Thursday, January 31, 2013

മൂഴിയാറിന്റെ വിസ്മയക്കാഴ്ച്ചകളിലൂടെ

Moozhiyar, Idukki, Keralaകാടിന്റെ കഥകളും വനയാത്രാ വിവരണങ്ങളും വായിക്കുമ്പോള്‍ പോലും കാടിന്റെ സുഖം ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞവരുടെ മനസ്സുകളില്‍ ഒരുതരം അസൂയ നിറയും. മാര്‍ഗ്ഗം ലക്ഷ്യത്തേക്കാള്‍ മനോഹരമാകുന്ന ആരണ്യപര്‍വ്വങ്ങളുടെ ഓരോ നിമിഷത്തിലും യാത്രിന്‍ അനുഭവിക്കുന്ന അനിര്‍വ്വചനീയമായ അനുഭൂതിയോടു തോന്നുന്ന തീവ്രമായ അസൂയ. വീണ്ടും കാട്ടിലേക്കു പോകാനും അതിന്റെ ശാന്തവിഹ്വലതകള്‍ നല്‍കുന്ന സുഖാനുഭവം നുകരാനുമുള്ള തത്രപ്പാട്.

നിബിഡവനഭംഗിയും അരുവികളും കുളിരും കളികളര്‍മൊക്കെ കാനനയാത്രകളിലേക്ക് സഞ്ചാരിയെ വീണ്ടും ക്ഷണിക്കുന്ന ഘടകങ്ങളാണെങ്കിലും കേരളത്തിലെ വനങ്ങളിലൂടെയുള്ള യാത്രകളില്‍ ആനക്കാഴ്ച്ചകള്‍ തന്നെയാണ് എന്നും താരം. ആനക്കൂട്ടങ്ങളെ കാണാനുള്ള അദമ്യമായ ആഗ്രഹവും അതോടൊപ്പം തന്നെ കാനനപാതയിലെ അടുത്ത വളവിനപ്പുറം ചെന്നു പെടുന്നത് അവയുടെ മുന്നിലേക്കാവുമെന്ന ഭയവും ചേര്‍ന്ന വിവരിക്കാനാവാത്ത ആ മാനസിരകാവസ്ഥ ഈ യാത്രകള്‍ക്ക് മാത്രം സ്വന്തം. യാത്ര കഴിഞ്ഞാലും അതിന്റെ അനുഭൂതി കാലങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ഭയവും ആകാംക്ഷയും ആവേശവും കലര്‍ന്ന ഈ അനുഭവം കൊണ്ടു മാത്രമാണ്. പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്തുള്ള മൂഴിയാറിലേക്കുള്ള ഈ കാനന യാത്രയുടെയും പ്രധാന ത്രില്‍ അതുതന്നെയായിരുന്നു.

സീതത്തോട്, ളാഹ, പെരിനാട്, വടശ്ശേരിക്കര, പ്ലാപ്പള്ളി, ആങ്ങാമുഴി വഴിയായിരുന്നു യാത്ര. മകരവിളക്കിനോടടുത്ത ദിവസമായിരുന്നതിനാല്‍ നിരവധി ശബരിമല വാഹനങ്ങള്‍ക്കൊപ്പമാണ് വഴിയിലെ പല ചെറുപട്ടണങ്ങളും താണ്ടാനായത്. അതു കൊണ്ടുതന്നെ ആങ്ങാമുഴി ഫോറസ്റ്റ് ചെക്‌പോസ്റ്റ് എത്തുമ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റര്‍ വനത്തിനുള്ളിലേക്ക് മാറിയാണ് മൂഴിയാര്‍ പവര്‍‌സ്റ്റേഷന്‍. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ മറ്റൊരു വഴിയിലൂടെ യാത്ര തുടരുകയാണ് ലക്ഷ്യം.

ആങ്ങാമുഴി താണ്ടുന്നതോടെ ജനപഥങ്ങള്‍ അവസാനിക്കുകയും മൃഗപഥങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. അവിടെ ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി വാങ്ങി വേണം യാത്ര തുടരാന്‍. പേടിപ്പെടുത്തുന്ന വനമാണെങ്കിലും മൂഴിയാര്‍ പവര്‍ഹൗസിലേക്കുള്ള മാര്‍ഗ്ഗമായതിനാല്‍ ടാറിട്ട ആ റോഡിലെവിടെയെങ്കിലും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജീപ്പോ പോലീസ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ സഞ്ചരിക്കുന്ന ടൂവീലറുകളോ അതുമല്ലെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് ഉച്ചയക്ക് പുറപ്പെട്ട് രാത്രി മൂഴിയാറിലെത്തുകയും രാവിലെ ആറുമണിക്ക് മടങ്ങുകയും ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ്സോ പോലുള്ള ഒറ്റപ്പെട്ട വാഹനങ്ങള്‍ കണ്ടെന്നും വരാം.

ഗസ്റ്റ് ഹൗസിന് നാലുകിലോമീറ്റര്‍ മുന്നിലായി പോലീസ് ചെക്‌പോസ്റ്റുണ്ട്. അവിടെയും യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണം. ആരാണീ രാത്രയില്‍ എന്ന സംശയത്തോടെയാണ് ഡ്യൂട്ടി പോലീസുകാര്‍ വാഹനത്തിനടുത്തേക്ക് വന്നതെങ്കിലും അവരുടെ അതീവ സൗഹാര്‍ദപരമായ പെരുമാറ്റം ഭീതിയേകുന്ന ആ വനയാത്രയില്‍ ആശ്വാസമായി. അങ്ങകലെ കണ്ട ലൈറ്റുകള്‍ മൂഴിയാര്‍ പവര്‍ഹൗസിലേതാണെന്ന് അവര്‍ പറഞ്ഞു തന്നു.

ഗസ്റ്റ്ഹൗസിലെത്തുമ്പോഴേക്കും നേരത്തെ പറഞ്ഞതനുസരിച്ച് ചപ്പാത്തിയും ചിക്കന്‍കറിയുമുള്‍പ്പടെ അത്താഴം റെഡി. വനമധ്യത്തില്‍ പ്രതീക്ഷിക്കാവുന്നതില്‍ വെച്ച് ഭേദപ്പെട്ട സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 375 രൂപയാണ് ഒരാള്‍ക്ക് ഒരു ദിവസത്തേക്കുള്ള മുറിവാടക. വൈദ്യുതിഭവനുമായി ബന്ധപ്പെട്ട് നേരത്തേ ബുക്ക് ചെയ്യണം. വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക അവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്താത്ത ദിവസമാണ് മുറി മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളത്. നേരത്തെ പറഞ്ഞുവെച്ചാല്‍ എന്തു വിഭവവും തയ്യാറാക്കി നല്‍കും.

ഭക്ഷണത്തിന് പ്രത്യേകം തുക അടയ്ക്കണമെന്ന് മാത്രം. എല്ലാം രജിസ്റ്റ്‌റില്‍ രേഖപ്പെടുത്തി സര്‍ക്കാര്‍ വക രസീതും നല്‍കും. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിയും സ്വാദിഷ്ട ഭക്ഷണവും കഴിഞ്ഞ് വനത്തിനുള്ളിലെ മകരമാസക്കുളിരില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള മധുരസ്വപ്‌നങ്ങളായിരുന്നു മനസ്സു നിറയെ.

രണ്ടാം ദിവസം


ആറുമണിക്കുണര്‍ന്ന് നടക്കാനിറങ്ങുമ്പോള്‍ വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു. കാട്ടുവഴികളിലൂടെയുള്ള അലസഗമന എന്നും ഒരാവേശം തന്നെയാണ്. കണ്ണാന്തളിവേരിന്റെ കുളിര്‍മ്മയും കാട്ടുകുറിഞ്ഞിപ്പൂവിന്റെ സൗന്ദര്യവും പോലെ കാവിവാക്യങ്ങളില്‍ മാത്രം കേട്ടിരുന്ന പലതും കണ്ടതും അറിഞ്ഞതും ഇത്തരം പ്രഭാതയാത്രകളിലാണ്. വിളിപ്പാടകലെ കാട്ടാനയെക്കണ്ട് ഓടിയകന്നതും വേദനപ്പിക്കാതെ കടിച്ചു തൂങ്ങി രക്ത കുടിച്ചു വീര്‍ത്തുവരുന്ന അട്ടയുടെ പിടിവിടുവിക്കാനാവാതെ കാത്തിരുന്നതുമെല്ലാം മുന്‍കാല യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍. കാല്‍ച്ചുവട്ടിലൂടെ ഇഴഞ്ഞു നീങ്ങുന്ന മേഘപാളികളും പച്ചമേലാപ്പിനിടയിലൂടെ അരിച്ചെത്തുന്ന തണുപ്പ് മാറാത്ത തിളങ്ങുന്ന വെയിലും ചേര്‍ന്നൊരുക്കിയ ചിത്രഭംഗി മൂഴിയാര്‍ വനത്തിലെ ഈ പ്രഭാതയാത്രയ്ക്കു മാറ്റുകൂട്ടി.

വഴിയില്‍ കണ്ട കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളും അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന ട്രാന്‍സ്മിഷന്‍ ടവറുകളും വനഭംഗിക്ക് കളങ്കമാണെങ്കിലും ദശകങ്ങള്‍ക്ക് മുന്‍പ് ചെങ്കുത്തായ ഈ മലഞ്ചെരുവുകളില്‍ അവ സ്ഥാപിച്ച മനുഷ്യന്റെ അധ്വാനത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ നമിക്കാതിരിക്കാനാവില്ല. അഞ്ച് മിനിട്ട് കറണ്ടു പോയാല്‍ രോഷം കൊള്ളുന്ന നമ്മള്‍, വൈദ്യുതി ഉത്പാദിപ്പിച്ച് നമ്മുടെ വീടുകളിലെത്തിക്കുന്നതിന് പിന്നിലെ സങ്കീര്‍ണമായ പ്രക്രിയയെക്കുറിച്ചോ അതിനു വേണ്ടി ഈ വനാന്തര്‍ഭാഗത്തെ പവര്‍ഹൗസുകളിലുള്‍പ്പടെ ജോലി ചെയ്യുന്ന മനുഷ്യരുടെ അധ്വാനത്തെക്കുറിച്ചോ ഒരിക്കലും ചിന്തിക്കാറേയില്ലെന്നതല്ലേ വാസ്തവം.

ട്രെക്കിങ് കഴിഞ്ഞ് എട്ടുമണിയോടെ ഗസ്റ്റ്ഹൗസില്‍ തിരിച്ചെത്തുമ്പോഴേക്കും ഗവിവഴി പോകുന്ന രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് എത്തിയിരുന്നു. ബസ് പുറപ്പെടുന്ന സ്ഥലത്ത് ചെറിയൊരു പലചരക്ക് കടയും ചായക്കടയും കംഫര്‍ട്ട് സ്‌റ്റേഷനുമുണ്ട്. മൂഴിയാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ അത്ര തന്നെ. ഏതാണ്ട് ഒരുകിലോമീറ്റര്‍ മാറി താഴ്‌വരയിലായി മൂഴിയാര്‍ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസസിന് സമീപം ബോര്‍ഡിന്റെ നിരവധി ക്വാര്‍ട്ടേഴ്‌സുകളുണ്ടെങ്കിലും ഏതാനും ചിലതില്‍ മാത്രമേ ആള്‍താമസമുള്ളുവെന്ന് തോന്നി. ബാക്കിയെല്ലാം ചുറ്റിലും കാടുംപടലും പിടിച്ച് ഉപയോഗിശൂന്യമായി കിടക്കുന്നു.

അവിടെയാകെ ചുറ്റിനടക്കുന്ന ഒറ്റയാനായ കാട്ടുപന്നിക്ക് മണികണ്ഠനെന്നാണ് അവിടെയുള്ള ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പേര്. വര്‍ഷങ്ങളായി ഇവിടെയാണവന്റെ താമസം. ഉള്‍ക്കാട്ടിലേക്ക് കടത്താന്‍ വനംവകുപ്പുദ്യോഗസ്ഥര്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലത്രെ. ആര്‍ക്കും ശല്യമില്ലാതെ അന്തര്‍മുഖനായി അവനിവിടെ മനുഷ്യരോടൊപ്പെ സഹവസിക്കുന്നു.

Moozhiyar, Idukki, Kerala എട്ടരയോടെ കുളിയും ഭക്ഷണവും കഴിഞ്ഞ് ഗസ്റ്റ്ഹൗസ് ജീവനക്കാരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കുനുള്ള നിര്‍ദ്ദേശങ്ങളൊക്കെ അവര്‍ തന്നു. വഴിയിലെ കാഴ്ച്ചകളൊന്നും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന മനസ്സും കാണ്ണും കാതും വാഹനത്തിന്റെ ഗ്ലാസ്സുകളെ പോലെ തന്നെ പൂര്‍ണമായും തുറന്നുവെച്ച് ഇടതൂര്‍ന്ന പച്ചപ്പുകളിലൂടെയും പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളുടെയും താഴ്‌വരകളുടെയും നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുപാതയിലൂടെ മുന്നിലേയ്ക്കു പോകുമ്പോള്‍ പലയിടത്തും ആനകള്‍ കടന്നു പോയതിന്റെ അടയാളങ്ങള്‍.

മരക്കൊമ്പുകള്‍ നിസ്സാരമായി ഒടിച്ചു മുന്നേറുന്ന ഇവര്‍ തന്നെയല്ലേ നാട്ടില്‍ മനുഷ്യന്‍ കയ്യിലേന്തുന്ന ഒരു ചെറുവടിയുടെ താളത്തിനൊപ്പം ഇടത്താനെ വലത്താനെ തുടങ്ങിയ ആജ്ഞകള്‍ ശിരസാവഹിച്ച് സഞ്ചരിക്കുന്നതും. നാട്ടാനകളുടെ ഈ വിധേയത്വം കണ്ട് ആരോ നടത്തിയ മണ്ടന്‍ കണ്ടു പിടുത്തമാവാണം ആനയ്ക്ക് ആനയുടെ കരുത്തറിയില്ല എന്നത്. കാട്ടാനകള്‍ അവയുടെ ശക്തിയെപ്പറ്റി തികച്ചും ബോധവാന്‍മാരാണ്. അതു പോലെ തന്നെ ആനകളെ ഒരിക്കലെങ്കിലും അവയുടെ സ്വന്തം തട്ടകങ്ങളില്‍ നേരിട്ട് കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ള വനയാത്രികര്‍ക്കും ആനയുടെ കരുത്തിനെപ്പറ്റി ഒരു സംശയവുമുണ്ടാവാന്‍ വഴിയില്ല.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു ഡാമുകളാണ് ഈ വനഭൂമിയിലുള്ളത്. ഇതില്‍പ്പെട്ട കക്കി, ആനക്കയം ഡാമുകളിലൂടെയാണ് യാത്ര. ഡാമിനു മുകളില്‍ നിന്നുള്ള വനത്തിന്റെയും ജലസംഭരണിയുടെയും കാഴ്ച്ച അതിമനോഹരമാണ്. ഡാം നിര്‍മ്മാണത്തിനായി പാറപ്പൊട്ടിച്ച വനത്തിനുള്ളിലെ പാറമടയുടെ അവശിഷ്ടങ്ങള്‍ ഏതോ പുരാതനമായ കോട്ട പോലെ വന്യമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് . ഡാം നിര്‍മ്മാണ വേളയില്‍ റോപ് വേയ്ക്കു വേണ്ടിയും സിമന്റ് പാകപ്പെടുത്താനും നിര്‍മ്മിച്ച കൂറ്റന്‍ തൂണുകളും കെട്ടിടങ്ങളും ഡാമിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നു നിലനില്‍ക്കുന്നു. മുന്നൂറടിയാണ് ഡാമിലെ ജലനിരപ്പെന്നും അതിനും താഴെയായി പവര്‍ ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നുണ്ടെന്നും ഡാമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി.

ഡാമുകളിലെ പോലീസ് ചെക്‌പോസ്റ്റിനു പുറമേ പച്ചക്കാനം, വള്ളക്കടവ് തുടങ്ങിയ ഫോറസ്റ്റ് ചെക്‌പോസ്റ്റുകളിലും വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ നല്‍കിവേണം യാത്ര തുടരാന്‍. ഗവി ലക്ഷ്യമാക്കിയുള്ള ആ യാത്രയ്ക്കിടെ വ്യൂ പോയിന്റില്‍ നിന്നുള്ള മൊട്ടക്കുന്നുകളുടെ അനന്തദൃശ്യങ്ങള്‍ വിവരണാതീതമാണ്. ഗവിയിലേക്ക് വന്ന ചെറുപ്പക്കാരുടെ സംഘങ്ങളില്‍ ചിലത് പച്ച പുതച്ച മലമടക്കുകളുടെ ഈ സുന്ദരഭൂമിയിലേക്കും എത്തിയിരിക്കുന്നു. വനഭൂമിയെന്നതിനപ്പുറം ഇന്നിവിടം ടൂറിസ്റ്റുകളെത്തുന്ന ഒരു സെന്ററായി മാറി കൊണ്ടിരിക്കുന്നു. കൂട്ടമായെത്തുന് വിലകൂടിയ ബൈക്കുകളും പുത്തന്‍തലമുറ യൂട്ടിലിറ്റി വാനുകളും.

പിന്നെയും ഏതാനും കിലോമീറ്ററുകള്‍ മുന്നിലേക്ക് പോരുമ്പോല്‍ ഗവി തടാകവും അരികിലായി സൗകര്യമായ ഫോറസ്റ്റ് മാന്‍ഷനും കാണാം. പാക്കേജ് ടൂറുകളിലെത്തിയ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും അവരുടെ വാഹനങ്ങളും നിറഞ്ഞ ഫോറസ്റ്റ് മാന്‍ഷന് മുന്നിലൂടെ യാത്ര തുടര്‍ന്നു. നീല്‍ഗിരി താര്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യമാണ് സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഗവിയുടെ ചുറ്റിനുമുള്ള വനഭൂമിയിലെ പ്രധാന ആകര്‍ഷണം.

ഗവിയിലേക്കടുക്കുമ്പോള്‍ തന്നെ കാനനപാതയുടെ ഇരുവശവും ശ്രീലങ്കയില്‍ നിന്നും കുടിയേറിപാര്‍ത്ത ജനങ്ങളുടെ കോളനി കാണാം. ഇവിടുത്തെ ഏലത്തോട്ടത്തിലും ഏലം ഫാക്ടറികളിലും തൊഴിലാളികളായി മൂന്ന് പതിറ്റാണ്ട് മുന്‍പ് എത്തിയവരാണവര്‍. ഇന്ന് ഗവി അവരുടെ സ്വന്തം നാടാണ്. തമിഴിലും സ്​പഷ്ടമായ മലയാളത്തിലും അവര്‍ സംസാരിക്കുന്നു. ഗവി പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള ലോകനാഥന്റെ കട ഒരു കൊച്ച് സൂപ്പര്‍മാര്‍ക്കറ്റ് തന്നെയാണ്. ലോകനാഥന്‍ ഇവിടേക്കെത്തിയത് മറ്റുള്ളവര്‍ക്കൊപ്പം ജാഫ്‌നയില്‍ നിന്നാണെങ്കിലും അയാളുടെ അച്ഛന്റെ സ്വദേശം മധുരയാണത്രേ. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ ലോകനാഥന്‍ കടയ്ക്കു പിന്നിലെ വീടിനുള്ളിലേക്ക് വിളിച്ച് ചായ ഓര്‍ഡര്‍ ചെയ്തു. ഫോറസ്റ്റ് മാന്‍ഷനിലേക്കും വ്യൂ പോയിന്റിലേക്കും പോകുന്ന വാഹനങ്ങളില്‍ പലതും ചായയ്ക്കായി അവിടെ നിര്‍ത്തുന്നു.

വഴിയിലെ മറ്റൊരു പ്രധാന പോയിന്റാണ് പാണ്ടിത്താവളം. പമ്പയില്‍ പോകാതെ നേരെ ശബരിമലയ്ക്ക് നടന്നെത്താവുന്ന മാര്‍ഗ്ഗമാണിത്. വണ്ടിപ്പെരിയാറില്‍ നിന്ന് ജീപ്പുകളില്‍ ഇവിടെയെത്തുന്ന ഭക്തന്‍മാര്‍ ഉപ്പുപാറവഴി കാല്‍നടയായി സന്നിധാനത്തേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാരാണ് ഈ വഴി തിരഞ്ഞടുക്കുന്നവരില്‍ അധികവും.

വനത്തോട് യാത്ര പറഞ്ഞ് വണ്ടിപ്പെരിയാറിലെത്തുമ്പോഴേക്കും നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. പീരുമേട്, കുട്ടിക്കാനം വഴി അടുത്തിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ വാഗമണിലെ സുന്ദരമായ മൊട്ടക്കുന്നുകളും പൈന്‍മരക്കാടും പാരഗ്ലൈഡിങ് ഉള്‍പ്പടെയുള്ള സാഹസികതകളും കുരിശുമല ആശ്രമവും ഡയറിഫാമും ഒരു നോക്ക് കണ്ട് കുരിശുപള്ളിക്ക് താഴെയെത്തുമ്പോഴേക്കും വൈകുന്നേരത്തെ പുകമഞ്ഞ് മൂടിത്തുടങ്ങിയിരുന്നു. ഏറെക്കാഴ്ച്ചകള്‍ കണ്ട് അതിലുമേറെ കാണാന്‍ ബാക്കിവെച്ച് ഒരു മടക്കയാത്ര.

Text: Asha Vidhu 

Monday, January 21, 2013

ഒരു കുടിയന്റെ ജീവിതം


ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം: ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. രണ്ടാം ഭാഗം

ആദ്യ ഭാഗം: അങ്ങനെ, ഞാനൊരു കുടിയനായി…

Kutiyante Kumbasaaram, Punarjani, Thrissur


അന്ന്, കോട്ടയ്ക്കലില്‍ നിന്ന് തൃശൂര്‍ക്ക് ബസ്സ് കയറുമ്പോള്‍ വിരലുകള്‍ക്ക് പതിവിലും കൂടുതല്‍ വിറയലുണ്ടായിരുന്നു. ഏറ്റവും പിന്നിലെ സീറ്റിലിരുന്നതിനാല്‍ വാതില്‍പ്പഴുതിലൂടെ ബസിനുള്ളിലേക്ക് കയറുന്ന കൊച്ചുവെളുപ്പാന്‍കാലത്തെ കോച്ചുന്ന തണുപ്പുകാറ്റുമേറ്റ് വിരലുകള്‍ മാത്രമല്ല ശരീരമാസകലം വിറയ്ക്കാന്‍ തുടങ്ങി. തണുത്തു മരവിച്ച സീറ്റില്‍, കമ്പികളിലമര്‍ത്തി പിടിച്ച്, വിറയൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ, വളാഞ്ചേരിയിലെത്തിയാല്‍ ഇറങ്ങണമെന്ന തീരുമാനമെടുത്തു. ചായ കുടിക്കാന്‍ അവിടെ നിര്‍ത്തുന്നുണ്ടെങ്കില്‍ ഭാഗ്യം. അല്ലെങ്കിലുമിറങ്ങണം. അല്ലാതെ പറ്റില്ല. ഒടുക്കത്തെ ഈ വിറ. എവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല. തലച്ചോറുപോലും മരവിക്കുന്നു. തൃശൂര് വരെയെടുത്ത ടിക്കറ്റിന്റെ ശേഷിച്ച പണം പോകുമെന്നല്ലേ! അതു സാരമില്ല. കയ്യും കാലും ശരീരം മുഴുവനും വിറക്കുന്ന ഈ അവസ്ഥയില്‍ പോയാല്‍, തൃശൂരെത്തും മുമ്പ് ഞാന്‍ മരിക്കുമെന്നെനിക്കുറപ്പുണ്ടായിരുന്നു. അല്ലെങ്കിലെന്റെ ബോധം നഷ്ടമാകും!
ഈയിടെയായി, പുലര്‍ച്ചയ്ക്ക് കൈവിറ മാറ്റാനായി, രാത്രിയില്‍ കുപ്പിയലവശേഷിപ്പിക്കാറുള്ളതുപോലും, ഉണരും മുമ്പ് കുടിച്ചുപോകുന്നു. സിരകളിലൂടെ തണുപ്പ് ശിരസ്സിലേക്ക് വ്യാപിക്കുന്നു. കൈകാലുകള്‍ തളരുന്നു. ശരീരം മരവിച്ച് ബോധം കൈവിടുന്നു. കമ്പികളിലെ പിടുത്തമയഞ്ഞ്, സീറ്റില്‍ നിന്ന് നിലത്തേക്ക് ഞാന്‍ കെട്ടിമറിഞ്ഞു വീഴുകയാണോ? പോക്കറ്റിലവശേഷിക്കുന്നത് നൂറില്‍ത്താഴെ രൂപയും എന്റെ ഐഡന്റിറ്റി കാര്‍ഡുമാണെന്ന ഓര്‍മ്മ മാത്രമവശേഷിച്ചു.
എന്റെ ശവശരീരം തിരിച്ചറിയപ്പെടാതെ വരില്ല. യാക്കോബായ പള്ളിയിലതടക്കം ചെയ്യും. ഒരച്ചന്‍, ചെറിയൊരാള്‍ക്കൂട്ടം, ഓര്‍മ്മദിവസം! എന്റെ കഥ കഴിഞ്ഞു… പക്ഷേ, മോനും രാജിയ്ക്കും ഞാനില്ലാതാകും. ചരിത്രത്തില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നുപോലും ഞാന്‍ നിഷ്കാസിതനാകും. എന്നെന്നേയ്ക്കും… ദൈവമേ!
എ. ടി. കോവൂരും മരിക്കുന്നതിന് മുമ്പ് ദൈവമേ’യെന്നു വിളിച്ചെന്ന് അമ്മ വിശ്വസിച്ചിരുന്നു. ഏതോ ഉപദേശി പ്രസംഗിച്ചതു കേട്ടതാകും. ഗാന്ധിജി വെടി കൊണ്ടു പിടഞ്ഞ നേരത്തു പോലും റം, റം എന്നാവശ്യപ്പെട്ടേന്ന് ഇന്ത്യന്‍ ജോയി പറഞ്ഞത്, ജോയിക്കുട്ടന്‍ മാത്രം വിശ്വസിച്ചു. മറ്റുള്ളവരതുകേട്ടു ചിരിച്ചു.
ഞാനൊന്നു പിടഞ്ഞു. ശരീരവും മനസും വേര്‍പ്പെട്ടൊടുങ്ങും മുമ്പ് അവസാനത്തെ പിടച്ചില്‍….. ശേഷം?

മരണത്തില്‍നിന്ന് തിരിച്ചുനടത്തം
ശേഷക്രിയക്ക് കിടത്തിയവന്‍ കണ്ണുതുറക്കുന്നതു പോലെ, വിടര്‍ന്ന കണ്ണുകള്‍ക്ക് മുന്നില്‍ ഒരപരിചിത മുഖം. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നും വളാഞ്ചേരിയില്‍, ആശുപത്രിക്കിടക്കയിലാണെന്നും തിരിച്ചറിയാന്‍ ഏറെ സമയമെടുത്തു. ബസ്സുകാര്‍ എന്നെയവിടെയെത്തിച്ച്, ഡോക്ടര്‍ വരും മുമ്പ് കടന്നുകളഞ്ഞു. അബോധാവസ്ഥയില്‍ ഞാന്‍ പുലമ്പിയവയില്‍ നിന്നും, വളാഞ്ചേരിക്കാരന്‍ ബാലകൃഷ്ണന്‍ നായരുടെ മകള്‍ പ്രസന്നയെന്റെ സുഹൃത്താണ് എന്നവര്‍ക്കു മനസ്സിലായി. ഡോക്ടര്‍ അവരുടെ കുടുംബസുഹൃത്തായിരുന്നിരിക്കണം. ഡോക്ടറവളെ വിളിച്ചു. സ്കൂട്ടറില്‍ വിവരമന്വേഷിക്കാന്‍, പ്രസന്ന അവളുടെ ഭര്‍ത്താവിനെ വിട്ടു. ഡോക്ടറെക്കണ്ട് അയാള്‍ കാര്യം തിരക്കി. പ്രസന്നമല്ലാത്ത മുഖവുമായി, എന്നെക്കാണാന്‍ വന്നു. കിടക്കയ്ക്കരുകില്‍ നിന്നു ചോദിച്ചു.
‘നിങ്ങളാരാ?’^ എനിക്കയാളെയറിയില്ല. പ്രസന്നയുടെ കല്യാണത്തിന് പോകാനെനിക്കായില്ല. ഞങ്ങള്‍ പരിചയപ്പെട്ടു. എന്റെയവസ്ഥ അയാള്‍ക്ക് ബോദ്ധ്യപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. ആശുപത്രിയിലെത്തിക്കാന്‍ തോന്നിയ സുമനസുകള്‍ക്ക് നന്ദി! എന്നിട്ടുമെന്റെ കിടപ്പിലുള്ള ആശങ്കയേക്കാള്‍ മറ്റെന്തോ വ്യാകുലതകള്‍, അയാള്‍ക്കുള്ളതായി തോന്നി. അവളും ഞാനുമായുള്ള ബന്ധത്തെ കുറിച്ചയാള്‍ വിശദമായി ചോദിച്ചറിഞ്ഞു! ഇത്രയും കാലമൊരുമിച്ചു കഴിഞ്ഞിട്ടും അവളെന്നെക്കുറിച്ചയാളോടു പറഞ്ഞിട്ടില്ല! സ്ത്രീകള്‍ സ്വാര്‍ത്ഥമതികളാണ്. സുരക്ഷയാണവര്‍ക്കു പ്രധാനം! അന്നെനിക്കതിന്റെ പൊരുളറിയുമായിരുന്നില്ല!
അവളെന്റെ ആത്മമിത്രമായിരുന്നു. മദ്യപാനത്തിന്റെ ദിനങ്ങളിലെന്നോ, അവളുടെ വിവാഹം ഞാനറിഞ്ഞിരുന്നെങ്കിലും പങ്കെടുക്കാനാകാതെ പോയതില്‍ എനിക്ക് ഖേദമുണ്ട്. എന്റെ വിവാഹത്തിന് അച്ഛനേയും കൂട്ടി വാശിപിടിച്ച് കോട്ടയം വരെ വന്നിട്ടും, അവള്‍ക്കതില്‍ പങ്കെടുക്കാനായില്ല. ജീപ്പ്, അപകടത്തില്‍പെട്ട് മെഡിക്കല്‍ കോളേജില്‍ കിടക്കേണ്ട ഗതികേട് അനുഭവിച്ചവള്‍! എന്നിട്ടും, ആദ്യരാത്രിയായിരുന്നിട്ടും, അവളെ കാണാന്‍ ഞാനാശുപത്രിയില്‍ ചെന്നു. അവളുടെ വിവാഹത്തില്‍ പങ്കെടുക്കാനാവാഞ്ഞതിന്റെ ഖേദമെനിക്കിന്നുമുണ്ട്.
എന്നിട്ടുമൊരപകടത്തില്‍പെട്ട്, പരിചിതമല്ലാത്ത സ്ഥലത്ത്, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട, മറ്റാരുമടുത്തില്ലാത്ത, ഭാര്യയുടെ സഹപാഠിയും സുഹൃത്തുമായ ഒരനാഥ രോഗിയോടയാള്‍ക്ക് വേണ്ടത്ര സഹാനുഭൂതി തോന്നിക്കാത്തതില്‍ എനിക്കമര്‍ഷം തോന്നി. അനുതാപമേതുമില്ലാതെ, സംശയനിവാരണാര്‍ത്ഥം, അയാള്‍ തിരക്കിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഞാന്‍ വീണ്ടും തനിച്ചാക്കപ്പെട്ടു. മദ്യപന്റെ ഏകാന്തത അവന് അസഹ്യമായിത്തീരും, അവനെല്ലാവരാലുമുപേക്ഷിക്കപ്പെടും. പണ്ഡിതനും പാമരനും ധനികനും ദരിദ്രനുമൊരുപോലെയെത്തിചേരുന്ന മറ്റൊരാത്മ വിദ്യാലയമാണ് മദ്യശാല! അവിടെ നിന്നിറങ്ങിയാല്‍ ഓവുചാലിലുറങ്ങാന്‍ അവന്‍ ശപിക്കപ്പെട്ടിരിക്കുന്നു!

ബില്ലടക്കാന്‍ ഒരു മാലാഖ!
തലക്കു മുകളിലെ ഗ്ലൂക്കോസ് കുപ്പി കാലിയായാല്‍ എനിക്ക് പോകാമെന്നൊരു നേഴ്സ് വന്നു പറഞ്ഞു. പക്ഷെ ബില്ലടയ്ക്കാന്‍ പോക്കറ്റിലാകെ നൂറില്‍ത്താഴെ രൂപയുണ്ടാകും. ദൈവം പറഞ്ഞയച്ച മാലാഖ വീണ്ടും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പ്രസന്ന! അവളുടെ മുഖത്ത് ഉല്‍കണ്ഠയല്ല, രോഷം! അവളൊന്നും ഉരിയാടാതെ എന്റെ കണ്ണുകളിലേക്കുനോക്കി കട്ടിലിനരികിലിരുന്നു. അവളുടെകൂടെ ഭര്‍ത്താവില്ലായിരുന്നു.
‘നിന്റെ കെട്ട്യോനൊരു മനുഷ്യപ്പറ്റില്ലല്ലോ?’
‘മനുഷ്യപ്പറ്റ്! എന്നെക്കൊണ്ടൊന്നും പറയിക്കണ്ട, വഴീന്നൊരാളെ ആശുപത്രിയിലാരോ കൊണ്ടിട്ടൂന്നും, പ്രസന്നയുടെ സുഹൃത്താണെന്നും ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍, ചാടി പുറപ്പെട്ടതാ കക്ഷി. പറഞ്ഞിട്ടെന്താ കാര്യം? സ്ഥിരം കുടിയന്മാര്‍ക്ക് ചാരായം കിട്ടാതെ വന്നാലുണ്ടാകുന്ന സൂക്കേടാ ഭാര്യേടെ സുഹൃത്തിനെന്ന് കേട്ടാ, ഏത് ഭര്‍ത്താവിനാ ഇഷ്ടാവ്വാ! അതൊന്നും ഓര്‍മ്മയുണ്ടാവില്ല! അതിന് തലക്കു വെളിവുള്ള നേരമുണ്ടായിട്ടു വേണ്ടേ? എന്റെ കല്യാണം കഴിഞ്ഞ് ഇന്നേക്ക് ഒരാഴ്ചയായില്ല. അറിയ്യോ? കുടിച്ച് വഴീവീണതല്ല, കുടിക്കാന്‍ കിട്ടാത്തോണ്ട് വഴീല്‍ വീഴുന്ന ഒരുസുഹൃത്ത്, ഭാര്യക്കുണ്ടെന്നറിഞ്ഞാല്‍ ജോണ്‍സന് ഇഷ്ടപ്പെട്വോ? ആ പാവം, രാജിയെന്തു പിഴച്ചു? അതെങ്കിലും ഓര്‍ക്കണമായിരുന്നു. ഇനിയെങ്കിലുമൊരു മനുഷ്യനെ പോലെ ജീവിക്ക് ജോണ്‍സാ!’.
200 രൂപ കയ്യില്‍ വച്ചു തന്ന് അവള്‍ തിരിച്ചുനടന്നു. ഒന്നു തിരിഞ്ഞുനോക്കുക കൂടി ചെയ്തില്ല. എന്നെ ഉപേക്ഷിക്കുന്നവരില്‍ ഇപ്പോഴിതാ അവളുടെ ഊഴം. സൌഹൃദങ്ങളുടെ കണ്ണികള്‍ ഓരോന്നായി അറ്റു പോകുന്നതറിയാതെ ഞാനവളോട് പിണങ്ങി.
തിരിച്ച് വീട്ടിലെത്തിയ നിമിഷത്തില്‍, അവളുടെ പേര്‍ക്ക് 200 രൂപ മണിയോര്‍ഡറയച്ചു. ‘നന്ദി! ഇനി ശല്യപ്പെടുത്തില്ല!’ മണിയോര്‍ഡര്‍ ഫോറത്തിനു ചുവട്ടില്‍ അമര്‍ത്തിയെഴുതി. അവളെന്റെ നന്മ മാത്രമാണ് എന്നും കാംക്ഷിച്ചത്. ഞാനന്ന് അതിന്റെ പേരില്‍ കുടിച്ചു. സത്യത്തില്‍ സൌഹൃദങ്ങളുടെ മൂല്യം മറന്നത് ഞാനോ, അവളോ?

Kutiyante Kumbasaaram, Punarjani, Thrissur
ജോണ്‍സണ്‍

 മദ്യപന്റെ നിഴല്‍ യുദ്ധങ്ങള്‍
വീഴ്ചകളില്‍ നിന്ന് പലതവണ കരേറി, തീത്തൈലത്തിന്റെ കരുത്തില്‍ മരണത്തെ നേരിടാന്‍ കഴിയുമെന്നു വിശ്വസിച്ചവന്റെ ജീവിതം അങ്ങനെ കരിന്തിരികത്തി. അത് അണയാറാകുന്നത് എനിക്കറിയാമായിരുന്നു. എന്നിട്ടും ഞാന്‍ നിഴലുകളോട് പൊരുതി.
മദ്യപന്റെ തോല്‍വി സുനിശ്ചിതമാണ്. പക്ഷേ, അതവനോട് പറഞ്ഞുകൊടുത്താല്‍, ഒരിക്കലും അവന്‍ അംഗീകരിക്കില്ല. എന്നെ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവന്‍ ആരടാ? അവന്റെ നിഘണ്ടുവില്‍ അടിയറവില്ല. തോല്‍വികളുടെ ചരിത്രമറിയാത്ത ചാവേര്‍ പടയാളിയാണവന്‍. മദ്യപന്റെ വിധി! മരണം വിധിക്കപ്പെട്ടവന്റെ മാപ്പപേക്ഷ ആരു പരിഗണിക്കും? ദയാഹര്‍ജി പോലും തള്ളും. കാരണം അതു സമര്‍പ്പിച്ചവന്റെ കൈകളള്‍ അശുദ്ധമത്രെ!
അന്ത്യചുംബനത്താല്‍ ഒറ്റുകൊടുത്തവനെ ക്രൂശിക്കാന്‍, ജനമാര്‍ത്തു വിളിക്കും. ജനഹിതം മാനിക്കപ്പെടും. കൈ കഴുകിത്തുടച്ച്, തലതിരിച്ചെന്നെ കടന്നു പോയവരോടെല്ലാം ഞാന്‍ പൊറുക്കാം. ഇല്ല! എങ്ങും ഇരുട്ടുമാത്രം. മിന്നാമിനുങ്ങിന്റെ നനുങ്ങുവെട്ടം പോലുമില്ലാത്ത നിശബ്ദരാവുകളില്‍ എന്റെ തേങ്ങിക്കരച്ചില്‍ മറ്റാരും കേട്ടില്ല. രാജിയൊഴികെ.

 ഉറങ്ങാനൊരു തിയറ്റര്‍
ഒരിക്കല്‍ ‘ബിനി’യില്‍ ആര്‍ക്കോ ഒപ്പമിരുന്ന് കുടിച്ചു. ഭക്ഷണം വേണമെന്നില്ലാതായി തുടങ്ങിയിരുന്നു. നട്ടുച്ചയ്ക്ക്, ഏസീന്നിറങ്ങിയപ്പോള്‍ ‘ഇത്തിരി കൂടിപ്പോയോ’ന്നൊരു സംശയം. കൂടെയിരുന്നു കുടിച്ചവന് ആത്മാര്‍ത്ഥത പോര. എന്നെ തനിച്ചാക്കി, രണ്ടു പെഗ്ഗടിച്ച്, കുപ്പിയില്‍ അവശേഷിച്ചത് എന്നെയേല്‍പ്പിച്ച് അവന്‍ സ്ഥലം വിട്ടു. എനിക്കേതു കാര്യത്തിലും ആത്മാര്‍ത്ഥതയുണ്ട്. കുടിയുടെ കാര്യത്തിലുമതു വേണ്ടേ? ബാക്കിമുഴുവന്‍ ഞാന്‍ തനിച്ചിരുന്ന് കുടിച്ചു. കുപ്പി കാലിയാക്കി. ബില്ല് അവന്‍ കൊടുത്തിരുന്നു. ഏതോ മാന്യസുഹൃത്ത്. ഒരു നേരത്തെ എന്റെ കാര്യം നടന്നു!
അവനെഴുന്നേറ്റ് ബില്ലും കൊടുത്ത് കടന്നുകളഞ്ഞതത്ര മര്യാദയായില്ല. ഓസിന് കുടിച്ചെനിക്ക് ശീലമില്ല! ആരെങ്കിലും വാങ്ങിത്തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഇരട്ടി ഞാന്‍ തിരിച്ചു കൊടുത്തിട്ടുമുണ്ടാകും. ഇതൊരു വക ആക്കലായിപ്പോയി. ഇനി പറഞ്ഞിട്ടുകാര്യമില്ല. ആനയ്ക്ക് റിവേഴ്സ് ഗിയറില്ലല്ലോ? കലിപ്പു തീര്‍ക്കാനവനടുത്തില്ലാത്തതിനാല്‍, വാശിക്കതു മുഴുവനും കേറ്റി. പക്ഷേ, തല പെരുത്തുകയറി. അത്രേം കുടിക്കേണ്ടിയിരുന്നില്ല. ‘പിടുത്തം’ വിട്ടുപോകുമോന്നൊരു സംശയം. ബാക്കിയുള്ളത് പൊതിഞ്ഞ് അരയില്‍ തിരുകിയാല്‍ മതിയായിരുന്നു.
വീട്ടിലേക്ക് ബസു കാത്തുനിന്നു. അതില്‍ കയറിപ്പറ്റി വീട്ടിലെത്തുമ്പോഴേക്കും, സമയമൊരുപാടാകും. എന്റെ കണ്‍ ട്രോളുവിട്ടു പോകുന്നുണ്ടോന്നൊരു സംശയം! ബിനിയിലാരോടു പറഞ്ഞാലും, ഏതെങ്കിലുമൊരു മുറി തുറന്നുതരും. ഫാനിട്ട് രണ്ട് മണിക്കൂര്‍ കിടന്നുറങ്ങി എണീറ്റാല്‍ പ്രശ്നം തീരും. പക്ഷെ തനിച്ചു കിടക്കാനെനിക്കു മടിയാണ് അന്നുമിന്നും. റാഫിയും ജിയോനും ആര്‍ട്ടിസ്റു സാബുവും എന്നെത്തഴഞ്ഞു. കിട്ടാവുന്ന സ്പീഡില്‍ വീട്ടിലെത്തുന്നതായിരിക്കും ബുദ്ധി. ഒരോട്ടോ വിളിച്ചാലോ? പോക്കറ്റില്‍ കാശുണ്ട് പക്ഷെ ഓട്ടോയിലിരുന്നുറങ്ങി, ഇറങ്ങാന്‍ വയ്യാത്ത പരുവത്തില്‍ വീട്ടില്‍ ചെന്നാല്‍? അത് അതിലും കുളമാകും. ഈയിടെയായി, രാജീടെ മുഖത്തുനോക്കാന്‍പോലും കഴിയുന്നില്ല. അവളത്രയേറെ സഹിക്കുന്നുണ്ട്.
തൃശãൂരിലെ തിയറ്ററുകളില്‍, ഒരു കാലത്ത്, സ്ഥിരമായി നൂണ്‍ഷോ കാണാന്‍ കേറുന്ന, സിനിമയുടെ പേരുപോലും അറിയേണ്ടാത്തൊരു കാഴ്ചക്കാരനുണ്ടായിരുന്നു. മറ്റാരുമല്ല, ഈ ഞാന്‍! വീട്ടില്‍ പോകാന്‍ ശ്രമിക്കുന്നതിലും ഭേദം, അതായിരിക്കുമെന്നെനിക്കു തോന്നി. ഓട്ടോറിക്ഷയില്‍ കയറി രാഗത്തിനുമുന്നിലിറങ്ങി. തിയറ്ററിലെ ലോ ക്ലാസുകളിലൊന്നില്‍, ചുവരിനോടടുത്ത സീറ്റിലിരുന്നുറങ്ങാന്‍ പത്തോ ഇരുപതോ രൂപ ചിലവാക്കിയാല്‍ മതി. ബസ്സില്‍ കയറിയാല്‍ സീറ്റു കിട്ടുമെന്നുറപ്പില്ല. നില്‍ക്കേണ്ടിവന്നാല്‍ വാളുറപ്പാ. പിന്നെ നാണക്കേട്. കുളിച്ചാലുമത് പോകില്ല. പൂമലയ്ക്കുള്ള ബസ്സില്‍ എന്നെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. മാഷ്ടെ മോന്റെ തനി സ്വരൂപം അവരറിയും.

Kutiyante Kumbasaaram, Punarjani, Thrissur
പുനര്‍ജനി

 പരദൂഷണത്തിന്റെ വഴികള്‍
മദ്യപരെ കുറിച്ച് പരദൂഷണം പറയലിലൊരു രസമുണ്ട്. കുടിയന്മാരുടെ കലാപരിപാടികളെക്കുറിച്ചു പറയുന്നവര്‍ക്ക് ആയിരം നാവാണ്. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അതൊരു വലിയ സംഭവമാക്കി മാറ്റും. രാജിയെങ്ങാനുമറിഞ്ഞാല്‍ പിന്നെ ഞാന്‍ ചത്തുകളയുന്നതാണ് നല്ലത്. രാഗം തിയറ്ററിനു മുന്നില്‍ അപശകുനം പോലെ നിന്ന പെട്ടിക്കടയിലെ പോളി സഹോദരരില്‍ ഒരുവന്‍, ചുരുട്ടി മടക്കിത്തന്ന മുറുക്കാന്‍ വായിലിട്ട്, തിയറ്ററിലേക്ക് അതിവേഗം നടന്നു. പടം വിട്ടിട്ടും, തിയറ്ററിന്റെ മൂലയിലെ സീറ്റില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന ഒരു മനുഷ്യനെ ചവിട്ടു പടികളില്‍ കാലുകള്‍ തൊടാത്ത വിധത്തില്‍ തൂക്കിയെടുത്ത്, ജീവനക്കാര്‍ നിലത്തിറക്കി. നേരെ തള്ളിവിട്ടാല്‍ റൌണ്ടിലെത്തും. വലതുവശത്തേക്ക് തലതിരിച്ച് തള്ളി വിട്ടാല്‍… അത് എലൈറ്റിലേക്കുള്ള ഇടവഴിയാണ്. ആ വഴിയില്‍ തിരക്കുകുറവായിരുന്നു. അന്ന്, യമുന ഹോട്ടലിനുസമീപത്തുള്ള മൂത്രം മണക്കുന്ന ഇടവഴിയിലെ ചുവരില്‍ ചാരിയിരുന്നുറങ്ങിയ ആ മനുഷ്യന്‍ ഞാനായിരുന്നു. ആരുമെന്നെ കണ്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ എല്ലാവരുമെന്നെ കണ്ടിരുന്നു. പോളി സഹോദരന്മാരിലൊരുവനോട് കടം വാങ്ങി, ഓട്ടോയില്‍ കയറി, ബിനിയിലിറങ്ങി, വീണ്ടും രണ്ടെണ്ണമടിച്ചശേഷം, അതേ ഓട്ടോയില്‍ വീട്ടിലെത്തി. രണ്ടുകണ്ണുകളുമടച്ചു കിടന്നുറങ്ങി. ഭാഗ്യം ആരുമെന്നെ കണ്ടിട്ടില്ല!
ബോധാബോധതലങ്ങള്‍ക്കിടയില്‍ മൃഗമായിത്തീരുന്ന മദ്യപന്റെ ചെയ്തികളില്‍ മാപ്പര്‍ഹിക്കുന്നവയുടെ എണ്ണം വിരളമത്രെ. ബ്ലാക്കൌട്ടുകള്‍’ എന്നറിയപ്പെടുന്ന അന്നേരങ്ങളില്‍ അവന്റെ പ്രവൃത്തികള്‍ തലച്ചോറില്‍ രജിസ്റര്‍ ചെയ്യാതെ പോകും. അതിനാല്‍, പിറ്റേന്നു പുലരുമ്പോള്‍ അതൊന്നും അവനോര്‍ക്കില്ല. മദ്യപാനി പാപിയാകുന്നത് അങ്ങനെയത്രെ.
ഭ്രാന്തനു പോലും ഇളവു കാട്ടുന്ന നിയമം മദ്യപനോടു കാട്ടുനീതികാണിക്കും. മദ്യം വില്‍ക്കുന്നതിന്റെ ലാഭംകൊണ്ട് വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യം, വിധവകളുടെ ശാപവും അവരുടെ തന്തയില്ലാത്ത പൈതങ്ങളുടെ തോന്ന്യാസങ്ങളും കൊണ്ടുനശിക്കും. മദ്യപാനിയെന്ന ചെല്ലപ്പേരില്‍ അറിയാനാരുമാഗ്രഹിക്കില്ല. എന്നിട്ടും ചിലര്‍ അതായി തീരുന്നതിന്റെ കാരണമെന്താണ്?


ആദ്യ ഭാഗം: അങ്ങനെ, ഞാനൊരു കുടിയനായി…


പുസ്തകം ഓണ്‍ലൈനായി ലഭിക്കാന്‍:
http://www.dcbookshop.net/books/kutiyante-kumbasaaram-oru-madhyaasaktharogiyute-aathmakatha


പുനര്‍ജനിയുടെ വിലാസം:
PUNARJANI
Charitable Trust for De-Addiction & Rehabilitation
Phone: 0487 2208304
(Dr. Johns K Mangalam Ph.D, LLB.)
Mobile: 9747201015
Email : punarjanipoomala@yahoo.com
Web : www.punarjani.org

Friday, January 11, 2013

അങ്ങനെ, ഞാനൊരു കുടിയനായി…

ഡോ. ജോണ്‍സണ്‍ എഴുതിയ ‘കുടിയന്റെ കുമ്പസാരം. ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലെ ഒരധ്യായം. ആദ്യഭാഗം.
Kutiyante Kumbasaaram, Punarjani, Thrissur

മദ്യമായിരുന്നെന്റെ ദൈവം
തൃശ്ശൂരാണെന്റെ തട്ടകം. മദ്യമായിരുന്നെന്റെ ദൈവം. അന്ന് ഏതു പാതിരായ്ക്കു വിളിച്ചാലും തുറക്കുന്ന ഷാപ്പുകളെവിടെയൊക്കെയുണ്ടെന്നും ഏതൊക്കെ ബാറിന്റെ നൈറ്റ് വാച്ചര്‍മാരുടെ പക്കല്‍ നിന്നും ‘ഡ്യൂപ്ലിക്കേറ്റും സെക്കണ്ട്സും’ കിട്ടുമെന്നും എനിക്കറിയാം. ഒരു വര്‍ഷം മുഴുവന്‍ രാത്രിയില്‍ ഞാന്‍ ജീവിച്ചത് തൃശ്ശൂരിലെ തെരുവോരങ്ങളിലും ദിവാന്‍ജിമൂലയിലും പൂരപ്പറമ്പിലും ഓട്ടോറിക്ഷകളിലും ട്രാന്‍സ്പോര്‍ട്ട് സ്റാന്റിലും റെയില്‍വേ സ്റേഷനിലും ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റിലെ പച്ചക്കറിക്കടകള്‍ക്കു മുന്നിലുമായിരുന്നു. നടന്നും കിടന്നും മുടന്തിയുമുറങ്ങാത്ത രാവുകള്‍. അന്നുമെന്നോടൊപ്പം മദ്യമുണ്ടായിരുന്നു.
എന്തിനെന്നറിയാതെ, പ്രതിഫലമിച്ഛിക്കാതെ, പച്ചക്കറിത്തരകിലെന്നെ കാത്തിരിക്കാറുള്ള, കണ്ടോരന്‍ വേലായുധന്റെ മകന്‍ അശോകന്റെ കയ്യിലെപ്പോഴും കാശുണ്ടായിരുന്നു. അവന്‍ മാര്‍ക്കറ്റില്‍ വന്നിറങ്ങിയ വാഴക്കുലകള്‍ ചുമന്നു. തണ്ടുവെട്ടിക്കളഞ്ഞു. ജോസ് തിയറ്ററിന് മുകളില്‍ ‘ആന്റ്സ് അഡ്വര്‍ടൈസിങ്’ പരസ്യക്കമ്പനി നടത്തിയിരുന്ന ദിനേശനും അവിടെയുറങ്ങുന്നുണ്ടായിരുന്നു. പൂങ്കുന്നത്ത് എന്റെകൂടെ പഠിച്ച സദാനന്ദന് ടയര്‍ മോള്‍ഡ് ചെയ്യുന്ന കടയുണ്ടായിരുന്നു. അവന് രാത്രിയിലും ജോലിയുണ്ടായിരുന്നു.
മഞ്ഞ പുസ്തകം വില്‍ക്കാന്‍ മാത്രം രാത്രി കടതുറന്നിരിക്കുന്ന എന്റെ കക്ഷി, ഒരു പടുകിഴവന്‍. ട്രാന്‍സ്പോര്‍ട്ടു സ്റാന്റിനുസമീപത്തെ അയാളുടെ പെട്ടിക്കടയിലും, ഓട്ടോറിക്ഷക്കാരുടെ പുറം കീറിയ കാക്കിഷര്‍ട്ടിന്റെ പോക്കറ്റിലും കാശുണ്ടായിരുന്നു. എനിക്കു കടം തരാനവര്‍ ദയകാട്ടി.
തൃശ്ശൂരില്‍ മദ്യം കിട്ടുന്നയിടങ്ങളെല്ലാമെനിക്കറിയാമായിരുന്നു. ദിവാന്‍ജി മൂലയില്‍ കറങ്ങിതിരിഞ്ഞ് ഉറങ്ങാതെ കഴിച്ച രാവുകളേറെയാണ്. എന്നുമെവിടെയും എന്റെ സന്തതസാഹചാരിയായിത്തീര്‍ന്ന മദ്യം ഞാനുപേക്ഷിക്കുന്നതെങ്ങനെ? അക്കാലത്ത് ഞാന്‍ എറണാകുളം ലോ കോളേജില്‍, ഈവനിംഗ് ക്ലാസ്സില്‍, എല്‍. എല്‍. ബി. മൂന്നാം വര്‍ഷം പഠിക്കുകയായിരുന്നു…
മദ്യപാനിയെ സകലരും ആട്ടിയോടിക്കും. തല ചായ്ക്കാനിടമില്ലാതെ, അശാന്തമായ ഹൃദയവുമായി പാതിരാത്രിയും നട്ടുച്ചയും തമ്മിലന്തരമില്ലാതെ അലഞ്ഞുതിരിയാനവന്‍ വിധിക്കപ്പെടും. അവന്റെ വിലാപങ്ങളാരും കേള്‍ക്കാറില്ല. അവന്റെ വിലാപപ്പുറത്തെ മുറിവില്‍ വിരലിട്ടവനെ തിരിച്ചറിയാനാരും ഒരുങ്ങുകയില്ല !
അവന്‍ പാപിയാകുന്നു. ദൈവാനുഗ്രഹം അവനുമേല്‍ പതിക്കില്ല! നിര്‍ഭാഗ്യവാന്‍. സ്വര്‍ഗ്ഗരാജ്യത്തിനവകാശിയാകാത്തവന്‍. നിരാശ അവന്റെ കൂടെപ്പിറപ്പ്. അവന്‍ നാശങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ചോരപൊടിയുന്ന കറുത്തഫലിതങ്ങള്‍ മാത്രമാണ് അവന്റെ നാവുരുവിടുക. നരകത്തിനു മാത്രം യോഗ്യന്‍! മദ്യത്തെക്കുറിച്ചു മാത്രമവന്‍ സ്വപ്നം കാണും. സ്വപ്നം കാണാനായി മാത്രം ഉറങ്ങാനവന്‍ കൊതിക്കും. പക്ഷെ, ഉറങ്ങാന്‍ വീണ്ടും കുടിയ്ക്കണം.

Kutiyante Kumbasaaram, Punarjani, Thrissur
ജോണ്‍സണ്‍ ഭാര്യ രാജിക്കൊപ്പം Photo:Sudeep Eeyes

ഞാന്‍ മദ്യത്തെ മാത്രം വിശ്വസിച്ചു
കോട്ടയ്ക്കലിനും തൃശ്ശൂരിനുമിടയില്‍ എവിടെയെങ്കിലും ചായ കുടിക്കാനായി ബസ്സു നിറുത്തും. വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാള്‍. മൂന്നിടങ്ങളിലും, വിളിപ്പാടകലെ, പുലര്‍ച്ചെ തുറന്നുവെയ്ക്കുന്ന ബാറുണ്ട്. അവയിലേതെങ്കിലുമൊന്നില്‍ച്ചെന്നു വിറ മാറ്റാന്‍ പറ്റുമെന്ന പ്രത്യാശയില്‍ ഞാന്‍ ബസ്സില്‍ കേറിയിരുന്നു. മൂന്നിടത്തും നിര്‍ത്തിയില്ലെങ്കില്‍ തൃശ്ശൂരെത്തി നേരെ ‘ബിനി’യില്‍ കയറിയാല്‍, വിറ താനേ മാറും.
പിന്നീട് കോടതി… തലയിലെഴുത്ത് തൂത്താല്‍ മായില്ലല്ലോ? വക്കീലോഫീസില്‍ ചെന്നില്ലെങ്കിലുമൊന്നും സംഭവിക്കില്ല! എന്റെ നഷ്ടങ്ങളെയോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടാറില്ല. മദ്യപാനിക്കെപ്പോഴും ഭാവിയെ കുറിച്ച് സ്വപ്നങ്ങളുണ്ട്. കണക്കുകൂട്ടലുകളിലവനെപ്പോഴും മുന്നിലായിരിക്കും. കോണ്‍വെക്സ് ലെന്‍സുള്ള അവന്റെ കണ്ണിലൂടെ കാണുന്ന ലോകത്തവന് വേണ്ടതിലേറെ കരുത്തും കഴിവുകളുമുണ്ട്. ‘ഞാനാരാ മോന്‍!’. പക്ഷേ, ഒടുവിലെന്റെ കണക്കുകള്‍ പിഴച്ചു. പുഴുത്ത പട്ടിയെപ്പോലെ ആട്ടിയോടിക്കപ്പെട്ടു. പക്ഷേ, മദ്യത്തിന്റെ ധൃതരാഷ്ട്രാലിംഗനത്താല്‍, ശ്വാസം മുട്ടി, എല്ലുകള്‍ നുറുങ്ങി, കരളുരുകി, ഹൃദയം പൊട്ടി ഞാന്‍ ചാകുന്നതറിയാനോ തടയാനോ കഴിയാതെയായി. എനിക്കാരുമില്ലാതെയായി. എന്റെ കണ്ണുകളുടെ കാഴ്ച കെട്ടു. മദ്യത്തിന്റെ മാന്ത്രികക്കണ്ണാടിയിലൂടെയാത്രം ഞാന്‍ ലോകം കണ്ടു. എന്നിട്ടതു വിശ്വസിക്കുകയും ചെയ്തു.
പിന്നീടു പിന്നീട്, വന്നുകേറുന്ന രാത്രിയും, പിറ്റേന്നുരാത്രിയും, തൃശൂര്‍ക്ക് തിരിക്കുന്ന ദിവസം നേരം പുലരും മുമ്പും, കൈവിറ മാറ്റാനാവശ്യമായ മദ്യം തലയ്ക്കല്‍ കരുതി വയ്ക്കുന്ന ശീലമാരംഭിച്ചു. അതോടെ രാജിയുടെ ശമ്പളം, രണ്ടു തവണത്തെ, തൃശൂര്‍ റ്റു കോട്ടക്കല്‍, ടാക്സിക്കൂലിയിനത്തില്‍ അപഹരിക്കപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ബസ്സില്‍ കയറി അവിടെയെത്താന്‍ കഴിയാത്ത അവസ്ഥയിലായിത്തുടങ്ങി. കോട്ടയ്ക്കലില്‍ നിന്ന് മടങ്ങിയെത്തിയാലും, കോടതിയില്‍ പോകാനാകാതെയായി. പന്ത്രണ്ടുമണിക്കൂറും മദ്യപിച്ച് ഷാപ്പിലിരുന്നു. കഥകള്‍ പറഞ്ഞു, കഥകള്‍ കേട്ടു. കുടംകൊട്ടി പാടി. പുലര്‍ച്ചയ്ക്ക് പൂമലയില്‍നിന്നാദ്യം തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സ്., ബാറിനു മുന്നില്‍ നിര്‍ത്തിത്തന്ന്, ആരോയെന്റെ വിറയ്ക്കുന്ന കൈപിടിച്ചിറക്കി വിട്ടു. ജനം പരമപുഛത്തോടും പരിഹാസത്തോടും കൂടിയെന്നെ വീക്ഷിക്കാന്‍ തുടങ്ങി. ഭാര്യേടെ ശമ്പളം കൊണ്ട് ജീവിക്കുന്ന പരാന്നഭോജിയാണ് ഞാനെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും, മദ്യപിക്കാതിരിക്കാനെനിക്ക് കഴിഞ്ഞില്ല.

‘നിനക്ക് നാണാവില്ലേടാ…
തല്‍ക്കാലമെല്ലാം മയങ്ങിക്കിടക്കട്ടെ! ലഹരിയുടെ തണലിലുറങ്ങുന്ന അണലിയാണത്, അലട്ടരുത്. എന്റെ സമയം സമാഗതമാകും! ഞെട്ടേണ്ട, ഏതു പട്ടിക്കുമൊരു സമയമുണ്ട്, വരട്ടെ! ഷാപ്പു മാനേജര്‍ പട്ടക്കുട്ടപ്പഞ്ചേട്ടന്‍ ചില്ലുഗ്ലാസ്സില്‍ ചാരായമൊഴിച്ചു നീട്ടികൊണ്ട് തിരിച്ചുചോദിക്കും.
‘ഈ മാസത്തെ ശമ്പളം കിട്ടിയാല്‍ പറ്റു മുഴുവന്‍ തീര്‍ക്കാം, ഒരു നൂറും കൂടി താ…’
‘ആര്‍ക്ക്?’ അയാളുടെ തോട്ടിച്ചോദ്യം കേട്ട് കലികയറും. പക്ഷേ മറുപടി പറയില്ല.
‘നിനക്ക് നാണാവില്ലേടാ അവളുടെ ശമ്പളം കൊണ്ടിങ്ങനെ കുടിച്ചു നടക്കാന്‍?’ ഷാപ്പുകാരനു പോലുമെന്നെ പുച്ഛം. ഞാന്‍ കടക്കാരനായിപ്പോയില്ലേ?, തിരിച്ചു പറയാന്‍ മറുപടി അറിയാതെയല്ല! മറ്റെന്താണ് ചെയ്യുക? അയാള്‍ക്ക് ഞാന്‍ മകനേപ്പോലെയാണു പോലും!
ശനിയാഴ്ച വരേയ്ക്കുമെനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും. കോടതീ പോകാം. പക്ഷേ, ശനിയാഴ്ച വൈകീട്ട് കോട്ടയ്ക്കലേക്കുള്ള ബസ്സും കാത്ത്, രാജിയ്ക്കും മോനും അമ്മ കൊടുത്തുവിടുന്ന അച്ചാറും ചമ്മന്തിപ്പൊടിയും നിറച്ച സൂട്ട്കേസും തൂക്കി, ട്രാന്‍സ്പോര്‍ട്ട് സ്റാന്റിലെത്തുന്ന നിമിഷം മുതല്‍… എന്റെ മനസ്സുമാറും. അപകര്‍ഷതാബോധം, അപഹാസത്തോടെ എന്നിലാവേശിക്കാന്‍ തുടങ്ങും. ഒരാഴ്ചത്തെ ഓട്ടപ്പാച്ചലിനൊടുവില്‍ ഭാര്യസമേതമണയാന്‍ വെമ്പി, മനസ്സും ശരീരവും നിറഞ്ഞുതുളുമ്പി, ബസ്സും കാത്തു നില്‍ക്കുമ്പോള്‍, ഏകജാതനെ പോറ്റാനുള്ള പണം പോലുമുണ്ടാക്കാനാകാത്ത വക്കീല്‍പ്പണിയോടെനിക്ക് പുച്ഛം തോന്നും. എന്നിട്ടും ശനിയാഴ്ച വൈകുന്നേരങ്ങളില്‍ ജയിച്ച കക്ഷികളിലാരെങ്കിലും, വക്കീലന്മാര്‍ക്കു ചെലവുചെയ്യും. ഓസില്‍ കിട്ടുന്ന മദ്യം വേണ്ടെന്നു വയ്ക്കുന്നതെങ്ങനെ?
ഞാന്‍ എത്തിക്സ് പഠിച്ചവനാണ്. പഠിച്ചവയെല്ലാം കാലാന്തരത്തില്‍ ജീവിതത്തില്‍ പ്രയോഗിക്കപ്പെടുമെന്ന ഗുണം ആ വിഷയത്തിനുണ്ടെന്ന് പരീക്ഷയിലുത്തരമെഴുതിയവനാണ്. 87 ശതമാനവും റാങ്കും എനിക്കതിനു കിട്ടിയിട്ടുണ്ട്. ഞാനത് പഠിപ്പിച്ചവനുമാണ്. എന്നിട്ടും ബഹുമാനപ്പെട്ട കോടതി മുമ്പാകെ ‘അന്യായം’ ബോധിപ്പിക്കുവാന്‍ ഞാന്‍ നിയുക്തനായി. പക്ഷെ എന്റെയധരം കള്ളം പറയാന്‍ വിസ്സമ്മതിച്ചു. ‘പൂവ്വങ്കോഴി കൊത്തുംപോലെ’ കോടതി മുറിയില്‍ കയറി നിന്ന് കേസു വാദിക്കാനെനിക്കാവില്ല! വക്കീല്‍പണിയില്‍, ഞാനൊരു വന്‍പരാജയമാണെന്ന തിരിച്ചറിവ് എന്നെത്തളര്‍ത്തി. വേറെന്തു തൊഴിലു ചെയ്യും?


പ്രദീപ് വിളിക്കുന്നു
പണ്ട് തളിക്കുളത്തുകാരന്‍ പ്രദീപ് ഫോണ്‍ ചെയ്താല്‍ എനിക്ക് കലി കയറുമായിരുന്നു. ബെല്ലടികേട്ട് റിസീവറെടുത്ത് ചെവിയില്‍ വച്ച് ‘ഹലോ’ എന്ന് പലവട്ടം പറഞ്ഞാലും, മറുതലക്കല്‍ നിന്നും പ്രതികരണമുണ്ടാവില്ല. റിസീവര്‍ ക്രാഡിലില്‍ വച്ച് തിരിയുമ്പോഴേക്കും വീണ്ടും ബെല്ലടിക്കും. ഫലം തഥൈവ! ഒടുവില്‍ ‘ഹലൊ” പറയുന്നതിന് പകരം പുളിച്ചതെറിയങ്ങോട്ട് പറയും. പലവട്ടമാവര്‍ത്തിച്ച് മടുത്ത് ഒടുവിലിതാരാ ഈ ‘വയറുവേദന’ക്കാരനെന്നറിയാന്‍, കോളറൈയ്ഡിയില്‍ നമ്പറുനോക്കുമ്പോള്‍, പ്രദീപിനെ ആളറിയാതെ തെറിവിളിച്ചതിലെനിക്ക് കുണ്ഠിതം തോന്നും. കാരണം, അവനു വിക്കുണ്ടായിരുന്നു! അതവന്റെയച്ഛന് പണ്ട് പറ്റിയ കൈപ്പിഴയാണെന്നവനെന്നോട് പറഞ്ഞിട്ടുമുണ്ടായിരുന്നു.
അവന്റെയച്ഛന്‍ വെറുമൊരു വൈദ്യരല്ലായിരുന്നു. പാരമ്പര്യമായി ചികിത്സാവിധികള്‍ സ്വായത്തമാക്കിയ സാത്വികന്‍. രോഗനിര്‍ണ്ണയത്തിനായി, അശ്വനീദേവതകളുടെ അനുഗ്രഹം ലഭിച്ചവന്‍. അല്പസ്വല്പം ജ്യോതിഷവുമറിയാം. ഓരോ മക്കളെയുമുളവാക്കുമ്പോഴുമദ്ദേഹം വ്രതമനുഷ്ഠിച്ചു. നാളും തിഥിയും പക്കവും രാശിയും ഗ്രഹനിലയുമൊക്കെനോക്കി മക്കളെ സൃഷ്ടിച്ചു . അവരെല്ലാവരും മിടുക്കന്മാരും, ഒരേയൊരുവള്‍ മിടുക്കിയുമായിരുന്നു. ആയുസുമാരോഗ്യവുമുള്ള അവര്‍ക്കൊക്കെ മറ്റു പലതിലുമായിരുന്നു താല്‍പര്യം. പിഴയ്ക്കാത്ത ഗണിതത്തില്‍ വൈദ്യരല്പം അഹങ്കരിച്ചിട്ടുണ്ടാവാം. ഒടുവിലൊരുത്തനെക്കൂടി ജനിപ്പിക്കാന്‍ വൈദ്യര് തീരുമാനിച്ചു. വീണ്ടും വ്രതമനുഷ്ഠിച്ചു, ഒപ്പം ഭാര്യയും!. ഇത്തവണ പാരമ്പര്യം കാക്കാന്‍, വൈദ്യരാകാന്‍, ഏറ്റവുമിളയൊരു സന്തതി! അതുമതി! ധാരാളമായി. എല്ലാമീശ്വരന്റെ കൃപ!
കോടതിമുറിയില്‍ എന്റെ അധരങ്ങള്‍ വാക്കുകള്‍ക്കായി ദാഹിച്ചു. ഞാനും വിക്കനായി… ഗൌണും ധരിച്ച് യുവറോണറി ലാരംഭിച്ച് ഒരു വാചകം പോലും പറയാനുള്ള ധൈര്യമെനിക്കില്ലായിരുന്നു. കേസുവിളിക്കുന്നതു കേള്‍ക്കാതെ പോയാലോ? വിളിച്ച നേരത്ത് പ്രതി കൂട്ടില്‍ കയറിനിന്നില്ലെങ്കില്‍? ജാമ്യക്കാരുടെ കരമടച്ച രശീതി കഴിഞ്ഞ കൊല്ലത്തെയായാലോ? ജാമ്യം കിട്ടാതെവരുമോ? ഷര്‍ട്ടും, മീതെ കോട്ടും അതിനുമീതെ ഗൌണും കഴുത്തില്‍ ബാന്റും കെട്ടിത്തൂക്കിയ, വക്കീലിന്റെ യൂണിഫോമിനുള്ളില്‍ ഇരുന്നെന്റെ ശരീരം വിയര്‍ത്തു. അതിനുള്ളിലെ എന്റെ ഹൃദയത്തിന്റെ മിടിപ്പുകൂടുന്നതുപോലുമറിയാവുന്ന, കോടതിമുറിയിലെ നിശബ്ദതയില്‍ നിന്നുമെഴുന്നേറ്റോടിപ്പോയില്ലെങ്കില്‍, എനിക്ക് ഭ്രാന്തു പിടിക്കുമെന്നുറപ്പായതോടെ, ഞാന്‍ ഡ്രാഫ്റ്റ്സ്മാനായി ഒതുങ്ങി, വക്കീലാപ്പീസില്‍ തങ്ങി. പാന്റ്സും കോട്ടും ഗൌണും വേണ്ട, മുണ്ടുടുത്താലും മതി! വേഷം കെട്ടലുകളെനിക്കു പറ്റിയതല്ലെന്നെനിക്കറിയാം. ഞാനങ്ങനെയല്ല ജീവിച്ചു പോന്നത്. നേരെ വാ നേരേ പോ! അതാണെന്റെ രീതി.

എല്ലാ സഹോദരന്‍മാരും എനിക്കു കാശു തരും
ഷാപ്പിലിരുന്ന് കഥപറഞ്ഞും ലക്ഷ്യമില്ലാതെ അലഞ്ഞും ജീവിച്ചതിനിടെ ഒരുപാടൊരുപാട് മനുഷ്യജന്മങ്ങളിലൂടെ കടന്നുപോകാനെനിക്കു പറ്റി. എഴുത്തുകാരനാകാനുള്ള പൂതി ഓര്‍മ്മവെച്ചനാള്‍ മുതല്‍ മനസ്സില്‍ താലോലിച്ചതിനാല്‍, എല്ലാവരേയും, എന്നെത്തന്നെ, കഥാപാത്രങ്ങളായി കാണാനെനിക്ക് പറ്റുമായിരുന്നു. അതെനിക്കിഷ്ടവുമായിരുന്നു. കഥയെഴുത്തുകാരനാകാനാഗ്രഹിച്ച് ഒടുവില്‍ ഞാന്‍ അന്യായമെഴുത്തുകാരനായി മാറി. ഉപജീവനം കണ്ടെത്താന്‍, രാപ്പകലെഴുത്തു നടത്തുന്ന കഥാപാത്രമാണ് ഞാനെന്നു സ്വയം കണ്ടാസ്വദിച്ചു. ശരീരവും മനസ്സും തമ്മിലന്തരം സൂക്ഷിക്കാനെനിക്കറിയാമായിരുന്നു.
കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി അന്യായങ്ങളും പത്രികകളുമെഴുതി. കൂര്‍ത്ത മുനയുള്ള ബുദ്ധി കൊണ്ട്, ആടിനെ പട്ടിയാക്കാനെനിക്കറിയാമായിരുന്നു. എന്നിട്ടും നിറയാത്ത കീശയും ശൂന്യമായ മനസ്സും വിശക്കുന്ന വയറുമായി വീടെത്തേണ്ട ഗതികേടു മറക്കാന്‍, രാഗം തിയ്യറ്ററിനു മുന്‍പില്‍ അപശകുനം പോലെ പൊരുതിനിന്ന പോളീടെ പെട്ടിക്കടയിലെ, ഒരേ ഛായയുള്ള ഏതെങ്കിലുമൊരു ‘സഹോദരനോടു’ കടം വാങ്ങും. ആ കാശു കൊടുത്ത് ‘എലൈറ്റില്‍’ കയറി കുടിച്ച്, റ്റൊരു പോളി സഹോദരനോടു വീണ്ടും കടം വാങ്ങി, ഓട്ടോറിക്ഷയില്‍ കയറി ലക്കുകെട്ട് വീട്ടിലേക്കു പോരും. യാത്രക്കിടെ ഞാന്‍ ഓട്ടോക്കാരനുമായെന്റെ സൌഹൃദമാരംഭിക്കും. അവനുമൊത്ത് തിരൂര്‍ ബാറിലിരുന്ന് കഥപറയും.
മാനേജര്‍ ജൈസന്‍ മൂക്കില്‍ തുളച്ചു കയറുന്ന മദ്യഗന്ധത്തിനെ പുറത്തുകളയാനെപ്പഴും, മൂക്കിലൂടെ ശ്വാസം പുറത്തുതള്ളി. മൂക്കുതിരുമ്മി ചുവപ്പിച്ചടുത്തുവന്നിരുന്ന് ചെവിയിലോര്‍മ്മിപ്പിക്കും.
‘വക്കീലേ എനിക്കുറങ്ങേണ്ടേ?’
‘സോറി’. അവിടെനിന്നിറങ്ങുമ്പോള്‍ ബില്ലുതീര്‍ത്തതിന്റെ ബാക്കി പറ്റും പറഞ്ഞ്, അരക്കുപ്പികൂടി കടം വാങ്ങി, അരയില്‍ത്തിരുകാന്‍ ഞാന്‍ മറക്കാറില്ല. വീട്ടിലെത്തി ബെല്ലടിച്ചുണര്‍ത്തിയ രാജിയോട് ‘കാശ് കൊട്!’ എന്നു മാത്രം പറഞ്ഞ് വരാന്തയില്‍ കിടന്നുറങ്ങിപ്പോയാലും, കുപ്പിയെന്റെ തലക്കല്‍, കയ്യകലത്തില്‍ കാവലിരുന്നു. പുറത്ത് ഓട്ടോക്കാരനും… ഞാന്‍ കൊടുക്കാതെയവളുടെ കയ്യില്‍, ഓട്ടോക്കാരന് കൊടുക്കാനുള്ള കാശുണ്ടാകുന്നതെങ്ങനെ എന്നാലോചിക്കാനുള്ള ബോധമെനിക്കില്ലായിരുന്നു. ഇടക്ക് വണ്ടിനിറുത്തിയതും കുടിച്ചതും പറഞ്ഞതും ചെയ്തതും ഒന്നുമൊന്നും എനിക്കോര്‍മ്മയില്ല….സത്യം!
പിറ്റേന്ന് രാത്രി ജൈസന്‍ പലതുമോര്‍മ്മിപ്പിക്കും. മദര്‍ തെരേസയും രാജീവ്ഗാന്ധിയും മരിച്ച സംഭവം മാസങ്ങള്‍ക്കുശേഷമാണ് ഞാനറിഞ്ഞത്. തലച്ചോറില്‍ രജിസ്റര്‍ ചെയ്യപ്പെടാതെ പോയ എത്രയെത്ര സംഭവങ്ങള്‍? മദ്യപന്റെ ജീവിതത്തില്‍ അവയുടെ പങ്കെന്താണെന്നറിയിക്കാന്‍ ആരാണവനെ സഹായിക്കുക?

Kutiyante Kumbasaaram, Punarjani, Thrissur

പുനര്‍ജനി

 ആണാവാനുള്ള മാര്‍ഗ്ഗം
‘ഭാര്യയുടെ വാക്കുകേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ആണല്ല!’ മദ്യപന്റെ വിശ്വാസപ്രമാണങ്ങളിലൊന്നാമത്തേതതാണ്! പാതിരാത്രിയില്‍ ഓട്ടോക്കൂലി കൊടുക്കുവാനില്ലാത്ത കുടിയന്റെ ഭാര്യക്ക്, കടക്കാരനായ ഓട്ടോറിക്ഷക്കാരനില്‍ നിന്ന് സുരക്ഷ നല്‍കാനെന്റെ വീട്ടിലാകെയിനി അഞ്ചുവയസ്സുകാരന്‍ മകന്‍ മാത്രമാണുള്ളത്. എന്നിട്ടും…. , ജിയോന്‍ മൂന്നുതവണ മാറ്റി കൊണ്ടുവന്ന് വിരിച്ച മാര്‍ബിളിന്റെ തണുപ്പില്‍, വരാന്തയില്‍ ഞാന്‍ സകലതും മറന്നുറങ്ങി. പിറ്റേന്ന് രാവിലെ അവളുടെ കറുത്ത മുഖം കണ്ടുണരുമ്പോള്‍ ഞാനെന്റെ കിടപ്പുമുറിയിലെ കട്ടിലിലായിരുന്നു. കിടക്കയിലൊരു ചുളിവുപോലുമില്ലായിരുന്നു. അവളൊന്നും മറക്കില്ല! പറഞ്ഞുകേട്ടവര്‍ക്കും കണ്ടുനിന്നവര്‍ക്കും മറക്കാം, അനുഭവിച്ചവര്‍ക്കതിനാകില്ല!
മദ്യപാനി മാപ്പര്‍ഹിക്കുന്നില്ല! അവനേല്‍പ്പിച്ച പീഡനങ്ങള്‍ക്ക് പകരം നല്‍കാന്‍ മരണമല്ലാതെ മറ്റെന്തുണ്ട്? ആത്മഹത്യയും ആത്മബലിയും തമ്മില്‍ വ്യത്യാസമുണ്ടോ? എങ്ങനെയവനതിന് കഴിയും? ഏതാണ് ശരി? എതാണ് തെറ്റ്? അറിയില്ല! പൊരുളുകള്‍ തേടിയുള്ള അലച്ചിലൊടുങ്ങാറായിരിക്കുന്നു.
പുനര്‍ജനിയിലൂടെ മാത്രമാണെനിക്കെന്റെ മനുഷ്യത്വം വീണ്ടെടുക്കാനാവുക.പക്ഷേ…. എങ്ങനെ? ആരെന്നെ സഹായിക്കും? ഇതുവരെയുള്ള എന്റെ ജീവിതരേഖ, ഒരു മഷിത്തണ്ടുകൊണ്ട് ആരെങ്കിലുമൊന്ന് മായിച്ചുതന്നെങ്കില്‍!
എങ്കില്‍ ഞാനതു പുതുക്കിവരയ്ക്കും. വിറയ്ക്കാത്ത കൈകള്‍കൊണ്ടൊരു നേര്‍രേഖ! എനിക്ക് ഫീനിക്സായി പറന്നുയരണമെന്നുണ്ട്. പക്ഷേ, അതിനു മുമ്പ് ചാരായക്കിടക്കയില്‍ കിടന്നു ഞാന്‍ ചാരമായി തീരണമായിരിക്കും!
ദൈവത്തിന്റെ പുത്രന്‍! കുരിശിലേറി, മൂന്നാം നാളുയര്‍ത്തെഴുന്നേറ്റ് പിതാവിന്റെയടുക്കലേക്ക് പോയവന്‍. അവനെന്നെ പുന:രുത്ഥാനം ചെയ്യുമെന്ന് മാര്‍ഗ്ഗം കൂടിയ ഉപദേശിയെനിക്ക് വചനം നോക്കി പറഞ്ഞുതന്നു. ഞാനവരെ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനെന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവര്‍ സംഘമായി വന്നു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പ്രഘോഷണത്തോടെ പ്രാര്‍ത്ഥിച്ചു.
ദൈവമേ ഈ രാത്രിക്കാലം നീയീ മകനെ തൊടേണമേ! നിന്റെയാണിപ്പാടുകളുള്ള കരങ്ങളിലെ വിരലുകള്‍ നീട്ടി, നീയിവനെ തൊട്ടനുഗ്രഹിക്കേണമേ! ഇവന്റെ മദ്യപാനത്തില്‍ നിന്നും നീയീ പാപിയെ വിടുവിക്കേണമേ….!
അവര്‍ കൈകൊട്ടിപ്പാടുന്നതിനിടയില്‍, ഇടയ്ക്കിടെ ഞാനെന്റെ മുറിയില്‍ കയറി, ഒരു കവിള്‍ വീതം മോന്തി. മുഖം തുടച്ച് തിരിച്ചു വരുന്നതിന്റെ പൊരുളാരുമറിഞ്ഞില്ല. എനിക്കതൊരു തമാശയായിരുന്നു. വിഡ്ഢികള്‍! ദൈവരാജ്യത്തിനവകാശിയാകാന്‍ യോഗ്യതയില്ലാത്തവനെ അവരെങ്ങനെയകത്തു പ്രവേശിപ്പിക്കും? ചിരിക്കാതിരിക്കുന്നതെങ്ങനെ! ഞാന്‍ മനസ്സില്‍പാടി, ‘കപ്പ മൂക്കുമ്പോള്‍ നമുക്ക് യോഗം കൂടണം! ഉപ്പുമത്തി ചുട്ടുകൂട്ടി കപ്പ തിന്നണം….’ എന്നിട്ടുമൊരുറക്കം കഴിഞ്ഞുണരുന്നേരം ഞാന്‍ പ്രത്യാശയോടെയിരുട്ടിലേക്ക് നോക്കി കാത്തുകിടന്നു. അദൃശ്യമായ വിശുദ്ധ കരങ്ങളിലെ വിരലുകള്‍ കൊണ്ട്, എന്റെ മനസ്സിലോ ശരീരത്തിലോ ആരെങ്കിലും തൊട്ടോ? ആരുമെന്നെ തൊട്ടില്ല! മാറ്റൊലികള്‍ മാത്രമായ പ്രാര്‍ത്ഥനകളെ ഞാന്‍ വെറുത്തു…

അത് പലിശക്കാരനായിരുന്നു
ശരീരമുറങ്ങിയാലും മനസ്സ് സ്പര്‍ശത്താലുണരും! തുടയിലാരോ കൈമലര്‍ത്തി അടിച്ച വേദനയാലാണ് ഒരിക്കല്‍ ഞാനുണര്‍ന്നത്. ദൈവത്തിന്റെ വിരല്‍സ്പര്‍ശത്തിന് വേദനയുണ്ടാകില്ല! തൂവല്‍ സ്പര്‍ശം പോലെയത് ശരീരത്തില്‍ കുളിരുകോരും. പക്ഷെ അഞ്ചുവിരലും ചേര്‍ത്ത്, തുടയിലടിച്ചാല്‍ ആര്‍ക്കും വേദനിക്കും. ആഞ്ഞടിക്കുകയാണെങ്കിലോ? ഞാന്‍ ഞെട്ടിയുണര്‍ന്നു. വേദനിപ്പിച്ചവനോടെതിര്‍ക്കാന്‍ ഏതു ജന്തുവിന്റെയും ശരീരമുണരും, രക്തസംക്രമണത്തിന്റെ വേഗതയേറും, ഹൃദയമിടിപ്പുകളുടെ എണ്ണം കൂടും, രോമങ്ങളെഴുന്നു നില്‍ക്കും, മുഖം ചുവക്കും. പ്രകൃതിയൊരുക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍. മനുഷ്യനിലുമവന്റെ മനസു പോലുമറിയാതെയത് സംഭവിക്കും. സൈക്കോളജിക്കല്‍ ഇന്‍സ്റിങ്ക്ട് !
പക്ഷേ അത് പലിശക്കാരനായിരുന്നു! ഷൈലോക്ക്! ബ്ലേഡ്! ചോരയിറ്റിക്കാതെ കരളു മുറിച്ചെടുക്കുന്നവന്‍!
ഫണം വിടര്‍ത്തിയുണര്‍ന്ന എല്ലാ ചോദനകളെയും, ഒറ്റ നിമിഷംകൊണ്ട്, തലയില്‍ തലോടി അനുനയിപ്പിച്ച്, ഞാനെന്റെ മനസ്സിന്റെ കൂടയിലാക്കി. എന്നിട്ട് വിനയപൂര്‍വ്വം പറഞ്ഞു.
‘സോറി, നാളെത്തരാം. ഇന്നൊന്നാന്തിയാണെന്ന കാര്യം മറന്നു!’. ഞാനവന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ യോഗ്യനാണ്. തലകുനിക്കാനിഷ്ടമില്ലാതിരുന്നവന്റെ ശിരസ്സില്‍ തിരിക്കല്ലു വെച്ചുകെട്ടിയവരാരും തിരിഞ്ഞുനോക്കില്ല. അവനെന്റെ ദൈവമാണ്! സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ സര്‍പ്പം! അവനെ വണങ്ങാതിരിക്കാനെനിക്കാവില്ല!!
അപ്പനെന്റെ വിരലില്‍ പിടിച്ച് മുന്നില്‍ നടന്നു. തീയും വിറകും കത്തിയുമപ്പന്റെ പക്കലുണ്ടായിരുന്നു. ‘ബലിക്കായുള്ള മൃഗമെവിടെ?’ യെന്നപ്പനോടു ചോദിക്കാനെനിക്ക് ഭയമായിരുന്നു. ‘അതു നീ തന്നെ’യെന്ന് അപ്പനെന്നോടു പറയുമെന്നെനിക്കറിയാം.
ഞാന്‍ ബലിയാടായി തുടരുക തന്നെ ചെയ്യും. ദൈവം കരുണയാണ്. ദൈവം സ്നേഹമാണ്. അതില്‍ കൂടുതലോ കുറവോ ആയ ഒന്നും ദൈവമേയല്ലെന്നെനിക്കറിയാം. ഞാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തില്‍ വിശ്വസിച്ചിട്ടില്ല! ഒടുവില്‍ അനുഭവിച്ചറിയുകയായിരുന്നു…ഇതെന്റെ നിയോഗം. ഞാന്‍ അബ്രഹാമിനേക്കാള്‍ മഹത്വമുള്ളവന്‍. എന്റെ മകനെ ബലിയാടാക്കാന്‍ ഞാനൊരുക്കമല്ല! പകരം ഞാനെന്നെ ബലിയായര്‍പ്പിക്കാം. എന്റെ മകനെ ബലിയായി ആവശ്യപ്പെടുന്ന ദൈവത്തില്‍ ഞാന്‍ വിശ്വസിക്കില്ല! എവിടെയോ ആരംഭിച്ചെവിടെയോ ചെന്നവസാനിക്കുന്ന യാത്രയില്‍ വിളക്കും പാഥേയവും മാത്രമല്ല, വെളിവും നഷ്ടമായവന്റെ ശിഥിലസ്മരണകളിലൂടെയൊരു ദേശാടനം. അതുമാത്രമാണിത്.

രണ്ടാം ഭാഗം അടുത്ത ആഴ്ച

പുസ്തകം ഓണ്‍ലൈനായി ലഭിക്കാന്‍:
http://www.dcbookshop.net/books/kutiyante-kumbasaaram-oru-madhyaasaktharogiyute-aathmakatha


പുനര്‍ജനിയുടെ വിലാസം:
PUNARJANI
Charitable Trust for De-Addiction & Rehabilitation
Phone: 0487 2208304
(Dr. Johns K Mangalam Ph.D, LLB.)
Mobile: 9747201015
Email : punarjanipoomala@yahoo.com
Web : www.punarjani.org

Tuesday, January 1, 2013

അപ്പനും കള്ളും കമ്യൂണിസവും

Memories by Innocent


എന്റെ ഓര്‍മകള്‍ മൂന്നാം വയസ്സില്‍ തുടങ്ങുന്നു. ആ ഓര്‍മകളുടെ മധ്യത്തില്‍ വണ്ണം കുറഞ്ഞ്, കഷണ്ടിയായി, ഇരുനിറത്തില്‍ ഒരാള്‍-തെക്കെത്തല വറീത്, എന്റെ അപ്പന്‍. തൈറോയ്ഡിന്റെ അസുഖമുള്ളതിനാല്‍ സംസാരിക്കുമ്പോള്‍ അപ്പന്റെ തൊണ്ടയില്‍ ഒരു മുഴ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും. ആ ചലനം അത്ഭുതത്തോടെ ഞാന്‍ നോക്കിനില്‍ക്കും.


ഞാന്‍ ഉണരും മുന്‍പ് അപ്പന്‍ വീട്ടില്‍നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. എങ്ങോട്ടാണ് പോകുന്നത് എന്നറിയില്ല; ചോദിക്കാനുള്ള ശേഷിയുമായിട്ടില്ല. രാത്രി, ഞാന്‍ ഉറക്കത്തിലേക്ക് വീഴുന്നതിനു തൊട്ടുമുന്‍പ് അപ്പന്‍ പടികയറി വരും. അപ്പന്റെ കൂടെ ചില മണങ്ങളും വീട്ടിലേക്കെത്തും: ചിലപ്പോള്‍ ബീഡിയുടെ, മറ്റുചിലപ്പോള്‍ കള്ളിന്റെ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന പുതിയൊരു ഗന്ധം.

ആറു വയസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ രാത്രി അപ്പനെ കാത്തിരുന്നു തുടങ്ങി. അപ്പന്‍ തരുന്ന ഒരു ചോറുരുളയ്ക്ക് വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്. അപ്പന്‍ അത് ഉരുട്ടുന്നത് കാണാന്‍തന്നെ ഒരു ചന്തമുണ്ടായിരുന്നു. അങ്ങനെ ഉരുട്ടിയുണ്ടാക്കിയ ഉരുള എന്റെ ഉള്ളംകൈയില്‍ വെച്ചുതരും. ആ ഉരുളയ്ക്ക് ഞാന്‍ സ്വയം ഉണ്ണുന്ന ചോറിനേക്കാള്‍ സ്വാദുണ്ടായിരുന്നു. അപ്പന് മണം മാത്രമല്ല സ്വാദുമുണ്ട് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.

വയറുനിറച്ചുണ്ട് ഒരു ബീഡി വലിച്ചുകഴിഞ്ഞാല്‍ അപ്പനില്‍ പുതിയൊരു ഊര്‍ജം നിറയും. പിന്നെ സംസാരമാണ്. സംസാരം എന്നതിനേക്കാള്‍ അതിനെ പ്രസംഗം എന്നു പറയുന്നതായിരിക്കും ശരി.

റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, സോക്രട്ടീസ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവയെല്ലാമാണ് അപ്പന്റെ ഈ രാത്രിപ്രസംഗത്തിന്റെ വിഷയം. അമ്മയും ഞങ്ങള്‍ എട്ട് മക്കളും എല്ലാം കേട്ടിരിക്കും. എനിക്കൊന്നും മനസ്സിലായിരുന്നില്ല. അപരിചിതമായ കുറേ വാക്കുകള്‍. അവ പറയുമ്പോള്‍ അപ്പനുള്ള ആവേശം. അതെന്നെ അത്ഭുതപ്പെടുത്തി. സുഖമായി കിടന്നുറങ്ങേണ്ട സമയത്ത് അപ്പനിങ്ങനെ ആവേശപ്പെടുന്നതിലെ പൊരുള്‍ എനിക്ക് പിടികിട്ടിയതേയില്ല. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ മനസ്സിലായി-എന്റെ അപ്പന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്.

കള്ളുകുടിച്ചുവരുന്ന ദിവസം അപ്പന്റെ പ്രസംഗത്തിന് അല്പം വീര്യം കൂടും. ശുദ്ധമായ കമ്യൂണിസത്തില്‍ ശുദ്ധമായ കള്ള് കലര്‍ന്നാലുള്ള അവസ്ഥ അപ്പനിലൂടെ ഞാന്‍ നേരിട്ടുകണ്ടു. അതെനിക്കിഷ്ടവുമായിരുന്നു. കമ്യൂണിസ്റ്റ് മാത്രമായാല്‍ പോരാ, കള്ളുകുടിച്ച് മരനീരിന്റെ മണംകൂടിയായാലേ അപ്പന്‍ അപ്പനാവൂ എന്നെനിക്ക് ബോധ്യമായി.

അപ്പന്‍ എത്രവരെ പഠിച്ചു എന്ന കാര്യം പിന്നീട് ഞാന്‍ ചോദിച്ച് മനസ്സിലാക്കി. ആറാം ക്ലാസ് കഴിഞ്ഞിട്ടില്ല. എന്നിട്ടും അപ്പന്‍ വിപ്ലവങ്ങളെക്കുറിച്ചും വലിയ മനുഷ്യരെക്കുറിച്ചും സംസാരിക്കുന്നു! കവിതകള്‍ പലതും കാണാപ്പാഠം ചൊല്ലുന്നു! കൂടല്‍മാണിക്യ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പറഞ്ഞുതരുന്നു! ഗൗരവമുള്ള നാടകങ്ങള്‍ കണ്ടുവന്ന് കഥ പറഞ്ഞുതരുന്നു! ഇരിങ്ങാലക്കുടയിലെ 'മഹാത്മാ റീഡിങ്‌റൂം' ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസമില്ലാഞ്ഞിട്ടും അപ്പന് അറിവുകളും കമ്യൂണിസ്റ്റാവാനുള്ള കരുത്തും നല്‍കിയത്.

ഞായറാഴ്ച പോയി അപ്പന്‍ എല്ലാ പത്രങ്ങളും വായിക്കും. വായിച്ച കാര്യങ്ങള്‍ ഇരിങ്ങാലക്കുട പാര്‍ക്കില്‍ ചെന്നിരുന്ന് സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യും. ഈ ചര്‍ച്ച കൂടിയായപ്പോള്‍ സ്വത
വേതന്നെ സരസനായ അപ്പന് കാര്യങ്ങളെപ്പറ്റി നല്ല ഗ്രാഹ്യവും അവ വെടിപ്പോടെ പറയാനുള്ള സംഭാഷണചാതുരിയുമുണ്ടായി.

ഒരുദിവസം ആദ്യമായി അപ്പന് ഉച്ചഭക്ഷണം കൊണ്ടുപോയിക്കൊടുക്കാന്‍ അമ്മ എന്നെ അയച്ചു. അന്നാണ് ഞാന്‍ അപ്പന്റെ കട ആദ്യമായി കാണുന്നത്. പലചരക്ക്, സാരി, ബ്ലൗസ് തുണി, സ്റ്റേഷനറി തുടങ്ങി ഒരു ഗ്രാമത്തിനുവേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം അപ്പന്റെ കടയില്‍ കിട്ടുമായിരുന്നു. കടയുടെ പുറംതിണ്ണയില്‍ ബീഡിതെറുപ്പുകാര്‍ ഇരിപ്പുണ്ട്. കച്ചവടം കുറവാണ്. ഇനി ഉണ്ടെങ്കില്‍ത്തന്നെ അതില്‍ അപ്പന് വലിയ താത്പര്യവുമില്ലായിരുന്നുവെന്ന് എനിക്ക് ആദ്യ ദിവസം അവിടെ ചെന്നപ്പോള്‍തന്നെ മനസ്സിലായി. ബീഡിതെറുപ്പുകാരുമായുള്ള രാഷ്ട്രീയചര്‍ച്ചയാണ് അവിടത്തെ പ്രധാന കലാപരിപാടി. അപ്പനാണ് സംസാരിക്കുക. ബാക്കിയുള്ളവര്‍ 'സ്വന്തം ജോലിചെയ്തുകൊണ്ട്' കേട്ടിരിക്കും. ഇടയ്ക്കിടെ അപ്പന്‍ പറയും 'അമേരിക്ക ചെയ്തത് ശരിയായില്ല. റഷ്യയെ കണ്ടുപഠിക്കണം...' 'അത് വറീത് ചേട്ടന്‍ പറഞ്ഞതാ ശരി.' കേട്ടിരിക്കുന്നവര്‍ സമ്മതിക്കും. അതു കണ്ടുനിന്നപ്പോള്‍ അപ്പന്‍ കട നടത്തുന്നതുതന്നെ കുറേ കമ്യൂണിസ്റ്റുകാരെ ഉണ്ടാക്കാനാണ് എന്നെനിക്കു തോന്നി.

വൈകുന്നേരം അഞ്ചര കഴിയുന്നതോടെയാണ് കടയില്‍ തിരക്കു തുടങ്ങുക. ആ സമയത്താണ് ഞാന്‍ അപ്പനെ ഏറ്റവും വിഷാദവാനായി കണ്ടിട്ടുള്ളത്. കാരണം, കമ്യൂണിസപ്രസംഗം മുടങ്ങും. വാങ്ങാന്‍ വരുന്നവരെല്ലാം കൂട്ടത്തോടെ വരുന്നതുകൊണ്ട് അവരോട് ഒന്നും പറയാന്‍ പറ്റില്ല. 'ഇവര്‍ക്കൊക്കെ ഒന്ന് ഒറ്റയ്ക്ക് വന്നാലെന്താ?' എന്നായിരിക്കും അപ്പോള്‍ അപ്പന്റെ മുഖത്തെ ഭാവം.

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പീടികയുടെ പലക നിരത്തിയിട്ട് അപ്പനൊന്ന് മയങ്ങും. ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും. വല്ലപ്പോഴും ഒരു ബസ് കടന്നുപോകും. ഒരുതവണ അങ്ങനെയിരിക്കുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കൊണ്ടുവെച്ച ഓലപ്പടക്കം എന്റെ ശ്രദ്ധയില്‍പ്പെട്ടു. 'പതുക്കെ പൊട്ടണേ' എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അതില്‍ ഒന്നെടുത്ത് കത്തിച്ചു. അത് ഉറക്കെത്തന്നെ പൊട്ടി. അപ്പന്‍ ഉണര്‍ന്നു. എന്റെ ചെവിക്കു പിടിച്ച് പടക്കപ്പാക്കറ്റ് മാറ്റിവെച്ചു. സാധ്യമല്ലാത്ത കാര്യത്തിനുവേണ്ടി പ്രാര്‍ഥിച്ചിട്ടും കാര്യമില്ല എന്നെനിക്ക് അന്ന് മനസ്സിലായി.
അന്ന് വൈകുന്നേരം വീട്ടില്‍വന്ന് അപ്പന്‍ ഈ സംഭവം പറഞ്ഞു. 'ഞാന്‍ ഉറങ്ങുമ്പോള്‍ ഇവന്‍ പടക്കം പൊട്ടിച്ചു' എന്നല്ല പറഞ്ഞത്. മറിച്ച്, 'കച്ചവടം നടത്തുമ്പോള്‍ പടക്കം പൊട്ടിച്ചു' എന്നാണ്. മറ്റെല്ലാ കാര്യവുമെന്നപോലെ അല്പം നുണപറയാനും ഞാന്‍ അപ്പനില്‍നിന്നു തന്നെയാണ് പഠിച്ചത്.

നിശ്ശബ്ദനായ കമ്യൂണിസ്റ്റുകാരനായിരുന്നു അപ്പന്‍. ജാഥകള്‍ക്കൊന്നും പോവില്ല. സമ്മേളനങ്ങള്‍ക്ക് പോയി ദൂരെനിന്ന് പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കും, തിരിച്ചുപോരും. കേട്ട പ്രസംഗത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായം വീട്ടിലും സുഹൃത്തുക്കളോടും പറയും. അവിടെത്തീര്‍ന്നു. രാഷ്ട്രീയജ്വരമുണ്ടായിരുന്നെങ്കിലും അപ്പന് ഒരിക്കലും വിവേകം നഷ്ടപ്പെട്ടിരുന്നില്ല. പള്ളിയില്‍ പോവും. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുരിശുവരയ്ക്കും.

റഷ്യ അപ്പനെന്നും ഒരു ആവേശമായിരുന്നു. റഷ്യയിലെ കമ്യൂണിസത്തെയും പള്ളിയെയും ബന്ധിപ്പിച്ച് അപ്പന്‍ പല കഥകളും പറയും. അതില്‍ ഒന്നിതായിരുന്നു: സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് അച്ചന്മാരെ കൊന്ന് തള്ളിയിരുന്നു. വീഞ്ഞ് നിരോധിച്ചതോടെ ശേഷിച്ച അച്ചന്മാര്‍ക്ക് കുര്‍ബാന മുടങ്ങി. അപ്പോള്‍ യൂറോപ്പില്‍ നിന്ന് വലിയ മത്തങ്ങയില്‍ വീഞ്ഞ് നിറച്ച് റഷ്യയിലേക്ക് കടത്തിയിരുന്നുവത്രേ. വീഞ്ഞുള്ള മത്തനുമേല്‍ ഒരു അടയാളമുണ്ടാകും. അച്ചന്മാര്‍ അത് നോക്കി വാങ്ങും; കുര്‍ബാന കൂടും. നാട്ടിലെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ ഒരച്ചന്‍ ഇതു പറഞ്ഞപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് ചോദിച്ചു: എന്തിനാണച്ചോ തിരുരൂപത്തിനു മുന്നില്‍ നിന്ന് ഇങ്ങനെ നുണ പറയുന്നത്?' അതുപറഞ്ഞ് അപ്പന്‍ പൊട്ടിച്ചിരിക്കും. ഇത് ഞാനൊരു പരീക്ഷാ പേപ്പറിലെഴുതി. അങ്ങനെ എല്ലാ തരത്തിലും അപ്പന്‍ എനിക്കൊരു പാഠപുസ്തകമായി.

ട്രാക്ടര്‍ നാട്ടില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അതിനെ എതിര്‍ത്തിരുന്നു. 'നിങ്ങളിപ്പറയുന്നത് ശരിയല്ല' എന്ന് അന്ന് അപ്പന്‍ സഖാക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആര് പറയുന്നതും അപ്പന്‍ കേള്‍ക്കുമായിരുന്നു. ആരെഴുതിയതും വായിക്കുമായിരുന്നു. പക്ഷേ, അഭിപ്രായങ്ങളും തീരുമാനങ്ങളും സ്വന്തമായിരുന്നു.
ചില ദിവസങ്ങളില്‍ രാത്രിഭക്ഷണം കഴിഞ്ഞാല്‍ അടുത്ത വീട്ടിലെ കുട്ടാപ്പുമൂശാരി, നാരായണന്‍കുട്ടി മൂശാരി, ചാത്തുമാഷ് എന്നിവരെയുംകൂട്ടി ഒരു അരിക്കന്‍ ലാംപിന്റെ വെളിച്ചത്തില്‍ അപ്പന്‍ എങ്ങോട്ടോ പോകും. ആ ദിവസങ്ങളിലൊക്കെ അമ്മയുടെ നെഞ്ചില്‍നിന്നും ഒരു നേര്‍ത്ത വിതുമ്പല്‍ അടുത്തുകിടക്കുന്ന എനിക്കു കേള്‍ക്കാന്‍ സാധിക്കുമായിരുന്നു. ഒരുദിവസം ഞാന്‍ ചോദിച്ചു:
എന്തിനാ കരയണെ?
ഒന്നൂല്യ. ഒന്നൂല്യ. ഒരു വേദന
അമ്മ പറഞ്ഞു. പിന്നീട് പലതവണ ഞാന്‍ ആ കരച്ചില്‍ കേട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസുകളിലേക്കായിരുന്നു ആ രാത്രികളില്‍ അപ്പന്‍ പോയിരുന്നത് എന്ന് വളര്‍ന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.

സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തിലെ കഷ്ടകാലം തുടങ്ങിയത്. ആ കഷ്ടകാലത്താണ് അപ്പന്‍ എന്ന വലിയ മനുഷ്യനെ ഞാന്‍ ഏറ്റവുമധികം തിരിച്ചറിഞ്ഞതും അടുത്തറിഞ്ഞതും.

ഞങ്ങള്‍ എട്ട് മക്കളായിരുന്നു: കുര്യാക്കോസ്, സെലീന, പൗളീന്‍, സ്റ്റാനി സിലാവോസ്, ഇന്നസെന്റ്, വെല്‍സ്, ലിന്‍ഡ, ലീന. ഇതില്‍ ഞാനൊഴിച്ച് എല്ലാവരും നന്നായി പഠിക്കുന്നവരും, പഠിച്ച് വലിയവരാകണമെന്ന മോഹവും വാശിയുമുള്ളവരുമായിരുന്നു. പ്രത്യേകിച്ച് കുര്യാക്കോസും വെല്‍സും. വീട്ടിലാവുമ്പോഴും കൂട്ടുകൂടുമ്പോഴും അവര്‍ക്ക് നിറയെ പഠനകാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും. എന്നാല്‍ എപ്പോഴും പിന്‍ബെഞ്ചിലായിരുന്ന, ഓരോ ക്ലാസിലും പലതവണ തോറ്റിരിക്കുന്ന എനിക്കു മാത്രം ഒന്നും പറയാനുണ്ടാവില്ല. ആ തരത്തില്‍ ഒരു ഒറ്റപ്പെടല്‍ ചെറുപ്പത്തിലേ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ തോറ്റുപോകുന്നതില്‍ അമ്മ വല്ലാതെ സങ്കടപ്പെട്ടു. ചിലപ്പോള്‍ ദേഷ്യപ്പെട്ടു. അപ്പന്‍ മാത്രം എന്തുകൊണ്ടോ ഒന്നും പറഞ്ഞില്ല. ഈ മൗനം കാരണം പലപ്പോഴും അപ്പനും അമ്മയുടെ വഴക്കു കേള്‍ക്കേണ്ടിവന്നു.

ക്ലാസില്‍ പഠിപ്പിക്കുന്നതെല്ലാം ഏതൊരു വിദ്യാര്‍ഥിയേയുംപോലെ എനിക്കും മനസ്സിലായിരുന്നു. പക്ഷേ, അവ എന്റെ തൊലിപ്പുറത്ത് തൊട്ടുനിന്നതേയുള്ളൂ. എന്തുകൊണ്ടോ അവയൊന്നും വലിയ ഗൗരവമുള്ള കാര്യമായി എനിക്ക് തോന്നിയതുമില്ല. അതിനു കാരണമെന്താണെന്ന് പലതരത്തില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട്. പരിഹാരം കാണാന്‍ പറ്റുന്നതാണെങ്കില്‍ അമ്മയുടെ സങ്കടവും അപ്പന്റെ നാണക്കേടും മാറ്റാമല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ ഇന്നും എനിക്കതിന് ഉത്തരം ലഭിച്ചിട്ടില്ല.
നിരന്തരമായി ഞാന്‍ തോറ്റുകൊണ്ടിരുന്നു. കൂടപ്പിറപ്പുകളും കൂടെയുള്ളവരും തിരിഞ്ഞുനോക്കാതെ മുന്നോട്ടുപോയി, ഏറെദൂരമെത്തി. അമ്മയുടെ കരച്ചില്‍ കനത്തു.
ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് ബീഡി വലിച്ചുകൊണ്ട് അപ്പന്‍ മുറ്റത്ത് നടക്കുകയാണ്. പാതി ബീഡി പുകഞ്ഞുതീര്‍ന്നപ്പോള്‍ അപ്പന്‍ പറഞ്ഞു:
ഇന്നസെന്റേ, ഇനി നീ പഠിക്കണ്ട.
ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പന്‍ തുടര്‍ന്നു.
ഇത്രയും കാലമായില്ലേ നീ പഠിക്കുന്നു. ഇനിയും നീ പഠിപ്പ് തുടര്‍ന്നാല്‍ നിന്റെ താഴെയുള്ള അനിയന്‍ നിന്റെ ക്ലാസില്‍ വരും. നിങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്. അത് നിനക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?
അതിനെന്താ അപ്പാ, ഒരു വീട്ടില്‍ ഒന്നിച്ചുജീവിക്കുന്നവര്‍ക്ക് ക്ലാസില്‍ ഇത്തിരിനേരം ഒരുമിച്ചിരിക്കാന്‍ എന്താ വിഷമം?
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് അപ്പന്‍ ചിരിച്ചു. പിറ്റേന്ന് അത് കൂട്ടുകാരോട് പറഞ്ഞു. അവര്‍ എന്നെ അഭിനന്ദിച്ചു. പക്ഷേ, ആ തമാശയ്ക്കപ്പുറം എന്റെ പഠിപ്പ് നിന്നു.
സ്‌കൂള്‍ പഠിപ്പ് നിലച്ചതില്‍ എനിക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല. പുതിയ പ്രഭാതങ്ങളും പകലുകളുമായിരുന്നു എന്നെ കാത്തിരുന്നത്. സഹോദരങ്ങളെല്ലാം രാവിലെ സ്‌കൂളില്‍ പോകാനുള്ള തിരക്കിലായിരിക്കും. അമ്മ അടുക്കളയില്‍ അവര്‍ക്ക് ഭക്ഷണമൊരുക്കി സമയത്തിന് പറഞ്ഞയയ്ക്കാന്‍വേണ്ടി പുകഞ്ഞുകൊണ്ടിരിക്കും. ഇക്കൂട്ടത്തില്‍ എനിക്കൊരു റോളുമുണ്ടായിരുന്നില്ല. എനിക്കെങ്ങോട്ടും പോവാനില്ല. എന്നെയാരും കാത്തുനില്‍ക്കുന്നില്ല. ആരോടും ഒന്നും പറയാനുമില്ല.
പഠനം നിര്‍ത്തിയതിന്റെ പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഞ്ഞി കുടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ചുറ്റുമിരിക്കുന്നവരെല്ലാം വീടിന് ഇന്നല്ലെങ്കില്‍ നാളെ ഗുണം ചെയ്യുന്നവരാണ്. എന്നെക്കൊണ്ടെന്താണ് കാര്യം? അതോര്‍ത്തപ്പോള്‍ എനിക്ക് കഞ്ഞി കയ്ച്ചു.

പിന്നെപ്പിന്നെ ഒന്നിച്ചുള്ള പ്രഭാതഭക്ഷണത്തില്‍നിന്നും ഞാന്‍ പതുക്കെപ്പതുക്കെ ഒഴിഞ്ഞുമാറി. എല്ലാവരും പോയി തിരക്കൊഴിഞ്ഞ ഏതെങ്കിലും സമയത്ത് ചെന്നിരുന്ന് കഴിക്കും. എന്റെ ഒറ്റപ്പെടല്‍ തീവ്രമാകുകയായിരുന്നു.

അപ്പോഴേക്കും അപ്പന്‍ മാപ്രാണത്തെ കട വിറ്റിരുന്നു. കഷ്ടിച്ച് ജീവിച്ചുപോന്നിരുന്ന ഞങ്ങളുടെ വലിയ കുടുംബത്തിലേക്ക് പതുക്കെ പട്ടിണി ഇടയ്ക്കിടെ വന്നുപൊയ്‌ക്കൊണ്ടിരുന്നു. മൂത്ത ജ്യേഷ്ഠന്‍ കുര്യാക്കോസിന്റെ മെഡിസിന്‍ പഠനം ഒരു കസിന്‍ ഏറ്റെടുത്തു. വീട്ടില്‍ അവിടവിടെ ഇരുട്ട് വീണുതുടങ്ങി.

പകല്‍ എനിക്ക് എങ്ങോട്ടും പോവാനില്ല. ഒന്നും ചെയ്യാനുമില്ല. വിരുന്നുവരുന്ന ബന്ധുക്കളോടും അയല്‍ക്കാരോടുമെല്ലാം അമ്മയ്ക്ക് എന്റെ അവസ്ഥമാത്രമേ പറയാനുള്ളൂ. പറഞ്ഞുതുടങ്ങുന്നത് മറ്റെന്തെങ്കിലും കാര്യമാണെങ്കിലും അത് ചെന്ന് അവസാനിക്കുക എന്നിലായിരിക്കും. ഇതുകാരണം അമ്മ മറ്റെന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കും. എന്റെ കാര്യത്തിലെത്തുമ്പോഴേക്കും കഴിച്ചെഴുന്നേല്‍ക്കുകയും ചെയ്യും. പക്ഷേ, ഇത് അമ്മയ്ക്ക് മനസ്സിലായി. പിന്നെ എന്തുകാര്യം പറഞ്ഞുതുടങ്ങിയാലും അമ്മ പെട്ടെന്ന് എന്റെ കാര്യത്തിലേക്കെത്തും. അവിടെയും ഞാന്‍ തോറ്റു.

ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പകല്‍സമയങ്ങളില്‍ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിത്തുടങ്ങി. ഏതെങ്കിലും കടത്തിണ്ണയില്‍ ചെന്നിരിക്കും. എന്തെങ്കിലുമൊക്കെ പറയും. പതുക്കെപ്പതുക്കെ എനിക്കൊരു കാര്യം മനസ്സിലായി. സ്‌കൂളിനും വീട്ടിനും ആവശ്യമില്ലെങ്കിലും ഈ അങ്ങാടിക്ക് എന്നെ വേണം. എന്റെ സംസാരം കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു. പിന്നെപ്പിന്നെ ഞാന്‍ അങ്ങാടിയിലെത്തുമ്പോഴേക്കും ഓരോ കടക്കാരനും വിളിച്ചുതുടങ്ങും: ഇന്നസെന്റേ ഇങ്ങോട്ടുവാ, ഇവിടെ... പറയുന്ന തമാശയ്ക്കു പകരമായി അവര്‍ എനിക്ക് ചായയും സിഗരറ്റും വാങ്ങിത്തരും. മറ്റൊന്നുമില്ലെങ്കിലും എന്റെ കൈയില്‍ ഫലിതമുണ്ട് എന്നും അതിന് ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കും എന്നും എനിക്ക് മനസ്സിലായത് ഇരിങ്ങാലക്കുടയിലെ ഈ കടത്തിണ്ണകളിലും സദസ്സുകളിലും വെച്ചായിരുന്നു.

പകല്‍ അങ്ങാടി തണലും താവളവുമായെങ്കിലും ഉച്ചയ്ക്ക് വീണ്ടും ഞാന്‍ ഉഷ്ണിച്ചു തുടങ്ങും. ഊണു കഴിക്കണം; വീടേ ഗതിയുള്ളൂ. ഒറ്റപ്പെട്ടു നടക്കുന്ന എനിക്ക് ഒന്നിച്ചിരുന്നുണ്ണാന്‍ മനസ്സുവന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് ഞാന്‍ അടുക്കളയില്‍ നിന്നും വലിയും. എല്ലാവരും ഉണ്ടുകഴിഞ്ഞാല്‍ വന്നിരുന്ന് കഴിക്കും.
അപ്പന് മാത്രമേ എന്റെ അവസ്ഥ മനസ്സിലായുള്ളൂ. ഊണുകഴിക്കാറായാല്‍ അപ്പന്‍ ചോദിക്കും:
ഇന്നസെന്റെവിടെ?
ഇവിടെവിടെയോ ഉണ്ട്, അമ്മ പറയും.
അവന്‍ വരട്ടെ, എനിക്ക് പറമ്പില്‍ ഇത്തിരി പണിയുണ്ട്.
അപ്പന്‍ എഴുന്നേറ്റുകൊണ്ട് പറയും. പിന്നെ കയറിവരിക, ഞാന്‍ തനിച്ച് ഊണുകഴിക്കാനിരിക്കുമ്പോഴാണ്. പഠിപ്പില്ലെങ്കിലും ഞാന്‍ അങ്ങനെ ഒതുങ്ങിപ്പോകരുത് എന്ന് അപ്പന് നിര്‍ബന്ധമായിരുന്നു. ഒരു പിതാവ് ആരാണെന്നും ജനിപ്പിച്ചാല്‍ മാത്രം പിതാവാകില്ലെന്നുമുള്ള സത്യം അപ്പന്‍ എനിക്ക് മനസ്സിലാക്കിത്തരികയായിരുന്നു.
എന്റെ പഠനം നിലച്ചത് കുടുംബസദസ്സുകളിലും ചര്‍ച്ചാവിഷയമായിത്തുടങ്ങി. ഒരു പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍ ആരോ ചോദിച്ചു:
ഇന്നസെന്റേ പഠിപ്പു നിര്‍ത്തിയതില്‍ നിനക്ക് സങ്കടമില്ലേ?
എന്തിനാ സങ്കടപ്പെടണേ? ഒരുവിധമെല്ലാം പഠിച്ചുകഴിഞ്ഞു എന്ന് എനിക്ക് തോന്നിയപ്പോഴാണ് ഞാന്‍ പഠിപ്പു നിര്‍ത്തിയത്. മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നാത്തതുകൊണ്ട് അവര്‍ പഠനം തുടരുന്നു. എന്റെ മറുപടി കേട്ടപ്പോള്‍ അപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു:
ഇവനാ എന്റെ മോന്‍. നിങ്ങളാരെങ്കിലുമാണ് ഇങ്ങനെ പഠിക്കാതായതെങ്കില്‍ ഈ മറുപടി വരില്ല. അന്ന് അപ്പന്‍ അല്‍പ്പം കൂടുതല്‍ മദ്യപിച്ചിരുന്നു. പക്ഷേ, ആ വാക്കുകളിലെ സ്‌നേഹത്തിനും വിശ്വാസത്തിനും കഴിച്ച മദ്യത്തേക്കാള്‍ പതിന്മടങ്ങ് ലഹരിയായിരുന്നു.

ഒന്നും ചെയ്യാനില്ലാതിരിക്കുന്ന ഈ കാലത്താണ് എന്നില്‍ നാടകക്കമ്പം കത്തിപ്പിടിക്കുന്നത്. അപ്പന്റെ കൂടെ പാര്‍ട്ടിനാടകങ്ങള്‍ കാണാന്‍ പോയതിന്റെ സ്വാധീനമാകാം ഇതിനു കാരണം. പകല്‍ മുഴുവന്‍ വീട്ടിലും അങ്ങാടിയിലുമായി കഴിയുന്ന ഞാന്‍ രാത്രി നാടകം കാണാന്‍ പോകും. പാതിരാത്രികഴിഞ്ഞാണ് തിരിച്ചുവരിക. ഒരു കള്ളനെപ്പോലെ പിന്‍വാതിലിലൂടെ കയറിക്കിടന്നുറങ്ങും. ആരും എന്നെക്കാണില്ല. ഇരുട്ടിന്റെ സുഖവും സൗഹൃദവും ഞാന്‍ അന്ന് അറിഞ്ഞു, അനുഭവിച്ചു.

ഒരു ദിവസം രാത്രി ഞാന്‍ നാടകം കഴിഞ്ഞ് വരികയാണ്. ഇരുട്ടിന്റെ മറപിടിച്ച് പതുക്കെ പിന്‍വശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂമുഖത്ത് ഒരു നിഴല്‍ കണ്ടത്. അപ്പനാണ്. ചാരുകസേരയില്‍ കിടക്കുന്നു. ഇത്രവൈകിയിട്ടും അപ്പന്‍ ഉറങ്ങാതെയിരിക്കുന്നതില്‍ എനിക്കെന്തോ പിശകുതോന്നി. ഇവിടെത്തന്നെയുണ്ടായിരുന്നു എന്ന് തോന്നിക്കോട്ടെ എന്നു കരുതി ഞാന്‍ ഷര്‍ട്ടൂരി മുണ്ടിന്റെ മടിക്കുത്തിലിട്ട്, പതുങ്ങി നിന്നു.

ഡോ മാഷേ, ഒന്നിവടെ വര്ാ പെട്ടെന്നായിരുന്നു അപ്പന്‍ വിളിച്ചത്. ഞാന്‍ ഞെട്ടിപ്പോയി. പതുങ്ങിപ്പതുങ്ങി മുന്നിലേക്കുചെന്നുനിന്നു. അപ്പന്റെ മുന്നിലെത്തിയതും മടിക്കുത്തഴിഞ്ഞ് ചുരുട്ടിവെച്ചിരുന്ന ഷര്‍ട്ട് നിലത്തുവീണു. ഞാന്‍ വിയര്‍ത്തു. അപ്പോള്‍ അപ്പന്‍ പറഞ്ഞു:

പേടിക്കേണ്ട, വേറൊന്നിനുമല്ല, വല്ലപ്പോഴുമെങ്കിലും നിന്റെ മുഖം കണ്ടില്ലെങ്കില്‍ ഞാന്‍ അത് മറന്നുപോകും.
അത് പറഞ്ഞുകഴിഞ്ഞ അടുത്ത നിമിഷം അപ്പന്‍ അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. എനിക്കുറപ്പാണ് ആ അടഞ്ഞ വാതിലിനപ്പുറം നിന്ന് ആരും കാണാതെ അപ്പന്‍ കരഞ്ഞിരിക്കും. അന്ന് രാത്രി ഞാനും കരഞ്ഞു.

ഞാന്‍ അപ്പനെ കരയിച്ചു; അപ്പന്‍ എന്നെയും.
(ചിരിക്ക് പിന്നില്‍ എന്ന പുസ്തകത്തില്‍ നിന്ന്)