Sunday, March 23, 2014

ലാഭവീതം നല്‍കുന്ന ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാക്കാം

ചെറുവലയും, ഒറ്റാലും, തോട്ടാ പൊട്ടീരും ഒക്കെ മാറി മാറി പരീക്ഷിച്ച്, ലഭിക്കുന്ന മീനുകളുടെ എണ്ണം എങ്ങനെയെങ്കിലും കൂട്ടാനാകുമോ എന്ന് ചിന്തിച്ചിരുന്ന ഉല്ലാസഭരിതമായ ഒരു ബാല്യം നമുക്കുണ്ടായിരുന്നു, ഏതാണ്ട് രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ മുന്‍പ് വരെ! പ്രത്യേകിച്ചും പാടവും തോടും പുഴയുമൊക്കം സമൃദ്ധമായിരുന്ന, കമ്പ്യൂട്ടറുകളില്‍ 'നെറ്റ്' വിരിക്കാന്‍ 'സ്‌കോപ്' ഇല്ലായിരുന്ന കാലത്ത്.

''കഴിഞ്ഞ ദിവസം വലയുമായി പോയതാ, നമ്മുടെ പഞ്ചായത്തിലുള്ളവര്‍ക്കു മുഴുവനും വേണ്ട മീന്‍ കിട്ടി.'' ''ഓ, അതിലിപ്പോ വലിയ കാര്യമില്ല, കഴിഞ്ഞ ആഴ്ച തോട്ടാ പൊട്ടിച്ചു പിടിച്ച മീന്‍ ഒരാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല''. ഇങ്ങനെ പോകുന്ന വീരവാദങ്ങള്‍ക്കു പിന്നാലെ ഇതേ മാതൃക പരീക്ഷിക്കാന്‍ ഓടുമായിരുന്ന ആളുകളുടെ ഇടയില്‍ ഒരാള്‍ മാത്രം വ്യത്യസ്തനായിരുന്നു. കക്ഷി ഇത്തരം ശബ്ദകോലാഹലങ്ങള്‍ക്കൊന്നും ചെവി കൊടുക്കില്ല. മണ്ണിരയൊന്നും അന്യമല്ലാതിരുന്ന അന്നത്തെ മണ്ണില്‍നിന്നും ഒരു ചിരട്ടയില്‍ മണ്ണിരയും, മണ്ണിരയ്ക്കു വേണ്ട മണ്ണുമായി ഇദ്ദേഹം വരമ്പത്തോ ആറ്റുവക്കത്തെ ഏതെങ്കിലും തണലിലോ ഇരിക്കും. ഒപ്പം തന്റെ ഒറ്റക്കൊളുത്തു ചൂണ്ടയുമുണ്ടാവും. തന്റെ നിഴല്‍ പോലും വെള്ളത്തില്‍ പാളാതെ! പല ദിവസങ്ങളിലും വിവിധയിടങ്ങളില്‍ മാറി മാറി ഇരിക്കുന്ന ഇദ്ദേഹത്തോട്, എന്തേ ഇന്നിവിടെ ഇരിക്കുന്നതെന്ന് ചോദിച്ചാല്‍ ഇന്നിവിടെയാണ് 'കൊത്തിന്' സാധ്യത കൂടുതല്‍ എന്നാകും മറുപടി. ഒന്നോ ഒന്നരയോ മണിക്കൂറിനു ശേഷം തന്റെ കൂട നിറയെ പിടയ്ക്കുന്ന മീനുകളുമായി ഇയാള്‍ മടങ്ങുമ്പോള്‍ അക്കാലത്ത് അത്ഭുതമൂറുന്ന മിഴികളോടെ ഞങ്ങള്‍ കണ്ടുനില്‍ക്കും.

ഓഹരി വിപണിയില്‍ ഇത്തരമൊരു ഒറ്റക്കൊളുത്ത് ചൂണ്ടയുമായി ഇരിക്കുന്നൊരാളെ സമീപകാലത്തു കണ്ടുമുട്ടി. സെന്‍സെക്‌സ് കുതിക്കാന്‍ തയ്യാറെടുക്കുന്നു, ഇനിയുള്ള കാലം ഇന്ത്യന്‍ കമ്പനികളുടെതാവും, ഇത്തവണത്തെ മികച്ച മണ്‍സൂണ്‍ എഫ്എംസിജി കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കും, രൂപയുടെ മൂല്യശോഷണത്താല്‍ തിളക്കം വര്‍ധിക്കുന്ന ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍....പത്രങ്ങളുടെ ബിസിനസ് പേജുകളില്‍ , ടെലിവിഷന്‍ ചാനലുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വാര്‍ത്തകളൊന്നും ഇദ്ദേഹം ശ്രദ്ധിക്കാറുപോലുമില്ല. 'ചാകര' എന്നു കേള്‍ക്കുന്ന മാത്രയില്‍ വള്ളവും വലയുമായി ഒരുപക്ഷേ പ്രക്ഷുബ്ധമായേക്കാവുന്ന കടലിലേക്കിറങ്ങാന്‍ താനുദ്ദേശിക്കുന്നില്ല എന്നതാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഒരുപക്ഷേ വള്ളം നിറയെ മത്സ്യങ്ങള്‍ ലഭിച്ചേക്കാം, എന്നാലും വള്ളം മറിഞ്ഞ് താനും കൂടി അപ്രത്യക്ഷനായേക്കാവുന്ന സ്ഥിതിവിശേഷവും തള്ളിക്കളയാനാവാത്തതിനാല്‍ ഒരു യാഥാസ്ഥിതിക മനോഭാവക്കാരനായ തനിക്ക് ഇതിന് താല്പര്യമില്ലെന്നൊരു ലൈന്‍ !

അല്പമൊന്നു സംസാരിച്ചപ്പോള്‍ ഇദ്ദേഹം നയം വ്യക്തമാക്കി. ഡിവിഡന്റ് യീല്‍ഡ് (Dividenvd Yield) എന്ന ഒറ്റക്കൊളുത്ത് ചൂണ്ടയാണ് ഓഹരിവിപണിയില്‍ ഇയാള്‍ കൊണ്ടുനടക്കുന്നത്. ഇദ്ദേഹം വാങ്ങുന്നത് ബാങ്കുകളുടെ ഓഹരികള്‍ മാത്രമാണെന്നതു മറ്റൊരു പ്രത്യേകത. ഇതിന് ഇദ്ദേഹത്തിന്റേതായ ഒരു ന്യായീകരണമുണ്ട്. ആര്‍ബിഐ പോലെ ശക്തമായൊരു ബാങ്കിങ് റഗുലേറ്ററുള്ള നമ്മുടെ രാജ്യത്ത് ബാങ്കിങ് കമ്പനികള്‍ പൊളിയാനുള്ള സാധ്യത തുലോം കുറവാണത്രേ. ഇനി ഏതെങ്കിലും ബാങ്കുകളുടെ ആരോഗ്യം മോശമാകുന്നുവെന്ന സൂചന എങ്ങാനും ലഭിച്ചാല്‍ തന്നെ, ആര്‍ബിഐ ഇടപെട്ടോ അല്ലാതെയോ ഈ ബാങ്കുകള്‍ ഇതര ബാങ്കുകളുമായുള്ള ലയനങ്ങളില്‍ ചെന്നവസാനിക്കും. അതുകൊണ്ട് തന്നെ മുടക്കുന്ന പണം നിക്ഷേപകന് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

'ഡിവിഡന്റ് യീല്‍ഡ്' എന്ന ചൂണ്ട ഉപയോഗിച്ച് 'ഓഹരികള്‍ ' പൊക്കിയെടുക്കുന്നത് എങ്ങനെയെന്നറിയും മുന്‍പ് ഡിവിഡന്റ് യീല്‍ഡ് എന്നാലെന്തെന്നു കൃത്യമായി അറിഞ്ഞിരിക്കണം. ഓഹരിയുടെ മാര്‍ക്കറ്റ് വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഡിവിഡന്റും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ അറിയാന്‍ സാധിക്കുക എന്ന് വേണമെങ്കില്‍ സരളമായി പറയാം.

10 രൂപ മുഖവിലയുള്ളൊരു ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റ് ആയി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീല്‍ഡ് 10 ശതമാനമായിരിക്കും. (5/50 x 100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാല്‍ ഡിവിഡന്റ് യീല്‍ഡ് = Divident / Market Price x 100.

ഇദ്ദേഹത്തിന്റെ തന്ത്രമനുസരിച്ച്, ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ 2 ശതമാനം താഴെയുള്ള ഡിവിഡന്റ് യീല്‍ഡ് എങ്കിലുമുള്ള ബാങ്കിങ് ഓഹരികളിലാണ് ഇദ്ദേഹം നിക്ഷേപിക്കുന്നത്. 10 രൂപ മുഖവിലയുള്ളൊരു ഓഹരിയില്‍ 35% ഡിവിഡന്റ് ഒരു ബാങ്ക് പ്രഖ്യാപിച്ചുവെന്നും ഈ ഓഹരിയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 45 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കില്‍ ഇവിടെ ഡിവിഡന്റ് യീല്‍ഡ് 3.5 /45 x 100 = 8% ആയിരിക്കും. നിലവില്‍ ബാങ്കിലെ സ്ഥിരനിക്ഷേപ നിരക്ക് 9% ആണെന്നിരിക്കട്ടെ. ഇതില്‍നിന്നും 2% താഴെ, 7% എങ്കിലും ഡിവിഡന്റ് യീല്‍ഡ് ലഭിക്കുന്നൊരു ബാങ്ക് ഷെയര്‍ ഒന്നുമാലോചിക്കാതെ ഇയാള്‍ വാങ്ങും. അതായത് 8% ഡിവിഡന്റ് യീല്‍ഡ് ഉള്ള ഈ ഓഹരി അയാള്‍ താമസം വിനാ വാങ്ങുമെന്ന് സാരം.

ബാങ്കിലെ സ്ഥിരനിക്ഷേപത്തിലും രണ്ട് ശതമാനം താഴെ വരെയുള്ള ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികള്‍ എന്ന അദ്ദേഹത്തിന്റെ കണക്കിനു പിന്നിലും ഒരു ലോജിക് ഉണ്ട്. 20% ടാക്‌സ് ബ്രാക്കറ്റില്‍ വരുന്ന ഇദ്ദേഹത്തിന് ടാക്‌സ് മുഖേന ഏതാണ്ട് 2% കിഴിച്ചതിനുശേഷം മാത്രമാണ് പലിശ ലഭിക്കുന്നതെന്ന കണക്കുകൂട്ടലിലാണിത്. എന്നിട്ടിതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടാകാറുണ്ടോ എന്ന് സന്ദേഹത്തോടെയാണ് ചോദിച്ചത്. ''കഴിഞ്ഞ 10 വര്‍ഷത്തിനുമേലെയായി ഞാന്‍ ഈ സ്ട്രാറ്റജി പിന്തുടരാന്‍ തുടങ്ങിയിട്ട്. ദിവസേനയുള്ള വാങ്ങലുകളോ, വില്‍പ്പനയോ ശബ്ദകോലാഹലങ്ങളോ എനിക്കിഷ്ടമല്ല. ഞാന്‍ വാങ്ങും...വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനത്തിനു മുകളില്‍ റിട്ടേണ്‍ ലഭിക്കും എന്നു കണ്ടാല്‍ അപ്പോള്‍ വില്‍ക്കും. ചിലപ്പോള്‍ വില്‍പ്പനയായി നാലോ അഞ്ചോ വര്‍ഷങ്ങള്‍ വരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴും ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍നിന്ന് ലഭിക്കുന്നതിന് സമാനമായ റിട്ടേണ്‍ ലാഭവീതമായി എനിക്ക് ലഭിച്ചിരുന്നു.'' കേവലം അനുപാതത്തില്‍ മാത്രമല്ല മറ്റു ചില കാര്യങ്ങളില്‍ കൂടി ഇത്തരം സ്ട്രാറ്റജിയില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. 

ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം.

ലാഭവിഹിതം കൂടിയതുകൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത്. മാര്‍ക്കറ്റ് വിലയിടിഞ്ഞതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കില്‍ അക്കാര്യം വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങലുകാരനാവുക.

വലിയ ശബ്ദകോലാഹലങ്ങള്‍ക്കൊന്നും പോകാതെ ഇത്തരം ചില ചെറിയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് കൂളായി നേട്ടമുണ്ടാക്കി ചിലര്‍ കടന്നുപോകുന്നു. വെള്ളത്തില്‍ തന്റെ നിഴല്‍പോലും പാളാതെ ചൂണ്ടയുമായി 'കൊത്തിന്' ക്ഷമയോടെ കാത്തിരിക്കുന്നവരെപ്പോലെ.

Author : സനിക

Thursday, March 13, 2014

മഞ്ഞ് പൂക്കുന്ന താഴ്‌വര...

ശ്രീനഗര്‍ -തോക്കുകള്‍ക്കും തോല്‍പ്പിക്കാനാവാത്ത
സ്വര്‍ഗീയസൗന്ദര്യം


Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടന്നപ്പോള്‍ കവാടത്തിലെ ബോര്‍ഡ് കണ്ണില്‍പ്പെട്ടു. ഭൂമിയിലെ സ്വര്‍ഗത്തിലേയ്ക്കു സ്വാഗതം. നേരത്തെ ഫോണ്‍ ചെയ്തു പറഞ്ഞതു പ്രകാരം പ്ലക്കാര്‍ഡുമായി അബ്ദുളള കാത്തു നിന്നിരുന്നു. ടാറ്റാ സുമോയില്‍ ശ്രീനഗര്‍ നഗരത്തിലൂടെ ഹോട്ടലിലേയ്ക്കുള്ള യാത്രയില്‍, വഴിയോരക്കാഴ്ചകളുടെ വിവരണങ്ങള്‍ ലഘുവായ ഇംഗ്ലീഷില്‍ അബ്ദുള്ള പറഞ്ഞുകൊണ്ടിരുന്നു. പ്രശസ്തമായ ദാല്‍ തടാകത്തിന്റെ തീരത്താണ് താമസിക്കേണ്ട ഹോട്ടല്‍ അക്ബര്‍. വിമാനത്താവളത്തില്‍നിന്നും ഏകദേശം ഏഴു കിലോമീറ്റര്‍ ദൂരം.

ഹോട്ടലില്‍ ഉടമസ്ഥന്‍ സഫര്‍ഖാന്‍ കാത്തുനില്പുണ്ടായിരുന്നു. സഹായത്തിനായി മാനേജര്‍ ഹാറൂണ്‍ അല്‍ റഷീദിനെ പരിചയപ്പെടുത്തിത്തന്നു. ഷേക്ക്ഹാന്‍ഡിനായി കൈനീട്ടിയപ്പോള്‍ 'ഒന്നും പേടിക്കേണ്ട സാര്‍, എന്തു സഹായം വേണമെങ്കിലും തരാം' പച്ച മലയാളത്തിലുള്ള മറുപടി. ഹാറൂണ്‍ കുറച്ചുനാള്‍ മൂന്നാറിലാണ് പഠിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണന്‍ ദേവന്‍ തേയില ഫാക്ടറിയിലെ മാനേജരായിരുന്നു.

മഞ്ഞ് പൊതിഞ്ഞ കാശ്മീര്‍ മനോഹര കാഴ്ചതന്നെയാണ്. ഇളംവെയിലില്‍ മഞ്ഞിന്‍കുന്നുകള്‍ക്ക് വെള്ളി തിളക്കം. നല്ല തണുപ്പും. ഗുല്‍മാര്‍ഗ്ഗിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതും ഇതുതന്നെ. ശ്രീനഗറില്‍നിന്നും 54 കിലോമീറ്ററുണ്ട് ഗുല്‍മാര്‍ഗ്ഗിലേക്ക്. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 13,500 അടി ഉയരം. റോപ്‌വേയാണ് ഇവിടെ എത്താനുള്ള മാര്‍ഗ്ഗം. ഇതുകൂടാതെ കുറച്ചു ദൂരം കുതിരപ്പുറത്തും യാത്ര ചെയ്യാം. 72 ക്യാബിനുള്ള ആറു പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഡോലകളിലാണ് യാത്ര. രണ്ട് ഘട്ടമായാണ് മലമുകളിലെത്തുക.

Dal Lake, Srinagar, Jammu and Kashmirഗുല്‍മാര്‍ഗ്ഗിലെ മഞ്ഞുമലകളില്‍ വിവിധ രീതിയിലുള്ള വിനോദോപാധികളുണ്ട്. സ്‌കേറ്റിങ് തന്നെ വിവിധതരം. അതിനാവശ്യമായ സാമഗ്രികള്‍ ചെറിയ വാടകയ്ക്ക് ഇവിടെ കിട്ടും. കുടുംബവുമായി എത്തുന്നവരാണ് ഏറെയും. കാശ്മീര്‍ എന്നും പ്രത്യേകിച്ച് ശ്രീനഗര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത് ഗ്രനേഡുകളുടെയും, ബോംബുകളുടേയും ഞെട്ടിപ്പിക്കുന്ന ശബ്ദങ്ങളും ചോര മണക്കുന്ന കാഴ്ചകളുമാണ്. ''ശരിയാണ്, ഏതാനും നാളുകള്‍ക്കുമുമ്പുവരെ കാശ്മീര്‍ ഇങ്ങനെയായിരുന്നു''- ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തുന്ന മെഹബൂബ് പറഞ്ഞു. 'എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി, ചെറിയ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ, അതെല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു കാട്ടുന്നു. അങ്ങനെ ഈ നാടു കാണാന്‍ വരുന്നവരെ അകറ്റുന്നു. പ്ലീസ്, നിങ്ങളെങ്കിലും അതു ചെയ്യരുത്. നാട്ടില്‍ച്ചെന്ന് ഞങ്ങളുടെ നാടിനെക്കുറിച്ച് നല്ലതു പറയുക, ഞങ്ങള്‍ക്കും ജീവിക്കണം.' മെഹബൂബിന്റെ വാക്കുകളില്‍ ദൈന്യതയും, കണ്ണുകളില്‍ രോഷവും. ശരിയാണ്, കാശ്മീര്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. കുഴപ്പങ്ങള്‍ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ കാശ്മീരികള്‍ ഏറെ ശ്രമിക്കുന്നു.

പ്രവാചകന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഹസ്രത്ത്ബാല്‍ പള്ളി ഇവിടെയാണ്. ഹസ്രത്ത്ബാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നാണ്. ശ്രീനഗറില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍. ഓട്ടോയ്ക്ക് 100 രൂപ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30ന് ജുമാ നമസ്‌കാരത്തിരക്ക് കൂടുന്നതിനാല്‍ പള്ളിമുറ്റത്തെ പന്തലിലും പുല്‍ത്തകിടിയിലും വിശ്വാസികള്‍ നമസ്‌കാരം നടത്തും. ശ്രീനഗറിലെ ഒട്ടുമിക്ക കടകളും വാഹനഗതാഗതവും ഈ സമയം നിലയ്ക്കും. എല്ലാ വഴികളും ഹസ്രത്ത്ബാലിലേയ്ക്കാകും. പള്ളി സുരക്ഷിതമേഖലയായതിനാല്‍ പട്ടാളത്തിന്റെ കര്‍ശനമായ പരിശോധനയുണ്ട്.

Dal Lake, Srinagar, Jammu and Kashmirശ്രീനഗര്‍ നഗരം അറിയപ്പെടുന്നത് 'ദാല്‍ തടാകത്തിന്റെ നഗരം' എന്നാണ്. ഏകദേശം 18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തടാകം കാശ്മീരിന്റെ സ്വര്‍ഗീയ സൗന്ദര്യത്തിന്റെ പ്രതീകമാണ്. ആറര കിലോമീറ്റര്‍ നീളവും നാല് കിലോമീറ്റര്‍ വീതിയുമുള്ള തടാകത്തിലെ പ്രധാന ആകര്‍ഷണം ബോട്ടിങ് തന്നെ. 'ശിക്കാര' എന്നറിയപ്പെടുന്ന മേലാപ്പുള്ള കൊച്ചു വള്ളത്തിലാണ് യാത്ര. ചെറുശിക്കാരകളില്‍ കെട്ടിപ്പുണര്‍ന്നു മധുവിധു ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍. മുട്ടിയുരുമ്മി കിടക്കുന്ന ഹൗസ് ബോട്ടുകളുടെ നീണ്ടവര്‍ണ്ണ നിര.

ദാല്‍ തടകത്തിലെ 'ഫ്‌ളോട്ടിങ് മാര്‍ക്കറ്റ്' വേറിട്ട കൗതുകകാഴ്ച്ചയാണ്. ചെറുവള്ളങ്ങളില്‍ പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പങ്ങള്‍, ഷാള്‍, കാര്‍പ്പറ്റ്, ജ്വല്ലറി, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങി എന്തും കിട്ടും.

ശ്രീനഗറിലെത്തുന്ന ആരും തന്നെ മുഗള്‍ ഗാര്‍ഡന്‍സ് കാണാതെ മടങ്ങുകയില്ല. ഷാലിമാര്‍, നിഷാത് ബാഗ്, ചെഷ്മഷായ് എന്നീ മൂന്ന് പൂന്തോട്ടങ്ങളുടെ സംഗമമാണ് മുഗള്‍ ഗാര്‍ഡന്‍സ്. തന്റെ പ്രിയതമ നൂര്‍ജഹാനോടുള്ള മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പ്രണയത്തിന്റെ സ്മാരകമാണ് ഷാലിമാര്‍. 1616 ലാണ് ഇത് നിര്‍മ്മിച്ചത്. ശ്രീനഗറില്‍നിന്നും 15 കിലോമീറ്ററാണ് ഷാലിമാറിലേക്ക്. ഇവിടെനിന്ന് ഹസ്രത്ത്ബാല്‍ പള്ളിയുടെ ദൃശ്യം മനോഹരമാണ്.

Dal Lake, Srinagar, Jammu and Kashmirദാല്‍ തടാകത്തോടു ചേര്‍ന്ന് തട്ടുകളായി കിടക്കുന്ന പൂന്തോട്ടമാണ് നിഷാത് ബാഗ്. മലമടക്കുകളുടെ താഴവരയിലാണ് ഈ പൂന്തോട്ടം. കാശ്മീരിന്റെ പരമ്പരാഗത വസ്ത്രങ്ങള്‍ ഇവിടെ വാടകയ്ക്കു കിട്ടും. 20 രൂപയാണ് നിരക്ക്. ഇതണിഞ്ഞ് ഫോട്ടോയും എടുക്കാം. ചെഷ്മഷായ് ഗാര്‍ഡനിലേക്ക് എട്ടു കിലോമീറ്ററുണ്ട്. നൂര്‍ജഹാന്റെ സഹോദരന്‍ അസഫ്ഖാനാണ് ഇത് നിര്‍മ്മിച്ചത്. അപൂര്‍വ ഇനം ചെടികളും പുഷ്പങ്ങളും നിറഞ്ഞതാണ് മുഗള്‍ ഉദ്യാനങ്ങള്‍. ഇവിടുത്തെ ചെറിയ ചെക്ക് ഡാമുകളിലെ കുളിയും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.

കാശ്മീരിലെ പകലുകള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്്. രാത്രിയാകുന്നത് 8 മണിയോടെയും വെളുക്കുന്നത് 5 മണിയോടെയും. ഏതു രാത്രിയിലും സ്ത്രീകള്‍ ഇവിടെ സുരക്ഷിതര്‍.

''രാഷ്ട്രീയക്കാര്‍ നശിപ്പിച്ച നാടാണ് ഞങ്ങളുടേത്. അവര്‍ ഞങ്ങളുടെ നാടിന്റെ പുരോഗതി ഇല്ലാതാക്കി, ഞങ്ങളുടെ കാഴ്ചകളെ മറച്ചു. ഞങ്ങളും ഇന്ത്യക്കാരാണ്, ദേശസ്‌നേഹം ഞങ്ങളുടെ രക്തത്തിലുമുണ്ട്, പക്ഷേ അതുകാണുവാനും മനസ്സിലാക്കാനും ആരുമില്ല. അതാണ് ഞങ്ങളുടെ ദുഃഖവും''.

ശ്രീനഗറില്‍ 20 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന ബിസ്മില്ലയുടെ വാക്കുകള്‍.


Text & Photos: T K Pradeep Kumar

Monday, March 3, 2014

രവിയേട്ടന്‍

ശോഭന രവീന്ദ്രന്‍
മലയാളത്തിന്റെ അനശ്വരസംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഓര്‍മയായിട്ട് മാര്‍ച്ച് 3-ന് 9 വര്‍ഷം. രവീന്ദ്രന്‍ മാസ്റ്ററുടെ ഭാര്യ ശോഭന രവീന്ദ്രന്‍ ഓര്‍മിക്കുന്നു.
Raveendran and family

രവീന്ദ്രന്‍ മാസ്റ്ററും കുടുംബവും 

രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച്ചില്ല. പിറന്നാള്‍ പ്രമാണിച്ച് മക്കള്‍ വന്നിരുന്നു. ഞങ്ങളെല്ലാവരുംകൂടി തലേദിവസംതന്നെ ഗുരുവായൂര്‍ക്കു പോയി. നിര്‍മാല്യം മുതലുള്ള പൂജകളില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ഭഗവാന്റെ പ്രസാദമൂട്ടിലും പങ്കെടുത്തു. ആരെയുമറിയിച്ചിരുന്നില്ലെങ്കിലും ഇന്ത്യാവിഷന്‍ ചാനലുകാര്‍ രവിയേട്ടന്‍ ഗുരുവായൂരുണ്ടെന്നറിഞ്ഞ് അതിരാവിലേ അവിടെയെത്തി. രവിയേട്ടന്റെ ആ ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തു.
ഗുരുവായൂരപ്പനെ കണ്ടു മടങ്ങിയ ആള്‍ നല്ല ഉഷാറിലായിരുന്നു. വടക്കുംനാഥന്റെ കമ്പോസിങ്ങിനു വേണ്ടി കാസര്‍കോടിനു പോയി അടുത്ത ദിവസം. കമ്പോസിങ്ങും കഴിഞ്ഞ് കോഴിക്കോട്ടുള്ള രാജശ്രീ സ്റ്റുഡിയോയില്‍ റിക്കോര്‍ഡിങ്ങും കഴിഞ്ഞ് എറണാകുളത്തു മടങ്ങിയെത്തി. ആയിടയ്ക്കു വന്ന രണ്ടു മൂന്നു പടങ്ങള്‍ തിരസ്‌കരിച്ചു. വെറും അടിപൊളി പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടവയായിരുന്നു അവ.
'ലജ്ജാവതിയേ' പോലൊരു പാട്ടു വേണമെന്നു വിവരമില്ലാത്ത ഒരു സംവിധായകന്‍ മനഃസാക്ഷിക്കുത്ത് ഒട്ടുമില്ലാതെ രവിയേട്ടനോടാവശ്യപ്പെട്ടു. അയാളെ ഒരു ദാക്ഷിണ്യവും കൂടാതെ വിരട്ടിയോടിച്ചു.
സിനിമാസംഗീതത്തിന്റെ ഗതി മറ്റൊരു ട്രാക്കിലേക്കു മാറിക്കൊണ്ടിരിക്കുന്നത് മനോവിഷമത്തോടെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇനിയും നല്ല പാട്ടുകള്‍ ചെയ്യാനുള്ള സന്ദര്‍ഭം കിട്ടാതെ പോകുമോ എന്നു കരുതി കുണ്ഠിതപ്പെട്ടു രവിയേട്ടന്‍. അടിപൊളി പാട്ടുകളോടെതിര്‍പ്പുണ്ടായിട്ടല്ല, കൂടെ രണ്ടു പാട്ടെങ്കിലും കേള്‍ക്കാനുണ്ടാകണം എന്നായിരുന്നു രവിയേട്ടന്റെ പക്ഷം.
സിനിമയിലൂടെയല്ലാതെ തന്റെ സംഗീതം ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളാലോചിച്ചു രവിയേട്ടന്‍. മാത്രമല്ല, അടുത്ത വര്‍ഷംമുതല്‍ സംഗീതക്കച്ചേരി ചെയ്യാനുള്ള തയ്യാറെടുപ്പും ആരംഭിച്ചു. അതിനുവേണ്ടി ആദ്യപടിയായി വളരെക്കാലമായി നിരുപദ്രവകാരിയായിട്ടിരുന്ന പൈല്‍സിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കണം എന്നു തീരുമാനിച്ചു. അമൃതാ ഹോസ്​പിറ്റലില്‍ പോയി നിസ്സാരമായ ഒരോപ്പറേഷനിലൂടെ അതു പരിഹരിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഫുള്‍ ചെക്കപ്പിനു വിധേയനായി. അറുപതു വയസ്സുവരെ ഒരു പനിപോലും വന്ന് ഹോസ്​പിറ്റലില്‍ കിടക്കേണ്ടിവന്നിട്ടില്ല രവിയേട്ടന്. ചെക്കപ്പും നടത്തിയിട്ടില്ല.
ഷുഗറില്ല, പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇ.സി.ജി നേര്‍മല്‍. മാഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിത്തന്നു. എന്നിട്ടൊരുപദേശവും കൊടുത്തു. ഇനിയും അനേകവര്‍ഷങ്ങള്‍ രവീന്ദ്രസംഗീതം ഞങ്ങള്‍ക്കെല്ലാം ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ നിങ്ങള്‍ക്ക് അറുപതാംവയസ്സിലും പൂര്‍ണ്ണ ആരോഗ്യം തന്നിരിക്കുന്നത്. എന്നാലും പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുമെന്നതിനാല്‍ ആഹാരാദികളിലും മറ്റു ശീലങ്ങളിലുമെല്ലാം നിയന്ത്രണം പാലിക്കണം. ഡോക്ടര്‍മാരുടെ ഉപദേശവും കേട്ട് സന്തോഷത്തോടെ വീട്ടിലെത്തി.
രവിയേട്ടന്‍ കൂടുതല്‍ ഉത്സാഹവാനായി. രവിപുരത്തുള്ള സംഗീതഹാളില്‍ തംബുരു വാങ്ങാന്‍ ചെന്ന രവിയേട്ടനെ അവര്‍ ആദരവോടെ സ്വീകരിച്ചു. സംഗീതക്കച്ചേരി ചെയ്തു ഞങ്ങളെയൊക്കെ ആസ്വദിപ്പിച്ചാല്‍ മതിയെന്നു പറഞ്ഞ് കടയുടമ ശ്രീകുമാര്‍ വില വാങ്ങാന്‍ കൂട്ടാക്കിയില്ല.
വളരെ കാര്യമായിത്തന്നെ ഒരു സുപ്രഭാതത്തില്‍ പ്രാക്ടീസ് ആരംഭിച്ചു. നേരത്തേ ആലോചിച്ചുവെച്ചിരുന്ന പ്രകാരം രമേശന്‍നായരും രവിയേട്ടനുംകൂടി പ്രൈവറ്റ് ആല്‍ബത്തിനു വേണ്ടിയുള്ള പണിയും തുടങ്ങി. രവിയേട്ടന്റെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്ന സംഗീത അക്കാദമി തുടങ്ങുന്നതിനുവേണ്ടി തൃപ്പൂണിത്തുറയില്‍ ഹരിയുടെ സഹായത്തോടെ കുറച്ചു സ്ഥലം വാങ്ങി. ചെറുപ്പം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു രവിയേട്ടന്. എച്ച്.ഡി. എഫ്.സി. ബാങ്കുകാരുമായി ലോണിനുവേണ്ടി ധാരണയുണ്ടാക്കി.
ആലോചനകള്‍ നമ്മുടേതും തീരുമാനം ഭഗവാന്റേതുമാണെന്ന് മനസ്സിലാക്കാതെ പുതിയപുതിയ പ്ലാനുകളും പദ്ധതികളും മനസ്സില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, 2004 ഡിസംബര്‍ അവസാനം സാധാരണ മഞ്ഞുകാലത്തു വരാറുള്ളതുപോലെ ഒരു ജലദോഷം പിടിപെട്ടു രവിയേട്ടന്. പാവക്കുളത്തപ്പനെക്കുറിച്ചുള്ള 'ശിവം ശിവകരം ശാന്തം' എന്ന കാസറ്റിന്റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. ചുമയും കഫക്കെട്ടുമുണ്ടായിരുന്നിട്ടും ചികിത്സ ചെയ്തില്ല. തനിയേ മാറിക്കൊള്ളുമെന്നു കരുതി കാത്തിരുന്നു. ഈ കാസറ്റില്‍ ഒരു പാട്ട് രവിയേട്ടനും പാടുന്നുണ്ടായിരുന്നു. ചുമ മാറിയിട്ടു പാടാമെന്നു കരുതിയെങ്കിലും ജനവരിയില്‍ കാസറ്റ് റിലീസിങ് ചെയ്യേണ്ടിയിരുന്നതിനാല്‍ ആ അവസ്ഥയില്‍ത്തന്നെ പാടി. വളരെ മനോഹരമായി ഒറ്റടേക്കില്‍ത്തന്നെ പാടിത്തീര്‍ത്തു. ഭംഗിയായി കാസറ്റു റിലീസിങ്ങും നടന്നു. പാവക്കുളത്തപ്പന് അത് അന്ത്യോപഹാരമായി മാറുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചില്ല.
നവവത്സരാഘോഷത്തിനായി മക്കള്‍ വന്നിരുന്നു. സാജു ആദ്യമായി സംഗീതസംവിധാനം ചെയ്ത തെലുങ്കുപടത്തിലേ റിക്കോര്‍ഡ് ചെയ്ത മുന്നൂ പാട്ടുകള്‍ അച്ഛനെ കേള്‍പ്പിച്ചു.
രവിയേട്ടനു നന്നായി ബോധിച്ചു പാട്ടുകള്‍.
മകന്റെ മൂര്‍ദ്ധാവിലുമ്മവെച്ച് അനുഗ്രഹിച്ചു. ഭാവിയില്‍ നല്ലൊരു സംഗീതസംവിധായകനെ ഇവനില്‍നിന്നും പ്രതീക്ഷിക്കാമെന്ന് വളരെ സന്തോഷത്തോടെ അഭിപ്രായപ്പെട്ടു. സാജു തെലുങ്കുപടത്തിനു കിട്ടിയ ശമ്പളത്തില്‍നിന്നും നല്ലൊരു മൊബൈല്‍ ഫോണ്‍ അച്ഛനു വാങ്ങി സമ്മാനിച്ചു. എനിക്ക് മനോഹരമായ ഒരു സാരിയും കൊണ്ടുവന്നിരുന്നു.
അച്ഛനും മക്കളും ചേര്‍ന്ന് ന്യൂ ഇയര്‍ ഗംഭീരമായി ആഘോഷിച്ചു. വളരെ വളരെ ഹാപ്പിയായിരുന്നു രവിയേട്ടന്‍. മക്കളുമൊത്തുള്ള അവസാനത്തെ ആഘോഷമാണെന്നറിയാതെ രാത്രി മുഴുവന്‍ മക്കളോടൊത്ത് ഹിന്ദി സിനിമ ദേവദാസും കണ്ടിരുന്നു.
പുതുവത്സരത്തില്‍ എല്ലാവരും ഒന്നിച്ചുണ്ടായിരിക്കണമെന്നത് മുന്‍പേ രവിയേട്ടനുള്ള നിര്‍ബന്ധമാണ്. പുറത്ത് ന്യൂ ഇയര്‍ പാര്‍ട്ടിക്കൊന്നും രവിയേട്ടന്‍ പോവില്ല. വര്‍ക്ക് സംബന്ധമായി മറ്റെവിടെയെങ്കിലുമാണെങ്കില്‍പ്പോലും ന്യൂഇയറില്‍ വീട്ടിലെത്തും. 2004-ല്‍ ആ പതിവ് ആദ്യമായി തെറ്റി. മക്കള്‍ ചെന്നൈയിലും ഞങ്ങള്‍ രണ്ടും വടക്കുംനാഥന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു മഹാറാണിയിലുമായി. വളരെ സങ്കടപ്പെട്ട് രവിയേട്ടന്‍ ഡയറിയിലിങ്ങനെ എഴുതിവെച്ചു. 'മക്കളില്ലാത്ത ആദ്യത്തെ നവവത്സരം. ഞാനും എന്റെ ശോഭയും മാത്രം.' ഇതു വായിക്കാനിടയായ മക്കള്‍ അന്നേ തീരുമാനിച്ചു, ഇനിയൊരിക്കലും അച്ഛനെ വിഷമിപ്പിക്കരുത.് അതുകൊണ്ടാണവര്‍ 2005-ല്‍ രണ്ടുമൂന്നു ദിവസം നേരത്തേ എത്തിയത്. അവരും അന്നറിഞ്ഞില്ലല്ലോ, അച്ഛനോടൊത്തുള്ള അവസാനത്തെ പുതുവര്‍ഷാഘോഷമാണെന്ന്.
ചുമയും കഫക്കെട്ടും വന്നു ബുദ്ധിമുട്ടുമ്പോഴും വിക്‌സ് പുരട്ടി സിഗരറ്റ് വലിക്കുന്ന അച്ഛനെ മക്കളുപദേശിച്ചു. 'ചുമ മാറുന്നവരെയെങ്കിലും ഇതൊന്നു നിര്‍ത്തിവെക്കരുതോ?' അതു കേട്ട് അച്ഛന്‍ ചിരിച്ചു; 'ഹോ, അതൊന്നും സാരമില്ല മക്കളേ. പതുക്കെ മാറിക്കൊള്ളും' എന്നു പറഞ്ഞ് സമാധാനിപ്പിച്ചു.
ജനവരി മൂന്നാംതീയതി ചെന്നൈയിലേക്കു മടങ്ങാനിരുന്ന മക്കള്‍ രാവിലെ അച്ഛനെ ബലാല്‍ക്കാരമായി അടുത്തുള്ള പി.വി.എസ്. ഹോസ്​പിറ്റലില്‍ കൊണ്ടുപോയി. സാധാരണചുമയാണ്, ആന്റിബയോട്ടിക്‌സ് കഴിച്ചാല്‍ മാറിക്കോളുമെന്നു പറഞ്ഞു ഗുളികകള്‍ തന്നുവിട്ടു ഡോക്ടര്‍. ഡോക്ടറുടെ വാക്കുകള്‍ വിശ്വസിച്ച് മക്കള്‍ ആശ്വാസത്തോടെ ചെന്നൈയിലേക്കു മടങ്ങി.
ആന്റിബയോട്ടിക്‌സ് കഴിച്ചിട്ടും ആയുര്‍വേദമരുന്നുകള്‍ കഴിച്ചിട്ടും
ചുമയ്‌ക്കൊരു കുറവുമുണ്ടായില്ല. ജനവരി 18-ാംതീയതി ഞങ്ങള്‍ അമൃത ഹോസ്​പിറ്റലില്‍ പോയി. ഡോക്ടര്‍ പരിശോധിച്ച് വീണ്ടും കുറെ ആന്റിബയോട്ടിക്കുകളും ഇന്‍ഹെയിലറും തന്നു. ആവി പിടിക്കുവാനുള്ള ഉപദേശവും തന്നു വിട്ടു.
ജനവരി 22. കണ്ണൂര്‍ ടൗണ്‍ഹാളില്‍വെച്ചൊരു ഫ്ലവര്‍ ഷോ ഉദ്ഘാടനം. വളരെ മുന്‍പേ ഏറ്റിരുന്നതാണ്. യാത്ര വേണ്ട എന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കാറില്‍ത്തന്നെ കണ്ണൂര്‍ക്കു പോയി. ഏഴരമണിക്ക് ഫങ്ഷന്‍ കഴിഞ്ഞയുടന്‍ എറണാകുളത്തേക്കു തിരിച്ചു. ഫങ്ഷനില്‍ പ്രസംഗിക്കുമ്പോള്‍ വല്ലാത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അരമണിക്കൂര്‍ സംസാരിച്ചു. മടക്കയാത്രയില്‍ ചുമ വല്ലാതെ കൂടി. കട്ടകട്ടയായി കഫം തുപ്പിക്കൊണ്ടിരുന്നു. വെളുപ്പാന്‍കാലത്ത് മൂന്നു മണിയോടെ എറണാകുളത്ത് വീട്ടിലെത്തി. ആഹാരമൊന്നും വേണ്ടെന്നു പറഞ്ഞ് കിടന്നുറങ്ങി.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശബ്ദം തീരേയില്ലായിരുന്നു. 'ശോഭേ' എന്നു വിളിക്കാന്‍പോലുമാവില്ല. ഉടനെതന്നെ അമൃതയിലേക്കു പോയി. വിശദമായ പരിശോധനകള്‍ ജനവരി 23 മുതലാണ് തുടങ്ങിയത്. വോക്കല്‍ കോര്‍ഡിനൊരു കുഴപ്പവും കണ്ടെത്താനായില്ല. എക്‌സ്‌റേയും സ്‌കാനുമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍ കണ്ടെത്തി, ഫുഡ്‌പൈപ്പില്‍ ഒരു ഗ്രോത്ത് ഉണ്ട് എന്ന്. അവരതു പറയുമ്പോള്‍ അതിന്റെ സീരിയസ്‌നെസ് എനിക്കു മനസ്സിലായില്ല. ബയോപ്‌സി ചെയ്ത് ഈസോഫാഗസില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നു എന്നവര്‍ വ്യക്തമാക്കുന്നതുവരേയും ഞാന്‍ തളര്‍ന്നിരുന്നില്ല. ഫിബ്രവരി ഒന്നാംതീയതിയായിരുന്നു നടുക്കുന്ന ആ സത്യമറിഞ്ഞത്. ഡോക്ടര്‍ അതു വിശദീകരിച്ചു പറഞ്ഞപ്പോള്‍, വരാനുള്ള ചില കാരണങ്ങള്‍ വിശദീകരിച്ചപ്പോള്‍ രവിയേട്ടനെന്നെ പരിതാപമായിട്ടൊന്നു നോക്കി. ഏതൊരവസ്ഥയിലും ആത്മവിശ്വാസം കൈവിടാത്ത, തളരാത്ത രവിയേട്ടന്‍ തളരുന്നത് ഞാന്‍ കണ്ടു.
മക്കളെ വിവരമറിയിച്ചു. ഓടിവന്നു എല്ലാവരും. ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോകാമെന്നു നിര്‍ബന്ധിച്ചെങ്കിലും അമൃതയില്‍ മതിയെന്ന് ഏട്ടന്‍ വാശിപിടിച്ചു. മറ്റു മാര്‍ഗങ്ങളൊന്നും സാധ്യമാകാത്തതിനാല്‍ ഫിബ്രവരി 7,8,9 തീയതികളില്‍ രവിയേട്ടനു കീമോതെറാപ്പി ചെയ്തു. രോഗഭയം രവിയേട്ടനെ വല്ലാത്ത ഒരു വിരക്തിയിലാഴ്ത്തി. ചികിത്സ കഴിയുമ്പോള്‍ പൂര്‍ണ്ണസുഖം തിരിച്ചുകിട്ടുമെന്നു ഞങ്ങളൊക്കെ സമാധാനിപ്പിച്ചിട്ടും രവിയേട്ടനത്ര വിശ്വാസം വന്നില്ല.
മലയാളികളുടെ പ്രിയങ്കരനായ ധിക്കാരിയെന്നും അഹങ്കാരിയെന്നും സിനിമാക്കാര്‍ വിശേഷിപ്പിക്കുന്ന രവീന്ദ്രന്‍മാഷ്. വെറും ഒരു സാധാരണമനുഷ്യനായി പരിതപിച്ചു പുലമ്പിക്കൊണ്ടിരുന്നു. എനിക്ക് 'ഇങ്ങനെ ഒരസുഖം ദൈവമെന്തിനു തന്നു? ഞാന്‍ ഒരു പാപവും ചെയ്തിട്ടില്ലല്ലോ.'
അമൃതയില്‍നിന്നും വീട്ടില്‍ വന്ന ശേഷം സ്‌നേഹവും ശ്രദ്ധാപൂര്‍വ്വമായ ശുശ്രൂഷകൊണ്ടും ഏട്ടന്റെ ആത്മവിശ്വാസം കുറെയൊക്കെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഭക്ഷണവും മരുന്നുകളും മടിയില്ലാതെ കഴിച്ചു.
എന്റെ പ്രാര്‍ത്ഥനകളില്‍ ആശ്വാസംകൊണ്ടു. രോഗശാന്തിക്കു വേണ്ടി പാവക്കുളത്തമ്പലത്തില്‍ ചെയ്യുന്ന പൂജകളും ഏട്ടന് അല്പം ശാന്തി കൊടുത്തു. ഇതിനിടയിലൊരു ദിവസം നഷ്ടപ്പെട്ടുപോയ ശബ്ദം പൂര്‍വ്വാധികം ഭംഗിയില്‍ തിരിച്ചുകിട്ടി. അതൊരു ശുഭസൂചനയായി കരുതി ഞങ്ങളെല്ലാം സമാധാനിച്ചു.
ജനവരിയില്‍ റിലീസായ വടക്കുംനാഥന്റെ ഓഡിയോ വലിയ വിജയമാണെന്നറിഞ്ഞതില്‍ ഏട്ടനു സന്തോഷം തോന്നി എങ്കിലും ചായപ്പൊടിക്കൂടിനുള്ളില്‍ സി.ഡി. വെച്ചു കച്ചവടം നടത്തിയ കാസറ്റുനിര്‍മ്മാതാവിന്റെ പ്രവൃത്തി ഏട്ടനെ വല്ലാതെ സങ്കടപ്പെടുത്തി. ഏട്ടന്റെ അസുഖവിവരം ആരേയുമറിയിക്കാതിരുന്നതിനാല്‍ പുതിയ പല ഓഫറുകളും വന്നുകൊണ്ടിരുന്നു. ഒരു മാസത്തേക്ക് രവിയേട്ടന്‍ റെസ്റ്റിലാണെന്നും മറ്റും പറഞ്ഞ് ഞാനവരെ ഒഴിവാക്കി. വടക്കുംനാഥനിലെ പാട്ടുകള്‍ കേട്ടിട്ട് ആരാധകരുടെ നിരന്തരമായ ഫോണ്‍വിളി വന്നുകൊണ്ടിരുന്നു. മാഷിനോടൊന്നു സംസാരിച്ചേ മതിയാവൂ എന്നു വാശിപിടിക്കുന്നവരോട് ഞാന്‍ പറഞ്ഞു, മാഷ് വോയ്‌സ് റെസ്റ്റിലാണ്. അതു കാരണം മാഷിനു ത്രോട്ട് പ്രോബഌമെന്ന് ഒരഭ്യൂഹം പുറത്തു പരന്നു.
രമേശന്‍നായര്‍ക്കും ബിജുനാരായണനും രമേഷ്‌കുര്യന്‍ തുടങ്ങി വളരെ കുറച്ചുപേര്‍ക്കേ രോഗവിവരം അറിയാമായിരുന്നുള്ളൂ. കുടുംബത്തിലാരോടും പറഞ്ഞില്ല. ത്യാഗരാജന്‍ചേട്ടനോടുപോലും പറയാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. ഹാര്‍ട്ട് ചികിത്സ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിനു ഷോക്കായിത്തീരുമെന്നു പറഞ്ഞാണ് പറയാതിരുന്നത്.
രണ്ടാംഘട്ട ചികിത്സ മാര്‍ച്ച് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. മക്കളുടെ നിരന്തരമായ പ്രേരണയാല്‍ അതു ചെന്നൈയില്‍ അപ്പോളോ ഹോസ്​പിറ്റലിലാക്കാമെന്ന് രവിയേട്ടന്‍ സമ്മതിച്ചു. 2005 ഫിബ്രവരി 24 ന് ചെന്നൈയില്‍ വന്നു. എറണാകുളത്തുനിന്നും പുറപ്പെടുന്നതിനു മുന്‍പ് നിബന്ധനകള്‍ പലതും വെച്ചിരുന്നു രവിയേട്ടന്‍. ചെന്നൈയ്ക്ക് ഞാന്‍ വരണമെങ്കില്‍ എനിക്ക് ഒരു വലിയ വീട് വാടകയ്‌ക്കെടുത്തിടണം. നവീനും ഷൈനിയും തനി വീട്ടില്‍, രാജുവും സാജുവും തനി വീട്ടില്‍. അങ്ങനെയായിരുന്നു അവര്‍ താമസം. അവര്‍ ആ രണ്ടു വീടുകളും വിട്ട് രവിയേട്ടനോടൊപ്പം പഴയതുപോലെ ഒന്നിച്ചു താമസിക്കണം. രവിയേട്ടന്റെ എല്ലാ നിബന്ധനകളും മക്കള്‍ അംഗീകരിച്ചു. അച്ഛനിങ്ങു വന്നാല്‍ മതി, എല്ലാം അച്ഛന്‍ പറയുന്നതുപോലെതന്നെ നടക്കും എന്നു വാക്കു കൊടുത്തു.
ചെന്നൈയില്‍ വീടു കിട്ടാന്‍ അത്ര എളുപ്പമല്ല. ഞങ്ങള്‍ വന്നപ്പോള്‍ വീടു കിട്ടിയിരുന്നില്ല. രണ്ടു മക്കളുടെയും വീട്ടില്‍ താമസിക്കാന്‍ രവിയേട്ടന്‍ സമ്മതിച്ചതുമില്ല. വീടു കിട്ടുന്നതുവരെ അശോക് നഗറിലുള്ള ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മൂന്നാംദിവസം വളസരവാക്കം എന്ന സ്ഥലത്ത് തനി വീട് കിട്ടി. 26-ാം തീയതി അവിടെ താമസമായി.
ചികിത്സയ്ക്കു വന്ന ആളാണെന്ന ഒരു ഭാവവുമില്ല രവിയേട്ടന്. എല്ലാം പഴയതുപോലെ. രാവിലേ എഴുന്നേല്‍ക്കും, ചെടികള്‍ നനയ്ക്കും, കാര്‍ തുടയ്ക്കും. പിന്നെ പത്രവും വായിച്ചിരിക്കും. 'രവിയേട്ടാ, ഹോസ്​പിറ്റലില്‍ പോകണ്ടേ?' 'ആ, പോകാം' എന്നു പറയുന്നതല്ലാതെ റെഡിയാകലുണ്ടാവില്ല. ബാലുവും നിര്‍ബന്ധിക്കും.
സാജുവിനന്ന് തെലുങ്കുപടത്തില്‍ വര്‍ക്കു നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അവനോടൊപ്പം രാജുവും ഹൈദരബാദിലായിരുന്നു
ഞാനോ ബാലുവോ പറഞ്ഞിട്ട് ഒരുത്സാഹവും കാട്ടാത്തതിനാല്‍ ഞാന്‍ രാജുവിനെ വിവരമറിയിച്ചു. മാര്‍ച്ച് ഒന്നിന് അവന്‍ വന്നു. അച്ഛന്റെ തടസ്സവാദങ്ങളൊന്നും കേള്‍ക്കാന്‍ നിന്നില്ല. വൈകുന്നേരം അപ്പോളോ ഹോസ്​പിറ്റലില്‍ കൊണ്ടുപോയി.
റിപ്പോര്‍ട്ടൊക്കെ വായിച്ചുനോക്കിയിട്ട് അപ്പോള്‍ത്തന്നെ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു, ഡോക്ടര്‍. എ.സി റൂം വേക്കന്റ് ഇല്ലാത്തതിനാല്‍ അഡ്മിറ്റാകാന്‍ രവിയേട്ടന്‍ സമ്മതിച്ചില്ല. അടുത്ത ദിവസം അഡ്മിറ്റായില്ല. ഒന്നാംതീയതി ഹോസ്​പിറ്റലില്‍ ചെന്നപ്പോള്‍ത്തന്നെ ഡോക്ടര്‍ ഞങ്ങളോടും (എന്നോടും രാജുവിനോടും) രോഗത്തിന്റെ സ്വഭാവത്തെപ്പറ്റിയും വളരെ കോമ്പഌക്കേഷന്‍ സ്റ്റേജാണെന്നുമൊക്കെ അറിയിച്ചിരുന്നു. എന്നാല്‍ രവിയേട്ടനെ കണ്ടാല്‍ അസുഖത്തിന്റെ അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
രവിയേട്ടന് അസുഖം ഇത്ര സീരിയസാണെന്ന് ഞങ്ങള്‍ക്കു ബോധ്യം വന്നതുതന്നെ അപ്പോളോയിലെ ചീഫ് ഡോക്ടര്‍ പറഞ്ഞുതന്നപ്പോഴാണ്. ഈസോഫാഗസിനും ട്രക്കിയയിലും ഒരേസമയം ബാധിച്ചിരിക്കുന്ന രോഗം. ഇനി ഹെവി കീമോ കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. രോഗിയെക്കാള്‍ ധൈര്യം വേണ്ടത് കൂടെയുള്ളവര്‍ക്കാണ്. ചികിത്സയ്ക്കു ശേഷമുണ്ടാകുന്ന രോഗിയുടെ ശരീരവ്യതിയാനങ്ങള്‍, മാനസികത്തകര്‍ച്ച എല്ലാം അഭിമുഖീകരിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ അവിടെ ബോധംകെട്ടു വീഴുമെന്നെനിക്കു തോന്നി.
കണ്ടുമുട്ടിയ കാലംമുതല്‍ തന്റേടത്തോടെ തലയുയര്‍ത്തി നടക്കുന്ന രവിയേട്ടനെ മാത്രമേ കാണേണ്ടിവന്നിട്ടുള്ളൂ. ജീവിതത്തിലെത്രയോ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നപ്പോഴും ഏട്ടനങ്ങനെ തളര്‍ന്നിരുന്നിട്ടില്ല. ശരിക്കും ആളുകള്‍ പറയാറുള്ളതുപോലെ ധിക്കാരിയും അഹങ്കാരിയും. ആരുടെ മുന്നിലും തലകുനിക്കാനിഷ്ടപ്പെടാത്ത സ്വഭാവമായിരുന്നു ഇന്നലെവരെയും. നാളെ പല്ലുകൊഴിഞ്ഞ സിംഹത്തിനെപ്പോലെ തളര്‍ന്നവശനായ രവിയേട്ടനെ കാണേണ്ടിവരുമോ? എനിക്കും മോനും ആ ചിന്തതന്നെ സഹിക്കാനായില്ല.
ഡോക്ടര്‍ സമാധാനിപ്പിച്ചു. ഉടനെയല്ല, കുറെശ്ശേക്കുറെശ്ശയായി അങ്ങനെ വരാം.
അപൂര്‍വ്വമായി ചിലര്‍ക്കങ്ങനെ വരാതെയുമിരിക്കാം. ദൈവം പക്ഷേ, അങ്ങനെ ദുരന്തത്തിനു സാക്ഷിയാക്കിയില്ല. അതുകൊണ്ട് ഇന്നും എന്റെ ഓര്‍മ്മയില്‍ തന്റേടിയായ രവിയേട്ടനാണ്.
ഹൈദരബാദിലായിരുന്ന സാജുവിനെ അപ്പോഴപ്പോഴുള്ള വിവരങ്ങളറിയിക്കുന്നുണ്ടായിരുന്നു. മാര്‍ച്ച് രണ്ടിന് രാത്രിയിലും അവനച്ഛനെ വിളിച്ചപ്പോള്‍ പറഞ്ഞു: 'എനിക്കും അച്ഛന്റെയടുത്തുണ്ടാകണം. ഞാനും പുറപ്പെട്ടുവരാന്‍ പോകുകയാണ്. വര്‍ക്കില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനെനിക്ക് ഒട്ടും സാധിക്കുന്നില്ല.' അച്ഛനവനെ സമാധാനപ്പെടുത്തി. 'അച്ഛന് ഇവരൊക്കെ പറയുന്നതുപോലെ അസുഖമൊന്നുമില്ല മക്കളേ. നീ പണി പൂര്‍ത്തിയാക്കിയിട്ട് സാവകാശം വന്നാല്‍ മതി. അച്ഛനിവിടെത്തന്നെയുണ്ടാകും' എന്നുറപ്പുകൊടുത്തു.
മാര്‍ച്ച് മൂന്ന് പ്രത്യേകതകളൊന്നുമില്ലാത്ത പ്രഭാതംതന്നെയായിരുന്നു. രാവിലെ പതിവുജോലികളെല്ലാം തീര്‍ത്ത് വരാന്തയിലെ ചാരുകസേരയില്‍ രവിയേട്ടന്‍ ചായയും കുടിച്ച് പത്രവും വായിച്ചിരുന്നു. രാജു താഴെ അടുത്തുതന്നെ ഇരുന്നിരുന്നു. പുതിയ വീട്ടില്‍ ചെയ്യേണ്ടുന്ന പരിഷ്‌കാരങ്ങളെപ്പറ്റി അച്ഛനും മകനുംകൂടി ഡിസ്‌കഷനിലായിരുന്നു. വീടിന്റെ തറയ്ക്കും പടിക്കെട്ടിനും വൃത്തി പോരാ, ലിനോലിയം വാങ്ങിയിടണം, നല്ലൊരു നായ്ക്കുട്ടിയെ വാങ്ങിയിടണം. ഇവരുടെ ഈ ചര്‍ച്ച കേട്ടുകൊണ്ടാണ് ഞാനങ്ങോട്ടു ചെന്നത്. ഞാന്‍ പറഞ്ഞു, ഏട്ടന്‍ എന്താ ഇങ്ങനെ കുഞ്ഞുങ്ങളെപ്പോലെ പെരുമാറുന്നത്.
'ആശുപത്രിയില്‍ അഡ്മിറ്റാകാനും ചികിത്സിക്കാനുമാണ് നമ്മളിവിടെ വന്നിരിക്കുന്നത്. ഇത്ര സീരിയസ് എന്നു ഡോക്ടര്‍ പറഞ്ഞിട്ടും ഏട്ടനെന്താ അതിന്റെ ഗൗരവം മനസ്സിലാകാതെ മറ്റു കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എണീറ്റ് വേഗം റെഡിയാക്, ആസ്​പത്രിയില്‍ പോകണം.' ഞാന്‍ കര്‍ശനമായി പറഞ്ഞു.
'എന്തിനാ ശോഭേ, എന്നെ ആ ആസ്​പത്രിയില്‍ കൊണ്ടുപോയ് കിടത്തണമെന്നു നിനക്കിത്ര നിര്‍ബന്ധം?'
കേട്ടപ്പോള്‍ വല്ലാത്ത സങ്കടം വന്നു. പാവം ഏട്ടന്‍. ഹോസ്​പിറ്റല്‍ എന്നു കേട്ടാലേ അലര്‍ജിയായിരുന്നു ഏട്ടന്. എങ്കിലും അവിടുന്നേഴുന്നേല്‍പ്പിച്ച് കുളിക്കാന്‍ പറഞ്ഞയച്ചിട്ട് ഞാനടുക്കളയിലേക്കു കയറി.
പതിനൊന്നു മണിയായിക്കാണും. ഷേവു ചെയ്ത് കുളിച്ച് കുട്ടപ്പനായി പടിക്കെട്ടിനു മുകളില്‍ കൈവരിയില്‍ പിടിച്ചുകൊണ്ട് ഡൈനിങ് ടേബിളില്‍ കാപ്പിയെടുത്ത് വെച്ചുകൊണ്ടിരുന്ന എന്നെ നോക്കിനിന്നു. ആ നോട്ടത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ? അറിയില്ല. ഞാന്‍ ശരിക്കും ശ്രദ്ധിച്ചില്ല.
താഴെ വന്നിട്ട് പറഞ്ഞു: 'നമുക്ക് വൈകുന്നേരം പോകാം അപ്പോളോയില്‍. ഇപ്പോള്‍ വിജയ ഹോസ്​പിറ്റലില്‍ പോയി ഇന്നലെ ടെസ്റ്റിനു കൊടുത്തിരുന്നതിന്റെ റിസല്‍ട്ട് വാങ്ങി വരാം.' ശരി, ഞാന്‍ സമ്മതിച്ചു.
ഞാനും രവിയേട്ടനും രാജുവും നവീനുംകൂടിയാണ് ഹോസ്​പിറ്റലില്‍ പോയത്. നവീനായിരുന്നു കാറോടിച്ചിരുന്നത്. റിപ്പോര്‍ട്ടു വാങ്ങാന്‍ ഹോസ്​പിറ്റലിലെ റിസപ്ഷനില്‍ കാത്തിരിക്കുമ്പോള്‍ രവിയേട്ടനെന്നോടു ചോദിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി ദ്രവരൂപത്തിലുള്ള ഭക്ഷണമായിരുന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം കൊടുത്തിരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്: 'അല്ല ശോഭേ, എനിക്കിനി നല്ല ആഹാരം കഴിക്കാനേ പറ്റില്ലേ. എന്നുമിങ്ങനെ വേണോ?' ഇത്രയും പരിതാപമായിട്ടൊരു ചോദ്യം മുന്‍പ് കേട്ടിട്ടില്ല രവിയേട്ടനില്‍നിന്ന്. 'അങ്ങനൊന്നുമില്ല, സുഖമായാലുടന്‍ പഴയതു പോലെ എല്ലാം കഴിക്കാം.' ഞാന്‍ സമാധാനിപ്പിച്ചു. രവിയേട്ടനെന്നും ഭയന്നിരുന്നത് ഇതിനെയാണ്. എന്തെങ്കിലും അസുഖം വന്ന് രുചിയുള്ള ഭക്ഷണം കഴിക്കാതായി പോകുമോയെന്ന്.
മാര്‍ച്ച് ഒന്നിന് ഹോസ്​പിറ്റലില്‍ പോകുന്നതിന് ഒരു ദിവസം മുന്‍പ് നവീനോടു പറഞ്ഞു: 'അച്ഛനു മീന്‍കറി വേണം.' 'അയ്യോ കഴിക്കാന്‍ പാടില്ല' എന്നു ഞാന്‍ പറഞ്ഞതു വകവെക്കാതെ മോന്‍ 'കുമരകം' എന്ന കേരളാഹോട്ടലില്‍ നിന്ന് കരിമീന്‍ കറിവെച്ചത് വാങ്ങിക്കൊണ്ടു കൊടുത്തു. ആര്‍ത്തിയോടെ രുചിച്ചു കഴിച്ചു. എന്തായാലും ആഗ്രഹിച്ച ഭക്ഷണം കഴിക്കാനായല്ലോ എന്നു ഞാന്‍ പിന്നീട് സമാധാനിച്ചു.
ഹോസ്​പിറ്റലില്‍നിന്നും മടങ്ങുംവഴി കോദണ്ഡപാണി സ്റ്റുഡിയോയുടെ അടുത്തെത്തിയപ്പോള്‍ അവിടെയൊന്നു കയറിയിട്ടു പോകാം എന്നു പറഞ്ഞു രവിയേട്ടന്‍. നവീന്‍ കാര്‍ സ്റ്റുഡിയോയ്ക്ക് വിട്ടു. രവിയേട്ടന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ക്കു വര്‍ക്ക് ചെയ്തത് ഈ സ്റ്റുഡിയോയില്‍വെച്ചാണ്. രവിയേട്ടനെ കണ്ടതും സ്റ്റാഫുകളെല്ലാം ഓടിവന്നു. ചെന്നൈ വിട്ടു കേരളത്തിലേക്കു പോയതിന് പരിഭവം പറഞ്ഞു. ഞാന്‍ തിരിച്ച് ഇവിടേക്കുതന്നെ വന്നു. ഇനി കേരളത്തിലേക്കു പോകുന്നില്ല എന്നു രവിയേട്ടന്‍ പറഞ്ഞതു കേട്ട് അവരെല്ലാം സന്തോഷിച്ചു. എസ്.പി. ബാലസുബ്രഹ്മണ്യം അവിടെയുണ്ടായിരുന്നു. മുകളിലത്തെ മുറിയില്‍ പോയി അദ്ദേഹത്തെയും കണ്ടു.
രവിയേട്ടനെ കണ്ടതും, എസ്.പി.ബി. വളരെ സന്തോഷിച്ചു. 'രവി, നീ ഇവിടംവിട്ടു പോകേണ്ടായിരുന്നു' എന്നദ്ദേഹം പറഞ്ഞു. തിരിച്ച് ഇവിടെ വന്നുവെന്നറിഞ്ഞതില്‍ 'വളരെ നന്നായി' എന്നഭിപ്രായം പറഞ്ഞു അദ്ദേഹം. അര മണിക്കൂറോളം ഓരോന്നു സംസാരിച്ചിരുന്ന് ഞങ്ങളിറങ്ങി. താന്‍ അമേരിക്കയില്‍ പോകുകയാണ്, വന്നിട്ടു കാണാം എന്നു പറഞ്ഞു എസ്.പി.ബി. വീട്ടിലെത്തിയപ്പോള്‍ രണ്ടു മണി. നവീന് റിക്കോര്‍ഡിങ്ങുണ്ടായിരുന്നു. വൈകുന്നേരം വരാമെന്നു പറഞ്ഞ് കാറുമെടുത്ത് അവന്‍ പോയി.
'ശോഭേ, എനിക്കു വിശക്കുന്നു.' രവിയേട്ടന്‍ പറഞ്ഞതു കേട്ട് വസ്ത്രംപോലും മാറാന്‍ നില്ക്കാതെ ഞാനടുക്കളയില്‍ കയറി. ഹാളില്‍ രവിയേട്ടനും രാജുവും സംസാരിച്ചിരുന്നു.
ഗ്യാസ് കത്തിച്ച് വെള്ളം അടുപ്പില്‍ വെച്ച് ഓട്‌സ് കാച്ചിക്കൊടുക്കാമെന്നു കരുതി അതെടുത്ത് വെള്ളത്തിലേക്കിട്ടതേയുള്ളൂ. 'ശോഭേ' എന്നു വിളി കേട്ട് ഞാനടുക്കളയില്‍നിന്നും പുറത്തേക്കു വരുന്നതിനു മുന്‍പ് ഏട്ടന്‍ അടുക്കളയിലേക്ക് വന്നു. കൈ നെഞ്ചില്‍ തൊട്ടുകാണിച്ചു; ശ്വാസമെടുക്കാനാകുന്നില്ല. രവിയേട്ടന്റെ മുഖം വിളറിയിരുന്നു. പൂജാമുറിയില്‍നിന്നും തുളസീതീര്‍ത്ഥം കൈയിലിറ്റിച്ചുകൊടുത്തു ഞാന്‍. അത് വായ്ക്കുള്ളിലെത്തിയോയെന്നറിയില്ല.
'രാജൂ, ബാലുവിനെ വിളി.' ഞാനലറിക്കരഞ്ഞു. ഊരിയിട്ടിരുന്ന ജുബ്ബ ഏട്ടനെടുത്തിട്ടു വാതിലിനടുത്തേക്ക് നടന്നു. പക്ഷേ, വാതില്‍ കടക്കാനായില്ല. ശരീരം കുഴഞ്ഞ് എന്നെ ചായ്ച്ചുകൊണ്ട് ഏട്ടന്‍ ഊര്‍ന്നുവീണു. ഞാനുറക്കെ വിളിച്ചു. ഹൃദയം പൊട്ടിപ്പോകുന്ന തരത്തിലുറക്കെ വിളിച്ചു. രാജു വിളിച്ചു. ആരുടെ വിളിയും ഏട്ടന്‍ കേട്ടില്ല. അപ്പോഴത്തെ അവസ്ഥ വിവരിക്കാനാവില്ല.
ബാലു പാഞ്ഞെത്തി. അച്ഛനെ മക്കളെടുത്ത് കാറില്‍ കിടത്തി. തല രാജു
വിന്റെ മടിയിലും കാലുകള്‍ എന്റെ മടിയിലും. ശ്വാസം വിടാതെ കിടക്കുന്നുവെന്നേ തോന്നിയുള്ളൂ. ബാലു കാര്‍ പറത്തിവിട്ടു. ഏറ്റവുമടുത്തുള്ള ആശുപത്രിയിലേക്ക്. പക്ഷേ, ആര്‍ക്കും ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല.
ഒരു നിമിഷത്തില്‍ ഒരാള്‍ക്കു മരണം സംഭവിക്കുമോ? ഞാനിതിനു മുന്‍പൊരിക്കലും മരണം കണ്ടിട്ടുണ്ടായിരുന്നില്ല. മരണം എനിക്ക് ഭയമായിരുന്നു. മരണം സംഭവിച്ച വീടുകളില്‍പ്പോലും ഞാനൊരിക്കലും പോയിട്ടില്ല. അതുകൊണ്ടാണ് മരണം എന്നെത്തേടി എന്റെ വീട്ടിലേക്ക് വന്നത്.
തലയ്‌ക്കൊരു മന്ദതയായിരുന്നു. ഞാനൊന്നുമറിഞ്ഞില്ല. എന്റെ മുന്നില്‍ ധാരാളം നിഴലുകള്‍ ചലിക്കുന്നുണ്ടായിരുന്നു. കണ്ണുകള്‍ തുറിച്ചിരുന്നിട്ടും ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. രവിയേട്ടന് മരണമോ? ഞാനൊരിക്കലും ചിന്തിച്ചുനോക്കിയിരുന്നില്ല.
ആദ്യത്തെ ഒന്നുരണ്ടാഴ്ചകള്‍ എനിക്ക് ദുഃഖം തോന്നിയതേയില്ല. ഞാന്‍ ആഹാരം കഴിച്ചു; ഉറങ്ങി; വര്‍ത്തമാനം പറഞ്ഞു; ചിലപ്പോള്‍ ചിരിക്കുകകൂടി ചെയ്തു. രവിയേട്ടനെവിടെയോ കമ്പോസിങ്ങിനു പോയിരിക്കുന്നതുപോലെ. ദിവസവും നൂറു തവണ കേള്‍ക്കുന്ന ശോഭേവിളി കേള്‍ക്കാതെ, ഫോണിലൂടെയും അതു കേള്‍ക്കാതായപ്പോള്‍ മെല്ലെമെല്ലെ എന്റെ മസ്തിഷ്‌കത്തിലേക്ക് യാഥാര്‍ത്ഥ്യം തുളച്ചിറങ്ങി. എന്തൊക്കെയാണ് പിന്നെ ഞാന്‍ കാട്ടിക്കൂട്ടിയതെന്ന് എനിക്കറിയില്ല. അനുഭവിച്ചവര്‍ക്കു മാത്രമേ ആ ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാകൂ.
(രവീന്ദ്രസംഗീതം: കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)