60 വര്‍ഷം 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യ, ഈ അപൂര്‍വഭാഗ്യത്തിന്റെ വരപ്രസാദമണിഞ്ഞ സുകുമാരി ഓര്‍മ്മയായിട്ട് അഞ്ചു വര്‍ഷം. 2013 മാര്‍ച്ച് 26നാണ് വേഷങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി സുകുമാരിയമ്മ വിടപറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു അഭിനേതാവിനും ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ സുകുമാരിക്ക് ഒപ്പമെത്താന്‍ കഴിയില്ല, തമിഴില്‍ മനോരമ ഒഴികെ. സിനിമയ്‌ക്കൊപ്പം നൃത്തത്തിന്റെ അരങ്ങുകളും ആയിരത്തിലേറെയാണ്.
എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, ഏതുസിനിമയും ചെയ്യാന്‍ മടികാണിക്കാത്ത നടിയായിരുന്നു അവര്‍. അഭിനയിക്കാന്‍ മടിതോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. എന്താണെങ്കിലും, അത് തൂപ്പുകാരിയുടേതാണെങ്കിലും ചാണകം മെഴുകുന്നതാണെങ്കിലും ചെയ്യണമെന്നതായിരുന്നു അവര്‍ പുലര്‍ത്തിയ സമീപനം. കോമഡിയോ സീരിയസ്സോ കരയുന്നതോ ചിരിക്കുന്നതോ എന്താണെങ്കിലും അവര്‍ക്കിഷ്ടമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല.
വൃത്തികെട്ട സ്വഭാവമുള്ള കഥാപാത്രമായി അഭിനയിക്കണമെങ്കില്‍ അതും പരമാവധി നമ്മള്‍ നന്നാക്കിചെയ്യുക.. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുക എന്നാലേ നമുക്ക് വ്യത്യസ്തമായവ ചെയ്യാന്‍ പറ്റൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുന്ന ആളായിരുന്നു സുകുമാരിയമ്മ.
സംവിധായകന്‍ ആവശ്യപ്പെടുന്നത് ചെയ്യുക. വേഷം കോമഡിയാണോ സീരിയസ്സാണോ എന്നൊന്നും അര്‍ നോക്കാറില്ല. ഏതാണെങ്കിലും ചെയ്യണം. തമിഴില്‍ ചന്ദ്രബാബു, കുലദൈവം രാജഗോപാല്‍, നാഗേഷ് ഇവരുടെ കൂടെയൊക്കെ ധാരാളം കോമഡി ചെയ്തിട്ടുണ്ട്.
തമിഴകത്തിന്റെയും സ്വന്തം
തമിഴ് സിനിമയിലും നാടകത്തിലുംനിന്ന് അവര്‍ തമിഴ് സീരിയലുകളിലും അഭിനയിച്ചു. അഭിനയത്തിന്റെ അവസാനപാദത്തിലാണ് മലയാള സീരിയലുകളിലും എത്തിയത്. തമിഴ്‌സിനിമ സുകുമാരിയെ വളരെ ആദരപൂര്‍വമാണ് കണ്ടിരുന്നത്. അസുഖബാധിതയായി ആസ്പത്രിയില്‍ കിടക്കുമ്പോള്‍ പഴയ സഹപ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായ ജയലളിത നേരിട്ടെത്തി രോഗവിവരങ്ങള്‍ തിരക്കുകയും മികച്ച ചികിത്സ നല്കാന്‍ മന്ത്രി ഉള്‍പ്പെട്ട സംഘത്തെ ചുമതലപ്പെടുത്തകയും ചെയ്തു. ചികിത്സാച്ചെലവുകളും വഹിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ 'കലൈമാമണി' പുരസ്‌കാരം നല്‍കി നേരത്തേ ആദരിച്ചു. അവരെ പത്മശ്രീ ബഹുമതിക്ക് ആദ്യമായി ഔദ്യോഗികമായി ശുപാര്‍ശചെയ്തതും തമിഴ്‌നാടാണ്.
ആറുപതിറ്റാണ്ടിലേറെ സിനിമയില്‍ നിന്നിട്ടും പരാതികളിലോ വിവാദങ്ങളിലോ സുകുമാരി ചെന്നുപെട്ടിട്ടില്ല. അതും അവരുടെ അച്ചടക്കത്തിന്റെ ഭാഗമായിരുന്നു.
ങ്ങുന്നു.
അഭിനയത്തിന്റെ വരപ്രസാദം
ആറുപതിറ്റാണ്ടിലേറെക്കാലം നീണ്ട അഭിനയസപര്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായി 2500ലേറെ ചിത്രങ്ങള്‍. നൃത്ത, സംഗീതവേദികളിലും തിളങ്ങി. പത്താം വയസ്സില്‍, 'ഒരു ഇരവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.
നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമയി. വൈ.ജി. പാര്‍ഥസാരഥിയുടെ 'പെറ്റാല്‍ താന്‍ പിള്ള'യാണ് ആദ്യമായി അഭിനയിച്ച നാടകം. ചോ രാമസ്വാമിയായിരുന്നു നായകന്‍. ചോ രാമസ്വാമിയുടെ നാടകസംഘത്തില്‍ 4000ത്തിലധികം വേദികളില്‍ അഭിനയിച്ചു. 'തുഗ്ലക്' എന്ന നാടകം 1500ലധികം സ്റ്റേജുകളിലാണ് കളിച്ചത്.'തസ്‌ക്കരവീരനാ'ണ് സുകുമാരിയുടെ ആദ്യ മലയാള ചിത്രം. സത്യനും രാഗിണിയുമായിരുന്നു നായികാനായകന്മാര്‍. ആ സിനിമയിലെ വില്ലനായിരുന്ന കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജോഡിയായാണ് സുകുമാരി അഭിനയിച്ചത്. ശ്രീധരന്‍ നായരുടെ ഭാര്യയായി അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തിലംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. ചെറുപ്പത്തിലെ സിനിമയില്‍ വന്നെങ്കിലും സുകുമാരി അഭിനയിച്ച റോളുകള്‍ പലതും മുതിര്‍ന്നവരുടെതായിരുന്നു. ശാരദയും ഷീലയും ജയഭാരതിയുമൊക്കെ കത്തിനില്‍ക്കുന്ന സമയത്ത് സുകുമാരി അമ്മ വേഷങ്ങളിലാണ് തിളങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലും തിളങ്ങി.
സുകുമാരിയുടെ ജോഡിയായി കൂടുതല്‍ സിനിമകളിലഭിനയിച്ചത് അടൂര്‍ ഭാസിയാണ്. മുപ്പതിലേറെ ചിത്രങ്ങള്‍. എസ്.പി പിള്ള, ബഹദൂര്‍, ശങ്കരാടി, തിക്കുറുശ്ശി എന്നിവര്‍ പത്തിലേറെ സിനിമകളില്‍ സുകുമാരിയുടെ നായകന്മാരായി. സത്യന്‍, പ്രേംനസീര്‍, മധു എന്നിവരുടെ ജോഡിയായും അമ്മയായും അവര്‍ അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഭരത് ഗോപി, തിലകന്‍ എന്നിവരുടെ ജോഡിയായും അവരെത്തി. നൃത്തം, നാടകം, സിനിമ എന്നിവയ്ക്ക് പുറമെ സംഗീതത്തിലും സുകുമാരി തത്പരയായിരുന്നു. കേട്ടുപഠിച്ച സംഗീതമായിരുന്നു അവരുടേത്. പ്രശസ്ത സംഗീതജ്ഞ വസന്തകുമാരിയുടെയും രാഗിണിയുടെയും സഹവാസം സുകുമാരിക്ക് സംഗീതത്തില്‍ അവഗാഹം നേടിക്കൊടുത്തു. സിനിമയില്‍ പാടിയിട്ടില്ലെങ്കിലും സുകുമാരി ചില കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
'ചട്ടക്കാരി', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'സസ്‌നേഹം', 'പൂച്ചക്കൊരു മൂക്കുത്തി', 'മിഴികള്‍ സാക്ഷി' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ വേഷങ്ങള്‍ ചെയ്ത സുകുമാരിക്ക് പത്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2010ല്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
1974 , '79, '83, '85 വര്‍ഷങ്ങളില്‍ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിം ഫാന്‍സ് അസോസിയേഷന്റെ അവാര്‍ഡുകള്‍ 1967, 74, 80, 81 വര്‍ഷങ്ങളില്‍ ലഭിച്ചു. കലൈ സെല്‍വം (1990), കലൈമാമണി (1991), മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1971, 1974), പ്രചോദനം അവാര്‍ഡ് (1997), മാതൃഭൂമി അവാര്‍ഡ് (2008), കലാകൈരളി അവാര്‍ഡ് തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2003ല്‍ പത്മശ്രീയും. 2012ല്‍ അഭിനയിച്ച 3 ജി ആണ് അവസാന ചിത്രം.
No comments:
Post a Comment