിന്നെ, എന്റെ പ്രിയപ്പെട്ട അപ്പനും അമ്മയും ഉറങ്ങുന്നത് ഈ ദേശത്താണ്. പിന്നെ ഞാന്‍ എങ്ങോട്ടുപോകാന്‍? പോയാല്‍ത്തന്നെ എത്രദൂരം?
കാവുകളും കുളങ്ങളും കൂടല്‍മാണിക്യക്ഷേത്രവും കുരിശുചൂടി നില്ക്കുന്ന പള്ളികളും പൂരങ്ങളും പിണ്ടിപ്പെരുന്നാളും തഴച്ചുവളരുന്ന തൊടികളും കൃഷിനിറഞ്ഞ വയലുകളുമുള്ള ഒരു അദ്ഭുതദേശമായിരുന്നു എന്റെ കുട്ടിക്കാലത്തെ ഇരിങ്ങാലക്കുട. വീട്ടിലിരുന്ന് ചെവിയോര്‍ത്താല്‍ വയലില്‍ കന്നുപൂട്ടുന്നതിന്റെ ശബ്ദംകേള്‍ക്കാം. ഞാറ്റുപാട്ടിന്റെ നേരിയ ഈണം കേള്‍ക്കാം. പാടത്തെ ചെളിയുടെ മണം വരും. പച്ചനിറത്തിലുള്ള വരമ്പില്‍ വെള്ളക്കൊക്കുകള്‍ നിരന്നിരിക്കും. ഇരുകരയിലും തെങ്ങിന്‍നിരകള്‍. എല്ലാം ചേരുമ്പോള്‍ പാടത്ത് ഒരു നൃത്തമാണ് നടക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ നൃത്തം ആസ്വദിച്ചുകൊണ്ട് ഞാന്‍ കല്ലേലില്‍ത്തോട്ടില്‍പ്പോയി നീന്താന്‍ പഠിച്ചു. രാവിലെ ഏഴുമണിമുതല്‍ ഒമ്പതുവരെ കാഴ്ചകണ്ടാനന്ദിച്ചു.
എനിക്കോര്‍മവെക്കുമ്പോള്‍ മങ്ങാടിക്കുന്നിന്റെ തൊട്ടുതാഴെയായിരുന്നു ഞങ്ങളുടെ വീട്. അപ്പനും ഇളയപ്പനും പിന്നീട് ഭാഗം പിരിഞ്ഞു. അപ്പോള്‍ അപ്പന്‍ വീടുപണി തുടങ്ങി. കുറച്ചുകാലം ഞങ്ങള്‍ക്ക് വാടകപ്പുരയില്‍ താമസിക്കേണ്ടിവന്നു. ആ വീട്ടുമുറ്റത്ത് ചാഞ്ഞുകിടക്കുന്ന ഒരു പ്ലാവുണ്ടായിരുന്നു. വീട്ടിനകത്താകെ കുട്ടിക്കൂറ പൗഡറിന്റെ മണമായിരുന്നു. ഞായറാഴ്ച പള്ളിയില്‍ പോവുന്നതിന്റെ മണം. ഞാന്‍ എന്തുകൊണ്ടോ പലപ്പോഴും വീടിനു പിറകില്‍ ചെന്നിരിക്കും. അപ്പോള്‍, ഇരുട്ടിലൂടെ കുറുക്കന്മാര്‍ ഓരിയിട്ടുകൊണ്ട് ഓടിപ്പോകുന്നത് അമ്മ കാണിച്ചുതരും. നേരം വെളുക്കുന്നതോടെ കുറുക്കന്മാരെല്ലാം മങ്ങാടിക്കുന്നില്‍ കയറി ഒളിക്കും.
പിന്നെ ഞങ്ങള്‍ സ്വന്തം വീട്ടിലേക്കുമാറി. കോണ്‍വെന്റിലേക്കും സ്‌കൂളിലേക്കും ചേച്ചിയുടെ പാവാട പിടിച്ചു പോകും. അന്ന് സ്‌കൂളില്‍ എന്തു ചടങ്ങുണ്ടെങ്കിലും പ്രസംഗിക്കാന്‍ വരുന്നത് വികാരിയച്ചനായിരിക്കും. മാസത്തില്‍ ഒന്നോ രണ്ടോ തവണയുണ്ടാകും ഇത്. അറുബോറന്‍ പ്രസംഗം കാഴ്ചവെച്ചിട്ടേ അച്ചന്‍ പോകൂ. അച്ചന് വേദികിട്ടാന്‍ നല്ല ബുദ്ധിമുട്ടുണ്ട് എന്നകാര്യം എനിക്ക് അന്നേ മനസ്സിലായി. അവിടെപ്പഠിച്ച നാലുകൊല്ലം ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടു. ഒന്നും മനസ്സിലായില്ല. പിന്നീട് എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴും ഞാന്‍ ഈ അച്ചനെ കണ്ടു. പള്ളീലെ പ്രസംഗങ്ങള്‍ കേട്ടു. പക്ഷേ, ഒന്നും മനസ്സിലായില്ല.
പ്രസംഗം കഴിഞ്ഞാല്‍ നാടകമുണ്ട്. സ്ത്രീകള്‍ മാത്രമായിരിക്കും അഭിനയിക്കുന്നത്. ചെറിയ പെട്ടിവെച്ച് തുണിയൊക്കെയിട്ട് തിരിച്ച് മതാവിന്റെ പാട്ടുപാടിയുള്ള ഡാന്‍സ് നാടകത്തിനിടയിലുണ്ടാകും. ക്രിസ്തു മരിച്ചുകഴിഞ്ഞ് മാതാവ് ഡാന്‍സ് ചെയ്യുന്ന രംഗം കണ്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. ആ ഡാന്‍സിന്റെ ചലനങ്ങള്‍ മുഴുവന്‍ കൊഴപ്പമായിരുന്നു. വടക്കുമ്പാടന്‍ എന്ന് വീട്ടുപേരുള്ള സുന്ദരിയായ ഒരു സ്ത്രീയായിരുന്നു ആ ഡാന്‍സ് ചെയ്തിരുന്നത്. അവര്‍ ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. പെണ്ണുങ്ങള്‍ തന്നെ മണവാളനും മണവാട്ടിയുമായെത്തുന്ന ആ നാടകം കണ്ട ഒരാള്‍പോലും ഒരു സിനിമാനടനോ നാടകനടനോ ആയിട്ടുണ്ടാവില്ല, തീര്‍ച്ച. അഭിനയം എന്ന കലയെ അവര്‍ അത്ര വെറുത്തിരിക്കും.
നാടകം മൊത്തത്തില്‍ ബോറടിയായിരുന്നെങ്കിലും അതില്‍ പെണ്ണുകാണാന്‍ വരുന്ന ഒരു സീനുണ്ട്. അതെനിക്കിഷ്ടമായിരുന്നു. 'എന്നാല്‍ ഇനി ചെറുക്കന്‍ കാപ്പികുടിക്യാ' എന്നു പറഞ്ഞുകഴിയുമ്പോഴേക്കും ആവിപറക്കുന്ന പുട്ടിന്റെ ഒരട്ടി സ്റ്റേജില്‍ കൊണ്ടുവന്നുവെക്കും. നാടകരംഗത്തേക്കാള്‍ ഒരു ചായപ്പീടികപോലെയാണ് അപ്പോള്‍ എനിക്ക് വേദിയെ തോന്നിയിരുന്നത്. വിശന്ന് പൊരിഞ്ഞിരിക്കുകയായിരിക്കും ഞാന്‍. വീട്ടില്‍പ്പോയാലും വലുതായിട്ടൊന്നും ഉണ്ടാവില്ല. പുട്ടിന്റെ ആ കാഴ്ചകണ്ട് എന്റെ വായില്‍ വെള്ളംനിറയും.
ഓരോ തവണയും നാടകം കഴിഞ്ഞാല്‍ അല്പസമയം ഞാന്‍ അവിടെത്തന്നെ നില്ക്കും. ഈ പുട്ടൊക്കെ ഇവര്‍ എന്തുചെയ്യും ദൈവമേ? എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സംശയം. ഭക്ഷണത്തോട് അന്നും ഇന്നും എനിക്ക് അത്യാര്‍ത്തിയില്ല.
പക്ഷേ, പട്ടിണി വലിയൊരു പ്രശ്‌നംതന്നെയായിരുന്നു. ഹിന്ദുസംസ്‌കാരത്തില്‍ വളര്‍ന്നവരാണ് ഇരിങ്ങാലക്കുടയിലെ ക്രിസ്ത്യാനികള്‍ എന്ന് പൊതുവേ പറയാം. ക്ഷേത്രവുമായി ബന്ധപ്പെട്ട കാഴ്ചകളും ശബ്ദങ്ങളുമായിരുന്നു ചുറ്റും. തച്ചുടകൈമളെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്ന കാഴ്ച, കൂടല്‍മാണിക്യക്ഷേത്രത്തിലെ ശംഖുവിളിയും നേംവെടിയും പള്ളിവേട്ടയും ആറാട്ടും... നിരന്നു കത്തുന്ന പന്തങ്ങള്‍, അവയില്‍ എണ്ണപകരുമ്പോഴുള്ള മണം. പന്തത്തിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങള്‍... ഇവയെല്ലാം എന്നും ചുറ്റിലുമുണ്ടായിരുന്നു. കൂടല്‍മാണിക്യക്ഷേത്രത്തിന്റെ ഏറ്റവും അകത്ത് ക്രിസ്ത്യാനികള്‍ക്ക് കയറാന്‍ പാടില്ല. പക്ഷേ, ഞാനും എന്റെ സുഹൃത്തുംകൂടി ചിലപ്പോള്‍ പോകും. ക്ഷേത്രത്തില്‍ കടക്കുന്നതിനു മുന്‍പ് ഞങ്ങള്‍ പേരുമാറ്റും. നീ രാമന്‍, ഞാന്‍ കൃഷ്ണന്‍. നിന്റച്ഛന്‍ പ്രഭാകരന്‍, എന്റച്ഛന്‍ രാഘവന്‍. അമ്പലത്തില്‍ കയറിയ ഉടന്‍ ഞങ്ങള്‍ പരസ്പരം ചോദിക്കും:
'രാമാ നിനക്ക് സുഖല്ലേ?'
'അതേടാ കൃഷ്ണാ, നിന്റച്ഛന്‍ പ്രഭാകരനെ കാണാറില്ലല്ലോ.'
'നിന്റച്ഛന്‍ രാഘവനോ?'
ഒരിക്കല്‍ ഈ സംഭാഷണത്തിനിടെ ഇരുട്ടില്‍നിന്ന് ഒരു ചിരി കേട്ടു. കെ.വി. രാമനാഥന്‍ മാഷായിരുന്നു അത്. ഞങ്ങളുടെ സംസാരം കേട്ട് അദ്ദേഹത്തിന് ചിരിപൊട്ടിയതാണ്. ഇപ്പോഴും മാഷ് കാണുമ്പോള്‍ നേരിയ ചിരിയോടെ ചോദിക്കും:
'അച്ഛന്‍ പ്രഭാകരന് സുഖല്ലേ?'
ഇരിങ്ങാലക്കുടയിലെ ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ദൂരെനിന്ന് കാണാന്‍ മാത്രമേ എന്റെ കുട്ടിക്കാലത്ത് യോഗമുണ്ടായിരുന്നുള്ളൂ. കാശില്ലാത്തതുകൊണ്ട് ഒന്നും വാങ്ങിയ ഓര്‍മ എനിക്കില്ല. എല്ലാം കണ്ടുകണ്ടങ്ങനെ നടക്കും. കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവത്തിന്റെയും പടിഞ്ഞാറെപ്പള്ളിയും കിഴക്കെപ്പള്ളിയും ചേര്‍ന്ന പിണ്ടിപ്പെരുന്നാളിന്റെയും ചേലൂര്‍ പള്ളിയിലെയും കാട്ടൂര്‍ പള്ളിയിലെയും പെരുന്നാളിന്റെയും വഴികളെല്ലാം എനിക്ക് പരിചിതമായിരുന്നു. അങ്ങനെ നടക്കുമ്പോള്‍ പാമ്പുകളിക്കാരനെക്കാണും, അവിടെ കുറേ നില്ക്കും. തൊട്ടപ്പുറത്ത് പാത്രം പൊട്ടിയാല്‍ ഒട്ടിക്കുന്ന സാധനം വില്ക്കുന്നയാള്‍. അവിടെയും കുറേ നില്ക്കും. ഇതില്‍പ്പലര്‍ക്കും എന്നെ കണ്ടുകണ്ട് പരിചയമായിരിക്കും. മിക്കവരും ചിരിക്കും. കാശുകൊടുക്കാന്‍ നേരത്ത് വലിയുന്നവനാണ് ഇവന്‍ എന്നറിഞ്ഞുകൊണ്ടാണ് ആ ചിരി.
അങ്ങനെ നടക്കുമ്പോള്‍ ഒരു സ്ഥലത്ത് തുണികൊണ്ട് മറച്ച ഒരു മുറി കണ്ടു. അതിനുള്ളില്‍ ഒരു പാട്ടവിളക്ക് കത്തിയിരുന്നു. പണക്കാരായവര്‍ പുറത്ത് കാത്തുനില്ക്കുന്നു. കൈരേഖനോക്കുന്ന സ്ഥലമാണ്. പെട്ടെന്നാണ് ഒരാള്‍ മറപൊളിച്ച് പുറത്തേക്കു തെറിച്ചുവീണത്. അയാള്‍ കൈരേഖക്കാരന്റെ കഴുത്തിന് കുത്തിപ്പിടിച്ചിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എനിക്ക് പരിചയമുള്ള മുഖമാണ്; വാസു. പൊര്‍ത്തുശ്ശേരിയിലെ കള്ള്ഷാപ്പില്‍ കൂട്ടാന്‍കച്ചവടം ചെയ്യുന്നയാള്‍. വാസു നിന്ന് കിതയ്ക്കുകയാണ്. രംഗം ഒന്നയഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. വാസു കൈരേഖനോക്കാന്‍ കയറിയതായിരുന്നു. രേഖ നോക്കിനോക്കി അയാള്‍ പറഞ്ഞു: 'ഈ രേഖയുള്ളയാള്‍ പെണ്ണുപിടിയനാണ്, പണം കടംവാങ്ങിയാല്‍ കൊടുക്കില്ല...' പറഞ്ഞുകഴിഞ്ഞതും വാസുവിന്റെ അടി കഴിഞ്ഞു. എസ്.ഐ. വന്നു. കൈരേഖക്കാരനെ വിളിച്ചുനിര്‍ത്തി ചോദിച്ചു: 'നീയെവിടുന്നാടാ കൈരേഖാശാസ്ത്രം പഠിച്ചത്?'
അയാള്‍ എന്തോ മറുപടി പറഞ്ഞു, പിന്നെ എസ്.ഐ.യുടെ പിറകേ ജീപ്പില്‍ കയറിപ്പോയി.
സ്വയം സുഖിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കാനാണ് എപ്പോഴും മനുഷ്യനിഷ്ടം എന്ന് എനിക്ക് മനസ്സിലായത് അന്നാണ്. സത്യത്തെ നേരിടാന്‍ അവനു പേടിയും മടിയുമാണ്.
മാപ്രാണത്തെ കട പൂട്ടിയതിനുശേഷം അപ്പന്‍ ഇരിങ്ങാലക്കുടയില്‍ ബസ്റ്റാന്‍ഡിനടുത്ത് ഒരു കട തുടങ്ങിയിരുന്നു. 'സെന്റ് ത്രേസ്യാ സ്റ്റോഴ്‌സ് ' എന്നായിരുന്നു അതിന്റെ പേര്. അരി, പലചരക്ക് സാധനങ്ങള്‍ എന്നിവയായിരുന്നു വില്പനവസ്തുക്കള്‍. വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുതുടങ്ങി എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ മുതല്‍ അപ്പന്‍ എന്നെ കടയിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. അപ്പന്റെ ആ കട പക്ഷേ, വിജയമായില്ല. കാരണം, ഞങ്ങളുടേത് വലിയ കുടുംബമായിരുന്നു. വീട്ടില്‍ നല്ല ചെലവുണ്ട്. കടയിലെ സാധനങ്ങള്‍ മിക്കതും വീട്ടിലേക്കുതന്നെയാണ് കൊണ്ടുപോവുക. ഒരു സ്ഥലത്ത് സ്റ്റോക്കുചെയ്തിട്ട് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു എന്നു മാത്രം. ഇത് മനസ്സിലായപ്പോള്‍ ഒരു ദിവസം ഞാന്‍ അപ്പനോടു ചോദിച്ചു:
'ഇങ്ങനെയൊരു കട എന്തിനാ അപ്പാ നമ്മക്ക്?' അപ്പോള്‍ അപ്പന്‍ പറഞ്ഞു:
'സാധനങ്ങള്‍ മുഴുവന്‍ വാങ്ങി വീട്ടില്‍ കൊണ്ടുവെച്ചാല്‍ പെട്ടെന്ന് തീരും. ഇതൊരു സ്റ്റോര്‍ റൂമായിട്ട് കണ്ടാ മതി.'
കട ശോഷിച്ചതാണെങ്കിലും അവിടത്തെ ഇരിപ്പ് എനിക്കുതന്ന സന്തോഷം ചില്ലറയല്ല. കട അടിച്ചുവാരാനും കുടിക്കാനുള്ള വെള്ളം കൊണ്ടുവെക്കാനുമായി അപ്പുക്കുട്ടന്‍നായര്‍ എന്നൊരാളുണ്ടായിരുന്നു. അയാള്‍ മറ്റേതോ നാട്ടുകാരനായിരുന്നു. അപ്പുക്കുട്ടന്‍ നായരുടെ ശരീരത്തില്‍ നിറയെ മസിലായിരുന്നു. അയാള്‍ ജിമ്മിന് പോകുന്നുണ്ടോ എന്നെനിക്ക് ഒരു സംശയമുണ്ടായിരുന്നു. പക്ഷേ, ചോദിക്കാന്‍ പേടിയും. ഒരു ദിവസം അപ്പനോട് ഞാനെന്റെ സംശയം ചോദിച്ചു. അപ്പോള്‍ അപ്പന്‍ പറഞ്ഞു: 'അപ്പുക്കുട്ടന്‍നായരെ മസിലോടുകൂടിയാടാ പ്രസവിച്ചത്!'
അപ്പന് ജീവിതത്തില്‍ ഒരു പണികൊടുത്തയാള്‍ അപ്പുക്കുട്ടന്‍നായരായിരിക്കും. അയാളെ ഒന്ന് കളിപ്പിക്കാന്‍ ഒരു ദിവസം അപ്പന്‍ ഒരു കത്തെഴുതി കൈയില്‍ കൊടുത്തു. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു: 'എന്റെ സ്വദേശം നെയ്യാറ്റിന്‍കരയാണ്.
ഞാന്‍ ഒരു മരംവെട്ടുകാരനായിരുന്നു. എനിക്ക് നാല് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളുമാണ്. ഒരിക്കല്‍ മരംവെട്ടുന്ന സമയത്ത് മരത്തിന്റെ കൊമ്പുവീണ് എന്റെ നടുവൊടിഞ്ഞു. ജോലിചെയ്യാന്‍ വയ്യാതായി. നിങ്ങളെപ്പോലുള്ളവരുടെ സഹായമാണ് എനിക്കാശ്രയം.'
തൊട്ടിപ്പുറത്ത് അപ്പന്റെ ഒപ്പുമുണ്ടാകും. ഈ കാര്‍ഡുമായി അപ്പുക്കുട്ടന്‍നായര്‍ വീടുകള്‍ കയറിയിറങ്ങും. ആളുകള്‍ അത് വായിച്ച് പൊട്ടിച്ചിരിക്കും. കാരണം, അയാള്‍ വളരെക്കാലമായി ഇരിങ്ങാലക്കുടയിലുള്ളയാളാണ്. മാത്രമല്ല, നല്ല ആരോഗ്യവാനും. ആ മനുഷ്യനാണ് ഈ സങ്കടക്കത്തുമായി വീട് കയറിയിറങ്ങുന്നത്.
നാടുമുഴുവന്‍, അപ്പനടക്കം അപ്പുക്കുട്ടന്‍നായരുടെ ഈ കത്ത് വായിച്ച് ചിരിച്ചുകൊണ്ടിരിക്കെ ഒരു ദിവസം അയാള്‍ ഈ കത്ത് അപ്പനുതന്നെ കൊണ്ടുചെന്നുകൊടുത്തു! എല്ലാ വീടുകളിലും കൊടുക്കുന്നപോലെ. താന്‍തന്നെ എഴുതിക്കൊടുത്ത കത്ത് തന്റെതന്നെ കൈയില്‍ തിരിച്ചെത്തിയതുകണ്ട് അപ്പന്‍ തരിച്ചിരുന്നുപോയി. ഇനി ഈ കത്തുമായി നടക്കേണ്ട കാര്യമില്ല എന്ന് അയാളെ താക്കീതുചെയ്യുകയും ചെയ്തു.
പഠനം നിര്‍ത്തി ഞാന്‍ അങ്ങാടി നിരങ്ങി നടക്കുന്നത് കാണുമ്പോള്‍ ഇടയ്ക്ക് അപ്പന്‍ പറയും:
'എടാ, ഈ അപ്പുക്കുട്ടന്‍നായര്‍ മിടുക്കനാ. ഒരു പണീം എട്ക്കാതെ ജീവിക്കണത് കണ്ടാ. നിനക്കൊരു മാതൃകാപുരുഷന്‍, ഒരു ഗുരു.' കമ്യൂണിസം കൈയിലുള്ളതുകൊണ്ട് അപ്പന് റഷ്യന്‍ പുസ്തകങ്ങള്‍ പലതും കിട്ടുമായിരുന്നു. നോവലും കഥകളും നിറഞ്ഞ പുസ്തകങ്ങള്‍. അവ മുഴുവന്‍ അരിച്ചുപെറുക്കി വായിച്ച് അപ്പന്‍ എനിക്കായി ചില കഥകള്‍ കൊത്തിയെടുക്കും. ഇരിങ്ങാലക്കുടയിലെ വഴികളിലൂടെ നടന്നും അയ്യങ്കാവ് മൈതാനത്തിന്റെ ഒരു മൂലയ്ക്ക് ചെന്നിരുന്നും ഇവ അപ്പന്‍ പറഞ്ഞുതരും. വീട്ടിലേക്കുള്ള സാധനം കൊടുത്തുകഴിഞ്ഞാല്‍പ്പിന്നെ കടകൊണ്ട് ഒരു കാര്യവുമില്ലാതായി. ഉച്ചയോടെ അപ്പന്‍ കട പൂട്ടും. അത് കഴിഞ്ഞുള്ള നടത്തത്തിനിടെയാണ് കഥപറച്ചില്‍. അങ്ങനെയൊരു നടത്തത്തിനിടെ അപ്പന്‍ പറഞ്ഞ ഒരു കഥ ഇപ്പോഴും എനിക്കോര്‍മയുണ്ട്: 'അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു റഷ്യന്‍ കുടുംബം. മകന്‍ ഒരു പണിയുമെടുക്കില്ല, മഹാ മടിയനാണ്...' ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ കഥ എന്റെ ചേട്ടന്മാര്‍ക്കൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ടോ?'
'ഇല്ല. ഇത് നിനക്ക് സ്‌പെഷലായിട്ടുള്ളതാ.' അപ്പന്‍ പറയും. എന്നിട്ട് കഥ തുടര്‍ന്നു-
'ഒറ്റ മകനേയുള്ളൂ. അവന്‍ പണിയെടുക്കാതെ നടക്കുന്നതില്‍ അപ്പന് വലിയ സങ്കടവും പ്രതിഷേധവുമുണ്ടായിരുന്നു. അതുകൊണ്ട് തന്റെ സമ്പാദ്യമെല്ലാം ഒരു അനാഥാലയത്തിന് എഴുതിവെക്കാന്‍ തീരുമാനിച്ചു. പണിയെടുത്ത് കാശുമായി വന്നാല്‍ മാത്രം തീരുമാനം മാറ്റാം...'
കഥ അവിടെ നിര്‍ത്തി അപ്പന്‍ ഒരു കടത്തിണ്ണയിലേക്ക് കയറിനിന്ന് എന്നോടു ചോദിച്ചു:
'ഇതില്‍ നീ ആരുടെ ഭാഗത്താ?'
'അവന്റെ', ഞാന്‍ പറഞ്ഞു.
'ഏ? അതെന്താ ഇന്നസെന്റേ അങ്ങനെ?' അപ്പന്‍ ഉള്ളില്‍ ഒരാളലോടെ ചോദിച്ചു-
'അയാള്‍ക്ക് ഒരു മോനല്ലേയുള്ളൂ അപ്പാ. നമ്മടെപോലെ എട്ടെണ്ണമൊന്നുമില്ലല്ലോ? വെറുതെ അനാഥാലയത്തിനു കൊടുക്കാതെ അവന് കൊടുത്തൂടേ? എന്നാല്‍ അവന് പണിയെടുക്കാതിരിക്കാലോ?' എന്റെ മറുപടികേട്ട അപ്പന്റെ ആവേശം പാതി തളര്‍ന്നു. എന്നാലും കഥ തുടര്‍ന്നു- 'അങ്ങനെ ആ മകന്‍ പണിക്കെന്നുപറഞ്ഞ് രാവിലെ പുറത്തുപോയിത്തുടങ്ങി. പോവുമ്പോള്‍ത്തന്നെ അമ്മ ഒരു റൂബിള്‍ മകന്റെ കൈയില്‍ കൊടുക്കും. വൈകുന്നേരം മകന്‍ അത് തിരിച്ച് അപ്പന് കൊണ്ടുചെന്ന് കൊടുക്കും. അപ്പനതു വാങ്ങി നേരെ മുന്നില്‍ ആളിക്കത്തുന്ന ഉലയിലേക്കിടും. മകന്‍ ഒന്നും മിണ്ടില്ല. പിറ്റേന്ന് അമ്മ മകന് രണ്ട് റൂബിള്‍ കൊടുത്തു. അതും വൈകുന്നേരം അപ്പന്‍ ഉലയിലിട്ടു. ഇനി പണം തരില്ല എന്ന് അമ്മ മകനോട് പറഞ്ഞു: 'അധ്വാനത്തിന്റെ വിയര്‍പ്പു പുരണ്ട പണത്തിന്റെ ഗന്ധം അപ്പന് വേഗം മനസ്സിലാകും.'
പിറ്റേന്ന് മകന്‍ ഒരു വീട്ടില്‍ച്ചെന്ന് വൈകുന്നേരംവരെ വിറകുവെട്ടി. അവര്‍ അവന് വൈകുന്നേരം മൂന്ന് റൂബിള്‍ കൊടുത്തു. അതുമായി അവന്‍ അപ്പന്റെ മുന്നിലെത്തി. അപ്പന്‍ അതുവാങ്ങി പതിവുപോലെ തീയിലേക്കിട്ടു. എന്നാല്‍ ഇത്തവണ മകന്‍ ആളിക്കത്തുന്ന തീയിലേക്ക് കൈയിട്ട് അത് എടുത്തു. അപ്പോള്‍ അപ്പന് മനസ്സിലായി ഇത് മകന്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്.'
കഥ പറഞ്ഞ്, അയ്യങ്കാവ് മൈതാനത്തിന്റെ ഒരു മൂലയിലിരുന്ന് അപ്പന്‍ എന്നോടു ചോദിച്ചു:
എങ്ങനെയുണ്ട് കഥ?'
എനിക്കിഷ്ടമായില്ല.- ഞാന്‍ പറഞ്ഞു. എന്റെ മറുപടി കേട്ട് അപ്പന്‍ മിഴിച്ചിരുന്നു.
എങ്കിലും പിന്നെയും പിന്നെയും അപ്പന്‍ എനിക്ക് കഥപറഞ്ഞുതന്നുകൊണ്ടേയിരുന്നു. ഇന്നും ഇരിങ്ങാലക്കുടയിലൂടെ നടക്കുമ്പോള്‍, ഞാന്‍ അപ്പന്റെ കാല്പാടുകള്‍ തേടാറുണ്ട്. അതിനു പിറകില്‍ എന്റെയും കാലടികള്‍ പതിഞ്ഞിട്ടുണ്ടായിരിക്കും. ചില ഉച്ചനേരങ്ങളില്‍ അയ്യങ്കാവ് മൈതാനത്തിനടുത്തൂടെ കടന്നുപോരുമ്പോള്‍ 'ഈ കഥ നിനക്കിഷ്ടായോ?' എന്ന അപ്പന്റെ ചോദ്യം കാറ്റിലെവിടെയോ കലര്‍ന്നുകിടക്കുന്നതുപോലെ തോന്നും.
(ചിരിക്കു പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments:
Post a Comment