Thursday, May 25, 2017

മഴ വിശേഷങ്ങള്‍

മഴ പെയ്യുന്നതു നോക്കിയിരിക്കാന്‍ തന്നെ ഒരു രസമാണ്. ചിലപ്പോഴൊക്കെ മഴകൊണ്ട് നടക്കാനും... മാനവും മനവും കുളിര്‍പ്പിച്ച് കാലവര്‍ഷം പെയ്തു തുടങ്ങിയിരിക്കുന്നു. ഇനിയങ്ങളോട്ട് തകര്‍പ്പന്‍ മഴയുടെ നാളുകള്‍. മഴ കാണുന്നതിനും കൊള്ളുന്നതിനുമൊപ്പം മണ്‍സൂണിനെപ്പറ്റി, മഴയെപ്പറ്റി ചില വിശേഷങ്ങള്‍:

1) മഴയെ നെഞ്ചേറ്റിയവരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ മണ്‍സൂണിനെപ്പറ്റി ഏറ്റവും മികച്ച യാത്രാവിവരണ പുസ്തകങ്ങളിലൊന്നെഴുതിയത് ഒരു വിദേശിയാണ്. വന്വാട്ടു എന്ന കൊച്ചു ദ്വീപസമൂഹത്തില്‍ ജനിച്ചു വളര്‍ന്ന അലക്സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍. ഒരിക്കല്‍ രോഗബാധിതനായി ലണ്ടനില്‍ ചികില്‍സയിലിരിക്കെ പരിചയപ്പെട്ട ഗോവക്കാരിയാണ് ഫ്രേറ്ററിന് ഇന്ത്യയിലെ മണ്‍സൂണിനെപ്പറ്റി പറഞ്ഞുകൊടുത്തത്. അങ്ങനെ 1987ല്‍ തിരുവനന്തപുരത്തു നിന്ന് ചിറാപുഞ്ചിയിലേക്ക് മഴക്കാലത്തിനൊപ്പം യാത്ര ചെയ്ത ഫ്രേറ്ററുടെ അനുഭവമാണ് ‘ചേസിങ് ദ് മണ്‍സൂണ്‍’ എന്ന പുസ്തകം.

2) ‍മേഘാലയയിലെ ചിറാപുഞ്ചിയിലും പിന്നെ മൗസിന്‍റാമിലുമാണ് ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നത്. എന്നാല്‍ ഏറ്റവുമധികം ശുദ്ധജലക്ഷാമം നേരിടുന്നതും അവിടുത്തുകാരാണ്. മേല്‍മണ്ണു മാത്രമേ ഇവിടെയുള്ളൂ. മണ്ണിനു താഴെ കല്‍ക്കരിയും ചുണ്ണാമ്പുകല്ലുമാണ്. അതിനാല്‍ത്തന്നെ പെയ്യുന്ന മഴയെല്ലാം ഒലിച്ചു പോകും. തങ്ങളുടെ പറമ്പിലെ കല്‍ക്കരി പൊട്ടിച്ചു വിറ്റാണ് അവിടുത്തുകാര്‍ ജീവിക്കുന്നതു തന്നെ. കൃഷിക്കു പോലും യോഗ്യമല്ല അവിടത്തെ ഭൂമി. ടൂറിസ്റ്റുകള്‍ക്ക് ചിറാപുഞ്ചിയില്‍ കുപ്പിവെള്ളമേയുള്ളൂ ശരണം. അവിടത്തെ ജനങ്ങള്‍ ചിലപ്പോഴൊക്കെ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം കൊണ്ടു വരുന്നത്. ഇപ്പോള്‍ ആ സ്ഥിതിക്ക് ചില മാറ്റങ്ങളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്.

3) കൊല്ലവര്‍ഷം 1099ല്‍ ഒരു കൊടുംമഴയത്തുണ്ടായ വെള്ളപ്പൊക്കം ചരിത്രപ്രസിദ്ധമാണ്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അത് 1924 ജൂലൈ, ഓഗസ്റ്റ് സമയത്തായിരുന്നു. അക്കാലത്ത് മൂന്നാറില്‍ റയില്‍പ്പാതയും തീവണ്ടിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ മഴ കനത്തതോടെ സമുദ്രനിരപ്പില്‍ നിന്ന് 5000 മുതല്‍ 6500 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ നഗരം പോലും മുങ്ങിപ്പോയി. മലവെള്ളപ്പാച്ചിലില്‍ റയില്‍പ്പാതയും തീവണ്ടികളുമൊക്കെ കുത്തിയൊലിച്ചും പോയി. അന്നു ചൂളം കുത്തിപ്പാഞ്ഞുപോയതാണ് ജില്ലയിലേക്കൊരു ട്രെയിനെന്ന ഇടുക്കിയുടെ സ്വപ്നം.

4) മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് മലബാര്‍ മാന്വല്‍. ഫെബ്രുവരി, മാര്‍ച്ച് സമയത്തിലെപ്പോഴോ ആണ് ഈ അനുഭവം അദ്ദേഹത്തിനുണ്ടായത്. വഴിയില്‍ക്കണ്ട ഒരാളോട് ഇത്തവണ കാലവര്‍ഷം എന്നുണ്ടാകുമെന്ന് ചോദിച്ചു. ഉടന്‍ വന്നു മറുപടി–‘മാര്‍ച്ച് 22ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ആദ്യത്തെ ചാറ്റല്‍ മഴ കിട്ടും’. ലോഗന്‍ കാത്തിരുന്നു. പറഞ്ഞതുപോലെത്തന്നെ അന്നേദിവസം ഉച്ചതിരിഞ്ഞ് മഴയെത്തി, ഒരഞ്ചു മിനിറ്റിന്റെ വ്യത്യാസത്തില്‍. അത്യാധുനിക സംവിധാനങ്ങളുണ്ടെങ്കിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനു പോലും കാലവര്‍ഷത്തെ പ്രവചിക്കാന്‍ സാധിക്കാത്ത കാര്യവും ഈ നിമിഷം വെറുതെയൊന്ന് ഓര്‍ക്കാം.

5) ഇന്തൊനീഷ്യയില്‍ കൃഷി ചെയ്യാനായി ഡച്ചുകാര്‍ കുരുമുളകിന്റെ തൈകള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയപ്പോള്‍ സാമൂതിരി പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്: ‘അവര്‍ക്ക് നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ..’എന്ന്. പക്ഷേ സത്യത്തില്‍ സാമൂതിരിക്ക് തെറ്റി. തിരുവാതിര ഞാറ്റുവേലയും അക്കാലത്തെ ഇടവിട്ടുള്ള മഴയും ഇന്തൊനീഷ്യയിലുമുണ്ട്. അഗ്നിപര്‍വതത്തിന്റെ ചാരം വീണ് ഫലഭൂയിഷ്ഠമായ അവിടത്തെ മണ്ണില്‍ കേരളത്തിലേക്കാള്‍ സമൃദ്ധമായി കുരുമുളക് വളരുകയും ചെയ്യും.

6) മഴക്കാലത്ത് മിക്കവരും സുഖചികില്‍സയ്ക്ക് പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം ഇളകിയിരിക്കുന്നതിനാല്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ എളുപ്പമായതിനാലാണത്രേ സുഖചികില്‍സയും പഞ്ചകര്‍മചികില്‍സകളുമെല്ലാം മഴക്കാലത്തു ചെയ്യുന്നത്.

7) കര്‍ണാടക സംഗീതത്തില്‍ അമൃതവര്‍ഷിണി എന്നൊരു രാഗമുണ്ട്. മഴയുടെ ആത്മരാഗമെന്നറിയപ്പെടുന്ന ഇതിന്റെ സ്രഷ്ടാവ് മുത്തുസ്വാമി ദീക്ഷിതരാണെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ മധുരമീനാക്ഷി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ വരള്‍ച്ച കൊണ്ട് വരണ്ടുണങ്ങിയ ഒരു ഗ്രാമത്തിലൂടെ വരേണ്ടി വന്നു അദ്ദേഹത്തിന്. അവിടത്തെ ഗ്രാമീണരുടെ ദുരിതത്തില്‍ മനംനൊന്ത് അദ്ദേഹം അമൃതവര്‍ഷിണി രാഗത്തിലുള്ള ആനന്ദാമൃതാകര്‍ഷിണി എന്ന കീര്‍ത്തനം പാടി. അതു മുഴുമിപ്പിക്കും മുന്‍പു തന്നെ ഗ്രാമീണരുടെ മനംകുളിര്‍പ്പിച്ചുകൊണ്ട് കോരിച്ചൊരിയുന്ന മഴയെത്തിയെന്നാണ് ഐതിഹ്യം.

8) മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന സംവിധാനം , ക്ലൗഡ് സീഡിങ്, ഇന്ത്യയിലും പ്രയോഗിച്ചിട്ടുണ്ട്. തമിഴ്നാടാണ് അതില്‍ മുന്നില്‍. എണ്‍പതുകളില്‍ മേഘങ്ങളില്‍ മഴവിത്തു വിതയ്ക്കാനായി 35 ലക്ഷം രൂപ മുടക്കി പെപ്പര്‍ ആഷക് എന്ന വിമാനം പോലും തമിഴ്നാട് വാങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ കേരളത്തിലും അത്തരമൊരു പരീക്ഷണം നടത്തിയിട്ടുണ്ട്. 1987ല്‍ തമിഴ്നാടിന്റെ സഹായത്തോടെത്തന്നെയായിരുന്നു അതും. എന്നാല്‍ ക്ലൗഡ് സീഡിങ് നടത്തിയതിനു തൊട്ടുപിറകെ കൊടുംമഴയെത്തിയതിനാല്‍ സംഗതി വിജയിച്ചോ ഇല്ലയോ എന്നു തിരിച്ചറിയാനായില്ല. ലക്ഷങ്ങള്‍ പൊടിഞ്ഞതു മിച്ചം.

9) മഴയോടൊപ്പം മഞ്ഞുകട്ടകള്‍ അഥവാ ആലിപ്പഴങ്ങള്‍ വീഴുന്നത് ഒരു സ്വാഭാവിക സംഭവമാണ്. ചെറിയൊരു പയറുമണിയുടെ വലിപ്പമേ ആലിപ്പഴങ്ങള്‍ക്കുണ്ടാകൂ. പക്ഷേ ബംഗ്ലദേശില്‍ ഒരിക്കല്‍ വീണത് ഒന്നേകാല്‍ കിലോയോളം ഭാരമുള്ള ആലിപ്പഴങ്ങളായിരുന്നു. 1986ലായിരുന്നു അത്.1888ല്‍ ഇന്ത്യയിലെ മൊറാദാബാദിലുണ്ടായ ആലിപ്പഴമഴയില്‍ 246 പേരാണു മരിച്ചത്.

10) മണ്‍സൂണിന് ആ പേരിട്ടത് അറബികളാണ്. സമുദ്രയാത്രകള്‍ക്കിടെ ചില സമയത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു ശക്തമായ കാറ്റുവീശുമെന്ന് അവര്‍ കണ്ടെത്തി. അതിന്റെ ശാസ്ത്രമൊന്നും അന്നവര്‍ക്ക് പിടികിട്ടിയില്ല. ഒരു പ്രത്യേക കാലത്തുണ്ടാകുന്ന കാറ്റ് എന്ന അര്‍ഥത്തില്‍ അറബികള്‍ അതിനെ അവരുടെ ഭാഷയില്‍ മൗസം എന്നു വിളിച്ചു. അത് ഇംഗ്ലിഷിലെത്തിയപ്പോള്‍ മണ്‍സൂണും ആയി.
Text - നവീന്‍

Sunday, May 14, 2017

അമ്മദിനാശംസകള്‍


സാധാരണ അമ്മ‌ദിനത്തില്‍ ഞാന്‍ ജന്തുലോകത്തിലെ ഏതെങ്കിലും ഒരു അമ്മയെക്കുറിച്ച് ഒരു പോസ്റ്റ് എഴുതുകയാണ് പതിവ്. ഇത്തവണ അമ്മമാരുടെ സമ്മേളനം വിളിച്ചു കൂട്ടാമെന്ന് വച്ചു. ഓരോരുത്തരായി കടന്നു വന്നു പരിചയപ്പെടുത്തി പോകട്ടെ.
1. പേര് അരണ. ഞാന്‍ മുട്ടയിടും, മുട്ട ശത്രുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ എന്റെ വാലുമുറിച്ചു വരെ അവയെ സം‌രക്ഷിക്കാന്‍ ശ്രമിക്കും. പക്ഷേ ശത്രുക്കളോട് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നു മനസ്സിലായാല്‍ ഞാനിട്ട മുട്ടകള്‍ ഞാന്‍ തന്നെ തിന്നും. കഷ്ടപ്പെട്ട് ഞാനിട്ട മുട്ട അങ്ങനെ വേറൊരുത്തരും തിന്ന് സുഖിക്കണ്ടാ. നിങ്ങള്‍ മനുഷ്യന്മാര്‍ക്ക് അത് വലിയ തെറ്റായിരിക്കാം, എന്നാലും ഒന്ന് ആലോചിച്ചു നോക്കൂ, ആ മുട്ടയെല്ലാം ഇട്ടിട്ടോടിയാല്‍ തിന്നുന്ന ശത്രുക്കള്‍ക്കാണ് പ്രയോജനം, പകരം ഞാന്‍ തന്നെ അടിച്ചാല്‍ അടുത്ത തവണ മുട്ടയിടാന്‍ ഉള്ള ആരോഗ്യവുമായി, ശത്രുക്കള്‍ക്ക് ഭക്ഷണം കിട്ടാതെയുമായി. ഇനി പറയൂ, അതൊരു തെറ്റാണോ?
2. ഞാന്‍ ഡീപ്പ് സീ ഒക്റ്റോപ്പസ്. നിങ്ങള്‍ മലയാളികളെപ്പോലെ കടലിന്റെ ഏതു കോണിലും- ആഴം കൂടിയേടത്തും കുറഞ്ഞ ഇടത്തും ഒക്കെ - കുടിയേറി ജീവിക്കും. ഒറ്റ പേറേ, അല്ല മുട്ടയിടീലേ എനിക്കുള്ളൂ ജീവിതത്തില്‍. എപ്പോ വിരിയും എന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. ആഴക്കൂടുതല്‍ അനുസരിച്ച് ചിലപ്പോ ഒരൊറ്റ മാസത്തില്‍ വിരിഞ്ഞേക്കും, ചിലപ്പോള്‍ 4 വര്‍ഷത്തിലും കൂടുതല്‍ ഞാന്‍ എന്റെ മുട്ടകളും കാത്തുസൂക്ഷിച്ച് കഴിയണം. 4 വര്‍ഷം എന്നൊക്കെ പറഞ്ഞാല്‍ എന്റെ മൊത്തം ആയുസ്സാണ് കേട്ടോ. 10 മാസം ചുമന്ന് പെറ്റു എന്നൊന്നും എന്നോട് പറയരുത്, ഞാന്‍ തുപ്പും. നമ്മള്‍ ഒരായുസ്സു മൊത്തം ഗര്‍ഭവും കൊണ്ട്, എന്നു വിരിയും എന്നറിയാത്ത അനിശ്ചിതത്ത്വത്തോടെ നടക്കുന്നയാളാണ്. ലോകത്ത് ഒരു ജീവിക്കും ഇത്രയും കാലം മുട്ടയ്ക്ക് അടയിരിക്കേണ്ട ഗതികേടില്ല.
3. പേര്, ശ്രീമതി സ്റ്റ്രോബെറി പോയിസണ്‍ ആരോ ഫ്രോഗ്. കൊച്ചുങ്ങളെ നോക്കുന്ന കാര്യം പറയണ്ടാ. മുട്ട തറേല്‍ വിരിഞ്ഞാല്‍ പിന്നെ ഓരോന്നിനെയായി തലച്ചുമടാക്കി മരത്തേല്‍ നൂറടി വലിഞ്ഞു കേറി നനവുള്ള ഇല നോക്കി തൊട്ടില്‍ ഉണ്ടാക്കി അതിലാക്കണം. എല്ലാം കൂടെ ഒരെണ്ണത്തില്‍ ആയാല്‍ ഇലയടര്‍ന്ന് താഴെ പോയാല്‍ കഴിഞ്ഞില്ലേ, എങ്ങനെ ഉണ്ട് എന്റെ ബുദ്ധി? തീര്‍ന്നില്ല. ഞാനിട്ടു വിരിയാതെ പോയ മുട്ടയാണ് കുഞ്ഞുങ്ങള്‍ക്ക് ഞാന്‍ തീറ്റയായി കൊടുക്കാറ്. മരത്തിന്റെ മണ്ടയ്ക്ക് ഇരിക്കുന്ന പീക്രിക്കള്‍ക്ക് കഴിക്കാന്‍ ഞാനെന്തു കൊടുക്കാനാ? നെക്സ്റ്റ് റ്റൈം പ്രസവിക്കുമ്പോ നിങ്ങളു മറുപിള്ളയോ മറ്റോ സൂപ്പ് വച്ചു കൊടുത്തു നോക്കിക്കേ, കുട്ടികള്‍ വളരും ഇരട്ടി ഫാസ്റ്റര്‍, സ്റ്റ്രോങ്ങര്‍, സ്മാര്‍ട്ടര്‍.
4. ഞാന്‍ ബ്ലാക്ക് ഈഗിള്‍. ഒന്നില്‍ കൂടുതല്‍ പിള്ളേര്‍ ഉള്ളവര്‍ക്ക് അറിയാം ഇവറ്റ തമ്മില്‍ തല്ലിയാല്‍ എങ്ങനെ ദേഷ്യം വരുമെന്ന്. നിങ്ങളൊക്കെ പിള്ളേരെ വഴക്കുപറഞ്ഞ് അടക്കാറുണ്ട് അല്ലേ? ഞാന്‍ അതങ്ങ് അവഗണിക്കുകയാണ് പതിവ്. കയ്യൂക്കുള്ളവ ജീവിച്ചാല്‍ മതി. ചിലപ്പോ ഒരു കൊച്ച് മറ്റേ കൊച്ചിനെ അങ്ങു കൊല്ലും. പെണ്‍‌കൊച്ചുങ്ങള്‍ ആണ് വലിപ്പക്കൂടുതല്‍ എന്നതിനാല്‍ മിക്കവാറും ചത്തുപോകുക ആണ്‍ കുഞ്ഞായിരിക്കും. മക്കളു തമ്മി തല്ലി ചാകുമ്പോള്‍ നോക്കിക്കോണ്ടിരിക്കുന്ന ദുഷ്ട എന്നാണോ? പോടീ. നിന്റെയൊക്കെ നാട്ടില്‍ മനുഷ്യന്റെ തന്തേം തള്ളേം ഗര്‍ഭം പെണ്ണാണെങ്കില്‍ കലക്കും എന്ന് എനിക്കറിയാം.
5.ഞാന്‍ കുയില്‍. സറോഗസിയുടെ തലതൊട്ടമ്മ. മുട്ടയിടാറാകുമ്പോ കാക്കക്കൂട്ടില്‍ പോയി ഇടും. ബാക്കിയൊക്കെ കാക്കച്ചി നോക്കിക്കോളും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.
6. ഞാന്‍ ജയന്റ് പാന്‍ഡ. ഈരാറ്റുപേട്ട, ഛെ ഇരട്ടപെറ്റ പാന്‍ഡാ. ഞങ്ങള്‍ ഇരട്ട പെറ്റാല്‍ ഒരു കുഞ്ഞിനെ അങ്ങ് കളയാറാണ് പതിവ്. തെറി വിളിക്കുന്നേനു മുന്നേ കാരണം കൂടി കേള്‍ക്കൂ. രണ്ടെണ്ണത്തിനു പാലു തികയാറില്ല. അപ്പോ പിന്നെ രണ്ടും ചാകുന്നതിലും ഭേദമാണല്ലോ ഉള്ള പാല്‍ ഒന്നിനു കൊടുത്തു അതിനെ വളര്‍ത്തല്‍? ഇനി പറയൂ, ഞാന്‍ ചെയ്യുന്നത് പാപമാണോ?
7. ഇപ്പോ പോയ ചൈനാക്കാരി ഇരട്ട പെറ്റാ ഒന്നിനെ കളയും അല്ലേ? ഞങ്ങള്‍ അമേരിക്കക്കാര്‍ക്ക് നേരേ മറിച്ചാണ്, പെറുമ്പോ മൂന്നാലെണ്ണം വേണം. ഒന്നേയുള്ളെങ്കില്‍ നോക്കി മിനക്കെടാനൊന്നും എന്നെക്കൊണ്ട് വയ്യാ, ആ സമയം കൊണ്ട് അടുത്ത ഗര്‍ഭിണിയായാല്‍ ഒന്നില്‍ കൂടുതല്‍ കിട്ടൂല്ലേ? സോ, ഒറ്റക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതാണ് ഞങ്ങള്‍ എഫിഷ്യന്റ് തള്ളമാര്‍ ചെയ്യുന്നത്. പേരു പറയാന്‍ മറന്നു, ഞാന്‍ കരിങ്കരടിപ്പെണ്ണ്.
8. അടുത്ത് ഒരു ആശുപത്രി ഇല്ലെങ്കില്‍ പേറ് വലിയ ബുദ്ധിമുട്ടാണെന്ന് ഞാനായിട്ട് പറഞ്ഞു തരണ്ടല്ലോ. വല്ല ഫാള്‍സ് പെയിനും വന്നാല്‍ ആശുപത്രിയില്‍ പോയി വരുന്ന ദൂരം കൊണ്ട് തന്നെ ഗര്‍ഭം കലങ്ങും. ഞങ്ങള്‍ ചാര തിമിംഗിലങ്ങളുടെ കാര്യം വല്യ കഷ്ടമാന്നേ. താമസോം ഗര്‍ഭോം ഒക്കെ അങ്ങ് ആര്‍ട്ടിക്ക് ഓഷ്യനില്‍ ആണ്, പെറാന്‍ പോകേണ്ടത് മെക്സിക്കോ തീരത്ത്. ഒരു ടാക്സി പോലും ഇല്ല, ഈ മലപോലത്തെ ഗര്‍ഭവും വച്ച് ആറായിരം കിലോമീറ്റര്‍ നീന്തിപ്പോയി വേണം പെറാന്‍. മെക്സിക്കോ ആശുപത്രിയിലാണെങ്കില്‍ തട്ടുകട പോലും വിരളമാണ്. നീന്തലും പേറും കൂടെ പട്ടിണിയും. ഏതു തള്ളയ്ക്കുണ്ട് ഈ മൂന്നു ദുരിതവും?
9. ഞാന്‍ കുരുവി. ഊര്‍ക്കുരുവി, സാദാ കുരുവി. ഹൗസ് സ്പാരോ. മലയാളി വീടുകള്‍ക്കടുത്ത് താമസിച്ചു താമസിച്ച് ഞങ്ങളുടെ ജീവിതം ടെലിവിഷന്‍ സീരിയല്‍ പോലെ സംഭവ ബഹുലമായിപ്പോയി. കല്യാണം കഴിച്ചാലും ഞങ്ങള്‍ ചിലപ്പോ വഞ്ചിക്കും. അത് ആണും വഞ്ചിക്കും പെണ്ണും വഞ്ചിക്കും. പെണ്ണ് വഞ്ചിച്ചാല്‍ ഭര്‍ത്താവും ജാരനും കൂടെ കിടന്ന് തമ്മില്‍ തല്ലി തലപൊളിക്കുകയേ ഉള്ളൂ, പക്ഷേ പെണ്ണിന്റെ പ്രതികാരം, നിങ്ങള്‍ ആകാംഷയോടെ കാണുക. എന്റെ ഭര്‍ത്താവ് എന്നെ വഞ്ചിച്ചു മറ്റൊരുത്തിക്കു വയറ്റില്‍ മുട്ട ഉണ്ടാക്കിയെന്ന് ഞാന്‍ കണ്ടുപിടിച്ചാല്‍ ആ എന്ധ്യാനിച്ചിക്ക് വിരിയുന്ന കുഞ്ഞുങ്ങളെ ഞാന്‍ കൊത്തി കൊത്തി കൊത്തി കൊല്ലും. പകയില്‍ ഞാന്‍ താടകയാണ്, ഹൃദയത്തില്‍ എനിക്കു കാളകൂടമാണ്. മുടങ്ങാതെ എന്നും ഒളിഞ്ഞു നോക്കിക്കാണുക കുരുവിപ്പെണ്ണിന്റെ ജീവിതം; നിങ്ങളുടെ സ്വന്തം വീട്ടിന്റെ അട്ടത്ത്.
10. എനിക്കു മുന്നേ വന്ന ശ്രീമതി കുരുവി പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. കുട്ടികള്‍ ആരുടേതായാലും കുട്ടികള്‍ ആണ്. നോര്‍‌വേയുടെ ചില്‍ഡ്രന്‍സ് ഓംബുഡ്സ്മാന്‍ പറഞ്ഞതിനോട് ഞങ്ങള്‍ മീര്‍‌കാറ്റുകള്‍ 100% യോജിക്കുന്നു. കുട്ടികള്‍ സമൂഹത്തിലെ അജ്ഞരും ആശ്രിതരുമായ നിസ്സഹായ പൗരന്മാരാണ്, അവരെ സം‌രക്ഷിക്കേണ്ടത് എല്ലാവരുടെയും പൗരധര്‍മ്മമാണ്. മീര്‍കാറ്റ് കുഞ്ഞുങ്ങളെ എല്ലാ സ്ത്രീകളും പരിചരിക്കും, സം‌രക്ഷിക്കും, തീറ്റും, പോറ്റും. അമ്മയാകാം, അമ്മായി ആകാം, കൊച്ചേച്ചി ആകാം, അയല്‍ക്കാരി ആകാം, ആരുമാകാം. തള്ളഭേദം തന്തഭേദം ഏതുമില്ലാതെ ഏവരും സോദരത്തേന വാഴുന്ന ജന്തുക്കളായ മീര്‍ക്കാറ്റുകള്‍ നിങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കട്ടെ.

കടപ്പാട് - ജിതിന്‍ ദാസ്‌

Friday, May 5, 2017

ദൈവത്തിനോട് പരാതി പറയുന്നവര്‍ ഓര്‍ക്കുക ...???


1. വസിക്കാന്‍ വീടുണ്ടോ??? കഴിക്കാന്‍ ഭക്ഷണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ??? എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന് ക്ഷീണമ്മില്ലാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍ തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. കാരണം ഇപ്പോഴും ലക്ഷക്കണക്കിന് പേരാണ് ഈ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. തല ഉയര്‍ത്തിപ്പിടിച്ച്, മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെ ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍ കാരണം ഈ ലോകത്ത് കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇത് വായിക്കാനും പരാതി പറയാനും അറിയില്ല.
ഇനി കാരുണ്യവാനായ ദൈവത്തോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം കൂടി ഓര്‍മ്മിക്കണേ.
നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാതെ ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം കാരുണ്യവാനായ ദൈവത്തോട് നന്ദി പറയുക ആണ് വേണ്ടത്...
ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്ന കൊച്ചും ഐസ്ക്രീമിനായി നിലവിളിക്കുന്ന കൊച്ചും തമ്മില്‍ വ്യത്യാസമില്ലേ?