Showing posts with label Butterflies. Show all posts
Showing posts with label Butterflies. Show all posts

Wednesday, April 24, 2013

ആറളത്തെ അറിഞ്ഞപ്പോള്‍


Aaralam, Kannur, Kerala
ആറളം വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിച്ച് ഗൂഗിള്‍ ബസ്സില്‍ കണ്ട ബിന്‍സിയുടെ പോസ്റ്റായിരുന്നു ആദ്യ പ്രലോഭനം. കൂടെ മുന്‍പരിചയമുള്ള ഒരുപറ്റം ബ്ലോഗ്‌സൈബര്‍ സുഹൃത്തുക്കളുമെന്നത് പിന്നെ ഒരു ആവേശമായി. വീഡിയോ കോച്ച് വണ്ടിയോ എയര്‍ബസ്സോ അല്ലെന്നും കാട്ടുവഴിയിലൂടെ ജീപ്പിലാണ് പോകേണ്ടതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും മക്കള്‍സ് റെഡി തന്നെ !

വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതല്‍ ഐ ഡ്രോപ്‌സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റില്‍ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈന്‍ഡാക്കാത്തതില്‍ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങള്‍ കൊണ്ട് തന്നെ.

പുഴകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.

കണ്ണൂരില്‍ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാല്‍ അത് ടിപ്പുസുല്‍ത്താന്‍ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാര്‍ ആക്രമണ കാലത്ത് കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളില്‍ കാണുന്നുണ്ട്. വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ഭരണത്തിന്‍ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിന്‍തുടര്‍ച്ചക്കാരായിരുന്ന കുറിച്യര്‍, പണിയര്‍, മലയര്‍ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

Aaralam, Kannur, Keralaകണ്ണൂര്‍ ജില്ലയില്‍, തലശ്ശേരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ അകലെയുമായാണ് ആറളം സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടക റിസര്‍വ്വ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുനായ്, കടുവ, വിവിധ തരം കുരങ്ങുകള്‍, കുട്ടിതേവാങ്ക്, വേഴാമ്പല്‍ തുടങ്ങിയ ജീവികളുണ്ട്. 1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപീകരിക്കപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്നും 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തില്‍ 4351 ഹെക്ടര്‍ വനഭൂമി അടങ്ങിയിട്ടുണ്ട്. മീന്‍മുട്ടി വെള്ളച്ചാട്ടം, സ്‌റ്റേറ്റ് ഫാംസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ആറളം സെന്‍ട്രല്‍ സ്‌റ്റേറ്റ് ഫാം എന്നിവ ആറളം ഗ്രാമപഞ്ചായത്തിലെ ഈ കൊച്ചു പച്ചപ്പിനെ രാജ്യത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമാക്കുന്നു.

ഡിസംബര്‍-ജനവരി മാസങ്ങളില്‍ നടക്കുന്ന ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും
ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളില്‍ നിന്നും പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ്സ് ശലഭങ്ങള്‍ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂത്തുപറമ്പില്‍ നിന്നും കിറുകൃത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളില്‍ പുറപ്പെട്ട് നെടുമ്പൊയില്‍ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിന്‍ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോള്‍ ഫാമിലെത്തി. അവിടെ ജൂണ്‍ മാസത്തില്‍ പോയാല്‍ തെങ്ങ്, മാവ്, പേര, കുരുമുളക്ള്‍ കൊടികള്‍, സപ്പോട്ട തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍ വിലകൊടുത്ത് വാങ്ങാം. അതും കടന്ന് ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ വനംവകുപ്പ് ഓഫീസിലെത്തി.

അധികൃതരുടെ പെര്‍മിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോള്‍ ധാരാളം പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ അകത്തേക്ക് പോകാനാവാതെ നില്‍ക്കുന്നത് കണ്ടു. ഫോണില്‍ ബുക്ക് ചെയ്ത് ഫോര്‍വീല്‍ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്‌കിനും അധികൃതര്‍ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷന്‍മാരാണ് ഗൈഡുകളായി വര്‍ക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 15 രൂപയും. ഉച്ച ആയതിനാല്‍ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലര്‍ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോള്‍ കുളക്കടവിലേക്കെന്നോണം കുറെ പെണ്‍കിടാങ്ങള്‍ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പണ്‍ ബാത്തിന് എന്നു ഞങ്ങളില്‍ ചിലരുടെ അമ്മമനസ്സ്.

Aaralam, Kannur, Keralaപത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു ഗൈഡിനേയും ഒപ്പിച്ച് ഞങ്ങളുടെ ജീപ്പുകള്‍ പുറപ്പെട്ടു. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകള്‍ കാണാമായിരുന്നു. അവിടെ ആദിവാസികള്‍ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്. ചട്ടിയും കലവും ഭൂമിയുമൊക്കെയായി ജീവിതം സുന്ദരം തന്നെയെന്ന് അവരും. 7000 ഏക്കറാണ് ഫാം. അതില്‍ 1000 ഏക്കര്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുത്തു. ഒരാള്‍ക്ക് ഒരേക്കര്‍ എന്ന കണക്കില്‍.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് 'കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..' എന്ന ബിന്‍സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും 'ഇതാ എന്നെ കണ്ടോളൂ ' എന്നു പറയാന്‍ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയില്‍ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയില്‍ നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ് ചീനിമരം.

വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. ഒരുപാടുയരത്തില്‍ വളരുന്നത് കൊണ്ട് ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച് രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പല്‍ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളില്‍ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങള്‍ക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്‍കിടാവിനെപ്പോലെ ചില അരുവികള്‍.

കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാര്‍ട്‌സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നില്‍ പുട്ടുകുറ്റിയില്‍ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവര്‍ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണില്‍ നിറച്ച് യാത്ര തുടര്‍ന്നു. ഭ്രമരം പടത്തില്‍ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിച്ചു. ചിലയിടങ്ങളില്‍ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളില്‍ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുള്‍ റിസ്‌കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളില്‍ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങള്‍ക്കു മുന്നില്‍ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങള്‍ ! ചിലപ്പോള്‍ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകള്‍ വന്നെന്നുമിരിക്കും.

Aaralam, Kannur, Keralaയുഗങ്ങള്‍ക്കപ്പുറമെവിടെയോ എന്ന് തന്നെ തോന്നി ചില സ്ഥലങ്ങള്‍ കണ്ടപ്പോള്‍. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിര്‍മ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നതിന് അധികൃതരെ അഭിനന്ദിക്കാതെ വയ്യ. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവര്‍ പോലും ഞങ്ങള്‍ അവിടെ കളഞ്ഞില്ല. ഒരു മണിക്കൂറിനു ശേഷം കാട്ടിന്നതിരില്‍ ചെങ്കുത്തായ കയത്തിന്റെ കരയില്‍ ഞങ്ങളുടെ യാത്ര അവസാനിച്ചു. ആ കയത്തിന്നപ്പുറം കര്‍ണ്ണാടകമാണ്. പെട്ടെന്ന് കണ്ണിലേക്കൊരു വെള്ളിവെളിച്ചം. ഉയരത്തില്‍ നിന്നു താഴോട്ട് പതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം.

അതിന്റെ അരികിലൂടെ അടര്‍ന്ന കല്ലുകളില്‍ ചവിട്ടിയും വള്ളികളില്‍ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ''ഇറക്കം സുഖമാണ്. കയറ്റമാണ്.....' എന്ന അര്‍ദ്ധോക്തിയില്‍ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലര്‍ മടങ്ങുന്നു.

താഴെ പലചാലില്‍ ഒഴുകിയൊടുവില്‍ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍. കൈക്കുമ്പിളില്‍ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയില്‍ അള്ളിപ്പിടിച്ച് മീന്‍മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവില്‍ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകള്‍.

ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകള്‍ പോരാതെ വടികളില്‍ താങ്ങിയും ആളുകള്‍ എനിക്കു പിറകെയുണ്ട്. വീണ്ടും തുടര്‍ന്ന റോഡ് യാത്ര എണ്‍പത് അടി ഉയരത്തിലുള്ള വാച്ച് ടവറില്‍ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാനാണ് കാട്ടിന്റെ നടുവില്‍ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. 'ഞങ്ങളിപ്പോള്‍ എയറിലാണ്'' കുമാരേട്ടന്‍ ആരോടോ ഫോണില്‍ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂര്‍ മല. ശരീരമാകെ മേഘമാലകള്‍ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകള്‍ മേഞ്ഞു നടന്നു.

ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോള്‍ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോള്‍ കാലുകള്‍ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാര്‍ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തില്‍, ഭാവത്തില്‍, ചിന്തയില്‍ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങള്‍ തിരികെ ഇറങ്ങിയത് ഒരേ ചെമ്മണ്‍ നിറത്തിലായിരുന്നു. വണ്ടിയില്‍ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയില്‍ മഴത്തുള്ളികള്‍ ! ഇലച്ചാര്‍ത്തുകളില്‍ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ. 'ഞാനിവിടെ വീണ്ടും വരും' അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതില്‍ മന്ത്രിച്ചതു പോലെ..


Text: Sindhu K V

Thursday, February 18, 2010

പാതാളത്തിലെ പക്ഷികള്‍

Pakshi Pathalam, Wayanad, Kerala
ആകാശത്ത് പാതാളമോ ? പാതാളത്തില്‍ പക്ഷികളോ ? പക്ഷിപാതാളത്തിലേക്ക് യാത്രപുറപ്പെടുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സംശയങ്ങള്‍ ഇതൊക്കെയായിരുന്നു. പക്ഷിപാതാളത്തെത്തിയാല്‍ അതിനു മറുപടി ലഭിക്കുമെന്നു കരുതി യാത്ര തുടങ്ങി. വയനാട്ടിലെ തിരുനെല്ലിയിലെത്തിയാല്‍ തിരുനെല്ലി അമ്പലത്തിന് പിന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു കൂറ്റന്‍മലകാണാം.
അമ്പലത്തിന്‍റെ പിന്നിലായി കാണുന്ന ആ കൂറ്റന്‍ മല കയറിവേണം പക്ഷിപാതാളത്തിലെത്താന്‍. ആകാശംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ബ്രഹ്മഗിരിയുടെ മുകളിലാണ് പക്ഷിപാതാളം. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് പക്ഷിപാതാളമെന്നും ഏഴ് കിലോമീറ്റര്‍ കുത്തനെയുള്ള മലകയറിയാലേ അവിടെത്താന്‍ കഴിയൂ എന്നും കൂടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
മലയകറ്റത്തിന് സഹയാത്രികരായ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുളള പ്രകൃതി സ്നേഹികളുമുണ്ട്. തിരുനെല്ലി അമ്പലത്തോട് ചേര്‍ന്നുളള ഫോറസ്റ്റ് ഐബിയില്‍ നിന്നാണ് അതിരാവിലെ യാത്ര തുടങ്ങിയത്. കാട്ടിലേക്കു കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫോറസ്റ്റ് റേ‍ഞ്ചര്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കാട്ടില്‍ ശബ്ദമുണ്ടാക്കരുത്, പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന വസ്ത്രങ്ങള്‍ ഇടരുത്, കാട്ടില്‍ നിന്ന് ഒരിലപോലും പറിക്കരുത്, മുന്നില്‍ നടക്കുന്ന ഗാര്‍ഡിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക…
ഫോറസ്റ്റ് ഐബിയോട് ചേര്‍ന്നുളള ചങ്ങലകെട്ട് കടന്നാല്‍ കാടാണ്. കൂറേ ദൂരം ഫോറസ്റ്റുകാരുടെ ജീപ്പു വഴിയിലൂടെ നടന്നു. മഴ കഴിഞ്ഞ് ഈ വര്‍ഷം പക്ഷിപാതാളത്തേക്ക് മലകയറുന്ന ആദ്യത്തെ സംഘമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ വഴിനിറയെ പ്ലീസ് സാര്‍ കുറച്ച് രക്തം കുടിച്ചോട്ടേ എന്നും ചോദിച്ച് എഴുന്നുനില്‍ക്കുന്ന അട്ടകളുണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നു. അട്ടകളെ നേരിടാനായി ഉപ്പും പുകയിലയും കൂട്ടികുഴച്ച് ഒഴു കിഴിയുണ്ടാക്കി കസ്റ്റഡിയില്‍ വച്ചിരുന്നു. ഒരു വടിയുടെ തലപ്പത്തു അത് കെട്ടി. ആദിശങ്കരന്‍റെ ആ പഴയ ദണ്ഡിനെ ഒര്‍മ്മിപ്പിച്ചു അത്.

Pakshi Pathalam, Wayanad, Kerala

അല്‍പ്പദൂരം മുന്നോട്ട് നടന്നപ്പോള്‍ റോഡുപേക്ഷിച്ച് ഊടുവഴികളിലൂടെയായി യാത്ര. നല്ല കയറ്റമാണ്. ഹൃദയമിടിപ്പിന്‍റെ താളം മാറിതുടങ്ങി. കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി വഴികാട്ടിയായി ഒരു ഫോറസ്റ്റ് വാച്ചര്‍ ഞങ്ങളുടെ മുന്നിലുണ്ട്. കുറേപേര്‍ എനിക്കുമുന്നേ നടകക്കുന്നുണ്ടെങ്കിലും കാടിന്‍റെ കനത്തില്‍ മുന്നിലുളള ആളെമാത്രമേ ഇപ്പോള്‍ കാനാനാകുന്നുളളൂ. ഇരുവശത്തും തലയ്ക്കുമുകളിലേക്ക് പന്തലിച്ചുനില്‍ക്കുന്ന കുറ്റിക്കാടുകള്‍‍.
ഈ കുറ്റികാട്ടിനിടയിലെവിടെയെങ്കിലും ആനയോ മറ്റോ… ഛേ നല്ലതുമാത്രം ചിന്തിക്കൂ… നല്ലതുമാത്രം ചിന്തിച്ച് കുത്തനെയുള്ള കയറ്റങ്ങള്‍ ആവേശത്തോടെ കയറി. ആ കയറ്റത്തിനൊടുവില്‍ ഞങ്ങളൊരു പുല്‍മേട്ടിലെത്തി. മലമടക്കുകളില്‍ അളളിപിടിച്ച് വളരുന്ന ചോലവനങ്ങള്‍‍… ദൂരെ തിരുനെല്ലി അമ്പലം.. അതിനുമപ്പുറം കാളിന്തീ… തീരത്ത് നീണ്ടു നിവര്‍ന്നുകിടക്കുന്ന വയല്‍… ആ കാഴ്ച്ചകള്‍ ഹരം പിടിപ്പിക്കുന്നതായിരുന്നു. ദൂരക്കാഴ്ച്ചകളുടെ വിശാലതയില്‍ അവിടെതന്നെ നിന്നുപോയി കുറച്ചുനേരം.
നടത്തം പാതിയില്‍ നിറുത്തിയാല്‍ ഒരുപാട് ആയാസപ്പെടണം മലകയറ്റത്തിന്‍റെ താളം വീണ്ടെടുക്കാന്‍. ഫോറസ്റ്റ് വാച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍ .നടത്തം തുടര്‍ന്നു. ഇപ്പോള്‍ ബ്രഹ്മഗിരി മലയുടെ പകുതിയിലെത്തിയിരിക്കുന്നു. അമ്മയുടെ ദേഹത്ത് കുഞ്ഞ് അളളിപ്പിടിച്ചിരിക്കുന്നതുപോലെ ചുറ്റും ചോലക്കാടുകള്‍‍. മലമടക്കുകളില്‍ മാത്രമായി എന്തുകൊണ്ടാണ് ഈ കാടുകള്‍ ഒതുങ്ങിപ്പോയത്. മലമുകളിലെ ശക്തമായ കാറ്റിനെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ട് താരതമ്യേന കാറ്റ് കുറഞ്ഞ മല‍ഞ്ചരിവിലേക്ക് ഒതുങ്ങി. ഇതായിരുന്നു എന്‍റെ സംശയത്തിന് ഫോറസ്റ്റ് വാച്ചര്‍ തന്ന ഉത്തരം.

Pakshi Pathalam, Wayanad, Kerala

ഈ ചോലമരക്കാടുകളിലെ മരങ്ങള്‍ക്കുമുണ്ട് ചില പ്രത്യേകതകള്‍‍. നന്നേചെറിയ ഇലകളായിരിക്കും അവയ്ക്ക്. പിന്നെ മരക്കൊമ്പുകളില്‍ അപ്പൂപ്പന്‍താടികള്‍പോലെ ഫംഗസ്സുകള്‍ തൂങ്ങികിടക്കുന്നതു കാണാം.വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ചോലയിലെ പലമരങ്ങള്‍ക്കും. എന്നാല്‍ അത് തോന്നിപ്പിക്കുന്ന തരത്തിലുളള നീളമോ തടിയോ അതിനില്ല. ഒരുതരം ബോണ്‍സായ് ചെടികളെപോലെയാണ് ഇതിന്‍റെ വളര്‍ച്ച.
ചോലവനങ്ങള്‍ പിന്നിട്ട് വീണ്ടും പുല്‍മേട്ടിലേക്ക്.. കൂറേദൂരം കൂടെ പിന്നിട്ടപ്പോള്‍ മുന്നില്‍ നടന്നവര്‍ നിശബ്ദരായി അടുത്തമലയിലേക്ക് നോക്കിനില്‍ക്കുന്നതു കണ്ടു. അവിടെ ഒരൊറ്റയാന, പൊടിമണ്ണ് വാരി ദേഹത്തിട്ട് അര്‍മാദിക്കുകയാണ്.
ഇടയ്ക്ക് ചോലക്കാട്ടിനോട് ചേര്‍ന്ന് വര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റിക്കാട്ടില്‍ നിന്ന് എന്തെല്ലാമോ പിഴുതെറിയുന്നുണ്ട്. ശരിക്കും വന്യമായ കാഴ്ച്ച. ആനക്കൂട്ടത്തെ പലതവണ വയനാട്ടിന്‍റെ പലഭാഗത്തുനിന്നും കണ്ടിട്ടുണ്ടെങ്കിലും ഒറ്റയാനെയെ കാണുന്നത് ആദ്യമായാണ്. അതിന്‍റെ എല്ലാപേടിയും മനസ്സിലുണ്ട്.

Pakshi Pathalam, Wayanad, Kerala

കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കാട്ടില്‍ കയറിയതിനുശേഷം ആദ്യം കിട്ടിയ ഇരയായിരുന്നു അത്. ആ രംഗം അവര്‍ കിടന്നും മരത്തില്‍ കയറിയും പകര്‍ത്തുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം പേടി മാറ്റിവച്ച് ഞാനും കൂടി.
അപ്പുറത്തെ മലയിലെ ഒറ്റയാന്‍റെ പരാക്രമങ്ങള്‍ ഇപ്പുറത്തെ മലയില്‍ നിന്ന് പകര്‍ത്താന്‍ ഞാനുമേറെ പാടുപെട്ടു. മരങ്ങളുടെ മറവില്‍ നിന്ന് അവന്‍ എന്തൊക്കെയോ പിഴുതെറിയുന്നുണ്ട്. പുല്ലുപറിക്കുന്നതുപോലെയാണ് ആ ഒറ്റയാന്‍ വന്‍മരങ്ങള്‍ പിഴുതെറിയുന്നത്. ഡിസ്ക്കവറി ചാനലില്‍ മാത്രമേ ഇത്തരമൊരു കാഴ്ച്ച കണ്ടിട്ടുള്ളു. ദേ ഇപ്പോള്‍ കണ്‍മുന്‍പില്‍…
ആവേശത്തോടെ കൂറേ നേരം കാട്ടാനയുടെ പരാക്രമങ്ങള്‍ കണ്ടിരുന്നു. ഇനിയുമേറെ നടക്കണമെന്ന വാച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍. വീണ്ടും നടത്തം തുടങ്ങി. ആകാശം മുട്ടെ പുല്‍മേടുകള്‍. ആ ആകാശത്തേക്കാണോ മുന്‍പേ നടന്നവര്‍ കയറിപോകുന്നത്. അതൊരു നല്ല ഫ്രെയിം തന്നെയായിരുന്ന. പുല്‍മേട്ടില്‍ നിന്ന് ആകാശത്തേക്ക് കയറിപോകുന്ന മനുഷ്യര്‍…

Pakshi Pathalam, Wayanad, Kerala

പുല്‍മേട്ടിലുടെ കൂറേനേരം നടന്നപ്പോള്‍ ബ്രഹ്മഗിരിയുടെ മുകളിലെത്തി. മലമുകളില്‍ സന്ദര്‍ശകരേയും കാത്തുനില്‍ക്കുന്നതുപോലെ ഒരു കൂറ്റന്‍ വാച്ച് ടവര്‍ ‍. അതിനുമുകളിലേക്ക് കാഴ്ച്ചകള്‍ കാണാന്‍ വലിഞ്ഞുകയറി. ഒരാള്‍ക്കുമാത്രം കഷ്ട്ടിച്ച് കയറാന്‍ പറ്റുന്ന കുത്തനെയുളളകോണി. മുകളിലെത്തിയപ്പോള്‍ ശരിക്കും ആകാശം തൊട്ടതുപോലെ തോന്നി. ഏതെല്ലാമോ പേരറിയാപക്ഷികള്‍ ആകാശത്തെ ചിറകുകള്‍കൊണ്ട് തല്ലി പതം വരുത്തി* ഞങ്ങള്‍ക്കു മുന്‍പിലൂടെ കടന്നുപോകുന്നുണ്ട്.
അങ്ങ് ദൂരെ തിരുനെല്ലി അമ്പലം ഇപ്പോഴും കാണാം. ആ ടവറിന്‍റെ മുകളില്‍ നില്‍ക്കുമ്പോള്‍ കാടിന്‍റെ തല കാണാം. ചോലക്കാടുകളില്‍ കൂടുകൂട്ടിയ പക്ഷികലുടെ കൂടുകണാം. കാട്ടുപൊന്തയില്‍ ഇളംവെയില്‍ കായാനിരിക്കുന്ന അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങളെ കാണാം, കാടിന്‍റെ കാവല്‍ക്കാരനാണെന്നു തോന്നിപ്പിക്കുന്ന പുല്‍മേട്ടിലെ ഒറ്റമരം കാണാം…
ഹംസാരൂഡനായി ആകാശ യാത്രനടത്തിയ ബ്രഹ്മാവ് മനോഹരമായ ഒരു ഭൂപ്രദേശം കണ്ട് താഴെയിറങ്ങിയെന്നും അവിടെ കണ്ട നെല്ലിമരത്തിനടുത്ത് വിഷ്ണുവിന്റെ പ്രതിഷ്ഠ നടത്തിയെന്നുമുള്ള ഐതിഹ്യം സത്യമാണോ എന്ന് തോനിപ്പോകുന്ന കാഴ്ച്ചകള്‍. സക്ഷാല്‍ ബ്രഹ്മാവിനെപോലും മയക്കുന്ന കാഴ്ച്ചകള്‍…

Pakshi Pathalam, Wayanad, Kerala

ടവറിനുമുകളില്‍ നിന്നുളള കാഴ്ച്ചകല്‍ ഹരം പിടിപ്പിക്കുകയാണ്. മുകളിലെത്തുമ്പോഴേക്കും മുന്‍പേ കയറിയിറങ്ങിയവര്‍ പക്ഷിപാതാളം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നിരുന്നു. മുകളിലേക്ക് കൈവീശി അവര്‍ ഞങ്ങളോടവര്‍ യാത്ര പറയുന്നുണ്ടായിരുന്നു. ടവറില്‍ നിന്ന് കാഴ്ച്ചകള്‍ കണ്ട് മതിമറന്ന് അവിടെ നിന്നിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കാലില്‍ രക്തം കണ്ടത്. അട്ടകള്‍ കലാപരിപാടികള്‍ തുടങ്ങിയിരിക്കുന്നു.
ഇട്ടിരുന്ന ഷൂ അഴിച്ചുനോക്കിയപ്പോഴാണ് അട്ടകള്‍ സംഘം ചേര്‍ന്ന് രക്തം നുണയുന്നത് കണ്ടത്. ഉപ്പും പുകയിലയും കൂട്ടികെട്ടിയ കിഴിയെടുത്ത് നനച്ച് അട്ടകള്‍ കടിച്ചുപിടിച്ചിരുന്ന സ്ഥലത്ത് വച്ചപ്പോള്‍ കൂറേയെണ്ണം കീഴടങ്ങി. വിടാന്‍ഭാവമില്ലാതെ കടിച്ചുതൂങ്ങികിടന്നതിനെ ബലംപ്രയോഗിച്ച് എടുത്തുകളയേണ്ടി വന്നു.
കുറച്ചുനേരത്തെ ശ്രമകരമായ ജോലിക്കുശേഷം അട്ടകളില്‍ നിന്ന് രക്ഷനേടി യാത്രതുടര്‍ന്നു.

Pakshi Pathalam, Wayanad, Kerala

ഇനിയാത്ര മലയുടെ മറുപുറത്തേക്കാണ്. പക്ഷിപാതാളം കേരളത്തിലാണെങ്കിലും അവിടെത്താന്‍ കര്‍ണ്ണാടക അതിര്‍ത്തി കടക്കണം. കുറച്ചുദൂരം കര്‍ണ്ണാടകത്തിലൂടെ നടന്നു. മഴമേഘങ്ങള്‍ ആരുടെയോ സമ്മതം കിട്ടാത്തതുപോലെ തൂങ്ങിനില്‍പ്പുണ്ട്. മലയ്ക്ക് മറുവശമെത്തിയപ്പോള്‍ നല്ല തണുത്തകാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരത്തെ നടത്തത്തിനുശേഷം വീണ്ടും നമ്മള്‍ കേരളത്തിലെത്തിയെന്ന് വാച്ചര്‍ പറഞ്ഞു.
കൂറേ നേരം നടന്നപ്പോള്‍ പുല്‍മേടിന് കനവും നീളവും കൂടിവരുന്നതായി തോന്നി. ഇപ്പോള്‍ മുന്‍പില്‍ ഒരാള്‍ പൊക്കത്തിലുളള പുല്‍മേടാണ്. കുറേ ദുരം നടന്നപ്പോള്‍ വീണ്ടും ഒരു ചോലവനത്തിലേക്കുകയറി. നല്ലകാട്. ഒരു ഗൂഹയിലേക്കുകടക്കുന്നതുപോലെയാണ് ചോലക്കാട്ടിലേക്ക് കയറിയത്. പെട്ടെന്ന് ഇരുട്ടായതുപോലെതോന്നി.
ചോലയിലേക്കു കയറിയപ്പോള്‍ തന്നെ ഒരു കാട്ടരുവിയുടെ ശബ്ദം കേട്ടു. അടിക്കാടുകളെ വകഞ്ഞുമാറ്റി കുറച്ചുനടന്നപ്പോള്‍ കാട്ടാറിനടുത്തെത്തി. നല്ല കണ്ണാടിപോലെ അതങ്ങനെ ഒഴുകുകയാണ്. സമയം ഉച്ചയായിരിക്കുന്നു. നല്ലവിശപ്പ്. ഒപ്പം ദാഹവും. കാട്ടരുവിയിലേക്ക് കൈക്കുമ്പിള്‍ താഴ്ത്തി. നല്ലതണുപ്പ്. കുറേ വെളളം കുടിച്ച് ദാഹംമാറ്റി.

Pakshi Pathalam, Wayanad, Kerala

സഹയാത്രികരിലാരോ കൊണ്ടുവന്ന അവല്‍പൊതിയഴിച്ചു. വയറുനിറയെ അതും കഴിച്ച് യാത്ര തുടര്‍ന്നു. ഇപ്പോള്‍ നാലുഭാഗത്തും പുല്‍മേടുകള്‍മാത്രം. ചെറുതും വലുതുമായ ചോലവനങ്ങള്‍ മലമടക്കുകളില്‍ ചിതറിക്കിടക്കുന്നു.
ചോലവനങ്ങളെ തൊട്ടുരുമ്മി മഴമേഘങ്ങള്‍ പോയ്ക്കൊണ്ടിരിക്കുകയാണ്. പുല്‍മേട്ടിലൂടെ നടന്നപ്പോള്‍ അങ്ങ് ദൂരെ ഒരു വലിയ പാറകണ്ടു. ഞങ്ങള്‍ക്ക് മുന്‍പേ പോയവര്‍ പാറപുറത്ത് കയറി ഇത് തങ്ങളുടെ പാറയാണ് എന്ന മട്ടില്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു.

Pakshi Pathalam, Wayanad, Kerala

കൂടെ വന്ന ഫോട്ടോഗ്രാഫര്‍മാര്‍ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. കുത്തനെയുളള കയറ്റമാണ്. പാറയില്‍ അളളിപ്പിടിച്ച് മുകളിലെത്തിയപ്പോള്‍ ശരിക്കും തലകറങ്ങുന്നതുപോലെ തോന്നി. ചുറ്റും നല്ലകാട്, ചെങ്കുത്തായ ചരിവ്, പാലക്കാട്ടുകാരന്‍ രാധാകൃഷ്ണന്‍ എന്ന ‘രാധ’ ഒറ്റയാനായ ഒരു പാറപുറത്തേക്ക് വലിഞ്ഞുകയറി സാഹസികത കാട്ടി.
കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസുചെയ്ത്ത് അവനങ്ങനെ കൂറേ നേരം രാജാവായി ഒറ്റയാന്‍പാറപുറത്തിരുന്നു. അവസാനം ആ ഫോട്ടോ ഷൂട്ട് അവസാനിച്ചപ്പോള്‍ അവിടെനിന്നിറങ്ങാന്‍ അവന്‍ നന്നായി പാടുപെട്ടു. കാരണം അവനുപിന്നില്‍ വലിയ ഒരു കൊല്ലിയാണ്- പാതാളകൊല്ലി! അവസാനം ആരൊക്കെയോ ചേര്‍ന്ന് ‘രാധയെ ‘ താഴെയിറക്കി.

Pakshi Pathalam, Wayanad, Kerala

ഇതാണ് പക്ഷിപാതാളം. ചിതറികിടക്കുന്ന പാറക്കൂട്ടങ്ങളാണ് താഴെ. പാതാളത്തിലേക്കിറങ്ങാന്‍ വഴിവേറെയാണ്. പാറപ്പുറത്തുനിന്ന് അള്ളിപിടിച്ചു താഴോട്ടിറങ്ങി. ഗൂഹാമുഖംപോലെ രണ്ടു വലീയ പാറയിടുക്കിലൂടെ ‘പാതാളം’ ലക്ഷ്യമായിറങ്ങി.
പാറക്കെട്ടുകള്‍ക്കെല്ലാം നല്ല തണുപ്പ്. പേടിപ്പെടുത്തുന്ന നിശബ്ദത. ‘പാതാള’ത്തിലേക്ക് ഇറങ്ങുന്തോറും ഇരുട്ട് കൂടി വരുന്നുണ്ട്. ചില സ്ഥലങ്ങളില്‍ പാറയിടുക്കുകളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമാണ് വഴികാട്ടി. ആ പാറയിടുക്കിലൂടെ നോക്കിയാല്‍ കാടിന്‍റെ തലപ്പുകാണാം.
കൂറേകൂടിയിറങ്ങിയപ്പോള്‍ പാറയിടുക്കില്‍ കുരുവികള്‍ കൂടുകൂട്ടിയതു കണ്ടു. വീണ്ടും താഴോട്ടിറങ്ങിയപ്പോള്‍ കൂറേ നരിച്ചീറുകളുടെ ചിറകടി ശബ്ദം. തിരുനെല്ലി അമ്പലത്തോട് ചേര്‍ന്ന പാപനാശിനിയില്‍ മുങ്ങിനിവര്‍ന്ന് ആത്മാക്കള്‍ പക്ഷിരൂപം പ്രാപിച്ച് അഭയം തേടിയെത്തുന്നത് ഈ പാതാളത്തിലാണെന്നത് വിശ്വസം.

Pakshi Pathalam, Wayanad, Kerala

വീണ്ടും ആവേശത്തോടെ താഴോട്ടിറങ്ങി. ഇപ്പോള്‍ മുന്നിലൊട്ടും വെളിച്ചമില്ല. നിശബ്ദതയെ കീറിമുറിച്ച് വവ്വാലുകളുടെ ചിറകടിയൊച്ച. ഏതോ മന്ത്രവാദിയുടെ സിംഹാസനത്തിലെത്തിയതുപോലെ തോന്നി. കൂറേ നേരം ആ പേടിപെടുത്തുന്ന കറുത്ത തണുപ്പിലിരുന്നു. മുനിമാര്‍ കാലങ്ങളോളം ഇവിടെ തപസ്സുചെയ്തിരുന്നെന്നും ഐതീഹ്യം.
മുഡുഗര്‍, ഇരുളര്‍ വിഭാഗത്തിലുള്ള തിരുനെല്ലിയിലെ ആദിവാസി വിഭാഗങ്ങളുടെ കുലദൈവമാണ് യൊഗിച്ചന്‍. പക്ഷിപാതാളത്തിലെ ഇരുണ്ട ഈ ഗുഹയ്ക്കുള്ളിലെവിടെയോ ആണ് ഒറ്റക്കാലനായ യോഗിച്ചന്‍റെ മൂലസ്ഥാനമെന്നാണ് ആദിവാസികളുടെ വിശ്വസം . തിരുനെല്ലിപ്പെരുമാളിനോട് പോലും പോലും വെല്ലാന്‍ കരുത്തുള്ള ദൈവമാണ് തങ്ങളുടേതെന്നും ഇവര്‍ കരുതുന്നു.
ആ ഒറ്റക്കാലനായ യോഗിച്ചന്‍ ഈ ഗുഹയ്ക്കുള്ളില്‍ എവിടെയെങ്കിലുമുണ്ടാകുമോ ? വിശ്വാസത്തിന്‍റെ തണുപ്പില്‍ ഈ ഇരുട്ടില്‍ അവര്‍ക്ക് യോഗിച്ചനെ കണാന്‍ പറ്റുമായിരിക്കും.

Pakshi Pathalam, Wayanad, Kerala

പിന്നെ എഴുപതുകളില്‍ വസന്തത്തിന്‍റെ ഇടിമുഴക്കം കാതോര്‍ത്ത് കുറേ ചെറുപ്പക്കാര്‍ നെക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ ഊടും പാവും നെയ്തതും ഇവിടെ വെച്ചായിരുന്നു. പക്ഷിപാതാളത്തിന്‍റെ ഈ കൂരിരുട്ടില്‍ നിന്നായിരുന്നോ അവര്‍ സമത്വസുന്ദര ലോകം സ്വപ്നം കണ്ടത്? നെക്സല്‍ വര്‍ഗ്ഗീസിനും ഫിലിപ്പ് എം പ്രസാദിനും അജിതയ്ക്കുമൊക്കെ ഈ ഇരുട്ട് അഭയസ്ഥാനങ്ങളായിരുന്നു.
ആദിവാസികള്‍ക്കെതിരെയുള്ള ചൂഷണത്തിനെതിരെ അവര്‍ ചുവന്ന പുലരികള്‍ സ്വപ്നം കണ്ടതും ഈ ഇരുട്ടില്‍ നിന്നുതന്നെയാവണം. വര്‍ഗ്ഗീസിന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്താണ് പോലീസുകാര്‍ വെടിവച്ച് കൊന്നത്. അപ്പോഴും വര്‍ഗ്ഗീസ് ചിരിക്കുകയായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തെ വെടിവച്ചുകൊല്ലാന്‍ നിര്‍ബന്ധിക്കപ്പെട്ട രാമചന്ദ്രന്‍ നായര്‍ എന്ന കോണ്‍സ്റ്റബില്‍ പറഞ്ഞുവച്ചതും ചരിത്രം.
ബാക്കി രണ്ടുപേരും ഇന്നും ജീവിക്കുന്നു. എന്നാല്‍ രാത്രി ബ്രഹ്മഗിരിയുടെ മുകളില്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രകണ്ണുകളെ ചൂണ്ടിക്കാട്ടി ഇപ്പോഴും തിരുനെല്ലിയിലെ ആദിവാസികള്‍ പറയുമത്രേ, അത് വര്‍ഗ്ഗീസിന്‍റെ കണ്ണുകളാണെന്ന്. നക്ഷത്രക്കണ്ണുകളുടെ ശോഭ ഒരു ‘കരിമേഘത്തിന്‍റെ ഘോഷയാത്രയ്ക്കും’ കെടുത്തിക്കളയാനാകില്ലെന്ന് ഇവര്‍ ഇന്നും വിശ്വസിക്കുന്നു.
കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ട വര്‍ഗ്ഗീസിന്‍റെ ആത്മാവ് ഈ പക്ഷിപാതാളത്ത് ഏതെങ്കിലും പക്ഷിയുടെ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുമോ? വിശ്വാസവും കാല്‍പ്പനികതയും വിപ്ലവവീര്യവും തുളുമ്പുന്ന പക്ഷിപാതാളത്തിന് കഥകള്‍ അവസാനിക്കുന്നില്ല‍. പക്ഷിപാതാളമെന്ന വാക്കുപോലെ വിചിത്രവും കൗതുകവുമാണ് ഇവിടുത്തെ കാഴ്ച്ചകളും ഈ പാതാളത്തിന്‍റെ ചരിത്രവും.


കടപ്പാട് .. doolnews