ഉന്മാദിനിയെ പോലെ തേജസ്വിനി.....ദൂരെ നിന്നേ അവളുടെ
ശീല്‍ക്കാരങ്ങള്‍ കേട്ടു തുടങ്ങി. മഴയാകുന്ന കാമുകന്‍ വരാന്‍ വൈകിയതിലുള്ള
പരിഭവം മുഴുവന്‍ അവള്‍ പാറകളില്‍ തല്ലിയലച്ച് തീര്‍ക്കുന്നു. ഉടലാകെ
ഇളക്കി, മുടിയഴിച്ചിട്ട് ഇരുകൈകളും നീട്ടിയ ആ കാമിനിക്ക് ചുറ്റും ഒരു
കാന്തിക വലയം...
കാറ്റ്‌നിറച്ച രണ്ടു വഞ്ചികളില്‍ ഞങ്ങള്‍ പതിനാല് പേര്‍....അവളുടെ ഉന്മാദത്തിലേക്ക് ഇനി ഏതാനും ഓളങ്ങള്‍ മാത്രം. പതുക്കെ തിരിഞ്ഞു നോക്കി, പുറപ്പെടുമ്പോള്‍ കലപില കൂട്ടിയിരുന്നവരുടെ മുഖങ്ങളെല്ലാം രക്തംവാര്‍ന്നു പോയ പോലെ. തുഴ കയ്യില്‍ നിന്നും വഴുതുന്നുണ്ടോ...ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ തുഴയില്‍ ഒന്നുകൂടി പിടിമുറുക്കി... നിമിഷാര്‍ദ്ധത്തിനുളളില്‍ തേജസ്വിനി, അവളുടെ മാറിലേക്ക് ഞങ്ങളെ വലിച്ചിട്ടു. വഞ്ചിയില്‍ നിന്നും അറിയാതെ തന്നെ ആരവം ഉയര്‍ന്നു. അവളിലെ ഉന്മാദം ഞങ്ങളിലേക്കും പടര്‍ന്നു....
കണ്ണൂരിനെയും
കാസര്‍കോടിനെയും രണ്ടായി പകുക്കുന്ന ജലരേഖയാണ് തേജസ്വിനി. സാഹസികതയുടെ
ആഴങ്ങള്‍ തേടിയാണ് കണ്ണൂരിലെ ചെറുപുഴയിലെത്തിയത്. നാഷണല്‍ ജിയോഗ്രാഫിയിലും
ഡിസ്‌ക്കവറിയിലും മാത്രം കണ്ടു പരിചയമുളള സാഹസിക വിനോദമായ 'റാഫ്റ്റിങ്'
പരീക്ഷിക്കാന്‍... ചെറുപുഴ പുതിയപാലം താണ്ടി, കാസര്‍കോട് കൊല്ലടയില്‍
നിന്നാണ് കാറ്റ്‌നിറച്ച വഞ്ചികളില്‍ നിന്നും തുഴകള്‍ നദിയില്‍ ആഴ്ന്നത്.
ഏതാനും നിമിഷങ്ങള്‍ക്കകം മലവെള്ളപാച്ചിലില്‍പ്പെട്ട പൊങ്ങുതടികള്‍ പോലെയായി
റാഫ്റ്റുകള്‍. നേപ്പാളി ഗൈഡുകളുടെ ആജ്ഞകളും ആക്രോശങ്ങളും തേജസ്വിനിയുടെ
ഇരമ്പലില്‍ മുങ്ങി. ഒഴുക്ക് കൂടി കൂടി വന്നു. നദിയിലേക്ക് മുഖമമര്‍ത്തി
നിന്നിരുന്ന കണ്ടല്‍കാടുകളില്‍ നിന്നും മരച്ചില്ലകളില്‍ നിന്നും
കടവാവലുകള്‍ പറന്നു പൊങ്ങി, കറുത്തമാനത്ത് വലിയ ചിറക് വിരിച്ച് അവ വൃത്തം
വരച്ചു. കടവാവലുകളുടെ കരച്ചിലും, പാറകളില്‍ തട്ടിച്ചിതറുന്ന തേജസ്വിനിയുടെ
ശീല്‍ക്കാരങ്ങളുമായപ്പോള്‍ ഏതോ പ്രേതസിനിമയിലെ രംഗഭാവം!
മുളംചങ്ങാടത്തിന്റെ
അത്യന്താധുനികനായ റാഫ്റ്റ്, പാറകളില്‍ ചെന്നു തട്ടിയപ്പോള്‍ മനസ്സില്‍
പെരുമ്പറമുഴങ്ങി... പ്ലസ്ടുകാരികളായ സേബയും പൂജയും റാഫ്റ്റില്‍
ഇരിക്കുന്നത് കണ്ടപ്പോള്‍, ഉള്ളില്‍ തോന്നിയ ഭയം പുറത്ത് കാട്ടിയില്ല.
നേപ്പാളില്‍ നിന്നും റാഫ്റ്റിങ് പഠിപ്പിക്കാന്‍ കേരളത്തിലെത്തിയ ഗൈഡുകളായ സഞ്ജീബും രാജുശ്രേഷ്ഠയും നേപ്പാളിയില്‍ ഏതോ പാട്ടുകള്‍ മൂളുന്നു... പെട്ടന്ന് മുന്നില്‍ പോയ റാഫ്റ്റ് വെട്ടിതിരിഞ്ഞു പമ്പരം കണക്കെ കറങ്ങി. കൂലംകുത്തിയൊഴുകുന്ന നദിയില്‍ മറിഞ്ഞു കിടന്നിരുന്ന വലിയൊരു മരത്തില്‍ ചെന്നിടിച്ച് അത് നിന്നു. മരത്തിന്റെ തലകിടന്നിരുന്ന പാറയിലേക്ക് ഞങ്ങള്‍ അള്ളിപിടിച്ച് കയറി. റാഫ്റ്റിലുണ്ടായിരുന്ന വടവുമായി, അലറി വിളിച്ചൊഴുകുന്ന നദിയിലേക്ക് നേപ്പാളി എടുത്തു ചാടി. അതിശക്തമായ ഒഴുക്കിനെ കീറിമുറിച്ച് അവന്‍, വടം എതിര്‍വശത്തുള്ള മരത്തില്‍ വലിച്ചുകെട്ടി. നേപ്പാളി സാഹസികന്റെ വീരകൃത്യം, ശ്വാസമടക്കി ഞങ്ങള്‍ നോക്കിനിന്നു. മരത്തിന്റെ പിടിയില്‍ നിന്നും റാഫ്റ്റിനെ വലിച്ചുമാറ്റിയ മാത്രയില്‍ എല്ലാവരും അതിനുള്ളിലേക്ക് ചാടിക്കയറി. ഒപ്പമുണ്ടായിരുന്ന ആബിദിനും ബിനുവിനും കുറച്ച് ദൂരം നീന്തിയ ശേഷമാണ് കയറാന്‍ സാധിച്ചത്.
കാസര്‍കോടിന്റെ
വനാന്തരങ്ങളും കമ്പല്ലൂരും പിന്നിട്ട് ചെമ്മരംകയത്തിലെത്തിയപ്പോള്‍
വീണ്ടും ഒഴുക്കിന്റെ കരവലയത്തിലായി. താഴ്ന്നു നിന്ന മരച്ചില്ലകളില്‍
തലതട്ടാതെ നോക്കാന്‍ ഞങ്ങള്‍ പാടുപെട്ടു. വീണ്ടും തലപൊക്കാന്‍
തുടങ്ങിയപ്പോള്‍ മുന്നിലിരുന്ന ആബിദ് ഉറക്കെ വിളിച്ചു പറഞ്ഞു 'തലമാറ്റിക്കോ
പാമ്പ്..' ആബിദ് ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി, മരച്ചില്ലയില്‍ തൂങ്ങി
കിടക്കുന്ന, ഇലകള്‍ പൊതിഞ്ഞ കൂടിനുള്ളില്‍ ചുരുണ്ടു കൂടി കിടക്കുന്ന
പാമ്പ്. 'ക്യാ കോബ്രാ ഹെ..?' നേപ്പാളി അത്ഭുതം വിടര്‍ന്ന മുഖത്തോടെ
ചോദിച്ചു. 'എയ് ഇത് വേറെയേതോ ഇനമാ.. അടുത്ത മഴയില്‍ ഒഴുകി പോകും', ആരോ
പറഞ്ഞു.
മഴ ശക്തമാകുമ്പോള്‍ തേജസ്വിനി ഇരുകരകളും കയ്യേറും. അപ്പോള്‍ ചെമ്മരം കയത്തിലെത്തുന്ന എന്തു വസ്തുവായാലും പലവട്ടം കറങ്ങാതെ മുന്നോട്ട് ഒഴുകില്ല. നദിക്ക് മുകളിലൂടെയുളള തൂക്കുപാലത്തില്‍ നിന്നിരുന്നവര്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഒഴുക്ക് കുറഞ്ഞ് വന്നു. ഇനി പൂര്‍ണമായും കാസര്‍കോടിടിന്റേതാവുമ്പോഴെ തേജസ്വിനി വിശ്വരൂപം പ്രാപിക്കൂ.
അഞ്ച്
മണിക്കൂര്‍ നീണ്ട ഒഴുക്ക് (ഞങ്ങളുടെ യാത്രയെ അങ്ങനെയും വിളിക്കാം)
കാസര്‍കോട്ടെ കാക്കടവില്‍ അവസാനിച്ചു. ഏതാണ്ട് 12 കിലോമീറ്റര്‍.
ജീപ്പിനടുത്തേക്ക് നടക്കുമ്പോഴും എല്ലാവരും തേജസ്വിനിയെ തിരിഞ്ഞു തിരിഞ്ഞു
നോക്കുന്നുണ്ടായിരുന്നു... വിട പറയാന്‍ മടിയുള്ള മനസ്സുകള്‍... രാത്രി
ഉറങ്ങാന്‍ കിടന്നപ്പോഴും തേജസ്വിനിയുടെ മാറിലൂടെ ഒഴുകുന്ന പോലെ. കണ്ണുകള്‍
അടയ്ക്കുമ്പോള്‍ കാതുകളില്‍ അവളുടെ ശീല്‍ക്കാരം....
കാറ്റ്‌നിറച്ച രണ്ടു വഞ്ചികളില്‍ ഞങ്ങള്‍ പതിനാല് പേര്‍....അവളുടെ ഉന്മാദത്തിലേക്ക് ഇനി ഏതാനും ഓളങ്ങള്‍ മാത്രം. പതുക്കെ തിരിഞ്ഞു നോക്കി, പുറപ്പെടുമ്പോള്‍ കലപില കൂട്ടിയിരുന്നവരുടെ മുഖങ്ങളെല്ലാം രക്തംവാര്‍ന്നു പോയ പോലെ. തുഴ കയ്യില്‍ നിന്നും വഴുതുന്നുണ്ടോ...ധൈര്യം ചോര്‍ന്നു പോകാതിരിക്കാന്‍ തുഴയില്‍ ഒന്നുകൂടി പിടിമുറുക്കി... നിമിഷാര്‍ദ്ധത്തിനുളളില്‍ തേജസ്വിനി, അവളുടെ മാറിലേക്ക് ഞങ്ങളെ വലിച്ചിട്ടു. വഞ്ചിയില്‍ നിന്നും അറിയാതെ തന്നെ ആരവം ഉയര്‍ന്നു. അവളിലെ ഉന്മാദം ഞങ്ങളിലേക്കും പടര്‍ന്നു....

നേപ്പാളില്‍ നിന്നും റാഫ്റ്റിങ് പഠിപ്പിക്കാന്‍ കേരളത്തിലെത്തിയ ഗൈഡുകളായ സഞ്ജീബും രാജുശ്രേഷ്ഠയും നേപ്പാളിയില്‍ ഏതോ പാട്ടുകള്‍ മൂളുന്നു... പെട്ടന്ന് മുന്നില്‍ പോയ റാഫ്റ്റ് വെട്ടിതിരിഞ്ഞു പമ്പരം കണക്കെ കറങ്ങി. കൂലംകുത്തിയൊഴുകുന്ന നദിയില്‍ മറിഞ്ഞു കിടന്നിരുന്ന വലിയൊരു മരത്തില്‍ ചെന്നിടിച്ച് അത് നിന്നു. മരത്തിന്റെ തലകിടന്നിരുന്ന പാറയിലേക്ക് ഞങ്ങള്‍ അള്ളിപിടിച്ച് കയറി. റാഫ്റ്റിലുണ്ടായിരുന്ന വടവുമായി, അലറി വിളിച്ചൊഴുകുന്ന നദിയിലേക്ക് നേപ്പാളി എടുത്തു ചാടി. അതിശക്തമായ ഒഴുക്കിനെ കീറിമുറിച്ച് അവന്‍, വടം എതിര്‍വശത്തുള്ള മരത്തില്‍ വലിച്ചുകെട്ടി. നേപ്പാളി സാഹസികന്റെ വീരകൃത്യം, ശ്വാസമടക്കി ഞങ്ങള്‍ നോക്കിനിന്നു. മരത്തിന്റെ പിടിയില്‍ നിന്നും റാഫ്റ്റിനെ വലിച്ചുമാറ്റിയ മാത്രയില്‍ എല്ലാവരും അതിനുള്ളിലേക്ക് ചാടിക്കയറി. ഒപ്പമുണ്ടായിരുന്ന ആബിദിനും ബിനുവിനും കുറച്ച് ദൂരം നീന്തിയ ശേഷമാണ് കയറാന്‍ സാധിച്ചത്.

മഴ ശക്തമാകുമ്പോള്‍ തേജസ്വിനി ഇരുകരകളും കയ്യേറും. അപ്പോള്‍ ചെമ്മരം കയത്തിലെത്തുന്ന എന്തു വസ്തുവായാലും പലവട്ടം കറങ്ങാതെ മുന്നോട്ട് ഒഴുകില്ല. നദിക്ക് മുകളിലൂടെയുളള തൂക്കുപാലത്തില്‍ നിന്നിരുന്നവര്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഒഴുക്ക് കുറഞ്ഞ് വന്നു. ഇനി പൂര്‍ണമായും കാസര്‍കോടിടിന്റേതാവുമ്പോഴെ തേജസ്വിനി വിശ്വരൂപം പ്രാപിക്കൂ.

No comments:
Post a Comment