Friday, June 6, 2014

സ്‌നേഹം കൂടുകൂട്ടുന്ന ഗ്രാമം

കാതങ്ങള്‍ കടന്ന് പക്ഷികള്‍ പറന്നണയുന്ന ഒരു സ്വപ്‌നക്കൂട്. കൂന്തന്‍കുളം. അവിടെ സ്‌നേഹത്തിന്റെ ചില്ലയൊരുക്കി കാത്തിരിക്കുന്ന ഗ്രാമവാസികള്‍..



നാഗര്‍കോവില്‍-തിരുനെല്‍വേലി റോഡില്‍ നാങ്കുനേരിയില്‍ നിന്നും തമിഴ്‌നാടന്‍ ഗ്രാമത്തിലേക്ക് നീളുന്ന റോഡ്. വശത്ത് പച്ചപുതച്ച വയലുകള്‍, കൃഷിപ്പണി ചെയ്യുന്ന ഗ്രാമീണര്‍. കലപ്പയേന്തി പോത്തിനെ തെളിച്ച് നീങ്ങുന്ന നാടന്‍ കര്‍ഷകര്‍. താമ്രപര്‍ണി നദിയുടെ കരസ്പര്‍ശമേറ്റ് വരുന്ന കുളിരണിയിക്കുന്ന കാറ്റ്. വെള്ളം നിറഞ്ഞ ഏരികള്‍ (തടാകം). അവയില്‍ നേര്‍ത്ത ബിന്ദുപോലെ തെളിയുന്ന പറവക്കൂട്ടം. യാത്ര കൂന്തന്‍കുളത്തേക്ക്- ദേശാടനപക്ഷികളുടെ പറുദീസയായ ഗ്രാമത്തിലേക്ക്. അടുക്കുംതോറും ആകാശനീലിമയില്‍ തുഴഞ്ഞിറങ്ങുന്ന നിരവധി പറവക്കൂട്ടം തെളിഞ്ഞുവരും. ഗ്രാമത്തിലാകട്ടെ പറവകളുടെ കാതടപ്പിക്കുന്ന ഒച്ചയും സ്വതന്ത്ര വിഹാരവും. വിദൂരത്ത് നിന്ന് വര്‍ഷം തോറും മുറതെറ്റാതെ എത്തുന്ന വിരുന്നുകാര്‍ക്ക് കൂന്തന്‍കുളത്തെ ഗ്രാമവാസികള്‍ കളിക്കൂട്ടുകാരാണ്. അവര്‍ പകരുന്ന സ്‌നേഹത്തിന്റെ ചില്ലകളിലാണ് പറവകള്‍ കൂടൊരുക്കുന്നത്.

വിശാലമായ ആകാശത്തില്‍ ഒരു നേര്‍രേഖപോലെ തെളിയുന്ന പറവകള്‍. കാണെക്കാണെ അവ അടുത്തേക്ക് വരുന്നു. ഒടുവില്‍ വരി തെറ്റാതെ തടാകത്തിലും ഉള്ളിലെ വൃക്ഷങ്ങളിലും പറന്നിറങ്ങുന്നു. വെള്ളത്തില്‍ ഊളിയിടുന്നവ, ഇരയുമായി മടങ്ങിവരുന്നവ, കുട്ടികള്‍ക്ക് തീറ്റനല്‍കുന്നവ. കൂന്തന്‍കുളത്തെ പറവ കാഴ്ചകള്‍ക്ക് ആയിരം ചന്തമാണ്.

റഷ്യ, സൈബീരിയ, മധ്യേഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് കൂന്തന്‍കുളത്തിന്റെ തണുപ്പും ചതുപ്പും തേടി ദേശാടന പക്ഷികള്‍ എത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നിരവധി നീര്‍പ്പക്ഷികളും ഇവിടെയുണ്ട്.

പെലിക്കണാണ് ദേശാടനപ്പക്ഷികളിലെ പ്രധാന ഇനം. നീര്‍ക്കാക്ക (Little Cormorant), ഉണ്ണികൊക്ക് (Cattle Cormorant), ഫ്ലെമിംഗോസ്, വര്‍ണകൊക്ക്, വെള്ളനാര (White Stork), കരണ്ടിമൂക്കന്‍ (Spoonbill), നത്ത്, കൊത്തിനാര (Openbill Stork), വെള്ള അരിവാള്‍ മൂക്കന്‍ (White Ibis), കറുത്ത അരിവാള്‍ മൂക്കന്‍ (Black Ibis), ചാമ്പല്‍ നാര (Green heron), ഡാര്‍ട്ടല്‍ എന്നിവ പക്ഷികളില്‍ ചിലത്.19 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പടെ 203 ഇനം പറവകള്‍ കൂന്തന്‍കുളത്ത് എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സൈബീരിയയിലെ അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് പറവകള്‍ കൂന്തന്‍കുളത്ത് അഭയംപ്രാപിക്കുന്നത്. അധികം പറവകള്‍ക്കും പ്രജനന സമയവും ഇതാണ്. ഒക്ടോബറില്‍ തുടങ്ങി ഏപ്രില്‍ വരെയാണ് കൂന്തന്‍കുളത്തെ പറവകളുടെ ആവാസസമയം. നവംബറിലെത്തുന്ന പെലിക്കണ്‍, അടുത്ത ആഗസ്ത് വരെ ഇവിടെ താമസിക്കാറുണ്ട്. ഇതിനിടെ മരങ്ങളില്‍ കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞിന് ജന്‍മം നല്‍കും. Painted Stork, Spoon bill, Open bill Stork എന്നിവ ജനവരി മുതല്‍ ആഗസ്ത് വരെയുണ്ടാകും. കൂന്തന്‍കുളം ഗ്രാമത്തിന് നടുവിലെ വിശാലമായ തടാകമാണ് പക്ഷികളുടെ താവളം. ഇതിന് പുറമെ 13 ഗ്രൗണ്ടുകളില്‍ 1500 ലേറെ മരങ്ങള്‍ പക്ഷികള്‍ക്കായി ഗ്രാമവാസികള്‍ കരുതിയിട്ടുണ്ട്. പറവകളുടെ സുഖവാസത്തിനായി മണിമുത്താര്‍ ഡാമില്‍ നിന്ന് തടാകത്തിലേക്ക് വെള്ളമെത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം 1,23,632 പക്ഷികള്‍ കൂന്തന്‍കുളത്ത് എത്തിയതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. ഗ്രാമത്തില്‍ ജമശിലേറ ടീേൃസ ന്റെ 5322 കൂടുകളും മറ്റ് പറവകളുടെ ആയിരത്തോളം കൂടുകളും കണ്ടെത്തിയിട്ടുണ്ട്. പെലിക്കണിന്റെ കൂടുകള്‍ ഇതിലധികമുണ്ടാവും.

പറവകളുടെ കാവല്‍ക്കാരന്‍

പക്ഷികളുടെ ചിറകടിയൊച്ചയും കരച്ചിലും സുകൃതമായി കരുതുന്നവരാണ് കൂന്തന്‍കുളത്ത്കാര്‍. പറവകളുടെ ക്ഷേമം മാത്രമാണ് അവരുടെ സുഖം. വീടും തട്ടിന്‍പുറവും മുറ്റവുമെല്ലാം പറവകളുടെ സൈ്വര്യ വിഹാരത്തിനായി അവര്‍ വാടകയില്ലാതെ വിട്ടുനല്‍കുന്നു. ഈ ഗ്രാമത്തില്‍ റേഡിയോ ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാറില്ല. വെടിയൊച്ച, വാഹനങ്ങളുടെ ഇരമ്പം, തെരഞ്ഞെടുപ്പ് കാലത്തെ ഉച്ചഭാഷിണി പ്രയോഗം എന്നിവെക്കല്ലാം വിലക്കുണ്ട്. മുപ്പത് വര്‍ഷമായി പറവകളുടെ പരിപാലകനായി കഴിയുന്ന പാല്‍പ്പാണ്ടി ഈ ഗ്രാമ വിശുദ്ധിയുടെ പരിഛേദമാണ്. പാല്‍പ്പാണ്ടിയും ഭാര്യ വള്ളിത്തായിയും ചേര്‍ന്ന് ആയിരത്തിലേറെ മരങ്ങള്‍ പറവകള്‍ക്കായി വളര്‍ത്തി. മരത്തിലെ കൂടുകളില്‍ നിന്ന് താഴെവീണ് പരിക്കേറ്റ പറവക്കുഞ്ഞുങ്ങളില്‍ 2632 എണ്ണത്തെ പാല്‍പ്പാണ്ടി കണ്ടെത്തി പറക്കമുറ്റുന്നത് വരെ പരിപാലിച്ചിട്ടുണ്ട്. മുറിവുകളില്‍ മരുന്നുവെച്ച് കെട്ടുന്നതും ഭക്ഷണം നല്‍കുന്നതും പാല്‍പ്പാണ്ടിയും കുടുംബവും നിഷ്‌ക്കാമകര്‍മ്മമായി ഏറ്റെടുത്തു. 53കാരനായ പാല്‍പ്പാണ്ടിയെ പക്ഷിനിരീക്ഷകനായി ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1994 ആഗസ്തില്‍ കൂന്തന്‍കുളത്തെ ദേശാടനപറവകളുടെ പക്ഷിസങ്കേതമായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വനംവകുപ്പിനാണ് പക്ഷിസങ്കേതത്തിന്റെ ചുമതല. തടാകതീരത്ത് ഒരു നിരീക്ഷിണ ടവറും വിശ്രമകേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. വനംവകുപ്പ് റസ്റ്റ് ഹൗസിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.  


Text:T.Ramanandakumar Photo:Madhuraj

No comments: