
വീട്ടീന്ന് പുറത്തേക്കിറങ്ങണോ വേണ്ടയോ എന്നും, ഐപാഡ് മുതല്‍ ഐ ഡ്രോപ്‌സ് വാങ്ങാനും വരെ ഗൂഗിളമ്മച്ചിയോട് അനുവാദം വാങ്ങുന്നതല്ലേ ഇപ്പോ നാട്ടു നടപ്പ്. ആ പുതു സമ്പ്രദായമനുസരിച്ച് നെറ്റില്‍ ആറളമെന്നു കൊടുത്തപ്പോ കിട്ടിയ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തൊട്ടടുത്തായിരുന്നിട്ടും ഈ സ്ഥലത്തെ ഇത് വരെ മൈന്‍ഡാക്കാത്തതില്‍ തോന്നിയ വിഷമം ചെറുതല്ല. അത് പിന്നെ മലയാളിയുടെ മുറ്റം, മുല്ല, മണം എന്നീ മകാരങ്ങള്‍ കൊണ്ട് തന്നെ.
പുഴകളുടെ നാട് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നതെന്നു പഴമക്കാര്‍ പറയുന്നു. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ അചുംബിത സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
കണ്ണൂരില്‍ എവിടെയും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടമോ കാടു പിടിച്ച സ്ഥലമോ കണ്ടാല്‍ അത് ടിപ്പുസുല്‍ത്താന്‍ പൊളിച്ചതാണെന്ന് പറയുന്നൊരു പതിവുണ്ട്. അത് പോലെയാണോ എന്നറിയില്ല, മലബാര്‍ ആക്രമണ കാലത്ത് കക്ഷി ഇവിടെയും എത്തിയതായി ചില ചരിത്ര സാക്ഷ്യങ്ങളില്‍ കാണുന്നുണ്ട്. വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ഭരണത്തിന്‍ കീഴിലായിരുന്നെത്രെ പണ്ട് ആറളം. മഹത്തായ ഒരു പ്രാചീന നാഗരികതയുടെ പിന്‍തുടര്‍ച്ചക്കാരായിരുന്ന കുറിച്യര്‍, പണിയര്‍, മലയര്‍ എന്നീ തദ്ദേശീയരെ പിന്തള്ളി ഇവിടേക്കു കുടിയേറ്റം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.

ഡിസംബര്‍-ജനവരി മാസങ്ങളില്‍ നടക്കുന്ന ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും
ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകര്‍ഷിക്കുന്നു. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. ഇവ കുടക്മല നിരകളില്‍ നിന്നും പുറപ്പെട്ട് വയനാടന്‍ കാടുകള്‍ വഴി കടന്നു പോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു മിനുട്ടില്‍ 40 മുതല്‍ 140 വരെ ആല്‍ബട്രോസ്സ് ശലഭങ്ങള്‍ പുഴയോരത്തുകൂടെ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
കൂത്തുപറമ്പില്‍ നിന്നും കിറുകൃത്യം പത്ത് മണിക്ക് രണ്ട് ജീപ്പുകളില്‍ പുറപ്പെട്ട് നെടുമ്പൊയില്‍ കാക്കയങ്ങാട് വഴി ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് ഒരു പതിനൊന്നര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിന്‍ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോള്‍ ഫാമിലെത്തി. അവിടെ ജൂണ്‍ മാസത്തില്‍ പോയാല്‍ തെങ്ങ്, മാവ്, പേര, കുരുമുളക്ള്‍ കൊടികള്‍, സപ്പോട്ട തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍ വിലകൊടുത്ത് വാങ്ങാം. അതും കടന്ന് ഞങ്ങള്‍ കാടിന്റെ എന്‍ട്രന്‍സിലെ വനംവകുപ്പ് ഓഫീസിലെത്തി.
അധികൃതരുടെ പെര്‍മിഷനും ഗൈഡിനെ കിട്ടാനുമായി കാത്തിരിക്കുമ്പോള്‍ ധാരാളം പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാത്തതിനാല്‍ അകത്തേക്ക് പോകാനാവാതെ നില്‍ക്കുന്നത് കണ്ടു. ഫോണില്‍ ബുക്ക് ചെയ്ത് ഫോര്‍വീല്‍ ജീപ്പുമായി ചെന്നാലേ അകത്തേക്ക് കടത്തി വിടൂ. കാട്ടാന ഇറങ്ങുന്നത് കൊണ്ട് യാതൊരു റിസ്‌കിനും അധികൃതര്‍ ഒരുമ്പെടില്ല. തദ്ദേശവാസികളായ ആദിവാസി സ്ത്രീ/പുരുഷന്‍മാരാണ് ഗൈഡുകളായി വര്‍ക്ക് ചെയ്യുന്നത്. 150 രൂപയാണ് അവരുടെ കൂലി. അകത്തേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 15 രൂപയും. ഉച്ച ആയതിനാല്‍ ഗൈഡുമാരെ കിട്ടാഞ്ഞ് ചിലര്‍ കാടു കാണാതെ മടങ്ങുന്നുണ്ടായിരുന്നു. വെറുതെ ചുറ്റും നോക്കിയപ്പോള്‍ കുളക്കടവിലേക്കെന്നോണം കുറെ പെണ്‍കിടാങ്ങള്‍ കൂളായി പുഴയിലേക്ക് നടക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടു. ഈ ഒളിക്യാമറാ കാലത്ത് എങ്ങോട്ടാ ഓപ്പണ്‍ ബാത്തിന് എന്നു ഞങ്ങളില്‍ ചിലരുടെ അമ്മമനസ്സ്.

വന്യജീവികളെ കാണുമെന്ന അമിത പ്രതീക്ഷ വേണ്ടെന്ന വനം വകുപ്പ് ഉദ്യോഗസ്ഥനും ബ്ലോഗറുമായ വിധുചോപ്രയുടെ വാക്കുകളാണ് 'കാടെവിടെ? ആനയെവിടെ? ബ്ലോഗറേ..' എന്ന ബിന്‍സിയുടെ നിലവിളി അടക്കിയത്. വാഹനങ്ങളുടേയും ആളുകളുടേയും ബഹളം കേട്ടിട്ടും 'ഇതാ എന്നെ കണ്ടോളൂ ' എന്നു പറയാന്‍ വന്യ ജീവികളുടെ റിയാലിറ്റി ഷോ ഇല്ലെന്ന് ! പോകുന്ന വഴിയില്‍ ആകെ വളഞ്ഞു പിരിഞ്ഞു വിചിത്രാകൃതിയില്‍ നില്‍ക്കുന്ന കുറെ മരങ്ങള്‍. അതാണ് ചീനിമരം.
വള്ളമുണ്ടാക്കാന്‍ ബെസ്റ്റാണത്രേ. ഒരുപാടുയരത്തില്‍ വളരുന്നത് കൊണ്ട് ഒടിഞ്ഞു പോകാതിരിക്കാന്‍ വേണ്ടി കാറ്റിന്റെ ദിശയ്ക്കനുസരിച്ച് രൂപപ്പെടുന്നതാണത്രെ അതിന്റെ ഷെയ്പ്പ്. കാട്ടുജീവികളെ കാണാനുള്ള ഞങ്ങളുടെ കാത്തിരിപ്പിന് ഒടുക്കം വേഴാമ്പല്‍ തന്നെ കനിയേണ്ടി വന്നു. മരക്കൊമ്പുകളില്‍ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങള്‍ക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്നു, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്‍കിടാവിനെപ്പോലെ ചില അരുവികള്‍.
കാട്ടിലൂടെയുള്ള ജീപ്പ് യാത്ര ശരീരത്തിലെ സകല പാര്‍ട്‌സും ഇളക്കും വിധം ബഹളമാനം. ഇത്തിരിപ്പോന്ന കുട്ടികളൊക്കെ തുള്ളിത്തുളുമ്പി. തൊട്ടുമുന്നില്‍ പുട്ടുകുറ്റിയില്‍ നിന്നിറക്കിയ ആവിപാറുന്ന പുട്ടു പോലത്തെ ആനപ്പിണ്ടം കാണും വരെ അവര്‍ ഒച്ചപ്പാടു തന്നെ. പിന്നെ, ഏതു നിമിഷവും ഒരു കരിവീരനെ കാണുമെന്ന ഭീതി കണ്ണില്‍ നിറച്ച് യാത്ര തുടര്‍ന്നു. ഭ്രമരം പടത്തില്‍ ലാലേട്ടന്റെ ജീപ്പ് യാത്ര പോലെയുണ്ട് എന്നാരോ ഓര്‍മ്മിപ്പിച്ചു. ചിലയിടങ്ങളില്‍ കൊടും കാടിനു നടുവിലൂടെയും ചിലയിടങ്ങളില്‍ അഗാധമായ കൊക്കയുടെ സമീപത്തൂടെ ഫുള്‍ റിസ്‌കെടുത്തും. പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളില്‍ വാത്സല്യത്തിന്റെ കനിവുറവുമായി ഞങ്ങള്‍ക്കു മുന്നില്‍ കാട് മാത്രം ! ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങള്‍ ! ചിലപ്പോള്‍ നാളെ ശുദ്ധവായു ശ്വസിക്കാനായി മാത്രം ഈ കാട്ടിലേക്ക് ആളുകള്‍ വന്നെന്നുമിരിക്കും.

അതിന്റെ അരികിലൂടെ അടര്‍ന്ന കല്ലുകളില്‍ ചവിട്ടിയും വള്ളികളില്‍ പിടിച്ചും 300 അടിയോളമുള്ള അടിവാരത്തിലേക്ക് ഉത്സാഹത്തോടെ ഓടിയിറങ്ങുന്ന കുട്ടികളുടെ കൂടെ ഞങ്ങളും. ''ഇറക്കം സുഖമാണ്. കയറ്റമാണ്.....' എന്ന അര്‍ദ്ധോക്തിയില്‍ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ചിലര്‍ മടങ്ങുന്നു.
താഴെ പലചാലില്‍ ഒഴുകിയൊടുവില്‍ തലതല്ലി വീഴുന്ന മീന്മുട്ടിയിലേക്ക് പ്രപഞ്ചമാകെ ചുരുങ്ങും പോലെ. ഈയൊരനുഭൂതി ഇതിനു മുന്‍പ് ആതിരപ്പള്ളിയിലാണ് കിട്ടിയിട്ടുള്ളത്. മുഖത്തേക്ക് ചിതറിത്തെറിക്കുന്ന ജലകണങ്ങള്‍. കൈക്കുമ്പിളില്‍ കോരിയെടുത്ത ജലത്തിന്റെ തണുപ്പ് ഏതു ചൂടും ശമിപ്പിക്കും. ഓരം ചേര്‍ന്ന് പാറയില്‍ അള്ളിപ്പിടിച്ച് മീന്‍മുട്ടിയുടെ ഉല്‍ഭവം തേടിയിറങ്ങി ഒരു സംഘം. (മരക്കൊമ്പിലെ വാനരപ്പട പോലും നാണിച്ചു കാണണം.) കയറിക്കയറിയൊടുവില്‍ സ്വര്‍ഗത്തിലെത്തിയെന്ന് കുമാരേട്ടനും ഷമിത്തും. ക്ഷീണിച്ചു നീണ്ട ഏതോ കൈ, കൊണ്ടു പോയ ഭക്ഷണപ്പൊതിയഴിച്ചു. ഒരു കട്‌ലറ്റിനൊക്കെ ഇത്രയും രുചിയാവാമോ എന്നു തോന്നിയ സമയം. രുചികരമായ പലഹാരമൊരുക്കിയ പ്രീതേച്ചിക്ക് ബിലേറ്റഡ് കൃതജ്ഞതാ മലരുകള്‍.
ഇറക്കത്തിനും കയറ്റത്തിനുമിടയിലെവിടെയോ വച്ചാണ് ഉണ്ടായിരുന്ന സകല അഹങ്കാരവും ആവിയായിപ്പോയത്. ഉള്ള കാലുകള്‍ പോരാതെ വടികളില്‍ താങ്ങിയും ആളുകള്‍ എനിക്കു പിറകെയുണ്ട്. വീണ്ടും തുടര്‍ന്ന റോഡ് യാത്ര എണ്‍പത് അടി ഉയരത്തിലുള്ള വാച്ച് ടവറില്‍ അവസാനിച്ചു. കാട്ടു തീയോ മറ്റോ ഉണ്ടോ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാനാണ് കാട്ടിന്റെ നടുവില്‍ ഈ ഇരുമ്പ് പണിത്തരം. പടികയറിച്ചെന്നത് ഏതോ ഒരു മായിക ലോകത്തിലേക്ക്. 'ഞങ്ങളിപ്പോള്‍ എയറിലാണ്'' കുമാരേട്ടന്‍ ആരോടോ ഫോണില്‍ പറയുന്നതു കേട്ടു. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയായിരുന്നു. അങ്ങകലെ കൊട്ടിയൂര്‍ മല. ശരീരമാകെ മേഘമാലകള്‍ വന്ന് മൂടുന്നു. കണ്ണെത്താവുന്നിടത്തോളം കണ്ണുകള്‍ മേഞ്ഞു നടന്നു.
ദൂരെയെവിടെയോ മഴയിരമ്പം കേട്ടപ്പോള്‍ മാത്രമാണ് വീടും നാടും നേരവുമൊക്കെ ഓര്‍ത്തത്. പടികളിറങ്ങുമ്പോള്‍ കാലുകള്‍ക്കൊരു മടി. ആറളം ഫാമിലെ ജീവനക്കാര്‍ ഒരുക്കിത്തന്ന പായസ സഹിതമുള്ള ഊണിനു ശേഷം ഇടിയുടെയും മഴയുടെയും ശിങ്കാരി മേളത്തോടെ മടക്കയാത്ര. പല നിറത്തില്‍, ഭാവത്തില്‍, ചിന്തയില്‍ കാടിനുള്ളിലേക്ക് കയറിപ്പോയ ഞങ്ങള്‍ തിരികെ ഇറങ്ങിയത് ഒരേ ചെമ്മണ്‍ നിറത്തിലായിരുന്നു. വണ്ടിയില്‍ കയറും മുന്നേ ഒരനുഗ്രഹം പോലെ നെറുകയില്‍ മഴത്തുള്ളികള്‍ ! ഇലച്ചാര്‍ത്തുകളില്‍ മഴയുടെ താളം. മണ്ണിന്റെ മാദക ഗന്ധം. ആദ്യാനുരാഗം പോലെ അവാച്യമായി, നവ്യാനുഭൂതിയായി കാട്ടിലെ മഴ. 'ഞാനിവിടെ വീണ്ടും വരും' അടുത്തിരുന്ന് ആരോ അങ്ങനെ എന്റെ കാതില്‍ മന്ത്രിച്ചതു പോലെ..
Text: Sindhu K V