Monday, June 20, 2016

ദാമ്പത്യ ഫലിതങ്ങള്‍ - ആംഗ്രി ബേര്‍ഡ്


ഭര്‍ത്താവിന്‍റെ മൊബൈല്‍ ഭാര്യ ചെക്ക്‌ ചെയ്തു ..അതില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ ഇപ്രകാരം സേവ് ചെയ്തിരുന്നു..
New Bird.
Neighbor Bird.
Old Bird.
Upstair Bird.
Hospital Bird.
Insurance Bird.
College Bird.
Super market Bird..
ഒടുവില്‍ തന്‍റെ നമ്പര്‍ ഭര്‍ത്താവ് എങ്ങനെ സേവ് ചെയ്തി രിക്കുന്നു എന്നറിയാന്‍ അവര്‍ സ്വന്തം നമ്പരില്‍ നിന്ന് ഡയല്‍ ചെയ്തു..
ഭര്‍ത്താവിന്‍റെ മൊബൈലില്‍ തെളിഞ്ഞു ..
"Disturbing Bird "

Monday, June 6, 2016

മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര

പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍, അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു.

ഇത്തരം കുറച്ചു സ്ഥലങ്ങളെയെങ്കിലും കുറച്ചു പേരിലെക്കെങ്കിലും എത്തിക്കാന്‍ കഴിയണം, കഴിയും എന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ മരോട്ടിചാലിലേക്ക് ഒരു യാത്ര തുടങ്ങിയത്. പതിമൂന്നു വര്‍ഷം മുന്‍പ് ആ കാട്ടിലൂടെ ഞാന്‍ നടത്തിയ യാത്രയുടെ പരിചയം മാത്രം വെച്ചാണ്, ഞങ്ങള്‍ ആ കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. മറ്റു പലരുടെയും കാട്ടിലേക്കുള്ള ആദ്യ യാത്രയും കൂടിയായിരുന്നു അത് .

എറണാകുളത്തു നിന്നാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ ആമ്പല്ലൂര്‍ തലോര്‍ എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് െ്രെപവറ്റ് ബസ് സര്‍വീസ് നടത്തുന്നുണ്ട് .

മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും വരും. അത് മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് തന്നെ ഭക്ഷണം ഞങ്ങള്‍ കരുതിയിരുന്നു. അതും കൈയിലെടുത്തു കാറ് വീട്ടുകാരുടെ സമ്മതത്തോടെ അവരുടെ മുറ്റത്ത് കയറ്റിയിട്ടു ഞങ്ങള്‍ യാത്ര തുടങ്ങി. വേറെയും കുറച്ചു ആളുകള്‍ ഞങ്ങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി. കാട്ടിലെ ഒരു വഴി മായ്ക്കാനും ഒരു പുതിയ വഴി തുറക്കാനും പ്രകൃതിക്ക് അല്പം സമയം മാത്രം മതിയാകുന്നത് കൊണ്ട്, എന്റെ ഓര്‍മ്മയിലെ വഴി മറന്നാലും മുന്‍പേ പോകുന്നവര്‍ വഴികാട്ടുമല്ലോ എന്ന ചിന്തയാണ് ആശ്വാസം തന്നത് .

റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ് മാത്രം.

പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട്. കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ 'ഇലഞ്ഞിപ്പാറയിലേക്ക്' കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട് തന്നെ ചെറിയ സ്ഥലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍ നടന്നു.

ഒരാള്‍ക്ക് മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നപ്പോള്‍ പുഴയുടെ കരയില്‍ വഴി അവസാനിച്ചു. ഒന്ന് കൂടെ നോക്കിയപ്പോള്‍ പുഴയുടെ അപ്പുറത്ത് വീണ്ടും വഴി തുടങ്ങുന്നതും കണ്ടു. ഞാന്‍ ആദ്യം പുഴയില്‍ ഇറങ്ങി പുഴയുടെ ആഴവും ഒഴുക്കും മനസ്സിലാക്കി, ചതിക്കുഴികള്‍ ഇല്ല എന്നും ഉറപ്പു വരുത്തി വീണ്ടും തിരികെ വന്നു പിന്നെ സുഹൃത്തുക്കളുമായി കൈകോര്‍ത്തു പിടിച്ചു പുഴയെ മുറിച്ചു കടന്നു. നല്ല തണുപ്പായിരുന്നു വെള്ളത്തിന്...കണ്ണുനീരിന്റെ പരിശുദ്ധിയും..



കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം ആശ്വസിക്കാന്‍ ശ്രമിച്ചപ്പോള്‍ അല്പം അകലെ വഴിയില്‍ ഉരുണ്ട വസ്തുക്കള്‍ കുന്നു കൂടി കിടക്കുന്നത് കണ്ടു. ചെന്ന് നോക്കി. ആനപിണ്ടമായിരുന്നു അത്. നഗ്‌നപാദങ്ങള്‍ കൊണ്ട് അതില്‍ പതുക്കെ കാല്‍ വെച്ച് നോക്കി. തണുപ്പും ചൂടും ഇല്ലാത്ത ഒരു അനുഭവം. ചൂടുണ്ടായിരുന്നു എങ്കില്‍ ആനകള്‍ കടന്നു പോയിട്ട് അധികസമയം ആയിട്ടില്ല എന്ന് മനസ്സിലാക്കാമായിരുന്നു ഒരു വടിയെടുത്തു പിണ്ഡം അല്പം ഇളക്കി നോക്കി. അധികം പഴക്കമുള്ളതാണ് എങ്കില്‍ പുഴുക്കള്‍ കാണാറുണ്ട്. അതും കണ്ടില്ല. അധികം ദൂരത്തിലല്ലാതെ ആനകള്‍ എവിടെയെങ്കിലും ഉണ്ടാകും എന്ന തോന്നല്‍ മനസ്സില്‍. ആനയല്ല ആനക്കൂട്ടമാണ് അതിലെ കടന്നു പോയതെന്ന് പിണ്ടങ്ങളുടെ കിടപ്പില്‍ നിന്നും ബോധ്യമായി. എല്ലാവരുടെയും ഉള്ളില്‍ അല്പം പേടി കടന്നു. പക്ഷെ ആരും അത് പരസ്പരം പറഞ്ഞില്ല. എന്തുവന്നാലും യാത്ര തുടരാന്‍ തീരുമാനിച്ചു ഞങ്ങള്‍ നടന്നു.

റോഡരുകില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഓരോന്നും കണ്ടും ഫോട്ടോയെടുത്തും ആനയെക്കുറിച്ചു ചിന്തിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ വെള്ളച്ചാട്ടത്തിലേക്ക്.

അല്പം കൂടി നടന്നപ്പോള്‍ വഴി രണ്ടായി പിരിയുന്ന ഒരിടത്ത് എത്തി. ഞങ്ങള്‍ക്ക് മുന്‍പേ വന്ന ആളുകളെ അവിടെ കണ്ടു. അവരും ഏതു വഴിയെ പോകണം, എന്ത് ചെയ്യണം എന്നറിയാതെ കാത്തു നില്‍ക്കുകയാണ്. ഒടുവില്‍ അവര്‍ വലതുവശത്തെ വഴിയിലൂടെ നടന്നു തുടങ്ങി. അതാണ് വഴിയെന്നു അവരില്‍ പലരും തര്‍ക്കിച്ചു. ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് നടന്നു. കുറെ നടന്നിട്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. എന്തോ ഒരു പന്തികേട് തോന്നി. വഴിയില്‍ ആനയുടെ കാല്പാടുകള്‍, പിന്നെ റോഡില്‍ മരച്ചില്ലകള്‍ കുറെ ഒടിഞ്ഞു കിടക്കുന്നു, വഴിയാണെങ്കില്‍ വളരെ വലിയ ഒരു കയറ്റത്തിലേക്ക് ആണ് പോകുന്നത്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുള്ള സുഹൃത്തുക്കള്‍ മടങ്ങാം എന്ന് പറഞ്ഞു തുടങ്ങി. എനിക്കാണെങ്കില്‍ ഇവിടെ വരെ വന്നിട്ട് ഇത്രയും വഴി നടന്നിട്ട് തോറ്റു പിന്മാറാന്‍ മനസ്സും വരുന്നില്ല. പക്ഷെ ലക്ഷ്യം ഏത് എന്നറിയാതെ വെറുതെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞങ്ങള്‍ മടങ്ങി തുടങ്ങി. എല്ലാവരും അവശരായിരുന്നു. കടന്നു വന്ന വഴികള്‍ പിന്നിട്ട് ഞങ്ങള്‍ നിരാശരായി വീണ്ടും ഇരു റോഡുകളും പിരിയുന്ന റോഡില്‍ തിരിച്ചെത്തി.

ഇനിയും പോകാന്‍ ബാക്കിയുള്ള ഇടതു വശത്തെ വഴിയിലൂടെ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്തുമെന്നറിയാം. പക്ഷെ ഇനിയും വഴിതെറ്റുമോ എന്ന ഭയത്തില്‍ നടക്കാന്‍ സുഹൃത്തുക്കള്‍ക്ക് താല്പര്യം ഇല്ല. അത് കൊണ്ട് അല്‍പ നേരം വിശ്രമിച്ചിട്ട് തിരിച്ചു നടക്കാം എന്ന് പറഞ്ഞ് പാറപ്പുറത്ത് ഇരുന്നെങ്കിലും മനസ്സില്‍ മറ്റൊരു പ്രതീക്ഷയായിരുന്നു, മറ്റേ വഴിയിലൂടെ ആരെങ്കിലും തിരിച്ചു വന്നാല്‍ അവര്‍ വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നവര്‍ ആണെങ്കില്‍ ...

ചില സമയങ്ങളില്‍ ഭഗവാന്‍ കൂടെയുണ്ടാകും എന്നതിന്റെ തെളിവായി അല്‍പ സമയത്തിനുള്ളില്‍ തന്നെ പത്തോളം പേര്‍ മലയിറങ്ങി വരുന്നത് കണ്ടു. വെറും പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങ്ങള്‍ ആ കാട്ടിനുള്ളിലെ സ്വര്‍ഗലോകത്തു എത്തി ചേര്‍ന്നു.



മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ബാഗെല്ലാം വലിച്ചെറിഞ്ഞു ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു.

ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്ന പേരിലാണ് അറിയപ്പെടുന്നത്.

വേറെയും കുറച്ചു ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഒരു കൂട്ടത്തെ പരിചയപ്പെട്ടു. എല്ലാവരും ആ നാട്ടുകാര്‍ ആയിരുന്നു. പുറം ലോകത്ത് നിന്നും വന്നവര്‍ ഞങ്ങള്‍ മാത്രം. പല ഒഴിവു ദിവസ്സങ്ങളിലും ഇവിടെ വന്നു ഈ കാടിന്റെ സംഗീതം കേട്ടു, കണ്ണുനീരിനേക്കാള്‍ പരിശുദ്ധമായ ഈ വെള്ളത്തില്‍ കുളിച്ചു മടങ്ങുന്ന അവരോടു അസൂയയാണ് തോന്നിയത്.

വെള്ളച്ചാട്ടത്തിനു താഴെയും മുകളിലും കുളിച്ചും ഭക്ഷണം കഴിച്ചും കഴിഞ്ഞതോടെ എല്ലാവരും വീണ്ടും ആരോഗ്യം വീണ്ടെടുത്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ എതിരെയുള്ള പാറയില്‍ കയറി കുറെ നേരം കാറ്റും കൊണ്ടിരുന്നു. ഈ സ്ഥലം തമിഴ്‌നാട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശസ്തമായ ഒരു എക്കോ ടൂറിസം സെന്റര്‍ ആയേനെ എന്ന ചിന്തയായിരുന്നു മനസ്സില്‍.

നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്‌കരവുമാണ്. തിരിച്ചു നടക്കുമ്പോള്‍ എവിടെയും നില്‍ക്കാതെ, ആനയെ പേടിക്കാതെ ഞങ്ങള്‍ നടന്നു. കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.

തിരിച്ചു റോഡിലെത്തി കാറിലിരിക്കുമ്പോള്‍ മനസ്സില്‍ മറ്റൊരു ചോദ്യം ആയിരുന്നു. മടക്കയാത്രയില്‍ ചെരുപ്പ് പൊട്ടിയ സുഹൃത്തിന് സ്വന്തം ചെരുപ്പ് കൊടുത്തു. നഗ്‌നപാദനായി കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കുന്നതിനിടയില്‍ അറിയാതെ ചവിട്ടിയ വിഷപാമ്പ്, സാധാരണ ഒരു സെക്കന്റ് പോലും വേണ്ടാതെ തിരിച്ചു കടിക്കാറുള്ള ആ ജീവി, എന്നെ കടിക്കാതെ പത്തിയും മടക്കി പോയത് എനിക്കായി വീട്ടില്‍ കാത്തിരിക്കുന്ന ഭാര്യയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഓര്‍ത്തിട്ടായിരിക്കുമോ? അതോ എന്നിലൂടെ, ഞങ്ങളിലൂടെ ഈ സുന്ദരലോകം കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് ആ പാമ്പും ആഗ്രഹിച്ചിരിക്കുമോ?

അറിയില്ല... അല്ലെങ്കിലും പ്രകൃതിയുടെയും വിധിയുടെയും ചില തീരുമാനങ്ങള്‍ക്ക് ഉത്തരം പറയാന്‍ നമുക്കാവില്ലല്ലോ ?


Text&Photos: Madhu Thankappan