Showing posts with label Adimaly. Show all posts
Showing posts with label Adimaly. Show all posts

Sunday, June 16, 2013

ആറാട്ടിനാനകള്‍ എഴുന്നള്ളി...


Mankulam, Aanakulam, Idukki, Kerala

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

Mankulam, Aanakulam, Idukki, Keralaകേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Mankulam, Aanakulam, Idukki, Kerala
ഉരുളന്‍കല്ലും തെളിനീരും താണ്ടി..
ക്യാമറ കണ്ണിലൂടെ നോക്കിയിട്ടും ഒന്നും കാണുന്നില്ല. കഌക്ക ചെയ്ത് മോണിറ്ററില്‍ നോക്കിയപ്പോഴും ചില കരിരൂപങ്ങള്‍ മാത്രം. ഒടുക്കം ഡ്രൈവര്‍ സജീവിനെ വിളിച്ചുണര്‍ത്തി. ജീപ്പുമായി വരാന്‍ പറഞ്ഞു. റോഡില്‍ നിന്ന് അല്‍പ്പം മുന്നോട്ടുള്ള മണ്‍തിട്ടയില്‍ നിര്‍ത്തിയ ജീപ്പിന്റെ എഞ്ചിന്‍ ഓഫ് ചെയ്തു. ഹെഡ്‌ലൈറ്റ് ഓണാക്കി. ജീപ്പു വെളിച്ചത്തില്‍ ക്യാമറകണ്ണുകള്‍ മിന്നിയടയാന്‍ തുടങ്ങി. ഈ മോഹന സുന്ദരദൃശ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണല്ലോ.

ആനനട പഠിച്ചുതുടങ്ങിയ കുട്ടിക്കൊമ്പനെ അമ്മ തുമ്പികൈ കൊണ്ട് വെള്ളം കുടിക്കാന്‍ പഠിപ്പിക്കുന്നു. വമ്പനൊരാന അനങ്ങാപാറ നയത്തില്‍ വെള്ളത്തില്‍ കിടപ്പാണ്. കൂട്ടത്തിലൊരുവനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടൊരാള്‍. ആ ദേഷ്യത്തിലാണവന്‍ ചിന്നം വിളിക്കുന്നത്. കാലുകൊണ്ട് ഉരുളന്‍ കല്ലുകള്‍ മാറ്റുമ്പോള്‍ കുമിളകള്‍ ഉയരുന്നു. അത് പിടിച്ചെടുക്കാനുള്ള മത്സരം കുസൃതിയും കുറുമ്പുമാകുന്ന നിമിഷങ്ങള്‍. ഒരു ഇട്ടാവട്ടത്തിലാണിതെല്ലാം.

Mankulam, Aanakulam, Idukki, Kerala
കാട് കണ്ണാടി നോക്കുമ്പോള്‍
പതിനൊന്നു മണിക്ക് തുടങ്ങിയ ഫോട്ടോഷൂട്ട് തീര്‍ന്നപ്പോള്‍ പന്ത്രണ്ടേകാല്‍. ''ഇന്നിപ്പം മഴ പെയ്തതുകൊണ്ടാണ് അല്ലെങ്കില്‍ ഇനിയും ആനക്കൂട്ടങ്ങള്‍ എത്തിയേനേ.'' ഫോറസ്റ്റ് ഗാര്‍ഡ് ബാബു പറഞ്ഞു. ''എന്തായാലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇന്നത്തെ കാലാവസ്ഥ കണ്ട് ആനയെ പ്രതീക്ഷിച്ചതേയല്ല. ഇതു നിങ്ങള്‍ക്കു വേണ്ടി വന്നതു പോലെയുണ്ട്.''

ചിലപ്പോ പകലും ആനയിറങ്ങാറുണ്ട്്. ആനയിറങ്ങിയാല്‍ വിവരം കാട്ടുതീപോലെ പടരും. മൂന്നാറു മുതലുള്ള റിസോര്‍ട്ടുകളില്‍ നിന്ന് സഞ്ചാരികള്‍ ജീപ്പുമെടുത്ത് കുതിച്ചെത്തും. ഡിസംബര്‍, ജനവരി മാസങ്ങളിലും വേനല്‍ക്കാലത്തുമാണ് കൂടുതല്‍ ആനകള്‍ എത്തുക. ശബരിമല നട തുറന്ന് അവിടെ തിരക്കാവുമ്പോള്‍ ശബരിഗിരിയിലെ ആനകളും ഇവിടേക്കെഴുന്നള്ളും.. ആനക്കുളത്തിനടുത്തുള്ള കൊച്ചു ക്ഷേത്രത്തിലും അപ്പോള്‍ ഉത്സവമാണ്. നെറ്റിപ്പട്ടം കെട്ടാത്ത കൊച്ചുകൊമ്പന്‍മാര്‍ മുതല്‍ മുത്തശ്ശി പിടിയാനകളും ചട്ടുകാലന്‍ കൊമ്പനുമെല്ലാം അണിനിരക്കുന്ന കാട്ടാനപ്പൂരം.

Mankulam, Aanakulam, Idukki, Kerala
ആനക്കുളം അങ്ങാടി
അഞ്ചാറ് കടമുറികളും കൊച്ചു കൊച്ചു വീടുകളും ഒരു കുരിശടിയും ക്ഷേത്രവും ഗുരുമന്ദിരവും ഈറ്റച്ചോലയാറും ചേര്‍ന്നാല്‍ ആനക്കുളമായി. ആനകള്‍ നീരാടാനെത്തുന്ന 'ആന ഓരി'നു സമീപമാണ് സ്ഥലത്തെ വോളിബോള്‍ കോര്‍ട്ട്. ആനയിറങ്ങുമ്പോള്‍ കളി നിര്‍ത്തിവെയ്ക്കുന്നു. കളിക്കാരും കാഴ്ചക്കാരാവുന്നു.

പകല്‍ ആനയെ കണ്ടാലോ എന്ന പ്രതീക്ഷയിലാണ് കാലത്ത് എഴുന്നേറ്റ് ആനക്കുളത്തിനടുത്തെത്തിയത്്. എന്നാലവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറേപേര്‍ വെള്ളത്തിലെന്തോ തിരയുകയാണ്. രാത്രി ആന വെള്ളം കലക്കിയസ്ഥലത്ത് മനുഷ്യന്‍ കാലുകൊണ്ട് തട്ടി തട്ടി ആനവാല്‍രോമങ്ങള്‍ തിരയുന്നു. ആനകളുടെ പിടിവലിക്കിടയില്‍ വാലില്‍ നിന്ന് രോമങ്ങള്‍ വീഴും. അത് പെറുക്കിയെടുത്ത് ആനവാല്‍ മോതിരമുണ്ടാക്കി ഭയം കളയാം. അല്ലെങ്കില്‍ ആനവാല്‍ മോതിര പ്രേമികള്‍ക്ക് വിറ്റ് നാലുകാശുണ്ടാക്കാം. 


Text:G.Jyothilal
Photos:Sajichunda

Tuesday, February 1, 2011

പാല്‍ക്കുളമേട്


ഷാഡത്തിലെ കുതിര്‍ന്ന പകലുകളില്‍ ഇടുക്കിയിലൂടെ യാത്രചെയ്യുന്നവര്‍ക്ക്‌ ഹൃദ്യമായ കാഴ്ചയാണ്‌ പാല്‍കുളമെട് വെള്ളച്ചാട്ടങ്ങള്‍.കോടമഞ്ഞിന്റെ മൂടുപടംമാറുമ്പോള്‍ ഇടുക്കിജില്ല ആസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്‍നിന്നും ഈ ഇരട്ട വെള്ളചാട്ടങ്ങളെ കാണാന്‍കഴിയും. അത്രമാത്രം ഉയരത്തിലും ജലസമൃഥവുമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.
Paalkulamedu waterfalls, Idukki, Kerala


വര്‍ഷത്തിന്റെ പ്രതാപം ശിശിരത്തോടെ നേര്‍ത്തു ഗ്രീഷ്മത്തില്‍ ഒരുചെറിയ ധാരയായിമാറുന്നു.2500 അടിയിലധികം ഉയര്‍ന്നുനില്‍ക്കുന്ന പാല്‍കുളമെട് മലയുടെ ഹൃദയത്തില്‍നിന്നും കാല്ച്ചുവട്ടിലേക്ക് പതിക്കുന്ന ജലധാരയുടെ പ്രായോജകര്‍ പാല്‍കുളമേട്മലയിലെ പുല്‍മേടുകളും അവയ്ക്ക് താഴെയുള്ള നിത്യഹരിതവനങ്ങളുമാണ്.ഇടുക്കി വൈല്‍ഡ് ലൈഫ് സാന്കുചേറിയില്‍് പെടുന്നതാണ് ഈ മലയും വെള്ളച്ചട്ടവുമെല്ലാം.

ഇടുക്കിജില്ല ആസ്ഥാനമായ പൈനാവില്‍ നിന്നും 17കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.ഇടുക്കി-അടിമാലി റോഡില്‍ തടിയന്‍്പാട്(ഇടുക്കിയില്‍ നിന്നും 5കിലോമീറ്റര്‍)നിന്നാണ് തിരിഞ്ഞുപോകേണ്ടത്.യാത്രയിലുടനീളം ഈ വെള്ളച്ചാട്ടങ്ങള്‍ കാണാം എന്നതും രസകരമായ കാര്യമാണ്.വെള്ളച്ചാട്ടത്തിന്റെ ചുവട്ടില്‍വരെ ജീപ്പ് ചെല്ലും.കുത്ത് കയറ്റങ്ങള്‍ നിറഞ്ഞടാറിംഗ് ഇല്ലാത്ത ഈ വഴിക്ക് ഫോര്‍വീല്‍ഡ്രൈവ് ജീപ്പാണ് നല്ലത്(ഇപ്പോള്‍ വഴി ടാര്‍ ചെയ്തു എന്നാണ് കേട്ടത്).ജലപാതത്തിന്റെ ചുവട്ടില്‍ നിന്നും മുകളിലെത്താന്‍ മൂന്നുകിലോമീറ്ററിലധികം കഠിനമായി മലകയറണം.

മഴ തോര്‍ന്നുനില്‍ക്കുന്ന ചിങ്ങത്തിലെ തെളിഞ്ഞപകല്‍,ജോസ്ചേട്ടന്‍ വിത്ത് ജീപ്പ്,ക്യാമറയുമായി ജോമോന്‍ഐറിസ്,ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവധി.. പാല്‍കുളമെട് യാത്ര പെട്ടന്ന് പ്ലാന്‍ ചെയ്യുകയായിരുന്നു.ദൂരം വളരെ കുറവാണെങ്കിലും പൈനാവില്‍നിന്നും പുറപെട്ടു രണ്ടു മണിക്കൂറിനുശേഷമാണു വെള്ളച്ചാട്ടത്തിന്റെ താഴ്വരയില്ലുള്ള കൊക്കരകുളം ഗ്രാമത്തിലെത്തിയത്.പരിചയക്കാര്‍ക്കും നല്ലകാഴ്ചകള്‍ക്കും വേണ്ടി പലപ്പോഴും വണ്ടി നിര്‍ത്തേണ്ടി വന്നു.തടിയന്‍പാട് നിന്നും മുളകുവള്ളി-മണിയാറന്‍കുടി വഴിയാണ് ഇവിടെ എത്തേണ്ടത്.വാഴയും കപ്പയും കൊക്കോയും കുരുമുളകുമൊക്കെ വിളയുന്ന മലയോര കാര്‍ഷികഗ്രാമങ്ങള്‍.കൊക്കരകുളം എത്തുമ്പോള്‍തന്നെ വെള്ളച്ചാട്ടം വളരെ അടുത്ത് കാണാം.ഹുന്കാരം മുഴക്കി താഴെയുള്ള പാറകളില്‍ വീണുടയുന്ന ജലപാതം കൊച്ചു പുഴയായി ഒഴുകുന്നു.ജനസാന്ദ്രത നന്നേ കുറഞ്ഞ ഗ്രാമം.തദ്ദേശീയരായ ആദിവാസി വിഭാഗക്കാരും കുടിയേറ്റകര്‍ഷകരുമാണ് താമസക്കാര്‍.കറന്റ്,റോഡ്,ഫോണൊക്കെ വന്നിട്ടും ഇടുക്കിയിലെ പല ഗ്രാമങ്ങളിലെയും പോലെ ഇവിടെയും വൈകുന്നേരമായാല്‍ ആണുങ്ങള്‍ എല്ലാം "സിറ്റിക്ക് പോകുക" എന്ന പതിവ് തുടരുന്നു.

പകലന്തിയോളം ഏലത്തിനും,കാപ്പിക്കുമൊക്കെ പണിയെടുത്തു വൈകിട്ട് കുളിച്ചുകുട്ടപ്പനായി അരികുകളും വള്ളികളും കല്ലില്‍ തേച്ചുരച്ച പാരഗണ്‍് ചെരിപ്പും,വെളുത്തമുണ്ടും തേച്ച ഷര്ട്ടുമിട്ടു കവലയിലെ ചായക്കടയിലോ മുടിവെട്ടുകടയിലൊ നാട്ടുവിശേഷങ്ങള്‍പറഞ്ഞിരുന്നു,അന്തിക്ക് ചെരുതോരെണ്ണം അടിച്ചിട്ട് മെഴുതിരി അല്ലെങ്കില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ വീട്ടിലേക്കു കയറിചെല്ലുക...ചിലപ്പോള്‍ കയ്യില്‍ പൊതിഞ്ഞനിലയില്‍ പരിപ്പുവടയോ ബോണ്ടയോ മറ്റോ കണ്ടേക്കാം..ഈ പതിവിനെയാണ് ഞങ്ങള്‍ ശരാശരി ഇടുക്കിക്കാര്‍ "സിറ്റിക്ക് പോക്ക് " എന്ന ഏര്‍പ്പാട് കൊണ്ട് അര്‍ഥമാക്കുന്നത്.അതിന്റെ സുഖം അതൊന്നുവേറെ.
ആദിവാസി വിഭാഗക്കാരുടെ പല ആചാരങ്ങളും ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്‌."കൊക്കര" എന്നത് ഒരു തരം ആദിവാസി വാദ്യമാണ്.സുഷിരങ്ങളുള്ള കമ്പിയില്‍ കമ്പി ഉരച്ചു സംഗീതംജനിപ്പിക്കുന്ന ഈ വാദ്യം ഇന്നും ഇവിടുത്തെ അമ്പലത്തിലെ ഉത്സവത്തിന് വായിക്കാറുണ്ട്.സ്ഥലത്തിന്റെപേരും അതില്‍നിന്നും വന്നതാണെന്നാണ് മനസില്ലാക്കാന്‍ കഴിഞ്ഞത്.
Paalkulamedu waterfalls, Idukki, Kerala

ജീപ്പ് നിര്‍ത്തി,ഊട് വെച്ചു.കുടിക്കാനും കൊറിക്കാനുമുള്ള വകകളുമായി ഇനി മലകയറണം.മുകളിലേക്ക് വ്യക്തമായ ഒരു വഴിയില്ല.പല പറമ്പുകളിലൂടെയും വീട്ടു മുറ്റങ്ങളിലൂടെയും വേണംകയറി്പോകാന്.നാട്ടുകാരനായ രാജപ്പന്‍ചേട്ടന്‍ കഥകള്‍ പറഞ്ഞു വഴിതെളിച്ചു മുന്നേഉള്ളത് നന്നായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളച്ചാട്ടത്തില്‍ ഒരു കുട്ടികൊമ്പന്‍ പെട്ട് താഴെവന്ന കഥ രാജപ്പന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടികേട്ടു .പറമ്പുകള്‍ക്ക് അതിര്തീര്‍ക്കുന്ന കയ്യാലകള്‍ കടന്നാല്‍ പിന്നെ വനമാണ്.നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെരുവപുല്ലുകള്‍.അതിനപ്പുറം നിത്യഹരിത വനങ്ങള്‍...വീണ്ടും പുല്‍മേടുകള്‍ പിന്നെ ആകാശം..നേരെ മുകളിലേക്ക് നോക്കിയാല്‍ ഇങ്ങനെയാണ് കാണാന്‍ കഴിയുക.ഇടയ്ക്കിടെ വലിയ കൊക്കകളും.നല്ല തണുപ്പുന്ടെന്കിലും വിയര്‍ത്തോലിക്കുന്നതിനാല്‍ കാറ്റടിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.പുല്‍മേടുകളില്‍ പലയിടത്തും അനപിണ്ടം കിടപ്പുണ്ട്.ആനകൂട്ടം ഇടയ്ക്കിടെ കൃഷി നശിപ്പിക്കുന്നത് പതിവാണ്.മ്ലാവ്,കേഴ,കാട്ടുപന്നി,ഉടുമ്പ്,കൂരന്‍,പെരുമ്പാമ്പ് തുടങ്ങിയുള്ള ജീവികള്‍ ഇവിടെ ധാരാളം കണ്ടുവരുന്നു.വഴിക്ക് ഒരു മ്ലാവിനെ കാണാന്‍ പറ്റിയിരുന്നു.വേട്ടക്കാരുടെ സുരക്ഷിത താവളമാണ് ഈ പ്രദേശങ്ങള്‍ എന്നതൊരു ദുഃഖസത്യമാണ്.ഇവിടെ എന്ത് സംഭവിച്ചാലും പുറംലോകം അറിയില്ല.അധികമാരും മലകയറി വരാനുമില്ല.
Paalkulamedu waterfalls, Idukki, Kerala

പാല്‍ക്കുളമേടിനു മുകളില്‍ നേവിയുടെ പരിശീലനക്യാമ്പ് ഉള്ളതായി കേട്ടിട്ടുണ്ട്.ചില വര്‍ഷങ്ങളില്‍ നേവിബോയ്സ് ട്രെക്കിന്ഗ് കാമ്പുകള്ക്കുവരാറുള്ളത് നാട്ടുകാര്‍ ആവേശത്തോടെ ഓര്‍ക്കുന്നു.ഒരിക്കല്‍ മുകളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയിട്ടുല്ലതായും കേട്ടിട്ടുന്ടെന്കിലും വിശ്വാസയോഗ്യമായി തോന്നിയിട്ടില്ല.
കയറ്റവും ക്ഷീണവുംമൂലം പലരും നിയാണ്ടര്‍താള്‍ മോഡലില്‍ കയ്യും കാലും ഉപയോഗിച്ച് കുനിഞ്ഞുകുനിഞ്ഞാണ് കയറിവരുന്നത്.മുഖത്തും കയ്യിലും പുല്ലുകൊണ്ട് മുറിഞ്ഞപാടില്‍ വിയര്‍പ്പിന്റെ ഉപ്പു വീഴുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന്റെ സുഖം.താഴ്വാരങ്ങള്‍ മേഘങ്ങല്‍ക്കടിയില്‍ ഒളിച്ചു കളിക്കുന്നു.

കിതപ്പും,ക്ഷീണവും കാരണം ഇടയ്ക്കു ഒരുപാറയില്‍ അല്പം വിശ്രമിക്കാന്‍ കിടന്നപ്പോളാണ് താഴെനിന്നും ഒരുചെറിയ കൂവല്‍..ശബ്ദത്തിനു പിന്നാലെ മലകയറിവരുന്ന ആളെയും കണ്ടു .പതിനഞ്ചു വയസുവരുന്ന പയ്യന്‍,കൈലി മുണ്ടും ഷര്‍ട്ടും.കയ്യില്‍ ഒരു പൊതി,തലയില്‍ ബ്രൈറ്റുലൈറ്റിന്ടെ ഹെഡ് ലൈറ്റ്‌.സംസാരിച്ചപ്പോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത.മലമുകളില്‍ പശുവിനെതേടി വന്നതാണ്‌.ഇവിടെ മലകയട്ടിവിടുന്ന കന്നുകാലികളെ പ്രസവിക്കാറാകുമ്പോള്‍് മാത്രമാണ് വീട്ടില്‍ കൊണ്ടുവരുന്നത്‌.പ്രസവം കഴിഞ്ഞാല്‍ കന്നിനെ കെട്ടിയിടും.കന്നു വലുതാകുന്നത് വരെ പശു മേഞ്ഞിട്ടു എന്നും വൈകിട്ട് തിരിച്ചു വരുമല്ലോ.പുല്ലുചെത്തേണ്ട,പിണ്ണക്കു വേണ്ട,കാടികൊടുക്കേണ്ട...പശുവിനും ഉടമസ്ഥനും ഒരുപോലെ സന്തോഷം.ആകെയുള്ള മിനക്കേട് ഇടക്കുള്ള ഈ അന്വേഷിച്ചുപോക്കാണ് .ചിലപ്പോള്‍ മലയില്‍ അലഞ്ഞുനടന്നു പശുവുമായി തിരിച്ചെത്തുമ്പോള്‍ ഇരുട്ടുവീഴാം.അതിനാണ് ടോര്‍ച്ചും പഥേയവും.പുല്മേടുകള്ക്കപ്പുറം ചോലവനങ്ങളിലേക്ക് അവന്റെ നിഴല്‍ നീണ്ടു.
Paalkulamedu waterfalls, Idukki, Kerala

മലയുടെ മടക്കുകളില്‍ നിറയെ ചോലവനങ്ങളാണ്,ചുറ്റും പുല്‍മേടുകളും.മറ്റു പലയിടങ്ങളിലും കാണാന്‍കഴിയാത്ത,പേരറിയാത്ത പലസസ്യജലങ്ങളും ചോലകളില്‍ കാണാന്‍കഴിയും.പുലിമരങ്ങള്‍ നിറഞ്ഞ ചോലയുടെ ഉള്ളില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ മത്തിപുളി ,ഇടമ്പിരി വലമ്പിരി,അണലിവേഗം തുടങ്ങിയവ കണ്ടെങ്കിലും ആനചോറിയണങ്ങള്‍ അകത്തേക്കുള്ള വഴിമുടക്കി.
മുകളിലെത്തിയപ്പോളുള്ള കാഴ്ച വര്‍ണനതീതമാണ്.ഇടുക്കിയുടെ ആകാശ ദര്ശനം.കണ്ണെത്തുന്നിടതെല്ലം പരിചയമുള്ളതും അല്ലാത്തതുമായ നിരവധി മലകള്‍,മഞ്ഞിന്റെ മൂടല്‍മാറുമ്പോള്‍ കുറവന്‍,കുറത്തി മലകള്‍,കല്യാണതണ്ട് മലനിരകള്‍,അവയെ ചുറ്റിപിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ ദ്രിശ്യങ്ങള്‍ വാന്ഗൊഗിന്റ്റെ ക്യാന്‍വാസിലെ പോലെ തെളിഞ്ഞു വരുന്നു.നിമിഷനേരം കൊണ്ട് ക്ഷീണംപമ്പകടക്കും.ഒരുഭാഗത്ത്‌ നോക്കിയാല്‍ മേഘങ്ങള്‍ക്ക് മേലെ തലയുയര്‍ത്തി പിടിച്ചിരിക്കുന്ന ആനമുടി കാണാം.
Paalkulamedu waterfalls, Idukki, Kerala

വെള്ളം മുഴുവന്‍ തടുത്തു സൂക്ഷിക്കുന്ന ഈ ചോലയുടെ ഉദരത്തില്‍ നിന്നുംവരുന്ന അരുവികള്‍ ഒന്നുചേര്‍ന്ന് തീര്‍ത്തും ചെറുതെങ്കിലും വളരെ സുന്ദരമായ ഒരു തടാകം. അതില്‍നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ്‌ പാറകെട്ടുകള്‍്ക്കു വെള്ളികൊലുസുചാര്‍ത്തുന്നത് .വെള്ളത്തിന്‌ നല്ല തണുപ്പുണ്ട്.മുഖംകഴുകി പാറപ്പുറത്ത് കിടന്നു.കളകളുടെയും പുല്ലുകളുടെയും ഇടയിലൂടെ അരുവി ഒഴുകുംപോഴുള്ള "കളകള" സംഗീതംകേട്ട്,ആഴികൂട്ടി അന്നവിടെ തങ്ങണമെന്നുണ്ടയിരുന്നെങ്കിലും അത് മറ്റൊരിക്കലേക്ക് മാറ്റി.വീണ്ടും വരാന്‍ എന്തെങ്കിലും വേണമല്ലോ.

വീട്ടില്‍ എത്തി അത്താഴം കഴിഞ്ഞു മുറ്റത്തിറങ്ങി പാല്ക്കുളമെട്ടിലേക്ക് കണ്ണെത്തിച്ചു നോക്കി.......ഒറ്റക്ക് ഒരു ടോര്‍ച്ച് വെളിച്ചം അവിടെ അലയുന്നുണ്ടോ ...?

ദൂരം : ഇടുക്കി ജില്ല ആസ്ഥാനത്ത് നിന്നും 17 കിലോമീറ്റര്‍
ഉയരം : 2500 അടിക്കു മുകളില്‍ .
യാത്ര : ജീപ്പ് അനുയോജ്യം ,4 കിലോമീറ്റര്‍ മലകയറ്റം
അനുയോജ്യ സമയങ്ങള്‍ : -ഓഗസ്റ്റ്‌ -സെപ്റ്റംബര്‍
കാഴ്ച : പല്ക്കുലമേട്‌ മലകള്‍ ,വെള്ളച്ചാട്ടങ്ങള്‍,ഇടുക്കി സാന്ചാരി
തങ്ങാനൊരിടം : ഗവ.ഗസ്റ്റ് ഹൌസ് ചെറുതോണി(91-4865-2233086),ഹോട്ടല്‍ സ്റ്റോണേജ് ചെറുതോണി
Palkkulamdeu photos കടപ്പാട് ജോമോന്‍ ഐറിസ്. ഐറിസ് സ്റ്റുഡിയോ പൈനാവ്
കടപ്പാട് : യാത്രകള്‍