Monday, November 11, 2013

പെരിയാര്‍ കനവുകള്‍



Periyar Tiger Reserve, Thekkadi, Idukki, Kerala
പേരമരങ്ങളില്‍ കാട്ടുതത്തകള്‍ ചിലച്ചു. അകലെ നിന്ന് ഒരു വേഴാമ്പലിന്റെ വിളി മലകളില്‍ മുഴങ്ങി. അകിലു പഴുക്കുന്ന മഴക്കാലത്ത് കാട്ടിലെ കിളികള്‍ക്കൊക്കെ സന്തോഷം. പേരറിയാത്ത പറവകള്‍ ഇലകളില്‍ മറഞ്ഞിരുന്നു. അങ്ങു ദൂരെ മലമുകളിലെ പുല്‍മേട്ടില്‍ കാട്ടുപോത്തുകള്‍ കറുത്തപൊട്ടുകളായി മേയുന്നു. ഞങ്ങള്‍ തേക്കടിയില്‍ പെരിയാര്‍ തടാകത്തിനക്കരെയുളള നെല്ലിക്കാംപട്ടി കാട്ടിലൂടെ നടക്കുകയായിരുന്നു.

പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോടൂറിസത്തിന്റെ പ്രകൃതി യാത്രയില്‍ പങ്കാളികളാണ് ഞങ്ങളിപ്പോള്‍. നടന്ന് നടന്ന് ചെന്നിട്ടുവേണം മുളംചങ്ങാടത്തിലേറി തടാകത്തില്‍ അലയാന്‍. ചങ്ങാടയാത്രയുടെ രസം ഇതിനകം കുറച്ച് അറിഞ്ഞിരുന്നു. യാത്രയുടെ തുടക്കത്തില്‍ തേക്കടി ബോട്ട് ലാന്റിംഗ് പരിസരത്തുനിന്ന് ചങ്ങാടത്തില്‍ കയറിയാണ് തടാകം മുറിച്ച് കടന്ന് കാട്ടില്‍ എത്തിയത്.

മുമ്പ് പെരിയാര്‍ സഞ്ചാരത്തിന് വഴികള്‍ കുറവായിരുന്നു. മുരണ്ടു പായുന്ന യന്ത്ര ബോട്ടില്‍ തടാകത്തിലൂടെ കാടിന്റെ അയല്‍പക്കങ്ങളെ ചുറ്റിവരികയായിരുന്നു ഏറെ പേര്‍ക്കും ആശ്രയം. എന്നാല്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ടൂറിസം പരിപാടികളുടെ വരവോടെ കാടിനെ അറിയാന്‍ കൂടുതല്‍ വഴികള്‍ തുറന്നു. കാടിനെയും ജന്തു സസ്യജാലങ്ങളെയും നോവിക്കാതെ, ഒരു കാലത്ത് കാടുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആദിവാസികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന വിനോദ സഞ്ചാരത്തിന്റെ തേക്കടി മാതൃക ഇതിനകം ലോകശ്രദ്ധനേടിക്കഴിഞ്ഞു.

Periyar Tiger Reserve, Thekkadi, Idukki, Keralaഈ യാത്രാ വഴിയില്‍ നിത്യ ഹരിതവനങ്ങളും ഇലപൊഴിയും കാടുകളും പുല്‍മേടുകളും ഒക്കെയുണ്ട്. 1934ല്‍ ഗെയിം സാംക്ച്വറിയായി പ്രഖ്യാപിക്കപ്പെട്ട നെല്ലിക്കാംപട്ടിയില്‍ നിന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വളര്‍ച്ചയുടെ തുടക്കം.ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ അംഗങ്ങളായ, കാട്ടറിവുകളില്‍ പരിചയസമ്പന്നരായ വഴികാട്ടികള്‍ ഈ യാത്രയില്‍ നിങ്ങളോടൊപ്പം ഉണ്ടാവും. അഞ്ചു പേരുള്ള സംഘത്തിന് അഞ്ഞൂറ് രൂപയാണ് നല്‍കേണ്ടത്. മുളം ചങ്ങാട യാത്രയ്ക്ക് ആയിരം രൂപയും. ഒന്നുകില്‍ പ്രകൃതിയാത്രയോ, ചങ്ങാടയാത്രയോ തിരഞ്ഞെടുക്കാം. ചങ്ങാടയാത്ര തുടങ്ങുന്നിടത്ത് എത്താനും കാട്ടിലൂടെ നടക്കണം. രാവിലെ എട്ടുമണിക്ക് ബോട്ട് ലാന്റിംഗില്‍ നിന്ന് തുടങ്ങി വൈകുന്നേരം അഞ്ചിന് തിരിച്ചെത്തും. ഇതിനിടെ മൂന്ന് മണിക്കൂറോളം ചങ്ങാടത്തില്‍ സഞ്ചരിക്കാം. തോക്കേന്തിയ ഫോറസറ്റ് ഗാര്‍ഡും നാലു ഗൈഡുകളും സംഘത്തെ അനുഗമിക്കും.

Periyar Tiger Reserve, Thekkadi, Idukki, Keralaകാട് നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ ഈ യാത്ര നിങ്ങളെ ക്ഷീണിപ്പിക്കില്ല. കാട്ടുപൂക്കളെയും പൂമ്പാറ്റകളെയും പറവകളെയും കണ്ട്, ഏതു നിമിഷവും കാഴ്ച്ചയില്‍പെട്ടേയ്ക്കാവുന്ന വന്യമൃഗങ്ങളെ തിരഞ്ഞ് അങ്ങനെ നടക്കാം. പശ്ചിമഘട്ടമലനിരകളില്‍ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന സസ്യജന്തുജാലമുള്ള കാടാണിത്. യാത്രയ്ക്കിടെ പലവഴികളിലൂടെ കടന്നുപോകുന്ന സഞ്ചാരികളുടെ കൂട്ടം. വിദേശികളുടെ സംഘങ്ങളില്‍ സ്ത്രീകളും ധാരാളം. നീര്‍ച്ചാലുകളും തോടുകളും പിന്നിടാന്‍ വഴികാട്ടികള്‍ തന്നെ കാട്ടുകമ്പുകള്‍ കൊണ്ട് പാലങ്ങള്‍ തീര്‍ത്തു.

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്, കാട്ടുപേരപ്പഴങ്ങള്‍ പറിച്ചു തിന്ന് വിശ്രമിക്കുന്നതിനിടയില്‍, ഫോട്ടോഗ്രാഫര്‍ വിവേക് ജര്‍മ്മന്‍ നിര്‍മ്മിതമായ തന്റെ കൃത്രിമകാല്‍ അഴിച്ചുവെച്ചു. ഞങ്ങളോടൊപ്പം വന്ന ഗാര്‍ഡ് ശശിയും പ്രഭാകരനും വിജയനുമൊക്കെ ആ കാഴ്ച്ച കണ്ട് അന്തിച്ചുപോയി. പയ്യെ നടക്കുകയായിരുന്ന വിവേകിന്റെ കാലിന് എന്തോ ചെറിയ അസുഖമുണ്ടെന്നാണ് അതുവരെ അവര്‍ കരുതിയിരുന്നത്്്. ഒറ്റക്കാലുള്ള ഫോട്ടോഗ്രാഫറെയും കൊണ്ടാണ് കാടുകയറിയതെന്ന് അവര്‍ അപ്പോഴേ അറിഞ്ഞുള്ളു. അപകടത്തില്‍ കാലു മുറിക്കേണ്ടി വന്നതാണ്. പൂര്‍ണ ആരോഗ്യവാന്‍മാരെ മാത്രമേ കാട്ടില്‍ കയറ്റാവു എന്നാണ് ചട്ടം. ഒരു പക്ഷേ കൃത്രിമക്കാലാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ യാത്ര നടക്കുമായിരുന്നോ? അറിയില്ല. വിവേക് പെട്ടെന്ന് ഒരു വഴികാട്ടിയായി മാറി. നിശ്ചയദാര്‍ഢ്യത്തിന്റെയും മനോധൈര്യത്തിന്റെയും വഴികളില്‍ വിവേകിന്റെ അനുഭവം എല്ലാവര്‍ക്കും വെളിച്ചമായി. വഴികാട്ടികളായ ട്രൈബല്‍ ട്രാക്ക് ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലെ ചക്കനും ഷാജിമോനും പ്രഭാകരനും വിജയനുമൊക്കെ ഏറെ സ്‌നേഹവും കരുതലും തന്നു.

Periyar Tiger Reserve, Thekkadi, Idukki, Keralaഇനിയങ്ങോട്ട് ഏറെ നേരം ചെളി നിറഞ്ഞ ചതുപ്പുകളാണ്. ജര്‍മ്മന്‍ കാലില്‍ ചെളിപുരളുന്നത് ഒഴിവാക്കാന്‍ വിവേകിനെ തടാക തീരത്തുകൂടി ചങ്ങാടത്തില്‍ കയറ്റിവിടാന്‍ തീരുമാനിച്ചു. തേക്കടിയിലെ ചില കുടികളിലുള്ളവരുടെ ഉപജീവനം കാട്ടിനകത്തെ മീന്‍പിടുത്തമാണ്. അവരുടെ ചങ്ങാടങ്ങള്‍ പലേടത്തും കെട്ടിയിട്ടിട്ടുണ്ട്. ചങ്ങാടം മറ്റാരും കൊണ്ടുപോകാതിരിക്കാന്‍ തുഴകള്‍ അവര്‍ ഒളിച്ചുവെയ്ക്കും. ഒരു ചങ്ങാടം അഴിച്ചെടുത്ത് കാട്ടുകമ്പുകെട്ടി തുഴഞ്ഞാണ് വഴികാട്ടി വിവേകിനെ കൊണ്ടുപോയത്. ഞങ്ങള്‍ കരയിലും അവര്‍ വെള്ളത്തിലുമായി യാത്ര തുടര്‍ന്നു.


Periyar Tiger Reserve, Thekkadi, Idukki, Kerala
ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തടാകക്കരയില്‍ സഞ്ചാരികളുടെ മുളം ചങ്ങാടങ്ങള്‍ക്ക് അരികില്‍ എത്തി. കുറെ സായിപ്പന്‍മാരും മദാമ്മമാരും ചങ്ങാടത്തില്‍ കയറാനൊരുങ്ങുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ കോളേജ് പ്രിന്‍സിപ്പല്‍ പാട്രിക്ക് മക്ഗവേണ്‍ ആയിരുന്നു സംഘത്തിലെ മുതിര്‍ന്നയാള്‍. 'എ വണ്ടര്‍ഫുള്‍ പ്ലെയ്‌സ്. ദ ഫോറസ്റ്റ് ഈസ് സ്‌പെക്ടാക്കുലര്‍'. അദ്ദേഹം പറഞ്ഞു. എട്ടുപേര്‍ക്ക് കയറാവുന്ന ചങ്ങാടം. കാട്ടറിവുകളില്‍ കെട്ടിയുണ്ടാക്കിയത്. മുളകൊണ്ടു തന്നെ അതില്‍ ഇരിപ്പിടങ്ങളും തീര്‍ത്തിരിക്കുന്നു. ചങ്ങാടത്തിലേറി അക്കരയ്ക്ക്. അവിടെ വന്യമൃഗങ്ങളെ മാറ്റിനിര്‍ത്താനെടുത്ത കൂറ്റന്‍ കിടങ്ങുകള്‍ക്ക് നടുവില്‍ ഒരു ഷെഡ്. സഞ്ചാരികള്‍ക്കെല്ലാം ബ്രെഡും ജാമും പഴവും ചായയും ഉള്‍പ്പെടുന്ന ബ്രേക്ക് ഫാസ്റ്റ്. അപ്പോഴേക്കും എതിര്‍ക്കരയില്‍, തടാകത്തോട് ചേര്‍ന്ന തുറസിലേക്ക് ആനകള്‍ എഴുന്നള്ളിവന്നു. വല്ലാത്തൊരു സന്തോഷമായിരുന്നു സഞ്ചാരികളുടെ ആ താവളത്തില്‍. എത്രയും വേഗം ചങ്ങാടത്തിലേറി അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു. തോക്കേന്തിയ ഗാര്‍ഡ് ഗണേശനായിരുന്നു സംഘത്തിന്റെ നിയന്ത്രണം. ഗണേശന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കുട്ടികളെപ്പോലെ അനുസരിച്ചു. അവര്‍ തികഞ്ഞ നിശബ്ദത പാലിച്ചു. ക്യാമറകളുടെ ക്ലിക്ക് ശബ്ദം മാത്രം. പെട്ടന്നായിരുന്നു ആ കാഴ്ച്ച. അതാ ഒരു കുട്ടിക്കുറമ്പനും മറ്റൊരു പിടിയാനയും. സഹ്യന്റെ മക്കളെ അവര്‍ കണ്‍കുളിര്‍ക്കെ കൈയ്യെത്തും ദൂരത്ത് കണ്ടു. കരയില്‍ക്കയറിയിരുന്ന്്് ആനകളെക്കാണാന്‍ ഗണേശന്‍ സമ്മതിച്ചു. നാടകമോ നൃത്തമോ കാണുന്നതുപോലെ ആനകളുടെ ഓരോ ചലനത്തിനും ആദരവോടെ അവര്‍ കണ്‍പാര്‍ത്തു.

ഉച്ചഭക്ഷണവും കഴിഞ്ഞ് കുറേസമയം കൂടി ചങ്ങാടത്തില്‍ ചെലവഴിക്കാം. ചങ്ങാടത്തില്‍ നിന്നിറങ്ങി കാട്ടിലൂടെ മടങ്ങി വരുമ്പോള്‍ വഴിവക്കിലൊരു കാട്ടുപോത്ത്. അവന്‍ മറയുന്നത് വരെ ഞങ്ങള്‍ കാത്തുനിന്നു. രണ്ടു രാത്രിയും മൂന്ന് പകലും വരെ നീളുന്ന ടൈഗര്‍ ട്രെയില്‍ ഉള്‍പ്പടെ ഒട്ടേറെ ട്രെക്കിങ് പാക്കേജുകള്‍ ഇക്കോടൂറിസം നടത്തുന്നുണ്ട്്്. തലേന്ന് രാത്രിയില്‍ ഇക്കോ ടൂറിസത്തിന്റെ 'ബാംബു ഗ്രോവി'ലായിരുന്നു ഞങ്ങള്‍ താമസിച്ചത്. തേക്കടി ചെക്‌പോസ്റ്റിന് അടുത്തായി മുളകൊണ്ട് തീര്‍ത്ത സുന്ദരമായ കോട്ടേജുകള്‍. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍, തൊട്ടടുത്ത കോട്ടേജ് ബുക്ക് ചെയ്തിരുന്ന ഉത്തരേന്ത്യക്കാര്‍ ടി.വി ഇല്ലാത്തതിനാല്‍ കോട്ടേജ് ഉപേക്ഷിച്ചു പോവുന്നത് കണ്ടു. മഴക്കാലമായതിനാല്‍ കോട്ടേജുകള്‍ ശൂന്യമായതു കൊണ്ട് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നില്ല. ടൂറിസ്റ്റുകളുടെ തിരക്കേറിയ തേക്കടിയില്‍ സ്വച്ഛമായി താമസിക്കാവുന്നൊരു സ്ഥലം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സൗകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ മുളംകുടില്‍ വേറൊരനുഭവം തരും.

സഞ്ചാരികള്‍ക്ക്്് താമസിക്കാന്‍ കൊക്കരയില്‍, കാട്ടിനകത്ത ് 'ജംഗിള്‍ ഇന്‍' എന്ന ഏറുമാടംപോലെയുള്ള ഒറ്റമുറി സങ്കേതമുണ്ട്. രണ്ടുപേര്‍ക്ക്്് താമസിക്കാം. തേക്കടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം മംഗളാ ദേവിയിലേക്കുള്ള വഴിയിലൂടെ നടന്നു വേണം ഇവിടെ എത്താന്‍. ജംഗിള്‍ ഇന്നിലേയ്ക്കുള്ള അതിഥികളെയല്ലാതെ മറ്റാരെയും സാധാരണ ഇതുവഴി കടത്തിവിടാറില്ല. കാട്ടിലെ ഒരു വയല്‍ക്കരയിലാണിത്. കാട്ടിലെ തീന്‍മേശയാണ് വയല്‍. സസ്യഭുക്കുകള്‍ ഇവിടെ മേയാന്‍ എത്തും. അവയെത്തിന്നാന്‍ മാംസഭുക്കുകളും വരും. മെഴുകുതിരിവെട്ടത്തില്‍, കാടിന്റെ ഹൃദയത്തില്‍, ഏകാന്തമായൊരു രാത്രിയാണ് ജംഗിള്‍ ഇന്നിന്റെ സമ്മാനം. ഈ ലോകത്ത് മറുലോകങ്ങള്‍ കനവുകാണുന്നവര്‍ ഈ വഴികളിലൂടെ വരിക. നിങ്ങള്‍ക്ക് കൂടുകൂട്ടാന്‍ പൂമരച്ചില്ലകള്‍ ഉണ്ടിവിടെ.


Text: S N Jayaprakash, Photos: Vivek R Nair

No comments: