Friday, June 26, 2015

പ്രവാസികളെ നാട്ടിലെ എക്കൗണ്ടില്‍ ഇടപാട് നടത്തിയാല്‍ അഴിയെണ്ണാം

നിങ്ങള്‍ക്ക് ഇന്ത്യക്ക് പുറത്തു താമസിക്കുന്ന ഒരാളാണോ? പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ എക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ചെയ്യുന്ന കാര്യം നിയമവിരുദ്ധമാണ്. ഓരോ എന്‍ആര്‍ഐക്കും ഒരു എന്‍ആര്‍ഇ എക്കൗണ്ടും എന്‍ആര്‍ഒ എക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് എക്കൗണ്ടിനെ എന്‍ആര്‍ഒ എക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. എന്‍ആര്‍ഒ എക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടു തന്നെ നിങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വ ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് സര്‍ക്കാറിന് സംബന്ധിച്ച് നിയമലംഘനം തന്നെയാണ്. 

സര്‍ക്കാറിന്റെ നിര്‍വചനത്തിനുള്ള എന്‍ആര്‍ഐക്കാരനാണോ താങ്കള്‍ ? 1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. 
182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം. അതുകൊണ്ട് പ്രവാസിയായിരിക്കുന്നിടത്തോളം കാലം സ്വന്തം പേരിലുള്ള നാട്ടിലെ എക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താതിരിക്കുക. എല്ലാ ഇടപാടുകളും എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെ മാത്രം നടത്തുക. ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ എക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ എക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. 

നിയമം ഇങ്ങനെയൊക്കെയാണെങ്കിലും പലരും വിദേശരാജ്യങ്ങളിലിരുന്ന് നാട്ടിലെ സേവിങ്സ് എക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുക, ഇതു നിയമപ്രകാരം തെറ്റാണ്. നിങ്ങളുടെ നാട്ടിലെ എക്കൗണ്ടില്‍ വരുന്ന ഓരോ പണത്തിനും നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. വേണമെങ്കില്‍ അഞ്ചോ ആറോ വര്‍ഷം അഴിക്കുള്ളില്‍ കിടക്കാന്‍ ഇതു മതിയെന്ന് ചുരുക്കം.

Definitions
NRO Account
Non-Residential Ordinary or NRO Account refers to funds deposited with an Indian financial institution opened by an Indian national with the intention of becoming a Non-Resident Indian or NRI. An NRO account is kept in Indian rupees and cannot be converted and repatriated into foreign currency.

NRI Account
NRI Account refers to funds deposited by a Non-Resident Indian or NRI with a financial institution authorized by the Reserve Bank of India to provide such services. A Non-Resident Indian is an Indian citizen who primarily resides outside of India.

FCNR Account
An FCNR account is a term deposit account that can be maintained by NRIs and PIOs in foreign currency. This account can be a good option for Non Resident Indians (NRIs) looking to invest in India without worrying about currency risks. The funds in an FCNR account must necessarily come from your overseas funds.

Tuesday, June 16, 2015

വിഷം വിഷം സര്‍വത്ര


ഇന്നലെയാണ് "മാങ്ങ എങ്ങനെയാണ് പഴുക്കുന്നത്" എന്ന പത്രറിപ്പോര്‍ട്ട് ഒരു സുഹൃത്ത് എനിക്ക് വാട്സപ്പില്‍ പങ്കുവെച്ചത് ..രണ്ടു രീതികളില്‍ പഴുപ്പിച്ച മാങ്ങകളാണ് മിക്കവാറും പഴക്കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമൊക്കെ നമ്മെ കാത്തിരിക്കുന്നത്.. ഒന്ന് വെല്‍ഡിങിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് ഉപയോഗിച്ച് - ഇത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചമാങ്ങ കയറ്റിയ ലോറികളിലെ പെട്ടികളില്‍ നിക്ഷേപിച്ചു കുറച്ച് വെളളം കുടഞ്ഞു കൊടുക്കുകയേ വേണ്ടൂ.. പത്തുമണിക്കൂര്‍ കൊണ്ട് കാര്‍ബൈഡ് വെളളവുമായി കൂടിച്ചേര്‍ന്ന് അസറ്റിലിന്‍ വാതകവും വിവധ ഓക്സൈഡുകളും ഉണ്ടാകുന്നു. കടുത്ത ചൂടില്‍ ഓക്സൈഡുകള്‍ മാങ്ങയില്‍ പ്രവര്‍ത്തിച്ച് പഴുപ്പിക്കുന്നു.. വൈകിട്ട് ലോറിയില്‍ കയറ്റിയ പച്ചമാങ്ങ രാവിലെ നമ്മുടെ മാര്‍ക്കറ്റുകളില്‍ ഇറങ്ങുമ്പോള്‍ പഴുത്തു ചുമന്നു കുട്ടപ്പനാകുന്ന മായാജാലം .. രണ്ടാമത്തേത് കുറച്ചുകൂടി എളുപ്പമാണ്, മാരകവും .. ഇത്തഡോള്‍ എന്ന രാസപദാര്‍ത്ഥം മാങ്ങയില്‍ നേരിട്ട് സ്പ്രേ ചെയ്യുന്നു. നാലുമണിക്കൂര്‍ കൊണ്ട് നോക്കിനില്‍ക്കെ മാങ്ങ പഴുത്തുവരും.....

ഇത് വായിച്ചപ്പോഴാണ് എന്താണ് വിഷമില്ലാതെ തിന്നാനാവുക എന്ന ചിന്തയിലേക്ക് മനസ്സ് പോയത്..

രാവിലെ ചായയോ കാപ്പിയോ കഴിച്ചാലോ... കാപ്പിയില്‍ തളിക്കുന്ന കീടനാശിനിയെപ്പറ്റി പറഞ്ഞുതന്നത് കാപ്പി കര്‍ഷകന്‍ തന്നെ .. പൊടിക്കുന്നതിനു മുമ്പ് കാപ്പി കഴുകി വൃത്തിയാക്കാറില്ല എന്നാണ് അറിവ്. ചായയിലും കീടനാശിനികളും കൊളുന്ത് നുളളിക്കഴിഞ്ഞാല്‍ പെട്ടെന്നു വളരാന്‍ ഹോര്‍മോണുകളും നിയന്ത്രണമില്ലാതെയാണ് പ്രയോഗിക്കപ്പെടുന്നത്. കൂടാതെ ചായയുടെയും കാപ്പിയുടെയും നിറംകൂട്ടാന്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ വേറേയും...
ബേക്കറി പലഹാരങ്ങളുടെ കാര്യം പറയാനില്ല .. മനംമയക്കുന്ന നിറപ്പകിട്ടില്‍ ചില്ലുകൂട്ടിലിരുന്ന് കൊതിപ്പിക്കുന്നത് മാരക രാസക്കൂട്ടുകളാണെന്ന് ആരോപിക്കുന്നു. പ്രത്യേകിച്ചും ചുവപ്പ് നിറം നല്‍കുന്ന സുഡാന്‍,മഞ്ഞനിറം നല്‍കുന്ന രാസപദാര്‍ത്ഥം ഒക്കെ കൊടും വിഷങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കേരളത്തിലെ ബേക്കറി ഉടമകളുടെ സംഘടന നിറങ്ങള്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചതും നടപ്പാക്കാനാവാതെ പിന്‍വലിഞ്ഞതും ഇതിനിടയില്‍ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന നിറമില്ലാത്ത പലഹാരങ്ങളോട് മലയാളി പുറംതിരിഞ്ഞതാണത്രേ കാരണം....

അരിയിലെ പോഷകങ്ങളേറെയുളള തവിട് കളഞ്ഞ് വൃത്തിയാക്കിയ അരിയോടാണ് മലയാളിക്ക് പഥ്യം .. "തുമ്പപ്പൂ പോലത്തെ ചോറ്" എന്നാണല്ലോ പ്രയോഗം തന്നെ .. ഇനി മട്ട അരി ആയാലോ വാങ്ങുന്നവരുടെ വയറ് മിനുങ്ങും, കാരണം നിലം മിനുക്കാന്‍ ഉപയോഗിക്കുന്ന റെഡ് ഓക്സൈഡ് ആണ് വെളള അരി മട്ടയാക്കാന്‍ ഉപയോഗിക്കുന്നത് .. നെല്‍കൃഷിയില്‍ രാസവളങ്ങളും കീടനാശിനികളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ അരിയും മറ്റ് ധാന്യങ്ങളും വ്യഞ്ജനങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഉപയോഗിക്കപ്പെടുന്നത് മാരകമായ കീടനാശിനികളും എലികളേയും മറ്റ് ക്ഷുദ്രജീവികളേയും നശിപ്പിക്കുവാനുതകുന്ന കൊടുംവിഷങ്ങളും. ഫലം പണ്ട് നമ്മള്‍ സമാധാനത്തോടെ കഴിച്ചിരുന്ന കഞ്ഞിവെള്ളം ഇന്ന് ഇത്തരം വിഷങ്ങളുടെയൊക്കെ ലായനിയായി മാറി... 

കറിവെക്കാന്‍ എന്താണുള്ളത്? .. കടലില്‍ നിന്ന് പിടിച്ചയുടനെ കിട്ടുന്ന മീന്‍ കൊളളാം. പക്ഷെ അപൂര്‍വ്വമാണത്... കടലില്‍ പോയി രണ്ടുംമൂന്നും ദിവസമൊക്കെ കഴിഞ്ഞ് കരക്കണയുന്ന ബോട്ടുകാര്‍ മത്സ്യം കേടാകാതിരിക്കാന്‍ ആശ്രയിക്കുന്നത് അമോണിയയടക്കമുളള രാസവസ്തുക്കളെ .. നല്ല മത്തി തിന്നണമെങ്കില്‍ കടലൂരില്‍ നിന്നോ ഒമാനില്‍ നിന്നോ ഒക്കെ വരണമത്രെ.. കൂടാതെ മത്സ്യം സമൃദ്ധമായി കിട്ടുന്ന സമയത്ത് പിടിച്ച് മാസങ്ങള്‍ കഴിഞ്ഞ് ലഭ്യത കുറഞ്ഞ കാലത്ത് വില്‍ക്കാന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജുകല്‍ വേറെ.. ഇവിടങ്ങളിലൊക്കെ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് നമ്മള്‍ക്ക് ഊഹിക്കാവുന്നതേയുളളൂ...

പച്ചക്കറികളെക്കുറിച്ച് എന്തു പറയാന്‍.... കാര്‍ഷിക സര്‍വ്വകലാശാല മാര്‍ക്കറ്റില്‍ ലഭ്യമായ പച്ചക്കറികളില്‍ നടത്തിയ പഠനത്തില്‍ അന്യസംസ്ഥാന പച്ചക്കറികളിലെല്ലാം കൂടിയ അളവില്‍ വിഷാംശം കണ്ടെത്തിയത് ഈയിടെ .. ഏകദേശം പത്തുവര്‍ഷം മുന്നെ തമിഴ്നാട്ടിലെ ൠഷിതുല്യനായ പരിസ്ഥിതി-ജൈവകൃഷി പ്രവര്‍ത്തകനായ നമ്മാല്‍വാര്‍ പച്ചക്കറിതോട്ടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കീടനാശിനി ഉപയോഗിക്കുന്നത് ചോദ്യംചെയ്തപ്പോള്‍ "നീങ്ക കവലപ്പെടാതണ്ണാ... ഇതെല്ലാം കേരളാവിലേക്ക്...... "എന്ന് മറുപടി കിട്ടിയത് മലയാളിക്ക് ഒരു മുന്നറിയിപ്പായി ഒരു അഭിമുഖത്തില്‍ പറഞ്ഞുവച്ചത് ഓര്‍മ്മവരുന്നു.
കാബേജ്, കോളിഫ്ലവര്‍,പാവല്‍ തുടങ്ങി മിക്ക പച്ചക്കറികളും കൂടിയ അളവില്‍ കീടനാശിനി ഉപയോഗിച്ചാണ് കൃഷി ചെയ്യപ്പെടുന്നത്. ചീരയും പുതിനയും മല്ലിയിലയും അടങ്ങിയ ഇലവര്‍ഗ്ഗങ്ങളില്‍ മാരക കീടനാശിനികള്‍ ഇലകളില്‍ പലതവണ തളിക്കപ്പെടുന്നു. എന്തിന് പാവം കറിവേപ്പിലയില്‍ പോലും എന്‍ഡോസള്‍ഫാന്‍ അടക്കം പ്രയോഗിക്കുന്നു എന്നു കേല്‍ക്കുമ്പോള്‍ എങ്ങനെ ഞെട്ടാതിരിക്കും?.....

ഇനി നാട്ടില്‍ കൃഷിചെയ്യുന്ന പച്ചക്കറിയുടെ കാര്യമെന്താണ്... ഡോക്ടര്‍ ആയ സുഹൃത്തിന് തന്‍റെ രോഗിയായ ഒരു കര്‍ഷകന്‍റെ വാഴത്തോട്ടം കണ്ടപ്പോള്‍ ഒരു വാഴക്കുല വാങ്ങാന്‍ ആഗ്രഹം തോന്നി. തനിക്കുവേണ്ടത് കാണിച്ചുകൊടുത്തപ്പോള്‍ അയാളുടെ മറുപടി "അത് വില്‍ക്കാന്‍ വേണ്ടി കൃഷിചെയ്യുന്നതാണ്, വീട്ടിലെ ഉപയോഗത്തിന് ഉണ്ടാക്കിയത് അപ്പുറത്തുണ്ട്, സാറിന് അതില്‍ നിന്ന് തരാം"എന്നായിരുന്നു. വാഴക്കൃഷിയിലെ കീടനാശിനി പ്രയോഗത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നത് ബസില്‍ സഹയാത്രികനായി വന്ന കര്‍ഷകന്‍ .. വാഴക്കന്ന് ഫ്യൂറഡാനില്‍ മുക്കിവെക്കുന്നതില്‍ തുടങ്ങി അവസാനം വാഴ കുലച്ച ശേഷം റമ്മില്‍ രാസവസ്തു ചേര്‍ത്തുളള പ്രയോഗം വരെ അയാള്‍ വിവരിച്ചുതന്നതോടെ പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായി തുടങ്ങി.(തന്‍റെ മക്കല്‍ക്ക് കൊടുക്കാന്‍ കൊളളാത്ത സാധനം മറ്റുളളവര്‍ക്ക് കൊടുക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് വാഴക്കൃഷി നിര്‍ത്തിയ കര്‍ഷകനേയും ഇതിനിടെ കണ്ടു). പയറു കഴിക്കരുത് എന്ന് ഉപദേശിച്ചതും ഒരു കര്‍ഷകന്‍. തൂങ്ങിനില്‍ക്കുന്ന പയര്‍ നീണ്ട കവറില്‍ നിറച്ച കീടനാശിനിയില്‍ മുക്കിയെടുക്കുമത്രേ..

കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനു പുറമെ വിപണത്തിനു മുമ്പും ഉണ്ട് വിഷപ്രയോഗങ്ങള്‍... കോവയ്ക്കയും പയറുമൊക്കെ കളര്‍ ലായനിയില്‍ മുക്കി നിറംകൂട്ടുന്നതിന്‍റെ വീഡിയോ റിപ്പോര്‍ട്ട് കണ്ടത് ഈയിടെ.
പഴങ്ങളും മാരകമായ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചാണ് കൃഷിചെയ്യപ്പെടുന്നത്. കൂടാതെ മാര്‍ക്കറ്റിങില്‍ ഏറെ രാസപ്രയോഗങ്ങള്‍ വേറെയും. തണ്ണിമത്തന് നിറംകിട്ടാന്‍ രാസവസ്തു ഉളളിലേക്ക് ഇന്‍ജക്റ്റ് ചെയ്യുന്നു, മുന്തിരിയില്‍ പ്രാണികളെ ഒഴിവാക്കാന്‍ പശചേര്‍ത്ത് കീടനാശിനി പ്രയോഗം, ആപ്പിളിന് തിളക്കം കിട്ടാന്‍ വാക്സ് പൂശല്‍... അങ്ങനെയങ്ങനെ ...

ഇനി നോണ്വെജ്കാരുടെ കാര്യമോ.... ഹോര്‍മോണ് കുത്തിവെച്ച് ഹോര്‍മോണ് തീറ്റ കൊടുത്ത് വളര്‍ത്തുന്ന കോഴികള്‍.. കോഴി ഇറച്ചിയിലേക്ക് നേരിട്ട് യന്ത്രം വഴി പ്രത്യേക ലായനി കയറ്റുന്നതിന്‍റെ വീഡിയോയും ഈ അടുത്ത് കണ്ടു... ബലൂണില്‍ കാറ്റ് നിറയ്ക്കുന്നപോലെ ഇറച്ചി വീര്‍ത്ത് തുടുത്ത് പുതിയാപ്പിള മാതിരിയാവും....
ബിരിയാണി അടക്കം വിഭവങ്ങളില്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് അജിനാമോട്ടോയും നിറങ്ങളും ഒക്കെ ഉപയോഗിക്കപ്പെടുന്നത്.സദ്യയിലൊക്കെ വീട്ടുകാരന്‍ വാങ്ങിക്കൊടുത്തില്ലെങ്കില്‍ സ്വന്തമായി കൊണ്ടുവന്ന് ഇടുന്ന പാചകക്കാരുമുണ്ട്. മന്തിയും കബ്സയുംമജ്ബൂസും ബുഹാരിയുമൊക്കെ അടങ്ങുന്ന അറേബ്യന്‍ വിഭവങ്ങളുടെ കാര്യവും തഥൈവ. വീട്ടില്‍ കബ്സ ഉണ്ടാക്കുമ്പോള്‍ പോലും ചേര്‍ക്കുന്ന "മാഗ്ഗി കട്ട"യുടെ പുറത്ത് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ( അജിനാമോട്ടോയുടെ രാസനാമം) എന്ന് ഉറുമ്പക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുളളത് ആരും കാണാറില്ല. നാടെങ്ങുംമുളച്ചുപൊങ്ങുന്ന കുഴിമന്തിസ കടകളില്‍ നിന്ന് വെട്ടിവിഴുങ്ങുന്നവര്‍ സ്വയം കുഴിമാന്തുകയാണെന്ന് ഓര്‍ക്കുന്നത് നന്നാവും. 

കോളകളിലെ വിഷാംശം പലവുരു മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുളളതാണ്. പെപ്സിയും ഏഴിന്‍റെ വെളളവും(സെവണ് അപ്പിന്‍റെ മലപ്പുറംഭാഷ) ഇല്ലാതെ മിക്ക ഗള്‍ഫുകാര്‍ക്കും നടേപറഞ്ഞ വിഭവങ്ങല്‍ ഒന്നും ഇറങ്ങില്ലത്രേ.....
ചിന്തകള്‍ അറ്റമില്ലാതെ പോകുമ്പോള്‍ മുന്നില്‍ ഒരു ചോദ്യം ഭീമാകാരരൂപം പൂണ്ട് നില്‍ക്കുന്നു....
" എന്ത് തിന്നും എന്‍റെ ദൈവമേ...? "

**വാല്‍ക്കഷണം:
ഹോട്ടലില്‍ ഊണു കഴിക്കാനിരിക്കുകയാണ്.മുന്നില്‍ ഇട്ട ഇലയില്‍ വെളളനിറത്തില്‍ കറകള്‍ പോലെ എന്തോ.. വെളളം തളിച്ച് ഉരച്ച് കഴുകാന്‍ വിഫലശ്രമം നടത്തുന്ന എനിക്ക് മുന്നിലിരിക്കുന്ന ആളുടെ ക്ലാസ്..." അത് പോകില്ല സാറേ.. അടക്കാത്തോട്ടത്തില്‍ നിന്ന് വെട്ടിയ വാഴയിലയാ.. കമുകില്‍ മരുന്ന് തളിക്കുമ്പോള്‍ പോകാതിരിക്കാന്‍ നല്ല പശകൂട്ടിയാ തളിക്കുന്നത്.... "

Saturday, June 6, 2015

കോടികളും കര്‍ത്താവും

ഈ ഇടക്കാണ്‌ 30 കോടി മുടക്കി ഇടപ്പള്ളി പള്ളി പണിത വാര്‍ത്ത‍ അറിയുന്നത്. വാര്‍ത്ത‍ വായിച്ചപ്പോള്‍ 30 വെള്ളികാശിനു കര്‍ത്താവിനെ ഒറ്റികൊടുത്ത യൂദാസിനെ ആണ് ഓര്മ വന്നത്.

3 ലക്ഷം മുടക്കി സ്വന്തം വീട് പണിയാന്‍ കഴിവില്ലാത്ത ആളുകള്‍ ഉള്ള ഈ നാട്ടില്‍ 30 കോടിയുടെ പള്ളി പണിയുന്നത് ആര്‍ഭാടമാണ്‌, അവിവേകമാണ്, കര്‍ത്താവിനെ നോക്കി പല്ലിളിക്കലാണ്. തന്റെ ഉല്‍ബോധനത്തില്‍ അവിടുന്ന് പറഞ്ഞിരിക്കുന്നത് പാവങ്ങളെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നാണ് അല്ലാതെ തന്റെ പേരില് സൌധങ്ങള്‍ പണിഞ്ഞു കൂട്ടുക എന്നല്ല.

കോടികള്‍ മുടക്കി വീട് പണിയുന്നത് സാധാരണമായ സ്ഥിതിക്ക് വെറും 30 കോടി മുടക്കി പള്ളി പണിതത് ഒരു തെറ്റാണോ എന്ന് നിങ്ങള്‍ ചോദിക്കാം. കോടികള്‍ മുടക്കി വീട് പണിയുന്നത് ആര്‍ഭാടം കാണിക്കുവാനാണ്, അയല്‍കാരന്‍ ഒരു കോടി മുടക്കി വീട് വച്ചാല്‍ താന്‍ രണ്ടു കോടി എങ്കിലും മുടക്കി ഒരു വീട് വക്കണം എന്ന അസൂയയാണ് നമ്മുടെ നാട്ടില്‍ ഉയര്ന്നു വരുന്ന വീട് പണിയല്‍ ചിലവിന്റെ ആധാരം. ഒരു ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ മക്കല്‍ക്കും താമസിക്കാന്‍ 5000 ഉം 6000 ഉം sq ft ഉള്ള വീട് എന്തിനാണ് എന്ന് ആരും ചിന്തിക്കില്ല. ഒരു വീട് പണിത ശേഷം അതിനു മെയിന്ടനെന്‍സ് ആയി ഓരോ മാസവും എത്ര ചിലവാക്കുന്നുണ്ട് എന്ന് ആരെങ്കിലും കണക്കു കൂട്ടാരുണ്ടോ? ഇതേ പോലെ തന്നെ ആണ് പള്ളി പണിയും. ഒരു ഇടവകക്കാര്‍ ഒരു കോടി മുടക്കി പള്ളി പണിതാല്‍ അടുത്തുള്ള കുറച്ചു കൂടി സമ്പന്നന്മാര്‍ ഉള്ള ഇടവക 2 കോടിയുടെ പള്ളി പണിയും നമ്മള്‍ അവരെക്കാള്‍ പുറകില്‍ പോകരുതല്ലോ. ഈ മത്സരമാണ്‌ ഇന്നിന്റെ ശാപം. താമസിക്കാതെ തന്നെ നമ്മള്‍ 60 കോടിയുടെ പള്ളി പണിത കാര്യവും കേള്‍ക്കും.

പള്ളി പണിത ഇടവകക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ഉള്ള വികാരി അച്ചമാര്‍ ഈ ധൂര്‍ത്ത് നടത്താന്‍ അനുവാദം കൊടുക്കരുതാരുന്നു. ദരിദ്ര വൃതം എടുത്ത അച്ചന്മാര്‍ സമ്പത്ത് ഉണ്ടാക്കുവാന്‍ വേണ്ടി ഓടി നടക്കുമ്പോള്‍ ഇതല്ല ഇതിന്‍റെ അപ്പുറവും നടക്കും. പണ്ടൊക്കെ കൂടുതല്‍ അച്ചന്മാര്‍ വിശ്വാസികളുടെ ആത്മീയ വളര്ച്ചക്കായി ആണ് പ്രധാനമായും പ്രവര്ത്തിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ കൂടുതല്‍ പേരും എങ്ങനെ ഭൌതിക സമ്പത്ത് ഉണ്ടാക്കാം എന്നാണ് നോക്കുന്നത്. തമ്മില്‍ തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പും പോലെ ചിലര്‍. ഇടവകക്കാരെ പിഴിഞ്ഞ് പള്ളിക്ക് കാശ് ഉണ്ടാക്കുക എന്നതായിരിക്കുന്നു പലരുടെയും പ്രധാന പ്രവര്ത്തനം. എന്താണ് ദാരിദ്രം എന്ന് അറിയുന്ന അച്ചന്മാര്‍ ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. പലരുടെയും കൈയില്‍ 20ഉം 30ഉം ആയിരങ്ങള്‍ വിലയുള്ള ഫോണുകള്‍, ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍(ചിലര്ക്ക് കോടികള്‍), വിവിധ തരത്തിലുള്ള ഡൈനിങ്ങ്‌ സെറ്റുകള്‍, a/c അങ്ങനെ നിരവധി ആര്‍ഭാടങ്ങള്‍, ഒന്ന് നടക്കുക പോലും ചെയ്യാതെ പാമ്പ് ഇര വിഴുങ്ങിയ മാതിരി വയറും വച്ചുകൊണ്ട് ചിലര്‍ . ഇതൊക്കെ കാണുമ്പോള്‍ നമുക്കും പറയാന്‍ തോന്നുക ഈപ്പചന്‍ മുതലാളി പണ്ട് പറഞ്ഞ വാക്കുകളാണ് "അന്യന്‍ വേര്ക്കണ കാശുകൊണ്ട് അപ്പോം തിന്നു വീഞ്ഞും കുടിച്ചു കൊണ്ടാസേലും ബെന്‍സേലും കേറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്ന് തീര്‍ന്നതാ തിരുമെനീ ബഹുമാനം" എന്ന്.

പറഞ്ഞു വന്നത് എന്താന്ന് വച്ചാല്‍ പണ്ടൊക്കെ ഓല പുരകള്‍ ആയിരുന്നു പള്ളികളായി കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അവ വന്‍ സൌധങ്ങള്‍ ആയി പരിണമിച്ചിരിക്കുന്നു. ഇങ്ങനെ സൌധങ്ങള്‍ ഉണ്ടാക്കി 10ഓ 20ഓ കൊല്ലം കഴിയുമ്പോള്‍ വീണ്ടും അത് പൊളിച്ചു പുതിയത് പണിയുന്ന അവസ്ഥ മാറേണ്ടി ഇരിക്കുന്നു. ഒരു ഇടവകയില്‍ പള്ളി പണിയുമ്പോള്‍ അതിന്റെ കൂടെ ആ ഇടവകയില്‍ ഉള്ള ക്രിസ്ത്യാനികളും അല്ലാത്തവരുമായ എല്ലാ വീടില്ലാത്തവര്ക്കും വീട് വച്ച് കൊടുക്കുകയോ അതിന്റെ ധനസഹായം നല്കുകയോ ചെയ്യട്ടെ. കാശ് ഉണ്ടാക്കാനുള്ള ഉപകരണമായി പള്ളികളെയും അനുബന്ധ സ്ഥാപനങ്ങളെയും മാറ്റുന്നത് നിര്‍ത്തേണ്ടി ഇരിക്കുന്നു. വഴി വക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാശ് ഉണ്ടാക്കാന്‍ വേണ്ടി മാത്രം വച്ചിരിക്കുന്ന നേര്ച്ച കുറ്റികള്‍ പൊളിച്ചു മാറ്റപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നേര്ച്ച ഇടെണ്ടാവര്‍ പള്ളികളില്‍ വന്നു നേര്ച്ച ഇടട്ടേ. വലിയ ആര്‍ഭാടമായി നടത്തുന്ന പെരുന്നാളുകളും, ഉത്ഘാടനങ്ങളും അതിന്റെ കെട്ടിമാറാപ്പുകളായ വെടിക്കെട്ട്‌, വഴി അടച്ചു കൊണ്ടുള്ള ഘോഷയാത്ര തുടങ്ങിയവ അവസാനിപ്പിക്കാന്‍ കാലമായിരിക്കുന്നു.

അച്ഛന്‍മാര്‍ ദാരിദ്രം വ്രതമാക്കി ജീവിക്കട്ടെ, അവരുടെ ഇടവകക്കാരുടെ ആത്മീയ വളര്ച്ചക്കും മറ്റുള്ള മതക്കാരുമായുള്ള സ്നേഹവും സാഹോദര്യവും വളര്തുന്നതിനും പരിശ്രമിക്കട്ടെ. അങ്ങനെ നമ്മെ നോക്കി മറ്റു മതക്കാര്‍ അവര്‍ ശരിക്കും ദൈവത്തിന്റെ മക്കളെ പോലെ ജീവിക്കുന്നു എന്ന് പറയുമാറാവട്ടെ.