ശോഭന രവീന്ദ്രന്‍
മലയാളത്തിന്റെ അനശ്വരസംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 3-ന് 9 വര്‍ഷം. രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍ ഓര്‍മിക്കുന്നു.
മലയാളത്തിന്റെ അനശ്വരസംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 3-ന് 9 വര്‍ഷം. രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍ ഓര്‍മിക്കുന്നു.
രവീന്ദ്രന്‍ മാസ്റ്ററും കുടുംബവും
രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച്ചില്ല. പിറന്നാള്‍ പ്രമാണിച്ച് മക്കള്‍ വന്നിരുന്നു. ഞങ്ങളെല്ലാവരുംകൂടി തലേദിവസംതന്നെ ഗുരുവായൂര്‍ക്കു പോയി. നിര്‍മാല്യം മുതലുള്ള പൂജകളില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ഭഗവാന്റെ പ്രസാദമൂട്ടിലും പങ്കെടുത്തു. ആരെയുമറിയിച്ചിരുന്നില്ലെങ്കിലും ഇന്ത്യാവിഷന്‍ ചാനലുകാര്‍ രവിയേട്ടന്‍ ഗുരുവായൂരുണ്ടെന്നറിഞ്ഞ് അതിരാവിലേ അവിടെയെത്തി. രവിയേട്ടന്റെ ആ ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തു.
ഗുരുവായൂരപ്പനെ കണ്ടു മടങ്ങിയ ആള്‍ നല്ല ഉഷാറിലായിരുന്നു. വടക്കുംനാഥന്റെ കമ്പോസിങ്ങിനു വേണ്ടി കാസര്‍കോടിനു പോയി അടുത്ത ദിവസം. കമ്പോസിങ്ങും കഴിഞ്ഞ് കോഴിക്കോട്ടുള്ള രാജശ്രീ സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ്ങും കഴിഞ്ഞ് എറണാകുളത്തു മടങ്ങിയെത്തി. ആയിടയ്ക്കു വന്ന രണ്ടു മൂന്നു പടങ്ങള്‍ തിരസ്‌കരിച്ചു. വെറും അടിപൊളി പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടവയായിരുന്നു അവ.
'ലജ്ജാവതിയേ' പോലൊരു പാട്ടു വേണമെന്നു വിവരമില്ലാത്ത ഒരു സംവിധായകന്‍ മനഃസാക്ഷിക്കുത്ത് ഒട്ടുമില്ലാതെ രവിയേട്ടനോടാവശ്യപ്പെട്ടു. അയാളെ ഒരു ദാക്ഷിണ്യവും കൂടാതെ വിരട്ടിയോടിച്ചു.
സിനിമാസംഗീതത്തിന്റെ ഗതി മറ്റൊരു ട്രാക്കിലേക്കു മാറിക്കൊണ്ടിരിക്കുന്നത് മനോവിഷമത്തോടെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല പാട്ടുകള്‍ ചെയ്യാനുള്ള സന്ദര്‍ഭം കിട്ടാതെ പോകുമോ എന്നു കരുതി കുണ്ഠിതപ്പെട്ടു രവിയേട്ടന്‍. അടിപൊളി പാട്ടുകളോടെതിര്‍പ്പുണ്ടായിട്ടല്ല, കൂടെ രണ്ടു പാട്ടെങ്കിലും കേള്‍ക്കാനുണ്ടാകണം എന്നായിരുന്നു രവിയേട്ടന്റെ പക്ഷം.
സിനിമയിലൂടെയല്ലാതെ തന്റെ സംഗീതം ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു രവിയേട്ടന്‍. മാത്രമല്ല, അടുത്ത വര്‍ഷംമുതല്‍ സംഗീതക്കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. അതിനുവേണ്ടി ആദ്യപടിയായി വളരെക്കാലമായി നിരുപദ്രവകാരിയായിട്ടിരുന്ന പൈല്‍സിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നു തീരുമാനിച്ചു. അമൃതാ ഹോസ്പിറ്റലില്‍ പോയി നിസ്സാരമായ ഒരോപ്പറേഷനിലൂടെ അതു പരിഹരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഫുള്‍ ചെക്കപ്പിനു വിധേയനായി. അറുപതു വയസ്സുവരെ ഒരു പനിപോലും വന്ന് ഹോസ്പിറ്റലില്‍ കിടക്കേണ്ടിവന്നിട്ടില്ല രവിയേട്ടന്. ചെക്കപ്പും നടത്തിയിട്ടില്ല.
ഷുഗറില്ല, പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇ.സി.ജി നേര്‍മല്‍. മാഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിത്തന്നു. എന്നിട്ടൊരുപദേശവും കൊടുത്തു. ഇനിയും അനേകവര്‍ഷങ്ങള്‍ രവീന്ദ്രസംഗീതം ഞങ്ങള്‍ക്കെല്ലാം ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ നിങ്ങള്‍ക്ക് അറുപതാംവയസ്സിലും പൂര്‍ണ്ണ ആരോഗ്യം തന്നിരിക്കുന്നത്. എന്നാലും പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുമെന്നതിനാല്‍ ആഹാരാദികളിലും മറ്റു ശീലങ്ങളിലുമെല്ലാം നിയന്ത്രണം പാലിക്കണം. ഡോക്ടര്‍മാരുടെ ഉപദേശവും കേട്ട് സന്തോഷത്തോടെ വീട്ടിലെത്തി.
രവിയേട്ടന്‍ കൂടുതല്‍ ഉത്സാഹവാനായി. രവിപുരത്തുള്ള സംഗീതഹാളില്‍ തംബുരു വാങ്ങാന്‍ ചെന്ന രവിയേട്ടനെ അവര്‍ ആദരവോടെ സ്വീകരിച്ചു. സംഗീതക്കച്ചേരി ചെയ്തു ഞങ്ങളെയൊക്കെ ആസ്വദിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞ് കടയുടമ ശ്രീകുമാര്‍ വില വാങ്ങാന്‍ കൂട്ടാക്കിയില്ല.
വളരെ കാര്യമായിത്തന്നെ ഒരു സുപ്രഭാതത്തില്‍ പ്രാക്ടീസ് ആരംഭിച്ചു. നേരത്തേ ആലോചിച്ചുവെച്ചിരുന്ന പ്രകാരം രമേശന്‍നായരും രവിയേട്ടനുംകൂടി പ്രൈവറ്റ് ആല്‍ബത്തിനു വേണ്ടിയുള്ള പണിയും തുടങ്ങി. രവിയേട്ടന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന സംഗീത അക്കാദമി തുടങ്ങുന്നതിനുവേണ്ടി തൃപ്പൂണിത്തുറയില്‍ ഹരിയുടെ സഹായത്തോടെ കുറച്ചു സ്ഥലം വാങ്ങി. ചെറുപ്പം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു രവിയേട്ടന്. എച്ച്.ഡി. എഫ്.സി. ബാങ്കുകാരുമായി ലോണിനുവേണ്ടി ധാരണയുണ്ടാക്കി.
ആലോചനകള്‍ നമ്മുടേതും തീരുമാനം ഭഗവാന്റേതുമാണെന്ന് മനസ്സിലാക്കാതെ പുതിയപുതിയ പ്ലാനുകളും പദ്ധതികളും മനസ്സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, 2004 ഡിസംബര്‍ അവസാനം സാധാരണ മഞ്ഞുകാലത്തു വരാറുള്ളതുപോലെ ഒരു ജലദോഷം പിടിപെട്ടു രവിയേട്ടന്. പാവക്കുളത്തപ്പനെക്കുറിച്ചുള്ള 'ശിവം ശിവകരം ശാന്തം' എന്ന കാസറ്റിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ചുമയും കഫക്കെട്ടുമുണ്ടായിരുന്നിട്ടും ചികിത്സ ചെയ്തില്ല. തനിയേ മാറിക്കൊള്ളുമെന്നു കരുതി കാത്തിരുന്നു. ഈ കാസറ്റില്‍ ഒരു പാട്ട് രവിയേട്ടനും പാടുന്നുണ്ടായിരുന്നു. ചുമ മാറിയിട്ടു പാടാമെന്നു കരുതിയെങ്കിലും ജനവരിയില്‍ കാസറ്റ് റിലീസിങ് ചെയ്യേണ്ടിയിരുന്നതിനാല്‍ ആ അവസ്ഥയില്‍ത്തന്നെ പാടി. വളരെ മനോഹരമായി ഒറ്റടേക്കില്‍ത്തന്നെ പാടിത്തീര്‍ത്തു. ഭംഗിയായി കാസറ്റു റിലീസിങ്ങും നടന്നു. പാവക്കുളത്തപ്പന് അത് അന്ത്യോപഹാരമായി മാറുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചില്ല.
നവവത്സരാഘോഷത്തിനായി മക്കള്‍ വന്നിരുന്നു. സാജു ആദ്യമായി സംഗീതസംവിധാനം ചെയ്ത തെലുങ്കുപടത്തിലേ റിക്കോര്‍ഡ് ചെയ്ത മുന്നൂ പാട്ടുകള്‍ അച്ഛനെ കേള്‍പ്പിച്ചു.
രവിയേട്ടനു നന്നായി ബോധിച്ചു പാട്ടുകള്‍.
മകന്റെ മൂര്‍ദ്ധാവിലുമ്മവെച്ച് അനുഗ്രഹിച്ചു. ഭാവിയില്‍ നല്ലൊരു സംഗീതസംവിധായകനെ ഇവനില്‍നിന്നും പ്രതീക്ഷിക്കാമെന്ന് വളരെ സന്തോഷത്തോടെ അഭിപ്രായപ്പെട്ടു. സാജു തെലുങ്കുപടത്തിനു കിട്ടിയ ശമ്പളത്തില്‍നിന്നും നല്ലൊരു മൊബൈല്‍ ഫോണ്‍ അച്ഛനു വാങ്ങി സമ്മാനിച്ചു. എനിക്ക് മനോഹരമായ ഒരു സാരിയും കൊണ്ടുവന്നിരുന്നു.
അച്ഛനും മക്കളും ചേര്‍ന്ന് ന്യൂ ഇയര്‍ ഗംഭീരമായി ആഘോഷിച്ചു. വളരെ വളരെ ഹാപ്പിയായിരുന്നു രവിയേട്ടന്‍. മക്കളുമൊത്തുള്ള അവസാനത്തെ ആഘോഷമാണെന്നറിയാതെ രാത്രി മുഴുവന്‍ മക്കളോടൊത്ത് ഹിന്ദി സിനിമ ദേവദാസും കണ്ടിരുന്നു.
പുതുവത്സരത്തില്‍ എല്ലാവരും ഒന്നിച്ചുണ്ടായിരിക്കണമെന്നത് മുന്‍പേ രവിയേട്ടനുള്ള നിര്‍ബന്ധമാണ്. പുറത്ത് ന്യൂ ഇയര്‍ പാര്‍ട്ടിക്കൊന്നും രവിയേട്ടന്‍ പോവില്ല. വര്‍ക്ക് സംബന്ധമായി മറ്റെവിടെയെങ്കിലുമാണെങ്കില്‍പ്പോലും ന്യൂഇയറില്‍ വീട്ടിലെത്തും. 2004-ല്‍ ആ പതിവ് ആദ്യമായി തെറ്റി. മക്കള്‍ ചെന്നൈയിലും ഞങ്ങള്‍ രണ്ടും വടക്കുംനാഥന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു മഹാറാണിയിലുമായി. വളരെ സങ്കടപ്പെട്ട് രവിയേട്ടന്‍ ഡയറിയിലിങ്ങനെ എഴുതിവെച്ചു. 'മക്കളില്ലാത്ത ആദ്യത്തെ നവവത്സരം. ഞാനും എന്റെ ശോഭയും മാത്രം.' ഇതു വായിക്കാനിടയായ മക്കള്‍ അന്നേ തീരുമാനിച്ചു, ഇനിയൊരിക്കലും അച്ഛനെ വിഷമിപ്പിക്കരുത.് അതുകൊണ്ടാണവര്‍ 2005-ല്‍ രണ്ടുമൂന്നു ദിവസം നേരത്തേ എത്തിയത്. അവരും അന്നറിഞ്ഞില്ലല്ലോ, അച്ഛനോടൊത്തുള്ള അവസാനത്തെ പുതുവര്‍ഷാഘോഷമാണെന്ന്.
ചുമയും കഫക്കെട്ടും വന്നു ബുദ്ധിമുട്ടുമ്പോഴും വിക്‌സ് പുരട്ടി സിഗരറ്റ് വലിക്കുന്ന അച്ഛനെ മക്കളുപദേശിച്ചു. 'ചുമ മാറുന്നവരെയെങ്കിലും ഇതൊന്നു നിര്‍ത്തിവെക്കരുതോ?' അതു കേട്ട് അച്ഛന്‍ ചിരിച്ചു; 'ഹോ, അതൊന്നും സാരമില്ല മക്കളേ. പതുക്കെ മാറിക്കൊള്ളും' എന്നു പറഞ്ഞ് സമാധാനിപ്പിച്ചു.
ജനവരി മൂന്നാംതീയതി ചെന്നൈയിലേക്കു മടങ്ങാനിരുന്ന മക്കള്‍ രാവിലെ അച്ഛനെ ബലാല്‍ക്കാരമായി അടുത്തുള്ള പി.വി.എസ്. ഹോസ്പിറ്റലില്‍ കൊണ്ടുപോയി. സാധാരണചുമയാണ്, ആന്റിബയോട്ടിക്‌സ് കഴിച്ചാല്‍ മാറിക്കോളുമെന്നു പറഞ്ഞു ഗുളികകള്‍ തന്നുവിട്ടു ഡോക്ടര്‍. ഡോക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് മക്കള്‍ ആശ്വാസത്തോടെ ചെന്നൈയിലേക്കു മടങ്ങി.
ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും ആയുര്‍വേദമരുന്നുകള്‍ കഴിച്ചിട്ടും
ചുമയ്‌ക്കൊരു കുറവുമുണ്ടായില്ല. ജനവരി 18-ാംതീയതി ഞങ്ങള്‍ അമൃത ഹോസ്പിറ്റലില്‍ പോയി. ഡോക്ടര്‍ പരിശോധിച്ച് വീണ്ടും കുറെ ആന്റിബയോട്ടിക്കുകളും ഇന്‍ഹെയിലറും തന്നു. ആവി പിടിക്കുവാനുള്ള ഉപദേശവും തന്നു വിട്ടു.
ജനവരി 22. കണ്ണൂര്‍ ടൗണ്‍ഹാളില്‍വെച്ചൊരു ഫ്ലവര്‍ ഷോ ഉദ്ഘാടനം. വളരെ മുന്‍പേ ഏറ്റിരുന്നതാണ്. യാത്ര വേണ്ട എന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കാറില്‍ത്തന്നെ കണ്ണൂര്‍ക്കു പോയി. ഏഴരമണിക്ക് ഫങ്ഷന്‍ കഴിഞ്ഞയുടന്‍ എറണാകുളത്തേക്കു തിരിച്ചു. ഫങ്ഷനില്‍ പ്രസംഗിക്കുമ്പോള്‍ വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ സംസാരിച്ചു. മടക്കയാത്രയില്‍ ചുമ വല്ലാതെ കൂടി. കട്ടകട്ടയായി കഫം തുപ്പിക്കൊണ്ടിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നു മണിയോടെ എറണാകുളത്ത് വീട്ടിലെത്തി. ആഹാരമൊന്നും വേണ്ടെന്നു പറഞ്ഞ് കിടന്നുറങ്ങി.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശബ്ദം തീരേയില്ലായിരുന്നു. 'ശോഭേ' എന്നു വിളിക്കാന്‍പോലുമാവില്ല. ഉടനെതന്നെ അമൃതയിലേക്കു പോയി. വിശദമായ പരിശോധനകള്‍ ജനവരി 23 മുതലാണ് തുടങ്ങിയത്. വോക്കല്‍ കോര്‍ഡിനൊരു കുഴപ്പവും കണ്ടെത്താനായില്ല. എക്‌സ്‌റേയും സ്‌കാനുമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍ കണ്ടെത്തി, ഫുഡ്‌പൈപ്പില്‍ ഒരു ഗ്രോത്ത് ഉണ്ട് എന്ന്. അവരതു പറയുമ്പോള്‍ അതിന്റെ സീരിയസ്‌നെസ് എനിക്കു മനസ്സിലായില്ല. ബയോപ്‌സി ചെയ്ത് ഈസോഫാഗസില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നവര്‍ വ്യക്തമാക്കുന്നതുവരേയും ഞാന്‍ തളര്‍ന്നിരുന്നില്ല. ഫിബ്രവരി ഒന്നാംതീയതിയായിരുന്നു നടുക്കുന്ന ആ സത്യമറിഞ്ഞത്. ഡോക്ടര്‍ അതു വിശദീകരിച്ചു പറഞ്ഞപ്പോള്‍, വരാനുള്ള ചില കാരണങ്ങള്‍ വിശദീകരിച്ചപ്പോള്‍ രവിയേട്ടനെന്നെ പരിതാപമായിട്ടൊന്നു നോക്കി. ഏതൊരവസ്ഥയിലും ആത്മവിശ്വാസം കൈവിടാത്ത, തളരാത്ത രവിയേട്ടന്‍ തളരുന്നത് ഞാന്‍ കണ്ടു.
മക്കളെ വിവരമറിയിച്ചു. ഓടിവന്നു എല്ലാവരും. ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോകാമെന്നു നിര്‍ബന്ധിച്ചെങ്കിലും അമൃതയില്‍ മതിയെന്ന് ഏട്ടന്‍ വാശിപിടിച്ചു. മറ്റു മാര്‍ഗങ്ങളൊന്നും സാധ്യമാകാത്തതിനാല്‍ ഫിബ്രവരി 7,8,9 തീയതികളില്‍ രവിയേട്ടനു കീമോതെറാപ്പി ചെയ്തു. രോഗഭയം രവിയേട്ടനെ വല്ലാത്ത ഒരു വിരക്തിയിലാഴ്ത്തി. ചികിത്സ കഴിയുമ്പോള്‍ പൂര്‍ണ്ണസുഖം തിരിച്ചുകിട്ടുമെന്നു ഞങ്ങളൊക്കെ സമാധാനിപ്പിച്ചിട്ടും രവിയേട്ടനത്ര വിശ്വാസം വന്നില്ല.
മലയാളികളുടെ പ്രിയങ്കരനായ ധിക്കാരിയെന്നും അഹങ്കാരിയെന്നും സിനിമാക്കാര്‍ വിശേഷിപ്പിക്കുന്ന രവീന്ദ്രന്‍മാഷ്. വെറും ഒരു സാധാരണമനുഷ്യനായി പരിതപിച്ചു പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് 'ഇങ്ങനെ ഒരസുഖം ദൈവമെന്തിനു തന്നു? ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ലല്ലോ.'
അമൃതയില്‍നിന്നും വീട്ടില്‍ വന്ന ശേഷം സ്‌നേഹവും ശ്രദ്ധാപൂര്‍വ്വമായ ശുശ്രൂഷകൊണ്ടും ഏട്ടന്റെ ആത്മവിശ്വാസം കുറെയൊക്കെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഭക്ഷണവും മരുന്നുകളും മടിയില്ലാതെ കഴിച്ചു.
എന്റെ പ്രാര്‍ത്ഥനകളില്‍ ആശ്വാസംകൊണ്ടു. രോഗശാന്തിക്കു വേണ്ടി പാവക്കുളത്തമ്പലത്തില്‍ ചെയ്യുന്ന പൂജകളും ഏട്ടന് അല്പം ശാന്തി കൊടുത്തു. ഇതിനിടയിലൊരു ദിവസം നഷ്ടപ്പെട്ടുപോയ ശബ്ദം പൂര്‍വ്വാധികം ഭംഗിയില്‍ തിരിച്ചുകിട്ടി. അതൊരു ശുഭസൂചനയായി കരുതി ഞങ്ങളെല്ലാം സമാധാനിച്ചു.
ജനവരിയില്‍ റിലീസായ വടക്കുംനാഥന്റെ ഓഡിയോ വലിയ വിജയമാണെന്നറിഞ്ഞതില്‍ ഏട്ടനു സന്തോഷം തോന്നി എങ്കിലും ചായപ്പൊടിക്കൂടിനുള്ളില്‍ സി.ഡി. വെച്ചു കച്ചവടം നടത്തിയ കാസറ്റുനിര്‍മ്മാതാവിന്റെ പ്രവൃത്തി ഏട്ടനെ വല്ലാതെ സങ്കടപ്പെടുത്തി. ഏട്ടന്റെ അസുഖവിവരം ആരേയുമറിയിക്കാതിരുന്നതിനാല്‍ പുതിയ പല ഓഫറുകളും വന്നുകൊണ്ടിരുന്നു. ഒരു മാസത്തേക്ക് രവിയേട്ടന്‍ റെസ്റ്റിലാണെന്നും മറ്റും പറഞ്ഞ് ഞാനവരെ ഒഴിവാക്കി. വടക്കുംനാഥനിലെ പാട്ടുകള്‍ കേട്ടിട്ട് ആരാധകരുടെ നിരന്തരമായ ഫോണ്‍വിളി വന്നുകൊണ്ടിരുന്നു. മാഷിനോടൊന്നു സംസാരിച്ചേ മതിയാവൂ എന്നു വാശിപിടിക്കുന്നവരോട് ഞാന്‍ പറഞ്ഞു, മാഷ് വോയ്‌സ് റെസ്റ്റിലാണ്. അതു കാരണം മാഷിനു ത്രോട്ട് പ്രോബഌമെന്ന് ഒരഭ്യൂഹം പുറത്തു പരന്നു.
രമേശന്‍നായര്‍ക്കും ബിജുനാരായണനും രമേഷ്‌കുര്യന്‍ തുടങ്ങി വളരെ കുറച്ചുപേര്‍ക്കേ രോഗവിവരം അറിയാമായിരുന്നുള്ളൂ. കുടുംബത്തിലാരോടും പറഞ്ഞില്ല. ത്യാഗരാജന്‍ചേട്ടനോടുപോലും പറയാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. ഹാര്‍ട്ട് ചികിത്സ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിനു ഷോക്കായിത്തീരുമെന്നു പറഞ്ഞാണ് പറയാതിരുന്നത്.
രണ്ടാംഘട്ട ചികിത്സ മാര്‍ച്ച് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. മക്കളുടെ നിരന്തരമായ പ്രേരണയാല്‍ അതു ചെന്നൈയില്‍ അപ്പോളോ ഹോസ്പിറ്റലിലാക്കാമെന്ന് രവിയേട്ടന് സമ്മതിച്ചു. 2005 ഫിബ്രവരി 24 ന് ചെന്നൈയില്‍ വന്നു. എറണാകുളത്തുനിന്നും പുറപ്പെടുന്നതിനു മുന്‍പ് നിബന്ധനകള്‍ പലതും വെച്ചിരുന്നു രവിയേട്ടന്‍. ചെന്നൈയ്ക്ക് ഞാന്‍ വരണമെങ്കില്‍ എനിക്ക് ഒരു വലിയ വീട് വാടകയ്‌ക്കെടുത്തിടണം. നവീനും ഷൈനിയും തനി വീട്ടില്‍, രാജുവും സാജുവും തനി വീട്ടില്‍. അങ്ങനെയായിരുന്നു അവര്‍ താമസം. അവര്‍ ആ രണ്ടു വീടുകളും വിട്ട് രവിയേട്ടനോടൊപ്പം പഴയതുപോലെ ഒന്നിച്ചു താമസിക്കണം. രവിയേട്ടന്റെ എല്ലാ നിബന്ധനകളും മക്കള്‍ അംഗീകരിച്ചു. അച്ഛനിങ്ങു വന്നാല്‍ മതി, എല്ലാം അച്ഛന്‍ പറയുന്നതുപോലെതന്നെ നടക്കും എന്നു വാക്കു കൊടുത്തു.
ചെന്നൈയില്‍ വീടു കിട്ടാന്‍ അത്ര എളുപ്പമല്ല. ഞങ്ങള്‍ വന്നപ്പോള്‍ വീടു കിട്ടിയിരുന്നില്ല. രണ്ടു മക്കളുടെയും വീട്ടില്‍ താമസിക്കാന്‍ രവിയേട്ടന്‍ സമ്മതിച്ചതുമില്ല. വീടു കിട്ടുന്നതുവരെ അശോക് നഗറിലുള്ള ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മൂന്നാംദിവസം വളസരവാക്കം എന്ന സ്ഥലത്ത് തനി വീട് കിട്ടി. 26-ാം തീയതി അവിടെ താമസമായി.
ചികിത്സയ്ക്കു വന്ന ആളാണെന്ന ഒരു ഭാവവുമില്ല രവിയേട്ടന്. എല്ലാം പഴയതുപോലെ. രാവിലേ എഴുന്നേല്‍ക്കും, ചെടികള്‍ നനയ്ക്കും, കാര്‍ തുടയ്ക്കും. പിന്നെ പത്രവും വായിച്ചിരിക്കും. 'രവിയേട്ടാ, ഹോസ്പിറ്റലില്‍ പോകണ്ടേ?' 'ആ, പോകാം' എന്നു പറയുന്നതല്ലാതെ റെഡിയാകലുണ്ടാവില്ല. ബാലുവും നിര്‍ബന്ധിക്കും.
സാജുവിനന്ന് തെലുങ്കുപടത്തില്‍ വര്‍ക്കു നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അവനോടൊപ്പം രാജുവും ഹൈദരബാദിലായിരുന്നു
ഞാനോ ബാലുവോ പറഞ്ഞിട്ട് ഒരുത്സാഹവും കാട്ടാത്തതിനാല്‍ ഞാന്‍ രാജുവിനെ വിവരമറിയിച്ചു. മാര്‍ച്ച് ഒന്നിന് അവന്‍ വന്നു. അച്ഛന്റെ തടസ്സവാദങ്ങളൊന്നും കേള്‍ക്കാന്‍ നിന്നില്ല. വൈകുന്നേരം അപ്പോളോ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.
റിപ്പോര്‍ട്ടൊക്കെ വായിച്ചുനോക്കിയിട്ട് അപ്പോള്‍ത്തന്നെ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു, ഡോക്ടര്‍. എ.സി റൂം വേക്കന്റ് ഇല്ലാത്തതിനാല്‍ അഡ്മിറ്റാകാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. അടുത്ത ദിവസം അഡ്മിറ്റായില്ല. ഒന്നാംതീയതി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ത്തന്നെ ഡോക്ടര്‍ ഞങ്ങളോടും (എന്നോടും രാജുവിനോടും) രോഗത്തിന്റെ സ്വഭാവത്തെപ്പറ്റിയും വളരെ കോമ്പഌക്കേഷന്‍ സ്റ്റേജാണെന്നുമൊക്കെ അറിയിച്ചിരുന്നു. എന്നാല്‍ രവിയേട്ടനെ കണ്ടാല്‍ അസുഖത്തിന്റെ അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
രവിയേട്ടന് അസുഖം ഇത്ര സീരിയസാണെന്ന് ഞങ്ങള്‍ക്കു ബോധ്യം വന്നതുതന്നെ അപ്പോളോയിലെ ചീഫ് ഡോക്ടര്‍ പറഞ്ഞുതന്നപ്പോഴാണ്. ഈസോഫാഗസിനും ട്രക്കിയയിലും ഒരേസമയം ബാധിച്ചിരിക്കുന്ന രോഗം. ഇനി ഹെവി കീമോ കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. രോഗിയെക്കാള്‍ ധൈര്യം വേണ്ടത് കൂടെയുള്ളവര്‍ക്കാണ്. ചികിത്സയ്ക്കു ശേഷമുണ്ടാകുന്ന രോഗിയുടെ ശരീരവ്യതിയാനങ്ങള്‍, മാനസികത്തകര്‍ച്ച എല്ലാം അഭിമുഖീകരിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ അവിടെ ബോധംകെട്ടു വീഴുമെന്നെനിക്കു തോന്നി.
കണ്ടുമുട്ടിയ കാലംമുതല്‍ തന്റേടത്തോടെ തലയുയര്‍ത്തി നടക്കുന്ന രവിയേട്ടനെ മാത്രമേ കാണേണ്ടിവന്നിട്ടുള്ളൂ. ജീവിതത്തിലെത്രയോ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നപ്പോഴും ഏട്ടനങ്ങനെ തളര്‍ന്നിരുന്നിട്ടില്ല. ശരിക്കും ആളുകള്‍ പറയാറുള്ളതുപോലെ ധിക്കാരിയും അഹങ്കാരിയും. ആരുടെ മുന്നിലും തലകുനിക്കാനിഷ്ടപ്പെടാത്ത സ്വഭാവമായിരുന്നു ഇന്നലെവരെയും. നാളെ പല്ലുകൊഴിഞ്ഞ സിംഹത്തിനെപ്പോലെ തളര്‍ന്നവശനായ രവിയേട്ടനെ കാണേണ്ടിവരുമോ? എനിക്കും മോനും ആ ചിന്തതന്നെ സഹിക്കാനായില്ല.
ഡോക്ടര്‍ സമാധാനിപ്പിച്ചു. ഉടനെയല്ല, കുറെശ്ശേക്കുറെശ്ശയായി അങ്ങനെ വരാം.
അപൂര്‍വ്വമായി ചിലര്‍ക്കങ്ങനെ വരാതെയുമിരിക്കാം. ദൈവം പക്ഷേ, അങ്ങനെ ദുരന്തത്തിനു സാക്ഷിയാക്കിയില്ല. അതുകൊണ്ട് ഇന്നും എന്റെ ഓര്‍മ്മയില്‍ തന്റേടിയായ രവിയേട്ടനാണ്.
ഹൈദരബാദിലായിരുന്ന സാജുവിനെ അപ്പോഴപ്പോഴുള്ള വിവരങ്ങളറിയിക്കുന്നുണ്ടായിരുന്നു. മാര്‍ച്ച് രണ്ടിന് രാത്രിയിലും അവനച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞു: 'എനിക്കും അച്ഛന്റെയടുത്തുണ്ടാകണം. ഞാനും പുറപ്പെട്ടുവരാന്‍ പോകുകയാണ്. വര്‍ക്കില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനെനിക്ക് ഒട്ടും സാധിക്കുന്നില്ല.' അച്ഛനവനെ സമാധാനപ്പെടുത്തി. 'അച്ഛന് ഇവരൊക്കെ പറയുന്നതുപോലെ അസുഖമൊന്നുമില്ല മക്കളേ. നീ പണി പൂര്‍ത്തിയാക്കിയിട്ട് സാവകാശം വന്നാല്‍ മതി. അച്ഛനിവിടെത്തന്നെയുണ്ടാകും' എന്നുറപ്പുകൊടുത്തു.
മാര്‍ച്ച് മൂന്ന് പ്രത്യേകതകളൊന്നുമില്ലാത്ത പ്രഭാതംതന്നെയായിരുന്നു. രാവിലെ പതിവുജോലികളെല്ലാം തീര്‍ത്ത് വരാന്തയിലെ ചാരുകസേരയില്‍ രവിയേട്ടന്‍ ചായയും കുടിച്ച് പത്രവും വായിച്ചിരുന്നു. രാജു താഴെ അടുത്തുതന്നെ ഇരുന്നിരുന്നു. പുതിയ വീട്ടില്‍ ചെയ്യേണ്ടുന്ന പരിഷ്‌കാരങ്ങളെപ്പറ്റി അച്ഛനും മകനുംകൂടി ഡിസ്‌കഷനിലായിരുന്നു. വീടിന്റെ തറയ്ക്കും പടിക്കെട്ടിനും വൃത്തി പോരാ, ലിനോലിയം വാങ്ങിയിടണം, നല്ലൊരു നായ്ക്കുട്ടിയെ വാങ്ങിയിടണം. ഇവരുടെ ഈ ചര്‍ച്ച കേട്ടുകൊണ്ടാണ് ഞാനങ്ങോട്ടു ചെന്നത്. ഞാന്‍ പറഞ്ഞു, ഏട്ടന്‍ എന്താ ഇങ്ങനെ കുഞ്ഞുങ്ങളെപ്പോലെ പെരുമാറുന്നത്.
'ആശുപത്രിയില്‍ അഡ്മിറ്റാകാനും ചികിത്സിക്കാനുമാണ് നമ്മളിവിടെ വന്നിരിക്കുന്നത്. ഇത്ര സീരിയസ് എന്നു ഡോക്ടര്‍ പറഞ്ഞിട്ടും ഏട്ടനെന്താ അതിന്റെ ഗൗരവം മനസ്സിലാകാതെ മറ്റു കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എണീറ്റ് വേഗം റെഡിയാക്, ആസ്പത്രിയില്‍ പോകണം.' ഞാന്‍ കര്‍ശനമായി പറഞ്ഞു.
'എന്തിനാ ശോഭേ, എന്നെ ആ ആസ്പത്രിയില്‍ കൊണ്ടുപോയ് കിടത്തണമെന്നു നിനക്കിത്ര നിര്‍ബന്ധം?'
കേട്ടപ്പോള്‍ വല്ലാത്ത സങ്കടം വന്നു. പാവം ഏട്ടന്. ഹോസ്പിറ്റല്‍ എന്നു കേട്ടാലേ അലര്‍ജിയായിരുന്നു ഏട്ടന്. എങ്കിലും അവിടുന്നേഴുന്നേല്‍പ്പിച്ച് കുളിക്കാന്‍ പറഞ്ഞയച്ചിട്ട് ഞാനടുക്കളയിലേക്കു കയറി.
പതിനൊന്നു മണിയായിക്കാണും. ഷേവു ചെയ്ത് കുളിച്ച് കുട്ടപ്പനായി പടിക്കെട്ടിനു മുകളില്‍ കൈവരിയില്‍ പിടിച്ചുകൊണ്ട് ഡൈനിങ് ടേബിളില്‍ കാപ്പിയെടുത്ത് വെച്ചുകൊണ്ടിരുന്ന എന്നെ നോക്കിനിന്നു. ആ നോട്ടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ? അറിയില്ല. ഞാന്‍ ശരിക്കും ശ്രദ്ധിച്ചില്ല.
താഴെ വന്നിട്ട് പറഞ്ഞു: 'നമുക്ക് വൈകുന്നേരം പോകാം അപ്പോളോയില്‍. ഇപ്പോള്‍ വിജയ ഹോസ്പിറ്റലില്‍ പോയി ഇന്നലെ ടെസ്റ്റിനു കൊടുത്തിരുന്നതിന്റെ റിസല്‍ട്ട് വാങ്ങി വരാം.' ശരി, ഞാന്‍ സമ്മതിച്ചു.
ഞാനും രവിയേട്ടനും രാജുവും നവീനുംകൂടിയാണ് ഹോസ്പിറ്റലില്‍ പോയത്. നവീനായിരുന്നു കാറോടിച്ചിരുന്നത്. റിപ്പോര്‍ട്ടു വാങ്ങാന്‍ ഹോസ്പിറ്റലിലെ റിസപ്ഷനില്‍ കാത്തിരിക്കുമ്പോള്‍ രവിയേട്ടനെന്നോടു ചോദിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ദ്രവരൂപത്തിലുള്ള ഭക്ഷണമായിരുന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം കൊടുത്തിരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്: 'അല്ല ശോഭേ, എനിക്കിനി നല്ല ആഹാരം കഴിക്കാനേ പറ്റില്ലേ. എന്നുമിങ്ങനെ വേണോ?' ഇത്രയും പരിതാപമായിട്ടൊരു ചോദ്യം മുന്‍പ് കേട്ടിട്ടില്ല രവിയേട്ടനില്‍നിന്ന്. 'അങ്ങനൊന്നുമില്ല, സുഖമായാലുടന്‍ പഴയതു പോലെ എല്ലാം കഴിക്കാം.' ഞാന്‍ സമാധാനിപ്പിച്ചു. രവിയേട്ടനെന്നും ഭയന്നിരുന്നത് ഇതിനെയാണ്. എന്തെങ്കിലും അസുഖം വന്ന് രുചിയുള്ള ഭക്ഷണം കഴിക്കാതായി പോകുമോയെന്ന്.
മാര്‍ച്ച് ഒന്നിന് ഹോസ്പിറ്റലില്‍ പോകുന്നതിന് ഒരു ദിവസം മുന്‍പ് നവീനോടു പറഞ്ഞു: 'അച്ഛനു മീന്‍കറി വേണം.' 'അയ്യോ കഴിക്കാന്‍ പാടില്ല' എന്നു ഞാന്‍ പറഞ്ഞതു വകവെക്കാതെ മോന്‍ 'കുമരകം' എന്ന കേരളാഹോട്ടലില്‍ നിന്ന് കരിമീന്‍ കറിവെച്ചത് വാങ്ങിക്കൊണ്ടു കൊടുത്തു. ആര്‍ത്തിയോടെ രുചിച്ചു കഴിച്ചു. എന്തായാലും ആഗ്രഹിച്ച ഭക്ഷണം കഴിക്കാനായല്ലോ എന്നു ഞാന്‍ പിന്നീട് സമാധാനിച്ചു.
ഹോസ്പിറ്റലില്‍നിന്നും മടങ്ങുംവഴി കോദണ്ഡപാണി സ്റ്റുഡിയോയുടെ അടുത്തെത്തിയപ്പോള്‍ അവിടെയൊന്നു കയറിയിട്ടു പോകാം എന്നു പറഞ്ഞു രവിയേട്ടന്‍. നവീന്‍ കാര്‍ സ്റ്റുഡിയോയ്ക്ക് വിട്ടു. രവിയേട്ടന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വര്‍ക്ക് ചെയ്തത് ഈ സ്റ്റുഡിയോയില്‍വെച്ചാണ്. രവിയേട്ടനെ കണ്ടതും സ്റ്റാഫുകളെല്ലാം ഓടിവന്നു. ചെന്നൈ വിട്ടു കേരളത്തിലേക്കു പോയതിന് പരിഭവം പറഞ്ഞു. ഞാന്‍ തിരിച്ച് ഇവിടേക്കുതന്നെ വന്നു. ഇനി കേരളത്തിലേക്കു പോകുന്നില്ല എന്നു രവിയേട്ടന്‍ പറഞ്ഞതു കേട്ട് അവരെല്ലാം സന്തോഷിച്ചു. എസ്.പി. ബാലസുബ്രഹ്മണ്യം അവിടെയുണ്ടായിരുന്നു. മുകളിലത്തെ മുറിയില്‍ പോയി അദ്ദേഹത്തെയും കണ്ടു.
രവിയേട്ടനെ കണ്ടതും, എസ്.പി.ബി. വളരെ സന്തോഷിച്ചു. 'രവി, നീ ഇവിടംവിട്ടു പോകേണ്ടായിരുന്നു' എന്നദ്ദേഹം പറഞ്ഞു. തിരിച്ച് ഇവിടെ വന്നുവെന്നറിഞ്ഞതില്‍ 'വളരെ നന്നായി' എന്നഭിപ്രായം പറഞ്ഞു അദ്ദേഹം. അര മണിക്കൂറോളം ഓരോന്നു സംസാരിച്ചിരുന്ന് ഞങ്ങളിറങ്ങി. താന്‍ അമേരിക്കയില്‍ പോകുകയാണ്, വന്നിട്ടു കാണാം എന്നു പറഞ്ഞു എസ്.പി.ബി. വീട്ടിലെത്തിയപ്പോള്‍ രണ്ടു മണി. നവീന് റിക്കോര്‍ഡിങ്ങുണ്ടായിരുന്നു. വൈകുന്നേരം വരാമെന്നു പറഞ്ഞ് കാറുമെടുത്ത് അവന്‍ പോയി.
'ശോഭേ, എനിക്കു വിശക്കുന്നു.' രവിയേട്ടന്‍ പറഞ്ഞതു കേട്ട് വസ്ത്രംപോലും മാറാന്‍ നില്ക്കാതെ ഞാനടുക്കളയില്‍ കയറി. ഹാളില്‍ രവിയേട്ടനും രാജുവും സംസാരിച്ചിരുന്നു.
ഗ്യാസ് കത്തിച്ച് വെള്ളം അടുപ്പില്‍ വെച്ച് ഓട്‌സ് കാച്ചിക്കൊടുക്കാമെന്നു കരുതി അതെടുത്ത് വെള്ളത്തിലേക്കിട്ടതേയുള്ളൂ. 'ശോഭേ' എന്നു വിളി കേട്ട് ഞാനടുക്കളയില്‍നിന്നും പുറത്തേക്കു വരുന്നതിനു മുന്‍പ് ഏട്ടന്‍ അടുക്കളയിലേക്ക് വന്നു. കൈ നെഞ്ചില്‍ തൊട്ടുകാണിച്ചു; ശ്വാസമെടുക്കാനാകുന്നില്ല. രവിയേട്ടന്റെ മുഖം വിളറിയിരുന്നു. പൂജാമുറിയില്‍നിന്നും തുളസീതീര്‍ത്ഥം കൈയിലിറ്റിച്ചുകൊടുത്തു ഞാന്‍. അത് വായ്ക്കുള്ളിലെത്തിയോയെന്നറിയില്ല.
'രാജൂ, ബാലുവിനെ വിളി.' ഞാനലറിക്കരഞ്ഞു. ഊരിയിട്ടിരുന്ന ജുബ്ബ ഏട്ടനെടുത്തിട്ടു വാതിലിനടുത്തേക്ക് നടന്നു. പക്ഷേ, വാതില്‍ കടക്കാനായില്ല. ശരീരം കുഴഞ്ഞ് എന്നെ ചായ്ച്ചുകൊണ്ട് ഏട്ടന്‍ ഊര്‍ന്നുവീണു. ഞാനുറക്കെ വിളിച്ചു. ഹൃദയം പൊട്ടിപ്പോകുന്ന തരത്തിലുറക്കെ വിളിച്ചു. രാജു വിളിച്ചു. ആരുടെ വിളിയും ഏട്ടന്‍ കേട്ടില്ല. അപ്പോഴത്തെ അവസ്ഥ വിവരിക്കാനാവില്ല.
ബാലു പാഞ്ഞെത്തി. അച്ഛനെ മക്കളെടുത്ത് കാറില്‍ കിടത്തി. തല രാജു
വിന്റെ മടിയിലും കാലുകള്‍ എന്റെ മടിയിലും. ശ്വാസം വിടാതെ കിടക്കുന്നുവെന്നേ തോന്നിയുള്ളൂ. ബാലു കാര്‍ പറത്തിവിട്ടു. ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്ക്. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല.
ഒരു നിമിഷത്തില്‍ ഒരാള്‍ക്കു മരണം സംഭവിക്കുമോ? ഞാനിതിനു മുന്‍പൊരിക്കലും മരണം കണ്ടിട്ടുണ്ടായിരുന്നില്ല. മരണം എനിക്ക് ഭയമായിരുന്നു. മരണം സംഭവിച്ച വീടുകളില്‍പ്പോലും ഞാനൊരിക്കലും പോയിട്ടില്ല. അതുകൊണ്ടാണ് മരണം എന്നെത്തേടി എന്റെ വീട്ടിലേക്ക് വന്നത്.
തലയ്‌ക്കൊരു മന്ദതയായിരുന്നു. ഞാനൊന്നുമറിഞ്ഞില്ല. എന്റെ മുന്നില്‍ ധാരാളം നിഴലുകള്‍ ചലിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുറിച്ചിരുന്നിട്ടും ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. രവിയേട്ടന് മരണമോ? ഞാനൊരിക്കലും ചിന്തിച്ചുനോക്കിയിരുന്നില്ല.
ആദ്യത്തെ ഒന്നുരണ്ടാഴ്ചകള്‍ എനിക്ക് ദുഃഖം തോന്നിയതേയില്ല. ഞാന്‍ ആഹാരം കഴിച്ചു; ഉറങ്ങി; വര്‍ത്തമാനം പറഞ്ഞു; ചിലപ്പോള്‍ ചിരിക്കുകകൂടി ചെയ്തു. രവിയേട്ടനെവിടെയോ കമ്പോസിങ്ങിനു പോയിരിക്കുന്നതുപോലെ. ദിവസവും നൂറു തവണ കേള്‍ക്കുന്ന ശോഭേവിളി കേള്‍ക്കാതെ, ഫോണിലൂടെയും അതു കേള്‍ക്കാതായപ്പോള്‍ മെല്ലെമെല്ലെ എന്റെ മസ്തിഷ്‌കത്തിലേക്ക് യാഥാര്‍ത്ഥ്യം തുളച്ചിറങ്ങി. എന്തൊക്കെയാണ് പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയതെന്ന് എനിക്കറിയില്ല. അനുഭവിച്ചവര്‍ക്കു മാത്രമേ ആ ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകൂ.
(രവീന്ദ്രസംഗീതം: കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment