Wednesday, April 4, 2012

അമ്മയെത്തേടി.. അഞ്ചിടം താണ്ടി..



St Alphonsa, Bharananganam, Kerala

അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥതയപേക്ഷിച്ചുള്ള തീര്‍ത്ഥാടനം ഭരണങ്ങാനത്ത് മാത്രം അവസാനിക്കുന്നതല്ല. ആ ധന്യ ജീവിതത്തിന്റെ ഭാഗമായ അഞ്ച് വിശുദ്ധ സ്ഥലങ്ങളില്‍ കൂടി പ്രാര്‍ത്ഥിച്ചാലേ തീര്‍ത്ഥാടനത്തിന് പൂര്‍ണത വരൂ. അല്‍ഫോന്‍സാമ്മയുടെ പാദമുദ്രകള്‍ പതിഞ്ഞ അഞ്ചിടങ്ങളിലൂടെ ...

St Alphonsa, Bharananganam, Keralaആ യുവതി വെള്ളത്തൂവാലയില്‍ കണ്ണുകള്‍ വീണ്ടും അമര്‍ത്തി തുടച്ചു. നനവിന്റെ ഭൂപടം തൂവാലയുടെ അതിരുകള്‍ കടന്നു. എന്നിട്ടും കൈവെള്ളയില്‍ ഒരു കൊച്ചു കണ്ണീര്‍ത്തടം ശേഷിച്ചു... മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന അവള്‍ ഇടയ്ക്കിടെ മുന്നിലെ നൂറ്റാണ്ട് പഴക്കമുള്ള കട്ടിലില്‍ തൊട്ട് മുത്തുന്നു. നിശബ്ദതയുടെ യവനിക അപ്രതീക്ഷിതമായി നീങ്ങി. പ്രാര്‍ത്ഥന ഒരു തേങ്ങലായി അവളില്‍ നിന്നും ഉയര്‍ന്ന് താണു, 'വിശുദ്ധ അല്‍ഫോന്‍സാമ്മേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ...'

അല്‍ഫോന്‍സാമ്മയെന്ന സഹനപുഷ്പ്പത്തിന്റെ കുടമാളൂര്‍ ഗ്രാമത്തിലെ ജന്മഗേഹം. കോട്ടയം നഗരത്തില്‍ നിന്നും ആറ് കിലോമീറ്ററുകള്‍ക്കപ്പുറമാണ് വിശുദ്ധയുടെ കുഞ്ഞുകാലടികള്‍ പതിഞ്ഞ ആദ്യയിടം. അന്നക്കുട്ടിയെന്ന അല്‍ഫോന്‍സ പിറന്ന മുട്ടത്ത്പാടം വീടിനെ നിശബ്ദതയുടെ ഒരു വലയം പൊതിഞ്ഞിരുന്നു. മാനത്ത് നിന്നും പൊട്ടിവീണ നൂലിഴകള്‍ പോലുള്ള മഴ ആ നിശബ്ദതയെ തൊടാതെ വീണിറ ങ്ങി. വിശുദ്ധ പിറന്ന് നൂറ്‌വര്‍ഷങ്ങള്‍ക്കിപ്പുറമെത്തുമ്പോള്‍, ജന്‍മഗേഹം ഒരു ദൈവസന്നിധി പോലെ പരിശുദ്ധം. പഴയ നാലുമുറിവീട് അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതുക്കി പണിതിരിക്കുന്നു. അകത്തളത്തിലേക്കിറങ്ങി വലത്തേക്ക് തിരിഞ്ഞാല്‍ ആദ്യം കാണുന്നത് അന്നക്കുട്ടിയുടെ പിതാവ് ജോസഫ് കിടന്നിരുന്ന മുറി. പിന്നീട് അല്‍ഫോന്‍സാമ്മ ജനിച്ച മുറി, അതിനുള്ളില്‍ വിശുദ്ധ പിറന്നു വീണ കട്ടില്‍. തീര്‍ത്ഥാടകര്‍ കട്ടിലിനരികില്‍, അല്‍ഫോന്‍സാമ്മയുടെ ഛായാ ചിത്രത്തിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു. ഈ കട്ടിലില്‍ ഒരുകാലവും കണ്ണീരുണങ്ങാറുണ്ടാവില്ലായിരിക്കാം...

വീടിന്റെ സംരക്ഷണത്തിനായി ചുറ്റിനും കൂത്തമ്പലത്തിന്റെ മാതൃകയില്‍ നിര്‍മ്മിതിയുണ്ട്. അകത്തെ ചുറ്റുഭിത്തികളില്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളുടെ കലാവിഷ്‌കാരങ്ങള്‍. പുതുക്കിയ വീടിനോടു ചേര്‍ന്ന് മഠം പണിതിട്ടുണ്ട്. ഇതിന്റെ ചാപ്പലില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. വീടിന്റെ അറപ്പുരയോട് ചേര്‍ന്ന്് ആഴമേറിയ ഒരു കിണര്‍. കിണറ്റിന്‍ കരയില്‍ കൂവളമരം. കിണറ്റിലെ വെള്ളത്തിനും കൂവളമരത്തിന്റെ ഇലകള്‍ക്കും അത്ഭുതസിദ്ധിയുണ്ടത്രേ! വീടിന്റെ പടികടന്ന് പുറത്തിറങ്ങുമ്പോള്‍ മഴത്തുള്ളികള്‍ക്ക് മുന്‍പത്തേക്കാള്‍ കനം വെച്ചിരുന്നു. ഇലകളില്‍ നിന്നൂര്‍ന്ന് വീണ തുള്ളികളുടെ ശബ്ദവീചികള്‍ക്കിടയിലെവിടെയോ ഒരു പിഞ്ചുകുഞ്ഞിന്റെ തേങ്ങലുണ്ടായിരുന്നോ...?


വിശുദ്ധിയുടെ രണ്ടാമിടം-കുടമാളൂര്‍


St Alphonsa, Bharananganam, Kerala
അവിടെ നിന്നും അന്നക്കുട്ടിയുടെ ജ്ഞാനസ്‌നാനം നടന്ന കുടമാളൂര്‍ പള്ളിയിലേക്ക്. ആത്മബലിയുടെ, സഹനത്തിന്റെ പൊരുള്‍തേടിയുള്ള തീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടം. ജന്മഗൃഹത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചെന്നാല്‍ കുടമാളൂര്‍ പള്ളി. കന്യാമറിയം ഇവിടെ മുക്തിയമ്മയാണ്. പഴമയുടെ പ്രൗഢിപേറുന്ന പള്ളി പോര്‍ട്ടുഗീസ് ശൈലിയിലാണ്്.
അതിനടുത്ത് പുതിയപള്ളിയില്‍ ഞായറാഴ്ച്ചകുര്‍ബാന നടക്കുന്നു. പഴയ പള്ളിയിലാണ് അല്‍ഫോന്‍സാമ്മയുടെ ജ്ഞാനസ്‌നാനം നടന്നത്. പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വലതുവശത്തായി അല്‍ഫോന്‍സാമ്മ ജ്ഞാനസ്‌നാനം സ്വീകരിച്ച മാമോദീസതൊട്ടി ചില്ലുകൂടില്‍ സംരക്ഷിച്ചിരിക്കുന്നു. അതിന് മുകളില്‍ ഒരുപിടി കോളാമ്പിപൂക്കള്‍, ഒന്നുപോലും വാടിയിട്ടില്ല! പള്ളിക്ക് പുറത്ത് ശബ്ദപെരുക്കം. പുതിയപള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞതാണ്. സ്‌കൂള്‍വിട്ടത് പോലെ കുട്ടികള്‍. ചിലര്‍ വന്ന് മാമോദീസ തൊട്ടിക്കരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നു.


വശുദ്ധിയുടെ മൂന്നാമിടം-മുരിക്കന്‍ തറവാട്


St Alphonsa, Bharananganam, Kerala
ഇനി മുട്ടുചിറയ്ക്കാണ് പോകേണ്ടത്. അന്നക്കുട്ടി പിറന്ന് തൊണ്ണൂറാം ദിവസം അമ്മ മറിയം ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. മാതൃസഹോദരി, മുട്ടുചിറ മുരിക്കന്‍ കുടുംബത്തിലെ അന്നമ്മയുടെ സംരക്ഷണത്തിലായിരുന്നു അന്നക്കുട്ടിയുടെ ബാല്യകൗമാരങ്ങള്‍. കുടമാളൂരില്‍ നിന്ന് ഏറ്റുമാനൂര്‍ കടന്നാണ് യാത്ര. മുട്ടുച്ചിറ കവലയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വലതുവശത്ത് പഴയ മുരിക്കന്‍ തറവാട്. ചുറ്റുമുള്ള വലിയ വീടുകളില്‍ നിന്ന് മാറി നില്‍ക്കുന്ന ഓടുപാകിയ മേല്‍ക്കൂര. മരച്ചുവരുകളും നെടുനീളന്‍ വരാന്തയുമുള്ള വീട്.

മഴനനഞ്ഞ് കയറിവരുന്ന തീര്‍ത്ഥാടകരെ സ്‌നേഹം നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കുന്ന കര്‍ത്താവിന്റെ മണവാട്ടിമാര്‍. ഉമ്മറപ്പടി കടന്ന് മുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലേക്ക് കയറി. അല്‍പ്പം വിശാലമായ മുറിയാണാദ്യം. അവിടെ അല്‍ഫോന്‍സാമ്മ കിടന്നിരുന്ന കട്ടിലില്‍ വിശുദ്ധിയുടെ തൂവെള്ള കമ്പളം വിരിച്ചിരിക്കുന്നു. അതില്‍ വലിയൊരു ജപമാലയും പുണ്യവതിയുടെ ഛായാചിത്രവും. കട്ടിലിന് ചുറ്റും പ്രാര്‍ത്ഥനാനിരതരായ കുട്ടികള്‍... മുറിയുടെ മറ്റൊരു മൂലയ്ക്ക് സാക്ഷയടഞ്ഞ വാതിലിനിരികില്‍ നിറംമങ്ങിയ തൂക്ക്‌വിളക്ക്. അതിന് മുകളിലുള്ള തട്ടില്‍ അന്നക്കുട്ടി കിടന്നിരുന്ന മരത്തൊട്ടില്‍. വീടിന്റെ മരച്ചുവരില്‍ അരയാള്‍ പൊക്കത്തില്‍ ഒരു കുഞ്ഞു വാതില്‍. ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന പത്തായമാണ്. തൊട്ടപ്പുറത്തെ മുറി ഇപ്പോള്‍ അള്‍ത്താരയാണ്. ഇവിടെയാണ് അന്നക്കുട്ടി പ്രാര്‍ത്ഥിച്ചിരുന്നത്. കന്യമറിയത്തിന്റെയും അന്തോണീസ് പുണ്യാളന്റെയും രൂപങ്ങള്‍ക്ക് മുന്നില്‍ എരിഞ്ഞുരുകുന്ന മെഴുതിരികള്‍. വലിയൊരു നിലവിളക്കിലെ ഒറ്റത്തിരി ഇടുങ്ങിനീണ്ട മുറിയില്‍ വെളിച്ചം കൊടുക്കാന്‍ ശ്രമിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ പഴയ ചിത്രം ഈ മുറിയിലുണ്ട്. ചട്ടയും മുണ്ടുമാണ് വേഷം. യുവതിയായ അന്നക്കുട്ടി ജപമാല കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നു. മേക്കാത് കുത്തി കുണുക്കിട്ടിട്ടുണ്ട്. നിറഭേദങ്ങള്‍ തിരിച്ചറിയാത്തവിധം ചിത്രത്തെ പഴമപുല്‍കിത്തുടങ്ങിയിരിക്കുന്നു.

വീടിന്റെ പുറത്ത് ഇടതു ഭാഗത്താണ് വിവാഹാലോചനയില്‍ നിന്ന് രക്ഷപ്പെടാന്‍ അന്നക്കുട്ടി കാല്‍പൊള്ളിച്ച ചാരക്കുഴി. മൂന്നടിയോളം താഴ്ച്ചയില്‍ ഉമിയുടെ കനലെരിയുന്ന അടിത്തട്ടിലേക്കായിരുന്നു അന്നക്കുട്ടിയുടെ കാലുകള്‍ താഴ്ന്ന് പോയത്. ഈ സംഭവത്തിന് ശേഷമാണ് അന്നക്കുട്ടി കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ ക്ലാരമഠത്തിലേക്ക് പോകുന്നത്.

ഒരു വര്‍ഷം മുന്‍പാണ് ബന്ധുക്കളില്‍ നിന്ന് ഈ വീട് സഭ ഏറ്റെടുക്കുന്നത്. അല്‍ഫോന്‍സാമ്മയുടെ ബന്ധുക്കളുടെ ഇപ്പോഴത്തെ തലമുറ പഴയ തറവാടിനോട് ചേര്‍ന്ന് വീട് വെച്ച് താമസിക്കുന്നു. മുരിക്കന്‍ തറവാട് വിട്ടിറങ്ങുമ്പോള്‍ വയനാട്ടില്‍ നിന്നെത്തിയ രണ്ട് പെണ്‍കുട്ടികളടങ്ങിയ കുടുംബവുമൊപ്പമിറങ്ങി.'ഇവരിലൊരാളെ ഞങ്ങള്‍ക്ക് തരുമോ....' ഉമ്മറപ്പടിയില്‍ നിന്ന കന്യാസ്ത്രീയുടെ വാക്കുകള്‍ അശരീരി പോലെ മുഴങ്ങി. രണ്ടുപെണ്‍കുട്ടികളും തിരിഞ്ഞു നോക്കി ഒരു മന്ദഹാസം തൂകി നടന്നകന്നു.
തീര്‍ത്ഥാടനത്തിന്റെ അവസാന രണ്ടിടങ്ങളും ഭരണങ്ങാനത്താണ്്. ഏറ്റുമാനൂര്‍ പിന്നിട്ട് പാലായിലേക്കുള്ള റോഡിലേക്ക് കയറി. വഴിയില്‍ മുഴുവന്‍ അല്‍ഫോന്‍സാമ്മയുടെ ബഹുവര്‍ണ ചിത്രങ്ങളും തീര്‍ത്ഥാടകര്‍ക്ക് സ്വാഗതമോതുന്ന ബോര്‍ഡുകളും. കുറച്ച് ചെന്നപ്പോള്‍ ശാന്തമായൊഴുകുന്ന മീനച്ചിലാര്‍. തീരങ്ങളെ തലോടിയും വാരിപ്പുണര്‍ന്നും ഒഴുകുന്ന മീനച്ചിലാറിന്റെ ഇരുവശത്തുമായാണ് ഭരണങ്ങാനമെന്ന കൊച്ചുഗ്രാമം.

വിശുദ്ധിയുടെ നാലാമിടം-ക്ലാര മഠം


St Alphonsa, Bharananganam, Kerala
ഭരണങ്ങാനം പള്ളിയുടെ എതിര്‍ശത്തുള്ള സെന്റ് അല്‍ഫോന്‍സ കോണ്‍വെന്റിലേക്ക് കയറി. ഇതായിരുന്നു പഴയ ക്ലാര മഠം. അന്നക്കുട്ടി അല്‍ഫോന്‍സയായി സംന്യാസ ജീവിതം തുടങ്ങിയതിവിടെയാണ്. ആ ധന്യജീവിതം അവസാനിച്ചതും ഇവിടെ തന്നെ.

മഠത്തിന്റെ ഗേറ്റ് കടന്നാല്‍ വലതുവശത്ത് അല്‍ഫോന്‍സാമ്മ ദിവസവും പ്രാര്‍ത്ഥിച്ചിരുന്ന ചാപ്പല്‍. ഇതിനെതിര്‍വശത്താണ് അല്‍ഫോന്‍സാമ്മ താമസിച്ചിരുന്ന പഴയ കെട്ടിടം. വിശുദ്ധയെ മുപ്പത്തിയാറാം വയസ്സില്‍ മരണം പുല്‍കിയ മുറിയുടെ, ചാണകം മെഴുകിയ തറപോലും പഴയ മട്ടില്‍ സംരക്ഷിച്ചിരിക്കുന്നു. മുറിയില്‍ ബൈബിളേന്തിയ വിശുദ്ധയുടെ രൂപം. ആളിയെരിയുന്ന മെഴുതിരിയുടെ വെട്ടം ആ മുഖത്ത് അഭൗമമായ പ്രകാശം പരത്തുന്നു. ഈ മുറിയൊഴിച്ച് ബാക്കിയെല്ലാം മ്യൂസിയമാക്കി മാറ്റിക്കഴിഞ്ഞു. വിശുദ്ധയുമായി ബന്ധപ്പെട്ട മിക്ക വസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അല്‍ഫോന്‍സാമ്മയുടെ മനോഹരമായ കയ്യക്ഷരത്തിലുള്ള എഴുത്തുകള്‍, ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അപൂര്‍വ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ മ്യൂസിയത്തിലുണ്ട്.


വിശുദ്ധിയുടെ അഞ്ചാമിടം- ഭരണങ്ങാനം


St Alphonsa, Bharananganam, Kerala
അവിടെ നിന്നിറങ്ങി തീര്‍ത്ഥാടനത്തിന്റെ അവസാനപാദമായ വിശുദ്ധയുടെ കബറിടത്തിലേക്ക് നടന്നു. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഭരണങ്ങാനം പള്ളി കഴിഞ്ഞുവേണം വിശുദ്ധയുടെ കബറിടത്തിലും പള്ളിയിലുമെത്താന്‍. ചെറിയൊരു കുന്നിന്‍ മുകളിലാണ് പള്ളി. തീര്‍ത്ഥാടകരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് പോലെ വശങ്ങളിലൂടെ മുകളിലേക്ക് പോകുന്ന പടവുകള്‍. വെളുത്ത ശിരോവസ്ത്രമണിഞ്ഞ ഒരു സംഘം മാലാഖമാര്‍ പടവുകള്‍ കയറുന്നു.

ചാപ്പലില്‍ കുര്‍ബ്ബാന നടക്കുകയാണ്. ദൂരെയേതോ പള്ളിയില്‍ നിന്നു വന്ന വികാരിയും ഇടവകാംഗങ്ങളുമാണ്. ഇവിടെ തീര്‍ത്ഥാടകര്‍ ദേശാടനപക്ഷികളെ പോലെയാണ്. എല്ലാ വര്‍ഷവും അമ്മയുടെ തണലില്‍ കൂടൊരുക്കി പ്രാര്‍ത്ഥിക്കാന്‍ മുടക്കമില്ലാതെ അവരെത്തുന്നു. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥത്തിന് അപേക്ഷിക്കാനായി നീണ്ടനിര കബറിടത്തിനരികിലേക്ക് മെല്ലെ മെല്ലേ നീങ്ങുന്നു. കുട്ടികളുടെ വിശുദ്ധയെ കാണാന്‍ കുഞ്ഞുങ്ങളുമായെത്തിയവരാണധികവും. മാര്‍ബിള്‍ഫലകമുള്ള കബറിടത്തിന് മുകളില്‍ പ്രാര്‍ത്ഥനയുടെ മെഴുതിരികളും പൂക്കളും. കബറിടത്തില്‍ ചുംബിച്ച് അപേക്ഷിക്കുന്നവരുടെ കണ്ണുകള്‍ ഈറനണിയുന്നു. വിതുമ്പലുകള്‍ നിറഞ്ഞ പ്രാര്‍ത്ഥനകള്‍... ഒരമ്മ കൈക്കുഞ്ഞിനെ കബറിടത്തിന് മുകളില്‍ സമര്‍പ്പിച്ച് കേണ് പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധയുടെ മടിയില്‍ കിടക്കുന്നത് പോലെ ആ കുഞ്ഞ് ചുറ്റും നിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ മുഖങ്ങളില്‍ നോക്കി ചിരിച്ചു.

ചാപ്പലില്‍ നിന്ന് പുറത്തിറങ്ങി വിശുദ്ധയുടെ അനുഗ്രഹം നിറഞ്ഞ നേര്‍ച്ചയപ്പം കഴിച്ചു. മാധ്യസ്ഥം യാചിച്ചെത്തുന്നവരുടെ തിരക്കേറുകയാണ്. സ്വര്‍ഗ്ഗവിശുദ്ധിയുള്ള മന്ദസ്മിതത്തോടെ അമ്മ അവരെ കാത്തിരിക്കുന്നു... വിശുദ്ധിയുടെ പൊരുളറിഞ്ഞുള്ള തീര്‍ത്ഥാടനചക്രം പൂര്‍ത്തിയായി. മനസ്സില്‍ മുപ്പത്തിയാറ് മെഴുതിരികള്‍ എരിഞ്ഞു
തീര്‍ന്നു..

St Alphonsa, Bharananganam, Kerala

Travel Info
St. Alphonsa Pilgrimage

Location:
Dt.Kottayam

How to Reach

By Air: Kochi (76km)

By Rail: Kottayam, is an important railhead. Two kilometer from central bus station. Prepaid auto service is available in- front of railway station at any time.

By Road: Kottayam is well connected to other cities like Kochi, Alappuzha, Thiruvananthapuram, Kannur, Kozhikode, Chennai, Mangalore, Bangalore, Coimbatore by road. One can reach Kottayam from Kochi by road via Thripunithura and Vaikom(66km). From Thiruvananthapuram head towards Kollam on NH-47. Deviate from Kollam to Kottayam on MC road (161 km).

Contact
Alphonsa Bhavan, Kudamaloor, Ph: 0481-2597786
St.Mary's Forane Church, Kudamaloor, Ph: 0481-2393434
Alphonsa Bhavan, Muttuchira, Ph: 04829-284405
St.Alphonsa Pilgrim Centre, Bharananganam, Ph: 04822-236244
Rector, St.Alphonsa Pilgrim Centre, Ph: 04822-238644.

Websites:
www.alphonsamma.org, www.alphonsa.net.

E-mail: rector@alphonsa.nte

Kottayam Police Station: 0481-2560333
Emergency: 100, 1090 (Toll free)
DTPC : 0481-2560479
aKTDC : 0481-2525864
Deputy Director Tourism : 2340219
kottayam KSRTC, Ph: 0481-2562935
palai KSRTC, Ph: 0482-2212711


Stay
At Kottayam: STD code (0481)

Hotel Homested, Ph: 2560467
Hotel Ambassador, Ph: 2563293
Hotel Aida, Ph: 2568391
Hotel Mali International, Ph: 2569719
Bennies Inn,Ph: 2568001
Anjali Park, Ph: 2563661
Pearl Regency, Ph: 2561123
The Windsor Castle, Ph: 2363637,
Vembanadu Lake Resort, Ph: 2361633
KTDC Yathri Niwas, Ph: 2400899
Taj Garden Retreat, Ph: 2525711


At Palai: STD Code-04822

Hotel Maharani, Ph: 200234
Hotel Meria, Ph: 212620


At Bharananganam:
STD code (04822)
Ossana Mount Guest House, Ph: 237244
Being a rural area, Bharanganam don't have much for stay, it is better to stay at Palai or Kottayam.



Pilgrimage route

St Alphonsa, Bharananganam, Kerala
One can complete the pilgrimage circute within a day by staying at Kottayam town.
St.Alphonsa's birthplace, Kudamaloor is just 6 km away from Kottayam. Head towards Panambalam Jn on Kottayam - Medical college route. Turn left from Panambalam Jn., Just after half a kilometer drive, deviate to left, the road leads to Muttathupadam house. After visting the birthplace come back to Panambalam Jn., turn left, one kilometer to St.Mary's Forane Church at Kudamaloor, where the saint was baptized. The next holy place is Muttuchira Murikan House, where St.Alphonsa spent her childhood days. Head towards Ettumanoor via Mannanam.

From Ettumanoor to Muttuchira Jn., on Ettumanoor-Ernakulam Highway(13km). Turn left from Muttuchira Jn., 1 km to Murikan House. Now move to the last holy spot which is at Bharananganam. for that come back to Ettumanoor. It is better to have your meal at Ettumanoor, where you can find good hotels. From Ettumanoor head towards Bharananganam via Palai (22 km) aFrom Kottayam town to Kudamaloor, the birth place of St. Alphonsa, catch bus to Kottayam Medical College via Chungom, Kudayambadi and Panambalam. Get down at Panambalam Jn. From Kottayam town to Muttuchira, catch bus to Ernakulam and Vaikom via Ettumanoor. Get down at Muttuchira Jn. If you are going by bus from Kottayam to Bharananganam, it is better to opt KSRTC, it is a nationalised route, private buses are less in number aCatch direct bus to Bharananganam (Kottayam-Erattupetta route bus) or to Palai. Bharanganam is just 5 km away from Palai. Catch Palai-Erattupetta route bus.

തീര്‍ത്ഥാടന പാത

കോട്ടയം നഗരത്തില്‍ താമസിച്ച്, ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്നതാണ് അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം. രാവിലെ എട്ടുമണി മുതലാണ് ജന്‍മഗൃഹത്തില്‍ പ്രവേശനമെന്നതിനാല്‍ ആ സമയം കണക്കാക്കി താമസസ്ഥലത്തു നിന്നു ഇറങ്ങിയാല്‍ മതി. കോട്ടയത്തു നിന്നും ആറ് കിലോമീറ്ററാണ് കുടമാളൂരിലെ അല്‍ഫോന്‍സ ജന്മഗൃഹത്തിലേക്ക്. കോട്ടയം നഗരത്തില്‍ നിന്നും മെഡിക്കല്‍കോളേജ് ബൈപാസ് റൂട്ടില്‍ ചാലക്കുന്ന് കവലയിലെത്തുക. അവിടെ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കുള്ള സൂചക ബോര്‍ഡ് കാണാം. വലത്തേക്ക് തിരിയുക, അടുത്തത് ചുങ്കം. അതിന് ശേഷം പനമ്പാലം കവല. അവിടെ നിന്നും ഇടത്തേക്ക് തിരിയുക. അടുത്ത കവലയില്‍ നിന്നും ഇടത് ഭാഗത്തുള്ള ചെറിയ റോഡിലേക്ക് കയറുക. അവിടെ നിന്ന് അരകിലോമീറ്ററേയുള്ളു മുട്ടത്ത് പാടത്ത് വീട്ടിലേക്ക്. ജന്‍മഗൃഹം സന്ദര്‍ശിച്ച ശേഷം തിരികെ പനമ്പാലം കവലയില്‍ വന്ന് വലത്തേക്ക് തിരിഞ്ഞാല്‍ ഒന്നര കിലോമീറ്ററാണ് അല്‍ഫോന്‍സാമ്മയെ ജ്ഞാനസ്‌നാനം നടത്തിയ കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക്. പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടെ നിന്നും പനമ്പാലം കവല വഴി മെഡിക്കല്‍ കോളേജ് കവലയിലെത്തുക. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് ഗാന്ധിനഗര്‍ വഴി എം.സി റോഡിലൂടെ ഏറ്റുമാനൂരെത്താം. ഏറ്റുമാനൂരു നിന്നും കോട്ടയം-എറണാകുളം ഹൈവേയിലൂടെ മുട്ടുചിറ കവലയിലെത്തുക. വലതുഭാഗത്തുള്ള ചെറിയ റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുരിക്കന്‍ തറവാട്ടിലെത്താം. അവിടെ നിന്നും ഭരണങ്ങാനത്തേക്ക് ഏറ്റുമാനൂര്‍ വഴിയാണ് പോകേണ്ടത്. ഏറ്റുമാനൂരില്‍ നല്ല ഹോട്ടലുകളുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം ഭരണങ്ങാനത്തേക്ക് പോകുന്നതായിരിക്കും നല്ലത്. ഏറ്റുമാനൂരില്‍ നിന്നു പാലയിലേക്ക്. അവിടെ നിന്നു പാല-ഈരാറ്റുപേട്ട റൂട്ടില്‍ അഞ്ച് കിലോമീറ്റര്‍ ചെന്നാല്‍ ഭരണങ്ങാനം പള്ളിയും എതിര്‍വശത്തായി അല്‍ഫോന്‍സാ കോണ്‍വെന്റും കാണാം.


തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്


തീര്‍ത്ഥാടനകേന്ദ്രങ്ങളിലെല്ലാം തന്നെ പാദരക്ഷകള്‍ പുറത്തുവെയ്ക്കണം. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുകയുമരുത്. കുടമാളൂര്‍ ജന്മഗൃഹം: സന്ദര്‍ശന സമയം: 8am to 6.30pm ജന്മഗൃഹത്തിനുള്ളില്‍ ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല.

കുടമാളൂര്‍ പള്ളി: പാദരക്ഷകള്‍ പള്ളിക്ക് പുറത്ത് വെയ്ക്കുകമവിശാലമായ പാര്‍ക്കിങ് സൗകര്യം പള്ളിക്ക് മുന്‍വശത്തുണ്ട്. സന്ദര്‍ശന സമയം: 5.30 am to 8.30 pm
മുട്ടുച്ചിറ മുരിക്കന്‍ തറവാട്: സന്ദര്‍ശന സമയം: 8.30am to 6.30 pm.

സെന്റ്. അല്‍ഫോന്‍സ കോണ്‍വെന്റ് (ക്ലാര മഠം): സന്ദര്‍ശന സമയം - 7am to 6 pm നിശബ്ദത പാലിക്കുകമമ്യൂസിയത്തില്‍ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവയ്ക്ക് അനുമതി വാങ്ങണംമകൊച്ചു കുട്ടികളെ രക്ഷിതാക്കള്‍ കൂടെ തന്നെ നിര്‍ത്തുകമഭക്ഷണസാധനങ്ങള്‍ അകത്ത് ഉപയോഗിക്കരുത്മമഠം കപ്പേളയില്‍ ദിവസേന ദിവ്യകാരുണ്യ ആരാധനയുണ്ട്.

ഭരണങ്ങാനം കബറിടവും ചാപ്പലും: രാവിലെ 4.30 മുതല്‍ രാത്രി 11.30 വരെ അല്‍ഫോന്‍സ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കും. തിങ്കള്‍ മുതല്‍ ശനി വരെ 5.30 am, 6.30 am , 8.30 am, 11 am , 5 pm എന്നീ സമയങ്ങളിലാണ് ഔദ്യോഗിക കുര്‍ബാനമതീര്‍ത്ഥാടകരായി വരുന്ന വൈദികര്‍ക്ക് ഇതിന് പുറമേയുള്ള സമയങ്ങളില്‍ വിവിധ റീത്തുകളിലും ഭാഷകളിലും കുര്‍ബാന അര്‍പ്പിക്കാവുന്നതാണ്. നേര്‍ച്ച ഉരുപ്പടിയും സംഭാവനയും തിരുക്കര്‍മ്മങ്ങള്‍ക്കുള്ള തുകയും ഓഫീസില്‍ നേരിട്ട് ഏല്‍പ്പിച്ച് രസീത് കൈപ്പറ്റുക.

മെഴുക് തിരികള്‍, നേര്‍ച്ചയപ്പം തുടങ്ങിയവയും മറ്റ് ആരാധന വസ്തുക്കളും തീര്‍ത്ഥാടനകേന്ദ്രം ഓഫീസില്‍ രേഖാമൂലം നല്‍കുക. ബാഡ്ജ് ധരിച്ച വോളണ്ടിയേഴ്‌സിന്റെയും സെക്യൂരിറ്റി ഓഫീസേഴ്‌സിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. സംസാരം ഒഴിവാക്കുക. രോഗികള്‍ക്ക് വീല്‍ച്ചെയര്‍ ഉപയോഗപ്പെടുത്താന്‍ സൗകര്യമുണ്ട്. അനധികൃത കച്ചവടക്കാരില്‍ നിന്ന് ആരാധന വസ്തുക്കള്‍ വാങ്ങി കബളിപ്പിക്കപ്പെടരുത്. ചാപ്പലിനോട് ചേര്‍ന്ന് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ സ്റ്റാളും ഓഫീസുമുണ്ട്. പിരിവുകാരെയും യാചകരേയും പണം നല്‍കി പ്രോത്സാഹിപ്പിക്കുന്നത് ഇവിടെ നിരോധിച്ചിട്ടുണ്ട്. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനും ചാപ്പലിനും സമീപം പാര്‍ക്കിങ് ഇല്ല. തീര്‍ത്ഥാടകരെ ചാപ്പലിന് മുന്നില്‍ ഇറക്കിയ ശേഷം വാഹനം തൊട്ട് താഴെയുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോവുക. ചാപ്പലിന് സമീപമോ പള്ളിപരിസരത്തോ ഹോണ്‍മുഴക്കരുത്.

ചപ്പുചവറുകള്‍ വലിച്ചെറിയാതെ വേസ്റ്റ് ബോക്‌സുകളില്‍ നിക്ഷേപിക്കണം. ചാപ്പലിന് സമീപം തന്നെ കുടിവെള്ളം ലഭ്യമാണ്. തീര്‍ത്ഥാടകര്‍ക്ക് ടോയിലറ്റ് സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അല്‍ഫോന്‍സാമ്മ മ്യൂസിയം ചാപ്പലിന് താഴെയുള്ള സ്‌കൂള്‍കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ്. അതിനോട് ചേര്‍ന്ന് ഓഡിയോ വിഷ്വല്‍ തിയറ്ററും പ്രവര്‍ത്തിക്കുന്നു. ഇവിടെ അല്‍ഫോന്‍സാമ്മയെക്കുറിച്ച് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ലഘുചലച്ചിത്രം ശനി, ഞായര്‍ ദിവസങ്ങളില്‍ 10am, 12noon, 2.30 pmഎന്നീ സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് 50 പേരെങ്കിലും ഉണ്ടെങ്കില്‍ മറ്റ് ദിവസങ്ങളിലും സമയങ്ങളിലും പ്രദര്‍ശനത്തിന് അനുമതി തേടാവുന്നതാണ്. തീര്‍ത്ഥാടന കേന്ദ്രം സ്റ്റാളില്‍ ആരാധനവസ്തുക്കള്‍, നേര്‍ച്ചയപ്പം, നേര്‍ച്ച എണ്ണ, മെഴുകുതിരികള്‍, പുസ്തകങ്ങള്‍ എന്നിവ ലഭിക്കും. കുര്‍ബ്ബാനധര്‍മ്മം, നൊവേനപ്പണം, അടിമപ്പണം എന്നിവ സ്റ്റാളിലാണ് സ്വീകരിക്കുന്നത്.

ശനിയാഴ്ച്ചകളില്‍ വൈകുന്നേരത്തെ കുര്‍ബ്ബാനയ്ക്ക് ശേഷം ആഘോഷമായ ജപമാല-തിരിപ്രദക്ഷിണമുണ്ട്. തിരുനാള്‍ നൊവേന ജൂലായ് 19 മുതല്‍ 27 വരെയും പ്രധാന തിരുനാള്‍ എല്ലാ വര്‍ഷവും ജൂലായ് 28നുമാണ്. മുന്‍കുട്ടി അറിയിച്ച് വരുന്ന തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും താമസസൗകര്യവും ലഭ്യമായ ഭക്ഷണവും ഏര്‍പ്പാടാക്കും. ദൂരദേശങ്ങളില്‍ നിന്നു വരുന്ന തീര്‍ത്ഥാടകര്‍, വികാരിയേയും കൂട്ടിയാണ് വരുന്നതെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് കുര്‍ബാനയ്ക്ക് പ്രത്യേക സമയം അനുവദിക്കും. 

Text: T J Sreejith, Photos: Leen Thobias

No comments: