കാലം 1958.
ഇന്നത്തെപ്പോലെ അന്നും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി ടിഷ്യുകള്‍ച്ചര്‍ ചെയ്യുന്ന സാഹിത്യ ലബോറട്ടറി ആയിരുന്നു. ആ ലബോറട്ടറിയിലേക്ക് ഒരു കഥയയച്ചപ്പോള്‍ എനിക്ക് എം.ടിയുടെ ഒരു കത്ത് കിട്ടി. ആ കത്ത് എനിക്ക് കിട്ടിയ നിധിയായിരുന്നു.കോളജില്‍ പ്രീയൂനിവേഴ്‌സിറ്റിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. യൂസഫലി കേച്ചേരിയും, കെ.പി. ശങ്കരനും, മാധവന്‍ അയ്യപ്പത്തും ബാലപംക്തിയില്‍ എഴുതുന്ന കാലം. എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. എം.ടി. അസിസ്റ്റന്റും.
നാലഞ്ചു കഥകള്‍കൊണ്ടുതന്നെ അക്കാലത്ത് സാഹിത്യലോകത്ത് എം.ടി. പേരെടുത്തിരുന്നു. ആ വര്‍ഷത്തെ ഒരൊഴിവുനാളില്‍ എം.ടി.യെ കാണാനായി കോഴിക്കോട്ടേക്കു പുറപ്പെട്ടു. നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോഴിക്കോട്ടേക്ക് തീവണ്ടി കയറി. എട്ടണയാണ് വണ്ടിക്കൂലി. ഇന്നത്തെ 50 പൈസ.മാതൃഭൂമി ഓഫീസിനു മുന്നിലെത്തുമ്പോഴേക്കും എന്റെ ചങ്കിടിക്കുവാന്‍ തുടങ്ങി. ഗേറ്റ്മാനോട് വഴിചോദിച്ച് ഞാന്‍ മുകളിലേക്കുള്ള കോണി കയറി. എം.ടി.യുടെ മുറിക്ക് മുന്നിലെത്തിയപ്പോള്‍ ഞാനൊന്നു പരുങ്ങി. മുറിയില്‍ വേറെ രണ്ടു പേരുണ്ട്. തൊട്ടടുത്തുള്ള മേശപ്പുറത്തുവച്ച ഒരു കൂമ്പാരം സാഹിത്യത്തിന്റെ മറവില്‍ എന്‍.വി. കൃഷ്ണവാരിയര്‍ എന്തോ വായിച്ചുകൊണ്ടു വെട്ടുകയും തിരുത്തുകയും ചെയ്യുന്നു. എം.ടി. ഒരു കൊച്ചു പയ്യന്‍. നൂലന്‍ വാസു എന്ന് ബഷീര്‍ കളിയാക്കി വിളിക്കുന്ന അതേ രൂപം. മീശ നന്നായി കറുത്തിട്ടില്ല. എങ്കിലും അത് തിരുത്തുകയറ്റാന്‍ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ട്. ഹാന്റ്‌ലൂമിന്റെ വരയന്‍ കുപ്പായമാണ് ഇട്ടിരിക്കുന്നത്. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.
”എം.ടിയല്ലേ?” ഞാന്‍ ചോദിച്ചു. എന്താ സംശയമുണ്ടോ എന്ന ഭാവത്തില്‍ ‘അതെ’ എന്നു എം.ടി. പറഞ്ഞു. ഞാന്‍ എന്റെ കുട ചുമരില്‍ താഴെ വെച്ചതും അത് ചറുപിറെ താഴെ വീണു. അത് നേരെയാക്കിവെക്കാന്‍ കുറെ പാടുപെട്ടു. എന്റെ കൈകള്‍ നിശ്ചയമായും വിറച്ചിട്ടുണ്ടാവണം.”ഇരിക്കൂ” എം.ടി. പറഞ്ഞു. ഞാന്‍ എം.ടി.യുടെ മുന്നിലുള്ള കൈയില്ലാത്ത കസേരയില്‍ പകുതി ചന്തിവച്ച് ഇരുന്നു. എന്നിട്ടു ഞാന്‍ പറഞ്ഞു: ”കുഞ്ഞബ്ദുള്ള.” എം.ടി. എന്നെ ഒന്നു നോക്കി. മാനുസ്‌ക്രിപ്റ്റിലേക്ക് കണ്ണോടിക്കുന്നതിനിടയില്‍ പറഞ്ഞു: ”മനസ്സിലായി.”അല്പം കഴിഞ്ഞപ്പോള്‍ നനവൂറുന്ന വലിയ കണ്ണുകള്‍ വിടര്‍ത്തി എം.ടി. ചോദിച്ചു: ”ഏതു ക്ലാസിലാ?”
”പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ കഴിഞ്ഞു.”
അപ്പോള്‍ ശിപായി ഒരു കപ്പു കാപ്പി മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഞാന്‍ എന്റെ കൈകള്‍ എവിടെയോ വയ്ക്കുന്നതിനിടയില്‍ കപ്പുതട്ടി കാപ്പി മേശപ്പുറത്തു മറിഞ്ഞു. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എം.ടി. പറഞ്ഞു: ”സാരമില്ല.”ഈ ആശ്വാസവാക്ക് എന്റെ സാഹിത്യജീവിതത്തിലുടനീളം എം.ടി.യില്‍നിന്ന് ചൊരിഞ്ഞിട്ടുണ്ട്. 1958 സെപ്തംബറില്‍ നടന്ന ആ കൂടിക്കാഴ്ച അവിസ്മരണീയമാണ്.
”പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ കഴിഞ്ഞു.”
അപ്പോള്‍ ശിപായി ഒരു കപ്പു കാപ്പി മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഞാന്‍ എന്റെ കൈകള്‍ എവിടെയോ വയ്ക്കുന്നതിനിടയില്‍ കപ്പുതട്ടി കാപ്പി മേശപ്പുറത്തു മറിഞ്ഞു. ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എം.ടി. പറഞ്ഞു: ”സാരമില്ല.”ഈ ആശ്വാസവാക്ക് എന്റെ സാഹിത്യജീവിതത്തിലുടനീളം എം.ടി.യില്‍നിന്ന് ചൊരിഞ്ഞിട്ടുണ്ട്. 1958 സെപ്തംബറില്‍ നടന്ന ആ കൂടിക്കാഴ്ച അവിസ്മരണീയമാണ്.
ഞാന്‍ ബാലപംക്തിയിലേക്ക് മുറയ്ക്ക് കഥകള്‍ അയയ്ക്കുവാന്‍ തുടങ്ങി. വെട്ടിയും തിരുത്തിയും അവയില്‍ ചിലത് എം.ടി. പ്രസിദ്ധീകരിച്ചുതുടങ്ങി. അങ്ങനെയിരിക്കെയാണ് എന്നെ മോഹാലസ്യപ്പെടുത്തിയ ഒരു സംഭവമുണ്ടായത്. ഞാന്‍ ബാലപംക്തിക്ക് അയച്ച ഒരു കഥ വലിയവരുടെ പംക്തിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ കഥ. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തലക്കെട്ടുവരെ മാറ്റിയാണ് എം.ടി. ആ കഥ പ്രസിദ്ധീകരിച്ചത്. ‘കല്യാണരാത്രി’യായിരുന്നു ആ കഥ. ദേവന്റെ ചിത്രവും.
എഴുത്തില്‍ മാത്രമല്ല എഡിറ്റിങ് എന്ന കലയിലും എം.ടി. അഗ്രഗണ്യനാണ്. മലയാള ഭാഷയില്‍ എഡിറ്റിങ്ങിന് ആരും അക്കാലത്ത് പ്രാധാന്യംകൊടുത്തതായി കാണുന്നില്ല. സര്‍ഗ്ഗാത്മകകൃതി മെച്ചപ്പെടുത്തുന്നത് യഥാസ്ഥാനത്തുള്ള വെട്ടിത്തിരുത്തലിലാണെന്ന സത്യം നമ്മുടെ മിക്ക എഴുത്തുകാരും പത്രാധിപന്മാരും ഓര്‍ക്കുന്നില്ല. ഇവിടെയാണ് എം.ടി.യുടെ ക്രിയേറ്റീവ് ജേര്‍ണലിസം തിളങ്ങുന്നത്. എഴുത്തുകാരുടെ രചനകളില്‍ പത്രാധിപരായ എം.ടി.യുടെ പേന ചലിച്ചപ്പോള്‍ ആ സൃഷ്ടികള്‍ പ്രശസ്തങ്ങളായി.
ഉപരിപഠനത്തിനായി ഞാന്‍ അലിഗഢ് യൂനിവേഴ്‌സിറ്റിയിലേക്ക് വണ്ടികയറി. അവിടെ അന്തരീക്ഷം ഭയാനകമായിരുന്നു. പാഠപുസ്തകങ്ങളും ലബോറട്ടറികളും കണ്ട് ഞാന്‍ ഭയന്നമ്പരന്നു. ഞാന്‍ എം.ടി.ക്കെഴുതി: ”എന്റെ സാഹിത്യജീവിതം ഇതോടെ അവസാനിച്ചിരിക്കുന്നു.”എം.ടി.യുടെ ഒരു നീണ്ട മറുപടി വന്നു. ആ കത്ത് ഒട്ടൊന്നുമല്ല എന്നെ ആശ്വസിപ്പിച്ചത്: ”നന്നായി പഠിക്കൂ. പഠിച്ച് ജീവിതത്തിന് ഒരു മേല്‍വിലാസമുണ്ടാക്കൂ. സാഹിത്യം മനസ്സിലുണ്ടെങ്കില്‍ അത് നഷ്ടപ്പെടുകയില്ല. അഥവാ നഷ്ടപ്പെട്ടാലും ആ ലോകം തിരികെ കിട്ടാന്‍ ഞാന്‍ വേണ്ടതു ചെയ്യാം.”
അലിഗഢില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാന്‍ ധാരാളം കഥകള്‍ എഴുതി. എഴുതിയ ഒരു കഥപോലും എം.ടി. തിരിച്ചയച്ചിട്ടില്ല. എം.ടി.ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നു പണ്ട് എഴുത്തുകാര്‍. എം.ടി. സൂര്യനാണ്. ആ വെളിച്ചത്തില്‍ നമ്മുടെ സാഹിത്യം വെട്ടിത്തിളങ്ങി. നമ്മുടെ സാഹിത്യത്തെ മാറ്റിത്തീര്‍ത്ത ഒരാള്‍ എം.ടി.യാണ്. പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും. പത്രാധിപര്‍ എന്ന നിലയിലുള്ള പ്രാഥമിക മര്യാദകള്‍ എഴുത്തുകാരോട് കാണിച്ച ആളായിരുന്നു എം.ടി. യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന സക്കറിയയുടെ കഥ തന്റെ മേശപ്പുറത്ത് തപാലില്‍ വന്നപ്പോള്‍ എം.ടി. അത് വായിച്ചു. പ്രസിദ്ധീകരിച്ചു. സക്കറിയയെ ഞാനാണ് ആളാക്കിയത് എന്ന ഭാവമൊന്നും എം.ടി. പ്രകടിപ്പിച്ചില്ല. എഴുത്തുകാരും എഡിറ്ററും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ചില എഴുത്തുകാരെ താനാണ് കണ്ടെത്തിയത് എന്ന് എം.ടി. പിന്നീടൊരിക്കലും ആരോടും പറഞ്ഞിട്ടില്ല. ഒരു നല്ല രചന ആഴ്ചപ്പതിപ്പില്‍ വരുമ്പോള്‍ അതിലൂടെ വെളിപ്പെടുത്തുന്നത് ആ എഴുതിയ ആള്‍ മാത്രമല്ല, അത് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പുംകൂടിയാണ്. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഇടയിലുള്ള മധ്യസ്ഥനാണ് എഡിറ്റര്‍. അവര്‍ ഈഗോയുടെ തടവുകാരാകരുത്. പത്രാധിപര്‍ എന്ന നിലയില്‍ അങ്ങനെ വലിയ അന്തസ്സ് എം.ടി.ക്കുണ്ട്. എഴുത്തുകാരെക്കൊണ്ടും വായനക്കാരെക്കൊണ്ടും നിലനില്‍ക്കുന്ന ആളാണ് പത്രാധിപര്‍ എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് വ്യത്യസ്തമായ ഉള്ളടക്കമുള്ള രചനകള്‍ വരുമ്പോള്‍ എം.ടി. അതിയായി ആഹ്ലാദിക്കും. നല്ലൊരു സംഭവം വരുന്നുണ്ട്, എം.ടി. ചിലപ്പോള്‍ പറയും. വായനക്കാര്‍ക്കും സന്തോഷമാകും. എം.ടി.യുടെ വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത്, പത്രാധിപര്‍ എന്ന നിലയിലുള്ള അവകാശവാദങ്ങള്‍ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ അയാളെ കൊണ്ടുവന്നു, ഇയാളെ കൊണ്ടുവന്നു. അങ്ങനെ രഹസ്യമായിപ്പോലും പറയുന്ന ആളല്ല എം.ടി. നമ്മുടെ സാഹിത്യത്തിന്റെ വളരെ രസകരമായ എന്തെല്ലാം കഥകള്‍ എം.ടി.യുടെ മനസ്സില്‍ ഉണ്ടാവും. ആ കഥകള്‍കൂടി എം.ടി. പറയണം.
(ഡി സി അന്താരാഷ്‌ട്രപുസ്തകമേളയില്‍ ഇന്ന് പ്രകാശിപ്പിക്കുന്ന ‘പത്രാധിപര്‍ എം ടി’ എന്ന പുസ്തക്തില്‍നിന്നും)
No comments:
Post a Comment