Friday, June 28, 2013

അയാള്‍ ഏകാന്തത വായിച്ചു

കല്പറ്റ നാരായണന്‍

മനുഷ്യന്റെ കഥ മനസ്സ് കൊണ്ട് പറഞ്ഞ ലോഹിതദാസ് ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 28-ന് 4 വര്‍ഷം.

Lohithadas Memories

ലോഹിതദാസിന്റെ ചിത്രങ്ങളെക്കുറിച്ച് ഇന്ത്യാ ടുഡേ ഒരു ഫീച്ചര്‍ തയ്യാറാക്കിയപ്പോള്‍ 'കിരീട'ത്തെക്കുറിച്ചുള്ള കുറിപ്പ് ഞാനാണ് എഴുതിയത്. ലോഹിതദാസാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്ന് അസന്ദിഗ്ധമായി പറയാനാണ് ഞാനാഗ്രഹിച്ചത്. എം.ടി.യേക്കാള്‍, പത്മരാജനേക്കാള്‍, ശ്രീനിവാസനേക്കാള്‍ മികച്ച തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന എന്റെ വാക്യം പക്ഷേ, ഇന്ത്യാ ടുഡേക്കാര്‍ ഒഴിവാക്കി. ഇപ്പോള്‍ മലയാളി വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയ, ഇനിയങ്ങോട്ട് അവര്‍ക്ക് നിസ്സംശയമായ ആ വാക്യം അന്ന് ലോഹിയിരിക്കെ പ്രത്യക്ഷപ്പെടാത്തതില്‍ എനിക്ക് വേദനയുണ്ട്.

സാഹിത്യസാക്ഷരതയോ രാഷ്ട്രീയസാക്ഷരതയോ മലയാളികളില്‍ ചെറിയൊരു വിഭാഗത്തിനേയുള്ളൂ. വേശ്യകളുടെയോ ഭിക്ഷക്കാരുടെയോ കടത്തിണ്ണകളിലുറങ്ങുന്ന അനേകരുടെയോ മുഖ്യമന്ത്രിയല്ല വി.എസ്. വിജയന്റെയോ ശ്രീരാമന്റെയോ മാധവിക്കുട്ടിയുടെയോ അഭാവത്തിന്റെ അര്‍ഥത്തെക്കുറിച്ച് ഭൂരിപക്ഷ മലയാളികള്‍ക്ക് അവ്യക്തമായ ധാരണയേയുള്ളൂ. എന്നാല്‍, സിനിമാസാക്ഷരത കണ്ണും കാതുമുള്ള മലയാളികളില്‍ നൂറുശതമാനത്തിനുമുണ്ട്. ഒരു പട്ടികയിലും പെടാത്തവരും ലോഹിതദാസിന്റെ മരണത്തില്‍ വേദനിച്ചവരുടെ പട്ടികയില്‍പെട്ടു. ആ വേദനിച്ചവര്‍ക്കാവട്ടെ, എന്തിന് വേദനിക്കുന്നു എന്ന് വ്യക്തമായറിയുകയും ചെയ്യാമായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം മലയാളത്തില്‍ ഏറ്റവും ചൈതന്യത്തോടെ ജീവിച്ച ചില മനുഷ്യര്‍ ലോഹിതദാസ് സങ്കല്പിച്ച ചില കഥാപാത്രങ്ങളായിരുന്നു. സ്വന്തം വേവലാതികളേക്കാള്‍ മലയാളികള്‍ ആ കഥാപാത്രങ്ങളുടെ വേവലാതികളില്‍ വിഷമിച്ചു. അവരുടെ ജീവിതത്തെക്കുറിച്ച് അവരേക്കാള്‍ ഒട്ടും മെച്ചമല്ലാത്ത ജീവിതം നയിച്ചവര്‍ ആലോചിച്ച് ക്ലേശിച്ചു. ആ സ്ഥലം മാറ്റം സേതുമാധവന്റെ അച്ഛന് കിട്ടിയിരുന്നില്ലെങ്കില്‍, ആ വീട് വിറ്റുകളഞ്ഞിരുന്നെങ്കില്‍, തൊഴില്‍സാധ്യത ഇത്ര വിരളമല്ലായിരുന്നെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും മുരളിയും ഇത്ര വലിയ ജീവിതങ്ങള്‍ ജീവിക്കുമായിരുന്നില്ല. ലോഹിതദാസിന്റെ ശവസംസ്‌കാരദിവസം ലക്കിടിയില്‍ ലാല്‍, മമ്മൂട്ടി, ദിലീപ് എന്നെല്ലാം കൂടിനില്ക്കുന്നവരുടെ ആകൃതിതെറ്റിച്ച് പുതിയ പുതിയ തിരക്കുകളുണ്ടായപ്പോള്‍ ആ നിശ്ചലനായിക്കിടക്കുന്ന ലോഹിതദാസാണ് മുഖ്യമായും ആ തിരക്കുകള്‍ അവര്‍ക്കുണ്ടാക്കിക്കൊടുത്തതെന്ന് ഓര്‍ത്തുകൊണ്ടിരുന്നു. ദൈവം മാത്രമാണ് സൃഷ്ടി നടത്തിയിരുന്നതെങ്കില്‍, എത്ര നിസ്വരാകുമായിരുന്നു അവര്‍ എന്നും. അവര്‍ മാത്രമായിരുന്നെങ്കില്‍ അവരെത്ര തുച്ഛമാണെന്നും.

മലയാളികള്‍ക്ക് തിലകനോ മമ്മൂട്ടിയോ ലാലോ മുരളിയോ ജയറാമോ അവരുടെ അഭിനയമികവോ രൂപഭംഗിയോ ആയിരുന്നില്ല, അവരുടെ ശരീരമുപയോഗിച്ച് മണ്ണില്‍ നടന്ന ചില കഥാപാത്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വങ്ങളായിരുന്നു. ആ കഥാപാത്രങ്ങള്‍ അനുഭവിച്ച അവഹേളനത്തിന്റെയും അപമാനത്തിന്റെയും ഒറ്റപ്പെടലിന്റെയും തീവ്രത ആ നടന്മാര്‍ക്ക് കാമ്പുണ്ടാക്കി. പില്ക്കാലത്ത് 'ഫ്‌ളെക്‌സി'ല്‍ എഴുതിയ തിരക്കഥകള്‍ അവരെ വിഡ്ഢികളായ അതിമാനുഷരാക്കിയപ്പോഴും അവരില്‍ ലോഹിയുണ്ടാക്കിയ ചില വടുക്കള്‍ അവരെ രക്ഷിച്ചു. നിശാസ്​പദങ്ങളായ പുതിയ വേഷങ്ങള്‍ക്കും ലോഹി നല്കിയ പഴയ വേഷങ്ങള്‍ ആസ്​പദമായി. ബോര്‍ഹസ് പറയുന്നുണ്ട്, ആദാം കണ്ട ചന്ദ്രനല്ല ഈ ചന്ദ്രന്‍, എത്രയാളുകളുടെ സങ്കല്‍പങ്ങള്‍, വേദനകള്‍, കാത്തിരിപ്പുകള്‍ കലര്‍ന്നിരിക്കുന്നു ഈ ചന്ദ്രനില്‍ എന്ന്. ലോഹി അനുഭവിച്ച എത്ര ദുരിതങ്ങളാണ്, ഏകാന്തതകളാണ് ഈ താരത്തിളക്കം! ലോഹിയുടെ കഥാപാത്രങ്ങള്‍ അവരില്‍ കലര്‍ന്നിരിക്കുന്നു; അതാണ് മലയാളിക്കവരോടുള്ള ഉള്ളടുപ്പം.

കടലാസില്‍ തോറ്റ, സെല്ലുലോയ്ഡില്‍ വിജയിച്ച ഒരു കഥാകാരനായിരുന്നു ലോഹിതദാസ്. കടലാസില്‍ ജയിച്ചവരില്‍ ഒരു പരിമിതിയുണ്ടായിരുന്നു. വായനക്കാരായിരുന്നു അവരുടെ കാണികള്‍. എം.ടി.ക്കും പത്മരാജനും അടൂരിനും ടി.വി. ചന്ദ്രനുമുള്ള പ്രധാന പരിമിതി അവര്‍ വായനക്കാരായ കാണികളെ ലക്ഷ്യം വെക്കുന്നു എന്നതാണ്. അവരുടെ കാണി പുസ്തകവായന വഴി പ്രബുദ്ധനായ ചലച്ചിത്രാസ്വാദകനായിരുന്നു (സാഹിത്യസാക്ഷരതയുടെ അഹങ്കാരമായിരുന്നു അവരെ പൊതുജനത്തില്‍നിന്നകറ്റിയത് എന്നു തോന്നുന്നു.) കാണികളുടെ അഭിരുചിയില്‍ മാറ്റമുണ്ടാക്കിയത് ലോഹിതദാസാണ്. അടൂരും ജോണ്‍ എബ്രഹാമും അരവിന്ദനും എം.ടി.യും പ്രാഥമികമായും വായനക്കാരനായ കാണിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ മാത്രം. വായനയുടെ അടയാളങ്ങള്‍ അടയാളങ്ങളായ കഥാപാത്രങ്ങള്‍ അവരുടെ പൊതുസ്വഭാവമാണ്. പുസ്തകവായനക്കാരുടെ വേദനകളോ അനുഭൂതികളോ ആകാനാണ് അവര്‍ ചലച്ചിത്രങ്ങള്‍കൊണ്ട് ലക്ഷ്യമിട്ടത്. ലോഹിതദാസിനോ ശ്രീനിവാസനോ വായനക്കാരന്‍ ഒരു ബാധ്യതയേ അല്ല. പ്രബുദ്ധത വായനവഴി എത്തിച്ചേരാവുന്ന ഒരുയരമല്ല ലോഹിതദാസില്‍. അദ്ദേഹത്തിലെ മികച്ച സന്ദര്‍ഭങ്ങള്‍ ജീവിതാനുഭവങ്ങള്‍കൊണ്ട് കൂടുതല്‍ സുഗ്രഹമാവുന്നവ. 'കള്ളന്‍ പവിത്രന്‍', 'ഒരിടത്ത് ഒരു ഫയല്‍വാന്‍' എന്നു മറിച്ചു തോന്നിപ്പിക്കുന്ന ചലച്ചിത്രങ്ങളിലും പുസ്തകവായനക്കാരന്റെ അരിപ്പയിലൂടെ കടന്നുപോന്ന ഗ്രാമഭംഗികളാണുള്ളത്. ലോഹിതദാസിന്റെ ഗ്രാമങ്ങള്‍, പാമരനെ അവഗണിക്കുന്നതേ ഇല്ല. ഒരു വിധത്തിലുള്ള 'ക്ലാസ് കോണ്‍ഷ്യസാലും' അദ്ദേഹം ചുരുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ആശാരിമാര്‍, കൊല്ലന്മാര്‍, മൂശാരിമാര്‍, വീട്ടുവേലക്കാര്‍ ഒക്കെ ഉണ്‍മയുള്ളവര്‍.
ഗ്രാമീണ കേരളത്തിന്റെ സത്യങ്ങള്‍. കഴിഞ്ഞ ഇരുപത് കൊല്ലത്തിനകം മലയാളസാഹിത്യം സൃഷ്ടിച്ച ഏതു കഥാപാത്രങ്ങളേക്കാളും ജീവസ്സുറ്റ കഥാപാത്രങ്ങളെ ലോഹിതദാസ് സെല്ലുലോയ്ഡില്‍ സൃഷ്ടിച്ചു. സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്മാരെ സാഹിത്യം സൃഷ്ടിച്ചില്ല. എം.ടി.യുടെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ സംസാരിക്കുന്നത് നാം 'വായിക്കുമ്പോള്‍' ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് നാം കേള്‍ക്കുന്നു. അവരുടെ അതിവാചാലത ('കുടുംബപുരാണ'ത്തിലെ തിലകന്‍ അവതരിപ്പിച്ച ഡ്രൈവര്‍) കഥാപാത്രങ്ങളുടെ അതിവാചാലത, എം.ടിയുടെ കഥാപാത്രങ്ങളുടെ അതിവാചാലത പലപ്പോഴും എം.ടിയുടെ അതിവാചാലത. അടൂരിനെപ്പോലൊരു ശില്‍പവൈഭവമുള്ള ചലച്ചിത്രകാരന്‍ ലോഹിതദാസിലെ തിരക്കഥാകാരനെ ആശ്രയിച്ചിരുന്നെങ്കില്‍ മലയാള ചലച്ചിത്രത്തിന്റെ ഗതി മാറുമായിരുന്നു. പക്ഷേ, പഠിച്ചവര്‍ പഠിച്ചതല്ലേ പാടൂ.

ശബ്ദം കേള്‍ക്കാത്തത്ര അകലത്തുനിന്ന്, ചമ്രം പടിഞ്ഞിരുന്ന് സുലഭമായ അംഗവിക്ഷേപങ്ങളോടെ ലോഹിതദാസ് സംസാരിക്കുന്നത് കണ്ടാല്‍ അദ്ദേഹം രാഗവിസ്താരം നടത്തുകയാണെന്നാണ് തോന്നുക. ഇങ്ങനെ സവിസ്തരം ശ്രദ്ധയോടെ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭാഷകര്‍ അപൂര്‍വം. മറ്റാരോടും പറയാനാവാത്ത അവഹേളനത്തിന്റെ, അവഗണനയുടെ, ഒറ്റപ്പെടലിന്റെ വ്യഥകള്‍ മനസ്സിരുത്തി കേള്‍ക്കാന്‍ ഇത്രയേറെ മികവുകാട്ടിയ ആളുണ്ടായിരുന്നില്ലെന്ന് അനുഭവസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 'ഇഡിയറ്റി'ലെ മൈഷ്‌ക്കിന്‍ പ്രഭുവിനെ പരിചയപ്പെട്ട് മിനിറ്റുകള്‍ക്കകം തന്റെ ഏറ്റവും വലിയ രഹസ്യം പങ്കിടാന്‍ യോഗ്യത ഇയാള്‍ക്കാണെന്ന് അതിലെ നായിക തീരുമാനിക്കുന്നുണ്ട്. ലോഹിതദാസിനോട് ഏറ്റുപറയാന്‍ പറ്റിയ വിധത്തില്‍ കനത്ത ഒരു വ്യഥയില്ലാത്തതില്‍, പ്രത്യേകിച്ചും അപമാനിക്കപ്പെട്ട ഒരനുഭവം ഇല്ലാത്തതില്‍, നിങ്ങള്‍ക്ക് കുറ്റബോധംപോലും തോന്നും. വ്യക്തിയിലെ ഏകാന്തതയെ വായിക്കാനുള്ള ലോഹിയുടെ വൈഭവം മൂന്നാലുതവണ നേരില്‍ ഞാനുമറിഞ്ഞു. (ഹാര്‍മോണിയം വായിക്കുമ്പോലെയോ വയലിന്‍ വായിക്കുമ്പോലെയോ ഏകാന്തത വായിക്കുന്നുണ്ട് ലോഹിതദാസ് 'ഉദ്യാനപാലകന്‍' എന്ന ചലച്ചിത്രത്തില്‍. എന്തൊരു നിസ്സീമമായ ഏകാന്തതയാണ് ആ ചലച്ചിത്രത്തില്‍.) മനസ്സുകൊണ്ട് മനസ്സിനോട് നടത്തുന്ന ആ സംഭാഷണത്തിന്റെ ഓര്‍മകള്‍, അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍പോലെ, അനുഭവിച്ചവരില്‍ ചിരകാലം നില്‍ക്കും. അദ്ദേഹത്തിന്റെ സമീപത്ത് നിങ്ങള്‍ക്ക് മുഴുവനായി ഇരിക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തില്‍ എപ്പോഴും 'മുഴുവനായി' ഇരിക്കുന്നു. കുളത്തിലെ പടികളിലൂടെ എന്നപോലെ അദ്ദേഹത്തില്‍ ഇറങ്ങിയിറങ്ങിച്ചെല്ലാം. ചോക്കുമലയില്‍നിന്ന് ചോക്കന്വേഷിച്ച് പോവുന്നവനെക്കുറിച്ച് പറയാന്‍ അദ്ദേഹത്തെത്തന്നെ ഉപയോഗിക്കാം എന്ന് സംവിധായകന് തോന്നിയത് അതുകൊണ്ടാണ്. ഉപദേശത്തിന്റെ ജാള്യത കൂടാതെ മറ്റൊരാളെക്കൊണ്ടത്് പറയിക്കാനാവില്ല. സശ്രദ്ധം കേള്‍ക്കുന്നൊരാളുടെ സമാശ്വസിപ്പിക്കല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെയും രീതിയാണ്. അത്തരം കഥാപാത്രങ്ങള്‍ ഒരാളെങ്കിലുമുണ്ടാവും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ വിടാതെ. 'കാരുണ്യ'ത്തിലെ അച്ഛന്‍, 'ചെങ്കോലി'ലെ നായിക, 'കന്മദ'ത്തിലെ നായകന്‍, 'കുടുംബപുരാണ'ത്തിലെ അംബിക അവതരിപ്പിച്ച കഥാപാത്രം, 'ദശരഥ'ത്തിലെ കരമന അവതരിപ്പിച്ച കഥാപാത്രം ഒക്കെ ധാരണയുടെ (understanding) ആള്‍രൂപങ്ങള്‍. 'മനസ്സിലാക്കുന്ന' അവരുടെ സാന്നിധ്യം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമാന്യ മലയാളിയുടെ വലിയ സമാശ്വാസങ്ങളായിരുന്നു. ആ ചലച്ചിത്രങ്ങളുടെ രീതിതന്നെ അവഹേളിതനെ, അപമാനിതനെ, സമൂഹം നിര്‍വിശേഷം ഉപേക്ഷിച്ചവനെ, ആ ഉപേക്ഷ തീവ്രമായറിഞ്ഞ, അനുഭവിച്ച കഥാപാത്രങ്ങളിലൂടെ അറിയുക എന്നതായിരുന്നു. ഏകാകിയെ, ഓരോരുത്തരിലുമുള്ള ഏകാകിയെ, അങ്ങനെ തിയറ്ററിലെ ഇരുട്ടിനകത്തെ ഏകാകികളായ സകലരെയും ഒറ്റക്കൊറ്റക്ക് അറിഞ്ഞ സിനിമകളാണ് 'കിരീട'വും 'ചെങ്കോലും', 'തനിയാവര്‍ത്തന'വും, 'ദശരഥ'വും (സാമാന്യ മലയാളിയുടെ പ്രമേയമായിത്തുടങ്ങിയിട്ടില്ലാത്തതുകൊണ്ട് നിരസിക്കപ്പെട്ട 'ദശരഥം' വാടക ഗര്‍ഭപാത്രങ്ങളുടെ ക്വട്ടേഷന്‍ ലഭിക്കുന്ന പുതിയ കേരളത്തില്‍ അതിസംഗതമായിക്കൊണ്ടിരിക്കുന്നു) 'ഉദ്യാനപാലകനും', 'ഭൂതക്കണ്ണാടി'യും. പരിഗണനകളുടെ ഉല്‍സവമായിരുന്ന ജീവിതത്തില്‍നിന്ന് - തോന്നുമ്പോള്‍ തോന്നുമ്പോള്‍ കാമുകിയെ കട്ടുതിന്ന കള്ളകൃഷ്ണന്‍ മാത്രമായിരുന്നില്ല സേതുമാധവന്‍, മുത്തശ്ശിയുടെ അഭിമാനമായിരുന്ന ഭര്‍ത്താവിന്റെ പുനര്‍ജന്മം, അമ്മയുടെ നിറവാല്‍സല്യത്തിന്റെ ഉണ്ണികൃഷ്ണന്‍, അച്ഛന്റെ സ്വപ്‌നത്തിലെ നന്മനിറഞ്ഞ അധികാരി, തോഴരുടെ ഉറ്റതോഴന്‍, സഹോദരിമാരുടെ അഭിമാനമായ ആശ്രയം, സുരക്ഷിതത്വം. കൃഷ്ണന്റെ സകല അവതാരവിശേഷങ്ങളുമായിരുന്നു സേതുമാധവന്‍-ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും അവഗണനയുടെയും അടിത്തട്ടിലേക്ക് ചെന്നെത്തുന്ന ആവിഷ്‌കരണം വഴി 'കിരീട'ത്തിലൂടെയും 'ചെങ്കോലി'ലൂടെയും ലോഹി ആവിഷ്‌കരിച്ചത് മലയാളിയുടെ എത്രയോ കിനാത്തകര്‍ച്ചകളുടെ രൂക്ഷ സൂക്ഷ്മരൂപം. പലര്‍ പലവിധത്തില്‍ അനുഭവിച്ച തകര്‍ച്ചയുടെ മിത്തായി പ്രേക്ഷകനത് മാറി. മലയാളത്തിലെ 'അനുകമ്പയുടെ ക്ലാസിക്' എന്ന് ഞാന്‍ 'ഭൂതക്കണ്ണാടി'യെ വിലയിരുത്തും. ചെറിയ കേടുപാടുകള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ച് മുഴുത്ത രൂപത്തില്‍ കണ്ട് ചികിത്സിച്ച് ആ വാച്ച്‌മേക്കര്‍ അതേ കണ്ണാടി ഉപയോഗിച്ച് സമൂഹത്തെയും കണ്ടതിന്റെ കഥയായിരുന്നല്ലോ അത്.
വിദ്യാധരന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനം, ചുവരിലെ കുമ്മായമടര്‍ന്നുണ്ടായ ചെറിയ ഒരു പാടായിരുന്നു എന്ന് കണ്ട നിമിഷം, എന്നിലെ ചലച്ചിത്രാസ്വാദകന്‍ അനുഭവിച്ച ഉന്നത നിമിഷങ്ങളിലൊന്നായിരുന്നു (എം.ടി.യുടെ വെളിച്ചപ്പാടിന്റെ കാറിത്തുപ്പല്‍ കണ്ടപോലൊരു നിമിഷം).

ജീവിതനിരീക്ഷണത്തില്‍ ഈ ചലച്ചിത്ര കഥാകാരനോളം പോന്ന ആരെയും ഞാന്‍ മലയാള ചലച്ചിത്രലോകത്ത് അറിയുന്നില്ല. 'കുടുംബപുരാണ'ത്തിലെ അംബികയുടെ കഥാപാത്രം ഭര്‍തൃപിതാവിന്റെ തലയില്‍ രാസ്‌നാദിപ്പൊടി തിരുമ്മുന്നത് (കൂട്ടുകുടുംബത്തിന്റെ സൗഖ്യം മുഴുവന്‍, കുടുംബപുരാണം മുഴുവന്‍ , ആ ദൃശ്യത്തിലുണ്ട്). 'സല്ലാപ'ത്തിലെ ആശാരികളും അവരുടെ പണിസ്ഥലവും, മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം ആശാരിയായി വന്ന ജൂനിയര്‍ യേശുദാസിനെ കണ്ടപ്പോള്‍ ചിരിച്ച ചിരി, (ആ ചിരിയില്‍ നിന്ന് ഒരു വലിയ നടിയുണ്ടായി) 'കന്മദ'ത്തിലെ അമ്മയും മകനുമായുള്ള രംഗത്തിന്റെ സൂക്ഷ്മതയും സത്യമായ സംഭാഷണങ്ങളും ഒക്കെ ഉദാഹരണങ്ങള്‍. 'ഉദ്യാനപാലകനി'ലെ സുധാകരന്‍ നായര്‍ (മമ്മൂട്ടി) പത്രം വായിക്കുന്ന രംഗം തനിച്ചൊരു ഷോര്‍ട്ട് ഫിലിമാക്കിയാല്‍ അത് ലോകോത്തരമായ ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നായിരിക്കും. അത്രയ്ക്കുണ്ട് ആ സീനിന്റെ ഭാവസാധ്യത. സുധാകരന്‍ നായര്‍ പത്രം വായിക്കുമ്പോള്‍ അതില്‍ നോക്കി വായിക്കുകയാണ് ടൈലര്‍ (ഈ ടൈലര്‍ ഒരു ടൈപ്പല്ല. പിന്നോട്ടും മുന്നോട്ടും പോയി മറ്റെല്ലാ ചലച്ചിത്രങ്ങളിലെയും ടൈലര്‍മാരെ ടൈപ്പാക്കുന്ന (ഒരൊറിജിനല്‍!). അസ്വസ്ഥനായ സുധാകരന്‍ നായര്‍, വായിക്കുന്ന ഷീറ്റ് ടൈലര്‍ക്കു നല്‍കുന്നു. ആ ഷീറ്റ് ബെഞ്ചില്‍ ഉപേക്ഷിച്ച് ടൈലര്‍ സുധാകരന്‍ വായിക്കുന്നത് ഏന്തിവായിക്കുന്നു. വീണ്ടും അസ്വസ്ഥനായ സുധാകരന്‍നായര്‍ ആ ഷീറ്റും ടൈലര്‍ക്ക് നല്കുന്നു. ടൈലര്‍ ആ ഷീറ്റും അവഗണിച്ച് സുധാകരന്‍ നായര്‍ വായിക്കുന്ന ഷീറ്റ് ഏന്തിവലിഞ്ഞു വായിക്കുന്നു. ഒടുവില്‍ ക്ഷുഭിതനായ സുധാകരന്‍നായര്‍ മുഴുവന്‍ പത്രവും ടൈലര്‍ക്ക് നല്കുന്നു. അയാളതേപടി പത്രത്തെ അവഗണിക്കുകയും ചെയ്യുന്നു. തിരികെ ടൈലറുടെ സ്റ്റൂളില്‍ ചെന്നിരുന്ന് കാല്‍ വിറപ്പിക്കാന്‍ തുടങ്ങിയത് സാമാന്യലോകം തന്നെ എന്നെനിക്ക് തോന്നി. ചലച്ചിത്രഗാനങ്ങള്‍, അല്‍പം ദീര്‍ഘിച്ച ചില സംഘട്ടനരംഗങ്ങള്‍ തുടങ്ങിയ അനൗചിത്യങ്ങള്‍-വാണിജ്യൗചിത്യങ്ങള്‍-ഒഴിവാക്കി, തിരക്കഥാകാരനെ കേവലം പിന്തുടരുക മാത്രം ചെയ്തിരുന്നെങ്കില്‍ ഇടക്കാലത്ത് മലയാളിയെ ആകര്‍ഷിച്ച ഇറാന്‍ ചിത്രങ്ങള്‍ പോലുള്ളവയായി ലോഹിതദാസ് ചിത്രങ്ങള്‍ മാറുമായിരുന്നു (ഏതു കിരസ്‌തോമിയും കൊതിക്കും 'ഭൂതക്കണ്ണാടി' എന്ന് ഞാന്‍ മറക്കുന്നുമില്ല). പക്ഷേ, അപ്പോള്‍ 'കിരീട'മോ 'തനിയാവര്‍ത്തന'മോ അവരുടേതായി തിരിച്ചറിയാനുള്ള മുദ്രകള്‍
ജനസാമാന്യത്തിന് നഷ്ടപ്പെടുമായിരുന്നു. കാണികളുടെ അഭിരുചികള്‍ നഷ്ടപ്പെടുത്താതെതന്നെ കലാമൂല്യമുള്ള ചിത്രങ്ങള്‍ കാണാനുള്ള ഇടമാക്കി തിയറ്ററിനെ മാറ്റി ലോഹിതദാസ്. ജനം മുന്നിലെത്തിക്കിട്ടിയാല്‍ മതി വ്യക്തിയെ ആസകലം കേള്‍ക്കുന്ന കല സ്വായത്തമായ ലോഹി, അവരെ ആസകലം അറിയാനുള്ളത് നല്‍കി പരിണമിപ്പിക്കുവാന്‍ തുടങ്ങി. കാണിയെ സാക്ഷിയാക്കി മാറ്റുന്നു നല്ല ചലച്ചിത്രങ്ങള്‍. കാണിയെ വിദ്യാധരനെപ്പോലൊരു സാക്ഷിയാക്കി മാറ്റി ചിലപ്പോളയാള്‍.

ലോഹിയെപ്പോലെ സുലഭമായ അംഗവിക്ഷേപങ്ങളുപയോഗിച്ച് ലാഘവത്തില്‍ സംസാരിക്കുന്ന ഒരു നടനാണ് തിലകന്‍. തിലകന്റെ ശരീരഭാഷ തിലകനേറ്റവും ഉചിതമായിത്തീരുന്നത് ലോഹിച്ചിത്രങ്ങളിലാണ്. ഉദാഹരണത്തിന് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍'. 'തൂവല്‍ക്കൊട്ടാര'ത്തിലെ, ലോഹിയെപ്പോലൊരു ചെറിയ തലയില്‍ക്കെട്ടുമായി തമ്പുരാനും തമ്പുരാട്ടിക്കും കോഴിയിറച്ചി പാചകം ചൊയ്തുകൊടുത്ത് സംസാരിച്ചുകൊണ്ടിരുന്ന ജയറാം ഇത്ര സുഖമായ ഒരവസ്ഥയില്‍ തന്റെ 'പൊട്ടന്‍ഷ്യാലിറ്റി' ഇത്രമേല്‍ സാക്ഷാത്കരിച്ച ഇരിപ്പില്‍, മറ്റൊരു ചിത്രത്തിലും ഇരുന്നിട്ടില്ല. മാളയിലെ പ്രതിഭാശാലിയും മൂരിനിവര്‍ന്നിരുന്നു ലോഹിച്ചിത്രങ്ങളില്‍ ('സല്ലാപ'ത്തിലെ ആ ആശാരിയെ മലയാളി ജീവകാലം മറക്കുമോ?). മമ്മൂട്ടിയുടെയും ലാലിന്റെയും മീരാ ജാസ്മിന്റെയും മഞ്ജു വാര്യരുടെയും റേഞ്ച് നാമറിഞ്ഞത് ലോഹിച്ചിത്രങ്ങളിലൂടെയാണ്. ഭാവിയില്‍ ലാലോ മമ്മൂട്ടിയോ മലയാളിയുടെ ഗൃഹാതുരത്വമായി മാറുമ്പോള്‍ സേതുമാധവന്റെയോ വിദ്യാധരന്റെയോ രൂപമായിരിക്കും അവര്‍ക്ക്.

Sunday, June 16, 2013

ആറാട്ടിനാനകള്‍ എഴുന്നള്ളി...


Mankulam, Aanakulam, Idukki, Kerala

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

Mankulam, Aanakulam, Idukki, Keralaകേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Mankulam, Aanakulam, Idukki, Kerala
ഉരുളന്‍കല്ലും തെളിനീരും താണ്ടി..
ക്യാമറ കണ്ണിലൂടെ നോക്കിയിട്ടും ഒന്നും കാണുന്നില്ല. കഌക്ക ചെയ്ത് മോണിറ്ററില്‍ നോക്കിയപ്പോഴും ചില കരിരൂപങ്ങള്‍ മാത്രം. ഒടുക്കം ഡ്രൈവര്‍ സജീവിനെ വിളിച്ചുണര്‍ത്തി. ജീപ്പുമായി വരാന്‍ പറഞ്ഞു. റോഡില്‍ നിന്ന് അല്‍പ്പം മുന്നോട്ടുള്ള മണ്‍തിട്ടയില്‍ നിര്‍ത്തിയ ജീപ്പിന്റെ എഞ്ചിന്‍ ഓഫ് ചെയ്തു. ഹെഡ്‌ലൈറ്റ് ഓണാക്കി. ജീപ്പു വെളിച്ചത്തില്‍ ക്യാമറകണ്ണുകള്‍ മിന്നിയടയാന്‍ തുടങ്ങി. ഈ മോഹന സുന്ദരദൃശ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണല്ലോ.

ആനനട പഠിച്ചുതുടങ്ങിയ കുട്ടിക്കൊമ്പനെ അമ്മ തുമ്പികൈ കൊണ്ട് വെള്ളം കുടിക്കാന്‍ പഠിപ്പിക്കുന്നു. വമ്പനൊരാന അനങ്ങാപാറ നയത്തില്‍ വെള്ളത്തില്‍ കിടപ്പാണ്. കൂട്ടത്തിലൊരുവനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടൊരാള്‍. ആ ദേഷ്യത്തിലാണവന്‍ ചിന്നം വിളിക്കുന്നത്. കാലുകൊണ്ട് ഉരുളന്‍ കല്ലുകള്‍ മാറ്റുമ്പോള്‍ കുമിളകള്‍ ഉയരുന്നു. അത് പിടിച്ചെടുക്കാനുള്ള മത്സരം കുസൃതിയും കുറുമ്പുമാകുന്ന നിമിഷങ്ങള്‍. ഒരു ഇട്ടാവട്ടത്തിലാണിതെല്ലാം.

Mankulam, Aanakulam, Idukki, Kerala
കാട് കണ്ണാടി നോക്കുമ്പോള്‍
പതിനൊന്നു മണിക്ക് തുടങ്ങിയ ഫോട്ടോഷൂട്ട് തീര്‍ന്നപ്പോള്‍ പന്ത്രണ്ടേകാല്‍. ''ഇന്നിപ്പം മഴ പെയ്തതുകൊണ്ടാണ് അല്ലെങ്കില്‍ ഇനിയും ആനക്കൂട്ടങ്ങള്‍ എത്തിയേനേ.'' ഫോറസ്റ്റ് ഗാര്‍ഡ് ബാബു പറഞ്ഞു. ''എന്തായാലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇന്നത്തെ കാലാവസ്ഥ കണ്ട് ആനയെ പ്രതീക്ഷിച്ചതേയല്ല. ഇതു നിങ്ങള്‍ക്കു വേണ്ടി വന്നതു പോലെയുണ്ട്.''

ചിലപ്പോ പകലും ആനയിറങ്ങാറുണ്ട്്. ആനയിറങ്ങിയാല്‍ വിവരം കാട്ടുതീപോലെ പടരും. മൂന്നാറു മുതലുള്ള റിസോര്‍ട്ടുകളില്‍ നിന്ന് സഞ്ചാരികള്‍ ജീപ്പുമെടുത്ത് കുതിച്ചെത്തും. ഡിസംബര്‍, ജനവരി മാസങ്ങളിലും വേനല്‍ക്കാലത്തുമാണ് കൂടുതല്‍ ആനകള്‍ എത്തുക. ശബരിമല നട തുറന്ന് അവിടെ തിരക്കാവുമ്പോള്‍ ശബരിഗിരിയിലെ ആനകളും ഇവിടേക്കെഴുന്നള്ളും.. ആനക്കുളത്തിനടുത്തുള്ള കൊച്ചു ക്ഷേത്രത്തിലും അപ്പോള്‍ ഉത്സവമാണ്. നെറ്റിപ്പട്ടം കെട്ടാത്ത കൊച്ചുകൊമ്പന്‍മാര്‍ മുതല്‍ മുത്തശ്ശി പിടിയാനകളും ചട്ടുകാലന്‍ കൊമ്പനുമെല്ലാം അണിനിരക്കുന്ന കാട്ടാനപ്പൂരം.

Mankulam, Aanakulam, Idukki, Kerala
ആനക്കുളം അങ്ങാടി
അഞ്ചാറ് കടമുറികളും കൊച്ചു കൊച്ചു വീടുകളും ഒരു കുരിശടിയും ക്ഷേത്രവും ഗുരുമന്ദിരവും ഈറ്റച്ചോലയാറും ചേര്‍ന്നാല്‍ ആനക്കുളമായി. ആനകള്‍ നീരാടാനെത്തുന്ന 'ആന ഓരി'നു സമീപമാണ് സ്ഥലത്തെ വോളിബോള്‍ കോര്‍ട്ട്. ആനയിറങ്ങുമ്പോള്‍ കളി നിര്‍ത്തിവെയ്ക്കുന്നു. കളിക്കാരും കാഴ്ചക്കാരാവുന്നു.

പകല്‍ ആനയെ കണ്ടാലോ എന്ന പ്രതീക്ഷയിലാണ് കാലത്ത് എഴുന്നേറ്റ് ആനക്കുളത്തിനടുത്തെത്തിയത്്. എന്നാലവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറേപേര്‍ വെള്ളത്തിലെന്തോ തിരയുകയാണ്. രാത്രി ആന വെള്ളം കലക്കിയസ്ഥലത്ത് മനുഷ്യന്‍ കാലുകൊണ്ട് തട്ടി തട്ടി ആനവാല്‍രോമങ്ങള്‍ തിരയുന്നു. ആനകളുടെ പിടിവലിക്കിടയില്‍ വാലില്‍ നിന്ന് രോമങ്ങള്‍ വീഴും. അത് പെറുക്കിയെടുത്ത് ആനവാല്‍ മോതിരമുണ്ടാക്കി ഭയം കളയാം. അല്ലെങ്കില്‍ ആനവാല്‍ മോതിര പ്രേമികള്‍ക്ക് വിറ്റ് നാലുകാശുണ്ടാക്കാം. 


Text:G.Jyothilal
Photos:Sajichunda

Thursday, June 6, 2013

സാഹസികര്‍ക്കു മാത്രം



Munnar to Kodaikanal Trekking

 മലകളും താഴ്‌വരകളും താണ്ടി, മനം നിറഞ്ഞ്, മൂന്നാറിന്റെ തണുത്ത വഴികളിലൂടെ അതിര്‍ത്തി കടന്ന്,കൊടൈക്കനാലിലേക്കൊരു ട്രെക്കിങ്


മൂന്നാറില്‍ നിന്നും ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ഇടതുപക്ഷക്കാരാവുന്നതാണ് നല്ലത്. ഇടതുവശം ചേര്‍ന്നിരുന്നാലേ കാഴ്ചകളാസ്വദിക്കാന്‍ കഴിയൂ. മനോഹരമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും യെല്ലപ്പെട്ടി എന്ന കര്‍ഷകഗ്രാമവും ഈ വഴിയിലാണ്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിനടുത്താണ് മേഘങ്ങളുടെ കാതില്‍ കഥ പറയുന്ന ടോപ് സ്റ്റേഷന്‍. അവിടെ റെസ്റ്റോറന്റിലിരുന്ന് പൊരിച്ച മീനും കൂട്ടി, ചൂട് ചോറ് വാരി തിന്നുന്ന മിക്കല്‍ സായിപ്പിനെയും സൂസെന്‍ മദാമ്മയെയും പരിചയപ്പെട്ടു. കാട്ടിലൂടെ കൊടൈക്കനാലിലേക്ക് ട്രെക്കിങ്ങിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, ഇരുവര്‍ക്കും കൂടെ വരണമെന്നായി. വൈകീട്ട് ടോപ്‌സ്റ്റേഷനില്‍ ചെറിയൊരു ട്രെക്കിങ്. രാത്രി ഗൈഡ് മനോഹരന്റെ വീട്ടിലെ ഒറ്റമുറിയില്‍, തണുപ്പിന്റെ കൈകളില്‍ മൂവര്‍ക്കും സുഖനിദ്ര.

Munnar to Kodaikanal Trekking
കുളിരുമായി കുണുങ്ങി ഒഴുകുന്ന പെരിയാറിന്റെ തീരത്തു വെച്ചാണ് അമേരിക്കക്കാരി സൂസെനും ഡെന്‍മാര്‍ക്കുകാരന്‍ മിക്കലും കണ്ടുമുട്ടിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഇരുവരും പിന്നെ ഒന്നിച്ചായി യാത്ര. അമേരിക്കയില്‍ നേഴ്‌സായിരുന്ന സൂസെന്‍ ജോലി ഉപേക്ഷിച്ച്, ഒരുവര്‍ഷം മുഴുവന്‍ ഇന്ത്യ കാണാനായി എത്തിയതാണ്. ആറുമാസം കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ല, വെറുതെ കറങ്ങി നടക്കുക. ഡെന്‍മാര്‍ക്കില്‍ ഐ-ഫോണിന് വേണ്ടി ഗെയിംസ് സോഫ്റ്റ്‌വെയര്‍ ഡെവലപ് ചെയ്യുന്ന മിക്കല്‍, കൃത്യമായ പ്ലാനിങ്ങുമായാണ് എത്തിയിരിക്കുന്നത്. മൂന്നാര്‍ കഴിഞ്ഞാല്‍ മധുരയ്ക്കാണ് യാത്ര. പിന്നെ തിരികെ ഡെന്‍മാര്‍ക്കിലേക്ക്.

ടോപ് സ്റ്റേഷനില്‍ നിന്നും കൊടൈക്കനാലിലേക്കുള്ള 32 കി.മീ കാട്ടുപാതയിലൂടെയുള്ള യാത്ര ആസ്വദിക്കാന്‍ സാധാരണയെത്തുക വിദേശികളാണ്. ട്രെക്കിങ് വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് ഗൈഡ് മനോഹരന്റെ ഡയലോഗുണ്ട്: 'Only for adventurous people'. സാഹസികത ഇഷ്ടപ്പെടുെന്നങ്കില്‍ ഈ റൂട്ടിലൂടെ ഒരിക്കലെങ്കിലും ട്രെക്കിങ് നടത്തണം. ആനകളും കാട്ടുപോത്തുകളും ഭാഗ്യമുണ്ടെങ്കില്‍, പുലിയും വഴിക്ക് കുറുകെയെത്തി 'ഹലോ' പറഞ്ഞു പോകും.

Munnar to Kodaikanal Trekkingഅതിരാവിലെ, മഞ്ഞിന്റെ വലയങ്ങള്‍ മാറുംമുമ്പേ, ടോപ്‌സ്റ്റേഷനില്‍ നിന്നും കോവിലൂര്‍ ഗ്രാമത്തിലേക്ക് ജീപ്പില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ സുന്ദരഗ്രാമം. സഞ്ചാരികള്‍ അധികമെത്താറില്ല ഇവിടെ. പലരും മൂന്നാര്‍ കണ്ട് തിരിച്ചു പോവും. തീരത്ത് തിരവന്നൊഴിഞ്ഞ പോലെയുള്ള മലഞ്ചെരിവിലെ തട്ടുകളില്‍ കാരറ്റും കാബേജും വിളയുന്നു. ഒരു പക്കാ വെജിറ്റബിള്‍ ഗ്രാമം. ഇവിടെ നിന്ന് നോക്കിയാല്‍ കൊലുക്കുമല ചായത്തോട്ടങ്ങള്‍ കാണാം.

ലഗേജുകള്‍ കയറ്റാന്‍ രണ്ടു കുതിരകളെയും ഏര്‍പ്പാടാക്കി, അവിടെ നിന്ന് നടപ്പ് തുടങ്ങി, ബന്ധരവു മലയിലേക്ക്. കുത്തനെയുള്ള കയറ്റമാണ്. കുതിരകളും ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമാണ് ഈ വഴിയെ പോകാന്‍ ധൈര്യപ്പെടുക. ഒരിറക്കത്തില്‍ ഒരു ജീപ്പ് തകര്‍ന്നു കിടക്കുന്നു... മറുവശത്ത് വട്ടവട ഗ്രാമം കാണാം.

കഞ്ചാവു കൃഷിക്ക് പ്രശസ്തമായിരുന്ന കാട്ടിടങ്ങളിലൂടെയാണിപ്പോള്‍ യാത്ര. കഞ്ചാവിന് പകരം കാരറ്റാണ് തോട്ടങ്ങളില്‍. കൃഷിയിടത്തിലിറങ്ങി ഗ്രാമീണര്‍ ചാക്കില്‍ നിറയ്ക്കുന്ന കാരറ്റുകളില്‍ കുറച്ചെടുത്ത് പോക്കറ്റില്‍ നിറച്ചു. പിന്നെയുള്ള കാട് കയറ്റത്തിന് 24 കാരറ്റ് എനര്‍ജിയായിരുന്നു.

Munnar to Kodaikanal Trekkingആദ്യത്തെ ആവേശം തണുത്തപ്പോള്‍ കിതപ്പിന്റെ താളം ഏറി വന്നു. അമേരിക്കയില്‍ ട്രെക്കിങ് നടത്തി പരിചയമുള്ള സൂസെന്‍, വളരെ കൂളായി നടന്നു കയറുന്നു. വടിയും കുത്തി പിടിച്ച്, കിതച്ച് കിതച്ച് ആണ്‍ സംഘം പിന്നാലെയെത്താന്‍ പാടുപെട്ടു. ഇടയ്ക്ക് വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ സൂസെന്റെ ചോദ്യം: 'My name is khan കണ്ടോ...?' നമ്മുടെ തട്ടകത്തില്‍ കയറി മദാമ്മ ഗോളടിച്ചല്ലോ! ഷാരുഖ് ഖാന്റെയും ആമിര്‍ ഖാന്റെയും ആരാധികയാണ് സൂസെന്‍. അടുത്ത ചോദ്യം, 'ത്രീ ഇഡിയറ്റ്‌സ്' കണ്ടോ എന്നായിരുന്നു. കിതപ്പാറാതെ, മൂന്നാണുങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഇഡിയറ്റ്‌സ് ആയി ഇരുന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.

വീണ്ടും നടപ്പു തുടങ്ങി. ഒരു മലയിറങ്ങിയപ്പോള്‍ മറ്റൊരു സാഹസിക സംഘം എതിരെ വരുന്നു. ടെന്റടിച്ച് കാട്ടില്‍ താമസിച്ചാണ് അവരുടെ യാത്ര.




Munnar to Kodaikanal Trekking

കയറ്റം കഠിനം തന്നെയായിരുന്നു. വഴിയില്‍ പുലിയുടെയും, കാട്ടുപോത്തിന്റെയും കാല്‍പ്പാടുകള്‍... ആകാശം മുട്ടുന്ന പൈന്‍മരങ്ങള്‍ അതിരിടുന്ന വഴി. കുറച്ചു ചെന്നപ്പോള്‍, മരങ്ങള്‍ക്കിടയിലൂടെ കാട്ടിനുള്ളിലെ വലിയൊരു തടാകം. തടാകക്കരയില്‍ വെള്ളം കുടിക്കുന്ന കാട്ടുപോത്തുകള്‍. പതിവില്ലാത്ത ശബ്ദം കേട്ടതോടെ അവ തലയുയര്‍ത്തി നോക്കി. പിന്നെ മെല്ലെ കാടിനുള്ളില്‍ മറഞ്ഞു.

കയ്യില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. നടന്ന് അവശരാവാന്‍ തുടങ്ങി. മലയ്ക്ക് മുകളിലെത്തിയപ്പോള്‍ തമിഴ്‌നാടിന്റെയും മൂന്നാറിന്റെയും ആകാശക്കാഴ്ച്ച. മേഘങ്ങള്‍ക്കിടയിലൂടെ പര്‍വ്വതങ്ങള്‍, പച്ചപ്പിന് മീതെ ഓട്് പാകിയ കൊടൈ ഗ്രാമങ്ങള്‍...

Munnar to Kodaikanal Trekkingക്ഷീണം കീഴ്‌പ്പെടുത്താന്‍ തുടങ്ങിയതോടെ എല്ലാവരും മൗനികളായി. കാടിനുള്ളില്‍ ഹനുമാന്‍ കുരങ്ങുകള്‍ മരക്കൊമ്പുകള്‍ താണ്ടുന്ന ശബ്ദങ്ങള്‍. മനസ്സിലിരുന്ന് ആരോ പേടിയുടെ കൊമ്പ് പിടിച്ച് കുലുക്കി. പുലിയേയല്ല, ആനയെയാണ് പേടിക്കേണ്ടതെന്ന് മനോഹരന്‍ പറഞ്ഞെങ്കിലും പുലിപ്പേടിയായിരുന്നു കണ്ണുകളില്‍. പിന്നെയുള്ള വഴികളില്‍ സുഗന്ധം തൂവാന്‍ കറുകപ്പട്ടയും, യൂക്കാലി മരങ്ങളുമുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഗ്രാന്‍ഡിസ് മരങ്ങളുടെ തോട്ടം പോലെയുള്ള കാട്. പോസ്റ്റ് കാര്‍ഡുകളില്‍ കാണാറുള്ള പ്രകൃതി ദൃശ്യങ്ങള്‍.

ഒടുവില്‍ ക്ലാവര ഗ്രാമത്തില്‍... കാടിറങ്ങുമ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ ബൈക്കുകള്‍ ഓടിച്ച് കയറ്റുന്നു. സാഹസത്തിന്റെ മറ്റൊരു മുഖം. ഗ്രാമചന്തയില്‍ അവസാന കുട്ടിബസ്സ് പുറപ്പെടാനായി പുക തുപ്പുന്നു. അവിടെ നിന്നും പൂണ്ടിയും മന്നവന്നൂരും പൂമ്പാറയും പിന്നിട്ട് കവുഞ്ജി ഗ്രാമത്തില്‍ നിന്നും കൊടൈയിലേക്ക് ബസ്സ് കയറുമ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു.


Travel Info
Munnar-Kodai Trek
Munnar to Kodaikanal TrekkingThere are several routes to Kodaikanal from Munnar for trekking. the most scenic route is through Topstation, Koviloor, Bandaravu Mala, Kilavara (32km). Its an adventurous route, for about 18 km through thick forest. Topstation, 34km from Munnar town is the highest point in the old Munnar-Kodai Route (1700m to 2300 m above sealevel).
Trekking Route: Topstation-Koviloor-Bandaravu Mala-Kilavara (32 km).

How to Reach
By air: Madurai (140 km), Kochi (190km)
By rail: Theni (60 km), Changanacherry (93 km)
By road: Kochi to Munnar (145 km, NH-49). There are regular bus services to Munnar from Ernakulam KSRTC Bus stand. From Munnar town to Topstation (34 km, SH-44). Since regular buses from Munnar are rare. It is better to hire a jeep. From Kilavara pick local vans to Kavunji village. There are bus services to Kodaikanal from Kavunji via Mannavannur, Poombarai (45 km). Kodaikanal is well connected by road to Madurai, Palani, Kodaikanal Road, Theni, Dinidigul, Kumili, Coimbatore, Chennai and Kanyakumari.

Distance chart: Munnar-Topstation (34 km), Topstation-Koviloor (10km), Koviloor - Kilavara (30 km), Kilavara-Kodaikanal (45 km), Kodaikanal-Palani (65 km).

Stay

At Top Station: STD: 04865
Mano's homestay, Ph: 214062, 09442783853
Periyar Residency, Ph: 214195

At kodaikanal: STD: 04542
Carlton Hotel, Ph: 240056
Hotel Astoria: Rs.700-1000, Ph: 240524
Hotel Palace: Rs.600-1000, Ph: 240411
Hamedia Lodge: Rs.400-700, Ph: 240108
Grand Palace: Rs.1600-2400, Ph: 243388
Hotel Sivapriya: Rs.1400-2000, Ph: 241226
Kaleeshwari cottages: Rs.500, Ph: 241329.


Contact
Manoharan (Forest Guide) 09442783853, 09447578134, E-mail: jmano.guide@ gmail.coma
Munnar wildlife warden: 04865-231587
Kodaikanal DFO: 04542-240287
Website: www.tamilnadutourism.org
KSRTC Ernakulam Enquiry: 0484-2372033.

Tips:
There are only two restaurents in Top station. Advisable to reach Topstation before sunset.



Text: T J Sreejith, Photos: N A Naseer