Tuesday, June 16, 2015

വിഷം വിഷം സര്‍വത്ര


ഇന്നലെയാണ് "മാങ്ങ എങ്ങനെയാണ് പഴുക്കുന്നത്" എന്ന പത്രറിപ്പോര്‍ട്ട് ഒരു സുഹൃത്ത് എനിക്ക് വാട്സപ്പില്‍ പങ്കുവെച്ചത് ..രണ്ടു രീതികളില്‍ പഴുപ്പിച്ച മാങ്ങകളാണ് മിക്കവാറും പഴക്കടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമൊക്കെ നമ്മെ കാത്തിരിക്കുന്നത്.. ഒന്ന് വെല്‍ഡിങിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് ഉപയോഗിച്ച് - ഇത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചമാങ്ങ കയറ്റിയ ലോറികളിലെ പെട്ടികളില്‍ നിക്ഷേപിച്ചു കുറച്ച് വെളളം കുടഞ്ഞു കൊടുക്കുകയേ വേണ്ടൂ.. പത്തുമണിക്കൂര്‍ കൊണ്ട് കാര്‍ബൈഡ് വെളളവുമായി കൂടിച്ചേര്‍ന്ന് അസറ്റിലിന്‍ വാതകവും വിവധ ഓക്സൈഡുകളും ഉണ്ടാകുന്നു. കടുത്ത ചൂടില്‍ ഓക്സൈഡുകള്‍ മാങ്ങയില്‍ പ്രവര്‍ത്തിച്ച് പഴുപ്പിക്കുന്നു.. വൈകിട്ട് ലോറിയില്‍ കയറ്റിയ പച്ചമാങ്ങ രാവിലെ നമ്മുടെ മാര്‍ക്കറ്റുകളില്‍ ഇറങ്ങുമ്പോള്‍ പഴുത്തു ചുമന്നു കുട്ടപ്പനാകുന്ന മായാജാലം .. രണ്ടാമത്തേത് കുറച്ചുകൂടി എളുപ്പമാണ്, മാരകവും .. ഇത്തഡോള്‍ എന്ന രാസപദാര്‍ത്ഥം മാങ്ങയില്‍ നേരിട്ട് സ്പ്രേ ചെയ്യുന്നു. നാലുമണിക്കൂര്‍ കൊണ്ട് നോക്കിനില്‍ക്കെ മാങ്ങ പഴുത്തുവരും.....

ഇത് വായിച്ചപ്പോഴാണ് എന്താണ് വിഷമില്ലാതെ തിന്നാനാവുക എന്ന ചിന്തയിലേക്ക് മനസ്സ് പോയത്..

രാവിലെ ചായയോ കാപ്പിയോ കഴിച്ചാലോ... കാപ്പിയില്‍ തളിക്കുന്ന കീടനാശിനിയെപ്പറ്റി പറഞ്ഞുതന്നത് കാപ്പി കര്‍ഷകന്‍ തന്നെ .. പൊടിക്കുന്നതിനു മുമ്പ് കാപ്പി കഴുകി വൃത്തിയാക്കാറില്ല എന്നാണ് അറിവ്. ചായയിലും കീടനാശിനികളും കൊളുന്ത് നുളളിക്കഴിഞ്ഞാല്‍ പെട്ടെന്നു വളരാന്‍ ഹോര്‍മോണുകളും നിയന്ത്രണമില്ലാതെയാണ് പ്രയോഗിക്കപ്പെടുന്നത്. കൂടാതെ ചായയുടെയും കാപ്പിയുടെയും നിറംകൂട്ടാന്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ വേറേയും...
ബേക്കറി പലഹാരങ്ങളുടെ കാര്യം പറയാനില്ല .. മനംമയക്കുന്ന നിറപ്പകിട്ടില്‍ ചില്ലുകൂട്ടിലിരുന്ന് കൊതിപ്പിക്കുന്നത് മാരക രാസക്കൂട്ടുകളാണെന്ന് ആരോപിക്കുന്നു. പ്രത്യേകിച്ചും ചുവപ്പ് നിറം നല്‍കുന്ന സുഡാന്‍,മഞ്ഞനിറം നല്‍കുന്ന രാസപദാര്‍ത്ഥം ഒക്കെ കൊടും വിഷങ്ങളാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കേരളത്തിലെ ബേക്കറി ഉടമകളുടെ സംഘടന നിറങ്ങള്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചതും നടപ്പാക്കാനാവാതെ പിന്‍വലിഞ്ഞതും ഇതിനിടയില്‍ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന നിറമില്ലാത്ത പലഹാരങ്ങളോട് മലയാളി പുറംതിരിഞ്ഞതാണത്രേ കാരണം....

അരിയിലെ പോഷകങ്ങളേറെയുളള തവിട് കളഞ്ഞ് വൃത്തിയാക്കിയ അരിയോടാണ് മലയാളിക്ക് പഥ്യം .. "തുമ്പപ്പൂ പോലത്തെ ചോറ്" എന്നാണല്ലോ പ്രയോഗം തന്നെ .. ഇനി മട്ട അരി ആയാലോ വാങ്ങുന്നവരുടെ വയറ് മിനുങ്ങും, കാരണം നിലം മിനുക്കാന്‍ ഉപയോഗിക്കുന്ന റെഡ് ഓക്സൈഡ് ആണ് വെളള അരി മട്ടയാക്കാന്‍ ഉപയോഗിക്കുന്നത് .. നെല്‍കൃഷിയില്‍ രാസവളങ്ങളും കീടനാശിനികളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ അരിയും മറ്റ് ധാന്യങ്ങളും വ്യഞ്ജനങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഉപയോഗിക്കപ്പെടുന്നത് മാരകമായ കീടനാശിനികളും എലികളേയും മറ്റ് ക്ഷുദ്രജീവികളേയും നശിപ്പിക്കുവാനുതകുന്ന കൊടുംവിഷങ്ങളും. ഫലം പണ്ട് നമ്മള്‍ സമാധാനത്തോടെ കഴിച്ചിരുന്ന കഞ്ഞിവെള്ളം ഇന്ന് ഇത്തരം വിഷങ്ങളുടെയൊക്കെ ലായനിയായി മാറി... 

കറിവെക്കാന്‍ എന്താണുള്ളത്? .. കടലില്‍ നിന്ന് പിടിച്ചയുടനെ കിട്ടുന്ന മീന്‍ കൊളളാം. പക്ഷെ അപൂര്‍വ്വമാണത്... കടലില്‍ പോയി രണ്ടുംമൂന്നും ദിവസമൊക്കെ കഴിഞ്ഞ് കരക്കണയുന്ന ബോട്ടുകാര്‍ മത്സ്യം കേടാകാതിരിക്കാന്‍ ആശ്രയിക്കുന്നത് അമോണിയയടക്കമുളള രാസവസ്തുക്കളെ .. നല്ല മത്തി തിന്നണമെങ്കില്‍ കടലൂരില്‍ നിന്നോ ഒമാനില്‍ നിന്നോ ഒക്കെ വരണമത്രെ.. കൂടാതെ മത്സ്യം സമൃദ്ധമായി കിട്ടുന്ന സമയത്ത് പിടിച്ച് മാസങ്ങള്‍ കഴിഞ്ഞ് ലഭ്യത കുറഞ്ഞ കാലത്ത് വില്‍ക്കാന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജുകല്‍ വേറെ.. ഇവിടങ്ങളിലൊക്കെ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് നമ്മള്‍ക്ക് ഊഹിക്കാവുന്നതേയുളളൂ...

പച്ചക്കറികളെക്കുറിച്ച് എന്തു പറയാന്‍.... കാര്‍ഷിക സര്‍വ്വകലാശാല മാര്‍ക്കറ്റില്‍ ലഭ്യമായ പച്ചക്കറികളില്‍ നടത്തിയ പഠനത്തില്‍ അന്യസംസ്ഥാന പച്ചക്കറികളിലെല്ലാം കൂടിയ അളവില്‍ വിഷാംശം കണ്ടെത്തിയത് ഈയിടെ .. ഏകദേശം പത്തുവര്‍ഷം മുന്നെ തമിഴ്നാട്ടിലെ ൠഷിതുല്യനായ പരിസ്ഥിതി-ജൈവകൃഷി പ്രവര്‍ത്തകനായ നമ്മാല്‍വാര്‍ പച്ചക്കറിതോട്ടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കീടനാശിനി ഉപയോഗിക്കുന്നത് ചോദ്യംചെയ്തപ്പോള്‍ "നീങ്ക കവലപ്പെടാതണ്ണാ... ഇതെല്ലാം കേരളാവിലേക്ക്...... "എന്ന് മറുപടി കിട്ടിയത് മലയാളിക്ക് ഒരു മുന്നറിയിപ്പായി ഒരു അഭിമുഖത്തില്‍ പറഞ്ഞുവച്ചത് ഓര്‍മ്മവരുന്നു.
കാബേജ്, കോളിഫ്ലവര്‍,പാവല്‍ തുടങ്ങി മിക്ക പച്ചക്കറികളും കൂടിയ അളവില്‍ കീടനാശിനി ഉപയോഗിച്ചാണ് കൃഷി ചെയ്യപ്പെടുന്നത്. ചീരയും പുതിനയും മല്ലിയിലയും അടങ്ങിയ ഇലവര്‍ഗ്ഗങ്ങളില്‍ മാരക കീടനാശിനികള്‍ ഇലകളില്‍ പലതവണ തളിക്കപ്പെടുന്നു. എന്തിന് പാവം കറിവേപ്പിലയില്‍ പോലും എന്‍ഡോസള്‍ഫാന്‍ അടക്കം പ്രയോഗിക്കുന്നു എന്നു കേല്‍ക്കുമ്പോള്‍ എങ്ങനെ ഞെട്ടാതിരിക്കും?.....

ഇനി നാട്ടില്‍ കൃഷിചെയ്യുന്ന പച്ചക്കറിയുടെ കാര്യമെന്താണ്... ഡോക്ടര്‍ ആയ സുഹൃത്തിന് തന്‍റെ രോഗിയായ ഒരു കര്‍ഷകന്‍റെ വാഴത്തോട്ടം കണ്ടപ്പോള്‍ ഒരു വാഴക്കുല വാങ്ങാന്‍ ആഗ്രഹം തോന്നി. തനിക്കുവേണ്ടത് കാണിച്ചുകൊടുത്തപ്പോള്‍ അയാളുടെ മറുപടി "അത് വില്‍ക്കാന്‍ വേണ്ടി കൃഷിചെയ്യുന്നതാണ്, വീട്ടിലെ ഉപയോഗത്തിന് ഉണ്ടാക്കിയത് അപ്പുറത്തുണ്ട്, സാറിന് അതില്‍ നിന്ന് തരാം"എന്നായിരുന്നു. വാഴക്കൃഷിയിലെ കീടനാശിനി പ്രയോഗത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നത് ബസില്‍ സഹയാത്രികനായി വന്ന കര്‍ഷകന്‍ .. വാഴക്കന്ന് ഫ്യൂറഡാനില്‍ മുക്കിവെക്കുന്നതില്‍ തുടങ്ങി അവസാനം വാഴ കുലച്ച ശേഷം റമ്മില്‍ രാസവസ്തു ചേര്‍ത്തുളള പ്രയോഗം വരെ അയാള്‍ വിവരിച്ചുതന്നതോടെ പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായി തുടങ്ങി.(തന്‍റെ മക്കല്‍ക്ക് കൊടുക്കാന്‍ കൊളളാത്ത സാധനം മറ്റുളളവര്‍ക്ക് കൊടുക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് വാഴക്കൃഷി നിര്‍ത്തിയ കര്‍ഷകനേയും ഇതിനിടെ കണ്ടു). പയറു കഴിക്കരുത് എന്ന് ഉപദേശിച്ചതും ഒരു കര്‍ഷകന്‍. തൂങ്ങിനില്‍ക്കുന്ന പയര്‍ നീണ്ട കവറില്‍ നിറച്ച കീടനാശിനിയില്‍ മുക്കിയെടുക്കുമത്രേ..

കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനു പുറമെ വിപണത്തിനു മുമ്പും ഉണ്ട് വിഷപ്രയോഗങ്ങള്‍... കോവയ്ക്കയും പയറുമൊക്കെ കളര്‍ ലായനിയില്‍ മുക്കി നിറംകൂട്ടുന്നതിന്‍റെ വീഡിയോ റിപ്പോര്‍ട്ട് കണ്ടത് ഈയിടെ.
പഴങ്ങളും മാരകമായ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചാണ് കൃഷിചെയ്യപ്പെടുന്നത്. കൂടാതെ മാര്‍ക്കറ്റിങില്‍ ഏറെ രാസപ്രയോഗങ്ങള്‍ വേറെയും. തണ്ണിമത്തന് നിറംകിട്ടാന്‍ രാസവസ്തു ഉളളിലേക്ക് ഇന്‍ജക്റ്റ് ചെയ്യുന്നു, മുന്തിരിയില്‍ പ്രാണികളെ ഒഴിവാക്കാന്‍ പശചേര്‍ത്ത് കീടനാശിനി പ്രയോഗം, ആപ്പിളിന് തിളക്കം കിട്ടാന്‍ വാക്സ് പൂശല്‍... അങ്ങനെയങ്ങനെ ...

ഇനി നോണ്വെജ്കാരുടെ കാര്യമോ.... ഹോര്‍മോണ് കുത്തിവെച്ച് ഹോര്‍മോണ് തീറ്റ കൊടുത്ത് വളര്‍ത്തുന്ന കോഴികള്‍.. കോഴി ഇറച്ചിയിലേക്ക് നേരിട്ട് യന്ത്രം വഴി പ്രത്യേക ലായനി കയറ്റുന്നതിന്‍റെ വീഡിയോയും ഈ അടുത്ത് കണ്ടു... ബലൂണില്‍ കാറ്റ് നിറയ്ക്കുന്നപോലെ ഇറച്ചി വീര്‍ത്ത് തുടുത്ത് പുതിയാപ്പിള മാതിരിയാവും....
ബിരിയാണി അടക്കം വിഭവങ്ങളില്‍ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് അജിനാമോട്ടോയും നിറങ്ങളും ഒക്കെ ഉപയോഗിക്കപ്പെടുന്നത്.സദ്യയിലൊക്കെ വീട്ടുകാരന്‍ വാങ്ങിക്കൊടുത്തില്ലെങ്കില്‍ സ്വന്തമായി കൊണ്ടുവന്ന് ഇടുന്ന പാചകക്കാരുമുണ്ട്. മന്തിയും കബ്സയുംമജ്ബൂസും ബുഹാരിയുമൊക്കെ അടങ്ങുന്ന അറേബ്യന്‍ വിഭവങ്ങളുടെ കാര്യവും തഥൈവ. വീട്ടില്‍ കബ്സ ഉണ്ടാക്കുമ്പോള്‍ പോലും ചേര്‍ക്കുന്ന "മാഗ്ഗി കട്ട"യുടെ പുറത്ത് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ( അജിനാമോട്ടോയുടെ രാസനാമം) എന്ന് ഉറുമ്പക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുളളത് ആരും കാണാറില്ല. നാടെങ്ങുംമുളച്ചുപൊങ്ങുന്ന കുഴിമന്തിസ കടകളില്‍ നിന്ന് വെട്ടിവിഴുങ്ങുന്നവര്‍ സ്വയം കുഴിമാന്തുകയാണെന്ന് ഓര്‍ക്കുന്നത് നന്നാവും. 

കോളകളിലെ വിഷാംശം പലവുരു മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുളളതാണ്. പെപ്സിയും ഏഴിന്‍റെ വെളളവും(സെവണ് അപ്പിന്‍റെ മലപ്പുറംഭാഷ) ഇല്ലാതെ മിക്ക ഗള്‍ഫുകാര്‍ക്കും നടേപറഞ്ഞ വിഭവങ്ങല്‍ ഒന്നും ഇറങ്ങില്ലത്രേ.....
ചിന്തകള്‍ അറ്റമില്ലാതെ പോകുമ്പോള്‍ മുന്നില്‍ ഒരു ചോദ്യം ഭീമാകാരരൂപം പൂണ്ട് നില്‍ക്കുന്നു....
" എന്ത് തിന്നും എന്‍റെ ദൈവമേ...? "

**വാല്‍ക്കഷണം:
ഹോട്ടലില്‍ ഊണു കഴിക്കാനിരിക്കുകയാണ്.മുന്നില്‍ ഇട്ട ഇലയില്‍ വെളളനിറത്തില്‍ കറകള്‍ പോലെ എന്തോ.. വെളളം തളിച്ച് ഉരച്ച് കഴുകാന്‍ വിഫലശ്രമം നടത്തുന്ന എനിക്ക് മുന്നിലിരിക്കുന്ന ആളുടെ ക്ലാസ്..." അത് പോകില്ല സാറേ.. അടക്കാത്തോട്ടത്തില്‍ നിന്ന് വെട്ടിയ വാഴയിലയാ.. കമുകില്‍ മരുന്ന് തളിക്കുമ്പോള്‍ പോകാതിരിക്കാന്‍ നല്ല പശകൂട്ടിയാ തളിക്കുന്നത്.... "

No comments: