സത്യന്‍ അന്തിക്കാട്
ഇരുട്ടില്‍, ഒരു പെട്രോമാക്‌സ് വെളിച്ചത്തില്‍ ഒരു ചാക്കുമായി പാടത്തിലെ നിറഞ്ഞ ജലാശയത്തില്‍ തവളയെ പിടിക്കാനിറങ്ങിയ ചിലര്‍. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാനിലെ നീലവെളിച്ചമുള്ള ആ രംഗം, തിരിച്ചുവരാനിടയില്ലാത്ത ഒരു ഗ്രാമീണരാത്രിയുടെ സ്വാഭാവികമായ ചിത്രീകരണമാണ്. കാലം തുടച്ചുകളഞ്ഞ ഒരു ഗ്രാമ്യരാത്രി. തോട്ടിറമ്പുകളിലൂടെയും പാടവരമ്പുകളിലൂടെയും പത്മരാജന്റെ കഥാപാത്രങ്ങള്‍ നടന്നു. ആ സിനിമയില്‍ ഒരു തവളപിടിത്തക്കാരന്റെ അച്ഛനായി കൃഷ്ണന്‍ കുട്ടിനായര്‍ ഉണ്ട്. പെരുവഴിയമ്പലത്തില്‍ വൈദ്യര്‍ എന്ന കഥാപാത്രത്തിലൂടെ കൃഷ്ണന്‍കുട്ടി നായരുടെ സാന്നിധ്യം അതിനുമുന്‍പേ മലയാളസിനിമയില്‍ പത്മരാജന്‍ രേഖപ്പെടുത്തിയിരുന്നു. പത്മരാജനാണ് കൃഷ്ണന്‍കുട്ടിനായരുടെ ചലച്ചിത്രഗുരു.
ഒറ്റനോട്ടത്തില്‍ മുഴുകുടിയനാണെന്നു തോന്നുമെങ്കിലും അതു മാത്രമായിരുന്നില്ല കൃഷ്ണന്‍കുട്ടി നായര്‍. സാധാരണയില്‍ കവിഞ്ഞൊരു മദ്യപാനം കൃഷ്ണന്‍കുട്ടിനായര്‍ക്ക് പതിവില്ലായിരുന്നു. മദ്യപിക്കാറുണ്ടെങ്കിലും മദ്യം അദ്ദേഹത്തെ 'അകത്താ'ക്കിയില്ല. വൈക്കോല്‍പ്രകൃതമുള്ള ആ ശരീരം പല സന്ദര്‍ഭങ്ങളിലും പ്രേക്ഷകരില്‍ ചിരിയുത്സവമുണ്ടാക്കി.
നാട്ടിന്‍പുറത്തെ ഇടവഴിയിലൂടെ പാട്ടുംപാടി പോകുന്ന ഒരാളാണ് ആ രൂപത്തില്‍ ആദ്യം ചിന്തിച്ച കഥാപാത്രം. പിന്നീടതു മാറി. ആരോഗ്യമില്ലെങ്കിലും ഏതു മല്ലനെയും വെല്ലുവിളിക്കുന്ന 'സാധു'വായ ഒരു മനുഷ്യനെക്കുറിച്ചുള്ള ആലോചനകളിലേക്ക് കൃഷ്ണന്‍കുട്ടിനായര്‍ എന്നെ കൊണ്ടുപോയി.
പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയില്‍ മൂത്ത തട്ടാന്‍ എന്ന വേഷത്തില്‍ മലയാളത്തില്‍ മറ്റൊരു നടനെയും കണ്ടെത്താനാവുമായിരുന്നില്ല. ആ സിനിമ ഏതെങ്കിലുമൊരു കാല
ഘട്ടത്തില്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ അതിലെ മൂത്ത തട്ടാനൊഴികെ മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും പകരക്കാരെ കണ്ടെത്താനായേക്കും. മൂത്ത തട്ടാനായി ഒരാളെ കണ്ടെത്താനാവില്ല. ഒരിക്കലും മറ്റൊരാളില്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു രൂപപ്രകൃതവും ആ രൂപത്തെ ഭാവതീവ്രമായി ഇണക്കിക്കൊണ്ടുപോകുന്ന അഭിനയശേഷിയും കൃഷ്ണന്‍കുട്ടി നായരുടെ സവിശേഷതയായിരുന്നു. അയാള്‍ക്ക് പകരം അയാള്‍ മാത്രമാണ്.
പൊന്മുട്ടയിടുന്ന താറാവില്‍ ഒരു സീക്വന്‍സുണ്ട്. അതിലെ ഭാസ്‌കരത്തട്ടാന്‍ പത്തു പവന്‍ മാല കാമുകിക്ക് കൊടുത്ത പ്രശ്‌നത്തില്‍ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടക്കുന്നു. ഏതു സമയത്തും മരിച്ചുപോയേക്കാവുന്ന ഒരാളായി, രോഗശയ്യയിലാണ് ഭാസ്‌കരത്തട്ടാന്റെ അച്ഛന്‍ മൂത്ത തട്ടാന്‍. മരിക്കാതെ, എന്നാല്‍ മരണത്തോടൊപ്പം കിടക്കുന്ന ഒരു അവശന്‍. കൈയെത്തുംദൂരെ മരണമുണ്ട്. 'മൂത്ത തട്ടാന്‍ ആടിയാടി വന്ന് പണിക്കരെ ഒരാട്ട് ആട്ടുന്നതോടെ വീഴുകയും ചെയ്യുന്നു' എന്നാണ് രഘുനാഥ് പലേരി എഴുതിയത്. എനിക്കത് വളരെ ഇഷ്ടമായ വിഷ്വലായിരുന്നു. ഒരു കാറ്റുപോലെ കൃഷ്ണന്‍കുട്ടി നായര്‍ ആടിയാടി വരുന്ന ആ സീനില്‍ തബലയുടെ 'ധീം... തരികിട തോം...' എന്ന റിഥമാണ് കൃഷ്ണന്‍കുട്ടി നായര്‍ അവലംബിച്ചത്. കൃഷ്ണന്‍കുട്ടി നായര്‍ മനസ്സില്‍ ഒരു താളബോധത്തോടെയാണ് അതില്‍ നടന്നത്. ഈ താളം ആ രംഗത്തെ അവിസ്മരണീയമാക്കി.
ഒരുതരം ബാധ്യതയുമില്ലാത്ത സൗഹൃദമായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍ ആരുമായും പങ്കുവെച്ചത്. കാര്യസാധ്യത്തിനായി സൗഹൃദത്തിന്റെ കരങ്ങള്‍ ആര്‍ക്കുനേരെയും അയാള്‍ നീട്ടിയില്ല. 'എന്നെ നിങ്ങള്‍ പടത്തിലഭിനയിക്കാന്‍ വിളിച്ചില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല' എന്നൊരു ഭാവം ആ മെലിഞ്ഞ നെഞ്ചില്‍ തന്‍േറടത്തോടെ മിടിച്ചിരുന്നു.
ഇതിനകംതന്നെ തമാശ നിറഞ്ഞ ഒന്നായിത്തീര്‍ന്നിട്ടുണ്ട് സെറ്റിലെ വായനാവിശേഷങ്ങള്‍. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ഇംഗ്ലീഷ് പുസ്തകം മലര്‍ക്കെത്തുറന്നുവെച്ച് കാലിന്മേല്‍ കാല് കയറ്റിയിരിക്കുന്ന നടികളുടെ വായനാവിക്രിയകള്‍ സംവിധായകര്‍ ചിത്രീകരിക്കാതെ വിടുന്ന സീനുകളാണ്. നടിമാരെക്കുറിച്ചുമാത്രം എന്തിനു പറയുന്നു? നടന്മാരും ഈ തമാശയില്‍ വെളിയില്‍ നില്ക്കുന്നവരല്ല. മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ സീരിയസ്സായി എന്നോടു പറഞ്ഞു:
'എനിക്ക് കുറച്ചു നല്ല പുസ്തകങ്ങള്‍ വായിക്കണം.' ലാലും ഞാനും ഒരു പുസ്തകശാലയില്‍ ചെന്ന് ആ സമയത്ത് ശ്രദ്ധേയമെന്നു തോന്നിയ കുറേ പുസ്തകങ്ങള്‍ വാങ്ങി. ഒരു സ്യൂട്ട്‌കെയ്‌സ് നിറയെ പുസ്തകങ്ങള്‍. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയെടുക്കുന്ന കാലമായിരുന്നു അത്. നാലഞ്ചു സെറ്റുകളില്‍ ലാലിനോടൊപ്പം ആ പെട്ടി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അത് തുറക്കുന്നതോ അതിലൊരെണ്ണമെങ്കിലും വായിക്കുന്നതോ കണ്ടിട്ടില്ല. പുസ്തകപ്പെട്ടി അരികില്‍ വെച്ച് ലാല്‍ ഇരിക്കും. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ പുസ്തകപ്പെട്ടി അപ്രത്യക്ഷമാവുകയും ചെയ്തു. പക്ഷേ, കൃഷ്ണന്‍കുട്ടി നായര്‍ ലാലിനെപ്പോലെ ഒരു പുസ്തകപ്പെട്ടിയുമായി ലൊക്കേഷനിലേക്കു വന്നില്ല. എന്നാല്‍, വായിക്കാന്‍വേണ്ടി ഒരു പുസ്തകം അയാള്‍ എപ്പോഴും കൈയില്‍ കരുതിയിരുന്നു. വായിക്കാന്‍വേണ്ടിത്തന്നെയായിരുന്നു കൃഷ്ണന്‍കുട്ടിനായര്‍ സെറ്റില്‍ പുസ്തകം കൊണ്ടുവന്നത്. ഔട്ട്‌ഡോറിലാണെങ്കില്‍ ഏതെങ്കിലും മരച്ചുവട്ടിലിരുന്നും വീട്ടിലാണ് ചിത്രീകരണമെങ്കില്‍ ഏതെങ്കിലും ഒരു കോണിലിരുന്നും ആ മനുഷ്യന്‍ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. പിന്നീടന്വേഷിച്ചപ്പോള്‍ മനസ്സിലായി, സിനിമയിലേക്ക് വരുന്നതിനുമുന്‍പേ അയാള്‍ ലൈബ്രേറിയനായിരുന്നുവെന്ന്.
രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം ഇതൊക്കെയുമായി ബന്ധപ്പെട്ട് ആഴമുള്ള അറിവുകള്‍ കൃഷ്ണന്‍കുട്ടി നായര്‍ക്കുണ്ടായിരുന്നു.
മഴവില്‍ക്കാവടിയുടെ ഡബ്ബിങ് മദിരാശിയില്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ അടൂരിന്റെ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഴവില്‍ക്കാവടിയില്‍ കാളിമുത്തുഎന്ന ക്ഷുരകനായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍. ആനന്ദവല്ലി എന്ന അതിലെ നായികയുടെ അച്ഛന്‍. പാലക്കാട്ടുനിന്ന് പഴനിയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു നായര്‍ പിന്നീട് ജീവിതസാഹചര്യംകൊണ്ട് ക്ഷുരകനായിത്തീരുന്നു. മലയാളസിനിമയില്‍ അങ്ങനെയൊരു ക്ഷുരകന്‍ വേറെയില്ല. അമ്പുക്കന്‍, അമ്പട്ടന്‍, ഒസ്സാന്‍ തുടങ്ങിയ പേരിലൊക്കെ അറിയപ്പെടുന്ന ക്ഷുരകവൃത്തി കേരളത്തില്‍ കീഴ്ജാതിക്കാര്‍ക്കുപുറമെ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത പലരും ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. പാലക്കാടു നിന്ന് പഴനിയിലേക്ക് ഒരു നായര്‍ ക്ഷുരകനായി പുറപ്പെടുമ്പോള്‍ തൊഴില്‍ വിഭജനസങ്കല്പം കീഴ്‌മേല്‍ മറിയുന്നുണ്ട്. ഗ്രാമത്തിന്റെ മുഖ്യധാരയിലായിരിക്കുമ്പോഴും ബാര്‍ബര്‍മാര്‍ സാമൂഹികഘടനയുടെ ഒരരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന് പഴനിമലയിലേക്ക് ക്ഷുരകനായി മല കയറിയ കാളിമുത്തുവിന്റെ ജീവിതത്തില്‍ മുണ്ഡനം ചെയ്യപ്പെടുന്നത് ദുഷിച്ചുനാറിയ തറവാടിത്തഘോഷണമാണ്. ഒരു 'നായര്‍ ക്ഷുരകന്‍' കേരളത്തില്‍ ഒരു അസംഭവ്യതയാണ്. ഇതിനൊരപവാദമാണ് കാളിമുത്തു. കാളിമുത്തു 'കത്തി'യുപയോഗിക്കുന്നത് മയില്‍പ്പീലി തഴുകുന്നതുപോലെയാണ്.
കാളിമുത്തുവിന്റെ ശബ്ദം ഡബ്ബ് ചെയ്യാന്‍വേണ്ടി വിളിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ പറഞ്ഞു:
'അടൂരിന്റെ പടത്തിലഭിനയിച്ചുകൊണ്ടിരിക്കുകയാണ്...' സത്യത്തില്‍ ആ സന്ദര്‍ഭത്തില്‍ വലിയൊരു ആശയക്കുഴപ്പമുണ്ടായി. കൃഷ്ണന്‍കുട്ടി നായര്‍കൂടി ശബ്ദം നല്കിയാല്‍ ആ പടത്തിന്റെ ഡബ്ബിങ് ജോലി ഏതാണ്ട് പൂര്‍ത്തിയാവുമായിരുന്നു. ഇടയ്ക്കുവെച്ച് ഞാന്‍ ഹോട്ടല്‍ വുഡ്‌ലാന്‍ഡിലേക്ക് തിരിച്ചുചെന്നു. അവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു ട്രങ്ക് കോള്‍. 'സത്യന്‍, ഞാന്‍ അടൂരാണ്. സത്യന്റെ പടത്തില്‍ ഡബ്ബ് ചെയ്യേണ്ടതുണ്ട് എന്നു പറഞ്ഞ് കൃഷ്ണന്‍കുട്ടി നായര്‍ സൈ്വരം തരുന്നില്ല. ഞാന്‍ ചോദിക്കുകയാണ്, എനിക്കുവേണ്ടി ഒരു ദിവസംകൂടി അദ്ദേഹത്തെ വിട്ടുതരുമോ?'
മമ്മൂട്ടിക്കുവേണ്ടിയോ മോഹന്‍ലാലിനുവേണ്ടിയോ എന്നെപ്പോലെ ജൂനിയറായ ഒരു സംവിധായകനോട് അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ മഹാനായ സംവിധായകന്‍ ഇത്തരമൊരു അപേക്ഷ നടത്തുമെന്നു തോന്നുന്നില്ല. അതൊരു അനിവാര്യതയായിരുന്നു. പ്രേക്ഷകര്‍ക്കു മുന്നില്‍ അപ്രസക്തവേഷങ്ങളില്‍ അഭിനയിക്കുന്ന ചിലര്‍ സംവിധായകര്‍ക്ക് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ വേണ്ടപ്പെട്ട വരാണ്.
ഒരുപക്ഷേ, വെമ്പായം തമ്പിയുടെയും കൃഷ്ണന്‍കുട്ടി നായരു ടെയും ഒടുവിലിന്റെയും ശൂന്യത അടൂരിനും അനുഭവപ്പെടുന്നുണ്ടാവാം. ഗ്രാമീണതയുടെ ഊഷ്മളമായ കുറേ ഓര്‍മച്ചിത്രങ്ങള്‍ മലയാളിയിലേക്ക് പകര്‍ന്നുതന്നവരില്‍ ഏറ്റവും പ്രധാനി അടൂരാണ്. കൃഷ്ണന്‍കുട്ടി നായരുടെ സ്വഭാവമഹിമയായി തോന്നിയ ഒരു കാര്യം, നമ്മളെത്ര പുകഴ്ത്തിയാലും അഭിനന്ദിച്ചാലും അയാള്‍
ഭാവഭേദമൊന്നുമില്ലാതെ അത് കേട്ടിരിക്കും. ഒരു പുകഴ്ത്തല്‍കൊണ്ടൊന്നും അദ്ദേഹത്തെ കീഴ്‌പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. എന്നും നന്മകള്‍ എന്ന സിനിമയില്‍ നാദസ്വരം വായിക്കുന്ന ഒരു ചെട്ട്യാരായിരുന്നു കൃഷ്ണന്‍കുട്ടി നായര്‍. അതിലൊരു കല്യാണഘോഷയാത്ര വരുന്ന സീനില്‍ കെ.പി.എ.സി ലളിതയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചുവരുന്ന ശാന്തികൃഷ്ണയുടെയും ശാരിയുടെയും മുഖത്തേക്ക് ആരതിയുഴിയുന്ന രംഗമുണ്ട്. നാദസ്വരം എത്രയോ കാലമായി ഉപയോഗിച്ചു ശീലമുള്ള ഒരാളുടെ അനായാസതയോടെയാണ് കൃഷ്ണന്‍കുട്ടി നായര്‍ ആരതിയുഴിയുന്നത്.
സന്താനഗോപാലം എന്ന സിനിമയിലാണ് എനിക്കുവേണ്ടി കൃഷ്ണന്‍കുട്ടി നായര്‍ അവസാനമായി വേഷമിട്ടത്. മക്കളാല്‍ ഒറ്റപ്പെട്ട് എവിടേക്കെന്നില്ലാതെ മൂന്നു പേര്‍ വണ്ടിയില്‍ പുറപ്പെടുകയാണ്. തിലകനും കൃഷ്ണന്‍കുട്ടി നായരും കവിയൂര്‍ പൊന്നമ്മയും. മദിരാശിയില്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്താണ് ചിത്രീകരണം. രാത്രി പന്ത്രണ്ടുമണിക്കു ശേഷം മാത്രമേ ട്രെയിന്‍ ചിത്രീകരണത്തിനായി വിട്ടുകിട്ടുകയുള്ളൂ.
പന്ത്രണ്ടു മണിക്ക് ചിത്രീകരണം തുടങ്ങി. എഞ്ചിന്‍ ഡ്രൈവര്‍ക്കരികില്‍ അസോസിയേറ്റ് ഡയറക്ടര്‍ ഇരിപ്പുണ്ട്. അല്പദൂരം ഓടി, അസോസിയേറ്റ് ഡയറക്ടര്‍ പറയുന്നിടത്ത് വണ്ടി നിര്‍ത്തണം.
തിലകനും കവിയൂര്‍ പൊന്നമ്മയും കൃഷ്ണന്‍കുട്ടി നായരും കമ്പാര്‍ട്ടുമെന്റില്‍ കയറി. ചിത്രീകരണം തുടങ്ങി. വണ്ടിയോടിത്തുടങ്ങുമ്പോള്‍ കൃഷ്ണന്‍കുട്ടി നായര്‍ തല പുറത്തേക്കിട്ട് എന്നോടു ചോദിച്ചു:
'ഈ വണ്ടി എവിടെവരെ പോകും?' 'കൃഷ്ണന്‍കുട്ടി നായര്‍ക്ക് എവിടെവരെ പോകണമോ അവിടെ വരെ.' ഞാന്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടി നായര്‍ ഒന്നു ചിരിച്ചു. ജനല്‍വാതില്‍ക്കലിലൂടെ പുറത്തേക്കുള്ള ആ നോട്ടം ഓര്‍മ വരുന്നു. നമുക്ക് പോകേണ്ട വണ്ടിയും കാത്ത് നമ്മള്‍ പ്ലാറ്റ്‌ഫോമില്‍ നില്ക്കുന്നു...
(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment