Monday, June 16, 2014

അമ്മയുടെ കഥ

സത്യന്‍ അന്തിക്കാട്‌



നേരം വെളുത്തുവരുന്നതേയുള്ളു. അന്തിക്കാട്ടെ എന്റെ വീടിന്റെ വരാന്തയില്‍ രാവിലത്തെ പത്രങ്ങളും ചായയുമായി ഇരിക്കുമ്പോള്‍ അകത്തെ മുറിയില്‍നിന്നുവന്ന് അമ്മയെന്നെ കുറെനേരം നോക്കി. എന്നിട്ട് ചെറിയൊരു സംശയത്തോടെ ചോദിച്ചു:
'നീ സത്യന്‍ തന്നെയല്ലേ?' ആരോഗ്യത്തിന് വലിയ തകരാറില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് അമ്മയോട് പിണങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്. പ്രായം എണ്‍പതിനടുത്തായതുകൊണ്ട് അത് സ്വാഭാവികമാണെന്നു ഡോക്ടര്‍മാര്‍. (എണ്‍പതല്ല തൊണ്ണൂറായാലും ഓര്‍മയും ബുദ്ധിയും കൂടുതല്‍ കരുത്താര്‍ജിക്കുന്നവരെ രാഷ്ട്രീയരംഗത്ത് ധാരാളം കാണാറുണ്ട്. അമ്മ, പക്ഷേ പാവം ഒരുനാട്ടിന്‍പുറത്തുകാരിയായിരുന്നു.) ഞാന്‍ സത്യന്‍ തന്നെയാണെന്നു പറഞ്ഞപ്പോള്‍ അമ്മ ചോദിച്ചു: 'നമുക്കിനി നമ്മുടെ വീട്ടിലേക്ക് പൊയ്ക്കൂടേ?'
അതെന്നെ അല്പം അതിശയിപ്പിച്ചു. 'ഇതല്ലേ നമ്മുടെ വീട്?'
അമ്മ സമ്മതിക്കുന്നില്ല. ശരിക്കുള്ള വീട് അമ്മയ്ക്ക് അറിയാമെന്നും വേണമെങ്കില്‍ കാണിച്ചുതരാമെന്നും പറഞ്ഞപ്പോള്‍ ഒരു കൗതുകത്തിന് ഞാന്‍ അമ്മയോടൊപ്പം കൂടി.

കാറിന്റെ താക്കോലെടുത്ത് ഭാര്യയോട് വിളിച്ചുപറഞ്ഞു: 'ഞാനും അമ്മയുംകൂടി നമ്മുടെ വീട്ടിലേക്കൊന്നു പോവുകയാ.'
നിമ്മി അല്പം അതിശയവും ചെറിയൊരു ചിരിയുമായി നിന്നു.
അമ്മ എല്ലാവരോടും യാത്രപറഞ്ഞ് എന്റെയൊപ്പം കാറില്‍ കയറി. 'ആ അയ്യപ്പെണ്ണിനെക്കൂടി വിളിക്കാമായിരുന്നു. കുറച്ചു ദിവസമായി വീട് അടച്ചിട്ടിരിക്കുന്നതുകൊണ്ട് മുറികളൊക്കെ പൊടിപിടിച്ച് കിടക്കുകയാവും.'
വീട്ടുജോലികളില്‍ വല്ലപ്പോഴും നിമ്മിയെ സഹായിക്കാന്‍ വരുന്ന സ്ത്രീയാണ് അയ്യപ്പെണ്ണ്. ആദ്യം വീട് കണ്ടെത്തട്ടെ. പിന്നീടാവാം അടിക്കലും തുടയ്ക്കലും എന്നു പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചു. ഒരു കുട്ടിയുടെ കൗതുകത്തോടെ അമ്മ മുന്‍സീറ്റിലിരുന്നു. അന്തിക്കാട്ടെ ഓരോ ഇടവഴികളിലൂടെയും ഞാന്‍ കാറോടിച്ചു. ഇടയ്ക്ക് ചോദിക്കും, 'വീടെവിടെ അമ്മേ?'
'നീ നേരെ നോക്കി വണ്ടിയോടിക്ക്.'

ആ യാത്രയില്‍ അമ്മ പഴയ കുറെ കാഴ്ചകള്‍ കണ്ടു. അന്തിക്കാട്ടെ ദേവീക്ഷേത്രം, അമ്പലക്കുളം, പള്ളി, പോലീസ് സ്റ്റേഷന്‍, ചില ബന്ധുക്കളുടെ വീടുകള്‍. അടുത്ത കാലത്തൊന്നും ആ വഴികളിലൂടെ അമ്മ വന്നിട്ടില്ല. ഓരോ സ്ഥലത്തെത്തുമ്പോഴും ആ സ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശമുണ്ടാവും.
റജിസ്ട്രാര്‍ ഓഫീസ് കണ്ടപ്പോള്‍ പറഞ്ഞു:''അതിനു പുറകിലുള്ള വീട്ടിലാണ് നീ ജനിക്കുന്നതിനുമുമ്പ് നമ്മള്‍ താമസിച്ചിരുന്നത്.'
അത് ശരിയാണെന്ന് എനിക്കും അറിയാമായിരുന്നു.

അമ്പലത്തിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയിരുന്നുകൊണ്ടുതന്നെ അമ്മ ദേവിയെ തൊഴുതു. പള്ളി പുതുക്കിപ്പണിഞ്ഞതെപ്പോള്‍ എന്ന് ചോദിച്ചു. പോലീസ്‌സ്റ്റേഷന് ഒരു മാറ്റവുമില്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ പോയിപ്പോയി എന്റെ ചേച്ചിയുടെ വീടെത്തി. ചേച്ചി കാറിനടുത്തേക്ക് ഓടിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഇറങ്ങുന്നില്ല. അമ്മ എനിക്ക് നമ്മുടെ വീട് കാണിച്ചുതരാമെന്നു പറഞ്ഞ് പുറപ്പെട്ടതാണ്.' നീണ്ട ഒരു ചുറ്റിയടിക്കലിനുശേഷം പുറപ്പെട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോള്‍ അത്ഭുതം പോലെ അമ്മ പറഞ്ഞു:
'ഇതല്ലേ നമ്മുടെ വീട്?'

ഒരു തമാശയ്ക്കാണ് അമ്മയേയും കൊണ്ട് കറങ്ങിയതെങ്കിലും അത് അമ്മയിലുണ്ടാക്കിയ സന്തോഷം എന്നെ അതിശയിപ്പിച്ചു. എത്ര വിശിഷ്ടമായ ആഹാരം - എത്ര മനോഹരമായ പട്ടുപുടവ - കൊണ്ടുകൊടുത്താലും കിട്ടാത്ത ആനന്ദം അമ്മയുടെ മുഖത്ത് ഞാന്‍ കണ്ടു. ഇനി ഇടയ്‌ക്കൊക്കെ അമ്മയെ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്ക് കൊണ്ടുപോകണമെന്ന് അന്ന് ഉറപ്പിച്ചു. പക്ഷേ, അതിനു കാത്തുനില്‍ക്കാതെ ഒരാഴ്ചയ്ക്കുള്ളില്‍ പെട്ടെന്നൊരു ഉച്ചയ്ക്ക് അമ്മ ഞങ്ങളെ വിട്ടുപോയി. ഒരു അമ്മയുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ കുടുംബങ്ങളിലുണ്ടാവുന്ന സ്‌നേഹത്തകര്‍ച്ചയെപ്പറ്റി ഒരു കഥ ആലോചിച്ചാലോ എന്ന് തിരക്കഥാകൃത്ത് രഞ്ജന്‍പ്രമോദ് ചോദിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു ആകര്‍ഷണം തോന്നാന്‍ ഈ അനുഭവം കാരണമായിട്ടുണ്ടാവാം. നമ്മളെല്ലാം അച്ഛനമ്മമാരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാണ്. വേണ്ടതൊക്കെ അവര്‍ ആവശ്യപ്പെടാതെതന്നെ നല്‍കുന്നവരാണ്. പക്ഷേ, അവര്‍ ആഗ്രഹിക്കുന്നതെന്തെന്ന് നമ്മള്‍ അന്വേഷിക്കാറുണ്ടോ? ആ അന്വേഷണമാണ് 'മനസ്സിനക്കരെ' എന്ന സിനിമയിലേക്ക് നയിച്ചത്.

അമ്മയുടെ മനസ്സ് സ്‌നേഹത്തിന്റെ കടലാണ്. സമ്പത്തും സൗകര്യങ്ങളുമൊക്കെ ഇക്കരെയുണ്ടാവാം. അവര്‍ ആഗ്രഹിക്കുന്ന സന്തോഷത്തിന്റെ പൊന്‍വെളിച്ചം അക്കരെയാണെങ്കില്‍ സമ്പത്തിനും സൗകര്യങ്ങള്‍ക്കും എന്തു പ്രസക്തി?
'മനസ്സിനക്കരെ' എന്ന സിനിമയുടെ കഥ, അന്ന് ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍നിന്ന് രൂപപ്പെട്ടു തുടങ്ങി. വാകത്താനത്തുനിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്തുക്കുട്ടിച്ചായന്റെ കൂടെ ഒളിച്ചോടിപ്പോന്ന കൊച്ചുത്രേസ്യയുടെ കഥ പറയുമ്പോള്‍ പാലായിലും ചങ്ങനാശ്ശേരിയിലും മരങ്ങാട്ടുപള്ളിയിലും മണര്‍കാടുമൊക്കെ ഒന്നു പോയിവരുന്നത് നല്ലതാണെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു.
ആ യാത്രയില്‍ ഞങ്ങള്‍ പലരെയും കണ്ടു. കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ എവിടെയാണെന്നുപോലും അറിയാത്ത അച്ഛനമ്മമാര്‍, ചെറിയ കൃഷിപ്പണികളില്‍നിന്ന് തുടങ്ങി കൂറ്റന്‍ എസ്റ്റേറ്റുകളുടെ ഉടമകളായി മാറിയ അധ്വാനശീലരായ മനുഷ്യര്‍... അങ്ങനെ പലരേയും. കൂട്ടത്തില്‍ ഒരു ഞായറാഴ്ച കുര്‍ബാനയ്ക്ക് കൂടെയുണ്ടായിരുന്ന ക്രിസ്ത്യന്‍ സുഹൃത്ത് പള്ളിയില്‍ കയറിയപ്പോള്‍ വരാന്തയില്‍നിന്ന് ഞങ്ങള്‍ കണ്ട കാഴ്ച - അതാണ് ഷീലയും ലളിതയും പള്ളിയില്‍ പോകുന്ന സീനിന്റെ പ്രചോദനം.

അച്ചന്റെ പ്രഭാഷണത്തിനിടയ്ക്ക് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന അമ്മൂമ്മമാര്‍ പല സ്ഥലങ്ങളിലുമുണ്ടത്രെ. ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരുടെ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ സിനിമയിലുണ്ടാകുമ്പോഴാണ് അത് ജീവിതഗന്ധിയാണെന്ന് തോന്നുക. എന്റെ കുട്ടിക്കാലത്തെ ഒരനുഭവം:
ഞാനന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അമ്മയോട് നാട്ടുവിശേഷങ്ങള്‍ പറയാന്‍ അയല്‍പക്കത്തുള്ള ഒരു സ്ത്രീ വരും. കടുത്ത പാര്‍ട്ടി സ്‌നേഹി. ചുവന്ന ബ്ലൗസും ചുവപ്പുകരയുള്ള മുണ്ടുമുടുത്ത് സ്ഥിരമായി ജാഥകളിലും മീറ്റിംഗിലുമൊക്കെ പങ്കെടുക്കും. 'പാര്‍ട്ടി അണികള്‍' എന്നൊക്കെ പറയുന്ന സജീവമായ ഒരു കണ്ണി. അതിനപ്പുറത്തുള്ള കാര്യങ്ങളൊന്നും ആ ചേച്ചിക്കറിയില്ല. ദൂരസ്ഥലങ്ങളിലുള്ള സമ്മേളനങ്ങള്‍ക്ക് പോകാന്‍ വലിയ താല്‍പ്പര്യമാണവര്‍ക്ക്. നാടുകാണലാണ് പ്രധാന ഉദ്ദേശ്യം. ക്ഷേത്രങ്ങള്‍, പള്ളികള്‍, പാര്‍ക്ക്, കാഴ്ചബംഗ്ലാവ് ഒക്കെ കണ്ട് സമ്മേളനം കഴിയാറാവുമ്പോള്‍ തിരിച്ച് വണ്ടിയില്‍ കയറും. നാട്ടിലെത്തിയാല്‍ പിന്നെ കാണുന്നവരോടൊക്കെ കണ്ട കാര്യങ്ങളെപ്പറ്റി വര്‍ണനയാണ്.

'മനസ്സിനക്കരെ'യിലെ നായികയെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാക്കാമെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞപ്പോള്‍ ഈ പഴയ ഓര്‍മ ഞാന്‍ കൈമാറി. സുകുമാരി അവതരിപ്പിച്ച സഖാവ് ശാന്തമ്മ പാര്‍ട്ടി ജില്ലാ സമ്മേളനം കഴിഞ്ഞുവരുമ്പോള്‍ കൊടുങ്ങല്ലൂരമ്മയെ തൊഴുതതും തോമാശ്ലീഹയുടെ പള്ളി കണ്ടതുമൊക്കെ പറയാന്‍ കാരണം ആ ഓര്‍മയാണ്.
നമ്മുടെ ശ്രീനിവാസന്‍ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു.

'കൊച്ചുത്രേസ്യയെ എനിക്കിഷ്ടമായി. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗൗരിയും റെജിയും തമ്മിലുള്ള പ്രണയത്തിന്റെ ആഖ്യാനമാണ്. പറയാതെ പറയുന്ന പ്രണയമാണത്.'
ജീവിതത്തില്‍ പലപ്പോഴും അങ്ങനെയാണല്ലോ. രണ്ടുപേരുടെയും ഉള്ളില്‍ പ്രണയം ഒളിഞ്ഞുകിടപ്പുണ്ടാവും. അതു തിരിച്ചറിയുന്നത് തീരെ പ്രതീക്ഷിക്കാത്ത ഏതെങ്കിലും സന്ദര്‍ഭത്തിലാവും.
ചെറുപ്പംമുതലേ എനിക്കറിയാവുന്ന പെണ്‍കുട്ടിയാണ് നിമ്മി. പൊതുകാര്യങ്ങളല്ലാതെ ഞങ്ങളൊന്നും പറയാറില്ലായിരുന്നു. സംവിധാനം പഠിക്കാന്‍ മദ്രാസില്‍ പോയപ്പോള്‍ ആ ഒറ്റപ്പെടലിലാണ് എന്റെ ഉള്ളിലുള്ള ഇഷ്ടം ഞാന്‍ തിരിച്ചറിഞ്ഞത്. പിന്നീട് കാണുമ്പോഴും പ്രണയസല്ലാപമോ യുഗ്മഗാനങ്ങളോ ഒന്നുമില്ല. ഇഷ്ടമാണെന്ന് പരസ്​പരം അറിയാം. അത്രമാത്രം.

രഞ്ജന്‍ പ്രമോദിനും ഇതേ പ്രണയാനുഭവം തന്നെയായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് പിരിയുന്ന ദിവസമാണ് അവര്‍ അത് പരസ്​പരം പറഞ്ഞതത്രെ. ശ്രീനിവാസന്റെ ജീവിതത്തിലേക്ക് വിമല കടന്നുവന്നതും ഇതുപോലെ പറയാതെ പറഞ്ഞ ഒരു പ്രണയത്തിലൂടെത്തന്നെ. അപ്പന്റെ വിയോഗത്തിനുശേഷം തനിച്ചായിപ്പോയ റെജിയെ ആശ്വസിപ്പിക്കാനെത്തിയ ഗൗരി എന്തിനെന്നറിയാതെ തേങ്ങിക്കരയുന്നു. 'എന്തിനാ കരയുന്നത്' എന്നവന്‍ ചോദിച്ചുകൊണ്ടേയിരുന്നു. 'അറിയില്ല; എനിക്കറിയില്ല' എന്നു മാത്രമേ ഗൗരി പറയുന്നുള്ളൂ. അതിനപ്പുറത്തുള്ള ഒരു ഭാഷയും പ്രണയത്തിന് ആവശ്യമില്ല.

ഷീലയുടെ സാന്നിധ്യമാണ് 'മനസ്സിനക്കരെ' എന്ന സിനിമയുടെ സൗഭാഗ്യം. ഞാന്‍ ജനിക്കുമ്പോള്‍ സിനിമയില്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന നക്ഷത്രമായിരുന്നു അനശ്വരനായ സത്യന്‍. ആ സത്യനോടുള്ള ആരാധന കൊണ്ടാണ് എനിക്ക് സത്യന്‍ എന്നു പേരിട്ടത് എന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പല സിനിമകളിലും അഭിനയിച്ച ഷീലയെ കൊച്ചുത്രേസ്യയായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഒരു പൂര്‍വകാല പുണ്യം.

അനുബന്ധം: ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരു കുഞ്ഞുകാര്യം. മദ്രാസില്‍നിന്ന് ഷീലയോടൊപ്പം സത്യഭാമ എന്നൊരു ഹെയര്‍ഡ്രെസ്സര്‍ വന്നിരുന്നു. ഷൂട്ടിങ് സ്ഥലത്തുവെച്ച് സത്യഭാമയെ 'സത്യാ, സത്യാ' എന്ന് ഷീല ഉറക്കെ വിളിക്കും. അപ്പോഴൊക്കെ എന്നെയാണെന്നു കരുതി ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കും. ഒടുവില്‍ ഷീല അവരെ 'ഭാമ' എന്നു വിളിക്കാന്‍ തുടങ്ങി. മലയാളസിനിമയെപ്പറ്റി ഒന്നും അറിയാത്ത തനി തമിഴ്‌നാടന്‍ സ്ത്രീയായിരുന്നു സത്യഭാമ. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഹോട്ടല്‍ മുറിയിലെ ടിവിയില്‍ ഷീലയും സത്യനും ചേര്‍ന്നുള്ള പഴയൊരു പ്രണയഗാനം. അതുകണ്ടിരിക്കെ സത്യഭാമ ഷീലയോടു ചോദിച്ചു. 'യാരമ്മാ ഉങ്കെ കൂടെ നടിക്കറത്?'
'സത്യന്‍' എന്ന് ഷീല പറഞ്ഞ ഉടനെ സത്യഭാമ മൂക്കത്ത് വിരല്‍ വെച്ചു. 'അപ്പപ്പാ! എന്നാ അതിശയം!'
നേരിട്ട് കാണുന്നതുപോലെയല്ലത്രെ സിനിമയില്‍ സത്യനെ കാണുമ്പോള്‍. വല്ലാതെ വ്യത്യാസമുണ്ടെന്ന്.
'നീ അതിന് സത്യനെ നേരിട്ടു കണ്ടിട്ടുണ്ടോ?'

'പിന്നെ... ദിവസവും നമ്മുടെ സെറ്റില്‍ കാണുന്നതല്ലേ? ഇദ്ദേഹമെന്തിനാ അഭിനയം വിട്ട് സംവിധായകനായത്?'
സത്യഭാമ വിചാരിച്ചത് യുവതിയായ ഷീലയോടൊപ്പം ആടിപ്പാടിയത് ഈ ഞാനാണ് എന്നത്രെ. ഉത്തരം മുട്ടിപ്പോകുന്ന കമന്റാണത്. സെറ്റില്‍ ഈ കഥ പാട്ടായതിനുശേഷം സത്യഭാമ എന്റെ മുന്നില്‍ വന്നിട്ടേയില്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അത് നല്ല അഭിപ്രായവും വിജയവും നേടുന്നു എന്നറിയുമ്പോള്‍ ഇത്തരം ഒരു തിരിഞ്ഞുനോട്ടം സുഖമുള്ള കാര്യമാണ്.

(ഓര്‍മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ നിന്ന്)

No comments: