Monday, December 2, 2013

നായരും തിയ്യരും നമ്പൂതിരിയും ഉണ്ടായതെങ്ങനെ..?

കെ. ബാലകൃഷ്ണക്കുറുപ്പ്‌

ആദിവാസികളായ വില്ലവരെയും മീനവരെയും മറ്റും തോല്പിച്ചും ആള്‍പ്പാര്‍പ്പില്ലാത്ത സമതലങ്ങള്‍ കൈയേറിയും യാദവന്മാരും നാഗന്മാരും പലപ്പോഴുമായി മലബാര്‍ പ്രദേശത്തു കുടിയേറി പാര്‍ത്തു. ചരിത്രകാരന്മാരായ മജ്ജുംദാരും കൂട്ടരും യദുക്കളെപ്പറ്റി നല്കുന്ന വിവരം ശ്രദ്ധേയമാണ്. അവര്‍ പറയുന്നത് യദുക്കളും തുര്‍വസുക്കളും ഋഗ്വേദത്തില്‍ പരാമൃഷ്ടരായ രണ്ടു പ്രധാന ഗോത്രക്കാര്‍ ആണെന്നത്രെ. അവരെ ഇന്ദ്രന്‍ വിദൂരദേശത്തുനിന്നു കൊണ്ടുവന്നു. അവര്‍ക്കു പേര്‍ഷ്യയിലെ പരശുവംശക്കാരുമായി ബന്ധമുണ്ടായിരുന്നു. ഇന്ദ്രനെ ആരാധിക്കുന്ന ഈ ഗണങ്ങളില്‍ രണ്ടു വിഭാഗങ്ങളുണ്ടായി. ഒരു വിഭാഗം ശൃംഗ്ജയന്മാരും അവരുടെ സുഹൃത്തുക്കളായ ഭരതന്മാരുമായിരുന്നു. മറ്റേ വിഭാഗത്തില്‍ (ഇന്ദ്രനെ തിരസ്‌കരിച്ചവര്‍) യദുക്കളും തുര്‍വസുക്കളും ദ്രുഹ്യുക്കളും അനുക്കളും പൂരുക്കളും ഉള്‍പ്പെട്ടു. അവസാനം പറഞ്ഞ കൂട്ടര്‍ അതാതു നാട്ടിലുള്ള ജനസഞ്ചയങ്ങളുമായി ഇടപഴകിപ്പോന്നു, ഇവരില്‍ യദുക്കളെയും ദ്രുഹ്യുക്കളെയും ദസ്യുക്കള്‍ എന്നാണ് ഋഗ്വേദം വിശേഷിപ്പിച്ചിരുന്നത്.1
Malabar Ladies, 90 years before
ഇതേ ചരിത്രകാരന്മാര്‍ തുടര്‍ന്ന് ഇങ്ങനെ എഴുതി: 'ഇന്ദ്രനെ ആരാധിക്കുന്ന വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി, ദസ്യുക്കള്‍ അല്ലെങ്കില്‍ ദാസന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഇരുണ്ട നിറവും പതിഞ്ഞ മൂക്കും ഉള്ള വര്‍ഗമാണ്. ആര്യന്മാര്‍ക്കു മനസ്സിലാവാത്ത ഭാഷയാണ് അവര്‍ സംസാരിച്ചിരുന്നത്. അവര്‍ വളപ്പുകള്‍കെട്ടി കന്നുകാലികളെ വളര്‍ത്തി ജീവിച്ചു. പുതുതായി വന്ന ഇവരുടെ പ്രേരണ നിമിത്തം ആര്യന്മാരുടെ യാഗാധിഷ്ഠിത മതത്തെ എതിര്‍ത്ത് നാട്ടുകാര്‍ മിക്കവാറും ലിംഗാരാധകന്മാരായി മാറിയിരിക്കണം. ചരിത്രാതീതകാലത്തു നിലനിന്ന താഴെ സിന്ധുതട നാഗരികതയുമായി ഈ ആരാധനക്രമം ഇവരെ ബന്ധപ്പെടുത്തി.'2 പ്രസ്തുത യാദവവിഭാഗം ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും മലബാറിലും പ്രകൃത്യാഹാരം ശേഖരിച്ചും കാലിമേച്ചും എത്തിച്ചേര്‍ന്നു. അവര്‍ ഇവിടങ്ങളില്‍ ആയന്മാര്‍ (ഇടയര്‍) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ചില ദിക്കില്‍ അവരെ ഏറാടിമാര്‍ എന്നും പറഞ്ഞുപോന്നു. ബി.സി. പത്താംനൂറ്റാണ്ടിന്നു ശേഷം അവരില്‍ ഒരു വലിയ വിഭാഗം ലിംഗാരാധനയ്ക്കുപകരം തങ്ങളുടെ ഗോത്രദൈവമായ മായനെ (കൃഷ്ണനെ) ആരാധിക്കാന്‍ തുടങ്ങി. ഏതാണ്ട് ബി.സി. ആയിരത്തോടടുത്താവാം യാദവര്‍ കേരളത്തിലെത്തുന്നത്.

യാദവന്മാര്‍ക്കു മുമ്പുതന്നെ ഉത്തരേന്ത്യയില്‍ നിന്നു നാഗന്മാര്‍ (മംഗോള്‍ വംശജരായ നാഗലാന്‍ഡുകാര്‍ അല്ല) മലബാര്‍ പ്രദേശത്ത് എത്തിപ്പെട്ടിരുന്നു. നാഗന്മാര്‍ ബി.സി. 13ാംനൂറ്റാണ്ടില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും ഗംഗയ്ക്കും യമുനയ്ക്കും ഇടയിലുള്ള പ്രദേശത്തും വളരെ പ്രബലന്മാരായിരുന്നു.3 പക്ഷേ, ആര്യന്മാരാല്‍ തുരത്തപ്പെട്ട അവര്‍ ദക്ഷിണേന്ത്യയിലേക്കു നീങ്ങി സാവധാനത്തില്‍ കേരളത്തില്‍ കുടിപാര്‍ത്തു.

അതിനുമുമ്പുതന്നെ സിലോണിന്റെ (ശ്രീലങ്കയുടെ) പടിഞ്ഞാറെ തീരത്ത് (ജാഫ്‌നാപ്രദേശം) ധാരാളം നാഗഗോത്രക്കാര്‍ നിവസിച്ചിരുന്നതായും അതിനാല്‍ ആ പ്രദേശം നാഗദ്വീപ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായും സിലോണിലെ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. രാമേശ്വരത്തിനപ്പുറം സിലോണിലുള്ള കല്യാണിയായിരുന്നു ആ നാഗന്മാരുടെ തലസ്ഥാനം. ചിലപ്പതികാരത്തിലെ ഒരു പരാമര്‍ശത്തില്‍ നിന്ന് അനുമാനിക്കേണ്ടത് കാവേരിപട്ടണം ഒരു നാഗകേന്ദ്രമായിരുന്നുവെന്നാണ്.

ബി.സി. ആയിരാം ആണ്ടോടടുത്ത് യാദവരും നാഗന്മാരും കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുകയും കൂടിക്കഴിയുകയും ചെയ്തിരുന്നു. ഇടയവൃത്തി ആ കാലഘട്ടത്തിലെ പൊതു ജീവിതരീതിയായിരുന്നതുകൊണ്ട് ഇരുകൂട്ടരും അത് അവലംബിക്കുകയും ചെയ്തു. അവരുടെ കുടിയേറ്റം ഏതാണ്ടു എ.ഡി. ഏഴാം നൂറ്റാണ്ടുവരെ തുടര്‍ന്നുകൊണ്ടിരുന്നു എന്നുവേണം അനുമാനിക്കാന്‍.

യാദവന്മാരും നാഗന്മാരും മാതൃദായക്രമം അനുവര്‍ത്തിക്കുന്നു. പക്ഷേ, നാഗന്മാര്‍ താരതമ്യേന സമരോത്സുകരായിരുന്നുവെന്ന ഒരു പ്രത്യേകത നിലനിന്നു. അവര്‍ വസ്ത്രംനെയ്ത്തിലും വിദഗ്ധരായിരുന്നു.5 അവര്‍ പലപ്പോഴുമായി സമുദ്രമാര്‍ഗം ബംഗാളില്‍ നിന്നു ദക്ഷിണേന്ത്യയിലേക്കും സിലോണിലേക്കും എത്തിച്ചേര്‍ന്നുകൊണ്ടുമിരുന്നു.

ബി.സി. 6ാംനൂറ്റാണ്ടില്‍ മഗധ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ പശ്ചിമതീരത്തു സിലോണിനോടടുത്ത പ്രദേശങ്ങളില്‍ നാഗന്മാര്‍ വലിയ തോതില്‍ കുടിയേറിപ്പാര്‍ക്കുകയുണ്ടായി. മഗധ രാജാവായ വിജയന്‍ ബി.സി. 5ാംനൂറ്റാണ്ടില്‍ സിലോണില്‍ തന്റെ ഭരണം സ്ഥാപിക്കുകയും ദക്ഷിണേന്ത്യയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിജയന്റെ പ്രജകളായ നാഗന്മാര്‍ ദക്ഷിണേന്ത്യക്കാരുമായി ചേര്‍ന്ന് നായന്മാരായിത്തീര്‍ന്നുവെന്ന് പറയപ്പെടുന്നു.6

തൊണ്ടൈനാട് (ആന്ധ്രയിലെ കാളഹസ്തിപ്രദേശം) ഭരിച്ച സഗരകുലക്കാരായ നാഗന്മാരെ ചോളരാജാവായ മുചുകുന്ദന്‍ (എ.ഡി. 1-ാംനൂറ്റാണ്ട്) പരാജയപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് തെക്കന്‍ ദിക്കിലേക്കു മാറിപ്പാര്‍ത്ത നാഗന്മാര്‍ ത്രിയര്‍ (തമിഴില്‍ തിറയര്‍) എന്ന പേരില്‍ അറിയപ്പെട്ടു. ത്രിയര്‍ എന്ന സംസ്‌കൃതപദത്തിനു നിഷ്‌കാസിതര്‍ എന്നാണര്‍ഥം. ഇവരെ തമിഴര്‍ പലപ്പോഴും തിറയര്‍ എന്നു വിളിച്ചുപോന്നു. അവരില്‍ പല വിഭാഗക്കാരുണ്ടായിരുന്നു. ബംഗാളില്‍ നിന്നു വന്നവര്‍ പങ്കലതിറയാര്‍ എന്നും കൊച്ചിന്‍ചൈനയില്‍ നിന്നുവന്നവര്‍ ചൈനതിറയര്‍ എന്നും (കൂട്ടത്തില്‍ പറയട്ടെ, അവരാവാം കൊച്ചിക്ക് ആ പേരിട്ടത്). ബര്‍മയില്‍ നിന്നുള്ളവര്‍ കദര തിറയര്‍ എന്നും സിലോണില്‍ നിന്നുവന്നവര്‍ സിംഗളതിറയര്‍ എന്നും പല്ലവനാട്ടില്‍ നിന്നുവന്നവര്‍ പല്ലവ തിറയര്‍ എന്നും അറിയപ്പെട്ടു.

7 ചോളന്മാരുടെ വിജയത്തെ തുടര്‍ന്ന് (എ.ഡി. 1ാംനൂറ്റാണ്ട്) ഇവരില്‍ പലരും പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ നാടുകളിലേക്കു കുടിയേറുകയായിരുന്നു.

ഇങ്ങനെ മലബാര്‍ പ്രദേശത്തേക്കെത്തിയ നാഗന്മാര്‍ക്ക് അതിനുമുമ്പുതന്നെ ഇവിടെ കുടിപാര്‍ത്ത യാദവരുമായി കൂടിക്കഴിയുന്നതിനു വിഷമമുണ്ടായിരുന്നില്ല. ത്രിയര്‍ എത്തിച്ചേരുന്നതിനു മുമ്പ് ഇവിടെ രൂപം പൂണ്ട യാദവ -നാഗ മിശ്രിതസമൂഹം നായര്‍ ഗോത്രക്കാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അവര്‍ പുത്തന്‍ കൂറ്റുകാരായ നാഗന്മാരെ (ത്രിയരെ) മലബാറില്‍ തിയ്യര്‍ എന്നും തെക്കന്‍ പ്രദേശത്തു ഈഴുവര്‍ (സിലോണ്‍ത്രിയര്‍ - ഏലത്രിയര്‍) എന്നും വിളിച്ചുപോന്നു. കേരളത്തില്‍ ആദ്യമാദ്യം എത്തിയ നാഗന്മാര്‍ നായന്മാരായി 'തറ'കളില്‍ താമസിച്ചപ്പോള്‍ പിന്നീടെത്തിയ നാഗത്രിയര്‍ തിയ്യരായി 'കുടി'കളില്‍ പാര്‍പ്പുറപ്പിച്ചു.

ഇന്ത്യന്‍ ഗ്രാമീണ സമൂഹത്തെക്കുറിച്ചു മാര്‍ക്‌സ് നല്കിയ വിശദീകരണം മലബാറിലെ പുത്തന്‍ നാഗകുടിയേറ്റക്കാരെക്കുറിച്ച് തികച്ചും വാസ്തവമാണെന്ന് അംഗീകരിക്കേണ്ടിവരും. മാര്‍ക്‌സ് ഇങ്ങനെ എഴുതി: 'പൊതുവായ ഭൂവുടമാവകാശവും കൃഷിയും കൈത്തൊഴിലും മാറ്റം വരാത്ത തൊഴില്‍ വിഭജനവും ചേര്‍ന്ന ചെറുതും വളരെ പൂര്‍വികവുമായ സമൂഹങ്ങളില്‍ ചിലത് ഇന്ത്യയില്‍ ഇപ്പോഴും അവശേഷിക്കുന്നു. അതിലെ തൊഴില്‍വിഭജനം ഒരു പുതിയ സമൂഹത്തിന്റെ (community) ആവിര്‍ഭാവത്തിന് നിയതമായ ഒരു പദ്ധതിയായി നിലനില്ക്കുകയും ചെയ്യുന്നു. നൂറുമുതല്‍ ആയിരം ഏക്കര്‍ വരെ വിസ്തീര്‍ണമുള്ള ഭൂമി ഒരു പൊതുവിഭാഗമായി കരുതി ആവശ്യമുള്ളതെല്ലാം അവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അവിടത്തെ ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ ആവശ്യം നിറവേറ്റുന്നതിന് ഉപയോഗപ്പെടുത്തുകയാല്‍ ആ ഉത്പന്നങ്ങള്‍ക്കു വില്പനച്ചരക്കിന്റെ സ്വഭാവമില്ല. അതിനാല്‍ തൊഴില്‍വിഭജനത്തില്‍ നിന്നും സ്വതന്ത്രമായാണ് ഇവിടെ ഉത്പാദനം നടക്കുന്നത്. ഇത്തരം സമൂഹത്തിലാകെ ഉത്പന്നങ്ങളുടെ പരസ്​പര കൈമാറ്റമേ നടക്കുന്നുള്ളൂ. മിച്ചമുള്ള ഉത്പന്നങ്ങള്‍ മാത്രമേ ചരക്കായി മാറുന്നുള്ളൂ. അധികാരികളുടെ കൈവശം എത്തിച്ചേരുന്നതിനുമുമ്പായി അതില്‍ത്തന്നെയും ഒരു ഭാഗം പാട്ടവും കാഴ്ചദ്രവ്യവുമായി മാറിപ്പോകുന്നതായാണ് കീഴ്‌വഴക്കം. ഇത്തരം സമൂഹങ്ങളുടെ ഘടനയില്‍ പ്രാദേശികവ്യത്യാസങ്ങളുണ്ടാകാം. വളരെ ലളിതമായ രൂപമെന്തെന്നാല്‍, ഭൂമി പൊതുവായി കൃഷി ചെയ്യപ്പെടുകയും ഉത്പന്നങ്ങള്‍ സമൂഹാംഗങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുവെന്നതാണ്. അതേസമയത്ത് നൂല്‍നൂല്പും നെയ്ത്തും സഹവ്യവസായമെന്ന നിലയ്ക്ക് ഓരോ സമൂഹത്തിലും നിലനിന്നു.' അതിനിടയ്ക്ക് ഭരണാധികാരികളും പുരോഹിതന്മാരും കണക്കപ്പിള്ളമാരും നിയമപാലകരും ജ്യോതിഷികളും മറ്റും സമൂഹത്തിന്റെ ചെലവില്‍ ജീവിച്ചുവെന്നു വിശദീകരിച്ച ശേഷം മാര്‍ക്‌സ് തുടരുന്നു. 'ജനസംഖ്യ വര്‍ധിക്കുമ്പോള്‍ പാര്‍പ്പില്ലാത്ത പ്രദേശത്ത് ഒരു പുതിയ സമൂഹം പഴയതിന്റെ മാതൃകയില്‍ സ്ഥാപിക്കപ്പെടുന്നു.'8

ട്രൈബല്‍ സമൂഹത്തിലെ ആദ്യകാലതൊഴില്‍വിഭജനം പിന്നെ സ്ഥിരമായ ജാതിവിഭജനമായി മാറുകയായിരുന്നു. അങ്ങനെ ജാതിവ്യവസ്ഥ പ്രതിഷ്ഠാപിതമായപ്പോഴും ഈ ജാതിക്കാര്‍ തങ്ങളുടെ ട്രൈബല്‍ സംസ്‌കാരം നിലനിര്‍ത്തിപ്പോന്നു. അക്കാരണത്താല്‍ പല ജാതികളുടെയും അനുഷ്ഠാനത്തില്‍ ഒരേ സംസ്‌കാരികച്ഛായ ദൃശ്യമാവുകയുണ്ടായി. ട്രൈബുകള്‍ തങ്ങളുടെ ഗണത്തിനു വെളിയിലുള്ള വിവാഹം നിഷിദ്ധമായി കരുതിയപ്പോള്‍ (Endogamous) കുടുംബങ്ങള്‍ (Clans) അന്യകുടുംബങ്ങളുമായുള്ള ബന്ധം (Exogamous) മാത്രം അംഗീകരിച്ചു. യാദവ-നാഗ ഗണത്തില്‍പെട്ട നായര്‍-തിയ്യ ട്രൈബുകള്‍ (ഗോത്രം) കുടുംബവും (clan) ജാതിയും (caste) പിന്നെ തറവാടുകളുമായി (Leaniage) പിരിഞ്ഞു ജീവിച്ചുപോന്നു. ഈ ഗോത്രപരിണാമം സംഭവിക്കുന്നതിനു മുമ്പ് മലബാറികളെ സംബന്ധിച്ചിടത്തോളം ലിന്‍ഡ് ചോട്ടല്‍ രേഖപ്പെടുത്തിയ വിധം രണ്ടുതരം ജനവിഭാഗമേ ഉണ്ടായിരുന്നുള്ളൂ. 'നായന്മാര്‍ എന്നു പറയുന്ന മാന്യരുടെ വിഭാഗവും മറ്റേതു പുലയര്‍ എന്നു പറയുന്ന പൊതുജനവും.'9

ബി.സി. ഒന്നാംനൂറ്റാണ്ടില്‍ത്തന്നെ മലബാര്‍ പ്രദേശത്തു നായര്‍ എന്ന ഗോത്രം (Tribe) ആവിര്‍ഭവിച്ചിരിക്കണം. ആയന്മാരും (യാദവര്‍) നാഗന്മാരും തമ്മിലുള്ള വേഴ്ചയുടെ ഫലമായി രൂപംപൂണ്ട ഒരു ഗോത്രമായിരുന്നു അത്. അവര്‍ തറകള്‍ എന്നു വിളിക്കപ്പെട്ട ഗ്രാമപ്രദേശത്തു താമസിക്കുകയും പ്രാമാണികവ്യക്തികളുടെ നിയന്ത്രണത്തില്‍ മരുമക്കത്തായക്രമമുള്ള തറവാടുകള്‍ സ്ഥാപിക്കുകയും ചെയ്തു. യാദവന്മാരുടെയും നാഗന്മാരുടെയും പൂര്‍വനിവാസഭൂമിയിലെ ചില പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിന് അവര്‍ വിമുഖത കാട്ടിയിരുന്നുമില്ല. തങ്ങളുടെ പഴയ റ്റോറ്റങ്ങളായ (Totem) വൃക്ഷങ്ങളും പക്ഷികളും പാമ്പുകളും ഇവിടെയും ആരാധിക്കപ്പെട്ടു.

മലബാറിലെ വീടുകളുടെ നിര്‍മിതിയില്‍ പോലും നാഗസ്വാധീനം പ്രകടമായിരുന്നു. ദക്ഷിണകര്‍ണാടകത്തിലും മലബാറിലുമുള്ള വീടുകളെ നേപ്പാളിലെ നിര്‍മിതികളോടു താരതമ്യപ്പെടുത്തി ശില്പകലാവിദഗ്ധനായ ഫര്‍ഗുസന്‍ എഴുതുന്നതു നോക്കുക. 'ഇവിടുത്തെ വീടുകളുടെ വരാന്തയുടെ മുകളില്‍ ഇറയത്തിനു കാണുന്ന മടക്ക് വടക്കന്‍ രീതികളോടു തുല്യതവഹിക്കുന്ന ഒരു പ്രത്യേകതയാണ്. നേപ്പാളിന്റെ തെക്കുവശത്തൊഴിച്ചു മറ്റൊരിടത്തും ഈ രീതി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഈ സമ്പ്രദായം സ്വയം കണ്ടെത്തിയെന്നതിലുമധികം അനുകരണമാവാനാണിടയുള്ളത്.

എങ്ങനെ, ഏതുകാലത്താണ് നേപ്പാളും തിബത്തും കര്‍ണാടകവും തമ്മില്‍ ബന്ധപ്പെട്ടതെന്നതിനു സ്വീകാര്യമായ ഒരു അഭ്യൂഹവും സാധ്യമല്ലെങ്കിലും സംഭവം അങ്ങനെയാണെന്നതില്‍ സംശയമില്ല....'

'സ്ത്രീകളുടെ പാതിവ്രത്യത്തെ സംബന്ധിച്ചുള്ള അസാധാരണമായ ഒരുതരം ധാരണയും നിര്‍മിതികളിലും മറ്റുമുള്ള പ്രത്യേകതകളും മലബാറിലെ നായന്മാരിലും നേപ്പാളിലെ നീവാര്‍മാരിലും ഒഴിച്ചു മറ്റാരിലും കാണാത്ത നിലയ്ക്ക് അവര്‍ സമാനരൂപമുള്ള വര്‍ഗങ്ങളാണെന്ന് അനുമാനിക്കാം.'

'എന്നാല്‍ എപ്പോള്‍, എങ്ങനെ ഈ ബന്ധം ഉളവായി എന്നത് ഞാന്‍ മറ്റുള്ളവരുടെ തീരുമാനത്തിനു വിടുകയാണ്. പേരുകളില്‍ തുല്യതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, അവരുടെ ആചാരമര്യാദകളിലും നിര്‍മിതികളിലുമുള്ള സാമ്യതയില്‍ എനിക്കു വിശ്വാസമുണ്ട്.'10

ഹിമാലയന്‍താഴ്‌വാരമായ നേപ്പാളിലെ നീവാര്‍മാരും കേരളത്തിലെ നായന്മാരും തമ്മിലുള്ള സാമ്യം കേണല്‍ കിര്‍പാട്രിക്കും ചൂണ്ടിക്കാട്ടുന്നു. 'നായര്‍ സ്ത്രീകളെ പോലെ തന്നെ നീവാരി സ്ത്രീകളും ലഘുവായ കാരണം കൊണ്ട് വിവാഹമോചനം നേടി തങ്ങള്‍ക്കിഷ്ടമുള്ള ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നു.' എന്നാണ് അദ്ദേഹം പറയുന്നത്.11

ഇതേ കാര്യം തന്നെ ഡോ. ബുക്കാനിന്‍ ഹാമില്‍ടന്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത്. 'സ്ത്രീകളുടെ പാതിവ്രത്യത്തെ സംബന്ധിച്ചും ഭവനനിര്‍മാണത്തെ സംബന്ധിച്ചും മറ്റു ചില സംഗതികളിലും അസാധാരണവും രസകരവുമായ ഒരേ അഭിപ്രായമുള്ളവരായി നായന്മാരും നീവാരികളുമല്ലാതെ മറ്റു ഗോത്രക്കാരില്ല. പക്ഷേ, എങ്ങനെ എപ്പോഴാണ് ഈ ബന്ധം സംഭവിച്ചതെന്ന കാര്യം മറ്റുള്ളവരുടെ തീരുമാനത്തിനു വിടുന്നു.'12

നായര്‍ സമുദായത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകള്‍ (1) മരുമക്കത്തായസമ്പ്രദായം (2) നാഗാരാധന (3) രാജാധിപത്യത്തിനു പകരം ഗോത്രാധിപത്യം എന്നിവയായിരുന്നുവെന്ന് റവ.ഡബ്ല്യു. ടൈലറെ മുന്‍നിര്‍ത്തി പത്മനാഭമേനോനും പ്രസ്താവിക്കുന്നു.13

നായന്മാരുടെ ആയോധനസമ്പ്രദായത്തിനു നാഗന്മാരുടെ യുദ്ധരീതികളോടുള്ള സാമ്യത്തെ ആര്‍.എസ്. സ്റ്റുവര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ശ്രീ. ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്ന കാര്യവും പ്രസക്തമാണ്. 'നിശ്ചിത സമയത്തു വര്‍ഷത്തില്‍ ഒരിക്കലോ രണ്ടുവട്ടമോ ഗ്രാമങ്ങളെല്ലാം സൗകര്യമുള്ള ഒരു സ്ഥലത്തു കൂടിച്ചേര്‍ന്ന് ഒരു കൂട്ടത്തല്ല് നടത്തുന്നു. കൈകാല്‍ നഖങ്ങളല്ലാതെ മറ്റ് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ല. ഓരോരുത്തരും അവനവന്റെ സംഘത്തിനുവേണ്ടി ഇതില്‍ യുദ്ധം ചെയ്യുന്നു. അതിരൂക്ഷമായ മുറിവുകളും ചതവുകളും പരസ്​പരം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഈ മത്സരങ്ങള്‍ അത്യന്തം ഭീകരങ്ങളാണ്. പക്ഷേ, ഇതിന്റെ പേരില്‍ പിന്നീടു പക പാടില്ല.'

ഈ ഉദ്ധരിണിക്കുശേഷം ശ്രീ. ബാലകൃഷ്ണന്‍ എഴുതുന്ന വാക്യവും ചേര്‍ത്തുവായിക്കുക 'അസ്സല്‍ ആയുധങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കളിയുദ്ധം നടത്തുന്ന കേരളത്തിന്റെ യുദ്ധമുറകളെ എന്തു പേരുകൊണ്ടാണ് നമുക്കു വിശേഷിപ്പിക്കാന്‍ കഴിയുക?'14

നായന്മാരുടേതില്‍ നിന്നു വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല സിലോണ്‍ദ്വീപില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ഇവിടെയെത്തി കുടിപാര്‍ത്ത സിംഗള തിറയരുടെ ജീവിതരീതിയും. ഇവര്‍ മലബാര്‍ പ്രദേശത്തേക്കു കയറിവന്ന് ആദ്യമാദ്യം നായര്‍ സമുദായത്തില്‍ ലയിച്ചുവെങ്കിലും ഇവിടെ ആദ്യമെത്തി ഭൂമി കൈയടക്കിയ നാഗ- യാദവന്മാരെപ്പോലെ പ്രബലരായി മാറിയില്ല. ഈ നാഗത്രിയര്‍, വടക്കെ മലബാറിലും കോഴിക്കോട്ടും തിയ്യര്‍ എന്നും വള്ളുവനാട്ടിലും പാലക്കാട്ടിലും ചേകോന്‍ എന്നും തെക്കന്‍പ്രദേശങ്ങളില്‍ ഈഴവര്‍ എന്നും അറിയപ്പെട്ടു. തുടക്കത്തില്‍ ഇവരും നായന്മാരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഏവരും നായന്മാര്‍ എന്ന പേരില്‍ത്തന്നെ നിലനില്ക്കുകയും ചെയ്തു.

ജീവിതരീതിയും മറ്റ് ആചാരങ്ങളും പരിഗണിക്കുമ്പോള്‍ നായരുടേതും തിയ്യരുടേതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഇരുകൂട്ടരും ആദ്യം മരുമക്കത്തായികളായിരുന്നു. അധ്വാനിച്ചു പ്രവര്‍ത്തിക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ വള്ളുവനാട്ടുകാരും മറ്റും അവരെ ചേകോന്‍ എന്നു വിളിച്ചുവെന്നേയുള്ളു.15 'ശരീരഘടനയിലും പൊതുവായ രൂപത്തിലും അവര്‍ (തിയ്യര്‍) നായന്മാരെപ്പോലെത്തന്നെയായിരുന്നു' എന്നാണ് പത്മനാഭമേനോന്‍ പറയുന്നത്.16 'ആരോഗ്യവും സൗന്ദര്യവുമുള്ള അധ്വാനശീലര്‍' എന്നു ബുക്കാനിന്‍ അവരെ വിശേഷിപ്പിക്കുന്നതായും പത്മനാഭമേനോന്‍ ഉദ്ധരിക്കുന്നു.17 വടക്കേ മലബാറില്‍ അങ്കം പിടിക്കുന്നതിനു മാത്രമല്ല തെക്കന്‍ കേരളത്തില്‍ നായര്‍പട എന്നപോലെ സ്ഥിരം യോദ്ധാക്കളായും അവര്‍ പലപ്പോഴും നിയമിതരായിരുന്നു. 'പുറക്കാടു രാജാവിന്നു (അമ്പലപ്പുഴ രാജാവ്) അധികം നായര്‍ ഭടന്മാര്‍ ഉണ്ടായിരുന്നില്ല. അവരുടെ സ്ഥാനത്ത് ചേകോന്മാരാണ് സേവനമനുഷ്ഠിച്ചിരുന്നത്' എന്ന് ബറബോസ പറഞ്ഞതായി പത്മനാഭമേനോന്‍ ഉദ്ധരിച്ചിരിക്കുന്നു.18

വടക്കേ മലബാറിലെ തിയ്യര്‍ നായന്മാരെപ്പോലെത്തന്നെ എട്ട് ഇല്ലങ്ങളിലും മുപ്പത്തിരണ്ടു കിരിയങ്ങളിലും ഉള്‍പ്പെട്ടവരാണെന്ന് അവകാശപ്പെടുന്നുവെന്നും പത്മനാഭമേനോന്‍ പ്രസ്താവിക്കുന്നു.19 അപ്പോള്‍ അധികാരത്തിന്റെ വിവിധതലങ്ങളെയും അധികാരകേന്ദ്രങ്ങളുമായി അവയ്ക്കുള്ള ബന്ധങ്ങളെയും അടിസ്ഥാനപ്പെടുത്തിയേ നായരും തിയ്യരും ഉള്‍പ്പെടെയുള്ള മലബാറിലെ ജാതിവ്യവസ്ഥയെ മനസ്സിലാക്കാന്‍ കഴിയൂ.

മെഗാലിത്തിക്ക് കാലഘട്ടത്തിനു മുമ്പും പിമ്പുമായി കേരളത്തില്‍ കുടിയേറിപ്പാര്‍പ്പുകള്‍ നടന്നുവെന്ന് പറഞ്ഞുവല്ലോ.

അങ്ങനെ ആദ്യം കുടിയേറിയ ആദിവാസികള്‍ക്കുപുറമെ നാഗന്മാരും യാദവന്മാരും മറ്റും സംഘം സംഘമായി പലയളവിലും മലബാര്‍ പ്രദേശത്തേക്കു പ്രവേശിക്കുകയുണ്ടായെന്നും സൂചിപ്പിച്ചുകഴിഞ്ഞു. യാദവരും നാഗന്മാരും ആദ്യം ഇടയവൃത്തിയും പിന്നെ കൃഷിവൃത്തിയും അംഗീകരിച്ചു. ഇവിടെ ആദ്യമുണ്ടായിരുന്ന നിവാസികളെ കാട്ടുപ്രദേശങ്ങളിലേക്ക് ഓടിക്കുകയോ തങ്ങളുടെ ദാസന്മാരാക്കി മാറ്റുകയോ ചെയ്യാനും അവര്‍ മടിച്ചിരുന്നില്ല, ഓരോരിക്കലും വന്നുചേര്‍ന്ന യാദവ-നാഗ വിഭാഗങ്ങള്‍ നായരായി ഒരോ പ്രദേശത്തും (തറ) ഓരോ നാട്ടുകൂട്ടം (Folk) എന്നനിലയ്ക്കു കഴിഞ്ഞുകൂടി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ബന്ധുഗണത്തില്‍ പെട്ടതും സ്വയം സംരക്ഷിതവും ആയി ആ നാട്ടുകൂട്ടം ഒരു ഗോത്രം (Tribe) എന്ന പോലെ ജീവിച്ചു. നേരിട്ടോ അല്ലാതെയോ പുറമെ നിന്നുള്ള ആക്രമണത്തെ നേരിടേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം ഇത്തരം ഗോത്രാധിഷ്ഠിതഗണം പരസ്​പരം ബന്ധപ്പെട്ടു. ഒരു സമൂഹമായി അല്ലെങ്കില്‍ ഒരു സമുദായമായി അറിയപ്പെട്ടു. അവര്‍ പല ഊരുകളിലുമായി ചിതറിക്കിടന്നിരുന്നുവെങ്കിലും അവര്‍ക്ക് പൊതുവായ പാരമ്പര്യബന്ധവും പൊതുവായ ഐഡന്റിറ്റിയും പൊതുവായ ഭാഷയും സംസ്‌കാരവുമുണ്ടായി. ഒരു തലമുറ അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്ന തൊഴില്‍സങ്കേതങ്ങളെയും വിശ്വാസങ്ങളെയും ആചാരവ്യവസ്ഥകളെയും അവര്‍ പാരമ്പര്യമെന്ന പേരില്‍ പുലര്‍ത്തിപ്പോന്നു.

നാഗപാരമ്പര്യമാണ് നായന്മാര്‍ക്കെന്ന് പണ്ടുകാലം മുതലേ കേരളീയ പണ്ഡിതന്മാര്‍ കരുതിപ്പോന്നിരുന്നു. നായന്മാരുടേത് ഒരു മിശ്രിതവംശമാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. 'നാഗജാതിക്കാര്‍ മലയോരങ്ങളിലെ നിവാസികളുമായി ചേര്‍ന്നുണ്ടായ ഒരു മിശ്രവംശം ഇരുകൂട്ടരെയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം യോജിച്ചു നായര്‍സമുദായമായിത്തീര്‍ന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു'20 എന്നും 'നാഗങ്ങളെ ആരാധിക്കുന്ന ഈ പ്രാകൃതദ്രാവിഡരുടേതായ നായര്‍വംശം നമ്പൂതിരിമാരുടെ ആഗമനത്തിന് എത്രയോ മുമ്പുതന്നെ ഇവിടെ പ്രബലന്മാരായിരുന്നു'21 എന്നും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. നായന്മാര്‍ 'ലോകര്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ടുവരെ മലബാറിന്റെ അതിര്‍ത്തിയിലോ മലബാര്‍ പ്രദേശത്തോ ആക്രമിച്ചെത്തിയ പടനായകന്മാര്‍ പലപ്പോഴും തങ്ങളുടെ കൂട്ടുകാരോടൊപ്പം മലബാറിലെ സമതലപ്രദേശത്തുണ്ടായിരുന്ന നായര്‍തറകളോടു ബന്ധപ്പെട്ടു കഴിഞ്ഞുകൂടി. മൗര്യസാമ്രാജ്യത്തിന്റെ പശ്ചിമപ്രാന്തങ്ങളിലുണ്ടായിരുന്ന ശതവാഹനന്മാര്‍ അശോകന്റെ നിര്യാണശേഷം ഇവിടെ എത്തിപ്പെടുകയുണ്ടായി. ശതവാഹനന്മാരില്‍പ്പെട്ട ചില വിഭാഗങ്ങള്‍ കാലിവളര്‍ത്തല്‍ ഉപജീവനമായി സ്വീകരിച്ചുകൊണ്ടു മലബാറിലെ നായര്‍ സമുദായവുമായി മേളിച്ചു കഴിഞ്ഞുകൂടിയെന്ന് കരുതാവുന്നതാണ്. പിന്നീടുവന്നവരും ക്രമേണ ക്രമേണ നായര്‍ സമുദായത്തില്‍ വിലയിച്ചു കൊണ്ടിരുന്നു. അതിനു മുമ്പുതന്നെ ബി.സി. 4ാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാവിന്റെ ആശ്രിതജനങ്ങളില്‍ പലരും മലബാറില്‍ എത്തിയിരുന്നു.

എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോള്‍ ചേരന്മാരില്‍ ആതന്‍ ഒന്നാമനും (എ.ഡി. 4055) പാണ്ഡ്യരില്‍ നെടുംചേഴിയനും (എ.ഡി. 5075) ചോളരില്‍ കരികാല ചോളനും (എ.ഡി. 5095) ദിഗ്‌വിജയം നടത്തുന്നതിനിടയ്ക്ക് അവരുടെ പട്ടാളക്കാരില്‍ പലരും മലബാര്‍ പ്രദേശം തങ്ങളുടെ വാസസ്ഥലമാക്കി മാറ്റി. കരികാലചോളന്‍ ഒളിനാഗന്മാരെയും കുറുമ്പരെയും അമര്‍ച്ചചെയ്യാന്‍ നിയോഗിച്ച പടത്തലവന്മാരില്‍ നല്ലൊരു വിഭാഗം നായന്മാരോടു ചേര്‍ന്നു മലബാറില്‍തന്നെ നിവസിച്ചു. പാണ്ഡ്യരും, ചോളരും, ചേരരും തമ്മില്‍ സംഘട്ടനം നടന്ന ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ പ്രസ്തുത രാജാക്കന്മാരുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നു പട്ടാളസഹായത്തോടെ ആളുകള്‍ മലബാറിലേക്കു യഥേഷ്ടം കുടിയേറിപ്പാര്‍ക്കുകയുണ്ടായി. ചോളന്മാര്‍ ചേരതലസ്ഥാനമായ വഞ്ചി പിടിച്ചടക്കിയപ്പോള്‍ രാജകുടുംബാംഗങ്ങളടക്കം ചേരന്മാരില്‍ പലരും മലബാറിലേക്കു ചേക്കേറി. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ തലശ്ശേരി വരെ തമിള്‍കുടിപ്പാര്‍പ്പു സ്ഥലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കനകസഭായ് അഭിപ്രായപ്പെടുന്നു.22 ഹേഹയന്മാര്‍ എന്ന കല്‍ച്ചൂരികള്‍ പശ്ചിമതീരത്തിന്നധിപതികളായപ്പോള്‍ അവരും മലബാറിലേക്കു ചുരുങ്ങിയതോതില്‍ കുടിയേറ്റം നടത്തിയിരിക്കണം. കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാട് തലസ്ഥാനമാക്കിയപ്പോള്‍ കദംബരും (എ.ഡി. 6ാംനൂറ്റാണ്ട്) മൈസൂരിന്റെ തെക്കുവശം ഭരിച്ച ഗംഗന്മാരും ചാലൂക്യരെ തോല്പിച്ച പല്ലവരാജാവ് പരമേശ്വരവര്‍മന്റെ സൈന്യങ്ങളും ഗുജറാത്തിലെ വലാഭിഗോത്രത്തില്‍ പെട്ട ശ്രീഭേരഭട്ടന്‍ എന്നുകൂടി പേരുള്ള ശിലാദിത്യന്റ പടത്തലവന്മാരും മലബാറില്‍ എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. ഒരുകാലത്ത് പശ്ചിമഘട്ടപ്രദേശം മുഴുവന്‍ ശിലാദിത്യന്റെ കീഴിലായിരുന്നുവത്രേ.

മേല്‍പ്പറഞ്ഞ വിധം ആക്രമിച്ചെത്തിയ പടത്തലവന്മാര്‍ നായന്മാരോടു ചേര്‍ന്ന് അവരുടെ സഹായത്തോടെ മലബാറില്‍ പല സ്ഥലത്തും, നാടുവാഴികളായി മറി. ഈ നാടുവാഴിമാരില്‍ പലരും തങ്ങള്‍ സുപ്രസിദ്ധ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടവരാണെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കാതിരുന്നില്ല. അതിനുവേണ്ടി വാളും തിട്ടൂരങ്ങളും മറ്റും ഐതിഹ്യങ്ങളില്‍ പൊതിഞ്ഞു പ്രദര്‍ശിപ്പിക്കാന്‍ അവര്‍ മടിച്ചില്ല. വള്ളുവനാട്ടിലെ നാടുവാഴികള്‍ പല്ലവരോടും പൂന്തുറ ഏറാടിമാര്‍ ചേരന്മാരോടും ബന്ധപ്പെട്ടവരാണെന്നു പ്രസ്താവനകളും തറവാട്ടുമഹിമ കാട്ടി ജനങ്ങളെ വിരട്ടുന്നതിന് ഉദാഹരണങ്ങളാണ്.

നാടുവാഴികള്‍ നായര്‍ഭടന്മാരെ സംഘടിപ്പിച്ചു കൊള്ള നടത്താനും നാടുപിടിക്കാനും വേണ്ട ശക്തി സംഭരിച്ചുപോന്നു. ഏതാണ്ട് എ.ഡി. 2ാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ച ഈ നാടുവാഴി ഭരണം മലബാര്‍ പ്രദേശത്തു കൂടുതല്‍ ശക്തവും വ്യാപകവുമായി എന്നുവേണം അനുമാനിക്കാന്‍. ഏതാനും തറകള്‍ ഉള്‍പ്പെട്ട നാടുകള്‍ ഒരു പ്രത്യേക നാടുവാഴിയുടെ നിയന്ത്രണത്തില്‍ ആയിത്തീര്‍ന്നു. നാടുകളുടെ പേര്‍ ഒട്ടുമുക്കാലും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നും സ്റ്റെയില്‍ ചൂണ്ടിക്കാട്ടുന്നു.23

നാടുകള്‍ ഓരോന്നും സാമ്പത്തികവും ആചാരപരവുമായി വ്യത്യസ്തഘടകങ്ങളായാണ് കഴിഞ്ഞുകൂടിയത്. വിവാഹത്തിലും മരണാനന്തരക്രിയകളിലും മറ്റും നാട്ടുനടപ്പിലുള്ള വ്യത്യാസം മലബാര്‍ പ്രദേശത്ത് ഇപ്പോഴും ദൃശ്യമാണ്. മലബാര്‍ പ്രദേശത്തു രാജഭരണം നടപ്പിലായപ്പോള്‍ പോലും ഓരോ നാടിന്റെയും പ്രത്യേകതകളും നാടുവാഴിക്കു ഭൂമിമേലുള്ള അവകാശങ്ങളും നിലനിന്നിരുന്നു. ഹൈദരുടെ ആക്രമണത്തിനു ശേഷമാണ് നാടുവാഴിത്തം രാജാധിപത്യത്തിന് തീര്‍ത്തും കീഴടങ്ങിയത്.

ബി.സി. 300 മുതല്‍ എ.ഡി. 300 വരെയുള്ള ആറു നൂറ്റാണ്ടുകള്‍ ഇന്ത്യാചരിത്രത്തിലെ നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു. ബുദ്ധ-ജൈന മതങ്ങളുടെ പ്രഭാവകാലത്തു ഗില്‍ഡുകള്‍ രൂപീകൃതമാവുകയും ആഭ്യന്തരവും വൈദേശികവുമായ വ്യാപാരം അഭിവൃദ്ധിപ്പെടുകയുമുണ്ടായി. കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചുറ്റും നഗരങ്ങള്‍ വളര്‍ന്നുകൊണ്ടുമിരുന്നു. കടല്‍ത്തീരങ്ങളില്‍ വിദേശവ്യാപാരത്തിനു സൗകര്യമുള്ളിടങ്ങളിലും നഗരങ്ങളും ക്ഷേത്രങ്ങളുമുയര്‍ന്നു. നഗരങ്ങള്‍ വികസിച്ചിരുന്നിടങ്ങളില്‍ രാജാക്കന്മാരുടെയും നാഗരികന്മാരുടെയും ആചാര്യസ്ഥാനം വഹിച്ചുകൊണ്ടും യജ്ഞങ്ങളും പൂജകളും നിര്‍വഹിച്ചുകൊണ്ടും ബ്രാഹ്മണര്‍ ഒരു പ്രബലശക്തിയായി വര്‍ത്തിച്ചു. മറ്റ് ഹിന്ദുസമുദായങ്ങള്‍ക്കു തീര്‍ഥയാത്രയില്‍ നേതൃത്വം നല്‍കുന്നതിലും ബ്രാഹ്മണര്‍ നിയോഗിക്കപ്പെട്ടിരുന്നു.

നഗരവത്കരണത്തെയും രാജ്യത്തിലെ സാമ്പത്തികപുരോഗതിയെയും ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചിരുന്നത് വിദേശവ്യാപാരമാണ്. എന്നാല്‍ ഗുപ്തഭരണകാലത്തെത്തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ (എ.ഡി. 300 മുതല്‍ 1000 വരെ) നഗരവത്കരണം (Urbanisation) അല്ല നഗരതിരോധാന (De Urbanisation) മാണ് സംഭവിച്ചുകൊണ്ടിരുന്നത്. അതില്‍ ആദ്യഘട്ടം എ.ഡി. മൂന്നാംനൂറ്റാണ്ടുമുതല്‍ ആറാംനൂറ്റാണ്ടുവരെയും രണ്ടാംഘട്ടം ഏഴു മുതല്‍ പത്താംനൂറ്റാണ്ടുവരെയുമായിരുന്നു. റോമക്കാരുമായും തെക്കുകിഴക്കന്‍ രാജ്യക്കാരുമായും വ്യാപാരം നിലച്ചുപോയ എ.ഡി. മൂന്നാംനൂറ്റാണ്ടില്‍ നഗരവത്കരണം വീര്‍പ്പുമുട്ടിപ്പോയി എന്നുവേണം കരുതാന്‍. അക്കാലത്തെ പ്രതിനിധാനം ചെയ്യുന്ന റോമന്‍ നാണ്യങ്ങള്‍ കണ്ടുകിട്ടാതിരുന്നതിനാലും ഫാഹിയാന്‍, ഹ്യുയാന്‍ സാങ് എന്നിവരുടെ യാത്രാവിവരണങ്ങളില്‍ നിന്നും നഗരങ്ങളുടെ അധഃപതനകാലമായിരുന്നു അതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു.

നഗരങ്ങളുടെ തകര്‍ച്ചയും ഫ്യൂഡലിസത്തിന്റെ വളര്‍ച്ചയും കാരണം ഉത്തരേന്ത്യയിലെ ബ്രാഹ്മണകുടുംബങ്ങള്‍ തങ്ങളുടെ അധിവാസകേന്ദ്രം വിട്ടുമാറി താമസിക്കാന്‍ നിര്‍ബന്ധിതരായെന്ന് ആര്‍.എസ്.ശര്‍മ വിശദീകരിക്കുന്നു.24 ഗംഗാതടങ്ങളിലെ പരിസ്ഥിതിയില്‍ വന്ന മാറ്റവും ഈ മാറിത്താമസത്തിനു പ്രേരകമായി ഭവിച്ചിരിക്കും. ബ്രാഹ്മണര്‍ മാത്രമല്ല കൈത്തൊഴില്‍കാരും നഗരങ്ങള്‍ വിട്ടു മറ്റിടങ്ങളിലേക്ക് കുടിപാര്‍ക്കാന്‍ നിര്‍ബന്ധിതരായി. അതുമൂലം ഉള്‍പ്രദേശങ്ങളില്‍ കൈത്തൊഴില്‍ക്കാരുടെ സങ്കേതങ്ങളുളവായി.

ബ്രാഹ്മണരെ സംബന്ധിച്ചിടത്തോളം തീര്‍ഥയാത്രകളും പൂജാതന്ത്രങ്ങളും അവര്‍ക്കു പുതിയ ജീവിതമാര്‍ഗം കാട്ടിക്കൊടുത്തു. നഗരവത്കരണം തുടങ്ങുന്നതിനു മുമ്പ് (ബി.സി. 3ാംനൂറ്റാണ്ടിനു മുമ്പ്) അഗസ്ത്യന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ആര്യബ്രാഹ്മണര്‍ ആദ്യമായി ദക്ഷിണേന്ത്യയിലേക്കു വന്നു പൊതിയമലകളില്‍ താമസമാക്കിയിരുന്നു.25

എന്നാല്‍ നഗരതിരോധാനത്തിന്റെ കാലത്തു സ്വദേശം വിട്ട ബ്രാഹ്മണര്‍ ദക്ഷിണേന്ത്യയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് പല പ്രദേശങ്ങളിലും തങ്ങിയിരുന്നുവെന്ന് ശര്‍മ നമ്മെ ബോധ്യപ്പെടുത്തുന്നു. ചിലപ്പതികാരം രചിക്കപ്പെട്ട കാലത്തു പാണ്ഡ്യരാജ്യത്തെ മധുരയിലും തങ്കല്‍, വയനങ്കോട് എന്നിവിടങ്ങളിലും ചേരരാജ്യത്തെ വഞ്ചി, പൊറയൂര്‍, എരയം, മാങ്കാട് തുടങ്ങിയ സ്ഥലങ്ങളിലും ചോളരാജ്യത്തെ കാവേരി പട്ടണം, മുള്ളൂര്‍, അവിനാങ്കുടി, ചെങ്കാട്ടു പ്രദേശത്തും ബ്രാഹ്മണര്‍ ഒന്നിച്ചു പാര്‍ക്കുന്ന അഗ്രഹാരങ്ങള്‍ ഉണ്ടായിരുന്നുവത്രെ.26

ബ്രാഹ്മണര്‍ പ്രാചീനനഗരങ്ങളില്‍നിന്നു നാട്ടിന്‍പുറത്തേക്കും അന്യപ്രദേശങ്ങളിലേക്കും മാറിത്താമസിച്ചുകൊണ്ടിരുന്നുവെന്നു പറഞ്ഞുവല്ലോ. നാടുവാഴികള്‍ അവരോടു പൊതുവെ ഉദാരമായി പെരുമാറിയതുമൂലം അത്തരം കുടിപാര്‍പ്പുകള്‍ സുഗമമായിത്തീര്‍ന്നു.27

പടിഞ്ഞാറന്‍ ചാലൂക്യരെയും പല്ലവന്മാരെയും പിന്തുടര്‍ന്നാണ് ബ്രാഹ്മണര്‍ മലബാര്‍ പ്രദേശത്തേക്കു വന്നതെന്നു വേണം അനുമാനിക്കാന്‍. പാണ്ഡ്യന്മാരും ബ്രാഹ്മണരുടെ വരവിനെ സ്വാഗതം ചെയ്തു. ഈ ശക്തികളെല്ലാം അവരുടെ മേധാവിത്വം സ്ഥാപിക്കുന്നത് എ.ഡി. 6 ാംനൂറ്റാണ്ടോടുകൂടിയായതിനാല്‍ ബ്രാഹ്മണര്‍ മലബാറിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയതും അക്കാലത്താണെന്ന് ഊഹിക്കാം.

കാര്‍ഷികപ്രധാനമായ സമൂഹവും സംസ്‌കാരവും മലബാറില്‍ രൂപം കൊള്ളുന്ന സന്ദര്‍ഭമായിരുന്നു അത്.

ചാലൂക്യരുടെ പിന്‍ബലത്തോടെ മലബാറിലേക്കു കുടിയേറിപ്പാര്‍ത്ത ബ്രാഹ്മണരില്‍ വലിയ ഒരു വിഭാഗം ഭൃഗുഗോത്രക്കാരായ അഗ്നിഹോത്രികളായിരുന്നു. തങ്ങള്‍ മലബാറിലെത്തുന്നതിനു മുമ്പ് വ്യത്യസ്തസംസ്‌കാരങ്ങളുള്ള ഭിന്നസമുദായങ്ങളുമായി ഇടപഴകിയിരുന്നുവെന്നും ഇവിടെയും അതു സാധ്യമാണെന്നും കാണിക്കുന്നതിനാവാം പറയിപെറ്റ പന്തിരുകുലത്തെ സംബന്ധിച്ച ഐതിഹ്യം അവര്‍ പ്രചരിപ്പിച്ചത്. കേരളവും പരശുരാമനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള, തങ്ങള്‍ മുന്തിയവരാണെന്നു ബോധ്യപ്പെടുത്തുന്ന ഐതിഹ്യവും ബ്രാഹ്മണര്‍ ഇവിടെ കുടിപാര്‍ത്ത ശേഷമേ നാട്ടുകാര്‍ കേട്ടുതുടങ്ങിയിട്ടുള്ളൂ.

ഏതായാലും അഥര്‍വവേദവുമായി ബന്ധപ്പെട്ട ഈ ഭാര്‍ഗവന്മാരില്‍ (ഭൃഗു ഗോത്രക്കാര്‍) പലരും നല്ല മാന്ത്രികരും വൈദ്യന്മാരും ജ്യോതിഷികളുമായി അറിയപ്പെട്ടിരുന്നു.

വേദങ്ങളിലും മാന്ത്രികകലകളിലും മറ്റും വിദഗ്ധരായ ബ്രാഹ്മണര്‍ മലബാറില്‍ കുടിയേറിപ്പാര്‍ത്ത അന്യ ജനവിഭാഗങ്ങളെക്കാളും ബുദ്ധിമാന്മാരാണെന്ന് അംഗീകരിക്കപ്പെട്ടു. ചാതുര്‍വര്‍ണ്യത്തിന്റെ തണലില്‍ തങ്ങള്‍ ദൈവികശക്തിയുള്ള ഒരു വിഭാഗമാണെന്ന് ഈ ബ്രാഹ്മണര്‍ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രത്യായനശേഷി (suggestibility) മൂലം ബൂദ്ധിജീവികളായ ബ്രാഹ്മണര്‍ക്ക് ജനങ്ങളുടെ വിശ്വാസങ്ങളെയും സാമൂഹ്യബന്ധങ്ങളെയും മറ്റും ക്രമീകരിക്കുന്ന സ്ഥാപനങ്ങളെയും (കിേെശൗേശേീി)െ ക്ഷേത്രങ്ങളെയും ഭരണരീതിയെപ്പോലും നിയന്ത്രിക്കുന്നതിനും സാധിച്ചു. ബുദ്ധിജീവികളുടെ മേധാവിത്വം (ഒലഴലാീി്യ) പലപ്പോഴും സാമൂഹ്യബന്ധങ്ങളെ ബാധിക്കുമെന്ന് ഗ്രാം ചി28 പറഞ്ഞതു വാസ്തവമാണെന്ന് അങ്ങനെ തെളിയിക്കപ്പെടുകയുമുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലെ പുരോഹിതരെപ്പോലെ, ഈ ബ്രാഹ്മണബുദ്ധിജീവികളായ നമ്പൂതിരിമാര്‍ ഭരണകൂടങ്ങളുടെ ബലപ്രയോഗത്തിനു സിവില്‍സമൂഹത്തിന്റെ സമ്മതം നേടിക്കൊടുത്തു. നാടുവാഴികളും പിന്നെ രാജകുടുംബാംഗങ്ങളും ഈ നമ്പൂതിരിമാര്‍ക്കു ഭൂമിയും മറ്റു വിഭവങ്ങളും നിര്‍ലോഭം അനുവദിക്കാന്‍ മടികാട്ടിയതുമില്ല. നാടുവാഴികളുടെയും രാജാക്കന്മാരുടെയും രാഷ്ട്രീയവും സാമൂഹികവുമായ നേതൃസ്ഥാനം ഉറപ്പിച്ചുനിര്‍ത്താന്‍ നമ്പൂതിരിമാരുടെ പ്രവര്‍ത്തനം പ്രയോജകമായി.

അങ്ങനെ നാടുവാഴികളോടു ബന്ധപ്പെട്ടു സ്വയം ഭൂസ്വാമികളായി മാറിയ ബ്രാഹ്മണമേധാവികള്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ ദൈവകല്പിതങ്ങളും മേല്‍ത്തരങ്ങളുമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി. പുംസേവനം, വിവാഹം, മരണാനന്തരകര്‍മം തുടങ്ങി പല ചടങ്ങുകളും നമ്പൂതിരിമാരെ അനുകരിച്ചു നായരും തിയ്യരും കമ്മാളരും മറ്റു ജാതിക്കരും അനുഷ്ഠിക്കാനും തുടങ്ങി. ബുദ്ധിജീവികളുടെയും ഉപരിവര്‍ഗത്തിന്റെയും ചിന്തകളും ജീവിതരീതിയും സമൂഹത്തിന്റെ താഴ്ന്ന തലങ്ങളിലുള്ളവരിലേക്കു നൂണിറങ്ങുന്നതു സ്വാഭാവികം മാത്രമാണ്.

പല്ലവര്‍ ആന്ധ്രക്കാരായിരുന്നതുകൊണ്ട് ബ്രാഹ്മണചര്യകളുമായി മുമ്പുമുതലേ ഇടപഴകിയവരും വൈഷ്ണവപക്ഷപാതികളുമായിരുന്നു. പാണ്ഡ്യന്മാര്‍ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചു. ചോളരാജാക്കന്മാരും ബ്രാഹ്ണഭക്തിയില്‍ പിന്നോക്കമായിരുന്നില്ലെന്നു മാത്രമല്ല, ബ്രഹ്മദായം നല്കുന്നതില്‍ മുന്നാക്കവുമായിരുന്നു. മലബാറിലെ നാടുവാഴികളില്‍ പലരും ചേര- ചോള-പാണ്ഡ്യ-പല്ലവരീതികളുമായി പരിചയപ്പെട്ടവരായിരുന്നതുകൊണ്ട് തങ്ങളുടെ നാട്ടില്‍ ബ്രാഹ്മണരെ ബഹുമാനപുരസ്സരം കുടിയിരുത്തുന്നതിനു മടികാട്ടിയിരുന്നുമില്ല. അവര്‍ തങ്ങളുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിന് ബ്രാഹ്മണരുടെ സഹായം തേടുകയും ചെയ്തു.

അന്ന് ഇന്ത്യയിലെല്ലായിടത്തും മുഖ്യ തൊഴില്‍ കൃഷിയും ഇടയവൃത്തിയുമായിരുന്നു. നദീതടനഗരങ്ങളില്‍ നിന്നു വന്ന ബ്രാഹ്മണര്‍ക്കു കൃഷിരീതിയുമായി കൂടുതല്‍ പരിചയമുണ്ടായിരുന്നതുകൊണ്ട് അവരുടെ സാന്നിധ്യം കൃഷിക്കാരായ നായന്മാര്‍ സര്‍വാത്മനാ സ്വാഗതം ചെയ്തു. ബ്രഹ്മദായത്തിനു കാത്തിരിക്കാതെ തങ്ങള്‍ കൂടിപാര്‍ത്ത ഇല്ലങ്ങള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കു തങ്ങള്‍തന്നെയാണ് അധിപതികളെന്നു പ്രഖ്യാപിച്ചു സ്വയം ജന്മികളായിത്തീരാനും ഒരളവുവരെ നമ്പൂതിരിമാര്‍ക്കു കഴിഞ്ഞു. നമ്പൂതിരിമാരുടെ മാന്ത്രികസിദ്ധികളില്‍ ഭീതിയും ബഹുമാനവുമുള്ള നാടുവാഴികള്‍ അക്കാര്യത്തില്‍ അപ്രിയം കാണിച്ചതുമില്ല.

പാലക്കാട്ടോ തിരുവനന്തപുരത്തോ കുടിയേറി, അഗ്രഹാരങ്ങളില്‍ പാര്‍ത്തുപോന്ന ബ്രാഹ്മണര്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുകൂടി വന്നവരായിരുന്നുവെങ്കില്‍ മലബാറിലെ ബ്രാഹ്മണര്‍ കര്‍ണാടക കടല്‍ത്തീരം വഴിയോ വയനാട്ടിലെ മലമ്പാതകളിലൂടെയോ ഇവിടെ എത്തിപ്പെട്ടവരായിരുന്നു. മയൂരവര്‍മന്‍ എന്ന കദംബരാജാവ് അഹിഛത്രത്തില്‍ (യു.പി.യില്‍ പഴയ വടക്കന്‍ പാഞ്ചാലത്തിന്റെ തലസ്ഥാനം) നിന്നു കൊണ്ടുവന്ന് കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവര്‍മന്‍ രണ്ടാമന്‍ എന്നുകൂടി പേരുള്ള മുകുന്ദകദംബന്‍, ഷിമോഗ ജില്ലയിലെ തലഗുണ്ടയില്‍ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്‍മുറക്കാരാവാം വയനാടു വഴി മലബാറിലേക്ക് എത്തിച്ചേര്‍ന്നവര്‍.

അവികസിതമായ ഒരു പ്രദേശത്തിന്റെ വികസനത്തില്‍ അഗ്രഗാമി എന്ന പങ്കാണ് ബ്രാഹ്മണര്‍ നിര്‍വഹിച്ചതെന്നും കാടെരിച്ചു കൃഷിചെയ്യുന്നതില്‍ നിന്നും സഞ്ചരിച്ചു ഭക്ഷണം ശേഖരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, കലപ്പയുപയോഗിച്ചു സ്ഥിരമായ കൃഷിസമ്പ്രദായം നടപ്പിലാക്കിയത് അവരാണെന്നും കോസാമ്പി29 പറഞ്ഞത് ഓര്‍ക്കുമ്പോള്‍ ഇവിടുത്തെ കാര്‍ഷികസമ്പ്രദായം ക്രമീകരിക്കുന്നതില്‍ നമ്പൂതിരിമാര്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് മനസ്സിലാകും.

കിണറുകളും കുളങ്ങളും തോടുകളും കുഴിപ്പിച്ചു ജലസേചനസംവിധാനം തുടങ്ങിയത് ബ്രഹ്മദായ പ്രദേശങ്ങളിലും ദേവദായപ്രദേശങ്ങളിലുമായിരുന്നുവെന്ന് പല്ലവ-പാണ്ഡ്യ റിക്കാര്‍ഡുകളില്‍നിന്ന് തെളിയുന്നതായി ചമ്പകലക്ഷ്മിയും30 രേഖപ്പെടുത്തുന്നു. അവരുടെ ജലസേചനത്തെ നിയന്ത്രിച്ചവരായിരുന്നവത്രെ വാരിയര്‍മാര്‍. ഏതായാലും മുല്ലൈ പ്രദേശം കൃഷിയോഗ്യമാക്കിയതിലും മരുതത്തില്‍ കലപ്പയുപയോഗിച്ചു കൃഷിരീതി നടപ്പിലാക്കിയതിലും ബ്രാഹ്മണരുടെ കഴിവ് വ്യക്തമാണ്.

നമ്പൂതിരിമാര്‍ മലബാറിലെത്തിയപ്പോള്‍ മരുതം പ്രദേശത്തെ മുഖ്യ നിവാസികള്‍ നായന്മാരായിരുന്നു. പത്മനാഭമേനോന്‍ ഇങ്ങനെ എഴുതുന്നു. 'നമ്പൂതിരിമാര്‍ കേരളത്തിലെത്തിയപ്പോള്‍ നാട് നായന്മാരുടെ കൈവശമായിരുന്നു. ഫലത്തില്‍ അവരായിരുന്നു ഭരണവര്‍ഗം. അങ്ങനെയാണെങ്കില്‍ അവര്‍ നമ്പൂതിരിമാര്‍ക്ക് മുമ്പ് ഇവിടെ എത്തിയിരിക്കണം. നായന്മാരുടെ കുടിയേറിപ്പാര്‍പ്പു കാലം ബി.സി. 300നു മുമ്പായിരിക്കണം. മഗസ്തനീസു പറയുന്ന 'നാര' (Narea) മലബാറിലെ നായന്മാരെ സംബന്ധിച്ച സൂചനയാണെങ്കില്‍ അവര്‍ മഗസ്തനീസിന്നു (ബി.സി. 302നോടടുത്താണ് മഗസ്തനീസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.) മുമ്പുതന്നെ ഇവിടെ പാര്‍ത്തിരിക്കണം.31
ഗോത്രങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ മരുതപ്രദേശത്തു സര്‍വസാധാരണമായിരുന്നു. അന്യനാട്ടുകാരായ പട്ടാളപ്രമാണിമാരാണ് പലപ്പോഴും നാടുവാഴികളായി തീര്‍ന്നതെന്നതിനാല്‍ കൃഷിക്കാരുടെ നൈസര്‍ഗികമായ സമഭാവനയോ സഹകരണരീതിയോ അവരില്‍ കാണപ്പെട്ടിരുന്നുമില്ല.32 അത്തരം കലഹങ്ങളില്‍ മാധ്യസ്ഥം വഹിച്ചുകൊണ്ടും ഉപദേശം നല്കിക്കൊണ്ടും നമ്പൂതിരിമാര്‍ തങ്ങളുടെ ഐഡന്റിറ്റി നിലനിര്‍ത്തുകയും സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്തു. തരപ്പെടുമ്പോഴൊക്കെ നമ്പൂതിരിമാര്‍ ഉള്‍നാടുകളിലെ നദീതടവനപ്രദേശങ്ങളിലേക്ക് (കുറഞ്ചികളിലേക്കു) കുടിപാര്‍ത്തു തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ടുമിരുന്നു. നാടുവാഴികള്‍ക്കു പദവിയുറപ്പിക്കുന്നതിനു നമ്പൂതിരിമാരുടെ സാന്നിധ്യം ആവശ്യമായി വന്നപ്പോള്‍അവര്‍ നമ്പൂതിരിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയുമുണ്ടായി. നമ്പൂതിരിമാര്‍ ക്രമേണക്രമേണ തിണൈ ദൈവങ്ങളുടെ ആരാധനയില്‍ ബ്രാഹ്മണത്വം കൊണ്ടുവന്നു. മാന്യന്മാരുടെ ശവം മറവുചെയ്യുകയല്ല ദഹിപ്പിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും വ്യാപകമാക്കി.

ക്രിസ്ത്വബ്ദം ഏഴുമുതല്‍ ഒമ്പതു നൂറ്റാണ്ടുകള്‍ക്കിടയില്‍ ബ്രാഹ്മണ-കര്‍ഷകബന്ധവും നമ്പൂതിരി-നാടുവാഴി ബന്ധവും സുദൃഢമാവാന്‍ തുടങ്ങി. ഉത്തരേന്ത്യയിലെ വര്‍ണവിവേചനത്തിനു പകരം ജാതിയുടേതായ ഒരു പ്രാദേശികവിഭജനം ഇവിടെ വന്നുപെടുകയുണ്ടായി. സാമ്പത്തികമായ കഴിവും മറ്റു വിധത്തിലുള്ള സ്വാധീനങ്ങളും ജാതിയുടെ ഉച്ചനീചത്വങ്ങളെ നിയന്ത്രിച്ചുപോന്നു. സമരോത്സുകരായ നായന്മാരുമായി ഒരു 'സദ്ശൂദ്രബന്ധം' സ്ഥാപിച്ചുകൊണ്ട് നമ്പൂതിരിമാരും നാടുവാഴികളും ജാതിവ്യവസ്ഥയെ ദൃഢീകരിച്ചു.

ബ്രാഹ്മണരുടെ സ്വാധീനം വര്‍ധിച്ചതോടുകൂടിയാണ് ദക്ഷിണേന്ത്യയില്‍ ജാതിസമ്പ്രദായം തുടങ്ങിയതെന്ന് ബര്‍ടന്‍സ്റ്റെയ്ന്‍ അഭിപ്രായപ്പെടുന്നു. കുടുംബബന്ധം, വിവാഹം, തൊഴില്‍, ബ്രാഹ്മണരുമായുള്ള അടുപ്പം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ജാതിഭേദമുളവായെന്നും അദ്ദേഹം പറയുന്നു. 'തത്ത്വശാസ്ത്രപരമായ നിബന്ധനങ്ങളെ ഏറ്റവും ആധികാരികമായി വ്യാഖ്യാനിക്കുന്നവരും അതുപോലെത്തന്നെ പദവിയുടെയും അധികാരത്തിന്റെയും കവാടത്തിനു കാവല്‍ നില്‍ക്കുന്നവരും, അധികാരം, വ്യവസ്ഥാപാലനം, പ്രാദേശികമായ അവകാശം എന്നിവയുടെ ഇടനിലക്കാരായി വര്‍ത്തിക്കുന്നവരും ബ്രാഹ്മണരായിരുന്നു.'33

മലബാറിലെ നമ്പൂതിരിമാര്‍ ഉത്തരേന്ത്യന്‍ ബ്രാഹ്മണരില്‍ നിന്നും പല ആചാരങ്ങളിലും വ്യത്യസ്തരാണ്. എന്നാല്‍ ഇവിടുത്തെ ബ്രാഹ്മണപൗരോഹിത്യം ഉത്തരേന്ത്യയുടേതില്‍ നിന്നു വ്യത്യസ്തവുമല്ല. ബ്രാഹ്മണരായ തങ്ങളൊഴിച്ചു മറ്റെല്ലാവരും കേരളത്തില്‍ ശൂദ്രന്മാരാണെന്നു നമ്പൂതിരിമാര്‍ വിധിയെഴുതി. തങ്ങളെ പരിസേവിച്ചു പോന്ന നായര്‍ വിഭാഗങ്ങളെ സദ്ശൂദ്രന്മാരായും ദാസവൃത്തിക്കൊരുങ്ങാത്ത തിയ്യരടങ്ങിയ (ത്രിയര്‍) നായര്‍ വിഭാഗത്തെ പുറംശൂദ്രന്മാരായും വ്യവഹരിച്ചു. നാടുവാഴികളും അമ്പലങ്ങളും മറ്റുമായി ബന്ധപ്പെട്ട നായന്മാര്‍ എപ്പോഴും സദ്ശൂദ്രരായിരുന്നു. ഭൂമിയുടെ ജന്മാവകാശമാവട്ടെ നമ്പൂതിരിയിലും നാടുവാഴിയിലും ഒതുങ്ങിനിന്നു.

വാണിജ്യശൃംഖലകളോ ഗില്‍ഡ് സമ്പ്രദായമോ നടപ്പില്ലാതിരുന്ന കേരളത്തിലേക്കു വിദഗ്ധതൊഴിലാളികള്‍ മരുതത്തിണൈകളില്‍ കൃഷിക്കാരുമായി ബന്ധപ്പെട്ടുകൊണ്ടു കഴിഞ്ഞൂകൂടി. നാടുവാഴിക്കു വേണ്ടി പടവെട്ടുകയെന്ന ചുമതലയും കൂടിയുണ്ടായിരുന്ന കൃഷിക്കാര്‍ക്കു പടവാളും പണിയായുധങ്ങളും മറ്റും നിര്‍മിക്കുന്നതിനു കൊല്ലന്മാരും വീടുകളുണ്ടാക്കുന്നതിന് ആശാരിമാരും നെയ്ത്തിന് ചാലിയന്മാരും ആഭരണങ്ങള്‍ പണിയുന്നതിന് തട്ടാന്മാരും പാത്രങ്ങള്‍ വാര്‍ക്കുന്നതിനു മൂശാരിമാരും മണ്‍കുടങ്ങളും മറ്റും ഒരുക്കുന്നതിന് കുശവന്മാരും ഓരോ നാട്ടിലും താമസിച്ചുപോന്നു. കുശവന്മാര്‍ ഒഴിച്ചുള്ള വിദഗ്ധത്തൊഴിലാളികള്‍ 'കമ്മാളര്‍' എന്നപേരില്‍ അറിയപ്പെട്ടു.

ഇവരില്‍ ഒരു വലിയ വിഭാഗം കൊങ്ങുനാട്ടിലൂടെ വന്നവരായിരുന്നു. എന്നിരുന്നാലും ചൈനയിലെപ്പോലെ രാജകൊട്ടാരങ്ങളോ ഇസ്‌ലാമികരാജ്യങ്ങളിലെപ്പോലെ സ്മാരകമന്ദിരങ്ങളോ കേരളത്തിനു പുറത്ത് തമിഴ്‌നാട്ടിലും മറ്റും എന്നപോലെ വന്‍ക്ഷേത്രങ്ങളോ പണിയിക്കുന്നതിനു കെല്പുള്ള ഭരണാധികാരികള്‍ മലബാറില്‍ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. എ.ഡി. ആറാം നൂറ്റാണ്ടില്‍ തുടങ്ങിയ നഗരതിരോധാനത്തിന്റെ (De Urbanisation) രണ്ടാംഘട്ടത്തിനു മുമ്പ്, സ്ഥിരമായി നില്ക്കുന്ന വീടുകള്‍ പണിയുന്ന പതിവുപോലും മലബാര്‍ പ്രദേശത്തുണ്ടായിരുന്നില്ലെന്നു വേണം അനുമാനിക്കാന്‍.

ബ്രാഹ്മണരായ നമ്പൂതിരിമാര്‍ തങ്ങളൊഴിച്ചുള്ള എല്ലാ നാട്ടുകാരെയും ശൂദ്രന്മാരായേ പരിഗണിച്ചിരുന്നുള്ളൂ. ശൂദ്രന്മാരിലും താഴെ പുലയര്‍ (ചെറുമക്കള്‍) എന്ന ഒരു വിഭാഗമുണ്ടെന്നും അവര്‍ അംഗീകരിച്ചു. ബ്രാഹ്മണാധിനിവേശത്തെത്തുടര്‍ന്ന് ജാതിവ്യത്യാസവും തൊട്ടുകൂടായ്മയും പ്രചാരത്തില്‍ വരാന്‍ തുടങ്ങി. അന്നത്തെ സാമൂഹ്യ-സാമ്പത്തികഘടന ഈ ജാതിവ്യത്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു.

വളരെ ധനസ്ഥിതിയുള്ള ബ്രാഹ്മണന്‍ നമ്പൂതിരിപ്പാടും സാധാരണ ബ്രാഹ്മണന്‍ നമ്പൂതിരിയും ആയി അറിയപ്പെട്ടു. ബ്രാഹ്മണകുലത്തില്‍പെട്ട പല പൂണുനൂല്‍ക്കാരും ജാത്യാചാരം ഭേദിച്ചുവെന്നതിന്റെ പേരിലും മറ്റും നമ്പൂതിരിയിലും താണ വിഭാഗമായി. പട്ടരെയും ഇമ്പ്രാന്തിരിയെയും വെപ്പുകാരെന്ന മട്ടില്‍ തങ്ങളിലും ഒരുപടി താഴ്ത്തിവെച്ചു. അതിലുമധികം താഴ്ത്തിക്കെട്ടിയത് പൂണുനൂല്‍ ധാരികളായ അമ്പലവാസികളെയാണ്.

ശൂദ്രന്മാര്‍ക്കിടയില്‍ നമ്പൂതിരി-നാടുവാഴികളോടു പറ്റിനിന്ന സദ്ശൂദ്രന്മാരും അവരില്‍ നിന്നകന്നുനിന്ന പുറംശൂദ്രന്മാരും ഉണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. സദ്ശൂദ്രന്മാര്‍ക്കിടയിലും സാമ്പത്തികസ്ഥിതിക്കും തൊഴില്‍സമ്പ്രദായത്തിനുമനുസരിച്ച് പല ഉപജാതികളും കാണപ്പെട്ടു. നായന്മാരില്‍തന്നെ ഊരാളിനായര്‍ (കൂലിപ്പടയാളികള്‍), വെളുത്തേടന്‍ നായര്‍ (അലക്കുജോലി), വടക്കാട്ടുനായര്‍ (എണ്ണയാട്ടുന്ന ജോലി) അത്തിക്കുറുശ്ശി നായര്‍ (ക്ഷൗരം) എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ടായി. സദ്ശൂദ്രന്മാര്‍ക്കിടയില്‍ പുറം ശൂദ്രന്മാര്‍ക്കിടയിലുള്ളതിലുമധികം ഉപജാതികളുണ്ടായിരുന്നു.

പുറംശൂദ്രന്മാരില്‍ തിയ്യരായിരുന്നു പ്രമാണിമാര്‍. കമ്മാളന്മാരായ ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, ചാലിയന്‍, വൈദ്യന്‍ (വേലന്‍), പെരുവണ്ണാന്‍ (അലക്കുകാരന്‍), പാണന്‍ (പാട്ടുകാരന്‍) തുടങ്ങിയവര്‍ പുറംശൂദ്രന്മാരില്‍ താഴെ പടിയിലുള്ളവരായി കണക്കാക്കപ്പെട്ടു. തിയ്യസമുദായത്തില്‍പ്പെട്ടവര്‍ നായന്മാരെ കമ്മള്‍ (കൈമള്‍) എന്നു സംബോധന ചെയ്തപ്പോള്‍ കമ്മാളന്മാര്‍ തിയ്യരെ 'ചോന്‍' (ചേകോന്‍) എന്നാണ് വിളിച്ചുപോന്നത്.

മേല്‍പ്പറഞ്ഞവര്‍ക്കെല്ലാം താഴെയായിരുന്നു പുലയരും ചെറുമക്കളും. അവര്‍ ഒരര്‍ഥത്തില്‍, നമ്പൂതിരിക്കും ശൂദ്രന്മാര്‍ക്കും അടിമവേല ചെയ്യുന്നവരായിരുന്നു. അറബിയുടെയും ഒട്ടകത്തിന്റെയും കഥപോലെ അന്യനാടുകളില്‍ നിന്നുവന്ന നമ്പൂതിരിയും നായരുമെല്ലാം മലബാറിലെ യഥാര്‍ഥ ഭൂവുടമകളായ ചെറുമരെയും പുലയരെയും അവരുടെ സ്വന്തം ഭൂമിയില്‍നിന്ന് തിക്കിപ്പുറത്താക്കുകയായിരുന്നു.

Notes
1.Majumdar R.C. and others, An advanced History of India, Macmillan India Std. P.25
2.Ibid P.26
3.Kanakasabhai V, The Tamils Eighteen hundred Years ago, Asian educational services p. 39
4.Ibid 40
5.Ibid 45
6.Padmanabha Menon K.P, History of Kerala, Vol III. Asian educational Services P. 163-164
7.Kanakasabhai V, The Tamils Eighteen hundred years ago, Asian educational service p.48
8.Marx-capital
9.Padmanabha Menon K.P, History of Kerala Vol-III. Asian educational service P.423
10.Fergussion. History of India and Eastern architecture Asian educational service p.270
11.Padmanabha Menon K.P, History of Kerala Vol-III. Asian educational services P.175
12.Ibid P.175
13.Ibid P.163-164
14.ബാലകൃഷ്ണന്‍ കെ, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, എന്‍.ബി.എസ്. P.151
15.Padmanabha Menon K.P, History of Kerala Vol-III, Asian educational services P.424
16.Ibid P.428
17. Ibid P.428
18. Ibid P.438
19. Ibid P.431
20. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍; കേരളം. പ്രസാ: കൊടുങ്ങല്ലൂര്‍ ചിറയ്ക്കല്‍ കോവിലകത്തു ഗോദവര്‍മന്‍ തമ്പുരാന്‍.
'നാഗങ്ങള്‍ കാടേറിന മാനുഷീസം-
യോഗങ്ങളാല്‍ തീര്‍ത്തൊരു മിശ്രവംശം
ഭാഗത്തിരിപ്പറ്റു ലയിച്ച നായര്‍-
യോഗത്തിലെന്നുണ്ടു ചിലര്‍ക്കു പക്ഷം.'
(ശ്ലോ-14)
21. Ibid
'സപ്രാര്‍ഥനം നാഗസമര്‍ച്ച ചെയ്യു-
മിപ്രാകൃതദ്രാവിഡനായര്‍ വര്‍ഗം
വിപ്രാഗമത്തിന്നു പെരുത്തു മുമ്പും
സ്വപ്രാഭവംകാട്ടിയിരുന്നുപോലും
(ശ്ലോ-16)
22. Kanakasabhai V, The Tamils eighteen hundred years ago, Asian educational services P.61
23. Stein, Burton. Peasant state and society in Medieval South India. oxford P.104
24. Sharma R.S. Urban decay in India, Munshi Ram Manoharlal Publishers. P.160-161
25. Kanakasabhai V, The Tamils eighteen hundred years ago. Asian educational services. P.21
26. Ibid P.56
27. Champakalakshmi R, Trade Ideology and urbanisation, Oxford. P.12
28. Gramsci- Prison Note book
29. Kosambi-Ancient India, Oxford P.172
30. Champakalakshmi R, Trade Ideology and urbanisation, Oxford P.39
31. Padmanabha Menon K.P, History of Kerala Vol III, P.179-180
32. Stein, Burton, Peasant State and Society in Medieval South India, Oxford P.9
33. Ibid P.9

No comments: