ശ്രീകുമാരന്‍തമ്പി
പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയ്ക്ക് ഫെബ്രവരി 10-ന് 4 വര്‍ഷം.
ഗിരീഷ് പുത്തഞ്ചേരി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ഗാനരചയിതാവു മാത്രമായിരുന്നില്ല, എല്ലാ അര്‍ഥത്തിലും അദ്ദേഹം ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. കവിതയിലും ഗാനത്തിലും കഥയിലും ചലച്ചിത്രഭാഷയിലും ഗിരീഷ് സാകല്യത്തിന്റെ ചാരുതയാണ് പ്രദര്‍ശിപ്പിച്ചത്. അതീവബുദ്ധിമാനായിരുന്നെങ്കിലും ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ് ഗിരീഷ് പാടിയത്. അറിവിന്റെ സമഗ്രതയുള്ള ഒരു മനസ്സില്‍നിന്ന് ആസ്വാദകമനസ്സുകളിലേക്ക് കാന്തത്തിലേക്ക് ഇരുമ്പെന്നപോലെ ശക്തിയോടെ അതിവേഗത്തില്‍ ഗിരീഷിന്റെ വാക്ക് സഞ്ചരിച്ചു. മലയാളപദങ്ങള്‍ക്ക് അതുവരെ നാം കണ്ടിട്ടില്ലാത്ത സൗന്ദര്യമുണ്ടെന്ന് പല ഗാനങ്ങളിലൂടെയും ഗിരീഷ് നമ്മെ പഠിപ്പിച്ചു. അനന്യസുന്ദരങ്ങളായ അന്വയങ്ങളിലൂടെ ഗിരീഷ് മലയാളികളെ അദ്ഭുതപ്പെടുത്തി.
'ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ
മനോ മേ വാചി പ്രതിഷ്ഠിതം'. ഉപനിഷത്ത് (ശാന്തിപാഠം) പറയുന്നു. 'എന്റെ വാക്ക് മനസ്സിലുറയ്ക്കണം; എന്റെ മനസ്സ് വാക്കിലുറയ്ക്കണം.' തന്റെ മനസ്സില്‍ ഉറയ്ക്കാത്ത ഒരു വാക്കും ഗിരീഷ് പ്രയോഗിച്ചില്ല. മലയാള ലളിതഗാനപ്രസ്ഥാനത്തിന്റെ രൂപരേഖ ഈ കവിക്ക് കാണാപ്പാഠമായിരുന്നു. തമ്മില്‍ കണ്ടുമുട്ടുന്ന വേളകളിലൊക്കെ ഞാന്‍പോലും മറന്നുപോയ എന്റെ ചില പഴയ പാട്ടുകള്‍ ഒരക്ഷരംപോലും വിടാതെ ഗിരീഷ് പാടിക്കേള്‍പ്പിക്കുമായിരുന്നു. ഗിരീഷിനെപ്പോലെതന്നെ അകാലത്തില്‍ നമ്മെ വിട്ടുപോയ പ്രശസ്ത സംഗീതസംവിധായകനായ രവീന്ദ്രന്‍ ഒരിക്കല്‍ എന്നോടു പറയുകയുണ്ടായി, 'യഥാര്‍ഥത്തില്‍ തമ്പിസ്സാറെഴുതിയ പല ഗാനങ്ങളുടെയും 'അര്‍ഥവ്യാപ്തി' എനിക്കു കാട്ടിത്തന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്' എന്ന്. ഞാന്‍പോലും ഉദ്ദേശിച്ചിട്ടില്ലാത്ത കാവ്യാലങ്കാരഗരിമ എന്റെ ഗാനങ്ങളിലുണ്ടെന്ന് ഗിരീഷ് പറയുമായിരുന്നു. അസൂയയുടെ മാളങ്ങളില്‍ നിന്ന് കൂടക്കൂടെ വിഷം ചീറ്റുമായിരുന്ന ദോഷൈകദൃക്കുകള്‍പോലും,
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം
എന്ന ഗാനവും
ആരോ വിരല്‍ മീട്ടി
മനസ്സിന്‍ മണ്‍വീണയില്‍
എന്ന ഗാനവും
മൂവന്തിത്താഴ്‌വരയില്‍
വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിച്ചെങ്കനലായ്
നിന്നുലയില്‍ വീഴുമ്പോള്‍
എന്ന ഗാനവും
സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍
എന്ന ഗാനവും കേട്ടപ്പോള്‍ വിഷം ഉള്ളിലേക്കു വലിച്ച് പത്തികളുയര്‍ത്തി ആ
വാങ്മയസംഗീതതാളത്തിനൊത്താടുകതന്നെ ചെയ്തു എന്നത് ചരിത്രസത്യം.
ഗിരീഷിന്റെ കവിതകളുടെ സമാഹാരത്തിന് ഒരു പ്രവേശിക ഞാന്‍തന്നെ എഴുതണമെന്ന് പ്രസാധകരും ഗിരീഷിന്റെ നിത്യകാമുകിയായ പത്‌നി ബീനയും ആവശ്യപ്പെട്ടപ്പോള്‍ പ്രകൃതി എന്ന പ്രഹേളികയുടെ ചാപല്യചാരുത എന്റെ കണ്ണുകളെ ഈറനണിയിച്ചു. കാരണം, ഗിരീഷിനെ കാണുമ്പോഴൊക്കെ കവിതാരചനയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ഞാന്‍ ഉപദേശിക്കുമായിരുന്നു.
ഗിരീഷിന്റെ തെറ്റായ ചില ചലനങ്ങളെ കുറ്റപ്പെടുത്തി ശകാരിക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. വല്യേട്ടന്റെ മുന്‍പില്‍ കുറ്റബോധത്തോടെ തലകുനിച്ചു നില്ക്കുന്ന വിനീതനായ കൊച്ചനുജനായി മാറും ഗിരീഷ് അപ്പോള്‍. മാറിടം കാണത്തക്കവണ്ണം അശ്രദ്ധയുടെ പ്രതീകംപോലെ ഉലയുന്ന ഷര്‍ട്ടിന്റെ കീശയില്‍നിന്ന് സെല്‍ഫോണെടുത്ത് ഭാര്യ ബീനയെ വിളിക്കും. 'ബീനേ- ഇതാ, തമ്പിച്ചേട്ടന്‍ എന്റെ തൊട്ടടുത്തു നില്ക്കുന്നു. നീ സംസാരിക്ക്. ഞാനിന്ന് എത്ര മര്യാദക്കാരനായിട്ടാണ് ഇവിടെ അടങ്ങിയൊതുങ്ങിക്കഴിയുന്നതെന്ന് ചേട്ടന്‍ പറഞ്ഞുതരും..' ഞാന്‍ ശകാരിച്ച കാര്യം പൂര്‍ണമായും മറച്ച് എന്റെ വാക്കുകള്‍ സുന്ദരമായ നര്‍മബോധത്തില്‍ അരിച്ചെടുത്തായിരിക്കും ഗിരീഷ് അവതരിപ്പിക്കുക. അങ്ങനെ തമ്മില്‍ കാണുന്നതിനും വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ബീന എനിക്ക് അനുജത്തിയായി.
തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന പ്രവാഹിനികളാണ് ഗിരീഷിന്റെ കവിതകള്‍. ഗാനത്തിനും കവിതയ്ക്കുമിടയിലുള്ള വരമ്പ് വളരെ നേര്‍ത്തതാണെന്നും ഗിരീഷ്‌കവിത നമ്മെ പഠിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ വേര്‍പടലങ്ങളില്‍നിന്ന് ദോഹദമൂല്യമെടുത്തെഴുതിയ വൃത്തനിബദ്ധകവനങ്ങളിലും മുക്തച്ഛന്ദസ്സിലെഴുതിയ കവിതകളിലും ഗാനാത്മകത ഒരുപോലെ നിറഞ്ഞുതുളുമ്പുന്നതു കാണാം...
വളരെ പെട്ടെന്നാണ് ഗിരീഷ് എഴുതുന്നത്. എന്നാല്‍ ക്ഷിപ്രസൃഷ്ടിയുടെ ഒരു ന്യൂനതയും അതില്‍ നമുക്കു കണ്ടെത്താനാവുകയില്ല. സംഗീതത്തില്‍ ജന്മസിദ്ധമായിത്തന്നെ ലഭിച്ച അറിവും കഠിനമായ അധ്വാനവും മനസ്സു തുറന്നുള്ള ആലാപനവൈഭവത്തില്‍നിന്ന് സ്വരുക്കൂട്ടിയെടുത്ത അതുല്യമായ പദസമ്പത്തും തന്റെ കാവ്യ-ഗാനസപര്യയിലുടനീളം ഗിരീഷിനു കൂട്ടായി നിന്നു.
നേരത്തേ സൂചിപ്പിച്ചതുപോലെ ബുദ്ധികൊണ്ടല്ല, ഹൃദയംകൊണ്ടാണ് ഗിരീഷ് പാടുന്നത്. അതേസമയം ഭാരതത്തിലെ സഞ്ചിതസംസ്‌കാരം പകര്‍ന്നുനല്കിയ 'ബോധം' ആ കവിതകളുടെ അന്തര്‍ധാരയാകുകയും ചെയ്യുന്നു.
'സ്ത്രീവിമോചന'ത്തെ വിഷയമാക്കി ആഴ്ചതോറും എത്രയോ വികലസൃഷ്ടികള്‍ നാം വായിച്ചുതള്ളുന്നു. എന്നാല്‍, എത്ര മനോഹരമായ രീതിയിലാണ് ഗിരീഷ് ഈ വിഷയം കൈകാര്യംചെയ്തിരിക്കുന്നത്. ദുഃഖത്തെ നര്‍മബോധംകൊണ്ടു മൂടുന്ന കവികള്‍ അസാമാന്യ പ്രതിഭാശാലികളായിരിക്കും.
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം
എന്ന് മഹാകവി അക്കിത്തം പാടിയില്ലേ. ദാരിദ്ര്യം എന്ന നിത്യദുഃഖത്തെ മഹാകവി ഇടശ്ശേരി പലപ്പോഴും ഒരു നേര്‍ത്ത ചിരികൊണ്ടു മൂടുന്നതു കാണാം.
ഗിരീഷിന്റെ കലാമണ്ഡലം എന്ന കവിതയിലേക്കു വരാം. സ്വാതിതിരുനാളിന്റെ അളിവേണി എന്തു ചെയ്‌വൂ എന്ന പ്രയോഗം കടമെടുത്തിരിക്കുന്നതില്‍പ്പോലും കാണാം, കവിയുടെ തികഞ്ഞ ഔചിത്യബോധം.
'അളിവേണി എന്തു ചെയ്‌വൂ നീ...?'
അടുക്കളയി-
ലരകല്ലി-
ലുരലി-
ലുമിത്തീയി-
ലായുശ്ശേഷമൊടുക്കയോ?
അറ്റുപോയ പ്രണയത്തി-
ന്നീരിഴച്ചരടു ജപിക്കയോ?
ഋതുസ്‌നാനോത്കണ്ഠയാല്‍
നീറിനീറി ദഹിക്കയോ
വിണ്ടുചിന്തിയ നോവിന്റെ
വേനല്ക്കറ്റ മെതിക്കയോ...?
വര്‍ഷര്‍ത്തു കണ്ണിലിറ്റുമ്പോള്‍
വരുംവരായ്ക നിനയ്ക്കയോ?
തുടങ്ങിയ വരികളിലൂടെ പത്‌നീപദമലങ്കരിച്ചുകഴിഞ്ഞാല്‍ അനുരാഗിണിയായ യുവതിയിലുണ്ടാകുന്ന പരിവര്‍ത്തനത്തിലെ കദനഭാരം എത്ര ശില്പഭദ്രതയോടെ ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു. 'വേനല്ക്കറ്റ മെതിക്കുക' എന്ന പ്രയോഗം എത്ര ഉദാത്തമായിരിക്കുന്നു!
'മിഴിനീരെണ്ണമണക്കുന്ന മുടി മടിയിലേക്ക് ഊര്‍ന്നുവീഴുന്ന'തും, 'രക്തചന്ദനച്ഛവിയേല്ക്കും കവിളില്‍ വാവുകറുക്കുന്ന'തും മറ്റും ഈ കവിക്കു മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ബിംബങ്ങളത്രേ. 'അളിവേണി' എന്ന പ്രയോഗത്തില്‍ത്തന്നെയാണ് ഗിരീഷ് കലാമണ്ഡലം എന്ന കവിത അവസാനിപ്പിച്ചിരിക്കുന്നത്.
അളിവേണിയെന്തു ചെയ്‌വൂ നീ
ആഴക്കിണറിലൊടുങ്ങയോ!
ഗിരീഷ് പ്രയോഗിക്കുന്ന ഉപമകളും ഉല്‍പ്രേക്ഷകളും രൂപകങ്ങളും നിത്യനൂതനങ്ങളാണെന്നുതന്നെ പറയാം. നാണയച്ചന്ദ്രന്‍, കഠിനോപനിഷത്ത്, ഗന്ധകപ്പാലം, കവിത കാവുതീണ്ടുന്നു, ജന്മാന്തരം തുടങ്ങിയ കവിതകളിലൂടെ പര്യടനം നടത്തുന്ന ഏതൊരാള്‍ക്കും എന്റെ ഈ അഭിപ്രായത്തോടു യോജിക്കാതിരിക്കാനാവില്ല. അറിഞ്ഞോ അറിയാതെയോ ഈ കവി മരണബിംബങ്ങളെ പലയിടങ്ങളിലും ക്ഷണിച്ചുവരുത്തുന്നതു കാണാം. 'മരണത്തിന്റെ അര്‍ഥം തിരഞ്ഞ് യമനെ സമീപിച്ച നചികേതസ്സിന്റെ കഥ പറയുന്ന കഠോപനിഷത്തിനെ മനസ്സില്‍ കണ്ടുകൊണ്ട് കവി രചിച്ച കഠിനോപനിഷത്ത് എന്ന കവിത ഉദാഹരണമായെടുക്കാം. മരണം ഒരു യാത്രയാണ്, അത് അന്ത്യമല്ല എന്ന് ആര്‍ഷസംസ്‌കാരബോധമുള്ള കവിക്കറിയാം.
മഴമണക്കുന്നൊരു സന്ധ്യയ്ക്ക്
മനസ്സിന്റെ വഴുവരമ്പിലൂടെ
വെകിളിപിടിച്ചു നടക്കുന്നതാരാണ്?
എന്ന ചോദ്യത്തിന് കവി പല ഉത്തരങ്ങളും കണ്ടെത്തുന്നു. ഉഷ്ണപ്പാടമുഴുത് ഉമിനീരു വറ്റിപ്പോയ അച്ഛനോ, അതോ തുരുമ്പിച്ച ഇരുമ്പുപെട്ടി തുറന്ന് തുളവീണ ഉടുമുണ്ടെടുത്ത് ഉത്തരത്തില്‍ അസ്തമിച്ച അമ്മയോ, വേലിയിലിരുന്നു വെയിലു കായാറുണ്ടായിരുന്ന മുത്തശ്ശിപ്പുള്ളോ, ക്ഷുഭിതജന്മത്തിന്റെ ഇടിമിന്നലും തേടി കാര്‍മേഘത്തിന്റെ കാടുകയറിപ്പോയ ഏട്ടനോ, കരിയടുപ്പിനു മേലേ പുകക്കഷായംവെച്ചരിച്ചു കുടിച്ച് ആമവാതത്തെ താലോലിക്കാനുറച്ച മുയല്‍പ്പെങ്ങളോ- അതോ, അഭിശാപജാതകത്തിന്റെ ചിതലരിച്ച പനയോലമേല്‍ ഗണിതം തെറ്റിപ്പോയൊരു ജീവിതത്തിന്റെ ഫലിതം പേര്‍ത്തെടുക്കുന്ന ഞാനോ- ?
മരണപത്രം, വടക്കുംനാഥന്‍, ജന്മാന്തരം, ശിവഗംഗ, ഈ വീടിനെ സ്‌നേഹിക്ക തുടങ്ങി ഒട്ടേറെ കവിതകളിലും അവസരത്തിലും അനവസരത്തിലും മരണം കടന്നുവരുന്നു. യഥാര്‍ഥ കവി ഋഷിയാണെന്ന് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുണ്ടല്ലൊ.
കവിതയിലെ ബിംബങ്ങളുടെ ധാരാളിത്തംകൊണ്ടു മാത്രമല്ല, കൂടക്കൂടെയുള്ള ദേവാലയസന്ദര്‍ശനം, പ്രത്യേകലക്ഷ്യങ്ങളില്ലാത്ത യാത്ര, താന്‍ സാധാരണക്കാരന്‍ മാത്രമാണെന്നു തുറന്നുകാട്ടുന്ന പെരുമാറ്റം, വേഷത്തിലുള്ള അശ്രദ്ധ എന്നിങ്ങനെയുള്ള പ്രത്യേകതകള്‍കൊണ്ടും മഹാകവി പി. കുഞ്ഞിരാമന്‍നായരുമായി വല്ലാത്ത ഒരടുപ്പം ഗിരീഷ് പുത്തഞ്ചേരിയില്‍ നാം കാണുന്നു. അതേസമയം ഗിരീഷിനു തനതായ ഒരു കാവ്യതാളമുണ്ട്.
അമ്പിളിവട്ടത്തില്‍...
ആലവട്ടത്തില്‍
അമ്പാരിച്ചന്തമോടെ
അത്തപ്പൂച്ചമയമിറക്കി
തൃക്കാക്കര വന്നിറങ്ങി
തിരുവോണംനാള്!
തകതരികിട ധിമിധിമിതോം
തിരുതുടിയുടെ മേളത്തില്‍
തമ്പേറിന്‍തൃത്താളം
തകൃതത്തിമൃതത്തോം.
* * *
ചിറ്റാമ്പല്‍ പൂത്തുവിടര്‍ത്തും
ചിത്തിരയുടെ പാല്ക്കടലാടി
തൃക്കാക്കരയമ്പലനടയില്‍
തിരുശംഖില്‍ തീര്‍ഥമൊരുക്കി!
മലയാളപ്പഴമകളുണര്...
മാവേലിപ്പാട്ടുകളുണര്...
നിറയോ നിറ നിറ നിറ
പൊലിയുടെ
കണിമലരേയുണരുണര്
(കവിത - ആവണിത്തിങ്കള്‍)
എന്നീ വരികളിലും
ഓംകാര
ഭജനമുഖരം
മനസ്സോടിയെത്തുന്നൂ
തളര്‍ന്ന വാക്കായ്
തണലറ്റ വേനലായ്
സങ്കടച്ചുമടെഴും
സഹാറയായ്, സഹ്യാദ്രിയായ്
സ്വാമീ നിന്റെ കാല്ക്കല്‍...
ഹേ, സായിനാഥ!
നീയെന്റെയിരുളിലു-
മിഹപരത്തിലും
എണ്ണിയാല്‍ത്തീരാത്തൊ-
രീഷല്‍ പങ്കിട്ട പാതിജന്മത്തിനും
ഞങ്ങള്‍ തന്നുണ്ണികള്‍ക്കും
അരുളുക സദാ സച്ചിദാനന്ദം...
എന്നീ വരികളിലും ഇവിടെ ഉദ്ധരിക്കാതെ വിടുന്ന നിര്‍വാണം, ആയുര്‍വേദം, അമ്മ, ശംഖൊലി, രാമായണം, യോഗനിദ്ര തുടങ്ങിയ കവിതകളിലും പല സമാന വാങ്മയങ്ങളിലും തുടിക്കുന്ന അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഭാവഭംഗിയെ ശത്രുക്കള്‍ക്കുപോലും നിഷേധിക്കാനാവില്ല.
പ്രകൃതിയുടെ ഋതുഭേദജാലങ്ങളില്‍ ലയിക്കുന്ന പ്രണയഭരിതമായ മനസ്സുള്ള കവിക്ക് എത്തിപ്പിടിക്കാനാവാത്ത ആകാശങ്ങളില്ല. ഗിരീഷിന്റെ പ്രേമകവിതകളില്‍ അതിരില്ലാത്ത ആ മനോഭംഗി വിദലിതമാകുന്നതു കാണാം. ദലമര്‍മ്മരങ്ങള്‍, നിരാസം, പാണനൊരോണപ്പാട്ട്, പ്രണയമെഴുതുക, പ്രണയമെന്നാല്‍, ഹൃദയം കടഞ്ഞെടുത്ത് തുടങ്ങിയ കവിതകളെ അനുഭൂതികളാല്‍ തലോടിക്കൊണ്ടാണ് ഞാനിങ്ങനെ പറയുന്നത്.
നിള എന്ന കവിതയിലെ
അന്തിമങ്ങുന്നൂ ദൂരെ
ചെങ്കനലാവുന്നൂ സൂര്യന്‍...
എന്തിനെന്നമ്മേ നീ നിന്‍
അന്ധമാം മിഴി നീട്ടി-
ക്കൂട്ടിവായിക്കുന്നൂ ഗാഢ
ശോകരാമായണം?
വരാതിരിക്കില്ല
നിന്‍മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്ത
വനവാസം തീരാറായി!
എന്ന ഭാഗം വായിച്ചപ്പോള്‍ എനിക്കു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
വരാതിരിക്കില്ല എന്നനുജന്‍
ഗിരീഷ് ഇനിയും
എന്‍മുന്‍പില്‍ -
എന്നെനിക്കു പറയാനാവില്ലല്ലോ. എങ്കിലും പ്രകൃതിയുടെ അദൃശ്യപാദസരങ്ങളുടെ കിലുക്കങ്ങളിലൂടെ, അതീവചാരുതയാര്‍ന്ന കിളിപ്പാട്ടിലൂടെ, അപൂര്‍വഭംഗിയെഴുന്ന മഞ്ഞുകാലസുമങ്ങളിലൂടെ ഗിരീഷിന്റെ ആത്മാവ് നമ്മെ തേടിവരും. കവിയും കവിതയും ഒന്നായ ജന്മമായിരുന്നു അത്.
(ഗിരീഷ് പുത്തഞ്ചേരിയുടെ കവിതകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരിക)
ഷഡ്ജം
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ, നേര്‍ത്ത ശബ്ദത്തില്‍?
തെരുവിലെ വിളക്കെല്ലാമണഞ്ഞിരിക്കുന്നൂ-നേര്‍ത്ത
തിരിയുമായൊരു തിങ്കള്‍ മാത്രം
മിന്നിനില്ക്കുന്നൂ മേലെ...
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
നേരിയ വിരഹത്തില്‍?
മിഴിനനയ്ക്കുന്ന 'തോടി'യ-
ല്ലലിവാര്‍ന്ന 'സാവേരി'യ-
'ല്ലാരഭി'യല്ലേയല്ല...
'പന്തുവരാളി' 'ഭൈരവി'യൊന്നുമല്ലയാ-
ളെന്തു രാഗമാണാവോ
അലിഞ്ഞാലപിക്കുന്നൂ സൈ്വരം?
നാദവിശുദ്ധി
നേര്‍ത്ത നൂലിഴപോലെ
നെഞ്ചില്‍ നെയ്‌തെടുക്കുന്നൂ
ഭാവതീവ്രം...ലയഭരം...
അരഞ്ഞുതീരുന്ന ഹരിചന്ദനം പോലെ
നനഞ്ഞു നേര്‍ക്കുന്നൂ ഗാഢശ്രുതി...
ഹൃത്തുടിപ്പാവാം മൃദംഗ-
മൊറ്റ ജന്മത്തിന്റെ കുംഭഗോപുരംതന്നെ
തങ്കത്തംബുരു!
അറിയാറാവുന്നൂ സാധകബലം
പൂര്‍വജന്മാര്‍ജിത തപോബലം...
വെളിവില്ലെങ്കിലും കാണാമെനിക്കാ
മിഴികളിലൊഴുകുന്ന ഹിന്ദോളത്തിന്‍ നിള...
വാര്‍ധകമയച്ചിട്ട നാഡികള്‍-നാദാവേഗ-
ജ്ജ്വാലയായ് കത്തിത്തീരും മായക്കാഴ്ച...
ഇരുളിന്നലച്ചാര്‍ത്തിലുമൊ-
രിന്ദ്രനീല ജലധാരയുണരുന്നുവോ
കവിതയായ്...കാവേരിയായ്?
സപ്തസ്വരമഴയേറ്റു പുഷ്പിക്കുന്നുവോ
സംഗീത കല്പദ്രുമം?
കലയുടെ പാല്‍ക്കടല്‍ത്തിരകളില്‍
കല്ലായലിഞ്ഞുവോ ഞാനും കുംഭക്കാറ്റും?
രാവെളിച്ചം കെട്ട മുറിയിലാരൊരാള്‍
രാഗവിസ്താരം നടത്തുന്നൂ
സര്‍പ്പധ്യാനംപോല്‍!