Sunday, July 21, 2013

ഒറ്റ വാക്കില്‍ ഉത്തരം എഴുതുക

ഒന്നര വയസ്സുള്ള പിള്ളാരെ മടിയില്‍ ഇരുത്തി സ്റ്റീയരിങ്ങ് പിടിപ്പിക്കുന്ന തന്തമാരുള്ള ഏക രാജ്യം?

ഇടത്തോട്ടു തിരിയാന്‍ ഇന്ടിക്കേട്ടര്‍ ഇട്ടു വലത്തോട്ട് വണ്ടി തിരിക്കുന്ന ഏക രാജ്യം?

ഇന്നലെ കണ്ട സിനിമയുടെ കഥ മൊബൈല്‍ ഫോണിലൂടെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യം ആക്സിലേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ മാത്രം ഓര്‍മ്മ  വരുന്നവരുടെ രാജ്യം?

ലെയിന്‍ ഡിസിപ്ലിന്‍ പോലുള്ള കാര്യങ്ങള്‍ ഗെയിം കളിക്കുമ്പോള്‍ മാത്രം ആവശ്യം ഉള്ളതാണ് എന്ന് കരുതുന്നവരുടെ രാജ്യം?

ജാലകത്തിലൂടെ പുറത്തിട്ട കൈതണ്ട  നിങ്ങളുടെ മുന്നിലേക്ക്‌ എപ്പോള്‍ വേണമെങ്കിലും ഓടിച്ചു കയറ്റാനുള്ള അധികാര പത്രമാണ്‌ കരുതുന്ന ഡ്രൈവര്‍മാരുടെ രാജ്യം?

ലൈറ്റിട്ടാല്‍ എതിരെ വരുന്ന വണ്ടിയുടെ മുന്നിലേക്ക്‌ എപ്പോള്‍ വേണമെങ്കിലും ഓടിച്ചു കയറ്റാനുള്ള അധികാരം നിങ്ങള്‍ക്കുണ്ട്‌ എന്ന് കരുതാവുന്ന രാജ്യം?

സിഗ്നല്‍ എന്നാല്‍ ജങ്ങഷനുകളില്‍ ഭംഗിയ്ക്ക് വെച്ചിരിക്കുന്ന ബഹുവര്‍ണ വിളക്കുകള്‍ ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

ഹോണ്‍ എന്നാല്‍ ഇടതടവില്ലാതെ മുഴക്കി മുന്നില് വണ്ടി ഓടിക്കുന്നവരുടെ മനസ്സമാധാനം കളയാനുള്ള യന്ത്രമാണ് എന്ന് കരുതുന്നവരുടെ രാജ്യം?

ഫുട്പാത്ത് എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഓടിക്കാനുള്ള എളുപ്പവഴി ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

വലിയ വണ്ടിയുടെ സ്റ്റീയരിങ്ങ് തനിക്കു കിട്ടിയിരിക്കുന്നത് ആരെ വേണമെങ്കിലും ഇടിച്ചു കൊല്ലാനുള്ള ലൈസെന്സ് ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

മണ്ണെണ്ണ എന്നത് ഓട്ടോയില്‍ ഒഴിക്കാനുള്ള ഇന്ധനമാണ് എന്ന് കരുതുന്നവരുള്ള രാജ്യം?

ലൈസെന്‍സ് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാന്‍ ഡ്രൈവിംഗ് സ്കൂളുകാരന്റെ കയ്യില നിന്നും കാശ് കൊടുത്ത് വാങ്ങുന്ന കടലാസ് ആണ് എന്ന് കരുതുന്നവരുടെ കാര്യം?

വണ്ടിയക്കുള്ള ഇന്ധനം പോലെ ഡ്രൈവര്‍ക്കുള്ള ഇന്ധനം ആണ് മദ്യം എന്ന് കരുതുന്നവരുടെ രാജ്യം?

പന്ത്രണ്ടു വയസ്സായ പയ്യന്‍ ലൈസെന്സ് കൂടാതെ ഫെറാരിയും ലെമ്പോഗിനിയും ഒക്കെ ഓടിക്കുന്നത് അഭിമാനമായി കരുതുന്ന മാതാപിതാക്കന്മാര്‍ ഉള്ള രാജ്യം?

വഴി എഴുതിയ സൈന്‍ ബോര്‍ഡ്‌ മൂലക്കുരു മരുന്നിനു പോസ്റര്‍ പതിപ്പിക്കാനുള്ള പലക ആണ് എന്ന് കരുതുന്നവരുടെ രാജ്യം?

ട്രാഫിക് പോലീസുകാരന്റെ കുടുംബം നോക്കാനുള്ള ചെലവു വണ്ടി ഓടിക്കുന്നവര്‍ സംഘടിപ്പിക്കേണ്ടതാണ് എന്ന് കരുതുന്നവരുടെ രാജ്യം?

എവിടെ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള അധികാരം തന്റെ വണ്ടിയ്ക്കു പതിച്ചു കിട്ടിയിട്ടുണ്ട് എന്ന് കരുതുന്ന ആളുകള്‍ ഏറ്റവും അധികം പാര്‍ക്കുന്ന രാജ്യം?

വണ്ടി ഓടിച്ചു അപകടം കൂടാതെ വീട്ടില് എത്തണമെങ്കില്‍ മറ്റുള്ള ഡ്രൈവര്‍ മാരുടെ മനസ്സ് വായിക്കാനുള്ള ടെലിപ്പതി കൂടി അറിഞ്ഞിരിക്കേണ്ട ആവശ്യമുള്ള രാജ്യം?
.................................................................
ഈ ലിസ്റ്റ് അവസാനിക്കുന്നില്ല 

No comments: