Thursday, April 4, 2013

നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം



Vattavada, Munnar, Idukki, Kerala


ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം പതിയുക.

മൂന്നാറില്‍ നിന്ന് ഏകദേശം 42 കി. മി അകലെയായി നിര്‍ദ്ദിഷ്ട നെടുമ്പാശ്ശേരി കൊടൈക്കനാല്‍ റോഡില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്.

തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ തനി പകര്‍പ്പ്. ചുവരുകള്‍ തമ്മില്‍ വേര്‍തിരിവില്ലാത്ത വീടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മധുരയില്‍ നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂര്‍വ്വികര്‍. ഇടുക്കിയിലെ ആദ്യ കുടിയേറ്റക്കാര്‍. പഴയ തമിഴ് വാസ്തുവിദ്യയിലാണ് വീടുകള്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത്. പൊതുവെ എല്ലാ വീടുകള്‍ക്കും ഉയരം കുറവാണ്. കാട്ടുകമ്പുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവ, കറുത്ത മണ്ണ് തേച്ച് ബലപ്പെടുത്തിയിരിക്കുന്നു. വാതിലുകളും ജനാലകളും കൊത്തുപണികളാല്‍ മനോഹരമാക്കിയിരിക്കുന്നു. മിക്ക വീടുകളും ഒരേ വലുപ്പത്തിലും ആകൃതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സദാ ഉച്ചത്തില്‍ സംസാരിച്ച് തിരക്കിട്ടു നീങ്ങുന്ന ജനസമൂഹം അന്തരീക്ഷം ശബ്ദ മുകരിതമാക്കുന്നു. വീടിനു മുന്‍പിലായി റോഡിന്റെ അരികു ചേര്‍ന്നിരുന്ന് പച്ചക്കറി വിത്തുകള്‍ വേര്‍തിരിക്കുന്ന മുതിര്‍ന്നവരും, നിരത്തിന്റെ ഒത്തനടുക്കായി നിന്ന് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്ന യുവതീ യുവാക്കളും വട്ടവടയുടെ പ്രത്യേകതകളാണ്.

പൊതുവെ, നിരത്തില്‍ വാഹന ഗതാഗതം കുറവാണ്. ഗ്രാന്റീസ് തടികള്‍ കയറ്റി വരുന്ന പൊട്ടിപൊളിഞ്ഞ ജീപ്പുകളാണ് കൂടുതലായി കാണപ്പെടുന്ന വാഹനം. പച്ചക്കറി ചുമന്നുവരുന്ന കോവര്‍ കഴുതകളെ നിരത്തില്‍ എപ്പോഴും കാണാം. വളരെ ഉച്ചത്തില്‍ സിനിമാ ഗാനങ്ങള്‍ മുഴങ്ങുന്ന ചായ കടകളും രജനീകാന്തിന്റെയും കമലഹാസന്റെയുമൊക്കെ വലിയ പോസ്റ്ററുകള്‍ പതിപ്പിച്ച ബാര്‍ബര്‍ ഷോപ്പുകളും വട്ടവടയിലെ കൗതുക കാഴ്ചകളാണ്.


Vattavada, Munnar, Idukki, Kerala


12 വര്‍ഷത്തില്‍ ഒരിക്കല്‍ വിരുന്നിനെത്തുന്ന നീലകുറിഞ്ഞിയുടെ ഈ സ്വന്തം ഗ്രാമത്തിന് പറയുവാന്‍ കഥകള്‍ ഏറെയുണ്ട്. കുറിഞ്ഞി മല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് വട്ടവടയിലാണ്. കുറിഞ്ഞിയുടെ പൂക്കാലം ഒരു ഉത്സവമായാണ് ഗ്രാമവാസികള്‍ കൊണ്ടാടുന്നത്. പൂജകളും ബലിയര്‍പ്പണവുമൊക്കെ ഗ്രാമീണര്‍ നടത്തുന്നു. കുറിഞ്ഞിയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം പച്ചക്കറി ഗ്രാമമെന്ന നിലയില്‍ പ്രശസ്തിയാര്‍ജിച്ച വട്ടവട കുറെ മലനിരകളാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. താഴ്‌വാരത്തിനോടുചേര്‍ന്ന് അല്പം ഉയരത്തില്‍ ഗ്രാമം സ്ഥിതി ചെയ്യുന്നു. . പഞ്ചായത്തിലെ കമ്പക്കല്‍, കടവരി പ്രദേശങ്ങള്‍ മുന്‍പ് കഞ്ചാവിന് പ്രശസ്തിയാര്‍ജിച്ച മേഖലകളായിരുന്നു.

അടുക്കടുക്കായി കാണപ്പെടുന്ന കൊച്ചു കൃഷിയിടങ്ങളാണ് ഗ്രാമത്തിന്റ ഏറ്റവും വലിയ പ്രത്യേകത. കാരറ്റും ബീറ്റ്‌റൂട്ടും കാബേജും ഉരുളക്കിഴങ്ങുമൊക്കെ വിളയുന്ന കൃഷിയിടങ്ങളാണവ. പച്ചക്കറിതോട്ടങ്ങളുടെയും കൃഷിക്കായി ഒരുക്കിയിരിക്കുന്ന ഭൂമിയുടെയുമൊക്കെ വിദൂരകാഴ്ച അതിമനോഹരമാണ്. ഗ്രാമവാസികള്‍ കൃഷി ചെയ്യുന്നതിനുമുണ്ട്് പ്രത്യേകത. അടുത്തടുത്ത തടങ്ങളില്‍ വ്യത്യസ്ത പച്ചക്കറികളാണ് ഇവര്‍ വിളയിക്കുന്നത്. ഒന്നില്‍ ഉരുളകിഴങ്ങാണെങ്കില്‍ മറ്റൊന്നില്‍ വെളുത്തുള്ളി. രാസവളങ്ങളുടെ ഉപയോഗം തീരെ കുറവാണ്. കൃഷിയിടങ്ങളിലൂടെ സര്‍വ്വസമയവും ജോലിയില്‍ വ്യാപൃതരായി നടക്കുന്ന പണിയാളര്‍ കേരളത്തില്‍ മറ്റൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ച്ചയാണ്.


Vattavada, Munnar, Idukki, Kerala


വട്ടവടയിലെ പ്രധാന വ്യാരകേന്ദ്രങ്ങളിലൊന്നായ കൊട്ടക്കാമ്പൂര്‍ ഗ്രാമം അവസാനിക്കുന്ന കുന്നിന്‍ മുകളില്‍നിന്നുമുള്ള കൃഷിഭൂമിയുടെ കാഴ്ച വര്‍ണ്ണനാതീതമാണ്. കഥകളില്‍ കേട്ടു പരിചിതമായ ഏതോ അത്ഭുത ലോകത്ത് എത്തിയതു പോലെ. ചുറ്റിനും വളരെ ദൂരേയ്ക്ക് വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍, അവയ്ക്കിരുവശത്തും വന്‍കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. ലോകത്തിന്റെ എറ്റവും അറ്റത്തുള്ള മുനമ്പില്‍ നില്‍ക്കുന്ന അനുഭൂതിയാണ് ആ കാഴ്ചകള്‍ പകര്‍ന്നുനല്‍കിയത്. അങ്ങു ദൂരെ മലനിരകള്‍ ഒത്തുചേരുന്ന പ്രദേശത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെന്ന് വിശ്വവസിക്കുവാന്‍ പെട്ടന്നെന്തോ മടി തോന്നി. കൃഷിയിടങ്ങളും മലനിരകളും നീലാകാശവുമൊക്കെ ഒരു ചെറിയ കോണില്‍ ഒത്തുചേരുന്നു. ശരിക്കും പ്രകൃതി ഒരുക്കിയിരിക്കുന്ന വലിയൊരു കോട്ട.

വട്ടവടയിലേയ്ക്കുള്ള യാത്രയും അതിമനോഹരമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിരുപറ്റി ഒരു യാത്ര. റോഡിനിരുവശവും കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നു. ചിലയിടങ്ങളിലില്‍ പച്ച പരവതാനി വിരിച്ചതുപോലെ പുല്‍മേടുകള്‍ കാണാം. മാട്ടുപെട്ടി, കുണ്ടള ഡാമുകളുടെ ഭംഗിയും, എക്കോ പോയിന്റെന്ന അത്ഭുതവും, ചെത്തിയൊരിക്കിയതെന്ന് തോന്നലുളവാക്കുന്ന കുളുക്കുമലയുമൊക്കെ യാത്രയില്‍ കൂട്ടിനെത്തുന്നു. മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ വട്ടവടയ്ക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാന്റീസ് മരങ്ങള്‍ വെട്ടിയൊരുക്കി വാഹനത്തില്‍ കയറ്റുവാന്‍ ധൃതി കൂട്ടുന്ന പണിയാളര്‍ ഗ്രാമം അടുക്കാറായെന്ന് വിളിച്ചോതുന്നു. ഏകദേശം നാല് കിലോ മീറ്റര്‍ തമിഴ് നാട് അധീന പ്രദേശത്തുകൂടി സഞ്ചരിച്ചുവേണം വട്ടവടയിലെത്താന്‍.


Vattavada, Munnar, Idukki, Kerala


കൊച്ചുകൃഷിയിടങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന വരമ്പുകളിലൂടെ മണ്ണിന്റെ ഭംഗി ആസ്വദിച്ച് എത്ര സമയം നടന്നുവെന്ന് ഓര്‍മ്മയില്ല. സ്ത്രീകള്‍ വെളുത്തുള്ളികള്‍ വിളവെടുത്ത് ഭംഗിയായി അടുക്കി ഉയര്‍ത്തുന്നത് കുറേ സമയം നോക്കി നിന്നു. രാത്രിയില്‍ കൃഷി നശിപ്പിക്കുവാന്‍ എത്തുന്ന പന്നികളില്‍ നിന്ന് അധ്വാനത്തെ രക്ഷിയ്ക്കുന്നതിനായി കാവലു നില്‍ക്കുന്നവര്‍ക്കായി കാട്ടു കമ്പുകള്‍ ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയിരിക്കുന്ന കൊച്ചുകുടിലുകളില്‍ കയറിയിറങ്ങി.

വിളവെടുക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന്, മണ്ണില്‍ നിന്നുയര്‍ത്തിയ ഉടനെ കൈക്കലാക്കി കൃഷിയിടത്തില്‍ വെച്ചുതന്നെ വൃത്തിയാക്കിയ കാരറ്റിന്റെ രുചിയും ആസ്വദിച്ച് വട്ടവടയോട് വിടചൊല്ലുമ്പോള്‍ കുറിഞ്ഞിയ്ക്കുമപ്പുറം ഒരു കൊച്ചു ഗ്രാമത്തിന്റെ ഒരുപാട് പ്രത്യേകതകളില്‍ അല്പമെങ്കിലും സ്വന്തമാക്കുവാന്‍ സാധിച്ചു എന്ന ലഹരിയിലായിരുന്നു മനസ്സ്. ശരിക്കും ഭൂമിയിലെ പറുദീസ...

Travel Tips
തണുപ്പ് കുറവായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ കരുതേണ്ടതില്ല.
ഗ്രാമത്തില്‍ കേരളാ രീതിയിലുള്ള ആഹാരം ലഭിക്കുവാന്‍ സാദ്ധ്യത കുറവായതിനാല്‍ ഭക്ഷണം കരുതുക.

Location
Vattavada is located in Idukki district near to munnar.

How to reach
Nearest railwaystation: Aluva
Nearest airport : Cochin

Distance chart (approx)
Munnar 42 km
Ernakulam 177 km
Thekkady 147


Text: പ്രിന്‍സ് ജെയിംസ്‌

No comments: