Showing posts with label Relationship. Show all posts
Showing posts with label Relationship. Show all posts

Tuesday, September 19, 2017

ഭാര്യ ഭര്‍തൃ ബന്ധം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....

Tuesday, August 18, 2015

നമ്മള്‍ പൊളിച്ചുകളഞ്ഞ മതത്തിന്റെ വേലിക്കെട്ടുകള്‍ തിരിച്ചു വരുമ്പോള്‍

ചാര്‍ളി ഹെബ്ദോ: പ്രവാചകനെയും പോപ്പിനെയും ഒരുപോലെ കളിയാക്കിയ തന്റേടം. ധിഷണയും ധൈര്യവും ഒരുപോലെ തുടിച്ച കാര്‍ട്ടൂണുകള്‍. മതതീവ്രവാദികള്‍ അതിനെതിരെ നടത്തിയ ആക്രമണവും, അതു വളര്‍ത്തിയ മത വിദ്വേഷവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒക്കെ എല്ലാവരും ചര്‍ച്ച ചെയ്തും, അപലപിച്ചും ഒക്കെ സോഷ്യല്‍ മീഡിയ സംഭവബഹുലമായ സമയത്താണ്, ഏതോ ന്യൂസ് സൈറ്റില്‍, ഏതോ മൂലയില്‍ ആ വാര്‍ത്ത കണ്ടത്. അമേരിക്കയില്‍ ഒരു മലയാളി കത്തോലിക്കാ പുരോഹിതന്‍ child porn കൈവശം വെച്ചതിനു അറസ്റ്റിലായി എന്ന്. അത് ഒരു ബാലനെ കാണിച്ചു എന്നും ആ ബാലന് പിന്നീട് മെസ്സേജ് അയച്ചുവെന്നും ബാലന്‍ മാതാപിതാക്കളെ അതറിയിക്കുകയും, അവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അച്ചന്‍ അറസ്റ്റില്‍ ആയെന്നും. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആ കത്തോലിക്ക രൂപതയുടെ കുറിപ്പും പുറത്തു വന്നു. ഒട്ടും വൈകിയില്ല, കേരള കത്തോലിക്കാ സഭയുടെ വക പുതിയ വാര്‍ത്തകള്‍ രംഗത്ത് വന്നു, കുട്ടി porn കാണുന്നത് കണ്ട് അച്ചന്‍ അത് ബലമായി ഡിലീറ്റ് ചെയ്‌തെന്നും, അതില്‍ ക്രുദ്ധനായ ബാലന്‍ പരാതി നല്‍കിയതാണ് എന്നും.

ഏതു സംഭവത്തിനും പല വശങ്ങള്‍ ഉണ്ടാവാം, അച്ചന്‍ തെറ്റുകാരന്‍ ആണോ അല്ലയോ എന്നും എനിക്കറിയില്ല. എന്തായാലും അച്ചന്‍ നിഷ്‌കളങ്കന്‍ ആണെന്ന കത്തോലിക്കാ സഭയുടെ വാദം share ചെയ്ത സുഹൃത്തിന്റെ പേജില്‍ ഞാന്‍ comment ചെയ്തു 'പാതിരി ചെയ്താലും മൊല്ലാക്ക ചെയ്താലും തെറ്റ് തെറ്റല്ലേ ' എന്ന്. (ഞാനും കാഞ്ഞിരപ്പള്ളി രൂപതയിലെ അതിപുരാതന റോമന്‍ കത്തോലിക്ക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു സത്യ ക്രിസ്ത്യാനി തന്നെ ആന്നേ).

പക്ഷേ, പിന്നീടങ്ങോട്ട് എന്റെ രണ്ടു സുഹൃത്തുക്കളുടെ comment പ്രവാഹമായിരുന്നു. മുസ്ലിം തീവ്രവാദത്തെയും, ഹിന്ദുത്വ അജണ്ടകളെയും ഒക്കെ വിമര്‍ശിച്ചു നെടുനീളന്‍ പോസ്റ്റുകളിടാറുള്ള സുഹൃത്തുക്കള്‍ അച്ചന്മാരെ കുറ്റം പറയുന്നത് സഹിക്കില്ല എന്നും, ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും വേദനയോടെയാണെങ്കിലും ഞാന്‍ മനസിലാക്കി. PK എന്ന സിനിമ നിരോധിക്കണം എന്ന് പറയുന്ന ഒരു വിഭാഗത്തെപോലെ, ഞങ്ങളുടെ മതത്തെ, മത നേതാക്കന്മാരെ കുറ്റം പറയാന്‍ പാടില്ല എന്നത് തന്നെയാണ് എല്ലാ മത വിശ്വാസികളുടെയും നിര്‍ബന്ധം. അച്ചന്മാര്‍ എബോള ബാധിത പ്രദേശങ്ങളില്‍ സഹായത്തിനു പോയിരുന്നു വത്രേ. സുഹൃത്തേ അവര്‍ മാത്രമല്ല, ഒരു പാടു നല്ല മനുഷ്യര്‍ അവിടെ പോയിരുന്നു, എബോള ബാധിത പ്രദേശങ്ങളെ സഹായിക്കാന്‍ ഏറ്റവും വലിയ മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബ ആണ്. ഞാന്‍ സമ്മതിക്കുന്നു ഒരു പാട് നല്ല കത്തോലിക്കാ മിഷനറിമാര്‍ ലോകത്തിന്റെ ഒരു പാട് പ്രദേശങ്ങളില്‍ പല നന്മ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. അത് കൊണ്ട് കത്തോലിക്കാ പുരോഹിതര്‍ക്കെല്ലാം അപ്രമാദിത്വമുണ്ട് എന്നല്ല അര്‍ഥം. സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് ഏതു പുരോഹിത സമൂഹവും. അവരും മനുഷ്യരാണ്. അതല്ലാതെ എന്റെ സമുദായ നേതാക്കന്മാരും എന്റെ സഭാപുരോഹിതരും തെറ്റുകള്‍ക്ക് അതീതരാണ് എന്ന ചിന്തയില്‍ നിന്നാണ് മത അസഹിഷ്ണുതയും, മത തീവ്രവാദവും ഒക്കെ ആരംഭിക്കുന്നത്.



ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുവേ മിതവാദികളായ പലരും, അവരുടെ മതത്തെ, അല്ലെങ്കില്‍ അവരുടെ മതത്തില്‍െപ്പട്ടവരെ കുറ്റപ്പെടുത്തിയാല്‍ ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ദൃശ്യം സിനിമ ഒരു വലിയ തെറ്റല്ലേ എന്ന് തോന്നുമ്പോഴും, സ്വന്തം കുടുംബത്തെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി ഏതു ജീവിയും എന്തും ചെയ്‌തേക്കുമല്ലോ എന്ന് ഞാനോര്‍ത്തു. അത് കൊണ്ട് ആ തെറ്റ് നമുക്കൊക്കെ അങ്ങ് ക്ഷമിക്കാം. പക്ഷെ, സ്വന്തം സമുദായ നേതാക്കന്മാരുടെ തെറ്റുകള്‍ ന്യായീകരിക്കാന്‍ വേണ്ടി പല്ലും നഖവും നീട്ടി പോരാടാനിറങ്ങുന്നതു കടന്നകൈ തന്നെ.

മതത്തിന്റെ വേലിക്കെട്ടുകള്‍ ഒന്നും എന്റെ കുട്ടിക്കാലത്ത് അനുഭവപ്പെട്ടതായി തോന്നുന്നില്ല. ഞങ്ങള്‍ മതത്തിനെയോ ജാതിയേയോ പറ്റി ആകെ സംസാരിച്ചത് തന്നെ അതിന്റെ ബുദ്ധിമുട്ടുകള്‍ ആയിരുന്നു. ഞായറാഴ്ച എന്ന അവധി ദിവസം ക്രിസ്ത്യാനി ആയതു കൊണ്ട് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടല്ലോ, അതുകൊണ്ട് ക്രിസ്ത്യാനി ആവുന്നതാണ് ഏറ്റവും കഷ്ടം എന്ന് ഞങ്ങള്‍ പരാതി പറഞ്ഞപ്പോള്‍, ദിവസവും ഓത്തു പള്ളിയില്‍ പോവുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ട് എന്ന് മുസ്ലിം കുട്ടികളും തര്‍ക്കിച്ചു. ഞങ്ങള്‍ക്കിങ്ങനത്തെ തലവേദനകള്‍ ഇല്ലല്ലോ എന്ന് ഹിന്ദു കുട്ടികള്‍ പുഞ്ചിരിച്ചു. അങ്ങനെ 'ഹിന്ദു ആയാല്‍ മതിയാരുന്നു, രക്ഷപ്പെട്ടേനെ' എന്ന് ഒരു നെടുവീര്‍പ്പോടെ ഞങ്ങള്‍ അഹിന്ദുക്കള്‍ പറയുന്നതില്‍ ഞങ്ങളുടെ മത ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു. ഒരിക്കലും 'എന്റെ മതം ആണ് നിന്റെതിനെക്കാള്‍ നല്ലത് ' എന്നോ 'എന്റെ മതം ആണ് ശരി, നിന്റേതു തെറ്റാണ്' എന്നോ ഒരു കുട്ടിയും പറഞ്ഞില്ല.

പക്ഷെ പിന്നീടെപ്പോഴോ കുട്ടിത്തത്തിന്റെ ആ നന്മകള്‍ ആരുടെയൊക്കെയോ പ്രബോധനങ്ങള്‍ മൂലം നഷ്ടമാവുന്ന പല കുട്ടികളെയും ഞാന്‍ കണ്ടു. 'എനിക്ക് മമ്മൂട്ടിയെയും മാമുക്കോയയെയും ആണ് ഇഷ്ടം, കാരണം അവര്‍ ഞങ്ങളുടെ കൂട്ടരാണ്' എന്ന് പറഞ്ഞ അനിയന്റെ കൂട്ടുകാരന്‍, എന്റെ നെറ്റിയിലെ ചന്ദനക്കുറി കണ്ടു 'ചേച്ചി അമ്പല കൂട്ടരാണോ, എനിക്ക് പള്ളി കൂട്ടരെയേ ഇഷ്ടമൊള്ളൂ' എന്ന് പറഞ്ഞ ഹോസ്റ്റലിന്റെ അടുത്ത വീട്ടിലെ കുട്ടി.... അവരെയൊക്കെ തിരുത്താന്‍ ശ്രമിച്ചപ്പോഴും, അതൊക്കെ കുട്ടിത്തത്തിന്റെ വിവരമില്ലായ്മകളാണ്, അവരൊക്കെ അതില്‍ നിന്നൊക്കെ വളരും എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, നമ്മുടെ സമൂഹം മറ്റു പല കാര്യങ്ങളിലും എന്നത് പോലെ, ഈ കാര്യത്തിലും പുറകോട്ടാണ് വളരുന്നത് എന്ന് തോന്നുന്നു. പലരുടെയും സാമൂഹ്യ ജീവിതവും, സുഹൃത്തുക്കളും പോലും ആരാധനാലയങ്ങളോട് ബന്ധപ്പെട്ടു മാത്രമാണ്. പരസ്പര സഹായവും സഹകരണവും വളരെ നല്ല ഗുണങ്ങളാണ്. പക്ഷെ അതു മതത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍, സ്വജാതിയില്‍പ്പെട്ടവര്‍ തമ്മില്‍ മാത്രമാവുമ്പോള്‍, സമൂഹം വിഭജിക്കപ്പെട്ടു പോവുകയാണ്.

കോളേജ് സമയത്ത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി, ഡോക്ടര്‍ ആയ ചേട്ടന് ക്രിസ്മസിന് അവധി ഇല്ല, ക്രിസ്ത്യന്‍ ഡോക്ടര്‍മാരൊക്കെ വീട്ടില്‍ പോവുന്നത് കൊണ്ട് എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു.. പല മതങ്ങള്‍ ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടല്ലേ. അവധി ദിവസങ്ങള്‍ പങ്കിട്ടെടുത്തു എല്ലാവര്‍ക്കും ഉത്സവങ്ങള്‍ പ്രിയപ്പെട്ടവരോടൊത്ത് ചെലവഴിക്കാനുള്ള അവസരം. അതെ, അതിനപ്പുറം മതങ്ങള്‍ക്കൊണ്ട് ഒരു ഗുണം കണ്ടെത്താന്‍ ഞങ്ങള്‍ക്കായിരുന്നില്ല. പ്രൊജക്റ്റ് വര്‍ക്ക് എന്ന് പറഞ്ഞു അവളുടെ വീട്ടില്‍ താമസിച്ച ദിവസങ്ങളില്‍ ആ വീട്ടുകാര്‍ക്കോ.. കത്തിച്ച നിലവിളക്ക് പോലെ ഐശ്വര്യമുള്ള, 'ഇവിടുത്തെ കുട്ടി പോലെ ആയിരിക്കണൂ' എന്ന് വാത്സല്യം തന്ന അമ്മൂമ്മയ്‌ക്കോ, എന്നെ സ്‌നേഹിക്കാന്‍ മതം തടസമായിരുന്നില്ല. എന്തിനേറെ, കത്തോലിക്ക വിശ്വാസി ആയി ജനിച്ചത് ഭാഗ്യം എന്നു ചിന്തിച്ചിരുന്ന, കടുത്ത മത വിശ്വാസിയായിരുന്ന എന്റെ വല്യമ്മച്ചിയ്ക്ക് പോലും ചുറ്റുമുള്ള എല്ലാ മനുഷ്യരെയും ഒരു പോലെ സ്‌നേഹിക്കാനും സഹായിക്കാനും സാധിച്ചിരുന്നു. എന്റെ പ്രതിസന്ധികളില്‍ കൂടെ നിന്ന് ഏറ്റവും അധികം എന്നെ സഹായിച്ച സുഹൃത്തുക്കളൊന്നും എന്റെ മതത്തില്‍പ്പെട്ടവരായിരുന്നില്ല. പ്രിയപ്പെട്ട ചില കൂട്ടുകാര്‍ക്കൊപ്പം അമ്പലങ്ങളില്‍ പോയിരുന്നത് ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മയാണ്. ഒരിക്കലും ഞങ്ങളുടെയൊന്നും സ്‌നേഹബന്ധങ്ങളില്‍ മതത്തിനു പ്രസക്തി ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് പലരും സ്‌നേഹിക്കുന്നതും വെറുക്കുന്നതും ഒക്കെ മതം നോക്കി ആണെന്ന് തോന്നുന്നു.

എവിടെയോ വായിച്ചതു പോലെ വികസിത രാജ്യങ്ങളില്‍ ഇന്ന് മതത്തിനു പ്രസക്തി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കൊണ്ടുതന്നെ ഈ മതവിഭാഗീയ ശക്തികളുടെ വിളഭൂമി ഇന്ത്യ പോലെയുള്ള രാജ്യങ്ങളാണ്. ആളുകളുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന ആള്‍ ദൈവങ്ങളും മതനേതാക്കളും ഒക്കെ ഇവിടെ തഴച്ചു വളരുന്നു. ഞാന്‍ ഇന്ന മതവിശ്വാസിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു ഓസ്‌ട്രേലിയക്കാരെയും ഞാന്‍ ഇത് വരെ ഇവിടെ കണ്ടില്ല. മറിച്ചു ഞാന്‍ മതവിശ്വാസി അല്ല എന്ന് അഭിമാനത്തോടെ പറയുന്ന ഒരു പാടുപേരെ ഞാന്‍ ഇവിടെ കണ്ടു. എന്നാല്‍ നമ്മുടെ നാട്ടിലാവട്ടെ, എല്ലാവരും താന്‍ ഇന്ന മതത്തിലാണ് എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. മതവിശ്വാസം തെറ്റാണു എന്നല്ല. മതവിശ്വാസം വ്യക്തിയുടെ സ്വകാര്യത ആണ്. അത് ഒരിക്കലും ഒരാളെ സ്‌നേഹിക്കാനോ വെറുക്കാനോ ഉള്ള മാനദണ്ഡം ആവാന്‍ പാടില്ല. 'communtiy' എന്നത് ഇവിടത്തുകാര്‍ വളരെ പ്രാധാന്യം നല്‍കുന്ന ആശയം ആണ്. ഒരു സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടായ്മ, പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ചുള്ള പ്രവര്‍ത്തനം ഒക്കെയാണ് അത്. ഇങ്ങനെയുള്ള ഒരു കൂട്ടായ്മയും മതത്തിന്റെ പേരില്‍ ആവില്ല (ഉണ്ടെങ്കില്‍ അത് ഇന്ത്യന്‍ കൂട്ടായ്മകള്‍ ആവും). നമ്മുടെ നാട്ടിലും ഇങ്ങനെ മതങ്ങള്‍ക്കപ്പുറമുള്ള കൂട്ടായ്മകള്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.



'Oh My God' എന്ന സിനിമയും PK യും കണ്ടു. ഒപ്പം പ്രഭുവിന്റെ മക്കളും. ഒരു താരതമ്യത്തിനോ, നിരൂപണത്തിനോ തുനിയുന്നില്ല. അവയൊക്കെ ഒരു സന്ദേശം നല്‍കാന്‍ ശ്രമിക്കുന്നതില്‍ സന്തോഷിക്കുന്നു. കോവൂരിന്റെ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്ന എനിക്ക് പ്രഭുവിന്റെ മക്കളോട് കൂടുതല്‍ ഇഷ്ടം തോന്നി. പക്ഷെ, എത്ര ആയാലും, മതങ്ങള്‍ക്കപ്പുറം ചിന്തിക്കൂ എന്നൊരു സന്ദേശം നല്‍കാന്‍ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും അഭിനന്ദിച്ചേ പറ്റൂ.

കുട്ടിക്കാലത്ത് ശബരിമല സീസണ്‍ ആവാന്‍ കാത്തിരിക്കും, അരവണ കിട്ടാന്‍ വേണ്ടി. അടുത്ത വീടുകളില്‍ ഉള്ളവരൊക്കെ ശബരിമലയ്ക്ക് പോയി വരുമ്പോള്‍ അരവണ കൊണ്ട് വന്നു തന്നിരുന്നു. ഞങ്ങളെല്ലാവരും ആ സ്‌നേഹം സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. പിന്നീട് കോളേജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ കൊണ്ട് വന്ന അരവണ കഴിക്കാന്‍ ഒരു കൂട്ടുകാരി വിസമ്മതിച്ചപ്പോള്‍ മറ്റൊരു കൂട്ടുകാരി എന്നോട് പറഞ്ഞു 'ഞാനും ചെറുപ്പത്തില്‍ അരവണ കഴിക്കില്ലായിരുന്നു, പള്ളിയിലെ പ്രസംഗത്തിലും, പിന്നെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും ഒക്കെ പറയാറുണ്ടായിരുന്നു അത് വിഗ്രഹത്തിനു നിവേദിച്ചതാണ്, അത് കഴിക്കുന്നത് പാപമാണ് എന്നൊക്കെ. പക്ഷെ വലുതാവുമ്പോള്‍ നമുക്ക് മനസിലാവില്ലേ, അതിലൊന്നും ഒരു കാര്യമില്ല എന്ന്, ഇവരൊന്നും എന്താ വലുതാവാത്തത്?' എന്റെ മനസ്സില്‍ ഇപ്പോഴുള്ള ചോദ്യവും അത് മാത്രമാണ് , 'ഇവരൊന്നും എന്താ വലുതാവാത്തത്?' എത്ര പഠിച്ചാലും, എന്റെ മതവും, എന്റെ സമുദായനേതാക്കളും മാത്രമാണ് ശരി എന്ന ഇടുങ്ങിയ ചിന്തയില്‍ നിന്ന് പുറത്തു വരാത്തതെന്താണ്?

പ്രഭുവിന്റെ മക്കളില്‍ പറയുന്നതു പോലെ, ഒരിക്കല്‍ നമ്മള്‍ പൊളിച്ച മതത്തിന്റെ വേലിക്കെട്ടുകള്‍, തിരിച്ചു കൊണ്ട് വരാനുള്ള ശ്രമമാണ് ഇപ്പോള്‍ എല്ലായിടത്തും നടക്കുന്നത്. അതിനെ എതിര്‍ത്തേ തീരൂ. മതമില്ലാത്ത ജീവനുകളെ വളര്‍ത്തി കൊണ്ട് വരാന്‍ നമ്മുടെ സമൂഹത്തില്‍ ബുദ്ധിമുട്ടാവും, പക്ഷെ, മതഭ്രാന്തില്ലാത്ത ജീവനുകളെ വളര്‍ത്തി കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്, സമൂഹത്തിന്റെ ആവശ്യകതയാണ്.

എഴുതിയത് - മോന്‍സി മാത്യു

PS:



Thursday, February 14, 2013

പ്രേമം നിലനിര്‍ത്താന്‍ അഞ്ചു വഴികള്‍


പ്രേമിക്കുന്ന യുവതീ യുവാക്കള്‍ക്കും  , ദീര്‍ഘവും മധുരതരവും ആയ വിവാഹ ബന്ധം നിലനിര്‍ത്തുന്ന ദമ്പതികള്‍ക്കും പോലും തങ്ങളുടെ ബന്ധത്തില്‍ നിന്നും മുന്‍പുണ്ടായിരുന്ന ‘റൊമാന്‍സ് ‘ നഷ്ടപ്പെടുന്നായി തോന്നുക സ്വാഭാവികം ആണ് . എത്ര ദീര്‍ഘിച്ച ബന്ധം ആണെങ്കിലും അതില്‍ റൊമാന്‍സ് നിലനിര്‍ത്താന്‍ ചില വഴികളൊക്കെ ഉണ്ട് .അതിനുപകരിക്കുന്ന അഞ്ചു വഴികള്‍ താഴെപ്പറയുന്നു
1. പുതപ്പിനുള്ളിലെ മാന്ത്രികത
പുതപ്പിനുള്ളില്‍ കുറച്ചുനേരം കെട്ടിപ്പിടിച്ചു കിടക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ലൈംഗിക തൃഷ്ണയും വര്‍ധിപ്പിക്കും . കുഞ്ഞുങ്ങള്‍ക്കും ടീവീക്കും വേണ്ടി ചെലവഴിക്കുന്ന സമയത്തിനു അതീതമായി ഒരുമിച്ചു ഉറങ്ങാന്‍ പോകുകയും പങ്കാളിയോട് പുതപ്പിനുള്ളില്‍ ഒട്ടിക്കിടക്കാന്‍ അല്‍പ നേരം കണ്ടെത്തുകയും ചെയ്‌താല്‍ ‘റൊമാന്‍സ് ‘ ജീവിതത്തില്‍ തിരികയെത്തും
2.കൈമാറുന്ന അനുരാഗം
നടക്കാന്‍  പോകുമ്പോഴും , ഷോപ്പിങ്ങിനു പോകുമ്പോഴും മറ്റും പങ്കാളിയോട് കൈ കോര്‍ത്ത്‌ പിടിക്കുക .കയ്യുകള്‍ കൈമാറുന്ന അനുരാഗവും ,ഊഷ്മളതയും പങ്കാളികളെ കിടക്കയിലേക്ക് നയിക്കുന്നു
3.ചുംബനത്തിന്റെ ഊഷ്മളത
ചുംബനം ലൈംഗിക ബന്ധത്തേക്കാള്‍ വശ്യവും , അനുരാഗപൂരിതവുംഅത്രേ . ദിവസവും പങ്കാളിയെ മെല്ലെയെങ്കിലും ഒന്ന് ചുംബിക്കുവാന്‍ അവസരം ഉണ്ടാക്കുന്നവരില്‍ ദാമ്പത്യ ബന്ധം ഊഷ്മളം ആയി നിലനില്‍ക്കും
4.സ്പര്‍ശനത്തിന്റെ വശ്യത
ഒരുമിച്ചിരിക്കുന്ന നേരങ്ങളില്‍ പുരുഷന്റെ നെഞ്ചിലേക്ക് ചായുന്നതും , സ്ത്രീയുടെ കഴുത്തിലും കവിളിലും മെല്ലെ തലോടുന്നതും അനുരഗോദ്ദീപകം അത്രേ
5. അനുരാഗത്തിന്റെ  ജലകണങ്ങള്‍
ഷവരിലോ, ബാത്ത് ടബ്ബിലോ ഒരുമിച്ചു അല്പം നേരം ദിവസും ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും , ഹൃദ്യമായ പരിമളം ഉള്ള ഫോം [സോപ്പുപത ] ഉപയോഗിച്ച് പരസ്പരം അല്പം ‘സോപ്പിടീല്‍ ‘ നടത്തുകയും ചെയ്‌താല്‍ എത്ര വലിയ ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ആ ജലകണങ്ങളില്‍ പ്രശ്നങ്ങള്‍ അലിഞ്ഞു ഇല്ലാതെ ആകുകയും ചെയ്യുമത്രേ !!!
എന്താ ഇന്നുതന്നെ പരീക്ഷിച്ചു തുടങ്ങുകയല്ലേ .ഫലം കമന്റിലൂടെ അറിയിക്കാന്‍ മറക്കരുതേ
Valentines Day Tips