Saturday, May 31, 2014

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികള്‍

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ഈ പ്രശ്‌നം ഇത്ര വ്യാപകമായിട്ടും ഇപ്പോഴും നിലനില്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, ഭൂരിഭാഗം ശല്യക്കാരും പേടിത്തൊണ്ടന്മാരാണ്. സത്യത്തില്‍ സ്ത്രീകളോട് നേരിട്ട് സംസാരിക്കാനുള്ള പേടിയും തന്ത്രക്കുറവും ഒക്കെയുള്ളവരാണിവരില്‍ ഭൂരിഭാഗവും. 'കഴുത കാമം കരഞ്ഞുതീര്‍ക്കും' എന്നൊക്കെ പറയുന്നപോലെ സ്ത്രീകളോ അതോ വീട്ടിലെ പുരുഷന്മാര്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ആരെങ്കിലും തിരിച്ചൊന്നു വിരട്ടുന്നതോടെ ആ നമ്പര്‍ ഉപേക്ഷിച്ച് ഇഷ്ടന്‍ സ്ഥലം വിടും.

രണ്ടാമത്തെക്കാര്യം ഒന്നോ രണ്ടോ പ്രാവശ്യം വിളിച്ചു ശല്യം ചെയ്താലും ഭൂരിഭാഗം സ്ത്രീകളും പോലീസില്‍ പോയിട്ട് സ്വന്തം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അടുത്തുപോലും പറയില്ല. ആ നമ്പറു കാണുമ്പോള്‍ കട്ടു ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യും. ചുമ്മാ എന്തിന് ഇതിന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാക്കണം എന്ന തോന്നലാണിതിനു പിന്നില്‍. വഴിയരികില്‍ കമന്റടിക്കുന്ന പൂവാലന്മാരും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരും അത്തരത്തിലാണ് രക്ഷപ്പെടുന്നത്.

മൂന്നാമതായി, സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ത്തന്നെ ഈ ശല്യക്കാരെ വിളിച്ച് ഒന്നു വിരട്ടി വിടുകയല്ലാതെ മാതൃകാപരമായി ശിക്ഷിക്കാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തിയതിന് ഏതെങ്കിലും മലയാളി ജയിലില്‍ പോയതായി കേട്ടിട്ടുണ്ടോ? ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് അത്ര വലിയ ഒരു കുറ്റമായി ആരും കാണുന്നില്ല. അവരെയെല്ലാം പിടിച്ച് ജയിലിലിടാന്‍ നോക്കിയാല്‍ ജയില്‍ വേറെ പണിയേണ്ടിവരും എന്നതായിരിക്കും കുറ്റാന്വേഷകരുടെ ചിന്ത. പക്ഷേ, വാസ്തവത്തില്‍ ഒരു ലക്ഷം പേരെയൊന്നും ജയിലിലിടേണ്ട കാര്യമില്ല. ഒരു പത്തു പേര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുകയും അത് വ്യാപകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്താല്‍ പ്രശ്‌നം തീരും. ഇപ്പോഴത്തെ ഇതിന്റെ നിയമം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, മറ്റുള്ളവരെ മനഃപൂര്‍വം വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു ശിക്ഷകളെങ്കിലും കൊടുക്കണം എന്നാണെന്റെ പക്ഷം.

1. ശല്യം ചെയ്യുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
2. ശല്യക്കാരുടെ കുടുംബാംഗങ്ങളെ പരാതികളെപ്പറ്റി അറിയിക്കുക.
3. ശല്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുക.

സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് മൊബൈല്‍ ഫോണ്‍കാലത്തെ കണ്ടുപിടിത്തമൊന്നുമല്ല കേട്ടോ. ഓരോ നമ്പറും ചുമ്മാ വിളിച്ച,് എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഓരോ കൊച്ചുവര്‍ത്തമാനം പറയാന്‍ ശ്രമിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, മിക്കവാറും കുടുംബത്തില്‍ ഒരു ഫോണ്‍ ആയതിനാലും ആരു വേണമെങ്കിലും എടുക്കാമെന്നതിനാലും ഇതൊരല്പം ഹിറ്റ് ആന്‍ഡ് മിസ് പരിപാടിയാണ്. പോരാത്തതിന് ഇന്നലെ എടുത്തത് പെണ്‍കുട്ടിയാണെന്നതുകൊണ്ടുമാത്രം ഇന്ന് ആ നമ്പറില്‍ പെണ്‍കുട്ടി ഉണ്ടായിക്കോളണം എന്നില്ലല്ലോ. അപ്പോള്‍ കാശു കളയാന്‍ റെഡിയായവരും നിര്‍ബന്ധബുദ്ധിക്കാരും ഒക്കെ മാത്രമേ അക്കാലത്ത് ഈ പണിക്ക് ഇറങ്ങിത്തിരിക്കാറുള്ളൂ.

എന്റെ ഒരു ബന്ധുവീട്ടില്‍ അക്കാലത്ത് ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം വിളിക്കും. പെണ്‍കുട്ടികളാണ് എടുക്കുന്നതെന്നുവെച്ചാല്‍ പിന്നെ കൊച്ചുവര്‍ത്തമാനത്തിനുള്ള ശ്രമമായി. ചീത്തപറഞ്ഞ് അവര്‍ മടുത്തു. ശല്യക്കാരന്‍ വിടുന്നില്ല. അക്കാലത്ത് കോളര്‍ ഐഡി സംവിധാനമൊന്നുമില്ല. അതുകൊണ്ട് ഇതാരാണെന്നറിയാനോ തിരിച്ചുവിളിച്ച് രണ്ടു പറയാനോ പറ്റാറുമില്ല.

അവിടെ അവരുടെ ബന്ധുവായ ഒരു പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നു. അദ്ദേഹത്തോട് അവര്‍ ഇക്കാര്യം പറഞ്ഞു. 'അതു ശരി, ഞാനിവിടെയുള്ള സമയത്താണ് അവന്‍ വിളിക്കുന്നതെങ്കില്‍ അവനെ ഞാന്‍ ശരിയാക്കിത്തരാം' എന്നദ്ദേഹം ഉറപ്പും കൊടുത്തു.
കഷ്ടകാലത്തിന് വലിയ താമസമില്ലാതെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത കുട്ടിക്ക് അത് ശല്യക്കാരനാണെന്നു തോന്നി.
'അയാളാണെന്നാ തോന്നുന്നേ മാമാ,' കുട്ടി പറഞ്ഞു.
'കുട്ടികളും സ്ത്രീകളും അപ്പുറത്തേക്കു പൊക്കോ,' അദ്ദേഹം പറഞ്ഞു.
പിന്നെ ഫോണ്‍ എടുത്ത് ഒരു അഞ്ചു മിനിട്ട് പോലീസ് ഭാഷയില്‍ അമിട്ടു പൊട്ടിച്ചു... മറ്റേ വശത്തെ ഫോണ്‍ വെച്ചിട്ട് അയാള്‍ ഓടിയിട്ടുണ്ടാകണം.
സന്ദര്‍ശനം കഴിഞ്ഞ് പോലീസുമാമന്‍ പോയി. പിന്നെ അന്ന് ഒരു ശല്യവും ഉണ്ടായില്ല.
വൈകീട്ട് വീട്ടിലേക്ക് പിന്നെയും ഫോണ്‍ വന്നു. അവിടെനിന്നും കല്യാണം കഴിക്കാന്‍ പോകുന്ന പയ്യനാണ്. പെണ്‍കുട്ടി അന്നത്തെ വിശേഷം പറയാന്‍ തുടങ്ങിയതേയുള്ളൂ.
പക്ഷേ, പയ്യന്‍ പറഞ്ഞു: 'ഇന്ന് ഒരു സംഭവം ഉണ്ടായി.'
'എന്തുപറ്റി.'
അച്ഛന്‍ കല്യാണത്തിന്റെ കാര്യമെന്തോ പറയാന്‍ ഈ നമ്പറിലേക്ക് വിളിച്ചതാണ്, എവിടെയോ ഒരു പോലീസ് സ്‌റ്റേഷനിലാണ് കിട്ടിയതെന്നു തോന്നുന്നു. അവരച്ഛനെ തെറിപറഞ്ഞ് ചെവി പൊട്ടിച്ചു.
'എന്റെ ചേട്ടാ, അത് ഫോണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറിപ്പോയതല്ല. പോലീസ് മാമന് ആളു മാറിപ്പോയതാണെന്ന്' ഭാഗ്യത്തിനു കുട്ടി പറഞ്ഞില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 'മിസ്ഡ് കോള്‍ വന്ന്' പരിചയപ്പെട്ട ഒരാളുടെ കൂടെ വീട്ടമ്മ ഇറങ്ങിപ്പോയെന്നോ പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ചുവെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്.

ഇതെങ്ങനെ? ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്നതുകൊണ്ട് എങ്ങനെ ഒരു വീട്ടമ്മ 'വലയില്‍ വീഴും?' ഒരു മിസ്ഡ് കോളിന്റെ പരിചയത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പരിചയമില്ലാത്ത ആരുടെയെങ്കിലും കൂടെ കറങ്ങാനും ലോഡ്ജില്‍ പോകാനും സമ്മതിക്കുമോ?

എന്റെ വായനക്കാരില്‍ പ്രേമിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ടാകും. ഒരു മിസ്ഡ് കോള്‍ പോയിട്ട് അഞ്ചു വര്‍ഷം എഞ്ചിനീയറിങ്ങിന് ഒരുമിച്ചു പഠിച്ച പരിചയമുണ്ടെങ്കില്‍പ്പോലും നമ്മുടെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ പയ്യന്മാരോടൊപ്പം ഒരു സിനിമയ്ക്കുപോലും പോകൂ. പറ്റിയാല്‍ പകല്‍സമയത്ത്. ആദ്യമാദ്യം മറ്റു കൂട്ടുകാരുടെ അകമ്പടിയിലും ബോഡിഗാര്‍ഡിലും ഒക്കെ. വീട്ടമ്മമാരുടെ കാര്യം അതിലും അപ്പുറമായിരിക്കണം. എനിക്കു പരിചയമില്ലാത്ത ഫീല്‍ഡാണ്.

അപ്പോള്‍ ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്ന് വീട്ടമ്മ വീടുവിട്ടിറങ്ങുകയും പെണ്‍കുട്ടി ലോഡ്ജിലെത്തുകയുമൊക്കെ ചെയ്യുന്നതിനു പുറകില്‍ ഫോണിലും കോളിലും അപ്പുറം എന്തോ ഉണ്ട്.

എന്റെ ഉറച്ച വിശ്വാസം സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ പീഡനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരോ അതോ, ഭയക്കുന്നവരോ ആയിരിക്കണം ഈ മിസ്ഡ് കോളില്‍ വീഴുന്നത്.

കഴിഞ്ഞ മാസം ഒരു വാര്‍ത്ത വായിച്ചു. സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകീട്ട് സ്‌കൂള്‍ വിട്ടിട്ടും വീട്ടില്‍ പോകുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രണ്ടു വര്‍ഷമായി സ്വന്തം അച്ഛനും സഹോദരനും അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ്.

ഇങ്ങനെ സ്വന്തം വീട്ടില്‍, സ്വന്തം ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടി മിസ്ഡ് കോള്‍ മൂലം മറ്റുള്ളവരെ വിശ്വസിച്ചാല്‍ അതില്‍ തെറ്റുപറയാനുണ്ടോ? അങ്ങനെയുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടാകില്ല. മിസ്ഡ് കോളിലെ ചേട്ടന്‍ മര്യാദക്കാരനാവാന്‍ ഒരു സാധ്യതയെങ്കിലുമുണ്ട്. സ്വന്തം ചേട്ടന്‍ നീചനാണെന്ന് കുട്ടിക്ക് സ്വാനുഭവത്തില്‍നിന്നും ഉറപ്പാണല്ലോ. അപ്പോള്‍ വീടുവിട്ടിറങ്ങിയാല്‍ അതില്പരം ഒന്നും വരാനില്ല.

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടല്ല, ഒരു മിസ്ഡ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്.

(മുരളി തുമ്മാരുകുടിയുടെ കാഴ്ചപ്പാടുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Friday, May 23, 2014

മനുഷ്യകാമനകളുടെ ദൃശ്യസാരം

ഇ. ജയകൃഷ്ണന്‍



ആയിരത്തൊന്നു രാവുകളുടെ കഥ ഒറ്റയിരിപ്പിന് ആയിരം താളുകളില്‍ എഴുതിത്തീര്‍ക്കാന്‍ ഒരുപക്ഷേ നമുക്ക് കഴിഞ്ഞെന്നു വരാം. എന്നാല്‍ അനുഭൂതി വാക്കുകളിലേക്കു പകര്‍ത്തിവെക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. പത്മരാജന്‍ എന്ന കലാകാരനെപ്പറ്റി എഴുതേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ നമ്മിലേക്കു പടര്‍ന്നുകയറിയ ലാവണ്യാനുഭവത്തെക്കുറിച്ചാണ് എഴുതേണ്ടിവരുന്നത്. അതു വളരെ ആയാസമുള്ള ഒരു പ്രവൃത്തിയാണ്, അഥവാ ഒരു പരിധിവരെ സാഹസികതയാണ്.

പത്മരാജന്‍ തന്റെ കഥകളിലും നോവലുകളിലുമെല്ലാം വാക്കുകള്‍കൊണ്ട് ദൃശ്യരൂപങ്ങള്‍ സൃഷ്ടിക്കുകയാണു ചെയ്തത്. അല്ലെങ്കിലും എല്ലാ സാഹിത്യരൂപങ്ങളിലും വാക്കുകള്‍ സൃഷ്ടിക്കുന്ന ലോകം ദൃശ്യമായിത്തന്നെയാണ് നമ്മുടെ മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്നത്.

എഴുത്തച്ഛന്‍ സഭാപ്രവേശത്തില്‍, ശ്രീകൃഷ്ണന്റെ ദുര്യോധനസഭയിലേക്കുള്ള വരവ് ചിത്രീകരിക്കുന്നത് (വാക്കുകളില്‍) ഒരു വൈഡ് ആംഗിള്‍ ലെന്‍സിലൂടെ കാണുന്നപോലെയാണ്. പലയിടത്തും വായനക്കാരന്‍ സ്വന്തം കാഴ്ചപ്പാടിലൂടെയും ദുര്യോധനന്റെ വീക്ഷണകോണിലൂടെയും മാറിമാറി കൃഷ്ണനെ കാണുന്നു. ഒടുവില്‍ ഒരു താഴ്ന്ന കോണിലൂടെ ദുര്യോധനനോടൊപ്പം നമ്മളും ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു. ഇത് തിരിച്ചറിയാന്‍ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ സാര്‍വത്രികമായതിനുശേഷമേ നമുക്ക് കഴിഞ്ഞുള്ളൂ എന്നതാണു സത്യം. ഒരു പക്ഷേ ഏതൊരു വാങ്മയചിത്രവും നമ്മളില്‍ ദൃശ്യബോധമുണര്‍ത്തിയിട്ടാവണം സംവേദനം സാധ്യമാക്കുന്നത്.

തിരക്കഥാരചനയും സംവിധാനവും ഒന്നിച്ച് നിര്‍വഹിച്ചിട്ടുള്ള സംവിധായകരെ പരിശോധിക്കുമ്പോള്‍ (കുറച്ചുപേര്‍ ഇതിനൊരപവാദമായി ഉണ്ടെങ്കിലും) സ്വന്തം തിരക്കഥയെ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലേക്കു തര്‍ജമ ചെയ്യുമ്പോള്‍ നേരത്തേ തിരക്കഥയില്‍ രൂപപ്പെട്ട കാഴ്ച അവരുടെ പുതിയ ദൃശ്യനിര്‍മിതിക്ക് വിലങ്ങായിത്തീരുന്നതായി കാണാം. തിരക്കഥയില്‍ രൂപപ്പെട്ട സംഭവത്തെ ഛായാഗ്രഹണം, ചിത്രസന്നിവേശം, അഭിനയം അങ്ങനെ അനേകം ചേരുവകള്‍ ചേര്‍ത്ത് വ്യാഖ്യാനിക്കുകയാണല്ലോ സംവിധായകന്‍ ചെയ്യുന്നത്. പലപ്പോഴും ഈ ആഖ്യാനവ്യാഖ്യാനങ്ങള്‍ പൊരുത്തപ്പെടാതെ പോവാറുണ്ട്. ഈ പൊരുത്തക്കേടിനെയാണ് പത്മരാജന്‍ തന്റെ ചിത്രങ്ങളില്‍നിന്നും ഒഴിവാക്കിനിര്‍ത്തിയത്. തന്റെ ചലച്ചിത്രരചനയിലൂടെ സംവിധായക തിരക്കഥാ ദ്വന്ദ്വത്തെ അദ്ദേഹം ഏകരാശിയിലാക്കി. സിനിമ, ഒരേ കാര്യം വ്യത്യസ്തമായ രീതിയില്‍ പറയുകയല്ല, മറിച്ച് വ്യത്യസ്ത കാര്യങ്ങളായിത്തന്നെ പറയുകയാണു ചെയ്യുന്നത്. സ്വന്തം സിനിമയ്ക്കു തിരക്കഥയെഴുതുമ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി തിരക്കഥാരചന നടത്തുമ്പോഴും അദ്ദേഹം വ്യത്യസ്തമായ സമീപനങ്ങളാണു സ്വീകരിച്ചിരുന്നത്. ഓരോ സംവിധായകന്റെയും സൗന്ദര്യബോധത്തിനും മാധ്യമ അവബോധത്തിനും അനുസൃതമായി രചന നടത്താന്‍ പത്മരാജന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

ആവര്‍ത്തനവിരസമായിത്തീര്‍ന്ന പ്രാദേശികഭാഷയുടെ ഇടുങ്ങിയ വഴിയില്‍നിന്ന് ഭാഷാവൈവിധ്യത്തിന്റെ തുറസ്സിലേക്കു മലയാളതിരക്കഥയെ കൊണ്ടെത്തിച്ചത് പത്മരാജനാണ്. കുട്ടനാടന്‍, തിരുവിതാംകൂര്‍, മദ്ധ്യതിരുവിതാംകൂര്‍ ഭാഷകൊണ്ടും പ്രാദേശികമായ വ്യത്യസ്ത ഭാഷാപ്രയോഗങ്ങള്‍കൊണ്ടും അദ്ദേഹം തിരക്കഥയുടെ ഭാഷയെ നവീകരിച്ചു. ഭാഷയുടെ മേലുള്ള സ്വാധീനം, ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കൈയടക്കം അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആ സര്‍ഗശേഷിയാണ് ഞാന്‍ ഗന്ധര്‍വനിലെ, കവിതതുളുമ്പുന്ന, മന്ത്രസമാനമായ ശൈലീകൃതഭാഷയിലൂടെ നാം അറിഞ്ഞത്. കവിതയോടടുത്തുനില്ക്കുന്ന ഭാഷ കാഴ്ചയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ദൃശ്യത്തിനു സമാന്തരമായി ഭാഷയെ കുറുക്കി പ്രയോഗിച്ചു പത്മരാജന്‍. 'അമ്മച്ചിയെനിക്കിപ്പോ അമ്മച്ചിയല്ലാതായി. എലിസബത്തെനിക്കിപ്പോ അനിയത്തിയല്ലാതായി' (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) ഇവിടെ ദൃശ്യത്തിന് ആവിഷ്‌കരിക്കാനാവാത്തത് ഭാഷ കാണിച്ചുതരുന്നു. 'നമുക്ക് അങ്ങ് ദൂരേയ്ക്കു പോകാം. ആര്‍ക്കുമാര്‍ക്കും എത്തിപ്പെടാനാവാത്ത സെയ്ഫായ ഒരു ദൂരെ.' ഈ സംഭാഷണഖണ്ഡത്തില്‍ ഒരുപാടു സൂചനകള്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം.

പത്മരാജന്റെ രചനകളില്‍ യാഥാര്‍ഥ്യം, തോന്നലുകള്‍, മതിഭ്രമങ്ങള്‍ , മിഥ്യാബോധങ്ങള്‍  ഇവയുടെയൊക്കെ അതിര്‍വരമ്പുകള്‍ വളരെ നേരിയതാണ്. വാക്കുകളാല്‍ വരയിടുന്ന പല കാര്യങ്ങളും ശക്തമായ ബിംബകല്പനകളിലേക്ക് വളര്‍ന്നുനില്ക്കുന്നു. എന്നാല്‍ അവ കേവല പ്രതീകങ്ങളായി ഒരിക്കലും സംവേദനത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. 'രതിനിര്‍വേദം' എന്ന ചിത്രത്തില്‍ പാമ്പിന്‍കാവില്‍ വെച്ച് പപ്പു രതിക്ക് ടോര്‍ച്ചു കൈമാറുന്ന ഒരു ദൃശ്യമുണ്ട്. ഇതില്‍ ടോര്‍ച്ചിന്റെയും കൈകളുടെയും സമീപദൃശ്യം പുരുഷലിംഗപരമായ ഒരു ബിംബഘടനതന്നെയാണ് കാട്ടിത്തരുന്നത്. അതു വിദഗ്ധമായി കണ്ടെടുക്കാന്‍ ഭരതന്‍ എന്ന സംവിധായകനു കഴിഞ്ഞു എന്നുള്ളത് ആ രണ്ടു കലാകാരന്മാരുടെ രചനാപരമായ ഐക്യബോധത്തെ കാണിക്കുന്നു. ഇങ്ങനെ കാമത്തെയും മരണത്തെയും പ്രണയത്തേയും ചൂണ്ടിനില്ക്കുന്ന എത്രയെത്ര ദൃശ്യബിംബങ്ങളാണ് ഈ ചലച്ചിത്രകാരന്‍ തന്റെ രചനകളില്‍ കൊണ്ടുവന്നിട്ടുള്ളത്. മഴയും പൂക്കളും പാമ്പുകളും അങ്ങനെ നീണ്ടുപോകുന്നു ആ ബിംബാവലി. തൂവാനത്തുമ്പികളിലെ ക്ലാരയ്‌ക്കൊപ്പമുള്ള മഴ, രതിനിര്‍വേദത്തിലെ സംയോഗത്തിനു താളമായി നില്ക്കുന്ന മഴഅങ്ങനെ മഴയും പൂക്കളും നിഴലും ഇരുട്ടും എല്ലാം രതിയുടെയും കാമത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും ഭയത്തിന്റെയും അപരക്കാഴ്ചകളായി നമ്മില്‍ നിറയുന്നു.

മനുഷ്യന്റെ ആദിമവാസനകളും നന്മതിന്മകളും രതിയും പകയും എല്ലാം അദ്ദേഹം തന്റെ വാക്കുകളില്‍ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ രചനകളില്‍ സര്‍വോത്തമന്മാരായ കഥാപാത്രങ്ങളില്ല. ആദര്‍ശത്തിന്റെ പ്രതിപുരുഷന്മാരില്ല. നന്മതിന്മകളുടെ, പുണ്യപാപങ്ങളുടെ, പകയുടെ, അനുനയത്തിന്റെ ജൈവരൂപങ്ങളെയാണ് പത്മരാജന്‍ തന്റെ രചനകളിലൂടെ നമുക്കു കാണിച്ചുതന്നത്.

ഏതു നിമിഷത്തിലാണ് ഒരു യഥാതഥദൃശ്യം ഫാന്റസിയുടെ, അയഥാര്‍ഥത്തിന്റെ വിതാനത്തിലേക്ക് ചുവടുമാറുന്നത് എന്നു നമുക്ക് തിരിച്ചറിയാനാവില്ല. സ്ഥലകാലങ്ങള്‍ നിമിഷങ്ങള്‍ക്കകം കുഴമറിയുന്നു. കള്ളന്‍ പവിത്രനില്‍ പവിത്രന്‍ തന്റെ പാത്രം തിരിച്ചെടുക്കാനായി ഗോഡൗണില്‍ തിരയുന്ന ഒരു രംഗമുണ്ട്. ആ ഗോഡൗണിന്റെ അന്തരീക്ഷം നോക്കുക. ഉച്ചിയില്‍ കത്തിനില്ക്കുന്ന ഒറ്റവിളക്ക്, പാമ്പ്, ഓട്ടുപാത്രങ്ങള്‍, നിഴലുകള്‍ വീണ ഭൂതലം അങ്ങനെ ഭ്രമാത്മകകല്പനകളുടെ ഒരു ലോകം. പാത്രക്കാട് എന്നാണ് തിരക്കഥയില്‍ ആ ഗോഡൗണിനു പേര്. ആ വെളിച്ചവും സര്‍പ്പവുമെല്ലാം അതുവരെ നാം പരിചയിച്ച യാഥാര്‍ഥ്യത്തിന്റെ ലോകത്തുനിന്നും നമ്മെ അയഥാര്‍ഥത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. ഒരപരിചിതലോകത്തെത്തിപ്പെടുകയാണു കാഴ്ചക്കാര്‍. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്റെ ലോറി, അതു കാഴ്ചക്കാര്‍ക്ക് അതുവരെ കാണാത്ത ഒരു വിചിത്രവാഹനമാണ്.

ഇത്തരം രീതികള്‍ തന്റെ കഥകളില്‍ അനവധി പരീക്ഷിച്ചിട്ടുണ്ട് പത്മരാജന്‍. അവസാന കാലത്തെഴുതിയ ഓര്‍മ എന്ന കഥയില്‍ ഭൂതഭാവി കാലങ്ങളെ മുന്നോട്ടും പിന്നോട്ടും ക്രമംതെറ്റിച്ചു നടത്തുന്നുണ്ട് അദ്ദേഹം. ഡെമന്‍ഷ്യപോലുള്ള മേധാക്ഷയരോഗത്തെക്കുറിച്ചൊന്നും ഏറെ കേട്ടിട്ടില്ലാത്ത കാലത്താണ് അദ്ദേഹം ഇത്തരം ഒരു കഥയെഴുതുന്നത് എന്നോര്‍ക്കണം.

രതിയും പകയും ആക്രമത്വരയും ഏറ്റവുമധികം കാണപ്പെടുന്ന ചിത്രങ്ങളാണ്, ഇതാ ഇവിടെ വരെ, തകര, നവംബറിന്റെ നഷ്ടം, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമം എന്നിവ. ഒരു മനഃശാസ്ത്രവിദഗ്ധന്റെ കൃതഹസ്തതയോടെയാണ് പത്മരാജന്‍, ഈ ചിത്രങ്ങളില്‍ മനുഷ്യമനസ്സിനെ ചിത്രീകരിക്കുന്നത്.

കഥാരചനയുടെ വേളയില്‍ മനസ്സില്‍ രൂപപ്പെടുന്ന അമൂര്‍ത്തമായ സ്ഥലം അതേപടി തന്റെ സിനിമയിലേക്ക് ആവാഹിക്കാന്‍ സാധിച്ചു എന്നതാണ് പത്മരാജന്റെ ഏറ്റവും വലിയ നേട്ടം. അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വീട്, ഗ്രാമാന്തരീക്ഷം, മണ്ണിന്റെ ടോണ്‍, മൂന്നാംപക്കത്തിലെ ഉപ്പളം ഇതൊക്കെ ഭാവനയിലെ അമൂര്‍ത്തദൃശ്യങ്ങളെ ചലച്ചിത്രത്തിലെ മൂര്‍ത്തദൃശ്യങ്ങളായി പരിവര്‍ത്തിപ്പിക്കലാണ്. ഇന്നലെയിലെ മായയെ (ആ പേരുപോലും ഒരു നല്ല അലിഗറിക്കല്‍ സങ്കല്പമാണ്) പാര്‍പ്പിക്കുന്ന വീടും അതിന്റെ അന്തരീക്ഷവും ആ കഥയുടെ, ഓര്‍മകളുടെ നിലതെറ്റിയതിന്റെ കഥ പറയുന്ന, ആ സിനിമയുടെ മുഴുവന്‍ ഭാവവും അന്തരീക്ഷസൃഷ്ടിയിലൂടെ സൃഷ്ടിച്ചെടുക്കാന്‍ പത്മരാജനു കഴിയുന്നുണ്ട്.

മരണത്തിന്റെ സാന്നിധ്യം കാണിക്കാന്‍ നിഴലുകളേയും കറുപ്പിനേയും ഉപയോഗിക്കുന്നത് തന്റെ ചെറുകഥകളില്‍ത്തന്നെ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ചൂണ്ടല്‍ എന്ന കഥയില്‍, തോടിനെ ചൂഴ്ന്നു നില്ക്കുന്ന ഇരുട്ടും അവിടവിടെ ഒളിച്ചുകളിക്കുന്ന നിഴലുകളും ഏകാകിയായ ആ ചൂണ്ടക്കാരന്റെ മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള അവസ്ഥയെയാണു കാണിക്കുന്നത്. ഈ ഇരുട്ടും നിഴലുകളും പെരുവഴിയമ്പലത്തിലും അപരനിലുമെല്ലാം ധാരാളമായി കടന്നുവരുന്നുണ്ട്. ഈ മൂന്നു ചിത്രത്തിലും കൊലപാതകം നടക്കുന്നത് ഇരുട്ടിനും നിഴലിനും മധ്യേയാണ്. സ്വബോധത്തിന്റെ തലത്തില്‍നിന്നും ഒരുതരം അപസ്മാരബാധയുടെ അടിത്തട്ടിലേക്കു കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നു. രാമന്‍, പ്രഭാകരന്‍ പിള്ളയെ കുത്തുന്നത് ഇരുട്ടിന്റെ മറയില്‍വെച്ചാണ്. ഇവിടെ മരണവും ഇരുട്ടും പരസ്?പരപൂരകങ്ങളാവുന്നു. ആക്രമണത്തിനുശേഷം രാമന്‍ തന്റെ നിഷ്‌കളങ്കതയിലേക്കു മടങ്ങിവരുന്നു. ഇത്തരത്തിലുള്ള ഭാവപ്പകര്‍ച്ച ഭീതികലര്‍ന്ന ഒരു സ്വപ്‌നക്കാഴ്ചയിലേക്കു കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഭയം അതാണ് അപരനിലെ അംഗിയായ രസം. ഈ ഭയമാവട്ടെ മരണവുമായി ഇഴചേര്‍ന്നതാണുതാനും. രാമന്‍, പ്രഭാകരന്‍പിള്ളയെ ആക്രമിക്കുന്നതും വിശ്വനാഥന്‍ ഉത്തമനെ അന്വേഷിക്കുന്നതും തങ്ങളുടെ ശത്രുവില്‍ മരണത്തിന്റെ, പൊറുതികേടിന്റെ നിഴല്‍ കാണുന്നതുകൊണ്ടാണ്. ആക്രമണത്തിന് സ്വയം വിധേയമാവുന്നതിനു മുന്‍പ് ശത്രുവിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക എന്ന ആദിമമനുഷ്യന്റെ ജന്മവാസനതന്നെയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇങ്ങനെ കൊതിപ്പിക്കുന്ന ഭാഷയും ഓര്‍മകളില്‍ എന്നും പൂത്ത് സുഗന്ധം പരത്തി നില്ക്കുന്ന ദൃശ്യങ്ങളും സമ്മാനിച്ച് പെട്ടെന്നു നമ്മെ കടന്നുപോയ പത്മരാജന്‍ എന്ന ഗന്ധര്‍വജന്മത്തിന്റെ കര്‍മകാണ്ഡത്തിലേക്കുള്ള ഒരു കണ്ണെറിയില്‍ മാത്രമാണ് ഈ കുറിപ്പ്.

Thursday, May 15, 2014

പഞ്ചമം പാടുന്ന വീട്‌


ലോകം അവളോട്‌ പറഞ്ഞത്‌ നിനക്കൊരു അമ്മയാകാന്‍ കഴിയില്ല എന്നാണ്‌. അക്കാര്യം തുറന്നു പറഞ്ഞുകൊണ്ടാണ്‌ അവള്‍ വിവാഹജീവിതത്തിലേക്ക്‌ പ്രവേശിച്ചതും. വിവാഹരാത്രിയില്‍ ആ ദമ്പതികള്‍ പ്രാര്‍ത്ഥനാപൂര്‍വം ബൈബിളെടുത്തു വായിച്ചപ്പോള്‍ ലഭിച്ചതാവട്ടെ, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ നിനക്ക്‌ മക്കളുണ്ടാകുമെന്ന്‌ ദൈവം അബ്രാഹത്തിന്‌ നല്‍കിയ വാഗ്‌ദാനവും. ആ വചനത്തില്‍ അവര്‍ വിശ്വസിച്ചു. ഇന്ന്‌ ആ ദമ്പതികള്‍ക്ക്‌ അഞ്ചു മക്കളുണ്ട്‌. ഇത്‌ ഷിജന്‍-സ്‌മിത ദമ്പതികളുടെ അനുഭവം.
സ്‌ത്രീ വിനയത്തോടെ വിശ്വാസത്തിലും സ്‌നേഹത്തിലും വിശുദ്ധിയിലും ഉറച്ചു നില്‍ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും'' (1 തിമോത്തി 2:15).
2003 മാര്‍ച്ച്‌ ഒന്നിന്‌ വിവാഹിതരായ ഷിജനും സ്‌മിതയ്‌ക്കും ഏതൊരു കുടുംബജീവിതത്തിന്റെയും സ്വപ്‌നമായ കുഞ്ഞുങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം മുമ്പില്‍ ഉണ്ടായിരുന്നില്ല. കാരണം, തൈറോയിഡ്‌ 150 മൈ ക്രോ ഗ്രാം കഴിച്ചുകൊണ്ടിരുന്ന സ്‌മിതയ്‌ക്ക്‌ കുട്ടികളുണ്ടാകാന്‍ സാധ്യതയില്ല എന്നാണ്‌ മെഡിക്കല്‍ സയന്‍സ്‌ പറഞ്ഞത്‌. ഇക്കാര്യം ഷിജനോട്‌ പറഞ്ഞുകൊണ്ടാണ്‌ സ്‌മിത വിവാഹിതയായതും. പ്രാര്‍ത്ഥനയിലും ദൈ വത്തിലുള്ള അടിയുറച്ച വിശ്വാസത്തിലും അധിഷ്‌ഠിതമായ ഉറച്ച തീരുമാനമാണ്‌ ഇരിങ്ങാലക്കുട സ്വദേശിയും ജീസസ്‌ യൂത്ത്‌ സ ജീവപ്രവര്‍ത്തകനുമായ ഷിജനെ ആലപ്പുഴക്കാരിയായ സ്‌മിതയെ വിവാഹം കഴിക്കുന്നതിലേക്ക്‌ നയിച്ചത്‌.
വിവാഹരാത്രിയില്‍ ഇരുവരും കൂടി പ്രാര്‍ ത്ഥിച്ചു വചനമെടുത്തപ്പോള്‍ കിട്ടിയത്‌ അബ്രാഹത്തോട്‌ ദൈവം ചെയ്‌ത വാഗ്‌ദാനമാണ്‌, നിന്റെ സന്തതികള്‍ കടല്‍ത്തീരത്തെ മണല്‍ ത്തരികള്‍പോലെയായിരിക്കും. ഈ വചനം വരാനിരിക്കുന്ന അത്ഭുതത്തിന്‌ കാരണമായി മാറുമെന്ന്‌ ഇരുവരും ഹൃദയത്തില്‍ വിശ്വസിച്ചു. ദൈവം എത്ര കുട്ടികളെ തന്നാലും സ്വീകരിക്കും എന്ന്‌ അവര്‍ ആ നിമിഷം തീരുമാനമെടുത്തു.
അസാധ്യകാര്യങ്ങളില്‍ നമ്മുടെ ബലഹീനതയെ ശക്തിയാക്കി മാറ്റുന്ന, ഇന്നും ജീവിക്കുന്നവനായ കര്‍ത്താവ്‌ അത്ഭുതം പ്രവര്‍ ത്തിച്ചു. 2003 ഏപ്രിലില്‍ സ്‌മിത ഗര്‍ഭിണിയായി. കുട്ടി മന്ദബുദ്ധിയാകാനും ചിലപ്പോ ള്‍ അബോര്‍ഷനാകാനും സാധ്യതയുണ്ട്‌ എന്ന്‌ പലരും പറഞ്ഞു. തൈറോയിഡ്‌ 150 മൈക്രോഗ്രാം സ്‌മിത കഴിക്കുന്നതായിരുന്നു അതിനു കാരണം. പിന്നീട്‌ പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു. ആദ്യ കുട്ടിയായ ജെ സിക്കാ മരിയ ഈ ലോകത്തിലേക്കു വന്നു, പൂര്‍ണ ആരോഗ്യവതിയായി. ആദ്യ കുഞ്ഞുണ്ടായി ആറുമാസങ്ങള്‍ക്കുശേഷം സ്‌മിത രണ്ടാമതും ഗര്‍ഭിണിയായി. തെരേസയായിരുന്നു ആ കുഞ്ഞ്‌.
ഷിജന്‍-സ്‌മിത ദമ്പതികള്‍ക്ക്‌ പിന്നീട്‌ ജെസ്സെ, ജോഷ്വാ, ജൊവാന എന്നിങ്ങനെ മൂന്നു കുട്ടികള്‍കൂടി ജനിച്ചു.
പ്രസവങ്ങളെല്ലാം നോര്‍മലായിരുന്നു. ഓരോന്നു കഴിയുമ്പോഴും ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹംപോലെ തൈറോയിഡ്‌ കഴിക്കുന്നത്‌ 25 ഗ്രാംവച്ച്‌ കുറഞ്ഞു. ഇപ്പോള്‍ വെറും 25 മൈക്രോഗ്രാം എന്ന നി ലയിലായി തൈറോയിഡിന്റെ അളവ്‌. ഒന്നാമത്തെ പ്രസവം വളരെയധികം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. അതിനുശേഷം ഒട്ടൊ ക്കെ ഭയപ്പാടോടെയാണ്‌ കഴിഞ്ഞിരുന്നത്‌. സ്‌മിത ഓര്‍മിക്കുന്നു. ആ സമയത്താണ്‌ ഒരു ധ്യാനത്തിന്‌ പോകുന്നത്‌. ആരാധനയുടെ സമയത്ത്‌ വൈദികന്‍ വിളിച്ചുപറഞ്ഞു, പ്രസവവുമായി ബന്ധപ്പെട്ട്‌ പേടിയുള്ള ഒരു സഹോദരിയുടെ ഭയം കര്‍ത്താവ്‌ എടുത്തു നീക്കുന്നുവെന്ന്‌. അത്‌ എനിക്കുള്ള സന്ദേശമാണെന്ന്‌ ഞാന്‍ വിശ്വസിച്ചു. ആ സ മയം ഗര്‍ഭിണിയാണെന്ന വിവരവും അറിയില്ലായിരുന്നു.
ആദ്യപ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ചേച്ചിയുമായി സംസാരിച്ചപ്പോള്‍ ചേച്ചി പറഞ്ഞു, ``നീ കൊന്തചൊല്ലി പ്രാര്‍ത്ഥിക്ക്‌. മാതാവ്‌ നിന്റെ പ്രസവവേദന കുറച്ചുതരും.'' അന്നുമുതല്‍ ശക്തമായി കൊന്ത ചൊല്ലുന്നതിനാരംഭിച്ചു. അത്ഭുതകരമെന്ന്‌ പറയട്ടെ, രണ്ടാമത്തെ പ്രസവം എന്നെ സംബന്ധിച്ച്‌ വലിയ അസ്വസ്ഥതകള്‍ നല്‍കിയില്ല. മൂന്നാമത്തെ പ്രസവകാലത്ത്‌ ഒട്ടൊക്കെ പ്രാര്‍ത്ഥനയില്‍ കുറവനുഭവപ്പെട്ടു. അതിനാല്‍ ബുദ്ധിമുട്ടുകളും വര്‍ധിച്ചു. കഷ്‌ടതകളുടെ കാലത്ത്‌ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും നല്ല കാലമാകുമ്പോള്‍ മറക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവം എന്നെയും പിടികൂടി;'' സ്‌മിത പറഞ്ഞു. പിന്നീട്‌ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. തുടര്‍ന്നു ള്ള രണ്ടു പ്രസവങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ കുറവായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം എന്നെ അതിന്‌ സഹായിച്ചു.
ഓരോ പ്രസവത്തിന്റെയും ആറുമാസത്തെ ഇടവേളക്കുശേഷം വീണ്ടും ഗര്‍ഭിണിയാ യപ്പോള്‍ മുലയൂട്ടുന്നത്‌ നിര്‍ത്തേണ്ടിവന്നു. അതിനെയും തുടരെത്തുടരെ കുട്ടികളുണ്ടാകുന്നതിനെയും പലരും വിമര്‍ശിച്ചു. ഞങ്ങ ള്‍ക്കത്‌ വിഷമത്തിന്‌ കാരണമായി. എങ്കിലും ദൈവം തരുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുമെന്ന്‌ ഉറച്ച തീരുമാനത്തില്‍നിന്ന്‌ പിന്മാറിയില്ല. അഞ്ചാമത്തെ കുട്ടി ഒമ്പതുമാസമായപ്പോള്‍ പാലുകുടി തനിയേ നിറുത്തി. എത്ര നിര്‍ബന്ധിച്ചാലും കരഞ്ഞ്‌ ഒഴിഞ്ഞുമാറും. കൂടുതല്‍ നാളുകള്‍ മൂത്ത കുട്ടികളെ മുലയൂട്ടിയില്ല എന്ന എല്ലാവരുടെയും പരാതികള്‍ക്ക്‌ മറുപടിയായി ദൈവം ഞങ്ങള്‍ക്ക്‌ തിരിച്ചറിവ്‌ തന്നതാണ.്‌ അങ്ങനെയാണ്‌ ഈ സംഭവത്തെ ദമ്പതികള്‍ വിലയിരുത്തുന്നത്‌.
കുഞ്ഞുങ്ങള്‍ ഭാരമാണ്‌, അവരെ വളര്‍ത്തി നല്ല നിലയിലാക്കണമെങ്കിലുള്ള കഷ്‌ടപ്പാടുകള്‍, ഭാവിയെക്കുറിച്ചുള്ള ആകുലത ഇതിലെല്ലാം മാനുഷികമായി പദ്ധതികള്‍ തയാറാക്കി വിഷമിക്കുന്നവര്‍ക്ക്‌ ചിലപ്പോള്‍ കുട്ടികള്‍ ഭാരമായി അനുഭവപ്പെടും. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അ ന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ. കുട്ടികളുടെ എണ്ണം കൂടുതലുള്ളത്‌ പങ്കുവയ്‌ക്കപ്പെടുന്ന സ്‌നേഹത്തെ തിരിച്ചറിയുന്നതിന്‌ കുട്ടികളെ പ്രാപ്‌തരാക്കുന്നു. മാതാപിതാക്കന്മാര്‍ ഒരു കുട്ടിയോട്‌ ചെയ്യുന്ന ഏ റ്റവും വലിയ ദ്രോഹമാണ്‌ ഒരേയൊരു സ ന്താനം മാത്രം തങ്ങള്‍ക്ക്‌ മതി എന്ന്‌ തീരുമാനിക്കുന്നത്‌'' ഷിജനും സ്‌മിതയും ഏകസ്വരത്തില്‍ പറയുന്നു.
പരസ്‌പരമുള്ള സഹകരണവും ആത്മബന്ധവും തങ്ങളുടെ കുട്ടികളുടെ ഇടയില്‍ രൂപപ്പെടുന്നത്‌ ആഹ്ലാദത്തോടെയാണ്‌ ഈ ദമ്പതികള്‍ തിരിച്ചറിയുന്നത്‌. ടി.വി പ്രോഗ്രാമുകളെക്കാള്‍ അവര്‍ക്ക്‌ സ്വന്തമായ ഒരു ലോകത്ത്‌ പരസ്‌പരം കളിച്ചു നടക്കാനാണിഷ്‌ടം. മാതാപിതാക്കന്മാര്‍ പറയാറുണ്ട്‌- ഒ ന്നോ രണ്ടോ കുട്ടികളെ വളര്‍ത്തുന്നത്‌ ഭാരപ്പെട്ട ജോലിയാണെന്ന്‌. പക്ഷേ ഞങ്ങളെ സംബന്ധിച്ച്‌ അഞ്ച്‌ കുട്ടികളെ വളര്‍ത്തുന്നത്‌ ക്ലേശകരമായി അനുഭവപ്പെടുന്നില്ല. എന്തു കിട്ടിയാലും പങ്കുവയ്‌ക്കുകയും ചിലപ്പോഴൊക്കെ വഴക്കുണ്ടാക്കുമ്പോള്‍ രണ്ടുപേരെയും വിളിച്ചു നിര്‍ത്തി സോറി പറഞ്ഞ്‌ ത ലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിപ്പിക്കും. സഹകരണ മനോഭാവവും ക്ഷമിക്കുന്നതിനുള്ള കഴിവും കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ട്‌; അനുഭവത്തില്‍നിന്ന്‌ ഈ ദമ്പതികള്‍ പറഞ്ഞു.
മൂന്നാമത്‌ ഗര്‍ഭിണിയായിരിക്കേ എട്ടാം മാസത്തിലാണ്‌ പി.എസ്‌.സി പരീക്ഷ എഴുതുന്നത്‌. റിസല്‍ട്ട്‌ വന്നപ്പോള്‍ ഫസ്റ്റ്‌ റാങ്ക്‌. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലല്ലാതെ ഇത്‌ മറ്റെന്താണ്‌? അങ്ങനെ വി.എച്ച്‌.എസ്‌.സിയില്‍ ഡയറി സയന്‍സ്‌ അധ്യാപികയായി കോട്ടയം, കാണക്കാരിയില്‍ ജോലി കിട്ടി. ഷിജന്‍ അന്ന്‌ എച്ച്‌.ഡി.എഫ്‌.സി ബാങ്കില്‍ മാനേജരാണ്‌. ജോലിക്ക്‌ പോകേണ്ടയെന്ന്‌ സ്‌മിത തീരുമാനിച്ചെങ്കിലും ദൈവം നല്‍കിയ ജോലി ഏറ്റെടുക്കണം എന്ന ചിന്തയില്‍ വി.എച്ച്‌.എസ്‌.സിയില്‍ ടീച്ചറായി കയറി. ഷിജന്‍ ജോലി രാജിവച്ച്‌ കോട്ടയത്തെത്തി. വലിയ കുടുംബത്തിന്റെ ചിലവുകള്‍ക്കനുസരണമായി മറ്റൊരു ജോലി വീടിനടുത്തുതന്നെ ദൈവം ഷിജനും നല്‍കി. ഇന്ന്‌ അലിഗ്രോ ഫിനാ ന്‍ഷ്യല്‍ ബ്രോക്കിങ്‌ സ്ഥാപനത്തിന്റെ കേരളത്തിലെ നിയന്താവാണ്‌ ഷിജന്‍.
ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കാതെ കൂടുതല്‍ മക്കളെ വളര്‍ത്തുന്നതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാകില്ല. ദൈവം മ ക്കള്‍ക്കായി അനുഗ്രഹത്തിന്റെ ഭണ്‌ഡാരം കൊടുത്തിരിക്കുന്നത്‌ മാതാപിതാക്കന്മാര്‍ക്കാണ്‌. ഏതെങ്കിലും മക്കള്‍ക്ക്‌ ജീവിതവിജയം നേടുന്നതിന്‌ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം മാതാപിതാക്കന്മാരുമായുള്ള ബന്ധത്തിലുള്ള കുറവാണ്‌. പഴയനിയമത്തില്‍ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങുന്ന ധാരാളം അവസരങ്ങള്‍ വിവരിക്കുന്നുണ്ട്‌. മൂത്തമകള്‍ ജസീക്കായ്‌ക്ക്‌ രണ്ടുവയസ്‌ പ്രായമായിട്ടും വായില്‍ വിരലിടുന്ന ദുഃശീലമുണ്ടായിരുന്നു. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. സുഹൃത്തുക്കളായ ഡോ ക്‌ടര്‍ ദമ്പതികളോട്‌ ഇതെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, നിങ്ങള്‍ രണ്ടുപേരും കൂടി കുട്ടിയുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്‌. തങ്ങളുടെ കുട്ടിക്കുണ്ടായിരുന്ന ഈ ദുഃശീലം രണ്ടു മാസം പ്രാര്‍ത്ഥിച്ചപ്പോള്‍ മാറി! അതുകേട്ട്‌ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. എത്രയോ വലിയ ദാനം സ്വന്തം കൈയിലുണ്ടായിരിക്കെ മറ്റെവിടെയൊക്കെയോ അന്വേഷിച്ചുപോകുന്നു. അന്ന്‌ രാത്രി ജസീക്കാ വായില്‍ കൈവച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും കൂടി അവളുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ തലയില്‍നിന്ന്‌ കൈയെടുക്കുന്നതിനുമുമ്പ്‌ ഉറങ്ങിക്കിടന്ന ജസീക്കാ കൈ വായില്‍ നിന്നെടുത്തു! പിന്നീടൊരിക്കലും ഈ ദുഃശീലം അവള്‍ ആവര്‍ത്തിച്ചിട്ടില്ല.
മാതാപിതാക്കന്മാര്‍ക്ക്‌ ദൈവം നല്‍കിയിരിക്കുന്ന മഹത്തായ ദാനമായ പ്രജനനത്തിനുള്ള കഴിവിനെ വിമെന്‍സ്‌ കോഡ്‌ ബില്ലിലൂടെ തടയിടുന്നതിനുള്ള ശ്രമം ദമ്പതികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്‌.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തെ ശുചിത്വസംസ്‌കാരത്തിലും വികസനോന്മുഖമായി ചിന്തിക്കുന്നതിനും വേണ്ടിയാകണം. കുറുക്കുവഴികളിലൂടെ പ്രജനനനിയന്ത്രണം വരുത്തിയും ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിച്ചുമല്ല വികസനം സാധ്യമാക്കേണ്ടത്‌. ഒരുകാലത്ത്‌ ലോകജനസംഖ്യ വര്‍ധിച്ചതിനാല്‍ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന്‌ ആകുലപ്പെട്ട നേതാക്കന്മാരുണ്ടായിരുന്നു. പക്ഷേ യ ഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യസമൃദ്ധി ലോകത്തുണ്ടാകുകയാണ്‌ ചെയ്‌തത്‌.
വിദേശരാജ്യങ്ങളില്‍ കുട്ടികള്‍ കൂടുതലുണ്ടാകുന്നതിന്‌ പ്രോത്സാഹനം നല്‍കുകയാണ്‌. അതിനായി എല്ലാത്തരത്തിലും സഹായങ്ങള്‍ ലഭ്യമാക്കുമ്പോള്‍ വിരോധാഭാ സംപോലെ ഇത്തരത്തിലുള്ള അനാരോഗ്യകരമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നത്‌ കേരളംപോലെ വികസിതമായ ഒരു സം സ്ഥാനത്തിന്‌ ചേര്‍ന്നതല്ല.
രാഷ്‌ട്രനിയമങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ദൈവികനിയമങ്ങളെ ധിക്കരിക്കുന്ന രാഷ്‌ട്രനിയമങ്ങളെ പാലിക്കാന്‍ ഒരു യഥാര്‍ത്ഥ ക്രൈസ്‌തവവിശ്വാസിയെന്ന നിലയില്‍ ബാധ്യതയില്ല; ഷിജന്‍-സ്‌മിത ദമ്പതികള്‍ പറയുന്നു.

Soursce: Denny Thomas Vattakunnel

Monday, May 5, 2014

മനാലിയില്‍ മഞ്ഞുപെയ്യുമ്പോള്‍

മനാലി, കണ്ണും കരളും കവരുന്ന പ്രാലേയപ്രണയതീരം

അനസൂയയുടെ മിഴികള്‍ കൂമ്പിയടഞ്ഞു. ''കളിപ്പടക്കങ്ങള്‍ പൊട്ടിത്തീഅരും പോലെയാണ് ദിവസങ്ങള്‍ പോയത്. നാളെ മടങ്ങുമ്പോള്‍ ഈ മഞ്ഞിനെ ഞങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും''. തൊട്ടരികില്‍ ചുടുകാപ്പി മൊത്തിക്കുടിക്കുന്ന ഭര്‍ത്താവിനെ പാളിനോക്കുമ്പോള്‍ കണ്‍കോണുകളില്‍ പ്രണയം തുടിക്കുന്നു. ജയ്പുരില്‍ നിന്നാണ് അനസൂയയും രണ്‍വീറും. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ അനസൂയയെ മനാലി ഒരു കവയത്രിയാക്കിയിരിക്കുന്നു.

 ഒരു ടിബറ്റന്‍ കോഫിഷോപ്പില്‍ വെച്ച് പരിചയപ്പെടുമ്പോള്‍ യാത്രയുടെ ത്രില്ലിലായിരുന്നു ഇരുവരും. ക്യാമറ കണ്ടപ്പോള്‍ ചിരിയോടെ വിലക്ക് ''ഓണ്‍ലി ഡ്രീംസ് നോ സ്‌നാപ്പ്‌സ്''

മധുവിധുവിന്റെ മണ്ണാണ്് മനാലി. സഞ്ചാരികളില്‍ ഏറെയും ജോഡികളാണ്. അനസൂയയേയും രണ്‍വീറിനേയും പോലെ. അതല്ലെങ്കില്‍ പഴയ മധുവിധുവിന്റെ ആഘോഷം പുനരാനയിക്കാന്‍ എത്തിയവര്‍.

മനാലിയില്‍ പ്രകൃതി തന്നെയാണ് കാഴ്ച. മഞ്ഞുപുതച്ച ഹിമാലയനിരകളോടുള്ള സാമീപ്യമാണ് മനാലിയെ യാത്രികര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്. തെളിഞ്ഞ നീലകാശത്തിനു താഴെ വെയിലേറ്റ് തിളങ്ങുന്ന മഞ്ഞുകൊടുമുടികള്‍, അനന്തവിശാലമായ കൃഷിയിടങ്ങള്‍, ഇടയ്ക്ക്് ആപ്പിള്‍ത്തോട്ടങ്ങള്‍. കുളുതാഴ്‌വരയിലൂടെ മനാലിയിലേക്കുള്ള യാത്രതന്നെ അതിമനോഹരമാണ്. ബിയാസ് നദിയുടെ തെളിനീര്‍പ്രവാഹത്തിനൊപ്പം സ്വച്ഛമായ ഇളംകാറ്റേറ്റ്...

''ട്വന്‍ടി റുപ്പീസ് സാബ്...'' രമാദേവി ഒരു പ്രലോഭനമെറിഞ്ഞു. കൈയില്‍ മാറോട് ചേര്‍ന്നിരിക്കുന്നു പഞ്ഞിക്കെട്ടുപോലെ വെളുത്ത ഒരുമുയല്‍. 20രൂപയ്ക്ക് മുയലിനെ അഞ്ചുമിനിറ്റ് തരും. അതിനെ ഓമനിച്ച് കുറേ ഫോട്ടോയെടുക്കാം. മുയല്‍മാത്രമല്ല യാക്കുമുണ്ട്. ചലിക്കുന്ന രോമക്കാടുകള്‍ പോലെയുള്ള യാക്കിനു പുറത്ത് കയറി ചിത്രമെടുക്കാനും തിരക്കുണ്ട്. അതുമല്ലെങ്കില്‍ ഹിമാചലിന്റെ കടുംനിറങ്ങളുള്ള പരമ്പരാഗത വേഷമണിഞ്ഞ് പടമെടുക്കാം. രമാദേവിയെപ്പോലെ നിരവധിപ്പേര്‍ ടൂറിസം കൊണ്ട് ജീവിതം കണ്ടെത്തുന്നുണ്ട്. ചെറുകിടഗൈഡുകള്‍ മുതല്‍ വന്‍ റിസോട്ടുകാര്‍ വരെ. ഹിഡുംബിക്ഷേത്രത്തിലേക്കുള്ള ഈ വഴിയില്‍ ഇങ്ങനെ പലതുമുണ്ട്.

കുന്നുകയറിയെത്തുമ്പോള്‍ ഇടതൂര്‍ന്ന ദേവദാരു വൃക്ഷങ്ങളുടെ കാടാണ്, ഈ നാലുമണി നേരത്ത് പൊടുന്നനെ സന്ധ്യയായതുപോലെ. കാനനഭംഗികള്‍ക്ക് ചേരുംവിധം പ്രാചീനമായക്ഷേത്രം.

ഐതിഹ്യം ഇങ്ങനെ: വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തി. വിശന്നിരുന്ന ഹിഡുംബന്‍ എന്ന രാക്ഷസന്‍ പാണ്ഡവരെ പിടിച്ചുകൊണ്ടുവരാനായി സഹോദരിയെ അയച്ചു. പക്ഷേ ഹിഡുംബി ഭക്ഷണം മറന്ന് ഭീമസേനനില്‍ അനുരക്തയായി. കോപാകുലനായ ഹിഡുംബന്‍ ഭീമനോടെതിരിട്ടു മരിച്ചു. ഭീമന്‍ ഹിഡുംബിയെ വിവാഹം കഴിച്ചു. അവരുടെ മദനോത്സവത്തിന്റെ മണിയറയായിരുന്നു മനാലി. ഭീമന് ഹിഡുംബിയില്‍ പിറന്ന ഘടോല്‍ക്കചനും ഇവിടെ ഒരു ക്ഷേത്രത്തറയുണ്ട്.

കുലം മറന്നുള്ള പ്രണയാഭിനിവേശത്തിന്റെ മണ്ണില്‍ മുഗ്ധാനുരാഗത്തിന്റെ കാഴ്ചകള്‍ തന്നെയാണിന്നും. ഒളിമറകളില്ലാതെ സ്‌നേഹസല്ലാപങ്ങളില്‍ സ്വയം മറന്ന് പുണര്‍ന്ന് നീങ്ങുന്നവര്‍ എവിടെയുമുണ്ട്.

വിസ്മയം തീര്‍ക്കുന്ന കോട്ടിയിലേക്കുള്ള 12 കിലോമീറ്റര്‍ യാത്ര. മഞ്ഞിനു നടുവില്‍ വിരിച്ചിട്ട കറുത്ത കമ്പളം പോലെ റോഡ്. ഇടവിട്ടുള്ള തിരിവുകളില്‍ ചെറിയ കടകള്‍. മുട്ടറ്റംനീളുന്ന ബൂട്ടുകളും വലിയ കമ്പിളിക്കുപ്പായങ്ങളും നിരത്തിവെച്ച ചെറുമാടങ്ങള്‍. എല്ലാം വാടകയ്ക് കിട്ടും. കോട്ടിയില്‍ മുട്ടറ്റം മഞ്ഞാണ്, നല്ല തണുപ്പും. അതിനാണ് ഈ ഒരുക്കങ്ങള്‍.

വഴിയുടെ ഒടുവില്‍ കണ്‍നിറയെ കോട്ടി. മഞ്ഞുപുതച്ച പര്‍വ്വതനിരകളുടെ കയറ്റിറക്കങ്ങള്‍,ഒറ്റപ്പെട്ട പൈന്‍മരങ്ങള്‍ തെളിഞ്ഞനീലമാനത്ത് വെള്ളിമേഘങ്ങളുടെ അലസസഞ്ചാരം. ചുറ്റും സഞ്ചാരിസംഘങ്ങളുടെ ആഘോഷപ്രകടനങ്ങളാണ്. ചിലര്‍ പാട്ടും ആട്ടവുമായി. ഇടയ്ക്ക് വെള്ളില്‍പ്പറവകള്‍പോലെ കയറ്റിറക്കങ്ങളിലൂടെ ഒഴുകിയെത്തുന്ന സ്‌കീയിങ് സാഹസികര്‍. മറ്റുചിലര്‍ മഞ്ഞുകൊണ്ട് പരസ്പരം എറിഞ്ഞ് കളിച്ച് കൊച്ചുകുട്ടികളെപ്പോലെ... എത്രയോ മനോഹരഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായ ഇവിടെയെത്തുമ്പോള്‍ അറിയാതെ ഒരു പ്രണയത്തിലേയ്ക്ക് വീണുപോകുന്നു


K Unnikrishnan, Photos:Ajeeb Komachi