Friday, April 4, 2014

സ്വരാജ്

ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസ്‌കതിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന ആം ആദ്മി എന്ന പാര്‍ട്ടിയുടെ മാനിഫെസ്റ്റോയാണ് അരവിന്ദ് കെജ്‌രിവാള്‍ രചിച്ച സ്വരാജ്. അരവിന്ദ് കെജ്‌രിവാള്‍ എഴുതുന്നു.

എന്തുകൊണ്ട് സ്വരാജ് എന്ന പുസ്തകം? 
ഞാന്‍ ആദായനികുതി വകുപ്പിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. 1990-കളുടെ അവസാനകാലത്ത് അനവധി ബഹുരാഷ്ട്ര കമ്പനികളില്‍ ആദായനികുതി വകുപ്പ് ഒരു സര്‍വേ നടത്തി. ഇവയില്‍ പല കമ്പനികളും ആദായനികുതിയില്‍ വെട്ടിപ്പു നടത്തിയതായി ഈ സര്‍വേയില്‍നിന്നു തെളിഞ്ഞു. നികുതി അടയ്ക്കാത്ത കുറ്റം അവര്‍ സമ്മതിക്കുകയും നിര്‍ദേശങ്ങളില്ലാതെതന്നെ മുഴുവന്‍ തുകയും അടയ്ക്കുകയും ചെയ്തു. ഈ കമ്പനികള്‍ മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കില്‍ അവയുടെ മേലധികാരികള്‍ ജയിലഴികള്‍ക്കുള്ളിലാകുമായിരുന്നു. അത്തരത്തില്‍ റെയ്ഡ് നടന്ന ഒരു കമ്പനിയുടെ വിദേശിയായ തലവന്‍ ആദായനികുതി വകുപ്പില്‍നിന്നുള്ള സംഘത്തെ ഭീഷണിപ്പെടുത്തുവാന്‍ മുതിര്‍ന്നു, 'ഇന്ത്യ വളരെ ദരിദ്രമായൊരു രാജ്യമാണ്. ഞങ്ങള്‍ ഇവിടെ വന്നത് നിങ്ങളെ സഹായിക്കുന്നതിനാണ്. പക്ഷേ ഇതുപോലെ ശല്യപ്പെടുത്തുകയാണു നിങ്ങള്‍ ചെയ്യുന്നതെങ്കില്‍, ഞങ്ങള്‍ ഇവിടം ഉപേക്ഷിച്ചുപോകും. ഞങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയില്ല. ആവശ്യമെങ്കില്‍ നിങ്ങളുടെ പാര്‍ലമെന്റില്‍ നിയമങ്ങള്‍ പാസാക്കിയെടുക്കുവാനും ഞങ്ങള്‍ക്കു കഴിയും. നിങ്ങളെ സ്ഥലം മാറ്റുവാനും ഞങ്ങള്‍ക്കു കഴിയുമെന്നു മനസ്സിലാക്കുക.' ഈ സംഭവം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങളുടെ ടീമിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലം മാറ്റപ്പെട്ടു.

വിദേശിയായ ആ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ക്ക് അന്ന് ഞാന്‍ കൂടുതല്‍ വില കൊടുത്തില്ല. ഇന്‍കം ടാക്‌സ് സര്‍വേ മൂലമുണ്ടായ അസ്വസ്ഥതയില്‍ പറഞ്ഞതാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, കഴിഞ്ഞ ചില വര്‍ഷങ്ങളിലുണ്ടായ സംഭവങ്ങള്‍, അയാളുടെ വാക്കുകളിലെ സത്യം വിശ്വസിക്കുവാന്‍ എനിക്കു പ്രേരകമായി. ഞാനിപ്പോള്‍ സ്വയം ചോദിക്കുന്നു, 'യഥാര്‍ഥത്തില്‍ വിദേശശക്തികള്‍ നമ്മുടെ പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നുണ്ടോ?'

ഞാനൊരുദാഹരണം പറയാം, 2008-ല്‍ യു. പി. എ. സര്‍ക്കാറിനു ലോക്‌സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്നു. എം. പിമാരെ വിലയ്ക്കു വാങ്ങുന്ന നടപടികള്‍ നടക്കുന്നുണ്ടെന്ന കേട്ടുകേള്‍വി പ്രചരിച്ചിരുന്നു. ചില അംഗങ്ങള്‍ കുതിരക്കച്ചവടം ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ പല ടിവി ചാനലുകളും പ്രദര്‍ശിപ്പിച്ചു. ആ ദൃശ്യങ്ങള്‍ രാജ്യത്തെ ശക്തമായി ഉലയ്ക്കുന്നവയായിരുന്നു. ഇങ്ങനെ എം.പിമാരെ വിലയ്ക്കു വാങ്ങാനാവുമെങ്കില്‍ ജനങ്ങളുടെ വോട്ടിന്റെ വിലയെന്താണ്? നാളെ അമേരിക്കയ്‌ക്കോ പാകിസ്താനോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിനോ അവരെ വിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞേക്കും. അതിപ്പോള്‍ത്തന്നെ സംഭവിക്കുന്നുമുണ്ടാകാം.ആര്‍ക്കറിയാം? ആ ചിന്ത എന്നെ നടുക്കി.' നാം ഒരു സ്വതന്ത്രരാജ്യത്തെ പൗരന്‍മാരാണോ? ജനങ്ങളുടെ അഭിവൃദ്ധിക്കായുള്ള നിയമങ്ങള്‍ നടപ്പാക്കുവാന്‍ നമ്മുടെ പാര്‍ലമെന്റിനു കഴിയുമോ? '

ന്യൂക്ലിയര്‍ ഡാമേജ് ബില്ലിലെ സിവില്‍ ലയബിലിറ്റി ആക്റ്റിനെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചപ്പോള്‍ എന്റെ ഭയപ്പാടുകള്‍ സത്യമാകുന്നതായി ഞാന്‍ മനസ്സിലാക്കി. ഏതെങ്കിലുമൊരു വിദേശകമ്പനിക്ക് ഇന്ത്യയില്‍ ആണവനിലയം സ്ഥാപിക്കണമെങ്കില്‍, അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളുണ്ടായാല്‍ അവര്‍ നല്‌കേണ്ട നഷ്ടപരിഹാരം 1500 കോടിയായി ആ നിയമത്തില്‍ പരിമിതപ്പെടുത്തിയിരുന്നു. എത്ര ഭോപ്പാല്‍ ദുരന്തങ്ങള്‍ക്കു തുല്യമാണ് ഒറ്റ ആണവദുരന്തം? അതുപോലെ, അപകടത്തിന്റെ പേരില്‍ കമ്പനികള്‍ക്കെതിരായി യാതൊരു കുറ്റവും ചുമത്തപ്പെടുവാന്‍ ആകില്ലെന്നും ആര്‍ക്കും പരാതിപ്പെടാനാകില്ലെന്നും ആ നിയമത്തില്‍ പറയുന്നു. 1500 കോടിയില്‍ കമ്പനിയുടെ ബാധ്യതകള്‍ അവസാനിക്കുന്നു.

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ വെറും ചില്ലിക്കാശിനു വില്ക്കപ്പെടുന്നുവെന്ന തോന്നലാണ് ഈ നിയമം എന്നിലുണ്ടാക്കിയത്. രാജ്യത്തെ ജനജീവിതത്തെ നിസ്സാരവത്കരിച്ചുകൊണ്ട്, വിദേശകമ്പനികള്‍ക്ക് അനുകൂലമായാണ് ഇതു നിര്‍മിക്കപ്പെട്ടതെന്നുള്ളത് വ്യക്തമായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പാര്‍ലമെന്റ് ഇങ്ങനെ ചെയ്യുന്നത്? ഒന്നുകില്‍ നമ്മുടെ ലോക്‌സഭാംഗങ്ങളുടെ മേല്‍ സമ്മര്‍ദമുണ്ടാകണം, അല്ലെങ്കില്‍ വിദേശകമ്പനികള്‍ നമ്മുടെ ചില എം.പിമാരെ വിലയ്‌ക്കെടുത്തിട്ടുണ്ടായിരിക്കണം.

ഭോപ്പാല്‍ വാതകദുരന്തത്തില്‍ കോടതിവിധി വന്നതിനു ശേഷം, നമ്മുടെ രാജ്യത്തെ മുതിര്‍ന്ന നേതാക്കളും രാഷ്ട്രീയക്കാരും ഭോപ്പാലിലെ ജനങ്ങളുടെ ഘാതകരെ രാജ്യത്തുനിന്നു രക്ഷപ്പെടുവാന്‍ സഹായിച്ചതെങ്ങനെയെന്നുള്ള കഥകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഒപ്പം അവരെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനെപ്പറ്റിയും.

ഈ സംഭവങ്ങള്‍ എന്റെ മനസ്സില്‍ പല ചോദ്യങ്ങളും ഉയര്‍ത്തി. ഇന്ത്യ സുരക്ഷിതമായ കരങ്ങളിലാണോ? ഇത്തരം ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈകളില്‍ നമ്മുടെ ജീവിതവും ഭാവിയും വിശ്വസിച്ച് ഏല്പിച്ചു കൊടുക്കുവാന്‍ കഴിയുമോ?

വിദേശ സര്‍ക്കാറുകളും വിദേശകമ്പനികളും മാത്രമല്ല നമ്മുടെ ഗവണ്‍മെന്റിനുമേല്‍ സ്വാധീനം ചെലുത്തുന്നത്. ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പണത്തിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ മടിക്കാത്തവരാണ്. ചില മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രബലരായ വ്യാവസായികശക്തികളുടെ കൈയിലെ പാവകള്‍ മാത്രമാണ്. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയല്ല, ചില വ്യാവസായികശക്തികളാണെന്ന് അടുത്തയിടെ ഉണ്ടായ ചില ഫോണ്‍ ചോര്‍ത്തല്‍ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. പല സംസ്ഥാനങ്ങളുടെയും പല മന്ത്രികാര്യാലയങ്ങളുടെയും ഭരണം നടത്തുന്നത് ഇത്തരം ശക്തികളാണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

ഒരു പ്രധാന വ്യവസായി, ഒരു സ്വകാര്യ സര്‍വകലാശാല രൂപീകരിക്കുവാന്‍ പദ്ധതിയിടുന്നുവെന്ന് കുറച്ചുകാലം മുന്‍പ് ഒരു വര്‍ത്തമാനപത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. അദ്ദേഹമതിനായി മഹാരാഷ്ട്രയിലെ ഒരു മന്ത്രിയെ കണ്ടിരുന്നു. ആ മന്ത്രിയാകട്ടെ, വ്യവസായിയെ സഹായിക്കുന്നതിനായി നിയമസഭയില്‍ ഒരു സ്വകാര്യ സര്‍വകലാശാലാ നിയമം അവതരിപ്പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വ്യവസായികളുടെ താത്പര്യാര്‍ഥം നിയമ നിര്‍മാണം നടത്തുവാന്‍ നമ്മുടെ നിയമസഭകള്‍ എന്നും തയ്യാറാണ്.

നമ്മുടെ ഖനികള്‍ ഇത്തരം വ്യവസായികള്‍ക്കനുവദിച്ചു കൊടുക്കുന്നത് തുച്ഛമായ തുകയ്ക്കാണ്. ഉദാഹരണമായി, ഇരുമ്പുഖനികള്‍ അനുവദിക്കപ്പെടുന്ന കമ്പനികള്‍ ഗവണ്മെന്റിനു കൊടുക്കേണ്ട റോയല്‍റ്റി ഒരു ടണ്ണിന് 27 രൂപ എന്ന കണക്കിലാണ്. എന്നാല്‍ ഈ കമ്പനികള്‍ ഖനനം ചെയ്‌തെടുക്കുന്ന ഇരുമ്പയിര് വില്ക്കുന്നത് ഒരു ടണ്ണിന് 6000 രൂപ എന്ന തോതിലാണ്. (ഖനനത്തിന്റെയും അയിരു വൃത്തിയാക്കുന്നതിന്റെയും കൂടിയുള്ള ചെലവ് 300 രൂപ / ടണ്‍ ആണ്) രാജ്യത്തിന്റെ വിഭവങ്ങളെ നേരിട്ടു കൊള്ളയടിക്കുന്ന ഒരു മാര്‍ഗമല്ലേ ഇത്?

ഇതേപോലെ നദികളും വനങ്ങളും ചില്ലറപ്പണത്തിനു വില്ക്കപ്പെടുന്നു. ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത്, തുച്ഛമായ വിലയ്ക്ക് വന്‍ കമ്പനികള്‍ക്കു വില്ക്കുന്നു. നമ്മുടെ പ്രകൃതി വിഭവങ്ങളും രാജ്യത്തിന്റെ സമ്പത്തും എല്ലാം, ഈ കമ്പനികളുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈയില്‍ അപകടത്തില്‍ത്തന്നെയാണുള്ളത്. നാം എന്തെങ്കിലും അതിവേഗം ചെയ്തില്ലെങ്കില്‍ അവര്‍ ഓരോന്നും വിറ്റഴിക്കും.

ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ റിപ്പബ്ലിക്കും ഇന്ത്യന്‍ രാഷ്ട്രീയവും ആപദ്ഘട്ടത്തിലാണ്. ഏതു പാര്‍ട്ടിക്ക് അല്ലെങ്കില്‍ ഏതു നേതാവിന് നിങ്ങള്‍ വോട്ടു ചെയ്യുന്നുവെന്നത് കാര്യങ്ങളെ വ്യത്യസ്തമാക്കുന്നില്ല. അവരെല്ലാംതന്നെ ഒരുപോലെയെന്നതാണനുഭവം.

കഴിഞ്ഞ അറുപതു വര്‍ഷങ്ങളില്‍ നാം ഓരോ രാഷ്ട്രീയ കക്ഷിയെയും ഓരോ നേതാവിനെയും പരീക്ഷിച്ചു കഴിഞ്ഞതാണ്. പക്ഷേ ഒരു പുരോഗമനവുമുണ്ടായില്ല. ഒരു കാര്യം വളരെ വ്യക്തമാണ്; പാര്‍ട്ടികളോ നേതാക്കളോ മാറുന്നതില്‍ യാതൊരര്‍ഥവുമില്ല. നമുക്ക് എന്തെങ്കിലും ചെയ്‌തേ പറ്റൂ.

ഞങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പരിവര്‍ത്തന്‍ എന്ന സംഘടനയിലൂടെ പല പ്രശ്‌നങ്ങളുടെയും പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. റേഷന്‍, ജലത്തിന്റെ സ്വകാര്യവത്കരണം, വികസനപ്രവര്‍ത്തനങ്ങളിലെ അഴിമതി എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. വിജയമുഹൂര്‍ത്തങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ വിജയങ്ങള്‍ നൈമിഷികവും മിഥ്യയുമാണെന്ന് ഞങ്ങള്‍ പെട്ടെന്നുതന്നെ മനസ്സിലാക്കി.

ഞങ്ങള്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുപോലെ തോന്നുമെങ്കിലും അതു കഴിയുമ്പോള്‍ പ്രശ്‌നം കൂടുതല്‍ മോശമാകുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. എങ്ങനെ, എന്തു ചെയ്യണമെന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ നിസ്സഹായരാകുന്നതായി അനുഭവപ്പെട്ടു. ഈ പ്രശ്‌നങ്ങളുടെയെല്ലാം വേരുകള്‍ രാഷ്ട്രീയത്തിലാണെന്ന് സാവധാനം ഞങ്ങള്‍ തിരിച്ചറിഞ്ഞു. കാരണം, പല മന്ത്രിമാരും അഴിമതിക്കാരുടെയും കുറ്റവാളികളുടെയും കൂട്ടുകച്ചവടക്കാരാണ്. എന്തു സംഭവിച്ചാലും ജനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഉദാഹരണത്തിന് നമുക്ക് റേഷന്റെ കാര്യമെടുക്കാം. പാവപ്പെട്ടവര്‍ക്കുള്ള റേഷനില്‍നിന്ന് ആരെങ്കിലും കൊള്ളയടിച്ചാല്‍ നമുക്ക് ഭക്ഷ്യവകുപ്പുദ്യോഗസ്ഥനോടോ വകുപ്പുമന്ത്രിയോടോ പരാതിപ്പെടാം. പക്ഷേ അവരും കൊള്ളയില്‍ പങ്കാളികളാണ്. ഈ കൊള്ളയിലെ ലാഭത്തിന്റെ ഒരു വിഹിതം അവരിലേക്കുമെത്തുന്നു. അവരോടു പരാതിപ്പെടുന്നതുകൊണ്ട് എന്തു നീതിയാണ് നമുക്കു പ്രതീക്ഷിക്കുവാന്‍ കഴിയുന്നത്? മാധ്യമങ്ങള്‍ ഏതെങ്കിലും രീതിയില്‍ സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ ചില റേഷന്‍ കടകള്‍ അടച്ചുകൊണ്ട് ജനങ്ങളുടെ വായടപ്പിക്കും. പക്ഷേ ആ സമ്മര്‍ദം അവസാനിക്കുമ്പോള്‍ കൈക്കൂലിയിലൂടെ അടച്ച കടകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

ഈ അസംബന്ധനാടകങ്ങളില്‍ ജനങ്ങള്‍ക്ക് യാതൊരു സ്വാധീനവുമില്ല. കള്ളന്‍മാരോടുതന്നെ അവര്‍ക്കെതിരെ സ്വയം നടപടിയെടുക്കുവാന്‍ ആവശ്യപ്പെടാമെന്നല്ലാതെ.

അതിനാല്‍ അഴിമതിക്കാര്‍ക്കെതിരെ പരാതിപ്പെടാനുള്ള അവസരമല്ല ആവശ്യം , അവരെ ശിക്ഷിക്കുവാനുള്ള അവകാശമാണ് വേണ്ടത്. ജനാധിപത്യത്തിലെ തീരുമാനങ്ങളെടുക്കപ്പെടുന്ന സംവിധാനത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടുള്ള നിയന്ത്രണം വേണമെന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഈ തീരുമാനങ്ങളാണ് പാലിക്കേണ്ടത്.
ഇതു സാധ്യമാണോ? നിയമങ്ങളെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുവാന്‍ 120 കോടി ജനങ്ങളെയും അനുവദിക്കുക എന്നതു സാധ്യമാണോ?

തത്ത്വത്തില്‍, ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. തങ്ങളുടെ പേരില്‍ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം പാര്‍ലമെന്റിനും ഗവണ്‍മെന്റിനും അനുവദിച്ചു നല്കുന്നത് ജനങ്ങളാണ്. എന്നിരുന്നാലും പല പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും ഈ അധികാരം വന്‍തോതില്‍ ദുരുപയോഗം ചെയ്യുകയാണ്. അവര്‍ ജനങ്ങളെയും അവരുടെ സുഖജീവിതത്തെയും തങ്ങളുടെ വ്യക്തിഗതനേട്ടങ്ങള്‍ക്കായി വിറ്റഴിക്കുന്നു. നമ്മുടെ പേരില്‍ തീരുമാനങ്ങളെടുക്കുവാന്‍ നാം കൊടുത്ത അധികാരം അവരില്‍നിന്നും തിരിച്ചെടുക്കേണ്ട സമയമല്ലേ ഇത്? സാധ്യമാണോ ഇത്? അത് കാര്യങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുകയില്ലേ?

ഈ ചോദ്യങ്ങള്‍ക്കുത്തരം തേടി ഞങ്ങള്‍ ദേശവ്യാപകമായി സഞ്ചരിച്ചു, അനവധി ആളുകളോടു സംസാരിച്ചു, വിശദമായ ഗവേഷണങ്ങള്‍ നടത്തി. ഈ ശ്രമങ്ങളില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കിയ വസ്തുതകള്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുകയാണ്. ഇതു വായിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ സന്ദേഹിക്കാതെ ഞങ്ങളെ ബന്ധപ്പെടുക. ഞങ്ങള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ നിങ്ങള്‍ അനുകൂലിക്കുന്നുവെങ്കില്‍ ശരീരവും ആത്മാവും കൊണ്ട് ഈ സംരംഭത്തില്‍ പങ്കാളികളാകുക. പാഴാക്കുവാന്‍ സമയമില്ല. രാജ്യത്തിന്റെ പരമാധികാരവും സമ്പത്തും വളരെ വേഗം വിദേശകമ്പനികളുടെയും സര്‍ക്കാറുകളുടെയും അധീനതയിലാകുകയാണ്. ഉടന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാം ഏറെ വൈകിപ്പോകും.

ജനങ്ങള്‍ക്ക് അഭിപ്രായാവകാശമില്ല 
പ്രശ്‌നങ്ങളുടെ മൂലകാരണം ഇതാണ്; നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയസംവിധാനത്തില്‍, നാം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ടു രേഖപ്പെടുത്തുകയും അങ്ങനെ വോട്ടു ചെയ്ത് നമ്മുടെ പ്രതിനിധികളായി തിരഞ്ഞെടുത്തവരുടെ മുന്‍പില്‍, അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് നമ്മുടെ അവകാശങ്ങള്‍ക്കായി സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്ന രീതിയാണ് നിലനില്ക്കുന്നത്. ഈ സംവിധാനത്തിലൊന്നുംതന്നെ, ജനങ്ങള്‍ക്ക് യാതൊരു അഭിപ്രായസ്വാതന്ത്ര്യവുമില്ല.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണങ്ങളില്ല
ഒരു സന്ദര്‍ഭം സങ്കല്പിക്കുക; നിങ്ങളുടെ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ അധ്യാപകന്‍ വേണ്ടവിധം പഠിപ്പിക്കുന്നില്ല, സമയത്തിനു സ്‌കൂളില്‍ വരുന്നില്ല, അല്ലെങ്കില്‍ സ്‌കൂളില്‍നിന്നും പൂര്‍ണമായും വിട്ടുനില്ക്കുന്നു. ഇതിനെതിരേ നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഇല്ല, നാം നിസ്സഹായരാണിതില്‍. നമ്മള്‍ പരാതിപ്പെടുന്നു, പക്ഷേ, നടപടികളൊന്നും ഉണ്ടാകുന്നില്ല. അതുപോലെ ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍, വേണ്ടവിധം കര്‍ത്തവ്യനിര്‍വഹണം നടത്തുന്നില്ലായെങ്കില്‍ നിങ്ങള്‍ക്കെന്താണു ചെയ്യാന്‍ കഴിയുന്നത്? നിങ്ങള്‍ പരാതിപ്പെട്ടാലും ആരും നടപടിയെടുക്കില്ല.

ന്യായവിലക്കടക്കാരന്‍ സബ്‌സിഡിമൂലം വിലകുറച്ചു കിട്ടിയ ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്ക്കുന്നു. പക്ഷേ, നിങ്ങള്‍ക്കതവസാനിപ്പിക്കുവാന്‍ ആകുന്നില്ല. പരാതിപ്പെട്ടാലും ഒന്നും സംഭവിക്കുന്നുമില്ല.

അതുപോലെ, ഒരു പരാതി കൊടുക്കുവാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകുമ്പോള്‍, അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ കൂട്ടാക്കുന്നില്ല, അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്നു. ഇതിലും നിങ്ങള്‍ക്കൊന്നും ചെയ്യുവാനാവില്ല.

അതായത് ഒന്നു വ്യക്തമാകുന്നു, നമുക്കു നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളുമില്ല.

നാം നികുതികള്‍ അടയ്ക്കുന്നു; രാജ്യത്തെ ദരിദ്രരില്‍ ദരിദ്രനായവന്‍പോലും നികുതി അടയ്ക്കുന്നുണ്ട്. യാചകനും നികുതിയടയ്ക്കുന്നുണ്ട്, അവന്‍ കടയില്‍നിന്നൊരു സോപ്പു വാങ്ങുമ്പോള്‍, വില്പനനികുതിയും എക്‌സൈസ് തീരുവ (പിന്നെ വേറെയെന്തൊക്കെ എന്നു ദൈവത്തിനറിയാം) എന്നിവയെല്ലാം അതിന്റെ വിലയുടെ കൂടെ കൊടുക്കുന്നുണ്ട്. ഈ നികുതികളെല്ലാം നമ്മുടെ പണമാണ്.

70 ശതമാനത്തിലധികം ജനങ്ങള്‍ പ്രതിദിനം 20 രൂപയെക്കാള്‍ കുറഞ്ഞ വരുമാനത്തിലാണു ജീവിക്കുന്നതെന്ന് പറയപ്പെടുന്നു. അപ്പോള്‍, ഒരു കുടുംബത്തില്‍ അഞ്ചംഗങ്ങളുണ്ടെങ്കില്‍ പ്രതിമാസ ചെലവ് 3000 രൂപ. എന്തെങ്കിലും വാങ്ങുമ്പോഴുള്ള നികുതികള്‍ എല്ലാം ചേര്‍ത്തു നോക്കുമ്പോള്‍ ശരാശരി നികുതി 10 ശതമാനം വരും. ഈ രീതിയില്‍ കണക്കാക്കിയാല്‍ 3000 രൂപ ചെലവാക്കുന്ന ഒരു കുടുംബം പ്രതിമാസം 300 രൂപയും പ്രതിവര്‍ഷം 3600 രൂപയും നികുതിയിനത്തില്‍ അടയ്ക്കുന്നു. ഒരു ഗ്രാമത്തില്‍ ആയിരം കുടുംബങ്ങളുണ്ടെങ്കില്‍ അവരെല്ലാവരും ചേര്‍ന്ന് ഒരു വര്‍ഷം ഗവണ്‍മെന്റിനു നല്കുന്നത് 36 ലക്ഷം രൂപയാണ്. പത്തു വര്‍ഷത്തെ കണക്കെടുത്താല്‍ ആ ഗ്രാമം ഗവണ്‍മെന്റിനു നികുതിയിനത്തില്‍ നല്കുന്നത് 3.6 കോടി രൂപയാകുന്നു.

ഗവണ്‍മെന്റ് നികുതിയിനത്തില്‍ സംഭരിക്കുന്ന തുക, നമ്മുടെ പണമാണ്. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഓഫീസര്‍മാരും നേതാക്കളുമെല്ലാം നമ്മുടെ ജോലിക്കാരാണ്. അവര്‍ക്കു ശമ്പളം ലഭിക്കുന്നത് നമ്മുടെ പണത്തില്‍നിന്നാണ്. നമ്മുടെ പണമാണവരുടെ കുടുംബങ്ങളെ പുലര്‍ത്തുന്നത്. അവരുടെ എ സികള്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ പണംകൊണ്ടാണ്, ചുവന്ന ലൈറ്റ് തെളിച്ചുപോകുന്ന വാഹനങ്ങള്‍ ഓടുന്നതും നമ്മുടെ പണം കൊണ്ടാണ്.

എന്നിട്ടവര്‍ നമ്മോടു പുച്ഛത്തോടെ പ്രതികരിക്കുന്നു. നമ്മെ ശ്രദ്ധിക്കുന്നില്ല. നമുക്ക് നമ്മുടെതന്നെ ജോലിക്കാരെ നിയന്ത്രിക്കാനാവുന്നില്ല. ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍, അധ്യാപകര്‍, ന്യായവിലക്കടക്കാര്‍, പോലീസുകാര്‍ എന്നിവര്‍ക്കൊന്നും എതിരായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്നെങ്കിലും നിങ്ങളൊരു കലക്ടറുടെ ഓഫീസില്‍ പോയിട്ടുണ്ടോ? അദ്ദേഹത്തെ കാണുവാന്‍ ശ്രമിച്ചിട്ടുണ്ടോ? അദ്ദേഹം നമുക്കൊരിക്കലും പ്രാപ്യനല്ല. അദ്ദേഹം നമ്മുടെ പരിചാരകനാണ്, എങ്കിലും നമ്മളെ അധീനതയിലാക്കുന്നു. അയാളുടെ പ്യൂണ്‍ നമ്മെ ഭരിക്കുന്നു. നമ്മുടെ പണത്തില്‍നിന്ന് ശമ്പളം വാങ്ങുന്ന ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയൊന്നും മേല്‍ നമുക്ക് ഒരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ല.

സര്‍ക്കാര്‍പണത്തിനു മേല്‍ നിയന്ത്രണങ്ങളില്ല 
എങ്ങനെയാണ് സര്‍ക്കാറിന്റെ പണം ചെലവഴിക്കപ്പെടുന്നത്? അതെവിടെയാണുപയോഗിക്കപ്പെടേണ്ടത്? നമ്മുടെ ആവശ്യങ്ങളെന്തൊക്കെയാണ്? ആരും നമ്മോടിവ ചോദിക്കുന്നില്ല. ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ സര്‍ക്കാര്‍ 70,000 കോടി രൂപയാണ് ചെലവാക്കിയത്. വളരെ നല്ല അവസ്ഥയിലായിരുന്ന റോഡുകള്‍പോലും തകര്‍ത്ത്, പുതുതായി നിര്‍മിച്ചു. സര്‍ക്കാര്‍ 400 കോടി രൂപ മുടക്കി റോഡുകളിലെ നടപ്പാതകള്‍ നവീകരിക്കുന്നുവെന്ന് ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അതേസമയം, മുനിസിപ്പാലിറ്റി തൂപ്പുകാര്‍ക്ക് മൂന്നു മാസത്തേക്ക് അവരുടെ ശമ്പളം ലഭിച്ചില്ല. അഞ്ചു വര്‍ഷത്തേക്ക് കോണ്‍ട്രാക്ടര്‍മാര്‍ക്ക് അവരുടെ പണം ലഭിച്ചില്ല. എങ്കിലും രാഷ്ട്രീയനേതാക്കളുടെ ഹെലികോപ്ടറുകള്‍ക്കിറങ്ങുവാനായി മുനിസിപ്പാലിറ്റിക്കെട്ടിടത്തിന്റെ മുകളില്‍ ഒരു ഹെലിപ്പാഡ് നിര്‍മിക്കപ്പെടുന്നുണ്ട്.

നാം ഒരു പ്രശ്‌നവുമായി സര്‍ക്കാറിനെ സമീപിക്കുമ്പോള്‍, പണമില്ല എന്ന മറുപടി ലഭിക്കുന്നു. ഡല്‍ഹിയിലെ ഒരു ചേരിപ്രദേശമായ സുന്ദര്‍ നഗരിയുടെ കാര്യം ഉദാഹരണമായെടുക്കാം. അവിടെ ജനങ്ങള്‍ക്കു കുടിവെള്ളലഭ്യതയുണ്ടായിരുന്നില്ല. അവിടെ സെക്കന്‍ഡറി സ്‌കൂളോ മാലിന്യക്കനാലുകളോ ഇല്ലായിരുന്നു. ഇവയ്ക്കായി ഗവണ്‍മെന്റിനെ സമീപിച്ചപ്പോഴൊക്കെയും പണമില്ല എന്നായിരുന്നു ഉത്തരം. പക്ഷേ, അതേ പ്രദേശത്ത് അടുത്തയിടെ 60 ലക്ഷം രൂപ മുടക്കി ഗവണ്‍മെന്റ് ഫൗണ്ടനുകള്‍ സ്ഥാപിച്ചു! ജനങ്ങള്‍ക്കു കുടിവെള്ളമില്ലാത്തിടത്ത് ഗവണ്‍മെന്റ് വക ജലധാരായന്ത്രങ്ങള്‍. ആ ഫൗണ്ടനുകളൊന്നുംതന്നെ ഒരു ദിവസംപോലും പ്രവര്‍ത്തിച്ചില്ല. എങ്ങനെ പ്രവര്‍ത്തിക്കും? ആ ഭാഗത്ത് ജലലഭ്യതയേയുണ്ടായിരുന്നില്ല.

ഗവണ്‍മെന്റിന്റെ കൈവശം പണമുണ്ടെന്നുള്ളതു വ്യക്തമാണ്. പക്ഷേ, അതുപയോഗിക്കുന്നത് അനാവശ്യമായ കാര്യങ്ങള്‍ക്കാണ്.

ഗ്രാമങ്ങളുടെ ഉദാഹരണം പരിശോധിക്കാം. ഗ്രാമങ്ങള്‍ക്ക് പലവിധ പ്രശ്‌നങ്ങളുമുണ്ട്. പക്ഷേ, അവിടങ്ങളിലേക്കെത്തുന്ന പണം, അപരിചിതമായ പല പദ്ധതികളുടെയും പേരിലുള്ളവയാണ്. രാജ്യത്തെ 120 കോടി ജനങ്ങളുടെ പ്രശ്‌നങ്ങളെന്താണെന്നും നമ്മുടെ ആവശ്യങ്ങളെന്തൊക്കെയാണെന്നും ഒരു പ്രദേശത്ത് ചെലവാക്കേണ്ട തുക എത്രയാണെന്നും ഉള്ള കാര്യങ്ങള്‍, ഡല്‍ഹിയിലും മറ്റു സംസ്ഥാനതലസ്ഥാനങ്ങളിലുമിരുന്ന് ആളുകള്‍ തീരുമാനിക്കുന്നു. ഡല്‍ഹി, ലക്‌നൗ, ഭോപ്പാല്‍ മുതലായ തലസ്ഥാനനഗരങ്ങളിലിരിക്കുന്ന നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും ചേര്‍ന്നാണ് വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, എന്‍.ആര്‍.ഇ.ജി.എ., റേഷന്‍ എന്നിവയെല്ലാം ആസൂത്രണം ചെയ്യുന്നത്.

ഞങ്ങള്‍ പശ്ചിമബംഗാളിലെ ഖജൂരി ഗ്രാമത്തില്‍ പോയി. അവര്‍ക്ക് ആറു കോടി രൂപ ലഭിച്ചിരുന്നുവെന്നാണ് ആ ഗ്രാമത്തിലെ സര്‍പഞ്ച് (ഗ്രാമസഭയുടെ തലവന്‍)ഞങ്ങളോടു പറഞ്ഞത്. പക്ഷേ, അതില്‍നിന്നൊരു സ്‌കൂള്‍നിര്‍മാണത്തിനായി 20 ലക്ഷം രൂപ ചെലവഴിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കാരണം ലഭിച്ച തുക, ചില പ്രത്യേക പദ്ധതികള്‍ക്കു മാത്രമായുള്ളതായിരുന്നു. അതില്‍നിന്ന് ഒരു പങ്ക് വാര്‍ധക്യകാല പെന്‍ഷനായി നല്കി, കുറച്ചു വിധവാ പെന്‍ഷനായി മാറ്റിവെച്ചു, വേറൊരു പങ്ക് ഇന്ദിരാ ആവാസ് പദ്ധതിപ്രകാരം വീടുനിര്‍മാണത്തിനും. അതായത് കുറച്ച് 'അതിനും' കുറച്ച് 'ഇതിനും.

പക്ഷേ, നമ്മുടെ ആവശ്യങ്ങള്‍ വേറെയാണ്. ഉദാഹരണത്തിന്, നമുക്ക് നമ്മുടെ മണ്ണില്‍ ജലസേചനം ചെയ്യുകയാകും ആവശ്യം. അല്ലെങ്കില്‍ ഗ്രാമത്തില്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ടായിരിക്കും. നിര്‍ഭാഗ്യവശാല്‍ ഓരോ ഇനത്തിനും എത്ര പണമാണു ചെലവഴിക്കേണ്ടതെന്ന് ഡല്‍ഹിയിലിരുന്നാണ് തീരുമാനിക്കപ്പെടുന്നത്.

ഞങ്ങള്‍ ഒറീസ്സയിലെ ഒരു ഗ്രാമത്തില്‍ പോയിരുന്നു. ആ ഗ്രാമത്തിലെ അറുപത്തിമൂന്നു കുടുംബങ്ങള്‍ കോളറയുടെ പിടിയിലായിരുന്നു. ഏറ്റവും അടുത്ത ആശുപത്രി അവിടെനിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു. പോകാനാണെങ്കില്‍ ഗതാഗതസൗകര്യവുമില്ല. ഗ്രാമഭരണസമിതിയുടെ കൈവശം ആറു ലക്ഷം രൂപയുണ്ട്. പക്ഷേ, അതും 'ടൈഡ് ഫണ്ട്' ആണ്, ചില പദ്ധതികള്‍ക്കായി മാത്രമുള്ള തുക. രോഗബാധിതരെ ആശുപത്രിയിലേക്കു കൊണ്ടുപോകുവാന്‍ ഒരു വാഹനം വാടകയ്‌ക്കെടുക്കുവാന്‍ അവര്‍ക്കാ പണം ഉപയോഗിക്കാനാവില്ല. ഫലമോ? ഏഴു പേര്‍ മരിച്ചു. ജീവന്‍ രക്ഷിക്കാനുപയോഗപ്പെടുന്നില്ലെങ്കില്‍ ആ പണംകൊണ്ടെന്തു പ്രയോജനമാണ്?

മറ്റൊരുദാഹരണമെടുക്കാം. ഡല്‍ഹിയിലിരുന്ന ഏതെങ്കിലുമൊരുദ്യോഗസ്ഥന്‍ ഒരു സ്വപ്‌നംകണ്ടിരിക്കണം എന്നാണ് തോന്നുന്നത്. ഓരോ ഗ്രാമവും ജലസംഭരണമാരംഭിച്ചാല്‍ രാജ്യത്ത് ജലദൗര്‍ലഭ്യമുണ്ടാകില്ല എന്നാണയാള്‍ സ്വപ്‌നംകണ്ടത്. അതിനാല്‍ ഒരു നിയമനിര്‍ദേശമുണ്ടായി. അതിനായി ഉന്നതതലത്തില്‍ ഒരു പദ്ധതിക്കു രൂപംകൊടുത്തു. 'നമ്മുടെ ഗ്രാമം, നമ്മുടെ ജലം' എന്നാണാ പദ്ധതിക്കു പേരിട്ടത്. ജലസംഭരണത്തിനുവേണ്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമങ്ങള്‍ക്ക് അതിന്റെ പേരില്‍ ഒരു ലക്ഷം രൂപ ലഭിക്കും. ഡല്‍ഹിയില്‍ ആരംഭിച്ച പദ്ധതി സംസ്ഥാനതലസ്ഥാനങ്ങളിലെത്തി. അവിടെനിന്ന് ഓരോ ജില്ലയിലുമെത്തി. ജില്ലാ കലക്ടര്‍ ഗ്രാമാധ്യക്ഷന്‍മാരെ വിളിച്ചുകൂട്ടി അവരവരുടെ ഗ്രാമങ്ങളില്‍ പദ്ധതി നടപ്പാക്കുവാന്‍ ആവശ്യപ്പെട്ടു. ഓരോ ഗ്രാമത്തലവനും തിരിച്ചുപോയി ഗ്രാമവാസികളോടു വിവരം പറഞ്ഞു. പക്ഷേ, ഗ്രാമത്തിലുള്ളവര്‍ അതിനെ ചിരിച്ചുതള്ളി. കാരണം എല്ലാ വര്‍ഷവും ഗ്രാമത്തില്‍ പ്രളയമുണ്ടാകുമായിരുന്നു. കൂടുതലാകുന്ന വെള്ളത്തെ പുറന്തള്ളുകയായിരുന്നു അവരുടെ ആവശ്യം. ജലം കെട്ടി നിര്‍ത്തേണ്ട ആവശ്യം അവിടെ ഇല്ലായിരുന്നു.

ഇത്തരത്തിലുള്ളവയാണ് ഡല്‍ഹിയില്‍നിന്നു വരുന്ന അസംബന്ധപദ്ധതികള്‍. രാജ്യത്താകമാനമുള്ള പ്രശ്‌നങ്ങള്‍ പദ്ധതികള്‍കൊണ്ടു പരിഹരിക്കുന്നതിനാവില്ല. ഡല്‍ഹിയില്‍ ആസൂത്രണം ചെയ്യപ്പെടുന്ന പദ്ധതികള്‍കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല എന്നു ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. അയല്‍പക്കത്തുള്ള രണ്ടു ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍പോലും വ്യത്യസ്തമായിരിക്കും. അത് ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് മനസ്സിലാകില്ല. ഇത്തരത്തില്‍ ഒരു പരിഹാരം കണ്ടെത്തുക അസാധ്യമാണ്.

ഇതാണോ ജനാധിപത്യം? 
നിലനില്ക്കുന്ന വ്യവസ്ഥയുടെമേല്‍ നമുക്ക് യാതൊരു സ്വാധീനവുമില്ലെന്നുള്ളത് വ്യക്തമായിരിക്കുന്നു. നമുക്ക്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഒന്നും ചെയ്യാനാവില്ല. സര്‍ക്കാര്‍നയങ്ങളില്‍ അഭിപ്രായപ്രകടനത്തിനുള്ള അവസരങ്ങളില്ല. നിയമനിര്‍മാണത്തില്‍ പങ്കാളിത്തമില്ല. ലോകസഭയുടെയും നിയമസഭയുടെയും മേല്‍ നിയന്ത്രണാവകാശമില്ല. നമ്മുടെ പ്രകൃതിവിഭവങ്ങളായ ജലം, വനം, ഭൂമി എന്നിവ വീണ്ടുവിചാരമില്ലാതെ വില്ക്കപ്പെടുന്നു. ആ കച്ചവടത്തെയും നമുക്കു നിയന്ത്രിക്കാനാകുന്നില്ല.

ഇതാണോ ജനാധിപത്യം? അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്യുകയും അതിനു ശേഷം രാഷ്ട്രീയകക്ഷികള്‍ക്കു ഭരിക്കുന്നതിനായി നമ്മെ പൂര്‍ണമായി വിട്ടുകൊടുക്കയും ചെയ്യുന്നതിനാണോ ജനാധിപത്യമെന്നു പറയുന്നത്?

ഇതു ജനാധിപത്യമാകില്ല. എവിടെയോ എന്തോ തെറ്റിയിട്ടുണ്ട്. ഇവിടെ ജനാധിപത്യമില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം.

നമുക്ക് ജനാധിപത്യം വേണം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം വോട്ടു ചെയ്യുന്ന രാഷ്ട്രീയം നമുക്കു സ്വീകാര്യമല്ല. അധികാരത്തില്‍ ജനങ്ങള്‍ക്ക് നേരിട്ടുള്ളപങ്കാളിത്തം വേണം. ജനങ്ങള്‍ തീരുമാനങ്ങളെടുക്കും, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അതു നടപ്പാക്കും.

(സ്വരാജ് എന്ന പുസ്തകത്തില്‍ നിന്ന്)

No comments: