Monday, May 5, 2014

മനാലിയില്‍ മഞ്ഞുപെയ്യുമ്പോള്‍

മനാലി, കണ്ണും കരളും കവരുന്ന പ്രാലേയപ്രണയതീരം

അനസൂയയുടെ മിഴികള്‍ കൂമ്പിയടഞ്ഞു. ''കളിപ്പടക്കങ്ങള്‍ പൊട്ടിത്തീഅരും പോലെയാണ് ദിവസങ്ങള്‍ പോയത്. നാളെ മടങ്ങുമ്പോള്‍ ഈ മഞ്ഞിനെ ഞങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും''. തൊട്ടരികില്‍ ചുടുകാപ്പി മൊത്തിക്കുടിക്കുന്ന ഭര്‍ത്താവിനെ പാളിനോക്കുമ്പോള്‍ കണ്‍കോണുകളില്‍ പ്രണയം തുടിക്കുന്നു. ജയ്പുരില്‍ നിന്നാണ് അനസൂയയും രണ്‍വീറും. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ അനസൂയയെ മനാലി ഒരു കവയത്രിയാക്കിയിരിക്കുന്നു.

 ഒരു ടിബറ്റന്‍ കോഫിഷോപ്പില്‍ വെച്ച് പരിചയപ്പെടുമ്പോള്‍ യാത്രയുടെ ത്രില്ലിലായിരുന്നു ഇരുവരും. ക്യാമറ കണ്ടപ്പോള്‍ ചിരിയോടെ വിലക്ക് ''ഓണ്‍ലി ഡ്രീംസ് നോ സ്‌നാപ്പ്‌സ്''

മധുവിധുവിന്റെ മണ്ണാണ്് മനാലി. സഞ്ചാരികളില്‍ ഏറെയും ജോഡികളാണ്. അനസൂയയേയും രണ്‍വീറിനേയും പോലെ. അതല്ലെങ്കില്‍ പഴയ മധുവിധുവിന്റെ ആഘോഷം പുനരാനയിക്കാന്‍ എത്തിയവര്‍.

മനാലിയില്‍ പ്രകൃതി തന്നെയാണ് കാഴ്ച. മഞ്ഞുപുതച്ച ഹിമാലയനിരകളോടുള്ള സാമീപ്യമാണ് മനാലിയെ യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. തെളിഞ്ഞ നീലകാശത്തിനു താഴെ വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുകൊടുമുടികള്‍, അനന്തവിശാലമായ കൃഷിയിടങ്ങള്‍, ഇടയ്ക്ക്് ആപ്പിള്‍ത്തോട്ടങ്ങള്‍. കുളുതാഴ്‌വരയിലൂടെ മനാലിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമാണ്. ബിയാസ് നദിയുടെ തെളിനീര്‍പ്രവാഹത്തിനൊപ്പം സ്വച്ഛമായ ഇളംകാറ്റേറ്റ്...

''ട്വന്‍ടി റുപ്പീസ് സാബ്...'' രമാദേവി ഒരു പ്രലോഭനമെറിഞ്ഞു. കൈയില്‍ മാറോട് ചേര്‍ന്നിരിക്കുന്നു പഞ്ഞിക്കെട്ടുപോലെ വെളുത്ത ഒരുമുയല്‍. 20രൂപയ്ക്ക് മുയലിനെ അഞ്ചുമിനിറ്റ് തരും. അതിനെ ഓമനിച്ച് കുറേ ഫോട്ടോയെടുക്കാം. മുയല്‍മാത്രമല്ല യാക്കുമുണ്ട്. ചലിക്കുന്ന രോമക്കാടുകള്‍ പോലെയുള്ള യാക്കിനു പുറത്ത് കയറി ചിത്രമെടുക്കാനും തിരക്കുണ്ട്. അതുമല്ലെങ്കില്‍ ഹിമാചലിന്റെ കടുംനിറങ്ങളുള്ള പരമ്പരാഗത വേഷമണിഞ്ഞ് പടമെടുക്കാം. രമാദേവിയെപ്പോലെ നിരവധിപ്പേര്‍ ടൂറിസം കൊണ്ട് ജീവിതം കണ്ടെത്തുന്നുണ്ട്. ചെറുകിടഗൈഡുകള്‍ മുതല്‍ വന്‍ റിസോട്ടുകാര്‍ വരെ. ഹിഡുംബിക്ഷേത്രത്തിലേക്കുള്ള ഈ വഴിയില്‍ ഇങ്ങനെ പലതുമുണ്ട്.

കുന്നുകയറിയെത്തുമ്പോള്‍ ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങളുടെ കാടാണ്, ഈ നാലുമണി നേരത്ത് പൊടുന്നനെ സന്ധ്യയായതുപോലെ. കാനനഭംഗികള്‍ക്ക് ചേരുംവിധം പ്രാചീനമായക്ഷേത്രം.

ഐതിഹ്യം ഇങ്ങനെ: വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തി. വിശന്നിരുന്ന ഹിഡുംബന്‍ എന്ന രാക്ഷസന്‍ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി സഹോദരിയെ അയച്ചു. പക്ഷേ ഹിഡുംബി ഭക്ഷണം മറന്ന് ഭീമസേനനില്‍ അനുരക്തയായി. കോപാകുലനായ ഹിഡുംബന്‍ ഭീമനോടെതിരിട്ടു മരിച്ചു. ഭീമന്‍ ഹിഡുംബിയെ വിവാഹം കഴിച്ചു. അവരുടെ മദനോത്സവത്തിന്റെ മണിയറയായിരുന്നു മനാലി. ഭീമന് ഹിഡുംബിയില്‍ പിറന്ന ഘടോല്‍ക്കചനും ഇവിടെ ഒരു ക്ഷേത്രത്തറയുണ്ട്.

കുലം മറന്നുള്ള പ്രണയാഭിനിവേശത്തിന്റെ മണ്ണില്‍ മുഗ്ധാനുരാഗത്തിന്റെ കാഴ്ചകള്‍ തന്നെയാണിന്നും. ഒളിമറകളില്ലാതെ സ്‌നേഹസല്ലാപങ്ങളില്‍ സ്വയം മറന്ന് പുണര്‍ന്ന് നീങ്ങുന്നവര്‍ എവിടെയുമുണ്ട്.

വിസ്മയം തീര്‍ക്കുന്ന കോട്ടിയിലേക്കുള്ള 12 കിലോമീറ്റര്‍ യാത്ര. മഞ്ഞിനു നടുവില്‍ വിരിച്ചിട്ട കറുത്ത കമ്പളം പോലെ റോഡ്. ഇടവിട്ടുള്ള തിരിവുകളില്‍ ചെറിയ കടകള്‍. മുട്ടറ്റംനീളുന്ന ബൂട്ടുകളും വലിയ കമ്പിളിക്കുപ്പായങ്ങളും നിരത്തിവെച്ച ചെറുമാടങ്ങള്‍. എല്ലാം വാടകയ്ക് കിട്ടും. കോട്ടിയില്‍ മുട്ടറ്റം മഞ്ഞാണ്, നല്ല തണുപ്പും. അതിനാണ് ഈ ഒരുക്കങ്ങള്‍.

വഴിയുടെ ഒടുവില്‍ കണ്‍നിറയെ കോട്ടി. മഞ്ഞുപുതച്ച പര്‍വ്വതനിരകളുടെ കയറ്റിറക്കങ്ങള്‍,ഒറ്റപ്പെട്ട പൈന്‍മരങ്ങള്‍ തെളിഞ്ഞനീലമാനത്ത് വെള്ളിമേഘങ്ങളുടെ അലസസഞ്ചാരം. ചുറ്റും സഞ്ചാരിസംഘങ്ങളുടെ ആഘോഷപ്രകടനങ്ങളാണ്. ചിലര്‍ പാട്ടും ആട്ടവുമായി. ഇടയ്ക്ക് വെള്ളില്‍പ്പറവകള്‍പോലെ കയറ്റിറക്കങ്ങളിലൂടെ ഒഴുകിയെത്തുന്ന സ്‌കീയിങ് സാഹസികര്‍. മറ്റുചിലര്‍ മഞ്ഞുകൊണ്ട് പരസ്പരം എറിഞ്ഞ് കളിച്ച് കൊച്ചുകുട്ടികളെപ്പോലെ... എത്രയോ മനോഹരഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായ ഇവിടെയെത്തുമ്പോള്‍ അറിയാതെ ഒരു പ്രണയത്തിലേയ്ക്ക് വീണുപോകുന്നു


K Unnikrishnan, Photos:Ajeeb Komachi

No comments: