കരുത്തിന്റെ പ്രതീകമായ ഒരുപറ്റം കഥാപാത്രങ്ങളുടെയും ശക്തമായ രാഷ്ട്രീയ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്ന ടി.ദാമോദരന്‍ വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷം. 2012 മാര്‍ച്ച് 28 നാണ് അദ്ദേഹം വിടപറഞ്ഞത്.
മലബാറിലെ ഏറ്റവും പ്രശസ്തനായ കമന്റേറ്റര്‍മാരില്‍ ഒരാള്‍ എന്ന നിലയിലും റഫറി എന്ന നിലയിലും കോഴിക്കോട്ടെ ഫുട്‌ബോള്‍ ലോകത്തും അദ്ദേഹം പ്രശസ്തനായിരുന്നു. ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത് ദാമോദരന്‍ മാഷ് ആദ്യമെത്തുന്നത്. 1935 ല്‍ ജനിച്ച ടി ദാമോദരന്‍ 'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്.
ഐ.വി ശശി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയാണ് അദ്ദേഹം സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. ഐ.വി ശശി-ടി ദാമോദരന്‍ കോമ്പിനേഷന്‍ മലയാളസിനിമ ചരിത്രത്തിലെ ഒരു കാലഘട്ടമായിരുന്നു. 25 ഓളം ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ചരിത്രവും സാമൂഹികപശ്ചാത്തലുമായിരുന്നു ദാമോദരന്‍ മാഷിന്റെ ചിത്രങ്ങളുടെ ഭൂമിക.
അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം അങ്ങനെ ഹിറ്റുകളുടെ പരമ്പര തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്നു. സമൂഹത്തിലെ എല്ലാം തിന്മകളേയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. വി.എം വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണറായിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം.
കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബേപ്പൂര്‍ സ്‌കൂളില്‍ കായിക അധ്യാപികനായിരുന്ന ടി ദാമോദരന്‍ തിക്കൊടിയന്‍, കുതിരവട്ടം പപ്പു, ഹരിഹരന്‍, കുഞ്ഞാണ്ടി എന്നിവരുമായുള്ള നാടകരംഗത്തെ സൗഹൃദത്തില്‍ നിന്നാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്.
മണിരത്‌നം മലയാളത്തില്‍ സിനിമയെടുക്കാനെത്തിയപ്പോള്‍ അദ്ദേഹം തിരക്കഥയ്ക്കായി സമീപിച്ചത് ദാമോദരന്‍ മാഷെയായിരുന്നു. അങ്ങനെയാണ് ടി ദാമോദരന്റെ തിരക്കഥയില്‍ മണിരത്‌നം ചിത്രമായ 'ഉണരൂ' 1984 ലില്‍ പിറക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ്ബജറ്റ് ചിത്രമായ കാലാപാനിയ്ക്കും പ്രിയനുമായി ചേര്‍ന്ന് അദ്ദേഹം തിരക്കഥ എഴുതി. ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥയൊരുക്കിയത്.
2006 ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഐ.വി ശശിയാണ് സംവിധാനം ചെയ്തത്. 1979 ല്‍ ഏഴാം കടലിനക്കരയില്‍ തുടങ്ങി ബല്‍റാം v/s താരാദാസ് വരെ 27 വര്‍ഷം നീണ്ടുനിന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എണ്ണമറ്റ നിരവധി ഹിറ്റുകള്‍. ടി ദാമോദരന്‍-ഐ.വി.ശശി ടീമിന്റെ ചിത്രങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കാലഘട്ടമായി 80 കള്‍.
ഭരതനൊടൊപ്പം കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളിലും അദ്ദേഹം പങ്കാളിയായി. 'കാറ്റത്തെ കിളിക്കൂട്' ദാമോദരന്‍ മാഷിന്റെ പതിവ് രചനാ പശ്ചാത്തലത്തില്‍ നിന്ന് വേറിട്ടുനിന്ന ചിത്രമായിരുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ തിരക്കഥാകൃത്തിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും പുതിയ ഭാഷ്യം അദ്ദേഹം കാറ്റത്തെ കിളിക്കൂടിലൂടെ ചമച്ചു.
ടി ദാമോദരന്‍-ഐ.വി ശശി ടീമിന്റെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുവര്‍ണകാലഘട്ടവും കൂടിയാണ്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഏറിയ പങ്കും ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിനിമകളായിരുന്നു. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ മമ്മൂട്ടിയ്ക്കായി ആ തൂലികയില്‍ നിന്ന് പിറന്നു.
ജഗതി ഇരട്ടവേഷത്തില്‍ അഭിനയിച്ച 'കാട്ടിലെ തടി തേവരുടെ ആന' എന്നൊരു മുഴുനീള കോമഡി ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ശ്രീനിവാസന്‍ പേടിത്തൊണ്ടനായ പോലീസ് വേഷം ചെയ്ത ആനവാല്‍ മോതിരം, മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച് മമ്മൂട്ടി നായകനായ കോമഡി ചിത്രം മേഘം എന്നിവയും അദ്ദേഹത്തിന്റെ സംഭാവനകളാണ്.
No comments:
Post a Comment