Tuesday, April 8, 2014

തെരഞ്ഞെടുപ്പിനിടയില്‍ അല്‍പം രാഷ്ട്രീയം

ഈ കുറിപ്പിന് ആമുഖമായി ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. രാഷ്ട്രീയത്തെ കുറിച്ച് എഴുതുമ്പോള്‍ അതില്‍ എന്‍റെ വ്യക്തിപരവും വര്‍ഗപരവുമായ താല്‍പര്യങ്ങള്‍ ഉണ്ടായാല്‍ അതില്‍ അസ്വഭാവികമായിട്ടു ഒന്നുമില്ല. ഇത്തരം കാര്യങ്ങളില്‍ ഒരു തുറന്ന സമീപനമാണ് കൃത്രിമമായ നിഷ്പക്ഷതയെക്കാള്‍ നല്ലത്.

2. എന്നാല്‍ ഏതു പാര്‍ട്ടി / മുന്നണിയാണ് മെച്ചം എന്ന തരത്തിലുള്ള അഭിപ്രായം അല്ല ഇവിടെ എഴുതുന്നത്. ഓരോ പാര്‍ട്ടിയുടെയും ഗുണദോഷങ്ങള്‍ വിലയിരുത്തണം.

3 നമ്മള്‍ മനസിലാക്കിയിട്ടില്ലാത്ത, എന്നാല്‍ മനസ്സിലാക്കേണ്ട, ഒരു പ്രധാന കാര്യമുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നന്മയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഒരു സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക വികസനം ഉണ്ടാകുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ മൂന്നു സംസ്ഥാനങ്ങളുടെ സ്ഥിതിയെടുക്കാം. ബംഗാള്‍, കേരളം, തമിഴ്‌നാട്. ബംഗാളില്‍ പാവപ്പെട്ടവരോട് ആഭിമുഖ്യമുള്ള ഇടതുമുന്നണി 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും അവിടെ സാമൂഹിക വികസന സൂചിക കാര്യമായി ഉയര്‍ന്നില്ല. തമിഴ്‌നാട്ടിലെ സ്ഥിതി 40 വര്‍ഷം മുമ്പ് വരെ സാമൂഹിക രംഗത്ത് പിന്നൊക്കമായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ രണ്ടു പാര്‍ട്ടികളുടെ കടുത്ത മത്സരത്തിലൂടെ ഈ രംഗത്ത് കാര്യമായ മെച്ചമുണ്ടായി. ഇവിടെയാണ് കേരളത്തിന്റെ സാമൂഹ്യ വികസനത്തിനുള്ള യഥാര്‍ത്ഥ കാരണം നാം മനസ്സിലാക്കേണ്ടത്. ഇന്ത്യയില്‍ ആദ്യമായി മത്സര ജനാധിപത്യം വേരുപിടിച്ചത് കേരളത്തിലാണ്. ജനങ്ങളുടെ ഇടയില്‍ ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ള പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തിലൂടെയാണ് എല്ലാരേയും ഉള്‍കൊള്ളുന്ന വികസനം സാധ്യമാകുന്നത്. (കുത്തക കമ്പോളത്തില്‍ എന്ന പോലെ രാഷ്ട്രീയത്തിലും ദോഷകരമാണ്). ഇനി രാജ്യത്തെ ഇപ്പോഴുള്ള രാഷ്ട്രീയ സ്ഥിതി നോക്കാം.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ചു. എത്ര നല്ല പോലെ ഭരിച്ചാലും ജനങ്ങള്‍ക്ക് കുറെയേറെ അതൃപ്തി തോന്നാം. തങ്ങള്‍ക്കു സര്‍കാരില്‍ നിന്നും ഇപ്പോഴുള്ളതില്‍ കൂടുതല്‍ കിട്ടാമെന്നും അതിനു വേണ്ടി മറ്റൊരു പാര്‍ട്ടിയെ പരീക്ഷിക്കാമെന്നും തോന്നുന്നത് വികസിത രാഷ്ട്രീയ കമ്പോളത്തില്‍ സ്വാഭാവികമാണ്. മാത്രമല്ല കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ ചില വീഴ്ച്ചകള്‍ മുഴച്ചു നില്‍ക്കുന്നു. ആണവ കരാറിന് വേണ്ടി അധികാരം ഉപേക്ഷിക്കാന്‍ തയ്യാറായ പ്രധാന മന്ത്രി എന്തിനു അഴിമതിക്കാരായ മന്ത്രിമാരെ നിലനിര്‍ത്തി എന്നത് ദുരൂഹമാണ്. സാമ്പത്തിക വളര്‍ച്ചയിലൂടെ ഇന്ത്യയില്‍ വളര്‍ച്ച പ്രാപിക്കുന്ന മധ്യവര്‍ഗത്തെയും അവര്‍ക്ക് അഴിമതിയോടുള്ള സമീപനത്തെയും മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസില്‍ വേരുള്ള (പ്രത്യേകിച്ച് കേരളത്തിന് പുറത്തു) ചില നാടുവാഴിത്ത സ്വഭാവവും അധീശ ശക്തികളും ആ പാര്‍ട്ടിയുടെ വികാസത്തെ തടസ്സപ്പെടുത്തുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിനെ മാറ്റി അടുത്ത അഞ്ചു വര്‍ഷത്തേക്ക് വേറൊരു പാര്‍ട്ടിയെ പരീക്ഷിക്കാന്‍ തയ്യാറായാല്‍ അത് സ്വാഭാവികം മാത്രമാണ്.

പ്രധാന പ്രതിപക്ഷമായ ബി ജെ പ്പിക്കു കോണ്‍ഗ്രസില്‍ നിന്നും കാര്യമായ വ്യത്യാസമുള്ള സാമ്പത്തിക നയങ്ങളോന്നുമില്ല. (ഈ രണ്ടു പാര്‍ട്ടികളും പ്രതിപക്ഷത്തിരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ എതിര്‍ക്കുകയും ഭരണപക്ഷത്തിരിക്കുമ്പോള്‍ അവ നടപ്പിലാക്കുകയും ചെയ്യും). ബി ജെ പ്പിയുടെ പ്രധാന കുറവ് അത് ഒരു ഹിന്ദു പാര്‍ട്ടിയാണ് എന്നതാണ്. മതത്തിന്റെ അന്തര്‍ധാരകളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുന്ന പാര്‍ട്ടികള്‍ രണ്ടു പരിമിതികളെ നേരിടും. 

ഒന്ന് - അത് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന കാര്യത്തില്‍ പരാജയപ്പെടും. രണ്ട് - അത് ആധുനികതയോട് മുഖം തിരിച്ചു നില്‍ക്കും. 

ഇന്ത്യയില്‍ ധാരാളം പേര്‍ പണക്കാര്‍ ആയിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും ആധുനികരായിട്ടില്ല. ജാതിയോടുള്ള സമീപനത്തില്‍, സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ പിന്തിരിപ്പന്‍ പെരുമാറ്റങ്ങള്‍ നിലനില്‍ക്കുന്നു. ഇതിനു പുറമേ നരേന്ദ്ര മോഡിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് ഗുജറാത്തില്‍ ചെയ്ത പോലെ അദ്ദേഹം ഭാരതത്തിലും ചെയ്യുമെന്നാണ്. ഇതില്‍ രണ്ടു പിശകുകള്‍ ഉണ്ട്. ഒന്ന് ഗുജറാത്തില്‍ സാര്‍വത്രിക സാമൂഹിക വികസനം ഉണ്ടായിട്ടില്ല. അവിടെയുള്ളത് കുറെയേറെ രാഷ്ട്രീയ നേതൃത്വവും മുതലാളിമാരും തമ്മിലുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായുള്ള 'ഭാഗിക' വികസനമാണ്. സാമൂഹിക വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനെക്കാള്‍ മുന്നിലാണ്. കേരളത്തിലെ 'മത്സര ജനാധിപത്യത്തിന്റെ' ഗുണം സൂചിപ്പിച്ചല്ലോ. മോഡിയുടെ യഥാര്‍ത്ഥ 'നേട്ടം' ഗുജറാത്തില്‍ വേണ്ടത്ര മത്സരമില്ല എന്നതാണ്. അതുകൊണ്ട് അവിടെ അദ്ദേഹത്തിന് ചിലതൊക്കെ ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ ബി ജെ പ്പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനിടയില്ലാത്ത, മാറിയ രാഷ്ട്രീയ പരിസ്ഥിതിയുള്ള ദേശീയ തലത്തില്‍ മോഡി എന്ന ഒരു വ്യക്തിക്ക് കാര്യമായ ഭമാറ്റം' ഉണ്ടാക്കാന്‍ കഴിയും എന്ന വിശ്വാസം എത്രമാത്രം ശരിയാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

മറ്റു രണ്ടു പാര്‍ട്ടികളെക്കുറിച്ച് ചിലത് സൂചിപ്പിക്കാം. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളോട് അനുഭാവമുള്ളവര്‍ ആണ് ഇടതുപക്ഷം. മതേതരവും താരതമ്യേന ആധുനികവും ആയ സമീപനം. എന്നാല്‍ മൂന്നു കാര്യങ്ങളില്‍ അവര്‍ പരാജയപ്പെട്ടു. ആധുനിക ലോകത്തിനു അനുയോജ്യമായതും സോഷ്യലിസ്റ്റ് പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടും ഒരു പ്രായോഗിക സാമ്പത്തിക നയസമീപനം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. തുറന്ന സംഘടനാ രീതിയും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിയമ വ്യവസ്ഥയ്ക്ക് കീഴ്‌പെടുന്ന സംഘടന ചട്ടക്കൂടും അവര്‍ക്ക് ഇനിയും അന്യമാണ്. അതുകൊണ്ടാണ് കോടതി ശിക്ഷിക്കുന്ന കൊലയാളികളെ കാണാന്‍ ദേശീയ നേതാക്കള്‍ ജയില്‍ സന്ദര്‍ശിക്കുന്നത്. ഇതിനോക്കെ പുറമേ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തങ്ങളുടെ സ്വാധീനം വളര്‍ത്തുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു.

മുന്‍പ് ഒരു കുറിപ്പില്‍ 'ആപ്പി'നെ കുറിച്ച് എഴുതിയിരുന്നു. മധ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ്. ബിജെപ്പിയെക്കാള്‍ മതേതരവും ആധുനികവും ആയ സാമൂഹ്യ നിലപാടും ഇടതുപക്ഷത്തെക്കാള്‍ പ്രായോഗികമായ സാമ്പത്തിക സമീപനവും അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയും. ഒരു പുതിയ പാര്‍ട്ടിക്ക് എങ്ങനെ ജനാധിപത്യ രീതിയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കാം എന്നവര്‍ കാണിച്ചു തരുന്നുണ്ട്. എന്നിരിക്കിലും ഇന്ത്യയില്‍ 20 ശതമാനത്തിലേറെ മധ്യ വര്‍ഗക്കാര്‍ ഇല്ല എന്നത് ആപ്പിന്റെ ഇപ്പോഴത്തെ സാധ്യതകള്‍ പരിമിതപ്പെടുത്തുന്നു.

ചുരുക്കത്തില്‍ നാം ഒരു പാര്‍ടിയില്‍ അമിതമായി ഊന്നാതെ മത്സര ജനാധിപത്യത്തെ വേരുറപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം.

No comments: