Monday, January 6, 2014

എ.ആര്‍ .റഹ്മാന്‍

വി.ടി.മുരളി
A R Rahman

എ.ആര്‍. റഹ്മാന്‍ എന്ന സംഗീതകാരനെ എങ്ങനെ വിലയിരുത്തണം? ഓസ്‌കാര്‍ അവാര്‍ഡുവരെ നേടിയ ഒരു സംഗീതജ്ഞനെ വിലയിരുത്തുമ്പോള്‍ എന്തൊക്കെ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യണം. സംഗീതത്തിനു മുകളില്‍ പ്രശസ്തി കയറിയിരിക്കുമ്പോള്‍ വളരെ കരുതലോടെവേണം ഇതുചെയ്യാന്‍. ഏതു വിധത്തിലാണ് ഈ സംഗീതം മറ്റുള്ളവരുടെ സംഗീതത്തില്‍നിന്ന് വ്യതിരിക്തമാവുന്നത്? ഇത്രയധികം പോപ്പുലാരിറ്റി ഈ സംഗീതശൈലിക്കെങ്ങനെ വന്നുചേര്‍ന്നു? ഒരു സാധാരണ സംഗീതാസ്വാദകനില്‍ ഇനിയും ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. നമ്മുടെ ലളിതസംഗീതത്തിന്റെ- സിനിമാസംഗീതത്തിന്റെ വളര്‍ച്ച പഠിക്കുന്ന ഒരാള്‍ക്ക് എ.ആര്‍. റഹ്മാനില്‍ ഒരു കുതിച്ചുചാട്ടം കാണാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇളയരാജയില്‍നിന്നുള്ള സ്വാഭാവിക വളര്‍ച്ചതന്നെയാണോ ഈ സംഗീതം?

വളരെ വിശദമായി പഠിക്കപ്പെടേണ്ട കുറെ കാര്യങ്ങളുണ്ട് ഇവയിലൊക്കെ. എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍- ഇങ്ങനെ തരംതിരിച്ചാല്‍ റഹ്മാന്റെ സ്ഥാനം എവിടെയാണ് എന്ന് മനസ്സിലാക്കാം. പൂര്‍വികരുടെ സംഗീതത്തിന്റെ അംശങ്ങള്‍ പൂര്‍ണമായി നിഷേധിക്കാന്‍ കഴിയുമോ? റഹ്മാന്റെ സംഗീതത്തില്‍ അങ്ങനെയൊരു നിഷേധമുണ്ടോ? ഇല്ല എന്നാണെന്റെ തോന്നല്‍. പൂര്‍വികരുടെ അംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു നവസംഗീതം. ഇങ്ങനെയൊരു നവീകരണം എല്ലാ കാലത്തും നടന്നിട്ടുണ്ട്. നവീകരണങ്ങളില്‍ ചിലത് അതിജീവിക്കും. ചിലത് വെറും ട്രെന്‍ഡുകളായി, അപ്പോഴത്തെ കച്ചവടവസ്തുവായി മാത്രം മാറിപ്പോകും. അത്രമാത്രം. അങ്ങനെ അതിജീവിച്ചതാണ് പിന്നെ നാം എടുത്തുപറയുന്ന പല പാട്ടുകളും. പഴയതിന്റെ തുടര്‍ച്ചകളായി നവീകരിച്ചുവന്നത്. അല്ലാതെ പഴയതിന്റെ അനുകരണങ്ങളായിരുന്നില്ല. റഹ്മാന്റെ സംഗീതത്തെ ആകര്‍ഷണീയമാക്കുന്നത്, ഭാവസാന്ദ്രമാക്കുന്നത് ഈ പഴയ മെലഡിയുടെ നവീകരിക്കപ്പെട്ട അംശങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്. ലോകസംഗീതത്തിന്റെ കവാടം റഹ്മാന്‍ ആസ്വാദകരുടെ മുന്നില്‍ തുറന്നിടുന്നു. സാങ്കേതികവിദ്യയുമായി ചേര്‍ന്ന ഒരു നവീകരണമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ അംശങ്ങള്‍കൂടി സ്വാംശീകരിച്ചാലേ ഇനി നില്ക്കാന്‍ കഴിയൂ എന്നതാണ് റഹ്മാന്‍ നല്കുന്ന പുതിയ പാഠം. നേരത്തേ നടത്തിയ പരീക്ഷണങ്ങളിലൊന്നും സാങ്കേതികവിദ്യയായിരുന്നില്ല പ്രധാന പങ്കുവഹിച്ചത്. എം.എസ്. ഉള്‍പ്പെടെയുള്ള പഴയ തലമുറ സംഗീതജ്ഞര്‍ സാങ്കേതിക കാര്യങ്ങളില്‍ പണ്ഡിതന്മാരായിരുന്നില്ല. എന്നാല്‍ ഇന്ന് ഒരു സംഗീതസംവിധായകന് ഇതിനെ അവഗണിച്ച് പിടിച്ചുനില്ക്കാന്‍ കഴിയുമെന്നുതോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ മെലഡിയെ നിരാകരിക്കുന്ന തരത്തിലുള്ള സംഗീതവും പുറത്തുവരുന്നുണ്ട്. ഇതിനെ രണ്ടിനെയും സമന്വയിപ്പിക്കുന്നതില്‍ റഹ്മാന്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. സാങ്കേതികവിദ്യയിലെ വളര്‍ച്ചകൂടി എങ്ങനെ സംയോജിപ്പിക്കാം എന്നതാണ് പുതിയ സംഗീതം.

ഈ നവീനവത്കരണം നമ്മുടെ സംഗീതത്തെ മുന്നോട്ടു നയിച്ചുവോ- നയിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. റഹ്മാന്റെ സംഗീതത്തിന്റെ തരംഗങ്ങള്‍ ഉണര്‍ന്ന കാലഘട്ടത്തിലെ ഒരു പരസ്യം എന്റെ ഓര്‍മയില്‍ വരുന്നു. ഒരു കാസറ്റിന്റെ പരസ്യമായിരുന്നു അത്. 'കെ.പി.എ.സിയുടെ നാടക ഗാനങ്ങള്‍ റഹ്മാന്‍ മ്യൂസിക്കോടെ' എന്നതായിരുന്നു പരസ്യത്തിന്റെ പൊരുള്‍. കെ.പി.എ.സിയുടെ പഴയ പാട്ടുകള്‍ അതിന്റെ 'ബാക്ക്ഗ്രൗണ്ട്' മ്യൂസിക് മാറ്റി എന്നേ അതിനവര്‍ അര്‍ഥം കണക്കാക്കിയുള്ളൂ. അപ്പോള്‍ പശ്ചാത്തലസംഗീതത്തില്‍, ഉപകരണസംഗീതത്തില്‍ വരുത്തിയ മാറ്റങ്ങളാണോ ഇതിന്റെയൊക്കെ അടിത്തറ? അപ്പോഴും എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പഴയകാലത്തെ പാട്ടുകള്‍ മലയാളമായാലും തമിഴായാലും ഹിന്ദിയായാലും പാട്ടുകളോടൊപ്പംതന്നെ അതിന്റെ ഉപകരണ സംഗീതവും ഓര്‍മയിലെത്തും. പുതിയ പാട്ടുകളോടൊപ്പം അതിന്റെ 'ബാക്ക് ഗ്രൗണ്ട് മ്യൂസിക്' നമ്മുടെ ഓര്‍മയിലെത്തുമോ? ഓര്‍ക്കാന്‍ കഴിയുമോ? അപ്പോള്‍ ഉപകരണ സംഗീതത്തിലൂടെയുള്ള ഈ നവീകരണം മനസ്സില്‍ തങ്ങിനില്ക്കുന്നതല്ല എന്നാണോ? പുതിയ സംഗീതം ഹൃദയത്തിലേക്കാണോ തലച്ചോറിലേക്കാണോ പോകുന്നത് എന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നു.

നേരത്തേയുള്ള സംഗീതത്തിന്റെ ഒരു പ്രസക്തി അത് സാഹിത്യത്തെ ഒന്നാമതായി കണ്ടു എന്നതാണ്. പുതിയ സംഗീതം സാഹിത്യത്തെ സംഗീതവത്കരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സംഗീതത്തിന്റെ ചട്ടക്കൂട്ടിലേക്ക് വാക്കുകളെ നയിക്കുകയാണത് ചെയ്യുന്നത്. പ്രതിഭാശാലികളായ എഴുത്തുകാര്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ യാദൃച്ഛികമായി നല്ല രചനകള്‍ ഉണ്ടാവുന്നു എന്നതൊഴിച്ചാല്‍ സാഹിത്യം രണ്ടാമതായി എന്നതു തന്നെയാണ് യാഥാര്‍ഥ്യം. ഈ തലമുറയുടെ പ്രതിനിധിയല്ലെ റഹ്മാന്‍. പഴയകാലത്തെ പാട്ടുകളിലെ കവിത എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് സംഗീതം മാത്രമാണാകര്‍ഷിക്കുന്നത്. സംഗീതം എന്ന ആത്മാവിനു കയറിയിരിക്കാന്‍ പറ്റിയൊരിടം ശരീരം അതാണ് വാക്ക് എന്നു വരുന്നു. ഇത് റഹ്മാന്‍ ചെയ്ത ഒരപരാധമാണെന്നല്ല ഞാന്‍ പറയുന്നത്. റഹ്മാനു മുന്‍പെയും ഇതു ചെയ്തവര്‍ ഇല്ലെന്നുമല്ല. മറിച്ച് ഇതാണ് ശരിയെന്ന് ബോധ്യപ്പെടുത്താന്‍ റഹ്മാന്റെ സാന്നിധ്യം കാരണമായി എന്നേ പറയുന്നുള്ളൂ. ഇതൊരു വിമര്‍ശനമായല്ല അവതരിപ്പിക്കുന്നത്.

റഹ്മാന്‍ സംഗീതംചെയ്ത ആദ്യ മലയാളചിത്രം യോദ്ധ ആണ്. റഹ്മാന്റെ പിതാവ് ആര്‍.കെ. ശേഖറിന്റെ തട്ടകം മലയാളസിനിമതന്നെയായിരുന്നു.

യോദ്ധയിലെ പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, പിന്നീട് റോജയില്‍ എത്തിയപ്പോള്‍ അദ്ദേഹം പൂര്‍ണത പ്രാപിക്കുകയാണ്. 'ചിന്ന ചിന്ന ആശൈ'യും 'കാതല്‍ റോജാവെ'യും ഒക്കെ ഒരു പുതിയ സംവേദനം സൃഷ്ടിച്ചു. താളത്തെ പ്രയോഗിക്കുന്നതിലെ വ്യത്യസ്തത ശ്രദ്ധേയമായ ഒരു കാര്യമാണ്. ദൃശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സംഗീതമാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്ന ബോധം. 'രുക്ക്മണീ' എന്ന ഗാനം ചിത്രീകരിച്ചത് ഓര്‍ക്കുക. മണിരത്‌നത്തിന്റെ സിനിമ എന്ന നിലയിലും ഈ ചിത്രത്തിനു പ്രത്യേകതയുണ്ടായിരുന്നു. ബോംബെ എന്ന ചിത്രത്തിലെ 'ഉയിരെ' എന്ന ഗാനവും മറ്റു ചില ഗാനങ്ങളുടെ ചിത്രീകരണവും ശ്രദ്ധിക്കുക. ഇങ്ങനെ ദൃശ്യവത്കരണസാധ്യതയുള്ള ഒരു സംഗീതം, അല്ലെങ്കില്‍ സിനിമാസംവിധായകന്റെ മനസ്സിലെ 'വിഷ്വല്‍സി'നെ മൂര്‍ത്തമാക്കുന്ന ഒരു സംഗീതം, ഇത് റഹ്മാന്റെ ഒരു പ്രത്യേകതയായി എനിക്കുതോന്നുന്നു.

അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എനിക്കു തോന്നിയ മറ്റൊരു കാര്യം ഗായകരുടെ താരാവസ്ഥ നോക്കിയല്ല പാട്ടുകള്‍ ഉണ്ടാക്കപ്പെടുന്നത് എന്നതാണ്. ഒരു ഗാനം ഉണ്ടായിട്ടാണ് ഗായകനെ അന്വേഷിക്കുന്നത്. ഗാനത്തിനാവശ്യമായ ടോണ്‍ എവിടെനിന്ന് ലഭിക്കുന്നു എന്നതാണ് പ്രധാന വിഷയം. ഇത് തീര്‍ച്ചയായും ഒരു വളര്‍ച്ചതന്നെയാണ്. എല്ലാ പാട്ടുകളും എസ്.പി. ബാലസുബ്രഹ്മണ്യം പാടണം, അല്ലെങ്കില്‍ യേശുദാസ് പാടണം എന്ന് റഹ്മാന്‍ ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ പാട്ടുകളുടെ വിജയത്തിന്റെ ഒരു കാരണം ഇതുതന്നെ. മറ്റൊരു ഗായകനെക്കുറിച്ച് നമുക്കു ചിന്തിക്കുവാന്‍ കഴിയുന്നില്ല. താരതമ്യേന നേര്‍ത്ത ശബ്ദമുള്ള ഉണ്ണികൃഷ്ണനെക്കൊണ്ട് എത്ര ഗാനങ്ങള്‍ പാടിച്ചിരിക്കുന്നു. എന്നുമാത്രമല്ല, ഉണ്ണികൃഷ്ണന്റെ ശബ്ദത്തോടു സാമ്യമുള്ള ആലാപനരീതിയിലുള്ള പാട്ടുകള്‍പോലും പിന്നീട് അനുകരണങ്ങളായി വന്നു. ഗായകരുടെ പ്രശസ്തിക്കു മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന ഒരു സംഗീത സംവിധായകനല്ല റഹ്മാന്‍ എന്നു മാത്രമല്ല, ഗായകരെ അദ്ദേഹം ഉപയോഗിക്കുന്ന രീതി ഏതാണ്ടൊരു ഉപകരണംപോലെത്തന്നെയാണെന്നും എനിക്കു തോന്നിയിട്ടുണ്ട്.

നമ്മുടെ ഗാനരംഗം താഴോട്ടു പോയിക്കൊണ്ടിരിക്കുന്നത് ആത്മവിശ്വാസം കുറഞ്ഞ സംഗീതസംവിധായകരിലൂടെയാണ്. പഴയ സംഗീതസംവിധായകര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണ്. പുതിയ ആളുകള്‍ പലരും ഈ ഗായകതാരങ്ങളുടെ കാലില്‍ വെറ്റിലവെച്ചു നമസ്‌കരിച്ച് സംഗീതസംവിധാനം ചെയ്യുന്നവരാണ്. ഇതിന്റെ ദോഷഫലം ചില്ലറയല്ല. മമ്മൂട്ടിച്ചിത്രത്തിനുവേണ്ടി, മോഹന്‍ലാല്‍ച്ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുന്നു എന്നുപറയുന്ന തിരക്കഥാകൃത്തുക്കള്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ഗാനം രചിക്കുന്നുവെന്ന് അഭിമാനിക്കുന്ന ഗാനരചയിതാക്കള്‍- ഇതൊരു വളര്‍ച്ചയാണോ? ഒരു പാട്ട് ഉണ്ടാക്കുന്നതിലെ അസ്വാതന്ത്ര്യം ആലോചിച്ചുനോക്കൂ. കഥാപാത്രത്തെക്കാള്‍ പ്രധാനം താരമാവുമ്പോള്‍ പിന്നെ എങ്ങനെ വളരും? റഹ്മാന്‍ ഇവിടെ വ്യത്യസ്തനാവുന്നു. കഥാപാത്രങ്ങള്‍ക്കായി സംഗീതം രചിച്ചശേഷം ആ ഭാവം ശബ്ദത്തിലും ആലാപനത്തിലും കൊണ്ടുവരാന്‍ കഴിയുന്ന ഗായകനെ അന്വേഷിക്കുക. ഇതൊരു വളര്‍ച്ചതന്നെയാണ്. ഇതില്‍ ബഹുസ്വരതയെക്കുറിച്ചുള്ള ഒരന്വേഷണം ഉണ്ട് എന്നുഞാന്‍ കരുതുന്നു.
A R Rahman

റഹ്മാന്റെ സംഗീതത്തെക്കുറിച്ചുള്ള ആലോചനകള്‍ നമ്മെ നയിക്കുന്നത് സംഗീതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആലോചനകളിലേക്കു തന്നെയാണ്.

നാം എവിടെ നില്ക്കുന്നു എന്നത് മറ്റൊരു കാര്യം. ഇളയരാജയുടെ സംഗീതത്തിന്റെ നേരിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള തന്റെ സംഗീതസഞ്ചാരങ്ങള്‍, തമിഴ് നാടോടി സംഗീതത്തില്‍ തായ്‌വേരുകള്‍ തേടിയുള്ള യാത്ര. സംഗീത കനവുകള്‍ എന്ന തന്റെ പുസ്തകത്തില്‍ ഇളയരാജ ഇക്കാര്യം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. ഒരു പ്രത്യേകഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ഹാര്‍മോണിസ്റ്റായി തമിഴ്‌നാട്ടിലെ വേദികളില്‍ പോയ കാര്യങ്ങള്‍ അദ്ദേഹം സ്മരിക്കുന്നുണ്ട്. ഈ അറിവ് പുതുതലമുറയ്ക്കില്ല. അവര്‍ സംഗീതത്തിന്റെ രസതന്ത്രം സൃഷ്ടിക്കുന്നത് പരീക്ഷണശാലകളിലാണ്. അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. നേരത്തേയുള്ള തലമുറയുടെ പരീക്ഷണശാല സാധാരണജനങ്ങള്‍ ആയിരുന്നു. ഓരോ കാലത്തിനും ഇണങ്ങിയ സംഗീതം എന്ന് പൊതുവെ പറഞ്ഞ് നമ്മള്‍ ഒഴിയുകയാണ് പതിവ്. സംഗീതത്തിലെ വൈവിധ്യത്തെക്കുറിച്ച് ഇളയരാജ പറയുന്നതിങ്ങനെയാണ്:

'ഒരു പ്രത്യേക വാസന മല്ലിപ്പൂവിനുവേണ്ടി കാത്തിരിക്കുന്നു. ഏതോ ഒരവസരത്തില്‍ തമ്മില്‍ ചേര്‍ന്നപ്പോള്‍, പിന്നെ ഒരിക്കലും പിരിയാതെയായി. ആര്‍ക്കും തമ്മില്‍ പിരിക്കാന്‍ വയ്യാതായി. അങ്ങനെ മല്ലികപ്പൂവിന് ഒരു വാസന, റോസാപ്പൂവിന് ഒരു വാസന, മുല്ലയ്ക്ക്, പിച്ചകത്തിന്, ചെമ്പകത്തിന് എല്ലാറ്റിനുമുണ്ട് ഓരോ വാസന. അത് അവയ്ക്കു മാത്രമേയുള്ളൂ. അതുപോലെയാണ് ഒരു പാട്ടില്‍ ചേരുന്ന സംഗീതം. അത് അതിനുമാത്രമേ ചേരൂ എന്നതാണ് സത്യം'.

പാട്ടില്‍ ചേരുന്ന സംഗീതത്തെക്കുറിച്ചാണ് ഇളയരാജ പറയുന്നത്. സംഗീതത്തില്‍ ചേരുന്ന സാഹിത്യത്തെക്കുറിച്ചല്ല. അങ്ങനെ മാറുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയേക്കാം. നമ്മുടെ സംസ്‌കാരത്തിന്റെ ഭൂമികയെ നിഷേധിക്കരുത് എന്നേ ഉള്ളൂ. റഹ്മാന്‍ ഒരു തുടര്‍ച്ചതന്നെയാണെന്നു കരുതാനാണെനിക്കിഷ്ടം. അനിവാര്യമായ തുടര്‍ച്ച.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ തുറന്നുവെച്ച സംഗീതജാലകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: