Friday, January 24, 2014

പത്മരാജന്റെ പത്‌നി രാധലക്ഷ്മി സംസാരിക്കുന്നു

ഇരുപത്തിയൊന്നാം തീയ്യതി, പുതിയതായി വാങ്ങിയ സ്ഥലത്ത് മതിലുകെട്ടിത്തുടങ്ങി, അവിടെ ഇരിക്കെ, അദ്ദേഹം എന്നോടു ചോദിച്ചു. ''നമ്മളിവിടെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്?'' നമ്മുടെ മോള്‍ പ്രായമായി വരികയല്ലേ, അവളുടെ കല്ല്യാണം നമുക്ക് ഈ പുരയിടത്തില്‍ വലിയ പന്തലുകെട്ടി നടത്താം. വാടകയ്‌ക്കെടുത്ത മണ്ഡപങ്ങളിലെ കല്യാണം എനിക്കിഷ്ടമേ അല്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ''അവള്‍ കൊച്ചുകുട്ടിയല്ലേ നമ്മള്‍ ഉടനെ ഇവിടെ എന്തുചെയ്യണം എന്നാണ് ഞാന്‍ ചോദിച്ചത്'' എന്നായി അദ്ദേഹം.

Padmarajan and Radhalakshmi


''നമുക്കെല്ലാവര്‍ക്കും തടി വളരെ കൂടുതലാണല്ലോ. ഇവിടെയൊരു ഷട്ടില്‍ക്കോക്ക് കോര്‍ട്ടുണ്ടാക്കി നമുക്കു നാലുപേര്‍ക്കും കൂടി കളിക്കാം ആരോഗ്യത്തിനും നല്ലതാണ് എന്ന എന്റെ സജഷന്‍ അദ്ദേഹത്തിന് നന്നേ ബോധിച്ചു. വിളപ്പില്‍ശാല പുരയിടത്തില്‍ ഇരിപ്പുണ്ടായിരുന്ന കുറച്ചു ചുടുകട്ടകള്‍ ഇങ്ങോട്ട് കൊണ്ടുവരാനായി ഞങ്ങള്‍ വൈകീട്ട് പോയി. കുട്ടികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സന്ധ്യക്ക് സൂര്യാസ്തമയം നോക്കി നിന്നതിനുശേഷം എന്നോടു പറഞ്ഞു. ''അടുത്ത വര്‍ഷമാകുമ്പോഴേക്കും നമ്മുടെ രണ്ടു പുരയിടങ്ങള്‍ക്കും ഇടയ്ക്കായി കിടക്കുന്ന സ്ഥലം ഞാന്‍ വാങ്ങിച്ച് അവിടെ ഒരു വീടുവച്ചിരിക്കും'' എന്ന്, എങ്കിലത് തൊണ്ണൂറ്റി രണ്ട് മാര്‍ച്ചിലാകാം എന്നു പറഞ്ഞ് ഞാന്‍ ചിരിച്ചു. എന്തെന്നാല്‍ ഓരോ വര്‍ഷവും മാര്‍ച്ചുമാസത്തില്‍ എന്തെങ്കിലുമൊക്കെ മരാമത്തു പണികള്‍ ഞങ്ങള്‍ക്ക് പതിവുള്ളതാണ്.

എല്ലാ ശല്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് വളരെ ശാന്തമായ ഒരു ചുറ്റുപാടില്‍ ഇരുന്നുകൊണ്ട് വീണ്ടും സാഹിത്യ രചന തുടങ്ങണം, സിനിമയില്‍ നിന്നും എങ്ങനെയെങ്കിലും ഒന്നു തലയൂരണം എന്ന് ആ മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു.

ആര്‍ട്ട്‌സ് കോളേജിലെ ആര്‍ട്ട്‌സ് ക്ലബ്ബ് ഉല്‍ഘാടനത്തിന് അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. പണ്ട്, പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലില്‍തന്നെ താമസിച്ച്, സീനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന സുന്ദരം ധനുവച്ചപുരമായിരുന്നു അന്ന് ആര്‍ട്ട്‌സ് കോളേജിലെ പ്രിന്‍സിപ്പല്‍. ശരിക്ക് പറഞ്ഞാല്‍, സുന്ദരമാണ് അവിടുത്തെ പ്രിന്‍സിപ്പല്‍ എന്നറിഞ്ഞതുകൊണ്ടുമാത്രമാണ് അദ്ദേഹം, നല്ല ക്ഷീണമുണ്ടായിരുന്നിട്ടും, മീറ്റിങ്ങിനു പോകാം എന്നു സമ്മതിച്ചത്.
അന്നത്തോടെ തേച്ചുകുളി തീരുകയായിരുന്നു. കുളികഴിഞ്ഞായിരുന്നു ഉല്‍ഘാടനം. എല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ഉച്ചയായി. അപ്പോള്‍ അദ്ദേഹത്തിന് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. മീറ്റിങ്ങിനുപോയപ്പോള്‍ കോളേജിലെ ഏണിപ്പടികള്‍ കയറേണ്ടിവന്നതും, ഫ്ലറ്റില്‍ ചെന്നപ്പോള്‍ കറന്റില്ലാതിരുന്നതുകൊണ്ട് നാലാമത്തെ
നിലവരെ നടന്നുകയറേണ്ടിവന്നതും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍, ''കുറച്ചു നടക്കുമ്പോഴേക്കും വല്ലാത്ത തളര്‍ച്ചതോന്നുന്നു'' എന്നും പറഞ്ഞു.
തേച്ചു കുളിയുടെ ക്ഷീണമായിരിക്കും എന്നും പറഞ്ഞ് ഞാനദ്ദേഹത്തെ
സമാധാനിപ്പിച്ചു.
അന്നുച്ചയ്ക്കും ചപ്പാത്തി തിന്നണം എന്നദ്ദേഹം പറഞ്ഞപ്പോള്‍, ഊണുകഴിച്ചാല്‍ മതി, ക്ഷീണം കുറയട്ടെ എന്ന് ഞാന്‍ വിലക്കി. വൈകീട്ട് ചാപ്പാത്തി കഴിച്ചാല്‍ മതി എന്നു പറഞ്ഞു. അത് ഞങ്ങളൊന്നിച്ചുള്ള അവസാനത്തെ ഊണാണെന്ന് ഞാനറിഞ്ഞില്ല.
സന്ധ്യയാകുന്നതിനുമുമ്പ് ജോഷിമാത്യു വന്നു. പെട്ടെന്ന് ആഹാരം കഴിച്ച് അദ്ദേഹം ഡ്രസ്സ്മാറി. ബാഗെടുത്ത് അതിലുണ്ടായിരുന്ന രക്തം പരിശോധിച്ചതിന്റെ റിസള്‍ട്ട് എടുത്ത് എന്റെ കയ്യില്‍ത്തന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ചാരനിറത്തിലുള്ള ഒരു ഷര്‍ട്ടാണ് ഇട്ടിരുന്നത്. ആദ്യം എടുത്ത ഷൂ പോരെന്നുതോന്നി അതുമാറ്റി വേറൊരെണ്ണം എടുത്തിടുമ്പോള്‍, ട്രെയിനില്‍ കിടന്നുറങ്ങാന്‍ എന്തിന് ഇത്രയൊക്കെ ഒരുങ്ങുന്നു എന്നെനിക്ക് തോന്നി. എട്ടുമണിക്ക് മുമ്പായി അദ്ദേഹം ഇറങ്ങി. ജോഷിമാത്യുവും മോഹന്‍ദാസും റെയില്‍വേസ്‌റ്റേഷനില്‍ ചെന്ന് അദ്ദേഹത്തെ യാത്രയാക്കി. ആദ്യം പാലക്കാട്ടേക്കും അവിടെനിന്ന് കണ്ണൂര്‍ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനായിരുന്നു ഉദ്ദേശ്യം.

പിറ്റേന്ന് രാവിലെ ഞാനൊരു ബന്ധുവീട്ടില്‍ പോയിട്ട് ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാലക്കാടുനിന്ന് അദ്ദേഹം ഫോണ്‍ ചെയ്തിരുന്നെന്നും അങ്ങോട്ടു വിളിക്കണമെന്നും അനന്തരവന്‍ ഹരി എന്നോടു പറഞ്ഞതനുസരിച്ച് രണ്ടുമണിയോടെ ഞാന്‍ പാലക്കാട്ട് ഹോട്ടലിലേക്ക് വിളിച്ചു.
അദ്ദേഹത്തിന്റെ ശബ്ദത്തില്‍ വല്ലാത്ത ക്ഷീണം തോന്നിയിരുന്നു.
എന്തോ ഒരു പന്തിയില്ലായ്മ ആ ശബ്ദത്തില്‍ എനിക്ക് അനുഭവപ്പെട്ടതുകൊണ്ട്, ''എന്താ ബോറടിക്കുന്നോ'' എന്നു ഞാന്‍ ചോദിച്ചു.
''ഇല്ല, ബാലന്‍ വന്നിട്ടുണ്ട്. നിതീഷും മോഹനും ഒക്കെ എത്തിയിട്ടുണ്ട്. നിങ്ങളൊരു കാര്യം ചെയ്യണം. ജോഷിയെ ഒന്നുവിളിച്ച് ഞങ്ങള്‍ നാളെ വൈകീട്ടേ കോട്ടയത്ത് എത്തൂ എന്നും, അവിടുത്തെ സ്വീകരണം ഇരുപത്തിയഞ്ചാം തീയതി രാവിലേക്ക് മാറ്റിവെക്കണമെന്നും ഒന്നു പറയണം. നാളെ തൃശ്ശൂരും എറണാകുളവും കവര്‍ ചെയ്ത് സന്ധ്യക്ക് കോട്ടയത്തെത്തും'' എന്നു പറഞ്ഞിട്ട് മക്കളെ രണ്ടുപേരെയും അന്വേഷിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കൂടെ ട്രെയിനില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഉണ്ടായിരുന്നു എന്നും പറഞ്ഞു.
പിന്നീടൊരിക്കലും ആ ചുണ്ടുകള്‍ എന്നോടൊന്നും ഉരിയാടിയിട്ടില്ല. ആ മുഴങ്ങുന്ന ശബ്ദം പിന്നീടൊരിക്കലും ഞാന്‍ കേട്ടില്ല.
ജനവരി ഇരുപത്തിനാലിന് മകള്‍ മാധവിക്കുട്ടിക്ക് കോളേജില്‍ ക്യാമ്പസ് വീക്കിന്റെ മത്സരങ്ങളായിരുന്നു.
ഗ്രൂപ്പ് ഡാന്‍സ്, മലയാളം റെസിറ്റേഷന്‍, കൈകൊട്ടിക്കളി, ഗ്രൂപ്പ് മ്യൂസിക്ക് എല്ലാറ്റിനും അവള്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തലേന്നുരാത്രി വളരെ വൈകുന്നതുവരെ അവള്‍ക്ക് ഡാന്‍സിനുവേണ്ടി ഉടപ്പുകള്‍ തുന്നി ശരിയാക്കിക്കൊണ്ട് ഞാനും അവളും ഇരുന്നു.

പിറ്റേന്ന് അവള്‍ ജീവിതത്തിലാദ്യമായി സാരിയുടുത്തു. അപ്പച്ചിയെയും ചിറ്റപ്പനെയും ചെന്ന് കാണിച്ചു. കാലത്ത് എട്ടുമണിക്കുതന്നെ കോളേജില്‍ പോകണമായിരുന്നു. പറഞ്ഞ സമയത്ത് െ്രെഡവര്‍ വരാത്തതുകൊണ്ട് പപ്പന്‍തന്നെ കാറെടുത്ത് അടുത്ത ഇടവഴിയില്‍ താമസിക്കുന്ന മോഹന്‍ദാസിനെ വിളിക്കാനായിപോയി. പപ്പന്‍ അന്ന് െ്രെഡവിങ്ങ് ലൈസന്‍സ് എടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഇവാനിയസ് കോളേജ് വരെ അവന്‍ മോളെ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോള്‍ എനിക്ക് ഭയംതോന്നി. ഏതായാലും, ചിറ്റപ്പനും കൂടെ അവരോടൊപ്പം ചെല്ലാമെന്ന് സമ്മതിച്ചു. അപ്പച്ചിയുടെ ഇളയമോനും അവരോടൊപ്പം കാറില്‍ കയറി.

വലതു വശത്തുകൂടെ പപ്പന്‍ കാറും കൊണ്ടുപോയി. ഇടുതുവശത്തെ ഇടവഴിയിലൂടെ മോഹന്‍ദാസ് വരികയും ചെയ്തു. പിന്നീട് മോഹന്‍ദാസ് കുട്ടികളെ അന്വേഷിച്ച് ഓടി. ഇവരെങ്ങനെയാണ് പോയത്. കാര്‍ ആരാണ് െ്രെഡവ് ചെയ്തത് എന്നൊന്നും അറിയാതെ ഞാന്‍വല്ലാതെ പരിഭ്രമിച്ചു. പതിവില്ലാത്ത വിധത്തില്‍ ഒരു വെപ്രാളം എനിക്കനുഭവപ്പെട്ടു. പ്രഭയുടെയും ഞങ്ങളുടെയും വീട്ടിലായി നാലഞ്ചു പ്രാവശ്യം ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. ഭ്രാന്തുപിടിച്ചതുപോലൊരവസ്ഥ. അവസാനം, പ്രഭയുടെ മോന്‍ അന്നന്ന (അനന്തകൃഷ്ണന്‍) ട്യൂഷന്‍ കഴിഞ്ഞുവരികയും, അവരെല്ലാം കാറില്‍ പോകുന്നതുകണ്ടെന്നും െ്രെഡവ് ചെയ്തിരുന്നത് മോഹന്‍ദാസാണ് എന്നു പറയുകയും ചെയ്തപ്പോഴാണ് എന്റെ മനസ്സ് ഒന്നു ശാന്തമായത്.

എട്ടേകാല്‍ മുതല്‍ എട്ടരവരെ എന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു. അകാരണമായ ഒരു ഭയം എന്നെ ബാധിച്ചിരുന്നു.
പത്തുമണി കഴിഞ്ഞപ്പോള്‍, ഓപ്പറേഷന്‍ കഴിഞ്ഞുകിടക്കുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ അന്വേഷിച്ച് ആശുപത്രിയില്‍ പോകാന്‍ ഞാനും പ്രഭയും ഒരുങ്ങി. ഞാന്‍ പ്രഭയുടെ വീട്ടില്‍ചെന്നു നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ കൂടെ നേരത്തേ നിന്നിരുന്ന െ്രെഡവര്‍ അങ്ങോട്ടുവരുന്നത്.
െ്രെഡവറോട് ഞാന്‍ കുശലം ചോദിച്ചു. ''ചേച്ചി, പത്മരാജന്‍ സാറിന് ഒരു ആക്‌സിഡന്റ് പറ്റി എന്ന് ഇതാ ഇപ്പോള്‍ മദ്രാസില്‍ നിന്ന് ഡയറക്ടര്‍ മോഹന്‍ദാസ് നൂപുര കുറുപ്പുസാറിനെ ഫോണില്‍ വിളിച്ചു പറഞ്ഞു''
എന്നയാള്‍ എന്നോടു പറഞ്ഞു.
പൊതുവേ ഒരു മദ്യപാനിയായ അയാള്‍ രാവിലെതന്നെ വെള്ളമടിച്ചു വന്ന് എന്തോ പറയുന്നു എന്നേ ഞാന്‍ ധരിച്ചുള്ളൂ. ''സാറ് മദ്രാസിലോട്ടു പോയില്ലല്ലോ എന്താ ആക്‌സിഡന്റില്‍ മരിച്ചു എന്നോ മറ്റോ കേട്ടോ'' എന്ന് കളിയാക്കി ഞാനായാളോടു ചോദിച്ചു. അങ്ങനെ ചോദിക്കുവാന്‍ കാരണമുണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് 'മമ്മൂട്ടി മരിച്ചെന്നു കേള്‍ക്കുന്നു. ശരിയാണോ' എന്നു ചോദിച്ച് അബുദാബിയില്‍ നിന്ന് ഒരു ഫോണ്‍ വന്നത്. ഞാന്‍ തന്നെയാണ് ആ ഫോണ്‍ അറ്റന്റു ചെയ്തിരുന്നത്. കൂടാതെ പത്മരാജന്‍തന്നെ ആക്‌സിഡന്റില്‍ മരിച്ചു എന്നൊരു വാര്‍ത്ത മുമ്പൊരിക്കല്‍ ചിറ്റൂരാകെ പരന്നിട്ട് അവിടെനിന്ന് ചേച്ചിയുടെ മോന്‍ വിളിച്ചു ചോദിച്ചിട്ടുണ്ട്. യേശുദാസ് മരിച്ചെന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നതുമാണ്. അതു പോലെയൊക്കെ ഉള്ള ഒരു കള്ളം, എന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ. ''മരിച്ചെന്നാ പറയുന്നത്'' എന്ന് െ്രെഡവര്‍ പറഞ്ഞപ്പോള്‍, ''ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് മരിക്കും'' എന്ന് തമാശയായി ഞാന്‍ പറഞ്ഞു.

എങ്കിലും ഒന്ന് ഫോണ്‍ ചെയ്ത് തിരക്കിക്കളയാം എന്നു കരുതി പ്രഭയും ഞാനും അനന്തരവന്‍ ഹരിയുമായി വീട്ടിലേക്ക് വന്നു.
അന്ന് ഫ്ലറ്റില്‍ ഉണ്ടായിരുന്ന ജോഷിമാത്യുവിനെ വിളിച്ചാണ് ആദ്യം വിവരം തിരിക്കിയത്. ''കള്ളം പറയുകയാണ് ചേച്ചീ'' എന്ന് ജോഷി പറഞ്ഞു. പിന്നീട് ഞാന്‍ ഗുഡ്‌നൈറ്റിന്റെ ഓഫീസില്‍ വിളിച്ചു. അവിടെയും ആര്‍ക്കും അറിയില്ലെന്നു പറഞ്ഞു. പിന്നീട് ഞാന്‍ ഒരുപാട് ഫോണ്‍ നമ്പറുകള്‍ കറക്കി. പ്രഭയോ ഹരിയോ വിളിച്ചിട്ട് ശരിയായില്ലെങ്കിലോ എന്നു കരുതി ഫോണ്‍ ഞാന്‍ ആരുടെ കയ്യിലും കൊടുത്തില്ല.
വിളിക്കുന്ന നമ്പരുകളെല്ലാം എന്‍ഗേജ്ഡ് ആയിരുന്നു. താഴത്തെ ഫോണിന് എന്തോ കുഴപ്പമുണ്ട് എന്ന ധാരണയില്‍ ഞങ്ങള്‍ മുകളിലേക്ക് പോയി. അവിടെ ഞങ്ങളുടെ ബെഡ്‌റൂമിലെ ഫോണിലൂടെയായി ശ്രമം. ആരെയും കിട്ടിയില്ല. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വന്നു. അരോമാ മൂവീസില്‍ നിന്നായിരുന്നു. ഇവിടെ മിസിസ് പത്മരാജനാണ് എന്നു പറഞ്ഞപ്പോള്‍. വേറെ ആരുടെ കയ്യിലെങ്കിലും ഫോണ്‍ കൊടുക്കുവാന്‍ അപ്പുറത്തുനിന്നും നിര്‍ദ്ദേശം വന്നു. ഞാന്‍ കൊടുത്തില്ല ''എന്താ പത്മരാജന് ആക്‌സിഡന്റായോ'' എന്നു ഞാന്‍ ചോദിച്ചു. അപ്പുറത്ത്, എന്തു പറയണമെന്നറിയാതെ വിഷമിക്കുന്നത് ഞാനറിഞ്ഞു. ''എന്താണെങ്കിലും പറയൂ അദ്ദേഹം മരിച്ചോ? വീണ്ടും ഞാന്‍ ചോദിച്ചു.

''മരിച്ചു. പക്ഷേ, ആക്‌സിഡന്റല്ല. ഇന്നലെരാത്രി ഉറങ്ങാന്‍ കിടന്നു രാവിലെ ഉണര്‍ന്നില്ല'' എന്നായിരുന്നു മറുപടി. പക്ഷേ, എന്റെ മനസ്സ് അതുവിശ്വസിക്കുവാന്‍ തയ്യാറായിരുന്നില്ല.
''ആട്ടെ നിങ്ങള്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത കേട്ടത്?'' എന്ന എന്റെ ചോദ്യത്തിന് ''കോഴിക്കോട്'' എന്നവാക്ക് ഇടിത്തീപോലെ എന്റെ ചെവിയിലേക്ക് വന്നുവീണു. ആ ശപിക്കപ്പെട്ട നിമിഷത്തില്‍ പിന്നെ യാതൊന്നും ഞാന്‍ കേട്ടില്ല.
എങ്ങും ശൂന്യത. പ്രഭയും ഹരിയും ചുറ്റുമുള്ള എല്ലാവസ്തുക്കളും എന്റെ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമായി. കനത്ത ശൂന്യതയില്‍ വെളിവുകെട്ടവളെപ്പോലെ ഞാന്‍ മരവിച്ചിരുന്നു. പിന്നീട് എന്റെ പ്രജ്ഞ ഉണരുന്നത് മുതുകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ എങ്ങുനിന്നോ എന്റെ മടിയിലേക്ക് വന്നു വീണ ഷട്ടില്‍ കോക്കിന്റെ വെണ്‍മയിലേക്കാണ്.

ഞാന്‍ ഞെട്ടിയുണര്‍ന്നുനോക്കി. കാറിനകത്ത് എനിക്കിരുവശവുമായി ആരൊക്കെയോ ഡോറിന്റെ ഗ്ലാസ്സ് മുക്കാല്‍ ഭാഗവും ഉയര്‍ത്തിവച്ചിരിക്കുന്നു. പുറത്ത് പൊള്ളുന്ന വെയില്‍ റോഡിനിരുവശത്തുമായി കൊഴുത്തുവളരുന്ന അക്കേഷ്യാ മരങ്ങള്‍.

എവിടെനിന്നെന്നില്ലാതെ കൃത്യം എന്റെ മടിയില്‍ വന്നുവീണ ഫെതര്‍ കോക്ക്, എല്ലാവര്‍ക്കും ഒരുദ്ഭുതമായി. കാറ്റിലൂടെ അദ്ദേഹത്തിന്റെ സ്വരം എന്റെ കാതില്‍ വന്നു വീഴുന്നതായി എനിക്ക് തോന്നി. ആ ശബ്ദത്തില്‍ സാന്ത്വനവും പ്രേമവും ഇടകലര്‍ന്നിരുന്നു. ''തങ്കം കരയണ്ടാ ഞാന്‍ കൂടെത്തന്നെയുണ്ട് എപ്പോഴും കളിച്ചുകൊണ്ടിരിക്കാനല്ലേ ആഗ്രഹം ഇതാ കോക്ക് നമ്മുടെ പുതിയ പുരയിടത്തില്‍ കോര്‍ട്ടിട്ട് കളിച്ചോളൂ'' ആ ശബ്ദം ഒരു സെക്കന്റ് നേരത്തേക്ക് എന്റെ ചേതനയില്‍ നിര്‍വൃതിയുടേതായ ഒരു കണിക ഉതിര്‍ത്തു. പിന്നീടത് എന്നെ ഭ്രാന്തു പിടിപ്പിച്ചു. വീണ്ടും ഞാനാശബ്ദം കേട്ടു ഇക്കുറി അത് വേറെ ഏതോ ലോകത്തുനിന്നായിരുന്നു.
ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ഞാനിരുന്നു.

''ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി''.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Tuesday, January 14, 2014

വൈക്കം മുഹമ്മദ്‌ ബഷീര്‍ സുകുമാര്‍ അഴീക്കോടിനയച്ച കത്ത്



ബഹുമാനപ്പെട്ട തത്ത്വമസീ,
താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും,
അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.
ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എംടിയെയും എന്‍പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എം ടിക്കും എന്‍ പിക്കും കാര്‍ഡ് ഇടണം.

താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/-വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പട ഉണ്ടാക്കാനാണ്.

ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക.
മംഗളം
കോഴിക്കോട്
14-1-1991
മുഹമ്മദ് ബഷീര്‍

Monday, January 6, 2014

എ.ആര്‍ .റഹ്മാന്‍

വി.ടി.മുരളി
A R Rahman

എ.ആര്‍. റഹ്മാന്‍ എന്ന സംഗീതകാരനെ എങ്ങനെ വിലയിരുത്തണം? ഓസ്‌കാര്‍ അവാര്‍ഡുവരെ നേടിയ ഒരു സംഗീതജ്ഞനെ വിലയിരുത്തുമ്പോള്‍ എന്തൊക്കെ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യണം. സംഗീതത്തിനു മുകളില്‍ പ്രശസ്തി കയറിയിരിക്കുമ്പോള്‍ വളരെ കരുതലോടെവേണം ഇതുചെയ്യാന്‍. ഏതു വിധത്തിലാണ് ഈ സംഗീതം മറ്റുള്ളവരുടെ സംഗീതത്തില്‍നിന്ന് വ്യതിരിക്തമാവുന്നത്? ഇത്രയധികം പോപ്പുലാരിറ്റി ഈ സംഗീതശൈലിക്കെങ്ങനെ വന്നുചേര്‍ന്നു? ഒരു സാധാരണ സംഗീതാസ്വാദകനില്‍ ഇനിയും ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. നമ്മുടെ ലളിതസംഗീതത്തിന്റെ- സിനിമാസംഗീതത്തിന്റെ വളര്‍ച്ച പഠിക്കുന്ന ഒരാള്‍ക്ക് എ.ആര്‍. റഹ്മാനില്‍ ഒരു കുതിച്ചുചാട്ടം കാണാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇളയരാജയില്‍നിന്നുള്ള സ്വാഭാവിക വളര്‍ച്ചതന്നെയാണോ ഈ സംഗീതം?

വളരെ വിശദമായി പഠിക്കപ്പെടേണ്ട കുറെ കാര്യങ്ങളുണ്ട് ഇവയിലൊക്കെ. എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍- ഇങ്ങനെ തരംതിരിച്ചാല്‍ റഹ്മാന്റെ സ്ഥാനം എവിടെയാണ് എന്ന് മനസ്സിലാക്കാം. പൂര്‍വികരുടെ സംഗീതത്തിന്റെ അംശങ്ങള്‍ പൂര്‍ണമായി നിഷേധിക്കാന്‍ കഴിയുമോ? റഹ്മാന്റെ സംഗീതത്തില്‍ അങ്ങനെയൊരു നിഷേധമുണ്ടോ? ഇല്ല എന്നാണെന്റെ തോന്നല്‍. പൂര്‍വികരുടെ അംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു നവസംഗീതം. ഇങ്ങനെയൊരു നവീകരണം എല്ലാ കാലത്തും നടന്നിട്ടുണ്ട്. നവീകരണങ്ങളില്‍ ചിലത് അതിജീവിക്കും. ചിലത് വെറും ട്രെന്‍ഡുകളായി, അപ്പോഴത്തെ കച്ചവടവസ്തുവായി മാത്രം മാറിപ്പോകും. അത്രമാത്രം. അങ്ങനെ അതിജീവിച്ചതാണ് പിന്നെ നാം എടുത്തുപറയുന്ന പല പാട്ടുകളും. പഴയതിന്റെ തുടര്‍ച്ചകളായി നവീകരിച്ചുവന്നത്. അല്ലാതെ പഴയതിന്റെ അനുകരണങ്ങളായിരുന്നില്ല. റഹ്മാന്റെ സംഗീതത്തെ ആകര്‍ഷണീയമാക്കുന്നത്, ഭാവസാന്ദ്രമാക്കുന്നത് ഈ പഴയ മെലഡിയുടെ നവീകരിക്കപ്പെട്ട അംശങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്. ലോകസംഗീതത്തിന്റെ കവാടം റഹ്മാന്‍ ആസ്വാദകരുടെ മുന്നില്‍ തുറന്നിടുന്നു. സാങ്കേതികവിദ്യയുമായി ചേര്‍ന്ന ഒരു നവീകരണമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ അംശങ്ങള്‍കൂടി സ്വാംശീകരിച്ചാലേ ഇനി നില്ക്കാന്‍ കഴിയൂ എന്നതാണ് റഹ്മാന്‍ നല്കുന്ന പുതിയ പാഠം. നേരത്തേ നടത്തിയ പരീക്ഷണങ്ങളിലൊന്നും സാങ്കേതികവിദ്യയായിരുന്നില്ല പ്രധാന പങ്കുവഹിച്ചത്. എം.എസ്. ഉള്‍പ്പെടെയുള്ള പഴയ തലമുറ സംഗീതജ്ഞര്‍ സാങ്കേതിക കാര്യങ്ങളില്‍ പണ്ഡിതന്മാരായിരുന്നില്ല. എന്നാല്‍ ഇന്ന് ഒരു സംഗീതസംവിധായകന് ഇതിനെ അവഗണിച്ച് പിടിച്ചുനില്ക്കാന്‍ കഴിയുമെന്നുതോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ മെലഡിയെ നിരാകരിക്കുന്ന തരത്തിലുള്ള സംഗീതവും പുറത്തുവരുന്നുണ്ട്. ഇതിനെ രണ്ടിനെയും സമന്വയിപ്പിക്കുന്നതില്‍ റഹ്മാന്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. സാങ്കേതികവിദ്യയിലെ വളര്‍ച്ചകൂടി എങ്ങനെ സംയോജിപ്പിക്കാം എന്നതാണ് പുതിയ സംഗീതം.

ഈ നവീനവത്കരണം നമ്മുടെ സംഗീതത്തെ മുന്നോട്ടു നയിച്ചുവോ- നയിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. റഹ്മാന്റെ സംഗീതത്തിന്റെ തരംഗങ്ങള്‍ ഉണര്‍ന്ന കാലഘട്ടത്തിലെ ഒരു പരസ്യം എന്റെ ഓര്‍മയില്‍ വരുന്നു. ഒരു കാസറ്റിന്റെ പരസ്യമായിരുന്നു അത്. 'കെ.പി.എ.സിയുടെ നാടക ഗാനങ്ങള്‍ റഹ്മാന്‍ മ്യൂസിക്കോടെ' എന്നതായിരുന്നു പരസ്യത്തിന്റെ പൊരുള്‍. കെ.പി.എ.സിയുടെ പഴയ പാട്ടുകള്‍ അതിന്റെ 'ബാക്ക്ഗ്രൗണ്ട്' മ്യൂസിക് മാറ്റി എന്നേ അതിനവര്‍ അര്‍ഥം കണക്കാക്കിയുള്ളൂ. അപ്പോള്‍ പശ്ചാത്തലസംഗീതത്തില്‍, ഉപകരണസംഗീതത്തില്‍ വരുത്തിയ മാറ്റങ്ങളാണോ ഇതിന്റെയൊക്കെ അടിത്തറ? അപ്പോഴും എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പഴയകാലത്തെ പാട്ടുകള്‍ മലയാളമായാലും തമിഴായാലും ഹിന്ദിയായാലും പാട്ടുകളോടൊപ്പംതന്നെ അതിന്റെ ഉപകരണ സംഗീതവും ഓര്‍മയിലെത്തും. പുതിയ പാട്ടുകളോടൊപ്പം അതിന്റെ 'ബാക്ക് ഗ്രൗണ്ട് മ്യൂസിക്' നമ്മുടെ ഓര്‍മയിലെത്തുമോ? ഓര്‍ക്കാന്‍ കഴിയുമോ? അപ്പോള്‍ ഉപകരണ സംഗീതത്തിലൂടെയുള്ള ഈ നവീകരണം മനസ്സില്‍ തങ്ങിനില്ക്കുന്നതല്ല എന്നാണോ? പുതിയ സംഗീതം ഹൃദയത്തിലേക്കാണോ തലച്ചോറിലേക്കാണോ പോകുന്നത് എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു.

നേരത്തേയുള്ള സംഗീതത്തിന്റെ ഒരു പ്രസക്തി അത് സാഹിത്യത്തെ ഒന്നാമതായി കണ്ടു എന്നതാണ്. പുതിയ സംഗീതം സാഹിത്യത്തെ സംഗീതവത്കരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംഗീതത്തിന്റെ ചട്ടക്കൂട്ടിലേക്ക് വാക്കുകളെ നയിക്കുകയാണത് ചെയ്യുന്നത്. പ്രതിഭാശാലികളായ എഴുത്തുകാര്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ യാദൃച്ഛികമായി നല്ല രചനകള്‍ ഉണ്ടാവുന്നു എന്നതൊഴിച്ചാല്‍ സാഹിത്യം രണ്ടാമതായി എന്നതു തന്നെയാണ് യാഥാര്‍ഥ്യം. ഈ തലമുറയുടെ പ്രതിനിധിയല്ലെ റഹ്മാന്‍. പഴയകാലത്തെ പാട്ടുകളിലെ കവിത എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സംഗീതം മാത്രമാണാകര്‍ഷിക്കുന്നത്. സംഗീതം എന്ന ആത്മാവിനു കയറിയിരിക്കാന്‍ പറ്റിയൊരിടം ശരീരം അതാണ് വാക്ക് എന്നു വരുന്നു. ഇത് റഹ്മാന്‍ ചെയ്ത ഒരപരാധമാണെന്നല്ല ഞാന്‍ പറയുന്നത്. റഹ്മാനു മുന്‍പെയും ഇതു ചെയ്തവര്‍ ഇല്ലെന്നുമല്ല. മറിച്ച് ഇതാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ റഹ്മാന്റെ സാന്നിധ്യം കാരണമായി എന്നേ പറയുന്നുള്ളൂ. ഇതൊരു വിമര്‍ശനമായല്ല അവതരിപ്പിക്കുന്നത്.

റഹ്മാന്‍ സംഗീതംചെയ്ത ആദ്യ മലയാളചിത്രം യോദ്ധ ആണ്. റഹ്മാന്റെ പിതാവ് ആര്‍.കെ. ശേഖറിന്റെ തട്ടകം മലയാളസിനിമതന്നെയായിരുന്നു.

യോദ്ധയിലെ പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, പിന്നീട് റോജയില്‍ എത്തിയപ്പോള്‍ അദ്ദേഹം പൂര്‍ണത പ്രാപിക്കുകയാണ്. 'ചിന്ന ചിന്ന ആശൈ'യും 'കാതല്‍ റോജാവെ'യും ഒക്കെ ഒരു പുതിയ സംവേദനം സൃഷ്ടിച്ചു. താളത്തെ പ്രയോഗിക്കുന്നതിലെ വ്യത്യസ്തത ശ്രദ്ധേയമായ ഒരു കാര്യമാണ്. ദൃശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സംഗീതമാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്ന ബോധം. 'രുക്ക്മണീ' എന്ന ഗാനം ചിത്രീകരിച്ചത് ഓര്‍ക്കുക. മണിരത്‌നത്തിന്റെ സിനിമ എന്ന നിലയിലും ഈ ചിത്രത്തിനു പ്രത്യേകതയുണ്ടായിരുന്നു. ബോംബെ എന്ന ചിത്രത്തിലെ 'ഉയിരെ' എന്ന ഗാനവും മറ്റു ചില ഗാനങ്ങളുടെ ചിത്രീകരണവും ശ്രദ്ധിക്കുക. ഇങ്ങനെ ദൃശ്യവത്കരണസാധ്യതയുള്ള ഒരു സംഗീതം, അല്ലെങ്കില്‍ സിനിമാസംവിധായകന്റെ മനസ്സിലെ 'വിഷ്വല്‍സി'നെ മൂര്‍ത്തമാക്കുന്ന ഒരു സംഗീതം, ഇത് റഹ്മാന്റെ ഒരു പ്രത്യേകതയായി എനിക്കുതോന്നുന്നു.

അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നിയ മറ്റൊരു കാര്യം ഗായകരുടെ താരാവസ്ഥ നോക്കിയല്ല പാട്ടുകള്‍ ഉണ്ടാക്കപ്പെടുന്നത് എന്നതാണ്. ഒരു ഗാനം ഉണ്ടായിട്ടാണ് ഗായകനെ അന്വേഷിക്കുന്നത്. ഗാനത്തിനാവശ്യമായ ടോണ്‍ എവിടെനിന്ന് ലഭിക്കുന്നു എന്നതാണ് പ്രധാന വിഷയം. ഇത് തീര്‍ച്ചയായും ഒരു വളര്‍ച്ചതന്നെയാണ്. എല്ലാ പാട്ടുകളും എസ്.പി. ബാലസുബ്രഹ്മണ്യം പാടണം, അല്ലെങ്കില്‍ യേശുദാസ് പാടണം എന്ന് റഹ്മാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകളുടെ വിജയത്തിന്റെ ഒരു കാരണം ഇതുതന്നെ. മറ്റൊരു ഗായകനെക്കുറിച്ച് നമുക്കു ചിന്തിക്കുവാന്‍ കഴിയുന്നില്ല. താരതമ്യേന നേര്‍ത്ത ശബ്ദമുള്ള ഉണ്ണികൃഷ്ണനെക്കൊണ്ട് എത്ര ഗാനങ്ങള്‍ പാടിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ഉണ്ണികൃഷ്ണന്റെ ശബ്ദത്തോടു സാമ്യമുള്ള ആലാപനരീതിയിലുള്ള പാട്ടുകള്‍പോലും പിന്നീട് അനുകരണങ്ങളായി വന്നു. ഗായകരുടെ പ്രശസ്തിക്കു മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന ഒരു സംഗീത സംവിധായകനല്ല റഹ്മാന്‍ എന്നു മാത്രമല്ല, ഗായകരെ അദ്ദേഹം ഉപയോഗിക്കുന്ന രീതി ഏതാണ്ടൊരു ഉപകരണംപോലെത്തന്നെയാണെന്നും എനിക്കു തോന്നിയിട്ടുണ്ട്.

നമ്മുടെ ഗാനരംഗം താഴോട്ടു പോയിക്കൊണ്ടിരിക്കുന്നത് ആത്മവിശ്വാസം കുറഞ്ഞ സംഗീതസംവിധായകരിലൂടെയാണ്. പഴയ സംഗീതസംവിധായകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. പുതിയ ആളുകള്‍ പലരും ഈ ഗായകതാരങ്ങളുടെ കാലില്‍ വെറ്റിലവെച്ചു നമസ്‌കരിച്ച് സംഗീതസംവിധാനം ചെയ്യുന്നവരാണ്. ഇതിന്റെ ദോഷഫലം ചില്ലറയല്ല. മമ്മൂട്ടിച്ചിത്രത്തിനുവേണ്ടി, മോഹന്‍ലാല്‍ച്ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുന്നു എന്നുപറയുന്ന തിരക്കഥാകൃത്തുക്കള്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ഗാനം രചിക്കുന്നുവെന്ന് അഭിമാനിക്കുന്ന ഗാനരചയിതാക്കള്‍- ഇതൊരു വളര്‍ച്ചയാണോ? ഒരു പാട്ട് ഉണ്ടാക്കുന്നതിലെ അസ്വാതന്ത്ര്യം ആലോചിച്ചുനോക്കൂ. കഥാപാത്രത്തെക്കാള്‍ പ്രധാനം താരമാവുമ്പോള്‍ പിന്നെ എങ്ങനെ വളരും? റഹ്മാന്‍ ഇവിടെ വ്യത്യസ്തനാവുന്നു. കഥാപാത്രങ്ങള്‍ക്കായി സംഗീതം രചിച്ചശേഷം ആ ഭാവം ശബ്ദത്തിലും ആലാപനത്തിലും കൊണ്ടുവരാന്‍ കഴിയുന്ന ഗായകനെ അന്വേഷിക്കുക. ഇതൊരു വളര്‍ച്ചതന്നെയാണ്. ഇതില്‍ ബഹുസ്വരതയെക്കുറിച്ചുള്ള ഒരന്വേഷണം ഉണ്ട് എന്നുഞാന്‍ കരുതുന്നു.
A R Rahman

റഹ്മാന്റെ സംഗീതത്തെക്കുറിച്ചുള്ള ആലോചനകള്‍ നമ്മെ നയിക്കുന്നത് സംഗീതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആലോചനകളിലേക്കു തന്നെയാണ്.

നാം എവിടെ നില്ക്കുന്നു എന്നത് മറ്റൊരു കാര്യം. ഇളയരാജയുടെ സംഗീതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള തന്റെ സംഗീതസഞ്ചാരങ്ങള്‍, തമിഴ് നാടോടി സംഗീതത്തില്‍ തായ്‌വേരുകള്‍ തേടിയുള്ള യാത്ര. സംഗീത കനവുകള്‍ എന്ന തന്റെ പുസ്തകത്തില്‍ ഇളയരാജ ഇക്കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഹാര്‍മോണിസ്റ്റായി തമിഴ്‌നാട്ടിലെ വേദികളില്‍ പോയ കാര്യങ്ങള്‍ അദ്ദേഹം സ്മരിക്കുന്നുണ്ട്. ഈ അറിവ് പുതുതലമുറയ്ക്കില്ല. അവര്‍ സംഗീതത്തിന്റെ രസതന്ത്രം സൃഷ്ടിക്കുന്നത് പരീക്ഷണശാലകളിലാണ്. അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. നേരത്തേയുള്ള തലമുറയുടെ പരീക്ഷണശാല സാധാരണജനങ്ങള്‍ ആയിരുന്നു. ഓരോ കാലത്തിനും ഇണങ്ങിയ സംഗീതം എന്ന് പൊതുവെ പറഞ്ഞ് നമ്മള്‍ ഒഴിയുകയാണ് പതിവ്. സംഗീതത്തിലെ വൈവിധ്യത്തെക്കുറിച്ച് ഇളയരാജ പറയുന്നതിങ്ങനെയാണ്:

'ഒരു പ്രത്യേക വാസന മല്ലിപ്പൂവിനുവേണ്ടി കാത്തിരിക്കുന്നു. ഏതോ ഒരവസരത്തില്‍ തമ്മില്‍ ചേര്‍ന്നപ്പോള്‍, പിന്നെ ഒരിക്കലും പിരിയാതെയായി. ആര്‍ക്കും തമ്മില്‍ പിരിക്കാന്‍ വയ്യാതായി. അങ്ങനെ മല്ലികപ്പൂവിന് ഒരു വാസന, റോസാപ്പൂവിന് ഒരു വാസന, മുല്ലയ്ക്ക്, പിച്ചകത്തിന്, ചെമ്പകത്തിന് എല്ലാറ്റിനുമുണ്ട് ഓരോ വാസന. അത് അവയ്ക്കു മാത്രമേയുള്ളൂ. അതുപോലെയാണ് ഒരു പാട്ടില്‍ ചേരുന്ന സംഗീതം. അത് അതിനുമാത്രമേ ചേരൂ എന്നതാണ് സത്യം'.

പാട്ടില്‍ ചേരുന്ന സംഗീതത്തെക്കുറിച്ചാണ് ഇളയരാജ പറയുന്നത്. സംഗീതത്തില്‍ ചേരുന്ന സാഹിത്യത്തെക്കുറിച്ചല്ല. അങ്ങനെ മാറുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയേക്കാം. നമ്മുടെ സംസ്‌കാരത്തിന്റെ ഭൂമികയെ നിഷേധിക്കരുത് എന്നേ ഉള്ളൂ. റഹ്മാന്‍ ഒരു തുടര്‍ച്ചതന്നെയാണെന്നു കരുതാനാണെനിക്കിഷ്ടം. അനിവാര്യമായ തുടര്‍ച്ച.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ തുറന്നുവെച്ച സംഗീതജാലകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, January 1, 2014

പരദൂഷണം അമ്മായി

സത്യന്‍ അന്തിക്കാട് /താഹ മാടായി

ഞാന്‍ സിനിമാ സംവിധാനം പഠിക്കാന്‍ പോകുന്ന കാലത്തേ ഫിലോമിന അഭിനയരംഗത്ത് സജീവമായിട്ടുണ്ട്. 'കോളേജ് ഗേള്‍' എന്ന സിനിമയിലും ഫിലോമിനയുണ്ടായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ ഒരു മീന്‍കാരിയെപോലെ ഫിലോമിനയുടെ മുഖം മനസ്സില്‍ പതിഞ്ഞു. അന്തിക്കാട്ടുകാരിയായ ഒരു മീന്‍കാരി. സത്യത്തില്‍, ഫിലോമിനയുടെ മുഖം കൂടുതലായും തീരദേശവാസികളായ സ്ത്രീരൂപങ്ങളോട് അത്ഭുതകരമായ വിധത്തില്‍ സാദൃശ്യപ്പെട്ടു കിടക്കുന്നു. പത്മരാജന്‍ ഒരിക്കല്‍, 'തലയണമന്ത്രം' എന്ന സിനിമയുടെ നൂറാംദിവസം ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചു പറഞ്ഞു:
പുതിയ താരങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം സംവിധായകരെ പ്രശംസിക്കാറുള്ളത്. എന്നാല്‍, സത്യന്‍ സിനിമയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പലരേയും മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.

ജീവിതത്തില്‍ എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച അഭിനന്ദനമായിരുന്നു അത്. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണ് പത്മരാജന്റെ വാക്കിന്റെ തൂക്കം.
ഫിലോമിന സിനിമയിലുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം വേണ്ടപോലെ തെളിയിക്കപ്പെടാനും അവര്‍ അത്യാവശ്യമുള്ള ഘടകമാണെന്ന് തിരിച്ചറിവുണ്ടാക്കാനും ഫിലോമിനയുടെ ഗ്രാമീണ കഥാപാത്രങ്ങള്‍കൊണ്ടു സാധിച്ചു. അതുവരെ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു നടി വേറിട്ട വേഷങ്ങളണിഞ്ഞു തുടങ്ങി.
ഫിലോമിനയുടെ തൃശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ആ നടിയുടെ സാന്നിദ്ധ്യത്തെ ആകര്‍ഷകമാക്കുന്ന ഒരു പ്രധാനഘടകം. സിനിമയില്‍ ഭാഷ നിര്‍ണായകമായ ഒരു സ്വാധീനഘടകമാണ്. ഭാഷയോടുള്ള അടുപ്പമാണ് എന്നെ ഫിലോമിനയിലേക്കടുപ്പിച്ചത്. ഫിലോമിനയുടെ സംസാരശൈലി വൈകാരികമായി എന്റെകൂടി ഭാഷയാണ്. കൃത്രിമത്വം തീരെയില്ലാതെ വര്‍ത്തമാനം പറയാന്‍ ഫിലോമിനയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നു ഫിലോമിന എന്റെ ഹൃദയത്തിന്റെ അയല്‍ക്കാരിയായി.
ഫിലോമിന ഒരിക്കലുമെന്നെ 'സാര്‍' എന്നു വിളിച്ചിരുന്നില്ല. നിങ്ങള്‍ എത്ര വലിയ ആരോ ആവട്ടെ, സിനിമയിലാവുമ്പോള്‍ സംവിധായകനെ 'സാര്‍' എന്നു വിളിക്കേണ്ടിവരും. എന്നാല്‍, ഫിലോമിന എന്നെ പലപ്പോഴും 'മോനെ' എന്നു വിളിച്ചു. ചിലപ്പോള്‍ 'എടാ സത്യാ' എന്നും.

'കുടുംബപുരാണം' എന്ന സിനിമ തൊട്ടാണ് ഫിലോമിനയുടെ സാധ്യതകള്‍ ഞാന്‍ തിരിച്ചറിഞ്ഞത്. ലോഹിതദാസാണ് സ്‌ക്രിപ്‌റ്റെഴുതിയത്. ബാങ്കുകാരുടെ മാത്രം വീട്ടുവേലയ്ക്ക് നില്‍ക്കുന്ന കുഞ്ഞമ്മ എന്ന സ്ത്രീ- ഇത് ലോഹിതദാസിന്റെ മൗലികമായ ഭാവനയാണ്. അതിലേക്ക് ഫിലോമിനയെ കാസ്റ്റ് ചെയ്യാം എന്ന ധാരണയായി. ഫിലോമിന വന്ന് ആ വേഷമിട്ട്, നമ്മളെന്തെങ്കിലും ഡയലോഗ് പറയുന്നതിനു മുന്നേതന്നെ, അവര്‍ അഭിനയിച്ചു തുടങ്ങി. കുടുംബപുരാണം കണ്ടവരുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രമായി അവര്‍ അനായാസം ഭാവം മാറി. ഫിലോമിനയെ ഏതെല്ലാം നാടന്‍ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവരാം എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങുന്നത് ആ സിനിമയ്ക്ക് ശേഷമാണ്. അന്തിക്കാട്ട് എനിക്ക് പരിചയമുള്ള ചില അമ്മാമമാരുണ്ട്. അവരുടെ ചില മാനറിസങ്ങളും സംസാരിക്കുമ്പോഴുള്ള ചില ശൈലീവിന്യാസങ്ങളും ഞാന്‍ ഫിലോമിനയിലേക്ക് പകര്‍ന്നു.

അന്തിക്കാട്ടെ അമ്പലപ്പറപ്പില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ഒരിക്കല്‍ ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' പ്രദര്‍ശിപ്പിച്ചു. അക്കാലത്ത് ഞാന്‍ തിരക്കുപിടിച്ച സംവിധായകനായിരുന്നു. വല്ലപ്പോഴുമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു സന്ദര്‍ശനത്തിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ നോട്ടീസുമായി ചില ചെറുപ്പക്കാര്‍ വീട്ടില്‍ വന്നത്.

രാത്രിയില്‍ 'അമ്മ അറിയാന്‍' കാണാന്‍ ഞാന്‍ അമ്പലപ്പറപ്പിലേക്ക് പോയി. 60 എം.എം. പ്രൊജക്റ്റില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങി. അമ്പലപ്പറമ്പ് നിറയെ സിനിമ കാണാന്‍ ആളുകള്‍. അമ്മമാരും കുട്ടികളുമടങ്ങുന്ന വലിയ സദസ്സ്. സത്യത്തില്‍ ജോണ്‍ എബ്രഹാം ആരാണെന്നൊന്നും അവര്‍ക്കറിയില്ലായിരുന്നു. കുറേതമാശകളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചാണ് അവര്‍ വന്നത്. പായയും ചുരുട്ടിയാണ് അന്ന് അന്തിക്കാട്ടെ സ്ത്രീകള്‍ അമ്പലപ്പറമ്പില്‍ നടക്കുന്ന ഏതു പരിപാടിയും കാണാന്‍ വന്നുകൊണ്ടിരുന്നത്. ഇപ്പോള്‍ ഗ്രാമങ്ങളില്‍നിന്ന് ഈ കാഴ്ചകള്‍ ഇല്ലാതായി. 'അപ്പുണ്ണി' എന്ന സിനിമയില്‍ ഇങ്ങനെയൊരു ദൃശ്യം ഞാന്‍ ചിത്രീകരിച്ചിട്ടുണ്ട്. പായയും ചുരുട്ടി ഉത്സവത്തിനു പോകുന്ന സുകുമാരിയും മേനകയും. അതുപോലെ ഒരമ്മയും കൊച്ചു മകളും പായയും വിരിച്ച് എന്റെ മുന്നില്‍ കുറച്ചു ദൂരെയായി ഇരിക്കുന്നുണ്ട്. പടം തുടങ്ങി. കാണികള്‍ പ്രതീക്ഷിച്ച പാട്ടോ തമാശയോ സ്റ്റണ്ടോ ഒന്നുമില്ല. ഡയലോഗും വളരെ കുറവ്. ആളുകളങ്ങനെ നിശ്ശബ്ദരായി കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കാം. അങ്ങനെ ഗ്രാമത്തിലെ ഒരു അമ്പലപ്പറമ്പില്‍, ഒരു ആര്‍ട്ട്പടം എന്തു സ്വാധീനമാണുണ്ടാക്കുന്നത് എന്ന ആലോചനയിലും ജോണ്‍ എബ്രഹാമിലും മനസ്സ് മുഴുകിയിരിക്കേയാണ്, 'നമ്മള് പോവ്വാണേയ്...' എന്ന് നീട്ടിപ്പറഞ്ഞുകൊണ്ട് അമ്മാമയും കൊച്ചുമകളും അവരുടെ പായയും ചുരുട്ടിപ്പിടിച്ച് എണീറ്റു നിന്നത്. ആരെങ്കിലുമൊരാള്‍ എഴുന്നേല്‍ക്കാന്‍ കാത്തുനിന്നത് പോലെ, മറ്റു സ്ത്രീകളും അവരുടെ പായചുരുട്ടി എണീറ്റു. കുറച്ചു ചെറുപ്പക്കാരുടെ സംഘം മാത്രം അമ്പലപ്പറമ്പില്‍ ബാക്കിയായി. 'നമ്മള് പോവാണേയ്...' എന്ന് പറഞ്ഞെണീറ്റ ആ അമ്മാമയെ എനിക്കിഷ്ടപ്പെട്ടു. ഞാന്‍ അടക്കിപ്പിടിച്ച് ചിരിച്ചു.

'അമ്മ അറിയാന്‍' കണ്ടുതീരുന്നതുവരെ എന്റെ മനസ്സില്‍ ചിരിയുണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ 'അമ്മ അറിയാന്‍' എന്ന സിനിമയോട് ഒരു അമ്മാമയുടെ പരിഹാസം നിറഞ്ഞ പ്രതികരണം നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ചിരിയുമായിരുന്നു അത്. ഈ ഓര്‍മയില്‍ നിന്നാണ് 'കുടുംബപുരാണം' എന്ന സിനിമയില്‍ ഫിലോമിനയെക്കൊണ്ട് 'എനിക്കൊന്നുമറിഞ്ഞൂടേയ്...' എന്ന് ചിലപ്പോഴൊക്കെ പറയിപ്പിക്കാന്‍ പ്രേരണയായത്. ഗ്രാമത്തിലെ ഉത്സവരാത്രികള്‍ ഇങ്ങനെയൊരുപാട് ഓര്‍മകള്‍ മലയാളിക്ക് പകര്‍ന്നുനല്‍കുന്നുണ്ട്.

'സസ്‌നേഹം' എന്ന സിനിമയില്‍, ഫിലോമിനയെ വലിയൊരു കൈയടിയോടെയും ആര്‍പ്പുവിളിയോടെയുമാണ് പ്രേക്ഷകര്‍ എതിരേറ്റത്. പ്രേക്ഷകര്‍ക്കിടയിലിരുന്നു ഞാനത് കണ്ടു. ഒരു കുടുംബത്തിന്റെ സംഘര്‍ഷത്തിലേക്ക് അമ്മ വരുന്ന സീന്‍. ഫിലോമിനയെപ്പോലെയുള്ള ഒരഭിനേത്രിക്ക് മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന ഗാംഭീര്യത്തോടെ ഒരു കുടയും മടക്കിപ്പിടിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന സീന്‍ കണ്ടപ്പോള്‍, പ്രേക്ഷകര്‍ നിര്‍ത്താതെ കൈയടിച്ചു.

ശങ്കരാടിയുമായിട്ടുള്ളതുപോലെ സിനിമയ്ക്ക് പുറത്തൊരു സൗഹൃദം ഫിലോമിനയുമായി എനിക്കുണ്ടായിരുന്നില്ല. അവര്‍ മദിരാശിയിലായിരുന്നു സ്ഥിരവാസം. അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം കേരളത്തിലേക്ക് വന്നു. 

Philomina, Kalabhavan mani, Premkumarവലിയ തിരക്കുള്ള നടിയായിരിക്കുമ്പോഴും ആന്തരികമായ ഒരു ആകുലത ഫിലോമിനയുടെ മുഖത്ത് കാണാമായിരുന്നു. തനിച്ചിരിക്കുമ്പോള്‍ അവര്‍ പലതും ഓര്‍ത്തിരുന്ന് നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിരുന്നു. മറ്റേതൊരു നടിയേക്കാളും തീവ്രമായ ഒരനിശ്ചിതത്വം അവര്‍ പേറിനടക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു. നാം പുറമേക്ക് കാണുന്ന ഗ്ലാമറും പ്രശസ്തിയും സ്വകാര്യജീവിതത്തില്‍ മിക്ക സിനിമാനടികള്‍ക്കും ഒരു പ്രയോജനവുമുണ്ടാക്കുന്നില്ല. സിനിമാനടികളെപ്പോലെ ഒരനിശ്ചിതത്വം ജീവിതഭാരമായി കൊണ്ടുനടക്കുന്നവര്‍ വേറെയില്ല. സിനിമയിലേറെ ചിരിപ്പിക്കുന്ന താരങ്ങളും ജീവിതത്തില്‍ സ്വന്തമായിട്ടൊന്നു ചിരിക്കാനുള്ള നിമിഷങ്ങളില്ലാതെ, ഉള്ളുലയ്ക്കുന്ന ഒറ്റപ്പെടലും അനിശ്ചിതത്വവും കൊണ്ട് ഇടര്‍ച്ചയോടെ നില്‍ക്കുന്നത് എത്രയോ ഞാന്‍ കണ്ടിരിക്കുന്നു. സിനിമയില്‍ മുഖ്യധാരയില്‍ സജീവമായപ്പോള്‍ തന്നെയും ജീവിതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരാളുടെ ഭാവപ്പകര്‍ച്ചകള്‍ ഫിലോമിനയില്‍ കാണാമായിരുന്നു.

ശരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഫിലോമിന. അത്തരം രംഗങ്ങള്‍ അവര്‍ അനായാസമായി അഭിനയിച്ചു. 'തലയണമന്ത്രം' എന്ന സിനിമയില്‍ ഫിലോമിന അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാതൃക ശ്രീനിവാസന്റെ നാട്ടിന്‍പുറത്തുകാരിയായ ഒരു അമ്മാമയായിരുന്നു. ശ്രീനിയുടെ അകന്ന ബന്ധത്തിലുള്ള ഒരമ്മായി.

'തലയണമന്ത്ര'ത്തിന്റെ ആലോചനകള്‍ക്കിടയില്‍ ശ്രീനിയും ഞാനും, ശ്രീനിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് പോയി. ആ സ്ത്രീ അവിടെയുണ്ടായിരുന്നു. ശ്രീനിവാസനോട് വലിയ ഫ്രീഡത്തോടെ ആ സ്ത്രീ സംസാരിച്ചുകൊണ്ടിരുന്നു. 'നീയെവിടെയാണെടാ... നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ...' എന്നൊക്കെപ്പറഞ്ഞ് അവര്‍ ശ്രീനിയെ വാത്സല്യത്തോടെ അടിക്കയൊക്കെ ചെയ്യുന്നുണ്ട്. ശ്രീനിയും പലതും തമാശയോടെ തിരിച്ചു പറയുന്നുമുണ്ട്. പിന്നീട് ശ്രീനി പറഞ്ഞു: ഇടയ്‌ക്കൊരു സന്ദര്‍ശനം നടത്തുന്ന ശ്രീനിയുടെ അകന്ന ഒരു അമ്മായിയാണ് ആ സ്ത്രീ. ശ്രീനിയുടെ അനിയനെ ആ അമ്മായിക്ക് വലിയ പേടിയാണ്. ഇടയ്‌ക്കൊരു വരവുണ്ടായാല്‍ കുറേ ദിവസത്തേക്ക് തിരിച്ചുപോക്ക് പ്രതീക്ഷിക്കേണ്ട. ശ്രീനിയുടെ അനിയനുമായി ഉടക്കിയിട്ടാണ് പിന്നെ തിരിച്ചുപോക്ക്.

ഈ സ്ത്രീയെ കണ്ടപ്പോഴേക്കും എനിക്ക് ഫിലോമിനയുടെ മുഖം ഓര്‍മവന്നു. തലയണമന്ത്രത്തിലെ പാറുക്കുട്ടിയമ്മയായി ശ്രീനിവാസന്റെ ജീവിതത്തിലെതന്നെ ആ അമ്മായിയില്‍ നിന്ന് സൃഷ്ടിച്ച കഥാപാത്രമാണ്. ജീവിതത്തിലെന്നപോലെ സിനിമയിലും ആ അമ്മായിയോട് ശ്രീനിവാസന്‍ സോഫ്റ്റായിത്തന്നെ പെരുമാറുന്നു. തനി നാടന്‍ ഭാഷയില്‍ സംസാരിക്കുന്ന, കുശുമ്പും കുന്നായ്മയുമൊക്കെയുള്ള തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മായിയായി ഫിലോമിന വേഷം മാറി. ഏതൊക്കെയോ ഇടങ്ങളില്‍ വെച്ച് എല്ലാവരും ഇങ്ങനെയൊരമ്മായിയെ കണ്ടുമുട്ടുന്നു. ജീവിതത്തിലെ തനിഗ്രാമ്യമായ വീട്ടുവേഷങ്ങളില്‍ ഫിലോമിന തനിക്കു മാത്രം കഴിയുന്ന സ്വാഭാവികതയോടെ അഭിനയിച്ചു. ചില സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചു പറയേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ 'സിനിമയിലെ ഫിലോമിനയെപ്പോലത്തെ സ്ത്രീ' എന്നും നാം ഈര്‍ഷ്യയോടെ പറഞ്ഞുതുടങ്ങി. അടക്കിപ്പിടിച്ച് പരദൂഷണം പറയുന്ന ഒരു സ്ത്രീയെ നാം ഫിലോമിനയില്‍ കണ്ടു. ആളുകളെ വരച്ച വരയില്‍ നിര്‍ത്തിപ്പൊരിക്കുന്ന തന്റേടിയായ ഒരു സ്ത്രീയായും ഫിലോമിനയെ നാം കണ്ടു. ഇതൊക്കെ സിനിമയിലെ ഫിലോമിന. ജീവിതത്തിലെന്തായിരുന്നു ഫിലോമിന എന്ന് നാമാരും അന്വേഷിച്ചില്ല. ജീവിതത്തിലെ ഫിലോമിന സ്വന്തം സങ്കടങ്ങളില്‍ ഉരുകിത്തീര്‍ന്ന ഒരു സ്ത്രീയായിരുന്നു.

ഫിലോമിന സെറ്റില്‍ വന്നാല്‍ ഞങ്ങളധികവും സംസാരിക്കുന്നത് ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പുള്ള കാലത്തെക്കുറിച്ചാണ്. പ്രേംനസീറും ഷീലയും എങ്ങനെയായിരുന്നു, സത്യന്‍ മാഷ് എങ്ങനെയായിരുന്നു.... ഇതൊക്കെ ഫിലോമിനയില്‍നിന്ന് ഞാന്‍ കേട്ടു. നസീര്‍ സാര്‍ 'ഫില്ലു' എന്നായിരുന്നു ഫിലോമിനയെ വിളിച്ചിരുന്നത്. സാമ്പത്തികമായി വിഷമിച്ചുനിന്ന സന്ദര്‍ഭങ്ങളില്‍ നസീര്‍ സാര്‍ അവരെ സഹായിക്കുമായിരുന്നു.


ഒരു പത്രപ്രവര്‍ത്തകന്റെ ജിജ്ഞാസയോടെ ഞാന്‍ പഴയ കാലത്തെക്കുറിച്ച് ഫിലോമിനയില്‍ നിന്നു മനസ്സിലാക്കി. ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമാകാലത്തെ കഥകള്‍ അവര്‍ പറഞ്ഞു.
Bahadoor, Philomina

അന്ന്, ഫിലോമിനയുടെ ആദ്യകാലങ്ങളില്‍ രാത്രി രണ്ടുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയായിരുന്നത്രെ പല മലയാള സിനിമകളുടെയും കാള്‍ ഷീറ്റ്. മദിരാശിയിലെ വലിയ സ്റ്റുഡിയോകളില്‍ തമിഴ്, ഹിന്ദി സിനിമകള്‍ക്കുവേണ്ടി നിര്‍മിച്ച സെറ്റുകള്‍ ചുരുങ്ങിയ ചെലവില്‍ രാത്രി രണ്ടുമണിക്ക് ശേഷം മലയാളപടം ചിത്രീകരിക്കാന്‍ കിട്ടി. പഴയ മലയാള സിനിമയിലൊക്കെ കാണുന്ന വലിയ ഗോവണികളൊക്കെയുള്ള വീട് ഇതര ഭാഷകള്‍ക്കുവേണ്ടിയുണ്ടാക്കിയ സെറ്റുകളായിരുന്നു. രാത്രി രണ്ടുമണിക്ക് മലയാള താരങ്ങള്‍ മെയ്ക്കപ്പിട്ടു വന്നു; പുലരുംവരെ അഭിനയിച്ചു. ഈ ചരിത്രം ഫിലോമിനയില്‍ നിന്നാണ് ഞാനറിയുന്നത്. ഒരുപാടുപേര്‍ ഉറക്കമിളച്ചതിന്റെ ഉണര്‍ച്ചയായിരുന്നു അന്നത്തെ മലയാള സിനിമകള്‍. ആ കാലത്തെ പ്രതിഫലത്തെക്കുറിച്ച് ഫിലോമിന പറഞ്ഞ സംഭവത്തില്‍ നിന്നൊക്കെ നടികളനുഭവിച്ച തീവ്രയാതനകള്‍ മനസ്സിലാകുമായിരുന്നു. പ്രൊഡ്യൂസര്‍ നടിയെ ബുക്ക് ചെയ്യുന്നതിങ്ങനെയാണത്രെ:
ഒരു അഞ്ഞൂറു രൂപയുടെ സീനുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ?

ആദ്യമേ, മീനിനൊക്കെ വില പറയുന്നത് പോലെ, പ്രതിഫലം തീര്‍ച്ചയാക്കും. അഭിനയിക്കേണ്ട വേഷമെന്താണെന്നോ എത്ര ദിവസമാണ് കാള്‍ഷീറ്റെന്നോ വെളിപ്പെടുത്തുകയില്ല. ചിലപ്പോള്‍ പറയും: ഒരു നൂറ്റമ്പത് രൂപയുടെ സീനുണ്ട്. വേണോ? അന്നത്തെ നിവൃത്തികേട് കൊണ്ട് പലരുമത് സമ്മതിച്ചു കൊടുക്കും. ജീവിതത്തില്‍ പിടിച്ചുനില്‍ക്കുക എന്നതായിരുന്നു അന്നത്തെ നടികളുടെ ലക്ഷ്യം.

അവസാനകാലമാവുമ്പോഴേക്കും ഫിലോമിനയുടെ ഓര്‍മ്മകള്‍ തെറ്റാന്‍ തുടങ്ങി. ഡയലോഗ് കിട്ടാതെ ക്യാമറയ്ക്കു മുന്നില്‍ പതറി. പ്രമേഹം മൂര്‍ച്ഛിച്ച് വിരല്‍ മുറിച്ചു. അതോടുകൂടി സിനിമയുമായുള്ള ബന്ധവും അവര്‍ മുറിച്ചുകളയുകയായിരുന്നു.
ഫിലോമിനയും തിലകനും ഒടുവിലാനുമൊക്കെയടങ്ങുന്ന നാച്വറല്‍ ആര്‍ട്ടിസ്റ്റുകളെ ഞാനാദ്യമേ റിഹേഴ്‌സല്‍ ചെയ്യിക്കും. ഈ റിഹേഴ്‌സലിനു ശേഷമാണ് ഷോട്ട് ഡിവൈഡ് ചെയ്യുക. സ്വാഭാവികമായ അവരുടെ അഭിനയത്തെ അതേപടി പകര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.

ഫിലോമിന മരിച്ചപ്പോള്‍, ഒരു നാട്ടിന്‍പുറത്തുകാരി എന്റെ മനസ്സില്‍ നിന്ന് പടിയിറങ്ങി. ഫിലോമിനയുടെ സാന്നിധ്യം ചില കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള പ്രേരണയായിരുന്നു. കൊടിയേറ്റം ഗോപി സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി പല സിനിമകളും മലയാളത്തിലുണ്ടായി. വ്യത്യസ്തമായ കഥകളെപ്പറ്റി ചിന്തിക്കാനുള്ള പ്രേരണയായി ഗോപി എന്ന നടന്‍ മാറി. അത് ഒരു നടന്‍ സംവിധായകന് നല്‍കുന്ന വിശ്വാസമാണ്. ഈ വിശ്വാസം ഫിലോമിനയും നല്‍കിയിരുന്നു. ഫിലോമിനയെ വെച്ചിട്ട് ഒരു കഥാപാത്രത്തെ എനിക്കിപ്പോള്‍ ആലോചിക്കാന്‍ കഴിയുന്നില്ല. നാട്ടിന്‍പുറത്തുകാരിയായ ഒരു സ്ത്രീ എന്റെ സിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോയി. നമ്മുടെ ഗ്രാമകഥകള്‍ക്ക് ഫിലോമിനയുടെ ശബ്ദവും ആകാരവുമുള്ള ഒരു സ്ത്രീ വേണം. ഗ്രാമീണമുഖങ്ങള്‍ സിനിമയില്‍നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നെ പേടിപ്പിക്കുന്നു.

സിനിമയിലേക്ക് വരുന്നതിന് മുന്നേ ഫിലോമിന നാടകനടിയായിരുന്നു. നാടകപരിചയം ഫിലോമിനയ്ക്ക് കരുത്തു പകര്‍ന്ന ഘടകമായിരുന്നു. തലയണമന്ത്രത്തിലെ അമ്മായി, സസ്‌നേഹത്തിലെ അമ്മ, ഗോഡ്ഫാദറിലെ അച്ചാമ്മ...
ഫിലോമിനയെ ഓര്‍ക്കുമ്പോള്‍ വലിയൊരു നഷ്ടബോധമുണ്ടാകുന്നു.

ഫിലോമിനയുടെ സ്വകാര്യ ജീവിതത്തിന്റെ അധ്യായം ഞാനൊരിക്കലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ആരാധനയോടെ നോക്കിക്കണ്ട പല നടികളുടെയും സ്വകാര്യജീവിതം വേദനിപ്പിക്കുന്നതായിരുന്നു. ശ്രീവിദ്യയുടെ തകര്‍ന്ന ജീവിതം നമ്മുടെ മുന്നിലുണ്ട്. ഒരു തുള്ളി സ്‌നേഹത്തിനുവേണ്ടി ഒരു ജീവിതസമ്പാദ്യം മുഴുവന്‍ എഴുതിക്കൊടുക്കുകയും, കൈയിലൊന്നുമില്ലാതെ പിന്നീട് പകച്ചുപോവുകയും ചെയ്ത എത്രയോ നടികള്‍. ജീവിതത്തിന്റെ അഭിനയം അവര്‍ക്കറിയില്ലായിരുന്നു. ഒരു വാക്കില്‍ വിശ്വസിച്ച്, ജീവിതത്തിന്റെ അടിയാധാരം പോലും എഴുതിക്കൊടുത്തവര്‍....

പഴയ സിനിമാനടികള്‍ക്കുള്ള പൊതുവായ അരക്ഷിതത്വം ഫിലോമിനയ്ക്കുമുണ്ടായിരുന്നു. തന്റേടം സിനിമയില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ; ജീവിതത്തില്‍ പാവമായിരുന്നു ഫിലോമിന.
നാട്ടിന്‍പുറത്ത് ഓലമെടയുന്ന ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു ബ്രോക്കര്‍, അല്ലെങ്കില്‍ ഒരു ഉണക്കച്ചെമ്മീന്‍ വില്‍പനക്കാരി, ഒരു തട്ടാത്തി, പഞ്ചായത്ത് കിണറില്‍നിന്ന് വെള്ളം കോരുന്ന ഒരു നാടന്‍ സ്ത്രീ... ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചാലോചിക്കാന്‍ ഇനി ഫിലോമിനയില്ല. ഏതു കഥാപാത്രത്തിന്റെയും പകുതിഭാരം ഫിലോമിന തനിച്ച് നികത്തുമായിരുന്നു. ശബ്ദംകൊണ്ടും ഭാവംകൊണ്ടും അവര്‍ പ്രേക്ഷകരെ അതിശയിപ്പിച്ചു.

ശങ്കരാടിയും ഫിലോമിനയും ഒടുവിലാനുമൊക്കെയുള്ളതു കൊണ്ടു മാത്രമാണ് എന്റെ സിനിമകള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഞാനവര്‍ക്ക് ജീവിതം നല്‍കി എന്നതല്ല സത്യം. എന്റെ സിനിമയെ ജീവിപ്പിച്ചത് അവരൊക്കെയായിരുന്നു. ഇവരുടെ ഇല്ലായ്മ ഫീല്‍ ചെയ്യുന്നത് പുതിയ സിനിമകളുണ്ടാക്കുമ്പോഴാണ്.

തനി നാടന്‍ ഭാഷയില്‍, അലമ്പു ഭാഷയില്‍ സംസാരിക്കാനുള്ള ശേഷി ഫിലോമിനയ്ക്കുണ്ടായിരുന്നു. ഫിലോമിനയുടെ അഭാവം സിനിമയില്‍ ഭാഷ തുറക്കുന്ന സാധ്യതകളെ കൂടിയാണ് ഇല്ലാതാക്കുന്നത്.

ഒരു നടിയുടെയും അസാന്നിദ്ധ്യം ഈ വിധം എന്നെ ഉലച്ചിട്ടില്ല. ഒരിക്കല്‍ ഫിലോമിന സെറ്റില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്നു. നല്ല മുഖകാന്തിയുള്ള ഒരു പെണ്‍കുട്ടി.
''എപ്പോഴെങ്കിലും നല്ലൊരു റോളുണ്ടെങ്കില്‍ ഇവള്‍ക്ക് കൊടുക്കണം. ബന്ധുവാണ്.''

ഫിലോമിന പരിചയപ്പെടുത്തി. പിന്നീട് ആ പെണ്‍കുട്ടിക്ക് വേണ്ടി നല്ലൊരു റോള്‍ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചു. അത് ഫിലോമിനയോട് പറയുന്നതിനുമുമ്പേ അവര്‍ രോഗബാധിതയായി. ഓര്‍മ്മകളുടെ കണ്ണികള്‍ അറ്റുപോയ അവരെ ഞാന്‍ ദൂരെ നിന്ന് നോക്കിക്കണ്ടു.
ഫിലോമിന പരിചയപ്പെടുത്തിയ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയായിരിക്കും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)