Sunday, June 16, 2013

ആറാട്ടിനാനകള്‍ എഴുന്നള്ളി...


Mankulam, Aanakulam, Idukki, Kerala

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

Mankulam, Aanakulam, Idukki, Keralaകേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Mankulam, Aanakulam, Idukki, Kerala
ഉരുളന്‍കല്ലും തെളിനീരും താണ്ടി..
ക്യാമറ കണ്ണിലൂടെ നോക്കിയിട്ടും ഒന്നും കാണുന്നില്ല. കഌക്ക ചെയ്ത് മോണിറ്ററില്‍ നോക്കിയപ്പോഴും ചില കരിരൂപങ്ങള്‍ മാത്രം. ഒടുക്കം ഡ്രൈവര്‍ സജീവിനെ വിളിച്ചുണര്‍ത്തി. ജീപ്പുമായി വരാന്‍ പറഞ്ഞു. റോഡില്‍ നിന്ന് അല്‍പ്പം മുന്നോട്ടുള്ള മണ്‍തിട്ടയില്‍ നിര്‍ത്തിയ ജീപ്പിന്റെ എഞ്ചിന്‍ ഓഫ് ചെയ്തു. ഹെഡ്‌ലൈറ്റ് ഓണാക്കി. ജീപ്പു വെളിച്ചത്തില്‍ ക്യാമറകണ്ണുകള്‍ മിന്നിയടയാന്‍ തുടങ്ങി. ഈ മോഹന സുന്ദരദൃശ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണല്ലോ.

ആനനട പഠിച്ചുതുടങ്ങിയ കുട്ടിക്കൊമ്പനെ അമ്മ തുമ്പികൈ കൊണ്ട് വെള്ളം കുടിക്കാന്‍ പഠിപ്പിക്കുന്നു. വമ്പനൊരാന അനങ്ങാപാറ നയത്തില്‍ വെള്ളത്തില്‍ കിടപ്പാണ്. കൂട്ടത്തിലൊരുവനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടൊരാള്‍. ആ ദേഷ്യത്തിലാണവന്‍ ചിന്നം വിളിക്കുന്നത്. കാലുകൊണ്ട് ഉരുളന്‍ കല്ലുകള്‍ മാറ്റുമ്പോള്‍ കുമിളകള്‍ ഉയരുന്നു. അത് പിടിച്ചെടുക്കാനുള്ള മത്സരം കുസൃതിയും കുറുമ്പുമാകുന്ന നിമിഷങ്ങള്‍. ഒരു ഇട്ടാവട്ടത്തിലാണിതെല്ലാം.

Mankulam, Aanakulam, Idukki, Kerala
കാട് കണ്ണാടി നോക്കുമ്പോള്‍
പതിനൊന്നു മണിക്ക് തുടങ്ങിയ ഫോട്ടോഷൂട്ട് തീര്‍ന്നപ്പോള്‍ പന്ത്രണ്ടേകാല്‍. ''ഇന്നിപ്പം മഴ പെയ്തതുകൊണ്ടാണ് അല്ലെങ്കില്‍ ഇനിയും ആനക്കൂട്ടങ്ങള്‍ എത്തിയേനേ.'' ഫോറസ്റ്റ് ഗാര്‍ഡ് ബാബു പറഞ്ഞു. ''എന്തായാലും നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇന്നത്തെ കാലാവസ്ഥ കണ്ട് ആനയെ പ്രതീക്ഷിച്ചതേയല്ല. ഇതു നിങ്ങള്‍ക്കു വേണ്ടി വന്നതു പോലെയുണ്ട്.''

ചിലപ്പോ പകലും ആനയിറങ്ങാറുണ്ട്്. ആനയിറങ്ങിയാല്‍ വിവരം കാട്ടുതീപോലെ പടരും. മൂന്നാറു മുതലുള്ള റിസോര്‍ട്ടുകളില്‍ നിന്ന് സഞ്ചാരികള്‍ ജീപ്പുമെടുത്ത് കുതിച്ചെത്തും. ഡിസംബര്‍, ജനവരി മാസങ്ങളിലും വേനല്‍ക്കാലത്തുമാണ് കൂടുതല്‍ ആനകള്‍ എത്തുക. ശബരിമല നട തുറന്ന് അവിടെ തിരക്കാവുമ്പോള്‍ ശബരിഗിരിയിലെ ആനകളും ഇവിടേക്കെഴുന്നള്ളും.. ആനക്കുളത്തിനടുത്തുള്ള കൊച്ചു ക്ഷേത്രത്തിലും അപ്പോള്‍ ഉത്സവമാണ്. നെറ്റിപ്പട്ടം കെട്ടാത്ത കൊച്ചുകൊമ്പന്‍മാര്‍ മുതല്‍ മുത്തശ്ശി പിടിയാനകളും ചട്ടുകാലന്‍ കൊമ്പനുമെല്ലാം അണിനിരക്കുന്ന കാട്ടാനപ്പൂരം.

Mankulam, Aanakulam, Idukki, Kerala
ആനക്കുളം അങ്ങാടി
അഞ്ചാറ് കടമുറികളും കൊച്ചു കൊച്ചു വീടുകളും ഒരു കുരിശടിയും ക്ഷേത്രവും ഗുരുമന്ദിരവും ഈറ്റച്ചോലയാറും ചേര്‍ന്നാല്‍ ആനക്കുളമായി. ആനകള്‍ നീരാടാനെത്തുന്ന 'ആന ഓരി'നു സമീപമാണ് സ്ഥലത്തെ വോളിബോള്‍ കോര്‍ട്ട്. ആനയിറങ്ങുമ്പോള്‍ കളി നിര്‍ത്തിവെയ്ക്കുന്നു. കളിക്കാരും കാഴ്ചക്കാരാവുന്നു.

പകല്‍ ആനയെ കണ്ടാലോ എന്ന പ്രതീക്ഷയിലാണ് കാലത്ത് എഴുന്നേറ്റ് ആനക്കുളത്തിനടുത്തെത്തിയത്്. എന്നാലവിടെ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. കുറേപേര്‍ വെള്ളത്തിലെന്തോ തിരയുകയാണ്. രാത്രി ആന വെള്ളം കലക്കിയസ്ഥലത്ത് മനുഷ്യന്‍ കാലുകൊണ്ട് തട്ടി തട്ടി ആനവാല്‍രോമങ്ങള്‍ തിരയുന്നു. ആനകളുടെ പിടിവലിക്കിടയില്‍ വാലില്‍ നിന്ന് രോമങ്ങള്‍ വീഴും. അത് പെറുക്കിയെടുത്ത് ആനവാല്‍ മോതിരമുണ്ടാക്കി ഭയം കളയാം. അല്ലെങ്കില്‍ ആനവാല്‍ മോതിര പ്രേമികള്‍ക്ക് വിറ്റ് നാലുകാശുണ്ടാക്കാം. 


Text:G.Jyothilal
Photos:Sajichunda

No comments: