മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട് എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള്‍ ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!
ഒരു കണക്കിന് മൂന്നാറില്‍ പ്രകടനം നടത്തിയത് അവരുടെ ധൈര്യം ആണെന്ന് പറഞ്ഞു കൂട. ബുദ്ധി അല്പം കുറവാണെങ്കിലും ആളുകളെ അളക്കുന്ന കാര്യത്തില്‍ അണ്ണന്‍മാര്‍ ഒട്ടും മോശക്കാരല്ല. നമുക്ക് കേരളത്തിന്റെ താത്പര്യങ്ങള്‍ അല്ല രാഷ്ട്രീയമാണ് വലുത് എന്ന് മനസ്സിലാക്കാന്‍ ഒരു കോവര്‍ കഴുതയുടെ ബുദ്ധി മതി. മലയാളികളെ അവര്‍ ശരിക്കും അളന്നു കഴിഞ്ഞു. 'ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്' എന്ന് പറഞ്ഞ പോലെ നമ്മുടെ പ്രതിഷേധങ്ങള്‍ ഏതറ്റം വരെ പോകുമെന്നു അവര്‍ കൂളായി മനസ്സിലാക്കിയിട്ടുണ്ട്. ഇടുക്കി മാത്രമല്ല, കാസര്‍ക്കോട് വിട്ടുതരണം എന്ന് പറഞ്ഞാലും കടലാസ് ശരിയാക്കിക്കൊടുക്കാന്‍ ഇവിടെ ഏതെങ്കിലുമൊക്കെ ദണ്ഡപാണനുണ്ടാകും എന്ന് അവര്‍ക്കറിയാം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഉയര്‍ത്തിക്കൊണ്ടു വന്ന ജനകീയ പ്രക്ഷോഭത്തെ ഇടതും വലതുമുള്ള രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഒറ്റു കൊടുത്തതും അവര്‍ കണ്ടു. ഹൈക്കമാണ്ടും പോളിറ്റ് ബ്യൂറോയും നോക്കുന്നത് വോട്ടിന്റെ എണ്ണമാണ്. നീതിയും ന്യായവുമല്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഒരു വാക്കും തിരോന്തരത്തു മറ്റൊരു വാക്കും പറയുന്നത്. ഇത് ശരിക്ക് അറിയുന്നത് കൊണ്ടാണ് ഇടുക്കി ഞങ്ങള്‍ക്ക് വേണം എന്ന് തമിഴന്മാര്‍ ആവശ്യപ്പെടുന്നത്.
'അമ്മി വേണോ അമ്മി' എന്ന് ചോദിച്ചു കൊണ്ട് മുക്കുത്തിയിട്ട തമിഴത്തിപ്പെണ്ണുങ്ങള്‍ പണ്ട് നമ്മുടെ വീടുകള്‍ കയറിയിറങ്ങിയിരുന്നു. നാല് വോട്ടും തേനിയില്‍ രണ്ടു തോട്ടവും കിട്ടുമെങ്കില്‍ 'ഇടുക്കി വേണോ ഇടുക്കി' എന്ന് ചോദിച്ചുകൊണ്ട് അമ്മായിയുടെ കാല്‍ക്കല്‍ വീഴാന്‍ ത്രിവര്‍ണവും ചെങ്കൊടിയും പുതച്ച വേണ്ടത്ര രാഷ്ട്രീയ നപുംസകങ്ങള്‍ നമുക്കുണ്ട്. കേരളത്തിലും കേന്ദ്രത്തിലും. പിറന്ന മണ്ണിനെ ഇങ്ങനെ ഒറ്റുകൊടുക്കാന്‍ ഒരു തമിഴനെയും കിട്ടില്ല. സംസ്ഥാനത്തിന്റെ പ്രശ്നം വരുമ്പോള്‍ വാഴ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയക്കാരും അവിടെയില്ല. അവരും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്.
തര്‍ക്കശാസ്ത്ര രീതിയനുസരിച്ച് ഒരു ചര്‍ച്ചയില്‍ വിട്ടുവീഴ്ചകള്‍ക്ക് ആദ്യം തയ്യാറാവുന്നവന്‍ തന്റെ വാദഗതികളില്‍ അല്പം വിശ്വാസക്കുറവുള്ളവന്‍ ആയിരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളമാണ് ആ വഴി ആദ്യം തിരഞ്ഞെടുത്തത്. നിങ്ങള്‍ക്ക് മുഴുവന്‍ വെള്ളവും തരാം, കാശും കരാറും ഇല്ലെങ്കിലും പ്രശ്നമില്ല, എവിടെ വന്നും ഒപ്പിട്ടു തരാം, തുടങ്ങിയ കിഞ്ചന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നാം നമ്മുടെ തര്‍ക്കശാസ്ത്ര ദുര്‍ബലത തുടക്കത്തിലേ പ്രകടമാക്കി. എന്നാല്‍ അമ്മായി അതിലൊന്നും വീണില്ല എന്ന് മാത്രമല്ല ഒരു തര്‍ക്കം ജയിക്കാനുള്ള കാര്‍ക്കശ്യം തുടക്കത്തിലേ പ്രകടമാക്കുകയും ചെയ്തു. ചര്‍ച്ചയുടെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ട എന്ന് പ്രധാനമന്ത്രിയോട് തന്നെ തുറന്നു പറഞ്ഞു. അവര്‍ പാറ പോലെ ഉറച്ചു നിന്നപ്പോള്‍ നമ്മള്‍ പിന്നെയും അയഞ്ഞു. ഡാം പൊട്ടിയാലും ഇടുക്കി താങ്ങിക്കൊള്ളും എന്ന് കോടതിയില്‍ എഴുതിക്കൊടുത്തു. തമിഴ്നാട്ടിലായിരുന്നു ഇങ്ങനെയൊരു സംഭവം നടന്നിരുന്നതെങ്കില്‍ അന്ന് രാത്രിയിലെ കഞ്ഞി കുടിക്കാന്‍ അതെഴുതിക്കൊടുത്തവന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. ജനങ്ങള്‍ അവനെ പട്ടിയെപ്പോലെ എറിഞ്ഞു കൊല്ലുമായിരുന്നു.
നമ്മള്‍ സമരം അവസാനിപ്പിച്ചിടത്തു നിന്ന് അവര്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇനി ഇത് രണ്ടാലൊന്ന് ആയിട്ടേ അവര്‍ ഈ സമരം നിര്‍ത്തുകയുള്ളൂ.. പേടിപ്പിക്കാന്‍ വേണ്ടി പറയുകയല്ല, അവരുടെ ഒരു രീതി അതാണ്. നമ്മളുടെ രീതി വേറെയാണ്. തുടക്കത്തില്‍ പുലിയായി വന്നു ഒടുക്കത്തില്‍ എലിയായി സ്ഥലം വിടുക. കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങള്‍ ഏതാണ്ട് എലിയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. തമിഴന്‍ എലിയില്‍ നിന്ന് പുലിയായി രൂപാന്തരം പ്രാപിച്ചുതുടങ്ങുന്നതേയുള്ളൂ. കളിയൊക്കെ ഇനിയാണ് വരാനിരിക്കുന്നത്.
ഇടുക്കി വിട്ടുതരണം എന്ന് അവര്‍ ആവശ്യപ്പെടുന്നത് ശരിക്കും അത് വിട്ടുകിട്ടുന്നതിന് വേണ്ടിയല്ല. ഒരു തര്‍ക്കം ജയിക്കാനുള്ള ആപ്പുകള്‍ വെക്കുകയാണ്. കന്യാകുമാരിയില്‍ മലയാളം സംസാരിക്കുന്നവരാണ് കൂടുതലുള്ളത്, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ആ ജില്ല കേരളത്തിനു വേണം എന്ന് ആവശ്യപ്പെടാന്‍ ഒരു 'വൈക്കോ'ല്‍ പോലും നമുക്കില്ല. തേനിയും കന്യാകുമാരിയും കേരളത്തോട് ചേര്‍ക്കണം എന്ന് ഏതെങ്കിലും ഒരു വൈക്കോല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പോലും അതിനു അതിന്റേതായ ഒരു താര്‍ക്കിക ശക്തി ലഭിക്കും. Aim at sky and you will hit the mountaintop എന്നോ മറ്റോ സായിപ്പിന്റെ ഒരു ചൊല്ലുണ്ട്. ആകാശം ലക്‌ഷ്യം വെക്കുക, എങ്കില്‍ കുന്നില്‍ മുകളിലെങ്കിലും എത്താന്‍ പറ്റും. എപ്പോഴും അല്പം നീട്ടിയെറിയണം എന്ന് ചുരുക്കം. ഒരു തര്‍ക്കം ജയിക്കുന്നതിന്റെ പ്രധാന ഗുട്ടന്‍സ് ആ ചൊല്ലില്‍ ഉണ്ട്. തമിഴന്മാര്‍ ഇപ്പോള്‍ അതാണ് ചെയ്തു കൊണ്ടിരിക്കുനത്.
ഒരു പുതിയ ഡാം കെട്ടുന്നതിനു വേണ്ട എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ കേരളം ഇതിനകം നടത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. അതിന്റെ നടപടി ക്രമങ്ങളുമായി നാം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കാറ്റ് മാറിവീശുമായിരുന്നു. ചര്‍ച്ച നടത്താന്‍ അമ്മായി തിരുവനന്തപുരത്തു വരുമായിരുന്നു. ചാനലിലും അങ്ങാടിയിലും ഇരുന്ന് ഒച്ച വെക്കുകയല്ലാതെ ചെയ്യേണ്ട കാര്യങ്ങള്‍ അതതിന്റെ സ്ഥലത്തും സമയത്തും ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ ഒന്നാകെ ഇതുപോലെ നാണം കെടുന്ന ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ പോക്ക് പോയാല്‍ നമ്മള്‍ എവിടെയും എത്തില്ല. വെള്ളം 136 അടിയില്‍ നില്‍ക്കട്ടെ എന്നാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ദണ്ഡപാണി അവിടെയും വല്ലതും എഴുതിക്കൊടുത്തു കാണും. ഈ സമരം വിജയിക്കുമെന്ന് കരുതി സത്യാഗ്രഹം ഇരിക്കുന്നത് വെറുതെയാണ്. (MLA മാര്‍ക്ക് തടി കുറക്കാന്‍ വേണമെങ്കില്‍ അല്പം സത്യാഗ്രഹം ആവാം). കഴിയുന്നത്ര ആളുകളെ പെരിയാറിന്റെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചാല്‍ അത്രയും ജീവന്‍ രക്ഷിക്കാന്‍ പറ്റും. അതല്ല ഇടുക്കി ജില്ല വിട്ടുകൊടുത്തു കൊണ്ടുള്ള വല്ല ഫോര്‍മുലയും സര്‍ദാര്‍ജിയുടെ കയ്യിലുണ്ടെങ്കില്‍ അതും ആലോചിക്കാവുന്നതാണ്. ഏതുനിമിഷവും പൊട്ടാവുന്ന ഒരു ഡാമിനെ പേടിച്ചു തീ തിന്നു കഴിയുന്ന ആ പാവങ്ങളെ പറ്റിക്കുന്നതിലും ഭേദം അതാണ്.
കടപ്പാട് : manoj sudhakaran