Tuesday, January 6, 2015

എ. ആര്‍ . റഹ്മാന്‍ കാലദേശങ്ങളുടെ സംഗീതധാര

കാലാനുസൃതവും അതേസമയം ദേശാതീതവുമായ സംഗീതം സിനിമയില്‍ സന്നിവേശിപ്പിച്ച സംഗീതസംവിധായകനാണ് എ.ആര്‍. റഹ്മാന്‍. മറ്റുള്ള സംഗീതസംവിധായകരില്‍നിന്നു റഹ്മാനെ വ്യത്യസ്തനാക്കുന്ന ഘടകങ്ങള്‍ അന്വേഷിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയെ നമുക്കു യഥാര്‍ത്ഥഭാവത്തോടെ തിരിച്ചറിയാനാവുന്നത്. എ.ആര്‍. റഹ്മാനെപ്പോലെ ഇന്ത്യന്‍ ചലച്ചിത്രലോകത്തു തന്റെ കലാനൈപുണ്യം–സംഗീതം–കൊണ്ട് ഒരു സാംസ്‌കാരിക വ്യതിയാനത്തിനു തുടക്കമിട്ട ഒരു കലാകാരനുമുണ്ടാവില്ല. അതുകൊണ്ടുതന്നെ, പഠനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒരുപോലെ വിധേയമാകുന്നു റഹ്മാന്റെ സംഗീതം.
.
ഇന്ത്യന്‍ സിനിമാവേദിയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന സംഗീതസംവിധാനത്തിന്റെ ആവിഷ്‌കരണരീതികളെ നെടുകെ പിളര്‍ന്നു എ.ആര്‍. റഹ്മാന്റെ സംഗീതം. പാശ്ചാത്യവും പൗരസ്ത്യവുമായ ഘടകങ്ങള്‍ ആ ഗാനങ്ങളില്‍ സമന്വയിക്കുന്നുണ്ട്. എന്നിരുന്നാലും പാശ്ചാത്യസംഗീതത്തോടാണ് ആ കല കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്റെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം അമേരിക്കന്‍ ചലച്ചിത്ര അക്കാദമിയുടെ ഓസ്‌കര്‍ പുരസ്‌കാരം എന്നിവ ഇന്ത്യന്‍ സിനിമാലോകത്തിന്റെ ഉപോത്പന്നമായ സംഗീതശാഖയ്ക്ക് അഭിമാനിക്കുവാന്‍ വക നല്കുന്നു.
രാഗാധിഷ്ഠിതവും ഭാവാത്മകവും ഇമ്പവുംഉള്ള ഗാനങ്ങളാല്‍ സമ്പുഷ്ടമായ ഇവിടത്തെ ചലച്ചിത്രസംഗീതരംഗത്ത് എ.ആര്‍. റഹ്മാന്റെ സംഗീതം വിപ്ലവം സൃഷ്ടിച്ചു. താളപ്രധാനവും ശബ്ദവൈവിധ്യത്തിന്റെ സന്നിവേശവും സ്വരച്ചേര്‍ച്ചയും ഉള്ള ഗാനങ്ങള്‍ റഹ്മാന്‍ ഇവിടെ അവതരിപ്പിച്ചു. ഗോത്രസംഗീതങ്ങളുടെ താളാത്മകതയും പാശ്ചാത്യസംഗീതത്തിലെ വാദ്യവൈവിധ്യത്തിന്റെ ശബ്ദഘോഷങ്ങളും സ്വരച്ചേര്‍ച്ചയും ദിവ്യാനുപാതം എന്നതുപോലെ റഹ്മാന്റെ സംഗീതത്തില്‍ അലിഞ്ഞുചേരുന്നു. റഹ്മാന്‍ സംഗീതത്തില്‍ ഗാനത്തിന്റെ ഈണം പ്രസക്തമാവുന്നില്ല. സ്വാഭാവികമായും ഗായകന്റെ/ഗായികയുടെ പ്രസക്തിയേയും ഇതു കുറയ്ക്കുന്നു. പകരം, ഉപകരണസംഗീതത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. പാടുന്നയാളുടെ ശബ്ദംപോലും റഹ്മാന് ഒരു ഉപകരണമാണ്. സംഗീതസംവിധായകന്‍ ഒരു കാര്യനിര്‍വഹകന്‍ ആയി പ്രവര്‍ത്തിക്കുന്നതു നമുക്കു നേരിട്ടുതന്നെ അനുഭവിക്കാനാവുന്നു റഹ്മാന്റെ സംഗീതത്തില്‍. പരമ്പരാഗതമായി സംഗീതസംവിധായകന്റെ നിയന്ത്രണത്തില്‍നിന്നു വ്യതിചലിച്ചുപോകുന്ന ഘടകങ്ങളെ റഹ്മാന്‍ നിയന്ത്രിച്ചു. സംഗീതത്തെ/പാട്ടിനെ സ്വന്തം വരുതിയിലാക്കി.
ഗാനങ്ങള്‍ക്കു റഹ്മാന്‍ എല്ലാ സംഗീതരൂപങ്ങളും ഉപയോഗിക്കുന്നുവെങ്കിലും അതിനേയെല്ലാം പാശ്ചാത്യസംഗീതത്തിന്റെ ഒരു ആവരണം അണിയിക്കുന്നുണ്ട്. ഈ ശൈലി പല രീതികളിലാണെന്നുമാത്രം. പാട്ടിന്റെ ആരംഭത്തിലും അവസാനത്തിലും ഉപകരണങ്ങള്‍കൊണ്ട് ഒന്ന്–രണ്ട് മിനിറ്റു ദൈര്‍ഘ്യമുള്ള സംഗീതം ഉതിര്‍ക്കലാണ് ഇതില്‍ ഒരു രീതി. മറ്റൊന്ന്, സംഗീതത്തിലൂടെയുള്ള സ്വാതന്ത്ര്യപ്രഖ്യാപനംപോലെ മിക്ക ഗാനങ്ങളുടെയും തുടക്കത്തില്‍ ഉച്ചത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഇനി വേറൊന്ന്, ഒരു കൊച്ചുകുട്ടിയുടെയോ വൃദ്ധയുടെയോ സ്ത്രീയുടെയോ പുരുഷന്റെയോ വിചിത്രമോ അല്ലാത്തതോ ആയ ശബ്ദ/സംഭാഷണങ്ങള്‍ പാട്ടിനുമുമ്പില്‍ ചേര്‍ക്കുക. ഒരു പെണ്ണിന്റെ ഏങ്ങല്‍/പരിേദവനം, പുരുഷന്റെ അട്ടഹാസം/അലര്‍ച്ച, ഒരു കാളവണ്ടി തെളിക്കുന്ന ശബ്ദം, ഒരു പെണ്ണിന്റെതന്നെ കിച്ച് കിച്ച് ശബ്ദം ഇങ്ങനെ എന്തുമാവാം ഇത്. ഗാനത്തിന്റെ സാഹിത്യഭാഗത്തെ സ്ഫുടമായി കേള്‍പ്പിക്കാതിരിക്കുക. ഇതു പാടുന്നയാളുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നു. ഇതും ഒരു പാശ്ചാത്യസംഗീതശൈലിതന്നെയാണ്. അപൂര്‍വം ഗാനങ്ങളുടെ ആരംഭത്തില്‍ കര്‍ണ്ണാടക സംഗീതക്കച്ചേരികളില്‍ വിരുത്തത്തില്‍ ശ്ലോകം പാടുന്ന ശൈലിയും റഹ്മാന്‍ അവലംബിക്കുന്നുണ്ട്. റഹ്മാന്‍ തന്റെ എല്ലാ ഗാനങ്ങള്‍ക്കും മുകളില്‍ സൂചിപ്പിച്ച രീതികളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കാണുന്നു. അതുകൊണ്ടുതന്നെ, പല ഗാനങ്ങളിലും ഇതൊരു അനൗചിത്യമായി മാറുന്നുമുണ്ട്. എങ്കിലും ഇതിലൂടെ റഹ്മാന്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതു പാശ്ചാത്യസംഗീതത്തിന്റെ ആഗോള മേല്‌ക്കോയ്മതന്നെയാണ്.
ചലച്ചിത്ര സംഗീതസംവിധാനത്തിലെ ഈ നൂതനരീതികള്‍കൊണ്ടു റഹ്മാന്റെ ഗാനങ്ങളുടെ ദൈര്‍ഘ്യം സാധാരണ സിനിമാഗാനങ്ങളെക്കാള്‍ നീണ്ടുപോകുന്നതായി കണ്ടെത്താം. ഒരു റഹ്മാന്‍ ഗാനത്തിന്റെ ശരാശരി ദൈര്‍ഘ്യം 51/2 – 61/2 മിനിറ്റാണ്. പല ഗാനങ്ങളുടെയും സമയദൈര്‍ഘ്യം എട്ടു മിനിറ്റിലധികമായും കാണുന്നു. ഇതു സാധാരണ സിനിമാഗാനങ്ങളുടെ ഇരട്ടിയോളം സമയമാണ്. അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി എന്ന ഹിറ്റ്ഗാനം എട്ടു മിനിറ്റു ദൈര്‍ഘ്യം ഉള്ളതില്‍ ആദ്യത്തെ രണ്ടു മിനിറ്റിലധികം ഉപകരണസംഗീതം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. റഹ്മാന്റെ ചലച്ചിത്ര സംഗീതപരീക്ഷണങ്ങള്‍ ആസ്വാദകര്‍ അബോധപൂര്‍വമായിതന്നെ സ്വീകരിക്കുന്നതിനുള്ള തെളിവാണിത്. ആ ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ വിരസത ആര്‍ക്കും അനുഭവപ്പെടുവാന്‍ തരമില്ല. റഹ്മാന്റെ സംഗീതത്തില്‍, അദ്ദേഹത്തിനുമാത്രം അവകാശപ്പെടാവുന്ന വിജയവുമാണിത്.
റഹ്മാന്റെ സംഗീതത്തിലെ ചില അനൗചിത്യക്കേള്‍വികളും എടുത്തുപറയേണ്ടതുണ്ട്. കാറ്റ്‌റേ എന്‍ വാസല്‍ വന്തായ് മെതുവാക എന്‍ കതവ്
സംവിധായകന്‍ ശങ്കറുമൊത്ത്. 90കളിലെ ചിത്രം
തുറന്തായ് എന്ന ഗാനത്തിന്റെ തുടക്കത്തില്‍ ഒരു ചുഴലിക്കാറ്റ് വീശുന്നതുപോലുള്ള ശബ്ദമാണു നാം കേള്‍ക്കുന്നത്. എന്നാല്‍ പാട്ടിലെ കാറ്റാകട്ടെ, ഒരു മന്ദമാരുതനുമാണ്. രുക്കുമണിയേ രുക്കുമണിയേ എന്ന റോജയിലെ ഗാനം ശ്രദ്ധിക്കുക. ഈ പാട്ടിലെ സമയം നിശാനേരമാണ്. വിവാഹരാത്രിയില്‍ ഭാര്യയും ഭര്‍ത്താവും ഇണചേരുന്ന സമയം. അവരുടെ ലൈംഗികവേഴ്ചയെ സൂചിപ്പിക്കുന്നു ഈ ഗാനം. പക്ഷേ, അതിനെയെല്ലാം വെടിഞ്ഞ് ആളുകളുടെ നൃത്തത്തെ മാത്രം കേന്ദ്രീകരിക്കുന്നു ഈ പാട്ടിന്റെ സംഗീതം. ഉയര്‍ന്ന ശബ്ദപ്പെരുമയോടെയുള്ള താളപ്രയോഗം സംഗീതത്തെ കഥയുടെ കാമ്പില്‍നിന്നകറ്റുന്നു. ഈ സന്ദര്‍ഭത്തില്‍, ഒട്ടകത്തെ കെട്ടിക്കോ എന്ന ജെന്റില്‍മാന്‍ സിനിമയിലെ ഗാനം പാടുമ്പോള്‍ വരികളുടെ ലൈംഗികാര്‍ത്ഥത്തെ ധ്വനിപ്പിക്കുവാന്‍ ആ സമയത്തു ഗായകനും ഗായികയും ഒരു ചെറുചിരി സമ്മാനിക്കുന്നതു സംഗീതസംവിധായകന്റെ ഔചിത്യബോധംതന്നെയാണ്.
എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ താളഘടകമാണു പ്രധാന പഠനവിഷയമാകുന്നത്. താളത്തിന്റെ ബലത്തില്‍ ആസ്വാദകമനസ്സില്‍ ആഞ്ഞുതറയ്ക്കുന്ന സംഗീതമാണ് എ.ആര്‍. റഹ്മാന്റേത്. സംഗീതത്തിന്റെ ഭാരതീയ സങ്കല്പമായ മന്ത്രാത്മകതയെ കയ്യൊഴിഞ്ഞ്, മാന്ത്രികസംഗീതം സൃഷ്ടിച്ചു എ.ആര്‍. റഹ്മാന്‍. താളനടകളില്‍ പല ശൈലീപ്രയോഗങ്ങളും പരീക്ഷിക്കുന്നുണ്ട് റഹ്മാന്‍, ഗാനങ്ങളില്‍. താളവാദ്യങ്ങളുടെ സമ്പുഷ്ടമായ ചേരുവയില്‍ പാട്ടിന്റെ താളഘടനയെ ആവിഷ്‌കരിക്കുന്നതിലാണ് റഹ്മാന്‍ഗാനങ്ങള്‍ കൊഴുക്കുന്നത്. താളത്തെ ദ്രുതഗതിയിലും നാടോടിനൃത്തത്തിന്റെ ചുവടുവയ്ക്കുന്ന ലാളിത്യത്തോടെയും പദങ്ങളുടെ പ്രാസത്തിനൊപ്പിച്ചും അതിബൃഹത്തായ ശബ്ദത്തിലും വികാരതീവ്രമായും റഹ്മാന്‍ ഗാനങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ”വന്ദേമാതര” ഗാനം എ.ആര്‍. റഹ്മാന്‍തന്നെ ചിട്ടപ്പെടുത്തി, പാകിസ്താന്‍ ഗായകനായ നുസ്‌റത്ത് ഫത്തേഹ് അലിഖാന്‍ ആലപിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കുവേണ്ടിയുള്ള റഹ്മാന്റെ പരീക്ഷണസ്വഭാവം ഇവിടെയും പ്രകടമാണ്. സാധാരണയായി, ദേശീയഗാനങ്ങളോ പ്രാര്‍ത്ഥനാഗീതങ്ങളോ സംഘഗാനങ്ങളോ എല്ലാം ചിട്ടപ്പെടുത്തുന്നത് ഏകതാനമായി ആലപിക്കാന്‍കഴിയുന്ന വിധത്തിലായിരിക്കും. എന്നാല്‍ ഇവിടെ, ഒരു പൗരന്റെ ദേശീയബോധത്തില്‍ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ വ്യക്തിഗതമായി ആലപിക്കുന്ന ശൈലിയിലാണ് ഈ ഗാനം എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ സംഗീതത്തിലെ ഇമ്പത്തിന്റെ അംശത്തെയും അന്വേഷിക്കേണ്ടതുണ്ട്. സ്‌നേഹിതനേ, പുതുവെള്ളൈമഴൈ, ചിന്ന ചിന്ന ആശൈ, വാരായോ തോഴി, കണ്ണോട് കാണ്‍പതെല്ലാം, നദിയേ നദിയേ കാതല്‍നദിയേ, അന്‍പേ അന്‍പേ, പൂവുക്കുള്‍ ഒളിന്തിരിക്കും, കണ്ണ്ക്ക് മയ്യഴക്, നേട്ര് ഇല്ലാത്ത മാറ്റം എന്നത്, എന്നവളെ, ഉയിരേ ഉയിരേ, കണ്ണേ കണ്ണേ കാതല്‍ ശെയ്തായ്, എങ്കേ എനത് കവിതൈ, സന്ദനതെന്റലൈ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മാര്‍ഗ്ഗഴിപൂവേ, എന്‍ മേല്‍ വിഴുന്ത മഴൈത്തുള്ളിയേ, കാറ്റ്‌റേ എന്‍ വാസല്‍ വന്തായ്, സൊല്ലായോ സോലൈക്കിളി, നെഞ്ചേ നെഞ്ചേ മറന്ത് വിട്, ഊഞ്ചലൈ കാണ്‍കള്‍ എന്‍ കണ്ണിലെ തുടങ്ങി അനേകം മെലഡിയുടെ സ്പര്‍ശമുള്ള ഗാനങ്ങള്‍ റഹ്മാന്‍ സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ഇവയില്‍ ചില ഗാനങ്ങള്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. എന്നാല്‍, റഹ്മാന്‍ തരംഗത്തില്‍ ഒഴുകിവന്നു വിജയിച്ച പാട്ടുകളാണ് ഇതില്‍ അധികവും.
.
സംഗമം എന്ന തമിഴ് സിനിമയിലെ മാര്‍ഗ്ഗഴിത്തിങ്കളല്ലവാ എന്ന ഗാനത്തില്‍ വാദ്യത്തിലും ആലാപനത്തിലും റഹ്മാന്‍ ചെയ്തിട്ടുള്ള ചേരുവകള്‍  മനോഹരമാണ്. ഗായികാപ്രധാനമായ ഈ ഗാനം എസ്. ജാനകിയുടെ ആലാപനഭാവംകൊണ്ടും ശ്രദ്ധേയമാണ്. സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം, സിനിമയില്‍ നൃത്തരംഗമായതുകൊണ്ടു താളപ്രധാനവുമാണ്. ഭാവ–രാഗ–താളങ്ങളുടെ സമ്മിശ്രലയംകൊണ്ട് ഈ ഗാനം ഉജ്ജ്വലമാകുന്നു.
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനമെന്നും എ.ആര്‍. റഹ്മാന്റെ ഗാനങ്ങളില്‍ കണ്ടെത്താനാവുന്നില്ല. നെനച്ചപടി നെനച്ചപടി അമഞ്ചതടി എന്ന ഗാനത്തില്‍ ഒപ്പനപ്പാട്ടിന്റെ സ്വാധീനമുണ്ട്. റഹ്മാന്റെ പല ഗാനങ്ങളുടെയും ആലാപനത്തില്‍ സാമ്യതകള്‍ കണ്ടെത്താനാവും. കണ്ണേ കണ്ണേ കാതല്‍ ശെയ്താല്‍ എന്ന ഗാനവും ഉയിരേ ഉയിരേ എന്നു തുടങ്ങുന്ന ഗാനവും ആരംഭത്തില്‍ സാമ്യതയുണ്ട്. തങ്കത്താമരൈ മകളെ എന്ന പാട്ടും കുടിച്ചാല്‍ കുട്രാലം എന്ന പാട്ടും തുടക്കത്തില്‍ സാമ്യത അനുഭവപ്പെടുന്നു. അതുപോലെ, ചുറ്റി ചുറ്റി വന്തേര്‍ഹ എന്നതും പച്ചൈക്കിളികള്‍ തോളോട് എന്നതും കേള്‍ക്കുമ്പോള്‍ സാമ്യത തോന്നുന്നു. പാട്ടിന്റെ ഈണത്തെക്കാള്‍ വാദ്യങ്ങളുടെ ഉപയോഗത്തിലാണ് എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകന്‍ വ്യത്യസ്തത പുലര്‍ത്തുന്നത്. ഇതുതന്നെയാണു മറ്റുള്ള സംഗീതസംവിധായകരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന മുഖ്യഘടകം.
അവസാനമായി, ഇതര സംഗീതസംവിധായകരുടെ ഗാനങ്ങളെപ്പോലെ എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ ഭാവിയില്‍ ഓര്‍ക്കപ്പെടുമോ എന്നൊരു ചോദ്യംകൂടിയുണ്ട്. അല്ലെങ്കില്‍, ആ ഓര്‍മകളുടെ പ്രകൃതി എന്തായിരിക്കും എന്നതിനുള്ള ഉത്തരമാണു നാം തിരയേണ്ടത്. ഇതുവരെയുള്ള റഹ്മാന്‍ ഗാനങ്ങളുടെ പൊതുവായ സ്വഭാവധാരയില്‍നിന്ന് ഉരുത്തിരിയേണ്ട ഉത്തരമാണത്. റോജ, ജെന്റില്‍മാന്‍, ബോംബെ, കാതലന്‍ മുതലായ സിനിമകളിലെ ഗാനങ്ങള്‍-ചിന്ന ചിന്ന ആശൈ, പുതുവെള്ളൈമഴൈ, ഒട്ടകത്തെ കെട്ടിക്കോ, ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേ, അന്ത അറബിക്കടലോരം, ഊര്‍വ്വശി ഊര്‍വ്വശി, മുക്കാല മുക്കാബല മുതലായ പാട്ടുകളെ വരുംതലമുറ ഏതു രീതിയില്‍ സ്വീകരിക്കും?
പുകഴേന്തി, എം.എസ്. വിശ്വനാഥന്‍, കെ. രാഘവന്‍, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍ തുടങ്ങിയ സംഗീതസംവിധായകരുടെ ഇമ്പമാര്‍ന്ന ഗാനങ്ങളെ ഇന്നും ആസ്വാദകര്‍ നെഞ്ചേറ്റുന്നുണ്ട്. എ.ആര്‍. റഹ്മാന്റെ കാലഘട്ടത്തിനുമുമ്പു തമിഴ് സിനിമാവേദിയിലെ സംഗീതചക്രവര്‍ത്തിയായിരുന്ന ഇളയരാജയുടെ ഗാനങ്ങളെയും ഇന്നു നാം പിന്തുടരുന്നുണ്ട്. ആ ഗാനങ്ങളെ ഇപ്പോഴും നാം ഓമനിക്കുന്നതു നമ്മുടെ ഹൃദയവികാരങ്ങളെയാണ് അവ തൊട്ടുണര്‍ത്തിയത് എന്നതുകൊണ്ടാണ്. ഭാവത്തിന്റെ ആത്മീയപ്രകാശവും ഈണത്തിന്റെ കലാസൗന്ദര്യവും ഒത്തുചേര്‍ന്ന ആലാപനസൗഖ്യമാണ് ആ ഗാനങ്ങള്‍ക്ക് ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മെഹ്ബൂബാ മെഹ്ബൂബാ, ദംമേരേ ദം, അടി എന്നടി റാക്കമ്മാ, റാക്കമ്മാ കയ്യെ തട്ട്, സംഗീതമധുരനാദം മുതലായ ഗാനങ്ങള്‍ അടിപൊളി സംഗീതത്തിലാണ് അവതരിപ്പിക്കുന്നതെങ്കിലും അതിനെല്ലാം മെലഡിയുടെ സ്പര്‍ശവുമുണ്ട്. ഇതെല്ലാം പാടുന്ന ഗായികാഗായകന്മാരാകട്ടെ, ആലാപനത്തില്‍ പ്രഗത്ഭരും സ്വതന്ത്രരുമായിരുന്നു. അതുകൊണ്ടുതന്നെ, വളരെ ഭാവാത്മകമായിട്ടാണ് അവര്‍
.
ഈ ഗാനങ്ങള്‍ ആലപിച്ചത്. സ്വാഭാവികമായും ആ ഗാനങ്ങളേയും നാം നെഞ്ചിലേറ്റി.
എ.ആര്‍. റഹ്മാന്‍ എന്ന സംഗീതസംവിധായകനെ സംബന്ധിച്ച്, അദ്ദേഹത്തിന്റെ അടിപൊളിപ്പാട്ടുകളായ ചിക്കുബുക്ക് ചിക്കുബുക്ക് റെയിലേയും ഒട്ടകത്തെ കെട്ടിക്കോയും അറബിക്കടലോരവും ഊര്‍വ്വശിയും മുക്കാല മുക്കാബലയും എല്ലാം അവ ഇറങ്ങിയ കാലത്തെ ഹിറ്റുകള്‍തന്നെയായിരുന്നു. പക്ഷേ, വളരെ ചുരുങ്ങിയ സമയംകൊണ്ട് ആ ഗാനങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇന്ന് എന്തുകൊണ്ടാണ് ആ ഗാനങ്ങളെ നാം ശ്രദ്ധിക്കാത്തത്? കാരണം, ആ ഗാനങ്ങള്‍ നമ്മുടെ ചുണ്ടുകള്‍ക്കുള്ള വിരുന്നുമാത്രമായിരുന്നു. ആ ഗാനങ്ങളെ നാം നമ്മുടെ ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്കു തത്തിക്കളിപ്പിക്കുകയായിരുന്നു. അവ ഒരിക്കലും നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചതേയില്ല. അധരവ്യായാമംകൊണ്ട് മടുത്തപ്പോള്‍ നാം അവയെ ഉപേക്ഷിക്കുകയും  ചെയ്തു. പാട്ടിന്റെ വാസസ്ഥലം ചുണ്ടുകളല്ല, ഹൃദയമാണ് അതിന്റെ കോവില്‍. അപ്പോള്‍, ഭാവിയില്‍ എ.ആര്‍. റഹ്മാന്‍ എന്ന ചലച്ചിത്ര സംഗീതസംവിധായകന്‍ ഏതു രീതിയിലായിരിക്കും ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടുക? അദ്ദേഹം ഈണം പകര്‍ന്ന ശ്രുതിമധുരവും ഇമ്പവും ശ്രവണസുഖവും ഉള്ള ഗാനങ്ങള്‍തന്നെയാണ് അതിനുള്ള ഉത്തരം തരേണ്ടത്. ചിന്ന ചിന്ന ആശൈ, പുതുവെള്ളൈ മഴൈ, സ്‌നേഹിതനേ, കണ്ണോട് കാണ്‍പതെല്ലാം, തെന്‍മേക്ക് പരുവക്കാറ്റ്, മാര്‍ഗ്ഗഴിത്തിങ്കളല്ലവാ, പൂപൊടിയില്‍ പുന്നകൈ തുടങ്ങിയ ചുരുക്കം ഗാനങ്ങള്‍ മാത്രമായിരിക്കും അതിന് അന്ന് എ.എര്‍. റഹ്മാന് കൂട്ടിനുണ്ടാവുക.
രമേശ് ഗോപാലകൃഷ്ണന്റ ‘ജനപ്രിയസംഗീതം’ എന്ന പുസ്തകത്തില്‍നിന്നും.

No comments: