സത്യന്‍ അന്തിക്കാട്
സിനിമയിലാണ് മറ്റേതു രംഗത്തേക്കാളും പ്രതിച്ഛായ നിര്‍മ്മിതി സംഭവിക്കുന്നത്. സ്റ്റാര്‍ എന്ന പ്രയോഗംതന്നെ സിനിമയുമായി ബന്ധപ്പെട്ടിട്ടാണ് രൂപപ്പെട്ടത്. സിനിമയേക്കാള്‍ മുന്നേ ഇവിടെയുണ്ടായിരുന്ന ഏറ്റവും ജനകീയ കലാരൂപമായ നാടകത്തിലെ അഭിനേതാക്കളെ ഒന്നും നാം നാടകസ്റ്റാര്‍ എന്നു വിളിച്ചിരുന്നില്ല. എത്രയോ പ്രഗത്ഭരായ നാടക നടന്‍മാര്‍, ഒരു ചരിത്രരേഖപോലും അവശേഷിപ്പിക്കാതെ മണ്‍മറഞ്ഞു പോയി. എന്നാല്‍, സിനിമയില്‍ നടന്‍മാരൊക്കെ സാമാന്യജനങ്ങളുമായി കൃത്യമായ ഒരു അകല്‍ച്ച പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. തിരശ്ശീലയില്‍ നിഴല്‍രൂപങ്ങളായിക്കണ്ട മനുഷ്യരെ പച്ചജീവനോടെ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് പതിവില്ലാത്തൊരു കൗതുകം സ്വാഭാവികമാണ്. നടന്‍മാരില്‍ സിനിമാസ്റ്റാറുകള്‍ ആകട്ടെ, മണ്ണില്‍ ചവിട്ടിനടക്കാത്ത ആളുകളായിത്തീരുകയും ചെയ്തു. സാധാരണ മനുഷ്യരെ തൊടുകയോ ബസ്സില്‍ സഞ്ചരിക്കുകയോ സാധാരണ ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു ആലോചനയായിത്തീര്‍ന്നു. ഈ ഗ്ലാമര്‍ പരിവേഷം സിനിമയില്‍ നിലനില്ക്കുമ്പോഴാണ് ശ്രീനിവാസന്റെയും മാമുക്കോയയുടെയും ഒക്കെ കടന്നുവരവ് ഉണ്ടാവുന്നത്. ഗ്ലാമറിനെതിരെയുള്ള ദിശയിലാണ് ഈ രണ്ടുപേരുടേയും ചലച്ചിത്രസഞ്ചാരങ്ങള്‍.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയുടെ ആലോചനയുമായി കോഴിക്കോട് മഹാറാണിയില്‍ തമ്പടിച്ചിരിക്കുകയാണ് ശ്രീനിവാസനോടൊപ്പം ഞാന്‍. പുതിയ ചില നടന്‍മാരെ ആ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാനത് ശ്രീനിവാസനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
'ഒരാളുണ്ട്' ശ്രീനിവാസന്‍ പറഞ്ഞു: 'മാമു തൊണ്ടിക്കോട്. മികച്ച നാടകനടനാണ്.' ശ്രീനിവാസന്‍ പറഞ്ഞതുകൊണ്ട് എനിക്ക് ആളെ കാണാന്‍ ആഗ്രഹമായി. പിറ്റേന്നു കാലത്ത് മെലിഞ്ഞ് കൊള്ളിക്കഷണംപോലെയുള്ള ഒരു മനുഷ്യന്‍ എന്നെത്തേടി മഹാറാണിയിലേക്ക് വന്നു. പല്ലുകള്‍ യാതൊരു അപകര്‍ഷതയുമില്ലാതെ പുറത്ത് എഴുന്നുനില്‍ക്കുന്നു. പല്ലുകളാണ് ആ ശരീരത്തിന്റെ അച്ചുതണ്ട് എന്ന നിലയിലാണ് അവയുടെ നില്പ്. മുഖത്തിന്റെ ഫ്രെയിമിനു പുറത്തേക്കുള്ള ആ പല്ലുകള്‍ കണ്ടപ്പോള്‍ത്തന്നെ ഞാന്‍ നിരാശനായി. ശ്രീനിവാസന്‍ എന്റെ ശത്രുവാണോ എന്നുപോലും, ഒരു നിമിഷം ഞാന്‍ സംശയിച്ചുപോയി. ഒരു യഥാര്‍ഥ സുഹൃത്ത് പല്ലുകള്‍ മുക്കാലും പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ഇങ്ങനെയൊരു മനുഷ്യനെ അഭിനയിക്കാന്‍ ഒരു അവസരം കൊടുക്കൂ എന്നു പറഞ്ഞ് അയയ്ക്കുമോ?
മാമു തൊണ്ടിക്കോടിനെ എന്റെ മുന്നിലേക്ക് പറഞ്ഞുവിട്ട്, ശ്രീനിവാസന്‍ അപ്രത്യക്ഷനാവുകയും ചെയ്തു.
'നമ്മള് മാമു തൊണ്ടിക്കോട്.' മാമുക്കോയ പറഞ്ഞു:
'കല്ലായീലെ മില്ലിലാണ് പണി. നാടകം അഭിനയിക്കാറ്ണ്ട്. ശ്രീനിവാസന്‍ പറഞ്ഞിട്ടാ വന്നത്. ഓര് നമ്മള സുഹൃത്താ. ഞാന്‍ ങ്ങളെ സിനിമേല് അഭിനയിക്കണോ?'
മാമു തൊണ്ടിക്കോടിന്റെ കൂസലില്ലാത്ത ആ ചോദ്യം കേട്ടപ്പോള്‍ ത്തന്നെ എന്റെ ഉള്ളിലൊരു നീരസം ഉരുണ്ടുകയറാന്‍ തുടങ്ങി. സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയ കോലം! സത്യം പറഞ്ഞാല്‍,
ഒരുതരം പരിഹാസച്ചിരി എന്റെയുള്ളില്‍ വട്ടംകറങ്ങുന്നുണ്ടാ
യിരുന്നു. മാമു തൊണ്ടിക്കോട് ഒന്നും പറയുന്നില്ല. ഒരു മറുപടി കിട്ടിയാല്‍ വേഗംതന്നെ തിരിച്ചുപോകാമല്ലോ എന്ന മട്ടിലാണ് ആ നില്പും ഭാവവും. ഇനി അവസരം ഇല്ലെങ്കില്‍ എനിക്കൊരു ചുക്കുമില്ല എന്നൊരു ഭാവം ആ മുഖത്തുണ്ടായിരുന്നു. 'നിങ്ങളെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്കൊരവസരം തന്നാല്‍ അതു നിങ്ങളുടെ ഭാഗ്യം' എന്ന മട്ടിലൊരു കൂസലില്ലായ്മ മാമുവിന്റെ മുഖത്തുനിന്നും ഞാന്‍ വായിച്ചെടുത്തു.
പെട്ടെന്നൊരു മറുപടി പറയാനാവാതെ, സാഹിത്യഭാഷയില്‍,
ഇതികര്‍ത്തവ്യതാമൂഢനായി ഞാന്‍ നിന്നു.
ശ്രീനിവാസന്‍ പറഞ്ഞയച്ച ആളാണല്ലോ. പിണക്കാതെ നല്ല വാക്ക് പറഞ്ഞുവിടുകയും വേണം. ശ്രീനിവാസന്‍, ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഗ്ലാമറിനോടുള്ള ഒരുതരം വൈരാഗ്യബുദ്ധി
ശ്രീനിവാസന് അക്കാലംതൊട്ടേ ഉണ്ട്. തനിക്കു കിട്ടുന്ന ഓരോ സന്ദര്‍ഭങ്ങളിലും അതു തെളിയിക്കുകയും ചെയ്യും. ഇപ്പോള്‍ എനിക്കിട്ട് ഒരു പണി തന്നിരിക്കയാണ്.
'ങ്ങള് ഇങ്ങനെ നോക്കിനിന്ന് മ്മളെ സുയിപ്പാക്കണ്ട. ങ്ങള് പറഞ്ഞോളീ ചാന്‍സില്ലെങ്കില്‍ മ്മള് പോയിക്കൊള്ളാം. പോയിട്ട് കല്ലായീല് പണീണ്ട്!'
വളരെ അക്ഷമനായി മാമു തൊണ്ടിക്കോട് പറഞ്ഞു. ഒരു സംവിധായകന്‍ എന്ന നിലയിലുള്ള എന്റെ ആജ്ഞാശക്തി വെറുമൊരു മരംകൂപ്പുകാരനു മുന്നില്‍ മറുപടി പറയാനാവാതെ തരിച്ചു നില്‍ക്കുന്നു. ശ്രീനിവാസന്‍ എവിടെയോ മറഞ്ഞിരുന്ന്, ഈ രംഗമൊക്കെ മനസ്സിലോര്‍ത്ത് ചിരിക്കുന്നുണ്ടാവാം.
ആ നിമിഷമാണ് അത് സംഭവിച്ചത്. തികച്ചും നിസ്സാരമെന്നുതോന്നിയേക്കാവുന്ന ഒരു സംഭവം.
മാമു അയാളുടെ ഷേട്ടിന്റെ കൈമടക്കില്‍ തിരുകിവെച്ചിരുന്ന തൂവാലയെടുത്ത് അയാളുടെ മുഖമൊന്നു തുടച്ചു. എത്രയോ കാലമായി കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യന്റെ വിയര്‍പ്പുകളത്രയും ആ തൂവാല ഒപ്പിയെടുക്കുന്നതായി എനിക്കു തോന്നി. വിയര്‍പ്പ്
ഒപ്പിയൊപ്പി കറുത്ത് പിഞ്ഞിപ്പോയ ആ തൂവാല ചുരുട്ടി വീണ്ടും കൈമടക്കില്‍ത്തന്നെ തിരുകിക്കേറ്റി. മരംകൂപ്പുകാരനായ ആ മനുഷ്യന്‍, ഒരു ചോദ്യചിഹ്നമായി എന്റെ മുന്നില്‍ നില്ക്കുകയാണ്.
'ശ്രീനിവാസന്‍ വന്നിട്ടു പറയാം, ഞാന്‍ പറഞ്ഞു: 'കഥാപാത്രം ഏതാണ് എന്നൊന്നും തീരുമാനിച്ചിട്ടില്ല.'
'അപ്പോ, ശ്രീനി വന്നിട്ട് മ്മളെ വിളിക്കിന്‍.'
അത്രയും പറഞ്ഞ്, യാതൊരു വൈകാരികഭാരവുമില്ലാതെ മാമു തൊണ്ടിക്കോട് യാത്ര പറഞ്ഞു. മുണ്ടു മാടിക്കുത്തി, കാറ്റില്‍ രണ്ട് കയ്യും വീശി, മില്ലില്‍ വേഗം എത്തിയാല്‍ ഒരു മരംകൂടി അളന്നു തീര്‍ക്കാം എന്ന മട്ടിലായിരുന്നു ആ നടത്തം.
ശ്രീനിവാസന്‍ അപ്പോള്‍ത്തന്നെ മായാവിയെപ്പോലെ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ഒരു രഹസ്യതാവളത്തില്‍ അവര്‍ തമ്മില്‍ സന്ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ സംശയിച്ചു.
'ശ്രീനിവാസന്‍ പറഞ്ഞ ആ മനുഷ്യന്‍ വന്നു'. ഞാന്‍ പറഞ്ഞു.
'സത്യന്‍ എന്തു പറഞ്ഞു?'
'ശ്രീനിവാസന്‍ വന്നിട്ടു പറയാം എന്നു പറഞ്ഞു.'
'ഓഹോ, അതു ശരി. അതായത് ചാന്‍സു കിട്ടിയില്ലെങ്കില്‍
അത് ശ്രീനിവാസന്‍ കാരണമാണ് എന്ന് മാമു തൊണ്ടിക്കോട് മനസ്സിലാക്കിക്കൊള്ളും.'
സിനിമയില്‍ ഉള്ളതുപോലെത്തന്നെയാണ് ശ്രീനിയുടെ സംസാരശൈലി.
'നിങ്ങള്‍ സംവിധായകര്‍ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചുനോക്കൂ. അഭിനയം നന്നല്ലെങ്കില്‍ പറഞ്ഞു വിടാം. ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അതിന് ആരുടേയും അനുവാദം ആവശ്യമില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള താങ്കളുടെ വിവേചനാധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല.'
ശ്രീനിവാസന്‍ കത്തിക്കയറുകയാണ്. ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധി മൂര്‍ച്ചയോടെ പുറത്തുവരുന്നുണ്ട്.
'ശരി, ഷൂട്ടിങ് തുടങ്ങിയാല്‍ അയാളോട് വരാന്‍ പറ.'
ഞാന്‍ പറഞ്ഞു.
ചെറിയൊരു ചിരി ശ്രീനിവാസന്റെ മുഖത്തുണ്ടായിരുന്നു.
സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലാണ് മാമുക്കോയ അതിനുമുന്‍പ് അഭിനയിച്ചത്. അതിന്റെയൊരു എക്സ്പീരിയന്‍സ് മൂപ്പര്‍ക്കുണ്ട്. ആ സിനിമയിലെ ഏറ്റവും മിഴിവുള്ള കഥാപാത്രമാണ് മാമുക്കോയ അവതരിപ്പിച്ച അറബി മുന്‍ഷി. മുന്‍ഷിയുടെ അഭിനയത്തെക്കുറിച്ചും മാമു തൊണ്ടിക്കോട് എന്ന നാടകനടനെക്കുറിച്ചും ശ്രീനിവാസന്‍ ഹ്രസ്വമായ ഒരു പ്രഭാഷണം തന്നെ നടത്തി:
'സിനിമ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന കലയാണ്', ശ്രീനിവാസന്‍ പറഞ്ഞു. 'അഭിനയത്തിന്റെ പ്രാതിനിധ്യംകൊണ്ടും ആ മേഖലയിലേക്ക് സാധാരണക്കാര്‍ കടന്നുവരണം. ഈ ഗ്ലാമര്‍കൊണ്ടൊന്നും ഒരു കാര്യവുമില്ല സത്യാ. അഭിനയമാണ് അടിസ്ഥാനപരമായി ഒരു നടനു വേണ്ടത്. പിന്നെ സൂക്ഷ്മമായ ഗ്രാഹ്യശേഷിയും.'
മാമു തൊണ്ടിക്കോടിന് ഒരു അവസരം ഒപ്പിച്ചെടുക്കാന്‍വേണ്ടി മാത്രമല്ല ശ്രീനിവാസന്‍ ഇതൊക്കെ പറയുന്നത്. സിനിമയെക്കു
റിച്ച് ചില രാഷ്ട്രീയവിശ്വാസങ്ങള്‍ ശ്രീനിവാസനുണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും. ഇതു രണ്ടുംകൂടി ചേരുമ്പോള്‍ ശ്രീനിവാസന്റെ ഉള്ളിലെ കണ്ണൂര്‍ക്കാരന്‍ തിളച്ചുമറിയുകയായി.
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ മോഹന്‍ലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിന് ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളില്‍നിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാന്‍ കഴിയില്ലല്ലോ.
ഷൂട്ടിങ് തുടങ്ങി.
മാമു തൊണ്ടിക്കോട് എന്ന ആ നാടകനടന്‍, മരംമില്ലിലെ അളവുകാരന്‍, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരി
ക്കുന്നു. മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ എന്നൊരു ഭാവത്തോടെ, തുടക്കക്കാരന്റേതായ യാതൊരു ഇടര്‍ച്ചയുമില്ലാതെ, അയാള്‍ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരന്‍ എന്നായി ഞാന്‍ മനസ്സില്‍. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനബോധത്തോടെ ശ്രീനിവാസന്‍ അവിടെ ഇരിക്കുന്നുണ്ട്.
പരീക്ഷണത്തിന് ആ കഥാപാത്രത്തെ ഒന്നുരണ്ടു ഡയലോഗു കള്‍കൂടി സ്‌ക്രിപ്റ്റില്‍ അപ്പോള്‍ത്തന്നെ എഴുതിച്ചേര്‍ത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്‌റ്റെര്‍ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകകൂടി ചെയ്തപ്പോള്‍ വലിയൊരു ആശ്വാസ
മായി. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സമയനഷ്ടമോ ഫിലിം നഷ്ടമോ അയാള്‍ വരുത്തിവെച്ചില്ല. ചില സിനിമകളില്‍ അഭിനയിച്ച മുന്‍പരിചയവും ഇക്കാര്യത്തില്‍ മാമുവിന് തുണയായി. സിനിമയില്‍ വരുന്ന തുടക്കക്കാരെ നോക്കി നിര്‍മാതാക്കളും സംവിധായകരും
ക്യാമറാമാന്‍മാരും രഹസ്യമായി പറയാറുണ്ട്:
ഇയാള്‍ നമുക്കിട്ട് പണി തരുമെന്നാണ് തോന്നുന്നത്. പിന്നെ
പ്‌രാകലായി, പരിഹസിക്കലായി, ഫിലിം നഷ്ടത്തെക്കുറിച്ചുള്ള
പരിദേവനമായി. ഇങ്ങനെയുള്ള അണിയറപ്രശ്‌നങ്ങളൊന്നും മാമുവിന് അഭിമുഖീകരിക്കേണ്ടിവന്നില്ല. ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.
മലയാളസിനിമയില്‍ ഹ്യൂമറിന് വേറിട്ട മുഖങ്ങള്‍ നല്‍കിയവരാണ് ശ്രീനിവാസനും മാമുക്കോയയും. അടിത്തട്ടിലെ അനുഭവങ്ങളില്‍നിന്നാണ് അവര്‍ക്കങ്ങനെ ചിരിക്കാന്‍ സാധിച്ചത്. അവരുടെ ഫലിതങ്ങളില്‍ യാതൊരു വക്രീകരണവുമില്ല. മനുഷ്യപ്പറ്റുള്ളവയാണ് അവരുടെ തമാശകള്‍. സിനിമയേക്കാളേറെ മാമുക്കോയ അഭിനയപരമായ ആനന്ദം കണ്ടെത്തിയത് നാടകകാലത്താണ് എന്നു തോന്നിയിട്ടുണ്ട്. മഹത്തായ ഒരു കല എന്ന നിലയില്‍ നാടകത്തെക്കുറിച്ചാണ് മാമു എപ്പോഴും ആദരവോടെ സംസാരിച്ചു കേട്ടിട്ടുള്ളത്.
പൊന്‍മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍ എന്ന ചായക്കടക്കാരന്‍, എത്രയും സ്വാഭാവികമായ ഒരു ചായക്കടക്കാരനാവാമോ, അത്രയുമാണയാള്‍. പഴയ സിനിമകളിലൊക്കെ ചായക്കട ഗ്രാമീണതയുടെ ഒരു അടയാളമായി കടന്നുവരാറുണ്ട്. നമ്മുടെ ഗ്രാമത്തിലെ പൊതു ഇടങ്ങളാണ് ചായക്കടകളും ബാര്‍ബര്‍ ഷോപ്പുക ളും. നാട്ടിന്‍പുറത്തെ ഏറ്റവും ചെറിയ വിശേഷങ്ങള്‍പോലും പല വീക്ഷണകോണുകളില്‍ വെച്ച് അനാവരണം ചെയ്യപ്പെടുന്നത് ഈ പൊതു ഇടങ്ങളിലാണ്.
ഇടക്കാലത്ത് ചില ബാര്‍ബര്‍ഷോപ്പുകളില്‍ രാഷ്ട്രീയം പറയരുത് എന്ന ബോഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളിയുടെ രാഷ്ട്രീയവിഷയങ്ങളില്‍ അസഹിഷ്ണുതയുടെ വിഷം കലര്‍ന്നുതുടങ്ങി എന്ന് ആദ്യം അടയാളപ്പെടുത്തിയ പൊതു ഇടം ബാര്‍ബര്‍ഷോപ്പാണ്. മലയാളിയുടെ രാഷ്ട്രീയസാക്ഷരതയില്‍ കടുത്ത മൗലികവാദങ്ങള്‍ കടന്നുവരാന്‍ തുടങ്ങി എന്ന് ആദ്യം തിരിച്ചറിഞ്ഞവര്‍ ബാര്‍ബര്‍മാര്‍ തന്നെയാണ്. ഇതേസമയത്തു തന്നെയാണ് ചായക്കടകളില്‍ ഇന്നു റൊക്കം നാളെ കടം എന്ന ബോഡും പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ഓരോ ഗ്രാമീണന്റെയും സാമ്പത്തികമാന്ദ്യവും കുടുംബപരമായ വല്ലായ്മകളും ആദ്യം ഗ്രഹിച്ചിരുന്നവര്‍ ചായക്കടക്കാരാണ്. ഇത്തരം പൊതു ഇടങ്ങളിലൂടെയാണ് മലയാളികളുടെ ദൈനംദിന വ്യവഹാരങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നത്. ഗ്രാമത്തിന്റെ ഈ പൊതുപ്രതിനിധികള്‍ ഗ്ലാമറിനു പുറത്തുള്ള ഒരു ലോകത്തെയാണ് അഡ്രസ്സ് ചെയ്യുന്നത്. അത്തരം വേഷങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ ഗ്ലാമര്‍ ഇല്ലാത്തവര്‍ തന്നെ വേണം. മാമുക്കോയയും ശ്രീനിവാസനുമൊക്കെ ഗ്രാമീണതയുടെ ഈ പൊതു പ്രാതിനിധ്യത്തെയാണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസന് ഗ്ലാമറിനോടുള്ള ഒരു വൈരാഗ്യബുദ്ധി വരുന്നത്, അടിസ്ഥാനപരമായി അയാള്‍ ഒരു ഗ്രാമീണനായതുകൊണ്ടാണ്. തനിക്കു കിട്ടിയ ആദ്യത്തെ അവസരത്തില്‍ത്തന്നെ ശ്രീനി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് മാമുക്കോയയെപോലെയുള്ള ആളെയാണ്. മലയാള സിനിമയുടെ പൊളിച്ചെഴുത്ത് അവിടെവെച്ചു തുടങ്ങുന്നു.
ഒരു തുടര്‍നഗരമായി കേരളം മാറിക്കൊണ്ടിരിക്കയാണ്. ബാര്‍ബര്‍ഷോപ്പിന് പകരം ബ്യൂട്ടിപാര്‍ലറും ചായക്കടയ്ക്കു പകരം ഐസ്‌ക്രീം പാര്‍ലറുകളും ഫാസ്റ്റ് ഫുഡ് സെന്ററുകളും പെരുകിത്തുടങ്ങി. ഉഷ്ണിക്കാത്ത ഒരു മലയാളിയുടെ ചിത്രമാണ് ഇവയിലൂടെ വരുന്നത്. ബ്യൂട്ടിപാര്‍ലറില്‍ സൗന്ദര്യമല്ലാതെ ഒരു ആശയവും വിനിമയം ചെയ്യപ്പെടുന്നില്ല. തന്റെതന്നെ സൗന്ദര്യത്തെ മാത്രമാണ് കസ്റ്റമര്‍ അവിടങ്ങളില്‍ ചെത്തി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത്. മനസ്സിലേക്കല്ല, ശരീരത്തിലേക്കാണ് നോട്ടം. ബാര്‍ബര്‍ഷോപ്പിലുള്ളതുപോലെയുള്ള ഒരു കൂട്ടായ്മ ബ്യൂട്ടിപാര്‍ലറില്‍ ഇല്ല. ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ സജീവമായി ഉണ്ടായിരുന്ന പൊതു ഇടങ്ങള്‍ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. ഈ പൊതു ഇടങ്ങളുടെ ജീവത്തായ പ്രാതിനിധ്യമാണ് മാമുക്കോയയും ശ്രീനിവാസനുമൊക്കെ സിനിമയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമീണത സിനിമയില്‍നിന്ന് നഷ്ടപ്പെടുന്നു എന്നു പറഞ്ഞാലര്‍ഥം, കേരളത്തില്‍നിന്ന് പൊതു ഇടങ്ങളും കൂട്ടായ്മകളും അപ്രത്യക്ഷമായിത്തുടങ്ങി എന്നുമാത്രമാണ്. എന്റെ പല സിനിമകളിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും മാമുക്കോയയും ശ്രീനിവാസനും കോമ്പിനേഷനായി വരാറുണ്ട്. സാധാരണ മനുഷ്യരുടെ പൊതുപ്രാതിനിധ്യമാണ് ഇവരിലൂടെ സംഭവിക്കുന്നത്.
മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍ എന്ന പോക്കറ്റടിക്കാരനെ നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല. സിനിമയിലേക്ക് ഒരു ബഷീര്‍കഥാപാത്രത്തെപ്പോലെയാണ് ഈ പോക്കറ്റടിക്കാരന്‍ പ്രത്യക്ഷപ്പെട്ടത്. ചേട്ടന്റെ മക്കള്‍ക്ക് കളിക്കാന്‍വേണ്ടി മോഷ്ടിച്ച പേഴ്‌സുകള്‍ കൊടുക്കുന്ന ഈ പോക്കറ്റടിക്കാരന് സമാനനായ മറ്റൊരാളെ നമുക്കൂഹിക്കാന്‍ കഴിയില്ല. അത്രയും വിശുദ്ധനായ ഒരു പോക്കറ്റടിക്കാരനാണ് കുഞ്ഞിക്കാദര്‍. നാണയങ്ങളെല്ലാം ഒഴിഞ്ഞ ഈ പേഴ്‌സുകള്‍ അയാള്‍ ഉപേക്ഷിക്കുന്നില്ല. മോഷണവസ്തുവാണ് എന്ന് തിരിച്ചറിയാതെ അത് സമ്മാനമായി വാങ്ങുന്ന കുട്ടികളിലെ ആനന്ദം അയാളുടെ പാപത്തിന്റെ പശ്ചാത്താപമാണ്. മാമുക്കോയയുടെ അഭിനയത്തില്‍ ഈ പോക്കറ്റടിക്കാരനു കിട്ടുന്ന ജീവന്‍ ഒന്നു വേറെത്തന്നെയാണ്. ഏതെങ്കിലും ഒരു സീനില്‍ ചെറിയ വീക്ക്‌നസ് ഉണ്ടെങ്കില്‍പ്പോലും വലിയ അഭിനേതാക്കളുടെ പ്രഭാവംകൊണ്ട് നമുക്കത് തിരിച്ചറിയാന്‍ കഴിയില്ല. ഒരു നല്ല സീന്‍ കഴിവില്ലാത്ത നടനാണ് ചെയ്തതെങ്കില്‍ ആ തകരാറുകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്യും.
മാമുക്കോയ ഒരു ദേശത്തെക്കൂടി സിനിമയിലേക്ക് കൊണ്ടുവന്ന നടനാണ്. കോഴിക്കോട് എന്ന ദേശം അതിന്റെ മുഴുവന്‍ മഹിമയോടുംകൂടി സിനിമയിലേക്കും സാഹിത്യചരിത്രത്തിലേക്കുമൊക്കെ കടന്നുവരുന്നത് മാമുക്കോയയിലൂടെയാണ്. മാമുക്കോയയുടെ തനിമ എന്നു പറയുന്നത് ആ കോഴിക്കോടന്‍ശൈലിതന്നെയാണ്. ചില സിനിമകളില്‍ മാമുക്കോയ മാപ്പിളയല്ലാത്ത കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഏതു ജാതിമത മനുഷ്യര്‍ സംസാരിച്ചാലും കോഴിക്കോടന്‍ശൈലിക്ക് ഒരു മാറ്റവുമുണ്ടാവില്ല. ഇതുപോലെ എത്ര രൂപപരിണാമങ്ങളിലൂടെ കടത്തിക്കൊണ്ടുപോയാലും, അടിസ്ഥാനപരമായി അയാളൊരു കോഴിക്കോടന്‍തന്നെയായിരിക്കും. മാമുക്കോയയുടെ മൗലികമായ സ്വത്വം നിലനില്ക്കുന്നത് അവിടെയാണ്. ഒരു സുപ്രഭാതത്തില്‍ മാമുക്കോയയെ ഒരു തിരുവിതാംകൂറുകാരനാക്കിക്കളയാം എന്നു വിചാരിച്ചാല്‍ അതു നടപ്പില്ല. ജീവിതത്തിലെന്നപോലെ അഭിനയത്തിലും മാമുക്കോയയുടെ കൂറ് കോഴിക്കോടിനോടാണ്. നല്ല അഭിനേതാക്കള്‍ സംവിധായകര്‍ക്ക് എപ്പോഴും പ്രചോദനമാകാറുണ്ട്. അത്തരം ഒരു പ്രചോദനമാണ് മാമുക്കോയ.
നാടോടിക്കാറ്റ് എന്ന സിനിമയില്‍ ഗഫൂര്‍ക്ക, ഗള്‍ഫിലേക്കാണ് എന്നും പറഞ്ഞ് ദാസനേയും വിജയനേയും ഉരുവില്‍ കയറ്റിവിടുന്നത് മദിരാശിയിലേക്കാണ്. വലിയ തുക കൈപ്പറ്റിക്കൊണ്ട് വിജയനേയും ദാസനേയും വഞ്ചിക്കുകയാണ് ഗഫൂര്‍ക്ക ചെയ്തത്. എന്നിട്ടും ഗഫൂര്‍ക്കയെ നാം ഇഷ്ടപ്പെടുന്നതിന്റെ മനശ്ശാസ്ത്രം എന്താണ്? ഗഫൂര്‍ ഒരു ചതിയനല്ലേ? ഗഫൂര്‍ എന്ന ഈ മനുഷ്യനിലും പ്രേക്ഷകര്‍ കാണുന്നത് മനുഷ്യപ്പറ്റുള്ള ഒരു ചതിയനെയാണ്.
എവിടെയൊക്കെയോ ചതിക്കപ്പെടാനുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു മലയാളിയെ വളരെ ഹൃദ്യമായിട്ടാണ് മാമുക്കോയ അവതരിപ്പിച്ചത്. ചതിയെ മഹത്ത്വവല്‍ക്കരിക്കുന്ന ഒരു സാമാന്യ സാഹചര്യം കേരളീയസമൂഹത്തിനുണ്ടുതാനും.
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം എഴുതുമ്പോള്‍ മാമുക്കോയയുടേയും ശ്രീനിവാസന്റേയും സാന്നിധ്യം
പ്രസക്തമാണ്. സിനിമയിലെ ഗ്ലാമറിനെതിരെയുള്ള കലാപങ്ങള്‍ തുടങ്ങിവെച്ചത് മാമുക്കോയയും ശ്രീനിവാസനുമാണ്. ഇവരുടെ തുടര്‍ച്ചയാണ് ഇന്ദ്രന്‍സ്. ഹ്യൂമറില്‍നിന്ന് അനായാസം സീരിയസ് ആയ കഥാപാത്രങ്ങളായി മാറാന്‍ ഇവര്‍ക്കു സാധിക്കുന്നു. ചിരിയുടെ തൊട്ടടുത്ത ഭാവം സങ്കടമാണ്. ഈ ഭാവത്തെ എത്ര തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് പെരുമഴക്കാലത്തിലൂടെ മാമുക്കോയ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍////,മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം, ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്.
ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു
തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. തലയണമന്ത്രത്തില്‍ കരാട്ടെ അധ്യാപകനായ ഇന്നസെന്റിന്റെ മുഖത്ത്, ഒരു മൂലയില്‍ കൊണ്ടുപോയി ആരും കാണാതെ അടിവെച്ചുകൊടുക്കുന്നുണ്ട് മാമുക്കോയ.
ആ അടി മലയാളസിനിമയുടെ മുഖത്താണ് പതിച്ചത്.
(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)