Thursday, March 13, 2014

മഞ്ഞ് പൂക്കുന്ന താഴ്‌വര...

ശ്രീനഗര്‍ -തോക്കുകള്‍ക്കും തോല്‍പ്പിക്കാനാവാത്ത
സ്വര്‍ഗീയസൗന്ദര്യം


Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ കവാടത്തിലെ ബോര്‍ഡ് കണ്ണില്‍പ്പെട്ടു. ഭൂമിയിലെ സ്വര്‍ഗത്തിലേയ്ക്കു സ്വാഗതം. നേരത്തെ ഫോണ്‍ ചെയ്തു പറഞ്ഞതു പ്രകാരം പ്ലക്കാര്‍ഡുമായി അബ്ദുളള കാത്തു നിന്നിരുന്നു. ടാറ്റാ സുമോയില്‍ ശ്രീനഗര്‍ നഗരത്തിലൂടെ ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍, വഴിയോരക്കാഴ്ചകളുടെ വിവരണങ്ങള്‍ ലഘുവായ ഇംഗ്ലീഷില്‍ അബ്ദുള്ള പറഞ്ഞുകൊണ്ടിരുന്നു. പ്രശസ്തമായ ദാല്‍ തടാകത്തിന്റെ തീരത്താണ് താമസിക്കേണ്ട ഹോട്ടല്‍ അക്ബര്‍. വിമാനത്താവളത്തില്‍നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ ദൂരം.

ഹോട്ടലില്‍ ഉടമസ്ഥന്‍ സഫര്‍ഖാന്‍ കാത്തുനില്പുണ്ടായിരുന്നു. സഹായത്തിനായി മാനേജര്‍ ഹാറൂണ്‍ അല്‍ റഷീദിനെ പരിചയപ്പെടുത്തിത്തന്നു. ഷേക്ക്ഹാന്‍ഡിനായി കൈനീട്ടിയപ്പോള്‍ 'ഒന്നും പേടിക്കേണ്ട സാര്‍, എന്തു സഹായം വേണമെങ്കിലും തരാം' പച്ച മലയാളത്തിലുള്ള മറുപടി. ഹാറൂണ്‍ കുറച്ചുനാള്‍ മൂന്നാറിലാണ് പഠിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണന്‍ ദേവന്‍ തേയില ഫാക്ടറിയിലെ മാനേജരായിരുന്നു.

മഞ്ഞ് പൊതിഞ്ഞ കാശ്മീര്‍ മനോഹര കാഴ്ചതന്നെയാണ്. ഇളംവെയിലില്‍ മഞ്ഞിന്‍കുന്നുകള്‍ക്ക് വെള്ളി തിളക്കം. നല്ല തണുപ്പും. ഗുല്‍മാര്‍ഗ്ഗിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതും ഇതുതന്നെ. ശ്രീനഗറില്‍നിന്നും 54 കിലോമീറ്ററുണ്ട് ഗുല്‍മാര്‍ഗ്ഗിലേക്ക്. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 13,500 അടി ഉയരം. റോപ്‌വേയാണ് ഇവിടെ എത്താനുള്ള മാര്‍ഗ്ഗം. ഇതുകൂടാതെ കുറച്ചു ദൂരം കുതിരപ്പുറത്തും യാത്ര ചെയ്യാം. 72 ക്യാബിനുള്ള ആറു പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഡോലകളിലാണ് യാത്ര. രണ്ട് ഘട്ടമായാണ് മലമുകളിലെത്തുക.

Dal Lake, Srinagar, Jammu and Kashmirഗുല്‍മാര്‍ഗ്ഗിലെ മഞ്ഞുമലകളില്‍ വിവിധ രീതിയിലുള്ള വിനോദോപാധികളുണ്ട്. സ്‌കേറ്റിങ് തന്നെ വിവിധതരം. അതിനാവശ്യമായ സാമഗ്രികള്‍ ചെറിയ വാടകയ്ക്ക് ഇവിടെ കിട്ടും. കുടുംബവുമായി എത്തുന്നവരാണ് ഏറെയും. കാശ്മീര്‍ എന്നും പ്രത്യേകിച്ച് ശ്രീനഗര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് ഗ്രനേഡുകളുടെയും, ബോംബുകളുടേയും ഞെട്ടിപ്പിക്കുന്ന ശബ്ദങ്ങളും ചോര മണക്കുന്ന കാഴ്ചകളുമാണ്. ''ശരിയാണ്, ഏതാനും നാളുകള്‍ക്കുമുമ്പുവരെ കാശ്മീര്‍ ഇങ്ങനെയായിരുന്നു''- ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന മെഹബൂബ് പറഞ്ഞു. 'എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി, ചെറിയ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ, അതെല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു കാട്ടുന്നു. അങ്ങനെ ഈ നാടു കാണാന്‍ വരുന്നവരെ അകറ്റുന്നു. പ്ലീസ്, നിങ്ങളെങ്കിലും അതു ചെയ്യരുത്. നാട്ടില്‍ച്ചെന്ന് ഞങ്ങളുടെ നാടിനെക്കുറിച്ച് നല്ലതു പറയുക, ഞങ്ങള്‍ക്കും ജീവിക്കണം.' മെഹബൂബിന്റെ വാക്കുകളില്‍ ദൈന്യതയും, കണ്ണുകളില്‍ രോഷവും. ശരിയാണ്, കാശ്മീര്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. കുഴപ്പങ്ങള്‍ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ കാശ്മീരികള്‍ ഏറെ ശ്രമിക്കുന്നു.

പ്രവാചകന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഹസ്രത്ത്ബാല്‍ പള്ളി ഇവിടെയാണ്. ഹസ്രത്ത്ബാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നാണ്. ശ്രീനഗറില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍. ഓട്ടോയ്ക്ക് 100 രൂപ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30ന് ജുമാ നമസ്‌കാരത്തിരക്ക് കൂടുന്നതിനാല്‍ പള്ളിമുറ്റത്തെ പന്തലിലും പുല്‍ത്തകിടിയിലും വിശ്വാസികള്‍ നമസ്‌കാരം നടത്തും. ശ്രീനഗറിലെ ഒട്ടുമിക്ക കടകളും വാഹനഗതാഗതവും ഈ സമയം നിലയ്ക്കും. എല്ലാ വഴികളും ഹസ്രത്ത്ബാലിലേയ്ക്കാകും. പള്ളി സുരക്ഷിതമേഖലയായതിനാല്‍ പട്ടാളത്തിന്റെ കര്‍ശനമായ പരിശോധനയുണ്ട്.

Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ നഗരം അറിയപ്പെടുന്നത് 'ദാല്‍ തടാകത്തിന്റെ നഗരം' എന്നാണ്. ഏകദേശം 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തടാകം കാശ്മീരിന്റെ സ്വര്‍ഗീയ സൗന്ദര്യത്തിന്റെ പ്രതീകമാണ്. ആറര കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍ വീതിയുമുള്ള തടാകത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ് തന്നെ. 'ശിക്കാര' എന്നറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളത്തിലാണ് യാത്ര. ചെറുശിക്കാരകളില്‍ കെട്ടിപ്പുണര്‍ന്നു മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍. മുട്ടിയുരുമ്മി കിടക്കുന്ന ഹൗസ് ബോട്ടുകളുടെ നീണ്ടവര്‍ണ്ണ നിര.

ദാല്‍ തടകത്തിലെ 'ഫ്‌ളോട്ടിങ് മാര്‍ക്കറ്റ്' വേറിട്ട കൗതുകകാഴ്ച്ചയാണ്. ചെറുവള്ളങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, ഷാള്‍, കാര്‍പ്പറ്റ്, ജ്വല്ലറി, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങി എന്തും കിട്ടും.

ശ്രീനഗറിലെത്തുന്ന ആരും തന്നെ മുഗള്‍ ഗാര്‍ഡന്‍സ് കാണാതെ മടങ്ങുകയില്ല. ഷാലിമാര്‍, നിഷാത് ബാഗ്, ചെഷ്മഷായ് എന്നീ മൂന്ന് പൂന്തോട്ടങ്ങളുടെ സംഗമമാണ് മുഗള്‍ ഗാര്‍ഡന്‍സ്. തന്റെ പ്രിയതമ നൂര്‍ജഹാനോടുള്ള മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പ്രണയത്തിന്റെ സ്മാരകമാണ് ഷാലിമാര്‍. 1616 ലാണ് ഇത് നിര്‍മ്മിച്ചത്. ശ്രീനഗറില്‍നിന്നും 15 കിലോമീറ്ററാണ് ഷാലിമാറിലേക്ക്. ഇവിടെനിന്ന് ഹസ്രത്ത്ബാല്‍ പള്ളിയുടെ ദൃശ്യം മനോഹരമാണ്.

Dal Lake, Srinagar, Jammu and Kashmirദാല്‍ തടാകത്തോടു ചേര്‍ന്ന് തട്ടുകളായി കിടക്കുന്ന പൂന്തോട്ടമാണ് നിഷാത് ബാഗ്. മലമടക്കുകളുടെ താഴവരയിലാണ് ഈ പൂന്തോട്ടം. കാശ്മീരിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ ഇവിടെ വാടകയ്ക്കു കിട്ടും. 20 രൂപയാണ് നിരക്ക്. ഇതണിഞ്ഞ് ഫോട്ടോയും എടുക്കാം. ചെഷ്മഷായ് ഗാര്‍ഡനിലേക്ക് എട്ടു കിലോമീറ്ററുണ്ട്. നൂര്‍ജഹാന്റെ സഹോദരന്‍ അസഫ്ഖാനാണ് ഇത് നിര്‍മ്മിച്ചത്. അപൂര്‍വ ഇനം ചെടികളും പുഷ്പങ്ങളും നിറഞ്ഞതാണ് മുഗള്‍ ഉദ്യാനങ്ങള്‍. ഇവിടുത്തെ ചെറിയ ചെക്ക് ഡാമുകളിലെ കുളിയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

കാശ്മീരിലെ പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്്. രാത്രിയാകുന്നത് 8 മണിയോടെയും വെളുക്കുന്നത് 5 മണിയോടെയും. ഏതു രാത്രിയിലും സ്ത്രീകള്‍ ഇവിടെ സുരക്ഷിതര്‍.

''രാഷ്ട്രീയക്കാര്‍ നശിപ്പിച്ച നാടാണ് ഞങ്ങളുടേത്. അവര്‍ ഞങ്ങളുടെ നാടിന്റെ പുരോഗതി ഇല്ലാതാക്കി, ഞങ്ങളുടെ കാഴ്ചകളെ മറച്ചു. ഞങ്ങളും ഇന്ത്യക്കാരാണ്, ദേശസ്‌നേഹം ഞങ്ങളുടെ രക്തത്തിലുമുണ്ട്, പക്ഷേ അതുകാണുവാനും മനസ്സിലാക്കാനും ആരുമില്ല. അതാണ് ഞങ്ങളുടെ ദുഃഖവും''.

ശ്രീനഗറില്‍ 20 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ബിസ്മില്ലയുടെ വാക്കുകള്‍.


Text & Photos: T K Pradeep Kumar

No comments: